‘അതൊരു സ്വപ്നമായി തുടരും’
camera_altമാധവ് ഗാഡ്ഗിൽ, അതിരപ്പിള്ളി വെള്ളച്ചാട്ടം
ജനുവരി ആറിന് വിടവാങ്ങിയ പ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലുമായി നടത്തിയ സംഭാഷണമാണിത്. കേരളത്തിൽ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സർക്കാർ ശ്രമം വീണ്ടും നടത്തുന്ന വേളയിലാണ് ഈ സംഭാഷണം നടന്നത്. ആഴ്ചപ്പതിപ്പിന്റെ ലക്കം1019ൽ പ്രസിദ്ധീകരിച്ച സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇത്.
കേരള രാഷ്ട്രീയത്തെ മുമ്പില്ലാത്തവിധം പിടിച്ചുകുലുക്കിയ വിഷയമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യയുടെ തെക്കുഭാഗത്തെ പശ്ചിമഘട്ട മലനിരകളും പരിസ്ഥിതി വ്യൂഹത്തിന്റെയും സംരക്ഷണത്തിന് 2010ല്‍ യു.പി.എ സര്‍ക്കാറിലെ വനം മന്ത്രി ജയറാം രമേശ് 14 അംഗസമിതിയെ നിയമിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്ന ഡോ. മാധവ് ഗാഡ്ഗിലായിരുന്നു സമിതി അധ്യക്ഷന്‍. സമിതി തയാറാക്കിയ റിപ്പോർട്ട് സംബന്ധിച്ച് ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടായി. റിപ്പോര്‍ട്ടില്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്ന കര്‍ശന നിര്‍ദേശം ലംഘിച്ച് സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോവുന്നു.
റിപ്പോര്‍ട്ടിനെ എതിര്‍ത്ത ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയില്‍ ഒരംഗം പാര്ലമെന്റിെലത്തി. റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിച്ച പി.ടി. തോമസിന് സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നതിനും ഇത് വഴിവെച്ചു. റിപ്പോര്‍ട്ടിനെതിരെ ആധികാരികമായ വിമര്‍ശനങ്ങളുമുണ്ടായി. പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമായ റിപ്പോര്‍ട്ട് രാഷ്ട്രീയ കക്ഷികള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അന്നുതന്നെ ഗാഡ്ഗില്‍ നിലപാടെടുത്തിരുന്നു. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശമായിരുന്ന അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയടക്കമുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നു:
വന്‍തോതില്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ മഴലഭ്യതയിൽ വലിയ കുറവ് അനുഭവപ്പെടുന്നു. കാലങ്ങളായി മനുഷ്യന് തുടരുന്ന പ്രകൃതിചൂഷണത്തിന്റെ ഫലമാണോ ഇന്ന് നാം അനുഭവിക്കുന്ന മഴക്കുറവും മറ്റു പ്രശ്നങ്ങളും?
മഴക്കുറവല്ല യഥാര്‍ഥത്തില്‍ പ്രശ്നം. മഴയുടെ തോത് ഓരോ വര്‍ഷവും ഏറിയും കുറഞ്ഞും ഇരിക്കാം. പ്രാദേശികമായും വ്യതിയാനങ്ങളുണ്ടാവാം. ഇത് പുതിയ കാര്യമല്ല. പക്ഷേ, പരിസ്ഥിതിയെ ചൂഷണംചെയ്യുന്നതിന്റെ മറ്റു പല പ്രത്യാഘാതങ്ങളും പ്രകടമാണ്. പകര്‍ച്ചവ്യാധികളാണ് ഇന്ന് നമ്മള് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ഇതിന് കാരണം പുഴ മലിനമാക്കിയതുള്പ്പെടെ മനുഷ്യന് പരിസ്ഥിതിയിലേക്ക് നടത്തിയ കടന്നുകയറ്റമാണ്. ഇതൊക്കെ മഴക്കുറവിന് കാരണമായിരിക്കാം. എന്നാല്‍, ഇതാണ് എന്നതിന് മതിയായ തെളിവില്ല. മറിച്ച് പകര്‍ച്ചവ്യാധികള്‍ പടരുന്നതിന്റെയും മറ്റും കാരണങ്ങള്‍ വ്യക്തമാണ്. അതിന് തെളിവുകള്‍ നിരവധിയുണ്ട്. ഇതൊക്കെ പരിസ്ഥിതിയെ തെറ്റായി കൈകാര്യംചെയ്തതിന്റെ ഫലം മനുഷ്യന് അനുഭവിക്കേണ്ടിവരും. മഹാരാഷ്ട്രയില്‍ ഒരു ഗ്രാമംതന്നെ ഉരുള്‍പൊട്ടലില്‍പെട്ടത് ഇത്തരം ചെയ്തികളുടെ ഫലമാണ്.
