Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

എ.ഐ കാ​ല​ത്ത് സം​വി​ധാ​യ​ക​ന്റെ സ്ഥാ​നം ചു​രു​ങ്ങു​ന്നി​ല്ല

പി.​കെ. സു​രേ​ന്ദ്ര​ൻ ന​യി​ച്ച് റാ​സി മു​ഹ​മ്മ​ദ്, കൃ​ഷാ​ന്ത്‌, ഹാ​ഷി​ർ ചി​ല്ലി​ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ‘സി​നി​മ​യി​ൽ​നി​ന്ന് സം​വി​ധാ​യ​ക​ൻ പു​റ​ത്താ​ക്ക​പ്പെ​ടു​മോ?’ എ​ന്ന സം​വാ​ദം (ല​ക്കം 1490) ഗൗരവമുള്ളതാണ്. നി​ർ​മി​ത​ബു​ദ്ധി (Artificial Intelligence) സി​നി​മ​യു​ടെ സൃ​ഷ്ടി​പ്ര​ക്രി​യ​യി​ലേ​ക്ക് അ​തി​വേ​ഗം ക​ട​ന്നു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​മാ​ണി​ത്. ക​ഥ​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നും തി​ര​ക്ക​ഥ വി​ക​സി​പ്പി​ക്കാ​നും ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​നും ദൃ​ശ്യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും സം​ഗീ​ത​വും ശ​ബ്ദ​വും നി​ർ​മി​ക്കാ​നും വ​രെ നി​ർ​മി​തബു​ദ്ധി ഇ​ന്ന് സ​ഹാ​യ​ക​മാ​ണ്. ഒ​രു കാ​ല​ത്ത് സി​നി​മ​യു​ടെ സൃ​ഷ്ടി​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്ന മ​നു​ഷ്യ​രു​ടെ വ​ലി​യൊ​രു സം​ഘ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ കു​റെ ഭാ​ഗ​ങ്ങ​ൾ യ​ന്ത്ര​ങ്ങ​ൾ​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​വും ഇ​ന്ന് കൈ​വ​ന്നി​രി​ക്കു​ന്നു. ഇ​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും ഒ​രു സം​ശ​യം ന​മ്മു​ടെ മ​ന​സ്സി​ലു​യ​രും: സി​നി​മ സൃ​ഷ്ടി​ക്കാ​ൻ ഇ​ത്ര​യും ശേ​ഷി​യു​ള്ള യ​ന്ത്ര​ങ്ങ​ൾ മു​ന്നി​ലെ​ത്തു​മ്പോ​ൾ സം​വി​ധാ​യ​ക​ന് ഇ​നി എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന്.

എ​ന്നാ​ൽ, സി​നി​മ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ മാ​ത്രം ഉ​ൽ​പ​ന്ന​മ​ല്ല എ​ന്ന​താ​ണ് സ​ത്യം. അ​ത് മ​നു​ഷ്യ​ന്റെ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും സ്വ​പ്ന​ങ്ങ​ളു​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും വി​കാ​ര​ങ്ങ​ളു​ടെ​യും ക​ലാ​പ​ര​മാ​യ ആ​വി​ഷ്കാ​ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ.​െഎയു​ടെ വ​ള​ർ​ച്ച സം​വി​ധാ​യ​ക​ന്റെ പ്ര​സ​ക്തി ഇ​ല്ലാ​താ​ക്കു​ന്ന​തി​നു പ​ക​രം അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തത്തെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

