Begin typing your search above and press return to search.
proflie-avatar
Login

‘സയണിസം എന്താണെന്ന് ലോകത്തിന് കൂടുതൽ വ്യക്തമാകുന്നു’

‘സയണിസം എന്താണെന്ന്   ലോകത്തിന് കൂടുതൽ  വ്യക്തമാകുന്നു’
cancel

പശ്ചിമേഷ്യൻ വിഷയങ്ങളിലും ആഗോള രാഷ്​ട്രീയ-സമ്പദ്​ ശാസ്​ത്രത്തിലും പ്രമുഖനായ ബിക്രം സിങ്​ ഗിൽ ഫലസ്​തീൻ വിഷയത്തെ കേന്ദ്രീകരിച്ച്​ സംസാരിക്കുന്നു. സയണിസം, ഹിന്ദുത്വ, അപകോളനീകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇൗ ചർച്ച​ക്ക്​ വിഷയമാകുന്നു. അമേരിക്കയിലെ വിർജീനിയ ടെക്കിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രഫസറാണ് ബിക്രം സിങ് ഗിൽ. ഗ്ലോബൽ പൊളിറ്റിക്കൽ ഇക്കണോമി, പൊളിറ്റിക്കൽ ഇക്കോളജി, ഡീകൊളോണിയൽ തിയറി, ക്രിട്ടിക്കൽ റേസ് തിയറി, കൊളോണിയലിസം/സാമ്രാജ്യത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖലകൾ. യോർക് യൂനിവേഴ്സിറ്റിയിൽനിന്ന്​ പിഎച്ച്​.ഡി നേടിയ അദ്ദേഹം...

Your Subscription Supports Independent Journalism

View Plans

പശ്ചിമേഷ്യൻ വിഷയങ്ങളിലും ആഗോള രാഷ്​ട്രീയ-സമ്പദ്​ ശാസ്​ത്രത്തിലും പ്രമുഖനായ ബിക്രം സിങ്​ ഗിൽ ഫലസ്​തീൻ വിഷയത്തെ കേന്ദ്രീകരിച്ച്​ സംസാരിക്കുന്നു. സയണിസം, ഹിന്ദുത്വ, അപകോളനീകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇൗ ചർച്ച​ക്ക്​ വിഷയമാകുന്നു. 

അമേരിക്കയിലെ വിർജീനിയ ടെക്കിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രഫസറാണ് ബിക്രം സിങ് ഗിൽ. ഗ്ലോബൽ പൊളിറ്റിക്കൽ ഇക്കണോമി, പൊളിറ്റിക്കൽ ഇക്കോളജി, ഡീകൊളോണിയൽ തിയറി, ക്രിട്ടിക്കൽ റേസ് തിയറി, കൊളോണിയലിസം/സാമ്രാജ്യത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖലകൾ. യോർക് യൂനിവേഴ്സിറ്റിയിൽനിന്ന്​ പിഎച്ച്​.ഡി നേടിയ അദ്ദേഹം ഫലസ്​തീൻ വിഷയത്തെക്കുറിച്ച്​ സ്വതന്ത്ര മാധ്യമപ്രവർത്തകനായ സിബഹത്തുല്ലാഹ് സാക്കിബിനോട്​ സംസാരിക്കുന്നു. സംസാരത്തിന്റെ പ്രസക്ത ഭാഗങ്ങളാണ്​ ചുവടെ:

ഫലസ്തീൻ പ്രതിരോധത്തെ താങ്കൾ എങ്ങനെ മനസ്സിലാക്കുന്നു?

ഫലസ്തീനിയൻ ചെറുത്തുനിൽപിന് പല രൂപങ്ങളുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ രണ്ട് വഴികളാണ് ഉള്ളത്​: ഒന്ന് സ്വാഭാവീകരണത്തിന്റേതും (normalization), രണ്ടാമത്തേത്, പ്രതിരോധത്തിന്റേതും. സയണിസത്തിന്റെയും സയണിസ്റ്റ് അധിനിവേശത്തിന്റെയും അടിത്തറയെതന്നെ വെല്ലുവിളിക്കുന്നതാണ് യഥാർഥ ഫലസ്തീൻ പ്രതിരോധം. എന്റെ എഴുത്തുകളിലൂടെ ഞാൻ മുന്നോട്ടുവെക്കുന്ന ലളിതമായ വാദം, കൊളോണിയലിസത്തിന്റെ അടിസ്ഥാനം ‘ബലപ്രയോഗമാണ്’ (force) എന്നതാണ്. “ബലം പ്രയോഗിച്ച് പിടിച്ചത് ബലം പ്രയോഗിച്ച് മാത്രമേ തിരിച്ചെടുക്കാനാവുകയുള്ളൂ” എന്ന ഫലസ്തീൻ വിപ്ലവകാരിയായ ഗസ്സാൻ കാനാഫാനിയുടെ പ്രയോഗം ഫലസ്തീനികൾക്കിടയിൽ പ്രസിദ്ധമാണ്.

അതുപോലെ ഇസ്സുദ്ദീൻ അൽ ഖസ്സാമിനെക്കുറിച്ച് വിഖ്യാതമായൊരു കഥയുണ്ട്. 1920കളിലും 30കളിലും അദ്ദേഹം ഫലസ്തീനിലും സിറിയയിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ‘‘ഫലസ്തീനികൾ അവരുടെ അവകാശങ്ങൾക്കായി ബ്രിട്ടീഷുകാരുമായുള്ള അനുരഞ്ജന ചർച്ചകൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കാരണം അത് ഫലം കാണുന്നില്ലെന്നും അവർക്ക് അവരുടെ ഭൂമി കൂടുതൽ കൂടുതൽ നഷ്ടപ്പെടുന്നതായും’’ അദ്ദേഹം വാദിച്ചിരുന്നു. ഇതിന് താങ്കൾ കാണുന്ന പരിഹാരമെന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്റെ കോട്ട് തുറന്ന് തന്റെ പിസ്റ്റൾ കാണിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ഈ രൂപത്തിലാകണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്.

ഫലസ്​തീനിൽ ബന്ധുക്കളുടെ മൃതദേഹങ്ങൾക്കു മുന്നിൽ കരയുന്ന ബന്ധു

ഫലസ്​തീനിൽ ബന്ധുക്കളുടെ മൃതദേഹങ്ങൾക്കു മുന്നിൽ കരയുന്ന ബന്ധു

ഇസ്രായേൽ അതിന്റെ അധികാര പ്രയോഗം നടത്താൻ ഉപയോഗിക്കുന്ന മാർഗമായ ബലപ്രയോഗം എന്ന കൊളോണിയലിസത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുമ്പോഴാണ് അത് യഥാർഥ പ്രതിരോധമാവുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്റെ വീക്ഷണത്തിൽ, ഇസ്രായേൽ തങ്ങളുടെ രാഷ്ട്രസ്ഥാപനത്തിനും കൊളോണിയൽ പദ്ധതിയുടെ തുടർച്ചക്കും വേണ്ടി ഉപയോഗിക്കുന്ന ഹിംസയോടുള്ള പ്രതികരണമാണ് ഫലസ്തീൻ പ്രതിരോധം. ഫലസ്തീനികൾക്ക് അവരുടെ അവകാശങ്ങൾക്കായി യാചിക്കുന്നതിന് പകരം അവരുടെ അവകാശങ്ങളെ അധികാരത്തോടെ നേടിയെടുക്കാൻ ശേഷി നൽകുന്ന ഒരു സമവാക്യം സൃഷ്ടിക്കാനും ഇത് ശ്രമിക്കുന്നു.

എങ്ങനെയൊക്കെയാണ് ഈ പ്രതിരോധം ഒരു പുതിയ ലോകക്രമം നിർമിച്ചെടുക്കുന്നത്?

നിങ്ങൾ ഫലസ്തീനിലെ നോർമലൈസേഷന്റെ തോത് പരിശോധിക്കുമ്പോൾ, നിലവിലുള്ള ലോകക്രമത്തെ അത് ശക്തിപ്പെടുത്തുന്നതായി കാണാൻ സാധിക്കും. അതുകൊണ്ടു തന്നെ ഓസ് ലോ കരാർ സംഭവിക്കുന്നതിലൂടെ അത് അമേരിക്കയുടെ അധീനതയിലാവുന്നു. ഫലസ്തീന്റെ അവകാശങ്ങളെ അമേരിക്ക ‘അനുവദിച്ചു നൽകുന്നു’. അപ്പോഴും ഓസ് ലോയുടെ വ്യവസ്ഥ ഫലസ്തീനികൾ ആയുധം താഴെവെക്കുക എന്നതായതിനാൽ മേൽപ്പറഞ്ഞ അവകാശങ്ങൾ നടപ്പാക്കാൻ ഫലസ്തീനികൾക്ക് അധികാരമില്ല. പി.എൽ.ഒ സായുധസമരം ഉപേക്ഷിച്ച സന്ദർഭത്തിൽ അവർക്ക് പൂർണമായും സാമ്രാജ്യത്വ ശക്തിയുടെ ഉദാരതയെയും ഇസ്രായേലിന്റെ സന്മനസ്സിനെയും ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഓസ് ലോ കരാർ നമുക്ക് നൽകുന്ന പാഠമെന്തെന്നാൽ അധിനിവേശകർക്ക് സർവാധികാരവും ഉണ്ടെങ്കിൽ അവർ കൂടുതൽ ഭൂമി കൈക്കലാക്കുകയും കൂടുതൽ കൂടുതൽ ഫലസ്തീനികളെ തടവിലാക്കുകയും ചെയ്യും എന്നതാണ്.

ഇന്ന് ഇസ്രായേലിനകത്തെ അമേരിക്കയുടെ നിക്ഷേപം വളരെ വലുതാണ്. അങ്ങനെ അവർക്ക് പശ്ചിമേഷ്യയിലെ എണ്ണയുടെയും വിഭവങ്ങളുടെയും ഒഴുക്ക് നിയന്ത്രിക്കാനും അതുവഴി അവരുടെ ഡോളറിന്റെ മൂല്യം ശക്തമാക്കി നിർത്താനും സാധിക്കുന്നു. അതുകൊണ്ട് ഫലസ്തീനികളെ സംബന്ധിച്ച് ഇസ്രായേൽ അധിനിവേശത്തെ വെല്ലുവിളിക്കുക എന്നുപറയുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തെ കൂടി വെല്ലുവിളിക്കലാണ്. രണ്ടും ഒരുപോലെ സംഭവിക്കണം. കാരണം, സയണിസത്തിന്റെ പിന്താങ്ങികളായ യു.എസ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാതെ സയണിസത്തെ പരാജയപ്പെടുത്തുകയെന്നത് അസാധ്യമാണ്.

കൊളോണിയലിസത്തെ നടപ്പാക്കാനായി അവരുപയോഗിക്കുന്ന ബലപ്രയോഗം എന്ന ഘടകത്തെ വെല്ലുവിളിക്കാതെ ഫലസ്തീനികൾക്ക് ഫലപ്രദമായൊരു വെല്ലുവിളി ഉയർത്താൻ സാധിക്കില്ല. അത് ചെയ്യണമെങ്കിൽ അവർ അമേരിക്കൻ അധികാരത്തെ വെല്ലുവിളിക്കണം. യു.എസ് ശക്തിയെ വെല്ലുവിളിക്കാനാണെങ്കിലോ, ഫലസ്തീനിയൻ പ്രതിരോധ സംഘങ്ങൾ മറ്റു സഖ്യകക്ഷികളുമായി അഥവാ ഇറാൻ, യമൻ, ഹിസ്ബുല്ല, അൻസാറുല്ലാഹ് എന്നീ ശക്തികളുമായി വിശാലമായ തലത്തിൽ സഖ്യത്തിലേർപ്പെടേണ്ടതുണ്ട്. ഖുദ്‌സിലേക്കുള്ള പാത എന്നവർ വിളിക്കുന്ന ഈ സംഘടിത പോരാട്ടം അമേരിക്കൻ അധികാരത്തെ അടിസ്ഥാനപരമായി ദുർബലപ്പെടുത്തും.

