Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

‘പൂക്കി സി.എം’ എന്ന വിശേഷണം അരാഷ്ട്രീയമാണോ?

മുഖ്യമന്ത്രി പൂക്കിയാവുന്നതിലെ രാഷ്ട്രീയം അന്വേഷിച്ചുകൊണ്ട് ആൽവിൻ അലക്സാണ്ടർ എഴുതിയ ലേഖനം ‘പൂക്കി Gen Z കരങ്ങളാലേ...’ (ലക്കം 1477) ഭരണാധികാരിയും സമൂഹത്തിലെ പുത്തൻതലമുറയും തമ്മിലുള്ള അകലം കുറയുന്നതിന്റെ ജനാധിപത്യ വിവക്ഷകളേക്കാൾ വ്യക്തിപരമായ ആശങ്കകൾ പങ്കുവെക്കുന്ന ഒന്നായാണ് അനുഭവപ്പെട്ടത്. അതാവട്ടെ, പരമ്പരാഗതമായ രാഷ്ട്രീയ ജാർഗണുകളെ കൂട്ടുപിടിച്ചുകൊണ്ട് യാന്ത്രികമായ വാദങ്ങളിലൂന്നിനിന്നുകൊണ്ടുള്ളതും. പുതിയതൊന്നും ശരിയല്ലെന്ന

സാമ്പ്രദായികമായ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് ‘വേണ്ടത്ര ചരിത്രപരിചയമോ രാഷ്ട്രീയബോധമോ’ കൈമുതലായില്ലാത്ത പുതിയ തലമുറയുടെ വൈകാരികമായ ഉപഭോഗപ്രവണതയും കളിയാട്ടവുമൊക്കെയായാണ് നവമാധ്യമങ്ങളിലെ പുതിയ തലമുറ രൂപപ്പെടുത്തിയ ‘പൂക്കി സി.എം’ എന്ന പദചേരുവയെ ലേഖകൻ കാണുന്നത്. ഭരണാധികാരിയോടുള്ള വൈകാരികമായ അടുപ്പം വലിയ അപകടമാണെന്ന് സ്ഥാപിക്കാനും ലേഖകൻ ശ്രമിക്കുന്നുണ്ട്. (‘ഉത്തരവാദിത്തമില്ലാത്ത വൈകാരിക അടുപ്പം രാഷ്ട്രീയസംസ്കാരത്തിനു അപകടകരമാണ്’) ലേഖനത്തിന്റെ മുക്കാൽ പങ്കും ചെലവഴിച്ചിരിക്കുന്നത് ഈ കാര്യത്തെ ആവർത്തിച്ചുറപ്പിക്കാനാണ്.

പിൻവാതിൽ നിയമനത്തിനും വഴിവിട്ട അഴിമതിക്കും വേണ്ടിയുള്ള വ്യക്തിപരമായ അടുപ്പവും ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള അകലം ഇല്ലാതാക്കുന്ന വൈകാരിക അടുപ്പവും രണ്ടു കാര്യങ്ങളാണ്. ലേഖകൻ കാണാൻ കൂട്ടാക്കുന്നില്ലെങ്കിലും രണ്ടാമത്തേതിൽ രാഷ്ട്രീയബോധത്തിന്റെ ഘടകങ്ങളും സന്നിഹിതമാണ്. പുതുതലമുറയുമായി ഭരണാധികാരികൾക്ക് അടുപ്പമുണ്ടാവുകയും അവരെ കേൾക്കാനും മനസ്സിലാക്കാനും തയാറാവുകയും അവർക്ക് (അവർക്കെന്നല്ല ‘മൈനോറിറ്റേറിയ’നായ ഏതു വിഭാഗത്തിനും) വൈകാരികമായി സുരക്ഷിതത്വം അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായി വരികയും ചെയ്യുകയാണെങ്കിൽ അത് പ്രത്യയശാസ്ത്രത്തിന്റെ അപഹരണമല്ല, മറിച്ച് ജനാധിപത്യബോധത്തിന്റെ പുതുക്കലാണെന്ന് തിരിച്ചറിയലായിരിക്കും കുറച്ചുകൂടി ഉചിത കാഴ്ചപ്പാട്.

