എഴുത്തുകുത്ത്

സാമൂഹിക സാഹചര്യങ്ങളെ ഉൾത്തെളിച്ചത്തോടെ വിശകലനം ചെയ്യുന്ന ആത്മകഥ
ആത്മകഥകളിലെ ‘ഞാൻ’ എന്ന ആഖ്യാതാവ് ജീവിതത്തിൽ സംഭവിക്കുന്ന പലതിന്റെയും കേന്ദ്രത്തിൽനിന്നാണ് അവയെ അനുവാചകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. സംഭവ തീക്ഷ്ണതയേക്കാൾ അതിന്‍റെ ന്യൂക്ലിയസിൽ സ്വയം അവരോധിക്കപ്പെട്ട ആഖ്യാതാവാകും ആ വിവരണങ്ങളിലെ പ്രജാപതി.
ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി തുടരുന്ന കെ.എം. സലിംകുമാറിന്റെ ആത്മകഥ ‘കടുത്ത’യിൽ ഈ രീതിയല്ല അവലംബിച്ചു കാണുന്നത്. ആഖ്യാതാവും അനുഭവിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ ഉത്തരവാദിത്തബോധമുള്ള സാക്ഷിഭാവത്തിൽ നോക്കിക്കാണുകയും ഉൾത്തെളിച്ചത്തോടെ വിശകലനം ചെയ്യുകയുമാണ്. അതുകൊണ്ടുതന്നെ സംഭവങ്ങളുടെ കേന്ദ്രത്തിലേക്ക് വരാതെ അതിൽ ഉൾപ്പെട്ട മറ്റു വ്യക്തികൾക്കും ഇടങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം. അതിൽതന്നെ പുതിയകാല രാഷ്ട്രീയശരിയുടെ രീതി അനുസരിച്ച്, ‘അൽപം സ്ത്രീ പ്രാതിനിധ്യം ഇരിക്കട്ടെ’ എന്ന ശരിപ്പെടുത്തൽ പ്രതിനിധാനം അല്ല കെ.എം. സലിംകുമാറിന്റെ ആത്മകഥയിൽ കടന്നുവരുന്ന സ്ത്രീകൾ. ആദ്യ അധ്യായങ്ങളിൽ തന്നെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച, പാരിസ്ഥിതിക അവബോധങ്ങളിലേക്കും നാട്ടറിവുകളുടെ പ്രകാശത്തിലേക്കുമൊക്കെ നയിച്ച അമ്മൂമ്മയെ കെ.എം. സലിംകുമാർ അവതരിപ്പിക്കുന്നുണ്ട്.
ആഴ്ചപ്പതിപ്പിന്റെ 1428ാം ലക്കത്തിൽ 28ാം അധ്യായം ചർച്ച ചെയ്യുന്നത് അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ മുൻകൈയിൽ നടന്ന ആദിവാസി ഭൂസമര പ്രചാരണത്തെ കുറിച്ചാണ്. ഈ അധ്യായത്തിൽ സി.കെ. ജാനു പ്രധാന സാന്നിധ്യമായി വരുന്നുണ്ട്.
ആത്മകഥയുടെ ആഖ്യാനത്തിൽ ഉപയോഗിക്കുന്ന സാക്ഷിഭാവത്തെ, വിശകലനരീതിയെ പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉയർന്ന സ്ഥാനം നൽകുന്ന അദ്ദേഹത്തിന്‍റെ നിലപാടിനെ ഈ പരമ്പരക്ക് ചിത്രം വരക്കുന്ന തോലിൽ സുരേഷ് ഉൾക്കൊണ്ടിട്ടുണ്ട്. അദ്ദേഹം സി.കെ. ജാനുവിന് പ്രാധാന്യം നൽകിക്കൊണ്ട് വരക്കുമ്പോൾ ആഖ്യാതാവിന്റെ കാഴ്ചപ്പാടിൽ ജാനു കാണപ്പെടുന്ന മട്ടിലാണ് അവതരിപ്പിച്ചിട്ടുള്ളത്. വർണാഭമല്ലാത്ത നരച്ച ദലിത് ജീവിത സാമൂഹിക രാഷ്ട്രീയ ക്രമത്തിലേക്ക് പുതിയ ദിശാബോധം നൽകുന്ന സമരവെളിച്ചം വരുന്നതായി തോലിൽ സുരേഷ് ചിത്രീകരിക്കുന്നു. കെ.എം. സലിംകുമാറിനെ ആദരവോടെ ഓർക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മകഥാ രചനയിലെ നിലപാടുകളോട് ഐക്യപ്പെടുന്നു. ആഴ്ചപ്പതിപ്പിനും ചിത്രകാരനും അഭിനന്ദനങ്ങൾ.
