Begin typing your search above and press return to search.
proflie-avatar
Login

‘നാട്ടുഭാഷകള്‍ ശക്തമാവണം എന്നത് പുതിയ കാലത്തിന്‍റെ രാഷ്ട്രീയ ആവശ്യമാണ്’

‘നാട്ടുഭാഷകള്‍ ശക്തമാവണം   എന്നത് പുതിയ കാലത്തിന്‍റെ   രാഷ്ട്രീയ ആവശ്യമാണ്’
cancel

മാധ്യമം ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ‘രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയിലൂടെ കവി പ്രഭാവർമക്ക്​ സരസ്വതി സമ്മാൻ ലഭിച്ചു. പുരസ്​കാരത്തി​ന്റെ പശ്ചാത്തലത്തിൽ ​അദ്ദേഹം കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും നിലപാടുകളെക്കുറിച്ചും തുറന്നു സംസാരിക്കുന്നു.‘‘എന്‍റെ ജീവശ്വാസത്തിന്‍റെ ഭാഷയാണു കവിത. അത്രമേല്‍ സ്വാഭാവികമായി കൈവരുന്നതാണത്. മനസ്സു വല്ലാതെ വിങ്ങുമ്പോള്‍ ഉണ്ടാവുന്ന തേങ്ങല്‍പോലെ, അറിയാതെ തുളുമ്പുന്ന കണ്ണീര്‍പോലെ... അത്രമേല്‍ സ്വാഭാവികം’’ -കവി പ്രഭാവർമ പറയുന്നു. രാജ്യത്തെ പ്രമുഖ പുരസ്​കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ ലഭിച്ചതി​ന്റെ നിറവിലാണ്​ അദ്ദേഹം. 33 വർഷത്തിനിടയിൽ...

Your Subscription Supports Independent Journalism

View Plans
മാധ്യമം ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ‘രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയിലൂടെ കവി പ്രഭാവർമക്ക്​ സരസ്വതി സമ്മാൻ ലഭിച്ചു. പുരസ്​കാരത്തി​ന്റെ പശ്ചാത്തലത്തിൽ ​അദ്ദേഹം കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും നിലപാടുകളെക്കുറിച്ചും തുറന്നു സംസാരിക്കുന്നു.

‘‘എന്‍റെ ജീവശ്വാസത്തിന്‍റെ ഭാഷയാണു കവിത. അത്രമേല്‍ സ്വാഭാവികമായി കൈവരുന്നതാണത്. മനസ്സു വല്ലാതെ വിങ്ങുമ്പോള്‍ ഉണ്ടാവുന്ന തേങ്ങല്‍പോലെ, അറിയാതെ തുളുമ്പുന്ന കണ്ണീര്‍പോലെ... അത്രമേല്‍ സ്വാഭാവികം’’ -കവി പ്രഭാവർമ പറയുന്നു. രാജ്യത്തെ പ്രമുഖ പുരസ്​കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ ലഭിച്ചതി​ന്റെ നിറവിലാണ്​ അദ്ദേഹം. 33 വർഷത്തിനിടയിൽ നാലാം തവണയാണീ പുരസ്കാരം മലയാളക്കരയെ തേടിയെത്തുന്നത്. മാധ്യമം ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ‘രൗദ്രസാത്വിക’മാണ് കവിക്ക്​ പുരസ്കാരം സാധ്യമാക്കിയത്​. അവാർഡി​ന്റെ പശ്ചാത്തലത്തിൽ പ്രഭാവർമ ത​ന്റെ എഴുത്തുവഴികളെക്കുറിച്ചും കവിതയെക്കുറിച്ചും സംസാരിക്കുന്നു.

32 വര്‍ഷത്തിനിടയില്‍ നാലാം തവണയാണ് മലയാള മണ്ണിലേക്ക് സരസ്വതി സമ്മാന്‍ കടന്നുവരുന്നത്. ഈ പുരസ്കാരത്തെ എങ്ങനെ നോക്കിക്കാണുന്നു? ആര്‍ക്ക് സമര്‍പ്പിക്കും?

സരസ്വതി സമ്മാന്‍ ലഭിക്കുന്നത് വ്യക്തിപരമായ നിലയില്‍ സന്തോഷകരംതന്നെയാണ്. എന്നാല്‍, അതിലുമുപരിയായ മറ്റൊരു സന്തോഷമുണ്ട്. അത് മലയാള ഭാഷയിലേക്ക് നീണ്ട ഇടവേളക്കു ശേഷമാണെങ്കിലും ഒരു കുറി കൂടി ഈ ദേശീയ പുരസ്കാരം വന്നതിന് ഞാന്‍, അഥവാ എന്‍റെ കൃതി ഒരു ഉപാധിയായല്ലോ എന്നതാണ്. നമ്മുടെ ഭാഷ, ഇന്ത്യയിലെ എന്നല്ല, ലോകത്തിലെതന്നെ ഒരു ഭാഷക്കും പിന്നിലല്ല. നമ്മുടെ സാഹിത്യത്തിന്‍റെ കാര്യവും അങ്ങനെതന്നെ. എന്നാല്‍, നമ്മുടെ ഭാഷക്കോ സാഹിത്യത്തിനോ അര്‍ഹതപ്പെട്ട അംഗീകാരം പൊതുവില്‍ ലഭിക്കാറില്ല. ഭാഷ ചെറുതായതൊന്നുമല്ല ഇതിന്‍റെ പിന്നിലെ കാരണം.

