എഴുത്തുകുത്ത്

പി.കെ.ബി പതിപ്പിൽ മികവുറ്റ രചനകൾ
മാധ്യമം പത്രാധിപരായിരുന്ന പി.കെ. ബാലകൃഷ്ണനെ അനുസ്മരിക്കുന്ന മികവുറ്റ രചനകൾ ആഴ്ചപ്പതിപ്പിലുണ്ട് (ലക്കം 1461). ജനകീയ സാംസ്കാരിക വിചാരവേദിയുടെ മുഖപത്രമായ ‘പ്രേരണ’ക്കുവേണ്ടി ബി. രാജീവനും ഡോ. ഉദയകുമാറും ചേർന്നുനടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണവും ബാബുരാജ് ഭഗവതി, ‘ജാതിവ്യവസ്ഥയും കേരളചരിത്രവും’ എന്ന കൃതിയെ മുൻനിർത്തിയെഴുതിയ ലേഖനവും പി.കെ.ബിയുടെ കാലാന്തരമായ വീണ്ടെടുപ്പിനും അദ്ദേഹത്തിന്റെ രചനകളുടെ ‘അകം പൊരുൾ’ (പാരഡൈം) വെളിപാടിനും സഹായിക്കുന്നുവെന്ന അർഥത്തിൽ കൂട്ടത്തിൽ കൂടുതൽ ശ്രദ്ധേയമാണ്.
“സമുദായങ്ങളുടെ ബഹുസ്വരമായ സംഘാടനമെന്ന നിലയിൽ ദേശത്തെ വിഭാവന ചെയ്യുകയും ആ യുക്തി ഉപയോഗിച്ച് വസ്തുതകളെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്ത” ചിന്തകനെന്ന നിലയിലാണ് ബാബുരാജ് ഭഗവതി പി.കെ.ബിയെ വിലയിരുത്തുന്നത്. വർഗീയത, സാമുദായികത, മൂലധനം, വരേണ്യത, ദേശീയത, മതേതരത്വം എന്നിവക്ക് കീഴാളരുടേതായ അർഥവും ചരിത്രവും നൽകാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേതെന്നും ബാബുരാജ് ഭഗവതി എഴുതുന്നു. ‘ഇതിനു തടസ്സം നിന്ന പൊതുനിർമിതികളെ വെളിച്ചത്തുകൊണ്ടുവരുന്ന പ്രക്രിയയിൽ കീഴാളരെയും സവർണരെയും രണ്ടു പാത്രംകൊണ്ട് അളക്കുന്നവരോട് രാജിയാവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല’ എന്ന നിഗമനത്തിൽ എത്തിച്ചേർന്നതിനുള്ള കാരണമായി, ലേഖനത്തിന്റെ തുടക്കത്തിൽ ‘ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന കൃതിയെ മുൻനിർത്തി 1983-1984 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചിന്തയിലും സമതാളത്തിലും നടന്ന വാദപ്രതിവാദങ്ങളുടെ സംഗ്രഹം നൽകിയിട്ടുണ്ട്.
പി.കെ.ബിയുടെ ചരിത്രഗ്രന്ഥത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്, കെ.കെ.എൻ. കുറുപ്പാണ്. മൗലികരേഖകൾ പരിശോധിക്കാതെ, എം.ജി.എസ് എഴുതിയ രേഖകൾ കാണാതെ, അക്കാദമിക ചരിത്രരചനയുടെ സ്വഭാവമില്ലാതെ എഴുതിയ, സാഹിത്യചോരണത്തിന്റെ ദൂഷ്യമുള്ള രചനയായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ‘ജാതിവ്യവസ്ഥിതിയെ’ കുറുപ്പ് ആക്രമിക്കുന്നത്. പി.കെ. ബിയുടെ ചരിത്രം 1983 മേയിലാണ് പ്രസിദ്ധീകരിച്ചത്. 1987ൽ അതിനു നവീകരിച്ച മറ്റൊരു പതിപ്പുണ്ടായി. ആദ്യപതിപ്പിലുണ്ടായിരുന്ന 35 അധ്യായം രണ്ടാം പതിപ്പിൽ 32 ആയി കുറഞ്ഞു. നവീകരിച്ച പതിപ്പിനെപ്പറ്റിയെഴുതിയ ആമുഖത്തിൽ 18 അധ്യായങ്ങൾ പൊളിച്ചെഴുതിയതായി പി.കെ.ബി സമ്മതിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ നടന്ന തർക്കത്തെ തുടർന്നായിരിക്കണം ഈ തിരുത്തിയെഴുത്ത് എങ്കിൽ അത് ജനാധിപത്യപരമാണ്. ലേഖനം അക്കാര്യത്തിലല്ല ഊന്നുന്നത്.
