എഴുത്തുകുത്ത്

അനാഥരുടെ തൊഴുത്ത്
അതിരുകളുടെ അദൃശ്യനായ ഒരു നിയന്താവിനെപ്പോലെ തന്റെ ഭാഷകൊണ്ട് കഥയുടെ തുറസ്സുകൾ ഇടക്കിടെ മനോഹരമായി വരുതിയിലാക്കി വെക്കുന്നുണ്ട് ആർ. സ്വാതി, ‘ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്’ (ലക്കം 1474) എന്ന കഥയിൽ. ഒന്നും അധികമോ കുറവോ അല്ലാതെ പുല്ലുമേയുന്ന പൈക്കിടാങ്ങളെ ഇടയന്റെ തെളിക്കലായി അതു മെരുക്കിനിർത്തുന്നു. സുരക്ഷയുടെ ഒരു മൂന്നാം കണ്ണ് തന്റെ അകത്തും പുറത്തും പക്വതയുടെ ഒരാവരണമായി പൂർണതയിലേക്ക് എത്തുന്നത് കാത്തിരിക്കയായിരുന്നു തറമ്മൽ തെരേസ എന്ന ത്രേസ്യ. പക്ഷേ, നിർഭാഗ്യവശാൽ അവർക്കതിനു കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവിതമായിരുന്നു. നക്ഷത്രവെളിച്ചത്തിലേക്കുള്ള ആ യാത്രയിൽ അവർ നേരിടുന്ന പ്രതിസന്ധികൾ അസാമാന്യ കൈയടക്കത്തോടെ കഥാകാരി വരച്ചിടുന്നു.
ത്രേസ്യ താമസിക്കുമ്പോൾ ആ വീടിന് ത്രേസ്യയുടെ ഛായയുള്ളതുപോലെ ശ്രീരാഗിനു തോന്നിയിരുന്നു. ഒരു നന്ദിയുമില്ലാത്ത വീട്. എത്ര പെട്ടെന്നാണ് മറ്റൊരാൾക്ക് വഴങ്ങിക്കൊടുക്കുന്നത്. അത്രമേൽ ഹ്രസ്വം, പ്രണയം, വിസ്മൃതിയെത്ര ദീർഘവും എന്ന നെരൂദാവചനം കഥയിൽനിന്ന് പുറത്തേക്ക് ഒരു നീലപ്പൊകയായി, പെർഫ്യൂമായി ഏതൊക്കെയോ കാലിത്തൊഴുത്തിലേക്ക് പടരുന്നുണ്ട്.
നിഗൂഢവും രഹസ്യാത്മകവുമായ ത്രേസ്യയുടെ ജീവിതം ഒടുക്കത്തിൽനിന്ന് തുടക്കത്തിലേക്ക് വളരുമ്പോൾ ചില മുഖകവചങ്ങൾകൂടി അനാവരണം ചെയ്യപ്പെടുന്നുണ്ട്. സൂക്ഷ്മതയുടെ നൂൽപാലത്തിലൂടെ വായനക്കാരനെ നിശ്ശബ്ദം നടത്തുമ്പോൾ ഒരു ഡാർക് ഹ്യൂമറിന്റെ സ്വരത്തിൽ പിന്നിൽനിന്ന് ആരോ പറയുന്നത് കേൾക്കാം. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.
സി. ഹനീഫ്, കൂത്തുപറമ്പ്
മൂല്യച്യുതി ബാധിച്ച വിദ്യാഭ്യാസ രംഗം
സ്കൂൾ വെറും പാഠശാല മാത്രമല്ല. അതൊരു സാമൂഹികഘടകമാണ്. ജനാധിപത്യമൂല്യങ്ങൾ, മതേതര കാഴ്ചപ്പാടുകൾ എല്ലാം കുട്ടി ക്ലാസ് റൂമിൽനിന്ന് പഠിക്കേണ്ടതുണ്ട്. അതിനിണങ്ങുന്ന സാമൂഹിക ചുറ്റുപാടാണ് ഒരു സ്കൂളിലുണ്ടാവുക. മത-ജാതി-ലിംഗ അസമത്വങ്ങളെ തകർക്കുന്ന കാഴ്ചപ്പാട് അവനിൽ രൂപംകൊള്ളും. അതുകൊണ്ടാണ് കോത്താരി കമീഷന്റെ തലവാചകത്തിൽ ‘ഇന്ത്യയുടെ ഭാവി ക്ലാസ് റൂമുകളിൽ രൂപംകൊള്ളുന്നു’ എന്നെഴുതിയത്.
കണ്ണൂർ ഡെന്റൽ കോളജിലെ നിധിൻ രാജിന്റെ ആത്മഹത്യയും ഇതിനോട് ചേർത്തുവായിക്കണം. കറുത്തവനും ദലിതനുമായതിന്റെ പേരിൽ ‘‘നീ ചെത്തലപ്പട്ടിയാണ്, നിന്നെ തോൽപിക്കും, കൈയും കാലും ഓടിക്കും’’ എന്ന് ആക്രോശിക്കുന്ന അധ്യാപകന്റെ ഹൃദയം എത്രമാത്രം കറുത്തതാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തികച്ചും സ്വാർഥമായപ്പോൾ ഭരണകൂടത്തിന്റെ ലക്ഷ്യവും തികച്ചും സ്വാർഥവും കുടിലവുമായി. മനുഷ്യസംസ്കാരം വീണ്ടെടുക്കലാണ് പ്രാഥമികമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ജോലി പിന്നാലെ വരുന്നതാണ്. എന്നാൽ, ഇന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഭരണകൂടവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി കണക്കാക്കുന്നത് ഉന്നത വിദ്യാഭ്യാസവും ഉന്നത ജോലിയുമാണ്.
ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനുള്ള നിഗൂഢനീക്കത്തിന്റെ ഭാഗമായി വേണം ഇത്തരം പ്രവൃത്തികളെ കാണാൻ. ആത്മഹത്യചെയ്യുമ്പോഴോ മറ്റു ഗുരുതര സംഭവങ്ങളുണ്ടാകുമ്പോഴോ മാത്രമാണ് പുറംലോകം ഇങ്ങനെയുള്ള സംഭവങ്ങൾ അറിയുന്നത്. വിവിധ കലാലയങ്ങളിൽ എത്രയോ കുട്ടികൾ നിന്ദ്യമായ അവഗണനകളും പീഡനങ്ങളും ഏറ്റുവാങ്ങി പഠനം തുടരുന്നുണ്ട് എന്നുവേണം കരുതാൻ.
രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിച്ച് മതരാഷ്ട്രമാക്കാൻ, കുട്ടികൾ പഠിക്കേണ്ട കരിക്കുലംതന്നെ കേന്ദ്രസർക്കാർ മാറ്റിയിട്ടുണ്ട്. 1986ൽ രാജീവ് ഗാന്ധിയുടെ കാലത്തുണ്ടാക്കിയ കോത്താരി കമീഷൻ ലിബറൽ സ്വഭാവത്തിലുള്ളതായിരുന്നു. ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയ സമീപനം, സമത്വം, ദേശീയഐക്യം, സ്വാതന്ത്ര്യ സമരചരിത്രം, പൊതു പാരമ്പര്യം, ഭരണഘടന എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. 2020ലെ പുതിയ വിദ്യാഭ്യാസ പദ്ധതിയിൽ മതേതരത്വം, ജനാധിപത്യം എന്ന വാക്കുപോലുമില്ല എന്നത് അതിന്റെ ഏറ്റവും വലിയ പോരായ്മയായും നിഗൂഢതന്ത്രമായും വിദഗ്ധർ കണക്കാക്കുന്നു.
മുഗൾ ചരിത്രംപോലുള്ള മുസ്ലിം ഭരണകാലഘട്ടം സിലബസിൽനിന്ന് ഒഴിവാക്കി എന്നുമാത്രമല്ല അവരെ ഏറ്റവും വലിയ വർഗീയവാദികളായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ദേശീയ നേതാക്കളിൽനിന്നും സ്വാതന്ത്ര്യസമര നായകരിൽ അബുൽ കലാം ആസാദ്, ജവഹർലാൽ നെഹ്‌റു, മറ്റു മുസ്ലിം പേരുള്ള ദേശീയ നേതാക്കളെ ഒഴിവാക്കുകയും സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ആർ.എസ്.എസ് നേതാക്കളെ തിരുകിക്കയറ്റുകയും ചെയ്തു. ഇതെല്ലാം പഠിച്ചിറങ്ങുന്ന ഒരുകുട്ടി രാജ്യത്തിന് ഒരിക്കലും അനുഗുണമാവില്ല, എന്നുമാത്രമല്ല ഇന്ന് നിലനിൽക്കുന്ന ഇന്ത്യൻ അഖണ്ഡതക്ക് ഭീഷണിയാവുകയും ചെയ്യും.
കാലങ്ങളോളം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുട്ടികൾ ഹിന്ദുത്വവാദികൾ ആഗ്രഹിക്കുന്നതുപോലെ കൊടും വർഗീയവാദികളും ഏതുകാലത്തും ഹിന്ദുത്വയെ പിന്തുണക്കുന്നവരുമായി മാറിയിട്ടുണ്ടാവുമെന്ന് സ്വാഭാവികമായും നമുക്ക് അനുമാനിക്കാം.
കേരളത്തിലെ പുതിയ സർക്കാറിന്റെ മുന്നിൽ ആദ്യം വരുന്ന വെല്ലുവിളിയായിരിക്കും വിദ്യാഭ്യാസത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പി.എംശ്രീയുടെ പേരിൽ കഴിഞ്ഞ സർക്കാറിനെ രൂക്ഷമായി വിമർശിച്ച ഇപ്പോഴത്തെ സർക്കാർ വർഗീയ സംഘടനകളെ അകറ്റാൻ എത്രമാത്രം ത്യാഗത്തിന് തയാറാകുമെന്ന് കാണാം. കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഫണ്ട് ഈ വിദ്യാഭ്യാസ പരിഷ്കാരവുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്.
മത വർഗീയവാദം എല്ലാവർക്കുമറിയുന്നതുപോലെ എതിർക്കപ്പെടേണ്ടതാണ്. അതുപോലെ വിമർശിക്കപ്പെടേണ്ടതും കരുതലോടെ മാറ്റിനിർത്തേണ്ടതുമാണ് രാഷ്ട്രീയ വർഗീയവാദം. രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ വർഗീയതയെക്കാൾ സംഭവിക്കാറുള്ളത്. എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് അക്രമത്തിന്റെ പാതവിട്ട് സൗഹർദത്തിന്റെ മാർഗം തെരഞ്ഞെടുത്തുകൂടാ.
അക്രമത്തിലൂടെ ചിലരെ വാർത്തെടുക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്നതുപോലെയാണ് വിദ്യാർഥികളെ ക്രൂരമായ കൊലപാതകങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നേതാക്കന്മാരിൽ നിന്നുണ്ടാവുന്നത്. വയനാട്ടിലെ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് കോളജിലെ സിദ്ധാർഥിനെ എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു കൊലപ്പെടുത്തി എന്ന കേസിനാസ്പദമായ സംഭവം നടന്നത് 2024ലാണ്.
പക്ഷേ, ഈ കൊലപാതകത്തിന് നേരെ കണ്ണടക്കാനും അതിന് മൗനാനുവാദം നൽകാനും സി.പി.എം തയാറായി എന്നത് ദൗർഭാഗ്യകരമാണ്. തങ്ങൾ മാത്രമേ ഇവിടെ പഠിക്കാവൂ തങ്ങൾ മാത്രമേ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കാവൂ എന്ന തിട്ടൂരം സവർണർ മാത്രമേ പഠിക്കാവൂ എന്ന ഹിന്ദുത്വ വിചാരംപോലെ എതിർക്കപ്പെടേണ്ടതാണ്.
രാജ്യത്ത് സമഗ്രമായ പുരോഗതിയും വളർച്ചയുമാണ് വേണ്ടത്. അതിന് ചിലർ പഠിക്കുക ചിലർ പഠിക്കാതിരിക്കണമെന്ന നിഷേധാത്മക സമീപനം ശരിയല്ല. പഠിക്കാൻ ബുദ്ധിയും സാമർഥ്യവും താൽപര്യവുമുള്ള എല്ലാവരും പഠിക്കണം.
കെ.എ. റഹീം കൊളത്തൂർ
താഴോട്ടു പതിക്കുന്ന മാധ്യമ സ്വാതന്ത്ര്യം
മീഡിയാസ്കാനിൽ (ലക്കം 1472) യാസീൻ അശ്റഫ് എഴുതിയ ‘മാധ്യമ സ്വാതന്ത്ര്യം പിന്നെയും താഴോട്ട്’ എന്ന കുറിപ്പ് വായിച്ചു. ഇന്ത്യയിലെ മാധ്യമങ്ങൾ സ്വതന്ത്രമാണെന്ന് മേനിപറയാറുണ്ട്. അതൊരു പച്ചനുണയാണെന്നു റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയുടെ പുതിയ ആഗോള മാധ്യമ സ്വാതന്ത്ര്യസൂചിക വെളിപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണായ മാധ്യമങ്ങൾക്കു ദുഷ്ടാധികാര ശക്തികളുടെ നാനാതരത്തിലുള്ള ആക്രമണങ്ങളെയും സമ്മർദങ്ങളെയും നിയന്ത്രണങ്ങളെയും നേരിടേണ്ടിവരുന്നു എന്നതാണ് പരമസത്യം. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ഇന്നത്തെ ദുരവസ്ഥ അടിയന്തരാവസ്ഥയുടെ നീചനാളുകളെ ഓർമിപ്പിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ശോച്യമായ അവസ്ഥയിൽ കേവലം നിരാശപ്പെട്ടതുകൊണ്ടുമാത്രം ഒരു ഫലവുമില്ല. സ്ഥൈര്യശാലികളായ സ്വാതന്ത്ര്യദാഹികളുടെ ശക്തമായ പോരാട്ടംകൊണ്ടു മാത്രമേ മാധ്യമ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ കഴിയൂ എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ഓർക്കുക, മാധ്യമ സ്വാതന്ത്ര്യം നിലനിന്നാൽ മാത്രമേ ജനാധിപത്യവും നിലനിൽക്കുകയുള്ളൂ.
ടി.ഐ. ലാലു, പഴമുക്ക്, തൃശൂർ
ജാതിവിവേചനത്തിന്റെ മൂർത്തരൂപങ്ങൾ
ഡോ. എം.കെ. വാസു എഴുതിയ ‘ഹർത്താലിന്റെ ജാതി’ എന്ന ലേഖനം (ലക്കം 1472) ജനാധിപത്യത്തിന്റെ അതിശക്തമായ ഉയിർത്തെഴുന്നേൽപിന്റെ നാൾവഴികളെയാണ് അടയാളപ്പെടുത്തുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ നിരക്ക് മുൻവർഷങ്ങളെക്കാൾ 65 ശതമാനം വർധിച്ചതായി പറയുന്നു. 2013ൽ 8423 ആയിരുന്നെങ്കിൽ 2023 ആകുമ്പോഴേക്കും 13,892 വിദ്യാർഥികളാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും പിന്നാക്ക, ന്യൂനപക്ഷ, ദലിത്, ആദിവാസി സമൂഹങ്ങളിൽ നിന്നുള്ളവരാണ്.
വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളെ ജാതി അധിക്ഷേപത്തിനും മാനസിക പീഡനങ്ങൾക്കും വിധേയരാകുന്നുണ്ട്. 2014 മുതൽ 2024 വരെയുള്ള 10 വർഷക്കാലയളവിൽ ഇന്ത്യയിൽ ജീവനൊടുക്കിയ ദലിത് വിദ്യാർഥികളുടെ എണ്ണം 115 ആണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ ആത്മഹത്യകളും കൊലപാതകങ്ങളും നിരന്തരം ആവർത്തിക്കുമ്പോൾ നിധിൻ രാജിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതിശ്രേണി വ്യവസ്ഥയുടെ അഴുകിയ ശേഷിപ്പുകൾ പേറുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവിന്റെ അറവുശാലകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 55 ദലിത് സംഘടനകൾ ഒരുമിച്ച് ഏപ്രിൽ 28ന് നടത്തിയ ഹർത്താൽ വിജയിച്ചുവെന്നത്, സംഘടിച്ചാൽ ദലിതർക്കും ശക്തരാകാമെന്ന് തെളിയിച്ചിരിക്കുന്നു.
ഫാ. ഡാർലി എടപ്പാങ്ങാട്ടിൽ, മുളന്തുരുത്തി
‘ചെയ്ത്താൻ പാലം’: ഭാവനയുടെ പ്രതിരോധം
ഷീല ടോമിയുടെ ‘ചെയ്ത്താൻ പാലം’ (ലക്കം 1468) എന്ന കഥ, ആവിഷ്കാരസ്വാതന്ത്ര്യത്തെയും ചരിത്രത്തിന്റെ രാഷ്ട്രീയവത്കരണത്തെയും കുറിച്ചുള്ള അതീവ ഗൗരവതരമായ ഒരു ചർച്ചയാണ്. കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ കഥ, സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളെ കൃത്യമായി വരച്ചുകാട്ടുന്നു.
ഒരു കഥാകാരിക്കെതിരെ കോടതിയിൽ നടക്കുന്ന മാനനഷ്ടക്കേസിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വികസിക്കുന്നത്. കഥാകാരി എഴുതിയ കഥയിലെ സംഭവങ്ങൾ തങ്ങളുടെ ജീവിതത്തെ അപമാനിക്കുന്നതാണ് എന്നാരോപിച്ചാണ് നാട്ടിലെ പ്രമുഖനായ തിമോത്തി കേസ് നൽകുന്നത്.
ചരിത്രത്തെ തിരുത്തുന്ന രാഷ്ട്രീയം. ഇതിലെ ഏറ്റവും ശക്തമായ രാഷ്ട്രീയവശം ചരിത്രത്തെയും വസ്തുതകളെയും തങ്ങൾക്കനുസരിച്ച് മാറ്റിയെഴുതാനുള്ള അധികാരത്തിന്റെ ശ്രമമാണ്.
‘‘ചരിത്രം തിരുത്തുന്നപോലെയല്ലല്ലോ ഒരാളുടെ ഭാവനയിൽ കയറി തിരുത്തൽവരുത്തുന്നത്’’ എന്ന വരിയിലൂടെ, ഇന്ത്യയിൽ ഇന്ന് നടക്കുന്ന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള (Historical Revisionism) ശ്രമങ്ങളെ കഥാകാരി നേരിട്ട് വെല്ലുവിളിക്കുന്നു. ഒരു കഥയുടെ ക്ലൈമാക്സ് തിരുത്താൻ അധികാരികൾക്ക് അവകാശമില്ലെന്ന് പറയുന്നതിലൂടെ, ഭരണകൂടം പൗരന്റെ ചിന്തക്കും ഭാവനക്കും മേൽ നടത്തുന്ന അധിനിവേശത്തെ അടിമുടി പരിഹസിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വിചാരണ
കഥാകാരിക്കെതിരെ നൽകിയ കേസ് വർത്തമാനകാലത്ത് എഴുത്തുകാർ നേരിടുന്ന വേട്ടയാടലുകളുടെ പ്രതിഫലനമാണ്. പരാതിക്കാരനായ തിമോത്തിയും മകളും കഥയിലുണ്ടെന്ന കാരണത്താൽ മാനനഷ്ടക്കേസ് നൽകുന്നത്, സ്വതന്ത്രചിന്തയെ നിയമംമൂലം അടിച്ചമർത്താൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് പ്രവണതയാണ്.
‘‘സീതയെന്നും ജാനകിയെന്നുമൊക്കെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ എതിർപ്പുകൾ ഉയരുന്ന നാട്ടിൽ ഇതിലുമപ്പുറം കാണേണ്ടിവരും’’ എന്ന കോടതിയുടെ നിരീക്ഷണം ഇന്ത്യയിലെ ഇന്നത്തെ സാംസ്കാരിക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നു.
കാലത്തെ അതിജീവിച്ച ‘ചെയ്ത്താൻപാലം’: കഥയിലെ ശോശന്നയുടെ ഓർമകളിലും ജീവിതത്തിലും ‘ചെയ്ത്താൻപാലം’ ഒരു നിഴലായി കൂടെയുണ്ട്. ‘‘പാലത്തിന്റെ വേരുകളിൽ, ശാഖികളിൽ, നൂറ്റാണ്ടിന്റെ ഒച്ചകൾ കുടിയേറിയിരിക്കുന്നു. ആർത്തനാദങ്ങൾ, ആവലാതികൾ, പൊട്ടിച്ചിരികൾ.’’ ഇത് കേവലമൊരു പാലമല്ല, മറിച്ച് ആ നാടിന്റെ ആത്മാവ് തന്നെയാണെന്ന് വായനക്കാരന് തോന്നിപ്പോകും.
ശോശന്ന അഥവാ നിലപാടുകളുടെ കരുത്ത്: അധികാരത്തിനും ചരിത്രത്തെ മാറ്റാൻ ശ്രമിക്കുന്നവർക്കും മുന്നിൽ വിറക്കാതെ നിൽക്കുന്ന സത്യത്തിന്റെ സാക്ഷിയാണ് ശോശന്ന എന്ന കഥാപാത്രം. 18ാം വയസ്സിൽ അപ്പന്റെ ജീവൻ രക്ഷിക്കാൻ ഒറ്റക്കണ്ണൻ ലോറിയിൽ കയറിപ്പോയ അവളുടെ ധീരത, ഏതു പ്രതിസന്ധിയിലും തളരാത്ത സാധാരണ മനുഷ്യരുടെ രാഷ്ട്രീയ ബോധ്യമാണ്.
‘‘കഥയിൽ കുറിച്ചതെല്ലാം രാത്രിപോലെ സത്യമാണെന്നും താനാരാണെന്ന് ആവശ്യനേരത്ത് വെളിപ്പെടുത്താമെന്നും’’ പറയുന്ന വീൽചെയറിൽ ഇരിക്കുന്ന മനുഷ്യൻ, ഭരണകൂടം മായ്ക്കാൻ ശ്രമിക്കുന്ന യഥാർഥ ചരിത്രത്തിന്റെ അടയാളമാണ്.
കഥയും ‘മൻ ബാത്തും’: കഥാകാരിയുടെ ചിന്തകൾക്ക് നൽകുന്ന വിശേഷണം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ അർഥതലങ്ങളുള്ളതാണ്. ‘‘കഥ ‘മൻ ബാത്’ ആണ്. എഴുത്താളുടെ മനസ്സിലെ സ്വകാര്യം’’ എന്ന പ്രയോഗം, ഭരണാധികാരികളുടെ ഏകപക്ഷീയമായ പ്രഭാഷണങ്ങൾക്കെതിരെ (Mann Ki Baat) നടത്തുന്ന മൗനമായ എന്നാൽ ശക്തമായ പ്രതിരോധമാണ്. കഥയുടെ അവസാനം വളരെ വൈകാരികവും എന്നാൽ ദാർശനികവുമാണ്. കഥാപാത്രമായി തന്നെ മാറുന്ന ന്യായാധിപന്റെ ഇടപെടൽ കഥയുടെ ക്ലൈമാക്സിനെ മനോഹരമായി മാറ്റുന്നു.
ഷമീർ ടി.കെ. ഹസ്സൻ
വായനക്കാരനെ സഹയാത്രികനാക്കിയ കഥ
വിനോദ് പുളിയാന എഴുതിയ ‘വെയിലേറ്റുറങ്ങുന്ന പെൺകുട്ടി’ (ലക്കം 1473) വായിച്ചു. കഥയുടെ പ്രമേയവും തലക്കെട്ടും സൂപ്പർ. വായനക്കാരനെ ഒരു സഹയാത്രികനാക്കാൻ കഥാകാരനു സാധിച്ചു എന്ന് നിസ്സംശയം പറയാം. കഥാപാത്രത്തിന്റെ പേര് തിരഞ്ഞെടുത്തതിൽ കാണിച്ച ധിഷണ വൈഭവം പ്രശംസനീയം. സൂക്ഷ്മഭാവങ്ങളെപ്പോലും ശ്രദ്ധിച്ച രചനാശൈലി. ഒരുപാട് ഇഷ്ടമായി. ഇനിയും തൂലിക ചലിപ്പിച്ച് ഉയരങ്ങളിലെത്താൻ എഴുത്തുകാരന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
രാജി മാടപ്പാട്ട്