എഴുത്തുകുത്ത്

റേഡിയോ നാടകങ്ങളിലെ ‘ഒറ്റ’യാൻ
എൺപതുകളുടെ അവസാനത്തിലോ തൊണ്ണൂറുകളുടെ തുടക്കത്തിലോ ആണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ ‘ഇരിപ്പിടങ്ങള്‍’, ‘ആഭേരി’ എന്ന രണ്ടു ചെറുകഥകൾ വന്നതായി കണ്ടത്. അവ വായിച്ചപ്പോള്‍ ആ പേര് മനസ്സില്‍ പതിഞ്ഞു: കെ.വി. ശരത്ചന്ദ്രന്‍. അപ്പോള്‍ അതാ വരുന്നു ‘മാതൃഭൂമി’ വാരാന്തപ്പതിപ്പില്‍ ഒരു കഥകൂടി: ‘എവിടെയോ’. അതോടെ, എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. വിലാസത്തിനു വേണ്ടി ‘മാതൃഭൂമി’ പത്രാധിപര്‍ക്കെഴുതി. കൊല്ലത്ത് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലെ ഉദ്യോഗസ്ഥന്‍റെ വിലാസം കിട്ടി. വൈകിയില്ല: കത്തെഴുതി. ഒട്ടും വൈകിയില്ല: മറുപടിയും കിട്ടി. താന്‍ ഒരെഴുത്തുകാരനാണ് എന്നു സമ്മതിക്കാന്‍പോലും മടിക്കുന്ന കത്ത്.
സൗഹൃദം കത്തുകള്‍ വഴി കുറച്ചുദൂരം പോയി. പിന്നെ അറിയുകയാണ്: കഥാകാരന്‍ ബാങ്ക് ഉപേക്ഷിച്ചിരിക്കുന്നു; ആകാശവാണിയില്‍ ചേര്‍ന്നിരിക്കുന്നു. അത് വെറുതെയുള്ള ഒരു ജോലിമാറ്റമായിരുന്നില്ല. എന്തൊക്കെയോ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുതന്നെയായിരുന്നു. ചെയ്യുകയും ചെയ്തു: ആകാശവാണി നാടകങ്ങളില്‍ സ്വന്തമായി ഒരു ഭൂമികയുണ്ടാക്കി. അതിന്‍റെ സാധ്യതകള്‍ ആവോളം ഉപയോഗിച്ച് മൈല്‍ക്കുറ്റികള്‍ നാട്ടി. ‘ഒറ്റ’ എന്ന ഒരൊറ്റ കഥാപാത്രനാടകത്തില്‍ തിലകനെക്കൊണ്ട് അഭിനയിപ്പിച്ച് ആ മൈല്‍ക്കുറ്റി നാട്ടിച്ചു.
ഒന്നും വെറുതെയായില്ല. വെറുതെയിരിക്കാനല്ലല്ലോ അയാള്‍ ജോലിമാറിയത്. റേഡിയോ നാടകം എന്ന മാധ്യമത്തെത്തന്നെ മാറ്റിമറിച്ചു. നിരവധി തവണ ദേശീയ പുരസ്കാരങ്ങള്‍ നേടി. ശരത്ചന്ദ്രന്‍ കഥാരംഗം വിട്ടപ്പോള്‍ എനിക്ക് അല്‍പം നിരാശ തോന്നിയിരുന്നു. ഭാഷയിലെ ഒരു മികച്ച കഥാകൃത്ത് വഴിമാറിപ്പോവുകയാണല്ലോ എന്ന് ദുഃഖിച്ചു. എഴുതിയ കഥകള്‍ വി.എം. ഗിരിജ സമാഹരിച്ചു. ഞാന്‍ അവതാരികയെഴുതി. ആ പുസ്തകം വന്നു: ‘എവിടെയോ’.
