Begin typing your search above and press return to search.
proflie-avatar
Login

‘നായർ സമൂഹത്തിൽനിന്നല്ല ഇവിടെ സ്ത്രീ കേന്ദ്രീകൃത ഇസ്‍ലാം രൂപപ്പെട്ടത്’

‘നായർ സമൂഹത്തിൽനിന്നല്ല ഇവിടെ   സ്ത്രീ കേന്ദ്രീകൃത ഇസ്‍ലാം രൂപപ്പെട്ടത്’
cancel

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ‘മാ​ട്രി​ലീ​നി​യ​ൽ, മാ​ട്രി​യാ​ർ​ക്ക​ൽ, മാ​ട്രി​ഫോ​ക്ക​ൽ ഇ​സ്‍ലാം: ദ ​വേ​ൾ​ഡ് ഓ​ഫ് വു​മ​ൺ സെ​ൻ​ട്രി​ക് ഇ​സ്‍ലാം’ എ​ന്ന പുസ്​തകത്തി​ന്റെ പശ്ചാത്തലത്തിൽ ഗവേഷകനും എഴുത്തുകാരനുമായ ഡോ. അബ്ബാസ്​ പന​ക്കൽ ത​ന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നു.മു​ഖ്യ​ധാ​രാ ഇ​സ്‍ലാ​മി​ക ച​രി​ത്ര​ത്തി​ൽ അ​ജ്ഞാ​ത​മാ​ക്ക​പ്പെ​ട്ട ഒ​രു ച​രി​ത്ര​ത്തി​ന്‍റെ ക​ണ്ടെ​ടു​ക്ക​ലാ​ണ് ‘മാ​ട്രി​ലീ​നി​യ​ൽ, മാ​ട്രി​യാ​ർ​ക്ക​ൽ, മാ​ട്രി​ഫോ​ക്ക​ൽ ഇ​സ്‍ലാം: ദ ​വേ​ൾ​ഡ് ഓ​ഫ് വു​മ​ൺ സെ​ൻ​ട്രി​ക് ഇ​സ്‍ലാം’ എ​ന്ന പു​സ്ത​കം. അ​ങ്ങേ​യ​റ്റം സ്ത്രീ ​കേ​ന്ദ്രി​ത​വും...

Your Subscription Supports Independent Journalism

View Plans
അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ‘മാ​ട്രി​ലീ​നി​യ​ൽ, മാ​ട്രി​യാ​ർ​ക്ക​ൽ, മാ​ട്രി​ഫോ​ക്ക​ൽ ഇ​സ്‍ലാം: ദ ​വേ​ൾ​ഡ് ഓ​ഫ് വു​മ​ൺ സെ​ൻ​ട്രി​ക് ഇ​സ്‍ലാം’ എ​ന്ന പുസ്​തകത്തി​ന്റെ പശ്ചാത്തലത്തിൽ ഗവേഷകനും എഴുത്തുകാരനുമായ ഡോ. അബ്ബാസ്​ പന​ക്കൽ ത​ന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നു.

മു​ഖ്യ​ധാ​രാ ഇ​സ്‍ലാ​മി​ക ച​രി​ത്ര​ത്തി​ൽ അ​ജ്ഞാ​ത​മാ​ക്ക​പ്പെ​ട്ട ഒ​രു ച​രി​ത്ര​ത്തി​ന്‍റെ ക​ണ്ടെ​ടു​ക്ക​ലാ​ണ് ‘മാ​ട്രി​ലീ​നി​യ​ൽ, മാ​ട്രി​യാ​ർ​ക്ക​ൽ, മാ​ട്രി​ഫോ​ക്ക​ൽ ഇ​സ്‍ലാം: ദ ​വേ​ൾ​ഡ് ഓ​ഫ് വു​മ​ൺ സെ​ൻ​ട്രി​ക് ഇ​സ്‍ലാം’ എ​ന്ന പു​സ്ത​കം. അ​ങ്ങേ​യ​റ്റം സ്ത്രീ ​കേ​ന്ദ്രി​ത​വും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ ഇ​സ്‍ലാ​മി​നെ​യാ​ണ് വി​ഖ്യാ​ത​രാ​യ ഒ​രു ​സം​ഘം ച​രി​ത്ര​കാ​ര​ൻ​മാ​ർ ഈ കൃതിയിൽ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. ബ്രിട്ടനി​ലെ സെന്‍റ്​​ ആ​ൻ​ഡ്രൂ​സ് യൂ​നി​വേ​ഴ്സി​റ്റി​ സ്കൂ​ൾ ഓ​ഫ് ഹി​സ്റ്റ​റി​യി​ലെ ച​രി​ത്ര​കാ​ര​നും യു.​കെ​യി​ലെ സ​ർ​റേ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് റി​ലീ​ജി​യ​സ് ലൈ​ഫ് ആ​ൻ​ഡ് ബി​ലീ​ഫ് സെ​ന്‍റ​റി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വു​മാ​യ ഡോ.​ അ​ബ്ബാ​സ് പ​ന​ക്ക​ൽ, കൈറോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​നാ​സ​ർ ആ​രി​ഫ് എ​ന്നി​വ​രു​ടെ മു​ൻകൈയി​ലാ​ണ് കൃ​തി ര​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തെയും വി​പ്ല​വ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ത്തെയും കുറിച്ച്​ ഡോ. ​അ​ബ്ബാ​സ് പ​ന​ക്ക​ൽ സം​സാ​രി​ക്കു​ന്നു.

പ​ത്തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ല​നി​ന്ന സ്ത്രീ​കേ​ന്ദ്രി​ത ഇ​സ്‍ലാ​മി​ക വ്യ​വ​സ്ഥ​യെ പ്ര​തി​പാ​ദി​ക്കു​ന്ന ച​രി​ത്രകൃ​തി​യാ​ണി​ത്. അ​തി​ന്‍റെ എ​ഡി​റ്റ​റും ലേ​ഖ​കനു​മെ​ന്ന നി​ല​ക്ക് എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​മൊ​രു അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് എ​ത്തിയ​ത്?

ഒ​രി​ക്ക​ൽ ആ​സ്ട്രേലി​യയി​ൽനി​ന്നു​ള്ള ഒ​രു ഗവേഷകനു​മാ​യി കോ​ഴി​ക്കോ​ട്ടെ കു​റ്റി​ച്ചി​റ​യി​ലൂ​ടെ ന​ട​ക്ക​വെ അ​വി​ടത്തെ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളെയും തീ​ര​ദേ​ശ​ങ്ങ​ളി​ലെ മാ​തൃ​പ​ക്ഷ ഇ​സ്‍ലാ​മി​നെ​ക്കു​റി​ച്ചും പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് അ​ത് അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി. ഇ​തേ സ​മീ​പ​നംത​ന്നെ​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷു​കാ​രു​ടേ​തും. അ​വ​ർ​ക്ക്​ അ​ത് ഇ​സ്‌​ലാം ആ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​റേ​ബ്യ​ൻ പു​രു​ഷവ്യ​വ​സ്ഥ​യാ​ണ് ഇ​സ്‍ലാം എ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ൽനി​ന്നാ​ണ് ഇ​തു​പോ​ലു​ള്ള നി​ഗ​മ​ന​ങ്ങ​ളി​ൽ അ​വ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. ‘ഇ​ന്‍റ​ഗ്രേ​ഷ​ൻ- ഇ​ൻ​ഡി​ജ​നൈ​സേ​ഷ​ൻ’ എ​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഞാ​ൻ ഇ​ത്ത​രമൊ​രു ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്‌.