ധാർമികതക്കും നീതിക്കും അവശ്യംവേണ്ട വികാരങ്ങളുടെ ഒത്തൊരുമയെപ്പറ്റി പറഞ്ഞ മാർത്ത നുസ്ബൗമിന്റെ ‘വൈജ്ഞാനിക വിധിന്യായ’ നിരീക്ഷണത്തെ ഈ അർഥത്തിലും കാണാവുന്നതാണ്. സഹാനുഭൂതിയും സഹഭാവവും അനുകമ്പയും മാത്രമല്ല രോഷവും വാത്സല്യവും പ്രണയവുമെല്ലാം സാമൂഹികമാറ്റത്തിനുള്ള ഉൽപ്രേരകങ്ങളായും പ്രവർത്തിച്ചിട്ടുണ്ടെന്നറിയാൻ നമ്മുടെ സാംസ്കാരിക പ്രമാണങ്ങൾത്തന്നെ ഉദാഹരണങ്ങളായി മുന്നിലുണ്ടല്ലോ.

ജെൻസിയുടെ വൈകാരികത, ഭരണകൂടത്തിനെതിരെയുള്ള വിമർശനാത്മക ചിന്ത എന്നിവയെ വിപരീതദ്വന്ദ്വങ്ങളായി അവതരിപ്പിക്കുന്ന ലേഖകന് കർത്തൃസ്ഥാനങ്ങളെ നിർണയിക്കുന്നതിൽ വന്ന പാകപ്പിഴയും ഈ വൈരുധ്യത്തിന്റെ ഭാഗമാണ്. സാമൂഹികമായ പൊരുത്തക്കേടുകളുമായുള്ള അനുരഞ്ജനത്തിനുള്ള നിർബന്ധം ഭരണകൂട പക്ഷത്തുനിന്നു വരുമ്പോഴാണോ, പൗരസമൂഹത്തിന്റെ പക്ഷത്തുനിന്നുണ്ടാകുമ്പോഴാണോ കുഴപ്പമായിത്തീരുന്നത് എന്നൊരു പ്രശ്നമുണ്ട്. ഭരണകൂടത്തിനെതിരെ നിതാന്തവിമർശനവും നയങ്ങൾക്കെതിരെ ജാഗ്രതയും സമൂഹപക്ഷത്തിനു വേണ്ടതാണ്.

എന്നാൽ ജെൻസി എന്നൊരു വിഭാഗത്തെ പ്രതിസ്ഥാനത്തു നിർത്തി, അവരുണ്ടാക്കിയ വാക്കിന്റെ പശ്ചാത്തലത്തിൽ അവരെന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാനും അവർക്കു ശരിയായ മാർഗം കാണിച്ചുകൊടുക്കുന്ന പ്രഘോഷണത്തിനും മുതിരുകയും ചെയ്യുമ്പോൾ അതൊരു യാന്ത്രിക പഠനക്ലാസിന്റെയും ലഘുലേഖ വിതരണത്തിന്റെയും പരമ്പരാഗത രൂപം കൈയാളുന്നു. ഫ്രെഡ്രിക് ജയിംസണെ കൂട്ടുപിടിച്ച് അതും അബോധരാഷ്ട്രീയത്തിന്റെ സാംസ്കാരികരൂപം തന്നെയാണെന്ന് വാദിക്കാവുന്നതേയുള്ളൂ.

