എഴുത്തുകുത്ത്

‘ചത്തമീനുകള്‍’ക്കൊരു വിയോജനക്കുറിപ്പ്
കെ.എം. സലിം കുമാറിന്റെ ആത്മകഥ ‘കടുത്ത’യുടെ ‘ചത്തമീനുകള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അധ്യായത്തില്‍ (ലക്കം 1490) എന്റെ പേര് പരാമര്ശിച്ചിട്ടുള്ളതിനാല് ചില വസ്തുതകള്‍ വായനക്കാര്‍ സമക്ഷം അറിയിക്കുന്നു. 2012 മാര്‍ച്ച് 18ന് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ‘കേരളത്തിലെ ദലിതുകള്‍ വെറും ചത്തമീനുകള്‍’ എന്ന ശീര്‍ഷകത്തോടെ കെ.എം. സലിംകുമാറുമായുള്ള എന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തും തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളും പ്രസ്തുത അഭിമുഖം ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
‘ചത്ത മീനുകള്‍’ എന്ന അധ്യായത്തില്‍ സലിംകുമാര്‍ ചൂണ്ടിക്കാണിക്കുന്ന പല ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. ഞാനേറെ ബഹുമാനിക്കുകയും ആദരവോടെ സ്നേഹിക്കുകയും പിതൃതുല്യനായി കാണുകയും ചെയ്യുന്ന പ്രിയപ്പെട്ട സലിംകുമാര്‍ ചേട്ടനോട് അദ്ദേഹത്തിന്റെ മരണാനന്തരം വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വരുന്നത് വ്യക്തിപരമായി ഏറെ ദു:ഖമുണ്ട്. എന്നാല്‍ ആശയപരമായി അദ്ദേഹത്തിന്റെ തെറ്റായ നിഗമനങ്ങളോട് വിയോജിക്കേണ്ടത് ഒരു മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ എന്റെ ബാധ്യതയും അവകാശവുമാണ്.
2008 ഏപ്രില്‍ 10നാണ് എറണാകുളം മഹാരാജാസ് കോളജിലെ ‘മഹാരാജകീയ’ പൂര്‍വ വിദ്യാര്‍ഥി സംഗമവുമായി ബന്ധപ്പെട്ട് ഞാനാദ്യമായി കെ.എം. സലിംകുമാറുമായി ടെലഫോണില്‍ സംസാരിക്കുന്നത്. ഞാന്‍ അന്ന് മാധ്യമം കൊച്ചി ബ്യൂറോയില്‍ ജോലി ചെയ്തുവരുകയാണ്. കെ.കെ. കൊച്ച്, കെ.എം. സലിംകുമാര്‍, എസ്. രാജപ്പൻ, സണ്ണി എം. കപിക്കാട് തുടങ്ങിയ ദലിത് ചിന്തകരും എഴുത്തുകാരും മഹാരാജാസിലെ പൂർവ വിദ്യാർഥികളായിരുന്നു. സെലിബ്രിറ്റികളുടെ വിളനിലമായി മഹാരാജാസിനെ വാഴ്ത്തിപ്പാടിയപ്പോള്‍ കീഴാള സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന ചിന്തകരും എഴുത്തുകാരുമായ ഇവരുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഒരു ഫീച്ചര്‍ തയാറാക്കാനാണ് അന്ന് സലിംകുമാറിനെ ഞാന്‍ വിളിക്കുന്നത്.
പിന്നീട് വളരെ ആഴമേറിയ ഒരു ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ടായി. അങ്ങനെയാണ് അദ്ദേഹം രോഗബാധിതനായി വൈറ്റിലയിലെ വീട്ടില്‍ കഴിയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുന്നത്. ഗുരുതരമായ അർബുദ ബാധയും കടുത്ത ഏകാന്തതയും അദ്ദേഹത്തെ അക്കാലത്ത് അലട്ടിയിരുന്നു. മക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും സംരക്ഷണയിലായിരുന്നു അദ്ദേഹം.
