Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്​

letters
cancel

തെരഞ്ഞെടുപ്പ് കാലത്തെ പൊള്ള വാഗ്ദാനങ്ങൾക്ക് വിലകൽപിക്കരുത്

ആഴ്ചപ്പതിപ്പിന്റെ (ലക്കം 1466) ‘തുടക്കം’ പംക്തിക്ക് ഒരനുബന്ധമാണ് ഈ കുറിപ്പ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഒരാളുടെ പേര് നിർദേശിക്കപ്പെടുമ്പോൾ നമുക്ക് മുന്നിൽവരുന്നത് വാഗ്ദാനങ്ങളുടെയും പ്രചാരണങ്ങളുടെയും വലിയൊരു പ്രവാഹം തന്നെയായിരിക്കും.

എന്നാൽ, ജാഗ്രതയുള്ള വോട്ടർ എന്ന നിലയിൽ നമ്മൾ വില കൽപിക്കേണ്ടത് അവരുടെ പൊള്ള വാഗ്ദാനങ്ങളല്ല, മറിച്ച് സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ആ വ്യക്തിയുടെ മുൻകാല പ്രവർത്തനങ്ങൾ തന്നെയാണ്. പൊതുജന പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം, പ്രതിസന്ധി ഘട്ടങ്ങളിൽ കാണിച്ച നേതൃഗുണം, സാമൂഹിക സൗഹൃദം നിലനിർത്താനുള്ള മനോഭാവം തുടങ്ങിയവയാണ് യഥാർഥ അളവുകോലുകൾ. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ തെറ്റിദ്ധാരണകൾ വ്യാപിക്കുന്ന കാലത്ത്, സത്യവും അസത്യവും തിരിച്ചറിയാനുള്ള വിവേകവും അത്രതന്നെ അനിവാര്യമാണ്. അതിനാൽ, വിവരങ്ങൾ പരിശോധിച്ച്, വസ്തുതകളെ അടിസ്ഥാനമാക്കി, ചിന്താപൂർവമായ തീരുമാനം എടുക്കുകയാണ് ഓരോ വോട്ടറുടെയും ഉത്തരവാദിത്തം.

അതുപോലെ തന്നെ, തെരഞ്ഞെടുപ്പ് ഒരു ദിവസത്തെ പ്രവൃത്തി മാത്രമല്ല, അത് തുടർച്ചയായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. നാം തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ നമ്മുടെ ശബ്ദമായി നിയമസഭകളിൽ സംസാരിക്കേണ്ടവരാണ്. അതിനാൽ, അവരുടെ ഉത്തരവാദിത്തബോധവും ജനങ്ങളോടുള്ള സമീപനവും വളരെ പ്രധാനമാണ്.

വോട്ട് ചെയ്യുന്നത് മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടവരെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. ശരിയായ വ്യക്തികളെ തെരഞ്ഞെടുക്കുമ്പോൾ മാത്രമേ ഒരു രാജ്യത്തിന് സ്ഥിരതയും പുരോഗതിയും ഉറപ്പാക്കാൻ കഴിയൂ; അതുകൊണ്ടു തന്നെ, ഓരോ വോട്ടും ഒരു നല്ല നാളേക്കുള്ള നിക്ഷേപമാണെന്ന് മനസ്സിലാക്കി അതിന്റെ മൂല്യം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.

കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം

ഗൾഫ് നാടകങ്ങളിലെ ഇന്ത്യൻ മുഖങ്ങൾ

ഖത്തറിൽ ജോലി ചെയ്തിരുന്ന കാലത്ത് ധാരാളമായി കേട്ടിരുന്ന പേരുകളിൽ ഒന്നാണ് ഗാനിം സുലൈത്തി. സുലൈത്തിയുടെ നാടകങ്ങൾ അന്ന് ഖത്തർ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നതും ആസ്വദിക്കുന്നതും ഓർമയിലുണ്ട്. ആ ഓർമകളെ പുനരാവിഷ്കരിക്കാൻ വി.എ. കബീറിന്റെ പ്രഭാഷണം സഹായകമായി (ലക്കം 1465). സുലൈത്തിയുടെ നാടകങ്ങളിലെ തമാശകളും അഭിനയവും അറബി അറിയാത്തവർക്കുപോലും നന്നായി ആസ്വദിക്കാൻ സാധിക്കുമായിരുന്നു. അൽ ജസീറ പ്രക്ഷേപണം ചെയ്ത (ബിലാ ഹുദുദ് ) ‘അതിരുകളില്ലാതെ’ എന്ന പരമ്പര ചിന്തോദീപകവും സരസ സമ്പന്നവുമായിരുന്നു.

കേരളത്തിൽ നിന്നുള്ള എന്റെ ചില സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ആ വലിയ കലാകാരന്റെ നാടകങ്ങളിൽ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ പിന്നിൽ ഗാനിം സുലൈത്തിയുടെ ഉദാര മനോഭാവം ഉണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം. വി.എ. കബീർ പ്രഭാഷണത്തിൽ പരാമർശിച്ച ഖത്തർ ഇലക്ട്രിസിറ്റി (കഹ്റുമ) യിൽ ജോലി ചെയ്തിരുന്ന മലയാളി എ.വി.എം ഉണ്ണി ദോഹയിലെ കലാസാംസ്കാരിക പരിപാടികളിൽ നിത്യ സാന്നിധ്യമായിരുന്നു അന്ന്.

ഖത്തറിലെ മലയാളി സമൂഹത്തിന്റെ ഗതകാല ചരിത്രം ഉണ്ണിക്ക എന്ന് ഞങ്ങൾ വിളിച്ചിരുന്ന എ.വി.എം ഉണ്ണി പകർത്തിവെച്ച അനേകം കലാസാംസ്കാരിക പരിപാടികളുടെ ക്ലിപ്പുകൾ പ്രദർശിപ്പിക്കപ്പെടാതെ അപൂർണമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ദീർഘകാലം മരുഭൂമിയിൽ കഴിച്ചുകൂട്ടിയത് കൊണ്ടാവണം മുഹമ്മദുണ്ണി എന്ന വലിയ കലാകാരനെ കൈരളിക്ക് നഷ്ടമായത് എന്നുകൂടി കൂട്ടത്തിൽ പറഞ്ഞുവെക്കട്ടെ. കലാമേഖലയില്‍ മികച്ചുനില്‍ക്കുന്നത് നാടകവും നടനവും തന്നെയെന്ന് അടിവരയിടുന്നതാണ് ഈ ലേഖനം.

സുബൈര്‍ കുന്ദമംഗലം

‘മഹാമായ’; സ്ത്രീയുടെ സ്വകാര്യമായ പരിഭ്രമങ്ങൾ

സലിൻ മാങ്കുഴി എഴുതിയ കഥ ‘മഹാമായ’ (ലക്കം 1466) ഞെട്ടലോടെയും വിങ്ങലോടെയും മാത്രമേ വായിക്കാനാവൂ. മായ എന്ന സ്ത്രീയിലൂടെ കഴിഞ്ഞ തലമുറയിലെ വിവാഹിതരായ എല്ലാ സ്ത്രീകളുടെയും വളരെ സ്വകാര്യമായ നിരവധി പരിഭ്രമങ്ങൾ അവതരിപ്പിക്കുന്നു. കതിർമണ്ഡപത്തിൽനിന്ന് ഭർത്താവിന്‍റെ വീട്ടിലേക്കുള്ള യാത്രയാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ദീർഘയാത്രയെന്ന നിരീക്ഷണം ഉൾപ്പെടെ നിരവധി സൂക്ഷ്മനിരീക്ഷണങ്ങളുള്ള കഥ മികച്ച സ്ത്രീപക്ഷ കഥയാണ്.

വിവാഹം, ആദ്യരാത്രി, ഗർഭധാരണം, ഗർഭകാലം, പ്രസവാനന്തരകാലം തുടങ്ങിയ സ്ത്രീ അവസ്ഥകളെ ഉള്ളിൽ തട്ടുംവിധം അവതരിപ്പിക്കുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഗൗരവത്തോടെ അവതരിപ്പിക്കുന്നു. വിവാഹത്തോടെ സ്വന്തം വീട് നഷ്ടമാകുന്ന സ്ത്രീ അവസ്ഥയെ പ്രതീകാത്മകമായി അവതരിപ്പിച്ചതും ഗംഭീരമായി. ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന മായയുടെ അവസ്ഥ വായിച്ചറിയുമ്പോൾ ഒരു ദീർഘ നിശ്വാസം ഉയരും, തീർച്ച. കഥ തുടങ്ങി അവസാനിക്കുന്നതുവരെ ഒറ്റശ്വാസത്തിൽ വായിക്കാനാവും. ഭാഷയും, ക്രാഫ്റ്റും, കൈയടക്കവും എടുത്തുപറയേണ്ടതു തന്നെയാണ്. സാലഭഞ്ജിക, പിയാത്തേ, സപ്ത സന്താപങ്ങളുടെ അമ്മ തുടങ്ങിയ ബിംബങ്ങളൊക്കെ കഥയിൽ ഇണക്കിച്ചേർത്തത് നന്നായിട്ടുണ്ട്. ‘മഹാമായ’ സ്ത്രീകളുടെ കഥയാണ്. പക്ഷേ എല്ലാ പുരുഷന്മാരും നിർബന്ധമായും വായിക്കേണ്ടതു തന്നെയാണ്. കഥാകാരനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.

സന്തോഷ് ഇലന്തൂർ

പഠിക്കാതെ പോകുന്ന പാഠങ്ങൾ

എഴുത്തുകാരിയായ സുജിത സി.പി വല്ലപ്പോഴും കവിതകളുമായി വന്ന് എഴുത്തടയാളം ചാർത്തുന്ന വ്യക്തിയാണ്. എഴുത്തിനെ മൗനത്തിലൊളിപ്പിച്ച് ഒരു തപസ്സുപോലെ സ്വീകരിച്ച മനസ്സിനുടമ. അത്രമേൽ സുതാര്യമായ എഴുത്തൊന്നുമല്ല സുജിതയുടേത്. ഒരൊറ്റമാത്രയിൽ മനനംചെയ്തെടുക്കാനും സാധ്യമല്ല. വീണ്ടും വീണ്ടും വായിക്കുമ്പോഴേ അതിന്റെ അകംപൊരുൾ തേടാനാകൂ. മാസ്മരികമായ ഒരു വലയത്തിനുള്ളിൽ വാക്കുകളുടെ ശോഭ അവിടെ കാണാം. ചിലപ്പോൾ അത് നോവിന്റെ ആഴപ്പരപ്പാകും, മറ്റു ചിലപ്പോൾ അക്ഷരത്തോണിയിലേറ്റി തുഴയെറിഞ്ഞ് മുന്നോട്ടുകൊണ്ടുപോകും. കാണാക്കാഴ്ചകളുടെ വർണപ്രപഞ്ചം കാട്ടിത്തരും.

‘‘ഒരു നിശ്ചയമില്ലയൊന്നിനും എന്ന വാക്കിനൊരു പാഠഭേദം ചൊല്ലാം. ഒരു നിശ്ചയവുമില്ലാതെ പോകുന്നില്ല മറ്റൊന്നും.’’ ഇവിടെ നിശ്ചയിച്ചതിനുമപ്പുറത്ത് വാക്കുകൾ തളിരിട്ട്, പൂവിട്ട്, കായ് നിറഞ്ഞ് കാലാവസ്ഥക്ക് അനുകൂലമായും ചിലപ്പോൾ പ്രതികൂലമായും അരികുചേർന്നുനിൽക്കുന്നു. കവിതയിലൂടെ, കഥയിലൂടെ ആരും സ്പർശിക്കാതെ പോകുന്ന ശരികളെ (തെറ്റുകളെ) കണ്ടെത്തി വായനയിലേക്കൊരു വസന്തം സമ്മാനിക്കുന്ന വയനാടിന്റെ എഴുത്തുകാരിയാണ് സുജിത. ഒന്നിനെ സ്വീകരിക്കുമ്പോൾ മറ്റു പലതുംകൂടി സാധ്യമാകും എന്നൊരു തീർച്ചപ്പെടുത്തലിന്റെ ദൃഢതയാണ് ഈ എഴുത്തുകാരി.

ഇത്രയും പറഞ്ഞത് മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം 1458) ഓപൺ ഫോറത്തിൽ ‘താപനം പടർത്തുന്ന ആഗോള വീഴ്ചകൾ’ എന്ന സുജിതയുടെ ലേഖനത്തിലാണ്. പഠനാർഹമായ എഴുത്ത്, കണ്ടെത്തലുകൾ, സൂചനകൾ..! എത്ര കണ്ടാലും കൊണ്ടാലും പഠിക്കാതെ പോകുന്ന പാഠങ്ങളാണ് നാം.

സുജിത പറഞ്ഞപോലെ ഭൂമിയും സർവചരാചരങ്ങളും ജീവിതങ്ങളും എപ്പോഴും എന്നിൽ വിസ്മയ സങ്കടങ്ങളായി നിറയുന്നു. അതിനെ എഴുതുമ്പോൾ വ്യവഹാരരൂപങ്ങൾ തികയാതെ വരുന്നു. ശരിയാണ്, പ്രകൃതിയെ ഒരൊറ്റ ഫ്രെയ്മിനുള്ളിൽ പകർത്താൻ പറ്റുന്നതല്ല. പ്രവചിക്കാൻ പറ്റാതെവരുന്ന കാലാവസ്ഥാവ്യതിയാനം ചിലപ്പോൾ രൗദ്രഭാവത്തിന്റെ കെട്ടഴിക്കും, അല്ലെങ്കിൽ ശാന്തമായും.

‘‘നമ്മുടെ ഋതുക്കൾക്ക് ഇപ്പോൾ മഞ്ഞയും ഓറഞ്ചും ചുവപ്പുമായ അലർട്ടുകളുടെ നിറവും മണവുമാണ്.’’ ഇന്ന് അലർട്ടുകളുടെ പ്രവചന ചട്ടക്കൂടിലാണ് ജീവിതം എന്ന് പറയുമ്പോൾ മനുഷ്യാവസ്ഥ നേരിടുന്ന ഭീകരമായ ഒരു മുഖം ദയനീയം തന്നെ.

‘‘അധികാര വെൺതണുപ്പുകൾ ഉപേക്ഷിച്ച് മൺചൂട് ഏറ്റെടുക്കാൻ കെൽപുള്ള ജനപ്രതിനിധികൾ ഉണ്ടാകട്ടെ. ആഗോളതലത്തിൽ മുതലെടുപ്പുകൾക്കല്ലാതെ പരിസ്ഥിതി സൗഹാർദങ്ങൾ ഉണ്ടാകട്ടെ.’’

ലേഖനത്തിന്റെ അവസാനഭാഗത്തിലെ വരികളാണിവ. സുന്ദരമായ സ്വപ്നങ്ങൾ കാണണമെങ്കിൽ അസുന്ദരങ്ങളായ പലതും പാടേ നീക്കംചെയ്യേണ്ടതുണ്ട്. ഒരു രക്ഷാമാർഗം അതൊന്നു മാത്രം. അല്ലെങ്കിൽ പ്രകൃതി കാലവ്യവസ്ഥയെ മറികടന്ന് കലിതുള്ളിക്കൊണ്ടിരിക്കും. ലേഖനം വായിക്കണം, വായിക്കാതെ പോകരുത്.

ജയപ്രകാശ് എറവ് (ഫേസ്ബുക്ക്)

‘വേളിമലയിലെ വീട്’: കുടിയൊഴിക്കപ്പെട്ട മനുഷ്യന്റെ നീറുന്ന കഥ

പുതുവത്സരപ്പതിപ്പിൽ (ലക്കം 1454-55) ശ്രീകണ്ഠൻ കരിക്കകം എഴുതിയ ‘വേളിമലയിലെ വീട്’ വായിച്ചു. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുവേണ്ടി സ്ഥലം കൊടുത്ത് അവിടെനിന്നും കുടിയൊഴിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥ. വിട്ടുപോയ മണ്ണിനോടുള്ള ഒരു മനുഷ്യന്റെ സ്നേഹം, അവിടേക്ക് തന്റെ ഓർമകളും പേറി മകനെയുംകൂട്ടി മല ഓടിക്കയറുന്ന ഒരു 80കാരന്റെ കഥ. ഇപ്പോൾ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കടന്നുകയറി ആ മണ്ണിനെയും അവിടത്തെ 60 വർഷം മുമ്പുള്ള ജിവിതത്തെയും ഓർത്തെടുക്കുന്ന ഒരു നല്ല കഥ.

‘‘അടുത്ത് എവിടെയോ ഒരു നായ് കുരച്ചതുപോലെ എനിക്ക് തോന്നി. പക്ഷേ, അച്ഛനത് നായുടെ കുരയായിട്ടല്ല ഒരു പശുവിന്റെ കരച്ചിൽ ആയിട്ടാണ് തോന്നിയത്. മണംപിടിക്കുന്ന ഒരു ജന്തുവിനെപ്പോലെ അച്ഛനാ പരിസരത്ത് എമ്പാടും ഓടിനടന്നു. പിന്നെ ഒരിടത്തുചെന്ന് നിന്നിട്ട് പറഞ്ഞു: ഇവിടെയായിരുന്നു ഞങ്ങളുടെ റഷീദിക്കയുടെ വീട്. പശുക്കളെ വളർത്തിയിരുന്ന...’’

പിന്നെയും ശ്രീകണ്ഠൻ എഴുതുന്നു ‘‘വേളിമലയിലെ കറുത്ത കല്ലുകൾ പൊട്ടിച്ച, തകർന്നുപോയ വീടിനെ അച്ഛന്റെ ഓർമകൾ വീണ്ടും പുതുക്കിപ്പണിയുകയാണ്.’’

‘‘പോരുമ്പോൾ ഞാനൊരു പുളിമരം നട്ടിരുന്നു. ആരും വെട്ടിക്കളഞ്ഞില്ലെങ്കിൽ അതും അവിടെ കാണും.’’ ആ കിണറിലെ തെളിഞ്ഞ വെള്ളം ഞാനും കുടിച്ചു. മലയിലിരുന്നു മഴ കാണാൻ ഞാനും കൊതിക്കുന്നു. വായിച്ച ഞാനും ഒപ്പം ആ മലയിൽ പോയി. ഒരു നല്ല കഥ വായിച്ചു. സതീഷ് ചളിപ്പാടത്തിന്റെ ചിത്രീകരണവും ഗംഭീരം. കഥ ഉൾക്കൊണ്ടുതന്നെ വരച്ചു. അഭിനന്ദനങ്ങൾ.

സാമുവൽ യോഹന്നാൻ (ഫേസ്ബുക്ക്)

മസ്ജിദും മണ്ഡലും

കെ.എം. സലിംകുമാറിന്‍റെ ആത്മകഥയിലെ 21ാം അധ്യായം (ലക്കം 1449) വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വഴി സ്വീകരിക്കുന്ന കാലത്തെ ആശയസംഘർഷങ്ങളെക്കുറിച്ചാണ് സലിംകുമാർ ഈ അധ്യായത്തിൽ വ്യക്തമാക്കുന്നത്. അക്കാലത്ത് ഉയർന്നുവന്ന മണ്ഡൽ, ബാബരി മസ്ജിദ് വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

അയോധ്യയിൽ ആർ.എസ്.എസ്, വി.എച്ച്.പി തീവ്രഹിന്ദു സംഘടനകൾ ​ബാബരി മസ്ജിദ് നിർദാക്ഷിണ്യം തകർത്തിട്ട് കഴിഞ്ഞ വർഷം 33 ആണ്ട് തികഞ്ഞല്ലോ. ജനാധിപത്യമൂല്യമുള്ള രാജ്യമെന്ന് മേനിപറയുന്ന ഇന്ത്യയുടെ വില ബാബരി ധ്വംസനത്തോടെ കീഴ്പ്പോട്ട് പതിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്ന ഹിന്ദു വർഗീയവാദികളുടെ അവകാശം തെറ്റാണെന്ന് മുൻ ഗുജറാത്ത് ഡി.ജി.പിയായ ആർ.ബി. ശ്രീകുമാർ അടക്കമുള്ള ആളുകൾ വ്യക്തമാക്കിയതാണ്. സംഭവത്തിന് പിന്നിലെ പ്രതികളിൽ ചിലരായ എൽ.കെ. അദ്വാനി, നരസിംഹറാവു എന്നിവരെ ശിക്ഷിച്ചില്ല എന്നുമാത്രമല്ല പിന്നീട് ഭാരതരത്ന കൊടുത്ത് ആദരിക്കുകയും ചെയ്തു.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002ൽ ആണല്ലോ ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ തീവ്ര ഹിന്ദു പാർട്ടികൾ മുസ്‍ലിം വംശഹത്യ നടത്തിയത്. ഈ അതിക്രൂര കൃത്യത്തിന്റെ സമ്മാനമായി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിപദവും ലഭിച്ചു. 2014 മുതലുള്ള ആർ.എസ്.എസ്, ഹിന്ദുമതത്തിലെ മനുസ്മൃതി അനുസരിച്ചുള്ള ബി.ജെ.പി ഭരണം എന്നിവ ഭരണഘടനയിലെ ഉയർന്ന ആദർശങ്ങൾക്ക് വലിയ വെല്ലുവിളിയാവുന്നു.

മതന്യൂനപക്ഷങ്ങൾ (പ്ര​ത്യേകിച്ച് മുസ്‍ലിം), ദലിതർ, മറ്റു പിന്നാക്ക അവശ ഹിന്ദുക്കൾ (ഈഴവ, തീയ) വിവേചനം നേരിടുന്നു. എല്ലാ രംഗത്തും 10 ശതമാനം താഴെയുള്ള സവർണർ വാഴുന്നു. പിന്നെ 1990ൽ 27 ശതമാനം ജോലി ഒ.ബി.സി വിഭാഗങ്ങൾക്ക് (പിന്നാക്കർ) ലഭിക്കുന്ന നിയമം അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് കൊണ്ടുവന്നു. പിന്നാക്ക, അവശ ജനങ്ങൾ ആഹ്ലാദിച്ചു. പക്ഷേ, ഈ ആഹ്ലാദം അധികസമയം നിലനിന്നില്ല. പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ. ക്ഷത്രിയർ, ബ്രാഹ്മണർ, രജപുത്രർ തുടങ്ങിയ സവർണ ഹിന്ദു പ്രതിഷേധത്തിൽ 11 മാസം മാത്രം പ്രായമുള്ള വി.പി. സിങ് മന്ത്രിസഭ താഴെവീണു. അവിടെയും സവർണ പക്ഷം വിജയിച്ചു. ഭൂരിപക്ഷം 90 ശതമാനം വരുന്ന അവർണ, അവശ ജനങ്ങൾ പരാജയപ്പെട്ടു. ബഹുഭൂരിപക്ഷം വരുന്ന അവശ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കുകയാണ് നിലവിൽ ആർ.എസ്.എസ് ഇന്ത്യയിൽ ചെയ്യുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം എന്നേ അതിക്രമിച്ചിട്ടുണ്ട്.

ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം

നാനാർഥ പ്രയോഗങ്ങളെ ചവറ്റുകുട്ടയിൽ തള്ളണം

‘കെട്ടിയാട്ടങ്ങളും തെറിപ്പാട്ടുകളുമാണ് തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യവിഭവമെങ്കിൽ, മാധ്യമങ്ങൾ ജനാധിപത്യത്തിന് അത്യാവശ്യമല്ലെന്ന് കരുതുന്നതല്ലേ ശരി?’ എന്നു ആഴ്ചപ്പതിപ്പിലെ (ലക്കം 1466) തന്‍റെ പംക്തിയായ മീഡിയാസ്കാനിൽ യാസിൻ അശ്റഫ്ചോ ദിച്ചിരിക്കുന്നു. അതെ, സമകാലിക പത്രങ്ങളുടെ പെരുമാറ്റങ്ങളെ അനുദിനം നിരീക്ഷിക്കുന്ന ആർക്കും ശരി എന്നു ഉത്തരം ഉറപ്പിച്ചുപറയാവുന്നതാണ്.

രാഷ്ട്രീയക്കാർ പ്രത്യേകിച്ച് തെരഞ്ഞെടുപ്പുത്സവകാലത്തു പ്രയോഗിക്കുന്ന നാനാർഥ പ്രയോഗങ്ങളെക്കുറിച്ച് വാർത്താപ്രവാഹം സൃഷ്ടിക്കുകയല്ല, മറിച്ച് ഉടനെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയാണ് യഥാർഥത്തിൽ വേണ്ടത്. ഈ പത്രപ്രവർത്തനം എന്നു പറയുന്നതു ഒരു മഹത്തായ ദൗത്യമാണ്. വായനക്കാരിലേക്കു സന്ദേശമെത്തിക്കലാണ് പത്രങ്ങളുടെ അടിസ്ഥാന ദൗത്യവും ലക്ഷ്യവും. ഉയർന്ന മൂല്യബോധവും ഈടുറ്റ രാഷ്ട്രീയബോധവും തിരിച്ചറിവുകളും സമ്മേളിച്ചവർക്കു മാത്രമേ ഇതു സാക്ഷാത്കരിക്കാനാവൂ. നിർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സ്പന്ദനങ്ങളുള്ള പത്രമാധ്യമങ്ങൾ ഇന്നു കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്, കഷ്ടം.

ടി.ഐ. ലാലു, പഴമുക്ക്, മുണ്ടൂർ

Show More expand_more
News Summary - letters