ഇതിന് ഒരേ ഒരു കാരണമേയുള്ളൂ. അത് ഇന്ത്യയില്‍ ഇന്നും നിലവിലുള്ള ഏക ഭാഷാധിപത്യ മനോഭാവമാണ്. ഈ മനോഭാവത്തിന്‍റെ ഭീതിദമായ മാനങ്ങളിലേക്കുള്ള വളര്‍ച്ചയെയാണ് ‘ഒരു ഭാഷ, ഒരു രാജ്യം, ഒരു സംസ്കാരം’ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തില്‍ നാം കാണുന്നത്. ഇതിലെ മനോഭാവം ദേശീയതലത്തില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. അതിന്‍റെ പ്രതിഫലനം ഓരോ രംഗത്തും കാണാം. എന്നാല്‍, ഇതിലെ ആപത്ത് നമ്മള്‍ വേണ്ടപോലെ കാണുന്നുണ്ടോ? ഇല്ല എന്നേ പറയാനാവൂ.

ഇതിന്‍റെ ഒരുദാഹരണമാണ് അക്കിത്തത്തിനു ജ്ഞാനപീഠം ലഭിച്ചപ്പോള്‍ കേരളത്തിലെതന്നെ ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായ വിമര്‍ശനം. മലയാളത്തിനു ലഭിക്കുന്ന അര്‍ഹതപ്പെട്ട അംഗീകാരം എന്ന നിലയില്‍ അഭിമാനത്തോടെ അതിനെ ഏറ്റെടുക്കുന്നതിലായിരുന്നില്ല, മറിച്ച് അതിനു പിന്നില്‍ സാഹിത്യേതരമായ ഏതോ പരിഗണനയാണുള്ളതെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ചില കേന്ദ്രങ്ങളുടെ ശ്രമം. സത്യത്തില്‍ ഇത് കേരളീയത എന്ന വികാരത്തെ, മലയാളിത്തം എന്ന വികാരത്തെ ഒറ്റുകൊടുക്കുകയാണ്. തമിഴർ ഇതു ചെയ്യില്ല. തെലുങ്കരോ കന്നടിഗരോ ചെയ്യില്ല. മലയാളി ഇതു ചെയ്യും. ഇതാണു വ്യത്യാസം.

ഇങ്ങനെ ചെയ്യുന്നത് ഫലത്തില്‍ നാട്ടുഭാഷകളെ തലപൊക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള ഏകഭാഷാധിപത്യമനസ്സിന്‍റെ തന്ത്രങ്ങളെ ശക്തിപ്പെടുത്തലാണ്. ‘ബഹുവര്‍ണ ശബള ഭാരതം’ എന്ന സങ്കല്‍പത്തെ ‘ഏകവര്‍ണ വിരസ ഭാരതം’എന്ന സങ്കല്‍പംകൊണ്ടു പകരംവെക്കാനുള്ള സര്‍വാധിപത്യപരമായ നീക്കങ്ങള്‍ നാമിന്ന് എല്ലാ ദിക്കിലും കാണുന്നുണ്ടല്ലോ. ഭാഷാസാഹിത്യ രംഗത്തും ഇതുണ്ട്. സംസ്കൃതത്തിന്‍റെ ദുഷ്പ്രതാപത്തെ വെല്ലുവിളിച്ചുകൊണ്ടാണ് നാട്ടുഭാഷാ സാഹിത്യങ്ങള്‍ ഭക്തിപ്രസ്ഥാനത്തിന്‍റെ കാലത്തടക്കം ശക്തിപ്പെട്ടത്. നാട്ടുഭാഷകള്‍ ശക്തമാവണം എന്നത് പുതിയ കാലത്തിന്‍റെ രാഷ്ട്രീയ ആവശ്യംകൂടിയാണ്. നഷ്ടപ്പെടുത്തിക്കൂടാത്ത പലതും നഷ്ടപ്പെടാനിടയുണ്ടെന്നു കരുതുന്ന ഒരു ജനത ഇഞ്ചോടിഞ്ചു പൊരുതിനില്‍ക്കും. ആ പോരാട്ടവീറിന് ഊർജം പകരുന്ന പലതിലൊന്ന് ഭാഷയാണ്; സാഹിത്യമാണ്; ഇവ രണ്ടിലും ഉള്ള അഭിമാനമാണ്.

ഈ പശ്ചാത്തലത്തില്‍, ഈ പുരസ്കാരം ഞാന്‍ മലയാള ഭാഷക്കും മലയാള സാഹിത്യത്തിനും മുന്നില്‍ സമര്‍പ്പിക്കുന്നു. പിന്നെ, മറ്റൊന്നുണ്ട്. ‘രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായിക ആദ്യമായി പ്രകാശിതമായത് മാധ്യമം ആഴ്​ചപ്പതിപ്പിലാണ്. ‘മാധ്യമ’ത്തില്‍ പൊതുവില്‍ വരാറുള്ള കവിതകളുടെ സമ്പ്രദായത്തില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ അതു പ്രസിദ്ധീകരിച്ചത് ബഹുസ്വരത സാഹിത്യരംഗത്തു നിലനില്‍ക്കണമെന്ന ‘മാധ്യമ’ത്തിന്‍റെ സാംസ്കാരിക നിഷ്കര്‍ഷതകൊണ്ടാണ്. അങ്ങേയറ്റം ആദരണീയമാണത്. ആ ദീര്‍ഘകവിത ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് ലാഭനഷ്ടങ്ങള്‍ നോക്കാത്ത വലിയ ഒരു മനസ്സ് ‘മാധ്യമ’ത്തിനുള്ളതുകൊണ്ടുകൂടിയാണ്. അതിനെ ആദരിക്കുന്നു. മാധ്യമം ഫ്രറ്റേണിറ്റിക്കാകെ ഹൃദയപൂർവം ഞാന്‍ നന്ദിപറയുന്നു. ‘രൗദ്രസാത്വിക’ത്തെ സാഹിത്യലോകത്തേക്ക് ആനയിച്ചത് ‘മാധ്യമ’മാണ്.

 

‘രൗദ്രസാത്വികം’ കവിയും വിപ്ലവസംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിന്‍റെ മനോവിചാരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്​. ആ രചനാവഴികളെക്കുറിച്ച് പറയാമോ?

