എഴുത്തുകുത്ത്

അബോധമെന്ന കവി
‘അബോധത്തിന്റെ ആഴങ്ങൾ’ എന്ന തലക്കെട്ടിൽ ബാബു സക്കറിയ എഴുതിയ നിരീക്ഷണചിന്തകൾ (ലക്കം 1478) ഏറെ വിസ്മയകരവും കവിതയുടെ സാഹിത്യാഖ്യാനാത്മകതയെ തീർത്തും വൈചിത്ര സമ്പൂർണമായി സന്നിവേശിപ്പിക്കുന്നതുമായി അനുഭവപ്പെട്ടു. കവിതയുടെ രചനാത്മക ഘടകങ്ങളിൽ ഏറെ പ്രാധാന്യമുള്ള അബോധത്തിന്റെ ഇടപെടലുകളെ സുന്ദരമായ ഒരു വക്രഭാഷയിലൂടെയാണ് സക്കറിയ ആവിഷ്കരിച്ചെടുക്കുന്നത്.
പ്രാരംഭത്തിൽ ഭാഷയെയും അതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന വൈവിധ്യമാർന്ന വീക്ഷണകോണുകളെ എഴുത്തുകാരൻ മനോഹരമായി പ്രതിപാദിക്കുന്നുണ്ട്. ‘ഭാഷ ജീവിതവുമായി ഗാഢവും പൂർണമായി ബന്ധിതമായിരിക്കുന്നു’, ‘സുവ്യക്തമായ ആശയസംവേദനശേഷിയോടെ ആദിമ പദങ്ങൾ ഉരുത്തിരിഞ്ഞതിനു പിന്നിൽ ഊർജമായിരുന്നത് ആവിഷ്കാരത്തിനായുള്ള എന്തപാരമായ ദാഹവും വ്യഥയും ആയിരിക്കണം’ എന്നീ ചിന്തകളെല്ലാം ഏറെ ഹൃദ്യവും കൗതുകകരവുമായി തോന്നി.
അബോധത്തിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞ അനേകം കവികളെയും എഴുത്തുകാരൻ എണ്ണിപ്പറയുന്നുണ്ട്. അബോധത്തിന്റെ വിനിമയസാധ്യതകളെ സമകാലിക ലോകത്തിന്റെ ആത്മസംഘർഷങ്ങളോടും മറ്റും കെട്ടുപിണച്ച് കവിത രൂപവത്കരിക്കുന്നതിൽ ഈ കവികളെല്ലാം വിജയിച്ചിട്ടുണ്ടെന്നത് സുവ്യക്തമാണ്.
ബാബു സക്കറിയ വലിയ എഴുത്തുകാരനും കവിയും ഒക്കെയാണെങ്കിലും ലേഖനത്തിലെ ചില പ്രയോഗങ്ങളും ആഖ്യാനങ്ങളും അലോസരപ്പെടുത്തുന്നതായി എനിക്ക് തോന്നി. ചില അനായാസവും മനസ്സിലാക്കാനാവുന്നതുമായ വാക്കുകൾക്ക് ആവരണ ചിഹ്നത്തിനുള്ളിൽ അതിന്റെ ഇംഗ്ലീഷ് പദവും കൂട്ടിച്ചേർക്കുന്നത് വിരസമായി അനുഭവപ്പെടുന്നുണ്ട്. കാരണം, പദാർഥത്തിന്റെ സ്വത്വത്തെ മനസ്സിലാക്കി തരിക എന്നുള്ള ഉദ്ദേശ്യത്തിലാണ് ഇംഗ്ലീഷ് പദം കൂട്ടിച്ചേർത്തതെങ്കിൽ അത് അനാവശ്യവും നിരർഥകവുമാണ്. ഉദാഹരണത്തിന്, പ്രതിസന്ധി (crisis), ഉത്തരവാദിത്വം (responsibility) ഇവിടെയെല്ലാം മലയാളവാക്കുകളെ ആർക്കും അതിന്റെ ആശയത്തെയും കൃത്യമായ അർഥത്തെയും തിരിച്ചറിയാനാവും. ഒരുപക്ഷേ, എഴുത്തുകാരന് ഇംഗ്ലീഷ് ഭാഷയിലും പാടവം ഉണ്ടെന്ന് വ്യക്തമാക്കാൻ ഉപയോഗിച്ചതാണെന്നു വായനക്കാരൻ ചിന്തിച്ചേക്കാം. ആ ഒരർഥത്തിൽ വിഷയം ഗൗനിക്കേണ്ടതുമാണ്.
ലേഖനത്തിന്‍റെ അവസാനത്തിൽ, ‘അബോധം എന്നത് അടഞ്ഞ ഒരു ലോകമല്ല, പ്രതിഭാവിലാസവുമായി സക്രിയമായി ഇടപെട്ടുകൊണ്ടേയിരിക്കുന്ന മഹാപ്രഭാവമാണ്’ എന്നും എഴുത്തുകാരൻ കൂട്ടിച്ചേർക്കുമ്പോൾ അബോധമെന്ന അപൂർണതയെ പരിപൂർണമാക്കുകയാണ്.
ചുരുക്കത്തിൽ, കവിതയിലെ അനന്ത വൈചിത്ര്യങ്ങളുടെ മഹാകലവറതന്നെയാണ് അബോധം എന്നത്. അബോധത്തിന്റെ ആഴങ്ങളെ തൊട്ടറിയാൻ ഏറെ അനുയോജ്യമായ ഒരു കൃതികൂടിയാണിത്. ഇത്തരത്തിലുള്ള സാഹിത്യാനുബന്ധ കൃതികളെ പ്രോത്സാഹിപ്പിക്കുന്ന ആഴ്ചപ്പതിപ്പിന്റെ അണിയറ ശിൽപികൾ അനുമോദനം അർഹിക്കുന്നു.
അമീൻ സ്വാദിഖ് കിടങ്ങയം
‘അബോധത്തിന്റെ ആഴങ്ങൾ’ക്ക് ഒരു മറുകുറി
ബാബു സക്കറിയ എഴുതിയ ‘അബോധത്തിന്റെ ആഴങ്ങൾ’ (ലക്കം 1478) എന്ന ലേഖനത്തിന് ഒരു മറുകുറി. കവിതയുടെ സൃഷ്ടിപ്രക്രിയയിൽ അബോധത്തിന്റെ ഇടപെടൽ എന്നത് വളരെ ആഴമുള്ളതും സങ്കീർണവുമായ വിഷയമാണ്. കവിത എന്നത് വെറും ബോധപൂർവമായ ചിന്തകളുടെയും അനുഭവങ്ങളുടെയും ക്രമീകരണം മാത്രമല്ല; മനുഷ്യന്റെ ഉള്ളറകളിൽ ഒളിഞ്ഞുകിടക്കുന്ന ഓർമകൾ, വികാരങ്ങൾ, ഭയങ്ങൾ, ആഗ്രഹങ്ങൾ, മറന്നുപോയ അനുഭവങ്ങൾ എന്നിവയുടെ ഒരു സൃഷ്ടിപരമായ പുനർജന്മംകൂടിയാണ്. അതുകൊണ്ടുതന്നെ കവിതയുടെ ആന്തരിക ഊർജത്തിന്റെ ഒരു വലിയ ഉറവിടം അബോധമാണ്.
