Begin typing your search above and press return to search.
proflie-avatar
Login

ആ മൂന്നാമത്തെയാൾ ഞാനാണ്

ആ മൂന്നാമത്തെയാൾ  ഞാനാണ്
cancel

‘ദോ ഒാർ ദോ പ്യാർ’ തുടങ്ങിയ സിനിമകളിലൂടെയും ‘പോച്ചർ’ എന്ന സീരീസിലൂടെയും ബോളിവുഡി​ന്റെ ഉയരങ്ങൾ താണ്ടാനൊരുങ്ങുന്ന​ മലയാളി അഭിനേതാവ്​ കുമാരദാസ്​ ടി.എനുമായി ഡോക്യുമെന്ററി സംവിധായകൻ രൂപേഷ്​ കുമാർ നടത്തുന്ന സംഭാഷണത്തി​ന്റെ രണ്ടാം ഭാഗം. വർഷങ്ങൾക്കു ശേഷം രജനികാന്തിനെ കണ്ടില്ലേ? പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ 2017ലായിരുന്നു അത്​. തികച്ചും യാദൃച്ഛികം. ‘കാല’ സിനിമയുടെ ഷൂട്ടിങ് മും​െബെയിൽ നടക്കുന്നു. ‘കാല’യിലെ സിനിമാറ്റോഗ്രാഫറും സൗണ്ട് ഡിസൈനേഴ്സുമൊക്കെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്.ടി.ഐ.ഐ) സീനിയേഴ്സ് ആണ്. അവർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഞങ്ങളുടെ സിനിമാറ്റോഗ്രഫിയിലെ ...

Your Subscription Supports Independent Journalism

View Plans
‘ദോ ഒാർ ദോ പ്യാർ’ തുടങ്ങിയ സിനിമകളിലൂടെയും ‘പോച്ചർ’ എന്ന സീരീസിലൂടെയും ബോളിവുഡി​ന്റെ ഉയരങ്ങൾ താണ്ടാനൊരുങ്ങുന്ന​ മലയാളി അഭിനേതാവ്​ കുമാരദാസ്​ ടി.എനുമായി ഡോക്യുമെന്ററി സംവിധായകൻ രൂപേഷ്​ കുമാർ നടത്തുന്ന സംഭാഷണത്തി​ന്റെ രണ്ടാം ഭാഗം. 

വർഷങ്ങൾക്കു ശേഷം രജനികാന്തിനെ കണ്ടില്ലേ?

പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ 2017ലായിരുന്നു അത്​. തികച്ചും യാദൃച്ഛികം. ‘കാല’ സിനിമയുടെ ഷൂട്ടിങ് മും​െബെയിൽ നടക്കുന്നു. ‘കാല’യിലെ സിനിമാറ്റോഗ്രാഫറും സൗണ്ട് ഡിസൈനേഴ്സുമൊക്കെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്.ടി.ഐ.ഐ) സീനിയേഴ്സ് ആണ്. അവർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഞങ്ങളുടെ സിനിമാറ്റോഗ്രഫിയിലെ ഒരു ഫാക്കൽറ്റിയുടെ സുഹൃത്തുക്കളാണ് ഇവരെല്ലാവരും. അങ്ങനെ സിനിമാറ്റോഗ്രഫിയിലെ വിദ്യാർഥികളും അവരുടെ അധ്യാപകനും ഇവരെ കാണാൻവേണ്ടി പ്ലാൻ ചെയ്തു. എഫ്.ടി.ഐ.ഐ അക്കാദമിക്കൽ സിനിമകൾ മാത്രം കാണിക്കുന്ന ഇടമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ആറരക്ക്​ സ്ക്രീനിങ് ഉണ്ട്.

അവിടെ ഫെല്ലിനി, തർകോവ്സ്കി അല്ലെങ്കിൽ ബ്രസ്സോ തുടങ്ങിയ മാസ്റ്റേഴ്സിന്റെ സിനിമകൾ ആയിരുന്നു കാണിച്ചിരുന്നത്. ആ സമയത്താണ് പാ രഞ്ജിത്തിന്റെ സിനിമകളുടെ െഫസ്റ്റിവൽ ഞങ്ങൾ അവിടെ നടത്തുന്നത്. രഞ്ജിത്തും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കാമ്പസിൽ വന്നു. അങ്ങനെ ‘അട്ടക്കത്തി’, ‘മദ്രാസ്’, ‘കബാലി’ പോലുള്ള സിനിമകൾ സ്ക്രീൻ ചെയ്തു. ഞങ്ങൾ പത്തോളം മലയാളികളുണ്ട്. ‘കബാലി’ കാണിക്കുമ്പോൾ ഞാനടക്കമുള്ളവർ കറുത്ത മുണ്ടും കറുത്ത ടീഷർട്ടുമൊക്കെ ധരിച്ച് സ്ക്രീനിൽ രജനികാന്ത് വരുമ്പോൾ പേപ്പറുകൾ കീറിയെറിഞ്ഞ് ആഘോഷിച്ചു.

ഫാനുകൾ ആഘോഷിക്കുന്നതുപോലെ ഞങ്ങളും ‘കബാലി’ ആഘോഷിച്ചു. ബഹളമുണ്ടാക്കി ആസ്വദിച്ചാണ് ആ സിനിമ കണ്ടത്. എഫ്.ടി.ഐ.ഐയിൽ അങ്ങനെ സംഭവിക്കുമ്പോൾ രഞ്ജിത്ത് പോലും ഞെട്ടിപ്പോയി. അതിനുശേഷമാണ് ‘കാല’യുടെ ഷൂട്ടിങ് ബോംബെയിൽ വരുന്നത്. ശ്രീകാന്ത് ശിവസ്വാമി എന്ന സുഹൃത്ത് എന്നെയും കൂടെ കൊണ്ടുപോയി. ഞങ്ങൾ സെറ്റിൽ ചെന്നു. സംവിധായകൻ രഞ്ജിത്തിനെ കണ്ടു. ഉച്ചഭക്ഷണം കഴിക്കാൻ പറഞ്ഞു.

അതിനുശേഷം ഞങ്ങൾ രജനികാന്തിനു വേണ്ടി വെയ്റ്റ് ചെയ്തു. അപ്പോഴാണ് ഒരാൾ മിന്നായംപോലെ മുന്നിലൂടെ കടന്നുപോയത്. പിന്നെ നോക്കുമ്പോൾ ഒരു കൈയിൽ സ്ക്രിപ്റ്റ് പിടിച്ച് അദ്ദേഹം കോറിഡോറിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. അവിടെയുള്ള ഒരു ​േസ്പാട്ട് ബോയിയോട് രജനികാന്ത് ‘‘തമ്പി ഞാനൊരു ചെയർ എടുത്തോട്ടെ?’’ എന്ന് ചോദിച്ച് കസേരയെടുത്ത് ഒരു മൂലക്കിരുന്നു. ഇതാണ് ഞാൻ കാണുന്നത്. അതിനുശേഷമാണ് സീൻ ഷൂട്ട് ചെയ്യുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് കയറുന്ന സീനാണ്. അദ്ദേഹം പ്രാക്ടീസ് ചെയ്യുകയാണ്.