ചരിത്രരചനയുടെ വസ്തുനിഷ്ഠശൈലിയല്ല പി.കെ.ബി പുസ്തകത്തിൽ പുലർത്തുന്നത് എന്നതൊരു വസ്തുതയാണ്. ആകർഷണീയമായവും ഊർജസ്വലവുമായ ഭാഷക്കുടമയാണ് അദ്ദേഹം. ബാലകൃഷ്ണന്റെ എഴുത്തുരീതിയുടെ പ്രത്യേകതകളെല്ലാം ‘ജാതിവ്യവസ്ഥിതി’യിലുമുണ്ട്. ആധികാരിക ചരിത്രമെന്ന പേരിൽ പ്രചരിച്ചിരുന്ന ഇളംകുളം കുഞ്ഞൻപിള്ളയുടെ നിരീക്ഷണങ്ങളെ രൂക്ഷമായ ഭാഷയിൽ ആക്രമിച്ചതിന്റെ പേരിൽ, ജാതിപരമായ പൊതുബോധങ്ങളെ ഇളക്കിമാറ്റിയതിന്റെ പേരിൽ പുസ്തകം കൂടുതൽ ചർച്ചാവിഷയമായി. കൂട്ടത്തിൽ ഇളംകുളത്തിന്റെ പാത പിന്തുടരുന്ന എ. ശ്രീധരമേനോനെയും അദ്ദേഹം കളിയാക്കുന്നുണ്ട്.
‘തെളിവില്ലായ്മയുടെ കഷണ്ടിയിൽ കവിതകൊണ്ട് ഒരു ചരിത്രരചന’ എന്ന ഉപശീർഷകം പ്രസിദ്ധമായിരുന്നു. എന്നാൽ, രണ്ടാം പതിപ്പിൽ അതില്ല. എന്നാൽ, സ്ഥലകാലവേഴ്ചയില്ലാത്ത ചരിത്രസങ്കൽപങ്ങൾ, ആത്മനാശത്തിലേക്ക് ഘോഷയാത്ര നടത്തിയ പ്രാകൃതപ്രൗഢികൾ, വിചിത്രരാജവാഴ്ചകളുടെ വിചിത്രമായ ജനനം, ദ്വൈതമാർഗപ്പഴുതിലൂടെ മാനസികാന്ധ്യത്തിലേക്ക് എന്നിങ്ങനെ ആകർഷകമായ തലക്കെട്ടുകൾ നൽകാൻ അദ്ദേഹം മടിച്ചിട്ടുമില്ല. (കാവ്യകല കുമാരനാശാനിലൂടെ എന്ന പുസ്തകത്തിലെ ഒരു തലക്കെട്ട് ഓർമവരുന്നു: പ്രതിഭാരക്ഷസ്സിന്റെ കുതിരസവാരി. പത്രപ്രവർത്തന പരിചയത്തിൽനിന്നാവണം അദ്ദേഹത്തിന്റെ സർഗാത്മകതയുടെ ലക്ഷണമായ ആകർഷകവും കൃത്യവുമായ തലക്കെട്ടുകളുടെ ഉൽപത്തി).