എ.ഐക്ക് ​ആ​യി​ര​ക്ക​ണ​ക്കി​ന് ദൃ​ശ്യ​സാ​ധ്യ​ത​ക​ൾ മു​ന്നോ​ട്ടു​വെ​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കാം; പ​ക്ഷേ അ​വ​യി​ൽ ഏ​താ​ണ് മ​നു​ഷ്യ​ന്റെ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കു​ക എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ന്റെ ക​ലാ​ബോ​ധ​മാ​ണ്. ഒ​രു ക​ഥാ​പാ​ത്രം എ​പ്പോ​ൾ മൗ​ന​ത്തി​ലാ​ക​ണം, ഒ​രു ദൃ​ശ്യം എ​വി​ടെ അ​വ​സാ​നി​ക്ക​ണം, ഒ​രു മു​ഖ​ഭാ​വ​ത്തി​ന് എ​ത്ര നേ​രം സ്ക്രീ​നി​ൽ ഇ​ടം ന​ൽ​ക​ണം, പ്രേ​ക്ഷ​ക​ന്റെ മ​ന​സ്സി​ൽ ഏ​ത് വി​കാ​രം ഉ​ണ​ർ​ത്ത​ണം –ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ജീ​വി​ത​ത്തെ നി​രീ​ക്ഷി​ച്ചും അ​നു​ഭ​വി​ച്ചും നേ​ടി​യ മ​നു​ഷ്യ​ബോ​ധ​മു​ണ്ട്. എ.ഐക്ക് ​വി​വ​ര​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും മാ​തൃ​ക​ക​ൾ തി​രി​ച്ച​റി​യാ​നും ക​ഴി​യും; എ​ന്നാ​ൽ ഒ​രു മ​നു​ഷ്യ​ന്റെ വേ​ദ​ന​യെ മ​റ്റൊ​രു മ​നു​ഷ്യ​ന്റെ വേ​ദ​ന​യാ​യി തി​രി​ച്ച​റി​യു​ന്ന അ​നു​ഭൂ​തി​യു​ടെ ആ​ഴം അ​തി​ന് സ്വ​ത​ന്ത്ര​മാ​യി ഉ​ണ്ടോ എ​ന്ന​ത് ഇ​ന്നും വ​ലി​യ ചോ​ദ്യ​മാ​ണ്. അ​തി​നാ​ൽ ഭാ​വി​യി​ലെ സം​വി​ധാ​യ​ക​ൻ എ.ഐയോ​ട് മ​ത്സ​രി​ക്കു​ന്ന ഒ​രാ​ളാ​യി​രി​ക്കി​ല്ല; മ​റി​ച്ച് എ.ഐയെ ​ഒ​രു ശ​ക്ത​മാ​യ സൃ​ഷ്ടി​സ​ഹാ​യി​യാ​ക്കി മാ​റ്റു​ന്ന ഒ​രാ​ളാ​യി​രി​ക്കും. യ​ന്ത്ര​ത്തി​ന്റെ വേ​ഗ​വും മ​നു​ഷ്യ​ന്റെ ഭാ​വ​ന​യും ഒ​ന്നി​ച്ചു​ചേ​രു​മ്പോ​ഴാ​ണ് പു​തി​യ സി​നി​മാ​ഭാ​ഷ​ക​ൾ പി​റ​ക്കു​ക.

അ​തു​കൊ​ണ്ട് എ.ഐ കാ​ല​ഘ​ട്ട​ത്തി​ൽ സം​വി​ധാ​യ​ക​ന്റെ സ്ഥാ​നം ചു​രു​ങ്ങു​ക​യ​ല്ല, മ​റി​ച്ച് ‘സാ​ങ്കേ​തി​ക നി​യ​ന്ത്ര​ക​ൻ’ എ​ന്ന​തി​ൽ​നി​ന്ന് ‘അ​ർ​ഥത്തി​ന്റെ ശി​ൽ​പി’ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റു​ക​യാ​ണ്. എ​ന്ത് പ​റ​യ​ണം എ​ന്ന​തി​നേ​ക്കാ​ൾ എ​ന്തു​കൊ​ണ്ട് പ​റ​യ​ണം, എ​ങ്ങ​നെ പ​റ​യ​ണം, ആ​രു​ടെ ജീ​വി​ത​മാ​ണ് പ​റ​യ​പ്പെ​ടാ​തെ പോ​കു​ന്ന​ത് എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​നി സം​വി​ധാ​യ​ക​ന്റെ മു​ന്നി​ലു​ള്ള​ത്. സാ​ങ്കേ​തി​ക​മാ​യി കു​റ്റ​മ​റ്റ ഒ​രു സി​നി​മ നി​ർ​മി​ക്കാ​ൻ എ.ഐ സ​ഹാ​യി​ച്ചേ​ക്കാം; എ​ന്നാ​ൽ, ആ ​സി​നി​മ​ക്ക് ഒ​രു ആ​ത്മാ​വും നി​ല​പാ​ടും മ​നു​ഷ്യ​സ്പ​ർ​ശ​വും ന​ൽ​കേ​ണ്ട​ത് സം​വി​ധാ​യ​ക​നാ​ണ്. ഭാ​വി​യി​ലെ മി​ക​ച്ച സം​വി​ധാ​യ​ക​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ എ.ഐ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ൾ ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല; മ​റി​ച്ച് യ​ന്ത്രം സൃ​ഷ്ടി​ച്ച അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് മ​നു​ഷ്യ​ന് പ്ര​സ​ക്ത​മാ​യ ഒ​രു സ​ത്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​യാ​ളാ​യി​രി​ക്കും. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ എ.ഐ സി​നി​മ​യെ മാ​റ്റി​യേ​ക്കാം; പ​ക്ഷേ സി​നി​മ​ക്ക് അ​ർ​ഥം ന​ൽ​കു​ന്ന മ​നു​ഷ്യ​ദൃ​ഷ്ടി​യു​ടെ ആ​വ​ശ്യം അ​തി​ലൂ​ടെ അ​വ​സാ​നി​ക്കു​ക​യി​ല്ല.

