Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

സംഗീതയാത്രയുടെ രണ്ടാം ഭാഗത്തിന് അക്ഷമയോടെ കാത്തിരിക്കുന്നു

കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി പ്രസിദ്ധീകരിച്ചുവന്ന ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകളുടെ ഒന്നാം ഭാഗം അപ്രതീക്ഷിതമായി അവസാനിച്ചതിൽ ഏറെ സങ്കടമുണ്ട്. ചുരുങ്ങിയത് ഒരു 2000ാമാണ്ട് വരെയുള്ള ചലച്ചിത്ര സംഗീതത്തെ കുറിച്ചുള്ള വിശകലനം അദ്ദേഹത്തിന്റെ ഈ പരമ്പരയിൽനിന്നും പ്രതീക്ഷിച്ചിരുന്നു. ആഴ്ചപ്പതിപ്പ് കിട്ടിയാൽ സാധാരണ അദ്ദേഹത്തിന്റെ ഈ ലേഖന പരമ്പരയായിരുന്നു ആദ്യം വായിച്ചിരുന്നത്.

പ്രശസ്ത റേഡിയോ അവതാരകനായിരുന്ന അമീൻ സായാനിയുടെ, സമാനമായ രീതിയിൽ സിലോൺ റേഡിയോയിലൂടെ 1952 മുതൽ 1988 വരെ എല്ലാ ബുധനാഴ്ചയും രാത്രി എട്ടിന് അവതരിപ്പിച്ചിരുന്ന ‘ബിനാകാ ഗീത് മാല’ പോലെയായിരുന്നു എനിക്കത് അനുഭവപ്പെട്ടിരുന്നത്. അമീൻ സായാനി ഗാനങ്ങൾ ഈ പരിപാടിയിലൂടെ അവതരിപ്പിക്കുമ്പോൾ ആ ഗാനത്തിന്റെ ഉത്ഭവവും അതിന് പിന്നിലെ രഹസ്യങ്ങളും ചരിത്രങ്ങളും വെളിപ്പെടുത്തിയിരുന്നു. കൂടാതെ ആ ഗാനങ്ങളുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളുടെ ചെറിയ ഒരു സംക്ഷിപ്ത വിവരണവും കൂടെ അവതരിപ്പിച്ചിരുന്നു.

ചലച്ചിത്ര സംഗീത പ്രേമികൾക്ക്, പ്രത്യേകിച്ച് ഈ കുറിപ്പുകാരന് ഗൂഗ്ളും വിക്കിപീഡിയയും ഇല്ലാതിരുന്ന അക്കാലത്ത് അതൊരു റഫറൻസ് പ്രോഗ്രാം തന്നെയായിരുന്നു. അമീൻ സായാനി തന്റെ ശബ്ദത്തിലൂടെ ആയിരുന്നു ഇതെല്ലാം അവതരിപ്പിച്ചിരുന്നതെങ്കിൽ സമാനമായ ശൈലിയിൽ അക്ഷരങ്ങളിലൂടെയായിരുന്നു ശ്രീകുമാരൻ തമ്പിയുടെ സംഗീത യാത്രയും. അദ്ദേഹം ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം കൂടാതെ ആ ഗാനങ്ങളുമായി ബന്ധപ്പെട്ടുള്ള ചലച്ചിത്രങ്ങളുടെ പിന്നണി ചരിത്രവും വെളിപ്പെടുത്തിയിരുന്നു.

ഓർമവെച്ച നാൾ മുതൽ ശ്രീകുമാരൻ തമ്പിയുടെ അക്ഷരങ്ങളിലൂടെ കേട്ടു പതിഞ്ഞ ഗാനങ്ങൾ ഈ കുറിപ്പുകാരന്റെ ബാല്യങ്ങളിലൂടെയും കൗമാരങ്ങളിലൂടെയും ആസ്വദിച്ചറിഞ്ഞവയായിരുന്നു. ആ ഗാനങ്ങളുടെ ഓർമകളിലൂടെ പോകുമ്പോൾ, മലയാളിക്ക് സിനിമ മാത്രം ഒരു എന്റർടെയ്നർ ആയിരുന്ന കാലത്തെ എത്രയോ കുഴിച്ചുമൂടപ്പെട്ട ഓർമകളാണ് അദ്ദേഹം തുറന്നുകാണിച്ചു തന്നത്. അക്കാലത്തെ ചലച്ചിത്രഗാനങ്ങൾ, പ്രൈമറി ക്ലാസുകളിൽ പഠിച്ചു മനപ്പാഠമാക്കിയ പാഠപുസ്തകങ്ങളിലെ പദ്യങ്ങളെപ്പോലെതന്നെ പ്രിയങ്കരങ്ങളായിരുന്നു. അതിനാൽ തന്നെ പദ്യങ്ങളും സിനിമാഗാനങ്ങളും ഒരുപോലെ മനപ്പാഠമാക്കിയിരുന്നു. ഏതായാലും അദ്ദേഹം ഈ പരമ്പര നിർത്തിയത് അപ്രതീക്ഷിതവും മനസ്സിൽ നൊമ്പരങ്ങൾ ഉണർത്തുന്നതുമാണ്. രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

