Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

ജലത്തിന്റെ പുരുഷാധികാരവും അടുക്കളയിലെ വിഷവെള്ളരിയും

കൃപ അമ്പാടിയുടെ ‘വെള്ളരി നാടകം’ (ലക്കം 1472) കേവലമൊരു ഗ്രാമീണകഥയല്ല; അധികാരത്തിന്റെയും ജലത്തിന്റെയും ലിംഗരാഷ്ട്രീയത്തിന്റെയും ബഹുസ്വര ആഖ്യാനമാണ്. ഇവിടെ, ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോയുടെ ‘അധികാര പുരാവൃത്തം’ (Genealogy of power) ഗ്രാമീണമണ്ണിൽ തറച്ചുനിൽക്കുന്നു. ചേപ്പൻ എന്ന കർഷകൻ –തലമുറകളായി കിണറിന്റെ നിയന്ത്രണം കൈവശം വെച്ചവൻ– ജലത്തെ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുവായിട്ടല്ല, മറിച്ച് പുരുഷാധിപത്യ മാധ്യമമായാണ് കാണുന്നത്.

എന്നാൽ, ആധുനികത –ത്രീഫേസ് കണക്ഷനും മോട്ടോർ പമ്പും– അയാളുടെ ഏകാധിപത്യത്തെ ഇല്ലായ്മചെയ്യുമ്പോൾ, ‘കിണറുവിലക്ക്’ എന്ന അനുഷ്ഠാനത്തിലൂടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ അയാൾ ശ്രമിക്കുന്നു. ചേപ്പന്റെ കിണർ നിയന്ത്രണം തകർക്കപ്പെടുമ്പോൾ, പുരോഗമനത്തിന്റെ വാഗ്ദാനങ്ങൾ ജലശൂന്യമായ അധികാരചിഹ്നങ്ങളായി അവശേഷിക്കുന്നു. പ്ലാറ്റോയുടെ ഗുഹാരൂപകം (allegory of the cave) ഇവിടെ തിരിച്ചുവായിക്കാം: നാടകം കാണുന്നവർ തന്നെയാണ് നാടകം.

ഇത് ബയോപൊളിറ്റിക്സിന്റെ (ജൈവരാഷ്ട്രീയം) ഗ്രാമീണ മാതൃകയാണ്: ജലം ജീവന്റെ ആധാരം മാത്രമല്ല, മർദനത്തിന്റെ ഉപകരണംകൂടിയാകുന്നു. ഹെഗലിയൻ ‘മാസ്റ്റർ-സ്ലേവ് ഡയലക്ടിക്കി’ന്റെ പ്രതിധ്വനി ഇവിടെയുണ്ട്. കർഷകസംഘവും സർക്കാറും ഇടപെടുമ്പോൾ യജമാനനും അടിമയും തമ്മിലുള്ളബന്ധം മാറിമറിയുന്നു.

ജലത്തിന്റെ അപര്യാപ്തത ഗ്രാമീണ സമൂഹത്തിലെ വർഗ-ലിംഗ അസമത്വങ്ങളെ വെളിപ്പെടുത്തുന്നു. സ്ത്രീകൾ ‘കുടവുമായി വരിനിൽക്കുന്ന’ കാഴ്ച സാമൂഹിക അസമത്വത്തിന്റെ ജലചിഹ്നമാണ്. പുരുഷന്മാർ ‘നാടക’ത്തിന്റെ വേദിയിൽ രാജാക്കന്മാരാകുമ്പോൾ, സ്ത്രീകൾ അടുക്കളയിൽ ‘വിഷം പുരണ്ട വെള്ളരി’ ഒരുക്കുന്നു.

