എഴുത്തുകുത്ത്

പ്രചോദനം നൽകുന്ന ലീലാവതി ടീച്ചറുടെ എഴുത്ത്
ഡോ. ലീലാവതിയുടെ സാഹിത്യപരമ്പര പുതിയ എഴുത്തുകാർക്ക് വളരെ പ്രചോദനമാകുന്നുണ്ട്. ഏറെ കൗതുകത്തോടെ വായനയെ കാണാൻ സാധിക്കുന്നതിലൂടെ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാലോകത്തെക്കുറിച്ച് വിവരിക്കുമ്പോൾ ‘കരിമൂർഖന്മാർ’പോലെയുള്ള കഥകൾ ഏറെ ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള മുസ്‍ലിം സ്ത്രീകളുടെ വേദനജകമായ നിസ്സഹായതയെ അതിതീവ്രമായി വ്യക്തതയോടെ വരച്ചുകാട്ടിയ എഴുത്തുകാരിയെ അഭിനന്ദിച്ചേ പറ്റൂ. ഡോ. ലീലാവതിയുടെ സാഹിത്യപരമ്പര ഇനിയും പുതിയതലങ്ങളിൽ അറിവിനായി കാത്തിരിക്കുന്നു.
സാജിത മരക്കാട്ട് തൊടിക
മാർക് ടളി എന്ന ഉത്തമ പാഠപുസ്തകം
മീഡിയാസ്കാൻ പംക്തിയിൽ യാസീൻ അശ്റഫ് എഴുതിയ ‘ടളി: സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ നെടുംതൂൺ’ എന്ന ലേഖനം (ലക്കം 1458) വായിച്ചു. സമഗ്രാധിപത്യശക്തികളും മുതലാളിത്തശക്തികളും ഒന്നു കുമ്പിടുവാൻ പറയുമ്പോഴേക്കും മുട്ടിലിഴയുന്ന മാധ്യമപ്രവർത്തകരും മാധ്യമവിനോദങ്ങളും അരങ്ങുതകർക്കുന്ന ഈ കെട്ടകാലത്ത് നട്ടെല്ല് ആരുടെ മുന്നിലും വളക്കാതെ മാർക് ടളി നമ്മുടെ ഇടയിൽ ജീവിച്ച് സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തി എന്നത് വർത്തമാന തലമുറക്ക് അവിശ്വസനീയമായിരിക്കും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഭാവിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും മാർക് ടളിയും അന്നത്തെ ബി.ബി.സിയും ഉത്തമ പാഠപുസ്തകം തന്നെയാണ്.
ടി.ഐ. ലാലു, പഴമുക്ക്, തൃശൂർ
അത്ര ദുഃഖകരമോ വരും കാലം?
പതിവുപോലെ ഇപ്രാവശ്യവും ‘മാധ്യമം പുതുവർഷപ്പതിപ്പ്’ (ലക്കം 1454-55) വാങ്ങി, വായിച്ചു. ഓരോ വിഭവവും ഒന്നിനൊന്ന് മികച്ചതായി. അതിൽ ‘തുടക്കം’ പംക്തിയിൽ പറയുന്ന കാര്യങ്ങളെ ഏറെ ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. രാജ്യത്ത് നടക്കുന്ന വർഗീയ, ഫാഷിസ്റ്റ് അതിക്രമങ്ങളെ ചെറുത്തുതോൽപിക്കേണ്ട സമയം എപ്പഴേ അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ട്. പുതുവർഷത്തിൽ സമാനമായ പല സംഭവങ്ങളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായി. മുസ്ലിംകൾക്ക് പുറമെ ക്രിസ്ത്യാനികളും കടുത്ത ഭീതിയിലാണ് രാജ്യത്ത് കഴിയുന്നത്. ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുന്നതാണ് നിരന്തരമായി കാണുന്നത്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി ആദിത്യനാഥ് ക്രിസ്മസ് അവധി എടുത്തുകളഞ്ഞ് വാജ്പേയി ദിവസമായി ആഘോഷിക്കണമെന്നു പറഞ്ഞ് കുട്ടികളെ നിർബന്ധിച്ച സംഭവം ഏറെ ഗൗരവമുള്ളതാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറ് ശതമാനം ക്രൈസ്തവവിരുദ്ധ ആക്രമണങ്ങൾ രാജ്യത്തുണ്ടായതായാണ് കണക്ക്. ഉത്തർപ്രദേശ്, ഡൽഹി, ഛത്തിസ്ഗഢ്, ഒഡിഷ, മധ്യപ്രദേശ് തുടങ്ങി പല സ്ഥലത്തും ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ വലിയ അക്രമസംഭവങ്ങളുണ്ടായി. വി.എച്ച്.പി, ബജ്റംഗ് ദൾ തുടങ്ങിയ വർഗീയ സംഘടനകൾ നടത്തുന്ന ആക്രമണത്തിന് പിന്നിലെ പ്രതികൾ മിക്കവരും രക്ഷപ്പെടുന്നു. ക്രിസ്മസിന്റെ അന്ന് ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോയത് നല്ലതുതന്നെ. എന്നാൽ, ക്രിസ്ത്യാനികൾക്കു നേരെയുള്ള ക്രൂരമായ അതിക്രമങ്ങളിൽ പ്രധാനമന്ത്രി മനപ്പൂർവമായ മൗനംപാലിക്കുന്നു.
കൂടാതെ, ലക്ഷക്കണക്കിന് പേരെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുന്നു. മുസ്‍ലിംകൾ, ദലിതർ എന്നിവരെയാണ് വോട്ടർപട്ടികയിൽനിന്ന് ബി.ജെ.പിക്കാർ വെട്ടിമാറ്റുന്നത്. ബി.ജെ.പി സർക്കാർ എങ്ങനെയും അധികാരംപിടിക്കാൻ ചെയ്യുന്ന ഹീനമാർഗം മുസ്‍ലിം വിരോധം കുത്തിവെക്കുകയാണ്. മുഗൾ ഭരണം ഇന്ത്യക്ക് പല വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന സത്യം രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ മറക്കാൻ പാടില്ലാത്തതാണ്.
ആർ. ദിലീപ്, ശ്രീവിഹാർ മുതുകുളം
‘കള്ളിൻകുടമുള്ളിൽ തികച്ചുള്ളം തെറിച്ചുവരുമച്ഛൻ’
എത്ര മനോഹരമായ വരിയിലൂടെയാണ് പ്രിയകവി നിബുലാൽ വെട്ടൂർ ആഴ്ചപ്പതിപ്പിൽ (ലക്കം 1459) എഴുതിയ ‘ഇരുളും വെളിച്ചവും ഒളിച്ചുവെച്ചൊരാൽബം’ എന്ന കവിതയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. വായനക്കാരുടെ മനസ്സിൽ മുറിവേൽപിക്കുന്ന ദൃശ്യങ്ങൾ നിബുലാലിന്‍റെ മിക്ക കവിതകളിലുമുണ്ട്.
‘‘അനുദിനം മുടങ്ങാതെ തുടരുന്നതാണച്ഛനു യാത്രകൾ’’ എന്ന് നിബുലാൽ എഴുതുമ്പോൾ ആ യാത്രയിൽ നമ്മൾ നമ്മളെ തന്നെ കാണും.
‘‘ട്രങ്കുപെട്ടി തപ്പിയപ്പോ കിട്ടിയൊരു മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കിട്ടിയ മാത്രയിൽതന്നെയെടുത്തുമ്മവെച്ചു.’’
ലളിതമായ വാക്കുകളിലൂടെ ആത്മാവിനെ തൊട്ടുണർത്തിയ വരികൾ ഹ്യദയസ്പർശിയാണ്. മനുഷ്യന്‍റെ നേട്ടങ്ങളിലും ചേർത്തുവെക്കാതെ പോയത് വായനക്കാരെ ഓർമിപ്പിക്കുന്ന കവിത കണ്ണു നനയാതെ വായിച്ച് തീരില്ല. മനോഹര കവിതക്കും കവിക്കും ആഴ്ചപ്പതിപ്പിനും ആശംസകൾ.