ശരത് ആകാശവാണിയില്‍നിന്ന് വിരമിച്ചിരിക്കുന്നു. റേഡിയോ നാടകങ്ങളില്‍നിന്നു വിരമിച്ചു എന്ന് അതിനർഥമില്ല. എന്നാലും ഞാന്‍ ആശിക്കുന്നു: കെ.വി. ശരത്ചന്ദ്രന്‍ ഇനി കഥകളുമെഴുതും. എവിടേക്കോ ഒരു വഴിയായല്ല; തികഞ്ഞ ലക്ഷ്യബോധത്തോടെത്തന്നെ. അയാള്‍ മലയാളകഥാരംഗത്തും മൈല്‍ക്കുറ്റികള്‍ നാട്ടും. മടിയനാണെന്നറിയാം. എന്നാലും ഞാൻ ശപിക്കുന്നു: മടിയാ നീ കഥ ചുമക്കൂ. ശരത്തുമായി രവീന്ദ്രന്‍ രാവണേശ്വരം നടത്തിയ കൂടിക്കാഴ്ച ‘മാധ്യമം’ ആഴ്ചപ്പതിപ്പിലുണ്ട് (ലക്കം 1480). വിലപ്പെട്ട പല വിവരങ്ങളും അനുഭവങ്ങളുംകൊണ്ട് സമ്പന്നമായ ഒരു വായന നിങ്ങളെ വിളിക്കുന്നുണ്ട്.
അഷ്ടമൂർത്തി (എഴുത്തുകാരൻ -ഫേസ്ബുക്ക് കുറിപ്പ്)
യേശു നജീബ്: ക്രൂശിക്കപ്പെടുന്ന മനുഷ്യത്വത്തിന്റെ രാഷ്ട്രീയഗീതം
പി.എസ്. റഫീഖിന്റെ ‘യേശു നജീബ്’ എന്ന കഥ (ലക്കം 1478) മനുഷ്യത്വത്തെയും ഭരണകൂട പ്രത്യയശാസ്ത്രങ്ങളെയും മുൻനിർത്തി നടത്തുന്ന അതിതീക്ഷ്ണമായ ഒരു രാഷ്ട്രീയ-മാനുഷിക ഇടപെടലാണ്. കേവലമൊരു ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയുടെ കാണാതാകലിനെ മാത്രം കേന്ദ്രീകരിച്ചല്ല ഈ ആഖ്യാനം വികസിക്കുന്നത്. മനുഷ്യനെ കേന്ദ്രബിന്ദുവാക്കി നിർത്തി മതം, കല, രാഷ്ട്രീയം, വിപണി, അധികാരം, അപരത്വം, ഫാഷിസം എന്നിവയുടെ സങ്കീർണമായ ആന്തരിക ഘടനകളെ കഥാകൃത്ത് ഇവിടെ വിചാരണ ചെയ്യുന്നുണ്ട്. കേരളീയ മണ്ണിലെ ദേശാടന ജീവിതങ്ങളുടെ നിസ്സഹായതയെ ക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രവുമായി സമന്വയിപ്പിക്കുന്നതിലൂടെ, വർത്തമാന ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ഭയത്തെയും അന്യവത്കരണത്തെയും അടയാളപ്പെടുത്തുന്ന വലിയൊരു സാംസ്കാരിക പ്രതിരോധമായി ഈ കഥ മാറുന്നു.
കഥയുടെ അടിത്തറയും ചരിത്രപരമായ പശ്ചാത്തലവും രൂപപ്പെടുന്നത് ആണ്ടി മാസ്റ്ററുടെ ‘പിക്കാസോ ആർട്സ്’ എന്ന ബോർഡെഴുത്ത് കടയിലൂടെയാണ്. ഗുഹാലിപികൾ മുതൽ ഡിജിറ്റൽ യുഗം വരെയുള്ള അക്ഷരങ്ങളുടെ ചരിത്രം ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഈ ഇടം സാധാരണ പശ്ചാത്തലമല്ല, ഒരു ജനതയുടെ രാഷ്ട്രീയ പരിണാമത്തിന്റെ ആർക്കൈവാണ്. ചുവരുകളിലും ബാനറുകളിലും അരിവാൾ-ചുറ്റിക-നക്ഷത്രങ്ങൾ വരച്ച് രാഷ്ട്രീയ പ്രത്യാശകളുടെ ദൃശ്യസ്മൃതി നിർമിച്ച ആണ്ടി മാസ്റ്റർ കേരളീയ നവോത്ഥാനത്തിന്റെയും ഇടതുപക്ഷ മൂല്യങ്ങളുടെയും പ്രതീകമാണ്.
എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ കൈകളിൽ വിറബാധ ഉണ്ടാകുന്നതും പിന്നീട് ‘പുഷ്പചിഹ്നം’ നാട്ടിൽ സജീവമാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മരണപ്പെടുന്നതും പഴയകാല മതേതര ആദർശങ്ങളുടെ തകർച്ചയെയും പുതിയൊരു വലതുപക്ഷ രാഷ്ട്രീയത്തിന്റെ അധിനിവേശത്തെയും സൂചിപ്പിക്കുന്നു. ആണ്ടി മാസ്റ്റർ മരിക്കുന്നത് ഒരു ജനുവരി 30നാണ് എന്നത് യാദൃച്ഛികമല്ല; ഗാന്ധിജി വധിക്കപ്പെട്ട ആ കറുത്ത ദിനത്തെ ഓർമിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ആത്മാവായിരുന്ന ബഹുസ്വരതയുടെ മരണത്തെക്കൂടിയാണ് കഥ അവിടെ അടയാളപ്പെടുത്തുന്നത്.
ആണ്ടി മാസ്റ്ററുടെ മകൻ രഞ്ജിത്ത് ഡിജിറ്റൽ കാലത്തിന്റെ പ്രതിനിധിയാണ്. കല ഫോട്ടോഷോപ്പിലേക്കും കൃത്രിമബുദ്ധിയിലേക്കും മാറുമ്പോൾ അത്, സാങ്കേതിക പരിണാമമല്ല, യാഥാർഥ്യത്തെ നേരിട്ട് സ്പർശിച്ചിരുന്ന കലയിൽനിന്ന് വെറും പ്രതിച്ഛായകൾ നിർമിക്കുന്ന പുതിയ മാധ്യമസംസ്കാരത്തിലേക്കുള്ള മാറ്റമാണ്. രഞ്ജിത്തിന്റെ സൃഷ്ടിപരമായ പ്രതിസന്ധി ഈ ആധുനികതയുടെ ആന്തരിക ശൂന്യതയിൽനിന്നാണ് ഉണ്ടാകുന്നത്. മനുഷ്യരുടെ മുഖങ്ങളിലെല്ലാം കടുത്ത നിരാശയോ വെറുപ്പോ ഭയമോ ആണെന്ന് നിരീക്ഷിക്കുന്ന അവൻ അന്വേഷിക്കുന്നത് ഒരു മോഡലിനെയല്ല, മനുഷ്യരാശിക്ക് നഷ്ടപ്പെട്ട നന്മയുടെ പ്രകാശമാണ്.
ഒരു ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയായ നജീബലിയിലൂടെ അവൻ ആ പ്രത്യാശ കണ്ടെത്തുകയും അവന്റെ മുഖച്ഛായയിൽ പുതിയൊരു യേശുചിത്രം നിർമിക്കുകയും ചെയ്യുന്നു. ഇതോടെ കഥ ആർട് രൂപവത്കരണത്തിനപ്പുറം വിപണിയുടെയും മാധ്യമങ്ങളുടെയും വേട്ടയാടലിലേക്ക് വഴിമാറുന്നു. രഞ്ജിത്ത് വരച്ച ചിത്രം വൈറലാവുകയും റീലുകളിലൂടെയും പോസ്റ്ററുകളിലൂടെയും അവൻ ലോകത്തിന്റെ രക്ഷകനായി ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ, സാങ്കേതികവിദ്യ മനുഷ്യന്റെ സ്വകാര്യതയെ എങ്ങനെയാണ് അസ്ഥിരപ്പെടുത്തുന്നത് എന്ന് വ്യക്തമാകുന്നു. നന്മ നിറഞ്ഞ ഒരു യഥാർഥ മനുഷ്യനെ വിപണിയുടെ അൽഗോരിതങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന മാധ്യമ വ്യഗ്രത ഇവിടെ കടുത്ത വിമർശനത്തിന് വിധേയമാകുന്നുണ്ട്.
കഥയുടെ രാഷ്ട്രീയ വായന ഏറ്റവും ശക്തമായി പ്രകടമാകുന്നത് നജീബലിയുടെ കഥാപാത്ര നിർമിതിയിലാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ‘ബംഗ്ലാദേശി’ എന്ന വാക്കിന് പലപ്പോഴും മനുഷ്യൻ എന്ന അർഥത്തേക്കാൾ ശക്തമായ വംശീയവും രാഷ്ട്രീയവുമായ അപരവത്കരണത്തിന്റെ മാനങ്ങളാണുള്ളത്. പൗരത്വ ഭേദഗതി നിയമങ്ങളുടെയും ഭൂരിപക്ഷ ദേശീയതയുടെയും കാലത്ത് കുടിയേറ്റക്കാരൻ എപ്പോഴും സംശയാസ്പദനും അതിക്രമിച്ചു കയറിയവനുമായ ഒരു അപരൻമാത്രമാണ്. കഥാകൃത്തുപോലും ആദ്യമായി അവനെ കാണുമ്പോൾ ഇത്രയും ഓറയുള്ള ബംഗ്ലാദേശിയോ എന്ന് ചിന്തിക്കുന്നത് നമ്മുടെ അബോധമനസ്സിൽ വേരൂന്നിയ റേസിസ്റ്റ് പൊതുബോധത്തിന്റെ വെളിപ്പെടുത്തലാണ്.
എന്നാൽ കഥ ഈ രാഷ്ട്രീയ നിർമിതിയെ പൂർണമായി തലതിരിച്ചിടുന്നു. രോഗികളായ ഹസൻ ഭായിയെ ശുശ്രൂഷിക്കുന്ന, തെരുവ് പട്ടികൾക്കും യാചകർക്കും ഭക്ഷണം നൽകുന്ന നജീബലി കരുണയുടെ മൂർത്തരൂപമാണ്. അവന്റെ ഉള്ളിലെ ശാന്തതക്ക് പിന്നിൽ ജന്മനാട്ടിലെ വർഗീയ കലാപത്തിൽ ജ്യേഷ്ഠൻ കൊല്ലപ്പെട്ടതിന്റെ വലിയൊരു ആഘാതമുണ്ട്. എന്നിട്ടും അവൻ ലോകത്തോട് ചിരിക്കുന്നു. ഈ വായന ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര വിമർശനത്തിലേക്കും സ്വാഭാവികമായി നീളുന്നുണ്ട്. കഥയിൽ ഫാഷിസം ഒരു പാർട്ടിയായോ ഭരണകൂടമായോ നേരിട്ട് വരുന്നില്ല, പകരം അതൊരു സാമൂഹിക മനോനിലയായി പൊതുബോധത്തിലേക്ക് അരിച്ചിറങ്ങുകയാണ് ചെയ്യുന്നത്.
നജീബലി എത്ര വലിയ നന്മ ചെയ്താലും ഫാഷിസ്റ്റ് ചിന്താഗതിയുള്ള സമൂഹം അവനെ അവന്റെ ലേബലുകളിലേക്ക് ചുരുക്കിക്കളയുന്നു. ജനക്കൂട്ടത്തിന്റെ കാമറക്കണ്ണുകളും പകയുള്ള നോട്ടങ്ങളും പിന്തുടരുമ്പോൾ അവൻ അനുഭവിക്കുന്ന ഭീതി, പീഡാനുഭവത്തിന് തൊട്ടുമുമ്പുള്ള ക്രിസ്തുവിന്റെ ആത്മസംഘർഷത്തിന് സമാനമാണ്. അവൻ അപ്രത്യക്ഷനാകുമ്പോൾ ഒരു ബംഗ്ലാദേശിയെ കാണാനില്ല എന്ന് പറഞ്ഞ് പൊലീസ് കാട്ടുന്ന നിസ്സംഗത, ഫാഷിസ്റ്റ് വ്യവസ്ഥയിൽ പാർശ്വവത്കരിക്കപ്പെട്ടവന്റെ ജീവന് എത്രത്തോളം വിലക്കുറവുണ്ടെന്ന് തെളിയിക്കുന്നു.
