Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

മലമറിക്കാൻ മാത്രം പഞ്ചായത്തിൽ എന്താണുള്ളതെന്ന് അന്വേഷിക്കുന്നത് നല്ലതാകും

പഞ്ചായത്ത് എന്നാൽ എന്തോ വലിയ അധികാര സ്ഥാപനമാണെന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ധാരണ. ആരോഗ്യ വകുപ്പിൽ പദ്ധതി രൂപവത്കരണവുമായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടപെട്ടിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലക്കും എടവനക്കാട് ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ സമിതി വൈസ് ചെയർമാൻ എന്ന നിലക്കും ‘കില’യിലെ നിരവധി പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളെന്ന നിലക്കും പദ്ധതി മാർഗരേഖകളും മറ്റും വായിച്ചു പഠിച്ചിട്ടുള്ള ആളെന്ന നിലക്കും ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ഭരണത്തെക്കുറിച്ച് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അതേക്കുറിച്ച് എഴുതണമെന്നു കരുതിയിരിക്കുമ്പോഴാണ്, ഞാൻ മനസ്സിലാക്കിയ അത്തരം കാര്യങ്ങൾതന്നെ, ആഴ്ചപ്പതിപ്പിലെ രണ്ടു ലേഖനങ്ങളിൽ (ലക്കം 1449) കണ്ടത്.

അഡ്വ. കെ.പി. രവിപ്രകാശിന്റെ ലേഖനത്തിൽ പറയുന്നു: ‘‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൊതുവേ പരിമിതമായ ധനസ്വരൂപണ മാർഗങ്ങളേയുള്ളൂ. മുകളിൽ നിന്നുവരുന്ന പ്ലാൻഫണ്ട് നോക്കിയാണ് അവരുടെ ആസൂത്രണ പദ്ധതികൾ തയാറാക്കുന്നത്. സമയത്തിനു ഫണ്ട് വന്നില്ലെങ്കിൽ ആസൂത്രണം തഥൈവ. ഇതുകൂടാതെ, കേന്ദ്ര സർക്കാറുകളുടെ ശക്തമായ നിയന്ത്രണത്തോടെയുള്ള മിഷൻ പദ്ധതികൾ കൂടിയാകുമ്പോൾ അധികാര വികേന്ദ്രീകരണമെന്നത് കേൾക്കാൻ സുഖമുള്ള ഒരു വാക്കായി മാത്രം പരിണമിക്കുന്നു.’’ റിട്ട. ഗവ. അഡീഷനൽ സെക്രട്ടറികൂടിയായ അബ്ദുൾ ലത്തീഫ് മാറഞ്ചേരിയുടെ ലേഖനത്തിൽ, അനാവശ്യമായ പദ്ധതികളിലൂടെ എങ്ങനെയാണ് കോടികൾ ധൂർത്തടിക്കുന്നതെന്നു വിശദമായി പറയുന്നുണ്ട്.

ജനകീയാസൂത്രണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും വലിയ പ്രചാരകരും ‘കില’യിലെ ഫാക്കൽറ്റിമാരിൽ പ്രമുഖരുമായ ശാസ്ത്രസാഹിത്യ പരിഷത്ത് തന്നെ പറയുന്നത് ഇങ്ങനെയാണ്: ‘‘അധികാരവികേന്ദ്രീകരണം മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും കഴിഞ്ഞ 25 വർഷത്തിനുള്ളിൽ സമഗ്രമായ നിയമ പരിഷ്കരണങ്ങൾ നടന്നിട്ടില്ല. മാലിന്യപരിപാലനംപോലെ ചില മേഖലകളിൽ വന്ന നിയമ പരിഷ്‌കരണങ്ങൾ മാത്രമാണ് ഇതിന് അപവാദം. ദുരന്തനിവാരണം, പൊതുജനാരോഗ്യ മാനേജ്‌മെന്‍റ് തുടങ്ങിയ മേഖലകളിൽ തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെട്ടിട്ടും ആ മേഖലകളിൽ അവയുടെ നിയമപരമായ അധികാരങ്ങൾ ഇന്നും പരിമിതമാണ്.