മനുഷ്യമനസ്സ് ഒരു വലിയ ഓർമശേഖരംപോലെയാണ്. നാം നേരിട്ട് ഓർക്കുന്ന കാര്യങ്ങൾ മാത്രമല്ല അതിൽ സൂക്ഷിക്കപ്പെടുന്നത്. ബാല്യകാല അനുഭവങ്ങൾ, ഒരിക്കൽ കേട്ട ഒരു ശബ്ദം, കണ്ട ഒരു കാഴ്ച, അനുഭവിച്ച ഒരു വേദന, മറന്നുപോയ ഒരു സന്തോഷം... ഇവയെല്ലാം മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞുകിടക്കുന്നു. ഇവയിൽ പലതും ബോധത്തിന്റെ ഉപരിതലത്തിൽനിന്ന് അകന്നുപോകുന്നുവെങ്കിലും അവ പൂർണമായി ഇല്ലാതാകുന്നില്ല. അവ അബോധത്തിൽ ഒരു നിശ്ശബ്ദസാന്നിധ്യമായി തുടരുന്നു. ഒരു പ്രത്യേക അനുഭവം, ഒരു ദൃശ്യം, ഒരു വാക്ക്, ഒരു വികാരം എന്നിവയുടെ പ്രേരണയിൽ അവ വീണ്ടും ഉണർന്ന് കവിതയുടെ രൂപം സ്വീകരിച്ചേക്കാം.
ഒരു കവി കവിത എഴുതുന്നത് എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്താവണമെന്നില്ല. പലപ്പോഴും ഒരു വരി, ഒരു ബിംബം, ഒരു ഉപമ, ഒരു വികാരം എന്നിവ അപ്രതീക്ഷിതമായി കവിയുടെ മനസ്സിൽ തെളിയുന്നു. ആ നിമിഷത്തിൽ പ്രവർത്തിക്കുന്നത് കവിയുടെ ബോധപൂർവമായ ചിന്ത മാത്രമല്ല; വർഷങ്ങളായി മനസ്സിന്റെ ആഴങ്ങളിൽ ശേഖരിച്ചുകിടന്ന അനുഭവങ്ങളുടെ അദൃശ്യപ്രവാഹംകൂടിയാണ്. ഈ അദൃശ്യപ്രവർത്തനത്തെയാണ് അബോധത്തിന്റെ ഇടപെടൽ എന്ന് പറയുന്നത്.
ഓർമയുടെ ചരിത്രത്തിന്റെ ദുരൂഹമായ വിദൂരതകളെയാണ് അബോധം ഉൾക്കൊള്ളുന്നത് എന്ന വാദവും ഇതുമായി ബന്ധപ്പെട്ടതാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അയാൾക്ക് വ്യക്തമായി ഓർക്കാൻ കഴിയാത്ത നിരവധി അനുഭവങ്ങളുണ്ട്. ബാല്യത്തിലെ ചില നിമിഷങ്ങൾ, കുടുംബത്തിൽനിന്നുള്ള ചില സ്വാധീനങ്ങൾ, സമൂഹത്തിൽനിന്ന് ലഭിച്ച ചില സംസ്കാരചിഹ്നങ്ങൾ... ഇവയെല്ലാം അബോധത്തിന്റെ ഭാഗമാകുന്നു. കവിയുടെ സർഗാത്മകത ഈ മറഞ്ഞിരിക്കുന്ന ഓർമകളുമായി സംവദിക്കുമ്പോഴാണ് കവിതക്ക് ആഴവും വ്യത്യസ്തതയും ലഭിക്കുന്നത്.
ഉദാഹരണത്തിന്, മഴയെക്കുറിച്ച് എഴുതുന്ന രണ്ട് കവികൾ ഒരേ മഴയെ കാണുന്നില്ല. ഒരാൾക്ക് അത് ബാല്യകാലത്തിന്റെ സ്നേഹപൂർണമായ ഓർമയായിരിക്കാം; മറ്റൊരാൾക്ക് അത് നഷ്ടങ്ങളുടെയും ഏകാന്തതയുടെയും പ്രതീകമായിരിക്കാം. മഴ എന്ന പുറംലോക ദൃശ്യം കവിയുടെ അബോധത്തിലെ അനുഭവങ്ങളുമായി ചേർന്നാണ് കവിതയായി മാറുന്നത്.
സിഗ്മണ്ട് ഫ്രോയ്ഡ് അബോധത്തെ മനുഷ്യന്റെ പെരുമാറ്റത്തെയും സൃഷ്ടിപരതയെയും സ്വാധീനിക്കുന്ന ശക്തിയായി കണ്ടിരുന്നു. അതേസമയം, കാൾ യൂങ് വ്യക്തിയുടെ അബോധത്തിനൊപ്പം മനുഷ്യരാശിയുടെ പൊതുവായ ഓർമകളും അനുഭവങ്ങളും ഉൾക്കൊള്ളുന്ന ‘സാമൂഹിക അബോധം’ എന്ന ആശയം മുന്നോട്ടുെവച്ചു. കവിതയിലെ പുരാണബിംബങ്ങളും പൊതുസാംസ്കാരിക പ്രതീകങ്ങളും പലപ്പോഴും ഇത്തരം ആഴത്തിലുള്ള അബോധബന്ധങ്ങളെ സൂചിപ്പിക്കുന്നു.
അതുകൊണ്ട് കവിതയെ വെറും വാക്കുകളുടെ കലാരൂപമായി കാണാനാവില്ല. അത് മനുഷ്യന്റെ പുറംജീവിതത്തിന്റെയും ഉള്ളറജീവിതത്തിന്റെയും സംഗമസ്ഥാനമാണ്. ബോധം കവിതക്ക് രൂപവും ഘടനയും നൽകുമ്പോൾ അബോധം അതിന് ജീവനും ആഴവും നൽകുന്നു. ഒരു മികച്ച കവിത വായനക്കാരന്റെ മനസ്സിൽ സ്പർശിക്കുന്നത് അതിലെ വാക്കുകൾമാത്രം കൊണ്ടല്ല; ആ വാക്കുകൾ ഉണർത്തുന്ന മറഞ്ഞുകിടക്കുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും ലോകംകൊണ്ടാണ്.
അതിനാൽ, അബോധം കവിതയുടെ അദൃശ്യ സഹസ്രഷ്ടാവാണ്. കവിയുടെ ഉള്ളിൽ കാലങ്ങളായി നിശ്ശബ്ദമായി സഞ്ചരിച്ച അനുഭവങ്ങളുടെ നദി ഭാഷയുടെ തീരത്ത് എത്തുമ്പോഴാണ് കവിത ജനിക്കുന്നത്. കവിതയുടെ യഥാർഥ ആഴം പലപ്പോഴും എഴുതിയ വരികളിൽ മാത്രമല്ല, അവയുടെ പിന്നിൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന അബോധത്തിന്റെ അനന്തമായ ലോകത്താണ്.
കിഴുമുണ്ടയൂർ നാരായണൻ,പേരാമംഗലം
സി.പി.എമ്മിനകത്തെ വൈരുധ്യങ്ങളെ കാണാതെപോയ ലേഖനം
നിയമസഭയിൽ കമ്യൂണിസ്റ്റുകളുടെ ദേശസ്നേഹത്തെ ചോദ്യംചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ രാഷ്ട്രീയപക്വതയെ വസ്തുതകൾ നിരത്തി മറുപടി നൽകി അജയ്കുമാർ കോടോത്ത് (ലക്കം 1479) സംവാദത്തിന് വഴി തുറന്നിരിക്കുന്നു. ‘ഇന്ത്യൻ കമ്യൂണിസവും ദേശസ്നേഹവും’ എന്ന കുറിപ്പ് ഫാഷിസ്റ്റ് ഇന്ത്യ പരത്തിക്കൊണ്ടിരിക്കുന്ന ഇരുട്ടിൽ കൊളുത്തിയ തിരിനാളമായി അനുഭവപ്പെട്ടു.
