Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

ശ്രീനിവാസന്റെ ചലച്ചിത്ര വ്യക്തിത്വം

ആഴ്ചപ്പതിപ്പിൽ (ലക്കം 1453) പ്രസിദ്ധീകരിച്ച മൂന്നു ലേഖനങ്ങൾ ശ്രീനിവാസനുള്ള ഉചിതമായ സ്മൃതിയാദരങ്ങളായി. നടൻ, ഡബിങ് കലാകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ പല നിലകൾ ശ്രീനിവാസനുണ്ട്. വിനോദവും കലയും വ്യവസായവും പ്രത്യയശാസ്ത്രോപകരണവുമെല്ലാമായ ചലച്ചിത്രമെന്ന മാധ്യമരൂപത്തിൽ 50 വർഷത്തോളം (1976 മുതൽ 2025 വരെ) വ്യാപിച്ച സവിശേഷ വ്യക്തിത്വത്തിന്റെ പകർന്നാട്ടങ്ങളെ ഏകമുഖമായി വിലയിരുത്തുക എളുപ്പമല്ല. ആ വൈരുധ്യം സ്വാഭാവികമായിത്തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള വിശകലന ചിന്തകളെയും വൈവിധ്യമുള്ളതാക്കുന്നു.

ഡോ. സിബു മോടയിലും ആൽവിൻ അലക്സാണ്ടറും ചേർന്നെഴുതിയ ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ഈ വസ്തുതയെ ആമുഖമായി കുറിക്കുന്നുണ്ടെങ്കിലും ശ്രീനിവാസന്റെ പ്രതിഭയെ വിശകലനം ചെയ്യാൻ മുഖ്യമായും ലേഖനം ഉപയോഗിക്കുന്നത് തിരക്കഥകളെയാണ്. ചലച്ചിത്രമെന്നത് ഇപ്പോഴും സംവിധായകന്റെ കലയും വ്യവസായമെന്ന നിലക്കുള്ള അതിന്റെ അസ്തിത്വം ലാഭത്തെ ആശ്രയിച്ചുമായിരിക്കുമ്പോൾ പൂർണമായും ശ്രീനിവാസന്റെ കലാകാരവ്യക്തിത്വത്തെ അപഗ്രഥിക്കാനുള്ള ഉപകരണമായിരിക്കാനുള്ള യോഗ്യത തിരക്കഥകൾക്ക് എത്രത്തോളമുണ്ടാകുമെന്ന ചോദ്യം പ്രസക്തമാണ്, സംവിധായകൻ കൂട്ടിച്ചേർക്കുന്ന ഒരു ദൃശ്യംപോലും മാധ്യമദൗത്യത്തെ അപ്രതീക്ഷിതമായ തിരിവുകളിലേക്ക് നയിക്കും എന്നിരിക്കെ പ്രത്യേകിച്ചും.

ശ്രീനിവാസൻ സംവിധാനംചെയ്ത ‘വടക്കുനോക്കിയന്ത്ര’ത്തിൽനിന്നും ‘ചിന്താവിഷ്ടയായ ശ്യാമള’യിൽനിന്നും അദ്ദേഹത്തിന്റെ രചനയിൽ നിർമിച്ച മറ്റു ചിത്രങ്ങൾക്കുള്ള വ്യത്യാസം അതിന് തെളിവാണ്. എങ്കിലും മധ്യവർഗ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് ചലച്ചിത്രങ്ങളെ ആനയിക്കുക, സംക്രമണ കാലഘട്ടത്തിൽ മലയാളി യുവത്വത്തിന്റെ പലതരത്തിലുള്ള അന്യവത്കരണത്തിന്റെ ധർമം കൈയാളുക, സാമ്പ്രദായികേതര നായകന്മാരെ അവതരിപ്പിച്ചുകൊണ്ട് ദൃശ്യപരമായ വിപ്ലവത്തിനു വെളിച്ചം വീശുക തുടങ്ങി മലയാളിയുടെ സാംസ്കാരിക അബോധത്തിന്റെ പ്രാതിനിധ്യം അദ്ദേഹത്തിന്റെ രചനകൾ ഏറ്റെടുത്തത് എങ്ങനെയെന്ന് ലേഖകർ വിവരിക്കുന്നത് യുക്തിസഹമായാണ്.

