Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

മുറതെറ്റാതെ വായിച്ച ‘ഒറ്റാലും തെറ്റാലിയും’

പത്രത്തോടൊപ്പം വർഷങ്ങളായി വരുത്തുന്ന ചില പ്രസിദ്ധീകരണങ്ങളുണ്ട്. മൂന്നെണ്ണം ആഴ്ചപ്പതിപ്പുകളാണ്. മാതൃഭൂമി, മാധ്യമം, ദേശാഭിമാനി. കമ്പോടുകമ്പ് വായിക്കാനൊന്നും നേരം കിട്ടാറില്ല. ചില പംക്തികൾ വായിക്കാതെ വിടാറുമില്ല. മുറതെറ്റാതെ അങ്ങനെ വായിക്കുന്ന ഒരു കോളമാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന ‘ഒറ്റാലും തെറ്റാലി’യും എന്ന പംക്തി.

വിജു വി. നായരെ പണ്ടേ ശ്രദ്ധിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആദ്യകാലത്തൊക്കെ എം.പി. നാരായണപിള്ളയുടെ ഒരു ബാധ എഴുത്തിൽ സ്പഷ്ടമായിരുന്നു. നാണപ്പനെക്കുറിച്ച് ഒരു ഗംഭീരൻ പുസ്‌തകവും കക്ഷി എഴുതിയിട്ടുണ്ട്: ‘ഉച്ചിയിൽ മറുകുള്ളവന്‍റെ ഉപനിഷത്’. നാണപ്പൻബാധ കുടഞ്ഞെറിഞ്ഞതോടെ സ്വന്തമായൊരു ഡിക്ഷൻ വിജു കൈവരിച്ചുവെന്നുപറയണം.

വിജു വി. നായരുടെ തനത് എഴുത്താട്ടത്തിന്‍റെ ഉത്തമ അരങ്ങായിരുന്നു ‘ഒറ്റാലും തെറ്റാലി’യും. നാണപ്പന്‍റെ തന്നെ പ്രയോഗം കടമെടുത്താൽ ഒരു മൂന്നാം കണ്ണിന്‍റെ കാഴ്ച. ഈ ലക്കത്തോടെ ആമോദകരമായ വായനാനുഭവം പകർന്ന ഈ അസാധാരണ പംക്തി അവസാനിക്കുന്നു. ഇനിയും നിങ്ങളെ വായിക്കാൻ കാത്തിരിക്കുന്നു. നന്ദി വിജു വി. നായർ, നന്ദി മാധ്യമത്തിനും.

വി.വി. ജോസ് കല്ലട

സസ്യജാലങ്ങളെ അടുത്തറിയാൻ ഉപകരിക്കുന്ന ‘ബോട്ടാണിക്ക’

വി.സി. ബാലകൃഷ്ണൻ എഴുതുന്ന കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള പംക്തി (ബോട്ടാണിക്ക) മുടങ്ങാതെ വായിക്കാറുണ്ട്. കേരളത്തിലെ സമ്പന്നമായ സസ്യവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ ഈ ലേഖനങ്ങൾ ഉപകരിക്കുന്നു. വിജ്ഞാനകോശങ്ങളിലെ പതിവു സസ്യശാസ്ത്ര ലേഖനങ്ങളുടെ മട്ടും ഭാവവ​ുമുള്ളവയല്ല ഈ ലേഖനങ്ങൾ എന്നു എടുത്തുപറയേണ്ടതുണ്ട്. കേരളത്തിലെ ഉത്സവങ്ങൾ, കലാരൂപങ്ങൾ, പാട്ടുകൾ, പഴഞ്ചൊല്ലുകൾ, സ്ഥലനാമങ്ങൾ തുടങ്ങി പലവിചാരങ്ങളിലേക്ക് ഈ ലേഖനങ്ങൾക്കു പടർച്ചയുണ്ട്. സസ്യജാലങ്ങളെക്കുറിച്ച് വെള്ളിവെളിച്ചം പകരുന്ന ഈ ലേഖനങ്ങൾ തയാറാക്കുന്ന വി.സി. ബാലകൃഷ്ണനും ആഴ്ചപ്പതിപ്പിനും നന്ദി.

ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക്, തൃ​ശൂ​ർ

വൈലോപ്പിള്ളിയുടെ മാമ്പഴം: ഇത്ര കണ്ട് വാരിക്കോരി പറയാനെന്തിരിക്കുന്നു?

ഏറെക്കാലത്തിനു ശേഷമാണ് വൈലോപ്പിള്ളിയുടെ ഒരു ‘മാമ്പഴ’ വായന തരപ്പെട്ടത്. അത് സാധ്യമായത് പി.പി. സത്യന്റെ ‘മാമ്പഴം കവിതയിലെ അമ്മയും കുഞ്ഞും എം.എൻ. വിജയനും’ (ലക്കം 1469) എന്ന ലേഖനത്തിലൂടെയാണ്. എന്നാൽ, വളരെ ഖേദത്തോടെ പറയട്ടെ, ഒറ്റവാക്കിൽ പറഞ്ഞാൽ കല്ലുകടിതന്നെയായി ആ സാഹിത്യ പഠനം. പ്രമുഖ നിരൂപകനും എഴുത്തുകാരനുമായിരുന്ന എം.എൻ. വിജയൻ മാമ്പഴത്തെക്കുറിച്ചു നടത്തിയ നിരൂപണമോ അവലോകനമോ അത് എന്തുതന്നെ ആയിരുന്നാലും അതാണ് ലേഖകന് പിടിക്കാതെ പോയത്. അതിന് അദ്ദേഹം സിഗ്മണ്ട് ഫ്രോയിഡിന്റെ മനഃശാസ്ത്ര വിശ്ലേഷണങ്ങളൊക്കെ എടുത്ത് അവതരിപ്പിക്കുന്നത് കണ്ടാൽ മറ്റേതോ മനഃശാസ്ത്രവിശാരദന് സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളെ അവലംബമാക്കി മറുപടി കൊടുക്കുകയാണെന്നു തോന്നും: അല്ലാതെ ‘മാമ്പഴ’മൊന്നും ഒരു വായനക്കാരിലുമുണ്ടാകുമെന്ന് തോന്നുന്നില്ല.

ചുരുക്കി പറഞ്ഞാൽ എം.എൻ. വിജയൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്, അതിന് ഇത്രമാത്രം വാരിക്കോരി പറയുന്നതിലെ ഔചിത്യം എന്ത്? ‘മാമ്പഴ’ത്തെ ഇത്രമാത്രം ഞെക്കിപ്പിഴിയേണ്ടതുണ്ടോ? മറ്റൊന്ന്, മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചർ ഒരിക്കൽ പറയുകയുണ്ടായി, വൈലോപ്പിള്ളിയുടെ ‘മാമ്പഴ’വും റഫീഖ് അഹമ്മദിന്റെ ‘ഉമ്മു കുൽസു’വും താരതമ്യം ചെയ്താൽ അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തീവ്രത മാമ്പഴത്തേക്കാൾ ഒരു പടി മുകളിലാണ് ‘ഉമ്മുക്കുൽസു’വിലെന്ന്. ഇതൊന്നും ഈ ലേഖകന് അറിയില്ലെന്നുണ്ടോ?

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

മിത്ര സതീഷിനൊപ്പമുള്ള യാത്രകൾ

മിത്ര സതീഷിന്റെ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ അൽജസീറയിലെ ഹാസിം ത്വാഹയുടെ ‘നുഖാത്വ് സാഖിൻ’ (ഹോട്ട്സ്പോട്സ്) ആണ് ഓർമ വരാറ്. ചെചെൻ, മിന്റനാവോ, തോറബോറ, സഹാറ തുടങ്ങി രാഷ്ട്രീയ ലാവകളും സായുധ സംഘട്ടനങ്ങളും തിളച്ചു മറിയുന്ന മേഖലകൾ തിരഞ്ഞു പിടിച്ചാണ് ഹാസിം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാറുണ്ടായിരുന്നത്.

