എഴുത്തുകുത്ത്

ജനകീയാസൂത്രണ തകർച്ചക്ക് കാരണം പാർട്ടികളുടെ ഇച്ഛാശക്തി ഇല്ലായ്മ
കസേരയാണോ വിഷയം എന്ന കവർസ്റ്റോറി (ലക്കം 1449) വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാനാണ് ഈ എഴുത്ത്. ജനകീയാസൂത്രണം തുടങ്ങുന്നത് 1996 ആഗസ്റ്റ് മുതലാണ്. അന്ന് ഓരോ പഞ്ചായത്ത് പരിസരത്തുമുള്ള റിട്ട. ഉദ്യോഗസ്ഥർ, നിലവിലെ ഉദ്യോഗസ്ഥർ, യുവാക്കൾ, പ്രാദേശിക വികസന കാഴ്ചപ്പാടുള്ളവർ എന്നിവരെ ഉൾപ്പെടുത്തി ഒരു ജനകീയാസൂത്രണ പ്രസ്ഥാനം രൂപവത്കരിക്കുകയായിരുന്നു. ഇവർക്ക് ഈ വിഷയത്തെക്കുറിച്ചുള്ള ക്ലാസുകളും പഠനസഹായികളും പഠനയാത്രകളും നൽകുകയുംചെയ്തു.
ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു പ്രധാനമന്ത്രി നെഹ്റുവിന്‍റെ ലക്ഷ്യം. അതിനായി അദ്ദേഹം റഷ്യയിൽനിന്ന് പഞ്ചവത്സര പദ്ധതികൾ ഇവിടെ നടപ്പാക്കി. അങ്ങനെ ഇന്ത്യയെ ക്ഷേമരാഷ്ട്രത്തിലേക്ക് വഴിനടത്തുകയായിരുന്നു. എട്ട് പഞ്ചവത്സര പദ്ധതികൾ പിന്നിട്ടിട്ടും, ഇന്ത്യയിൽ ഉടനീളം ഘനവ്യവസായങ്ങൾ, നഗരങ്ങളിൽ വ്യവസായ സമുച്ചയങ്ങൾ, അണക്കെട്ടുകൾ, ജലസേചന പദ്ധതികൾ, വിദ്യാഭ്യാസരംഗത്തുള്ള പുരോഗതികൾ ഇവയെല്ലാം നടപ്പായെങ്കിലും കേരളത്തിൽ ആ അർഥത്തിൽ ഏതാണ്ട് 40 കൊല്ലം കഴിഞ്ഞിട്ടും വലിയ പുരോഗതിയൊന്നും എത്തിച്ചേർന്നില്ല.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ ജനകീയാസൂത്രണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാവുന്നത്. അന്ന് അതിന് മാർഗനിർദേശം നൽകിയത് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗങ്ങളും, മറ്റുമടങ്ങുന്ന ജനകീയാസൂത്രണ ഫാക്കൽറ്റിയാണ്. ഇന്ത്യയിൽ കേന്ദ്ര പ്ലാനിങ് കമീഷനും സംസ്ഥാന പ്ലാനിങ് ബോർഡും കൂടാതെ CAG, PAC ഫിനാൻസ് കമീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ വികസന പ്രവർത്തനങ്ങളെയും ഭരണസംവിധാനങ്ങളെയും നിരീക്ഷിക്കാൻ ഉണ്ടായിരുന്നു. ഇപ്പോൾ ഇവയൊക്കെ നോക്കുകുത്തികളാണ്.
മുമ്പൊരു പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ വികസന പരിപാടികൾ ആവിഷ്കരിക്കുമ്പോൾ 100 രൂപ ഇന്ത്യയിലെ ഒരു പൗരന്റെ പക്കൽ എത്തണമെന്ന് നാം തീരുമാനിച്ചാൽ ഫലത്തിൽ 15 പൈസ മാത്രമാണ് അയാൾക്ക് കിട്ടുന്നത്. 85 പൈസ മറ്റാരുടെയോ പോക്കറ്റിലെത്തുന്ന നിലപാടാണ് ഇപ്പോഴുള്ളത്. എന്നാൽ ഇന്ന് അതിനേക്കാൾ മോശമായ കാലത്താണ് നാം ജീവിക്കുന്നത്.