ശ്രീനിവാസന്റെ ചലച്ചിത്രപങ്കാളിത്തത്തിന്റെ വൈരുധ്യാത്മകമായ വശത്തെപ്പറ്റി പറഞ്ഞതിന്റെ തുടർച്ച പ്രേംചന്ദിന്റെ ലേഖനത്തിലുണ്ട്. അദ്ദേഹം സ്ത്രീവിരുദ്ധ സിനിമയെന്നു വിളിക്കുന്ന ‘അയാൾ കഥയെഴുതുകയാണെ’ന്ന സിനിമക്ക് വാങ്മയരൂപം നൽകിയ വ്യക്തിതന്നെയാണ് ‘ചിന്താവിഷ്ടയായ ശ്യാമള’യെന്ന സ്ത്രീപക്ഷസിനിമക്ക് ദൃശ്യരൂപം നൽകിയതും. ‘അയാൾ കഥയെഴുതുകയാണെ’ന്ന സിനിമയിലെ പാട്ടുരംഗത്തിൽ പതിവനുസരിച്ച് പിന്നിൽനിന്ന് സംഘനൃത്തം ചെയ്യാൻ വേഷംകെട്ടി വരുന്ന പെൺകുട്ടികളോട് (ജൂനിയർ ആർട്ടിസ്റ്റുകളോട്) നായകൻ ‘‘നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ? വീട്ടിൽ പോടി’’ എന്ന് ആക്രോശിക്കുകയും അവർ ഉടനടി അദൃശ്യരാവുകയും ചെയ്യുന്നു. നായിക-നായകന്മാർ പാട്ടുപാടുമ്പോൾ പശ്ചാത്തലമായി നൃത്തം വേണം എന്ന സാമ്പ്രദായിക ചലച്ചിത്രരീതിയെ രസകരമായി അഴിച്ചു പണിയുകയോ സൈദ്ധാന്തികബലമൊന്നും പിടിക്കാതെ താദാത്മ്യനിരാകരണത്തിന് അവസരം നൽകുകയോ ആണെന്നല്ല, സ്ത്രീവിരുദ്ധതയുടെ പേരിലാണ് അക്കാലത്ത് വിവാദമുണ്ടാക്കിയത്.

ഒരു അഭിമുഖത്തിൽ, ചിത്രത്തിലെ നൃത്തസംവിധായികക്കും സംഘത്തിനും അടിയന്തരമായി മദ്രാസിൽ എത്തേണ്ടതുകൊണ്ട് ഷൂട്ടിങ് മുടങ്ങാതിരിക്കാൻ ചെയ്ത താൽക്കാലികമായ സംവിധാനമായിരുന്നു ആ ഒഴിവാക്കൽ എന്ന് ശ്രീനിവാസൻ പറഞ്ഞ ഒരോർമയുണ്ട്. നിത്യവേതനക്കാരായ ജൂനിയർ ആർട്ടിസ്റ്റുകളെ അപ്രസക്തരാക്കുക, പെൺകുട്ടികളുടെ മേൽ ആണത്തപരമായ രക്ഷാകർതൃത്വം സ്ഥാപിക്കുക ഇവയുടെ പേരിലുള്ള ആരോപണം സാമൂഹികശാസ്ത്രപരമായ നിരീക്ഷണമാണ്. സാമ്പത്തികസംരംഭം എന്ന നിലക്കുള്ള ചലച്ചിത്രാസൂത്രണത്തെക്കുറിച്ചുള്ള വിവരമാണ് ശ്രീനിവാസൻ അഭിമുഖത്തിൽ പങ്കു​െവച്ചത്.

‘പഞ്ചവടിപ്പാല’ത്തിലെയും ‘അറബിക്കഥ’യിലെയും (അഭിനേതാവ്) ‘വെള്ളാനകളുടെ നാടി’ലെയും ‘വരവേൽപ്പിലെ’യും (അഭിനേതാവും രചയിതാവും) ശ്രീനിവാസന്റെ പങ്ക് വ്യത്യസ്തമാണെങ്കിലും അരാഷ്ട്രീയതയുടെ പേരിൽ ഒരുപാട് കുറ്റാരോപണങ്ങൾ ഏറ്റുവാങ്ങിയ ‘സന്ദേശ’ത്തോടൊപ്പം അവയെയും രാഷ്ട്രീയസിനിമകളായിത്തന്നെ പ്രേംചന്ദ് സ്ഥാനപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് (വെള്ളിത്തിരയിലെ ശ്രീനി ഇഫക്ട്).

