എഴുത്തുകുത്ത്

ഭരണരംഗത്തുനിന്ന് സ്ത്രീകളെ മാറ്റിനിർത്തരുത്
തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പിൽ വനിതാ സംവരണത്തെക്കുറിച്ച് അംബിക എഴുതിയ ലേഖനം (ലക്കം 1466) വായിച്ചു. ഇതു സംബന്ധമായി ചിലകാര്യങ്ങൾ പറയണമെന്ന് തോന്നിയതിനാലാണ് ഈ എഴുത്ത്. ജാതി, മതം, ഭാഷ, ദേശം, ലിംഗവ്യത്യാസം എന്നിവ എല്ലാ പൗരന്മാർക്കും ഭരണഘടന തുല്യത ഉറപ്പുനൽകുന്നു. 1946ലെ ഭരണഘടനസഭയിൽ 299 അംഗങ്ങളിൽ 15 വനിത പ്രാതിനിധ്യമുണ്ടായിരുന്നു. അതിൽ ഒരു ദലിത് വനിതയും ഒരു മുസ്ലിം വനിതയുമായിരുന്നു.
ഈ വനിതകളിൽ ചിലർ അന്നുതന്നെ സ്ത്രീസംവരണത്തെക്കുറിച്ച് സംസാരിച്ചെങ്കിലും അത് ഭൂരിപക്ഷ അഭിപ്രായപ്രകാരം തള്ളുകയാണുണ്ടായത്. എന്നാൽ, സ്ത്രീ-പുരുഷ തുല്യതക്കായി അവർ നിലകൊണ്ടു. ലിംഗവിവേചനത്തെയും അന്ന് എതിർത്തു. എന്നാൽ, സ്ത്രീപുരുഷ തുല്യതക്ക് ആ സമിതി പ്രാതിനിധ്യം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും സർക്കാറുകൾക്ക് ഏർപ്പെടുത്തണമെന്ന അഭിപ്രായവും ഭരണഘടന സമിതിയിൽ ഉണ്ടായി. ഭരണഘടനയുടെ ആർട്ടിക്കിൾ 14,15 എന്നിവയിൽ ഈ കാര്യങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്.
ഭരണഘടന സമിതിയിൽ ജനസംഖ്യ ആനുപാതിക സ്ത്രീസംവരണം അന്നുതന്നെ ഉന്നയിക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായവുമുണ്ട്. എന്നാൽ, അധികാരഘടനയിൽ സ്ത്രീപങ്കാളിത്തം ഇന്ന് ഉറപ്പുവരുത്താമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ ഭാഗമായും അല്ലാതെയും ധാരാളം വനിത സംഘടനകളുണ്ട്. കൂടാതെ രാഷ്ട്രീയ പാർട്ടികളിൽതന്നെ വനിതകൾക്ക് നേരിട്ട് മെംബർഷിപ്പുമുണ്ട്. എന്നാൽ, നയരൂപവത്കരണ സമിതികളിലും മറ്റു കമ്മിറ്റികളിലും വനിത പ്രാതിനിധ്യം 8-10 ശതമാനം മാത്രമേയുള്ളൂ.
അതായത് പാർലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതകളായിരിക്കണം എന്ന ആവശ്യം വനിതകളുടെ ഭാഗത്തുനിന്ന് നിലവിലിരിക്കെയാണിത്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 52 ശതമാനം വരെ ഭരണപങ്കാളിത്തം ഉണ്ടുതാനും. മറ്റൊരു വിഷയം ഈ വേദികളിൽ ഭരണപങ്കാളിത്തവും തീരുമാനമെടുക്കാനുള്ള ശേഷിയും കൈവന്നതുമൂലം വനിതകൾക്ക് സമൂഹത്തിൽ വളരെ ജനസമ്മതിയുള്ളതായും അഭിപ്രായപ്പെടുന്നവരുണ്ട്.
1980കളിലാണ് സ്ത്രീസംവരണത്തിനുള്ള മുറവിളികൾ ഉയരുന്നത്. ലോക ഫെമിനിസ്റ്റ് പ്രസ്ഥാന സ്വാധീനം ഇതിന് നിദാനമാണ്. അതുപോലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് നേരിട്ട അവഗണയും സ്വതന്ത്ര സ്ത്രീപ്രസ്ഥാനത്തിലേക്ക് വഴിയൊരുക്കിയതായും സൂചിപ്പിക്കപ്പെടുന്നു. അങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അകത്തുള്ള സ്ത്രീകളുടെയും ഇടപെടലുകൾ ഇവിടെ എടുത്തുപറയേണ്ടതാണ്.
1995ൽ സ്ത്രീകൾക്ക് 33 ശതമാനം സ്ത്രീസംവരണം ഉറപ്പുനൽകുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. എന്നാൽ, 2020ൽ ലോക്സഭയിൽ പാസാക്കപ്പെട്ട ഈ ബിൽ 2026-27ലെ ദേശീയ സെൻസസിനുശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂ എന്ന് സർക്കാർ പറയുന്നു.
ഈ സംവരണത്തിൽ ദലിത് പിന്നാക്ക ഉപസംവരണത്തിനുള്ള ആവശ്യവും ഉയരുന്നുണ്ട്. 50 ശതമാനം സംവരണം തന്നെ വേണമെന്ന ആവശ്യവും വേറെയുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഇന്നത്തെ വനിതകൾ വിദ്യാഭ്യാസരംഗത്തും സാമൂഹിക പ്രവർത്തനരംഗത്തും രാഷ്ട്രീയപ്രവർത്തനങ്ങളിലും പുരുഷന്മാരെക്കാൾ ഏറെ മുൻപന്തിയിലാണ്. എന്നാൽ, പാർലമെന്റിലും അസംബ്ലികളിലും അവരുടെ ശതമാനം ഇപ്പോൾ 10ൽ താഴെയാണ്. ദലിത് മുസ്ലിം ശതമാനം ഒന്നോ രണ്ടോ മാത്രമാണ്. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഭരണരംഗത്തും പോളിസി തീരുമാനരംഗത്തും ഇത്രയും പ്രഗല്ഭരായ ഒരു സമൂഹത്തെ അകറ്റിനിർത്തിയിരിക്കുന്നത് രാഷ്ട്രപുരോഗതിക്ക് അഭികാമ്യമാണോ എന്നും നീതിക്ക് നിരക്കുന്നതാണോ എന്നും ചിന്തിക്കാനുള്ള സമയം വൈകിയിരിക്കുന്നു.
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്ന പരാതിയും നെടുനാളായി നിലനിൽക്കുന്നുണ്ട്. ബംഗാളിൽ സ്വാതന്ത്ര്യാനന്തരം തന്നെ സരോജിനി നായിഡു വനിത മുഖ്യമന്ത്രി ആയി. മമത ബാനർജിയും പലഘട്ടങ്ങളിലായി അവിടെ മുഖ്യമന്ത്രിയായി. യു.പിയിൽ മുന്നേതന്നെ സുചേത കൃപലാനി മുഖ്യമന്ത്രിയായിരുന്നു. തമിഴ്നാട്ടിലും ജയലളിത പല പ്രാവശ്യവും മുഖ്യമന്ത്രിയായിട്ടുണ്ട്. ജസ്റ്റിസുമാരായും ഗവർണർമാരായും ഏറെ വനിതകൾ കഴിവുതെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ പ്രസിഡന്റ് ഒരു ദലിത് വനിതയാണ്. ഇതിനുമുമ്പ് ഒരു വനിത പ്രസിഡന്റും നമുക്ക് ഉണ്ടായിരുന്നു.
വി.എം. ഹംസ, മാരേക്കാട്
ദലിത് സമൂഹത്തിലെ ചിലർ ഹിന്ദുത്വയുമായി രാജിയാകുന്നത് എന്തുകൊണ്ട്?
കാലം ഇത്രയേറെ മുന്നോട്ടുപോയിട്ടും ‘ജാതിക്കാലം’ ഇപ്പോഴും അഭംഗുരം തുടരുന്നു എന്നതിന് രോഹിത് വെമുലയുടെയും പായൽ തഡ്‌വിയുടെയും ആത്മഹത്യകൾ നേർഅനുഭവങ്ങളാകുമ്പോൾ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയും അതിനോടൊപ്പം ചേർത്തുവെക്കാം.
ജാതിവെറിക്ക് ഇരയാകുന്നത് കൂടുതലും പിന്നാക്ക കീഴാള വിഭാഗമായ ദലിതരും, വേട്ടക്കാരാകുന്നത് സവർണ ഹിന്ദുത്വവും. അതിൽ ഹിന്ദുത്വയെ ഇ.കെ. ദിനേശൻ (ലക്കം 1470) ‘‘ജാതിക്കൊല: ചോദ്യം ചെയ്യപ്പെടുന്ന പ്രബുദ്ധത’’ എന്ന ലേഖനത്തിൽ പാരമ്പര്യ ഹിന്ദുത്വയെന്നും നവരാഷ്ട്രീയ ഹിന്ദുത്വയെന്നുമൊക്കെ വേർതിരിക്കുന്നുണ്ടെങ്കിലും ഇവ രണ്ടും ഒരു നാണയത്തിന്റ ഇരുവശങ്ങൾതന്നെ. ദലിത് ധൈഷണിക യുവത്വം ജാതിയുടെ ചരിത്രപരമായ ഘടനാവാദങ്ങളെ യുക്തിപൂർവം പൊളിച്ചടുക്കുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നുണ്ട്. ദലിത് ധൈഷണിക യുവത്വം ഇത്ര ശക്തമായിട്ടും സവർണജാതി മേൽകോയ്മയുടെ ക്രൂരത ധാരാളം അനുഭവിച്ച ദലിത് വിഭാഗത്തിന്റെ പിൻമുറക്കാരിൽ ഒരു ചെറിയ ന്യൂനപക്ഷമെങ്കിലും സവർണ മേൽക്കോയ്മ ചുക്കാൻ പിടിക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി കൂട്ടുകെട്ടിനോട് രാജിയാകുന്നത് എന്തുകൊണ്ടാണ്.
ദലിത് വിഭാഗത്തിൽപ്പെട്ടവർ ഇപ്പോഴും നവരാഷ്ട്രീയ ഹിന്ദുത്വക്ക് കൊടിപിടിക്കാൻ ഇറങ്ങുന്നുവെങ്കിൽ അതിലേക്ക് ആളെക്കൂട്ടാൻ വേണ്ടി മാത്രം അപര മത വിദ്വേഷം കുത്തിവെച്ച് വലവീശി പിടിക്കപ്പെട്ടവരാകും അവർ. വിദ്യാസമ്പന്നരായ ദലിത് ധൈഷണിക യുവത്വം ഇത് തിരിച്ചറിഞ്ഞ് നവരാഷ്ട്രീയ ഹിന്ദുത്വയിൽനിന്ന് അവരെ രക്ഷിക്കേണ്ടതല്ലേ? നിതിൻ രാജിന്റെ മരണം ഉൾപ്പെടെ പല ജാതിക്കൊലകളും നമ്മളെ ഞെട്ടിക്കുന്നതുതന്നെയാണ്. എങ്കിലും ഇത് കാമ്പസ് കൊലപാതകമെന്നോ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ എന്നു പറഞ്ഞോ എഴുതിത്തള്ളേണ്ടതല്ല. ജാതിയുടെ പേരിലുള്ള, പ്രത്യേകിച്ചും സവർണ-അവർണ മേൽക്കോയ്മപോലുള്ള ജാതിചിന്തകളുടെയും അതുമായി ബന്ധപ്പെട്ട ഏതു തിന്മകളുടെയും മേൽ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
കെ.പി. ഉണ്ണികൃഷ്ണൻ: അണഞ്ഞുപോയ ശരറാന്തൽ
കെ.പി. ഉണ്ണികൃഷ്ണനെ പത്രപ്രവർത്തകനെന്ന നിലയിലാണ് താൻ ആദ്യം അറിയുന്നതെന്നും ആ നിലയിൽ ഉണ്ണികൃഷ്ണന്റെ പ്രശസ്തി മങ്ങിപ്പോയത് അദ്ദേഹം ദീർഘകാലം പാർലമെന്ററി പ്രവർത്തനത്തിൽ വ്യാപൃതനായതുകൊണ്ടാണെന്നും സെബാസ്റ്റ്യൻ പോൾ ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ പറയുന്നു (ലക്കം 1464).
89ാം വയസ്സിൽ ഉണ്ണികൃഷ്ണൻ വിടവാങ്ങിയപ്പോൾ പഴയകാലത്തെ ശരറാന്തലുകളിലൊന്ന് അണയുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. കെ.പി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ലേഖനങ്ങൾ പതിവായി വായിച്ചിരുന്ന സെബാസ്റ്റ്യൻ പോളിന്റെ സാക്ഷ്യപത്രമാണിത്. ഉണ്ണികൃഷ്ണന്റെ വളർച്ചയിൽ ഇന്ദിര ഗാന്ധിയുടെ സ്നേഹപൂർണമായ കരുതലുണ്ടായിരുന്നു. അതുപോലെ ഇന്ദിര ഗാന്ധിയുടെ വളർച്ചയിലും ഉണ്ണികൃഷ്ണന്റെ ഉപദേശവും നിർദേശവുമുണ്ടായി.
കടപ്പാട് വിധേയത്വമല്ലെന്നും വിധേയത്വം വിമർശനത്തിന് തടസ്സമാകരുതെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ. അടിയന്തരാവസ്ഥക്കാലത്ത് തുർക്മാൻഗേറ്റിൽ ഇടിച്ചുനിരത്തലും വെടിവെപ്പുമുണ്ടായപ്പോൾ ഇന്ദിരയെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചയാളാണ് ഉണ്ണികൃഷ്ണൻ എന്നും ലേഖകൻ എഴുതുന്നു. 1966ൽ മൊറാർജി ദേശായിക്കെതിരെ കരുക്കൾ നീക്കി പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ദിര ഗാന്ധിയുടെ പ്രവേശനം സാധ്യമാക്കിയത് ഉണ്ണികൃഷ്ണനാണ്. കുവോ എണ്ണയിടപാടുമായി ബന്ധപ്പെട്ട് ഒട്ടാവിയോ ക്വത്റോച്ചി എന്ന പേര് പാർലമെന്റിൽ ആദ്യം പരാമർശിച്ചത് ഉണ്ണികൃഷ്ണനായിരുന്നു. പിന്നീട് ആ പേര് ബോഫോഴ്സുമായി ബന്ധപ്പെട്ടും കേട്ടു.