മൂന്നു തലമുറയിലെ സ്ത്രീകൾ –കുഞ്ഞിപ്പെണ്ണ്, ശാലിനി, സുമിത്ര–പുരുഷാധികാരത്തിന്റെ മുന്നിൽ വ്യത്യസ്തരീതികളിൽ പ്രതികരിക്കുന്നു. സുമിത്ര കിണറ്റിൽ ചാടുന്നത് ആത്മഹത്യാശ്രമമാണെങ്കിലും, ‘നീന്തലറിയാത്തവൾ ഒഴുകിപ്പൊങ്ങിക്കിടക്കുന്ന’ കാഴ്ച യഥാർഥത്തിൽ അധികാരത്തെ അമ്പരപ്പിക്കുന്ന ഒരു ‘പ്രകടന’മാണ്. ചേപ്പൻ രാജാവാകുന്ന രംഗത്ത്, വിഷംപുരണ്ട വെള്ളരിയേന്തി കുഞ്ഞിപ്പെണ്ണ് നിൽക്കുന്നു. ആ രംഗം, ബഷീറിന്റെ ‘നീലവെളിച്ച’ത്തിലെ വിഷാദവും എം.ടിയുടെ ‘രണ്ടാമൂഴ’ത്തിലെ പ്രതികാരവും ഓർമിപ്പിക്കുന്നു.

കുഞ്ഞിപ്പെണ്ണ് രാജാവിന് വിഷവെള്ളരി സമ്മാനിക്കാൻ ഒരുങ്ങുന്നത്, യൂറിപ്പിഡസ് എന്ന ഗ്രീക് നാടകകൃത്ത് രചിച്ച ‘മിഡിയ’ (Medea) എന്ന ദുരന്തനാടകത്തിലെ മിഡിയ മുതലുള്ളവരുടെ പ്രതികാര-പ്രതിരോധ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നു. കുഞ്ഞിപ്പെണ്ണ് ‘കലങ്ങിയ കണ്ണുകളോടെ പിൻവാങ്ങുന്നത് കീഴടങ്ങലല്ല –മറിച്ച്, സംസാരിക്കാൻ വാക്കുകളില്ലാത്തവളുടെ രാഷ്ട്രീയമാണ്.

കൃപയുടെ ഭാഷയിലെ ശബ്ദലോപവും ഖണ്ഡിതവാക്യങ്ങളും അന്യോന്യവും മലയാളത്തിന്റെ പരീക്ഷണാത്മക പാരമ്പര്യത്തെ പുതുക്കുന്നുണ്ട്. ‘നാടകത്തിനുള്ളിൽ നാടകം’ എന്ന രൂപകം ഷേക്സ്പിയറുടെ ‘As You Like It’ലെ ‘ലോകം ഒരു വേദി’ (“all the world’s a stage”) എന്ന വരിയെ ഗ്രാമീണ കേരളത്തിന്റെ മണ്ണിൽ നട്ടുവളർത്തുന്നു. ‘വെള്ളരി നാടകം’ കേവലം ഒരു നാടകമല്ല; ജീവിതത്തിന്റെ അടരുകൾ അഴിയുന്ന ഉപമാനന്തര (post-allegorical) യാഥാർഥ്യമാണ്. എന്നാൽ, ഇവിടെ വേദിയിൽ അഭിനയിക്കുന്നത് പുരുഷന്മാർ, കാണുന്നത് സ്ത്രീകൾ. ഈ അസമമിതിതന്നെയാണ് കഥയുടെ കാതൽ. യഥാർഥ ജീവിതത്തിലെ ആഘാതങ്ങൾ (സുമിത്രയുടെ കിണറ്റുചാട്ടം, കുഞ്ഞിപ്പെണ്ണിന്റെ വിഷം) ‘നാടകീയ’മായിത്തീരുന്നു.

ഈ കഥയിലെ ഓരോ കഥാപാത്രവും ഒരു വേഷക്കാരനാണ്: ചേപ്പൻ രാജാവായി അഭിനയിക്കുന്നു; കുഞ്ഞിപ്പെണ്ണ് ഭയപ്പെടുത്തുന്ന ഭാര്യയായി; സുമിത്ര നിഗൂഢതയായി. ജീവിതം ഒരു ‘വെള്ളരി നാടകം’ മാത്രമാണോ? അതോ വെള്ളരിക്കണ്ടത്തിൽ മുളച്ചുനിൽക്കുന്ന ചോദ്യചിഹ്നങ്ങൾ യഥാർഥ ജീവിതത്തിന്റെ കാഠിന്യമാണോ? കൃപയുടെ ഈ കഥ, ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾ ബാക്കിവെക്കുന്ന, സമകാലിക മലയാള സാഹിത്യ സാധ്യതകളെ നനയ്ക്കുന്ന മഴത്തുള്ളികൂടിയാണ്.