കി​ഴു​മു​ണ്ട​യൂ​ർ നാ​രാ​യ​ണ​ൻ, പേ​രാ​മം​ഗ​ലം

ദു​ര​ന്ത​ മാ​ധ്യ​മപ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​പ്പു മാ​ധ്യ​മ​ദീ​നം

‘മീ​ഡി​യാ​സ്കാ​നി’​ൽ യാ​സീ​ൻ അ​ശ്റ​ഫ് എ​ഴു​തി​യ ‘കൊ​ണ്ടാ​ല​റി​യി​ല്ല, ക​ണ്ടാ​ല​റി​യും’ (ല​ക്കം 1489) എ​ന്ന കു​റി​പ്പ് വാ​യി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യാ​ൻ മാ​ധ്യ​മ​ങ്ങ​ൾ താ​ൽ​പ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. അ​തേ​സ​മ​യം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളി​ൽ വാ​യ​ന​ക്കാ​ർ​ക്കു താ​ൽ​പ​ര്യ​മൊ​ന്നും കു​റ​ഞ്ഞി​ട്ടി​ല്ല. റോ​യി​ട്ടേ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ദി ​സ്റ്റ​ഡി ഓ​ഫ് ജേ​ണ​ലി​സം അ​ടു​ത്തി​ടെ ന​ട​ത്തി​യ വി​ശ​ക​ല​നം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​ത​ത്തി​ന്‍റെ ഊ​ക്ക് എ​ത്ര ശ​ക്ത​മാ​ണെ​ന്നു മാ​ധ്യ​മ ലോ​കം പ​റ​ഞ്ഞുത​രു​ന്നി​ല്ല. ദു​ര​ന്ത​മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം (Disaster journalism) ആ​ണ് ന​ട​പ്പു മാ​ധ്യ​മ​ദീ​നം. നേ​പ്പാ​ൾ ദു​ര​ന്തം ഇ​തി​നു ചെ​റി​യൊ​രു മാ​റ്റം സൃ​ഷ്ടി​ച്ചു. വ​ള​രെ ന​ല്ല കാ​ര്യം. കാ​ലാ​വ​സ്ഥ ദു​ര​ന്തംപോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ശ്ര​ദ്ധവെ​ക്കു​ന്ന​ത് മാ​ധ്യ​മ​ധാ​ർ​മി​ക​ത​യു​ടെ ഉ​ത്ത​മ മാ​തൃ​കാ പ്ര​ക​ട​ന​മാ​കും. ഒ​പ്പം മാ​ധ്യ​മ​ങ്ങ​ളു​ടെ ഈ ​വി​ഷ​യ​ത്തി​ലെ ഓ​രോ അ​വ​ഗ​ണ​ന​ക്കും വാ​യ​ന​ക്കാ​ർ ജാ​ഗ്ര​തകൊ​ണ്ടു മ​റു​പ​ടി പ​റ​യേ​ണ്ട​തു​മു​ണ്ട്.

ടി.​​ഐ. ലാ​​ലു, പ​​ഴ​​മു​​ക്ക് തൃ​​ശൂ​​ർ

വാ​യ​ന​ക്കാ​രോട് അ​ടു​പ്പം: ‘മാ​ധ്യ​മം’ ത​ന്നെ മു​ന്നി​ൽ

ആ​ഴ്ച​പ്പ​തി​പ്പ് കി​ട്ടി​യാ​ൽ ആ​ദ്യം നോ​ക്കു​ന്ന​തും വാ​യി​ക്കു​ന്ന​തും ‘എ​ഴു​ത്തു​കു​ത്ത്’ പം​ക്തി​യാ​ണ്. ഇ​ത് ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന മി​ക്ക ആ​ഴ്ച​പ്പ​തി​പ്പു​ക​ളും കൊ​ടു​ക്കാ​റു​ണ്ട്. എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രു​മാ​ണ​ല്ലോ എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളെ​യും നി​ല​നി​ർ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് വാ​യ​ന​ക്കാ​ർ​ക്ക് മാ​ന്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണു​താ​നും. മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ഈ ​വി​ഷ​യ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്നു എ​ന്നുപ​റ​യാ​ൻ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. മി​ക്ക​വാ​റും എ​ല്ലാ ആ​ഴ്ച​പ്പ​തി​പ്പു​ക​ളും മാ​സി​ക​ക​ളും വാ​യ​ന​ക്കാ​രു​ടെ ക​ത്തു​ക​ൾ​ക്ക് പ്ര​ഥ​മ സ്ഥാ​നം ന​ൽ​കു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ആ​ദ്യ​ പേ​ജി​ൽത​ന്നെ എ​ഴു​ത്തു​കാ​രോടൊ​പ്പം വാ​യ​ന​ക്കാ​രെ​യും പ്രാ​ധാ​ന്യം ന​ൽ​കി നി​ല​നി​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ ആ​ഴ്ച​പ്പ​തി​പ്പു​ക​ളും മാ​സി​ക​ക​ളും ത​മ്മി​ലൊ​രു മ​ത്സ​രംത​ന്നെ കാ​ണു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