പിണറായി വിജയനും സ്തുതിപാഠകരും കമ്യൂണിസ്റ്റുകാരല്ല എന്ന് അർഥശങ്കക്കിടയില്ലാത്തവിധം കേരളം വിധിയെഴുതിയതിന്‍റെ ഗുണഭോക്താവാണ് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന താനെന്ന മിനിമം ആലോചനപോലും സതീശന് ഇല്ലാതെപോയി എന്ന തോന്നലാണ് വായന നൽകിയത്. ഫാഷിസത്തിനെതിരെ വിശാല ഐക്യമുന്നണിക്ക് നേതൃത്വം നൽകേണ്ട പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണെന്ന ബോധ്യം കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഐക്യമുന്നണി മുഖ്യമന്ത്രിയിൽനിന്നും ഉണ്ടാകണം.
ഇന്ത്യയിൽ ഒരു ‘നവ ഇടതുപക്ഷ പ്രസ്ഥാനം’ വളർന്നുവരുമെന്നും അതിന് ‘കേരളത്തിൽനിന്നുള്ള കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകുമെന്നും’ അജയ്കുമാർ പ്രതീക്ഷ പങ്കുവെക്കുന്നിടത്ത് കേവലം സി.പി. ജോൺ, കെ.കെ. രമ, ഷിബു ബേബി ജോൺ, പിന്നെ സി.പി.ഐക്കാരും മാത്രമായിപ്പോയത് ഈ ലേഖനത്തിന്‍റെ പരിമിതിയായി തോന്നി. ഇതിൽ സൂചിപ്പിക്കുന്ന ‘പോസ്റ്റ് സി.പി.എം’ എന്ന പരികൽപനയിൽ മുഴുവൻ സി.പി.എം നേതാക്കളെയും ഒരു ഏകകമായെടുത്ത് മാറ്റിനിർത്തിയത് വസ്തുനിഷ്ഠ കാരണങ്ങൾകൊണ്ടല്ല, വ്യക്തിനിഷ്ഠ കാരണങ്ങളാണെന്നു പറയാതെ വയ്യ.
പ്രത്യേകിച്ചും, എം.എ. ബേബി, തോമസ് ഐസക്, വിജു വി. കൃഷ്ണൻ, ദിനേശൻ പുത്തലത്ത്, പി. കൃഷ്ണപ്രസാദ് തുടങ്ങി പി. ജയരാജനിലേക്കടക്കം വ്യാപിച്ചുവരുന്ന ഒരു നിര തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ കാരണങ്ങളെ മുൻനിർത്തി പരസ്യപ്രതികരണമടക്കം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി.പി.ഐക്കാരിൽ മാത്രം പ്രതീക്ഷ വെച്ചുപുലർത്തുന്നതിൽ ലേഖകന് പാളിച്ച പറ്റി. എന്തിനെ മുൻനിർത്തിയാണോ വി.ഡി. സതീശനെ ഉപദേശിക്കുന്നത്, അതേ ഉദ്ദേശ്യശുദ്ധിയോടെ സി.പി.എമ്മിനകത്തെ വൈരുധ്യങ്ങളെ കാണാനും ഉൾക്കൊള്ളാനും ലേഖകൻ ശ്രദ്ധകൊടുക്കേണ്ടിയിരുന്നു. ‘പോസ്റ്റ് സി.പി.എം’ എന്നതിനുപകരം ‘പോസ്റ്റ് പിണറായിസ്റ്റ്’ പോലുള്ള മറ്റെന്തെങ്കിലും പരികൽപനയാണ് ഉചിതം. സി.പി.എമ്മിനകത്തെ കമ്യൂണിസ്റ്റുകാരെ പൂർണമായും പുറംതള്ളിക്കൊണ്ടുള്ള ഇടതുപക്ഷ പ്രതീക്ഷകൾ ഫാഷിസ്റ്റുകാലത്ത് പോഷണാത്മകമല്ല എന്നുമാത്രമല്ല, ക്ഷോഷണാത്മകവുമാണ്.
സമീർ കാവാഡ്, അരീക്കോട്
തെറ്റ് സംഭവിച്ചത് അംഗീകരിക്കാത്തത് വലിയ തെറ്റ്
‘തിരുത്തിന്‍റെ സ്വർഗാരോഹണം’ എന്ന എം.എം. പൗലോസിന്‍റെ ലേഖനം (ലക്കം 1480) നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ, മുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എമ്മിന്‍റെ നയവൈകല്യങ്ങളെയും നിലപാടില്ലായ്മയെയും അനാവരണം ചെയ്യുന്നതാണ്. തെറ്റുതിരുത്തുമോ എന്ന ചോദ്യം സി.പിഎമ്മിനോട് ചോദിക്കുന്നതിൽ അർഥമില്ല.
കാരണം, തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുന്നവർക്കല്ലേ തിരുത്താൻ കഴിയുക! തങ്ങളും തങ്ങളുടേതും എപ്പോഴും ശരി മാത്രമായിരിക്കുമെന്ന ശാഠ്യമനോഭാവം വെച്ചുപുലർത്തുന്ന ഒരു സംഘത്തിന്‍റെ സ്വാഭാവികമായ പതനത്തിനാണ് തെരഞ്ഞെടുപ്പിൽ കേരളം സാക്ഷിയായത്.
പ്രകൃതിവിരുദ്ധവും അപ്രായോഗികവുമാണെങ്കിലും, വ്യക്തിതലത്തിലും സാമൂഹികതലത്തിലും കറകളഞ്ഞ ജീവിതവിശുദ്ധിയും ആദർശ പ്രതിബദ്ധതയും ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളും കാത്തുസൂക്ഷിച്ചിരുന്ന പ്രവർത്തകരും നേതാക്കളുമായിരുന്നു ഇടതുപക്ഷത്തിന്‍റെ കരുത്ത്. രാഷ്ട്രീയം തങ്ങളുടെ കീശയും മേശയും നിറക്കാനുള്ള ഉപജീവന മാർഗമായി സ്വീകരിക്കാത്ത നിസ്വാർഥ സേവകരായിരുന്നു അവരിൽ ഭൂരിപക്ഷവും.
അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി അണിനിരക്കുന്നവരായിരുന്നില്ല അവർ. എന്നാൽ, ഇന്ന് കാലം മാറി, ഇടതുപക്ഷവും മാറി. രാഷ്ട്രീയമേഖലയെ ഗ്രസിച്ച എല്ലാ തരത്തിലുള്ള ജീർണതകളും അവരെയും പിടികൂടി. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണവും പദവികളും’ എന്നതായിരിക്കുന്നു അവരുടെയും ആദർശമന്ത്രം! ‘ചക്കിക്കൊത്ത ചങ്കരൻ’, ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ തുടങ്ങിയ പഴഞ്ചൊല്ല് വിശേഷണങ്ങൾക്ക് ജീവിക്കുന്ന ഉദാഹരണങ്ങളാണ് പിണറായി വിജയനും എം.വി. ഗോവിന്ദനും! അവരുടെ പിടിയിൽനിന്ന് മോചനം നേടാൻ സി.പി.എമ്മിന് സാധിക്കുന്നില്ലെങ്കിൽ ചെങ്കൊടി കാണാൻ റെയിൽവേ സ്റ്റേഷനുകളിൽ പോകേണ്ടിവരുന്ന അവസ്ഥക്ക് നാം സാക്ഷിയാകേണ്ടിവരും!
അത് സംഭവിക്കാതിരിക്കട്ടെ, പ്രാർഥന!