കരീംലാല പി.കെ, കൈപമംഗലം

ഫെമിനിസത്തിന്‍റെ ഹിമശൈല പുത്രി

‘സെക്കൻഡ് ചാൻസ്’ എന്ന പ്രഥമ ചലച്ചിത്ര സാക്ഷാത്കാരത്തിലൂടെ ലോക സിനിമയുടെ കൊടുമുടി കയറിയ സ്ത്രീപക്ഷ സിനിമാ സംവിധായികയായാണ് സുഭദ്ര മഹാജനെ മലയാളികൾ കണക്കാക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ‘സെക്കൻഡ് ചാൻസ്’ കൊണ്ട് 2024ലെ ഐ.എഫ്.എഫ്.കെ ഡെലിഗേറ്റുകളുടെ ഹൃദയത്തിൽ മഞ്ഞു കോരിയെറിഞ്ഞ സുഭദ്ര മഹാജൻ എന്ന ഹിമാചൽ പ്രദേശുകാരിയുടെ പ്രൊഫൈൽ സെർച് പരിപൂർണതയിലെത്തിച്ച അഭിമുഖമായിരുന്നു മാധ്യമം ആഴ്ചപ്പതിപ്പിൽ റഷാദ് കൂരാടുമായി (ലക്കം 1450) നടത്തിയ ‘ഹിമാലയൻ നിശ്ചലതയെ ചലിപ്പിച്ച പെണ്ണടയാളം’.

വിഖ്യാത ഇന്ത്യൻ സംവിധായകൻ പാൻ നളിന്‍റെ ശിഷ്യ, ഹിമാചലിൽ വേരുകളുള്ള മുംബൈക്കാരി എന്നീ അളവുകോലുകൾ ഉപേക്ഷിച്ചുകൊണ്ട് സുഭദ്ര മഹാജനെ വിലയിരുത്താൻ അഭിമുഖത്തിന് സാധിച്ചിരിക്കുന്നു. എടുത്തുപറയേണ്ടുന്ന കാര്യം ലേഖകന്‍റെ ചോദ്യങ്ങളെ ഏറെ ആസ്വാദ്യകരമായി സുഭദ്ര മഹാജൻ അഭിമുഖീകരിച്ചു എന്നതാണ്. നിയ എന്ന യുവതിയിലും 70കാരി ഭെമിജി മുത്തശ്ശിയിലും ഹിമാചൽ പ്രദേശുകാരി സംവിധായികയുടെ സ്വത്വം തിരഞ്ഞ, തിരഞ്ഞുകൊണ്ടേയിരിക്കുന്ന ‘സെക്കൻഡ് ചാൻസ്’ പ്രേക്ഷകർക്ക് ഹിമാലയൻ നിശ്ചലതയെ ചലിപ്പിച്ച, ഭാവിയിൽ നിരവധി ഹിമപാതങ്ങൾ അഭ്രപാളിയിൽ ഒരുക്കിയേക്കാവുന്ന സുഭദ്ര മഹാജനെ ഒരു ഡോക്യുമെന്‍ററിയിലെന്നപോലെ പരിചിതമാക്കാനും ഓർത്തുവെക്കാനും ഈ അഭിമുഖത്തിലൂടെ സാധ്യമായിരിക്കുന്നു. സുഭദ്ര മഹാജൻ എന്ന ഫെമിനിസത്തിന്‍റെ ഈ ഹിമശൈല പുത്രിയെ ഇത്ര കൃത്യമായി അടയാളപ്പെടുത്തിയ മാധ്യമപ്രവർത്തകനും ആഴ്ചപ്പതിപ്പിനും ചലച്ചിത്രാസ്വാദകൻ എന്നനിലയിൽ നന്ദി രേഖപ്പെടുത്തുന്നു.

