Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

ഹൃദയത്തിന്റെ ഉൾത്തട്ടിൽനിന്നും പിറന്ന ഗാനങ്ങൾ

‘‘മേരെ നയ്‌നാ സാവൻ ഭാദോം...’’ എന്ന ‘മെഹബൂബ’ സിനിമയിലെ ഗാനം പുറത്തിറങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചുള്ള രവി മേനോന്റെ ലേഖനം (ലക്കം 1485) വായിച്ചു. ഈ ലേഖനത്തിന് അനുബന്ധമായി ചില കാര്യങ്ങൾകൂടി പറയാം. ഇതിൽ കഴിഞ്ഞ തലമുറയിലെ മുഹമ്മദ് റഫി, കിഷോർ കുമാർ എന്നീ രണ്ടു ഗായകർ തമ്മിലുള്ള അനശ്വര സൗഹൃദത്തിന്റെ കഥയുമുണ്ട്. മുഹമ്മദ് റഫിയേക്കാളും അഞ്ചു വയസ്സിന് ഇളപ്പമാണ് അബ്ഹാസ് കുമാർ ഗാംഗുലി എന്ന കിഷോർ കുമാറിന്. 1976ൽ, അടിയന്തരാവസ്ഥക്കാലത്ത്, എഴുപതുകളുടെ മധ്യത്തിൽ പിന്നണിഗാനരംഗത്ത് കിഷോർ കുമാറായിരുന്നു മുഹമ്മദ് റഫിയേക്കാളും മുന്നിട്ടുനിന്നത്. അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ സഞ്ജയ് ഗാന്ധിയും വാർത്താവിതരണ വകുപ്പ് മന്ത്രി വി.സി. ശുക്ലയും പാർട്ടി ഫണ്ടിന് പണം പിരിക്കാൻ ഗാനമേള നടത്താൻ കിഷോർ കുമാറിനെ ക്ഷണിച്ചു.

എന്നാൽ, പ്രതിഫലം തരാതെ താൻ പാടില്ലെന്ന് കിഷോർ കുമാർ നിബന്ധന വെച്ചു. അതിന്റെ ഫലമായി കിഷോറിന്റെ ഒരൊറ്റ ഗാനംപോലും ആകാശവാണി നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്യരുതെന്ന് സഞ്ജയ് ഗാന്ധി ഉത്തരവിട്ടു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നുവെങ്കിലും നിയന്ത്രണം ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ കൈയിൽ ആയിരുന്നു. ഏതാനും ആഴ്‌ചകൾക്ക് ശേഷം മുഹമ്മദ് റഫി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ടു ഈ നിർദേശം പിൻവലിപ്പിച്ചു. താൻ പാർട്ടി ഫണ്ടിങ് നടത്താൻ വേണ്ടി സൗജന്യമായി ഗാനങ്ങൾ ആലപിക്കാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കിഷോർ കുമാറിനെതിരെയുള്ള ആകാശവാണി ഉപരോധം അവസാനിച്ചു. ഇങ്ങനെ ഒരു സൗഹൃദവും ഇവർ തമ്മിലുണ്ട്.

‘മെഹബൂബ’യിലെ ആനന്ദ് ബക്ഷി എഴുതിയ അഞ്ചു ഗാനങ്ങളിൽ ഈ സൂചിപ്പിച്ച ഗാനം രണ്ടു വേർഷനിൽ ആയിരുന്നു. പക്ഷേ ഫീമെയിൽ വേർഷനിൽ ലതാ മങ്കേഷ്‌കർ പാടിയ ഈ ഗാനത്തേക്കാൾ അവർ തന്നെ പാടിയ ‘‘പർബത് കേ പീഛേ...’’ എന്ന യുഗ്മഗാനവും ‘‘മേരേ നയ്‌നാ സാവൻ ഭാദോം...’’ എന്ന ഗാനവുമാണ് സൂപ്പർ ഹിറ്റുകൾ. അനേകം പ്രാവശ്യം ശ്രമിച്ചിട്ടും തനിക്ക് പാടി പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഈ ഗാനം മുഹമ്മദ് റഫിയെക്കൊണ്ട് പാടിപ്പിക്കാനായിരുന്നു കിഷോർ കുമാർ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്.