ദലിത് സാമൂഹിക പ്രവര്‍ത്തകരും അദ്ദേഹത്തെ ഏതാണ്ട് മറന്ന മട്ടില്‍ കഴിയുമ്പോഴാണ് ആ അഭിമുഖം ഞാന്‍ എടുക്കുന്നത്. പല ദിവസങ്ങളിലായിട്ടാണ് ഞങ്ങള്‍ സംസാരിച്ച് അഭിമുഖം തയാറാക്കിയത്. ദീര്‍ഘമായ സംഭാഷണങ്ങളില്‍നിന്ന് ഒരു അഭിമുഖത്തിന്റെ മാതൃകയില്‍ തയാറാക്കിയ ശേഷം ചോദ്യങ്ങളും ഉത്തരവും പരസ്പരം ചര്‍ച്ച ചെയ്ത് തന്നെയാണ് ‘മാതൃഭൂമി’ക്ക് അയച്ചത്. രോഗശയ്യയില്‍ കിടക്കുന്ന അദ്ദേഹം ദലിത് സാമൂഹിക ജീവിതത്തിന്റെ അപജയത്തെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ പറഞ്ഞതെങ്കിലും പലതും ഒഴിവാക്കിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളും വാചകങ്ങളുമല്ലാതെ എന്റേതായ ഒന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല.
പിന്നീട് അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് എന്റെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം അഭിമുഖം സംബന്ധിച്ച് ഒരു വിശദീകരണക്കുറിപ്പ് ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിച്ചത്. അന്നത്തെ സംഘര്‍ഷാവസ്ഥയും ആരോപണ പ്രത്യാരോപണങ്ങളും ഒന്നു കുറയാന്വേണ്ടി ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ആ കുറിപ്പ്. ആ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ചത് പോലെ തന്നെ എന്നെയും പല ദലിത് ബുദ്ധിജീവികളും എഴുത്തുകാരും ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. അതിലൊന്നും തന്നെ എനിക്ക് പശ്ചാത്താപമില്ല. എല്ലാവരും മറന്നുപോയ കെ.എം. സലിംകുമാറിന്റെ അതിജീവനവും പുനര്‍ജന്മവുമായിരുന്നു വിവാദമായ ആ അഭിമുഖം. അത് അദ്ദേഹത്തിന് നല്ലതു മാത്രേ ചെയ്തിട്ടുള്ളൂ. പിന്നീടുള്ള അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്കും സാമൂഹിക- രാഷ്ട്രീയ ജീവിതത്തിനും ഏറെ ഗുണകരമായിട്ടുണ്ട്.
കാല്‍നൂറ്റാണ്ട് ആകുന്ന എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യ-നിയമ- കലാ-സിനിമാ രംഗത്തെ പ്രമുഖരുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിന്റെ പേരിലും ഇങ്ങനെയൊരു ദുരവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോൾ ഞാൻ ചെയ്ത് വരുന്ന എന്റെ ഉപജീവനമാർഗമായ മാധ്യമപ്രവർത്തന ജീവിതത്തെ അപമാനിക്കും വിധമാണ് സലിം കുമാർ ആത്മകഥയിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്. വസ്തുതകള്‍ മറന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥയുടെ ഒരു കറുത്ത അധ്യാംയം എന്നാണ് ‘ചത്തമീനുകള്‍’ എന്ന എന്നെ പരാമർശിക്കുന്ന കുറിപ്പിനെ ഞാന്‍ കാണുന്നത്.
പി.ആര്. സുമേരന്‍
തലക്കെട്ടിലെയും ഉള്ളടക്കത്തിലെയും വൈരുധ്യം
അനിൽകുമാർ എ.വി എഴുതിയ ചൈനാ യാത്രാ പരമ്പരയുടെ രണ്ടാം ഭാഗം ‘പിടിമുറുക്കിയ അധോലോകം പുതിയ മുഖഭാവമായി മാറി’ (ലക്കം 1491) എന്ന കുറിപ്പാണ് ഈ എഴുത്തിന് ആധാരം. അതിന്റെ ഉള്ളടക്കത്തിലുള്ള പ്രകടമായ ഒരു വൈരുധ്യം മാത്രം ചൂണ്ടിക്കാണിക്കട്ടെ ചൈനയിൽ സ്ത്രീകൾ പാർട്ടി നേതൃത്വത്തിലില്ലെന്നാണ് വിമർശനം. ആ വിമർശനം പ്രഥമദൃഷ്ട്യാ ശരിയാണ്. എന്നാൽ, അതൊരു അളവുകോൽ മാത്രമാണ്. അതിൽ നിന്നും വായിച്ചെടുക്കേണ്ട കാര്യം, ചൈനീസ് സമൂഹത്തിൽ, അതിന്റെ സാമ്പത്തികവും വ്യവസായപരവും തൊഴിൽപരവുമായ മേഖലകളിലൊക്കെ സ്ത്രീകളുടെ സാന്നിധ്യവും സംഭാവനകളും എന്താണ്, അതിൽ കുറവുണ്ടോ എന്നാണ് അറിയേണ്ടത്.