വിനോദ് പുളിയാന, നോർത്ത് കളമശ്ശേരി

വികസിച്ച് വികസിച്ച് പൊട്ടുന്ന നാടുകൾ

അബ്ദുൾ ലത്തീഫ് മാറഞ്ചേരി, അഡ്വ. കെ.പി. രവികുമാർ എന്നിവർ എഴുതിയ ലേഖനങ്ങൾ (ലക്കം 1449) വായിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും ഉദ്യോഗസ്ഥരും വികസനത്തിന്‍റെ പേരിൽ കട്ടുമുടിക്കുന്നു എന്നത് വസ്തുതയാണ്. സാധാരണക്കാരൻ തന്റെ ആവശ്യങ്ങൾക്കുവേണ്ടി പഞ്ചായത്ത്, മുനിസിപ്പൽ ഓഫിസിലും വില്ലേജ് ഓഫിസിലും പോകുമ്പോൾ അവരോടുള്ള സമീപനം വളരെ നിർദയവും ചിലപ്പോഴൊക്കെ ക്രൂരവുമായിക്കും. ഒരു കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ പലപ്രാവശ്യം ഓഫിസുകൾ കയറിയിറങ്ങേണ്ട ഗതിയാണ് പലപ്പോഴും. കൈക്കൂലി ആവശ്യപ്പെടുമ്പോൾ ന്യൂനപക്ഷം മാത്രമേ അത്‌ വിജിലൻസിനെയും മറ്റും അറിയിക്കുന്നുള്ളൂ. കൂടുതൽപേരും കൈമടക്ക് കൊടുത്ത് കാര്യങ്ങൾ സാധിക്കുകയാണ് ചെയ്യുന്നത്.

ഗ്രാമങ്ങളിൽ കൊണ്ടുവരുന്ന വികസനങ്ങളിലെ അശാസ്ത്രീയത മറ്റൊരു വസ്തുതയാണ്. നമ്മുടെ ഗ്രാമങ്ങളുടെ മുമ്പുള്ള ചിത്രമല്ല ഇന്ന് നാം കാണുന്നത്. മലകളും വയലുകളും നിരത്തി റോഡുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ടാക്കിയതിനാൽ പ്രകൃതിദുരന്തങ്ങൾ നിത്യസംഭവങ്ങളായി. വികസനം എന്ന വാക്ക് ഏറ്റവും കൂടുതൽ കേൾക്കുന്ന സന്ദർഭമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വികസനമെന്നാൽ സ്വാതന്ത്ര്യമാണെന്നാണ് അമർത്യ സെൻ പറയുന്നത്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഉണ്ടാകുന്ന പുരോഗതിക്ക് വികസനമെന്ന് പറയാൻ പറ്റും. ജനങ്ങളുടെ ജീവിതമാർഗമായ കൃഷിക്കും മറ്റു തൊഴിൽരംഗത്തും ഉണ്ടാകുന്ന പുരോഗതിക്ക് വികസനമെന്ന് പറയാം. ജനങ്ങൾക്ക് താമസിക്കാനാവശ്യമായ പാർപ്പിടങ്ങളുണ്ടാക്കുന്നതിന് വികസനമെന്ന് പറയാം. അല്ലാതെ സ്വത്വത്തെ നശിപ്പിക്കുന്ന പരിഷ്കാരങ്ങൾക്ക് വികസനമെന്ന് പറയാൻ പറ്റില്ല.

സംസ്ഥാന സർക്കാർതന്നെ മുൻകൈയെടുത്ത് ഗ്രാമങ്ങളെ നശിപ്പിക്കുന്ന ചിത്രവും നാമിപ്പോൾ കാണുന്നുണ്ട്. അതിലൊന്നാണ് സംസ്ഥാന സർക്കാർ വാർഡുകൾ തോറും ഉണ്ടാക്കുന്ന മദ്യഷാപ്പുകൾ. ബാറുകൾക്ക് മുന്നിൽ മുമ്പത്തെ പോലെ ചാരായഷാപ്പ്, കള്ളുഷാപ്പ് എന്ന് എഴുതിവെക്കുന്നില്ലെങ്കിലും വിദേശ മദ്യം ഒഴുകുന്ന ബാറുകളിൽ മനുഷ്യനെ കാർന്നുതിന്നുന്ന മദ്യംതന്നെയാണ് വിൽക്കുന്നത്.