അബൂറമീസ്, ചേന്ദമംഗലൂർ
ആഴ്ചപ്പതിപ്പിൽ വരുന്നത് ഒന്നിനൊന്ന് മികച്ച കവിതകൾ
ആഴ്ചപ്പതിപ്പ് ലക്കം 1477ൽ പ്രസിദ്ധീകരിച്ച കവിതകളെല്ലാംതന്നെ ഹൃദയമംഗളങ്ങളായിരുന്നു. എം.എസ്. ബനേഷ് എഴുതിയ ‘അറിയാൻ’ എന്ന കവിതയിൽ മുപ്പത്തിമുക്കോടി അനീതികൾ വിളയുന്ന നമ്മുടെ നാടിന്‍റെ ദുരവസ്ഥയെ അവതരിപ്പിക്കുന്നു. വിപ്ലവപ്രവർത്തനങ്ങൾ കടലാസിൽ ഒതുങ്ങുന്ന ഉപരിപ്ലവ ചിന്താഗതി മാറ്റിയെടുക്കേണ്ടതുണ്ടെന്ന് ഈ കവിത വ്യംഗ്യഭംഗിയോടെ കാട്ടിത്തരുന്നു.
ഉത്തരാധുനികതയുടെ ഈ കാലത്ത് വൃത്തബദ്ധമായ കവിതക്ക് പ്രസക്തിയുണ്ട് എന്ന് ദുര്‍ഗാ പ്രസാദ് എഴുതിയ ‘തേക്കുതോട്’ എന്ന കവിത വ്യക്തമാക്കുന്നു. കാണാതായ തിരയുന്ന മനുഷ്യാവസ്ഥയും അതിജീവനത്തിന്റെ കിനാവിൽ ഇളകുന്ന ദിനങ്ങളും ജീവിതക്ഷണങ്ങളും ഈ കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇടക്കിടെ ഗോവിന്ദൻ നായരുടെ ‘ശൂന്യം നിറയും തരം’ എന്ന കവിത വായനക്കാരന്റെ ഹൃദയസ്പന്ദനത്തിൽ തെളിയുന്നു.
സലീം അഞ്ചൽ എഴുതിയ ‘ആദ്യം സംസാരിക്കുന്നയാൾ പട്ടി ചിലേടത്ത് കുരങ്ങ്’ എന്ന കവിത ധ്വനിസാന്ദ്രമാണ്. പട്ടിയായാലും കുരങ്ങായാലും മനുഷ്യനായാലും ദൈവത്തിന്‍റെ സൃഷ്ടികൾ തന്നെയാണ് എന്ന ആധ്യാത്മിക വൈശിഷ്ട്യം ഓളം വെട്ടുന്ന കവിതയായി ഇത് തോന്നി.
ദിവ്യ എൻ എഴുതിയ ‘മൂന്ന് ജീവിത കവിതകൾ’ പുതിയ വാഴ്വിന്റെ പാഴ്ശ്വനവും അന്തസ്സാരശൂന്യതയും വായനക്കാരനെ കേൾപ്പിക്കുന്നു. കവി ചിത്രീകരിക്കുന്ന പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം ഗൃഹാതുരത്വത്തിന്‍റെ തേൻതുള്ളികൾ പകർന്നുതരുന്നു. രചയിതാക്കൾക്കും ആഴ്ചപ്പതിപ്പിനും സ്നേഹാർദ്രമായ നന്ദി.
പ്രഫ. ജിനൻ ചളിപ്പാട്ട്
വേർപാടുകൾ കവിതയായി പൊഴിയുന്നു
സിന്ധു കെ.വിയുടെ ‘താമരയിലയിൽ തൂവൽകൊണ്ട് എഴുതാനാശിച്ചത്’ എന്ന കവിത (ലക്കം 1481) വായിച്ചു. തനിക്കൊരു പ്രണയമുണ്ടാവണമെന്നും, അതീന്ദ്രിയമായ വിധത്തിൽ അനുഭവിക്കണമെന്നും ആശിച്ചിരുന്നിട്ട് അതുണ്ടായപ്പോൾ, തനിക്ക് പ്രിയപ്പെട്ടവർ തന്റെ ജീവിതയാത്രയുടെ ഏതോ ഒരു തുമ്പത്ത് തന്നിൽനിന്നും മറഞ്ഞുപോകലിന്‍റെ വൈമനസ്യങ്ങൾ ‘‘ഒറ്റപ്പെട്ട കരിമ്പനകൾ മഴക്കാലരാത്രികളിൽ വിറകൊള്ളുന്നതുപോലെ’’ എന്നിത്യാദി ഉപമകൾകൊണ്ടും കവി അനുവാചകരിലേക്കെത്തിക്കുന്നു.
എന്താണ് പ്രണയം..? മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കാൻ കെൽപുള്ള എന്തോ ഒന്ന്. ചിലപ്പോൾ രണ്ടു പേർ ചേർന്ന് ഒരു പ്രപഞ്ചം സൃഷ്‌ടിക്കുന്നു, മറ്റു ചിലപ്പോൾ തെളിഞ്ഞ പുഴയെപ്പോലെ പ്രണയമങ്ങനെ ഒഴുകുമ്പോൾ ചില മൗനങ്ങളും സൗന്ദര്യപ്പിണക്കങ്ങളും കടപുഴകിവീണ മരത്തടിയെപ്പോലെ പ്രണയ കുത്തൊഴുക്കിൽ തടയിടുന്നു. പ്രണയത്തിന്‍റെ താമരകൾ അനന്തമായി തളിർക്കേണ്ടതിനെ ചില മനുഷ്യസ്വഭാവ രാസവളങ്ങൾ സ്നേഹത്തിൽ കലർത്തി കരിച്ചുകളയുന്നു. ഈ വൈകാരികതയെ വളരെ മനോഹരമായാണ് ഇതിൽ വിവരിച്ചിട്ടുള്ളത്.
റിസ്‌വാൻ മംഗലംഡാം
മണ്ണിനോടുള്ള സ്നേഹവും നീതിക്കായുള്ള പോരാട്ടവും
എം.ബി. മനോജ് എഴുതിയ ‘പിൻകാലത്ത് ഒരു പെൺകുട്ടിയെഴുതിയ വ്ലോഗ്’ (ലക്കം 1481) എന്ന കവിത വായിച്ചു. വർഷങ്ങൾക്കുമുമ്പ് ഇടുക്കിയിലെ ഒരു പ്രദേശത്ത് നടന്ന കർഷക ഭൂസമരം കേരള ചരിത്രത്തിലെ മറക്കാനാവാത്ത ഒരധ്യായമായിരുന്നു. ഈ സംഭവത്തെ ബന്ധപ്പെടുത്തി അന്ന് സമരംചെയ്ത് ജയിലിലായ കർഷകൻ ജയിൽമോചിതനായി നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു സന്ദർഭമാണ് ഈ കവിത പറയുന്നത്
നാട്ടിൽ തിരിച്ചെത്തിയ കർഷകൻ കൃഷിചെയ്യാനായി തൂമ്പയും കോടാലിയും എടുക്കുന്നതുപോലും കേസായി രജിസ്റ്റർ ചെയ്തു എന്നും പറയുന്ന വരികളാണ് എന്നെ ആകർഷിച്ചത്
‘‘മനോരോഗിയായി അഭിനയിക്കുന്നുവെന്നും വിശപ്പുള്ളതായി നടിക്കുന്നെന്നും വീടുണ്ടാക്കാൻ ശ്രമിച്ചു പ്രകോപിപ്പിക്കുന്നെന്നും ഇരുമ്പായുധങ്ങളായ തൂമ്പ, കോടാലി, വാക്കത്തി തുടങ്ങിയവ സൂക്ഷിക്കുന്നുവെന്നും
കേസ് രജിസ്റ്റർ ചെയ്തു’’
കൂടാതെ ഈ വരികളിലൂടെ അദ്ദേഹം തന്റെ ഗ്രാമത്തിനോടുള്ള ദൃഢമായ ബന്ധവും ഓർമിപ്പിക്കുന്നു
‘‘ഭൂരഹിതരായിരുന്ന കുടിയേറ്റക്കാരെല്ലാം അവിടെനിന്നും ഉപേക്ഷിതരായി ഞാനിവിടം വിട്ടുപോകുന്നില്ല’’ ഈ വരിയും ഏറെ ആകർഷകമായി തോന്നി.
