Begin typing your search above and press return to search.
proflie-avatar
Login

പുതിയ തലമുറയില്‍ വായനയുണ്ട്; അല്ലെങ്കിൽ എങ്ങനെ ഇത്ര റീച്ച്​ കിട്ടും?

പുതിയ തലമുറയില്‍   വായനയുണ്ട്; അല്ലെങ്കിൽ   എങ്ങനെ ഇത്ര റീച്ച്​ കിട്ടും?
cancel

വായനയുടെയും പുസ്​തക പ്രസാധനത്തി​ന്റെയും വിപണനത്തി​ന്റെയുമെല്ലാം പഴയകാല മാതൃകകളെ പൊളിച്ചു കളഞ്ഞാണ്​ നിമ്ന വിജയ് എന്ന എഴുത്തുകാരി മലയാളി യുവത്വത്തിൽ നിറയുന്നത്. നിമ്നയുടെ കൃതികൾ എങ്ങനെ ചെറുപ്പക്കാരിലേക്ക്​ എത്തി? എന്താണ്​ വിജയമാതൃക? -നിമ്ന സംസാരിക്കുന്നു.മലയാളിയുവത്വം അടുത്തിടെ ആഘോഷപൂര്‍വം വായിച്ച പുസ്തകമാണ്, നിമ്ന വിജയ് എഴുതിയ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവല്‍. തങ്ങള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് എഴുത്തുകാരി പറഞ്ഞതെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. മലയാള പ്രസാധനരംഗത്തും പുസ്തകവിപണിയിലും പുതിയൊരു വഴി തുറന്നിട്ട പുസ്തകം കൂടിയായി ‘ഏറ്റവും പ്രിയപ്പെട്ട...

Your Subscription Supports Independent Journalism

View Plans
വായനയുടെയും പുസ്​തക പ്രസാധനത്തി​ന്റെയും വിപണനത്തി​ന്റെയുമെല്ലാം പഴയകാല മാതൃകകളെ പൊളിച്ചു കളഞ്ഞാണ്​ നിമ്ന വിജയ് എന്ന എഴുത്തുകാരി മലയാളി യുവത്വത്തിൽ നിറയുന്നത്. നിമ്നയുടെ കൃതികൾ എങ്ങനെ ചെറുപ്പക്കാരിലേക്ക്​ എത്തി? എന്താണ്​ വിജയമാതൃക? -നിമ്ന സംസാരിക്കുന്നു.

മലയാളിയുവത്വം അടുത്തിടെ ആഘോഷപൂര്‍വം വായിച്ച പുസ്തകമാണ്, നിമ്ന വിജയ് എഴുതിയ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവല്‍. തങ്ങള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് എഴുത്തുകാരി പറഞ്ഞതെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. മലയാള പ്രസാധനരംഗത്തും പുസ്തകവിപണിയിലും പുതിയൊരു വഴി തുറന്നിട്ട പുസ്തകം കൂടിയായി ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’. പ്രസാധനരംഗത്തെ ഏറ്റവും പുതിയ സാന്നിധ്യമായി മാറുകയാണ് ഇതിന്‍റെ പ്രസാധകരായ മാന്‍കൈന്‍ഡ്. അതേസമയം, പാരമ്പര്യ വായനക്കാരില്‍നിന്ന് ചില വിമര്‍ശനങ്ങളും പുസ്തകം നേരിടുകയുണ്ടായി. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നിമ്ന ഈ സംഭാഷണത്തിൽ.

അര ലക്ഷം കോപ്പികളിലേക്ക് എത്തുകയാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവല്‍. പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് ഇറങ്ങിയ ദിവസങ്ങളെയും ഇപ്പോഴത്തെ അതിന്‍റെ സ്വീകാര്യതയെയും എങ്ങനെയെല്ലാമാണ് ഓര്‍ക്കുന്നത്?

ഇറങ്ങുന്ന സമയത്ത് ആദ്യ എഡിഷനായി അച്ചടിച്ചത് 350 കോപ്പികളാണ്. ആ കോപ്പി തന്നെ എങ്ങനെ വിറ്റുപോകും എന്നതായിരുന്നു ഞങ്ങളുടെ സംശയം. കാരണം, പുതിയ പബ്ലിക്കേഷനാണ്, പുതിയ എഴുത്തുകാരിയാണ്. ആ സമയത്ത് ഞാന്‍ പ്രസാധകനോട്​ പറഞ്ഞത്, ‘‘ഒരു വര്‍ഷംകൊണ്ട് അല്ലെങ്കില്‍ ആറുമാസംകൊണ്ട് 350 കോപ്പികള്‍ വിറ്റുപോകുമായിരിക്കും. നിങ്ങള്‍ വിഷമിക്കേണ്ട’’ എന്നാണ്. അത് കഴിഞ്ഞ് ഇപ്പോള്‍ ഒരു വര്‍ഷം ആയില്ല. അപ്പോഴേക്കും അതിന്‍റെ 100 ഇരട്ടി കോപ്പികള്‍ വിറ്റഴിഞ്ഞു എന്നത് ഒരു സ്വപ്നമായിട്ടാണ് തോന്നുന്നത്. കാരണം, ഇത് ഒരിക്കലും നമ്മള്‍ പ്രതീക്ഷിക്കാത്ത വിജയമാണ്. പുസ്തകത്തിന്‍റെ പ്രകാശനം എന്‍റെയൊരു ആഗ്രഹത്തിന് ചെയ്തുവെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇത്ര സ്വീകാര്യത കിട്ടും, ഇത്രയും പേര് വായിക്കും എന്നൊന്നും സ്വപ്നത്തില്‍പോലും വിചാരിച്ച കാര്യമല്ല. വളരെ കുറച്ച് പ്രീബുക്കിങ് മാത്രമാണ് വന്നിട്ടുണ്ടായിരുന്നത്. അപ്പോള്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ് മൂന്നു- നാലു മാസത്തിന് ശേഷമാണ് ഈ ഹൈപ്പും കാര്യങ്ങളുമൊക്കെ വരുന്നത്.

‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ നോവലിന്‍റെ പിറവിയെ കുറിച്ച്?