അത്ഭുകരമെന്നുപറയട്ടെ, ചൈനീസ് സമൂഹത്തിലെ സ്ത്രീകളുടെ പദവി മുതലാളിത്ത രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കുന്നുവെന്ന് അതേ ലേഖനത്തിൽ തന്നെ, കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം എഴുതുന്നുണ്ട്. പിന്നെ, നേതൃത്വത്തിലെ വിഗ്രഹവത്കരണത്തിന് സ്ത്രീകളുടെ എണ്ണം കുറവാണെന്നോ ഇല്ലെന്നോ ഒക്കെ പറയുന്നത് അത്ര കടുത്ത കുറ്റമായി പരിഗണിക്കാനാവില്ല. ലേഖനത്തിന്റെ ആദ്യഭാഗത്തു പറയുന്ന മാഫിയ ബന്ധങ്ങൾ സംബന്ധിച്ച വാസ്തവം, ഈ ലേഖനത്തിൽ നിന്ന് വിശ്വസനീയമായി എടുക്കാൻ കഴിയില്ല.
കാരണം, അധോലോകം പിടിമുറുക്കിയ ഒരു സമൂഹത്തിൽ, അതും, കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന ചൈനീസ് സമൂഹത്തിൽ, ലേഖകൻ പറയുന്ന സർവ മേഖലയിലെയും സ്ത്രീ പങ്കാളിത്വവും, ഭൂരിപക്ഷ സാന്നിധ്യവും അസാധന്യമായിരിക്കും, നിർത്തട്ടെ.
എ.എസ്. ഹരിദാസ്, അങ്കമാലി
സംവാദാത്മകമാകണം ചാനൽ ചർച്ചകൾ
മീഡിയാസ്കാനിൽ യാസീൻ അശ്റഫ് എഴുതിയ ‘സംവാദകർ, ഇരകൾ’ (ലക്കം 1490) വായിച്ചു. വിമർശനവും വിയോജിപ്പും മാന്യമായി പ്രകടിപ്പിക്കാനുള്ള അവസരം അനുവദിക്കുന്നവെന്നതാണ് ജനാധിപത്യ വ്യവസ്ഥയുടെ മനോഹാരിത. പക്ഷേ, ജനാധിപത്യ വ്യവസ്ഥയുടെ നാലാം തൂണായ മാധ്യമ ലോകത്ത് ഇതൊന്നും വേണ്ടത്ര അനുവദിക്കുന്നില്ലെന്നതാണ് ഗുരുതരമായ നടപ്പുദീനം.
ടെലിവിഷൻ ചാനലുകളിലെ ചർച്ചകൾ ഒട്ടും സംവാദാത്മകമല്ല എന്നാണ് ബിഗ് ടി.വി ചാനൽ ചർച്ചയെ തുടർന്നുണ്ടായ ദുഷ്പ്രവണതകൾ വെളിപ്പെടുത്തുന്നത്. ‘‘വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും’’ എന്ന ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ വാക്കുകൾ നാം സദാ ഓർക്കേണ്ടതുണ്ട്. മനുഷ്യർ തമ്മിൽ ആശയങ്ങളുടെ പേരിൽ തർക്കിച്ചു ജയിക്കാനല്ല ശ്രമിക്കേണ്ടത്.