സന്തോഷ് ഇലന്തൂർ
തിരിച്ചറിവിന്‍റേതാകട്ടെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ വിശകലനംചെയ്തുള്ള മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1452) വായിച്ചപ്പോൾ തോന്നിയ വിചിന്തനങ്ങളാണ് ഈ കുറിപ്പിനാധാരം. വെള്ളാപ്പള്ളി വെട്ടിയൊരുക്കിയ വർഗീയ വാരിക്കുഴിയിലേക്ക്, യാതൊരു വീണ്ടുവിചാരവുമില്ലാതെ പാർട്ടിയെ കൊണ്ടെത്തിച്ച പിണറായി വിജയന്റെ തെറ്റായ നയപരിപാടികളുടെ പരിണിത ഫലമാണ് എൽ.ഡി.എഫ് ഈ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയം.
വർഗീയതമാത്രം വിളമ്പുന്ന വെള്ളാപ്പള്ളിയെപ്പോലുള്ള സമുദായ നേതാവിനെ തോളിലേറ്റി അയാളുടെ മുസ്‍ലിം വിരുദ്ധ സമീപനങ്ങൾക്ക് മേലൊപ്പ് ചാർത്തുന്ന സമീപനങ്ങളാണ് കുറച്ചു കാലമായി പാർട്ടി തുടരുന്നത്. കൊല്ലംപോലുള്ള പാർട്ടി ഉരുക്കു കോട്ടയിൽ പ്രധാന പ്രതിപക്ഷമായി ബി.ജെ.പി വരുന്നതിനും, മലപ്പുറം ജില്ല പഞ്ചായത്തിൽ ചുവപ്പിന്റെ സാന്നിധ്യം ഒതുങ്ങിയതുമെല്ലാം പ്രധാന കാരണമായി എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി അശേഷം ഇല്ലതന്നെ. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും പൊതുജനം ആഗ്രഹിക്കുന്നത് തികച്ചും മതേതര നിലപാടുകൾ മാത്രമാണെന്ന് ഒരിക്കൽകൂടി വിളിച്ചുപറയുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നുവേണം പറയാൻ.
ആർ.എസ്.എസുമായി സഹകരിച്ചിരുന്നു എന്ന രീതിയിൽ പരസ്യമായി പാർട്ടി അധ്യക്ഷൻ ചില മുസ്‍ലിം സംഘടനകളെ മാത്രം ഉദ്ദേശ്യം വെച്ച് പ്രശ്നവത്കരിക്കുകയും, ആകാശത്തിന് ചുവട്ടിൽ സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും ഉത്തരം അവരാണെന്നും ഇടക്കിടെ ആണയിട്ടുകൊണ്ടിരിക്കുന്നതിന്റെയുമൊക്കെ നിരർഥകതയും, ഇരട്ടത്താപ്പും സമൂഹം തിരിച്ചറിയുന്നുണ്ട് എന്നതുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കാരണം, വർത്തമാന ഇന്ത്യയെ മുച്ചൂടും വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഫാഷിസത്തെ അവഗണിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊതുകിന്റെ പ്രാധാന്യംപോലുമില്ലാത്ത മുസ്‍ലിം സംഘടനകളെ പൊലിപ്പിച്ചുകാട്ടിക്കൊണ്ടുള്ള പ്രചാരവേലകൾ സ്വന്തം ശവക്കുഴി തോണ്ടുന്ന ഒന്നായിപ്പോയി എന്ന കാര്യം പാർട്ടി തിരിച്ചറിഞ്ഞില്ല. ചുരുക്കത്തിൽ മതേതര പാർട്ടികൾ വോട്ടിനുവേണ്ടി വർഗീയത ഉപയോഗിച്ചാൽ അതിന്റെ ഫലം കൊണ്ടുപോവുക യഥാർഥ വർഗീയ കക്ഷികളായിരിക്കും എന്ന തിരിച്ചറിവ് നൽകുന്നതുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ.
