Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

യാഥാസ്ഥികത്വത്തിന് എതിരെ ശബ്ദിച്ച ധീര വനിത

കേരളത്തിലെ മുസ്​ലിംകളുടെ നവോത്ഥാന വിപ്ലവത്തിൽ അതുല്യപങ്കുവഹിച്ച ധീര വനിതയാണ് ഹലീമാ ബീവി. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവക്കെതിരെ ഹലീമാ ബീവി നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. അവരുടെ പുരോഗമന ചിന്തയും അനാചാരത്തോടും അന്ധവിശ്വാസങ്ങളോടുമുള്ള സന്ധിയില്ലാ സമരങ്ങളും തുറന്നു കാട്ടുന്നതാണ് ആഴ്ചപ്പതിപ്പിൽ (ലക്കം 1490, 1491) ഡോ. സഖരിയ തങ്ങൾ എഴുതിയ ജീവചരിത്ര പരമ്പര.

അക്രമികളായ ഭരണകൂടവും യാഥാസ്ഥികരും ഇരട്ടക്കുട്ടികളെപ്പോലെ പെരുമാറുന്ന ഗതകാല ചരിത്രവും വർത്തമാനകാല ചരിത്രവും അതിന് തെളിവാണ്. യാഥാസ്ഥികത്വത്തെ താങ്ങി നിർത്തുന്നതിൽ അക്രമികൾക്കും അനീതിയുടെ കാവൽക്കാരായ നാട്ടുപ്രമുഖർക്കും വലിയ പങ്കുണ്ടെന്നതിൽ തർക്കമില്ല. അത്തരം ആളുകളിൽനിന്ന് ഹലീമാ ബീവിയും സമാന ചിന്താഗതിക്കാരും അതിശക്തമായ എതിർപ്പുകൾ നേരിട്ടു.

സ്ത്രീ വിദ്യാഭ്യാസം, അവസര നിഷേധം പോലുള്ള വിലക്കുകളിൽ മാത്രമല്ല ആരാധന രംഗത്തുപോലും മുസ്​ലിം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം ചെറുതല്ല. സ്ത്രീകളുടെ വിവേചനത്തിന് എതിരെ ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പ്രവാചകനെ വിസ്മരിച്ചുകൊണ്ടാണ് ഇത് എന്നോർക്കുക. ഇസ്​ലാമിൽ പൗരോഹിത്യത്തിന് ഒരു അടിസ്ഥാനവുമില്ല. മുസ്​ലിംകൾക്ക് ഇടയിൽ പൗരോഹിത്യം നിലനിർത്തേണ്ടത് ഒരുവിഭാഗം പണ്ഡിതന്മാരുടെ ആവശ്യമാണ് എന്ന സഖരിയ തങ്ങളുടെ നിരീക്ഷണം എത്രമാത്രം വാസ്തവമാണ്.

കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും വിശിഷ്യാ മലബാറിലും തിരു-കൊച്ചിയിലും വിദ്യാഭ്യാസ രംഗത്ത് മുസ്​ലിംകൾ ഏറെ പിന്നാക്കം നിന്ന കാലമായിരുന്നു അത്. മുസ്​ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഘനാന്ധകാരം നിറഞ്ഞുനിന്ന ഈയൊരു കാലത്താണ് ഹലീമാ ബീവി മുസ്​ലിം സമൂഹത്തിൽ വൈജ്ഞാനിക ബോധവത്കരണവും അനാചാരങ്ങൾക്കെതിരെയുള്ള പ്രബോധനവും നിർവഹിച്ചത്. കേരള മുസ്​ലിംകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെങ്കിൽ അവരെ സമുദ്ധരിക്കാതെ നിർവാഹമില്ലെന്ന് ഹലീമാ ബീവി ഉറച്ചു വിശ്വസിച്ചു. അവരത് എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്നു.

പ്രസവിക്കുക, മുലയൂട്ടുക, ഭക്ഷണമുണ്ടാക്കുക, അസുഖം വന്നാൽ മുസ്​ലിയാരെ വിളിച്ച് മന്ത്രിക്കുക തുടങ്ങിയ പതിവ് ജോലികളിൽ മാത്രം തളച്ചിടപ്പെട്ടവരായിരുന്നു അന്നത്തെ മുസ്​ലിം പെണ്ണുങ്ങൾ. അന്ന് ഭൗതിക വിദ്യാഭ്യാസം സ്ത്രീകൾക്ക് നിഷേധിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ‘ഇൽമ്’ ‘മതപരമായ അറിവ്’ മാത്രമായിരുന്നു. അവിടെയും വെള്ളം ചേർക്കാനാണ് പൗരോഹിത്യം ശ്രമിച്ചത്. അല്ലെങ്കിൽ മതവിഷയങ്ങളിൽ അഗാധമായ അറിവുള്ള എത്രയോ പണ്ഡിത വനിതകൾ കേരളത്തിൽ ഉണ്ടാകുമായിരുന്നല്ലോ?

ആത്മീയ വിദ്യാഭ്യാസം ഉള്ളതോടൊപ്പംതന്നെ ഭൗതികമായ വിജ്ഞാനവും ആവശ്യമുണ്ടെന്ന് വിശ്വസിച്ച ന്യൂനാൽ ന്യൂനപക്ഷമായ വളരെ ചെറിയ ഒരു വിഭാഗം അക്കാലത്ത് ഉണ്ടായിരുന്നു. അവരെ ചളിവാരിയെറിയാനും അവർക്കെതിരെ അപവാദ പ്രചാരണം നടത്താനുമാണ് അന്ന് സമുദായത്തിലെ ഭൂരിപക്ഷവും ശ്രമിച്ചത്.

സുബൈർ കുന്ദമംഗലം

ഇക്ക​െരയുടെ വേര്, അക്ക​െരയുടെ ആകാശം

അലിയാർ ഇരുമ്പുപാലം എഴുതിയ പാലം എന്ന കവിത (ലക്കം 1491) വായിച്ചു. ഈ കവിത വെറുമൊരു ഭൗതിക നിർമിതിയെക്കുറിച്ചുള്ള വിവരണമായിക്കണ്ട് വായിച്ച് മാറ്റിവെക്കാനുള്ളതല്ലെന്ന് തോന്നിയത് ആവർത്തിച്ചുള്ള വായനയിലാണ്. മനുഷ്യജീവിതം, പ്രകൃതി, ദർശനം, ആഗോള-സാമൂഹിക മാറ്റങ്ങൾ എന്നിവയെ ഒരു കേന്ദ്രബിംബത്തിലൂടെ സമന്വയിപ്പിക്കുന്ന ആഴമേറിയ ഒരു കാവ്യ വിചാരം ‘പാല’ത്തിൽ മറഞ്ഞിരിപ്പുണ്ട്. ‘‘ഒരു പാലം രണ്ട് കരകളിൽ ജീവിക്കുന്നു’’ എന്നു തുടങ്ങുന്ന കവിതയുടെ അടിസ്ഥാനപരമായ ദ്വന്ദ്വദർശനം അതിൽത്തന്നെ വ്യക്തമാകുന്നുണ്ട്.

വേനലും വർഷവും, പൂവിട്ട വാടികളുടെ സുഗന്ധവും വൻമരങ്ങളുടെ ഭാരവണ്ടികളും, മഞ്ഞും ആകാശവും എന്നിങ്ങനെ പരസ്പരവിരുദ്ധങ്ങളായ പ്രകൃതിഭാവങ്ങളെയും മാനുഷികാവസ്ഥകളെയും തമ്മിൽ പൂരകങ്ങളായി വിളക്കിച്ചേർക്കുന്ന ഒരു മാസ്മരിക മാധ്യമമായിട്ടാണ് പാലം ഇവിടെ നിലകൊള്ളുന്നത്. ഒരു കരയിലെ വേനൽ മറുകരയിലെ വർഷത്തോട് കടംവാങ്ങുന്ന മഴയായി പാലത്തിന്റെ ഉടൽ രൂപപ്പെടുമ്പോൾ പ്രകൃതിയുടെ പാരസ്പര്യവും കൊള്ളൽ-കൊടുക്കലുകളുമാണ് വെളിപ്പെടുന്നത്.

ഈ കവിത മുന്നോട്ടുവെക്കുന്ന അസ്തിത്വവാദപരമായ തത്ത്വചിന്തയും കാവ്യബിംബങ്ങളുടെ സമന്വയവും അത്ഭുതാവഹമാണ്. ‘അക്കരെ ഇല്ലെങ്കിലെന്ന കറുത്ത സത്യത്തെ ഇക്കരെയുണ്ടെന്ന് ഉറപ്പിക്കുന്ന നറും നേരാണതിന് ജീവൻ’ എന്ന വരികളിൽ അപരന്‍റെ സാന്നിധ്യമാണ് സ്വന്തം അസ്തിത്വത്തെ സാധൂകരിക്കുന്നത് എന്ന ഉയർന്ന ദാർശനിക തിരിച്ചറിവ് കാണാം. പൗരസ്ത്യ തത്ത്വചിന്തയിലെ ‘യിൻ-യാങ്’ സങ്കൽപംപോലെ വിരുദ്ധ ധ്രുവങ്ങളുടെ ചേർച്ചയിലൂടെ മാത്രമേ പൂർണത സാധ്യമാകൂ എന്ന ബോധം ഇതിലുണ്ട്. താഴെയൊഴുകിപ്പോകുന്ന ജലജാലത്തെ കാലമായും, അത് ഒഴുക്കിക്കളയുന്ന ഓർമയെ മറവിയുമായും കവി സങ്കൽപിക്കുമ്പോൾ, അവക്കു മുകളിലൂടെ കടന്നുപോകുന്ന പാലം കാലത്തെ സാക്ഷിയായി നിരീക്ഷിക്കുന്ന ഒരു അതിഭൗതിക ബിംബമായി ഉയരുന്നു എന്നത് വിസ്മയകരമായ ഒരു കാവ്യാനുഭവമാണ്.

മറ്റൊന്ന് നഗരവത്കരണത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും പ്രത്യാഘാതങ്ങൾ കവിത വരച്ചുകാട്ടുന്നു എന്നതാണ്. ‘ഉയർന്ന കൊടികൾ ചരിത്രം നിർമിച്ച് നടന്നുപോയ യാത്രകളും’, ‘കിതച്ച യന്ത്രങ്ങൾ പെറ്റിട്ട വിത്തുകളും’, ‘ആകാശം ചുണ്ടും നഗരകൂർപ്പുകളായ് മാറിയ ചൂടും’ ആധുനികതയും മുതലാളിത്തവും സൃഷ്ടിച്ച അതിവേഗ മാറ്റങ്ങളെയും പ്രകൃതി ചൂഷണത്തെയും പ്രതീകവത്കരിക്കുന്നതായി കണക്കാക്കാം. ആധുനികതയുടെ ഈ ഒറ്റപ്പെടലും ചൂടും പാശ്ചാത്യ സാഹിത്യത്തിലെ മോഡേണിസ്റ്റ് ഏകാന്തതയെ ഓർമിപ്പിക്കുമ്പോൾത്തന്നെ, മലയാള കാവ്യപാരമ്പര്യത്തിൽ ഇടശ്ശേരിയും വൈലോപ്പിള്ളിയും അടയാളപ്പെടുത്തിയ കാർഷിക-യന്ത്ര സംഘർഷങ്ങളുടെ നവീനമായ തുടർച്ചയും ഇതിൽ അനുഭവവേദ്യമാകുന്നുണ്ട്.

ആഗോളതലത്തിൽ മതിലുകളും അതിരുകളും യുദ്ധങ്ങളും വിദ്വേഷവും പടരുന്ന വർത്തമാനകാലത്ത് ഈ കവിതക്ക് വലിയ രാഷ്ട്രീയ-കാലിക പ്രസക്തിയുണ്ട്. ‘പ്രണയത്തിന്റെ വൻകരകൾ ഒരു പുഞ്ചിരിയുടെ പാലത്താൽ ഒന്നാകുന്നു’ എന്നും ‘ദ്വേഷത്തിന്റെ അകലങ്ങൾ ഇഷ്ടങ്ങളുടെ പാലത്താൽ ചേർത്തുവെക്കപ്പെടുന്നു’ എന്നുമുള്ള വരികൾ മനുഷ്യരെ തമ്മിൽ അകറ്റുന്ന ജാതി, മത, വർണ, ദേശ വിഭജനങ്ങൾക്കെതിരെയുള്ള ശക്തമായ മാനവിക പ്രതിരോധത്തിന്‍റെ പ്രതീകങ്ങളാണ്. സംഘർഷങ്ങളും സന്തോഷങ്ങളും നിറഞ്ഞ ചരിത്രവഴികളെ അതിജീവിച്ച് രണ്ട് കരകളെയും ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയവിനിമയ മാധ്യമമായി പാലം അചഞ്ചലമായി നിലകൊള്ളുന്നു.

ശ്രദ്ധേയമായ മറ്റൊന്ന് അനാവശ്യമായ കാവ്യാലങ്കാരങ്ങളോ വൃത്തനിബന്ധനകളോ ഇല്ലാതെ ദൃശ്യപരതയും സംഭാഷണ സ്വഭാവമുള്ള സാന്ദ്രതയും കാത്തുസൂക്ഷിക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. അലിയാർ ഇരുമ്പുപാലത്തിന്റെ ‘പാലം’ രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വഴി മാത്രമായി കാണേണ്ടതില്ലെന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. അത് മനസ്സിനെയും പ്രകൃതിയെയും, ഭൂതകാല ചരിത്രത്തെയും വർത്തമാന യാഥാർഥ്യങ്ങളെയും, മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെയും ഐക്യപ്പെടലുകളെയും കോർത്തിണക്കുന്ന സാർവ ലൗകികമായ ഒരു ദാർശനിക സാഹിത്യ സൃഷ്ടിയാണെന്ന് നിസ്സംശയം പറയാം.

ബെർണാഡ് മൊറൈസ്, തിരുവനന്തപുരം

വേണം ഉത്തമമായൊരു ശിശുസൗഹൃദ അന്തരീക്ഷം

ആഴ്ചപ്പതിപ്പിലെ ‘തുടക്കം’ പംക്തിയിൽ (ലക്കം 1492) ‘ബേഠീ ബചാവോ’ വായിച്ചു. ഇന്ത്യയിലെ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടിയതു വളരെ പ്രസക്തമാണ്. ഒരു രാഷ്ട്രത്തിന്‍റെ ഭാവി നിർണയിക്കുന്നത് അവിടത്തെ കുട്ടികളാണ്. മനുഷ്യരുടെ പിതാവ് കുട്ടികളാണെന്നല്ലോ ദീപ്തവാക്യം. കുട്ടികളെ സ്നേഹത്തോടെയും കരുതലോടെയും സുരക്ഷിതത്വത്തോടെയും വളർത്തി വരേണ്ടത് ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിക്ക് അത്യാവശ്യമാണ്. ഭയമില്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ കുട്ടികൾക്ക് നല്ല മനുഷ്യരായും പൗരന്മാരായും വളരാൻ സാധിക്കൂ. കുട്ടികളോട് രാഷ്ട്രം എങ്ങനെ പെരുമാറുന്നു എന്നത് ആ രാഷ്ട്രത്തിന്‍റെ സംസ്കാരത്തിന്റെ, മൂല്യങ്ങളുടെ യഥാർഥ മഹിമ വെളിപ്പെടുത്തുന്നു.