മതപരവും സാംസ്കാരികവുമായ തലങ്ങളിൽ ഈ കഥ അത്യന്തം സങ്കീർണമായ ഒരു സംവാദമാണ് മുന്നോട്ടുവെക്കുന്നത്. ഒരു മുസ്ലിം യുവാവിന്റെ മുഖത്ത് യേശുവിന്റെ വിശുദ്ധി സന്നിവേശിപ്പിക്കുന്നത് സാംസ്കാരിക സമന്വയത്തിന്റെയും ബഹുസ്വരതയുടെയും വലിയൊരു സാധ്യതയാണ്. നസ്റത്തിലൂടെ ചായ ഗ്ലാസുകളിൽ സ്നേഹം നിറച്ച് യേശു നടക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, റഫീഖിന്റെ കവിതാസാന്ദ്രമായ ഗദ്യത്തിലൂടെ കേരളത്തിന്റെ ക്രൈസ്തവ സ്മൃതിയും മുസ്ലിം ജീവിതവും അലിഞ്ഞുചേരുന്നു.
യേശുവിന്റെ ചിത്രം സ്വീകരിക്കാൻ തയാറായ സമൂഹം യേശുവിന്റെ ജീവിതമൂല്യങ്ങളെ ഉൾക്കൊള്ളുന്നില്ല. നജീബിന്റെ ചിത്രം കലണ്ടറുകളിലും ബാനറുകളിലും പള്ളിപ്പെരുന്നാളുകളിലും ആരാധിക്കപ്പെടുമ്പോഴും, യഥാർഥ ക്രിസ്തുവായി ജീവിച്ച നജീബലി തെരുവിൽ പീഡിപ്പിക്കപ്പെടുകയും അപ്രത്യക്ഷനാകുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യനെക്കാൾ മരവിച്ച പ്രതീകങ്ങളെ സ്നേഹിക്കുന്ന ആധുനികതയുടെ ക്രൂരതയാണിത്. അതേസമയം, കഥയിലെ സ്ത്രീകളുടെ നോട്ടവും ഇവിടെ സവിശേഷമായി വായിക്കേണ്ടതുണ്ട്. പരമ്പരാഗത പുരുഷാധിപത്യ നോട്ടങ്ങൾക്ക് വിപരീതമായി, സ്കൂൾ കുട്ടികളും ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികളും നജീബലിയുടെ സൗമ്യതയിലും കാരുണ്യത്തിലും ആകൃഷ്ടരാകുന്നുണ്ട്. ആക്രമണോത്സുകമായ പുരുഷത്വത്തിന് പകരം ദുർബലതയും കരുണയും നിറഞ്ഞ ഒരു ബദൽ പുരുഷത്വ മാതൃകയെയാണ് സ്ത്രീകളുടെ ഈ ആരാധനയിലൂടെ കഥാകൃത്ത് മുന്നോട്ടുവെക്കുന്നത്. എങ്കിലും സ്ത്രീകൾ പ്രധാനമായും നിരീക്ഷകരായി തുടരുന്നു എന്ന പരിമിതിയും ഇതിലുണ്ട്.
അവസാനം നജീബലി എവിടെയാണെന്ന് കഥ പറയുന്നില്ല. ആ അനിശ്ചിതത്വം തന്നെയാണ് കഥയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവന. ടൗൺ പള്ളിയങ്കണത്തിലേക്ക് നൂറ്റാണ്ടുകൾക്കുമുമ്പ് പുറപ്പെട്ട ഒരു കാറ്റ് വന്നെത്തുന്ന അവസാന ദൃശ്യത്തോടെ കഥ പൂർത്തിയാകുമ്പോൾ, യേശുവും നജീബലിയും ഒടുവിൽ ഒരേ സ്മൃതിയായി, സ്പർശമായി വായനക്കാരനിൽ അവശേഷിക്കുന്നു. യേശു ഇവിടെ ആകാശത്തുള്ള ദൈവപുത്രനല്ല, ബംഗ്ലാദേശിൽനിന്ന് വന്ന ഒരു കുടിയേറ്റ തൊഴിലാളിയാണ്. അവൻ അത്ഭുതങ്ങൾ ചെയ്യുന്നില്ല, രോഗികളെ പരിചരിക്കുന്നു, എല്ലാവരോടും ചിരിക്കുന്നു. അതുകൊണ്ടുതന്നെ അവൻ യേശുവാകുന്നു, അവൻ ക്രൂശിക്കപ്പെടുന്നു.
പ്രത്യാശയെ സൃഷ്ടിച്ചശേഷം അതിനെ നിർദയം ക്രൂശിക്കുന്ന ആധുനിക സമൂഹത്തിന്റെ വഞ്ചനയുടെയും വെറുപ്പിന്റെയും കാലത്ത് മനുഷ്യത്വം നേരിടുന്ന വലിയ പീഡനങ്ങളെയും ഓർമിപ്പിക്കുന്ന കനത്തൊരു രാഷ്ട്രീയഗീതമായി ഈ സമഗ്രാഖ്യാനം നിലകൊള്ളുന്നു. കഥ അവസാനിക്കുമ്പോൾ നജീബലി എന്ന മനുഷ്യനെക്കുറിച്ചുള്ള ചിന്തയേക്കാൾ, വലിയൊരു ചോദ്യമാണ് വായനക്കാരന്റെ മുന്നിൽ അവശേഷിക്കുന്നത്; കരുണയുടെ മനുഷ്യർക്ക് ഇന്നത്തെ ലോകത്തിൽ എന്താണ് സംഭവിക്കുന്നത്?
താജ്മൻസൂർ ടി. പിണങ്ങോട്
‘യേശു നജീബ്’; പ്രതിഫലിക്കുന്ന ഇന്നെൻ ലോകം
പി.എസ്. റഫീഖ് എഴുതിയ ‘യേശു നജീബ്’ എന്ന കഥ (ലക്കം 1478) വായിച്ചു. അതിൽ പറയുന്ന ബാർബർ ഷോപ്പിലെ കണ്ണാടിയിലെന്നപോലെ പുതിയകാലം പ്രതിഫലിച്ചു നിൽക്കുന്നു. സൂക്ഷ്മ രാഷ്ട്രീയം കഥയുടെ ചാരുതയായി മാറുന്നു. എഴുത്തുകാരൻ ആരുടെയെങ്കിലും പേരെടുത്തു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. രാജ്യം എത്തിനിൽക്കുന്ന നിരാശഭരിതവും ഭീതിദവുമായ ജീവിതസാഹചര്യങ്ങളിലൊന്നിനെയാണ് കഥാകൃത്ത് വിദഗ്ധനായ ചിത്രകാരനെപോലെ കഥയിൽ ചാലിച്ചുചേർത്തിരിക്കുന്നത്. ബൈബിളിന്റെ കാരുണ്യം കഥയെ കനിവുറ്റ ശിൽപമാക്കി മാറ്റുന്നു. ഭംഗിയാർന്ന വർണചിത്രംപോലെ ഈ കഥ നിങ്ങളെ സന്തോഷിപ്പിക്കും.
സമൂഹത്തെ ഓർത്തുള്ള എഴുത്തുകാരന്റെ കരച്ചിലിനാണോ പുറത്ത് ആർത്തുപെയ്യുന്ന മഴക്കാണോ കൂടുതൽ വേദന എന്ന് തിരിച്ചറിയാനാകാതെ നിങ്ങളിലെ വായനക്കാരൻ ഒരു നിമിഷം പകച്ചുനിൽക്കുകയും ചെയ്യും. കഥാകാരനും ആഴ്ചപ്പതിപ്പിനും നന്ദി.
മുഹമ്മദ് അഷ്‌റഫ് എം.പി, ചേമഞ്ചേരി