2022ലാണ് ഞാന്‍ പുസ്​തകം എഴുതിത്തുടങ്ങുന്നത്. ഒരു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. ഇങ്ങനെയൊരു ആശയത്തിലേക്ക് വന്നതിനും കാരണമുണ്ട്. നമ്മള്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നുണ്ട് മലയാളത്തില്‍. പലതും കഴിഞ്ഞുപോയ കഥകള്‍, അല്ലെങ്കില്‍ നമുക്ക് ഒട്ടും പരിചിതമല്ലാത്ത ചുറ്റുപാടുകളിലുള്ള കഥകളാണ് പറയുന്നത്. അപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ജീവിതംകൂടി അടയാളപ്പെടുത്തിവെക്കണം, ഇപ്പോഴത്തെ സൊസൈറ്റിക്ക് കൂടി റെലവെന്‍റ് ആകുന്ന രീതിയിലുള്ള കഥ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു പുസ്തകം വായിച്ച് നമ്മള്‍ മടക്കിവെക്കുന്ന സമയത്ത് ആ ബുക്ക് വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആസ്വാദനത്തേക്കാള്‍ ഉപരി വായിച്ചു മടക്കിവെക്കുമ്പോള്‍ എന്തെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് എടുക്കാന്‍ പറ്റണം എന്നതാണ്.

സെല്‍ഫ് ലവ് എന്ന കണ്‍സെപ്റ്റ് ഒരു മോട്ടിവേഷന്‍ പുസ്തകത്തിലൂടെ പറഞ്ഞാല്‍ ആ രീതിയില്‍ ആരും സ്വീകരിച്ചുകൊള്ളണമെന്നില്ല. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ കണ്ട് ശീലിച്ച കുറെ കഥാപാത്രങ്ങളെ സിനിമപോലെ ഒരു ഫ്രെയിമില്‍ കൊണ്ടുവന്ന് ആ ഒരു കഥാപാത്രത്തിന്‍റെ യാത്രയിലൂടെ സെല്‍ഫ് ലവ് പറയുമ്പോള്‍ അതിനു വേറൊരു ഭംഗി ഉണ്ടെന്ന് എനിക്ക് തോന്നി. പിന്നെ ഞാന്‍ അടക്കമുള്ള ഇപ്പോഴത്തെ ഒരു ഏജ് ഗ്രൂപ്പിനെ ടാര്‍ഗറ്റ് ചെയ്താണ് ഈ ബുക്ക് എഴുതിയത്. അല്ലാതെ എല്ലാവരും വാങ്ങി വായിക്കും എന്ന പ്രതീക്ഷയില്ലായിരുന്നു.

എനിക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ ഏതൊക്കെ രീതികളില്‍ പറയാമെന്നാണ് ആലോചിച്ചത്. അപ്പോള്‍ എനിക്ക് പരിചിതമായിട്ടുള്ളത് എഴുത്താണ്. അതുകൊണ്ട് അത് തിരഞ്ഞെടുത്തു എന്നേയുള്ളൂ. സെല്‍ഫ് ലവ് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് പറയണം. മറ്റുള്ളവരെ സ്നേഹിക്കുക, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുക എന്നതല്ലാതെ നമ്മളെ സ്നേഹിക്കാന്‍ ആരും പഠിപ്പിക്കുന്നില്ല. അത് ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയായിരുന്നു എന്നെ സംബന്ധിച്ച് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന രചന.

നാട്, പ്രഫഷന്‍ –ഇവ രണ്ടും എഴുത്തില്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

കോഴിക്കോട് അത്തോളിയിലെ ആലിന്‍ചുവട്ടിലാണ്​ ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ. ആദ്യ പുസ്തകത്തില്‍ എഴുതിയ കുറെ കഥകള്‍ നാടുമായി ബന്ധപ്പെട്ടതാണ്. 90കളില്‍ ജനിച്ച ആളായതുകൊണ്ടുതന്നെ ഇപ്പോഴത്തെ ടെക്നോളജിയുടെ മുന്നേയുള്ള ഒരു ജീവിതം എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്‍റെ കുറെ ഓർമകളുണ്ട്. നാട് എല്ലാ രീതിയിലും സ്വാധീനിച്ചിട്ടുണ്ട്. വീട്ടില്‍ ഞങ്ങള്‍ ഒരു കൂട്ടുകുടുംബംപോലെയാണ് താമസിച്ചിരുന്നത്. അതിന്‍റെ കുറെ ഓർമകളും ‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ എന്ന പുസ്തകത്തിലുണ്ട്. അതില്‍ കോളനിയിലെ ഒരു കിണറ്റില്‍ നിന്ന് എല്ലാവരും വെള്ളം കോരുന്ന കാഴ്ച ഇപ്പോഴത്തെ തലമുറക്ക് കിട്ടുമോ എന്നറിയില്ല. അല്ലെങ്കിൽ മണ്ണപ്പം ചുട്ട് കളിക്കുന്ന ഫീല്‍. നാട്ടിലെ മാവ്, തോട്, പുഴ ഇതൊക്കെ എന്‍റെ കുട്ടിക്കാലത്ത് എന്നെ കുറെ സ്വാധീനിച്ച കാര്യങ്ങളാണ്. നാട് എന്നെ എഴുത്തില്‍ വളരെ സ്വാധീനിച്ചിട്ടുള്ള ഒന്നാണ്.

പ്ലസ് ടു വരെയാണ് നാട്ടില്‍ നിന്നത്. പിന്നെ പഠിച്ചതെല്ലാം പുറത്താണ്. ഡിഗ്രി ചെയ്തത് ജേണലിസമാണ്. അത് തൃശൂരിലായിരുന്നു. അത് കഴിഞ്ഞ് കാമ്പസ് പ്ലേസ്മെന്‍റ് കിട്ടി ഹൈദരാബാദില്‍ ജോലിചെയ്തു. പിന്നീട് മുംബൈയിലും ബംഗളൂരുവിലും ജോലിചെയ്തു. എനിക്ക് തോന്നുന്നു പ്രഫഷന്‍ എന്‍റെ എഴുത്തിനെ ഒരുപാട് സഹായിച്ചിട്ടു​െണ്ടന്ന്. പ്രഫഷന്‍ എന്ന് പറയുന്നതിനേക്കാളേറെ പ്രഫഷന്‍റെ ഭാഗമായി ഞാന്‍ കണ്ട കുറെ ആളുകളും അവിടന്ന് ഉണ്ടായിട്ടുള്ള അനുഭവങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. നമ്മള്‍ കുറെ ആളുകളെ പരിചയപ്പെടുമ്പോള്‍ അവരുടെ ലൈഫ് കുറച്ചുകൂടി അടുത്തറിയുന്ന സമയത്ത് നമ്മുടെ ചിന്തകളിലെല്ലാം അതിന്‍റെ പ്രതിഫലനം ഉണ്ടാകും.

ആ ഒരു സമയത്ത് ഞാന്‍ നാട്ടിലായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ എനിക്ക് ഇത്രയും ബോള്‍ഡ് ആയി എഴുതാന്‍ പറ്റുമായിരുന്നോ എന്ന് അറിയില്ല. നിമ്ന എന്ന വ്യക്തിയെ മാറ്റിയത് ഞാന്‍ ജോലിയുടെ ഭാഗമായി നടത്തിയ യാത്രകളും മറ്റുമാണ്. ജോലിചെയ്യുന്ന സമയത്ത് ഞാന്‍ താമസിച്ചത് ഒറ്റക്കായിരുന്നു. അപ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റക്ക് ഒരു സിറ്റിയില്‍ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന കുറെ കാര്യങ്ങള്‍ പഠിച്ചു. അതിജീവനം എന്നത് മനസ്സിലാക്കാനും അനുഭവിക്കാനും പ്രഫഷന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എഴുത്തിനേക്കാള്‍ അത് കഴിഞ്ഞിട്ട് വരുന്ന മാര്‍ക്കറ്റിങ്ങിലാണ് പ്രഫഷന്‍ കൂടുതല്‍ സഹായകമായത്. സോഷ്യല്‍ മീഡിയ മാനേജറായിട്ടും ഇന്‍ഫ്ലുവന്‍സര്‍ മാനേജറായിട്ടും കണ്ടന്‍റ് റൈറ്ററായിട്ടും കണ്ടന്‍റ് ക്രിയേറ്ററായിട്ടും കണ്ടന്‍റ് ഓപറേറ്ററായിട്ടുമൊക്കെ ജോലിചെയ്തിട്ടുണ്ട്. ഞാന്‍ പഠിച്ചതും ജോലിചെയ്തതും സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടായതുകൊണ്ട് ആ അറിവ് എന്‍റെ പുസ്തകത്തെ വളരെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്.

 

നിമ്ന വിജയ്

നിമ്ന വിജയ്

ആദ്യ പുസ്തകമായ ‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ പ്രസിദ്ധീകരിക്കപ്പെടുന്നത് ഏറെ പ്രയത്നങ്ങളിലൂടെയാണ് എന്ന് പറഞ്ഞല്ലോ. ആ അനുഭവങ്ങള്‍..?

കോവിഡ് 19 സമയത്താണ് ‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ എന്ന പുസ്തകം എഴുതുന്നത്. അതിനുമുമ്പ് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചെറിയ രീതിയില്‍ ഏഷ്യാനെറ്റ്- മനോരമ ഓണ്‍ലൈനുകളില്‍ ചില ആര്‍ട്ടിക്കിള്‍സ് എഴുതിയിരുന്നു. കുറേ എഴുതാനുള്ള സമയമൊന്നുമില്ലായിരുന്നു. കൊറോണ സമയത്ത് എന്‍റെ ജോലി പോയി. അപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ല. മൂന്നുമാസമെങ്കിലും കഴിയാതെ ജോലി കിട്ടുമായിരുന്നില്ല. ആ മൂന്നുമാസം വെറുതെ കളയാതെ എന്തെങ്കിലും ചെയ്യണം എന്ന ആലോചനയുണ്ടായി. അതാണ് ‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ എന്ന പുസ്തകമായത്.

ആ സമയത്ത് എങ്ങനെയാണ് ഒരു പബ്ലിക്കേഷനെ സമീപിക്കേണ്ടതെന്ന് എനിക്ക് അറിയുമായിരുന്നില്ല. തൃശൂരില്‍ പഠിച്ചതുകൊണ്ട് അവിടത്തെ ഒരു പബ്ലിക്കേഷനായ ‘ഒറ്റാലി’നെ പരിചയമുണ്ടായിരുന്നു. ഒരു സെല്‍ഫ് പബ്ലിഷിങ് പോലെതന്നെയാണ് ചെയ്തത്. ഞാന്‍ അവര്‍ക്ക് ഒരു തുക കൊടുത്തു. അതിന് എനിക്ക് 250 കോപ്പികള്‍ തന്നു. ആ 250 പുസ്തകങ്ങള്‍ ഒരു ടൂവീലറില്‍ പോയി എടുത്തുകൊണ്ട് വന്നിട്ടാണ് അത് വില്‍ക്കുന്നത്. ഇപ്പോള്‍ ‘ഏറ്റവും പ്രിയപ്പെട്ട എന്നോടി’ന്‍റെ ഇരുപതിനായിരം കോപ്പികള്‍ ഒരുമിച്ച് അച്ചടിക്കുന്ന സമയത്ത് ഓര്‍ക്കുന്നത് അന്നു മുതല്‍ ഇന്നുവരെയുള്ള ദൂരം മനോഹരമായിട്ടുള്ള ഒരു ജേണി ആയിട്ടാണ്.

‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ ഇറങ്ങിയ സമയത്ത് എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറച്ച് ഫോളോവേഴ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്‍സ്റ്റ വഴി തന്നെയാണ് പുസ്തകം വിറ്റത്. വലിയൊരു മൂവിങ് ഇല്ലെങ്കില്‍കൂടി മാസത്തില്‍ 100 പുസ്തകം ഒക്കെ അയച്ചിട്ടുണ്ട്. പുസ്തകം എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്ന് ആലോചിച്ചിരുന്നു. സാധാരണ ബുക്ക് സ്റ്റാളുകള്‍ വഴിയാണല്ലോ നമ്മള്‍ പുസ്തകങ്ങള്‍ കാണുന്നത്. ഞാന്‍ പുസ്തകം ബുക്ക് ഷോപ്പില്‍ കൊണ്ടു കൊടുത്തപ്പോള്‍ ആരും വിൽപനക്ക് എടുത്തില്ല. പുതിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ എടുക്കില്ല എന്നാണ് എല്ലാവരും പറഞ്ഞത്.

അത് കഴിഞ്ഞ് കുറേ മാസങ്ങള്‍ക്ക് ശേഷം ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’, ‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ എന്ന എന്‍റെ തന്നെ പുസ്തകങ്ങള്‍ ഇന്ന് എല്ലാ ബുക്ക്ഷോപ്പിലും ലഭിക്കുന്നുണ്ട്. അപ്പോള്‍ കാലം എല്ലാത്തിനും മറുപടി പറയുമെന്ന് ഞാന്‍ അനുഭവത്തിലൂടെ അറിയുകയാണ്. നമ്മള്‍ എവിടന്ന് വന്നതാണെങ്കിലും നമ്മുടെ സ്വപ്നത്തിന് വാല്യു ഉണ്ടെങ്കില്‍ അതിന് അല്‍പം എഫര്‍ട്ട് ഇട്ടുകഴിഞ്ഞാല്‍ എന്തായാലും വിജയമുണ്ടാവും. അവഗണനകള്‍ നേരിട്ടിട്ടുണ്ട്. പക്ഷേ, ആ അവഗണനകളാണ് എന്‍റെ മുന്നോട്ടുള്ള യാത്രകളെ സഹായിച്ചത്.

സോഷ്യല്‍ മീഡിയയിലെ റീല്‍സ് പുസ്തകത്തിന്‍റെ മാര്‍ക്കറ്റിങ്ങിന് ഉപയോഗിച്ച് വിജയിച്ച ആളാണ് നിമ്ന. പുതിയ കാലത്തെ വിപണനവഴികള്‍ എന്തൊക്കെയാണ്?

റീല്‍സ് വഴി പുസ്തകം വില്‍ക്കാം എന്നൊരു ആശയം ആദ്യമായി നടപ്പാക്കിയ ആള്‍ ഞാനാണ് എന്ന് തോന്നുന്നു. സ്വന്തം പുസ്തകത്തിന്‍റെ വിപണനത്തിന് വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത്. പക്ഷേ, ആദ്യം റീല്‍സ് ഇട്ടത് ‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ ആണ്. അതൊരു വലിയ മാര്‍ക്കറ്റിങ്ങായിട്ടൊന്നുമല്ല അപ്പോള്‍ അതിനെ കണ്ടത്. പക്ഷേ, എനിക്ക് അറിയായിരുന്നു ഒരു നല്ല ഓഡിയന്‍സിന് ഇത് ഇഷ്ടമാകുമെന്ന്.

അതായത് 20കളുടെ ഇടയില്‍ നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഈ പുസ്തകം വര്‍ക്കാവുമെന്ന് അറിയാമായിരുന്നു. പക്ഷേ, എങ്ങനെ അവരിലേക്ക് ഇത് എത്തിക്കും എന്ന് ആലോചിച്ചു. എന്താണ് കണ്ടന്‍റ് എന്ന് അറിഞ്ഞാലല്ലേ ഈ പുസ്തകം വായിക്കൂ. എങ്ങനെ അവരിലേക്ക് ഈ കണ്ടന്‍റ് എത്തിക്കാമെന്ന് നോക്കിയപ്പോഴാണ് റീല്‍സിന്‍റെ ഒരു ഐഡിയ വരുന്നത്. വലിയ ക്രിയേറ്റിവായിട്ടൊന്നുമല്ല ആ റീല്‍ ചെയ്തിട്ടുള്ളത്. പുസ്തകം തുറന്നുവെച്ചിട്ട് അതി​ന്റെ കുറച്ച് വരികള്‍ക്ക് അടിവരയിട്ട് അത് റീലാക്കി ഇടുകയായിരുന്നു.

‘നനയുവാന്‍ ഞാന്‍ കടലാകുന്നു’ എന്നതിന്‍റെ റീല്‍സിന് ഒരു മില്യൺ വ്യൂസ് ഉണ്ടായി. പുസ്തകം കൂടുതല്‍ പോകാന്‍ തുടങ്ങി. അപ്പോള്‍ എനിക്ക് മനസ്സിലായി ഇതൊരു നല്ല മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാ​െണന്ന്. ഈ രീതിയില്‍ നമുക്ക് റീല്‍ ഇട്ട് കഴിഞ്ഞാല്‍ ആള്‍ക്കാര്‍ കണ്ടന്‍റ് കണ്ട് ഇഷ്ടായിട്ട് വായിക്കുമെന്ന്. അതിനുശേഷം വന്ന ബൂമിങ് വായിച്ചശേഷം ആള്‍ക്കാര്‍ തമ്മില്‍ ഷെയര്‍ ചെയ്തിട്ട് ഉണ്ടായതാണ്. റീല്‍ ഈയൊരു പുസ്തകത്തെ ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ സഹായിച്ചു. എനിക്ക് മാത്രമല്ല ഈ റീല്‍ വഴി ബുക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുക. ഈ രംഗത്തേക്ക് വരുന്ന എല്ലാ എഴുത്തുകാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കാര്യമാണത്. എസ്റ്റാബ്ലിഷ്ഡ് പബ്ലിക്കേഷനില്‍ അല്ലെങ്കില്‍ നമ്മുടെ പുസ്തകം ശ്രദ്ധിക്കപ്പെടില്ല എന്ന ഒരു മിഥ്യാധാരണ എല്ലാവര്‍ക്കും ഉണ്ടാകും. പക്ഷേ, അത് പൊളിച്ചെഴുതുകയാണ് ഇപ്പോള്‍. നിങ്ങള്‍ ഒരു പുതിയ ആള്‍ ആ​െണങ്കിലും എന്താ​െണങ്കിലും നിങ്ങളുടേത് പുതിയ പബ്ലിക്കേഷനാണെങ്കില്‍പോലും നിങ്ങള്‍ക്ക് നിങ്ങളുടെ പുസ്തകം വില്‍ക്കാം.

പണ്ട് സിനിമ പ്രമോട്ട് ചെയ്തിരുന്നത് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റോപ്പുകളിലെ ചുവരുകളിലെ പോസ്റ്റര്‍ വഴി ആയിരുന്നെങ്കില്‍ ഇന്ന് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവൻസേഴ്സ് ആണ് സിനിമയെ പ്രമോട്ട് ചെയ്യുന്നത്. സാഹിത്യത്തിലും പുതിയ ട്രെന്‍ഡിനനുസരിച്ച് സഞ്ചരിച്ച് അഡാപ്റ്റായി ആ രീതികളില്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പുതിയതായി വരുന്ന എഴുത്തുകാര്‍ക്ക് അത് വലിയൊരു സാധ്യതയാണ്. നിങ്ങളുടെ പുസ്തകം ഒരു വലിയ പബ്ലിക്കേഷന്‍ ചെയ്തില്ലെങ്കില്‍പോലും, നിങ്ങള്‍ ഒരു പുതിയ എഴുത്തുകാരന്‍ ആണെങ്കില്‍പോലും നിങ്ങളുടെ കണ്ടന്‍റില്‍ നിങ്ങള്‍ക്ക് ഒരു ആത്മവിശ്വാസം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ആക്സസ് ചെയ്യാന്‍ പറ്റും.

ഇതിന് ഒരു മോഡലായിട്ട് നില്‍ക്കാന്‍ പറ്റിയതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. സാഹിത്യത്തെ ചില ആളുകള്‍ക്കുവേണ്ടി മാത്രം നീക്കിവെച്ചിരുന്ന ഒരു ഇടത്തില്‍നിന്ന് എല്ലാവരും വായനക്കാരാകുന്നു, എഴുതാന്‍ ഇഷ്ടമുള്ളവരെല്ലാം എഴുത്തുകാരാകുന്നു എന്നതില്‍ നമ്മള്‍ ശരിക്കും അഭിമാനിക്കുകയാണ് വേണ്ടത്. അല്ലാതെ, അതിനെ കുറ്റപ്പെടുത്തി അതിന് നിലവാരമില്ലായെന്ന് പറയുകയല്ല.

കൂടുതല്‍ ആളുകളെ വായനയിലേക്ക് കൊണ്ടുവരാനെങ്കിലും ഇത് ഉപകരിച്ചുവെന്നതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഇന്ന് അത് റീല്‍ ആയിരിക്കാം, നാളെ അത് വേറെ എന്തെങ്കിലും ആയിരിക്കാം. എന്താണോ ട്രെന്‍ഡ്, എവിടെയാണോ നമുക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന ഒരിടം, ആ ഇടത്ത് നമ്മള്‍ പുസ്തകങ്ങള്‍ പ്രമോട്ട് ചെയ്യുക എന്നുള്ളതാണ്. പുസ്തകമാണെങ്കിലും എന്ത് പ്രൊഡക്ട് ആണെങ്കിലും ഒരു ട്രഡീഷനല്‍ രീതിയില്‍ മാത്രമേ വിറ്റു പോകൂ എന്ന ചിന്ത ഒഴിവാക്കി കിട്ടാവുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് പുസ്തകങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കണം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിച്ച ഒരാളായതുകൊണ്ട് സോഷ്യല്‍ മീഡിയയുടെ പവറും അതിന്‍റെ ഇംപാക്ടും എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. അപ്പോള്‍ ഞാന്‍ അത് ഉപയോഗിച്ചുവെന്നേയുള്ളൂ.

സ്ത്രീപക്ഷത്തുനിന്നുള്ള ആലോചനകള്‍കൂടിയാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’. ഏറ്റവും കൂടുതല്‍ ഒരാള്‍ ഇഷ്ടപ്പെടേണ്ടത് തന്നെത്തന്നെയാണ് എന്ന സന്ദേശം പുസ്തകത്തിന്റെ സ്വീകാര്യതയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്...

അതിഥി എന്ന 23 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു കഥയാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’. പക്ഷേ, സ്ത്രീപക്ഷം എന്ന് ഒതുക്കിനിര്‍ത്താന്‍ പറ്റുന്ന ഒരു കഥയല്ല. ഇത് വായിച്ചിട്ടുള്ള ഒരുപാട് ആണ്‍കുട്ടികള്‍ അതിഥി തന്‍റെ ഫീമെയില്‍ വേര്‍ഷന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല, ഒരുപാട് കഥാപാത്രങ്ങളുണ്ട്. ആദി എന്നൊരു കഥാപാത്രമുണ്ട്. ഒരു ഗേ റിലേഷന്‍ഷിപ്പിനെയും അതിനെ എങ്ങനെ ഒരു കുടുംബം സ്വീകരിച്ചു എന്നതിനെയും കുറിച്ചു പറയുന്നുണ്ട്. അപ്പോള്‍ സ്ത്രീപക്ഷം എന്നതല്ല, പ്രധാന കഥാപാത്രം ഒരു സ്ത്രീ ആണെങ്കില്‍പോലും ആ സ്ത്രീയുടെ കണ്ണിലൂടെ നമ്മള്‍ ഒരുപാട് പുരുഷന്മാരുടെ ലോകങ്ങളും കാണിച്ചുതരുന്നുണ്ട്.

അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി കൂടി സ്റ്റാന്‍ഡ്ചെയ്യുന്ന പുസ്തകമാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്. ഫേസ്ബുക്കിലൊക്കെ നോക്കിക്കഴിഞ്ഞാല്‍ ഒരുപാട് പേർ സെല്‍ഫ് ലവിനെ വളരെ മോശമായിട്ടുള്ള രീതിയില്‍ സ്വാർഥതയായിട്ടൊക്കെ ഡിഫൈന്‍ചെയ്ത് എഴുതുന്നുണ്ട്. സെല്‍ഫ് ലവ് എന്ന് പറഞ്ഞാല്‍ എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷേ എന്നെ അത് വേദനിപ്പിക്കുന്നിടത്തോളം കാലം എനിക്ക് അത് സ്വീകരിക്കണ്ട. എനിക്ക് ആ ഇഷ്ടം വേണ്ട എന്ന് വെക്കാനുള്ള ധൈര്യമാണ്. സെല്‍ഫ് ലവ് ഒരിക്കലും മോശമല്ല. അത് നമ്മള്‍ ജനിക്കുമ്പോള്‍തന്നെ കിട്ടേണ്ട കാര്യമാണ്. പക്ഷേ, നമ്മള്‍ വളര്‍ന്ന സാഹചര്യങ്ങള്‍കൊണ്ട് നമുക്ക് കിട്ടുന്നില്ല എന്നുമാത്രമാണ്. അപ്പോൾ സെല്‍ഫ് ലവ് ഒരു വ്യക്തിയെ നന്നാക്കുന്നതിലൂടെ അവരുടെ ചുറ്റുപാടുകളെയും നന്നാക്കും. അപ്പോള്‍ അത് എല്ലാവര്‍ക്കും അടിസ്ഥാനമായിട്ട് വേണ്ട ഒരു കാര്യമാണ്.

പക്ഷേ, നമ്മുടെ സമൂഹം അത് വളരെ പിന്നിലാണ്. നമ്മളെ സ്വയം സ്നേഹിക്കാന്‍ ആരും പഠിപ്പിക്കുന്നില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുക, അവരുടെ കാര്യങ്ങള്‍ നോക്കുക എന്നതിലൂടെ സ്വയം സ്നേഹിക്കാനും അംഗീകരിക്കാനും ഒക്കെ മറന്നുപോകുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ നോവലിലെ നമ്മള്‍ നമ്മള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന ഒരു മെസേജിന് ഇത്രയേറെ പ്രാധാന്യം കിട്ടിയതും ഇത്രയും ക്ലിക്കായതും. ഞാന്‍ വിചാരിച്ചിരുന്നത് 20 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു പുസ്തകമാണ് ഇതെന്നാണ്.

പക്ഷേ കല്യാണമൊക്കെ കഴിഞ്ഞ് വളരെ പ്രായമായിട്ടുള്ള സ്ത്രീകള്‍, ഞങ്ങള്‍ ഇപ്പോഴും അതിഥിയിലേക്ക് എത്തിയിട്ടില്ല ഇപ്പോഴും സ്വയം സ്നേഹിക്കാന്‍ പഠിച്ചിട്ടില്ല, അങ്ങനെ പഠിച്ചിരുന്നെങ്കില്‍ ജീവിതം മാറിയേനെ എന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ജയിലില്‍നിന്നുള്ള ആളുകള്‍ കത്ത് എഴുതിയിട്ടുണ്ട്. അവര് പറഞ്ഞിട്ടുണ്ട് ഈ പുസ്തകം അവര്‍ക്ക് ആദ്യമേ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ജയിലില്‍ കഴിയേണ്ടിവരില്ലായിരുന്നു എന്ന്. അപ്പോള്‍ അതൊക്കെ കാണിക്കുന്നത് ഈ പുസ്തകം എത്രമാത്രം റെലവന്‍റാണ് എന്നാണ്.

സ്വാധീനിച്ച എഴുത്തുകാരായി ആരുമി​െല്ലന്ന് നിമ്ന പറയുന്നു. വായനയുടെ തുടക്കകാലം എങ്ങനെയായിരുന്നു. അത് പിന്നീട് എങ്ങനെയാണ് എഴുത്തിലേക്ക് എത്താനുള്ള വഴിയായത്?

സ്വാധീനിച്ച എഴുത്തുകാരില്ല എന്ന് പറയാന്‍ കാരണം ഞാന്‍ അങ്ങനെ സെലക്ടിവായിട്ട് വായിച്ചിട്ടുള്ള ഒരാളല്ല. കിട്ടുന്ന എല്ലാം വായിക്കുമായിരുന്നു. നല്ല കേള്‍വിക്കാര്‍ ഇല്ലാതിരുന്ന സാഹചര്യമാണ് എന്നെയൊരു എഴുത്തുകാരിയാക്കിയിട്ടുള്ളത് എന്നാണ്. ചെറുപ്പത്തില്‍ കഥ പറയാന്‍ ഒരുപാട് ഇഷ്ടമുള്ള ആളായിരുന്നു ഞാന്‍. പക്ഷേ, വീട്ടില്‍ അങ്ങനെ അത് കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. അപ്പോള്‍ എനിക്ക് എന്‍റെ വിശേഷങ്ങള്‍ പറയണം എവിടെയെങ്കിലും എക്സ്പ്രസ് ചെയ്യണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു. ചെറുപ്പം മുതലേ ഡയറി എഴുതുമായിരുന്നു.

ചെറിയ ചെറിയ കാര്യങ്ങളാണെങ്കില്‍പോലും ഡയറിയില്‍ എഴുതിവെക്കും. പിന്നെ ഞാന്‍ ഒരുപാട് യാത്രകളൊന്നും ചെയ്തിട്ടില്ല ചെറുപ്പത്തില്‍. അടുത്തുള്ള സ്കൂളില്‍തന്നെയാണ് പഠിച്ചത്. ഞാന്‍ ഏറ്റവും കൂടുതല്‍ ലോകം കണ്ടിട്ടുള്ളത്, ആളുകളെ പരിചയപ്പെട്ടിട്ടുള്ളത് എല്ലാം പുസ്തകങ്ങളിലൂടെയാണ്. നാലാം ക്ലാസ് മുതല്‍ ഞാന്‍ വായിക്കുന്നുണ്ട്. എനിക്കിപ്പോഴും ഓർമയുണ്ട്, ഞാന്‍ ആദ്യമായി വായിച്ച പുസ്തകം ‘അപ്പുവും ആനയും’ ആണ്. അത് എത്രയോ തവണ ഞാന്‍ പുനര്‍വായന ചെയ്തിട്ടുണ്ട്. ഡയറി എഴുത്താണ് എന്നെ ഒരു എഴുത്തുകാരിയാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്.

 

പുതിയ തലമുറയുടെ വായനശീലങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? അവരെ മുന്നില്‍ കണ്ടാണോ എഴുതുന്നത്?

പുതിയ ജനറേഷന് വായനയില്ല, വായന മരിക്കുന്നു എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കാത്ത ഒരാളാണ് ഞാന്‍. ചുറ്റുപാടുമുള്ള, വായിക്കുന്ന ഒരുപാട് ആളുകളെ എനിക്കറിയാം. വളരെ ഹാര്‍ഡ് ആയിട്ട് വായിക്കുന്ന എന്ത് ബുക്ക് ഇറങ്ങിയാലും അതിനെക്കുറിച്ച് അപ്ഡേറ്റ് ആവുന്ന ആളുകള്‍ ഉണ്ട്. ചിലപ്പോള്‍ അവർ വായിക്കുന്നു എന്നു പറഞ്ഞു നടക്കുന്നുണ്ടാവില്ല. പക്ഷേ, പുതിയ തലമുറയില്‍ വായനയുണ്ട്. പുതിയ തലമുറയില്‍ വായന ഇല്ലായിരുന്നുവെങ്കില്‍ എന്‍റെ പുസ്തകം ഇത്ര റീച്ച് ആയിട്ട് നില്‍ക്കില്ലായിരുന്നു. പുതിയ ആളുകളെ വായനയിലേക്ക് കൊണ്ടുവരാന്‍ ഈ പുസ്തകം സഹായിച്ചിട്ടുണ്ട്. കാരണം, വായന എന്ന് പറയുന്നത് കുറച്ചുപേർ വായിക്കുന്നതാണ് എന്ന ഒരു മിസ് കണ്‍സെപ്റ്റ് ഉണ്ട്. അവിടെനിന്ന്, വായന ജനകീയമാണെന്നും ആര്‍ക്കുവേണമെങ്കിലും വായിക്കാമെന്നുമുള്ള സാഹചര്യത്തിലേക്ക് എത്തിക്കാന്‍ ഈ പുസ്തകം ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഒരു പുസ്തകവും കൈകൊണ്ടു തൊടാത്ത ഒരാളുടെ അടുക്കല്‍ ‘ഖസാക്കിന്‍റെ ഇതിഹാസ’വും എം.ടിയുടെ പുസ്തകങ്ങളും ഒന്നും കൊടുക്കാന്‍ പറ്റില്ല. കാരണം, അതൊക്കെ കുറച്ചുകൂടെ സമയമെടുത്ത് വായിക്കേണ്ട കാര്യങ്ങളാണ്. അപ്പോള്‍ ഒരാളെ വായനയിലേക്ക് കൊണ്ടുവരണം എന്നുണ്ടെങ്കില്‍ സിംപിളായ പുസ്തകങ്ങള്‍ അവരുടെ കൈകളില്‍ ആദ്യം കിട്ടണം. അത്തരം പുസ്തകങ്ങള്‍ മലയാളത്തില്‍ എത്രത്തോളമുണ്ടെന്ന് സംശയമുണ്ട്. എന്‍റെ പുസ്തകം ആദ്യമായി വായിച്ചു കഴിഞ്ഞതിനുശേഷം രണ്ടാഴ്ചകൊണ്ട് 50 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത ഒരു ചേച്ചിയെ എനിക്കറിയാം. അവർ വിളിച്ചിട്ട് പറഞ്ഞു, നിന്‍റെ പുസ്തകത്തില്‍നിന്നാണ് എന്‍റെ വായനയുടെ തുടക്കമെന്ന്. എനിക്കറിയാമായിരുന്നു ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്തായാലും യൂത്തിനെ അട്രാക്ട് ചെയ്യുന്ന പുസ്തകമായിരിക്കുമെന്ന്. ആ പുസ്തകത്തില്‍ അവര്‍ക്കു വേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. അവരത് വായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്‍റെ മുന്നില്‍ ആകെയുണ്ടായിരുന്ന ഒരു ബാധ്യത, അത് അവരിൽ എത്തിക്കുക എന്ന കാര്യമായിരുന്നു. അത് ഞാന്‍ സോഷ്യല്‍ മീഡിയ റീല്‍സ് വഴി ചെയ്തു. പുതിയ തലമുറ വായിക്കുന്നുണ്ട്. വായന മരിക്കുന്നില്ല.

ഇപ്പോഴത്തെ ആളുകളുടെ ഏറ്റവും വലിയ പ്രശ്നം എന്താണെന്നാല്‍, വായിക്കുന്നില്ല എന്ന് പറഞ്ഞിടത്തുനിന്ന് അവര്‍ എന്‍റെ പുസ്തകം വായിക്കാന്‍ എടുത്തപ്പോള്‍ അവരാ പുസ്തകം വായിക്കാന്‍ എടുത്തു എന്ന കുറ്റമാണ്. സോ കോള്‍ഡ് വായനക്കാര്‍ക്ക് കുറെ പ്രശ്നങ്ങളുണ്ട്. അവരാഗ്രഹിക്കുന്ന പുസ്തകംതന്നെ എല്ലാവരും വായിക്കണം എന്നാണ് അവരുടെ ചിന്ത. ഞാന്‍ പറയുന്നത് നിങ്ങള്‍ ജീവിതത്തില്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകമാണ്. ഈ പുസ്തകം വായിച്ചാല്‍ മാത്രമേ നിങ്ങള്‍ ഒരു ലീഡര്‍ ആവൂ എന്നൊന്നുമില്ല. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് വായിക്കട്ടെ. ഒരാള്‍ എന്‍റെ പുസ്തകം വായിക്കുന്നത് വേറെ ഒരാള്‍ ഭയക്കേണ്ട കാര്യമില്ല. എല്ലാവരും വായിക്കട്ടെ. എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തിലേക്ക് മാറട്ടെ എന്നാണ് ആഗ്രഹം. പുതിയ ആള്‍ക്കാരെ മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഞാന്‍ എഴുതിയത്. ആ രീതിയില്‍ കാര്യങ്ങള്‍ കറക്റ്റ് ആയിട്ട് ഇംപ്ലിമെന്‍റ് ചെയ്യാനും പറ്റിയിട്ടുണ്ട്.

പുസ്തകം വായിച്ച് മുതിര്‍ന്ന എഴുത്തുകാര്‍ ആരെങ്കിലും വിളിക്കുകയോ അഭിനന്ദിക്കുകയോ ഉണ്ടായോ?