ബോഫോഴ്സ് തോക്ക് ഇടപാട് കത്തിയപ്പോൾ അതിൽ എണ്ണയൊഴിക്കാൻ ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു. അതോടെ, രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും അദ്ദേഹം അനഭിമതനായി. വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ നാഷനൽ ഫ്രണ്ടിന് രൂപംനൽകാൻ പ്രധാന പങ്കുവഹിച്ചയാളാണ് ഉണ്ണികൃഷ്ണൻ. വി.പി. സിങ് മന്ത്രിസഭയിൽ 11 മാസം അദ്ദേഹം കാബിനറ്റ് മന്ത്രിയാവുകയും ചെയ്തു.
ഇന്ന് ദേശീയപാത വികസനത്തിൽ കേരളം എത്തിനിൽക്കുമ്പോൾ വി.പി. സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത വകുപ്പുമന്ത്രിയായിരുന്ന അദ്ദേഹമാണ് അതിന് തുടക്കമിട്ടത്. ഗൾഫ് യുദ്ധത്തിൽ അപകടാവസ്ഥയിലായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്തവും ഉണ്ണികൃഷ്ണനായിരുന്നു.
പ്രത്യയശാസ്ത്രപരമായ ദർശനവിശുദ്ധിയും ജ്ഞാനാധിഷ്ഠിതമായ ബൗദ്ധികവ്യാപാരത്തിന്റെ തീവ്രതയും ശരിയായ തോതിൽ സമ്മേളിച്ചയാളായിരുന്നു ഉണ്ണികൃഷ്ണൻ എന്നും ലേഖകൻ വിലയിരുത്തുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് മോഡറേറ്ററില്ലാതെ അദ്ദേഹവുമായി സംസാരിക്കുന്ന പരിപാടിയിൽ തന്റെ സാന്നിധ്യം മറന്ന് മുഴുവൻ സമയവും ഉണ്ണികൃഷ്ണൻ സംസാരിച്ചതും ലേഖകൻ ഓർക്കുന്നു. സ്ഥലകാലവിഭ്രാന്തിയിൽ അദ്ദേഹമപ്പോൾ അകപ്പെട്ടുവോ എന്ന് സംശയമുണ്ടെന്നും ഇലകൊഴിയുന്ന കാലത്ത് വടവൃക്ഷങ്ങൾ അങ്ങനെയാകുമായിരിക്കാമെന്നും സെബാസ്റ്റ്യൻ പോൾ കാര്യഗൗരവത്തോടെയും തമാശയായും പറയുന്നു. ഏതായാലും ഉണ്ണികൃഷ്ണൻ എന്ന വടവൃക്ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ അർഥവത്തും നിഷ്പക്ഷവും കാര്യമാത്ര പ്രസക്തവുമാണ്.
സദാശിവൻ നായർ, എരമല്ലൂർ
മാധ്യമങ്ങൾക്കു വേണം ജനാധിപത്യത്തിന്‍റെ കാവൽ
മീഡിയാസ്കാനിൽ (ലക്കം 1469) ‘ഹംഗറി: ഈ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്’ എന്ന കുറിപ്പ് വായിച്ചു. ഇത്രയേറെ ഭീഷണികളും സമ്മർദങ്ങളും കടുത്ത നിയന്ത്രണങ്ങളും ഉണ്ടായിട്ടും അവിടത്തെ സ്വതന്ത്രമാധ്യമങ്ങൾ ഉണർവോടെ ജീവിച്ചിരുന്നുവെന്നതും ഓർബാനെ തറപറ്റിക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നതും അത്ഭുതം തന്നെ.
സമഗ്രാധിപത്യ ശക്തികളുടെ ദൃഷ്ടാധികാര പ്രവണതകളെ നേരിടാൻ മാധ്യമങ്ങൾക്കു സാധിക്കണമെങ്കിൽ ജനാധിപത്യവിശ്വാസികളുടെ കാവലും കരുതലും ഉണ്ടാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ജനാധിപത്യ ശ്രീകോവിലിന്‍റെ നാലാംതൂണായി പ്രവർത്തിക്കാനാവൂ.
ടി.ഐ. ലാലു, പഴമുക്ക്, തൃശൂർ