എഴുത്തുകുത്ത്

‘ഉരുക്കുവനിത’: മലയാളികൾ വായിക്കേണ്ട കഥ
ആഴ്ചപ്പതിപ്പ് വായിക്കുമ്പോൾ കണ്ണുടക്കിനിന്നത് വത്സലൻ വാതുശ്ശേരി എഴുതിയ ‘ഉരുക്കുവനിത’ എന്ന (ലക്കം 1451) കഥയിലാണ്. ജീവിതമാകെ കഥയാണല്ലോ പിന്നെന്ത് കഥ വായിക്കാൻ എന്ന് കരുതുന്ന വീട്ടിലെ ശ്രീമതി ആഴ്ചപ്പതിപ്പിലെ ഈ കഥ പ്രത്യേകം വായിക്കണം എന്ന് എന്നോട് ഉപദേശിക്കുന്നു. ഐ.സി.യു അനുഭവം എനിക്ക് ഉള്ളതുകൊണ്ടായിരിക്കും വായിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ആദ്യം എനിക്ക് തോന്നിയത്. ഒരു മണിക്കൂറിനുള്ളിൽ മൂന്നുപ്രാവശ്യം വീണ്ടും വീണ്ടും വീണ്ടും ഈ കഥ വായിക്കണം എന്ന് പ്രേരിപ്പിക്കുകയായിരുന്നു.
കഥയിലേക്ക് കടന്നപ്പോൾ ജീവിതം തന്നെയാണ് കഥ എന്ന് തോന്നിത്തുടങ്ങി. ഭർത്താവിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് നോവുകൾ, ആഗ്രഹങ്ങൾ, ചിന്തകൾ ഒക്കെയും അടിയറവെച്ച സ്ത്രീയിൽ ഒരു വിമോചനസ്വപ്നം കാണുന്നത് ആശ്ചര്യമല്ല നൽകുന്നത്. (ഭാര്യയെ വിശ്രമിക്കാൻപോലും അനുവദിക്കാതെ ഒരു ചെമ്പ് വെള്ളത്തിനു വേണ്ടി കുടുംബത്തിലെ കുട്ടികളോട് പറയാതെ മുത്തശ്ശൻ തന്റെ വയസ്സായ ഭാര്യയെ വിളിക്കുമ്പോൾ കുട്ടികൾ ഞങ്ങൾ കൊണ്ടുവരാമല്ലോ എന്തിനാണ് ഇപ്പോഴും അമ്മൂമ്മയെ വിളിക്കുന്നത് എന്ന് മുത്തശ്ശനോട് ചോദിക്കുമ്പോൾ മുത്തശ്ശൻ പറയുന്ന ഒരു വാക്കുണ്ട്, ഒരു തമിഴ് കഥയിൽ.
തന്റെ ഭാര്യ കിടപ്പിലാണോ ഇപ്പോഴും പ്രസന്നതയോടെ എണീറ്റു നടക്കാനാവുന്നുണ്ടോ എന്നു മനസ്സിലാക്കാൻ ആണ് വയസ്സായ ഭാര്യയെ വിളിക്കുന്നത് എന്ന് മുത്തശ്ശൻ പറയുന്നതായി തമിഴിലെ സുപ്രസിദ്ധ കഥാകാരൻ കി. രാജനാരായണൻ എഴുതിയ ഒരു കഥയാണ് ഓർമയിൽ വന്നത്) പക്ഷേ, തന്റെ അമ്മയുടെ പഴയ കഥകൾ അതുപോലെ തനിക്കും ഒന്നുണ്ടാവണം എന്നു കരുതി ഐ.സി.യുവിൽനിന്നുമുള്ള അപ്രത്യക്ഷയാകൽ, ആ രോഗി നടത്തുന്ന പലായനം അഥവാ അവരുടെ തീർഥാടനം ഡൽഹിയിൽ മഹാത്മാഗാന്ധി സ്മാരകവും കടന്നു ആ ഉരുക്കുവനിതയുടെ സ്മാരക ശിലയിലേക്കാണെന്ന് അറിയുമ്പോൾ സംതൃപ്തിയോടൊപ്പം വായനക്കാർക്ക് കുടുംബത്തെ പറ്റിയും അംഗങ്ങളുടെ ധാർമിക കടമകളെ പറ്റിയുമൊക്കെ ചിന്തിക്കാനും പ്രാവർത്തികമാക്കാനും സദുപദേശം നൽകുന്ന കഥയാണ് ഇതെന്ന് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. കഥയുടെ ശീർഷകം നരേന്ദ്രന്റെ അമ്മ എന്നു നൽകാമായിരുന്നു എന്നാണ് വായനയുടെ ആദ്യം കരുതിയത്. പക്ഷേ വായന പൂർത്തിയാകുമ്പോൾ ശരിക്കും അനുയോജ്യമായ ശീർഷകംതന്നെയെന്ന് തോന്നി. മലയാളികൾ തീർച്ചയായും വായിക്കണം ഈ കഥ എന്ന് അപേക്ഷിക്കുന്നു.
പൊന്മന വത്സകുമാർ, കന്യാകുമാരി ജില്ല
തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗം: വസ്തുതാപരമായ എഴുത്ത്
തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തിലുള്ള അഴിമതിയെ ക്കുറിച്ച് വസ്തുതാപരവും സമഗ്രവുമായ ഒരു റിപ്പോർട്ട് (ലക്കം 1499) തയാറാക്കിയ അബ്ദുൾ ലത്തീഫ് മാറഞ്ചേരിക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യങ്ങൾ. കാരണം, അത്രമാത്രം പഠനാർഹമാണ് അധികാര വികേന്ദ്രീകരണ പാളിച്ചകളെക്കുറിച്ചെഴുതിയ ഓരോ വാക്കുകളും. കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയെന്നത് ആശ്ചര്യപ്പെടുത്തുന്ന കണക്കാണ്. രാജ്യത്തെ അന്നദാതാക്കളാണ് കർഷകർ. ഹരിത വിപ്ലവത്തിലൂടെ രാജ്യത്തെ ഭക്ഷ്യോൽപാദനം സ്വയം പര്യാപ്തതയിലെത്തിച്ച കർഷകർ അവഗണിക്കപ്പെടുകയാണ്. രാജ്യത്തെ പകുതിയിലേറെ കർഷകരും കടഭാരമേറുന്നവരാണ്. ഓരോ കൃഷിക്കാരനും വാർഷിക കടബാധ്യത 74,121 രൂപയാണെന്ന് കേന്ദ്ര സർക്കാറിന്റെ വാർഷിക വിശകലന റിപ്പോർട്ടിൽ പറയുന്നു. ഈ ദുരവസ്ഥയിലാണ് കൃഷിക്ക് നീക്കിവെച്ച ഫണ്ട് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേർന്ന് കട്ടുമുടിക്കുന്നത്.
കൃഷിയില്ലാത്ത നമ്മുടെ നാട്ടിൽ സർക്കാറിന്റെ കീഴിൽ എന്തിനാണിങ്ങനെ ഒരു തട്ടിക്കൂട്ട് കൃഷിവകുപ്പ്? ഒരുകാലത്ത് കൃഷികൊണ്ട് കുടുംബം പോറ്റിയവർ ഇപ്പോൾ നിത്യവൃത്തിക്കായി ഇതര തൊഴിലുകൾ ചെയ്യേണ്ട ഗതികേടിലാണ്. പട്ടികജാതി-പട്ടികവർഗത്തിന്റെ ഉന്നമനത്തിനായി കോടികൾ വർഷംതോറും സർക്കാർ ചെലവഴിക്കുന്നതും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കീശയിലാണത്രേ പതിക്കുന്നത്. ഒരു ഒറ്റമുറി വെയ്റ്റിങ് ഷെഡിനു 10 ലക്ഷം ദുർവ്യായം ചെയ്യുന്ന സർക്കാർ, കേവലം 4 ലക്ഷം രൂപ പാവപ്പെട്ടവർക്ക് ഭവന നിർമാണത്തിന് നൽകുന്നു എന്നതും പരിഹാസ്യമാണ്; പ്രതിഷേധാർഹമാണ്. ആദിവാസികളുടെ ഭവനനിർമാണത്തിലാണ് ഏറ്റവും വലിയ തട്ടിപ്പ്. അഴിമതിക്കാരെ സംരക്ഷിക്കുന്നത് രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ‘ഇലനക്കി പട്ടിയുടെ കിറിനക്കികളാ’യാൽ എന്തുചെയ്യും?
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ മുളന്തുരുത്തി
ജീവിതസന്ദേശം നൽകുന്ന കഥ
വി.കെ. ദീപ എഴുതിയ ‘ജോഷ്വായും പുണ്യാളനും’ (ലക്കം 1448) എന്ന കഥ വളരെ രസകരമായി ആഖ്യാനംചെയ്തിരിക്കുന്നു. കഥയിൽ പരിണാമഗുപ്തിയുമുണ്ട്. വീണ്ടും വായിക്കാൻ തോന്നുന്നതാണ് കഥ നന്നായോ ഇല്ലയോ എന്നതിന്റെ മാനദണ്ഡം. ആദ്യ വായനയിൽ ചില സംശയങ്ങൾ തോന്നിയെങ്കിലും പുണ്യാളനെ കുറിച്ച് ഒരു സംശയവും തോന്നിയില്ല. എന്നാൽ, ഇസ്ഹാഖ് മുതലാളിയെ കുറിച്ച് തോന്നുകയുംചെയ്തു. ഏതായാലും മനുഷ്യമനസ്സിന്റെ ഗതിവിഗതികൾ കഥയിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്. പുണ്യാളൻ ഒരു കള്ളൻതന്നെയാണെന്ന് തോന്നാൻ തുടങ്ങിയപ്പോഴാണ് അയാൾ ഒരു യഥാർഥ മനുഷ്യൻ തന്നെയാണെന്ന് മനസ്സിലായത്.
ഏതായാലും അയാളുടെ ഉള്ളിലും സ്നേഹത്തിന്റെ പൊൻ തരികൾ സൂക്ഷ്മമായി കഥാകൃത്ത് ഗോപാനം ചെയ്തിരിക്കുന്നു. കാര്യങ്ങൾ അയാൾക്കറിയാമായിരുന്നെങ്കിലും അയാൾ ആരെയും കുറ്റപ്പെടുത്താതെ ആരുമായും സംഘട്ടനത്തിലേർപ്പെടാതെ സ്വയം ഒതുങ്ങിപ്പോവുകയാണുണ്ടായത്. മുതലാളിയും ഒരു പിതാവിന്റെ വാത്സല്യത്തോടുകൂടി ജ്യോഷ്വായെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അമ്മക്ക് സ്നേഹത്തിൽനിന്നുദിക്കുന്ന വെറുപ്പാണ് ഭർത്താവിനോടുള്ളത്. എന്നെങ്കിലും തിരിച്ചുവന്നാൽ വെട്ടാൻ വാക്കത്തിയുമായി കാത്തിരുന്നതും ഈ നിർവ്യാജമായ ഭർത്തൃ സ്നേഹത്തിന്റെ പുലർവെളിച്ചത്തിൽ വേണം കാണാൻ.
മനുഷ്യമനസ്സ് ഏതെല്ലാം വഴികളിൽ എങ്ങനെയൊക്കെ സഞ്ചരിക്കുമെന്നാണ് ഈ കഥയിലൂടെ വി.കെ. ദീപ സൂചിപ്പിക്കുന്നത്. സ്ത്രീ ഹൃദയം പുറമെ കഠോരമായി തോന്നുമെങ്കിലും അത് നാളികേരംപോലെ അകമേ മാധുര്യമുള്ളതും സ്നിഗ്ധവുമാണെന്ന് കഥയിലെ നായകനായ പുണ്യാളനും വ്യക്തമാക്കുന്നുണ്ട്. കഥാനായകൻ ജോഷ്വാ തന്നെയാണ്. പുണ്യാളൻ ഉപനായകനും മുതലാളി നോക്കുന്നില്ലയെങ്കിലും മനുഷ്യത്വമുള്ളവനാണ്.
ജോഷ്വായുടെ ഒരു കുട്ടി തനിക്കുണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ‘ഈവ’ യഥാർഥത്തിൽ ജോഷ്വായെ അകമഴിഞ്ഞ് സ്നേഹിക്കുന്നയാൾ തന്നെയാണ്. അങ്ങനെയും പെൺമനസ്സ് ചിന്തിക്കാമെന്നാണ് കഥാകൃത്ത് വ്യക്തമാക്കുന്നത്. പുണ്യാളൻ പറയുന്നതും ശരിതന്നെയാണ്. താൻ കള്ളനല്ല മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ഒരാൾ എന്നാണല്ലോ അയാൾ പറയുന്നത്. എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്ത് അയാൾ തിരിച്ചുവരുന്നതും അതുകൊണ്ട് തന്നെയാകാം. ജോഷ്വാക്ക് അത് ആരാണെന്ന് തിരിച്ചറിയാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു. അതുതന്നെയാണ് കഥയുടെ പരിസമാപ്തിയും പരിണാമഗുപ്തിയും. ഏതായാലും കഥയിൽ വ്യക്തമായ ഒരു സന്ദേശമുണ്ട്. അത് തിരിച്ചറിയാൻ കഴിയുമ്പോൾ കഥ തീർന്നുപോയല്ലോ എന്ന തോന്നലാണ് വായനക്കാർക്ക്.
സദാശിവൻ നായർ, എരമല്ലൂർ
ആകാംക്ഷക്ക് മങ്ങലേറ്റില്ല; നോവൽ തുടക്കം ഗംഭീരം
വലിയ ആകാംക്ഷയോടെയാണ് അഷ്ടമൂര്‍ത്തിയുടെ നോവൽ ‘ജമന്തിപ്പൂക്കള്‍ -ഒരു നീണ്ടകഥയുടെ കഥ’ വായിച്ചു തുടങ്ങിയത് (ലക്കം 1450). പ്രതീക്ഷ തെറ്റിയില്ല -അദ്ദേഹത്തിന്റെ ആത്മാവ് തുടിക്കുന്ന വായനാസുഭഗതയുള്ള എഴുത്തും, പുതുമ നിറഞ്ഞ പ്രമേയവും. ഒരു വാക്കില്‍നിന്ന് അടുത്തതിലേക്ക്, ഒരു വാക്യത്തില്‍നിന്ന് അടുത്തതിലേക്ക് അങ്ങനെ വായനയെ മോഹിപ്പിക്കുന്ന ഈ നോവല്‍ അനുവാചകശ്രദ്ധ പിടിച്ചെടുക്കുമെന്ന കാര്യം ഉറപ്പ്. Well begun is half done എന്ന് ഇംഗ്ലീഷിലും, തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും എന്ന് മലയാളത്തിലും പറയാറുള്ളതുപോലെ തോന്നിപ്പിക്കുന്ന ‘റിസീവര്‍’ എന്ന ആദ്യ അധ്യായം തന്നെ ബഹുകേമം. എലിസബത്തിന്റെ ചിത്രീകരണവും നവ്യം, ഊഷ്മളം, അനുഭൂതിദായകം –പ്രത്യേകിച്ച് പേജ് 13ൽ സൂക്ഷ്മതയോടെ വരച്ചുവെച്ച റിസീവറുടെ മുറി എന്നെ അത്ഭുതപ്പെടുത്തുന്നു.
സണ്ണി ജോസഫ്, മാള
ചിന്തിപ്പിച്ച ‘പുഴുവും തേരട്ടയും’
ആഴ്ചപ്പതിപ്പിൽ അരവിന്ദ് വട്ടംകുളം എഴുതിയ ‘രണ്ട് കവിതകൾ’ (ലക്കം 1451) വായിക്കാനിടയായി. ‘പിടച്ചിൽ’ എന്ന ഒന്നാമത്തെ കവിത ഏറെ ചിന്തനീയമായിരുന്നു. നാട്ടിൻപുറത്തെ പുഴക്കടവ് പോലുള്ള സ്ഥലങ്ങളുടെ അനുഭൂതി അറിയാൻ കഴിയാത്തവരെ ഒരു പുഴുവിനോട് സ്പഷ്ടമായിത്തന്നെ കവി ഉപമിക്കുകയാണ്. തുടർന്ന് ആരുടെയോ കാലിനടിയിൽപെട്ട് ആ പുഴു പിടയുകയുമാണ്.
‘സമയം’ എന്ന ശീർഷകത്തിലാണ് രണ്ടാമത്തെ കവിതയുള്ളത്. ഇവിടെ തീവണ്ടിയുടെ മിനിയേച്ചറായിട്ട് തേരട്ടയെ വിശേഷിപ്പിക്കുന്നതാണ് ഏറെ ഹൃദ്യവും ദീപ്തവുമായത്. സമയത്തിന്റെ പ്രാമുഖ്യത്തെ ഒരു തീവണ്ടിയിലേക്ക് ഉപമിച്ചുകൊണ്ട് സാഹിതീയമായ ഒരു കടൽ ആവിഷ്കരിക്കുകയാണ് കവി. ഒന്നാമത്തെ കവിതയിൽ ‘പുഴു’വും രണ്ടാമത്തെ കവിതയിൽ ‘തേരട്ട’യുമാണ് കേന്ദ്രബിന്ദു.
കെ. മുഹമ്മദ് ആരിഫ്, കാഞ്ഞിരപ്പുഴ