ഇന്ന് ജനകീയാസൂത്രണം പരാജയപ്പെട്ടുവെന്ന് പറയുന്നുവെങ്കിൽ അത് ഇവിടത്തെ രാഷ്ട്രീയ പാർട്ടികളുടെ ഇച്ഛാശക്തി ഇല്ലായ്മയും നിസ്സംഗതയുംകൊണ്ടാണെന്ന് പറയേണ്ടിവരും. ജനകീയാസൂത്രണം നടപ്പാവുമ്പോൾ നമുക്കുമേൽ ആഗോളീകരണവും ഗാട്ട് കരാറുമൊക്കെ നടപ്പാക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇങ്ങനെ കൈവരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗൾഫ് ബൂം മുഖേന വമ്പിച്ച സാമ്പത്തിക സ്ഫോടനം നടക്കുന്നത്. അതിന്റെ ഫലമായി വമ്പിച്ച മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വ്യവസായ അടിസ്ഥാനത്തിൽ ഉയർന്നുവന്നു. വികസന സങ്കൽപത്തിന് പുതിയ മാനദണ്ഡങ്ങൾ ഉണ്ടായി. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും വിസ്മരിക്കപ്പെട്ടു. കേരളത്തിലെ കാർഷിക മേഖല തകർന്നു. ചെറുകിട വ്യവസായങ്ങളും കച്ചവടങ്ങളും തകർന്നു. ഇതാണ് ഇന്ന് നമുക്ക് സംഭവിച്ച ദുരവസ്ഥ.
വി.എം. ഹംസ, മരേക്കാട്
ഗംഭീരം, ചലച്ചിത്രോത്സവ പതിപ്പ്
മാധ്യമം ആഴ്ചപ്പതിപ്പ് ഐ.എഫ്.എഫ്.കെ സിനിമ പതിപ്പ് (ലക്കം 1450) വായിച്ചു. ലോക സിനിമകൾ കാണാനും അവയെക്കുറിച്ചറിയാനും ഇന്ന് അവസരങ്ങളേറെയുണ്ട്. വീട്ടിലിരുന്ന് മൊബൈലിൽ വിരൽതുമ്പിനാൽ കാണാൻ പറ്റാത്തതായി ഒന്നുമില്ല. പലരും ആ സാങ്കേതികതയിൽ കുടുങ്ങിയെങ്കിലും വർഷങ്ങളായി നടക്കുന്ന ചലച്ചിത്രോത്സവങ്ങൾക്ക് ഇന്നും മുടക്കമില്ലാതെ തീർഥയാത്രക്കെന്നപോലെ പോകുന്ന സിനിമാ പ്രേമികൾ ധാരാളമുണ്ട്. വലിയ സ്ക്രീനിൽ ആൾക്കൂട്ടത്തിലിരുന്ന് കാണുന്ന സുഖം ഏകാന്തമായ കാഴ്ചക്ക് ലഭിക്കില്ലെന്നതുകൊണ്ട് കൂടിയായിരിക്കാമത്. വേറിട്ട കാഴ്ചകൾ, ചർച്ചകൾ, സൗഹൃദങ്ങൾ, ഒരേ ചിന്താഗതിക്കാർ വ്യത്യസ്ത അഭിരുചികളോടെ സംഗമിക്കുന്നിടം. ദേശം, ഭാഷ ഒന്നും ആസ്വാദനത്തെ ബാധിക്കുന്നില്ല. പഴയ ബുദ്ധിജീവി നാട്യങ്ങളും കടിച്ചാൽ പൊട്ടാത്ത വാക്കുകളാലുള്ള വിലയിരുത്തലുകളും ഇന്നില്ല. സിനിമാപ്രേമികളുടെ കാഴ്ചപ്പാടുകൾ ഒരുപാട് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പുതിയ അനുഭവങ്ങൾ തേടിയുള്ള ഈ യാത്രയും തുടർന്നുകൊണ്ടേയിരിക്കുന്നത്. മേലാറ്റൂർ രവിവർമ, ഡോ. ബിജു എന്നിവരുടെ അഭിമുഖങ്ങൾ മികച്ചതായി.
ഫൈസൽ ടി.പി, അഞ്ചച്ചവിടി
എസ്.ഐ.ആറിന്‍റെ ദുഷ്ടലാക്ക് മനസ്സിലാക്കണം
‘വോട്ടർപട്ടികയിൽ ആര് അകത്ത്, ആര് പുറത്ത്?’ (ലക്കം 1448) തുടക്കം വായിച്ചു. സമഗ്രാധിപത്യം അകത്ത്, ജനാധിപത്യം പുറത്ത് എന്നതാണ് വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണം വഴി സംഭവിക്കാൻ പോകുന്ന ദുരന്തം. മുൻകാലങ്ങളിൽ എന്യൂമറേറ്റർമാർ ഓരോ വീട്ടിലും കയറിവന്ന് കുടുംബനാഥനെയോ കുടുംബനാഥയെയോ ബന്ധപ്പെട്ടാണ് വോട്ടർപട്ടികയിൽ വോട്ടർമാരെ ചേർത്തിരുന്നത്. അത്തരം ഒരു രീതിതന്നെ തുടർന്നാൽ പോരേ. വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിനു പിന്നിലുള്ള ദുഷ്ടലാക്ക് എല്ലാ ജനാധിപത്യ വിശ്വാസികളും തിരിച്ചറിയേണ്ടതുണ്ട്.
ടി.ഐ. ലാലു, പഴമുക്ക്, മുണ്ടൂർ
നവ്യാനുഭൂതികള്‍ വിതറിയ ‘നട്ടപ്പാതിര’
‘ചക്കിക്കൊത്ത ചങ്കരന്‍’ എന്ന നാടന്‍ പ്രയോഗംപോലെ പ്രമേയത്തിനിണങ്ങുന്ന ആവിഷ്കാര ചാരുതകൊണ്ട് നവ്യാനുഭൂതികള്‍ വിതറുന്ന ഒരു കഥയാണ് ഉണ്ണികൃഷ്ണന്‍ കിടങ്ങൂരിന്‍റെ ‘നട്ടപ്പാതിര’ (ലക്കം 1449). ശ്രദ്ധയല്‍പം തെറ്റിയാല്‍ ‘നീല’ക്കടലിലേക്ക് ആഴ്ന്നുപോകാന്‍ സാധ്യതയുള്ള കഥാതന്തുവിനെ സഭ്യതയുടെ നൂൽപാലത്തിലൂടെ കൈപിടിച്ച് നടത്തിച്ച് അനുവാചകരെ വിസ്മയത്തുമ്പില്‍ നിര്‍ത്താന്‍ കഥാകാരന് കഴിഞ്ഞത് ചെറിയ കാര്യമല്ല. കാമമോഹിതകളായ ഒരു പറ്റം പെണ്ണുങ്ങളും പശുക്കളും വിത്തുകാളകളും കൂടിക്കുഴഞ്ഞ ഈ കഥ മടുക്കാതെ വായിച്ചുപോകാം. എല്ലാത്തിനെയും നിയന്ത്രിക്കുന്ന കുര്യച്ചന്‍ എന്ന നാട്ടുപ്രമാണിയുടെ വരിയുടക്കുന്ന വിവരണമാണിതിന്‍റെ ഹൈലൈറ്റ്.
‘‘കുരിയച്ചന്‍റെ സുനാമണി അതിന്റെടേൽ പിടിച്ചുവെച്ചിട്ട് ‘വാസുക്കുട്ടാ’ എന്നു വിളിച്ചോണ്ട് ഒറ്റഞെക്ക്. രാത്രി ഒരു കരിമ്പടമാണെന്നു വിചാരിച്ച് നോക്കിക്കേ. എങ്കില്‍ ഒരു കിലോമീറ്റര്‍ കരിമ്പടം ഒറ്റവലിക്കു കീറുന്ന ഒച്ചയിലാ കുരിയച്ചന്‍ അലറിക്കരഞ്ഞത്. അടുത്തെങ്ങും താമസക്കാരൊന്നും ഇല്ലാത്തതുകൊണ്ട് ആര്‍ക്കുമൊരു ശല്യോം ഒണ്ടായില്ല’’ എന്നെഴുതി സംഭവം സുവ്യക്തമാക്കിയപ്പോള്‍ ആയിരക്കണക്കിന് ആമ്പിള്ളേരേ പിടിച്ചോണ്ടുപോയി ബലമായി വാസക്ടമി ചെയ്യിച്ച് പിള്ളേരൊണ്ടാകാതെയാക്കിയ സഞ്ജയ് ഗാന്ധിയെ ഓർമിക്കാനെളുപ്പത്തിന് കുരിയച്ചൻ ‘വാസുക്കുട്ടാ’ന്ന് വിളിച്ചിരുന്നത് വായനക്കാര്‍ക്ക് ഓര്‍മവരുമ്പോൾ കഥാകൃത്തിന്‍റെ ആക്ഷേപഹാസ്യം നിശിതമാകുന്നു.
വെട്ടിമുറിക്കുന്ന മഴുവിനെ സുഗന്ധംകൊണ്ട് പൊതിയുന്ന ചന്ദനമരത്തെപ്പോലെ കഥാകാരന്‍ കഥയെ അവിസ്മരണീയമായൊരു വായനാനുഭവമാക്കി മാറ്റിയിരിക്കുന്നു. ഇതിന്‍റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്ന റിഞ്ജു വെള്ളിലയെ പ്രത്യേകം അഭിനന്ദിക്കുന്നു. നോക്കിയിരിക്കാന്‍ തോന്നിപ്പിക്കുന്ന ചിത്രക്കൂട്ടുകളാണ് ആ ബ്രഷില്‍നിന്ന് പിറന്നുവീണത്.
സണ്ണി ജോസഫ്, മാള
പിന്നിലേക്ക് സഞ്ചരിപ്പിക്കുന്ന കഥ
ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ കഥ ‘നട്ടപ്പാതിര’ (ലക്കം 1449) വായനക്കാരിൽ ടൈം മെഷീനിൽകൂടി ഏറെ പിന്നിലേക്ക് സഞ്ചരിക്കുന്ന അനുഭവം ഉണർത്തുന്നു. അരനൂറ്റാണ്ടിനിപ്പുറമുള്ള തലമുറകൾക്ക് കേട്ടറിവ് മാത്രമുള്ള അടിയന്തരാവസ്ഥയെക്കുറിച്ചും അന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ ആരെല്ലാം അതിനെ എതിർത്തുവെന്നും ആരെല്ലാമാണ് അതിനെ അനുകൂലിച്ചതെന്നും പൊതുസമൂഹത്തിനെ അത് ഏതെല്ലാം രീതിയിലാണ് ബാധിച്ചതെന്നും കഥയിലൂടെ മനസ്സിലാക്കിത്തരുന്നു. നാട്ടിലെ വിത്തുകാളയായി നടന്ന കുരിയച്ചൻ എന്ന സാമൂഹിക തിന്മയെ ഉച്ചാടനംചെയ്ത രീതി രസാവഹമായി. കഥയുടെ ഭാഷയും കഥയിലെ ഭാഷയും കഥക്ക് അനുയോജ്യമാണ്.
ബദറുദീൻ എം, കുന്നിക്കോട്
സംഗീതയാത്രയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ
ആഴ്ചപ്പതിപ്പിൽ 171 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രയുടെ ഒന്നാം ഭാഗം അവസാനിക്കുന്നു എന്നറിഞ്ഞപ്പോൾ കടുത്ത നിരാശയായി. മലയാള ചലച്ചിത്രഗാന ചരിത്രത്തെ പരിചയപ്പെടുന്ന കൃതികൾപോലും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും തമ്പിയുടെ ചലച്ചിത്ര ഗാന ചരിത്രത്തിനു മുന്നിൽ അവയെല്ലാം ശുഷ്കമായി പോകുന്നതു കാണാം. 1938ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ‘ബാലനി’ലെ ഗാനവിശേഷങ്ങൾ തുടങ്ങി 1976ൽ പുറത്തിറങ്ങിയ ‘രാജയോഗം’ എന്ന ചിത്രത്തിലെ ഗാനവിശേഷങ്ങളിൽ വരെ എത്തിനിൽക്കുമ്പോൾ അക്ഷരാർഥത്തിൽ മലയാള ചലച്ചിത്ര ഗാനരംഗത്തെക്കുറിച്ചുള്ള ഒരു റെഡി റഫറൻസാവുകയാണ് സംഗീതയാത്രകൾ. പ്രസിദ്ധീകരിച്ച അത്രയും ഭാഗങ്ങൾ പുസ്തക രൂപത്തിൽ ഇറങ്ങിയാൽ ഏറെ പേർക്ക് അത് ഉപകാരമാകും. ചലച്ചിത്രഗാന ചരിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് ആ പംക്തിയുടെ മുഴുവൻ വായനക്കാരും.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
തെയ്യം സംസാരിക്കേണ്ടത് സാധാരണക്കാരന്റെ ഭാഷതന്നെ
ആഴ്ചപ്പതിപ്പിൽ (ലക്കം 1447) തെയ്യം കലാകാരൻ അനിൽകുമാർ സി.വിയുമായി രൂപേഷ്‍കുമാർ നടത്തിയ അഭിമുഖം വായിച്ചു. കലാകാരൻ ആയിരുന്നിട്ടും ദലിതനായതുകൊണ്ട് അനിൽകുമാർ നേരിടേണ്ടിവന്ന കൊടിയ അധിക്ഷേപങ്ങൾക്ക് കാരണം ബ്രാഹ്മണ-സവർണ ജാതീയതയുടെ ആധിപത്യമാണ്. ഹിന്ദുമതത്തിൽ നടമാടുന്ന പലതരത്തിലുള്ള അനാചാരങ്ങളാണ് പലപ്പോഴും രാജ്യപുരോഗതിക്ക് തടസ്സമാകുന്നത്.
വേലൻ സമുദായത്തിൽപെട്ട അനിൽകുമാർ തെയ്യത്തിൽ പിഎച്ച്.ഡി എടുത്ത വ്യക്തിയായിരുന്നുവല്ലോ. എന്നിട്ടും ജാതിവിവേചനം ഉണ്ടായി. സത്യത്തിൽ താഴേത്തട്ടിലുള്ള ജനങ്ങളുടെ ആരാധന സമ്പ്രദായമാണ് തെയ്യം. എന്നാൽ, സവർണർ അത് സമ്മതിച്ചുതരില്ല. അതുപോലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ശബരിമലയിലെ ദൈവം അയ്യപ്പനും ആദിവാസി, വനവാസി സമുദായമാണ്. എന്നാൽ, സവർണർ അയ്യപ്പനെ സവർണൻ ആയി മുദ്രകുത്തി യഥാർഥ ചരിത്രം തിരുത്തിക്കുറിച്ചു. ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കുന്നത് നല്ല കഴിവുണ്ട് എങ്കിലും ദലിത്, ആദിവാസി, ഈഴവ ജാതിപോലുള്ള അവർണരാണ് എങ്കിൽ സവർണർ ഈ അവർണരെ അടിച്ചമർത്തുമെന്നുതന്നെയാണ്.
ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം