എഴുത്തുകുത്ത്

അജ്ഞതയെ കവി ചോദ്യം ചെയ്യുന്നു
ഒഴുകുപാറ സത്യന്റെ ‘കുളി’ എന്ന കവിത (ലക്കം 1480) പ്രകൃതി വർണനയോ ചിലരുടെ കുളിയുടെയോ കേളിയുടെയോ അനുഭവമോ ആയി കണ്ടുകൊണ്ട് വായന അവസാനിപ്പിക്കേണ്ട ഒന്നായി തോന്നിയില്ല. സമൂഹത്തിൽ കാണുന്ന മൂല്യച്യുതിയുടെ സിംബലുകളെ ഇഴചേർക്കുന്ന ഒരു പാരിസ്ഥിതിക-രാഷ്ട്രീയ-ദാർശനിക രചനയായി ഈ കവിതയെ അടയാളപ്പെടുത്താം.
ആധുനികാനന്തര കവിത വലിയ ആഖ്യാനങ്ങളെ (Grand Narratives) തിരസ്കരിക്കുകയും, സൂക്ഷ്മമായ അനുഭവങ്ങളെയും അതിലെ വൈരുധ്യങ്ങളെയും, ഭാവാത്മകമായും രൂപഭദ്രമായും അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. മലയാളത്തിൽ സച്ചിദാനന്ദൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, ആധുനികാനന്തര കവിത ജീവിതത്തിന്റെ ചിതറിക്കിടക്കുന്ന ഭാഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കാതെ, ആ ചിതറിക്കിടപ്പിനെ തന്നെ ഒരു അനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ്. ‘കുളി’ എന്ന കവിതയിൽ ഈ സവിശേഷത നമുക്ക് കാണാം.
ഒഴുകുന്ന തോട് എന്നത് കാലത്തിന്റെ പ്രതീകമാണ്. തുടക്കവും ഒടുക്കവും അറിയാത്ത, ഒഴുക്ക് മാത്രമുള്ള ഒരു അസ്തിത്വം. നാം കുളിക്കുന്നത് ദേഹശുദ്ധി വരുത്താനാണല്ലോ. കവി കാണുന്ന ‘കുളി’ എന്നത് ശുദ്ധീകരണമല്ല, അത് അശുദ്ധിയിലേക്കുള്ള മനുഷ്യരുടെ (വളർത്തു മൃഗങ്ങളുടെയും) യാത്രയാണ്. മനുഷ്യൻ നന്മയെയും ശുദ്ധിയെയും തേടുമ്പോൾ, അതേ പ്രവൃത്തിയിലൂടെ അവൻ ഈ പ്രകൃതിയെ മലിനമാക്കുകയാണ്. ഇത് ജീവിതത്തിന്റെ അടിസ്ഥാനപരമായ വൈരുധ്യത്തെ (Paradox) തന്നെയാണ് ചോദ്യംചെയ്യുന്നത്.
കവിതയിലെ ‘ഞാൻ’ എന്നത് വെറുമൊരു നിരീക്ഷകനോ പ്രേക്ഷകനോ അല്ല. അവൻ സമൂഹത്തിന്റെതന്നെ ഭാഗമാണ്. അതേസമയം, അവൻ സമൂഹത്തിൽനിന്ന് അകന്നു നിൽക്കുന്നവനുമാണ്. വെള്ളത്തിലെ മാലിന്യങ്ങളെയും മനുഷ്യരുടെ അഴുക്കിനെയും പൂരക വൈരുധ്യങ്ങളായി അവതരിപ്പിക്കുന്ന ‘കുളി’യിൽ, കവി സ്വന്തം ഉണ്മയെ പ്രകൃതിയുമായി ചേർത്തുവെക്കാനൊരു ശ്രമം നടത്തുന്നുണ്ട്. ഇവിടെ ആത്മാംശത്തിന്‍റെ തിരച്ചിലിനൊടുവിൽ കവി ചെന്നെത്തുന്നത് സങ്കടകരവും അതിലേറെ ബീഭത്സവവുമായ ഒരു തിരിച്ചറിവിലേക്കാണ്. തോടിന്റെ തുടക്കവും അവസാനവും അറിയാത്ത മനുഷ്യൻ, തനിക്ക് ആവശ്യമുള്ളതെടുത്ത് അഴുക്ക് മാത്രം ബാക്കിയാക്കി കടന്നുപോകുന്നതിൽ നൈതികതയുടെ ഒരു പരിസ്ഥിതി രാഷ്ട്രീയമുണ്ട്.