വാ​യ​ന​ക്കാ​രി​ല്ലെ​ങ്കി​ൽ എ​ഴു​ത്തു​കാ​രു​മു​ണ്ടാ​വി​ല്ല​ല്ലോ? എ​ഴു​ത്തു​ത​ന്നെ മു​ഖ്യം എ​ന്ന് സ​മ്മ​തി​ക്കു​ന്ന​തോ​ടൊ​പ്പം വാ​യ​ന​യും അ​തി​ലേ​റെത​ന്നെ മു​ഖ്യ​മാ​ണ് എ​ന്നാണ് നേ​ര്. എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും ത​മ്മി​ലു​ള്ള ഈ ​ബ​ന്ധം എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന് ക​രു​തു​ന്നു. കാ​ര​ണം, വാ​യ​ന​ക്കാ​രി​ല്ലെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ല​നി​ൽ​പില്ല​ല്ലോ. അ​തു​കൊ​ണ്ട് ഒ​രു ര​ച​ന വാ​യി​ച്ച് അ​തേ​ക്കു​റി​ച്ച് എ​ഴു​തു​ന്ന ക​ത്തു​ക​ൾ ആ​സ്വാ​ദ​ന​വും അ​തോ​ടൊ​പ്പം എ​ഴു​ത്തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ൾ വി​ചി​ന്ത​നം ചെ​യ്യു​ന്ന നി​രൂ​പ​ണ​ങ്ങ​ളു​മാ​ണ്. ക​ത്തെ​ഴു​തു​ന്ന​വ​ർ നി​രൂ​പ​ക​നും വി​മ​ർ​ശ​ക​നു​മാ​ണ്.

എ​ന്നാ​ൽ, എ​ഴു​ത്തു​കാ​രെ വേ​ദ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​രൂ​പ​ണ​ങ്ങ​ളോ വി​മ​ർ​ശ​ന​ങ്ങ​ളോ ക​ത്തെ​ഴു​തു​ന്ന​വ​ർ ന​ട​ത്താ​റു​മി​ല്ല. കാ​ര​ണം, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും വാ​യ​ന​ക്കാ​രു​ടെ​യും നി​ല​നി​ൽ​പാ​ണ് ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​ർ​ക്കും ചി​ല​പ്പോ​ൾ തെ​റ്റ് പ​റ്റാ​വു​ന്ന​താ​ണ​ല്ലോ. അ​തു ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​ത് ക​ത്തെ​ഴു​തു​ന്ന​വ​രു​ടെ ക​ർ​ത്ത​വ്യ​വു​മാ​ണ്. എ​ഴു​ത്തു​കാ​രെ പോ​ലെ സാ​ഹി​ത്യ​പ​രി​ച​യ​വും വാ​യ​നാ അ​റി​വും ന​ന്നാ​യുള്ള​വ​രാ​ണ് ക​ത്തെ​ഴു​ത്തു​കാ​ർ. അ​തു​കൊ​ണ്ട് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും എ​ഴു​ത്തി​ന്‍റെ​യും നി​ല​നി​ൽ​പിന് ഈ ​ര​ണ്ട് ഘ​ട​ക​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ഴു​ത്തു​കാ​രു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ൽ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ഏ​റെ മു​ന്നി​ലാ​ണെ​ന്നത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന വ​സ്തു​ത​യാ​ണ്. കൂ​ടു​ത​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടെ കൂ​ടു​ത​ൽ വാ​യ​ന​ക്കാ​രി​ലേ​ക്ക് ഈ ​പ്ര​സി​ദ്ധീ​ക​ര​ണം എ​ത്ത​ട്ടെ എ​ന്നാ​ശം​സി​ച്ചു നി​ർ​ത്തു​ന്നു.

സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ

മ​ന​സ്സി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ ക​വി​ത

ആ​ഴ്ച​പ്പ​തി​പ്പി​ൽ സാ​ബ്ലൂ തോ​മ​സ് എ​ഴു​തി​യ ക​വി​ത ‘നാം ​ഒ​രു ബോ​ൺ​സാ​യ് പൂ​ന്തോ​ട്ടം’ (ല​ക്കം 1490) വാ​യി​ച്ചു. ന​ല്ല ക​വി​ത. ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു. ജീ​വ​നി​ല്ലാ​ത്ത മു​റി​ക​ൾ, അ​തി​ലെ ജീ​വ​നി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​ള​ർ​ച്ച​യു​ടെ ക​ട​യ്ക്ക​ൽ ക​ത്തി​വെ​ച്ച് വ​ള​ർ​ച്ച മു​ര​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​തി​ന്റെ​യെ​ല്ലാം പ​ഴി മ​റ്റു​ള്ള​വ​രു​ടെ മേ​ലി​ട്ട് വി​ശു​ദ്ധ ക​വ​ച​ത്തി​ലൊ​ളി​ക്കു​ന്ന പു​തി​യ​കാ​ല ജ​ന്മ​ങ്ങ​ൾ, പ​ഴി​ക്കാ​നും ശ​പി​ക്കാ​നും മാ​ത്രം വി​ധി​ക്ക​പ്പെ​ട്ട​വ​ർ. മ​തി​ലി​ന​പ്പു​റ​മു​ള്ള​വ​രെ​ല്ലാം ന​മു​ക്ക് അ​ന്യ​രും പ​ര​ദേ​ശി​ക​ളു​മ​ല്ലേ.

സ്വ​ന്തം കു​ഞ്ഞുമ​തി​ലു​ക​ൾ​ക്ക​പ്പു​റ​മു​ള്ള ഏ​വ​രെ​യും അ​ന്യ​രും പ​ര​ദേ​ശി​ക​ളു​മാ​യി ക​ണ്ട് പ​ഴി​ക്കാ​നും ശ​പി​ക്കാ​നും മാ​ത്രം പ​രി​ശീ​ലി​ച്ച പു​തി​യ​കാ​ല ജ​ന്മ​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​ര​ങ്ങ​ളെ​യാ​ണ് ക​വി​ത​യി​ൽ വി​ചാ​ര​ണ ചെ​യ്യു​ന്ന​ത്. ഉ​ള്ളി​ൽ ചി​ന്ത​ക​ളു​ടെ തീ​പ്പൊ​രി​യി​ടു​ന്ന, ഏ​റെ​ക്കാ​ലം നീ​റി​പ്പു​ക​യു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു സ​ർ​ഗ​സൃ​ഷ്ടി.

ശാ​ന്താ ജോ​ൺ, പാ​പ്പ​നം​കോ​ട്

ഇരുളേ നടുവാമരുളേ

ചരിത്രശേഷിപ്പുകൾ തിരഞ്ഞെത്തുന്ന പുതിയ തലമുറ. നായകന്റെ പങ്കാളിയായിരുന്ന സത്യവതിയിലൂടെ ഭൂതകാല അലച്ചിലുകളിലേക്കും അസാധാരണമായ ഭയങ്ങളിലേക്കും തിരികെ നടത്തുന്നു മാധ്യമം വാർഷികപ്പതിപ്പിൽ വന്ന ഫർസാനയുടെ കഥ ‘ഇരുളേ നടുവാമരുളേ...’ അവിടെനിന്ന്, കടലെടുത്തുപോയ മനുഷ്യരുടെയും തീവണ്ടിയുടെയും ദുരന്തഭൂമിയിലേക്കാണ് കഥ വികസിക്കുന്നത്. ഫർസാനയുടെ മുൻ കഥകളിൽനിന്ന് വ്യത്യസ്തമായി ആന്തരിക തളർച്ചകൾക്കും ദൃശ്യാത്മകതക്കും പ്രാധാന്യം നൽകുന്ന ഭാഷാശൈലിയാണ് എഴുത്തുകാരി ഇതിൽ സ്വീകരിച്ചിരിക്കുന്നത്. കടലും തീവണ്ടിബോഗിയും പശ്ചാത്തലമാകുന്ന വിശാലമായ കഥാഘടന തികച്ചും പുതിയൊരു ആഖ്യാനപരിസരം സൃഷ്ടിച്ചെടുക്കുന്നു.

അബ്ദുൽ വാഹിദ് തവളേങ്ങൽ (ഫേസ്ബുക്ക്)

Show More expand_more
News Summary - letters