കേരളീയരുടെ പാരിസ്ഥിതിക അവബോധത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
കേരളത്തെ സംബന്ധിച്ച എന്റെ അറിവ് പരിമിതമാണ്. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച ഞങ്ങളുടെ റിപ്പോര്‍ട്ട് വിവരാവകാശപ്രകാരം പുറത്തുവന്നതിനുശേഷം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളജനത കുറെക്കൂടി ഞങ്ങളുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മനസ്സിലാക്കാനും അത് പഠിക്കാനും സന്നദ്ധമായി എന്നുവേണം പറയാന്‍. ഞങ്ങള്‍ കെണ്ടത്തിയ കാര്യങ്ങള്‍ കുറെക്കൂടി ഗൗരവത്തോടെ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് ഞാന്‍ പ്രതീക്ഷിച്ചതില്‍ കൂടുതലാണ്.
യഥാര്‍ഥത്തില്‍ എത്രമാത്രമാണ്, ഏത് തരത്തിലാണ് പാരിസ്ഥിതിക അവബോധം എന്നതിനെക്കുറിച്ച് കൃത്യമായി പറയാന്‍ കഴിയില്ല. പ്രാദേശികമായ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. കേരളത്തില്‍ അത്രത്തോളം ആളുകളുമായി ഞാന്‍ ഇടപഴകിയിട്ടില്ല. പക്ഷേ, ഗോവയില്‍ ഖനനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഗ്രാമവാസികള്‍ അനുഭവിക്കുന്നുണ്ട്്. വായു മലിനീകരണം, മത്സ്യസമ്പത്ത് കുറയല്‍ എന്നിവ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ജനങ്ങള്‍ക്ക് വളരെ ബോധ്യമുണ്ട്. അതിന്റെ ആഘാതം കുറക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതില്‍നിന്നും ലാഭംകൊയ്യുന്ന മുതലാളി ലണ്ടനിലെ കൊട്ടാരത്തിലാണ് ഇരിക്കുന്നത്. അദ്ദേഹത്തിന് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അറിയേണ്ടതില്ല. മൂന്ന് ഹെലികോപ്ടറുകളുള്ളതിനാല് ഗതാഗതക്കുരുക്കുപോലും അറിയേണ്ടതില്ല. പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങള്‍ മാത്രമാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആദ്യം നിലപാടെടുക്കുകയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അതില്‍നിന്ന് പിന്നാക്കം പോവുകയുമാണ് ബി.ജെ.പി ചെയ്തത്..?
വോട്ട് ബാങ്ക് രാഷ്ട്രീയമാണോ ഇതിന് കാരണം എന്ന് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയത് ജനമുന്നേറ്റം എന്ന പേരിലായിരുന്നു. അധികാരത്തിലെത്തിയ ശേഷം സ്വാഭാവികമായും അത് ധനമുന്നേറ്റമായി മാറി. അധികാരത്തിലേറിയാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നുതന്നെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല. റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കാൾ അത് നടപ്പാക്കാതിരിക്കുന്നതായിരിക്കും അവർക്ക് ഗുണകരം. തങ്ങൾക്ക് നേട്ടമുണ്ടാക്കാത്ത ഒരു കാര്യവും രാഷ്ട്രീയക്കാർ ചെയ്യില്ലല്ലോ. അതിനിടയിൽ പരിസ്ഥിതിക്ക് എന്ത് പ്രസക്തി?
ക്വാറി മാഫിയകളെ സഹായിക്കുന്നതരത്തിലാണ് ഇടത് സര്‍ക്കാര്‍ നിയമം പരിഷ്കരിച്ചത്. ക്വാറികള്‍ക്ക് നല്കുന്ന ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തുകയും ജനവാസമേഖലയില്‍നിന്നുള്ള ദൂരപരിധി കുറക്കുകയുംചെയ്തു. സര്‍ക്കാര്‍തന്നെ ഇത്തരത്തില്‍ നിലപാടെടുക്കുമ്പോള്‍ പ്രകൃതി സംരക്ഷണം എത്രമാത്രം പ്രായോഗികമാണ്?
ഏത് രാഷ്ട്രീയ കക്ഷിക്കാണെങ്കിലും ക്വാറി മാഫിയയില്‍നിന്നും ഗുണഫലം ലഭിക്കുന്നുണ്ട്. അത് സംബന്ധിച്ച് പഠനം നടത്തിയവര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിനും അതിന്റെ ഗുണം ലഭിക്കുന്നുണ്ടാകും. ക്വാറികള്‍ എത്രമാത്രം അപകടകരമാണെന്നത് എത്ര അശ്രദ്ധമായി ഖനനം നടത്തുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഏത് വ്യവസായമാണെങ്കിലും പരിസ്ഥിതിയെ ബാധിക്കുന്നത് അത് അനധികൃതമാവുമ്പോഴാണ്. നമ്മുടെ ഉറവിടങ്ങളെ അശ്രദ്ധമായി കൈകാര്യംചെയ്യുന്നതുമൂലം നിരവധി ഗ്രാമങ്ങള്‍ ഇന്ത്യയില്‍ അന്ത്യശ്വാസം വലിക്കുന്നുണ്ട്. പേപ്പര്‍ നിർമാണ വ്യവസായത്തില്‍നിന്ന് ഒരു ഗ്രാമത്തെ നശിപ്പിക്കാനുള്ള രാസമാലിന്യങ്ങളുണ്ടാകുന്നുണ്ട്.
ഇന്ത്യയില്‍ ഇത്തരത്തില്‍ രാസമാലിന്യം ധാരാളം ഉൽപാദിപ്പിക്കപ്പെടുന്നു. എന്നാല്‍, പരിസ്ഥിതി സംരക്ഷണം നയമാക്കിയ ഫിന്‍ലന്‍ഡ് പോലെയുള്ള രാജ്യങ്ങളില്‍ രാസമാലിന്യം ഉൽപാദിപ്പിക്കാത്ത യന്ത്രസംവിധാനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് കൂടുതല്‍ സാമ്പത്തികബാധ്യത വരും. ഈ യന്ത്രം മറ്റു രാജ്യങ്ങള്‍ക്ക് വിൽപന നടത്തിയും ഫിന്‍ലന്‍ഡ് നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ രാസമാലിന്യങ്ങളുണ്ടാക്കുന്ന പൊതുവെ ചെലവ് കുറഞ്ഞ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. അന്തരീക്ഷം മലിനമാക്കുന്ന പഴയ യന്ത്രങ്ങളാണ് ഇന്ത്യ വാങ്ങിക്കൂട്ടുന്നത്. അതുവഴി നമ്മുടെ പുഴകളും ജലവും മലിനമാവുകയുംചെയ്യുന്നു. ക്വാറികളുടെ കാര്യത്തിലും ഇത്തരം അശ്രദ്ധയാണ് അപകടകരമാവുന്നത്.
മുല്ലപ്പെരിയാർ ഡാം
അങ്ങനെയാണെങ്കില്‍ പരിസ്ഥിതി സൗഹൃദമായി എങ്ങനെ ഖനനം നടത്താം?
ഖനനമോ വ്യവസായങ്ങളോ പാടില്ലെന്ന നിലപാട് എനിക്കില്ല. അത് ആവശ്യമാണ്. പ്രകൃതിയോട് ഇണങ്ങിയും ഖനനം സാധ്യമാണ്. സ്വീഡനാണ് ഒരു ഉദാഹരണം. സ്വീഡനില്‍ ഖനനം നടത്തുന്നത് ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാത്ത വിധത്തിലാണ്. ക്വാറികളുടെ ചുമതല പ്രദേശവാസികള്‍ അംഗങ്ങളായ സംഘടനകള്‍ക്ക് നല്‍കണം. അല്ലെങ്കില്‍ സഹകരണ സംഘങ്ങളെ ഉപയോഗപ്പെടുത്താം. പക്ഷേ, അവ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്കുന്നവയാവരുത്. മഹാരാഷ്ട്രയില്‍ പഞ്ചസാര നിർമാണ ഫാക്ടറികള്‍ ഇത്തരത്തിൽ രാഷ്ട്രീയകക്ഷികളുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ അഴിമതിയാണ് അവിടെ നടക്കുന്നത്. പരിസ്ഥിതിയെയും ജൈവവ്യവസ്ഥയെയും അത് താറുമാറാക്കുന്നു.
അതുകൊണ്ട് അത്തരം സഹകരണ സംഘങ്ങള്‍ക്ക് ചുമതല നല്കുന്നതുകൊണ്ട് കാര്യമില്ല. കുടുംബശ്രീയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഗോവയില്‍ ഒരു ഉദാഹരണമുണ്ട്. സ്ത്രീകളുടെ സഹകരണ സംഘം നിയന്ത്രിക്കുന്ന ക്വാറികള്‍ അവിടെയുണ്ട്. അവര്‍ അതിന്റെ പൂർണമായ നിയന്ത്രണമേറ്റെടുത്ത് വിജയകരമായി നടത്തുന്നു. അതില്‍നിന്ന് സ്ത്രീകള്‍ മികച്ച വരുമാനം ഉണ്ടാക്കുന്നുമുണ്ട്. ഗോവയില്‍ ഷാ കമീഷന് ശിപാര്‍ശ പ്രകാരം ഖനനം നിരോധിച്ചിരുന്നു. എന്നാല്‍ ഖനനം ജീവിതോപാധിയാക്കിയ, നിരവധി പേര് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല അതിന്റെ നിയന്ത്രണം പ്രാദേശിക സമൂഹത്തിന് നല്‍കണമെന്നും നിര്‍ബന്ധംപിടിച്ചു. അപ്പോള്‍ കൊള്ളലാഭം മുന്നില്‍ കണ്ടല്ലാതെ ജൈവവൈവിധ്യങ്ങളെ നിലനിര്‍ത്തിതന്നെ ഖനനം നടത്താം. പരിസ്ഥിതി സൗഹൃദമായി ഖനനം നടത്താന്‍ സാധിക്കില്ല എന്നല്ല അതുവഴി തൽപര കക്ഷികള്‍ക്ക് നേട്ടമുണ്ടാക്കാനാവില്ല എന്നേയുള്ളൂ.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്പ് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നതാണ്. താങ്കളുടെ കീഴിലുള്ള കമ്മിറ്റി 50 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള അണക്കെട്ടുകള്‍ ഡി കമീഷന് ചെയ്യാന്‍ ശിപാര്‍ശ ചെയ്തപ്പോള്‍ അണക്കെട്ടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് സംരക്ഷിച്ചാല്‍ മതിയെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പറയുന്നത്. എന്താണ് അതിലെ നിലപാട്?
യഥാര്‍ഥത്തില്‍ ഡീകമീഷന്‍ ചെയ്യുന്നതും അറ്റകുറ്റപ്പണി ചെയ്ത് സംരക്ഷിക്കുന്നതും സാങ്കേതികമായ കാര്യമാണ്. അത്തരം വിഷയങ്ങള്‍ ഞങ്ങളുടെ പാനലിലെതന്നെ സാങ്കേതിക വിദഗ്ധരാണ് കൈകാര്യംചെയ്തിരുന്നത്. ചാലിയാര്‍ നദിയിലെ റിവര്‍ റിസര്‍ച് ഫൗണ്ടേഷന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി കമീഷന് ശിപാര്‍ശകള്‍ മുന്നോട്ട് വെച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ഞങ്ങളുടെ കമീഷനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ശക്തമായ എതിര്‍പ്പുമായി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള ന്യൂനപക്ഷം മാത്രമാണ് റിപ്പോര്‍ട്ടിനെ അനുകൂലിച്ചത്. യഥാര്‍ഥത്തില്‍ കമീഷന്റെ കണ്ടെത്തലുകളെ കുറിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളിലുള്ളവര്‍ക്ക് വ്യക്തതയുണ്ടായിരുന്നോ? ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണോ ഉണ്ടായത്?
കമീഷന്റെ കണ്ടെത്തലുകള്‍ ജനങ്ങളിെലത്തിക്കാന് ആരും ശ്രമിച്ചിട്ടില്ല. യാഥാര്‍ഥ്യം ജനങ്ങള്‍ മനസ്സിലാക്കരുതെന്ന് ഉദ്ദേശിച്ച് ആസൂത്രിതമായ ഒരു കാമ്പയിന്‍തന്നെ നടന്നിട്ടുണ്ട്. പരിസ്ഥിതി നശിച്ചാല്‍ നിലനിൽപുണ്ടാകില്ലെന്ന യാഥാര്‍ഥ്യം മറച്ചുവെച്ച് സ്ത്രീധനം കിട്ടില്ല, ഭൂമിക്ക് വില കുറയും എന്നൊക്കെയുള്ള ബാലിശമായ വാദങ്ങളുയര്‍ത്തി ജനങ്ങളില്‍ ഭയത്തിന്റെയും ആശങ്കയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഉണ്ടായത്. കാസർകോട്ട് ഒരു യോഗം നടന്നു. റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തിലുണ്ടായിരുന്നു.
എന്റെ തൊട്ടടുത്തിരുന്ന നേതാവ് എണീറ്റ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമാണ്, ഗോത്ര വിരുദ്ധമാണ്, വനാവകാശ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുവെന്നൊക്കെ പറയുകയുണ്ടായി. റിപ്പോര്‍ട്ടില്‍ ഒരു ഭാഗം മുഴുവനായും വനാവകാശ നിയമങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നതാണ്. എന്താണ് ഇത്രമാത്രം നുണ പറയുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കേണ്ട അവസ്ഥയുണ്ടായി. പലപ്പോഴും എന്താണ് റിപ്പോര്‍ട്ടിന്റെ കാതല്‍ എന്ന് വായിച്ചുപോലും നോക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സത്യത്തില്‍ നാണമില്ലാതെ ഇത്രമാത്രം നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.
ഇടുക്കി പോലുള്ള ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുമായി കമീഷന് ആശയവിനിമയം നടത്തിയില്ല എന്ന് ആരോപണമുണ്ട്. ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ട്. എങ്ങനെയായിരുന്നു കമീഷന്റെ പ്രവര്‍ത്തന രീതി?
സമിതി ആകെ 14 തവണ യോഗം ചേര്‍ന്നിട്ടുണ്ട്. 14 വിദഗ്ധ അംഗങ്ങള്‍ പ്രാദേശികതലത്തില്‍ കൂടിയാലോചനകള്‍ നടത്തി. കേരളത്തില്‍ വി.എസ്. വിജയനും ഡോ. വര്‍മയും ആയിരുന്നു പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തിയത്. സമയപരിമിതി ഉണ്ടായിരുന്നു. ഗോവയിലും മഹാരാഷ്ട്രയിലുമൊക്കെ ഞാന്‍ നേരിട്ട് സംവദിച്ചിട്ടുണ്ട്. ചുമതലപ്പെടുത്തിയ അംഗങ്ങള്‍ക്കാണ് എത്രമാത്രം അവര്‍ കൂടിക്കാഴ്ച നടത്തി എന്ന് പറയാനാവുക.
റിപ്പോര്‍ട്ടിന്റെ യഥാര്‍ഥ രൂപം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഏതെങ്കിലും വിധത്തിലുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ? സര്‍ക്കാര്‍ ഏത് വിധത്തിലായിരുന്നു റിപ്പോര്‍ട്ടിനെ സമീപിക്കേണ്ടത്?
ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകളും മറ്റു പലരും മലയാളത്തിലേക്ക് റിപ്പോര്‍ട്ട് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. നിരവധിപേര്‍ വായിക്കുകയും മനസ്സിലാക്കാന്‍ ആത്മാര്‍ഥ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ തർജമ ചെയ്തെങ്കിലും അത് അവരുടെ വാദമായിരുന്നു. പൂര്‍ണമായും തർജമ ചെയ്യാതെ ഒരു സംക്ഷിപ്ത രൂപമാണ് അവര്‍ പുറത്തിറക്കിയത്. കാസർകോട്ടെ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിച്ചതുപോലെ ഞങ്ങളുടെ റിപ്പോര്‍ട്ടിലില്ലാത്ത പല കാര്യങ്ങളും അതില്‍ ഉള്പ്പെടുത്തുകയുംചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെ വെബ്സൈറ്റില്‍ അത് ലഭ്യമാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് മൊഴിമാറ്റം ചെയ്ത് പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഗ്രാമസഭകളില്‍ അവതരിപ്പിക്കേണ്ടതായിരുന്നു. അത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഇതുസംബന്ധിച്ച് ജനാഭിപ്രായം തേടുകയും സംവാദങ്ങള്‍ നടത്തുകയുംചെയ്യണമായിരുന്നു. നേരെ മറിച്ച് വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ് ഉണ്ടായത്.
അത്ര ജനകീയമല്ലാത്ത അധികം പേര് കടന്നുവരാത്ത പരിസ്ഥിതിശാസ്ത്ര മേഖലയിലേക്ക് താങ്കള്‍ എങ്ങനെയാണ് എത്തിയത്? വീട്ടില്‍നിന്നുള്ള സമീപനം എന്തായിരുന്നു?
1942ല്‍ മഹാരാഷ്ട്രയിലെ പുണെയിലാണ് ഞാന്‍ ജനിക്കുന്നത്. അമ്മ പ്രമീള. അച്ഛന് ധനഞ്ജയ് മാധവ് ഗാഡ്ഗില്‍. അദ്ദേഹം സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. ഞാന്‍ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാകാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പിതാവിന്റെ പിന്തുണ, മറ്റൊന്ന് ഞങ്ങള്‍ പശ്ചിമഘട്ട മലനിരകളോട് തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നത്. പ്രകൃതിയെ നിരീക്ഷിക്കാനും കാടുകയറാനുമുള്ള എന്റെ താല്പര്യങ്ങളെ പിതാവ് േപ്രാത്സാഹിപ്പിച്ചിരുന്നു. അദ്ദേഹം അതുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും നിരീക്ഷണത്തിന് ബൈനോക്കുലറും വാങ്ങിത്തന്നിരുന്നു.
അദ്ദേഹത്തിന് പക്ഷിനിരീക്ഷണത്തില്‍ വലിയ താല്പര്യമുണ്ടായിരുന്നു. ഡോ. സാലിം അലിയുമായും ബന്ധമുണ്ടായിരുന്നു. അത് എന്നെയും സ്വാധീനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം കാടു കയറി ജീവജാലങ്ങളെ നിരീക്ഷിക്കാന്‍ ഞാന്‍ പോയിരുന്നു. 1947-48 കാലഘട്ടത്തിലാണ് ഇത്. അധികമാരും ആ സമയത്ത് പക്ഷിനിരീക്ഷണത്തിലൊന്നും ഏര്‍പ്പെട്ടിരുന്നില്ല. എങ്കില്‍പോലും അച്ഛന് എന്റെ താല്പര്യങ്ങളെ മാനിച്ചു. ഞാന്‍ സ്വയംതന്നെ അത് വളര്‍ത്താന്‍ ശ്രമിച്ചു.
അന്ന് ഇന്ത്യയിലെവിടെയും മെഡിക്കല്‍ പ്രവേശനം ലഭിക്കാവുന്ന മാര്‍ക്ക് എനിക്കുണ്ടായിരുന്നു. ഭാഗ്യവശാല്‍ മാതാപിതാക്കള്‍ എം.ബി.ബി.എസിന് ചേരണമെന്നോ ഡോക്ടറാവണമെന്നോ എന്നോട് ആവശ്യപ്പെട്ടില്ല. സ്കൂള്‍തലത്തിലും യൂനിവേഴ്സിറ്റി തലത്തിലും ലോങ് ജംപ് ചാമ്പ്യന്‍ ആയിരുന്നു. സംസ്ഥാനതല പുരസ്കാരങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ശാരീരിക ക്ഷമതയുണ്ടായിരുന്നതിനാല് മലയും കുന്നും കയറാന്‍ എനിക്ക് പ്രയാസമുണ്ടായിരുന്നില്ല. ഇതൊക്കെ എന്നെ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാക്കുന്നതില് സഹായിച്ചു. പുണെ യൂനിവേഴ്സിറ്റിയിലും മുംബൈയിലും ജീവശാസ്ത്രം പഠിച്ചു. ഹാര്‍വഡ് സര്‍വകലാശാലയില്‍നിന്ന് ഗണിത പരിസ്ഥിതി ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഇതിനുമുമ്പ് തെന്ന പരിസ്ഥിതി വിഷയത്തിൽ കേന്ദ്രീകരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.
എന്താണ് താങ്കളുടെ സ്വപ്നം?
വളരെ ലളിതം. പരിസ്ഥിതിയുമായി ഒത്തുചേർന്നുപോകുന്ന ഒരു ആവാസവ്യവസ്ഥ. അതിൽ മനുഷ്യനും ഒരു ജീവി. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത, സമാധാനമായ ജീവിതം. പക്ഷേ, അതൊരു സ്വപ്നമായി തുടരും. കാരണം, മനുഷ്യന്റെ ദുര ഇൗ ഭൂമിയെ തകർത്തു തരിപ്പണമാക്കും.