അത് കാണുമ്പോൾ പ്രേക്ഷകരും ആ ത്രില്ലിൽ അങ്ങനെ മതിമറന്നിരുന്നു പോകും. ഒരുപാട് പുതിയ വിവരങ്ങൾ കിട്ടുകയും ചെയ്യും. മിത്രയെ വായിക്കുമ്പോഴുമതെ. അപ്പോൾ നമ്മൾ സ്ഥലങ്ങൾ കാണുകയല്ല, ആളുകളെയും ജീവിതത്തെയും തൊട്ടനുഭവിക്കയാണ്. ലേഖിക തെരഞ്ഞെടുക്കുന്ന ഭൂപ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും വിവരണത്തിന്റെ ചാരുതകൊണ്ടും അവ വേറിട്ടുനിൽക്കുന്നു. കാത്തിരുന്ന് വായിപ്പിക്കുന്ന യാത്രകൾ. പുതിയ യാത്രകൾക്ക് മംഗളം നേരുന്നു.

വി.എ. കബീർ, കോഴിക്കോട്

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തങ്ങൾ

‘അനുഭവങ്ങളിൽനിന്ന് ഒന്നും പഠിക്കാത്തവർ’ എന്ന ലേഖനം

(തുടക്കം: ലക്കം 1470) ശ്രദ്ധേയമായി. “കണ്ടാൽ മനസ്സിലായില്ലെങ്കിൽ കൊണ്ടാൽ മനസ്സിലാകും” –അനുഭവത്തിന്റെ കാഠിന്യത്തിലൂടെ ബോധോദയം സംഭവിക്കുമെന്ന് വിശ്വസിച്ച പഴമക്കാർ പറഞ്ഞ ഈ വാക്കുകൾ ഇന്നത്തെ സമൂഹത്തിൽ വിചിത്രമായ ഒരു വിരുദ്ധസത്യമായി മാറിയിരിക്കുന്നു. കണ്ടിട്ടും, കൊണ്ടിട്ടും നമ്മൾ പലപ്പോഴും ഒന്നും പഠിക്കാത്തവരായി തുടരുകയാണ്. തൃശൂരിൽ ഈയിടെ ഉണ്ടായ വെടിക്കെട്ട് അപകടം അതിന്റെ ഏറ്റവും വേദനജനകമായ മറ്റൊരു ഉദാഹരണം മാത്രം.

കേരളത്തിന്റെ ഉത്സവസംസ്കാരത്തിൽ വെടിക്കെട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രകാശവും ശബ്ദവും ചേർന്ന ആ ഭംഗി, ഉത്സവരാത്രികളെ മായികമാക്കുന്നു. എന്നാൽ, ആ മായികതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെ നമ്മൾ പലപ്പോഴും കാര്യമായി എടുക്കാറില്ല. ഓരോ വർഷവും എവിടെയെങ്കിലും വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാകാറുണ്ട്. വാർത്തകളിൽ അത് ഒരു ദിവസത്തെ തലക്കെട്ടായി മാത്രം നിലനിൽക്കും. കുറച്ച് ദിവസങ്ങൾക്കുശേഷം അത് മറവിയിൽ മറഞ്ഞുപോകും. പക്ഷേ, ആ അപകടത്തിൽ നഷ്ടപ്പെട്ടവരുടെ ജീവനും, അവരുടെ തകർന്ന കുടുംബങ്ങൾക്കും മാത്രം അത് ഒരിക്കലും മറക്കാനാവാത്ത ദുഃഖകഥയായി അവശേഷിക്കും.