അത് ഗാനം ട്യൂൺ ചെയ്ത രാഹുൽ ദേവ് ബർമനോട് പറയുകയും ചെയ്തു. കാരണം, ഗാനം കിഷോർ കുമാറിന് പാടി പ്രതിഫലിപ്പിക്കാൻ കഴിയുമോ എന്ന് സംവിധായകൻ ശക്തി സാമന്തക്ക് പോലും സംശയമുണ്ടായിരുന്നു. അതേസമയം രാജേഷ് ഖന്നക്കാണെങ്കിൽ കിഷോർ കുമാർ തന്നെ പാടിയേ പറ്റൂ എന്ന് നിർബന്ധവും. ശക്തി സാമന്തയുടെ തന്നെ ‘ആരാധന’യിലൂടെയാണല്ലോ രാജേഷ് ഖന്ന-കിഷോർ കുമാർ കോംബോ പ്രശസ്‌തമായത്. അങ്ങനെ രാജേഷ് ഖന്നയുടെ നിർബന്ധത്തിനു വഴങ്ങി എല്ലാവരും കൂടിയാലോചിച്ച് ഒരു നിർദേശം വെച്ചു. ആദ്യം ലതാജി പാടട്ടെ, പിന്നീട് താൻ പാടാം എന്നായി കിഷോർ. അങ്ങനെ ആദ്യം ലതാ മങ്കേഷ്‌കറെക്കൊണ്ട് പാടി റെക്കോഡ് ചെയ്യിപ്പിച്ചു. അത് കേട്ടു പഠിച്ചും വിലയിരുത്തിക്കൊണ്ടുമാണ് ഈ ഗാനം കിഷോർ കുമാർ ആലപിച്ചത്. അത് ചരിത്രം.

എന്നാൽ 1971ൽ, രാജേഷ് ഖന്നക്കുവേണ്ടി തന്നെ ഇതേ ശൈലിയിൽ ഒരു ഗാനം കിഷോർ കുമാർ പഠിച്ച പണി പതിനെട്ടെടുത്തിട്ടും പാടി യാഥാർഥ്യമാക്കാൻ പറ്റിയില്ല. ‘ഹാഥി മേരേ സാഥി’യിലെ ‘‘നഫ്രത് കി ദുനിയാ കോ ഛോഡ്കേ...’’ എന്ന ക്ലൈമാക്‌സ് രംഗത്തിലെ ഗാനം. ലതാ മങ്കേഷ്‌കറോടൊപ്പമുള്ള അഞ്ച് യുഗ്മഗാനങ്ങൾ പാടി റെക്കോഡ് ചെയ്തിട്ടും ചിത്രത്തിലെ അവസാന ഗാനമായ മേൽപ്പറഞ്ഞ ഗാനം പലവട്ടം ശ്രമിച്ചിട്ടും കിഷോർ കുമാറിന് പാടാൻ കഴിഞ്ഞില്ല. കാര്യം ഇങ്ങനെയായപ്പോൾ രാജേഷ് ഖന്ന തന്നെ പറഞ്ഞു, എന്നാൽ നമ്മൾക്ക് ആ ഗാനം അങ്ങ് ഒഴിവാക്കാം. അപ്പോൾ പാട്ടെഴുതിയ ആനന്ദ് ബക്ഷി പറഞ്ഞത്, ഈ ഗാനം ചിത്രത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് താൻ എഴുതിയിട്ടുള്ളതാണ്, ഇതൊരിക്കലും ഒഴിവാക്കാൻ പാടില്ല എന്നാണ്. അങ്ങനെ എല്ലാവരും ചേർന്ന് കൂടിയാലോചിച്ചു എന്നാൽ മറ്റൊരാളെക്കൊണ്ട് പാടിക്കാം എന്ന് തീരുമാനിച്ചു.