സർപ്പസൗന്ദര്യമുള്ള മനുഷ്യനാണ് രജനികാന്ത്. ഒരുപാട് ആൾക്കാരുടെ ഇടയിൽ അദ്ദേഹത്തിന്റെ സർപ്പസൗന്ദര്യമുള്ള കണ്ണ് കാണാൻ കഴിഞ്ഞു. ‘കാല’ സിനിമയിൽ അദ്ദേഹത്തിന് ഭയങ്കര ലുക്കാണ്. കാന്തികശക്തിയാണ്. രഞ്ജിത്ത് ഞങ്ങളെ പരിചയപ്പെടുത്തി. അദ്ദേഹം ഗ്രൂപ്പ് ഫോട്ടോ വേണ്ട ഓരോരുത്തരായിട്ട് ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു. അദ്ദേഹത്തിനെ സ്പർശിച്ചതും കൂടെനിന്നതും ഒന്നും ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണ്.

ചെറുപ്പത്തിൽ സിനിമയുടെ കാഴ്ച എങ്ങനെയാണ് ?

സിനിമയുടെ കാഴ്ചകൾ തുടങ്ങുന്നത് ഞങ്ങളുടെ ക്ലബിലാണ്, റിക്രിയേഷൻ ക്ലബ് റീഡിങ് റൂം എന്ന അവിടത്തെ ആന്റിന ടി.വിയിലാണ് കാഴ്ച ‘ഒരു കുടയും കുഞ്ഞു പെങ്ങളും’, ‘സാമഗാനം’, ‘മണ്ടൻ കുഞ്ചു’ പോലുള്ള സീരിയലുകൾ. പിന്നെ അവിടത്തെ ഒരു വീട്ടിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ഹിന്ദി സിനിമ ഉണ്ടാകും. കൂടുതൽ സിനിമകൾ കാണുക എന്നത് തന്നെയായിരുന്നു എന്റെ രീതി. ഓരോ വീട്ടിലും ക്ലബിലും പോയി സിനിമ കാണും. നാട്ടിൽ ഇങ്ങനെ ടി.വി കാണുന്നതിന് തെണ്ടിത്തിരിഞ്ഞു നടക്കുക എന്നാണ്​ വിളിപ്പേര്​. വീട്ടിൽ ടി.വി ഉണ്ടായിരുന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായിട്ട് തിയറ്ററിൽ പോയി സിനിമ കാണുന്നത്. സുഭാഷ് ഗായിയുടെ ‘താൽ’ എന്ന സിനിമ. പിന്നീട് ഞാൻ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നശേഷമാണ് സിനിമയുടെ കാഴ്ചമാറുന്നത്. അവിടെ​െവച്ചാണ് ഞാൻ അബ്ബാസ് കിറോസ്മി, മജീദ് മജീദി തുടങ്ങിയവരുടെ സിനിമകൾ കാണുന്നത്. ആ കാലത്താണ് ഏറ്റവും കൂടുതൽ ഇൻസ്പെയർ ചെയ്യിച്ച ‘ബൈസിക്കിൾ തീവ്സ്’ കാണുന്നത്.

കോളജ് അനുഭവങ്ങളും സിനിമാ പ്രവർത്തനങ്ങളും എങ്ങനെയായിരുന്നു?

പാമ്പാടി കെ.ജി കോളജിലാണ് പ്രീഡിഗ്രി പഠിച്ചത്. മൂന്നു കിലോമീറ്റർ ദൂരമേ വീട്ടിൽനിന്നുള്ളൂ. എം.ജി യൂനിവേഴ്സിറ്റിയിൽതന്നെ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള കോളജാണ്​ അത്​. അവിടെ സംവരണംകൊണ്ടാണ് അഡ്മിഷൻ കിട്ടിയത്. രാവിലെ നടന്നാണ് കോളജിലേക്ക് പോകുന്നത്. കോളജ് ഒരു കുന്നുംപുറത്താണ്. ഞാൻ തേഡ് ഗ്രൂപ്പ് ആയിരുന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പെൺകുട്ടികളുമായിട്ട് വലിയ അടുപ്പമുണ്ടായിരുന്നില്ല. എന്റെ സ്വഭാവംതന്നെ മാറ്റിമറിച്ച കോളജ് ആയിരുന്നു അത്. എന്നെ വല്ലാതെ പ്രോത്സാഹിപ്പിച്ച ഒരുപാട് പെൺകുട്ടികൾ അവിടെയുണ്ടായിരുന്നു. സെക്കൻഡ് ഇയറായപ്പോൾ എല്ലാ ബാച്ചിലുമുള്ള വിദ്യാർഥികളും ചേർന്ന് ഒരു ഫാഷൻ ഷോ നടത്താൻ പരിപാടിയിട്ടു. ഞാൻ ഡാൻസിനും നാടകത്തിലും മിമിക്രിയിലുമൊക്കെ ഉള്ളതുകൊണ്ട് തന്നെ എന്നെയും അവർ വിളിച്ചു.

ഞാനും ക്ലാസിലെ ഒന്ന് രണ്ട് സുന്ദരികളായിട്ടുള്ള പെൺകുട്ടികളും അതിന്റെ ഭാഗമായി. ഫാഷൻ ഷോയിൽ റാമ്പ് വാക്കുണ്ട്. റാമ്പ് വാക്കിൽ അവർ ഉദ്ദേശിച്ചത് ഒരു പെയർ ആയി നടക്കാനാണ്​. എന്നെ ആര് പെയർ ആക്കും എന്ന പേടി ഉണ്ടായിരുന്നു. ബാച്ചിലെ ലക്ഷ്മി ശ്രീ എന്ന പെൺകുട്ടിയാണ് നമുക്ക് ഒരു പെയർ ആയി പോകാം എന്ന് പറയുന്നത്. ലക്ഷ്മി ശ്രീ ഇപ്പോൾ സുപ്രീംകോടതിയിലെ അഡ്വക്കറ്റാണ്. ലക്ഷ്മിയുടെ ഈ സംസാരം എനിക്ക് വലിയ കോൺഫിഡൻസ് നൽകി. ബസേലിയസ് കോളജിൽ ഡിഗ്രിക്ക്​ ചേർന്നപ്പോഴാണ്​ വീട്ടിൽ നിന്ന് കുറച്ചു ദൂരെ പോയി പഠിക്കാൻ തുടങ്ങിയത്. 18 വയസ്സ് വരെ വീട്ടിനടുത്തുനിന്ന് തന്നെയാണ് പഠിച്ചത്. പ്രീ ഡിഗ്രി പരാജയപ്പെട്ടതുകൊണ്ട് ഒരു വർഷത്തിനുശേഷമാണ് ഡിഗ്രിക്ക് ചേർന്നത്. ഒരു വർഷം കൂലിപ്പണി ആയിട്ട് മുന്നോട്ടുപോയി. മറ്റ് ഡിപ്പാർട്മെന്റുകളിൽ അഡ്മിഷൻ കിട്ടാത്ത കുട്ടികളാണ് അന്ന് പൊളിറ്റിക്കൽ സയൻസ് പഠിക്കുക. ഒരു ക്ലാസിൽതന്നെ എസ്.എഫ്.ഐയുടെയും കെ.എസ്‌.യുവിന്റെയും എ.ബി.വി.പിയുടെയുമൊക്കെ യൂനിറ്റ് സെക്രട്ടറിമാർ ഉണ്ടായിരുന്നു. ഹാർമോണിയസ് ആയിട്ടുള്ള ബാച്ച് ആയിരുന്നു അത്.

ഞാൻ എസ്.എഫ്.ഐയുടെ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. ഡാൻസ് ക്ലബിന്റെ ലീഡറും. സംഗീത നാടക അക്കാദമിയുടെ നാടകങ്ങളിലും അതുപോലെ യൂനിവേഴ്സിറ്റി കലോത്സവങ്ങളിലും ഒക്കെ ഞാൻ വിദ്യാർഥികളെ ആർട്സ് സെക്രട്ടറി എന്ന രീതിയിൽ കൊണ്ടുപോയിരുന്നു. സീനിയർ ആയി ഷാഹി കബീർ അവിടെ പഠിച്ചിരുന്നു. ‘ജോസഫ്’ എന്ന സിനിമയുടെ തിരക്കഥാകൃത്തും ‘ഇലവീഴാപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീർ. ഷാഹി തിരക്കഥ എഴുതിയ ഒരു വിഡിയോ ഞങ്ങൾ ഷൂട്ട് ചെയ്തു.

ഞാൻ ആദ്യമായിട്ട് കാമറക്ക് മുന്നിൽ അഭിനയിക്കുന്നത് അതിലാണ്. അന്ന് കോട്ടയത്ത് എ.സി.വി സജീവമായിരുന്നു. ഞങ്ങളുടെ ആ ഷോർട്ട് ഫിലിമും പാട്ടും എ.സി.വിയിൽ സംപ്രേഷണംചെയ്തു. അങ്ങനെ കോളജിലും പുറത്തുമുള്ള പലരും അതുകണ്ട് അഭിനന്ദിച്ചു. ആ സമയത്ത് ഞങ്ങളുടെ വായനശാല കേന്ദ്രീകരിച്ച് നാട്ടിലും റിക്രിയേഷൻ മെഗാ ഷോ എന്ന സ്റ്റേജ് പ്രോഗ്രാം തുടങ്ങിയിരുന്നു. ആ ഗ്രൂപ്പിലൂടെ ഞങ്ങൾ പലപ്പോഴും മിമിക്രി ഡാൻസ് ഗാനമേള തുടങ്ങിയ പ്രോഗ്രാമുകൾ ചെയ്തിരുന്നു. ഞാനായിരുന്നു കോഓഡിനേറ്റർ. നാട്ടിൽ ലൈ​േബ്രറിയനായിട്ട് കുറച്ച് വർഷക്കാലം പ്രവർത്തിച്ചു.

ബസേലിയസ് കോളജ് സഹപാഠികളോടൊപ്പം

ബസേലിയസ് കോളജ് സഹപാഠികളോടൊപ്പം

 

സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത് എങ്ങനെയാണ് ? അവിടത്തെ അനുഭവപരിസരം എങ്ങനെ ആയിരുന്നു?

ആർട്ടിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നം മാത്രമായിരുന്നു. പക്ഷേ അഞ്ചാം ക്ലാസ് മുതൽ തന്നെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നുമുതലേ എനിക്ക് എഫ്.ടി.ഐ.ഐയെ (ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) കുറിച്ച് അറിയാം. ഒരു അങ്കിൾ അവിടെ പഠിച്ച ആളുമാണ്. എങ്ങനെ പോയി പഠിക്കും, ആരെ കാണും എന്നുള്ള ഒരു ഐഡിയയും എനിക്കുണ്ടായിരുന്നില്ല. 2004ൽ ഒരു കസിൻ ബ്രദർ ഡ്രാമ സ്കൂളിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു ആ കസിന്റെ വീട്ടിലായിരുന്നു ഞാൻ അക്കാലത്ത്​ താമസിച്ചിരുന്നത്. ഞാൻ ഡിഗ്രി തോറ്റു നിൽക്കുന്ന സമയം. അങ്ങനെ അമ്മാവനാണ് ഞങ്ങൾ രണ്ടുപേരെയും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാൻപറഞ്ഞുവിടുന്നത്. ഞങ്ങൾ രണ്ടുപേരും 2005 മാർച്ചിൽ അവിടെ ചേർന്നു. അത് ഒരു റെസിഡൻഷ്യൽ കോഴ്സ് ആണ്. രാവിലെ ക്ലാസ്, വൈകുന്നേരം പ്രാക്ടിക്കലുകൾ, അങ്ങനെ 24 മണിക്കൂറും പരിപാടികളാണ്.

ഞങ്ങൾക്കത് വേറൊരു ലോകമായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ സീനിയർ സ്റ്റുഡൻസിന്റെ പ്രോജക്ടുകൾ നാടകങ്ങളായി അവതരിപ്പിക്കുകയായിരുന്നു. അത് ഒരു പുതിയ ലോകമായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. ആൾക്കാരൊക്കെ വളരെ സീരിയസായാണ് സംസാരിക്കുന്നത്. നാടകത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംവിധാനത്തെക്കുറിച്ചുമൊക്കെയാണ് സംസാരങ്ങൾ. എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. മിനിമം സാഹചര്യങ്ങളാണ് അവിടെ. എല്ലാവരും സാധാരണ കുടുംബത്തിൽനിന്ന് വന്ന ആൾക്കാർ. വരേണ്ട സ്ഥലത്ത് ഞാൻ കൃത്യമായി എത്തി എന്ന് എനിക്ക് തോന്നി. അവിടത്തെ പഠനം ഒരു ബേസ് ഉണ്ടാക്കിത്തന്നു. ആർട്ട് തിയറ്റർ സിനിമ, നാടകം എന്നിവയിൽ അടിസ്ഥാന വിവരങ്ങൾ ഉണ്ടായി.

ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത് എങ്ങനെയാണ് ?

തൃശൂരിൽ എനിക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി സഹായിക്കാൻ ആരുമില്ല. വല്ലപ്പോഴും അമ്മാവൻ തരുന്ന പൈസ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയിൽ ഞാൻ ഡിഗ്രി പാസാകാനുള്ള ശ്രമം തുടങ്ങി. അഭിനയമാണ് പഠിക്കേണ്ടത് എന്നത് മനസ്സിലായി. അത് മനഃസമാധാനത്തോടെ പഠിക്കണം. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്നു വർഷത്തെ കോഴ്സ് ആണ്. അവിടെ സ്കോളർഷിപ്പുണ്ട്. പക്ഷേ പഠിക്കണമെങ്കിൽ ഡിഗ്രി ജയിക്കണം. അങ്ങനെ ഡിഗ്രി ജയിക്കാൻ ട്യൂഷന് പോകാൻ തുടങ്ങി. അപേക്ഷ അയക്കാൻ പൈസ വേണം. അതിനുവേണ്ടി ഞാൻ വീണ്ടും തെരുവ് നാടകങ്ങൾ കളിക്കാൻ തുടങ്ങി. ആ സമയത്ത് നാട്ടിലുള്ള സുഹൃത്തുക്കൾ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ അടുത്ത് പെയിന്റിങ് പണിക്ക് വന്നിരുന്നു. അവരുടെ കൂടെ പെയിന്റിങ്ങിന് പോയി.

അതിനാൽ ഡ്രാമ സ്കൂളിന്റെ പ്രോജക്ടുകളിൽ ഒന്നുംതന്നെ പങ്കെടുക്കാൻ പറ്റിയില്ല. അങ്ങനെ സ്കൂളിൽ ഒറ്റപ്പെട്ടുതുടങ്ങി. ആ സമയത്താണ് ഞാൻ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് അപേക്ഷിക്കുന്നത്. ഒരു ഡൂ ഓർ ഡൈ സാഹചര്യം ആയിരുന്നു അത്​. സ്കൂൾ ഓഫ് ഡ്രാമയിൽ അപേക്ഷിക്കണമെങ്കിൽ കുറെ നാളത്തെ അനുഭവം വേണം അതുപോലെ ഇംഗ്ലീഷും ഹിന്ദിയും അറിയുകയും വേണം. ഈ മൂന്നു കാര്യങ്ങളും എനിക്ക് ഇല്ല. അവിടെ മൂന്നുതരത്തിലുള്ള അഭിമുഖങ്ങൾ ഉണ്ട്. ആ അഭിമുഖത്തിനുവേണ്ടിയാണ് ആദ്യമായി കേരളത്തിന് വെളിയിലേക്ക് യാത്ര ചെയ്യുന്നത്. ബാംഗ്ലൂരിൽ പോയി അഭിമുഖത്തിന് പങ്കെടുത്തു. പിന്നീട് ഡൽഹിയിൽ പോയിട്ട് വർക്ക് ഷോപ്പിലും പങ്കെടുത്തു. എന്റെ ഒരു എനർജി കണ്ടിട്ടാണോ എന്റെ ത്വര കണ്ടിട്ടാണോ അതോ ഒരു ക്രിയേറ്റവായിട്ടുള്ള സ്പിരിറ്റ് കണ്ടിട്ടാണോ എന്താണെന്നറിയില്ല നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ 2006ൽ എനിക്ക് അഡ്മിഷൻ കിട്ടി. അതുവരെയുണ്ടായിരുന്ന എന്റെ ജീവിതം എല്ലാം മാറി.

നാഷനൽ സ്കൂൾ ഓഫ് ഡ്രാമ കുമാരദാസിനെ എങ്ങനെയാണ് രൂപപ്പെടുത്തിയത്?

ഞാൻ ചെല്ലുമ്പോൾ അവിടെ ക്ലാസിൽ 20 വിദ്യാർഥികളുണ്ട്. അവരെല്ലാം ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ളവരാണ്. ആദ്യത്തെ ദിവസംതന്നെ ഞാൻ കരഞ്ഞു. അവിടെ ഒരു റാഗിങ് സെഷൻ. എന്നെ പരിചയപ്പെടുത്തുന്ന സമയത്ത് ഞാൻ പേര് കുമാരദാസ് എന്ന് പറഞ്ഞു. മുറി ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. എല്ലാവരും അവരുടെ അച്ഛനും അമ്മയുമൊക്കെ ആരാണെന്ന് പറയണം. അച്ഛൻ ഒരു കല്ലുപണിക്കാരനാണെന്ന് ഞാൻ പറഞ്ഞു. ആ പോളിഷ് ഫ്ലോറിൽ നിൽക്കുമ്പോൾ കുടുംബത്തിന്റെ സാഹചര്യം എത്ര പരിമിതമാണ് എന്ന കാര്യം ഞാൻ ആലോചിച്ചു. അവിടെ നിൽക്കുന്നതിന് ഒരാഴ്ച മുമ്പ് ഞാൻ തൃശൂരിലെ ഒരു വീട്ടുപണിക്ക് തറക്ക് പോളിഷ് ചെയ്യുകയായിരുന്നു. കിട്ടിയ ഭാഗ്യത്തെ കുറിച്ച് ആലോചിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി.

അവിടെയുള്ള സീനിയേഴ്സ് എല്ലാം ഞെട്ടി. അവർ ഓടിവന്ന് കെട്ടിപ്പിടിച്ച് എന്താണ് കരയുന്നത് എന്ന് ചോദിച്ചു. അത്രയും സുന്ദരന്മാരായ മനുഷ്യരുടെ ഇടയിൽ കറുത്ത ഒരുത്തൻ നിൽക്കുന്നു. ഈ ഒരു ചിന്തയാണ് അന്ന് എന്നെ കണ്ണ് നനയിപ്പിച്ചത്. എൻ.എസ്.ഡിയിൽ (നാഷനൽ സ്കൂൾ ഓഫ് ഡ്രാമ) മൂന്ന് ബാച്ചുകളുണ്ട്. എന്റെ ബാച്ചിൽ കറുത്ത ഒരാൾ ഞാനാണ്. അവിടെ ചെന്നപ്പോൾ തന്നെ എനിക്ക് ‘കാലു’ എന്നൊരു പേര് കിട്ടി. കാലു എന്ന് പറഞ്ഞാൽ കറുത്തവൻ എന്നാണ് അർഥം. സ്നേഹത്തോടുകൂടിയുള്ള വിളിപ്പേര്. പിന്നെ അവർ കാലാ കമൽഹാസൻ എന്ന് വിളിക്കാൻ തുടങ്ങി. കമൽഹാസൻ എന്ന് എന്നെ വിളിക്കുമ്പോൾ അത് ഇഷ്ടപ്പെട്ടുതുടങ്ങി. സുന്ദരനാണ് എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഇൻഫീരിയോരിറ്റി കോംപ്ലക്സ് സുപ്പീരിയോരിറ്റി കോംപ്ലക്സ് ആയി മാറിത്തുടങ്ങി. എൻ.എസ്.ഡിയിൽ പഠിക്കുമ്പോൾ 3000 രൂപയായിരുന്നു സ്കോളർഷിപ്പ്. ആ സ്കോളർഷിപ്പ് കിട്ടാൻ പഠിക്കുന്ന കുട്ടി സോൾവൻസി സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്യണം.

വിദ്യാർഥി ഈ കോഴ്സ് അഥവാ നിർത്തി പോവുകയാണെങ്കിൽ അതിന്റെ ചുമതല ആരെങ്കിലും ഏറ്റെടുക്കണം. അതിനാരെങ്കിലുമൊക്കെ സോൾവന്റ് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകണം. അത് ഒന്നുകിൽ തഹസിൽദാർ അല്ലെങ്കിൽ വീട്ടുകാർ ആരെങ്കിലുമാണ് ഒപ്പിടേണ്ടത്. വീട്ടിൽനിന്ന് അത് ഒപ്പിട്ടുനൽകാൻ പാടായിരുന്നു. പിന്നെയുള്ളത് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആരെങ്കിലും നൽകുക എന്നതായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ സർക്കാർ ഉദ്യോഗസ്ഥരായിട്ടുള്ള ആൾക്കാരുണ്ട്. പക്ഷേ അവർ ആരുംതന്നെ സോൾവന്റ് സർട്ടിഫിക്കറ്റ് തന്നില്ല. അതിനാൽ സ്കോളർഷിപ്പ് കിട്ടിയില്ല. അന്ന് ആഹാരത്തിന് ഒരു മാസം 1500 രൂപ വേണം. സ്കോളർഷിപ്പിലെ ആ 1500 രൂപ തരും. പക്ഷേ, പോക്കറ്റ് മണി ആയിട്ടുള്ള ബാക്കി 1500 രൂപ തരില്ല. ആ സമയത്ത് ഈ 1500 രൂപയിൽനിന്ന് പോക്കറ്റ് മണി ലാഭിക്കായി ബ്രേക്ക് ഫാസ്റ്റ് സ്കിപ്പ് ചെയ്യും. അങ്ങനെ മാസത്തിൽ എനിക്ക് 250 രൂപ പോക്കറ്റ് മണിയായി കിട്ടും.

ആ സ്കോളർഷിപ്പ് നിന്നു. ഞാൻ പൈസ പിടിച്ചിട്ട് വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കുമായിരുന്നു. തണുപ്പുകാലത്ത് എനിക്ക് ഉടുക്കാൻ പറ്റിയ വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ബാച്ച്മേറ്റ്സും സീനിയേഴ്സും ഒക്കെയാണ് വിന്ററിനുള്ള ജാക്കറ്റ് ഒക്കെ തരുന്നത്. അത്രയും വലിയ നാഷനൽ സ്കൂളിൽ പഠിച്ചിരുന്നെങ്കിലും എന്റെ ഗതികേട് മാറിയിരുന്നില്ല. ഒരു വർഷം കഴിയുമ്പോഴേക്കും ഒരു ആന്റി ഗസറ്റഡ് ഓഫിസറായി മാറി. അവർ സർട്ടിഫിക്കറ്റ് തന്നു. അങ്ങനെ സ്കോളർഷിപ്പ് കിട്ടി.

ദയാ ബായ്’ -നാടകത്തിലെ ഒരു രംഗം 

ദയാ ബായ്’ -നാടകത്തിലെ ഒരു രംഗം 

 

ഈയിടെ സത്യഭാമ കറുപ്പിനെയും സൗന്ദര്യത്തെയും ചേർത്തുവെച്ചു വംശീയമായി സംസാരിച്ചിരുന്നല്ലോ?

ഞാൻ നോർത്ത് ഇന്ത്യയിൽ ചെല്ലുമ്പോൾ കറുപ്പ് വലിയ പ്രശ്നമായിട്ട് തോന്നിയിട്ടുണ്ടായിരുന്നില്ല. അവിടെ കൂടുതലും വെളുത്തവരാണെങ്കിൽപോലും കറുപ്പിനെ കളിയാക്കി അബ്യൂസിവ് ആയ സംസാരം കൂടുതലായി കേട്ടത് സൗത്ത് ഇന്ത്യയിൽനിന്നാണ്. പ്രധാനമായും കേരളത്തിൽനിന്ന്. നോർത്ത് ഇന്ത്യയിൽ കനൈയ്യ എന്ന് പറഞ്ഞാൽ കൃഷ്ണൻ എന്നാണ് അർഥം. അവിടെ കൃഷ്ണഭക്തന്മാർ ഉള്ളതുകൊണ്ടാണോ എന്നറിയില്ല കറുപ്പിനെ കാലു എന്നും കലൂട്ട എന്നുമൊക്കെ വിളിക്കുമെങ്കിലും കളിയാക്കുമായിരുന്നില്ല. കറുത്തതാണെങ്കിലും ഞാൻ വളരെയധികം സ്വീകരിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ. സത്യഭാമ മാത്രമല്ല പൊതുവെ കേരളത്തിലും കറുപ്പിനോടുള്ള ഒരു പ്രതികരണം അങ്ങനെയാണ്. കറുത്തവരടക്കമുള്ളവർക്ക് കറുപ്പിനോടുള്ള ഒരു വിരോധമുണ്ട്. ഞാൻ കറുത്തതാണ്. പക്ഷേ കേരളത്തിൽ ഞാൻ എന്നെക്കാൾ കറുത്ത ഒരാളെ കണ്ടുകഴിഞ്ഞാൽ ഞാൻ കളിയാക്കും.

കേരളത്തിൽ കറുത്തവർക്കും വെളുത്തവർക്കും കറുപ്പിനോട് കലിപ്പാണ്. ഇവിടെ എല്ലാവരും സ്വയം വെളുത്തിരിക്കാനാണ് ആഗ്രഹിക്കുന്നത്. ദലിത് സമൂഹത്തിലെ വെളുത്ത ആൾക്കാർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് വെളുത്തവരെ തന്നെയാണ്. വിവാഹാലോചനയൊക്കെ വരുമ്പോഴാണ് അയ്യേ, കുറച്ചു കറുത്തിട്ടാണ് എന്നുള്ള തരത്തിലുള്ള വർത്തമാനങ്ങൾ വരുന്നത്.

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ വെച്ചാണല്ലോ ആദ്യമായി നസീറുദ്ദീൻ ഷായെ കണ്ടുമുട്ടുന്നത്?

ഫസ്റ്റ് ഇയറിൽ സ്പെഷലൈസേഷൻ ഇല്ലെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. ഒരുമിച്ചാണ് പഠിക്കുന്നത് എല്ലാവരും. ആ സമയത്ത് ഫസ്റ്റ് ഫ്ലോറിൽ ഞങ്ങളുടെ ക്ലാസ് നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ താഴത്തെ നിലയിൽ നസീറുദ്ദീൻ ഷാ വന്നു എന്ന വിവരം കിട്ടി. എനിക്ക് അദ്ദേഹത്തിനോട് വലിയ മമത ഒന്നും തോന്നിയില്ല. പക്ഷേ, നസീറുദ്ദീൻ ഷാ വന്നു എന്നറിഞ്ഞതോടുകൂടെ ബാച്ച്മേറ്റ്സ് മുഴുവൻ താഴേക്ക് ഓടിപ്പോയി. അവര് പോയിട്ട് വരാൻ വേണ്ടി ഞാൻ മുകളിൽതന്നെ കാത്തിരുന്നു. എന്നെ സംബന്ധിച്ച് അഭിനേതാക്കൾ എന്നു പറഞ്ഞുകഴിഞ്ഞാൽ മോഹൻലാലും മമ്മൂട്ടിയും ആയിരുന്നു. ഞാൻ കാത്തിരുന്നെങ്കിലും അവരാരും തിരിച്ചു വരുന്നില്ല. എന്തുകൊണ്ടാണ് ഇവർ തിരിച്ചുവരാത്തത് എന്നറിയാൻ കൗതുകമായി. അങ്ങനെ ഞാൻ താഴോട്ട് ഇറങ്ങിച്ചെല്ലുമ്പോൾ ഒരു റൂമിന് മുന്നിൽ ഭയങ്കര ആൾക്കൂട്ടമാണ്. നസീറുദ്ദീൻ ഷാ അവിടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

വിദ്യാർഥികൾ വാതിലിനു മുന്നിൽ അദ്ദേഹത്തിനെ കേട്ടുകൊണ്ടിരിക്കുകയാണ്. നല്ല സംസാരം. ഞാൻ പിറകിൽ പോയി നിൽക്കുമ്പോൾ മുന്നിൽ മുഴുവൻ തലകളാണ്. ഞാൻ വന്നു നോക്കിയതും നസീറുദ്ദീൻ ഷാ പിള്ളാരെ ആട്ടിയോടിക്കുന്നതും ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ വന്നു നോക്കി മുടി കണ്ടു ഓടി. ഞാനാണ് ആദ്യം ഓടുന്നത്. രണ്ടാം വർഷമാകുമ്പോഴത്തേക്കും വിദ്യാർഥികൾ ആക്ടിങ്, ഡയറക്ഷൻ ആൻഡ് ഡിസൈനിങ് എന്ന രണ്ട് സ്പെഷലൈസേഷനുകളിലേക്ക് മാറി. രണ്ട് സ്പെഷലൈസേഷനുകൾ ആയതുകൊണ്ട് തന്നെ ഈ രണ്ടു ബാച്ചുകളും അങ്ങോട്ടുമിങ്ങോട്ടും നല്ല അടിയാണ്. ഞങ്ങളാണ് നല്ലത് എന്ന് രണ്ട്​ കൂട്ടരും പറഞ്ഞുകൊണ്ടിരുന്നു. നസീറുദ്ദീൻ ഷായുടെ ക്ലാസുകൾ ആക്ടേഴ്സിന് മാത്രമായി നിജപ്പെടുത്തിയിരുന്നു. പക്ഷേ, ഡയറക്ഷൻ ആൻഡ് ഡിസൈൻ സ്റ്റുഡന്റ്സായിട്ടുള്ള ഞങ്ങൾഡയറക്ടറോട് ക്ലാസിൽ ഇരുന്നോട്ടെ എന്ന് ചോദിച്ചു. പറ്റില്ല എന്ന് പറഞ്ഞു.

പിന്നീട് രണ്ടുമൂന്നു മാസങ്ങൾക്ക് ശേഷം അദ്ദേഹം തിരിച്ചുവന്നു. അതേ ക്ലാസിന്റെ തുടർച്ചക്കുവേണ്ടിയാണ്​ അദ്ദേഹം വന്നത്. ആ സമയത്ത് ടൈംടേബിളിൽ ഡിസൈനിങ് ആൻഡ് ഡയറക്ഷൻ വിദ്യാർഥികളായ ഞങ്ങളുടെ പേരുണ്ട്. നസീറുദ്ദീൻ ഷാ വരുന്നത് ഞായറാഴ്ചയാണ്. ആക്ടിങ് സ്റ്റുഡന്റ്സിനും ഡയറക്ഷൻ സ്റ്റുഡന്റ്സിനും ക്ലാസ് തുടങ്ങി. അദ്ദേഹം ഡയറക്ഷൻ സ്റ്റുഡന്റ്സിനോടും കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ അറിയാമല്ലോ എന്ന് ചോദിച്ചു. ഓരോരുത്തരായി വന്ന് കഴിഞ്ഞ ക്ലാസിന്റെ ബാക്കിയുള്ള എക്സസൈസുകൾ ചെയ്യാൻ പറഞ്ഞു. പക്ഷേ, ഞങ്ങൾക്ക്​ കഴിഞ്ഞ ക്ലാസിൽ എന്താണ് നടന്നത് എന്ന് അറിയില്ലായിരുന്നു. അതോടെ നസീറുദ്ദീൻ ഷാക്ക് ദേഷ്യം വന്നു. വഴക്ക് പറഞ്ഞു ക്ലാസിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് ഞങ്ങൾ ഡയറക്ടറെ പോയി കണ്ടു. ഞങ്ങളുടേതല്ലാത്ത കാരണംകൊണ്ട് നസീറുദ്ദീൻ ഷാ ക്ലാസിൽനിന്ന് ഇറങ്ങിപ്പോയതുകൊണ്ട് ഞങ്ങൾ ഈ ക്ലാസ് ബോയ് കോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു. അന്ന് ഷേക്സ്പിയർ ആക്ടിങ് പഠിപ്പിച്ചിരുന്ന ലണ്ടനിൽനിന്ന് വന്ന അന്ന ഹെലേന എന്നൊരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു.

അവരുടെ ആക്ടിങ് ക്ലാസിൽ ഡയറക്ഷൻ സ്റ്റുഡന്റ്സ് ഒന്നും പങ്കെടുത്തിരുന്നില്ല. അവർ ലൈറ്റിങ്, മറ്റു കാര്യങ്ങളുമായിട്ട് ഒതുങ്ങിനിന്നു. പക്ഷേ ഞാൻ അവരുടെ ക്ലാസിൽ പങ്കെടുത്തു. അതിൽ എനിക്ക് അഭിനയിക്കേണ്ടതായി വന്നു. ആ നാടകത്തിലെ സീൻ തുടങ്ങുന്നത് എന്റെ പാട്ടുകൾകൊണ്ടാണ്. എല്ലാ സീനുകളിലും ഞാനുണ്ട്. അങ്ങനെ ഒരാഴ്ചത്തെ ക്ലാസിനുശേഷം എല്ലാവർക്കും കാണാനായി നാടകത്തിന്റെ ഡെമോൺസ്ട്രേഷൻ ​െവച്ചു. ഈ ഡെമോൺസ്ട്രേഷൻ കാണാൻ വേണ്ടി നസീറുദ്ദീൻ ഷാ അവിടെ വന്നു. നസീറുദ്ദീൻ ഷാ അന്നുവരെ എന്നെ കണ്ടിട്ടില്ലായിരുന്നു. ഈ സീൻവർക്ക് കാണാൻ നസീറുദ്ദീൻ ഷാ വരുമെന്ന് ഒരു ധാരണയും എനിക്കില്ല. ഡെമോൺസ്ട്രേഷൻ തുടങ്ങി. ഞാൻ ചെയ്ത കാരക്ടർ കിങ് ഒബ്രോൺ ആയിരുന്നു. അദ്ദേഹം കാമ്പസിലെ മെസ്സിൽനിന്ന് ലഞ്ച് കഴിച്ചിട്ട് ഹോസ്റ്റലിലേക്ക് പോകുമ്പോൾ ഞാൻ അവിടെ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

അദ്ദേഹം എന്നെ കണ്ടതോടുകൂടി ഉറക്കെ ‘‘നീയാണോടാ ആക്ടർ അവിടെ പെർഫോം ചെയ്തത്?’’ എന്ന് ചോദിച്ചു. തിരിഞ്ഞുനോക്കി. അപ്പോൾ അദ്ദേഹം അടുത്തേക്ക് നടന്നു വന്നുവരികയാണ്. അദ്ദേഹം കൈ രണ്ടും നിവർത്തി എന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി തയാറായി നിൽക്കുകയാണ്. ഞാൻ ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. നീ എന്തിനാണ് എന്റെ ക്ലാസിൽ വരാതിരുന്നത് എന്ന് അദ്ദേഹം ചോദിച്ചു. നീ ആക്ടറാണ്, നീ ആക്ടിങ് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ഡയറക്ഷൻ പരിപാടി നീ വിട്ടേക്കൂ എന്ന് പറഞ്ഞു. എനിക്ക് ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞ് തിരിച്ചുപോയി. ആ ഒരു ഒന്ന് രണ്ട് മിനിറ്റ് എനിക്കൊരു സ്വപ്നമാണ്. ആ നിമിഷത്തിലാണ് എന്റെ കഴിവിനെക്കുറിച്ചുള്ള ഒരു തിരിച്ചറിവ് എനിക്ക് ഉണ്ടാകുന്നത്. 2009ൽ ഞാൻ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഡിപ്ലോമ പൂർത്തിയാക്കി. ആ സമയത്തും ഞാൻ നസീറുദ്ദീൻ ഷായെ കണ്ടു. രൂപം മാറിയിരുന്നെങ്കിലും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. പഴയതുപോലെ കെട്ടിപ്പിടിച്ചു. അന്ന്​ ഒരുമിച്ച്​ ഫോ​േട്ടായെടുത്തു.

​ദയാ ബായിയോടൊപ്പം കുമാരദാസ്​ ടി.എൻ

​ദയാ ബായിയോടൊപ്പം കുമാരദാസ്​ ടി.എൻ

 

ജീവിതത്തിൽ വലിയ ദുരന്തങ്ങളും അഭിമുഖീകരിച്ചു?

എല്ലാക്കാലത്തും നടനാകണം എന്ന തീക്ഷ്ണമായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, അത് എങ്ങനെയാകും എന്നറിയില്ല. പ്രിവിലേജ് സമുദായത്തിൽപെട്ട ഒരാളല്ലല്ലോ ഞാൻ. നടൻ ആകാനുള്ള കോൺഫിഡൻസ് ഇല്ല എന്ന തോന്നൽ ഇപ്പോഴുമുണ്ട്. ഒന്നാമത് കറുത്തിട്ടാണ്, രണ്ടാമത് നീളം കുറവാണ്. എന്റേത് യുണീക്ക് ഫെയ്സ് ഒന്നുമല്ല. ആ സമയത്ത് എൻ.എസ്.ഡിയിൽനിന്ന് ഡയറക്ഷൻ പഠിച്ച് ഞാൻ ഒരു ടീച്ചറായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഡൽഹിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മുഴുവനായിട്ടും യാത്രകളിലായിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ത്രിപുര, മണിപ്പൂർ, അസം എന്നിവിടങ്ങളിൽ ഒക്കെ സഞ്ചരിച്ചു. തിയറ്റർ പ്രോജക്ടുകൾ ആയിട്ടായിരുന്നു സഞ്ചാരം. നടക്കുമ്പോൾ എനിക്കൊരു ഇംബാലൻസ് തോന്നി. പിടലി, തൊണ്ടക്കുമൊക്കെ വേദനകളുണ്ടായി. അങ്ങനെ കോട്ടയത്ത് ഒരു ഡോക്ടറെ കാണിച്ചു. ഡോക്ടർ എന്നോട് സ്പോണ്ടിലൈറ്റിസാണെന്ന് പറഞ്ഞു. ചികിത്സ തുടങ്ങി.

അസമിൽ വെച്ച് വേദന കൂടി ഞാൻ ഛർദ്ദിക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്നത് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ സീനിയേഴ്സ് ആയിട്ടുള്ള അഭിനേതാക്കളാണ്​. അവർ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് ഞാൻ നാട്ടിലേക്ക് തിരിച്ചുവന്നപ്പോൾ വീണ്ടും ഛർദ്ദിക്കാൻ തുടങ്ങി. അങ്ങനെ 2012 ആഗസ്റ്റിൽ ഞാനും സുഹൃത്ത് അനീഷ് മോനും പോയി ഡോക്ടറെ കണ്ടു. എം.ആർ.ഐ സ്കാനിങ്ങിന്റെ റിപ്പോർട്ട് കാണിച്ചു കുമാരന്റെ കഴുത്തിന് പ്രശ്നമില്ല സ്പോണ്ടിലൈറ്റ്സ് ഇല്ല എന്ന് പറഞ്ഞു. ഇത്തരത്തിൽ ഛർദ്ദിപോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ​െബ്രയിനിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. നാളെ എം.ആർ.ഐ സ്കാനിങ് ചെയ്യാം എന്ന് പറഞ്ഞു. പിറ്റേ ദിവസം ​െബ്രയിനിന്റെ എം.ആർ.ഐ എടുത്തു. അപ്പോഴാണ് ബ്രെയിനിൽ ട്യൂമർ പൂർണവളർച്ചയിൽ എത്തിയതായി കാണുന്നത്. അത് ഇന്നോ നാളെയോ ആയി പൊട്ടിപ്പോകാം. പൊട്ടിക്കഴിഞ്ഞാൽ അത് ബ്രീം സെല്ലുകളിലേക്ക് ബാധിക്കും. അതുകൊണ്ട് പെട്ടെന്ന് എവിടേക്കെങ്കിലും കൊണ്ടുപോകണം എന്ന് പറഞ്ഞു.

അടുത്ത ദിവസം വൈക്കത്തുള്ള ഇൻഡോ അമേരിക്കൻ ബ്രെയിൻ സെന്ററിൽ അഡ്മിറ്റ് ആക്കി. ഉടനെ സർജറി നടത്തി. ആ ഡോക്ടർ എന്നോട് ഈ ട്യൂമർ ചിലപ്പോൾ കാൻസറാകാം എന്നു പറഞ്ഞു. കാൻസറാണെങ്കിൽ തിരിച്ചുവരാൻ പറ്റില്ല എന്നും പറഞ്ഞു. സർജറി വിജയകരമായി. 15 ദിവസം ഐ.സി.യുവിൽ കിടന്നു. പിന്നീട് ആറ് ഏഴ് മാസക്കാലം വീട്ടിൽ ബെഡ് ​െറസ്റ്റ്. സർജറി കാഴ്ചയെയും സംസാരശേഷിയെയും ഒക്കെ ബാധിച്ചു. നടക്കാൻ കഴിയില്ലായിരുന്നു. നടനാകാനുള്ള ശാരീരികശേഷിയില്ല. ഈചിന്ത മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.

കുറെ കരഞ്ഞു. പ്രാർഥിച്ചു. ഭാഗ്യത്തിന് ഒരു ഏഴുമാസംകൊണ്ട് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആ സമയത്ത് എനിക്ക് ഒരു ജോലിയുടെ അപ്പോയിൻമെന്റ് ഓർഡർ കിട്ടി. മധ്യപ്രദേശ് സ്കൂൾ ഓഫ് ഡ്രാമയുടെ ഡിസൈനിങ്ങിന്റെ ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് ആയിട്ടായിരുന്നു ജോലി കിട്ടിയത്. അവിടെ ഞാൻ മൂന്നര വർഷക്കാലം പഠിപ്പിച്ചു. പക്ഷേ, അഭിനയിക്കണം, നടനാകണം എന്ന ഒരു ചിന്ത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ മനഃസമാധാനം നഷ്ടപ്പെട്ടപ്പോഴാണ് വീണ്ടും 2016ൽ എഫ്.ടി.ഐ.ഐയിൽ അഡ്മിഷനു വേണ്ടി അപേക്ഷ കൊടുക്കുന്നത്. 2016 ജൂണിൽ ഞാൻ മധ്യപ്രദേശിലെ സ്കൂൾ ഓഫ് ഡ്രാമയുടെ HOD ഷിപ്പ് ജോലി രാജി​െവച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.

അഭിനയത്തിന് പുറമെ എന്താണ് ചെയ്യുന്നത്?

അഭിനേതാവ് എന്നതിന് പുറമെ ഇപ്പോൾ ആക്ടിങ് ട്രെയ്നറും സ്റ്റേജ് ഡയറക്ടറും കൂടിയാണ്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രോജക്ട് ആയ ‘ട്രോജൻ വുമൺ’ ചെയ്ത ശേഷം പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ എന്നെ തുടർച്ചയായി മൂന്ന് തവണ നാടകം ചെയ്യാനായി ക്ഷണിച്ചു. 2012ൽ കൾച്ചറൽ മിനിസ്ട്രിയുടെ ഒരു ഗ്രാന്റ് ലഭിച്ചു. അങ്ങനെ വയനാട്ടിൽ വിവിധ കമ്യൂണിറ്റികളിൽപെട്ടവരുമായി ചേർന്ന്​ ബ്ലാക്ക് ടാൽക്കം പൗഡർ പ്രോജക്ട് എന്ന് പറയുന്ന ഒരു പ്രോജക്ട് ചെയ്തു. പണിയ-വീട്ടുനായ്ക്ക-കുറിച്ചി-പറയൻ-പുലയ എന്നിവരൊക്കെ ചേർത്തു​െവച്ചുകൊണ്ടുള്ള ഒരു പെർഫോമൻസ് ആയിരുന്നു. പിന്നീട് അയർലൻഡിലെ ഇന്ത്യൻ കമ്യൂണിറ്റി എന്നെ നാടകം ചെയ്യാൻ ക്ഷണിച്ചു. പിന്നീട് മധ്യപ്രദേശിലെ എന്റെ വിദ്യാർഥികളുമായി ചേർന്ന് ദയ ബായിയുടെ ജീവചരിത്രം നാടകമായി ചെയ്തു.

പോണ്ടിച്ചേരി ഡിപ്പാർട്മെന്റ് ഓഫ് പെർഫോമിങ് ആർട്സ്, ടാഗോർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ കുട്ടികൾക്കുവേണ്ടി നാടകം ചെയ്യാൻ ക്ഷണിച്ചു. പിന്നെ ഡിസൈനറായി ഞാൻ ചെക്കോസ്ലോവാക്യയിലെ The Prague Quadrennial of Performance Design and Space exhibitionൽ തിയറ്റർ ഡിസൈൻ ചെയ്തു. നാലു വർഷം കൂടുമ്പോഴാണ് നടക്കുന്ന ഫെസ്റ്റിവലിൽ ആദ്യമായി ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്ന ഒരാളും ഞാനാണ്. ചൈനയിൽ Global Alliance of Theatre Schools (GATS) International Theatre Festival in Beijing ലും designer ആയി പങ്കെടുത്തു ഒരു പെർഫോമൻസ് ചെയ്തു. കുറെ ഇന്റർനാഷനൽ പ്രോജക്ടുകൾ ഡിസൈൻചെയ്തു. പിന്നീട് ഞാൻ ഡിസൈനിങ് പ്രോജക്ടുകൾ നിർത്തി കൂടുതലായി അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതുപോലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നു വർഷത്തെ കോഴ്സ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷത്തെ കോഴ്സും ചെയ്തിട്ടുള്ള മൂന്നേ മൂന്ന് ആൾക്കാർ മാത്രമേ ഇന്ത്യയിലുള്ളൂ. അത് ഒന്ന് നസീറുദ്ദീൻ ഷായും രണ്ടാമത് നടൻ ഓംപുരിയും പിന്നെ മൂന്നാമത്തെയാൾ ഞാനുമാണ്.

‘ഭ്രാന്ത്’ എന്ന നാടകം വേറിട്ട അവതരണമായിരുന്നു...

സി. അയ്യപ്പനെ ദലിത് എഴുത്തുകാരനായാണ് കൺസീവ് ചെയ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ മോണോലോഗ് രീതിയിലുള്ള വർക്കാണ് ‘ഭ്രാന്ത്’. കൃഷ്ണൻകുട്ടി എന്ന പേരുള്ള പ്രഫസറുടെ ആത്മഭാഷണമാണ് ഭ്രാന്ത്. അതിനെ അധികരിച്ച് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലും സീനിയറും ജൂനിയറുമായി ഉണ്ടായിരുന്ന അഭീഷ് ശശിധരൻ ഒരു പെർഫോമൻസ് കൺസീവ് ചെയ്തു.

അതൊരു ഇന്റിമേറ്റ് മീഡിയേറ്റഡ് പെർഫോമൻസ് ആയിരുന്നു. ഒരു അംബാസഡർ കാർ ആണ് ഓഡിറ്റോറിയം. നാലുപേരടങ്ങുന്ന സംഘം സഞ്ചരിക്കുന്ന കാർ ഒരിടത്ത് നിർത്തും. ആ കാറിലേക്ക് ഒരു വിഡിയോ കാൾ വരും. വിഡിയോ കാളിലാണ് പെർഫോമൻസ്. 45 മിനിറ്റോളം ദൈർഘ്യമുള്ള പെർഫോമൻസ് ആണ്. പത്തോളം പെർഫോമൻസ് വരെ അവതരിപ്പിച്ചിട്ടുണ്ട്. വളരെ വലിയ ഒരു ഹിറ്റ് ആയതുകൊണ്ട് ഞങ്ങൾ അത് ഹിന്ദിയിൽ വീണ്ടും പെർഫോം ചെയ്യാൻ പോവുകയാണ്.

(അവസാനിച്ചു)

News Summary - weekly interview