എഴുത്തുകുത്ത്

സ്നേഹത്തിന്റെ പല മുഖങ്ങൾ കാണിച്ചുതരുന്ന പ്രണയകഥ
സലിൻ മാങ്കുഴി എഴുതിയ കഥ ‘മഹാമായ’ (ലക്കം 1466) വികാരനിർഭരമായി. സ്നേഹത്തിന്റെ പല മുഖങ്ങളും ഈ കഥ കാണിച്ചുതരുന്നു. കഥ തുടങ്ങുന്നത് ഇങ്ങനെയാണ്: ‘‘പുരുഷ സാമീപ്യത്തെയും കൂട്ടിനെയും കുറിച്ച് എത്രയെത്ര കുറിപ്പുകൾ കണ്ടതാണ്. ഒരുപാടൊരുപാട് പറയാനും കേൾക്കാനുമുണ്ടായിരുന്നു. നെറ്റിയിൽ ഒരു ചുംബനത്തിനപ്പുറം ആദ്യരാത്രിയിൽ മറ്റൊന്നും പ്രതീക്ഷിച്ചതുമില്ല. പക്ഷേ, അടുത്തു പരിചയപ്പെട്ട ഒരാളെയേ വിവാഹം ചെയ്യുകയുള്ളൂ എന്ന അവളുടെ ആഗ്രഹംപോലും ആരും ചെവിക്കൊണ്ടില്ല.’’
ഈ വാചകങ്ങളിൽ അവളുടെ മനസ്സും ഇംഗിതവുമെല്ലാം അടങ്ങിയിട്ടുണ്ട് താനും. പരിചയമുണ്ടെങ്കിലും ആദ്യരാത്രി മാനസികമായ അടുപ്പത്തിനും നിർത്താതെയുള്ള സ്നേഹ സംഭാഷണങ്ങൾക്കുമാണ് വിനിയോഗിക്കേണ്ടത്. എന്നാൽ, ആദ്യരാത്രി അവളുടെ ശരീരവടിവിനെ കുറിച്ചാണ് ഭർത്താവ് സംസാരിച്ചത്. ഇതു കേട്ടപ്പോഴേ മായ പകച്ചുപോയി. ആ രാത്രിയിൽ ഭർത്താവിന്റെ കൂർക്കംവലിയാണ് അവളെ സ്വാഗതം ചെയ്തത്. അവൾ ശ്വാസമടക്കിപ്പിടിച്ച് കരഞ്ഞു.
വിവാഹിതയായി ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന സ്ത്രീയുടെ ആകുലതകളും സ്വപ്നസഞ്ചാരങ്ങളും കഥാകൃത്ത് ഈ കഥയിൽ വിശദമാക്കുന്നുണ്ട്. അന്നുവരെയുള്ള ജീവിതവും ലോകവുമെല്ലാം മാറിമറിയുകയാണപ്പോൾ. അപരിചിതമായ വീട്ടിൽ ഒറ്റപ്പെടുന്ന അവൾക്ക് ഭർത്താവ് മാത്രമാണ് ഏക ആശ്രയം. വിവാഹിതയാകുന്നതിനുമുമ്പ് അവൾ മറ്റൊരാളെ സ്നേഹിച്ചിരുന്നുവെങ്കിൽ അവളുടെ മാനസിക വ്യാപാരങ്ങളെക്കുറിച്ച് പറയാനുമില്ല. വിവാഹത്തിനുമുമ്പ് അവളെക്കുറിച്ച് അയാൾ ഒന്നും ചോദിച്ചതുമില്ല. അയാളുടെ സംസാരത്തിൽ കഴിഞ്ഞ കാലവും ഭാവികാര്യങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർത്തമാനകാലം എന്നൊന്ന് ഇല്ലായിരുന്നു. ഒരു നവവധുവിന് മാനസിക വിരക്തിയുണ്ടാകാൻ ഇതിലധികം എന്തുവേണം. ഒരു അനാവശ്യ തിടുക്കം അയാൾക്ക് എന്തുകാര്യത്തിലും ഉണ്ടായിരുന്നു.
ഉള്ളിലെ തുടിപ്പിന് മൂന്നുമാസം പ്രായമായപ്പോൾ തന്നെ അവളുടെ വിരസത വർധിച്ചുവന്നു. ഒന്നിനോടും താൽപര്യമില്ലാതെയായി. തന്റെ മാനസിക പ്രശ്നങ്ങൾ മറ്റൊരാളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു. ശാരീരിക ബന്ധമെന്നത് മാനസിക ബന്ധം കൂടിയാണെന്ന് മനസ്സിലാക്കാൻ ഭർത്താവിന് കഴിഞ്ഞതുമില്ല. അധികം സംസാരിക്കുന്നവളായിരുന്നില്ല അവൾ. എന്നാൽ, സ്നേഹമുള്ളവരോട് എത്ര സംസാരിച്ചാലും അവൾക്ക് മതി വരില്ലായിരുന്നു. കഥ ഇങ്ങനെ പുരോഗമിക്കുമ്പോൾ തന്നെ വായനക്കാർക്ക് അതിന്റെ പിരിമുറുക്കവും അവോളം അനുഭവിക്കാനാവുന്നുണ്ട്.
ഗർഭകാലത്ത് അവൾക്ക് സന്ദർശകരായി അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാം സ്വപ്നമാണോ? പ്രസവാശുപത്രിയുടെ നാലാം നിലയിൽനിന്ന് താഴേക്ക് ചാടാൻ ആഗ്രഹിച്ചുനിന്നതും ഒരു ദിവസം രാത്രിവരെ നീണ്ടുനിന്ന പ്രസവ വേദനയിൽ പുളഞ്ഞതും അവളുടെ സ്വപ്നത്തെ വിഷാദഭരിതമാക്കി. എല്ലാവരും ഉറങ്ങുമ്പോൾ അവൾ മാത്രം ശബ്ദമില്ലാതെ കരഞ്ഞു.
ഒടുവിൽ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: സങ്കടങ്ങളോ ഭയമോ ഇല്ലാതെ, ഗർഭപാത്രത്തിലെ ആകാശവും ഭൂമിയും ജലവും ഊഷ്മാവും ശ്വസിച്ച്, സംഗീതത്തിന്റെ ചിറകിലേറി ചുരുണ്ടുകിടന്ന മായ നിദ്രയിലേക്ക് ആഴ്ന്നു.
ഒരു പെണ്ണിന്റെ ആകുല ചിത്തത്തിന്റെ ആർദ്രതയും ധർമസങ്കടവും നിറഞ്ഞ ഈ കഥ ഒരു ശാശ്വത പ്രണയത്തിന്റെ നേർചിത്രം കൂടി നൽകുന്നു. സ്ത്രീ ജീവിതത്തിന്റെ ഒരു മനഃശാസ്ത്രംകൂടി ഈ കഥയിലുണ്ട്. അത് മറ്റാരേക്കാളും പെട്ടെന്ന് മനസ്സിലാക്കാൻ ഒരുപക്ഷേ സാധിക്കുക സ്ത്രീകൾക്ക് മാത്രമായിരിക്കും. കഥാകാരനും ആഴ്ചപ്പതിപ്പിനും ആശംസകൾ.
സദാശിവൻ നായർ, എരമല്ലൂർ
കോടതി കയറുന്ന എഴുത്തുകാർ
‘‘ഒരു കഥയുടെ ക്ലൈമാക്സ് തിരുത്താൻ ഒരു പ്രധാനമന്ത്രിക്കും അവകാശമില്ല. ചരിത്രം തിരുത്തുന്നത് പോലെയല്ലല്ലോ ഒരാളുടെ ഭാവനയിൽ കയറി തിരുത്തൽ വരുത്തുന്നത്. കഥ മൻകി ബാത്ത് ആണ്. എഴുത്താളുടെ മനസ്സിലെ സ്വകാര്യം.’’
ആഴ്ചപ്പതിപ്പിൽ (ലക്കം 1468) ഷീല ടോമി എഴുതിയ ‘ചെയ്ത്താൻ പാലം’ എന്ന കഥ വായിച്ചു. ശക്തമായ, ധൈര്യമുള്ള പ്രഖ്യാപനമാണ് മുകളിലെ വരികളിലൂടെ എഴുത്തുകാരി നടത്തുന്നത്. അധികാരത്തിന്റെ പരമാവധി രൂപമായ രാഷ്ട്രീയശക്തിയെപ്പോലും ഇവിടെ ചോദ്യംചെയ്യുന്നു. അതിലൂടെ പറയുന്നത്, കഥയുടെ ലോകം ഭരണകൂടത്തിന്റെ നിയന്ത്രണ വിധേയമല്ല എന്നതാണ്. ചരിത്രം തിരുത്തുന്നത് പലപ്പോഴും അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമാണ്.
പക്ഷേ ഭാവന, അത് തീർത്തും വ്യക്തിപരവും സ്വതന്ത്രവുമാണ്. എഴുത്തുകാരുടെ ഉള്ളറയിലെ ഒരു തീരുമാനമാണത്. അവരുടെ അനുഭവങ്ങൾ, വികാരങ്ങൾ, നൈതികത, കാഴ്ചപ്പാട് എന്നിവയുടെ സംഗ്രഹം. അതിനെ പുറത്തുനിന്ന് തിരുത്തുക എന്നത്, ഒരാളുടെ മനസ്സിലേക്ക് കടന്ന് അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുപോലെയാണ്. എന്നാൽ, ഇതിനെ വിമർശനപരമായ കാഴ്ചപ്പാടോടെ നോക്കുമ്പോൾ സാഹിത്യത്തിൽ, ചിലപ്പോൾ സാമൂഹിക ഉത്തരവാദിത്തം, വായനക്കാരുടെ സ്വാധീനം, പ്രസാധന-സംവിധാനങ്ങളുടെ ഇടപെടൽ തുടങ്ങിയവ കാരണം ‘തിരുത്തൽ’ സംഭവിക്കാറുണ്ട് എന്നുള്ളതാണ്.
ഈ കഥ, സാധാരണ നാരറ്റിവായിമാത്രം വായിക്കാൻ ശ്രമിച്ചാൽ അത് കൈവിട്ടുപോകും. കാരണം, ഇത് ‘കഥക്കുള്ളിൽ കഥ’ എന്ന ഘടനയെ ആശ്രയിച്ച് മുന്നേറുന്ന, വായനക്കാരനെ തുടർച്ചയായി ആന്തരിക ലോകങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു നാരേറ്റിവ് കളിയാണ്.
കഥ തുടങ്ങുന്നത് പുറംകഥയിലൂടെയാണ്. ഒരു സംഭവമോ, ഒരു അന്വേഷണാത്മക സാഹചര്യത്തിലോ ആരംഭിക്കുന്നതുപോലെ തോന്നുന്ന ഒരു പാളി. എന്നാൽ ആ പാളി തന്നെ ക്രമേണ മറ്റൊരു കഥയുടെ വാതിൽ തുറക്കുന്നു. ആന്തരിക കഥയിലേക്ക് കടക്കുമ്പോൾ, കഥാപാത്രങ്ങൾ തന്നെ കഥ പറയുന്നവരായി മാറുന്നു. ഇതോടെ, “ആരാണ് യഥാർഥ നാരേറ്റിവ്’’ എന്ന ചോദ്യവും “എന്താണ് യാഥാർഥ്യം?” എന്ന സംശയവും വായനക്കാരനെ പിന്തുടരാൻ തുടങ്ങുന്നു.
ഈ ഘടനയുടെ പ്രധാന സവിശേഷത, ഓരോ കഥയും മറ്റൊന്നിനെ വെളിപ്പെടുത്തുന്നതിനൊപ്പം മറച്ചുവെക്കുന്നതുമാണ്. ഒരു കഥയിലെ സൂചനകൾ മറ്റൊരു കഥയിൽ അർഥം കണ്ടെത്തുമ്പോഴും, ആ അർഥം വീണ്ടും പുതിയ സംശയങ്ങൾ സൃഷ്ടിക്കുന്നു. ഇതിലൂടെ കഥ പല ലെയറുകളുള്ള അനുഭവമായി മാറുന്നു. കഥ വായിച്ചുതീരുമ്പോൾ മറ്റൊരു കഥയുടെ പ്രതിധ്വനി മനസ്സിൽ തുടരുന്നു. ഇതിലെ കഥാപാത്രങ്ങൾക്കും ഇതേ ഇരട്ടസ്വഭാവം കാണാം. അവർ കഥയിലെ ആളുകളായി മാത്രമല്ല, കഥ പറയുന്നവരായും നിലകൊള്ളുന്നു. ചിലപ്പോൾ അവർ സൃഷ്ടിച്ച കഥതന്നെയാണ് അവരെ നിയന്ത്രിക്കുന്നതെന്നുപോലെ തോന്നും.
ചുരുക്കത്തിൽ, ഈ കഥ വായിക്കുന്നത് ഒരു സംഭവവിവരണം അറിയുന്നതല്ല –ഒരു കഥ എങ്ങനെ പിറക്കുന്നു, എങ്ങനെ മാറുന്നു, എങ്ങനെ നമ്മെതന്നെ ചോദ്യംചെയ്യുന്നു എന്ന പ്രക്രിയ അനുഭവിക്കുന്നതാണ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെയും സാമൂഹികമായ മാറ്റങ്ങളെയും സന്തുലിതമായി അവതരിപ്പിക്കുന്ന ഒരു മികച്ച രചനയാണിത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമോ അതോ ജീവിതയാത്രയിലെ അപ്രതീക്ഷിത വഴിത്തിരിവുകളോ ആകട്ടെ, വായനക്കാരെ ചിന്തിപ്പിക്കാൻ ഈ കഥക്ക് സാധിക്കുന്നു. കഥ എഴുതുന്നവർക്ക് അഭിമാനം തോന്നും ഈ കഥ വായിച്ചു തീരുമ്പോൾ.
രമേഷ് പെരുമ്പിലാവ് (ഫേസ്ബുക്ക്)
വിപണിവത്കരിക്കുന്ന ജനാധിപത്യം
മീഡിയാസ്കാനിൽ യാസീൻ അശ്റഫ് എഴുതിയ ‘ജനാധിപത്യം എന്ന കോർപറേറ്റ് ഉൽപന്നം’ (ലക്കം 1468) വായിച്ചു. കേരള നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കോർപറേറ്റ് മാർക്കറ്റിങ് രീതികളും സംവിധാനങ്ങളും നിർണായകസ്ഥാനം നേടിയത് ജനാധിപത്യത്തിന്റെ ആത്മാവിനു നേരെയുള്ള അത്യുഗ്രമായ ആക്രമണമായി തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ഇത്തരം വിപണിവത്കരണം ആരോഗ്യകരമായ ഒന്നല്ല. കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കാൻ പോന്നതുതന്നെയാണ്. ആയതിനാൽ ജനാധിപത്യവിശ്വാസികൾ ഇത്തരം ദുഷ്ടതകൾക്കെതിരെ ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും പ്രതീക്ഷ വെച്ചുപുലർത്താനാവൂ.
ടി.ഐ. ലാലു, പഴമുക്ക്, തൃശൂർ
ഹിന്ദുത്വയെ തിരുത്തിയ ചരിത്രകാരൻ
മുകൾ തലക്കെട്ടിൽ എഴുതിയ പംക്തി ‘തുടക്കം’ ഉയർന്ന നിലവാരം പുലർത്തി (ലക്കം 1464). ചരിത്രം ഇന്ന് ഇന്ത്യയിൽ അത്രമേൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. സവർണാധിപത്യം ശക്തിപ്പെട്ട് ഭരണഘടനയിലെ ഉയർന്ന ആദർശങ്ങളും ജനാധിപത്യവും മതേതരത്വവും, ഭീഷണി നേരിടുന്ന സമയത്ത് ഇതിനെതിരെ പോരാടിയ കെ.എൻ. പണിക്കരുടെ വിയോഗം നാടിന് എന്തുകൊണ്ടും തീരാനഷ്ടമാണ്. ഹിന്ദുത്വവാദികൾ ചരിത്രത്തെ മാറ്റിപണിയുമ്പോൾ അതിനെ ശക്തമായി എതിർത്ത് കെ.എൻ. പണിക്കർ മുൻപന്തിയിൽതന്നെ ഉണ്ടായിരുന്നു.
ഇത് സവർണ വർഗീയവാദികൾക്ക് വലിയ വെല്ലുവിളിയായി. പാഠപുസ്തകത്തിലും മറ്റു രംഗത്തും കാവിവത്കരണം നടത്താൻ സവർണ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നു. അങ്ങനെ തെറ്റായ ചരിത്രം പഠിക്കാൻ നമ്മുടെ മക്കൾ നിർബന്ധിതരാവുന്നു. മലബാർ കലാപം കാർഷിക കലാപം ആയിരുന്നു. മലബാറിലെ ബ്രാഹ്മണരും നായരും ആയ ഭൂജന്മിമാർ മുസ്ലിംകളെയും ദലിതരെയുംകൊണ്ട് ക്രൂരമായി പണിയെടുപ്പിച്ചു, കൂലി കൊടുത്തില്ല. ഇതിനെതിരെ ഗത്യന്തരമില്ലാതെ മുസ്ലിംകൾ സവർണർക്കെതിരെ സ്വാഭാവികമായും തിരിഞ്ഞു. ദലിതർ പേടിച്ച് മിണ്ടിയില്ല. അവിടെ മുസ്ലിംകൾ കൂടുതലും ദലിതർ മതംമാറി വന്നവരാണ്.