പിണറായി വിജയൻ എന്ന നേതാവിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ പാർട്ടിയുടെ അഭിപ്രായങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു എന്നതിന്റെ ആത്യന്തികഫലംകൂടിയായി ഈ പരാജയത്തെ വിലയിരുത്തേണ്ടതുണ്ട്. തീവ്ര വർഗീയ ശക്തികളുടെ ശബ്ദവുമായി പാർട്ടിയുടെ ഒച്ച ചില നേരങ്ങളിൽ ഒത്തുപോയതിന്റെ തിക്ത ഫലമാണ് ഉരുക്ക് കോട്ടകളിൽ സംഭവിച്ച ചില ഉലച്ചിലുകൾ. കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കേണ്ടത് മതനിരപേക്ഷ കേരളത്തിന് അത്യാവശ്യമായ ഒന്നാണ്.
വ്യക്തിഗതമായ താൽപര്യങ്ങൾക്ക് വേണ്ടി പ്രസ്ഥാനത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ ഒറ്റുകൊടുക്കാൻ ഇനിയും മുതിർന്നാൽ ആത്യന്തികമായി കേരളവും ചുവന്ന കൊടി ഒരു സുഖമുള്ള ഓർമ മാത്രമായി ചുരുങ്ങിപ്പോവും. അങ്ങനെ സംഭവിക്കാതിരിക്കാൻ പാർട്ടിയെ സ്നേഹിക്കുന്നവർ തീർച്ചയായും നിസ്സംഗത വിട്ടൊഴിഞ്ഞേ പറ്റൂ. ഈ ഫലങ്ങൾ അതിനുള്ള ഒരു പ്രചോദനമായിത്തീരട്ടെ.
ഇസ്മായിൽ പതിയാരക്കര
കേരളം വിതച്ചതു കൊയ്യുന്നു
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനംചെയ്തുള്ള എഴുത്തുകൾ വായിച്ചപ്പോൾ (ലക്കം 1452) തോന്നിയ കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. വർഗീയത ഇറങ്ങിക്കളിക്കുകയും കളിപ്പിക്കുകയുംചെയ്ത തെരഞ്ഞെടുപ്പാണ് കേരളത്തിൽ കഴിഞ്ഞത്. മുമ്പ് വർഗീയതയെ എതിർക്കുകയും ന്യൂനപക്ഷങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്തിരുന്ന സി.പി.എം അവരുടെ ആദർശങ്ങൾ ബലികൊടുത്തു തരംതാണ നിലപാടുകളെടുക്കുന്നത് നാം കണ്ടു. അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള ദുരാഗ്രഹത്തിന്റെ പരിണതിയായിരുന്നു അത്. അധികാരഭ്രാന്ത് ഒരു പാർട്ടിയെ മൊത്തം ബാധിച്ചതിന്റെ ദുരന്ത ചിത്രം.
സി.പി.എം എന്ന സംഘടനക്ക് രണ്ട് മുഖമുണ്ട്. ഒന്ന് അവരുടെ ആദർശങ്ങൾ. എന്നാൽ, ആദർശങ്ങൾ കടലാസിലും പ്രസംഗങ്ങളിലും മാത്രം ഒതുങ്ങുന്നു. രണ്ട്, അവർ പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്ന കാര്യങ്ങൾ. എന്നാൽ പ്രയോഗത്തിൽ മറ്റൊരു മുഖമാണ് അവർ കാണിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ചും മുസ്‍ലിം വിഷയങ്ങളിൽ ഇടപെടുകയും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന സി.പി.എം തങ്ങളുടെ പ്രവർത്തനങ്ങൾ അവർക്കെതിരിലാക്കുന്നു. ഒരേസമയം നിലപാടുകൊണ്ട് ന്യൂനപക്ഷത്തിന്റെയും നടപടികൾകൊണ്ട് ഭൂരിപക്ഷ വർഗീയതയെ തലോടി അവരുടെയും വോട്ട് നേടാമെന്ന് അവർ കരുതുന്നു.
ചരിത്രപരമായിത്തന്നെ സി.പി.എം ഫലസ്തീൻ ജനതക്കൊപ്പമാണ്. മുമ്പേ അവർ ഫലസ്തീൻ വിമോചനത്തിനുവേണ്ടി ശബ്ദമുയർത്തുന്നവരാണ്. എന്നാൽ ഇതിന് വിപരീത മുഖവും അവർക്കുണ്ട്. ഫലസ്തീന് വേണ്ടി ശബ്ദിക്കുന്നത് സി.പി.എമ്മിന് പുറത്തുള്ളവരാണെങ്കിൽ പ്രത്യേകിച്ച് മുസ്ലിംകളാണെങ്കിൽ അവർക്കെതിരെ കേസെടുത്തു നിശ്ശബ്ദമാക്കാനുള്ള ശ്രമം അടുത്ത കാലത്തുണ്ടായി.
സി.പി.എം ഹിന്ദുത്വ രാഷ്ട്രീയത്തിനും ഹിന്ദു വർഗീയതക്കും താത്ത്വികമായി എതിരാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ അവർ പ്രതിജ്ഞാബദ്ധരും സമരസജ്ജരുമാണ്. മതേതരത്വത്തിന്റെ ശക്തമായ പ്രയോക്താക്കളാണവർ. അതിനും അവരുടെ ബുദ്ധിജീവികൾ മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ കാഴ്ചവെക്കുകയും ചെയ്യും. ആ പ്രസംഗങ്ങളിൽ ന്യൂനപക്ഷത്തിനുവേണ്ടി പ്രത്യേകിച്ച് മുസ്ലിംകൾക്കുവേണ്ടി ശക്തിയായി വാദിക്കുകയും ചെയ്യും. മുമ്പ് അവരുടെ നിലപാടുകളിൽ മാറ്റമുണ്ടായിരുന്നില്ല.
എന്നാലിന്ന് അവരുടെ നിലപാടുകൾ ഒന്നാണെങ്കിൽ പ്രയോഗിക്കുന്നത് മറ്റൊന്നാണ്. യോജിക്കുന്ന സന്ദർഭങ്ങളിലെല്ലാം സംഘി സംഘടനകൾക്ക് കൈ കൊടുക്കാൻ അവർ തയാറുമാണ്. അവിടെ ന്യൂനപക്ഷങ്ങളെ പിണക്കിയാലും വേണ്ടില്ല. മുസ്ലിംകളെ പിണക്കി അകറ്റിനിർത്താൻ അവർ ആഗ്രഹിക്കുന്നു. അങ്ങനെ ഹിന്ദു വോട്ട് നേടുകയാണ് അവരുടെ ലക്ഷ്യം.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളത്തിന്റെ ശിരസ്സ് മറ്റൊരു ബലിക്കല്ലിലാണ്. പരാജയത്തെ ഉൾക്കൊള്ളാൻ മുമ്പത്തെ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. നേതാക്കൾ തെറ്റുകൾ തിരുത്തി പുതിയ മേച്ചിൽപ്പുറങ്ങൾ തേടുമായിരുന്നു. അതിലവർ വിജയിക്കുകയും ചെയ്യും. ഇന്ന് പരാജയത്തെ ഉൾക്കൊള്ളാനും ആരോഗ്യകരമായി അതിനെ സമീപിക്കാനും പാർട്ടിക്കാവുന്നില്ല. തോറ്റാൽ പാർട്ടി അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുന്നു.
സംഘ്പരിവാർ സംഘടനകൾക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യം എല്ലാവർക്കുമറിയാവുന്നതുമാണ്. അത് ജനാധിപത്യ മതേതരമെന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്. മതരാഷ്ട്രം സ്ഥാപിക്കലാണ് അവരുടെ ആത്യന്തിക ലക്ഷ്യം. അതിനുവേണ്ടി തങ്ങൾ ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്നു എന്നവർ ആയിരം പ്രാവശ്യം ആണയിടാൻ തയാറാകും. ഭരണഘടനയെ ബഹുമാനിക്കുന്നു എന്നവർ പറയും. നമുക്കറിയാം അവരുടെ വ്യക്തമായ ശത്രുക്കളാണ് മഹാത്മാ ഗാന്ധിയും അംബേദ്കറും. പുറമെ ബഹുമാനം അഭിനയിക്കാൻ അവർ തയാറാണ്.
കെ.എ. റഹീം, കുളത്തൂർ