അഴുക്കായ തുണികൾ അലക്കുന്നതും മൂത്രമൊഴിക്കുന്നതും, തുടർന്ന് ‘‘ഈ കടവിൽ കുളിച്ചു വെള്ളം അശുദ്ധമാക്കരുത്’’ എന്ന് ബോർഡ് വെക്കുന്നതും നമ്മുടെ കപട സദാചാരത്തിന്റെയും, സാംസ്കാരിക-രാഷ്ട്രീയ ബോധമുണ്ടെന്ന നടിപ്പിന്‍റെയും നേർക്കുള്ള കാർക്കിച്ചു തുപ്പലാണ്. പക്ഷേ, കവിയാണെങ്കിലോ മാലിന്യം പേറുന്നുണ്ടെങ്കിലും ശാന്തമായി ഒഴുകുന്ന തോടിനെപ്പോലെയാണ്. രൗദ്രമല്ല, ശാന്തവും കരുണവുമാണ് രസങ്ങൾ. നിയമങ്ങൾ ഉണ്ടാക്കുന്നവരും അത് ലംഘിക്കുന്നവരും ഒരേ വിഭാഗം തന്നെയാകുമ്പോൾ സാമൂഹിക പ്രതിബദ്ധതയുടെ താളനിബദ്ധത അവതാളത്തിലാവുകയാണ്.
അധികാരത്തിന്റെ ഭാഷയല്ല, അനുഭവത്തിന്റെ ഭാഷയാണ് കവിത എന്ന് സച്ചിദാനന്ദൻ പറയുന്നു. ഈ കവിതയിൽ ബോർഡ് വെക്കുന്ന അധികാരത്തെയും അതിനെ ലംഘിക്കുന്ന സാധാരണക്കാരന്റെ അനുഭവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഫിലോസഫിക്കൽ ഐറണിയുടെ സൗന്ദര്യം സൃഷ്‌ടിക്കുന്നു.
‘അഴുക്ക്’, ‘തുണി അലക്കൽ’ തുടങ്ങിയ ബിംബങ്ങളെ വർഗപരമായി പരിശോധിച്ചാൽ ഇവിടെ ഒരേസമയം വ്യക്തിപരമായ അനുഭവവും സാമൂഹികമായ വിമർശനവും പ്രകൃതിയെക്കുറിച്ചുള്ള ആശങ്കയും ചേർന്ന ഒരു സമഗ്രമായ ആധുനികാനന്തര സൃഷ്ടിയായി കവിത പരിണമിക്കുന്നതു കാണാം.
നിയമങ്ങൾ ഉണ്ടാക്കുന്നതും അത് ആദ്യം ലംഘിക്കുന്നതും ഒരേ വിഭാഗമാണെന്നിരിക്കെ ഈ നിയമങ്ങൾക്ക് എന്ത് വിശ്വാസ്യതയാണുള്ളത് എന്ന ആശങ്കകൂടി കവി തൊടുത്തുവിടുന്നുണ്ട്. തോടിന്റെ തുടക്കവും ഒടുക്കവും അറിയാതെ, തനിക്ക് വേണ്ടത് മാത്രം എടുത്ത് ബാക്കിയെല്ലാം മാലിന്യത്തിൽ തള്ളുന്ന മനുഷ്യന്റെ പ്രവൃത്തിയെ കവിത വിമർശിക്കുന്നു. ഇവിടെ പ്രകൃതിയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ആധുനിക മനുഷ്യന്റെ രാഷ്ട്രീയത്തെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.
യഥാർഥത്തിൽ ആ ബോർഡ് ഒരു പ്രതീകമാണ്. അധികാരം പലപ്പോഴും കടലാസിലോ ബോർഡിലോ മാത്രം ഒതുങ്ങിനിൽക്കുകയും, പ്രായോഗികതലത്തിൽ അരാജകത്വം തുടരുകയും ചെയ്യുന്നു എന്ന രാഷ്ട്രീയ യാഥാർഥ്യത്തെ ഇത് വെളിപ്പെടുത്തുന്നു. നാം നമ്മളോട് തന്നെ ചെയ്യുന്ന വഞ്ചനയെ, നിയമങ്ങളുടെയും ബോർഡുകളുടെയും മറവിൽ എങ്ങനെയാണ് ന്യായീകരിക്കുന്നത് എന്നതാണ് ഈ കവിതയിലെ കാതലായ രാഷ്ട്രീയ ചോദ്യം.