വായനയില്‍ നാടകീയമായ ചില മുഹൂര്‍ത്തങ്ങള്‍ മുള്ളുപോലെ മനസ്സില്‍ തറയും. ചോര പൊടിയും. വായന അവിടെ നില്‍ക്കും. പിന്നെ, അവിടെനിന്നു വഴിതിരിഞ്ഞ് മനസ്സിന്‍റെ ഒരു ഏകാന്ത സഞ്ചാരമുണ്ട്. ഭാവനയുടെ മഹാകാശങ്ങളിലൂടെയുള്ള യാത്ര. അങ്ങേയറ്റം മൗലികവും സര്‍ഗാത്മകവുമാണത്. ഇത്തരമൊരു യാത്രയിലാണ് മുമ്പ് എനിക്കു ‘ശ്യാമമാധവം’ കൈവന്നത്. പിന്നീട് എനിക്ക് ‘രൗദ്രസാത്വികം’ കൈവന്നതും. മഹാഭാരത വായനക്കിടയില്‍, ഗാന്ധാരീശാപത്തിന്‍റെ ഘട്ടത്തെ കടന്നു നീങ്ങി. ഗാന്ധാരി കൃഷ്ണനെ ശപിക്കുന്നതു കണ്ടപ്പോള്‍ എനിക്കു വിശേഷിച്ച് ഒന്നും തോന്നിയില്ല. കാരണം, മക്കളെയെല്ലാം നഷ്ടപ്പെട്ട ഏത് അമ്മയും അങ്ങനെയേ ചെയ്യൂ. തീര്‍ത്തും സ്വാഭാവികം. എന്നാല്‍, തൊട്ടപ്പുറത്ത്, ആ ശാപത്തോടുള്ള കൃഷ്ണന്‍റെ പ്രതികരണം കണ്ടു. അങ്ങനെ തന്നെയാണ് തനിക്കു വരേണ്ടത് എന്നതാണ് ആ പ്രതികരണം.

എങ്ങനെതന്നെ? ശാപത്തിലേതുപോലെ. എന്താ ശാപം? ഇന്നേക്കു മുപ്പത്താറു കൊല്ലം ചെല്ലുമ്പോള്‍ നീയും നിന്‍റെ കുലവും ഒടുങ്ങിപ്പോവട്ടെ എന്നത്. ഇത്തരം ഒരു ശാപത്തോട്, ഇതുതന്നെയാണു തനിക്കു വരേണ്ടത് എന്നമട്ടില്‍ ആരെങ്കിലും പ്രതികരിക്കുമോ? കൃഷ്ണന്‍റെ ആ പ്രതികരണം എന്നെ ഞെട്ടിച്ചു. മഹാഭാരത വായന നിന്നു. എന്‍റെ മനസ്സിന്‍റെ വഴിതിരിഞ്ഞുള്ള ഏകാന്ത സഞ്ചാരമായി. ആ സഞ്ചാരമാണ് എനിക്കു ‘ശ്യാമമാധവം’ കൊണ്ടുവന്നു തന്നത്.

ഇതേപോലെ ആല്‍ബര്‍ട്ട് കാമുവിനെ വായിച്ചു. ഒക്ടോബര്‍ വിപ്ലവ ചരിത്രം വായിച്ചു. രണ്ടു വായനയിലും കാലിയേവ് എന്ന കഥാപാത്രം മനസ്സിലുടക്കി. ബോംബെറിയാന്‍ നിയുക്തനായ വിപ്ലവകാരി നിര്‍ണായക നിമിഷത്തില്‍ ഏകാധിപതിയുടെ മടിയിലെ കുഞ്ഞിന്‍റെ പുഞ്ചിരിക്കുന്ന മുഖം കണ്ട് പിന്തിരിയുക. ഇതു മനസ്സില്‍ മുള്ളുപോലെ തറഞ്ഞു. അവിടെനിന്നും മനസ്സ് വഴിതിരിഞ്ഞ് എന്‍റെ മാത്രമായ ഏതോ ആകാശത്തിലൂടെ സഞ്ചരിച്ചു. ആ സഞ്ചാരത്തിലാണ് ‘രൗദ്രസാത്വികം’ ജനിച്ചത്. ഒക്ടോബര്‍ വിപ്ലവ വിജയത്തിനു മുമ്പുള്ള ഘട്ടത്തിലുണ്ടായ ചരിത്ര സംഭവമാണ്. ആ സംഭവമാണ് ആല്‍ബര്‍ട്ട് കാമു നാടകമാക്കിയത്.

ഞാന്‍ എന്‍റെ ഭാവനാസഞ്ചാരത്തില്‍, കാലിയേവിനെ ചരിത്രത്തില്‍നിന്നും നാടകത്തില്‍നിന്നും അടര്‍ത്തിയെടുത്ത് decontextualise ചെയ്ത് പുതിയ ഒരാളാക്കി. ‘ശ്യാമമാധവ’ത്തില്‍ കൃഷ്ണനെ ചെയ്തതുപോലെ. അയാളുടെ മാനസിക യാത്ര, വിഭ്രാമകമായ കണ്ടെത്തലുകള്‍, സ്വത്വാന്വേഷണങ്ങള്‍, ഒക്കെയാണ് ‘രൗദ്രസാത്വിക’ത്തിലുള്ളത്. കാലിയേവ് പൗരോഹിത്യ പശ്ചാത്തലത്തില്‍നിന്നു വന്നയാളാണ്. യുവ വിപ്ലവകാരിയും കവിയുമാണ്. ഈയാളില്‍ എവിടെയൊക്കെയോ എന്നെത്തന്നെ ഞാന്‍ കണ്ടുവോ? സംശയമുണ്ട്.

മഹാകവി വൈലോപ്പിള്ളി പാടിയിട്ടില്ലേ?

‘‘മുട്ടിയ ഞങ്ങള്‍ ഇസ്സമുദായ-

ക്കെട്ടറുത്തുപോല്‍ ഒറ്റവെട്ടാലേ...

വീണു ഞങ്ങള്‍; ഹാ

വെന്നിതു നിങ്ങള്‍; കുറ്റമാര്‍ക്കിതില്‍

പോംവഴി പക്ഷേ,

മറ്റൊരു വിധമായിരുന്നെങ്കില്‍...

മര്‍ത്ത്യലോകമഹിമ പുലര്‍ത്താന്‍

പറ്റിയ വിധമായിരുന്നെങ്കില്‍...’’

‘‘പോംവഴി പക്ഷേ, മറ്റൊരു വിധമായിരുന്നെങ്കില്‍’’ എന്ന് കവിയായ ഏതു വിപ്ലവകാരിയും ചിന്തിച്ചുപോയേക്കും ചില ഘട്ടങ്ങളില്‍. കാലിയേവ് അതു ചോദിച്ചു. വൈലോപ്പിള്ളി ചോദിച്ചു. മനസ്സുകൊണ്ടു ഞാനും ചോദിച്ചിട്ടുണ്ടാവാം. ‘രൗദ്രസാത്വിക’ത്തിലെ നാടകീയ മുഹൂര്‍ത്തങ്ങളിലൊക്കെ ഈ ചോദ്യം മുഴങ്ങിനില്‍ക്കുന്നുണ്ട്.

സഹ പോരാളിയുടെ വീട്ടില്‍ ഒളിവില്‍ ചെന്നുകയറുന്ന കാലിയേവിനെ പിടിക്കാന്‍ തൊട്ടുപിന്നാലെ പട്ടാളമെത്തുന്നു. അവര്‍ വാതില്‍ ചവിട്ടിപ്പൊളിക്കുമ്പോള്‍, സഹ പോരാളിയുടെ അമ്മ, കാലിയേവിനെ വലിയ ഒരു ഭരണിയില്‍ ഒളിപ്പിക്കുന്നു. പിന്നെ അവിടെ പട്ടാളത്തിന്‍റെ മുന്നില്‍ ആ അമ്മയും മകനും മാത്രമേയുള്ളൂ. കയറിവന്നവനെവിടെ എന്ന മേജറുടെ ആക്രോശത്തിനു മുമ്പില്‍ ‘‘ഇവന്‍; ഇവനാണ്’’ എന്നു സ്വന്തം മകനെ ചൂണ്ടി ആ അമ്മ പറയുന്നു. അടുത്ത നിമിഷം വെടിയേറ്റ് ആ മകന്‍ അമ്മയുടെ മടിയിലേക്കുതന്നെ പിടഞ്ഞുവീഴുന്നു; കുരിശില്‍ നിന്നിറക്കിയ സ്വന്തം മകന്‍റെ ജഡം മടിയില്‍ താങ്ങിയിരിക്കുന്ന ആ പഴയ ആ അമ്മയുടെ ചിത്രത്തിനു തൊട്ടുതാഴെ.

മറ്റൊരു ഘട്ടത്തില്‍, ഓങ്ങിയ വാളിനു മുമ്പില്‍ ബലിക്ക് ഉരുവാകേണ്ട ബാലന്‍ നിന്നു പൊട്ടിച്ചിരിക്കുന്നുണ്ട്. ഇങ്ങനെ എത്രയോ മുഹൂര്‍ത്തങ്ങള്‍. ഇവയൊക്കെ നിങ്ങളോടു ചോദിക്കും, ‘‘പോംവഴി പക്ഷേ മറ്റൊരു വിധമായിരുന്നെങ്കില്‍’’ എന്ന്. എനിക്ക് ഒരു ഉത്തരമില്ല. മറ്റൊരു പോംവഴിയുണ്ടോ? അതിനും ഉത്തരമില്ല. ഇത്തരം സന്ദേഹങ്ങളിലൂടെ, സന്ദിഗ്ധതകളിലൂടെ ഇതള്‍ വിരിയുന്ന നാടകീയതയുടെ നോവലാണ് കാവ്യഭാഷയിലുള്ള ‘രൗദ്രസാത്വികം’.

ധർമം എന്താണെന്നതറിയാം. എന്നാല്‍, ജീവിതത്തില്‍ അത് ആചരിക്കാന്‍ പറ്റുന്നില്ല. അധർമം എന്താണെന്നതുമറിയാം. എന്നാല്‍, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുമാവുന്നില്ല. മനുഷ്യാവസ്ഥയുടെ ദയനീയമായ ഒരു അവസ്ഥയാണിത്. ഈ അവസ്ഥയെ, മനുഷ്യമനസ്സിന്‍റെ വിവിധ തലങ്ങളെ അതി​െൻറ ലാബ്രിൻതി​െൻറ.... പശ്ചാത്തലത്തില്‍ ദാര്‍ശനിക തലത്തില്‍, എന്നാല്‍ സര്‍ഗാത്മകമായി പരിശോധിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് ‘രൗദ്രസാത്വിക’ത്തിൽ.

 

എപ്പോഴാണ് തന്‍റെ സര്‍ഗാത്മക വഴി കവിതയാണെന്ന് തിരിച്ചറിഞ്ഞത്? താങ്കൾക്ക്​ എന്താണ് കവിത?

എന്‍റെ ജീവശ്വാസത്തിന്‍റെ ഭാഷയാണു കവിത. അത്രമേല്‍ സ്വാഭാവികമായി കൈവരുന്നതാണത്. മനസ്സു വല്ലാതെ വിങ്ങുമ്പോള്‍ ഉണ്ടാവുന്ന തേങ്ങല്‍പോലെ, അറിയാതെ തുളുമ്പുന്ന കണ്ണീര്‍പോലെ... അത്രമേല്‍ സ്വാഭാവികം. ഏതു പൂമൊട്ടിനും ഉള്ളില്‍നിന്നുള്ള സമ്മര്‍ദത്തെ തടയാനാവാതെ, വിടര്‍ന്നേ പറ്റൂ എന്ന നിലവരും ഒരു നിമിഷം. അങ്ങനെ വരുമ്പോഴേ എഴുതാറുള്ളൂ എന്നു ഞാന്‍ പറയില്ല. എന്നാല്‍, ഒന്നു പറയാം. എന്‍റെ ഒട്ടുമിക്ക കവിതകളും പിറന്നത് ഈ വിധത്തിലാണ്. മൂന്നു കാവ്യാഖ്യായികകളുണ്ട്. കാവ്യാഖ്യായിക എന്നു പറഞ്ഞാല്‍ കാവ്യഭാഷയിലുള്ള നോവലാണ്. ‘ശ്യാമമാധവം’, ‘കനല്‍ച്ചിലമ്പ്’, ‘രൗദ്രസാത്വികം’ എന്നിവ. ഇവ മൂന്നും ആ നിലക്കുള്ള ഒരു അന്തര്‍വിസ്ഫോടനത്തിന്‍റെ ഫലമായുണ്ടായതാണ്.

ആദ്യമായി എഴുതിയതുതന്നെ ഒരു ഈണക്രമത്തിലാണ്, ചൊല്‍വഴക്കത്തിലാണ്, താളബദ്ധതയിലാണ്. ആ രീതിക്ക് അധികമായ ഒരു ഭാവസംവേദനക്ഷമതയുണ്ടെന്ന്, അർഥസംക്രമണസാധ്യതയുണ്ടെന്ന്, രസസ്ഫുരീകരണ സാമർഥ്യമുണ്ടെന്നു ഞാന്‍ കരുതുന്നു. ഇമ ചിമ്മുന്നത്, രാപ്പകലുകള്‍ വാര്‍ന്നുവീഴുന്നത്, ഹൃദയം മിടിക്കുന്നത് ഒക്കെ കൃത്യമായ താളത്തിലല്ലേ! ആ നിലക്ക് ജൈവസ്വഭാവമുള്ള ഒന്നാണ് ഈണവും താളവും. അതു സ്വാഭാവികമായി വരികളിലേക്കു കടന്നുവരുമ്പോള്‍ എന്തിന് ‘നോ’ എന്നു പറയണം. അതു വഴങ്ങുന്നവരും അതിന്‍റെ സാധ്യത അറിയുന്നവരുമായ ആരും അതു വേണ്ട എന്നു പറയില്ല. ഇതിനർഥം കവിത പദ്യത്തിലേ ആകാവൂ എന്നു ഞാന്‍ പറയുന്നു എന്നല്ല. കവിത കവിതയാവണം.

അതു ഗദ്യത്തിലുമാവാം; പദ്യത്തിലുമാവാം. പദ്യമായാല്‍ പഴഞ്ചനായി, അപകടമായി എന്നൊക്കെ പറയുന്നതിനോടേ വിയോജിപ്പുള്ളൂ. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും പി. കുഞ്ഞിരാമന്‍ നായരും ഒക്കെ മലയാളത്തിലെ ഏതു യുവ കവിയെക്കാളും യുവാക്കളായി നില്‍ക്കുന്നില്ലേ കവിതയില്‍? ഗദ്യത്തിലും കവിതയാവാം എന്നു ഞാന്‍ പറയുന്നത്, ഗദ്യകവിത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ ഏതെങ്കിലും രചന മുന്‍നിര്‍ത്തിയല്ല. മറിച്ച്, വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘‘അനന്തമായ സമയം അല്ലാഹുവിന്‍റെ ഖജനാവില്‍’’ മാത്രം എന്നതുപോലെയുള്ള കവിതയുടെ വെണ്ണപ്പാളി തിടംവെച്ചു നില്‍ക്കുന്ന ഭാവാത്മകമായ ദര്‍ശനസ്ഫുലിംഗങ്ങള്‍ മുന്‍നിര്‍ത്തിയാണ്. വേണ്ടത് അത്തരം ഗദ്യകവിതകളാണ്. ഒരു ഭാവവും ഉണര്‍ത്താത്ത, ഒന്നും ധ്വനിപ്പിക്കാത്ത, ഒരു അനുഭവമണ്ഡലവും തുറന്നുതരാത്ത, ഒരു അനുഭൂതിയും ഉണര്‍ത്താത്ത ഗദ്യം വരിമുറിച്ച് എഴുതുന്ന ജഡപദങ്ങളല്ല.

പറക്കുന്നതിനു പരിമിതിയുണ്ടാവാം. എന്നാല്‍, അവിടെയാണ് ആകാശം തീരുന്നതെന്ന് ആരും പറയരുത്; ആരും പഠിപ്പിക്കുകയുമരുത്. അങ്ങനെ പഠിപ്പിച്ച് പുതുതലമുറകളിലെ വലിയ ഒരു വിഭാഗത്തെ മലയാളത്തിന്‍റെ മണവും രുചിയും കനിവും നിറവും തിരിച്ചറിയാത്ത ഭാവുകത്വ വന്ധ്യതയിലേക്ക് ആഴ്ത്തി ചിലര്‍. വരും തലമുറയോടു ചെയ്ത മഹാപാതകമായി ഇതു ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും.

ലോക കവിതക്കൊപ്പം മലയാള കവിതയും രൂപത്തിലും ഭാവത്തിലും പലവഴിക്കായി സഞ്ചരിച്ചുതുടങ്ങി. എന്നാലിപ്പോഴും പാരമ്പര്യത്തിന്‍റെ താളം കൈവിടാതെ കൊണ്ടുനടക്കാന്‍ പ്രേരിപ്പിക്കുന്നതെന്താണ്?

ലോക കവിത ഇപ്പറയുംപോലെയൊന്നുമല്ല. പരീക്ഷണാത്മകതയുടെ ഒരു കാലമുണ്ടായിരുന്നു അതിന്. Experimentalismത്തിന്‍റേതായ ഒരു കാലം. അതിനെ അനുഭവാത്മകതയുടെ കാലംകൊണ്ട്, Experimentalisamത്തിന്‍റെ കാലംകൊണ്ടു പകരംവെക്കുകയാണ്.  ആഫ്രിക്കന്‍ കവിതകളും ബ്ലാക്ക് അമേരിക്കന്‍ കവിതകളും നോര്‍വീജിയന്‍ കവിതകളും ലാറ്റിനമേരിക്കന്‍ കവിതകളും അറേബ്യന്‍ കവിതകളും ഒക്കെ അവരുടെ സ്മൃതിഗന്ധങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലൂടെ പോരാട്ടവീര്യം പുനരാവാഹിച്ചെടുക്കാമെന്നു കരുതുകയാണ്. ഫ്ലൂട്ടിന്‍റെ ഈണത്തിലേക്കും ഡ്രംബീറ്റു താളത്തിലേക്കും തിരിച്ചുപോവുകയാണ്. അധിനിവേശത്തിനെതിരായ പോരാട്ടത്തിന്‍റെ കാലത്ത് കവിതക്ക് ഇതൊക്കെയാണ് ഇന്ധനമാവുക എന്ന തിരിച്ചറിവിലേക്കു മടങ്ങുകയാണ്. നമ്മളോ? നമ്മള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പടിഞ്ഞാറുകാര്‍ വലിച്ചെറിഞ്ഞവയുടെ അനുകര്‍ത്താക്കളാവുകയാണ്.

 

‘‘ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ/ ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല...’’ ഉണ്ണിമേനോന്‍റെ സ്വരമാധുരിയിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് അങ്ങയുടെ വരികള്‍ ചേക്കേറിയിട്ട് ഏറെക്കാലമായി. കവിത തുളുമ്പുന്ന ഗാനങ്ങളാണ് മലയാളത്തിന്‍റെ എക്കാലത്തെയും മുതല്‍ക്കൂട്ട്. ഇതിനിടയിലും കാലം വരുത്തുന്ന ചില മാറ്റങ്ങളുണ്ട്. അതേക്കുറിച്ച് പറയാമോ?

‘‘ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ’’ എന്ന ആ ഗാനം, അതു രചിക്കപ്പെട്ട ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ട സ്വീകാര്യതയുടെ പരിധികളെ അതിലംഘിച്ചുകൊണ്ട് മുന്നേറുന്നതു കാണുന്നതില്‍ രചയിതാവ് എന്ന നിലയില്‍ വലിയ സന്തോഷമുണ്ട്. ഉണ്ണി മേനോന്‍റെ വലിയ സംഭാവനയുണ്ട് അതില്‍. അബ്ദുൽ ഖാദറാണ് നിർമാതാവ്. ശരത് സംവിധായകന്‍. കൂട്ടായ ഒരു സംരംഭത്തിന്‍റെ സൃഷ്ടിയാണത്. ഏറ്റവും സന്തോഷകരമായ കാര്യം, ആ ഗാനം ഞാന്‍ എഴുതുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ ഇന്ന് യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെ അതു പാടിയിടുന്നതു കാണുന്നതിലാണ്. ആയിരക്കണക്കിനു വേര്‍ഷൻസാണ് വോക്കലായും ഇന്‍സ്ട്രുമെന്‍റലായും ഒക്കെ അതിനു വന്നിട്ടുള്ളത്. ഒറിജിനലാകട്ടെ, കണ്ടവര്‍ പല കോടികളാണ്. അളക്കാവുന്നതല്ല അതിന്‍റെ സ്വീകാര്യത.

ശ്രീകുമാരന്‍ തമ്പി സാര്‍, മലയാളത്തിലെ എക്കാലത്തെയും നല്ല 10 പ്രണയഗാനങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ഇതായി. റഫീഖ് അഹമ്മദ് തനിക്കെഴുതാന്‍ കഴിയാതെ പോയ പാട്ട് എന്ന് ഇതിനെ വിശേഷിപ്പിച്ചു. രവി മേനോന്‍ ഇതില്‍ അന്തര്‍ലീനമായ ഹൃദയാലുത്വത്തെക്കുറിച്ചു പ്രബന്ധംതന്നെ എഴുതി. ഇതൊക്കെയല്ലേ ഏറ്റവും വലിയ അംഗീകാരങ്ങള്‍! ഈ പാട്ടിന്‍റെ സ്വീകാര്യത എങ്ങനെയുണ്ടായി എന്നതു ഞാന്‍ ആലോചിക്കാതിരുന്നിട്ടില്ല. രാഗം, താളം, ആലാപനം എന്നിവയൊക്കെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഒപ്പം തന്നെ പ്രധാന ഘടകമാണ് അതിലെ ഭാവം. പ്രേമം തുറന്നടിച്ചു പറയുന്ന പ്രണയഗാനങ്ങള്‍ നമുക്കു ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍, പ്രണയത്തിലെ നിശ്ശബ്ദ വിനിമയം ഉണ്ടല്ലോ – silent communication – അതിന്‍റെ മാധുര്യം ഒന്നു വേറെയാണ്. മുല്ലപൂത്താല്‍, അക്കാര്യം ആരെങ്കിലും പറഞ്ഞിട്ടല്ല, അതിന്‍റെ സുഗന്ധംകൊണ്ടാണ് അറിയേണ്ടത്. അതേപോലെ, പ്രണയമുണ്ടായാല്‍ അതു വാക്കുകൊണ്ടല്ല അറിയേണ്ടത്. ഒരു നോട്ടംകൊണ്ട്, ഒരു മന്ദഹാസംകൊണ്ട്, ഒരു ഭാവംകൊണ്ട് അറിയാനാവും. അതാണ് ആ പാട്ടിന്‍റെ പ്രത്യേകത.

പ്രഭാവർമയുടെ ‘രൗദ്ര സാത്വികം’ മാധ്യമം ആഴ്​ചപ്പതിപ്പിൽ ആരംഭിച്ചപ്പോൾ (ലക്കം: 1167, 2020 ജൂലൈ 13)

പ്രഭാവർമയുടെ ‘രൗദ്ര സാത്വികം’ മാധ്യമം ആഴ്​ചപ്പതിപ്പിൽ ആരംഭിച്ചപ്പോൾ (ലക്കം: 1167, 2020 ജൂലൈ 13)

സിനിമാ പാട്ടുകള്‍ രണ്ടു വിധത്തിലുണ്ടാവുന്നുണ്ട്. കഥാസന്ദര്‍ഭത്തിന്‍റെ, സിനിമയുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നവയും ആ ചട്ടക്കൂടു പൊളിച്ച് സിനിമ വിസ്മൃതമായാലും നമ്മുടെ മനസ്സിന് ഒപ്പം പോരുന്നവയും. രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവയാവുമല്ലോ ഏത് ആസ്വാദകനും ആഗ്രഹിക്കുക. കാലം വരുത്തുന്ന മാറ്റങ്ങള്‍ രണ്ടാമത്തെ വിഭാഗത്തിന്‍റെ സൃഷ്ടിക്കുതകുന്നതാണോ എന്നത് ആ ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെ ആലോചിച്ചു നോക്കട്ടെ.

ഏറ്റവും പുതിയ തലമുറയുടെ സെന്‍സിബിലിറ്റിക്കു നിരക്കുന്ന തരത്തിലാണു തങ്ങള്‍ പുതിയ ശൈലിയില്‍ പാട്ടുണ്ടാക്കുന്നത് എന്നാണു പുതിയ സംഗീത സംവിധായകര്‍ പറയുന്നത്. എന്നാല്‍, പുതു തലമുറയിലെ കുട്ടികളോ! അവര്‍ ‘‘തുമ്പപ്പൂ പെയ്യണ പൂനിലാവേ’’ തുടങ്ങിയ പഴയ പാട്ടുകളെ തേടിപ്പോവുന്നു. കണ്‍മുന്നില്‍ കാണുന്ന സത്യമാണിത്. പാട്ട് പാട്ടിന്‍റെ പാട്ടിനു പോകാതിരിക്കണമെങ്കില്‍ സംഗീതസംവിധായകര്‍കൂടി വിചാരിക്കണം. അവര്‍ വിചാരിച്ചാല്‍ പോരാ; അവരുടെ സംഗീതപ്രതിഭ വിചാരിക്കണം.

ഞാന്‍ ഗാനങ്ങള്‍ ഭാവാത്മകമാകണമെന്ന കാര്യത്തില്‍ ശ്രദ്ധവെക്കുന്നയാളാണ്; പ്രത്യേകിച്ചു പ്രണയഗാനങ്ങള്‍. അവ സ്വീകാര്യമാവുന്നുണ്ട്. ‘കുഞ്ഞാലിമരയ്ക്കാറി’ലെ ‘‘കണ്ണാ നീ നിനയ്പതാരേ’’ ചില മാസങ്ങള്‍കൊണ്ടുതന്നെ വ്യൂവര്‍ഷിപ്പില്‍ ഒരു കോടി കടന്നു. ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’യിലെ ‘‘വാടരുതോ’’ ആയാലും, ‘നടനി’ലെ ‘‘ഏതു സുന്ദരസ്വപ്ന യവനിക’’ ആയാലും കാൽപനികമായ ഭാവസൗന്ദര്യത്തിന്‍റെ വഴിയേ മനസ്സുകളെ കൂട്ടിക്കൊണ്ടുപോവുന്നു എന്നാണു ഞാന്‍ കരുതുന്നത്.

 

എം.ടി. വാസുദേവൻ നായർക്ക്​ ഒപ്പം ഒരു വേദിയിൽ പ്രഭാവർമ

എം.ടി. വാസുദേവൻ നായർക്ക്​ ഒപ്പം ഒരു വേദിയിൽ പ്രഭാവർമ

ഒ.എന്‍.വിയുടെ ‘കൃഷ്ണപക്ഷത്തിലെ പാട്ട്’ എന്ന കവിതയിലെ വരികള്‍പോലെ താങ്കളും ഫാഷിസത്തിന്‍റെ കവര്‍ന്നെടുക്കലിനെ എങ്ങനെ കാണുന്നു?

നമ്മുടെ പൊതു സംസ്കൃതി തങ്ങളുടെ കുത്തകാധികാരത്തിലുള്ളതാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഫാഷിസത്തിന്‍റെ ശക്തികള്‍ ശ്രമിക്കുന്ന കാലമാണിത്. ഇവരുടെ ശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ പിന്തുണയാവുന്നത്, ഇവര്‍ക്കെതിരെ നിലകൊള്ളുന്നവരില്‍തന്നെ ചിലര്‍, നമ്മുടെ പൊതുവായ സംസ്കൃതിയിലെ പ്രതീകങ്ങളെ കൈയൊഴിയുന്നതാണ്. ഇതൊക്കെ അവരുടേതാണ് എന്ന മട്ടില്‍ ഒഴിഞ്ഞുനടക്കുന്നതാണ്. ഇതിനെതിരായ ജാഗ്രതയാണുണ്ടാവേണ്ടത്. ഇതൊക്കെ ഏതെങ്കിലും പ്രത്യേക കൂട്ടരുടെ സ്വകാര്യ കുത്തകയല്ല. കബീര്‍ ദാസില്ലാതെ ഭക്തിപ്രസ്ഥാനമുണ്ടോ? പേര്‍ഷ്യന്‍-അറബ് സ്വാധീനം ഇല്ലാതെ ഹിന്ദുസ്ഥാനി സംഗീതമുണ്ടോ? അമീര്‍ ഖുസ്രുവില്ലാതെ, അലി അക്ബര്‍ ഖാനില്ലാതെ, ബിസ്മില്ലാ ഖാനില്ലാതെ, അല്ലാരഹയില്ലാതെ, സക്കീര്‍ ഹുസൈനില്ലാതെ, അംജദ് അലി ഖാനില്ലാതെ നമുക്കു സംഗീതമുണ്ടോ?

പുരോഗമനപക്ഷത്തു നിലകൊണ്ട ഒ.എന്‍.വിക്ക് കൃഷ്ണനെക്കുറിച്ചേ എഴുതാന്‍ കണ്ടുള്ളൂ എന്നു വേണമെങ്കില്‍ ചോദിക്കാം. ആ ചോദ്യം ഏറ്റവുമധികം ഇഷ്ടപ്പെടുന്നതു ഫാഷിസത്തിന്‍റെ ശക്തികളാണ്. അവര്‍ തങ്ങളുടെ മാത്രം എന്ന് അവകാശപ്പെടാന്‍ ശ്രമിക്കുന്ന പ്രതീകങ്ങളെ അവരില്‍നിന്നു പിടിച്ചെടുത്ത് അവര്‍ക്കെതിരെ കാവ്യാത്മകമായും രാഷ്ട്രീയമായും ഉപയോഗിക്കാന്‍ കഴിയണം. അതാണ് ഒ.എന്‍.വി ഇവിടെ ചെയ്യുന്നത്. ഇത് കവിതയുടെ സമർഥമായ രാഷ്ട്രീയ ഉപയോഗമാണ്. ഇതു ചെയ്യുമ്പോള്‍ ചിലര്‍ ഭൂതകാലം ആവേശിച്ചു എന്നൊക്കെ ആക്ഷേപിക്കും. അതു കാര്യമാക്കാനില്ല.

ഫാഷിസത്തെ ചെറുക്കാനുള്ള വായന, രാഷ്ട്രീയം എങ്ങനെ കൊണ്ടുപോകണം?

ഭൂത-വര്‍ത്തമാന-ഭാവികളെ പശ്ചാത്തലത്തില്‍ നിര്‍ത്തുന്ന വായനകൊണ്ടു മുന്നോട്ടുപോവണം. ഭൂതകാലത്തെ ചുട്ടെരിക്കുക എന്നത് പുരോഗമന പ്രസ്ഥാനങ്ങളുടെ നിലപാടല്ല, ഫാഷിസത്തിന്‍റെയും നാസിസത്തിന്‍റെയും നിലപാടാണ്. ഹിറ്റ്ലറും മുസോളിനിയുമൊക്കെ ചിത്രകലയും കാവ്യകലയും മാത്രമല്ല, ഫോക് ലോർ വരെ നിരോധിച്ചു. ഫോക് ലോർ എന്നത് ഭൂതകാലത്തിന്‍റെ അവശിഷ്ടമല്ല, ഭാവികാലത്തെ ജ്വലിപ്പിക്കുന്ന കനലാണ്. അത് അറിയാവുന്നതുകൊണ്ടാണ് അതു നിരോധിക്കേണ്ടതാണെന്ന് നാസിസത്തിനു തോന്നിയത്.

ആ കനലിനെ എങ്ങനെ ജ്വലിപ്പിച്ചു ഭാവികാല മുന്നേറ്റത്തിന്‍റെ ഇന്ധനമാക്കാം എന്നാണ് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ നോക്കേണ്ടത്. അന്‍റോണിയോ ഗ്രാംഷിക്കിതറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ ജയിലറക്കുറിപ്പുകളില്‍നിന്നാണ് ‘The modern prince’ കിട്ടുന്നത്. അത് എഴുതാന്‍ ഗ്രാംഷിക്കു പ്രചോദനമായത് മാക്കിയവല്ലിയുടെ ‘The prince’ ആണ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച മാക്കിയവല്ലിയെ ഉപജീവിച്ച് ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ എഴുതുകയോ? ഇതു ഭൂതകാലം ആവേശിച്ചതല്ലേ എന്നൊന്നും ആരും ചോദിച്ചില്ല. അങ്ങനെ ചോദിക്കരുതു താനും. പഴയ കാലത്തിന്‍റെ ഖനികളില്‍നിന്ന് ഊർജം കണ്ടെത്താമോ? അതുപയോഗിച്ചു പുതിയ കാലത്തിന്‍റെ വിളക്കുകള്‍ കൊളുത്താമോ? അതേ നോക്കേണ്ടതുള്ളൂ. മറിച്ചുള്ള സമീപനം ഫാഷിസത്തിന്‍റെ ശക്തികളെയേ സഹായിക്കൂ.

എഴുത്തിന്‍റെ വഴിയില്‍ കുടുംബ പശ്ചാത്തലം എത്രമാത്രം വളക്കൂറൊരുക്കി?

കുടുംബ പശ്ചാത്തലവും പില്‍ക്കാലത്തു ജീവിച്ച സാമൂഹിക പശ്ചാത്തലവും വിരുദ്ധങ്ങളായിരുന്നിട്ടുണ്ട്. കവിതയിലെ ഭാവാത്മകതക്കു കുടുംബ പശ്ചാത്തലവും സാമൂഹികതക്ക് പില്‍ക്കാല പശ്ചാത്തലവും സഹായിച്ചിട്ടുണ്ട്. ആദ്യത്തേതില്‍നിന്നുള്ള വളര്‍ച്ചയായിരുന്നിട്ടുണ്ട് രണ്ടാമത്തേത് എന്ന് എനിക്കു തോന്നുന്നു.

പ്രഭാവർമ പൊതുവേദിയിൽ

പ്രഭാവർമ പൊതുവേദിയിൽ

 

പുതിയകാല വായനക്കാരോടും എഴുത്തുകാരോടും പറയാനുള്ളതെന്താണ്?

എഴുത്തുകാരുടെ വ്യാഖ്യാനങ്ങളിലൂടെ നയിക്കപ്പെടാതെ നോക്കുക. സ്വന്തം സമീപനങ്ങളും മൗലികമായ വിലയിരുത്തലും ആർജവത്തോടെ പിന്തുടരുക. ഭേദചിന്തയില്ലാതെ വായിക്കുക. മനസ്സില്‍ തൊടുന്നതിനെ മാത്രം അംഗീകരിക്കുക.

News Summary - weekly interview