ഷമീം ചളവറ
വെയിലത്തും വാടാത്ത അക്ഷരപ്പൂവുകൾ
രോഷ്ന ആർ.എസ് എഴുതിയ ‘പച്ചൈയമ്മാളിന്‍റെ വെയിൽപ്പൂക്കൾ’ എന്ന കവിത (ലക്കം 1476) ജീവിതത്തിന്‍റെ കടുത്ത യാഥാർഥ്യങ്ങളെയും അതിജീവനത്തിന്‍റെ മാധുര്യത്തെയും രമ്യമായി ലയിപ്പിക്കുന്ന ഒരു കാവ്യശിൽപമാണ്. ഈ കവിത, സമൂഹത്തിന്‍റെ അടിത്തട്ടിൽ ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തെയും അവളുടെ ഉള്ളിലെ മാതൃത്വത്തെയും ഏറെ ഹൃദയസ്പർശിയായി വരച്ചിടുന്നു.
‘കറുപ്പായി’ എന്നത് സമൂഹത്തിന്‍റെ കണ്ണിൽ വെയിലേറ്റു കരിഞ്ഞ, അധ്വാനിക്കുന്ന സ്ത്രീയുടെ തികച്ചും ലളിതവും അരുമയുമായ ഒരു രേഖപ്പെടുത്തലാണ്. എന്നാൽ അമ്മ അവളെ ‘പച്ചൈ’ പച്ച/പുതുമ/ജീവൻ എന്നാണല്ലോ വിളിക്കുന്നത്. വെയിൽകൊള്ളുന്നതുകൊണ്ട് വാടിപ്പോകുന്നവളല്ല അവൾ. വെയിലിലും പൂത്തുനിൽക്കുന്നവളാണ് എന്ന് കവി ഇവിടെ സമർഥിക്കുന്നു. അതാണ് കവി ചൂണ്ടിക്കാട്ടുന്ന ആ വെയിൽപ്പൂക്കൾ. കറുപ്പിനെ പച്ചയാക്കുന്ന സ്‌നേഹത്തിന്‍റെ നിരന്തരമന്ത്രണംകൂടിയാണ് അമ്മയുടെ ആ വിളി.
കറുപ്പായിയുടെ തൊഴിലിനെ വളരെ സൂക്ഷ്മമായാണ് കവി അവതരിപ്പിച്ചത്. പഴയ പാത്രങ്ങൾ പെറുക്കി ജീവിക്കുന്നവളാണവൾ. സമൂഹം ‘പഴയത്’ എന്ന് തള്ളിക്കളയുന്നതിനെ അവൾ തന്‍റെ ജീവിതത്തെ പുനരുജീവിപ്പിക്കുന്ന മരുന്നായി കാണുന്നു: ‘‘ഇന്ത പാത്രത്തിൻ ഓശൈ താൻ എൻ മരുന്ത്.’’ പാത്രങ്ങളുടെ ആ ഒച്ചയിൽ അവൾ കേൾക്കുന്നത് ദാരിദ്ര്യത്തിന്‍റെ പിച്ചപ്പിഞ്ഞാണമല്ല, മക്കളുടെ ഭാവിക്കു വേണ്ടിയുള്ള ധ്വനിയാണ്, ദ്രുതതാളപ്രവാഹമാണ്. ഇവിടെ അധ്വാനം വിയർപ്പെന്ന കഠിനവേദനയെ പുറന്തള്ളുന്ന ജീവനോപാധിയല്ല, അതൊരു കവിതയാണ്; ജീവിതത്തെ സംരക്ഷിക്കാനുള്ള കാവ്യനീതിക്കു വേണ്ടിയുള്ള ആത്മാർഥമായ പോരാട്ടമാണ്.
ദുരിത-വേദനകൾക്കു നടുവിലും അവൾക്ക് തോൽവി സമ്മതിക്കാൻ കഴിയാത്തത് അവളിലെ ‘അമ്പിളിച്ചിരി’ തിളക്കം നൽകുന്ന ആത്മവിശ്വാസംകൊണ്ടാണ്. അമ്മയുടെ വിളിയിൽ മാത്രം വിടരുന്ന ആ ചിരി, അവളുടെ ആത്മവിശ്വാസത്തെയും ആത്മവീര്യത്തെയുമാണല്ലോ സൂചിപ്പിക്കുന്നത്. പുറംലോകത്തിന്‍റെ ‘കറുപ്പായി’ എന്ന വിളിയിൽനിന്ന് രക്ഷപ്പെടാൻ അമ്മയുടെ സ്‌നേഹം അവളെ ഒരു കവചംപോലെ തന്‍റെ ദേഹത്തിൽ ഒട്ടിച്ചുവെക്കുന്നു. കവിതയുടെ ഏറ്റവും ശക്തമായ ഭാഗം അവസാനവരികളാണ്. അവൾ തലയിൽ ചുമക്കുന്നത് പഴയ പാത്രങ്ങളല്ല, മറിച്ച് തന്‍റെ മക്കളെക്കുറിച്ചുള്ള സ്വപ്നസഞ്ചികളാണ്.
‘‘അവൾ തലയിലേറ്റിയതത്രയും മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ അക്ഷരക്കൂട്ടായിരുന്നു!’’ സഞ്ചിയിൽ നിറയെ അക്ഷരങ്ങളാണ്.
അവളുടെ ദാരിദ്ര്യവും അധ്വാനവും കേവലം വയറുനിറക്കാനുള്ളതല്ല; മക്കളെ പടുത്തുയർത്താനുള്ള അക്ഷരങ്ങളുടെയും സ്വപ്നങ്ങളുടെയും വലിയൊരു ഭാണ്ഡമാണ്. ഇവിടെ ‘വെയിൽപ്പൂക്കൾ’ എന്നത് അവളുടെ വിയർപ്പിന്‍റെ പ്രതീക്ഷകളാണ്. വെയിൽ എത്ര കഠിനമായാലും അതിൽ പൂത്തുനിൽക്കുന്നത് മക്കളുടെ ഭാവിയാണ്. സമൂഹത്തിന്‍റെ കാഴ്ചപ്പാടിനെയും കവിത വിമർശിക്കുന്നത് കാണാം. നാട്ടുകാർ ‘പഴയത്’ തിരയുമ്പോൾ, അവൾ തിരയുന്നത് അഥവാ മക്കളുടെ ഭാവിയാണ്. ഒരു വ്യക്തിയെ നാം നോക്കുന്ന രീതിയിൽ എത്രമാത്രം അന്തരം ഉണ്ടെന്ന് കവി കാണിച്ചുതരുന്നു. സമൂഹം കറുപ്പായിയെ കറുപ്പിന്‍റെയും പഴക്കത്തിന്‍റെയും പ്രതീകമായി കാണുമ്പോൾ, കവി അവളെ വെയിലിന്റെയും പൂക്കളുടെയും പ്രതീകമാക്കി ഉയർത്തിവിടുന്നു.