പക്ഷേ, എന്നിട്ടും രാജേഷ് ഖന്ന സമ്മതിച്ചില്ല. തനിക്ക് കിഷോർ കുമാർ തന്നെ പാടിയേ പറ്റൂ എന്നായി. കിഷോറിനെക്കൊണ്ടായില്ലെങ്കിൽ ആ ഗാനമേ ചിത്രത്തിൽ വേണ്ടെന്നും പറഞ്ഞു. അപ്പോഴാണ് ആനന്ദ് ബക്ഷി തന്റെ അഭിപ്രായം പറഞ്ഞത്, ‘‘റഫി സാബിനെക്കൊണ്ട് നമുക്ക് പാടിക്കാൻ ശ്രമിക്കാം.’’ അങ്ങനെ കമ്പോസർമാരായ ലക്ഷ്മികാന്ത്-പ്യാരേലാൽ മുഹമ്മദ് റഫിയെ സമീപിച്ചു. സംഭവമെല്ലാം വിശദീകരിച്ചു കേട്ടതിനു ശേഷം മുഹമ്മദ് റഫി സമ്മതിച്ചു. റഫിയുടെ സ്ഥാനത്ത് മറ്റേതു ഗായകൻ ആണെങ്കിലും, താൻ പാടില്ലെന്ന് പറഞ്ഞു നിർബന്ധം പിടിക്കുമായിരുന്നു. അങ്ങനെ പാടി റെക്കോഡ് ചെയ്ത ഗാനമാണ് ചിത്രത്തിലെ മറ്റെല്ലാ ഗാനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഹിറ്റായ ‘‘നഫ്രത് കി ദുനിയാ കോ ഛോഡ്കേ പ്യാർ കി ദുനിയാ മേം ഖുശ് രഹനാ മേരേ യാർ...’’

ചിത്രത്തിലെ എല്ലാ ഗാനങ്ങളെയും പിന്നിലാക്കി ഈയൊരു ഗാനം സൂപ്പർ ഹിറ്റായി. ഈ ഗാനരംഗത്ത് രാജേഷ് ഖന്നയുടെ അഭിനയം കണ്ട് തിയറ്ററിൽ പൊട്ടിക്കരയാത്ത സ്ത്രീജനങ്ങൾ പ്രേക്ഷകരിൽ അപൂർവമായിരുന്നുവെന്ന് അമീൻ സയാനി പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ‘‘നഫ്രത് കി ദുനിയാ...’’ സൂപ്പർ ഹിറ്റായി മാറുന്നതും ആ വർഷത്തെ ബിനാകാ ഗീത് മാല ടോപ് ടെന്നിൽ ഉൾപ്പെടുന്നതും. ‘ഹാഥി മേരേ സാഥി’യിലെ മറ്റൊരു ഗാനവും ബിനാകാ ഗീത് മാലയിൽ ഉൾപ്പെട്ടിട്ടില്ല. ഒരേ സോളോ ഗാനം തന്നെ രണ്ട് വേർഷനിൽ രണ്ടു ഗായകർ പാടുമ്പോൾ സൂപ്പർ ഹിറ്റാകുന്നത് എപ്പോഴും കിഷോർ കുമാറിന്റെ ഗാനമായിരിക്കും; അത് പുരുഷ ശബ്ദമായാലും സ്ത്രീ ശബ്ദത്തിൽ പാടിയാലും. ‘മെഹബൂബ’യിൽ സംഭവിച്ചതും ഇതുതന്നെയാണ്. കിഷോർ കുമാറിന്റെ, തന്റെ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ തട്ടിയുള്ള ഗാനാലാപനത്തിൽ ലതാ മങ്കേഷ്‌കർ പാടിയ ഇതേ ഗാനം തന്നെ നിഷ്പ്രഭമായി എന്ന് പറയാം.

‘‘മേരെ നയ്‌നാ...’’ കൂടാതെ, 1962ലെ ‘രംഗോലി’ എന്ന ചിത്രത്തിൽ ‘‘ഛോട്ടീ സി യെ ദുനിയാ...’’ എന്ന് ആരംഭിക്കുന്ന ശങ്കർ-ജയ്കിഷൻ കമ്പോസ് ചെയ്‌ത ഒരു സോളോ ഉണ്ട്. യഥാക്രമം കിഷോർ കുമാറും, വൈജയന്തിമാലക്ക് വേണ്ടി ലതാ മങ്കേഷ്‌കറും പാടിയത്. പക്ഷേ ഹിറ്റായതും പഴയ തലമുറ ഓർക്കുന്നതുമായ ഗാനം കിഷോർ കുമാറിന്റേതാണ്. ദേവ് ആനന്ദിന്റെ ‘ഹരേ രാമ ഹരേ കൃഷ്‌ണ’യിൽ ‘‘ഫൂലോം കാ താരോം കാ...’’ എന്ന ഹിറ്റ് ഗാനം ഫീമെയിൽ വേർഷനിൽ ലതാ മങ്കേഷ്‌കറും മെയിൽ വേർഷനിൽ കിഷോർ കുമാറും പാടി. എന്നാൽ ഹിറ്റായത് കിഷോർ കുമാറിന്റേത്!