പ്രിയ സാറാക്കുട്ടി
ദേശചരിത്രം പകരുന്ന യാത്രാവിവരണം
മിത്ര സതീഷ് എഴുതിയ ഇത്യോപ്യയിലൂടെയുള്ള യാത്രാനുഭവം (ലക്കം 1457 വരെ) വായിച്ചു. എന്‍റെ വായന അവരോടൊപ്പം യാത്രചെയ്ത അനുഭൂതിയാണ് ഉണ്ടായത്. പ്രത്യേകിച്ചും കാപ്പിയെക്കുറിച്ചും കാപ്പി പകർന്നു നൽകിയ ജബ്നയെക്കുറിച്ചുമുള്ള വിവരം. മുക്കാൽ നൂറ്റാണ്ട് മുമ്പുവരെ മലബാറിലെ പ്രധാന പള്ളികളിലും തറവാട് ഭവനങ്ങളിലും നോമ്പ് തുറക്കും റബീഉൽ അവ്വൽ മാസത്തിലും പാലു ചേർക്കാത്ത കാപ്പി അതിഥികൾക്ക് പകർന്നുനൽകിയിരുന്നത് ജബ്നയിലായിരുന്നു.
അൽപം വീതിയുള്ളതും കൈപ്പിടിയുള്ളതും കാപ്പി കുടിക്കുന്ന പിഞ്ഞാണത്തിൽ ഉറ്റിവീഴത്തക്ക വിധം നീളമുള്ള കൊക്കുള്ളതുമായിരുന്നു അത്. ലേഖിക ഇത്യോപ്യയിൽ കണ്ട ജബ്ന മണ്ണ് കൊണ്ടുണ്ടാക്കിയതാണ്. മലബാറിൽ ഉണ്ടായിരുന്നത് അതേ ആകൃതിയിൽ ചെമ്പു കൊണ്ടുണ്ടാക്കിയതായിരുന്നു. മലബാറിൽ മുമ്പ് ഭക്ഷണവും പാനീയവും വിളമ്പിയിരുന്ന പാത്രങ്ങളുടെ പേരുകൾ ജബ്ന, പുഞ്ഞാണം, കാസ, സാണ് എന്നൊക്കെയായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കുരുമുളക് വാങ്ങാൻ മലബാറിൽ എത്തുകയും ഈ പ്രദേശം അധിനിവേശപ്പെടുത്തുകയും ചെയ്തതോടെ ഇംഗ്ലീഷ് പ്രചരിക്കുകയും ഭക്ഷണവും പാനീയവും വിളമ്പുന്ന പാത്രങ്ങളുടെ പേരുകൾ ഗ്ലാസ്, പ്ലേറ്റ്, കപ്പ്, സ്പൂൺ എന്നൊക്കെയായി.
ലേഖനത്തിൽ വിവരിച്ചതുപോലെ കാപ്പിയുടെ ഉത്ഭവം ഇത്യോപ്യയിലാണ്. പ്രാചീനകാല സമുദ്ര വ്യാപാര കേന്ദ്രമായിരുന്ന യമനിലെ ഏതനിൽ മലബാറിൽനിന്നുള്ള കുരുമുളകും ഏലവും എത്തിയതുപോലെ ഇത്യോപ്യയിൽനിന്നുള്ള കാപ്പിക്കുരുവും എത്തി. യമനിലെ ഒരു സൂഫിവര്യനിൽകൂടിയാണ് കാപ്പി മലബാറിൽ പരിചയപ്പെട്ടത്. അദ്ദേഹം താമസം കർണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറിയതോടെ കാപ്പിക്കുരു അവിടെ നട്ടുവളർത്തി. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം കാപ്പി ഉൽപാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ്.
വി.കെ. കുട്ടു, ഉളിയിൽ
ഇത്യോപ്യയിലേക്കൊരു എത്തിനോട്ടം
ആഴ്ചപ്പതിപ്പ് ലീലാവതി ടീച്ചർ സ്പെഷൽ പതിപ്പ് (ലക്കം 1457) വായിച്ചു. വായനക്കാർക്ക് മുന്നിൽ ലീലാവതി ടീച്ചറുടെ സർഗജീവിതത്തിലെ അനർഘനിമിഷങ്ങൾ വരച്ചിടുന്നതായിരുന്നു അധിക സൃഷ്ടികളും. അതിലുപരി ടീച്ചറുടെ പുതിയ സാഹിത്യപഠനം ആരംഭിക്കുന്നുവെന്നതും വായനക്കാരിൽ ഉന്മേഷമുളവാക്കുന്നതാണ്.
യാത്രാവിവരണങ്ങളോട് വലിയ അഭികാമ്യം ഉള്ളതിനാൽതന്നെ മിത്ര സതീഷിന്റെ ഇത്യോപ്യ, സോമാലിയ സഞ്ചാരത്തിന്റെ അഞ്ചാം അധ്യായമായ ‘ഒരു മാന്തും അൽപം കാപ്പി സൽക്കാരവും’ വലിയ ഉണർവേകി. കൂടാതെ, ഇത്യോപ്യൻ ഗ്രാമങ്ങളിലെ സാംസ്കാരിക, സാമൂഹിക ചുറ്റുപാടുകളെ കുറിച്ചറിയാനും നിദാനമായി. അതുപോലെ നമ്മുടെ നാടുകളിൽനിന്നും വിഭിന്നമായ ചില സഞ്ചാര രീതികളെയും, പൂർവികർ കൈമാറിയ പാരമ്പര്യസ്വത്തുകളെന്ന നിലയിൽ പള്ളിക്ക് സമീപത്തെ കാടുകളെ വലിയ പ്രാധാന്യത്തോടെ കൊണ്ടുനടക്കുന്നതിനെ കുറിച്ചും എഴുത്തുകാരി വാചാലയാകുന്നുണ്ട്. കാടില്ലാത്ത പള്ളി, താടിയില്ലാത്ത പുരോഹിതനെ പോലെയാണത്രേ. ഒടുവിൽ, വേഷങ്ങൾ കണ്ട് നാം ഭീകരവാദിയെന്നോ തീവ്രവാദിയെന്നോ വിളിക്കുന്ന ചില മനുഷ്യരിലും പുഞ്ചിരിക്കുന്ന മുഖമുണ്ടെന്ന തിരിച്ചറിവ് നൽകുന്നുണ്ട് ലേഖിക. സഞ്ചാരപ്രേമികൾക്ക് ഇത്യോപ്യയിലേക്കൊരെത്തിനോട്ടം കൂടിയാണ് ഈ യാത്രാവിവരണം.
ഹാദി, പേരാമ്പ്ര
ട്രംപ് ഒരു മുഖംമൂടി
കെ.എം. സീതി എഴുതിയ ‘നവസാമ്രാജ്യത്വത്തിന്‍റെ മുഖംമൂടി വീണ്ടും അഴിയുമ്പോൾ’ എന്ന ലേഖനം (ലക്കം 1456) കാലികപ്രസക്തമാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കെതിരെ 1947 മുതൽ അമേരിക്ക നടത്തിവരുന്ന ആക്രമണം വെനിസ്വലേയിൽ എത്തിച്ചേർന്നിരിക്കുന്നു. ഒരു പരമാധികാര രാഷ്ട്രത്തിലെ ഭരണാധികാരിയെ ആരോപണമുന്നയിച്ച് അമേരിക്കയിലേക്ക് തട്ടിക്കൊണ്ടുപോയിരിക്കുന്നു. നികളസ് മദൂറോ ഒരു രാഷ്ട്രത്തിന്‍റെ അധികാരിയാണ്. അദ്ദേഹത്തെ എക്സൻട്രിക്കായ ട്രംപ് ആയുധശക്തി ഉപയോഗിച്ച് തടങ്കലിലാക്കുന്നത് ദേശാന്തരീയ നിയമങ്ങൾക്ക് വിരുദ്ധമാണ്. ലോക പൊലീസായ അമേരിക്കക്ക് എന്തും ചെയ്യാമെന്ന ധിക്കാരമാണ്.
സദ്ദാം ഹുസൈനെ അമേരിക്ക അറസ്റ്റ് ചെയ്തത് അദ്ദേഹം കെമിക്കൽ ബോംബുകൾ സൂക്ഷിക്കുന്നു എന്നാരോപിച്ചാണ്. ആ ആരോപണം തെറ്റാണെന്ന് പിന്നീട് അമേരിക്കതന്നെ ഏറ്റുപറഞ്ഞു. ചെറിയ രാജ്യങ്ങളിലെ പ്രകൃതി സമ്പത്തും എണ്ണയും കവർന്നെടുക്കാൻ അമേരിക്ക നടത്തുന്ന ഈ കുത്സിത പ്രവർത്തനം മറ്റു രാജ്യങ്ങൾക്ക് അറിയായ്കയല്ല. മറിച്ച് അമേരിക്കയോടു ഏറ്റുമുട്ടാനുള്ള കെൽപില്ലാത്തതുകൊണ്ടാണ്. ഇതിലെല്ലാം യു.എൻ.ഒക്ക് അപലപിക്കുക എന്നല്ലാതെ വേറെയൊന്നും ചെയ്യാനില്ല. അമേരിക്കയുടെ ഈ നവസാമ്രാജ്യത്വം കാരണമായുണ്ടാകുന്ന വലിയ അപകടം ലോകരാജ്യങ്ങൾ ചെറുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിലത് അനതിവിദൂരമല്ലാത്ത ഭാവിയിൽ എവിടെയും സംഭവിച്ചേക്കാം.
സുഭാഷ് ചാർവാകൻ, കൂത്താട്ടുകുളം
അമേരിക്ക എന്ന കുറ്റവാളി
‘നീചർ വാഴും നാളുകൾ’ എന്ന തുടക്കവും അതിനോടനുബന്ധിച്ച് കെ.എം. സീതിയും കെ. മുരളിയും എഴുതിയ ലേഖനങ്ങളും (ലക്കം 1456) വായിച്ചു. എന്നും പ്രഭാതം പുലരുമ്പോൾ അമേരിക്ക നടത്തുന്ന പുതിയ അധിനിവേശ വാർത്തകളാണ് ലോകം കേൾക്കുന്നത്. അമേരിക്കയുടെ നയം മുമ്പും അങ്ങനെ തന്നെയായിരുന്നെങ്കിലും ട്രംപ് ഭരണത്തിൽ വന്നതിനുശേഷം അതിന്റെ രൂക്ഷത വർധിച്ചിട്ടുണ്ട്. യുദ്ധങ്ങളല്ല ഇപ്പോൾ ലോകത്തു നടക്കുന്നത്. ഏകപക്ഷീയമായ ആക്രമണങ്ങളും അധിനിവേശവും ആസൂത്രിത വംശനാശവുമാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ മുതൽ ലോകത്തെ യുദ്ധങ്ങളെല്ലാം ഇങ്ങനെത്തന്നെയാണ്. യുദ്ധങ്ങളിൽ യാതൊരു പങ്കുമില്ലാത്ത പാവം ജനതയാണ് ഓരോന്നിലും മരണപ്പെടുന്നത്.
വംശനാശം വരുത്തുന്ന യുദ്ധത്തിന്റെ ഏറ്റവും പൈശാചിക മുഖം തുറന്നത് അമേരിക്കയായിരുന്നു. അമേരിക്കൻ പ്രസിഡന്‍റായിരുന്ന ജോർജ് ബുഷ് പറഞ്ഞുവെച്ചത് ഇങ്ങനെയാണ്. ‘‘ലോകത്തിന്റെ മുന്നിൽ ദുഷ്കരമായൊരു മാർഗം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒന്നുകിൽ അമേരിക്കയെ അനുകൂലിക്കുക അല്ലെങ്കിൽ മരണത്തെയും സർവനാശത്തെയും സ്വീകരിക്കാൻ തയാറാകുക.’’
അമേരിക്ക ലോക പൊലീസ് ചമഞ്ഞു കാലങ്ങളായി രാഷ്ട്രങ്ങളെ വെല്ലുവിളിച്ച് സമാധാനത്തിനു തുരങ്കംവെക്കുന്ന നികൃഷ്ടവും നീചവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ദുഷിച്ച മുഖമാണ് ലോകം ഇസ്രായേൽ-ഫലസ്തീൻ യുദ്ധങ്ങളിലും വെനിസ്വേലയിലും കണ്ടത്.
ഭീകരവാദത്തിന്റെ പേരിൽ, ജനാധിപത്യത്തിന്റെ പേരിൽ, ആണവായുധത്തിന്റെ പേരിൽ, ഇപ്പോൾ മയക്കുമരുന്നിന്റെ പേരിലും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടിച്ചു കയറി ആധിപത്യം സ്ഥാപിക്കുന്ന നെറികെട്ട പ്രവൃത്തിയാണ് അമേരിക്കൻ രീതി. അമേരിക്കക്ക് സാമ്പത്തികമോ വാണിജ്യപരമോ രാഷ്ട്രീയപരമോ ആയ ലക്ഷ്യം കണ്ടാൽ അവരെ സൗഹൃദത്തിൽ ബന്ധം സ്ഥാപിച്ച് സ്വന്തം താവളമുണ്ടാക്കും. തങ്ങളുടെ ആധിപത്യത്തിൽനിന്ന് വഴുതുന്നെന്ന് തോന്നിയാലോ അവരെ ആക്രമിക്കുകയും ചെയ്യും.
ചരിത്ര പണ്ഡിതൻ അർനോൾഡ് ടോയൻബി ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘‘വ്യവസ്ഥാപിത അമേരിക്കൻ താൽപര്യ സംരക്ഷണത്തിനായി അമേരിക്ക ഇന്ന് ലോകത്തുണ്ടാക്കുന്ന എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കുമെതിരെ യുദ്ധംചെയ്യുന്നു. റോമിന്റെ സമഗ്രാധിപത്യ കാലത്ത് അവർ എങ്ങനെ മറ്റു ജനതക്കുമേൽ അധീശത്വം സ്ഥാപിച്ച് അവരെ ദുരന്തത്തിലാഴ്ത്തിയോ അതുപോലെതന്നെയാണ് ഇന്ന് അമേരിക്കയും പ്രവർത്തിക്കുന്നത്.’’
മറ്റു രാഷ്ട്രങ്ങളുടെ പരമാധികാരത്തിൽ കൈകടത്തി നിരവധി ഏകപക്ഷീയമായ ആക്രമണങ്ങളാണ് അമേരിക്ക നടത്തിയിട്ടുള്ളത്. ഇതിൽ ചില രാഷ്ട്രങ്ങളെ ഒന്നിൽക്കൂടുതൽ പ്രാവശ്യം അമേരിക്ക ആക്രമിക്കുകയുണ്ടായി. ഇറാഖിനെയും അഫ്ഗാനിസ്താനെയും ഫലസ്തീനിനെയും പൂർണമായും നശിപ്പിച്ചു.
എന്താണ് വംശീയത എന്ന് 1948ലെ ഒരു കൺവെൻഷനിൽ ഐക്യരാഷ്ട്രസഭ നിർവചിച്ചിട്ടുണ്ട്. ‘‘ഒരു പ്രത്യേക ദേശീയ, വംശീയ, മത, വർഗ, വർണ വിഭാഗത്തിൽപെട്ട മുഴുവൻ ആളുകളെയോ അവരിൽ കുറച്ചു പേരെയോ ഇല്ലായ്മ ചെയ്യാനുള്ള ഉദ്ദേശ്യത്തോടുകൂടി നടത്തുന്ന പ്രവൃത്തി’’ എന്നാണ്. ഇങ്ങനെ നടത്തുന്നവർ യുദ്ധകാലത്തായാലും അല്ലെങ്കിലും അന്താരാഷ്ട്ര നിയമത്തിന്റെ മുന്നിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റവാളികളാണ് എന്ന് പ്രമേയം തുടർന്നു പറയുന്നു.
കെ.എ. റഹീം, കുളത്തൂർ
ഈ കഥകൾ അനുവാചക ഹൃദയങ്ങളില്‍ സങ്കടമഴ പെയ്യിക്കുന്നു
തന്‍റേതല്ലാത്ത കാരണങ്ങളാല്‍ ഭാര്യയാലും, മക്കളാലും വെറുക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഗോപാല്‍ ആവാരേയുടെ കഥ പറയുന്ന ഫൈസല്‍ വൈത്തിരിയും, ‘ലച്ചി’ എന്ന അനാഥ പെണ്‍കുട്ടിയുടെയും, അംബദ്കര്‍ കോളനിയിലെ ‘മലങ്കോരി’കളുടെ ദുസ്സഹമായ ജീവിതാന്തരീക്ഷം ഉയര്‍ത്താന്‍ ശ്രമിച്ച അനീഷ് എന്ന മലയാളി യുവാവിന്റെയും കഥകള്‍ പറയുന്ന നവീന്‍ എസും ആഴ്ചപ്പതിപ്പിനെ (ലക്കം 1452) വിഷാദമയമാക്കിയിരിക്കുന്നു. ഈ കഥകള്‍ക്ക് മനോഹരമായ ചിത്രീകരണം നടത്തിയ ദീപ്തി ജയനും, എ.ഐ ചിത്രീകരണം നടത്തി കഥയെ കൂടുതല്‍ ദീപ്തമാക്കിയ കെന്‍സ് ഹാരിസിനും കൂപ്പുകൈ.
പൊലീസ് അതിക്രമങ്ങളാണ് രണ്ടു കഥകളുടെയും കേന്ദ്രബിന്ദു. ഇന്നത്തെ സാമൂഹികാന്തരീക്ഷം പൊലീസ് അതിക്രമങ്ങളാൽ നരകതുല്യമായിരിക്കുന്നുവെന്ന് ഈ രണ്ടു കഥകളും വിളിച്ചുപറയുന്നത് സ്വാഭാവികം മാത്രം. ‘ജീവപര്യന്തം’ നല്ലൊരു സിനിമാകഥക്ക് പ്രമേയമാക്കാന്‍ അനുയോജ്യമാണെങ്കിൽ ‘ലച്ചി’ അനുവാചക ഹൃദയങ്ങളില്‍ സങ്കടമഴ പെയ്യിക്കുന്നു. രണ്ടിന്‍റെയും പ്രമേയങ്ങളില്‍ പുതുമ കാണാനാവുന്നില്ലെങ്കിലും നിര്‍വിഘ്നം വായിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന ആഖ്യാന ചാരുതയുണ്ട്. ദുര്‍ഗ്രഹമായ കഥയെഴുത്തിന്‍റെ ലോകത്ത് പണ്ഡിതനും, പാമരനും ഒരുപോലെ മനസ്സിലാകുന്ന ഇത്തരം കഥകള്‍ക്ക് സ്ഥാനമുണ്ട്.
സണ്ണി ജോസഫ്, മാള