ചരിത്രത്തിൽ അതതുകാലത്തെ ‘ജെൻസി’കൾ ഭരണാധികാരികളോട് ചിലതെല്ലാം ആവശ്യപ്പെടുകയും അവരതിനെ വൈകാരികമായി സ്വീകരിക്കുകയും ചെയ്ത പല കഥകളുമുണ്ട്. എബ്രഹാം ലിങ്കൻ താടിവെക്കുകയാണെങ്കിൽ അദ്ദേഹത്തെ കാണാൻ കൂടുതൽ ഭംഗിയുണ്ടാവുമെന്നും തന്റെ വീട്ടിലുള്ളവരെല്ലാം അദ്ദേഹത്തിനു വോട്ടു ചെയ്യുമെന്നും കത്തെഴുതിയ 11കാരിയായ ഗ്രേസ് ബിഡലിന്റെ കഥ രണ്ടു നൂറ്റാണ്ടു മുമ്പുള്ളതാണെങ്കിൽ (1860) ആളുകൾ തമ്മിൽ വഴക്കിടുന്നതൊഴിവാക്കാൻ, ബറാക് ഒബാമക്ക് ‘കാം ഡൗൺ പോസ്റ്റർ’ ആശയം നൽകിയത് കോഫി എന്ന കുട്ടിയാണ് 2014ൽ. ശീതയുദ്ധത്തിന്റെ നിഴലിലായിരുന്ന അമേരിക്കയുടെയും റഷ്യയുടെയും സംഘർഷത്തിന്റെ മഞ്ഞുരുകാൻ, പത്തുവയസ്സുകാരി സാമന്തസ്മിത്ത് റഷ്യൻ പ്രസിഡന്റായിരുന്ന യൂറി ആന്ത്രോപോവിന് അയച്ച കത്ത് കാരണമായിട്ടുണ്ടെന്നൊരു കഥയുണ്ട്.

‘ആണവയുദ്ധം ഇല്ലാത്ത ലോകത്ത് സമാധാനം പുലർത്താൻ താങ്കൾ എന്താണ് ചെയ്യാൻ പോകുന്നത്? എന്നായിരുന്നു അവൾ ചോദിച്ച ചോദ്യം. നെഹ്റുവിന് കുട്ടികളോടുള്ള അടുപ്പത്തിലും (ചാച്ചാജി) അദ്ദേഹം കോട്ടിൽ സ്ഥിരമായി ചൂടിയിരുന്ന പൂവിനു പിന്നിലും ഒരു കുട്ടി നൽകിയ സ്നേഹസമ്മാനത്തിന്റെ അനുസ്മരണമുണ്ടെന്നൊരു കേട്ടുകേൾവിയുണ്ട്. അങ്ങനെ വ്യക്തിപരമായ വൈകാരികതയും കുട്ടികളും (പുതുതലമുറയും) അവരുടെ ലളിതമായ പ്രശ്നപരിഹാര നിർദേശങ്ങൾകൊണ്ടുതന്നെ പല തരത്തിൽ രാഷ്ട്രീയ തീരുമാനങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. കോക്രോച്ച് ജനത പാർട്ടിയുടെ അഞ്ചിന നിർദേശങ്ങളും വളരെ ലളിതമാണ്! അധികം ദൂരം പോകേണ്ടതില്ല, കേരളത്തിൽത്തന്നെ അച്യുതാനന്ദനെ ‘We Yes’ എന്ന് ഉറക്കെ പറഞ്ഞ് സ്വാഗതം ചെയ്തത്, പുത്തൻ തലമുറയാണ്. 2020ൽ തുടങ്ങി ക്രമമായി അർഥവികാസം വന്ന ജെൻസി സ്ലാങ്ങാണ് പൂക്കി.

2024 എത്തിയപ്പോഴേക്കും ‘കുഞ്ഞോമന, പ്രിയപ്പെട്ട’ തുടങ്ങിയ വ്യക്തിപരമായ അർഥങ്ങളിൽനിന്ന് അതു പിന്തുടരുന്ന സമൂഹത്തിലേക്കും (പൂക്കി ബെയേഴ്സ്) ദേശത്തിന്റെ നിർവചനത്തിലേക്കും (പൂക്കി നേഷൻ) വികസിച്ചു. ഇക്കാലത്തായിരുന്നെങ്കിൽ പൂക്കിയെന്നുതന്നെ അച്യുതാനന്ദനും വിശേഷിപ്പിക്കപ്പെടുമായിരുന്നു എന്ന് ന്യായമായും വിചാരിക്കാം. ജനാധിപത്യസംവിധാനത്തിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ടു മുതിർന്നുവരുന്ന ഒരു തലമുറ, തങ്ങളുടെയുംകൂടി പ്രതിനിധിയായ ആളെ ചേർത്തുപിടിക്കുന്നതിനു സമാനമാണ്. അകലം കുറയൽ പ്രക്രിയയിലുള്ള രാഷ്ട്രീയവും പ്രധാനമാണ്. അതാണെല്ലാം എന്നു കരുതേണ്ടതില്ല. അതിൽ വിമർശനമുണ്ടോ നയപരിപാടികളുണ്ടോ രാഷ്ട്രീയതന്ത്രമുണ്ടോ ബജറ്റു വിശകലനമുണ്ടോ എന്നു നോക്കുന്നതിനു പകരം അതിനും രാഷ്ട്രീയത്തിൽ ചിലതെല്ലാം നിർവഹിക്കാനുണ്ടെന്നു കരുതുന്നതായിരിക്കും ഉചിതം.