ഇത് സവർണക്ക് സ്വാഭാവികമായും ഇഷ്ടപ്പെടാത്തതിനാലാണ് അവർ മുസ്ലിംകൾ ഹിന്ദുക്കളെ അക്രമിച്ചു എന്നരീതിയിൽ തെറ്റായ ചരിത്രം എഴുതിയത്. ഈവക സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ കെ.എൻ. പണിക്കരുടെ മുന്നിൽ സവർണർ മുട്ടുമടക്കി. ഇതുപോലെയുള്ള ചരിത്രകാരൻമാർ (കെ.എൻ. പണിക്കർ, കെ.കെ. കൊച്ച്, ഡോ. എം.എസ്. ജയപ്രകാശ്) ഉണ്ടെങ്കിൽ മാത്രമേ സവർണരുടെ കപടമുഖവും പിന്നാക്കക്കാരോടുള്ള സവർണരുടെ ക്രൂരതയും പുറത്തുകൊണ്ടുവരാൻ കഴിയൂ.
ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം
ഒരു നാടിന്റെ ആത്മാവ് തൊടുന്ന കഥ
ഷീല ടോമി എഴുതിയ കഥ ‘ചെയ്ത്താൻ പാലം’ (ലക്കം 1468) വായിച്ചു. ഒരു നാടിന്റെ ആത്മാവ് തൊടുന്ന കഥയെഴുത്തുകാരിയായ സ്ത്രീയുടെ കഥയും, ആ കഥയെതന്നെ കോടതിയിലെത്തിക്കുന്ന വിചിത്രമായ ആഖ്യാനവുമാണ് ഇത്. കോടതിയിൽ നടക്കുന്ന ചോദ്യംചെയ്യലുകളിലൂടെ, എഴുത്തുകാരിയും ജഡ്ജിയും വായനക്കാരും അതിലെ കഥാപാത്രങ്ങളും ഒരുമിച്ച് ഒരു സങ്കീർണമായ കാലഘട്ടത്തെയും, ആ കാലത്തെ നാടിനെയും, അവിടെയുള്ള മനുഷ്യരുടെ ജീവിതങ്ങളെയും ഓർത്തെടുക്കുന്നു. കഥയുടെ അവസാനഭാഗം മാറ്റുക എന്നത് പ്രധാനമന്ത്രിക്കുപോലും അവകാശമില്ല എന്ന ദൃഢമായ ദർശനമാണ് ഈ കഥ പറയാൻ ശ്രമിക്കുന്നത്.
മലയോര മേഖലകളിൽ ജീവിക്കുന്ന മനുഷ്യരുടെ ദയനീയമായ ജീവിതാവസ്ഥകളെ ഉയർത്തിക്കൊണ്ടുവരുന്ന ഈ ആഖ്യാനത്തെ, നിയമവ്യവസ്ഥയിലൂടെ ഭയപ്പെടുത്തി ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ, സമൂഹം അതിനെ എതിർക്കുന്നത് എങ്ങനെയെന്ന് ശക്തമായി ഇതിൽ ചിത്രീകരിക്കുന്നു. പുതിയകാലത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ നടക്കുന്ന കടന്നുകയറ്റങ്ങളെ വളരെ സൂക്ഷ്മമായും ധീരമായും പ്രതിപാദിക്കുന്ന ഷീല ടോമിയുടെ ഈ കഥ, മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നായി മാറും. കഥക്കുള്ളിൽ മറ്റൊരു കഥയെ കോടതിയിൽ ചോദ്യംചെയ്യപ്പെടുന്നത് സമകാല സാഹചര്യമാണ്. അത്തരമൊരിടത്ത് ഈ കഥ ഒരു ധീരമായ ആഖ്യാനമായി മാറുന്നു.
അബ്ദുൽ വാഹിദ്, തവളേങ്ങൽ (ഫേസ്ബുക്ക്)