ഫലസ്​തീ​നിലെ നിത്യകാഴ്​ച

ഫലസ്​തീ​നിലെ നിത്യകാഴ്​ച

വളരെ ലളിതമായി പറഞ്ഞാൽ, ഫലസ്തീനിയൻ വിമോചനം അല്ലെങ്കിൽ പ്രതിരോധം എന്നത് അനിവാര്യമായും അമേരിക്കൻ അധികാരത്തിനോട് കൂടിയുള്ള കലഹമാണ്. അമേരിക്കൻ അധികാരത്തെ ദുർബലപ്പെടുത്തുക എന്നത് ലോകക്രമത്തെ മാറ്റുകയും അമേരിക്കൻ ഏകാധിപത്യമില്ലാത്ത മറ്റൊരു ലോകക്രമം സാധ്യമാക്കുകയും ചെയ്യുക എന്നാണ്. ഒന്നിലധികം ധ്രുവങ്ങൾ ഉള്ളൊരു ലോകക്രമത്തിൽ ലോകത്തിലെ അടിച്ചമർത്തപ്പെട്ട ആളുകൾക്ക് നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സാധ്യതകൾ തുറക്കപ്പെടും. വളരെ ലളിതമായി പറഞ്ഞാൽ, ലോകക്രമത്തിൽ മാറ്റം വരുത്താതെ ഫലസ്തീന്റെ സ്വാതന്ത്ര്യവും സാധ്യമല്ല. മറ്റേതൊരു ജനതയെക്കാളും ഫലസ്തീനികളാണ് ഈ മാറ്റത്തെ മുന്നോട്ടുനയിക്കുന്നത് എന്നതാണ് വാസ്തവം.

സിസെക്കിനെയും ജൂഡിത്ത് ബട്ട്‌ലറെയും പോലുള്ള പ്രമുഖ അക്കാദമിക പണ്ഡിതർപോലും ‘ഒക്ടോബർ 7’നെ അപലപിക്കുകയും അക്രമാസക്തമായ നടപടിയായി അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ താങ്കൾ എങ്ങനെ മനസ്സിലാക്കുന്നു? ഒക്ടോബർ 7 പാശ്ചാത്യ വ്യവഹാരങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത്?

ഒക്‌ടോബർ 7നെ അപലപിക്കുക, അല്ലെങ്കിൽ ‘അൽഅഖ്‌സ ഫ്ലഡിനെ’ അപലപിക്കാൻ ആവശ്യപ്പെടുക എന്നതുതന്നെ സിസെക്കിന്റെയോ ബട്ട്‌ലറുടെയോ പ്രശ്നമായാണ് ഞാൻ കരുതുന്നത്. ഒക്‌ടോബർ ഏഴിനാണ് ഈ സംഘർഷം ആരംഭിച്ചതെന്ന അനുമാനത്തിലേക്ക് അത് നയിക്കുന്നു.

ഒക്‌ടോബർ 7ന് മുമ്പ് ഗസ്സയിലെ ഫലസ്തീൻ അധികാരികൾ തങ്ങളുടെ തടവുകാരുടെ മോചനത്തിനുവേണ്ടി ശ്രമിച്ചിരുന്നുവെന്ന് നമുക്കറിയാം. 2022ലും 2023ലും ഇസ്രായേൽ വെസ്റ്റ്ബാങ്കിലെ കോളനിവത്കരണം ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾതന്നെ അത് അവസാനിപ്പിക്കണമെന്ന് ഫലസ്തീനികൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. കഴിഞ്ഞ ദശകത്തിൽ നമ്മൾ കണ്ട ഏറ്റവും ഗുരുതരമായ ഭൂമി കൈയേറ്റത്തിന്റെ ചില നിമിഷങ്ങളായിരുന്നു അവ. ആയിരത്തിലധികം ഫലസ്തീനികൾക്ക് ഭൂമി നഷ്ടപ്പെട്ടു.

സയണിസത്തിന് ഇത് ചെയ്യാൻ കഴിയുന്നത് അവർക്ക് ബലപ്രയോഗത്തിൽ (force) കുത്തക ഉള്ളതുകൊണ്ടാണ്. ആരോടും മറുപടി പറയേണ്ടതില്ലാതെ അവർക്ക് എന്തും ചെയ്യാം. അതുകൊണ്ട് അവർ ഇപ്പോൾ കൂടുതൽ ഭൂമി കൈയേറിക്കൊണ്ടിരിക്കുകയാണ്. തടങ്കൽ കുറ്റങ്ങൾ ചുമത്തി കൂടുതൽ ഫലസ്തീനികൾ തടവിലാക്കപ്പെടുന്നു. ഗസ്സയിൽ സൈനിക വലയം ശക്തമാവുകയും ഫലസ്തീനികളുടെ ആവശ്യങ്ങൾ കേൾക്കാതെ പോവുകയും ചെയ്യുന്നു. അമേരിക്കയിലെ ജോ ബൈഡൻ ഇസ്രായേലിന് കൂടുതൽ പിന്തുണയും സംരക്ഷണവും നൽകുന്നു. അതിനാൽ, ഇതെല്ലാം സംഭവിക്കുന്നു. ഫലസ്തീൻ നിലവിളികളെ എപ്പോഴും സയണിസ്റ്റുകളും പടിഞ്ഞാറും നേരിടുക അവരുടെ ബധിരകർണങ്ങൾ ഉപയോഗിച്ചാണ്, കേട്ടിട്ട് വേണ്ടേ മനസ്സിലാകാൻ.

ഇത്തരമൊരു സാഹചര്യത്തിൽ ഒക്ടോബർ 7 ഒരു യുക്തിരഹിതമായ പ്രവൃത്തിയല്ല. അവർ അതിനെ ഒരു യുക്തിരഹിതമായ പ്രവൃത്തിയായി സ്ഥാപിക്കുന്നു. കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങൾ അതിനുണ്ടായിരുന്നു. തിരിച്ചടിയുണ്ടാവില്ലെന്ന് കരുതേണ്ട എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. പ്രതികരണങ്ങൾ പ്രതീക്ഷിക്കാതെ നിങ്ങൾക്ക് ഞങ്ങളുടെ ആളുകളെ കൊല്ലാനും തടവിലാക്കാനും കഴിയില്ല.

അതിനാൽ ഒരു കൂട്ടം രാഷ്ട്രീയാവശ്യങ്ങൾ ഇതിന് അനുബന്ധമായുണ്ട്. അതിൽ കൃത്യമായ യുക്തിയുണ്ട്. നിങ്ങൾക്ക് അപലപിക്കണമെങ്കിൽ, സയണിസ്റ്റ് അധിനിവേശത്തെ അപലപിച്ചുകൊണ്ട് ആരംഭിക്കണം. ഒക്ടോബർ 7നെ അപലപിക്കുന്നവർ ഇതിന് മുതിരുന്നില്ല. ഒരുപക്ഷേ അതിനെ എതിർക്കുന്നു എന്നൊക്കെ അവർ പറഞ്ഞേക്കാം. എന്നാൽ, 2023 ആഗസ്റ്റിൽ, ജൂലൈയിൽ, മേയിൽ, 2022 ഏപ്രിലിൽ ഈ ഘട്ടങ്ങളിലൊക്കെ നടന്ന അക്രമങ്ങളെയൊന്നും അവർ ദിനേന അപലപിക്കുന്നില്ല. ഇത് അപകടകരമാണെന്നാണ് എനിക്ക് തോന്നുന്നത്.

കാരണം, ഒക്ടോബർ 7നെ അപലപിക്കാനുള്ള സമ്മർദം പിന്നീട് ആ പ്രവൃത്തി യുക്തിരഹിതമാണെന്ന് ചിത്രീകരിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കുന്നു. ‘അതിൽ യുക്തിയില്ല. അതുകൊണ്ടുതന്നെ അവരുമായി ചർച്ചകൾ സാധ്യമല്ല. സാധ്യമായ ഒരേയൊരു പ്രതികരണം വംശഹത്യയാണ്. കാരണം യുക്തിരഹിതമായ അക്രമത്തോട് മറ്റെങ്ങനെ പ്രതികരിക്കാനാണ്? നിരാകരണം മാത്രമാണ് ഉത്തരം.’ സിസെക്കിനോടും ബട്‌ലറിനോടുമുള്ള എന്റെ പ്രതികരണം ഇതാണ്. കാര്യങ്ങളെ നിങ്ങൾ സാഹചര്യത്തോട് ചേർത്തുവെച്ച് വായിക്കണം (Contextualize). കൊളോണിയലിസത്തിന്റെ ഹിംസയോടുള്ള പ്രതികരണമായി ഇതിനെ മനസ്സിലാക്കുക.