ശിവകുമാർ ആർ.പി, തിരുവനന്തപുരം

സലിംകുമാറിലെ കലാകാരനും മനുഷ്യസ്നേഹിയും

അന്തരിച്ച നടൻ സലിംകുമാറിനെക്കുറിച്ച് രൂപേഷ് കുമാർ എഴുതിയ ‘ഇതൊക്കെ എന്ത്?’ എന്ന ലേഖനം (ലക്കം 1477) കേവലം ആ നടനെ അനുസ്മരിക്കൽ മാത്രമല്ല മറിച്ച്, ഒരു അഭിനേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംസാരഭാഷയും ശരീരഭാഷയും അഭിനയ ചാതുരിയും കൃത്യമായി വരച്ചിടുന്നതിനൊപ്പംതന്നെ കലാകാരൻ എന്നതിനപ്പുറമുള്ള അദ്ദേഹത്തിലെ പച്ചയായ മനുഷ്യനെയും പരിചയപ്പെടുത്തുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തപ്പെട്ട പലർക്കും വെള്ളിക്കരണ്ടിയുമായി ജനിച്ച ചരിത്രം പറയാനുള്ളപ്പോൾ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിൽനിന്ന് കയറിവന്ന് സിനിമയിലെത്തി ജീവിതം കരുപ്പിടിപ്പിച്ചവരുമുണ്ടാകാം.

അതിൽ കൂടുതൽ പേരും ദലിത് പിന്നാക്ക വിഭാഗത്തിൽപെട്ട പാർശ്വവത്കരിക്കപ്പെട്ടവരാകും. ഈ വസ്തുത കൃത്യമായി ലേഖനം ചർച്ചചെയ്യുന്നുണ്ട്. കലയിൽ ഇവരുടെ അടിസ്ഥാനം മിമിക്സ് പരേഡ്, ഗാനമേള തുടങ്ങിയ ഇനങ്ങളിലൂടെ ആയിരുന്നു താനും. അതുകൊണ്ടുതന്നെ ഈ പുതിയ കലാലോകം കേരളത്തിലെ അനേകം സബാൾട്ടൻ (കീഴാള) യുവാക്കൾക്ക് കലാ സാംസ്കാരിക രംഗത്തേക്കുള്ള പ്രവേശന കവാടമായി മാറി എന്ന നിരീക്ഷണവും വാസ്തവംതന്നെ.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സാധാരണക്കാരനായി വളർന്ന് സിനിമയിലും തനിക്ക് കൈപ്പിടിയിൽ ഒതുങ്ങുന്ന കഥാപാത്രങ്ങൾ ചെയ്ത സലിംകുമാറിലെ മനുഷ്യനും മനുഷ്യത്വവും എക്കാലവും ഓർമിക്കപ്പെടുകതന്നെ ചെയ്യും. മാത്രമല്ല, ആ നിലക്കാത്ത ചിരിയുടെ മുഴക്കം അദ്ദേഹത്തെ സ്നേഹിക്കുന്ന ആരുടെയും ചെവിയിൽ വന്നടിച്ചുകൊണ്ടേയിരിക്കും. സലിംകുമാറിലെ മനുഷ്യസ്നേഹിയായ യഥാർഥ കലാകാരനെ കണ്ടെത്താൻ ആർക്കും അത്ര പ്രയാസകരമാകുമെന്ന് കരുതുക വയ്യ.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

സലിംകുമാർ എന്ന അതുല്യ പ്രതിഭ

സലിംകുമാർ ഓർമകൾ (ലക്കം 1477) വായിച്ചു. ഞാൻ അവാർഡ് വാങ്ങുന്നത് തലയിലല്ല കൈയിലാണ് എന്ന് പറഞ്ഞ തലക്കനമില്ലാത്ത നടൻ മറ്റുള്ളവർ പറയാൻ മടിക്കുന്നവയിൽപോലും തന്റെ നിലപാടുകൾ വ്യക്തമാക്കിയ അതുല്യ പ്രതിഭ. അദ്ദേഹം ചെയ്ത വേഷങ്ങളെ ഓർക്കുന്നതോടൊപ്പം മിമിക്രിയുടെ സുവർണ കാലഘട്ടത്തെക്കൂടി അടയാളപ്പെടുത്തുന്നു. നാടകങ്ങളിൽ നിന്നും കഴിവുള്ള നടൻമാർ അഭ്രപാളിയിൽ അത്ഭുതം സൃഷ്ടിച്ചവരുണ്ട്. അവർ മികച്ച നടന്മാരായി തന്നെ വിധിയെഴുതി.

ആ കാലഘട്ടം മാറി. മിമിക്രിയിൽനിന്നും വന്ന പ്രതിഭകൾ രംഗം കീഴടക്കി. അവർ മികച്ച വേഷങ്ങൾ ചെയ്താലും. ഉൾക്കൊള്ളാനാവാതെ ഒരു കോമാളിത്തമായി കണ്ടു. (വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് തഴഞ്ഞത് ഉദാഹരണം) തനിക്കു കിട്ടുന്ന വേഷങ്ങൾ വലുതോ ചെറുതോ എന്ന് നോക്കാതെ തന്റേതായ ശൈലി രൂപപ്പെടുത്തുന്നതിൽ സലിംകുമാർ മികവു തെളിയിച്ചു. തന്റെ സഹപ്രവർത്തകനു കിട്ടാതെപോയ പുരസ്കാരം കാലത്തിന്റെ കടംവീട്ടലെന്നപോലെ നേടിയെടുത്തു. പക്കാ കോമഡി വേഷങ്ങൾ ചെയ്ത് നിറഞ്ഞാടുമ്പോഴും തന്നിലെ നടനെ പുറത്തുകൊണ്ടുവരുന്ന സീരിയസ് വേഷങ്ങളും ചെയ്തു.

ഞാനൊരു കള്ളനാ​െണന്ന് അമ്മ അറിഞ്ഞാൽ ചങ്കുപൊട്ടി ചാകും എന്ന് കഥാപാത്രമായി പറയുമ്പോഴും ഇതൊക്കെ എന്ത്? എന്ന ഹാസ്യവും ഭാവാത്മകമായി അവതരിപ്പിക്കുന്ന എത്രയെത്ര വേഷങ്ങൾ. ‘അച്ഛനുറങ്ങാത്ത വീട്’, ‘ആദാമിന്റെ മകൻ അബു’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ എന്നും ഓർക്കപ്പെടുന്നതാണ്.

ഫൈസൽ ടി.പി, അഞ്ചച്ചവിടി

‘കുമാരകോടി’ ഹൃദയസ്പർശിയായ കഥ

മധു തൃപ്പെരുന്തുറ എഴുതിയ ‘കുമാരകോടി’ എന്ന കഥ (ലക്കം 1473) വായിച്ചു. ബോട്ടുമുങ്ങിയുള്ള കുമാരനാശാന്‍റെ അകാലമരണത്തെ കുറിച്ചുള്ള കഥയാണിത്. കഥക്ക് സമാന്തരമായി ലാസറും സുധാമണിയുമായുള്ള പ്രേമകഥയുമുണ്ട്. ലാസർ പുന്നപ്രകാരി മാർത്തയെ കെട്ടി ആൽബിയുടെ അച്ഛനായി. ലാസറിനെ ഒരു ദിവസം കാണാതായപ്പോൾ ആൽബി സുധാമണിയുടെ വീട്ടിലും ചെല്ലുന്നു. അപ്പോൾ സുധാമണി പറഞ്ഞാണ് അറിഞ്ഞത് ഒന്നുകിൽ കുമാരകോടിയിൽ കാണും അല്ലെങ്കിൽ തോട്ടപ്പള്ളി കടപ്പുറത്തുണ്ടാകുമെന്ന്.

കറവപ്പശുക്കളെ കൊടുത്ത കാശുമായി രാജസ്ഥാനിലേക്ക് മുങ്ങിയ ലാസർ ഒരു കുതിരയെ വാങ്ങി തോട്ടപ്പള്ളിയിൽ പൊങ്ങുകയായിരുന്നു. ബീച്ചിലെത്തിയവർ കുതിരപ്പുറത്തു കയറാൻ പരസ്പരം മത്സരിച്ചു. അതേ ബീച്ചിൽ കപ്പലണ്ടി വിൽക്കാൻ ലാസറിന്‍റെ പഴയ കാമുകി സുധാമണി എത്തുന്നതോടെയാണ് വഴിത്തിരിവുകൾ. ഒരിക്കൽകൂടി പ്രണയത്തിന്‍റെ മുന്തിരിവള്ളികൾ തളിർക്കുന്നു. വിവരമറിഞ്ഞ സുധാകരൻ (ലാസറിന്‍റെ ​േജ്യഷ്ഠൻ) ലാസറിനെയും കുതിരയെയും ബീച്ചിലിട്ട് കത്തിക്കുമെന്ന് ഭീഷണി മുഴക്കി.

ഈ കഥ ഓർത്തുകൊണ്ടാണ് ആൽബി കുമാരകോടിയിൽ എത്തിയത്. സുധാമണിയെ കാണാനാണ് ലാസറിന്‍റെ കുമാരകോടി യാത്രയെന്ന് മാർത്ത ആരോപണം ഉന്നയിക്കുമ്പോൾ കുമാരനാശാനെ കാണാനാണെന്ന് ലാസർ തിരുത്തുന്നു.

കുമാരനാശാന്‍റെ കഥകൂടി ആശാന്‍റെ സ്മൃതികുടീരം സന്ദർശിക്കാനെത്തുന്നവരോട് ലാസറിന് പറയാനുണ്ടായിരുന്നു. ഇത് സ്വാനുഭവ കഥയായാണ് ലാസർ അവതരിപ്പിച്ചത്. ബോട്ടുമുങ്ങി കുമാരനാശാൻ മരിക്കുന്നതാണ് കഥ. പലരെയും ഓടിക്കൂടിയവർ രക്ഷിച്ചു. കുമാരനാശാനും ബോട്ടിൽ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞാണ് അറിഞ്ഞത്. യാത്രക്കാരെ കുത്തിനിറച്ചതും കണക്കിൽ കവിഞ്ഞ് ലഗേജുകൾ കയറ്റിയതുമാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് മനസ്സിലായി. പല്ലനയാറ്റിന്‍റെ ഇരുകരകളും ശ്മശാനഭൂമിയായി. ആശാന്‍റെ രണ്ടുവരി കവിതകളും സന്ദർഭത്തിനനുസരിച്ച് ലാസർ ചൊല്ലി കേൾപ്പിക്കുന്നുണ്ട്.

‘‘അന്തമില്ലാത്തൊരാഴത്തിലേക്കിതാ പാത താഴുന്നു താഴുന്നു കഷ്ടം.’’ കുമാരനാശാനെ തപ്പിയെടുത്തത് തന്‍റെ സ്വന്തം വല്യച്ഛനാണെന്ന ലാസറിന്‍റെ അവകാശവാദത്തെ ആരും മുഖവിലക്കെടുത്തതുമില്ല.

ഗുരു മന്ദിരത്തിന്‍റെ മണ്ഡപത്തിൽ ധ്യാനനിരതനായിരിക്കുന്ന ആളിനോട് ആൽബി അവനെ അന്വേഷിച്ചപ്പോൾ ചിന്നസ്വാമി കല്ലറയിലേക്ക് വിരൽചൂണ്ടി. ആൽബി ആശാന്‍റെ കല്ലറക്ക് സമീപത്തേക്കു ചെന്നു. അവിടെ ആറ്റിലേക്കിറങ്ങുന്ന പടവുകളിൽ ഒരാൾ ധ്യാനനിരതനായി ഇരിക്കുന്നുണ്ടായിരുന്നു. നിങ്ങളാരാണെന്ന ആൽബിയുടെ ചോദ്യത്തിന് ഞാൻ കുമാരു, ഈ സ്മൃതികുടീരത്തിന്‍റെ കാവൽക്കാരനാണെന്ന് ഉത്തരം കിട്ടി. ലാസർ അൽപം മുമ്പ് വരെ ഇവിടെയുണ്ടായിരുന്നെന്നും കുതിരയുമായി തോട്ടപ്പള്ളി ബീച്ചിലേക്ക് പോയിക്കാണുമെന്നും പറഞ്ഞു. എന്നാൽ, കടലെടുത്ത ബീച്ചിൽ ആരെയും കണ്ടില്ല.

കാവൽക്കാരന്‍റെ മടിത്തട്ടിൽ വിശ്രമിക്കുന്ന ഗ്രന്ഥത്തിലേക്കു നോക്കി ആൽബി ചോദിച്ചു: ‘‘കവിതയാണോ’’ അതെ ‘കരുണ’ എന്നായിരുന്നു ഉത്തരം. കുമാരനാശാനെ വർഗീയവാദികൾ ആപായപ്പെടുത്തിയതാണ് എന്ന കള്ളക്കഥ തിരുത്തുകയായിരുന്നു ലാസറെന്ന് ആൽബിയോട് പറയുമ്പോൾ കുമാരുവിന്‍റെ മുഖം മ്ലാനമായിരുന്നു.

ആൽബി നടന്നും ഓടിയും ബീച്ചിലെത്തി. അപ്പോൾ അതാ കടൽ വിഴുങ്ങിയ മണൽപ്പുറം തിരികെ വന്നിരിക്കുന്നു. അതാ കുതിരപ്പുറത്ത് ചക്രവാളം നോക്കിനിൽക്കുന്ന അപ്പൻ. എങ്ങനെയോ അപ്പന് സമീപത്തെത്തി. അപ്പൻ ചോദിച്ചു. ‘‘ഞാൻ ഇവിടെയുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി?’’ കുമാരകോടിയിലെ വാച്ചർ പറഞ്ഞുവെന്ന് ആൽബി. വാച്ചറോ, അവിടെയങ്ങനെ ആരുമില്ലെന്ന് ലാസർ. ലാസർ ഏറെ പ്രകാശിക്കുന്ന ഒരു നക്ഷത്രത്തെ നോക്കി. നക്ഷത്രം പരിചയഭാവത്തിൽ ഇമചിമ്മി.

ലാസർ കുതിരപ്പുറത്തേക്ക് ചാടിക്കയറി. ആ രാത്രി വേഗം പുലരരുതെന്ന് അപ്പനും മകനും ഒരുപോലെ ആശിച്ചു. ദാ ആവിടെയാണ് കാവൽക്കാരൻ ഇരുന്നിരുന്നതെന്ന് ആൽബി വിരൽ ചൂണ്ടി. എന്നാൽ ആ പരിസരം മൊത്തം ശൂന്യമായിരുന്നു. അപ്പോഴേക്കും കോഴിക്കൂട്ടം വട്ടം കൂവി. ഗ്രാമവൃക്ഷത്തിലെ കുയിൽ പാടാൻ തുടങ്ങി. കുമാരനാശാന്‍റെ അകാല നിര്യാണത്തെക്കുറിച്ച് ഇങ്ങനെയൊരു കഥ വളരെ സ്വാഭാവികമായി മെനഞ്ഞെടുത്ത കഥാകൃത്തിന് അഭിനന്ദനങ്ങൾ. വളരെ മനോഹരമായിട്ടുണ്ട് കഥയുടെ ശിൽപഭംഗി.

സദാശിവൻ നായർ എരമല്ലൂർ

Show More expand_more
News Summary - Letters