ഒരു രാഷ്ട്രം സാമ്പത്തികമായും സാങ്കേതികമായും എത്രതന്നെ വളർന്നാലും അവിടത്തെ കുട്ടികൾക്ക് ആദരവും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ലഭ്യമല്ലെങ്കിൽ ആ വളർച്ച തീർത്തും അപൂർണമാണ്. ആയതിനാൽ സുരക്ഷിതമായി കുട്ടികൾക്കു വളരുന്നതിനാവശ്യമായ ഒരു ഉത്തമ ശിശുസൗഹൃദ അന്തരീക്ഷം സ്ഥാപിച്ചെടുക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് അണിനിരക്കേണ്ടതുണ്ട്. ഈ വിഷയത്തെക്കുറിച്ച് ‘തുടക്കം’ എഴുതിയ പത്രാധിപർക്കു നന്ദി.

ടി.ഐ. ലാലു, പഴമുക്ക് തൃശൂർ

മതവിശ്വാസത്തെ ഹനിക്കുന്ന പ്രവണതകളെ എതിർക്കപ്പെടണം

നമ്മൾ മതവിശ്വാസികളായിരിക്കെതന്നെ മറ്റുള്ളവരുടെ മതവിശ്വാസത്തെ ആരെങ്കിലും ഹനിക്കാൻ ശ്രമിച്ചാൽ അത് സംരക്ഷിക്കാൻ ഇറങ്ങിച്ചെല്ലണം. വിഭജന കാലത്ത് ഡൽഹിയിലുണ്ടായ ഒരു സംഭവം ഇതിനുദാഹരണമായി മുഖ്യമന്ത്രി വി.ഡി. സതീശൻ വി.എം. ഇബ്രാഹീമുമായി നടത്തിയ അഭിമുഖത്തിൽ (ലക്കം 1489) ചൂണ്ടിക്കാണിക്കുന്നു. ഡൽഹിയിലെ ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയുടെ കരോൾബാഗിലെ സ്ഥാപനങ്ങൾ വിഭജനകാലത്ത് ആളുകൾ കൈയേറാനും കൊള്ളിവെപ്പിനും ശ്രമിച്ചപ്പോൾ ജവഹർ ലാൽ നെഹ്റു ആക്രമികളെ തടയാൻ നേരിട്ട് ഇറങ്ങിച്ചെല്ലുകയായിരുന്നു.