1979ലെ ‘മൻസിൽ’ എന്ന ചിത്രത്തിലെ ഒരു യഥാർഥ മഴക്കാലത്ത് അമിതാഭ് ബച്ചനും ജയാ ബച്ചനും കൂടി അഭിനയിച്ചു ഷൂട്ട് ചെയ്ത ഒരു ഗാനമുണ്ട്, ‘‘രിംഝിം ഗിരെ സാവൻ...’’ എന്ന് തുടങ്ങുന്നത്. ഇതേ ഗാനം മറ്റൊരു വേർഷൻ ലതാ മങ്കേഷ്‌കറുടേതുമായുണ്ട്. പക്ഷേ ഹിറ്റായത് കിഷോർ കുമാറിന്റേത് മാത്രം. എന്തിനധികം, ‘പ്യാർ കാ മൗസം’ എന്ന ചിത്രത്തിൽ ‘‘തും ബിൻ ജാവൂം കഹാം’’ എന്ന ഗാനം മുഹമ്മദ് റഫിയും കിഷോർ കുമാറും വെവ്വേറെ പാടിയിട്ടുണ്ട്. ശശി കപൂറിനു വേണ്ടിയായിരുന്നു മുഹമ്മദ് റഫി പാടിയത്; കിഷോർ കുമാർ പാടിയത് ഭാരത് ഭൂഷണു വേണ്ടി (കുറിപ്പിൽ ‘ഗുരുദത്തിന്’ എന്ന് നൽകിയത്). പക്ഷേ കിഷോർ കുമാറിന്റെ വേർഷനാണ് ഹിറ്റായത്.

അതേസമയം മുഹമ്മദ് റഫി തന്നെ ചില ഗാനങ്ങൾ തനിക്ക് പാടി ഫലിപ്പിക്കാൻ കഴിയാത്തത് കിഷോർ കുമാറിന് പാടാൻ വേണ്ടി തിരിച്ചുവിട്ടിട്ടുമുണ്ട്. ദുലാൽ ഗുഹ സംവിധാനം ചെയ്ത് 1974ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ദോസ്ത്’. ധർമേന്ദ്രയും ശത്രുഘ്നൻ സിൻഹയുമായിരുന്നു പ്രധാന നടന്മാർ. (ഈ ചിത്രം ‘പരിവർത്തനം’ എന്ന പേരിൽ 1976ൽ മലയാളത്തിൽ റീമേക്ക് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്). ഇതിന്റെ കമ്പോസർമാരായ ലക്ഷ്മികാന്ത്-പ്യാരേലാൽ (എൽ.പി.), ചിത്രത്തിലെ നാലു ഗാനങ്ങളും പാടാൻ തീരുമാനിച്ചത് റഫിയെക്കൊണ്ടും ലതാ മങ്കേഷ്‌കറെക്കൊണ്ടും ആയിരുന്നു. മൂന്നു ഗാനങ്ങളും റെക്കോഡ് ചെയ്തു കഴിഞ്ഞ് മുഹമ്മദ് റഫി, ‘‘ഗാഡി ബുലാ രഹീ ഹേ...’’ എന്ന സോളോയുടെ ട്യൂൺ കേട്ട മാത്രയിൽ തന്നെ എൽ.പിയോട് പറഞ്ഞു: ‘‘ഇത് കിഷോറിനെക്കൊണ്ട് പാടിക്കുന്നതാണ് നല്ലത്; നല്ലതെന്ന് മാത്രമല്ല കിഷോറിന് മാത്രമേ ഇത് പാടാൻ കഴിയൂ...’’ അൽപസമയത്തെ നിശ്ശബ്‌ദതക്കുശേഷം അവർ പറഞ്ഞു: ‘‘ശരി, കിഷോർദായോട് ചോദിച്ചു നോക്കാം.’’ കിഷോറിനെ സമീപിച്ചു ലക്ഷ്‌മികാന്ത്-പ്യാരേലാൽമാർ ഇത് പറഞ്ഞപ്പോൾ കിഷോർദാ അത്ഭുതപ്പെട്ടു. മൂന്നു വർഷം മുമ്പ് റഫി സാബിനെ ‘‘നഫ്രത് കി ദുനിയാ...’’ പാടാൻ അഡ്വൈസ് ചെയ്ത കാര്യം എൽ.പിമാരെ ഓർമിപ്പിച്ചു.