സാഹിത്യവിമർശനത്തിന്റെ ഭാഷാസങ്കേതങ്ങളുപയോഗിച്ചാണ് ചരിത്രപുസ്തകത്തിൽ ‘ഇളംകുളം വധം’ പുസ്തകത്തിൽ പി.കെ.ബി നിർവഹിക്കുന്നത് –“34 ശാസനങ്ങൾകൊണ്ട് പ്രഫ. ഇളംകുളം വൈഭവപൂർവം നടത്തിയ ഒരുതരം ചരിത്രമുച്ചീട്ടുകളിയാണ് രണ്ടാം ചേരസാമ്രാജ്യം.’’ (പു. 63)
“കൈവശം വന്ന ‘ദൃഢമായ ചരിത്രരേഖ’വച്ചുകൊണ്ട് പ്രഫ. ഇളംകുളം തുടർന്നു നടത്തുന്നത് മനഃപൂർവമുള്ള പാണ്ഡിത്യപഞ്ചവാദ്യഘോഷമാണ്’’ (പു. 64)
‘‘...300 കൊല്ലം കേരളം വാണ കുലശേഖരചക്രവർത്തിമാരെപ്പറ്റിയും പ്രഫ. ഇളംകുളം എഴുതിവച്ചിരിക്കുന്നതു വായിച്ചു കേട്ടാൽ ആ പഴയ ശിവക്ഷേത്രം തീർച്ചയായും പൊട്ടിച്ചിരിക്കുമായിരുന്നു” (പു. 89)
ഇതു നോക്കുമ്പോൾ പുസ്തകത്തിന്റെ അക്കാദമിക് ചരിത്ര പ്രതിപാദനരീതിയെ, ചരിത്രകാരൻ എന്ന നിലക്ക് കെ.കെ.എൻ. കുറുപ്പ് വിമർശിക്കുന്നതിൽ കാര്യമുണ്ടെങ്കിലും ഇപ്പോൾ (സത്യാനന്തരതയുടെ വൈകാരികസത്യത്തെ മുൻ നിർത്തി) സ്വത്വസംബന്ധിയായ വിഷയങ്ങളിൽ അക്കാദമിക് ചരിത്രകാരർതന്നെ (ഫേസ്ബുക്കിലും മറ്റും) ഈ രീതി പിന്തുടരുന്നതായി കാണാം. ആ നിലക്ക് പി.കെ.ബി, കാലത്തെ കടന്നുനിൽക്കുന്ന മാതൃക കണ്ടെത്തിയ എഴുത്തുകാരനായിരുന്നു.
ഇളംകുളത്തിന്റെ ചരിത്രനിഗമനങ്ങളെ ആക്രമിച്ച മറ്റൊരാൾ കാണിപ്പയ്യൂരാണ് എന്നുംകൂടി ഇവിടെ ഓർക്കാം. ജാതി പറഞ്ഞായിരുന്നു ആ വിമർശനം. നമ്പൂതിരിമാരുടെ പ്രാമാണ്യത്തെ ലഘൂകരിച്ചു കണ്ടതാണ് കാണിപ്പയ്യൂരിന്റെ പ്രകോപനത്തിനു കാരണം.
‘പ്രേരണ’യിലെ അഭിമുഖത്തിൽ പി.കെ. ബാലകൃഷ്ണൻ ആക്രമിക്കുന്ന രണ്ടു ജാതിവിഭാഗങ്ങൾ നമ്പൂതിരിമാരും നായന്മാരുമാണ്. സംബന്ധത്തെക്കുറിച്ചും ബ്രഹ്മചര്യത്തെക്കുറിച്ചും പിൽക്കാലത്തുണ്ടായ ആക്ഷേപങ്ങളുടെ തുടക്കമോ രൂക്ഷതയോ കാര്യമായിത്തന്നെ പി.കെ.ബിയുടെ എഴുത്തുകളിൽ കാണാം. നാരായണഗുരു കൃത്യമായും ‘ക്രിസ്ത്യൻ പ്രോഡക്ടാണെന്നു’ വിശ്വസിക്കുന്ന പി.കെ. ബാലകൃഷ്ണന്, സാമുദായിക വീക്ഷണങ്ങളിൽ കടന്നു വിരാജിച്ച ക്രിസ്ത്യൻ മൊറാലിറ്റിയുടെ ശക്തമായ സ്വാധീനത്തെപ്പറ്റിയും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിക്കുകയും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രൂക്ഷമാവുകയും ചെയ്ത കേരളരാഷ്ട്രീയത്തിലെ നായരീഴവ സംഘർഷത്തിന്റെ വിദ്വേഷം രൂപം നൽകിയ വാങ്മയങ്ങളെ പറ്റിയും ധാരണയില്ലായിരുന്നു എന്നു വിചാരിക്കുന്നത് മൗഢ്യമാകും.
പി.കെ.ബിയുടെ തന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ വിമർശിച്ചുകൊണ്ടെഴുതിയ ‘ഒരു വീരപുളകത്തിന്റെ കഥ’യിലും പ്രതിസ്ഥാനജാതിക്കൊരു ഊന്നലുണ്ട്. (1944ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കുമ്പളംചിറ വാസവപ്പണിക്കരുടെ ‘മുലൂർ പത്മനാഭപ്പണിക്കർ’ എന്ന ജീവചരിത്രപുസ്തകത്തിൽനിന്നാണ്, 1960 കളിലെ മന്നത്തു പത്മനാഭന്റെ ഉൾെപ്പടെ യുള്ള ഈഴവവിരുദ്ധ പരാമർശങ്ങൾ ഇടക്കിടക്ക് വാലും തുമ്പും വെട്ടിയ നിലയിൽ, ഫേസ്ബുക്ക് പോസ്റ്റുകളായി അവതരിക്കുന്നത് എന്നോർക്കുക. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വരുമ്പോഴേക്കും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മാറിയതിനനുസരിച്ച് ഉള്ളടക്കത്തിലും മാറ്റമുണ്ടായി എന്നർഥം) ഈ സംഘർഷത്തിന്റെ ഫലം പി.കെ.ബിയെയും ബാധിച്ചിരുന്നു. ‘പ്രേരണ’യിലെ അഭിമുഖത്തിൽ അദ്ദേഹം എഴുതുന്നു :
“നായന്മാരുടെ സാമൂഹികജീവിതത്തിൽ ഈ ഹാസ്യാത്മകമായ വൈരുധ്യം വേറൊരു രൂപത്തിലാണ്. നമ്പൂതിരിയുടെ വീട്ടിൽ അവൻ ദാസനാണ്. ഇലനായരോ, ചൂലുനായരോ, ചാണകം നായരോ ഒക്കെയാണ്. പുറത്തിറങ്ങിയാലോ, അവൻ വാളെടുത്ത മുഷ്കനായി കഴിഞ്ഞു. അവന്റെയും കുടുംബജീവിതം കഷ്ടമായിരുന്നു.” പച്ചക്ക് ജാതി പറഞ്ഞുകൊണ്ടുള്ള പരാമർശങ്ങൾക്ക് എത്രയൊക്കെ വിപ്ലവസ്വഭാവമുണ്ടെന്നു വാദിച്ചുറപ്പിച്ചാലും വ്യത്യസ്തമായ നിലയിൽ അപരത്വം അതിൽ സന്നിഹിതമായിരിക്കും.
ബാബുരാജ് ഭഗവതിയുടെ ലേഖനത്തിന്റെ തലക്കെട്ട് ‘ജാത്യതീതരായ ഞാനും മറ്റവന്മാരുടെ ജാതി മനോഭാവവും’ എന്നാണ്. ജാതിവ്യവസ്ഥിതിയും കേരളചരിത്രവും –ഒന്നാം പതിപ്പിലെ ആമുഖത്തിലെ ഒരു വാചകത്തിൽനിന്നാണ് ഈ തലക്കെട്ട്. ഇതിലൊരു വ്യാകരണപ്പിശകുണ്ട്. ‘ഞാൻ’ കർത്താവായി വരുമ്പോൾ ‘ജാത്യതീതനല്ലേ’ ആകൂ, ബഹുവചനമായി ‘അതീതരാകില്ലല്ലോ’. പി.കെ.ബിക്ക് അങ്ങനെ തെറ്റുപറ്റുമോ? ആമുഖത്തിൽ അദ്ദേഹം പുസ്തകരചനയിൽ സഹായിച്ചവരെ പേരെടുത്തു പറഞ്ഞ് ഓർമിച്ചിട്ടുണ്ട്. ഇ.എൻ മുരളീധരൻ നായർ, നീലംപേരൂർ മധുസൂദനൻ നായർ, കെ. രാമചന്ദ്രക്കുറുപ്പ്, ബി. ബാലചന്ദ്രൻ. ഇവർക്കു പുറമേ എന്റേതുമാത്രമായ കൃതിയാണിതെന്നു പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം വിനയാന്വിതനാകുന്ന, യൂനിവേഴ്സിറ്റി ലൈബ്രറി റിസർച് സെക് ഷനിലെ വേലപ്പൻ നായരുമുണ്ട്. ഇത്രയും പേരിലൂടെ കടന്നുപോയ ഒരു പുസ്തകത്തിൽ വ്യാകരണത്തെറ്റ് ആമുഖവാക്യത്തിൽ വരാൻ സാധ്യതയുണ്ടോ?