ഇല്ല, എന്‍റെ പുസ്തകം വായിച്ചിട്ട് ഇതുവരെ മലയാളത്തില്‍ എന്നല്ല ഒരു എഴുത്തുകാരനും വിളിക്കുകയോ അല്ലെങ്കില്‍ ആ രീതിയിലുള്ള അഭിനന്ദനങ്ങള്‍ കിട്ടുകയോ ഉണ്ടായിട്ടില്ല. എനിക്ക് കിട്ടിയ എല്ലാ റെസ്പോണ്‍സും സാധാരണ വായനക്കാരില്‍നിന്നാണ്. ഒരുപാട് വായനക്കാര്‍ വായിച്ച് റിവ്യൂസ് എഴുതുന്നുണ്ട്. മിനിമം 100 മെസേജെങ്കിലും ഒരുദിവസം ഇന്‍സ്റ്റയില്‍ വരാറുണ്ട്.

അഭിനന്ദനങ്ങള്‍ക്കിടയില്‍ ചില വിമര്‍ശനങ്ങളും നോവലിനെ കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ... ക്രാഫ്റ്റിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നതിനെ കുറിച്ച്? തുടര്‍ന്നുള്ള എഴുത്തുകളില്‍ ഇത്തരം വിമര്‍ശനങ്ങളെ പരിഗണിക്കുമോ?

നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. കാരണം, അത് നമ്മെ ഇംപ്രൂവ് ചെയ്യാന്‍ സഹായിക്കും. പുസ്തകം വായിച്ചിട്ട് എല്ലാവര്‍ക്കും ഇഷ്ടമാവണം എന്ന ഒരു നിര്‍ബന്ധവും എനിക്കില്ല. കാരണം എനിക്കും എല്ലാ പുസ്തകവും വായിച്ച് ഇഷ്ടമാവണമെന്നില്ല. പക്ഷേ, എന്‍റെ പുസ്തകം ഒരാള്‍ക്ക് ഇഷ്ടമായില്ല എന്ന് കരുതി അതൊരിക്കലും ഒരു മോശം പുസ്തകം ആവുന്നില്ല. ഈ പുസ്തകത്തെക്കുറിച്ച് എനിക്ക് കിട്ടിയിട്ടുള്ള ഒരു വിമര്‍ശനം അവസാന ഭാഗം ആകുമ്പോഴേക്കും പെട്ടെന്ന് തീര്‍ന്നുപോകുന്നു, തിരക്കിട്ട് എഴുതിയപോലെ തോന്നി, പിന്നെ ചില കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ഡെപ്ത് ആവാമായിരുന്നു, ഭാഷ കുറച്ചുകൂടി ഇംപ്രൂവ് ആവാനുണ്ട് എന്നൊക്കെയാണ്.

ഈ വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് ഞാന്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. അപ്പോള്‍ അത് ഇംപ്രൂവ് ചെയ്യാനുള്ള എല്ലാ എഫര്‍ട്ടും എന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവും. പക്ഷേ, അതല്ലാതെയുള്ള വിമര്‍ശനങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. അതായത് ഈ പുസ്തകം വായിക്കപ്പെടരുത് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍, പുസ്തകംപോലും വായിക്കാതെ തന്നെ ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളത് എന്ന് ചോദിക്കുന്നത്, അടുത്ത പുസ്തകം വരുമ്പോള്‍ ഇപ്പോള്‍ കിട്ടിയിട്ടുള്ള എല്ലാ ഫീഡ്ബാക്കും വെച്ചിട്ട് നല്ല രീതിയില്‍ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം.

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍/എഴുത്തുകാരി ഉണ്ടോ? ഉണ്ടെങ്കില്‍ ആരാണ്?

മാധവിക്കുട്ടിയുടെ എഴുത്തുകള്‍ ഇഷ്ടമാണ്. അവരുടെ ഭാഷ ഇഷ്ടമാണ്. ആ ഭാഷ എന്‍റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഏതൊരാള്‍ക്കും വായിക്കാന്‍ പറ്റുന്ന തരത്തില്‍, വളരെ ലളിതമായി നമ്മുടെ അടുത്ത് വന്നിരുന്ന് നമുക്ക് പരിചയമുള്ള ഒരാള്‍ കഥ പറയുന്നപോലെയാണ് അവർ എഴുതുന്നത്. പിന്നെ എന്ത് കാര്യം വന്നാലും ബോൾഡായിട്ട് എഴുതുക. നമ്മള്‍ ഒരു കാര്യം മറച്ചുവെക്കാതെ എഴുതുക എന്ന കാര്യം പഠിച്ചത് മാധവിക്കുട്ടിയില്‍നിന്നാണ്.

 

അടുത്ത രചന?

ഒരു പുസ്തകം എഴുതി, അടുത്ത പുസ്തകം അപ്പോള്‍തന്നെ എഴുതണമെന്ന് ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും ഒരു മെസേജ് കൊടുക്കണം എന്ന് തോന്നുമ്പോഴാണ് പുസ്തകം എഴുതുന്നത്. അടുത്ത പുസ്തകത്തില്‍ ഞാന്‍ പറയണമെന്ന് ഉദ്ദേശിക്കുന്ന ഒരു മെസേജ് ഉണ്ട്. സമയമെടുത്ത് നേരത്തേ പറഞ്ഞതുപോലുള്ള എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് എനിക്ക് സാറ്റിസ്ഫൈ ചെയ്യുന്ന രീതിയില്‍ എഴുതണം. ഒരു വരി എഴുതുമ്പോള്‍ അതില്‍ സങ്കടം ഉണ്ടെങ്കില്‍ എനിക്ക് കണ്ണ് നിറയണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് കണ്ണ് നിറയാതെ ഒരു വരി എഴുതിയിട്ട് ഓഡിയന്‍സിന് അത് ഫീലാവും എന്ന് വിശ്വസിക്കുന്നതില്‍ ഒരു കാര്യവുമില്ലല്ലോ. എന്തായാലും പെട്ടെന്ന് ഒരു പുസ്തകം ഉണ്ടാവില്ല. സമയമെടുത്ത് നല്ലരീതിയില്‍ ഹോംവര്‍ക്ക് ചെയ്ത് നല്ല പുസ്തകമായിട്ട് വരണം എന്നാണ് ആഗ്രഹം.

News Summary - weekly interview