നേരത്തേ ഉമ്മൻ ചാണ്ടി സർക്കാർ മദ്യഷാപ്പുകൾ തുടങ്ങാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കായിരുന്നു നൽകിയിരുന്നത്. എന്നാൽ, പിണറായി സർക്കാർ ആ അധികാരം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് എടുത്തു കളയുകയും സംസ്ഥാനത്ത് മദ്യഷാപ്പുകൾ വ്യാപകമാവുകയുംചെയ്തു. 2016ൽ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. മദ്യം ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന ഇടതു സർക്കാർ ഇന്നത് 945ൽ കൊണ്ടെത്തിച്ചിരിക്കുന്നു. ശാന്തിയും സമാധാനവും കളിയാടിയിരുന്ന ഗ്രാമീണരുടെ ജീവിതത്തിൽ കൊലയും അക്രമങ്ങളും നിത്യസംഭവങ്ങളായി. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് ഇന്നത്തെ കവികൾക്ക് നമ്മുടെ നാടിനെ പറ്റി പാടാൻ കഴിയുമോ.

കെ.എ. റഹീം കുളത്തൂർ

ജീവിതത്തെ ശാരീരികാനുഭവമായി എഴുതാൻ ശ്രമിക്കുന്ന നോവൽ

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫിക്ഷൻ കൃതിക്ക് നൽകുന്ന അവാർഡാണ് ബുക്കർ പ്രൈസ്. 2025ലെ ബുക്കർ പുരസ്കാരം കിട്ടിയ ‘ഫ്ലെഷ്’ എന്ന നോവലിനെയും എഴുത്തുകാരൻ ഡേവിഡ് സൊലേയെയും കുറിച്ച് ദിവ്യ അരുൺ (ലക്കം 1448) എഴുതിയ ‘മാംസനിബദ്ധമീ ആൺജീവിതം’ വായിച്ചു. ജീവിതത്തെ ശാരീരികാനുഭവമായി എഴുതാനുള്ള ശ്രമത്തിൽനിന്നാണ് ഈ നോവൽ ഉടലെടുത്തതെന്നും, പ്രമേയം ശരീരത്തിലേക്കു മാത്രം ചുരുങ്ങുന്നു എന്നതു തന്നെയാണ് ഇതിന്‍റെ പോരായ്മയും സവിശേഷതയുമെന്നും ദിവ്യ അരുൺ പറയുന്നു.

കാനഡയിൽ ജനിച്ച ഡേവിഡ് സൊലോയ് ലബനാൻ, യു.കെ, ഹംഗറി എന്നിവിടങ്ങളിൽ ജീവിച്ചശേഷം നിലവിൽ വിയനയിലാണ് താമസിക്കുന്നത്. ഇരുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷൻ കൃതികളുടെ രചയിതാവാണ് അദ്ദേഹം. നിരവധി ബി.ബി.സി റേഡിയോ നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ബുക്കർ സമ്മാനം നേടിക്കൊടുത്ത ‘ഫ്ലെഷ്’ അദ്ദേഹത്തിന്റെ ആറാമത്തെ ഫിക്ഷൻ കൃതിയാണ്. 2016ലെ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഡേവിഡ് സൊലോയ് ഇടം നേടിയിരുന്നു. ഇന്ത്യൻ സാഹിത്യകാരി കിരൺ ദേശായിയുടേതുൾപ്പെടെ ആറു നോവലുകളാണ് ഇത്തവണത്തെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നത്. ഹംഗറിയിൽ താമസിക്കുന്ന ലജ്ജാശീലനും വികൃതിയുമായ ഒരു കൗമാരക്കാരനാണ് നോവലിലെ നായകൻ.

ഇസ്ട്വാൻ എന്ന വ്യക്തിയുടെ കൗമാരം മുതൽ വാർധക്യം വരെയുള്ള യാത്രയെ പിന്തുടരുന്ന പുസ്തകമാണ് ‘ഫ്ലെഷ്’. ഹംഗറിയിൽ തുടങ്ങി, സൈന്യത്തിലെ ജോലി മുതൽ ലണ്ടനിലെ അതിസമ്പന്നരുമായി ഇടപഴകുന്നതുവരെയുള്ള ജീവിതയാത്രയാണ് കഥയിൽ വിവരിച്ചിരിക്കുന്നത്. ഇസ്ട്വാന്റെ ചെറുപ്പം മുതൽ മുതിർന്നവനാകുന്നതു വരെയുള്ള കഥ പറച്ചിലിൽ ആവശ്യമുള്ളത് മാത്രമേ സോലോയ് പറയുന്നുള്ളൂ. നായകന്റെ ജീവിതകഥയിലെ വിടവുകൾ പൂരിപ്പിക്കാൻ ശ്രമിക്കാതെ അത് വായനക്കാരന് വിട്ടുനൽകുന്നത് വിചിത്രമായി തോന്നി. തുടർച്ചയായി കഥ പറഞ്ഞുപോകുന്ന രീതിയല്ല സൊലോയ് സ്വീകരിച്ചിരിക്കുന്നത്.

അതിസമ്പന്നരുടെ ലോകത്തേക്ക് ഉയർന്നുവന്നിട്ടും ഇസ്ട്വാൻ പരുക്കനും വാക്കുകളില്ലാത്തവനും മടിയനുമായി തുടരുന്നതായി രചയിതാവ് അവതരിപ്പിക്കുന്ന രീതി ഈ നോവലിന്റെ അസാധാരണമായ വശമാണ്. അദ്ദേഹം ഒരു കൗമാരക്കാരനാണെന്ന നിലയിൽ ഇപ്പോഴും ഒരു പരിധിവരെ കുടുങ്ങിക്കിടക്കുന്ന ഒരാളാണ്. മുതിർന്നവരുടെ തലത്തിൽ മറ്റുള്ളവരുമായി പൂർണമായും ഇടപെടാൻ കഴിയുന്നില്ല. മറ്റു മുതിർന്നവരുമായി യഥാർഥത്തിൽ ബന്ധപ്പെടാൻ കഴിയുന്ന ഒരേയൊരു സമയം ശാരീരികബന്ധങ്ങളാണെന്ന് തോന്നുന്നു. ഇസ്ട്വാൻ സാധാരണയായി ആദ്യം സഹജവാസനയിൽ പ്രവർത്തിക്കുകയും പിന്നീട് തന്റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. സംഭാഷണങ്ങൾ ആരംഭിക്കുന്നതിനു പകരം മറ്റുള്ളവരോട് മറുപടി പറയാൻ അദ്ദേഹം പ്രവണത കാണിക്കുന്നു. സംസാരിക്കുമ്പോൾ അദ്ദേഹം പ്രധാനമായും ‘അതെ’ അല്ലെങ്കിൽ ‘എനിക്കറിയില്ല’ തുടങ്ങിയ നിസ്സാര വാക്യങ്ങൾ ഉപയോഗിക്കുന്നു.

ബുക്കർ പ്രൈസിന്റെ ജഡ്ജിങ് പാനൽ ചെയർമാൻ നോവലിനെപ്പറ്റി പറഞ്ഞത് ‘‘ഇതിന് സമാനമായ ഒന്നും ഇതുവരെ വായിച്ചിട്ടില്ല. പലതരത്തിൽ ഇത് ഒരു ഇരുണ്ട പുസ്തകമാണ്. പക്ഷേ വായിക്കാൻ സന്തോഷമുണ്ട്’’എന്നാണ്. നടിയും സഹ ജഡ്ജിയുമായ സാറ ജസീക്ക പാർക്കർ അഭിപ്രായപ്പെട്ടത്, ഹിപ്നോട്ടിക്കലായി പിരിമുറുക്കമുള്ളതും ആകർഷകവുമാണ് ഫ്ലെഷ് എന്നാണ്. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ അതിശയകരമാം വിധം ഹൃദയസ്പർശിയായ ചിത്രം.

മുരളീ മനോഹർ എം.എസ്, പൗഡിക്കോണം

ഒരു കാലത്തെ കൃത്യമായി കൊത്തിവെച്ച ‘നട്ടപ്പാതിര’

ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ ‘നട്ടപ്പാതിര’ എന്ന കഥ (ലക്കം 1449) വായിച്ചു. ഒരു കാലത്തെ എത്ര കൈയൊതുക്കത്തോടെയാണ് പ്രിയ കഥാകാരൻ ഈ കഥയിൽ ചേർത്ത് വെച്ചിരിക്കുന്നത്. കുരിയാച്ചനും മേരിയും കല്ലിൽ കൊത്തിവെച്ചതുപോലെ വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുമെന്നത് ഉറപ്പാണ്. ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ കഥകളിലെ ഭാഷയും ദേശവും സൃഷ്ടിപരമല്ല, അത് കാലത്തെ രേഖപ്പെടുത്തുന്ന ആഖ്യാനകലയാണ്. കാലത്തെ അടയാളപ്പെടുത്തുന്ന, ഇത്തരം കോറിയിടലുകൾ, കാലാതിവർത്തിയായി മാറുകയും ചെയ്യുമെന്നുറപ്പ്. ആശംസകൾ പ്രിയ എഴുത്തുകാരനും ആഴ്ചപ്പതിപ്പിനും.

സുഭാഷ് പയ്യാവൂർ

Show More expand_more
News Summary - Letters