മുടക്കുമുതലിന്റെ താൽപര്യം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ വിട്ടുവീഴ്ചകളെ പ്രേംചന്ദ് കാണാതിരിക്കുന്നുമില്ല. സോവിയറ്റ് നാടുകളുടെ പതനത്തോടെ ഇടതുപക്ഷ വിശ്വാസത്തിനു പ്രാദേശികമായി സംഭവിച്ച പ്രത്യാശാനഷ്ടത്തിന്റെ സാംസ്കാരികരേഖയായി പ്രേംചന്ദ് ‘സന്ദേശ’ത്തെ നോക്കിക്കാണുന്നു. ‘സന്ദേശ’ത്തിലെ പ്രകാശന്റെ തുടർച്ച ശ്രീനിവാസൻ കഥയെഴുതിയ ‘ഞാൻ പ്രകാശനിലു’മുണ്ട്. പ്രഭാകരന്റെ തുടർച്ചയായി ‘അറബിക്കഥ’യിലെ ക്യൂബാ മുകുന്ദനുമുണ്ട്. അവിടെ പക്ഷേ, രചനാപരമായ തുടർച്ചയല്ല, പ്രകടനപരമായ തുടർച്ചയാണെന്ന് പറയണം.

‘ഉദയനാണു താര’ത്തിലൂടെയും ‘പത്മശ്രീ ഭരത് സരോജ് കുമാറി’ലൂടെയും സിനിമയുടെ ലോകത്തിലെ വ്യാജബിംബങ്ങളെ കളിയാക്കിയ ശ്രീനിവാസൻ, പ്രദീപ് ചൊക്ലിയുടെ ‘ഇംഗ്ലീഷ് മീഡിയ’ത്തിലൂടെ ഡി.പി.ഇ.പി വിദ്യാഭ്യാസ പരിഷ്കരണങ്ങളെയും കല്ലെറിഞ്ഞിരുന്നു. എൺപതുകളിലെ കേരളത്തിലെ തൊഴിലില്ലാപ്പടയുടെ നെടുവീർപ്പുകൾ സ്വരൂപിച്ചു പാകപ്പെട്ടു വന്നതാണ് ‘ടി.പി. ബാലഗോപാലൻ എം.എ’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’ തുടങ്ങിയുള്ള സിനിമകളുടെ നിറക്കൂട്ടുകൾ എന്ന് വ്യക്തമാണ്. സ്വന്തം നിലക്കുള്ള അലച്ചിലുകൾ അടയാളപ്പെടുത്തിയ ഭൂതകാലത്തിന്റെ പശ്ചാത്തലം അവക്ക് പിന്നിലുണ്ടാവണം.

രൂപേഷ് കുമാർ എഴുതിയ ‘ശ്രീനിവാസൻ എന്ന ശരീരവും കേരളസമൂഹവും’ എന്ന ലേഖനത്തിൽ ശ്രീനിവാസൻ രചനക്ക് വിഷയമാക്കിയ സമൂഹത്തെ മറ്റു രണ്ടു ലേഖനങ്ങളുടെ എഴുത്തുകാർ കണ്ടതുപോലെയല്ല കാണുന്നത്. അതൊരു ജാതിവിഭാഗത്തിന്റെ മാത്രം ആശങ്കയും നിരാശയുമായിരുന്നെന്നും അവയെ പൊതുസമൂഹത്തിന്റേതായി അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ്. ശ്രീനിവാസൻ അവതരിപ്പിച്ച അപകർഷവും ആത്മവിശ്വാസത്തകർച്ചയും ആശ്രിതത്വവുമുള്ള കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ രചനകൾ രൂപം നൽകിയ നായക കഥാപാത്രങ്ങൾ സാമൂഹികമായ മേൽക്കോയ്മ വഹിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികളാവുന്നു എന്നാണ് നിരീക്ഷണം. ‘ശ്രീനിവാസനും സത്യൻ അന്തിക്കാടും കൂടി നിർമിച്ചെടുത്തതാണ് കേരളീയസമൂഹം’ എന്നൊരു സാമാന്യവത്കരണവും രൂപേഷ് കുമാർ അവതരിപ്പിക്കുന്നുണ്ട് (രൂപേഷിന്റെ ലേഖനത്തിന്റെ ആദ്യഭാഗം മാത്രമാണിത്).

‘പൊന്മുട്ടയിടുന്ന താറാവിലെ’യും ‘കഥ പറയുമ്പോളി’ലെയും ‘വടക്കുനോക്കി യന്ത്ര’ത്തിലെയും കഥാപാത്രങ്ങൾക്ക് നേരത്തേ പറഞ്ഞ ‘അഭിജാത’ശരീരങ്ങൾക്കും സാമൂഹികപദവിക്കും എതിരു നിൽക്കുന്ന അവസ്ഥയുണ്ട്. അവയും വിജയിച്ച ചിത്രങ്ങളാണ്. അഭിനേതാക്കളുടെ ശരീരസ്ഥിതിയെ ആസ്പദമാക്കി കഥാപാത്രങ്ങളുടെ ജാതി നിർണയിക്കുന്നത് ഒരുതരം നിരൂപണ പദ്ധതിയാണ്. എന്നാൽ, സാംസ്കാരിക ഉൽപന്നങ്ങളിൽ, സാമൂഹികശാസ്ത്രൈക കാഴ്ചപ്പാടുകൾ കണ്ടെത്തുന്ന ശരിതെറ്റുകളെ റദ്ദ് ചെയ്യുന്ന യുക്തികൾ ചലച്ചിത്രങ്ങൾ അവക്കുള്ളിൽ സൂക്ഷിക്കാറുണ്ടെന്നതാണ് വസ്തുത. അതിന്റെ പ്രവർത്തന വഴികൾ സങ്കീർണമായതുകൊണ്ടുതന്നെ. മറ്റൊരർഥത്തിൽ ഇതെല്ലാം ശ്രീനിവാസൻ എന്ന കലാകാരവ്യക്തിത്വത്തിന്റെ സങ്കീർണവൈരുധ്യത്തെ കൂടി വെളിപ്പെടുത്തുന്നു എന്നു പറയാം, ചലച്ചിത്രങ്ങളുടെ കാര്യംപോലെതന്നെ.

ശിവകുമാർ ആർ.പി, തിരുവനന്തപുരം

‘ബയോളജി’ കെട്ടിലും മട്ടിലും നിറയുന്ന വ്യത്യസ്തത

ബാലചന്ദ്രൻ എരവിൽ എഴുതിയ ‘ബയോളജി’ എന്ന കഥ (ലക്കം 1453) കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി. മോഷണത്തിനിടെ ക്ലീറ്റസ് എന്ന മോഷ്ടാവ് ആ വീടിന്‍റെ ഉള്ളിൽനിന്ന് വലിയ ശബ്ദം കേട്ട് ഞെട്ടുന്നു. ആ ശബ്ദത്തിന്‍റെ ഉറവിടം തിരയുന്നതിനിടെ ആ വീട്ടിലെ ഗൃഹനാഥൻ ജീവിതം അവസാനിപ്പിക്കാൻ ഉദ്യമിക്കുന്നത് അയാൾ കാണുന്നു. ക്ലീറ്റസ് വീടിന്‍റെ ഉള്ളിലേക്ക് കടന്ന് ഗൃഹനാഥനെ ഗുണദോഷിച്ച് അതിൽനിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ, തിരികെ പോകുമ്പോൾ താൻ ലക്ഷ്യംവെച്ച മോഷണവും നടത്തുന്നു. ഇതാണ് കഥാതന്തു.

കഥയുടെ ആദ്യഭാഗം നയിക്കുന്നത് ക്ലീറ്റസ് എന്ന കഥാപാത്രമാണ്. ക്ലീറ്റസിന്‍റെ അവതരണത്തിൽ കഥാകൃത്തിന് സൂക്ഷ്മതക്കുറവ് സംഭവിച്ചിട്ടുണ്ട്. മകളുടെ ആഗ്രഹപൂരണത്തിനായി സൈക്കിൾ മോഷ്ടിക്കാനിറങ്ങുന്ന ക്ലീറ്റസ് 20 വർഷങ്ങൾക്കു മുമ്പും സൈക്കിൾ മോഷ്ടാവാണെന്നു പറയുന്നു.

യൗവനാരംഭത്തിൽ ഇയാൾ സാമൂഹിക പ്രവർത്തകനായിരുന്നു. പിന്നെ കുടുംബനാഥനായി. സൈക്കിൾ ഷോപ്പുടമയുമായി. നല്ല ഭർത്താവും അച്ഛനുമായി. ഇതെല്ലാം കൂടി എങ്ങനെയാണ് ഒരുമിക്കുക. ആ കഥാപാത്രത്തിന്‍റെ സൃഷ്ടിയിൽ ഇത്രയും ക്ലേശം അനുഭവിക്കേണ്ടിയിരുന്നില്ല. കഥയുടെ രണ്ടാം ഭാഗം അസ്സലായി. വർത്തമാനകാലത്തിന്‍റെ തനിപ്പകർപ്പ്. ഇന്നത്തെ അധ്യാപക വിദ്യാർഥി-രക്ഷാകർതൃ ബന്ധത്തിന്‍റെ ശരിയായ അവലോകനം. കുട്ടികളെയും രക്ഷാകർത്താക്കളെയും ഭയക്കുന്ന അധ്യാപകർ.

കള്ളനായ ക്ലീറ്റസ് ജീവിതത്തെ അതിയായി സ്നേഹിക്കുന്ന ആളാണ്. ഏതു വിധവും ജീവിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം. മരിക്കാൻ ഭയവുമാണ്. ജീവിതത്തെ ഇഷ്ടപ്പെടുന്ന മരണത്തെ ഭയപ്പെടുന്ന ആളാണ് അധ്യാപകനായ രവി മാഷും. പക്ഷേ, ചെറിയ ഒരു വിഷയത്തിൽ ആടിയുലഞ്ഞ് ആത്മഹത്യക്കു ശ്രമിക്കുന്ന രവിമാഷിനെ കള്ളനായ ക്ലീറ്റസ് ഗുണദോഷിക്കുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തെ അതിയായി സ്നേഹിക്കാൻ പഠിപ്പിക്കുന്നു. ബഷീറിന്‍റെയും ദേവിന്‍റെയും എം.ടിയുളെയും പുസ്തകങ്ങൾ വായിക്കാനും അതിൽനിന്ന് ഊർജംകൊണ്ട് മുന്നേറാനും പ്രേരിപ്പിക്കുന്നു.

ജീവിതത്തെ സ്നേഹിക്കുക എന്ന നല്ല ഒരു സന്ദേശംകൂടി ഈ കഥയിലുണ്ട്. എ.ഐയുടെ സഹായത്തോടെ ചിത്രീകരണം നടത്തിയ കെൻസ് ഹാരിസിന് അഭിനന്ദനങ്ങൾ. കഥാസന്ദർഭത്തിന് ചേരുന്ന ചിത്രീകരണം. എ.ഐ ഇല്ലാതിരുന്ന കാലത്ത്, ഏറെ കുറവുകൾ ഉണ്ടായിരുന്നെങ്കിലും, ഇതുപോലെയുള്ള ചിത്രീകരണങ്ങൾ വെറും ബ്രഷും പെൻസിലും വെച്ചു നടത്തിയിരുന്ന പൂർവസൂരികളെ ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു.

ബദറുദീൻ എം. കുന്നിക്കോട്

മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ പ്രതിഭ

ആഴ്ചപ്പതിപ്പ് ലക്കം 1453 അന്തരിച്ച ചലച്ചിത്രപ്രവർത്തകൻ ശ്രീനിവാസന് അക്ഷരങ്ങൾകൊണ്ടുള്ള ആദരവായി. ആ മായാത്ത ചിരിമുദ്രകളെ വിശകലനംചെയ്തുള്ള ലേഖനങ്ങൾ ഗംഭീരവുമായി. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമക്ക് ഒഴിച്ചുകൂടാനാവാത്ത പ്രതിഭാസമായി വളർന്ന വ്യക്തിത്വമാണ് ശ്രീനിവാസൻ. അഭിനയം പഠിക്കാൻ ചെന്ന ഇടത്തുനിന്ന് ഈ രൂപം വെച്ച് താങ്കളെന്തു ചെയ്യാൻ എന്നു കേട്ട ആദ്യ പരിഹാസത്തിന് ​േപ്രം നസീർ സുന്ദരനാ​െണന്നു കരുതി അദ്ദേഹത്തിന്റെ ഡ്രൈവർക്കും അതേ സൗന്ദര്യം വേണമെന്നുണ്ടോ എന്ന അതിനോളം പോന്ന മറുപടിയോടെ രംഗപ്രവേശംചെയ്ത ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. പരിമിതികളറിഞ്ഞ് മറ്റുള്ളവർ തന്നെ എങ്ങനെ കാണുന്നു, വിലയിരുത്തുന്നു എന്നറിഞ്ഞു കൊണ്ടുതന്നെ സ്വയം തീർത്ത കഥാപാത്രങ്ങൾ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്തു.