തൃശൂരിലെ ഈ ദുരന്തവും അതിൽനിന്ന് വ്യത്യസ്തമല്ല. മുമ്പ് നടന്ന ദുരന്തങ്ങളിൽനിന്ന് പാഠം പഠിക്കേണ്ടതായിരുന്ന നമ്മൾ, വീണ്ടും അതേ പിഴവുകൾ ആവർത്തിക്കുന്നു. നിയമങ്ങളും നിർദേശങ്ങളും ഉണ്ടെങ്കിലും, അവയുടെ കർശനമായ നടപ്പാക്കൽ പലപ്പോഴും കാണുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന വെടിക്കെട്ടുകൾ, ആഹ്ലാദത്തെ ദുഃഖത്തിലേക്ക് മാറ്റുന്നു.

ഇവിടെ ഒരു വലിയ ചോദ്യമുണ്ട് –എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ അനാസ്ഥ കാണിക്കുന്നത്‍? ഒരുവശത്ത്, ‘ഒന്നും സംഭവിക്കില്ല’ എന്നൊരു തെറ്റായ ആത്മവിശ്വാസം; മറുവശത്ത്, ആചാരങ്ങളെയും ആഹ്ലാദങ്ങളെയും അതിരുവിട്ട് വിലമതിക്കുന്ന ഒരു സാമൂഹിക മനോഭാവം. ഈ രണ്ടും ചേർന്നാൽ, അപകടം സംഭവിക്കാൻ മറ്റൊന്നും വേണ്ട.

ഇനി വേണ്ടത് ഒരു ആത്മപരിശോധനയാണ്. വെടിക്കെട്ട് എന്നത് ആഹ്ലാദത്തിന്റെ ഭാഗമായി തുടരണമെങ്കിൽ, അതിന് സുരക്ഷയുടെ കർശനമായ ചട്ടങ്ങൾ അനിവാര്യമാണ്. നിയമങ്ങൾ കടുപ്പിക്കേണ്ടതുണ്ട്; അതിനേക്കാൾ പ്രധാനമായി, അവ കൃത്യമായി നടപ്പാക്കണം. പൊതുജനങ്ങളും സംഘാടകരും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണം.

“കണ്ടാലും കൊണ്ടാലും മനസ്സിലാകാത്തവരാണ് നമ്മൾ” എന്ന സ്വയംവിമർശനം യാഥാർഥ്യമാകാതിരിക്കാനായി, ഈ ദുരന്തം ഒരു വഴിത്തിരിവാകുമെന്ന് നമുക്ക് ആശിക്കാം. ഇനിയെങ്കിലും, കാണുന്നതിൽനിന്നും പഠിക്കുകയും, പഠിച്ചതിനെ ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മാറാൻ നമുക്ക് സാധിക്കട്ടെ.

കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം

ഉപരിതലത്തിൽ ലളിതവും ആഴത്തിൽ യുദ്ധപ്രതീതിയും ജനിപ്പിക്കുന്ന ‘ചെയ്ത്താൻ പാലം’

രാജ്യം ഒരു വലിയ സാംസ്കാരിക-രാഷ്ട്രീയ ഗൂഢാലോചനയുടെ മുന്നിൽ നിൽക്കുകയാണ്. സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും സമത്വത്തിന്റെയും മധുരമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി, ഇന്ത്യൻ ഭരണകൂടം മുന്നോട്ടുകൊണ്ടുവരുന്ന 33 ശതമാനം സ്ത്രീ സംവരണം, ഒറ്റനോട്ടത്തിൽ ഒരു പ്രഗല്ഭമായ നടപടിയായി തോന്നാമെങ്കിലും യഥാർഥത്തിൽ അത് വിഷലിപ്തമായ ഹിഡൻ അജണ്ടയുടെ ആദ്യപടി മാത്രമാണ്.

സ്ത്രീ സംവരണത്തിന്റെ മറവിൽ, ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമാറ്റി, ഒരു പുതിയ സാമൂഹിക ക്രമം പരമ്പരാഗത മൂല്യങ്ങളില്ലാത്ത, വേരുകൾ അറ്റുപോയ ഒരു അന്ധസമൂഹം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ഒരു അപകടകരമായ സന്ദർഭത്തിലാണ് ഷീല ടോമിയുടെ ‘ചെയ്ത്താൻ പാലം’ (ലക്കം 1468) എന്ന കഥ നമ്മുടെ മുന്നിൽ വരുന്നത്. ഒരു ഗ്രാമത്തിലെ ഒരു പാലത്തിന്റെ പേരിലുള്ള ഈ കഥ, ഉപരിതലത്തിൽ ലളിതമായി തോന്നാമെങ്കിലും, ആഴത്തിൽ ഒരു പ്രതീകാത്മക യുദ്ധത്തിന്റെ കഥയാണ്. ‘ചെയ്ത്താൻ പാലം’ വെറും ഒരു നിർമിതി മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവനുള്ള പ്രതീകമാണ്.

കഥയിൽ ആ പാലത്തിന് കീഴിലൂടെ ഒഴുകുന്ന നദിയും മുകളിലൂടെ നടക്കുന്ന ജനങ്ങളും അന്ധവിശ്വാസമെന്ന് മുദ്രകുത്തപ്പെടുന്ന പഴയ വിശ്വാസങ്ങളും... ഇവയെല്ലാം ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാംസ്കാരിക ആക്രമണത്തിന്റെ പ്രതിഫലനമാണ്. കഥ എന്താണ്? രാജ്യത്തിന്റെ കഥ എന്താണ്? എന്ന അടിസ്ഥാന ചോദ്യത്തെ തന്നെ ഈ കൃതി നമുക്കു മുന്നിൽ വെക്കുന്നു.

കോടതി വിചാരണ എന്ന ചട്ടക്കൂട് കഥക്കുള്ളിൽ വരുമ്പോൾ അത് വെറുമൊരു നിയമനാടകമായല്ല നിരൂപിക്കുന്നത്. കഥയെ കോടതി വിചാരണ ചെയ്യുന്നു എന്ന ആശയം, സാഹിത്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സാമൂഹിക-രാഷ്ട്രീയ ശക്തികളുടെ രൂപകമാണ് എന്നതാണ് ശ്രദ്ധേയമായത്.

കഥക്കുള്ളിലെ കഥയായി വരുന്ന ശോശന്നയുടെ ജീവിതമാണ് ഈ രചനയുടെ ഹൃദയഭാഗം. ഇത് ഒരു രേഖാത്മക ജീവിതകഥയല്ല, മറിച്ച് ഓർമകളും അനുഭവങ്ങളും ദുരന്തങ്ങളും ചേർന്ന ഒരു വിച്ഛിന്ന പ്രവാഹമാണ്. ബാല്യത്തിൽ അപ്പനെ നഷ്ടപ്പെട്ട ശോശന്ന, ലോറിക്കാരൻ എന്ന അപരിചിതന്റെ സഹായത്താൽ അപ്പനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്ന രംഗം കഥയിലെ ഏറ്റവും ശക്തമായ ദൃശ്യങ്ങളിലൊന്നാണ്. ആ ലോറിക്കാരന്റെ റേഡിയോയിൽനിന്നും “കടലേ… നീലക്കടലേ…” എന്ന ഗാനം കേൾക്കുമ്പോൾ, ഒരിക്കലും കടൽ കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിയുടെ അകക്കാഴ്ചകളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്.

സാമൂഹികമായി നോക്കുമ്പോൾ, കഥ ഗ്രാമീണ മലയോര ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നു. ചികിത്സാ സൗകര്യങ്ങളില്ലായ്മ, ഗതാഗതത്തിന്റെ അപര്യാപ്തത, ഉരുൾപൊട്ടലും മഴയും പോലുള്ള പ്രകൃതിദുരന്തങ്ങൾക്കു മുന്നിലെ മനുഷ്യന്റെ നിസ്സഹായത എന്നിവ ശോശന്നയുടെ അപ്പന്റെ മരണത്തിലൂടെ നമ്മെ ഞെട്ടിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ ദുരന്തം മാത്രമല്ല, ഒരു സമൂഹത്തിന്റെ തന്നെ പരാജയമാണ് കാണുന്നത്.

കഥയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയം അവസാനഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത്. ജഡ്ജി ഡൊമിനിക് ജോസ് എന്ന കഥാപാത്രം തന്നെ കോടതിയിൽ ജഡ്ജിയായി വന്നിരിക്കുന്നു. അയാൾ കഥയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി, കഥയുടെ ക്ലൈമാക്സ് തന്നെ മാറ്റിയെഴുതുന്നു. ഇതിലൂടെ കഥ, യാഥാർഥ്യം, സൃഷ്ടി, വിധി എന്നിവ തമ്മിലുള്ള അതിർവരമ്പുകൾ പൂർണമായും ഇല്ലാതാകുന്നു.

ഒരു കഥാപാത്രത്തിന് തന്റെ കഥയുടെ അന്ത്യം തിരുത്താൻ അവകാശമുണ്ടോ? ഒരു ജഡ്ജിക്ക് തന്റെ വ്യക്തിപരമായ വികാരങ്ങളുടെ പേരിൽ സത്യത്തെപോലും മാറ്റിയെഴുതാമോ? “ചരിത്രം തിരുത്തുന്നപോലെയല്ലല്ലോ ഒരാളുടെ ഭാവനയിൽ കയറി തിരുത്തൽ വരുത്തുന്നത്” എന്ന കഥയിലെ വരി, സമകാലിക ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളുടെ ഒരു രൂപകമായി മാറുന്നു. ‘കഥ മൻ കി ബാത്’ ആണ്, അത് എഴുത്താളുടെ സ്വകാര്യമാണ്’ എന്ന നിരീക്ഷണം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധമായി നിലകൊള്ളുന്നു.

താജ് മൻസൂർ (ഫേസ്ബുക്ക്)

ന്യാ​യാ​ധി​പ​ന്‍റെ റോ​ൾ വ​ഹി​ക്കു​ന്ന വാ​യ​ന​ക്കാ​ര​ൻ

ഷീ​ല ടോ​മി എ​ഴു​തി​യ ‘ചെ​യ്ത്താ​ൻ പാ​ലം’ ക​ഥ (ല​ക്കം 1468) വാ​യി​ച്ചു. ഭാ​വ​നാ​ത്മ​ക​മാ​യ ജീ​വി​ത​മാ​യി ക​ഥ​ക​ൾ വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​മ്പോ​ൾ സ​ത്യ​മേ​ത് യാ​ഥാ​ർ​ഥ്യ​മേ​ത് എ​ന്ന് വി​ധി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന ന്യാ​യാ​ധി​പ​ന്‍റെ റോ​ളാ​ണ് വാ​യ​ന​ക്കാ​ര​ന്‍റേ​ത് എ​ന്ന് ഈ ​ക​ഥ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. പു​തി​യ ക​ഥപ​റ​ച്ചി​ൽ രീ​തി​ക്ക് ന​ല്ല ഒ​ഴു​ക്കു​ണ്ട്.

ര​ച​ന​ക​ൾ ഭ​ര​ണ​കൂ​ട​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ക​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു പു​തി​യ വ്യ​ാഖ്യാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥി​ത​ സ്ഥാ​പ​ന​ങ്ങ​ൾ അ​തേ​തുവി​ധ​ത്തി​ൽ വി​ല​യി​രു​ത്തു​ന്നു എ​ന്നുകൂ​ടി ന​മ്മെ ഓ​ർ​മി​ക്കു​ന്ന​തുകൂ​ടി​യാ​യി ഈ ​ക​ഥ.

ഡോ. ​ടി.​പി. നാ​സ​ർ (ഫേ​സ്ബു​ക്ക്)

Show More expand_more
News Summary - Letters