കഷ്ടപ്പാടുകൾക്കിടയിലും തളരാതെ, മക്കൾക്കായി ജീവിതം ഹോമിക്കുന്ന ഒരമ്മയുടെ അഥവാ അനേകം അമ്മമാരുടെ ത്യാഗത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രഖ്യാപനമാണ് ഈ കവിതയിലൂടെ കവി നിർവഹിക്കുന്നത്. വെയിൽ എന്നത് വെറും ചൂടല്ല, അത് മക്കളെ വളർത്താനുള്ള അവളുടെ കഠിനാധ്വാനമാണ്. അത്രയും പ്രയാസങ്ങൾക്കിടയിലും കവിതയായി മാറാൻ കഴിയുന്നു എന്നതാണ് അവളുടെ മഹത്വത്തിന് മാറ്റുകൂട്ടുന്നത്.
ബെർണാഡ് മൊറൈസ്,തിരുവനന്തപുരം
ഹൃദയഭാഷണമായൊരു യാത്രാവിവരണം
നിരവധി യാത്രാവിവരണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും മിത്ര സതീഷിന്‍റെ ‘വേരുകളിലേക്ക് പടരുന്ന മനുഷ്യര്‍’ (ലക്കം 1481) ലളിതവും ഭാവാത്മകവും സുന്ദരവുമായ ഒരു ഹൃദയഭാഷണമായി തോന്നി. ഈ കുറിപ്പ് വായിക്കുന്നതുവരെ കേപ് വെര്‍ദെ എന്നാൽ എനിക്ക് ആറു ലക്ഷത്തോളം മനുഷ്യർ അധിവസിക്കുന്ന, 2026 ലോകകപ്പ് കളിക്കാൻ പടിഞ്ഞാറെ ആഫ്രിക്കയിൽനിന്നും യോഗ്യത നേടിയ ഒരു കുഞ്ഞന്‍ രാജ്യം മാത്രമായിരുന്നു. എന്നാൽ, യൂറോപ്യന്‍ ച്യാമ്പന്‍മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയില്‍ തളച്ചപ്പോഴും, ഉറുഗ്വായിക്കെതിരെ 2-2ന് കട്ടക്ക് നിന്നപ്പോഴും എക്സ്ട്രാ സമയത്ത് അര്‍ജന്റീനയോട് 2-3ന് പൊരുതി തോറ്റപ്പോഴും എനിക്കവരോട് വല്ലാത്തൊരു സ്നേഹവും, ബഹുമാനവും തോന്നി.
സാധിക്കുമെങ്കിൽ ഞാൻ അവരുടെ ഗോളി വോസീന്യയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ! മകന്‍റെ കളി നേരിട്ട് കാണാൻ അമ്മക്ക് ആഗ്രഹമുണ്ടെങ്കിലും അമേരിക്കയിലേക്കുള്ള വിസയുടെ പണം കണ്ടെത്താനായില്ലെന്നും പറഞ്ഞ് വോസീന്യ വിതുമ്പിയപ്പോള്‍ ഫുട്ബാള്‍ പ്രേമികളുടെ കണ്ണും മനസ്സും നിറഞ്ഞു കാണും. ഒടുവില്‍ വലിയ ആഗോള ഇടപെടലുകളിലൂടെ വോസീന്യക്ക് അമ്മയെ സ്റ്റേഡിയത്തില്‍ എത്തിക്കാൻ കഴിഞ്ഞത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ എന്നെന്നും ഓർമിക്കപ്പെടുന്നതാണ്.
ഇതോടെ ലോകകപ്പ് വെറും കളിമാത്രമല്ലെന്നും പലര്‍ക്കും പ്രത്യാശ നല്‍കുന്ന ഉറവിടമാണെന്നും ലോകം അറിഞ്ഞു. ഫുട്ബാളിലൂടെ മാത്രം അറിയാൻ കഴിഞ്ഞ ഈ രാജ്യത്തെ കൂടുതല്‍ പരിചയപ്പെടുത്തിക്കൊണ്ട് ലോകകപ്പ് അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന വേളയിൽ തന്നെ ആഴ്ചപ്പതിപ്പില്‍ നൽകിയ ഈ യാത്രാവിവരണത്തിന് പത്രാധിപസമിതിക്ക് ബിഗ് സല്യൂട്ട് നൽകുന്നു.
അവരുടെ സ്വാതന്ത്ര്യസമര സേനാനിയും ദാര്‍ശനികനുമായ അമീല്‍കര്‍ കബ്രാളും ദേശീയ ഗായികയായ സെസാരിയയും അന്ന എന്ന ആതിഥേയയും സര്‍വോപരി ‘തുബറോസ് അസൂയിസ്’ അഥവാ ‘ബ്ലൂ ഷാര്‍ക്കുകള്‍’ എന്ന ദേശീയ ഫുട്ബാള്‍ ടീമംഗങ്ങളും എന്‍റെ മനസ്സില്‍ ഇടംനേടിയിരിക്കുന്നു. നന്ദി മിത്ര സതീഷ്.
സണ്ണി ജോസഫ്, മാള
അത്ര ശുഭകരമല്ല ബംഗാളിൽ നിന്നുള്ള വാർത്തകൾ
നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളിൽ നടമാടുന്ന അക്രമ സംഭവത്തെ കുറിച്ചുള്ള ‘തുടക്കം’ (ലക്കം 1476) വായിച്ചു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബംഗാളിൽ അധികാരമേെറ്റടുത്തതിനുശേഷം അവിടെനിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. യു.പി, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ബിഹാർ, മഹാരാഷ്ട്ര തുടങ്ങി ബി.ജെ.പി-ആർ.എസ്.എസ് ഹിന്ദുത്വശക്തികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അവിടത്തെ മുസ്ലിംകളും ദലിതരും ന്യൂനപക്ഷങ്ങളും കൊടിയ അതിക്രമങ്ങളാണ് നേരിടേണ്ടിവരുന്നത്.
വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്തിയും എസ്.ഐ.ആറിലൂടെ ന്യൂനപക്ഷ വോട്ടുകളെ ഇല്ലാതാക്കിയും വലിയൊരു രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയത്. ബി.ജെ.പി ഗവൺമെന്റ് ഭരണത്തിലേറിയതിൽ പിന്നെ മുഖ്യ രാഷ്ട്രീയ പ്രതിയോഗികളായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കളെ തെരുവിൽ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതി തുറന്നരൂപം സ്വീകരിച്ചു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, മുതിർന്ന നേതാവ് കല്യാൺ ബാനർജി എന്നിവർക്കെതിരെ കഴിഞ്ഞയാഴ്ച ബി.ജെ.പി പ്രവർത്തകരുടെ അക്രമം നടന്നു.
സൗത്ത് 24 പർഗാന ജില്ലയിലെ സോനാർപൂരിൽ മേയ് 30നാണ് അഭിഷേക് ബാനർജിയെ ഒരു കൂട്ടം ആൾക്കാർ കൈയേറ്റം ചെയ്തത്. തൃണമൂൽ കോൺഗ്രസ് ഭരിച്ച സമയത്ത് ഇത്രയും പ്രശ്നങ്ങൾ അവിടെയുണ്ടായിരുന്നില്ല. സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മമത ബാനർജി സംഘടിപ്പിച്ച വലിയ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ ബി.ജെ.പി സ്വാധീനം മാത്രമാണ്.