അങ്ങനെ അദ്ദേഹം പാടിയ ഗാനമാണ് ‘‘ഗാഡി ബുലാ രഹീ ഹേ സീറ്റീ ബജാ രഹീ ഹേ...’’. മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറും പാടിയ ഗാനങ്ങളേക്കാളും ‘ദോസ്‌തി’ൽ ഏറ്റവും കൂടുതൽ ഹിറ്റായത് കിഷോർ കുമാർ പാടിയ ഈ ഗാനമായിരുന്നു. ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരത്തിന് വേണ്ടി നോമിനേഷൻ ലഭിച്ചത് കിഷോർ കുമാറിന്റെ ഈ ഒരു ഗാനത്തിനും ‘രജ്നിഗന്ധ’യിലെ ‘‘കയി ബാർ യുഹീ ദേഖാ ഹേ...’’ എന്ന ഗാനത്തിനുമായിരുന്നു (കുറിപ്പിൽ ‘കോരാ കാഗസ്’ എന്ന് പരാമർശിച്ചിരിക്കുന്നു). പക്ഷേ രണ്ടിനും ലഭിക്കാതെ, ‘രശ്മി ബന്ധൻ’/‘രജ്നിഗന്ധ’ തരംഗങ്ങൾക്കിടയിൽ ‘കഭീ കഭീ’യിലെ ടൈറ്റിൽ ഗാനം പാടിയ മുകേഷിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഫിലിം ഫെയർ പുരസ്‌കാര നോമിനേഷൻപോലും തങ്ങളൊരു അഭിമാനമായാണ് ഹിന്ദി സിനിമ വേദിയിലെ പ്രശസ്‌തർ കരുതുന്നത്. മുഹമ്മദ് റഫി, ഗായകനും നടനുമായ കിഷോർ കുമാറിനു വേണ്ടി പത്തോളം ഗാനങ്ങൾ പാടിയിട്ടുണ്ട് എന്നത് വളരെ രസകരമായ ഒരു ചരിത്രമാണ്.

1956ലെ ‘ഭഗം ഭാഗ്’ എന്ന ചിത്രത്തിലെ ആറു ഗാനങ്ങളിൽ കിഷോർ കുമാറിനു വേണ്ടി പിന്നണി പറഞ്ഞിട്ടുള്ള നാലു ഗാനങ്ങളും മുഹമ്മദ് റഫിയാണ് പാടിയത്. അന്ന് പിന്നണിഗാനരംഗത്തും അഭിനയത്തിലും രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കുകയായിരുന്നു കിഷോർ കുമാർ. 1958ലെ ‘രാഗിണി’ എന്ന ചിത്രത്തിൽ കിഷോർ കുമാറും പത്മിനിയും ചേർന്ന് അഭിനയിച്ച രംഗങ്ങളിലെ ഒരു ഗാനം ഒഴിച്ച് ബാക്കിയെല്ലാം സ്വയം കിഷോർ കുമാർ ആയിരുന്നു പാടിയത്. ‘‘മൻ മോരാ ബാവ്രാ...’’ എന്ന ഠുമ്രി തനിക്ക് പാടാൻ കഴിയില്ലെന്നും, ആ ഗാനം മുഹമ്മദ് റഫിക്ക് മാത്രമേ പാടാൻ കഴിയുകയുള്ളൂ എന്നും കമ്പോസർ ഒ.പി. നയ്യാരോട് കിഷോർ കുമാർ അഭ്യർഥിച്ചു. കാരണം അത് ‘‘മധുബൻ മേം രാധികാ നാചേ റേ...’’ ടൈപ് ഠുമ്രിയായിരുന്നു.

അങ്ങനെ ആ ചിത്രത്തിലും കിഷോർ കുമാറിനു വേണ്ടി റഫി ഒരു പാട്ടു പാടി. 1959ൽ റിലീസ് ചെയ്‌ത ‘ശരാരത്ത്’ എന്ന ചിത്രത്തിൽ കിഷോർ കുമാറിനുവേണ്ടി കിഷോർ കുമാറിന്റെ നിർബന്ധത്താൽ തന്നെ മുഹമ്മദ് റഫിയെക്കൊണ്ട് ഒരു സോളോ പാടിപ്പിച്ചിട്ടുണ്ട്. ‘‘അജബ് ഹേ ദാസ്താൻ തേരി യേ സിന്ദഗി’’ എന്ന് തുടങ്ങുന്ന ഗാനം. വളരെ സെന്റിമെന്റലായി പാടേണ്ട ഈ ഗാനം, കമ്പോസർമാരായ ശങ്കർ-ജയ്കിഷന്മാരെ നിർബന്ധിച്ച് സ്വാധീനം ചെലുത്തിക്കൊണ്ടാണ് കിഷോർ കുമാർ റഫിയെക്കൊണ്ട് പാടിപ്പിച്ചത്.