പ്ര​ഫ. നാ​സ​ർ ആ​രി​ഫി​ന്‍റെ വ​ലി​യ പ്രോ​ജ​ക്ടാ​ണി​ത്. അ​തി​ൽ ഏ​ഴു പു​സ്ത​ക​ങ്ങ​ൾ ചെയ്യുന്നു​ണ്ട്. എ​ന്‍റെ പിഎ​ച്ച്.ഡി ​ഗ​വേ​ഷ​ണ​ത്തി​ൽ മ​ല​ബാ​റി​ലെ ഇ​ത്ത​രം കു​ടും​ബ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ വി​ഷ​യ​ത്തി​ൽ റി​യോ ഡി ​ജ​നീ​റോ​യി​ൽ ന​ട​ന്ന ഒ​രു അ​ക്കാ​ദ​മി​ക സ​മ്മേ​ള​ന​ത്തി​ൽ ഞാൻ ഒരു പ്രബന്ധം അ​വ​ത​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ‘ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​സോർട്യം ഓ​ഫ് ലോ ​ആ​ൻ​ഡ് റി​ലീ​ജ്യ​ൻ’ ആ​യി​രു​ന്നു സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് എ​ന്നെ ഈ ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​ത്.

പു​സ്ത​ക​ത്തി​ലെ ഇ​ന്‍റ​ഗ്രേ​ഷ​ൻ, ഇ​ൻ​ഡി​ജ​നൈ​സേ​ഷ​ൻ ഇ​സ്‍ലാം എ​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്?

കടന്നുചെല്ലു​ന്ന സ​മൂ​ഹ​ത്തി​ലെ ആ​ചാ​ര​ങ്ങ​ളെ​യും അ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും വാ​സ്തു​വി​ദ്യ​യെ​യും ഭ​ക്ഷ​ണ-വ​സ്ത്ര​ രീ​തി​ക​ളെ​യു​മൊ​ക്കെ ഉ​ൾ​​ക്കൊണ്ടാ​ണ് ഇ​സ്‍ലാം ആ​ദ്യ​കാ​ല​ത്ത് പ്ര​ച​രി​ച്ച​ത്. അ​ത​തു സ​മൂ​ഹ​ങ്ങ​ളി​ൽ ഇ​സ്‍ലാ​മി​ന് കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​യി. അ​ത് ത​ദ്ദേ​ശീ​യ​വും വി​ഭി​ന്ന സം​സ്കാ​ര​ങ്ങ​ളു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്ന​തു​മാ​യി​രു​ന്നു. ഈ ​ച​രി​ത്രം കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള പ​ഠ​ന​ങ്ങ​ളാ​ണ് മേ​ൽ​പ​റ​ഞ്ഞ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്. നേ​ര​​േ​ത്ത​ ഇ​സ്‍ലാ​മി​ക നി​യ​മ​ങ്ങ​ളി​ലും വാ​സ്തു​വി​ദ്യ​യി​ലു​മൊക്കെ ചിലയിടങ്ങളിൽ ഇ​ത്ത​രം വ്യക്തിഗത പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. അ​വ സമാഹരി​ക്കു​ക, പ​ല നാ​ടു​ക​ളി​ലും രാ​ജ്യ​ങ്ങ​ളി​ലും നി​ല​നി​ന്ന ഇ​ത്ത​രം മാ​തൃ​​ക​ക​ളെ ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ‘ഇ​ന്‍റ​ഗ്രേ​ഷ​ൻ-ഇ​ൻ​ഡി​ജ​നൈ​സേ​ഷ​ൻ’ എ​ന്ന പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഹാ​ർവാ​ഡ്, ഓ​ക്സ്ഫ​​ഡ്, ക്യോ​ട്ടോ, ആസ്ട്രേലിയ​ൻ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി തുടങ്ങിയവ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച ആ​ളു​ക​ളെ ഒ​ന്നി​ച്ചു​ചേ​ർ​ത്ത് സൗ​ത്ത് ഏ​ഷ്യ​യി​ലെ​യും സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​യി​ലെ​യും ചൈ​ന​യി​ലെ​യും ബാ​ൽ​ക്ക​ണി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും ഇ​സ്‍ലാ​മി​നെ​ പ​ഠിക്കാൻ തീ​രു​മാ​ന​മെ​ടു​ത്തു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ ഇ​ന്‍റി​ജ​നൈ​സ്‌​ഡ്‌, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​സ്‍ലാം കാ​ല​ങ്ങ​ളോ​ളം നി​ല​നി​ന്നി​രു​ന്നു​വെ​ന്നും അ​വ​ക്ക് ആ ​സ​മൂ​ഹ​ങ്ങ​ളി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു​വെ​ന്നു​ം വ്യക്തമാക്കുന്ന പ​ഠ​ന​ങ്ങ​ൾ സമാഹരിച്ച്​ പു​സ്ത​ക​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ഇ​ത്ത​ര​ത്തി​ൽ പ​ഠ​നം ന​ട​ത്തി ഒ​രു അ​ധ്യാ​യം ര​ചി​ച്ച​ത് മൈ​ക്കി​ൾ ഫീ​ന​ർ എ​ന്ന പണ്ഡിതനാ​ണ്. ഹാ​ർ​വാഡി​ലെ അ​ലി ഹ​സാ​നി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ ഇ​വി​ടത്തെ നാടൻപാ​ട്ടു​ക​ൾ, പ​ര​മ്പ​രാ​ഗ​ത മി​ത്തു​ക​ൾ എ​ന്നി​വ​യൊ​ക്കെ മ​ത​കാ​ര്യ​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു എന്ന പ​ഠ​നം ന​ട​ത്തിയിട്ടുണ്ട്​. ഈ ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ ​കേ​ന്ദ്രി​ത ഇ​സ്‍ലാം എ​ങ്ങ​നെ​യാ​ണ് ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ല​നി​ന്നി​രു​ന്ന​തെ​ന്നും പി​ന്നീ​ട് എ​ങ്ങ​നെ​യാ​ണ് അ​ത് ഇ​ല്ലാ​താ​യ​തെ​ന്നു​മു​ള്ള ഞ​ങ്ങ​ളു​ടെ പ​ഠ​നം വ​രു​ന്ന​ത്.

ഇ​ന്ന് കാ​ണ​പ്പെ​ടു​ന്ന ഏ​ക​ശി​ലാ​ത്മക ഇ​സ്‍ലാ​മി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി വൈ​വി​ധ്യ​പൂ​ർ​ണ​വും ത​ദ്ദേ​ശീ​യ സം​സ്കാ​ര​വു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്ന​തു​മാ​യ ഇ​സ്‍ലാ​മി​ക സ​മൂ​ഹ​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ല​നി​ന്നി​രു​ന്നു​വെ​ന്ന് പു​സ്‍ത​ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​മ്പേ​ൾ മ​ന​സ്സി​ലാ​ക്കാ​നാ​വു​ന്നു. കേ​ര​ള​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​യി​ല​ട​ക്കം അ​തു സം​ഭ​വി​ച്ചി​രു​ന്നു. ഇ​വ​യു​ടെ ച​രി​ത്രം ഒ​ന്ന് ചു​രു​ക്കി​പ്പ​റ​യാ​മോ?

ഇ​ൻ​ഡി​ജ​നൈ​സ്ഡ് അ​ഥ​വാ ത​ദ്ദേ​ശീ​യ ഇ​സ്‍ലാം എ​ന്ന​ത് ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും നി​ല​നി​ന്നി​രു​ന്നു. ഒാ​രോ രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും അ​വ​രു​ടെ പ്രാ​ദേ​ശി​ക​ത​ക​ൾ പി​ന്തു​ട​രാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു -ദൈ​വ​ത്തി​ന്‍റെ ഏ​ക​ത്വം എ​ന്ന പ്രാ​ഥ​മി​ക ഇ​സ്‍ലാ​മി​ക വി​ശ്വാ​സ​ത്തി​ന് എ​തി​രാ​കാ​ത്തി​ട​ത്തോ​ളം. ഇ​താ​ണ് ഇ​സ്‍ലാ​മി​നെ ലോ​ക​ത്തോ​ളം വ​ള​ർ​ത്തി​യ​തും എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ വൈ​വി​ധ്യ​പ്പെ​ടു​ത്തി​യ​തും.

മ​ദ്ഹ​ബു​ക​ൾ (മതാനുഷ്ഠാന സ​ര​ണി​ക​ൾ) രൂ​പ​പ്പെ​ടു​ന്ന​തി​നു മു​മ്പു​ത​ന്നെ ദ​ക്ഷി​ണേ​ന്ത്യ​ൻ തീ​ര​മേ​ഖ​ല​യി​ലേ​ക്ക​ട​ക്കം പ്ര​ച​രി​ച്ചി​രു​ന്നു. ഹി​ജ്റ 21ൽ ​ത​ന്നെ ഒ​രു സം​ഘം ആ​ളു​ക​ൾ ഇ​വി​ടെ വ​ന്നു​വെ​ന്നും പ്ര​ധാ​ന​പ്പെ​ട്ട തു​റ​മു​ഖ​ങ്ങ​ളി​ലൊ​ക്കെ പ​ള്ളി​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​വി​ട​ങ്ങ​ളി​ൽ ജ​ഡ്ജി​മാ​രെ​യും തു​റ​മു​ഖ മേ​ധാ​വി​ക​ളെ​യു​മൊ​ക്കെ നി​ശ്ച​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു എ​ന്ന​തി​ലേ​ക്ക​ട​ക്കം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ വി​ര​ൽ​ചൂ​ണ്ടു​ന്നു​ണ്ട്. കാ​റ്റി​ന്‍റെ ഗ​തി​യ​നു​സ​രി​ച്ചാ​യി​രു​ന്നു അ​ന്ന​വ​ർ സ​മു​ദ്ര​യാ​ത്ര​ക​ൾ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് മ​ൺ​സൂ​ൺ അ​നു​കൂ​ല​മാ​വു​ന്ന സ​മ​യ​ത്ത് മാ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര.

അ​തു​കൊ​ണ്ട് എ​ത്തി​ച്ചേ​രു​ന്ന​യി​ട​ങ്ങ​ളി​ൽ അ​വ​രു​ടേ​താ​യ മേ​ഖ​ല (എ​ൻ​ക്ലേ​വ്സ്) രൂ​പ​പ്പെ​ടു​ക​യും അ​ത് പി​ന്നീ​ട് ത​ദ്ദേ​ശീ​യ സ​മൂ​ഹ​മാ​യി പ​രി​വ​ർ​ത്തി​പ്പി​ക്ക​പ്പെ​ടു​ക​യു​മു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് മാ​ടാ​യി​യി​ൽ ഹി​ജ്റ അ​ഞ്ച് എ​ന്ന്​ അടയാളപ്പെടുത്തിയ ലി​ഖി​ത​ങ്ങ​ൾ കാ​ണു​ന്ന​ത്. അ​ക്കാ​ല​ത്ത് അ​റേ​ബ്യ​യി​ൽ​നി​ന്ന് യാ​ത്ര ചെ​യ്തി​രു​ന്ന​വ​ർ അ​ത​തു സ​മൂ​ഹ​ങ്ങ​ളി​ൽ നി​ല​നി​ന്ന സം​സ്കാ​ര​ങ്ങ​ളെ സ്വാം​ശീ​ക​രി​ക്കു​ക​യും ഇ​സ്‍ലാ​മി​നെ ത​ദ്ദേ​ശ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്നാ​ട്ടു​കാ​ർ​ക്ക് അ​ന്യ​താ​ബോ​ധം തോ​ന്നാ​ത്ത രീ​തി​യി​ൽ അ​വ​രു​മാ​യി ഇ​ട​പ​ഴ​കി ഈ ​മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ക്കാ​ൻ അവർക്കു സാ​ധി​ച്ചി​രു​ന്നു.

 

സ്‍ത്രീ കേ​ന്ദ്രി​ത​മാ​യ ഒ​രു വ്യ​വ​സ്ഥ​യി​ൽ ശ​ക്ത​മാ​യ ഇ​സ്‍ലാ​മി​ക സ​മൂ​ഹ​ങ്ങ​ൾ ഇ​വി​ടെ നി​ല​നി​ന്ന​താ​യി ഈ ​ച​രി​ത്ര പ​രി​ശോ​ധ​ന​യി​ൽ മ​ന​സ്സി​ലാ​ക്കാ​നാ​വു​ന്നു. അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ അവ​ർ പു​റന്ത​ള്ള​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ​ജീ​വ​മാ​യ കു​ടും​ബ വ്യ​വ​സ്ഥ, ക​ച്ച​വ​ട-യാ​ത്രാ സം​ഘ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ മാ​ന​മു​ള്ള തു​റ​മു​ഖ​ങ്ങ​ൾ, കു​ടും​ബ​ത്തി​ന​ക​ത്തും പു​റ​ത്തും സ്ത്രീ​യു​ടെ സ​ക്രി​യ​മാ​യ സാ​ന്നി​ധ്യം, സ്ത്രീ​യെ പ​രി​ഗ​ണി​ക്കു​ന്ന ശ​ക്ത​മാ​യ അ​ന​ന്ത​രാ​വ​കാ​ശ സം​വി​ധാ​നം തു​ട​ങ്ങി ഒ​ത്തി​രി സ​വി​ശേ​ഷ​ത​ക​ൾ കാ​ണാ​നാ​വു​ന്നു... എ​ങ്ങ​നെ​യാ​ണ് ഇ​വ ഇ​ത്ത​ര​ത്തി​ൽ സ്ത്രീ ​കേ​ന്ദ്രി​ത​മാ​യി മാ​റി​യ​ത്?

ഇ​സ്‍ലാം പ്ര​ച​രി​ച്ചെ​ത്തി​യ ചി​ല​യി​ട​ങ്ങ​ളി​ൽ സ്ത്രീ ​കേ​ന്ദ്രി​ത സ​മൂ​ഹ​ങ്ങ​ൾ നിലനിന്നി​രു​ന്നു. അ​തു​മാ​യി താ​ദാ​ത്മ്യ​പ്പെ​ട്ട സം​സ്കാ​ര​മു​ള്ള ഇ​സ്‍ലാം ക​ട​ന്നു​വ​ന്ന​പ്പോ​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ​മൂ​ഹ​ങ്ങ​ൾ​ക്ക് സ്ത്രീ ​കേ​ന്ദ്രി​ത വ്യ​വ​സ്ഥ​യെ മാ​റ്റേ​ണ്ട​തു​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സ​മൂ​ഹ​ത്തെ മാ​റ്റേ​ണ്ട ആ​വ​ശ്യം ഇ​സ്‍ലാ​മി​ക പ്ര​ചാ​ര​ക​ർ​ക്കു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ക​ദൈ​വ വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ൾ പ്രചരിപ്പിച്ച അവർ അതിനു ത​ട​സ്സ​മാ​വാ​ത്ത ഒ​ന്നി​നെ​യും മാ​റ്റാ​ൻ ശ്ര​മി​ച്ചി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ അ​ത്ത​ര​മൊ​രു ഇ​സ്‍ലാ​മി​നെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശീ​യ സ​മൂ​ഹ​ങ്ങ​ൾ​ക്കും പ്ര​യാ​സ​മി​ല്ലാ​യി​രു​ന്നു.

നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ഒ​രു ധാ​ര​ണ ഇ​ത്ത​ര​ത്തി​ലു​ള്ള മാ​തൃ​പ​ക്ഷ/ സ്ത്രീ ​കേ​ന്ദ്രി​ത ഇ​സ്‍ലാം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര സ​മൂ​ഹ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം തെ​റ്റി​ദ്ധാ​ര​ണ​ക​ൾ കൊ​ളോ​ണി​യ​ൽ ച​രി​ത്ര​ത്തി​ന്‍റെ സ്വാ​ധീ​നം​കൊ​ണ്ട് വ​ന്നു​ഭ​വി​ച്ച​താ​ണ്. അ​ത് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് പി​ന്നീ​ട് പ​ല​രും ചെ​യ്ത​ത്. ഇ​സ്‍ലാ​മി​ക ച​രി​ത്ര​ത്തി​ൽ ‘മ​ദ്ഹ​ബു​ക​ൾ’ അ​ഥ​വാ മതാനുഷ്ഠാന സ​ര​ണി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നു മു​മ്പ് ഇ​വി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​വ​സ്ഥി​തി നി​ല​നി​ന്നി​രു​ന്നു​വെ​ന്ന​താ​ണ് വ​സ്തു​ത. ഇ​ത് പ്ര​ധാ​ന​മാ​യും ശാ​ഫിഈ സരണി പി​ന്തു​ട​രു​ന്ന​വ​രി​ലാ​ണെ​ന്ന ധാ​ര​ണ​യും തെ​റ്റാ​ണ്.

ആ​ഫ്രി​ക്ക​യി​ലെ ഘാ​ന​യി​ൽ ഈ ​രീ​തി പി​ന്തു​ട​രു​ന്ന​ത് മാ​ലി​കി സരണിയിലുള്ളവ​രാ​ണ്. പ്രാ​ദേ​ശി​ക രീ​തി​ക​ൾ മ​ത​ത്തി​ന്‍റെ പ്രാ​ഥ​മി​ക ചി​ന്ത​ക​ൾ​ക്ക് എ​തി​ര​ല്ലെ​ങ്കി​ൽ അ​ത​തു സ​മൂ​ഹ​ങ്ങ​ളി​ലെ സം​സ്കാ​ര​ങ്ങ​ളും രീ​തി​ക​ളും ഉ​ൾ​ക്കൊ​ള്ളാ​മെ​ന്ന​താ​ണ് ഈ ​ച​രി​ത്ര​ങ്ങ​ൾ ന​ൽ​കു​ന്ന പാ​ഠം. അ​ത്ത​ര​ത്തി​ലു​ള്ള സ​മൂ​ഹ​ങ്ങ​ളി​ലാ​ണ് ഇ​സ്‍ലാ​മി​ന് കൂ​ടു​ത​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​തും കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​യ​തും.

മ​ല​ബാ​ർ ഭാ​ഗ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന മ​രു​മ​ക്ക​ത്താ​യ വ്യ​വ​സ്ഥ ഹൈ​ന്ദ​വ നാ​യ​ർ കു​ടും​ബ​ങ്ങ​ളി​ൽ തു​ട​ങ്ങി​യെ​ന്നും മ​തം​മാ​റ്റ​ത്തോ​ടെ മു​സ്‍ലിം കു​ടും​ബ​ങ്ങ​ളി​ലേ​ക്കു​ കൂ​ടി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടു എ​ന്നുമുള്ള വാ​യ​ന​യാ​ണ് ഇ​വി​ടെ പ്ര​ബ​ല​മാ​യി​ട്ടു​ള്ള​ത്. ഇ​തെ​ത്ര​ത്തോ​ളം ശ​രി​യാ​ണ്? ഏ​ഴാം നൂ​റ്റാ​ണ്ടി​ൽ അ​റേ​ബ്യ​യി​ൽ ഇ​സ്‍ലാ​മി​ലൂ​ടെ ചി​ര​പ​രിചി​ത​മാ​യ ഇ​ന്റ​ഗ്രേ​റ്റ​ഡ് വ്യ​വ​സ്ഥ ലോ​ക​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കെ​ന്നപോ​ലെ മ​ല​ബാ​ർ തീ​ര​ങ്ങ​ളി​ലേ​ക്കും ശൈ​ഖ് ഉ​ബൈ​ദു​ല്ല പ്ര​ബോ​ധ​ന​ത്തി​നെ​ത്തി​യ ല​ക്ഷ​ദ്വീ​പി​ലേ​ക്കും വ്യാ​പി​ച്ചു എ​ന്നാ​ണ് താ​ങ്ക​ളു​ടെ ച​രി​ത്ര വി​ശ​ക​ല​ന​ത്തി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാ​നാ​വു​ന്ന​ത്. അ​തു​വ​രെ ദ​ക്ഷി​ണേ​ന്ത്യ അ​റി​യാ​ത്ത പു​തി​യ ആ​ശ​യ​മാ​യി​രു​ന്നോ മാ​തൃ​കേ​ന്ദ്രി​ത​മാ​യ വ്യ​വ​സ്ഥ? അ​ത​ല്ല, നേ​ര​ത്തേ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​തി​ലേ​ക്ക് പു​റ​ത്തു​നി​ന്ന് വ​ന്ന​തു​കൂ​ടി ചേ​രു​ക​യാ​യി​രു​ന്നോ?

നാ​യ​ർ സ​മൂ​ഹ​ത്തി​ൽ​നി​ന്നാ​ണ് സ്ത്രീ ​കേ​ന്ദ്രി​ത ഇ​സ്‍ലാം രൂ​പ​പ്പെ​ട്ട​ത് എ​ന്ന​ത് പൂ​ർ​ണ​മാ​യും ശ​രി​യ​ല്ല. ഇ​വി​ടെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ലും സ്ത്രീ ​കേന്ദ്രി​ത ഗോ​ത്ര വ​ർ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഖി​സ്സ ച​ക്ര​വ​ർ​ത്തി പെ​രു​മാ​ൾ എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​മാ​യ ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി​യി​ലെ മാ​നു​സ്ക്രി​പ്റ്റ് പ്ര​കാ​രം ഇ​വി​ടെ ഇ​സ്‍ലാ​മി​ക പാ​ര​മ്പ​ര്യം ഹി​ജ്‌​റ ഇ​രു​പ​ത്തി ഒ​ന്നി​ൽത​ന്നെ ദൃ​ശ്യ​മാ​ണ്. അ​തി​ൽ പ​റ​യു​ന്ന പ​ള്ളി​ക​ൾ പണിത പ്ര​ധാ​ന തു​റ​മു​ഖ​ങ്ങളിലെ​ല്ലാം സ്ത്രീ ​കേ​ന്ദ്രി​ത ഇ​സ്‍ലാം പി​ന്തു​ട​രു​ന്ന​താ​യി കാ​ണാം. അ​തി​ലെ ഒ​രു പ​ള്ളി കോ​റ​മാ​ന്റ​ൽ തു​റ​മു​ഖ​ത്താ​ണ്. അ​വി​ടെ​യും മു​സ്‍ലിം​ക​ൾ സ്ത്രീ​കേന്ദ്രി​ത കു​ടും​ബ വ്യ​വ​സ്ഥി​തി പി​ന്തു​ട​രു​ന്നു. ല​ക്ഷ​ദ്വീ​പി​ലും ഇ​താ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

ക്രി.വ. 662ൽ ​ഇ​സ്‍ലാ​മി​ക പ്ര​ചാ​ര​ണ​ത്തി​ന് ശൈ​ഖ് ഉ​ബൈ​ദു​ല്ലാ ബിൻ മു​ഹ​മ്മ​ദ് മ​ദീ​ന​യി​ൽനി​ന്ന് മ​ല​ബാ​റി​നോ​ട് ചേ​ർ​ന്ന ല​ക്ഷ​ദ്വീ​പി​ൽ എ​ത്തി​യ​പ്പോ​ൾ ആ ​സ​മൂ​ഹ​ത്തി​ലെ കു​ടും​ബ വ്യ​വ​സ്ഥി​തി പൂ​ർ​ണ​മാ​യും പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ദ്വീ​പി​ലെ ഇ​സ്‍ലാ​മി​ന്‍റെ ച​രി​ത്രം തീ​ർ​ത്തും സ്ത്രീ​കേ​ന്ദ്രി​ത​മാ​ണ്. അ​വി​ട​ത്തെ കു​ടും​ബ വ്യ​വ​സ്ഥി​തി പൂ​ർ​ണ​മാ​യും മാ​തൃ​ദാ​യ​ക​മാ​ണ്. ഇ​ന്നും അ​വി​ടെ ഖാ​ദി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​ത് മാ​തൃപാ​ര​മ്പ​ര്യ​ത്തി​ൽനി​ന്നാ​ണ്. പി​ന്നീ​ട് ദ്വീ​പി​ന്‍റെ ച​രി​ത്രം എ​ഴു​തി​യ​പ്പോ​ൾ അ​വി​ടെ​യു​ള്ള സ്ത്രീ ​കേ​ന്ദ്രി​ത ഇ​സ്‍ലാം കേ​ര​ള​ത്തി​ൽ​നി​ന്ന് പോ​യ​താ​ണ് എ​ന്ന രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ൾ വ​ന്നു. എ​ന്നാ​ൽ, ഈ ​പ​ഠ​ന​ത്തി​ലൂ​ടെ അ​ത് തി​രു​ത്ത​പ്പെ​ടു​ക​യാ​ണ്.

ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ചൈ​ന, കൊ​റി​യ, ജ​പ്പാ​ൻ, മൊ​സാം​ബി​ക്, ഘാ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ആ​ദ്യകാ​ല ഇ​സ്‍ലാ​മി​ക ച​രി​ത്രം ആ​ധു​നി​ക ലോ​ക​ത്തി​ന് അ​ന്യ​മാ​ണ്. ആ ​അ​ർ​ഥ​ത്തി​ൽ അ​മൂ​ല്യ​മാ​യ ഒ​രു പ​രി​ശ്ര​മ​മാ​യി ഈ ​പു​സ്ത​കം അ​നു​ഭ​വ​പ്പെ​ടു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ മാ​തൃ​പാ​ര​മ്പ​ര്യ​ത്തി​ലൂ​ന്നി​യ ഇ​സ്‍ലാ​മി​ക സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് ചു​രു​ക്കി പ​റ​യാ​മോ?

ഇ​ന്തോ​നേ​ഷ്യ​യി​ലും മ​ലേ​ഷ്യ​യി​ലും ഫി​ലി​പ്പീ​ൻ​സി​ലും ഒ​ക്കെ ഒ​രു വി​ഭാ​ഗം മു​സ്‍ലിം​ക​ൾ മാ​തൃ​വം​ശ പാ​ര​മ്പ​ര്യം പി​ന്തു​ട​ർ​ന്ന് പോ​രു​ന്നു. ചൈ​ന​യി​ൽ​ സ്ത്രീകൾക്കു മാത്രമായുള്ള മ​സ്ജി​ദു​ക​ളു​ടെ വ​ലി​യ പാ​ര​മ്പ​ര്യംത​ന്നെ പ​റ​യാ​നു​ണ്ട്. കൊ​റി​യ​യി​ലും ജ​പ്പാ​നി​ലും പു​തി​യ രീ​തി​യി​ലു​ള്ള സ്ത്രീ ​കേ​ന്ദ്രി​ത ഇ​സ്‍ലാം ശ​ക്തിപ്രാ​പി​ക്കു​ന്നു. ആ​ഫ്രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ​ഴ​യ ഇ​സ്‍ലാ​മി​ക് സ്പെ​യി​നി​ലും ഇ​ത് നി​ല​നി​ന്നി​രു​ന്നു. ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് കൊ​ളം​ബ​സി​നു മു​മ്പ് സ്ത്രീ​പ​ക്ഷ ഇ​സ്‍ലാം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​തി​ന്‍റെ ച​രി​ത്ര​മാ​ണ് പാ​രി​സി​ൽനി​ന്നു​ള്ള സ​മീ​റ സ​ഈ​ദി എ​ഴു​തി​യ​ത്. ഇ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് നി​ക്സ​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന ഡോ. ​റോ​ബ​ർ​ട്ട് ക്രൈ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ന്‍റെ കു​ടും​ബം ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വം​ശ​മാ​യ ചെ​റോ​കീ വി​ഭാ​ഗ​ത്തി​ൽനി​ന്നാ​ണ് എ​ന്ന് അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ബ്രി​ട്ടീ​ഷു​കാ​രു​ടെ ആ​ഗ​മ​നം ഈ ​സം​സ്കാ​ര​ത്തെ എ​ങ്ങ​നെ​യാ​ണ് ബാ​ധി​ച്ച​ത്? ഇ​തി​നെ നാ​മാ​വ​ശേ​ഷ​മാ​ക്കു​ന്ന​തി​ൽ കൊ​ളോ​ണി​യ​ൽ ശ​ക്തി​യു​ടെ ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​യി മ​ന​സ്സി​ലാ​ക്കാ​നാ​വു​ന്നു..?

മാ​തൃപാ​ര​മ്പ​ര്യ​ങ്ങ​ളെ ‘അ​നി​സ്‍ലാ​മി​കം’ എ​ന്ന് മു​ദ്ര​കു​ത്തി അ​വ​യെ ഇ​ല്ലാ​താ​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ നി​യ​മം പാ​സാ​ക്കി. ല​ക്ഷ​ദ്വീ​പു​ക​ളി​ലെ നി​യ​മ​വും മ​ല​ബാ​റി​ലെ നി​യ​മ​വും ഒ​രേ കൊ​ളോ​ണി​യ​ൽ അ​ധി​കാ​ര​പ​രി​ധി​യി​ൽ ആ​യി​രു​ന്നി​ട്ടും മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ​പ്പോ​ലെ പു​തി​യ നി​യ​മ​ങ്ങ​ൾ ല​ക്ഷ​ദ്വീ​പി​നെ ബാ​ധി​ച്ചി​ല്ല. പ്രാ​ദേ​ശി​ക പാ​ര​മ്പ​ര്യ​ത്തി​നെ​തി​രാ​യ ഈ ​കൊ​ളോ​ണി​യ​ൽ ആ​ക്ര​മ​ണം മ​ല​ബാ​റി​ലെ മാ​തൃ​പ​ക്ഷ ഇ​സ്‍ലാ​മി​നെ വി​ഴു​ങ്ങി​യ​പ്പോ​ൾ, അ​റ​ക്ക​ൽ അ​ധി​കാ​രി​ക​ൾ അ​വ​രു​ടെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ലു​ള്ള ദ്വീ​പു​ക​ളി​ൽ പി​ന്തു​ട​രു​ന്ന വ​ഖഫ് മാ​തൃ​ക​യാ​ണ് സ്വീ​ക​രി​ച്ച​ത്.

1910ലെ ​മ​ല​ബാ​ർ പാ​ർ​ട്ടീ​ഷ​ൻ ബി​ൽ, 1918ലെ ​പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മം,1939ലെ ​മാ​പ്പി​ള മ​രു​മ​ക്ക​ത്താ​യ നി​യ​മം എ​ന്നി​വ​യു​ടെ തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ൾ വ​ന്നി​ട്ടും സ്ത്രീ ​കേ​ന്ദ്രി​ത​മാ​യ ഇ​സ്‍ലാ​മി​ക സം​സ്കാ​ര​ത്തെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ കൊ​ളോ​ണി​യ​ൽ ഗ​വ​ൺ​മെ​ന്‍റി​ന് അ​ത്ര ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. അ​റ​ക്ക​ൽ ഭ​ര​ണ കു​ടും​ബം ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മനി​ർ​മാ​ണ​ത്തി​ന് എ​തി​രാ​യി​രു​ന്നു. അ​വ​ർ കൂ​ട്ടു​കു​ടും​ബ വീ​ടു​ക​ളു​ടെ ത​ക​ർ​ച്ച ത​ട​യാ​നും സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ ഉ​ന്ന​ത​മാ​യ മാ​തൃ​പ​ര​മ്പ​ര നി​ല​നി​ർ​ത്താ​നും ഏ​ക മാ​ർ​ഗ​മാ​യി വ​ഖഫ് ​അ​ൽ ​ഔ​ലാ​ദ് സ്വീ​ക​രി​ച്ചു. ഇ​ത​നു​സ​രി​ച്ച് മാ​തൃ​പ​ര​മാ​യി സ്വ​ത്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്തു അ​വ​ർ സ്ത്രീ​പ​ക്ഷ ഇ​സ്‍ലാ​മി​നെ സം​ര​ക്ഷി​ച്ചു.

മ​ല​ബാ​റി​ലെ സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫി​സ​റും ബ്രി​ട്ടീ​ഷ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ചാ​ൾ​സ് അ​ല​ക്സാ​ണ്ട​ർ ഇ​ന്ന​സ് (1874-1959) ത​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ വ​ട​ക്കേ മ​ല​ബാ​റി​ൽ മാ​പ്പി​ള​മാ​ർ ഖു​ർ​ആൻ പാ​ര​മ്പ​ര്യ​ത്തി​നു എ​തി​രാ​യ മ​രു​മ​ക്ക​ത്താ​യം പി​ന്തു​ട​രു​ന്നു എ​ന്ന് എ​ഴു​തി. അ​തു​കൊ​ണ്ട് ആം​ഗ്ലോ-​മു​ഹ​മ്മ​ദ​ൻ നി​യ​മം ന​ട​പ്പാക്കി, മു​സ്‍ലിം സ്ത്രീ​ക​ളു​ടെ സ്വ​ത്ത് സ്വ​ന്ത​മാ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം വെ​ട്ടി​ക്കു​റ​ച്ച് പ​ര​മ്പ​രാ​ഗ​ത വ്യ​വ​സ്ഥ​യെ മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഈ ​നി​യ​മ ച​ട്ട​ക്കൂ​ട്, അ​റ​ബ് സം​സ്കാ​രം ഇ​സ്‍ലാ​മി​ന്‍റെ സ​ത്ത​യാ​ണെ​ന്ന തെ​റ്റാ​യ​തും പു​രു​ഷാ​ധി​പ​ത്യ​പ​ര​വു​മാ​യ അ​നു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. കൂ​ടാ​തെ, ഇ​സ്‍ലാ​മി​ക നി​യ​മം സ്ത്രീ​ക​ൾ​ക്ക് ആ​ചാ​ര​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും അ​നു​വ​ദി​ക്കു​ന്നു​വെ​ന്ന വ​സ്തു​ത അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്തു.

 

കോഴിക്കോട്ട്​ നടന്ന രാജ്യാന്തര ഇബ്ൻ ബത്തൂത്ത സമ്മേളനത്തിൽ ഡോ. അബ്ബാസ്​ പനക്കൽ സംസാരിക്കുന്നു

കോഴിക്കോട്ട്​ നടന്ന രാജ്യാന്തര ഇബ്ൻ ബത്തൂത്ത സമ്മേളനത്തിൽ ഡോ. അബ്ബാസ്​ പനക്കൽ സംസാരിക്കുന്നു

19ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ പ​രി​ഷ്ക​ര​ണ​വു​മാ​യെ​ത്തി​യ സ​ല​ഫി-വ​ഹാ​ബി​ ആ​ശ​യ​ങ്ങ​ൾ സ്ത്രീ​കേ​ന്ദ്രി​ത​മാ​യ ഈ ​വ്യ​വ​സ്ഥ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​പി​ച്ച​താ​യി താ​ങ്ക​ളു​ടെ ലേ​ഖ​ന​ത്തി​ൽ​നി​ന്ന് വാ​യി​ച്ചെ​ടു​ക്കാ​ം. യ​ഥാ​ർ​ഥ​ത്തി​ൽ ഈ ‘​പ​രി​ഷ്ക​ര​ണ’​വാ​ദ​മ​ല്ലേ ആ​ധു​നി​ക കാ​ല​ത്തും മു​സ്‍ലിം​ക​ളെ സ്ത്രീ ​വി​രു​ദ്ധ​തയിലേ​ക്ക് വീ​ണ്ടും ത​ള്ളി​യി​ട്ട​ത്?

കൊ​ളോ​ണി​യ​ൽ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും അ​റ​ബ് കേ​ന്ദ്രീ​കൃ​ത സ​ല​ഫി മ​ത ‘പ​രി​ഷ്‌​ക​ര​ണ’ പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും സം​യോ​ജി​ത ശ​ക്തി​യു​ടെ ഫ​ല​മാ​യി നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മാ​തൃ​വം​ശീ​യ പാ​ര​മ്പ​ര്യ​ങ്ങ​ൾ മാ​റ്റി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു. ഈ ​സ്വ​യം പ്ര​ഖ്യാ​പി​ത ‘പ​രി​ഷ്കര​ണ​വാ​ദി​ക​ൾ’ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്രാ​ദേ​ശി​ക മു​സ്‍ലിം മാ​തൃ​പ​ക്ഷസ​മ്പ്ര​ദാ​യ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. സ​ല​ഫി ചി​ന്ത​യാ​ൽ സ്വാ​ധീ​നി​ക്ക​പ്പെ​ട്ട മ​ത പു​രോ​ഹി​ത​ർ മാ​തൃപാ​ര​മ്പ​ര്യം ‘അ​നി​സ്‍ലാ​മി​കം’ ആ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. കൂ​ടാ​തെ, സ്വ​ത്തി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശം പു​രു​ഷവം​ശ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ബി​ൽ -1963​ലെ മാ​പ്പി​ള മ​രു​മ​ക്ക​ത്താ​യ (ഭേ​ദ​ഗ​തി) നി​യ​മം പാ​സാ​ക്കാ​ൻ സ​ഹാ​യി​ച്ചു. സ്ത്രീ ​കേ​ന്ദ്രീ​കൃ​ത ഇ​സ്‌​ലാ​മി​ന്‍റെ സാം​സ്‌​കാ​രി​ക നേ​ട്ട​ങ്ങ​ളും മേ​ഖ​ല​യി​ലെ അ​തി​ന്‍റെ സം​യോ​ജി​ത സ​മ്പ്ര​ദാ​യ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു.

യ​ഥാ​ർ​ഥ ‘പ​രി​ഷ്ക​ര​ണ​ത്തി​നു’ പ​ക​രം, ഈ ​നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ സ്ത്രീ​ക​ളു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന പു​രു​ഷാ​ധി​പ​ത്യ​ത്തെ മു​സ്‍ലിം​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കി. പ്ര​ത്യേ​കി​ച്ച് കു​ടും​ബ സ്വ​ത്തു​ക്ക​ൾ സ്ത്രീ​ക​ൾ​ക്ക് സ്വാ​യ​ത്ത​മാ​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ടപ്പെ​ടു​ത്തി. സൗ​ദി​യു​ടെ ഒ​രു അ​പ്ര​മാ​ദി​ത്വ കാ​ല​ത്ത് സൗ​ദി ഒ​രു ‘അ​റ​ബൈ​സ്ഡ്’ ഇ​സ്‍ലാ​മി​നെ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. അ​വി​ടന്ന് പു​റ​പ്പെ​ടു​വി​ക്കു​ന്ന ഫ​ത്‍വ​ക​ളും അ​വ​രു​ടെ ഡ്ര​സ്​ കോ​ഡും ആ​ർ​കി​ടെ​ക്ച​റും ഒ​ക്കെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ട്ടു; ഒ​പ്പം അ​വിടത്തെ ആ​ചാ​ര​ങ്ങ​ളും.

അ​വി​ടം​ മു​ത​ൽ കൂ​ടി​യാ​ണ് പി​ന്നീ​ട് പ​ല സ​മൂ​ഹ​ങ്ങ​ളി​ലെ​യും സ്ത്രീ​കേ​ന്ദ്രി​ത ഇ​സ്‍ലാം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തൊ​ന്നും ഇ​സ്‍ലാ​മി​ക​മ​ല്ല എ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി മാ​റ്റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലെ മി​നം​ഗ​ബാ​വോ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് സൗ​ദി​യി​ൽ​വ​ന്ന് പ​ഠി​ച്ചു​പോ​യ പ​ണ്ഡി​ത​ൻ​മാ​ർ അ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന സ്ത്രീ​കേ​ന്ദ്രി​ത ഇ​സ്‍ലാ​മി​നെ​തി​രെ സാ​യു​ധ പോ​രാ​ട്ടം ന​ട​ത്തി. ഇ​തി​നെ പാ​തി​രിയു​ദ്ധം എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. സൗ​ദി​യി​ൽ​നി​ന്ന് പ​ഠി​ച്ചു​വ​ന്ന​വ​ർ അ​വി​ടത്തെ സ്ത്രീപ​ക്ഷ ഇ​സ്‍ലാ​മി​നെ അ​നി​സ്‍ലാ​മി​ക​മാ​യി​ക്ക​ണ്ടു.

പ​ര​മ്പ​രാ​ഗ​ത വ്യാ​ഖ്യാ​ന​ങ്ങ​ളി​ലൂ​ടെ കേ​വ​ലം അ​റ​ബ് പു​രു​ഷ​ന്‍റെ മ​ത​മാ​യി​ട്ടാ​ണ് ആ​ധു​നി​ക ലോ​ക​ത്ത് ഇ​സ്‍ലാം പ്ര​ച​രി​ക്കു​ന്ന​ത്..?

ഇ​സ്‍ലാ​മി​ലേ​റ്റ​വും പ്രാ​ധാ​ന്യം നീതിക്കാ​ണ്. അ​തത് സ​മൂ​ഹ​ങ്ങ​ളി​ലെ​ നീ​തി​ക്കാ​ണ് അ​ത് പ്രാ​ധാ​ന്യം ക​ൽ​പി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ട് അ​തി​ന് പു​രു​ഷകേ​ന്ദ്രി​ത​മെ​ന്നോ സ്ത്രീകേ​ന്ദ്രി​ത​മെ​ന്നോ ഉ​ള്ള പ​രി​ക​ൽ​പ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​രു​ടെ പ്ര​ാദേ​ശി​ക​മാ​യ ആ​ചാ​ര​ങ്ങ​ളെ സ്വാം​ശീ​ക​രി​ച്ച് വ​ള​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് അ​റേ​ബ്യ എ​ന്ന​ത് വി​ട്ട് സൗ​ദി അ​റേ​ബ്യ രൂ​പ​പ്പെ​ടു​ക​യും അ​വ​ർ അ​വ​രു​ടേ​താ​യ ഇ​സ്‍ലാ​മി​നെ ലോ​ക​ത്ത് മൊ​ത്തം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഒട്ടോ​മ​ൻ രാ​ജാ​ക്ക​ൻ​മാ​രു​മാ​യു​ള്ള രാ​ഷ്ട്രീ​യ ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ സം​ഘ​ട​ന​ക​ളെ ഉ​ണ്ടാ​ക്കി ലോ​കം മു​ഴു​വ​ൻ ഇ​ത് സ്പോ​ൺ​സ​ർ ചെ​യ്തു.

വി​വി​ധ പ്ര​ദേ​ശ​ത്ത് നി​ന്നു​ള്ള​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി അ​വ​രു​ടെ രീ​തി​യി​ലു​ള്ള ഫ​ത്‍വ​ക​ളും നി​യ​മ​വു​മൊ​ക്കെ പ​ഠി​പ്പി​ച്ചു. അ​ങ്ങ​നെ പ​ഠി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​ർ വൈ​വി​ധ്യപൂ​ർ​ണ​മാ​യ പ്രാ​ദേ​ശി​ക ഇ​സ്‍ലാ​മി​നെ ത​ള്ളി​പ്പ​റ​യാ​ൻ തു​ട​ങ്ങി. ന​മ്മു​ടെ നാ​ട്ടി​ലു​ള്ള ഇ​സ്‍ലാം ഇ​ത​ല്ല​ല്ലോ​യെ​ന്നും അ​ത് തെ​റ്റാ​ണ​ല്ലോ എ​ന്നും ചി​ന്തി​ച്ചു. അ​ത്ത​രം ധാ​ര​ണ​യു​ടെ പു​റ​ത്ത് അ​ന്നാ​ടു​ക​ളി​ലെ പ്രാ​ദേ​ശി​ക​മാ​യ ഇ​സ്‍ലാ​മി​നെ​തി​രി​ൽ പ​ല രീ​തി​യി​ലു​ള്ള ‘യു​ദ്ധ​പ്ര​ഖ്യാ​പ​നം’ ന​ട​ത്തു​ക​യും ചെ​യ്തു.

ഇ​സ്‍ലാ​മി​ക നി​യ​മ​ത്തി​ന്‍റെ വ്യാ​ഖ്യാ​ന​ങ്ങ​ൾ എ​ങ്ങ​നെ പ​ല​പ്പോ​ഴും പു​രു​ഷകേ​ന്ദ്രി​ത​മാ​യി എ​ന്ന​തും ഈ ​പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. പി​ൽ​ക്കാ​ല​ത്ത് രൂ​പ​പ്പെ​ട്ട ഇ​സ്‍ലാ​മി​ക ക​ർ​മ​ശാ​സ്ത്ര​ങ്ങ​ൾ പ​ല​ കാ​ര​ണ​ങ്ങ​ളാ​ൽ പു​രു​ഷ​ന്‍റെ കേ​ന്ദ്ര പ​ങ്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. കൂ​ടാ​തെ, മു​സ്‍ലിം സ​മൂ​ഹം പൊ​തു​വെ പു​രു​ഷ​നെ കു​ടും​ബ​ത്തി​ന്‍റെ നേ​താ​വും സം​ര​ക്ഷ​ക​നു​മാ​യി ക​ണ​ക്കാ​ക്കു​ന്നു. കു​ടും​ബ​ത്തി​ലെ ര​ക്ഷാ​ക​ർ​തൃ​ത്വം പു​രു​ഷ​നെ ഏ​ൽ​പി​ച്ചി​രി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​പാ​ലി​ക്കു​ന്ന ഒ​രു പു​രു​ഷ​നാ​ണ് വി​വാ​ഹ ക​ർ​മം ന​ട​ത്തു​ന്ന​ത്. ഈ ​ആ​ശ​യ​ങ്ങ​ളും വി​ധി​ന്യാ​യ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ പ​ങ്കി​നെ​യും ച​ല​നാ​ത്മ​ക​ത​യെ​യും ചു​റ്റി​പ്പ​റ്റി ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.

ഇ​സ്‌​ലാ​മി​ക അനുഷ്ഠാന​ ശാ​സ്ത്ര​ത്തി​ലെ സ്ത്രീ​ക​ളെ​യും ലിം​ഗ​ഭേ​ദ​ത്തെ​യും കു​റി​ച്ചു​ള്ള സ​മ​കാ​ലി​ക പ​ഠ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള​തും ച​രി​ത്ര​പ​ര​വു​മാ​യ ഇ​സ്‌​ലാം സ​ത്ത​യി​ൽ​ത​ന്നെ പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​ണെ​ന്നും ച​രി​ത്ര​ത്തി​ലു​ട​നീ​ളം മു​സ്‌​ലിം സ​മൂ​ഹ​ങ്ങ​ൾ സ്ത്രീ​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യും പു​രു​ഷ​ന്മാ​രു​ടെ പ​ങ്ക് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​കയും ചെയ്യുന്നു​വെ​ന്ന നി​ല​പാ​ടി​നെ പ​രി​പോ​ഷി​പ്പി​ച്ചു.

എ​ന്നാ​ൽ, ഇ​തി​ന്‍റെ നി​യ​മ​സാ​ധു​ത​യു​ടെ ഉ​റ​വി​ട​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത​മാ​യ ഗോ​ത്ര ആ​ചാ​ര​ങ്ങ​ളു​ടെ​യും അ​റ​ബ് പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും ഇ​ട​യി​ലാ​ണ്. സ​മ​കാ​ലി​ക മു​സ്‍ലിം​ക​ളു​ടെ ആ​റി​ലൊ​ന്നി​നെ​ പോ​ലും പ്ര​തി​നി​ധാനം ചെയ്യുന്നി​ല്ലെ​ങ്കി​ലും അ​റ​ബി​ക​ൾ സാ​ധാ​ര​ണ​യാ​യി ഇ​സ്‍ലാ​മി​ന്‍റെ ഉ​റ​വി​ട​മാ​യും സ്ഥി​ര​മാ​യ പ്ര​തി​നി​ധി​ക​ളാ​യും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​സ്‍ലാ​മി​ക നി​യ​മ​ശാ​സ്ത്ര​ത്തി​ന് സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റ​ബ് ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് അ​വ​രു​ടെ ഇ​സ്‍ലാ​മി​ൽ അ​തി​നു​മു​മ്പു​ള്ള പ​ല രീ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നു​മൊ​ക്കെ​യു​ള്ള അ​ന്വേ​ഷ​ണ​വും ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​യി​ട്ടു​ണ്ട്.

നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ട്ടി​യ​തു​പോ​ലെ, കു​ടും​ബ​പ​ര​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ വി​വി​ധ ഇ​സ്‍ലാ​മി​ക വ്യ​വ​സ്ഥ​ക​ളു​ടെ പ​ര​മോ​ന്ന​ത മൂ​ല്യം നീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. അ​തി​ന് തെ​ളി​വാ​യി ഖു​ർ​ആ​നി​ൽ നി​ര​വ​ധി വാ​ക്യ​ങ്ങ​ൾ ഉ​ണ്ട്. കു​ടും​ബ​ത്തി​ന​ക​ത്തെ തീ​രു​മാ​ന​മെ​ടു​ക്ക​ൽ പ്ര​ക്രി​യ​യെ നി​യ​ന്ത്രി​ക്കു​ന്ന അ​ടി​സ്ഥാ​ന മൂ​ല്യം, അ​തി​ലെ ഒ​രു അം​ഗം മ​റ്റു​ള്ള​വ​രി​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ന്നി​ല്ലെ​ന്നും കു​ടും​ബം സ്വേ​ച്ഛാ​ധി​പ​തി​ക​ളെ​യോ അ​ടി​മ​ക​ളെ​യോ നി​ർ​മി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​മാ​യി മാ​റു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​ന്നു. അ​വ​കാ​ശ​ങ്ങ​ളു​ടെ​യും ക​ട​മ​ക​ളു​ടെ​യും സ​ന്തു​ലി​താ​വ​സ്ഥ​യി​ലും ഈ ​മൂ​ല്യ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ പ്ര​ക​ട​ന​മു​ണ്ട്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​ന​ന്ത​രാ​വ​കാ​ശ പ്ര​ശ്നം. വി​വാ​ഹി​ത​യാ​യ സ്ത്രീ​ക്ക് കു​ടും​ബ​ത്തി​നു​ള്ളി​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പു​രു​ഷ​ന്‍റെ വി​ഹി​ത​ത്തി​ന്‍റെ പ​കു​തി സ്ത്രീ​ക്ക് അ​നു​വ​ദി​ക്കു​ന്നു. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക ഉ​ത്ത​ര​വാ​ദി​ത്തം പു​രു​ഷ​ന്മാ​ർ​ക്കാ​ണ്. ഒ​രു സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വീ​ക്ഷ​ണ​കോ​ണി​ൽനി​ന്ന് ഈ ​വി​ഷ​യ​ത്തെ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ ​സ​മ്പ്ര​ദാ​യ​മ​നു​സ​രി​ച്ച് സ്ത്രീ​ക​ൾ​ക്ക് പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ലെ എ​ൻ​ഡോ​വ്‌​മെ​ന്‍റു​ക​ൾ അ​ങ്ങ​നെ പ​രി​ഷ്‌​കൃ​ത സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും ഫ​ല​പ്ര​ദ​മാ​കു​ന്ന ഒ​രു മേ​ഖ​ല​യാ​യി മാ​റി​യെ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മി​ക്ക എ​ൻ​ഡോ​വ്‌​മെ​ന്‍റു​ക​ളും സ്ത്രീ​ക​ൾ അ​വ​രു​ടെ സ്വ​ന്തം പ​ണ​ത്തി​ൽനി​ന്നാ​ണ് സ്ഥാ​പി​ച്ച​തെ​ന്ന് ഞ​ങ്ങ​ൾ ക​ണ്ടെ​ത്തി.

 

2023 നവംബറിൽ ജകാർത്തയിൽ നടന്ന രാജ്യാന്തര സെമിനാറിൽ അബ്ബാസ്​ പനക്കലിന്​ സംഘാടകർ ആദരം സമ്മാനിക്കുന്നു

2023 നവംബറിൽ ജകാർത്തയിൽ നടന്ന രാജ്യാന്തര സെമിനാറിൽ അബ്ബാസ്​ പനക്കലിന്​ സംഘാടകർ ആദരം സമ്മാനിക്കുന്നു

മു​സ്‍ലിം ലോ​കം പ്ര​ത്യേ​കി​ച്ച് അ​തി​ൽ സ്ത്രീ​വി​രു​ദ്ധ​ത ആ​രോ​പി​ച്ചു​കൊ​ണ്ട്, ക​ടു​ത്ത തോ​തി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ന്ന കാ​ല​ത്ത് ഇ​ത്ത​ര​മൊ​രു കൃതി വൈ​ജ്ഞാ​നി​കലോ​ക​ത്തിനു സ​മ​ർപ്പി​ക്കു​മ്പോ​ൾ താ​ങ്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും എ​ന്താ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്?

ഇ​സ്‍ലാം ഏ​തു സ​മൂ​ഹ​ത്തി​നും പാ​ര​മ്പ​ര്യ​ത്തി​നും സം​സ്കാ​ര​ത്തി​നും ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​താ​ണ്. അനുഷ്ഠാനസ​ര​ണി​ക​ളു​ടെ രൂ​പ​പ്പെ​ട​ലു​ക​ൾ​ക്കു മു​മ്പു​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് വ്യ​വ​സ്ഥി​തി​ക​ൾ നി​ല​നി​ന്നി​രു​ന്നു. അ​തത് സ​മൂ​ഹ​ങ്ങ​ൾ അ​ത് പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ടു ജീ​വി​ച്ചു. അ​ക്കാ​ര്യം ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഞ​ങ്ങ​ൾ ഇ​തി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ന്ന​ത്.

News Summary - weekly interview