തദ്ദേശസ്ഥാപനങ്ങൾക്ക് നിയമപരമായി ലഭിച്ച അധികാരങ്ങൾ, കൈമാറിയ സ്ഥാപനങ്ങൾക്കുമേലുള്ള അധികാരങ്ങൾ എന്നിവ പലതരത്തിൽ പിൻവലിക്കപ്പെടുകയോ വെട്ടിക്കുറക്കുകയോ ചെയ്യുന്നു. സ്ഥാപന ലൈസൻസ് നൽകാനുള്ള അധികാരങ്ങൾ, കൈമാറിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ ചുമതലകൾ ഏൽപിക്കാനുള്ള അധികാരങ്ങൾ എന്നിവ ക്രമാനുഗതമായി ഇല്ലാതാവുന്നു. വിവിധ വകുപ്പുകൾ ഈ രീതിയിൽ ഇറക്കിയ ഉത്തരവുകൾ അധികാര വികേന്ദ്രീകരണത്തിന്‍റെ സത്തയെതന്നെ ചോദ്യം ചെയ്യുന്നവയാണ്.

തദ്ദേശസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ചോദ്യംചെയ്യുന്ന പ്രവണതകൾ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്നു. പല ഘട്ടങ്ങളിലും കേന്ദ്രീകൃത പദ്ധതികളുടെ നടത്തിപ്പുകാരായി അവർ മാറുന്നു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ വിവിധ മേഖലകളിൽ നിർബന്ധിത വകയിരുത്തലുകൾ ക്രമാനുഗതമായി കൂടുന്നു. അത് അവരുടെ ധനവിനിയോഗത്തിനുള്ള സ്വയംഭരണ അവകാശത്തെയും പ്രാദേശിക ആവശ്യങ്ങളെ പരിഹരിക്കാനുള്ള സാധ്യതകളെയും ബാധിക്കുന്നു.’’ ഇതേകാര്യം വേറൊരു രൂപത്തിൽ അബ്ദുൾ ലത്തീഫ് മാറഞ്ചേരിയുടെ ലേഖനത്തിൽ പറയുന്നുണ്ട്:

‘‘പദ്ധതി രൂപവത്കരണത്തിനു മേഖലകൾ തിരിച്ച് ഫണ്ട് നിർബന്ധമായും ഇത്ര ശതമാനം ചെലവഴിക്കണം എന്ന കർശന നിർദേശങ്ങൾ വന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് പലതിലും സ്വാതന്ത്ര്യമില്ലാതായി. ഉൽപാദന മേഖല (കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും), പശ്ചാത്തല മേഖല, സേവന മേഖല, വനിത, ശിശുക്ഷേമം, പട്ടികജാതി-പട്ടികവർഗ ഘടക മേഖല തുടങ്ങിയ മേഖലകൾക്ക് സർക്കാർ നിശ്ചയിക്കുന്ന ഫണ്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് തദ്ദേശസ്ഥാപനങ്ങളെ കുഴക്കി. മേഖലകൾ തിരിച്ച് പദ്ധതികൾ രൂപവത്കരിച്ചപ്പോൾ ആവശ്യമില്ലാത്ത, ഒട്ടും ജനങ്ങൾക്ക് ഉപകാരമല്ലാത്ത പദ്ധതികൾ രൂപവത്കരിക്കേണ്ടിവന്നു. പലതും തട്ടിക്കൂട്ട് പദ്ധതികളായി മാറി. നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടു. അഴിമതിക്ക് പഴുതുകളിട്ട് പദ്ധതികൾ ആവിഷ്കരിച്ചു. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് തുടങ്ങിയ പല പദ്ധതികളും ഉപയോഗിക്കാൻ പറ്റാതെ നോക്കുകുത്തികളായി. തദ്ദേശ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പറ്റാത്ത കെട്ടിടങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു.’’ തദ്ദേശ സ്ഥാപനങ്ങളിൽ, വിശേഷിച്ച് ഗ്രാമപഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പിന് നിൽക്കുന്നവരെങ്കിലും ഇതൊക്കെ വായിച്ചു നോക്കുന്നതു നല്ലതാണ്. അവിടെ ചെന്നു മലമറിക്കാനൊന്നും പറ്റില്ലെന്ന് ചുരുങ്ങിയപക്ഷം അവരെങ്കിലും അറിയേണ്ടതുണ്ട്.

സുദേഷ് എം. രഘു, എടവനക്കാട് (ഫേസ്ബുക്)

അരുന്ധതി റോയ് കഥയിലേക്ക് വരുമ്പോൾ

ഫസീല മെഹറിന്റെ കഥ, ‘അരുന്ധതി റോയ് കംസ് ടു മി’യുടെ (ലക്കം 1447) ഭാഷക്ക് തൊട്ടടുത്തിരിക്കുന്ന ആളിനോട് ശ്വാസംപോലും എടുക്കാത്തമട്ടിൽ, സ്വയം വിശദീകരിച്ചുപോകുന്ന ഗതിവേഗമുണ്ട്. ആർജവവും ഒഴുക്കുമാണ് അതിന്റെ പ്രാഥമികമായ പ്രത്യേകത. മലയാള ഗദ്യത്തിന്റെ സ്വാഭാവികമായ ഓജസ്സാണ് ആ ഏകഭാഷണത്തിന്റെ ചടുലതക്ക് വിളക്കുപിടിക്കുന്നത്. എന്നാൽ, സാധാരണനിലയിൽ പാടി പുകഴ്ത്താറുള്ള ലാളിത്യമല്ല ആഖ്യാനരീതിയുടെ പ്രത്യേകത എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. സങ്കീർണമായ അനുഭവപിരിവുകളെ വാമൊഴിമാറ്റം ചെയ്യുകയാണ് കഥ. ആ രൂപമാണ് അതിന്റെ ഉള്ളടക്കം. ഏകാംഗപ്രക്രിയയായ വായനയെക്കുറിച്ചുള്ളതായതുകൊണ്ട് സ്വഗതാഖ്യാനത്തിനു ആ രൂപത്തിൽ വിശേഷപ്രാധാന്യവും കൈവരുന്നു.

അരുന്ധതി റോയിയുടെ അമ്മയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിലെ അവസാന അധ്യായം, അവരുടെ ജന്മനാടായ കോട്ടയത്തുവെച്ചു വായിക്കണമെന്ന ഉൾപ്രേരണയിൽ അവിടെ എത്തി കഥാകാരി അതു വായിച്ചുതീർക്കുന്നതിനെപ്പറ്റിയുള്ള വിവരണമാണ് ‘അരുന്ധതി റോയ് കംസ് ടു മി’ എന്ന കഥയുടെ സാരാംശം. ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ തുടങ്ങി അരുന്ധതിയുടെ മറ്റു കൃതികളെപ്പറ്റിയുള്ള പരാമർശങ്ങളൊന്നും കഥയിലില്ല. ആദ്യ നോവലായ ‘ചെറുതുകളുടെ ഉടയതമ്പുരാനെ’പറ്റിയുമില്ല. എന്നാൽ, ആദ്യ നോവലിലെയും ഇപ്പോഴത്തെ ജീവിതകഥയിലെയും ഭൂപ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അനുഭവങ്ങൾക്കും തമ്മിലുള്ള ബന്ധം പശ്ചാത്തലത്തിലുണ്ട്. വിശേഷാർഥത്തിൽ അയ്മനം എന്നും സാമാന്യാർഥത്തിൽ കോട്ടയമെന്നും ഉള്ള ഭൂപ്രദേശത്തിനു കഥയിൽ കൈവന്നിരിക്കുന്ന പ്രാധാന്യംകൊണ്ട്, പേരു പറഞ്ഞില്ലെങ്കിൽക്കൂടി ഈ കഥ വായിക്കുന്നവരിൽ ഈ രണ്ടു പുസ്തകത്തിലെയും വസ്തുതാവിവരണങ്ങൾ സ്വാഭാവികതയോടെ വന്നുചേരാതിരിക്കില്ല. എഴുത്തുകാരി, ആക്ടിവിസ്റ്റ്, രാഷ്ട്രീയനിരീക്ഷക, ബുദ്ധിജീവി തുടങ്ങി അരുന്ധതി റോയിക്കുള്ള പ്രശസ്തികളെക്കാൾ കഥ ഊന്നുന്നത്, തദ്ദേശവാസിയെന്ന സ്വത്വത്തെയാണ്. അരുന്ധതിയുടെ ഭൗതികമായ സാന്നിധ്യം കഥയുടെ വർത്തമാനകാലത്തിൽ കോട്ടയത്തോ അയ്മനത്തോ ഇല്ല. ആ അഭാവത്തിലും അവരുടെ പ്രാദേശികസ്വത്വം കഥക്കുള്ളിൽ വഴിവിളക്കായി നിലനിൽക്കുന്നുണ്ട്. അതു സോദ്ദേശ്യമാണ്.

കഥാകാരിയെ സംബന്ധിച്ചിടത്തോളം അപരിചിത മേഖലയാണ് കോട്ടയം. ഈ അന്യത്വത്തെ തെക്കൻ-വടക്കൻ എന്ന വിവേചനപരമായ നാട്ടുസങ്കൽപങ്ങളുടെ അനുസ്മരണങ്ങളിലൂടെ കഥ തെളിച്ചെടുക്കാൻ ശ്രമിച്ചിട്ടുള്ളതായി കാണാം. കഥ പറയുന്ന ആളിനു കോട്ടയം ആകർഷണകേന്ദ്രമായതിനു പിന്നിൽ, ബഷീർ, മമ്മൂട്ടി, കാമുകൻ എന്നിങ്ങനെ വ്യക്തികളിൽ അധിഷ്ഠിതമായതും തീർത്തും സ്ത്രൈണമെന്ന തോന്നിക്കുന്നതും സ്വകാര്യവുമായ മൂന്നു കാരണങ്ങൾ കഥയുടെ ആരംഭത്തിൽ നൽകിയിട്ടുണ്ട്. ബഷീറിയൻ ദർശനത്തിന്റെയും മമ്മൂട്ടി സിനിമയുടെയും പിന്നാലെ പോകുന്ന ഒരാൾക്ക് ഒരു പ്രദേശത്തിൽ കുടുങ്ങിക്കിടക്കുക എന്ന അവസ്ഥ തുടരേണ്ട ആവശ്യമില്ല. അതുകൊണ്ട് കഥ മുന്നോട്ടുപോകുമ്പോൾ അവരിരുവരും അപ്രത്യക്ഷരാകുന്നു. എന്നാൽ പ്രേമം അങ്ങനെയല്ല. കോട്ടയം എന്ന പ്രദേശത്തോടുള്ള ആഭിമുഖ്യത്തെ നിർവചിക്കുന്ന വസ്തുതയായി കഥയിൽ അതു തുടരുന്നുണ്ട്.

ഈ ഇഷ്ടത്തെ രൂപംമാറ്റി കഥയിൽ തുടർച്ചയാക്കുന്നത് അരുന്ധതി റോയിയുടെ പുതിയ പുസ്തകമാണ്. കാമുകന്റെ ഭൗതികമായ സാന്നിധ്യം നിർമിച്ച ഇഷ്ടം, ഭാവനയിലുള്ള അരുന്ധതി റോയിയോടു പുസ്തകം‌ മുഖേന ഉണ്ടായിരിക്കുന്ന ഇഷ്ടം, ഈ രണ്ടിഷ്ടങ്ങളെയും കോട്ടയം എന്ന സ്ഥലപരിധിയിലേക്ക് നട്ടു വളർത്തുകയാണ് കഥാകാരി. ‘ഒരാളിനോടുള്ള സ്നേഹം നമുക്ക് ആ നാടിനെക്കൂടി പ്രിയങ്കരമാക്കുന്നു’ എന്നാണ് സ്ഥലബദ്ധമായ സ്നേഹപ്പകർച്ചക്ക് കഥതന്നെ നൽകുന്ന ന്യായീകരണം.

‘ചെറുതുകളുടെ ഉടയതമ്പുരാൻ’ എന്നത് നോവലെന്ന നിലക്ക് ഭാവനാസൃഷ്ടിയാണ്. അതേസമയം ആ നോവലിലെ അനുഭവങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും ഓർമിപ്പിക്കുന്ന പലതും ‘മദർ മേരി കംസ് ടു മീ’ എന്ന ഓർമപ്പുസ്തകത്തിലുണ്ട്. ചെറുതുകളുടെ തമ്പുരാനിൽനിന്ന് മദർ മേരി...’ യിലേക്കുള്ള കഥയിലെ നായികയുടെ യാത്ര, യാഥാർഥ്യത്തിൽനിന്ന് ഭാവനയിലേക്ക് എന്ന രചനാപതിവിനെയാണ് തകിടം മറിക്കുന്നത്. നോവലിലെ ഭാവനാത്മക യാഥാർഥ്യത്തെ ഓർമക്കുറിപ്പിലെ അനുഭവ യാഥാർഥ്യത്തിലേക്ക്, ഇറക്കിക്കൊണ്ടുവരുകയെന്ന ദൗത്യമാണ് കഥ ചെയ്യുന്നത്. ഭൂതകാലാനുഭവങ്ങൾ രൂപപ്പെടുത്തുന്ന വ്യക്തിത്വരൂപവത്കരണത്തെപ്പറ്റിയാണ് ആത്യന്തികമായി കഥക്ക് സംസാരിക്കാനുള്ളത്. അതുകൊണ്ടാണ് അനുഭവത്തെ സംബന്ധിക്കുന്ന യാഥാർഥ്യം ഭാവനയെക്കാൾ പ്രധാനമാണെന്ന കാര്യം കഥ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന ഒരു വാക്യവും കഥക്കുള്ളിലുണ്ട്: ‘മുറിവുകളുടെ ഉത്ഭവസ്ഥാനം മാത്രം കണ്ടാൽ മതിയായിരുന്നു എനിക്ക്.’

നോവലിൽനിന്ന് അനുഭവകഥയിലേക്കുള്ള ഇറക്കമാണ് ഒരു വശത്തുള്ളതെങ്കിൽ മറുവശത്ത്, കാമുകന്റെ ഭൗതിക സാന്നിധ്യത്തിൽനിന്ന് അരുന്ധതിയുടെ രചനാവ്യക്തിത്വത്തിന്റെ ഭാവനാസാന്നിധ്യത്തിലേക്കുള്ള കയറ്റമായി കോട്ടയം പ്രണയത്തിന്റെ അടിസ്ഥാനം മാറുന്നു. പ്രണയത്തിൽനിന്ന് ഇഷ്ടത്തിലേക്കുള്ള വെച്ചുമാറ്റം സമനിലയിൽ ഉള്ള ഒന്നല്ല. തന്നിലേക്ക് ഇറങ്ങിവരുന്ന അമ്മയെ വിഭാവനചെയ്ത അരുന്ധതിയെ, കഥാകാരിയിലേക്ക് ഇറങ്ങി വരുന്ന എഴുത്തമ്മയായി അനുഭവിച്ചുകൊണ്ടൊരു പകർന്നാട്ടം കഥയിൽ സംഭവിക്കുന്നു എന്നതാണ് ‘അരുന്ധതി എന്നിലേക്കു വരുന്നു’ എന്ന ശീർഷകത്തെ സോദ്ദേശ്യമാക്കുന്ന പൊരുൾ. ബഷീറിന്റെ ജീവിതപാഠമായ ദർശനവും മമ്മൂട്ടിയുടെ ഹൃദയാകർഷകമായ അഭിനയവും കാമുകന്റെ അനുഭവവേദ്യമായ പ്രേമവും ഒറ്റ ബിന്ദുവിൽ അരുന്ധതി റോയിയായി പൂക്കുന്ന ഒരു വാചകം കഥ ഒതുക്കിവെക്കുന്നുണ്ട്. അതിങ്ങനെയാണ്: “നിങ്ങളെന്തായിരുന്നുവോ അതാണ് നിങ്ങളെ നിർമിക്കുന്നത്, അതിനു സമാനതകളുണ്ടാവില്ല.”

ഇതൊരു പുതിയ ‘രൂപാന്തരപ്രാപ്തി’യാണ്. സ്നേഹമെന്നു വിളിപ്പേരുള്ള ആരാധന, താദാത്മ്യമാകുന്നത് സാധാരണകാര്യമാണെങ്കിലും, ആശ്രയസ്ഥാനങ്ങളെ (ഇവിടെ അരുന്ധതി റോയ്) സ്ഥലവുമായി ചേർത്തുവെച്ചുകൊണ്ട്, സ്വയം വിശകലനത്തിനുള്ള ഉപാധിയും ആത്മനിമന്ത്രണങ്ങൾക്കുള്ള (ഓട്ടോസജഷൻ) പ്രോംപ്റ്റുകളും ആക്കി പരിണമിപ്പിക്കുന്നതിലൂടെ, കഥ, ഭൂതകാലാനുഭവങ്ങളെ അതിവൈകാരികമായി ആവിഷ്കരിക്കാനുള്ള തിടുക്കത്തെ നിരുത്സാഹപ്പെടുത്തുന്നു, വസ്തുനിഷ്ഠമായി അവയെ നോക്കിക്കാണാൻ ഭാഷവഴി ഉത്സാഹിക്കുന്നു, ക്രിയാംശങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാരമ്പര്യചിട്ടകളിൽനിന്ന് വിടുതൽ നേടുന്നു, ഇവക്കൊപ്പം ചെറുകഥകൾ ദിശ മാറുന്നതിന്റെ സൂചനകൾ കൂടുതൽ വ്യക്തമായി പങ്കുവെക്കുകയും ചെയ്യുന്നു.

ശിവകുമാർ ആർ.പി, തിരുവനന്തപുരം

അച്ഛന്‍റെയുള്ളിലെ കഥകൾ

ആഴ്ചപ്പതിപ്പിൽ തുളസി കെ. രാജ് എഴുതിയ ‘അച്ഛൻ’ എന്ന കവിത (ലക്കം 1448) വായിച്ചു. ഭൂതകാലത്തെ പിതാവിന്‍റെ ഓർമകളെ സ്ഫുരിക്കുന്ന കവി തന്‍റെ വാക്കുകളിലൂടെ അത് പ്രകടമാക്കുന്നു. വീട്ടിലിരുന്ന് തന്‍റെ വാക്കുകളുടെ ചിറകുകൾക്കൊണ്ട് വിഹായസ്സിലൂടെ ലോകത്തിന്‍റെ പല ദിക്കുകളിലും ‘അച്ഛൻ’ നമ്മെ എത്തിക്കുന്നു. വൈവിധ്യമാർന്ന ഭാഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ എന്നിവയെ കുറിച്ചുള്ള അറിവ് ഈ കവിത നമ്മുടെ മനസ്സിൽ കൊത്തിവെക്കുന്നു. ഇത്തരം വാക്കുകൾ പിൽക്കാലത്ത് പലരുടെയും ജീവിതത്തിൽ നിർണായകമായതും നമുക്ക് കാണാൻ സാധിക്കും. ജീവിതത്തിൽ നെടുംതൂണായ പിതാവ് ദേശാതിർത്തികൾക്കപ്പുറമുള്ള അറിവുകൾ സമ്മാനിക്കുന്നതിന് പുറമെ സ്വന്തം നാടിനെയും നിവാസികളെയും കുറിച്ചറിയേണ്ട കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ ദുഃഖത്തിൽ നിന്നും ആശ്വാസത്തിലേക്കുള്ള മാർഗമായി ഇത് തീരാറുമുണ്ട്.

മുഹമ്മദ് ശിഫാൻ, കോട്ടക്കൽ

Show More expand_more
News Summary - Letters