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനമെന്നതിനെ അദ്ദേഹം അടിവരയിട്ടു. തത്ത്വചിന്തയും ഹാസ്യവും ആ ചിത്രങ്ങൾക്ക് മാറ്റുകൂട്ടി. എക്കാലവും നിലനിൽക്കുന്ന സംഭാഷണങ്ങൾ, കാക്കിക്കുള്ളിലെ കലാകാരൻ, താത്ത്വിക അവലോകനം. മതി തെരക്കില്ല, കിട്ടേണ്ടത് കിട്ടിയാ തോന്നേണ്ടത് തോന്നാൻ ഒരിച്ചിരി സമയം നല്ലതാ... ഇങ്ങനെ മലയാളികൾക്ക് പരിചിതമായ എത്രയോ സംഭാഷണ ശകലങ്ങൾ. മറക്കില്ല മലയാളികൾ ആ ചിത്രങ്ങളും കഥാപാത്രങ്ങളും.

ഫൈസൽ ടി.പി, അഞ്ചച്ചവിടി

ഭരണഘടന ദിനം ഓർമിപ്പിക്കുന്നത്

ആഴ്ചപ്പതിപ്പ് ലക്കം 1449ലെ ‘തുടക്കം’ വായിച്ചു. അതുമായി ചേർത്തുവെക്കാവുന്ന ചില കാര്യങ്ങൾ പറയാനുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഈ എഴുത്ത്. 1949 നവംബർ 26നാണല്ലോ ഇന്ത്യൻ ഭരണഘടനക്ക് ഭരണഘടന നിർമാണസഭയുടെ അംഗീകാരം ലഭിച്ചത്. ഭരണഘടന തയാറാക്കാനായി രാജ്യം ചെലവഴിച്ചത് ഏതാണ്ട് 64 ലക്ഷം രൂപയാണ്. കൈയെഴുത്ത് പ്രതി തയാറാക്കിയത് പ്രേം ബിഹാരി നരേനാണ്. അതിലെ ആദ്യ ഒപ്പ് പ്രധാനമന്ത്രി നെഹ്റുവിന്റേതും അവസാന ഒപ്പ് ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടേതുമാണ്.

ഭരണഘടന എഴുതി തയാറാക്കിയിട്ട് ഏഴര ദശകങ്ങൾ പിന്നിട്ടിട്ടും അംബേദ്കർ ഉയർത്തിയ ആശങ്കകൾ എത്രമാത്രം പ്രസക്തമാണ് എന്ന് വർത്തമാന സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുകയാണ്. ഭരണഘടനയെ ചവിട്ടിമെതിക്കുന്ന ഫാഷിസ്റ്റുകൾ അംബേദ്കറെ അംഗീകരിച്ചിരുന്നില്ല എന്നത് വസ്തുതയാണ്. പൗരാവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര രാഷ്ട്ര പുനർനിർമാണത്തിലും നിർണായക സംഭാവനകൾ നൽകിയ മതന്യൂനപക്ഷങ്ങൾ ഇന്ന് ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ഒരു രാജ്യത്ത് പൗരസ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും വെല്ലുവിളിക്കപ്പെടുക എന്നാൽ ഭരണഘടന തന്നെ വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അർഥം. മറവിക്കെതിരെ പോരാടുക; ബോധപൂർവമുള്ള അവഗണന, തമസ്കരണം, വക്രീകരണം തുടങ്ങിയവക്കെതിരെ ജാഗ്രതാപൂർവം ദൃഢരൂഢ നിലപാട് സ്വീകരിക്കുക എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല.

എസ്.ഐ.ആറും പുതിയ വഖഫ് നിയമവും വഖഫ്പോർട്ടലും പുതിയ തൊഴിലാളി വിരുദ്ധ ലേബർകോഡും ഉൾപ്പെടെ പലതും നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാനുള്ള കുത്സിതനീക്കങ്ങളുടെ ഭാഗമാണ്. ഭരണഘടനക്ക് പൂർണത വന്ന 1949 നവംബർ 26 ദേശീയ നിയമദിനം ആണെന്നത് കേവലം ആചാരമല്ല; ഭരണഘടന ധ്വംസനങ്ങൾക്കെതിരെ സജീവ ബോധവത്കരണങ്ങൾ സ്വീകരിക്കേണ്ട ദിനംകൂടിയാണത്.

പി.പി. അബ്ദുറഹ്മാൻ, പെരിങ്ങാടി

Show More expand_more
News Summary - letters