ബെർണാഡ് മൊറൈസ്, തിരുവനന്തപുരം
അവർണനീയമായ പ്രണയം
ആഴ്ചപ്പതിപ്പിൽ തുടരുന്ന കെ.എം. സലിംകുമാറിന്റെ ആത്മകഥയിൽ പ്രണയസൂര്യനായിരുന്ന ആനന്ദവല്ലിയുടെ അന്ത്യദിനങ്ങളെക്കുറിച്ച് എഴുതിയത് (ലക്കം 1480) ഏറെ ഹൃദയസ്പർശിയായി. ആശുപത്രിയിൽ കിടക്കുന്ന രോഗികളെ സന്ദർശിച്ച് പാപമുക്തിയും നിത്യജീവനും വാഗ്ദാനം ചെയ്ത്, അവരുടെ ദുർബല മാനസികാവസ്ഥയെ ചൂഷണംചെയ്ത് ജീവിക്കുന്ന ക്രൈസ്തവ വിഭാഗമായ പെന്തക്കോസ്ത് വിശ്വാസികൾ അന്തിക്രിസ്തുവിന്റെ അനുയായികളാണ്. കാരണം, രോഗം പാപത്തിന്റെ പരിണതഫലമാണെന്ന് യേശുക്രിസ്തു പ്രസ്താവിച്ചതായി അറിവില്ല. വിശുദ്ധ ബൈബിളിൽ യോഹന്നാന്റെ സുവിശേഷം 9ാം അധ്യായത്തിൽ 1 മുതൽ 41 വരെയുള്ള തിരുവചനഭാഗം വായിച്ചാൽ അജ്ഞരായ പെന്തക്കോസ്തുകാർക്കും ഇതര സഭാവിഭാഗക്കാർക്കും മേൽപ്പറഞ്ഞ തെറ്റിദ്ധാരണ തിരുത്താൻ കഴിയും.
രക്തബന്ധങ്ങളെക്കാൾ സഹായകമായി വർത്തിച്ച സാഹോദര്യ ബന്ധങ്ങളുടെ മഹത്വം തിരിച്ചറിയുവാൻ ആനന്ദവല്ലിയുടെ രോഗാവസ്ഥ തുണയായി എന്ന് അദ്ദേഹം എഴുതിയിരിക്കുന്നത് വർത്തമാനകാലത്ത് എല്ലാവർക്കും ഒരു പാഠമാണ്. രോഗാവസ്ഥ യഥാർഥ സ്നേഹിതരെ തിരിച്ചറിയാനുള്ള ഒരു കാലഘട്ടമാണെന്ന് അനുഭവത്തിലൂടെ സലിംകുമാർ പറയുന്നു.
ദൈവവിശ്വാസികൾ അല്ലാതിരുന്നിട്ടും, വിശ്വാസിക്ക് പ്രാർഥനാ സൗകര്യം ഒരുക്കിയ സലിമിന്റെ വലിയ മനസ്സാണ് ഈശ്വരന്റെ ഇരിപ്പിടം. ആചാരങ്ങൾക്ക് വഴങ്ങാത്ത ജീവിതപങ്കാളിയുടെ ആഗ്രഹാഭിലാഷങ്ങൾക്ക് അനുസൃതമായി, ഭാര്യയെ ഇഹലോകത്തിൽനിന്നും യാത്രയാക്കിയ സലിംകുമാർ, ഭാര്യയോടുള്ള ഒടുങ്ങാത്ത പ്രണയമാണ് കാഴ്ചവെച്ചത്. മന്ത്രവാദിയും മന്ത്രങ്ങളും ഇല്ലാതെ പരമ്പരാഗത കീഴ്വഴക്കങ്ങൾ ലംഘിച്ച് നടത്തിയ ശവസംസ്കാരം, സംസ്കാരശൂന്യരായവർക്ക് ദിശാബോധം നൽകാൻ പര്യാപ്തമായി. വറ്റാത്ത മിഴിനീരും വിങ്ങുന്ന ഹൃദയവുമായി താൻ ഏകനായി എന്ന സങ്കടാവസ്ഥയിൽ ജീവിതം തള്ളിനീക്കുന്ന സലിംകുമാറിന്റെ പാതിയോടുള്ള പ്രണയം അവർണനീയമാണ്.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
മാധ്യമ സംവാദം അവസരോചിതമായി
‘ഇങ്ങനെ മതിയോ മലയാളത്തിലെ മാധ്യമപ്രവർത്തനം’ (ലക്കം 1479) എന്ന സംവാദം വളരെ അവസരോചിതമായി. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട്, വിശിഷ്ട വ്യക്തിത്വങ്ങളായ സി.എൽ. തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.ആർ. ഗോപീകൃഷ്ണൻ, ഡോ. എസ്.ആർ. സഞ്ജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അവതരിപ്പിച്ച വീക്ഷണങ്ങൾ ഏറെ ഗൗരവമുള്ളതുതന്നെയാണ്. എന്നിട്ടും നമ്മുടെ മാധ്യമപ്രവർത്തകർ എന്തോ ഇങ്ങനെ ബാലിശവും വിലകുറഞ്ഞതുമായ വാർത്തകളും തെറ്റിദ്ധരിക്കപ്പെടുന്ന പ്രസ്താവനകളും വസ്തുതകളുടെ വളച്ചൊടിക്കലുകളും നടത്തുന്നു എന്നതാണ് വിഷയം.