മറിച്ച് പരസ്പരം മനസ്സിലാക്കാനും അറിവ് പങ്കുവെക്കാനും വേണ്ടിയാണ് സംവാദങ്ങൾ നടത്തേണ്ടത്. ആശയവിനിമയ സംവാദങ്ങൾ എപ്പോഴും സമാധാനപരവും ശരിയായ അറിവ് പകരുന്നതുമായിരിക്കണം. ഇതിനു വിരുദ്ധമായ രീതിയിൽ ഭിന്നാഭിപ്രായങ്ങളെ ഒട്ടും മാനിക്കാത്ത, സ്വാർഥത്തിനായി ചലിച്ചുകൊണ്ടിരിക്കുന്ന ചാനൽ ചർച്ചകളെ ശരിക്കും ‘കന്നംകടി’ എന്നാണ് പേരിട്ടു വിളിക്കേണ്ടത്.
ടി.ഐ. ലാലു, പഴമുക്ക്, തൃശൂർ
ചരിത്രത്തെ കൃത്യപ്പെടുത്തിയ ചരിത്രകാരൻ
അന്തരിച്ച ചരിത്രകാരൻ ചെന്താരശ്ശേരിയെന്ന ചരിത്രകാരനെ കുറിച്ച് രാജേഷ് കെ. എരുമേലി എഴുതിയ ലേഖനം (ലക്കം 1486) വായിച്ചു. നൂറ്റാണ്ടുകളായി സവർണാധിപത്യം നിലനിൽക്കുന്ന ഇന്ത്യയിൽ ദലിത്, ആദിവാസി വിഭാഗങ്ങളെ പോലെ അവശ, പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദിക്കാൻ കാര്യമായി ആരുമില്ല എന്ന് പറയേണ്ടി വരും.
കഴിഞ്ഞ ജൂലൈ 27ന് ചെന്താരശ്ശേരി വിടപറഞ്ഞിട്ട് എട്ടുവർഷം തികഞ്ഞു. കേരളത്തിലെ കീഴാള, അവശ വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിച്ചവർ ചെന്താരശ്ശേരി, സണ്ണി എം കപിക്കാട്, കെ.കെ. കൊച്ച്, കെ.എം. സലിം കുമാർ, ഒ.എൻ.എം.എസ്. ജയപ്രകാശ് പോലെ ചുരുക്കം പേരെയുള്ളൂ. ഇതെഴുതുന്നതിന് മൂന്നു ദിവസം മുമ്പ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പട്ടികജാതിയിൽ പെട്ടതിനാൽ അദ്ദേഹത്തിന്റെ പ്രസംഗവേദി ബി.ജെ.പി പ്രവർത്തകർ ജലം തെളിച്ച് ശുദ്ധീകരിച്ച സംഭവമുണ്ടായി.
ഇത് വലയി പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇതിനുപുറമെ സവർണ അധ്യാപകരുടെ പീഡനം സഹിക്ക വയ്യാതെ കേരളത്തിലെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന ദലിത് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ട് അധികകാലമായിട്ടില്ല. ഈയവസരത്തിലാണ് കേരള ചരിത്രത്തെ ഇളക്കിപ്പണിത ചരിത്രകാരൻ ടി.എച്ച്.പി. ചെന്താരശ്ശേരി എന്ന തിരുവന് ഹീരപ്രസാദ് ചെന്താരശ്ശേരിയെ നമ്മൾ ഒാർക്കേണ്ടത്.
കേരള ചരിത്രത്തെ പുനര്‍വായനക്ക് വിധേയമാക്കുന്ന അഞ്ച് ചരിത്ര പുസ്തകങ്ങളാണ് ചെന്താരശ്ശേരി എഴുതിയിട്ടുള്ളത്. ‘കേരള ചരിത്രധാര’ (1978), ‘ചേരനാട്ടു ചരിത്രശകലങ്ങള്‍’ (1980), ‘കേരള ചരിത്രത്തിനൊരു മുഖവുര’ (1987), ‘കേരള ചരിത്രവും ഇളംകുളം കുഞ്ഞന്‍പിള്ളയും’ (1988), ‘കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍’ എന്നീ കൃതികള്‍ കീഴാള ചരിത്രത്തെ കേരളത്തില്‍ സ്ഥാപിച്ചെടുക്കുകയായിരുന്നു. ചരിത്രത്തെ എങ്ങനെ സമീപിക്കണം എന്ന തന്റെ നിലപാട് വ്യക്തമാക്കുന്ന പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് പിറവിയെടുത്തത്.
ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം