എഴുത്തുകുത്ത്

‘ഡ്രാക്കുള’യും നിർമിതബുദ്ധിയും
റാഡു ജൂഡിന്റെ ‘ഡ്രാക്കുള’ സിനിമയെക്കുറിച്ചുള്ള പി.കെ. സുരേന്ദ്രന്റെ ലേഖനം (ലക്കം 1494), ‘ഡിജിറ്റൽ യുഗത്തിലെ രക്തരക്ഷസ്’ പല കാരണങ്ങളാൽ പ്രസക്തവും കാലോചിതവുമാണ്. റുമേനിയൻ ചലച്ചിത്ര സംവിധായകനായ റാഡു ജൂഡിന്റെ ‘ഡ്രാക്കുള’യും അതിന്റെ പരീക്ഷണവ്യഗ്രമായ പരിചരണരീതികളുമാണ് ലേഖനത്തിന്റെ വിഷയമെങ്കിലും, സമകാലിക ചലച്ചിത്രകലയുടെ രാഷ്ട്രീയത്തെയും അതിന്റെ ആവിഷ്കാര സമ്പ്രദായങ്ങളെയും സംബന്ധിക്കുന്ന ചോദ്യങ്ങൾകൂടി ലേഖനത്തിന്റെ പരിധിയിൽ വരുന്നുണ്ട്. ഗൗരവതരമായ ആലോചനയും തുടർ ചർച്ചയും അതർഹിക്കുന്നു.
മറ്റു പല മേഖലയിലും എന്നപോലെ കലാസൃഷ്ടികളുടെ കാര്യത്തിലും നിർമിതബുദ്ധിയുടെ പങ്ക് എത്രത്തോളമാകാമെന്നതിനെപ്പറ്റി ചർച്ചകൾ വ്യാപകമായി വരുന്ന കാലമാണ്. ലഭ്യമായ വിവരശേഖരത്തെ ആസ്പദമാക്കിയോ അവയുടെ ജനനാന്തരണങ്ങളായോ (ജെനിറേറ്റിവ്) നിർമിതബുദ്ധികൾ രൂപംനൽകുന്ന ചട്ടക്കൂടുകൾ യഥാർഥ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള ധാർമികമായ ചോദ്യങ്ങളുയർത്തുന്നുണ്ട്.
അൽഗോരിതങ്ങളെ ആശ്രയിച്ചുള്ള നിർമിതികൾ, മൗലികമായ പ്രഭാവത്തെയും ആഖ്യാനത്തിന്റെ തനതുവഴികളെയും മനുഷ്യരാശിയുടെ നിർമാണകൗശലത്തെയും വൈകാരികമായ പ്രതികരണങ്ങളെയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്നു. ‘കലയുടെ മേഖലയിൽ നിർമിതബുദ്ധി പ്രയോഗങ്ങൾ എത്രത്തോളമാകാം’ എന്ന ചോദ്യത്തിന്റെ ഉറവിടവും തടസ്സവാദങ്ങളുടെ കാതലും അതാണ്.
എന്നാൽ, അതതു കാലത്തെ സാങ്കേതികവിദ്യകളെ ആശ്ലേഷിച്ചും സ്വന്തം നിലനിൽപിനനുസരിച്ച് അവയെ വികസിപ്പിച്ചും വളർന്ന ചലച്ചിത്രംപോലുള്ള മുന്നണി കലാരൂപത്തിന് നിർമിതബുദ്ധിയുടെ പ്രഭാവത്തെ എത്രകാലം മാറ്റിനിർത്താൻ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. മനുഷ്യസമൂഹത്തിന്റെ ഭാവനാലോകത്തെ കൂടുതൽ കൃത്യമായും സൂക്ഷ്മമായും സംവേദനപരമായും രേഖപ്പെടുത്താനുള്ള ഉത്സാഹത്തിന്റെ ചരിത്രംകൂടിയാണ് ചലച്ചിത്രങ്ങളുടേത്. ഡ്രാക്കുളയും യക്ഷിണിയുംപോലെയുള്ള ആദിപ്രരൂപങ്ങൾക്ക് ജീവൻ നൽകാൻ സംസ്കാരഘടനയിലെ അൽഗോരിതങ്ങളാണ് സമൂഹം ഉപയോഗിച്ചുവന്നതെങ്കിൽ ചലച്ചിത്രങ്ങൾ അവയുടെ ഏറ്റവും സമകാലികമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമെന്താണുള്ളതെന്ന പ്രത്യുത്തരമാണ് സുരേന്ദ്രൻ, ‘ഡ്രാക്കുള’യുടെ ചലച്ചിത്രാനുകൽപനത്തെ മുൻനിർത്തി നൽകുന്നത്.
ലേഖനത്തിന്റെ രണ്ടാമത്തെ പ്രത്യേകത, പരീക്ഷണാത്മക സിനിമകളെ സമീപിക്കേണ്ട രീതിയെപ്പറ്റിയുള്ള, അദ്ദേഹത്തിന്റെ തെളിഞ്ഞ വീക്ഷണമാണ്. സാമ്പ്രദായിക കാഴ്ചശീലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കാണികൾക്ക്, പരീക്ഷണവ്യഗ്രമായ ചലച്ചിത്രങ്ങളുടെ സാങ്കേതിക ശരീരങ്ങളും സംവിധായക പ്രതിഭകളുടെ വ്യത്യസ്തമായ ആഖ്യാനവഴികളും ഇഴപിരിച്ചു വിശദമാക്കാനുള്ള ജാഗ്രത, സുരേന്ദ്രന്റെ ലേഖനങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമൂർത്തമായി വിവരിച്ചുപോവുക എന്ന പതിവുവിട്ട്, കലാത്മക സിനിമയുടെ രാഷ്ട്രീയം അതിന്റെ രൂപസംവിധാനത്തിൽ തന്നെയുണ്ടെന്ന വിശദമായ വിവരണസാക്ഷ്യമാണ് ‘ഡ്രാക്കുള’യിലെ ‘പുതുമകളെ’ മുൻനിർത്തി സുരേന്ദ്രൻ സ്ഥാപിക്കുന്നത്. പിങ്ക് സിനിമകളെയും ഡേറ്റാബേസ് സിനിമകളെയും പറ്റിയുള്ള വിവരണങ്ങൾ അവക്ക് മുതൽക്കൂട്ടാവുന്നു.
ചരിത്രത്തെയും വർത്തമാനത്തെയും വിമർശനാത്മകമായി സമീപിക്കുകയും രൂപപരമായ പരീക്ഷണങ്ങളിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരഘടനകളെ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്നവയാണ് റാഡു ജൂഡിന്റെ സിനിമകൾ, അവ ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. മാനുഷികമായ കാപട്യങ്ങളെയും സാമൂഹികമായ അന്തസ്സാരശൂന്യതയെയും തുറന്നുകാട്ടാനുള്ള സംവിധായകന്റെ വഴി പരിഹാസത്തിനൊപ്പം സിനിമാറ്റിക് രൂപങ്ങളെ മാറി മാറി പരീക്ഷിക്കാനുള്ള ധീരതകൂടിയാകുന്നത് അതുകൊണ്ടാണെന്ന് ലേഖകൻ വിശദമാക്കുന്നത് വാസ്തവമാണ്. റുേമനിയയിലെ റോമാസമൂഹം (ജിപ്സി) അനുഭവിച്ച അടിമത്തത്തിന്റെ ഭീകരത തുറന്നുകാട്ടാൻ ക്ലാസിക് വെസ്റ്റേൺ ചിത്രങ്ങളുടെ ശൈലിയാണ് റാഡു ജൂഡ്, കറുപ്പിലും വെളുപ്പിലുമായി നിർമിച്ച ‘അഫ്രിമിൽ’ (2015) ഉപയോഗിച്ചത്.
മുതലാളിത്ത ചൂഷണവും തൊഴിലാളി വിരുദ്ധതയും ടിക്-ടോക് യുഗത്തിന്റെ അസംബന്ധങ്ങളും ചിത്രീകരിക്കുന്ന ‘ഡു നോട്ട് എക്സ്പെക്ട് റ്റൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദ വേൾഡ്’ (2023) ഫൗണ്ട് ഫൂട്ടേജ്, കൊളാഷ്, ബ്രെഹ്തിയൻ ശൈലി തുടങ്ങിയവ ഉപയോഗിച്ചും പഴയ സോഷ്യലിസ്റ്റ് കാലത്തെ സിനിമയുടെ ഭാഗങ്ങൾ സമാന്തരമായി ചേർത്തുവെച്ചും കഥാഖ്യാനത്തിന്റെ പരമ്പരാഗത വഴികളെ നിരസിക്കുന്നു. മൂലധനാധിഷ്ഠിതമായ ചൂഷണവ്യവസ്ഥക്കെതിരെയുള്ള നിലപാടിനെ തണ്ടെല്ലുറപ്പുള്ള രാഷ്ട്രീയ സമീപനമായി അവിടെനിന്നും മുന്നോട്ടുകൊണ്ടുപോവുകയാണ് ‘ഡ്രാക്കുള’യിൽ സംവിധായകൻ.
അൽഗോരിത ഉള്ളടക്കമായി മാറുന്ന ഡ്രാക്കുളയെന്ന പുരാവൃത്തം, ഡിജിറ്റൽ യുഗത്തിൽ അതിതീവ്രമായ ഘട്ടത്തിലേക്കു പ്രവേശിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ആഗോളമൂലധനവാദത്തിന്റെ ഉൽപന്നമായ നിർമിതബുദ്ധിയെ, അതേ സാമ്പത്തികവ്യവസ്ഥയുടെ നൃശംസമായ ചൂഷണസമ്പ്രദായത്തിനെതിരായി ഉപയോഗിക്കുന്നതരം വൈരുധ്യവും ‘ഡ്രാക്കുള’ ഉള്ളടക്കുന്നുണ്ട്. റാഡു ജൂഡിന്റെ അടുത്ത സിനിമ മേരി ഷെല്ലിയുടെ ‘ഫ്രാങ്കസ്റ്റൈനെ’ ആധാരമാക്കിയാണെന്ന കാര്യവും ഇവിടെ ഓർക്കാം.
നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന സിനിമകളെ മനുഷ്യനിർമിത (?) സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണോ എന്ന ചർച്ച നമ്മുടെ നാട്ടിലും വ്യാപകമാവുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ലോകസിനിമാ രംഗത്ത് പ്രതിഭാശാലിയായ ഒരു സംവിധായകൻ നടത്തിയ പരീക്ഷണം എന്നനിലയിലും ചലച്ചിത്രത്തിന്റെ പ്രമേയമല്ല, രൂപമാണ് രാഷ്ട്രീയത്തിന്റെ ഏറ്റവും ധ്വന്യാത്മകമായ സമകാലികമായ സംവേദനത്വം സാധ്യമാക്കുന്നത് എന്ന അർഥത്തിലും സുരേന്ദ്രന്റെ ഡ്രാക്കുള സിനിമയെപ്പറ്റിയുള്ള പര്യാലോചന കാര്യഗൗരവമുള്ള ചർച്ചകൾക്കുള്ള വഴി തുറക്കൽകൂടിയാകുന്നു.
ശിവകുമാർ ആർ.പി, തിരുവനന്തപുരം
കാവ്യഭൂമികയും ആഗോള പ്രതിരോധവും
തീക്ഷ്ണമായ രാഷ്ട്രീയ ജാഗ്രതകൊണ്ടും ബിംബങ്ങളുടെ മൂർച്ചകൊണ്ടും മലയാള ആധുനികോത്തര കവിതയിൽ വ്യതിരിക്തമായ ഇടം അടയാളപ്പെടുത്തിയ രാവുണ്ണിയുടെ ഏറ്റവും പ്രസക്തമായ രചനകളിലൊന്നായി ‘വസന്തത്തെ തലയിൽ ചൂടിയ കുഞ്ഞുങ്ങൾ’ (ലക്കം 1494) വിലയിരുത്താം.
കലാലയങ്ങളിലേക്ക് കടന്നുകയറുന്ന സമഗ്രാധിപത്യ പ്രവണതകളും ഫാഷിസ്റ്റ് അജണ്ടകളും വിജ്ഞാനത്തിന്റെ സ്വതന്ത്ര ഇടങ്ങളെ എങ്ങനെയാണ് വിഴുങ്ങുന്നത് എന്ന ഭയാനകമായ സമകാലിക യാഥാർഥ്യമാണ് കവിതയുടെ കാതൽ. അവധിക്കാലം കഴിഞ്ഞ് കാമ്പസിലേക്ക് തിരിച്ചെത്തുന്ന കുട്ടികൾ കാണുന്നത് തങ്ങൾ സ്നേഹിച്ച ഇടത്തിന്റെ വംശനാശമാണ്.
പൂമരങ്ങളും ഫലവൃക്ഷങ്ങളും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. ക്ലാസ് മുറികൾ തലകുത്തി നിൽക്കുന്നു. അവിടെ വിജ്ഞാനം പകർന്നുനൽകിയ പഴയ അധ്യാപകനില്ല. പകരം ഭയം വിതക്കുന്ന ഒരു ‘മജീഷ്യൻ’ അധികാരിയായി അവരോധിക്കപ്പെട്ടിരിക്കുന്നു. അയാൾ അച്ചടക്കത്തിന്റെയും നിശ്ശബ്ദതയുടെയും ആജ്ഞകൾ മുഴക്കിക്കൊണ്ട് ചോക്കുകൾക്ക് പകരം പെല്ലറ്റ് ഗണ്ണുകൾ കുട്ടികൾക്കുനേരെ തിരിക്കുന്നു. ബ്ലാക്ക് ബോർഡിൽ അതുവരെ കുറിച്ചിട്ട ചരിത്രവും അറിവും ഒരു ആംഗ്യത്താൽ മായ്ച്ചുകളയുന്നു. എന്നാൽ, ഈ ഭീകരാന്തരീക്ഷത്തിൽ ഭയന്നുവിറച്ച് കീഴടങ്ങാനല്ല ആ കുഞ്ഞുങ്ങൾ തയാറാകുന്നത്.
അവർ ആ ഇടുങ്ങിയ നാല് ചുവരുകൾ വിട്ട് തെരുവിലേക്ക് ഇറങ്ങുകയും വസന്തത്തെ നെഞ്ചിലേറ്റി പുതിയൊരു ഭാവിയോട് സംവാദത്തിലേർപ്പെടുകയും ചെയ്യുന്നു. ജനാധിപത്യപരമായ വിജ്ഞാനകേന്ദ്രങ്ങൾ തകർക്കപ്പെടുമ്പോൾ തെരുവുകൾ ചെറുത്തുനിൽപിന്റെ പുതിയ പാഠശാലകളായി മാറുന്ന രാഷ്ട്രീയ പരിവർത്തനമാണ് കവിത ആഴത്തിൽ രേഖപ്പെടുത്തുന്നത്. ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വത്തെയാണ് അധികാരികൾ ‘അച്ചടക്കം’ എന്ന് വിളിക്കുന്നത്. ഈ ഫാഷിസ്റ്റ് മനഃശാസ്ത്രത്തിന്റെ ധ്വനി ഇവിടെ വ്യക്തമാണ്. വിയോജിപ്പുകളുടെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്നതാണല്ലോ ഏകാധിപത്യത്തിന്റെ ഫസ്റ്റ് പ്രിഫറൻസ്.
‘‘ബോർഡിൽ അതുവരെ എഴുതിയതെല്ലാം മാഞ്ഞുപോയി’’ എന്ന പരിഭവം കേവലം ചോക്കുകൊണ്ടെഴുതിയ അക്ഷരങ്ങൾ മായുന്നതല്ല. അക്കാദമിക സിലബസുകളിൽനിന്നും ചരിത്രത്തിൽനിന്നും ജനപക്ഷ ആശയങ്ങളെയും ശാസ്ത്രബോധത്തെയും മായ്ച്ചുകളഞ്ഞ് പകരം തങ്ങളുടെ വ്യാജനിർമിതികൾ സ്ഥാപിക്കാൻ തുനിയുന്ന ‘ചരിത്ര തിരുത്തലുകളുടെ’ നിശ്ശബ്ദ ധ്വനിയാണിത്. സ്കൂളിലും കലാശാലകളിലും എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിലെ ഏകാധിപത്യ മനഃസ്ഥിതിതന്നെയാണിത്.
‘‘വസന്തത്തെ തലയിൽ ചൂടിയ കുഞ്ഞുങ്ങൾ’’ പൂമരങ്ങൾ വെട്ടിമാറ്റപ്പെട്ടാലും വിപ്ലവത്തിന്റെയും പ്രത്യാശയുടെയും വസന്തം അവരുടെ ചിന്തകളിൽ പൂത്തുനിൽക്കുന്നു എന്ന പ്രത്യാശാഭരിതമായ ധ്വനിയെ അടയാളപ്പെടുത്തുന്നു ഈ വരികൾ. കാമ്പസുകളിലെ സ്വതന്ത്രചിന്ത, സൗഹൃദം, വൈവിധ്യം, ജൈവികമായ അറിവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന പ്രകൃതിബിംബങ്ങളാണ് നാം കാവ്യ പ്രവേശകത്തിൽ കാണുന്ന പൂമരങ്ങളും ഫലവൃക്ഷങ്ങളും. വിജ്ഞാനത്തിനു പകരം വ്യാജമിഥ്യകൾ വിൽക്കുന്ന ഭരണകൂട ഏജന്റാണ് പുതിയ പ്രഫസർ. മാന്ത്രികവടിക്ക് പകരമുള്ള പെല്ലറ്റ് ഗൺ, കശ്മീരിലടക്കം പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കാൻ ഭരണകൂടം പ്രയോഗിക്കുന്ന ഹിംസയുടെയും ഫാഷിസ്റ്റ് അധികാരത്തിന്റെയും ക്രൂരമായ ദൃശ്യബിംബമാണ്.
ജനാധിപത്യപരമായ വിദ്യാഭ്യാസ വ്യവസ്ഥിതിയുടെയും ചിന്താശേഷിയുടെയും തകിടംമറിയലിനെ ദൃശ്യവത്കരിക്കുന്നു, തലകുത്തിനിൽക്കുന്ന ക്ലാസ് മുറികൾ. അടിച്ചമർത്തലിനോടുള്ള നിസ്സഹകരണവും വിട്ടുവീഴ്ചയില്ലാത്ത ബഹിഷ്കരണവും അടയാളപ്പെടുത്തുന്ന ചെറുത്തുനിൽപിന്റെ ബിംബമാണ് ശൂന്യമാകുന്ന ഇരിപ്പിടങ്ങൾ. ഒരു മുദ്രാവാക്യത്തിന്റെ നേരിട്ടുള്ള തീക്ഷ്ണത കാത്തുസൂക്ഷിക്കുമ്പോൾ തന്നെ, ബിംബങ്ങളുടെ ബാഹുല്യം വായനക്കാരന് സ്വന്തം നിലയിൽ ചിന്തിച്ചു കണ്ടെത്താനുള്ള ഇടങ്ങളെ ചിലയിടങ്ങളിൽ മുൻകൂട്ടിത്തന്നെ വരച്ചിടുന്നുണ്ട്. കവിത ഉയർത്തിപ്പിടിക്കുന്ന ജ്വലിക്കുന്ന രാഷ്ട്രീയ സത്യം ആ ചെറിയ അതിർവരമ്പുകളെപ്പോലും അപ്രസക്തമാക്കിക്കളയുന്നു എന്നതിനു തന്നെയല്ലേ പ്രസക്തി?
ബെർണാഡ് മൊറൈസ്, തിരുവനന്തപുരം
കിനാവ് മൂപ്പെത്താത്ത വാക്കുകളുടെ പൊട്ടുകൾ
ജീവിതത്തിന്റെ അറുത്തുമാറ്റാൻ കഴിയാത്ത ചില പാരസ്പര്യങ്ങളുണ്ട്. സ്വാഭാവിക സഞ്ചാരത്തിലൂടെയും ദൃശ്യ വൈവിധ്യങ്ങളിലൂടെയും നിയാമക യാഥാർഥ്യങ്ങൾ ദൃഢീഭവിക്കുന്നുണ്ട്. അത് എന്റെയും നിങ്ങളുടെയുമൊക്കെ സത്വവുമായി ഇഴുകിച്ചേർന്നതാണ്. അഥവാ, നമ്മുടെ ഐഡന്റിറ്റി കരുപ്പിടിപ്പിക്കപ്പെടുന്നത് സാമ്പ്രദായികം എന്ന് നാം പേരിട്ടു വിളിക്കുന്ന വാക്കുകളുടെ വളപ്പൊട്ടുകളിലൂടെയാണ്. ഈ ഒരു പ്രതലത്തിലിരുന്നാണ് വാസുദേവൻ കുപ്പാട്ട് സംവദിക്കുന്നത്. ‘മുറിഞ്ഞ വാക്കുകളിൽ ജീവിതം പടുത്തുയർത്തുമ്പോൾ’ (ലക്കം 1494) എന്ന കവിത അസാധാരണമോ അസ്വാഭാവികമോ ആയ ഒന്നിനെക്കുറിച്ചുമല്ല സംസാരിക്കുന്നത്.
നടത്തത്തിന്റെ തിരിവുകളിലും കാത്തുനിൽപിന്റെ ഒതുക്കുകളിലും കണ്ടുമുട്ടുന്ന അറ്റുപോകുന്ന ആലോചനകളുടെ അനുസന്ധാനം വരികളിലൂടെ നമ്മെ വേട്ടയാടുന്നു. ‘‘വാക്കുകളിൽ ജീവിതം പണിയുന്നത് കണ്ടുനിൽക്കാൻ എന്തൊരു കൗതുകമാണ്’’ എന്ന് കവി നിരീക്ഷിക്കുന്നുണ്ടെങ്കിലും ഒടുവിൽ എത്തിച്ചേരുന്ന നിലപാട് ഇങ്ങനെ വായിക്കാം: ‘‘വാക്കുകൾകൊണ്ട് കൊട്ടാരം പണിയാൻ കഴിയാത്ത നമ്മൾ മൗനത്തിന്റെ വല്മീകത്തിലേക്ക് പിൻവലിയുന്നു.’’ ഇത് ജീവിതത്തിന്റെ നിരങ്കുശമായ സ്ഥായീഭാവത്തെയാണല്ലോ കോറിയിടുന്നത്.
സലാം കരുവമ്പൊയിൽ