വിടപറഞ്ഞ മാധ്യമ പ്രവർത്തകൻ എൻ.ആർ.എസ്. ബാബുവിനെക്കുറിച്ച് ബൈജു ചന്ദ്രൻ നടത്തിയ ഒാർമകളും ‘സ്നേഹത്തിന്‍റെ തടവുമുറി’ എന്ന തലക്കെട്ടിൽ പി. സുജാതൻ എഴുതിയ കുറിപ്പും പ്രസ്തുത ലക്കത്തിൽതന്നെ പ്രത്യക്ഷപ്പെട്ടത് സംവാദ ചർച്ചക്ക് മുതൽക്കൂട്ടായി. ഇതുപോലെ ഒരാൾ സ്ഥലരാശിയിൽ ഇനി എന്ന്? എന്നെഴുതിക്കൊണ്ടാണ് പി. സുജാതൻ എഴുത്ത് അവസാനിപ്പിക്കുന്നത്. വർത്തമാനകാല സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ വളരെ സാർഥകമായി ഇടപെടേണ്ട ജനാധിപത്യത്തിന്‍റെ പഞ്ചസ്തൂപങ്ങളിൽ ഒന്നായ മാധ്യമങ്ങൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ നടത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുമ്പോൾ എൻ.ആർ.എസ്. ബാബുവിനെ പോലെയുള്ള അസാധാരണ ധൈഷണികതയുള്ള വ്യക്തിത്വങ്ങളെ സ്മരിച്ചത് അങ്ങേയറ്റം ഉചിതമായി. ആഴ്ചപ്പതിപ്പിന്‍റെ താളുകൾ അതിനായി മാറ്റിവെച്ചത് വായനക്കാർക്ക് നല്ല അനുഭവവുമായി.
‘കാട്ടുകള്ളൻമാർ’ എന്ന വിവാദ ഗ്രന്ഥത്തിന്‍റെ പിറവിക്ക് ഇടയായ സാഹചര്യം പഠിക്കാൻ എം.എസ്. മണിയെന്ന വിഖ്യാത എഡിറ്റർ തന്‍റെ അച്ഛനും മുഖ്യ പത്രാധിപരുമായിരുന്ന കെ. സുകുമാരനോട് പണം ആവശ്യപ്പെട്ടതും എസ്. ജയചന്ദ്രൻ നായരും എൻ.ആർ.എസ്. ബാബുവും ഇറങ്ങിത്തിരിച്ച് വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരുന്നതുമായ അനുഭവം ത്രസിപ്പിക്കുന്നതായിരുന്നു. മലയാള ജേണലിസത്തിലെ അനന്യമായ അന്വേഷണാത്മകമായ ‘കാട്ടുകള്ളൻമാർ’ എന്ന ഗ്രന്ഥം സാമൂഹിക-സാംസ്കാരിക രംഗത്തും വരുത്തിയ മാറ്റങ്ങളും പി. സുജാതൻ ഒാർമയിലൂടെ പങ്കുവെക്കുന്നു. ലേഖകനും ആഴ്ചപ്പതിപ്പിനും നന്ദി.
റഷീദ് പാലേരി, പയ്യോളി
വാർധക്യം പ്രവർത്തനങ്ങളുടെ അവസാനഘട്ടമല്ല
‘തുടക്കം’ പംക്തിയിലെ ‘വയോജനം’ എന്ന ലേഖനം (ലക്കം 1477) വായിച്ചു. പ്രായം കൂടിയവരെ ആശ്രിതരായും സമൂഹത്തിന് ഒരു ഭാരമായും കാണുന്ന പ്രവണത ഇന്നും നിലനിൽക്കുന്നുണ്ട്. പക്ഷേ, പഴയകാലത്ത് വയോജനങ്ങൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ ഇന്നത്തെ സാഹചര്യത്തിൽ അതേരീതിയിൽ തുടരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ആരോഗ്യരംഗത്തെ പുരോഗതി, ജീവിത നിലവാരത്തിലെ മാറ്റങ്ങൾ, വിദ്യാഭ്യാസത്തിന്റെ വ്യാപനം എന്നിവ കാരണം അറുപതും എഴുപതും കഴിഞ്ഞവർക്കുപോലും ഊർജസ്വലരായി നിൽക്കാൻ സാധിക്കുന്നു.
വാർധക്യം എന്നത് പ്രവർത്തനങ്ങളുടെ അവസാനഘട്ടമല്ല. മറിച്ച് ജീവിതാനുഭവങ്ങളും അറിവും സമൂഹത്തിന് പകർന്നുനൽകാൻ കഴിയുന്ന ഒരു കാലമാണ്. ഒരു വ്യക്തി വർഷങ്ങളിലൂടെ നേടിയെടുത്ത പരിചയവും പ്രായോഗിക ജ്ഞാനവും പല മേഖലകളിലും വിലപ്പെട്ടതാണ്. യുവതലമുറക്ക് മാർഗനിർദേശം നൽകാനും പരിശീലനം നൽകാനും ഉപദേശക വേഷം കൈകാര്യം ചെയ്യാനും വയോജനങ്ങൾക്ക് കഴിയും. ഇന്ന് ജോലിചെയ്യാനുള്ള സന്നദ്ധതയും ആരോഗ്യവുമുള്ള വയോജനങ്ങൾക്ക് നിരവധി തൊഴിൽ സാധ്യതകളുണ്ട്.
വയോജനങ്ങളുടെ കഴിവുകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് സമൂഹത്തിന് ആവശ്യം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ അവരുടെ പങ്ക് അവസാനിച്ചിട്ടില്ല. അതേസമയം, എല്ലാ വയോജനങ്ങളും ഒരേ സാഹചര്യത്തിലല്ല എന്നതും അംഗീകരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും ഏകാന്തതയും അനുഭവിക്കുന്നവരും സമൂഹത്തിലുണ്ട്. അതുകൊണ്ട് അവരെ സ്വയംപര്യാപ്തരാക്കാനുള്ള അവസരങ്ങളും ആവശ്യമായ പിന്തുണയും നൽകേണ്ടത് അനിവാര്യമാണ്.
‘വയോജനം’ എന്ന ലേഖനം വാർധക്യത്തെ ഒരു പ്രശ്നമായി മാത്രമാണ് കാണുന്നത്. അതിനൊപ്പം ഇന്നത്തെ വയോജനങ്ങൾ പലരും പഴയകാലത്തെപ്പോലെ നിസ്സഹായരല്ല എന്ന യാഥാർഥ്യവും ഓർമിപ്പിക്കേണ്ടതുണ്ട്. പ്രായം ഒരു സംഖ്യ മാത്രമാണ്; കഴിവും ആത്മവിശ്വാസവും പ്രവർത്തിക്കാനുള്ള മനസ്സുമാണ് ഒരാളുടെ യഥാർഥ ശക്തി. അനുഭവസമ്പത്തുള്ള വയോജനങ്ങളെ സമൂഹത്തിന്റെ സജീവശക്തിയായി കാണുന്ന ഒരു പുതിയ കാഴ്ചപ്പാട് വളരേണ്ട സമയമാണിത്.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
കളിസാക്ഷരത നേടിയെടുക്കണം
‘മീഡിയാസ്കാനി’ൽ യാസീൻ അശ്‌റഫ് എഴുതിയ ‘കളിയെഴുത്തിലെ യുദ്ധഭാഷ’ (ലക്കം 1481) വായിച്ചു. റഷ്യയും യുക്രെയ്നും തമ്മിലും അമേരിക്കയും ഇറാനും തമ്മിലും യുദ്ധം തുടരുകയാണല്ലോ. ആ യുദ്ധോന്മാദം മലയാള മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പിടിമുറുക്കി എന്നാണ് കളിയെഴുത്തിലെ യുദ്ധഭാഷ കാണുമ്പോൾ തോന്നുന്നത്. എല്ലാത്തരം കടുത്ത മത്സരബുദ്ധികളും അവസാനം അക്രമത്തിന്റെ പാതയിലേക്കാണ് എത്തിച്ചേരുകയെന്ന് പറയാറുണ്ടല്ലോ. അത് സത്യമാണെന്ന് നടപ്പു ലോകകപ്പ് ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട നമ്മുടെ മാധ്യമങ്ങളുടെ യുദ്ധഭാഷ എന്ന ശീലക്കേട് തെളിയിക്കുന്നു. കളിയെ കളിയായി മാത്രം കണക്കാക്കുന്ന ഒരു കളി സാക്ഷരത മാധ്യമങ്ങളും കാണികളും കായികപ്രേമികളും മനഃപൂർവം നേടിയെടുക്കേണ്ടതുണ്ട്.
ടി.ഐ. ലാലു, പഴമുക്ക് തൃശൂർ
രാഷ്ട്രീയ തടവുകാരന്‍റെ പ്രതിരോധ പാഠം
അതതു ദിവസങ്ങൾക്ക് ഉപരിപ്ലവ വ്യാഖ്യാനങ്ങൾ നൽകി പൊലിപ്പിച്ചെടുക്കുന്നതിനപ്പുറം രാഷ്ട്രീയ-സാമൂഹിക ഉത്തരവാദിത്തങ്ങളില്ലാത്ത സമൂഹത്തോട് ‘പിൽക്കാലത്ത് ഒരു പെൺകുട്ടിയെഴുതിയ വ്ലോഗ്’ (ലക്കം 1481) എന്ന കവിതയിലൂടെ എം.ബി. മനോജ് നടത്തുന്ന സംവാദം, ജാമ്യത്തിലിറങ്ങിയ രൂപേഷിന്‍റെ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകൾ’ എന്ന നോവൽ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിൽ വായനക്കാർക്ക് വിപുലമായ അർഥതലങ്ങളോടൊപ്പം സ്വയംവിമർശനത്തിനുള്ള അവസരംകൂടിയാണ്.
രാഷ്ട്രീയ തടവുകാർക്ക് ബ്രിട്ടീഷിന്ത്യയിൽ ലഭിച്ചിരുന്ന പരിഗണനപോലും ഫാഷിസ്റ്റ് ഇന്ത്യയിൽ ലഭിക്കുന്നില്ല എന്നത് പൊതുബോധത്തിലടക്കം രൂപപ്പെട്ടുവന്നിട്ടുള്ള അവരോടുള്ള മനോഭാവം പ്രതിഫലിപ്പിക്കുന്നതാണ്; ‘‘ജയിലിൽനിന്നിറങ്ങിവന്ന അവനെ സമരക്കാരനായോ കർഷകനായോ ആരും കണ്ടില്ല...’’, ‘‘ഭയം എന്നെ അവനിൽനിന്നും മാറ്റി’’ തുടങ്ങിയ വരികൾ. ഭരണകൂടം ഇത്തരക്കാർക്കുനേരെ ഭയം ഉൽപാദിപ്പിക്കുന്നവിധവും വായനയിലേക്ക് കവിത തിളപ്പിച്ചൂറ്റിയൊഴിച്ചിട്ടുണ്ട്. ഒരൊറ്റയാൻ പോരാളിയുടെ ജീവിതം വരച്ചിടുമ്പോൾ ഏകാന്തതയുടെ കേവലാനുഭവമല്ല മനോജ് മാഷ് തന്നെ സംഭാവന ചെയ്ത ആ വാക്ക് കടമെടുത്തുപറഞ്ഞാൽ ‘‘കൂട്ടാന്ധത’’യുടെ പ്രതിരോധപാഠമായ് കവിത മനസ്സിന്‍റെ കൂട് തുറന്നിടുന്നു.
സമീർ കാവാഡ്, മുട്ടിൽ