‘‘കേരളീയ ജീവിതത്തിന്റെ കാതലായ ഭാഗം ജാതിരാഷ്ട്രീയമാണല്ലോ. ജാത്യതീതരായ ‘ഞാൻ’ മാർ അവിടെവച്ചു ‘മറ്റവന്മാരുടെ’ ജാതിമനോഭാവത്തെ കൈകാര്യം ചെയ്യുന്നു.’’ –ഇതാണ് ആ വാക്യം. അതിലൊരു പി.കെ.ബി സ്പർശം ഉണ്ട്. മാത്രമല്ല ആ ‘ഞാൻ’ മാരിലെ വ്യാകരണവികലത്വം ഒരുതരത്തിൽ ജാതിവികലത്വത്തിന്റെ രൂപകവുമാണ്. അത് ഒരു വശത്തുമാത്രമായി ഒതുങ്ങിക്കൂടുന്നതല്ല എന്നൊരു തിരുത്തുണ്ട്. സർവസമുദായത്തെയും വ്യത്യസ്തനിലകളിൽ ആശ്ലേഷിച്ചുനിൽക്കുന്നതാണ്. തൊട്ടാൽ മതി അതിപ്പോഴും പഴയതിനേക്കാൾ കാര്യമായി പൊട്ടിത്തെറിക്കും.
ശിവകുമാർ ആർ.പി, തിരുവനന്തപുരം
വായിച്ചു സൂക്ഷിക്കേണ്ട പി.കെ.ബി പതിപ്പ്
ആഴ്ചപ്പതിപ്പ് (ലക്കം 1461) പി.കെ. ബാലകൃഷ്ണൻ ജന്മശതാബ്ദി പതിപ്പാണ്. ബാബുരാജ് ഭഗവതി ഉൾപ്പെടെ നിരവധി പേരുടെ ലേഖനങ്ങളും വിശകലനങ്ങളും അനുഭവക്കുറിപ്പുകളും പഠനങ്ങളും ഉൾച്ചേർത്തിട്ടുണ്ട്. കൂടാതെ പി.കെ.ബിയുടെ മക്കളുടെ ഓർമകളും ചേർന്ന മികച്ച ലക്കം തന്നെയാണിത്. വാങ്ങി വായിച്ചു സൂക്ഷിക്കേണ്ടത്.
സുദേഷ് എം. രഘു (ഫേസ്ബുക്ക്)
ശ്രീനിവാസൻ എന്ന പാഠപുസ്തകം
ജീവിതത്തിൽ രണ്ട് സിനിമകൾ മാത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി നായകനായി അഭിനയിച്ച് സംവിധാനം ചെയ്തത് -വടക്കുനോക്കി യന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയും. ഇതിൽ വടക്കുനോക്കി യന്ത്രത്തിൽ നായക സങ്കൽപത്തെ അടിമുടി തകർത്ത് മറ്റൊരു വിരുദ്ധ നായക ബിംബത്തെ സ്വയം ചുമലിൽ ഏറ്റുകയാണ് ശ്രീനിവാസൻ ചെയ്തത് എന്ന് ആഴ്ചപ്പതിപ്പിൽ (ലക്കം 1453) എഴുതിയ ലേഖനത്തിൽ പ്രേംചന്ദ് പറയുന്നു.
ചിന്താവിഷ്ടയായ ശ്യാമള നായക ബിംബത്തെ അപനിർമിക്കുന്ന മികച്ച രചനകളിൽ ഒന്നാണെന്നും ലേഖകൻ വിലയിരുത്തുന്നു. കേരളത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനം ഏറ്റവും സജീവമായിരുന്ന കാലത്താണ് ഈരണ്ട് സിനിമകളും ഉണ്ടായത്. അതും ഒരു പുരുഷ സംവിധായകനിൽനിന്നുതന്നെ ഉണ്ടായത് പഠനാർഹമായ വിഷയമാണെന്നും പ്രേംചന്ദ് പറയുന്നു. ഇത് വിശാലമായ അർഥത്തിൽ ഒരു സ്വയം വിമർശനമായി കാണുന്നതാണെന്നും നായികക്ക് നായകനൊപ്പമോ അതിലേറെയോ ഇടം നൽകുന്ന പ്രവണത മുഖ്യധാരാ സിനിമാ ചരിത്രത്തിൽ വളരെ വിരളമായി കണ്ടുവരുന്ന ദൗത്യമാണെന്നും ലേഖകൻ എഴുതി.
‘ഉദയനാണ് താരം’ എഴുതുമ്പോൾതന്നെ ശ്രീനിവാസൻ ഒരു പാഠപുസ്തകമായി മാറിക്കഴിഞ്ഞിരുന്നുവെന്നും ശ്രീനിവാസന്റെ കരിയർ ഗ്രാഫ് ഏറ്റവും ഉയരത്തിലെത്തിയത് 2005ൽ ‘ഉദയനാണ് താരം’ ഇറങ്ങിയപ്പോഴായിരുന്നുവെന്നും ലേഖകൻ എഴുതി. ശ്രീനിവാസന്റെ ആത്മകഥയുടെ രണ്ടാം ഭാഗം സമാഹരിക്കേണ്ടത് ഇനിയുള്ള കാലത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രേംചന്ദ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
ശ്രീകുമാരൻ തമ്പിയുടെ ‘മലയാള സിനിമാഗാന ചരിത്രം’ ഒന്നാം ഭാഗം അവസാനിച്ചിരിക്കുന്നു. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. ഒന്നാംഭാഗം അവസാനികുന്നു എന്ന് എഴുതിയതിൽനിന്നുതന്നെ രണ്ടാംഭാഗം വരുമെന്ന് ഉറപ്പിക്കാവുന്നതാണ്. മാത്രമല്ല, രണ്ട് ഭാഗങ്ങളായി ഇത് പൂർത്തിയാക്കുമെന്നാണ് ശ്രീകുമാരൻ തമ്പി എഴുതിയത്. ഒന്നാംഭാഗം വളരെ വിജയകരമായി പര്യവസാനിപ്പിച്ചതിൽ അദ്ദേഹം അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു.
മലയാള സിനിമാ ചരിത്രത്തിൽ ഒരു റഫറൻസ് പുസ്തകമായി ഇത് മാറേണ്ടതുണ്ട്. ആദ്യഭാഗം വളരെ ഭംഗിയായി ഒരു തെറ്റും വരുത്താതെ കഠിനപ്രയത്നം ചെയ്ത് പ്രസിദ്ധീകരിച്ച ശ്രീകുമാരൻ തമ്പിക്ക് രണ്ടാം ഭാഗവും എഴുതാൻ ഒരു വിഷമവുമുണ്ടാവുകയില്ല. ഈ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.
സദാശിവൻ നായർ, എരമല്ലൂർ
ക്രീമിലെയർ വിരുദ്ധ പോരാട്ടവും ആദിവാസി ഭൂസമരവും
കെ.എം. സലിംകുമാറിന്‍റെ ആത്മകഥയുടെ 27ാം അധ്യായം (ലക്കം 1457) വായിച്ചു. കേരളത്തിൽ ശ്രീനാരായണ ഗുരു, ആറാട്ടുപുഴ വേലായുധപണിക്കർ, ടി.കെ. മാധവൻ, അയ്യൻകാളി എന്നിവർ ഈഴവ, ദലിത് ഉന്നമനത്തിനും സവർണ ആധിപത്യത്തിനും എതിരെ പോരാടി 80 ശതമാനവും പരാജയപ്പെട്ടവരാണെന്ന് പറയേണ്ടിവരും. കാരണം, കഴിഞ്ഞ ആയിരക്കണക്കിന് വർഷമായി സവർണ വിഭാഗമാണ് ഇന്ത്യ ഭരിക്കുന്നത്. ഇന്നും അതുതന്നെ, ചെറിയ വ്യത്യാസം ഉണ്ടായി എന്നു മാത്രം.
ഇതിൽ പറഞ്ഞപോലെ തമിഴ്നാട്ടിൽ ദ്രാവിഡ പ്രസ്ഥാനം പ്രസക്തമായി ഒന്നിച്ചുചേർന്ന് ബ്രാഹ്മണാധിപത്യം തകർക്കാൻ കഴിഞ്ഞു എങ്കിലും ജാതി വ്യവസ്ഥയോ ദലിതരെപ്പോലെ ഏറ്റവും താഴെ തട്ടിൽ കിടക്കുന്നവരെ ഉയർത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ല.
40 വർഷങ്ങൾക്കു മുമ്പുവരെ നായർ മേധാവിത്വം കേരളത്തിൽ ശക്തമായിരുന്നു. ഇതിനെതിരെ ക്രിസ്ത്യൻ-മുസ്‍ലിം-ഈഴവ പോരാട്ടം ശക്തമായി നടത്തി നായർ മേധാവിത്വം തകർക്കാൻ കഴിഞ്ഞു. ആത്മകഥയിൽ പറഞ്ഞതുപോലെ 60 വർഷത്തിനുശേഷം തകർക്കപ്പെട്ട ബ്രാഹ്മണ മേധാവിത്വം കഴിഞ്ഞ് നായർ മേധാവിത്വം ആയിതന്നെ കേരളത്തിൽ ഏതാണ്ട് കഴിഞ്ഞ 20 വർഷത്തിനു ശേഷമാണ് ക്രിസ്ത്യൻ, ഈഴവ, മുസ്‍ലിം വിഭാഗം പലരംഗത്തും മുന്നേറിയത്.
ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം