എഴുത്തുകുത്ത്

സി.പി.എമ്മിന് സംഭവിച്ചത് വെറുമൊരു രാഷ്ട്രീയ പരാജയമല്ല
‘തകർച്ചയിൽനിന്ന് സി.പി.എം പഠിക്കുമോ’ എന്ന വയലാർ ഗോപകുമാറിന്റെ ലേഖനത്തിന് (ലക്കം 1472) ഒരനുബന്ധമാണ് ഈ കുറിപ്പ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സംഘടിതവും ആശയപരമായി ശക്തവുമായ പ്രസ്ഥാനങ്ങളിലൊന്നാണ് സി.പി.എം എന്ന സംഘടന.
അടുത്തകാലത്തെ തെരഞ്ഞെടുപ്പുകളിൽ (ലോക്സഭ, നിയമസഭ) ഉണ്ടായ തിരിച്ചടികൾ സി.പി.എമ്മിനെ ആത്മപരിശോധനയുടെ കവാടത്തിലേക്ക് നയിച്ചിരിക്കുകയാണ്. ‘കോട്ട’കളായി കരുതപ്പെട്ടിരുന്ന മണ്ഡലങ്ങളിൽപോലും പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടിവന്നത് സാധാരണ രാഷ്ട്രീയപരാജയമായി മാത്രം കാണാനാവില്ല. അത് ഒരു സാമൂഹിക സൂചനകൂടിയാണ്.
തോൽവി ഒരു രാഷ്ട്രീയ പാർട്ടിക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ, ആവർത്തിച്ചുവരുന്ന തോൽവികൾ ജനങ്ങളുടെ മനോഭാവത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സി.പി.എം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ജനങ്ങളുമായി ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ ശൈഥില്യമാണ്. പാർട്ടി ഇപ്പോഴും ശക്തമായ സംഘടനാ യന്ത്രം കൈവശം വെച്ചിട്ടുണ്ടെങ്കിലും, ജനങ്ങളുടെ വികാരങ്ങളെയും പുതിയ തലമുറയുടെ ചിന്താഗതികളെയും വായിക്കുന്നതിൽ പിന്നോട്ടുപോകുന്നുവെന്ന വിമർശനം ശക്തമാണ്.
ഒരുകാലത്ത് പാർട്ടിയുടെ ഏറ്റവും വലിയ ശക്തി അതിന്റെ ആശയനിഷ്ഠയായിരുന്നു. എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആശയത്തേക്കാൾ അധികം ജനങ്ങൾ പ്രാധാന്യം നൽകുന്നത് ജീവിതാനുഭവങ്ങൾക്കാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, യുവജനങ്ങളുടെ കുടിയേറ്റം, വിദ്യാഭ്യാസരംഗത്തെ ആശങ്കകൾ, ഭരണത്തിലെ അഴിമതിവിവാദങ്ങൾ –ഇവയെല്ലാം ജനങ്ങളുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുമ്പോൾ, അതിന് പാർട്ടി നൽകുന്ന മറുപടി പലപ്പോഴും പ്രതിരോധപരമായി മാത്രം തോന്നുന്നു. വിമർശനങ്ങളെ ആത്മപരിശോധനയായി കാണുന്നതിനുപകരം ശത്രുതയായി കാണുന്ന സമീപനം പാർട്ടിക്ക് ദോഷകരമാകുന്നു.
മറ്റൊരു പ്രശ്നം അധികാരത്തിന്റെ സ്വാഭാവിക അഹങ്കാരമാണ്. ദീർഘകാലം അധികാരത്തിലിരിക്കുന്ന ഏതു പാർട്ടിയിലും കാണുന്ന ഒരു പ്രവണത. താഴെത്തട്ടിലെ പ്രവർത്തകരുടെ ശബ്ദം മേലെത്തട്ടിലെ നേതൃത്വത്തിലേക്ക് എത്താതാകുമ്പോൾ സംഘടനയിൽ ഒരുവിധ ജഡത്വം ഉണ്ടാകുന്നു. പാർട്ടി ഗ്രാമങ്ങളിലും തൊഴിലിടങ്ങളിലും ഒരിക്കൽ പുലർത്തിയിരുന്ന സജീവ സാന്നിധ്യം ഇപ്പോൾ കുറയുന്നുവെന്ന തോന്നൽ സാധാരണ ജനങ്ങൾക്കിടയിൽ ശക്തമാണ്. ജനങ്ങളോടൊപ്പം നടക്കുന്നതിന് പകരം ജനങ്ങൾക്ക് മുകളിൽനിന്ന് സംസാരിക്കുന്ന രാഷ്ട്രീയശൈലി അപകടകരമാണ്.
യുവജനങ്ങളുമായുള്ള അകലം സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഒരുകാലത്ത് വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ആവേശം സൃഷ്ടിച്ച പാർട്ടിക്ക് ഇന്ന് പുതിയ തലമുറയെ ആകർഷിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇന്നത്തെ യുവാവ് ആശയത്തേക്കാൾ അവസരങ്ങളെയാണ് അന്വേഷിക്കുന്നത്. തൊഴിൽ, സ്വാതന്ത്ര്യം, സാങ്കേതിക മുന്നേറ്റം, വ്യക്തിജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ –ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്ത രാഷ്ട്രീയം യുവാക്കളെ പിടിച്ചുനിർത്താൻ പ്രയാസപ്പെടും.
കേരളത്തിന്റെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ മുന്നേറ്റത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. അതിനാൽ, ഈ പാർട്ടിയുടെ ദൗർബല്യം ഒരു രാഷ്ട്രീയകക്ഷിയുടെ മാത്രം പ്രശ്നമല്ല; കേരള രാഷ്ട്രീയത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിഷയവുമാണ്. ശക്തമായ പ്രതിപക്ഷവും ആശയ ചർച്ചകളും ഇല്ലാത്ത രാഷ്ട്രീയം ജനാധിപത്യത്തെ ദുർബലമാക്കും.
അതിനാൽ ചോദ്യം ഇതാണ്: സി.പി.എം പാഠം പഠിക്കുമോ? ചരിത്രം നോക്കുമ്പോൾ ഈ പാർട്ടി പ്രതിസന്ധികളിൽനിന്ന് തിരിച്ചു വന്ന അനുഭവങ്ങൾ ഉണ്ടെന്നത് സത്യമാണ്. പക്ഷേ, അതിന് ആവശ്യമായത് സത്യസന്ധമായ ആത്മപരിശോധനയാണ്. തോൽവിയെ വെറും ‘പ്രചാരണയുദ്ധത്തിന്റെ ഫലം’ എന്ന് പറഞ്ഞ് തള്ളിക്കളയാതെ, ജനങ്ങൾ എന്തുകൊണ്ട് അകന്നുപോകുന്നു എന്ന് മനസ്സിലാക്കണം. പാർട്ടിക്കുള്ളിലെ ജനാധിപത്യം ശക്തിപ്പെടുത്തുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയും പുതിയ തലമുറയുടെ ഭാഷയിൽ സംസാരിക്കാൻ പഠിക്കുകയും വേണം. അധികാരത്തിന്റെ കേന്ദ്രീകരണത്തിൽനിന്ന് ജനകേന്ദ്രിത രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
രാഷ്ട്രീയത്തിൽ സ്ഥിരമായ വിജയവും സ്ഥിരമായ പരാജയവും ഇല്ല എന്നത് ശരിതന്നെ. പക്ഷേ, ജനങ്ങളുടെ മനസ്സ് വായിക്കാൻ കഴിയാത്ത പാർട്ടികൾ ഒടുവിൽ ചരിത്രത്തിന്റെ അടിക്കുറിപ്പുകളായി മാറും എന്നതും ഒരു ചരിത്ര സത്യമാണ്. സി.പി.എം ഇന്നൊരു വഴിത്തിരിവിലാണ്. ഈ തിരിച്ചടി ഒരു മുന്നറിയിപ്പായി കാണുമോ, അതോ താൽക്കാലിക തിരിച്ചടിയായി അവഗണിക്കുമോ എന്നതിലാണ് ഭാവി ആശ്രയിക്കുന്നത്.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
പല്ലനയാറ്റിൽനിന്നൊരു സ്‌നേഹഗാഥ
മലയാളി മനസ്സിനെ എന്നും വേദനിപ്പിക്കുന്ന പല്ലനയാറ്റിലെ റെഡിമർ ബോട്ട് ദുരന്തത്തെയും മഹാകവി കുമാരനാശാന്റെ വിയോഗത്തെയും സമകാലിക ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളുമായി തുന്നിച്ചേർക്കുന്ന മനോഹരമായ ഒരു കഥാവിഷ്കാരമാണ് ‘കുമാരകോടി’ (ലക്കം 1473).
ചരിത്രത്തെ കേവലം വസ്തുതകളായി ഒതുക്കാതെ, അതിലേക്ക് വികാരതീവ്രമായ സർഗാത്മകത ചാലിച്ചു ചേർക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ആഴക്കടലിൽ തുഴയെറിഞ്ഞ ലാസറും, ചൂതാട്ടത്തിന്റെ ലോകത്തിരുന്ന് സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവന്റെ മകൻ ആൽബിയും വായനക്കാരന് അനുഭവവേദ്യമാകുന്ന ജീവസ്സുറ്റ കഥാപാത്രങ്ങളാണ്.
ലാസറിന്റെ മുത്തശ്ശൻ കൊച്ചൗസേപ്പിലേക്ക് കഥ സഞ്ചരിക്കുമ്പോൾ, അതൊരു ചരിത്രരേഖയല്ല, മറിച്ച് മൺമറഞ്ഞുപോയ മനുഷ്യരുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഗന്ധമുള്ള ദൃശ്യമായി മാറുന്നു. കരിപ്പട്ടിക്കയറുകൊണ്ട് കെട്ടിയ വാതിലും, ചൂട്ടുകറ്റയും, കാശ്മീരിക്കമ്പിളി പുതച്ച സൂപ്രണ്ടുമെല്ലാം ആ കാലഘട്ടത്തെ അതീവ സർഗാത്മകതയോടെ പുനഃസൃഷ്ടിക്കുന്നു.
പല്ലനയാറ്റിന്റെ ഇരുകരകളും അന്ന് ജാതിഭേദമന്യേ മനുഷ്യർക്ക് ആറടി മണ്ണൊരുക്കിയ ‘ശ്മശാനഭൂമി’യായി മാറി എന്ന നിരീക്ഷണം കേവല ചരിത്രാഖ്യാനങ്ങൾക്കപ്പുറം കഥക്ക് വലിയൊരു മാനുഷിക-ദാർശനിക തലംകൂടി നൽകുന്നുണ്ട്. ചരിത്രത്തെ വർഗീയവത്കരിക്കാൻ നോക്കുന്ന ആധുനിക സമൂഹത്തോടുള്ള കവിയുടെ അമർഷം കഥയിലൂടെ വ്യക്തമാക്കുന്ന കഥാകൃത്ത്, ഒടുവിൽ ‘വീണപൂവി’ലെ വരികളിലൂടെ ആശാന്റെ മാനവിക ദർശങ്ങൾ സാർവകാലികമാണെന്ന് അടിവരയിടുന്നു.
പ്രകൃതിക്ഷോഭത്തിൽ ഇല്ലാതായിപ്പോയ തോട്ടപ്പള്ളി ബീച്ച് തിരികെ വരുമെന്ന് കാത്തിരിക്കുന്ന ലാസറും അവന്റെ ‘തേജസ്സ്’ എന്ന വെളുത്ത കുതിരയും കഥയിലെ പ്രത്യാശയുടെ പ്രതീകങ്ങളാണ്. കഥയുടെ ഒടുവിൽ കടൽ പിൻവാങ്ങി മണപ്പുറം തിരികെ നൽകുന്നതും, അവിടെ ഒരു യോദ്ധാവിനെപ്പോലെ ലാസർ നിൽക്കുന്നതും അതിശയിപ്പിക്കുന്ന കൈയടക്കത്തോടെ അവതരിപ്പിക്കുന്നു.
ചുരുക്കത്തിൽ, പല്ലനയാറ്റിൽനിന്ന് ഉയരുന്ന ജീവന്റെ നിശ്വാസവും കല്ലറയിൽ അവശേഷിക്കുന്ന ‘കരുണ’യുടെ കോപ്പിയും വഴി ആശാൻ കവിതകളുടെ ആത്മാവ് ചോർന്നുപോകാതെ അവയെ കഥയുടെ ജീവനാഡിയാക്കാൻ കഴിഞ്ഞിടത്താണ് ഈ കൃതിയുടെ യഥാർഥ വിജയം.
ഗോപി ബുധനൂർ, ചെങ്ങന്നൂർ