രാജ്യത്തെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് ശക്തികൾക്കെതിരെ ജനാധിപത്യ, മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണ്. അത്തരം പോരാട്ടങ്ങൾക്കാണ് ഇനി ശക്തിപകരേണ്ടത്. തമിഴ് വംശീയതയുടെ കനൽപ്പൊരി (ടി. അനീഷ്), എം. ഹലീമാ ബീവിയെന്ന നവോത്ഥാന വനിത (സഖരിയ തങ്ങൾ), വഞ്ചിക്കപ്പെട്ട ആദിവാസി (കെ.എം. സലിംകുമാർ) എന്നീ പംക്തികളും ഉയർന്ന നിലവാരം പുലർത്തി.
ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം
കേൾവിയുടെ പലകാലങ്ങളെ ശ്രദ്ധയിൽപെടുത്തിയ അഭിമുഖം
ആഴ്ചപ്പതിപ്പിന്‍റെ ലക്കം 1480ന്‍റെ മുഖചിത്രം തിരിച്ചുവരാത്ത ഒരു കാലത്തിന്റെ നേർപ്പകർപ്പാണ്. ഗൃഹാതുരതയുണർത്തുന്ന ഒരു റേഡിയോ കാലത്തെ ഓർമിപ്പിക്കുന്ന ചിത്രം. എ.ഐകൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്ന് സാരം. സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണല്ലോ കാര്യം. ‘ആ റേഡിയോ നാടക കാലവും കഴിയുകയാണോ?’ എന്ന തലക്കെട്ടിൽ കെ.വി. ശരത് ചന്ദ്രനുമായി രവീന്ദ്രൻ രാവണേശ്വരം നടത്തിയ സംഭാഷണം കേൾവിയുടെ പലകാലങ്ങളെ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരുന്നു.
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ് ആകാശവാണി നാടകോത്സവങ്ങൾ. കേൾവിയിലൂടെ ഹൃദയം തുറന്ന എത്രയെത്ര കഥാപാത്രങ്ങൾ. തോണിയാത്രയും ഇരുട്ടിന്റെ നിശ്ശബ്ദതയും പ്രണയവും കലഹവും ശബ്ദങ്ങളിലൂടെ അനുഭവിപ്പിച്ചു. ആ ഹൃദ്യമായ കേൾവികൾക്ക് കൂടുതൽ മികവേകാൻ പ്രയത്നിച്ച കെ.വി. ശരത് ചന്ദ്രനെ പോലുള്ളവർ ഒരിക്കലും മറവിയിലേക്ക് തള്ളപ്പെടേണ്ടവരല്ല. അവരെ കാലം തിരിച്ചറിഞ്ഞ് തൂലികകൊണ്ട് ഇനിയുമേറെ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
ഫൈസൽ ടി.പി,അഞ്ചച്ചവിടി
‘പെയ്യുന്നിതേ വെള്ളില വള്ളിതോറും’
ആഴ്ചപ്പതിപ്പിൽ വരുന്നതിൽ രസകരമായതും അറിവു ലഭിക്കുന്നതുമായ പംക്തിയാണ് വി.സി. ബാലകൃഷ്ണൻ എഴുതുന്ന ‘ബോട്ടാണിക്ക’. സസ്യങ്ങളെയും മരങ്ങളെയും ശാസ്ത്രദൃഷ്ട്യാ വിവരിക്കുകയല്ല, അവയെ സാംസ്കാരികപാഠങ്ങളുമായി ഇവിടെ ഇഴചേർക്കുകകൂടി ചെയ്യുന്നു. ഹോർത്തൂസ് മലബാറിക്കൂസിൽ അവയെ രേഖപ്പെടുത്തിയിരിക്കുന്നതെങ്ങനെ എന്നു വിവരിക്കുമ്പോൾ ചരിത്രപരമായ അന്വേഷണതലംകൂടി തെളിയുന്നു.
‘വെള്ളില’യെ കുറിച്ച് എഴുതിയത് (ലക്കം 1479) വായിച്ചു. ‘അമ്മ കറുമ്പി മോളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത’യെന്നാണ് വെള്ളിലയെപ്പറ്റി നാട്ടിൽ പ്രചാരത്തിലുള്ള കടങ്കഥ. ‘‘വെള്ളിലകിങ്ങിണി താഴ്വരയിൽ വെള്ളാമ്പൽ പൊയ്കതൻ കൽപ്പടവിൽ’’ ‘കാക്കത്തമ്പുരാട്ടി’യെന്ന (1970) സിനിമയിൽ കെ. രാഘവന്റെ സംഗീതത്തിൽ ജയചന്ദ്രൻ പാടിയ പാട്ടാണ്. ആട്ടിൻകുട്ടിയെ വെള്ളം കലക്കിയതിന്റെ പേരിൽ കുറുക്കൻ ശിക്ഷിക്കുന്ന കുട്ടിക്കഥയാണ് പറയുന്നതെങ്കിലും അതൊരു വിഷാദഗാനമായിട്ടാണ് മനസ്സിൽ കുട്ടിക്കാലത്തേ ചേക്കേറിയിരിക്കുന്നത്. വെള്ളിലച്ചെടിയെയും നക്ഷത്രാകൃതിയുള്ള പൂക്കളെയും അതിനടുത്ത് വെളുത്ത ഇലകളെയും പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇതാണതെന്ന് മനസ്സിലായിട്ടില്ല.
ലേഖകൻ വെള്ളിലയുടെ സാംസ്കാരികപ്രാധാന്യത്തെ ‘കടങ്കഥ’യെന്ന വൈലോപ്പിള്ളി കവിതകൊണ്ടും കാളിദാസന്റെ സ്വഭാവോക്തിയലങ്കാരംകൊണ്ടുമാണ് വിശദീകരിക്കുന്നത്. (ഉത്പ്രേക്ഷയുമുണ്ട് അവിടെ, കാടു കരയുന്നതുപോൽ എന്ന ധർമയോഗം!) വൈലോപ്പിള്ളി വെള്ളിലയെപ്പറ്റിയാണ് എഴുതുന്നത്. എന്നാൽ കാളിദാസന്റെ ശാകുന്തളത്തിലെ വെള്ളില, ഈ പറഞ്ഞ ‘മുസായേണ്ട ഫ്രൊൻടോസ’ തന്നയാണോ എന്നു സംശയമുണ്ട്. പറയാം.
വെള്ളിലക്ക് സംസ്കൃതത്തിൽ ശ്രീമതി, ശ്രീവല്ലി എന്നെല്ലാം പേരുണ്ട്. ശാകുന്തളം നാലാം അങ്കത്തിലും അഞ്ചാം അങ്കത്തിലും കാളിദാസൻ ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കാണ് പാണ്ഡുപത്രാഃ (പണ്ഡുപത്താ) ശകുന്തള പിരിഞ്ഞുപോകുന്നു എന്നോർത്ത് മയിലുകൾ നൃത്തം നിറുത്തി, മാനുകൾ പുല്ലു മേയുന്നത് നിർത്തി. കാടു കരയുകയാണോ എന്നു തോന്നുമാറ്, വള്ളികളിൽനിന്ന് വിളറിയ ഇലകൾ പൊഴിയുന്നു’ എന്നാണ് അവിടെ വർണന. കുട്ടികൃഷ്ണമാരാര്, ഇതിനെ വിളർത്ത ഇലകൾ എന്നും കേരളവർമ വലിയ കോയിത്തമ്പുരാൻ ശുഷ്കപത്രങ്ങൾ എന്നുമാണ് വിവർത്തനം ചെയ്യുന്നത്. എ.ആർ. രാജരാജവർമ ‘പെയ്യുന്നിതേ വെള്ളില വള്ളിതോറും’ എന്നെഴുതി. അത് പ്രത്യേക ചെടിയുടെ ഇലയല്ല. പഴുത്ത ഇലകൾ എന്നർഥത്തിലാകാനേ തരമുള്ളൂ. വെള്ളിലച്ചെടിയുടെ സൗന്ദര്യം വിവരണം വായിക്കുന്ന ആളിന്റെ മനസ്സിൽ ഉണ്ടായിക്കൊള്ളട്ടേ എന്ന് സൗന്ദര്യപക്ഷപാതിയായ എ.ആറിനു തോന്നിക്കാണും. അതു വേറെ കാര്യമാണ്.
അഞ്ചാം അംഗത്തിൽ സന്യാസവേഷധാരികൾക്കിടയിൽ (ഗൗതമി, ശാർങരവൻ, ശാരദ്വതൻ) സുന്ദരിയായ ശകുന്തളയെ കാണുന്ന ദുഷ്യന്തൻ വെള്ളിലച്ചെടിയുമായാണ് ശകുന്തളയെ ഉപമിക്കുന്നതെന്നും കാട്ടിൽ ആ ചെടിയുമായുള്ള പരിചയ കാവ്യനിർമാണവേലയിൽ അദ്ദേഹത്തിനു ഓർമവന്നതാകാം കാരണമെന്നും ലീലാവതിയോ എം.കെ. സാനുവോ എഴുതിയ ഒരു ലേഖനം വായിച്ച ഓർമയുണ്ട്. അവിടെയും കാളിദാസൻ ‘പാണ്ഡുപത്രാണാം’ എന്നു പ്രയോഗിച്ചിട്ടുണ്ട്. ‘വെളുത്ത ഇലകൾ’ എന്നർഥം. പക്ഷേ, അതു ശകുന്തളയെ വർണിക്കാനല്ല. സന്യാസിവേഷത്തെ വിവരിക്കാനാണ്. ‘ശുഷ്കപത്രങ്ങൾക്കു മധ്യേ നിഷ്കളങ്കയായ തളിരുപോലെ’ എന്ന് കേരളവർമയുടെ വർണന. ഇവിടെയും മാരാര് നൽകുന്നത് ‘വിളറിയ ഇലകൾ’ എന്ന പരിഭാഷയാണ്.
‘ഗൗരദളങ്ങൾക്കിടയിൽ’ എന്നാണ് ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ തർജമ. ഗൗരം വെളുത്തത്. കാട്ടിലെ വള്ളികൾ പൊഴിക്കുന്ന ഉണക്കയിലകളെ ആറ്റൂർ, വെള്ളില എന്നു വിളിക്കുന്നുണ്ട്. ശബ്ദതാരാവലി, വെള്ളിലക്ക് ഒരു ചെടി, മരം, ഉണങ്ങിയ ഇല എന്നീ മൂന്നർഥങ്ങളും കൊടുക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ അർഥമാകണം കാളിദാസൻ ‘പാണ്ഡുപത്രം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വെള്ളില മലയാളിയുടെ സൗന്ദര്യബോധവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാഴ്ചയായതുകൊണ്ട് എ.ആർ. രാജരാജവർമയും ആറ്റൂരും ഇപ്പോൾ വി.സി. ബാലകൃഷ്ണനും സാനു മാഷും (ലീലാവതി ടീച്ചറും) വ്യത്യസ്ത അർഥങ്ങളിൽ വെള്ളിലയെ കാളിദാസ കൽപനയുമായി ചേർത്തുെവച്ചു. ഒന്നുകൂടി അടുത്തുെവച്ചു നോക്കിയാൽ കാളിദാസൻ ‘ശ്രീവല്ലിയെ’ ഉദ്ദേശിച്ചിട്ടില്ല.
ആർ.പി. ശിവകുമാർ, തിരുവനന്തപുരം
‘കരിങ്കൂവളം’ കണ്ടവരുണ്ടോ ?
വി.സി. ബാലകൃഷ്ണൻ എഴുതുന്ന ‘ബോട്ടാണിക്ക’ പംക്തി ഏറെ ആകർഷകവും വിജ്ഞാനപ്രദവുമാണ്. നമ്മൾ കേൾക്കുകയോ അറിയുകയോ ഇല്ലാത്ത ഒട്ടനേകം സസ്യജാലങ്ങളുണ്ട് കേരളത്തിൽ. തോടുകളും ചതുപ്പുകളും വയലുകളും ഇല്ലാതാകുന്നതോടെ അവയെല്ലാം നാടുനീങ്ങുകയാണെന്ന് ലേഖകൻ പറയുന്നത് അക്ഷരംപ്രതി ശരിതന്നെയാണ്. മനോഹരങ്ങളായ ഇലകളും പൂക്കളുമുള്ള ഒരു സസ്യമാണ് കരിങ്കൂവളം അഥവാ നീലോൽപലം (ലക്കം 1478). കാമദേവന്‍റെ മോഹമുദിപ്പിക്കുന്ന പൂവുകളിൽ ഒന്നാണല്ലോ നീേലാൽപലം. അരവിന്ദം, അശോകം, ചൂതം, നീലോൽപലം, നവമാലിക എന്നിങ്ങനെ അഞ്ച് പൂവുകളാണ് കാമദേവന്‍റെ ആവനാഴിയിലുള്ളത്. ഈ പൂക്കളെല്ലാം നമുക്ക് സുപരിചിതവുമാണ്.
ഇതിൽ ഏത് പൂവാണ് കാമദേവൻ അസ്ത്രമായി ഉപയോഗിക്കുന്നത് എന്നത് സന്ദർഭത്തിന്‍റെ ഗൗരവത്തെ ആശ്രയിച്ചിരിക്കും. എല്ലാ പൂവുകളും സമ്മോഹനം വകുപ്പിൽതന്നെയാണ് പെടുന്നത്. തപസ്സ് ചെയ്യുന്ന പരമശിവന് പാർവതിയിൽ മോഹമുദിപ്പിക്കുന്നതിനുവേണ്ടി കാമദേവൻ പ്രയോഗിച്ച അസ്ത്രത്തിന് സമ്മോഹനം എന്നുതന്നെയാണ് പേര്. പരമശിവൻ കാമപരവശനായി കണ്ണുതുറന്നപ്പോൾ സർവവസ്ത്രാഭരണ വിഭൂഷിതയായി മുന്നിൽ നിൽക്കുന്ന പാർവതിയെയാണ് തൃക്കൺ പാർക്കുന്നത്. മൂന്നാംകണ്ണിൽനിന്ന് പുറപ്പെട്ട അഗ്നിജ്വാലയിൽ കാമദേവൻ ഭസ്മമാകുകയും ചെയ്തു. കാമൻ ഇല്ലാതെ ലോകം പുലരുകയുമില്ല. കാമദേവന് പുനർജന്മം നൽകാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്.
‘ബോട്ടാണിക്ക’ പംക്തി വായനക്കാർക്ക് ഉപകാരപ്രദമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. നശോന്മുഖമായ പല സസ്യങ്ങളെ കുറിച്ചും അറിയണമെങ്കിൽ ഹോർത്തൂസ് മലബാറിക്കൂസ് നോക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് വന്നിരിക്കുന്നത്. വി.സി. ബാലകൃഷ്ണൻ എഴുതുന്ന ഈ പംക്തി ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണെങ്കിൽ സസ്യപ്രേമികൾക്ക് വളരെ ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല.
സദാശിവൻ നായർ, എരമല്ലൂർ