സുരക്ഷ നോക്കാതെ തന്നെ നെഹ്റു ലാത്തിവീശി ആക്രമികളെ ആട്ടിയയക്കുകയാണുണ്ടായത്. അതിനാൽ ഒരു മതവിശ്വാസിയായിരിക്കെ തന്നെ മറ്റുള്ളവരുടെ മതവിശ്വാസത്തെയും ദൈവ വിശ്വാസത്തെയും ബഹുമാനിക്കാനും സംരക്ഷിക്കാനും പഠിക്കണമെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പറയുന്നത്. ബൈബിൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു ബിഷപ്പോ വൈദികനോ കാണുന്നതുപേലെയല്ല താൻ ബൈബിളിനെ കാണുന്നതെന്നും അതുപോലെ ഒരു ഇസ്‍ലാമിക പണ്ഡിതൻ ഖുർആനിനെ കാണുന്നതുപോലെയല്ല താൻ അതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരു യാഥാസ്ഥിതിക മതമാണ് ഇസ്‍ലാം എന്നും സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, മറ്റു പലതുമില്ല എന്നൊക്കെയാണ് താൻ കേട്ടുവളർന്നത് എന്നും എന്നാൽ വായിച്ചു പഠിച്ചപ്പോൾ തനിക്ക് കണ്ടെത്താൻ കഴിഞ്ഞത് പുരോഗമനപരമായ ഏറെ സവിശേഷതകളുള്ള സ്ത്രീ സ്വതന്ത്ര്യത്തിന് അർഹമായ പരിഗണന നൽകുന്ന മതമാണ് ഇസ്‍ലാം എന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അവയെല്ലാം വായിച്ചു പഠിക്കുമ്പോൾ ഇതര മതവിഭാഗങ്ങളുമായി ഒത്തുപോകാനും അവയെയെല്ലാം ചേർത്തുപിടിക്കാനും സാധിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ദൈവവിശ്വാസികൾക്കിടയിൽ സഹാനുഭൂതിയും സഹവർത്തിത്വവും നിലനിർത്തുക എന്നത് അതിന്‍റെ ഉള്ളടക്കത്തിൽ ഉള്ളതാണ്. ഈ ഗുണങ്ങൾ ഉള്ളിടത്തോളം പാവപ്പെട്ട ഒരാളോട് സഹാനുഭൂതി കാട്ടുക എന്നത് മാനുഷിക ഗുണങ്ങളിൽപ്പെട്ടതാണെന്നുള്ള ഒരു ഫീൽ തന്നിലുണ്ടാക്കുന്നുവെന്നും അത് ചെറുപ്പം മുതലേ ഉള്ളതാണെന്നും, അമ്മ പറഞ്ഞുതന്ന കഥകളിലൂടെയാണ് അത്തരത്തിലുള്ള നല്ല ഗുണങ്ങൾ മനസ്സിലുദിച്ചതെന്നും അദ്ദേഹം തുറന്നു പറയുന്നു. എംപതി എന്നത് ദൈവവിശ്വാസത്തിന്‍റെയും മതവിശ്വാസത്തിന്‍റെയും ഭാഗമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. വായനയും വിശ്വാസവും അതിന് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് സ്വാഭാവികമായിതന്നെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ഒരാൾക്ക് ലഭിക്കാവുന്ന ഉയർന്ന പദവി കൈവരുമ്പോൾ ദൈവത്തെ ഒാർത്തതുപോലെ മാതാപിതാക്കളെയും ഒാർക്കുക എന്നത് വലിയൊരു സന്ദേശം തന്നെയാണ്. പണത്തിലോ പത്രാസിലോ അഭിരമിക്കാതിരിക്കുക. എന്തുചെയ്യണം, എങ്ങനെ പോകണം എന്നതിലൊക്കെ തീരുമാനങ്ങൾ സ്വന്തമായെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സദാശിവൻ നായർ, എരമല്ലൂർ

ക​ഥ ജോ​റാ​യി

സ​ലിം കു​രി​ക്ക​ള​ക​ത്ത് എ​ഴു​തി​യ ക​ഥ ‘മി​ന​ൽ ജി​ന്ന​ത്തി വ​ന്നാ​സ്’ (ല​ക്കം 1492) പെ​രു​ത്ത് ഇ​ഷ്ടാ​യി. ഇ​ത് ന​ട​ന്ന സം​ഭ​വ​മാ​യി​ട്ടാ​ണ് തോ​ന്നി​യ​ത്. ക​ഥ​യി​ലെ ആ​ൾ​ക്കാ​രെ​യും സ്ഥ​ല​ങ്ങ​ളെ​യും ഒ​ക്കെ നേ​രി​ൽ കാ​ണു​ന്ന​തു​പോ​ലെ​ത​ന്നെ തോ​ന്നി. തോ​മ​സു​ട്ട്യും നി​സാ​മും ആ​ദി​ല​യും... ഒ​ക്കെ എ​ല്ലാ നാ​ട്ടി​ലു​മു​ണ്ട്. ക​ല്യാ​ണം ക​ഴി​ക്കാ​ൻ പെ​ങ്കു​ട്ട്യേ​ളെ കി​ട്ട്ണ് ലാ​ന്ന് എ​ല്ലാ​രും പ​റ​യ്ണ​ത് ശ​രി​യാ​ണ്. ഞ്ഞി ​പ്പം എ​ന്താ ചെ​യ്യാ! ജി​ന്നാ​ണെ​ങ്കി ജി​ന്ന്! എ​ന്താ​യാ​ലും സം​ഭ​വം ജോ​റാ​യ്ണ്! സ​ലിമിനുംആ​ഴ്ച​പ്പ​തി​പ്പി​നും നൂ​റ്റൊ​ന്ന് ലൈ​ക്ക്!

അ​ബൂ​റ​മീ​സ് പു​ൽ​പ​റ​മ്പ്

Show More expand_more
News Summary - letters