ഫാദർ മോത്തി മോളി വർക്കി

ഈ ലേഖനങ്ങൾ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നേരിട്ട കനത്ത തോല്‍വിയെ അപഗ്രഥിച്ച് തയാറാക്കിയ ആഴ്ചപ്പതിപ്പ് (ലക്കം 1472) ശ്രദ്ധേയമായി. അതിലെ ‘ജനങ്ങളുടെ വിധി, ശിക്ഷ’ എന്ന പത്രാധിപരുടെ തുടക്കവും, പി.ടി. നാസറിന്റെ ‘കേരളം ജനാധിപത്യവാദികളുടെ മാതൃഭൂമി’, വയലാർ ഗോപകുമാറിന്‍റെ ‘തകര്‍ച്ചയില്‍നിന്ന്‌ സി.പി.എം പഠിക്കുമോ?’ എന്നതും ചിന്തയെ ഉദ്ദീപിപ്പിക്കുന്നു.

പത്തുവര്‍ഷം ഭരിച്ച സര്‍ക്കാര്‍ തോറ്റ് തുന്നംപാടിയതിന്‍റെ അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുകയാണ് എഴുത്തുകാർ. ‘കടക്കു പുറത്ത്’, ‘ചെറ്റത്തരം’, ‘വീട്ടീപ്പോയി ചോദിച്ചാ മതി’, ‘ഡാഷ് മോന്‍’ തുടങ്ങിയ ക്യാപ്റ്റൻ ഫെയിം പ്രയോഗങ്ങൾ വോട്ടർമാരിൽ ഏൽപിച്ച ആഘാതം എത്രയായിരുന്നെന്ന് ഇതിൽനിന്നും മനസ്സിലാക്കാം. ക്യാപ്റ്റന്‍റെ ധാര്‍ഷ്ട്യവും, വൈസ് ക്യാപ്റ്റന്‍റെ പരമപുച്ഛം നിറഞ്ഞ സംസാരവും ശരീരഭാഷയും അണിയറയിലിരുന്ന് കര്‍ട്ടന്‍ വലിക്കുന്ന ശിങ്കിടികളുടെ കളികളും തോൽവിക്ക് ശക്തിപകർന്നു.

വോട്ടുകോട്ടകളായി പാര്‍ട്ടി കരുതിയിരുന്ന തളിപ്പറമ്പും കൂത്തുപറമ്പും അമ്പലപ്പുഴയും കൈവിട്ടുപോയതിന്‍റെയും ധർമടം കൈവിടാൻ പോയതിന്‍റെയും കാരണങ്ങള്‍ അറിയാന്‍ പാഴൂര്‍പ്പടി വരെയൊന്നും പോകാതെ അരിഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. ഒരു അഞ്ചു മിനിറ്റിന്‍റെ സൗഹൃദഭാഷണത്തിലൂടെ തീര്‍ക്കാവുന്ന പ്രശ്നങ്ങളേ മേല്‍പ്പറഞ്ഞ ജി. സുധാകരന്‍, വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ സഖാക്കള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

അതിനൊന്നും തയാറാകാതെ പാർട്ടിക്ക് ഒരു പോറൽപോലും വീഴ്ത്താൻ അവർക്കാവില്ലെന്ന വിചാരം തെറ്റിയത് ഫലം വന്ന് കൈപൊള്ളിയപ്പോഴാണ്. ഇനി യു.ഡി.എഫ് ഒന്നിച്ചുനിന്ന് പത്തുകൊല്ലം അഴിമതിരഹിത ഭരണം നടത്തിയാൽ കേരളം മറ്റൊരു ത്രിപുരയോ പശ്ചിമ ബംഗാളോ ആയാലും അത്ഭുതപ്പെടേണ്ടതില്ല.

കാര്യങ്ങൾ ഇതുവരെ എത്തിയിട്ടും ഇത്ര വലിയ തോല്‍വിയുടെ കാരണങ്ങൾ അന്വേഷിച്ച് യോഗങ്ങൾ കൂടുകയാണ് പാർട്ടി. നേതൃത്വമാറ്റം ആഗ്രഹിച്ച വോട്ടർമാർ വോട്ട് മാറ്റിക്കുത്തിയതുകൊണ്ട് തോറ്റു എന്നാണിതിനുള്ള ലളിതമായ ഉത്തരം. ‘‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങക്കൊരു ചുക്കും, ചുണ്ണാമ്പും അറിയില്ലെന്ന്’’ ഇടക്കിടെ നേതൃത്വം പറഞ്ഞിരുന്നതിന്‍റെ പൊരുൾ ഇപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലാകുന്നത്. നേതൃത്വമേ, പാർട്ടിയെക്കുറിച്ച് ഞങ്ങൾക്കറിയാം. അറിയാത്തത് നിങ്ങൾക്കാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

സണ്ണി ജോസഫ്‌, മാള

സവർണ ജാതിബോധത്തിന്റെ പക്ഷം

ഇ.കെ​. ദിനേശന്റെ ‘ജാതിക്കൊല’ ചോദ്യംചെയ്യപ്പെടുന്ന പ്രബുദ്ധത’ എന്ന ലേഖനം (ലക്കം 1470) പ്രസക്തമായ ചില വിഷയങ്ങളിലേക്ക് പ്രകാശം ​ചൊരിയുന്നു. നാം ജീവിക്കുന്നത് അൾട്രാ മോഡേൺ ശാസ്ത്രയുഗത്തിലെങ്കിലും ഭൂതകാല മർദനമായി മനസ്സിൽ സൂക്ഷിക്കുന്ന സവർണബോധം ഇന്നും നിലനിൽക്കുന്നു. ജ്ഞാന മേഖലകളായ സർവകലാശാലകളിലും കോളജുകളിലും ജാതി അധിക്ഷേപത്താൽ മനം തകരുന്ന ദലിത് വിദ്യാർഥികളുടെ ആത്മഹത്യകൾ സമൂഹത്തോട് ശക്തമായി ചോദിക്കുന്ന ചോദ്യങ്ങളുണ്ട്.

ജ്ഞാനം നേടിയിട്ടും മനുസ്മൃതിയിൽനിന്നും സ്വതന്ത്രരാകാത്ത സവർണ അധ്യാപകർ, അധ്യാപക സമൂഹത്തിനുതന്നെ നാണക്കേടാണ്. ഉയർന്ന സാക്ഷരതയും സാമൂഹിക ബോധവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് നിധിൻ രാജ് എന്ന വിദ്യാർഥി ആത്മഹത്യചെയ്തത്.

ജാതി അധിക്ഷേപത്താൽ മനമുരുകുന്ന ദലിത് വിദ്യാർഥികളുടെ പഠനമോഹത്തിന് മറ്റൊരു തലത്തിൽ കത്തിവെക്കുന്ന സവർണബോധം നേടിയ അധ്യാപകർ നിയമത്തിന് മുന്നിൽനിന്ന് രക്ഷപ്പെടുകയുമാണ്. എന്താണ് ഇതിനു കാരണം? ആധുനിക വിദ്യാഭ്യാസം സാംസ്കാരികമായും സാമ്പത്തികമായും വിദ്യാർഥികളെ അഭ്യുന്നതിയിലെത്തിക്കു​ന്നു എന്ന സത്യം സവർണബോധം നേടിയവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ്.

നമ്മുടെ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും സമുദായ സ്വാധീനം നാൾക്കുനാൾ വർധിക്കുമ്പോൾ ജാതിബോധവും ഇതോടൊപ്പം വർധിക്കുന്നു എന്ന സത്യം തിരിച്ചറിയാതെയിരിക്കുകയാണോ? രോഹിത് വെമുലയും പായൽ തഡ് വിയും നിധിൻ രാജുമെല്ലാം ജാതിയാക്ഷേപത്തിന്റെ ക്രൂരമ്പുകൾ ഏറ്റ് ആത്മഹത്യക്ക് നിർബന്ധിതരായവരാണ്. തുല്യതാ സമിതികൾ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും ഇപ്പോൾ ആ ചട്ടങ്ങൾ ഇന്ത്യയിലെ എല്ലാ സർവകലാശാലകൾക്കും ആവശ്യമാണ്.

അംബേദ്കറുടെ ചിന്തകളും രാം മനോഹർ ലോഹ്യയുടെ പ്രായോഗിക ചിന്തകളും ഉയർത്തിപ്പിടിച്ച് കാമ്പസുകളിൽ ജനാധിപത്യത്തിന്റെ, മാനുഷികതയുടെ, സുരക്ഷിതത്വത്തിന്റെ, സ്ത്രീ സമത്വചിന്തകളുടെ പ്രകാശം പരത്താൻ നമ്മുടെ ദലിത് വിദ്യാർഥി സമൂഹത്തിന് കഴിയണം.

നിതാന്ത ജാഗ്രതയോടെ പഠനത്തിൽ മുഴുകിയും ജാത്യാക്ഷേപങ്ങളെ ആട്ടിപ്പായിച്ചും ഉന്നതബോധത്തിന്റെ ഉടമകളും മഹനീയ വ്യക്തിത്വത്തിന്റെ പ്രകാശവാഹകരുമായി അവർ മാറട്ടെ. നവീനചിന്തകളുടെ ചുറ്റികയടി മുഴക്കി സവർണബോധരോഗത്തെ ഉടയ്ക്കാൻ അവർ തയാറാകട്ടെ. ആത്മഹത്യ ഒരു പരിഹാരമേയല്ല എന്ന സൂര്യസത്യത്തിൽ അടിയുറച്ച് ഭാവിയിലേക്ക് നീങ്ങട്ടെ. അനതിവിദൂരമല്ലാത്ത ഭാവിയിൽ രോഗാതുരമായ സവർണജാതിബോധ രോഗം അപ്രത്യക്ഷമാക്കുകതന്നെ ചെയ്യും. ഇ.കെ. ദിനേശന് അഭിനന്ദനങ്ങൾ.

സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം

ഗൗരവ ചർച്ചക്ക് വഴിതുറക്കുന്ന സംഭാഷണവും ലേഖനവും

മനോജ് മനയിൽ എഴുതിയ ‘ആരായിരുന്നു കണ്ണഞ്ചിറ വെളുത്തേടത്തെ ആ ഒരുത്തി’ എന്ന ലേഖനവും ഡോ. ഷാജു നെല്ലായിയും തോലിൽ സുരേഷുമായുള്ള ‘ദലിത് കലകളുടെ സാധ്യതകൾ’ എന്ന സംഭാഷണവും (ലക്കം:1473) വായിച്ചു. ഇവ രണ്ടും ഗൗരവമായ ചർച്ചകൾക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല.

ശരണാഗത സംഘങ്ങളായി വന്ന് ഭൂമി വെട്ടിപ്പിടിക്കുകയും അവയെ ദേവസ്വവും ബ്രഹ്മസ്വവുമാക്കി തരംതിരിക്കുകയും ജന്മിമാരാണെന്ന് സ്വയം അഭിധാനം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് മലയാള ബ്രാഹ്മണർ (നമ്പൂതിരിമാർ). അവരുടെ ആധിപത്യം നിലനിർത്താൻ സൃഷ്ടിക്കപ്പെട്ട കേരളോൽപത്തി അടക്കമുള്ള മിത്തുകളും പുരാണങ്ങളും ജാതിവ്യവസ്ഥിതിയിലും പുരുഷാധിപത്യത്തിലും അധിഷ്ഠിതമായ ആചാരങ്ങളും നവോത്ഥാനാനന്തര കേരളത്തിലെ വലത്, തീവ്ര വലത്, ഇടതുപക്ഷക്കാരും കണ്ണുംപൂട്ടി വിശ്വസിക്കുന്നു. പ്രത്യേകിച്ച് ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ചർച്ചയായ വർത്തമാനകാല പശ്ചാത്തലത്തിൽ. ലിംഗപരമോ ജാതീയമോ ആയ വിവേചനമില്ലാത്ത ആരാധനാരീതികൾ നിലവിലുണ്ടായിരുന്ന ശ്രമണ പാരമ്പര്യത്തിന്‍റെ മേൽ നടന്ന കൈയേറ്റങ്ങളും സ്വാംശീകരണവും സവർണ വ്യാഖ്യാനങ്ങളും വെളിവാക്കുന്ന മനോജിന്‍റെ ലേഖനം അഭിനന്ദനം അർഹിക്കുന്നു.

സാഹിത്യ സംസ്കാര പഠനങ്ങളിലെന്നപോലെ കലയിലും ആനുഭവികലോകത്തിന്‍റെ ആവിഷ്കാരത്തിന്‍റെയും സൈദ്ധാന്തീകരണത്തിന്‍റെയും പ്രാധാന്യവും പ്രസക്തിയും വെളിപ്പെടുത്തുന്നതാണ് ഡോ. ഷാജുവും തോലിൽ സുരേഷുമായുള്ള സംഭാഷണം. സമകാലിക കലാവിമർശനത്തിൽ പ്രസക്തമായ പല പ്രശ്നങ്ങളും ദലിത് കലയുടെ സാധ്യതയും ഇത് ഉയർത്തിക്കാട്ടുന്നു.

ദലിത് കലയുടെ പശ്ചാത്തലത്തിൽ ‘അനുഭവം’ എന്നത് ജാതി വിവേചനം, ഒഴിവാക്കലുകൾ, വാർപ്പ് മാതൃകകൾ, പ്രതിരോധം എന്നിവയുടെ ജീവിച്ചിരിക്കുന്ന യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്നു. സവർണ ആഖ്യാനങ്ങളിലെ ദലിതാനുഭവങ്ങളുടെ അഭാവവും പക്ഷപാതിത്വങ്ങളും പൊളിച്ചെഴുതുക, മുഖ്യധാരാ സൗന്ദര്യശാസ്ത്ര സങ്കൽപങ്ങളുടെ പൊള്ളത്തരം വെളിവാക്കുക, ജാതിശ്രേണിയിൽ അധിഷ്ഠിതമായ സാമൂഹികക്രമത്തെ വിമർശന വിധേയമാക്കുക, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹികനീതി എന്നിവയിൽ ഊന്നിയ അംബേദ്കർ/ബുദ്ധ ദർശനത്തെ ഉയർത്തിക്കാട്ടുക എന്നിവ നമ്മുടെ (ദലിത് കലകളുടെ) പണി ഇരട്ടിയാക്കുന്നു എന്നത് യാഥാർഥ്യം തന്നെ.

സാഹിത്യത്തിലെന്നപോലെ ദലിത് കലയിലും നടന്നുവരുന്ന പ്രതിരോധം താൽക്കാലിക പ്രതികരണത്തിനപ്പുറം സമൂഹത്തെ മാറ്റിമറിക്കുന്ന സൃഷ്ടിപരമായ ശക്തിയായി മാറണമെന്ന രണ്ടു പേരുടെയും നിലപാട് സ്വാഗതാർഹമാണ്. എങ്കിലും അതിന് ബദൽ ചരിത്ര, സംസ്കാര വ്യവഹാരങ്ങളിലുള്ള അവബോധവും അവയുടെ പിൻബലവും ആവശ്യമാണ്.

പുതിയ ബിംബങ്ങളും പ്രതീകങ്ങളും സൃഷ്ടിക്കണം അതിനോടൊപ്പം സ്ഥാപനവത്കരിക്കപ്പെട്ട സവർണ ബിംബങ്ങൾക്കും ആദർശവത്കരിക്കപ്പെട്ട ബ്രാഹ്മണിക ദൈവിക ഐക്കണുകൾക്ക് പകരം സാമൂഹിക നീതി, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ ബദൽ ചിഹ്നങ്ങൾ ദലിത് കലകൾക്ക് അടിസ്ഥാനമാവേണ്ടതല്ലേ?

പ്രഫ. രാഘവൻ

Show More expand_more
News Summary - letters