സംഗീതപ്രേമികൾക്ക് ഒരു ഗായകൻ എന്ന നിലയിൽ കിഷോർ കുമാറിനോട് സഹതാപം തോന്നിയ ഒരു ഗാനമാണ് ‘കുദ്റത്’ (KUDRAT) എന്ന ചിത്രത്തിലെ രാജേഷ് ഖന്നക്കുവേണ്ടി പാടിയ ‘‘ഹമേം തുംസേ പ്യാർ കിത്നാ...’’ എന്ന ഗാനം. ‘‘മേരാ ജീവൻ കോരാ കാഗസ്...’’, ‘‘മേരേ നയ്‌നാ...’’ പോലെതന്നെ വളരെ ഹൃദയത്തിന്റെ ഉൾത്തട്ടിൽ നിന്നും ആത്മാർഥമായി പാടിയ ഒരു ഗാനമാണ് ഇതും. പക്ഷേ ഇതിന്റെ ഫീമെയിൽ വേർഷനായ പർവീൺ സുൽത്താന പാടിയ ഗാനത്തിനാണ് അന്ന് ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത്. ഏതൊരാളും പ്രതീക്ഷിച്ചത് കിഷോർ കുമാറിന് തന്നെയായിരിക്കും പുരസ്‌കാരം എന്നായിരുന്നു. കാരണം ‘കുദ്റത്തി’ലെ ഈ രണ്ടു ഗാനങ്ങളും മത്സരത്തിന് അയച്ചിരുന്നു.

കരീംലാല പി.കെ, കൈപ്പമംഗലം

സഹജീവി സ്നേഹമില്ലാത്ത മാധ്യമങ്ങൾ

‘മീഡിയാസ്കാനി’ൽ യാസീൻ അശ്റഫ് എഴുതിയ ‘പച്ചക്കുതിരക്ക് ഒരു സ്ട്രെസൻഡ് ബോണസ്’ എന്ന കുറിപ്പ് (ലക്കം 1477) വായിച്ചു. കേരളത്തിലെ പത്രമാധ്യമങ്ങൾക്ക് സഹജീവികളായ മറ്റു മാധ്യമങ്ങളോട് ഒരുവിധ സ്നേഹമോ പരിഗണനയോ കരുതലോ ഇല്ലെന്നതിന്റെ ഒരു തെളിവാണ് ‘പച്ചക്കുതിര’ മാസികയുടെ പേര് ഒഴിവാക്കിയുള്ള ഈ രീതിയിലുള്ള എഴുത്ത്. ഈ ശീലക്കേട് മാധ്യമങ്ങൾ പലപ്പോഴും ആവർത്തിക്കാറുണ്ട്. ഈ തെറ്റായ മാധ്യമശൈലി ഒഴിവാക്കാൻ മാധ്യമങ്ങൾ തയാറാകേണ്ടതുണ്ട്. കൂട്ടത്തിൽ പറയട്ടെ, പ്രമുഖ വ്യക്തികളുടെ ചരമവാർത്തയിൽ ‘ഒരു സ്വകാര്യ ആശുപത്രിയിൽ ​െവച്ചായിരുന്നു അന്ത്യം’ എന്ന് റിപ്പോർട്ട് ചെയ്യുന്നതാണ് പതിവുരീതി.

കേരളത്തിൽ സ്വന്തമായി പേരില്ലാത്ത സ്വകാര്യ ആശുപത്രി ഉള്ളതായി കേട്ടിട്ടില്ല. പിന്നെയെന്തിനാണ് മരണം നടന്ന സ്വകാര്യ ആശുപത്രിയുടെ പേര് മാധ്യമങ്ങൾ സ്വകാര്യമാക്കി വെക്കുന്നത്. മരിച്ചയാളുടെ ഇതിനേക്കാൾ അപ്രധാനമായ പല വിവരങ്ങളും വളരെ വിശദമായിതന്നെ ചരമവാർത്തകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. സ്വകാര്യ ആശുപത്രികളോടുള്ള ഭയം പത്രമാധ്യമങ്ങൾക്ക് ഒഴിവാക്കി കിട്ടാൻ ഫലപ്രദമായ ചികിത്സ അനിവാര്യമാണ്.

ടി.ഐ. ലാലു, പഴമുക്ക് തൃശൂർ

Show More expand_more
News Summary - letters