മറ്റൊരു കാര്യം ഞാൻ ഊന്നിപ്പറയാം. ഒക്‌ടോബർ ഏഴിന്റെ കഥകൾ പലതും അസത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശിരച്ഛേദം ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ, വ്യവസ്ഥാപിതമായ ബലാത്സംഗംപോലുള്ള ഉടനടി പുറത്തുവന്ന ചില അവകാശവാദങ്ങൾ നമുക്കറിയാം. ഇതിന് തെളിവുകളൊന്നുമില്ല. ശിരച്ഛേദം ചെയ്യപ്പെട്ട കുഞ്ഞുങ്ങൾ തികഞ്ഞ നുണകളായിരുന്നുവെന്ന് നമുക്കറിയാം. ഈ വിഷയത്തിൽ സമഗ്രമായ സമീപനം സ്വീകരിക്കാൻ കഴിവുള്ളവർ വ്യവസ്ഥാപിതമായ ബലാത്സംഗ ആരോപണങ്ങളെ വ്യക്തമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇസ്രായേലിന്റെ ആഖ്യാനങ്ങൾ ഒരു ഘട്ടത്തിലും വിശ്വാസയോഗ്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്.

അതുകൊണ്ട് ഒക്‌ടോബർ 7നെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ആഖ്യാനം എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഞാൻ കരുതുന്നു. ഫലസ്തീനികൾക്കെതിരെ ഏകപക്ഷീയമായി ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾക്കെതിരായ വിമോചന സമരത്തിന്റെ ഭാഗമായി ഒക്ടോബർ 7നെ സന്ദർഭോചിതമായി മനസ്സിലാക്കണം. പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ വംശഹത്യയെ സാധൂകരിക്കാൻ മിനക്കെട്ടു പണിയെടുക്കുന്നുണ്ട്. പതിവുപോലെ പടിഞ്ഞാറിനെ സംബന്ധിച്ചിടത്തോളം അവരിതിനെ അപരിഷ്കൃതം എന്ന് വിളിക്കാനാണ് ഉടനടി നോക്കുക.

ഹമാസിനെ അപരിഷ്കൃത ശക്തിയെന്ന് വിളിക്കുകയും അതിലൂടെ പടിഞ്ഞാറൻ ശക്തികൾ വംശഹത്യയിൽ പങ്കാളികളാവുകയും ചെയ്യുന്നു. യഥാർഥത്തിൽ വംശഹത്യയെ സാധൂകരിക്കുന്ന അവസ്ഥകൾ അവർ സൃഷ്ടിച്ചെടുക്കുന്നു. ഞാൻ പറഞ്ഞതുപോലെ, യുക്തിരഹിതവും അപരിഷ്കൃതവുമായ ഒന്നിനോട് പിന്നെ ചർച്ചയില്ലല്ലോ. ഉന്മൂലനമാണ് പ്രതിവിധി. പാശ്ചാത്യ പ്രതികരണത്തിന്റെ ഒരു തലം ഇതായിരുന്നു. എന്നാൽ ആഴത്തിലുള്ള തലത്തിൽ, ഫലസ്തീനികൾ തീരുമാനം എടുത്തുകഴിഞ്ഞു. റാഷിദ് ഖാലിദി തന്റെ ‘ഫലസ്തീനിനെതിരായ 100 വർഷത്തെ യുദ്ധം’ എന്ന പുസ്തകത്തിൽ പറയുന്ന വാദത്തിന് എതിരാണ് ഇത്. ഒരു തരത്തിൽ ഇത് വളരെ നല്ല പുസ്തകമാണ്, പക്ഷേ ഫലസ്തീനികൾ എല്ലായ്പോഴും പാശ്ചാത്യരെ ബോധ്യപ്പെടുത്താൻ, പൊതുജനാഭിപ്രായം നേടിയെടുക്കാൻ ശ്രമിക്കണമെന്ന അദ്ദേഹത്തിന്റെ വാദം ബലഹീനമാണ്.

എന്നെങ്കിലും നമുക്ക് അവരെ ബോധ്യപ്പെടുത്താൻ കഴിയും എന്ന ഈ യുക്തിയെ ഒക്‌ടോബർ 7ന് ഫലസ്തീൻ പ്രതിരോധം നിരസിച്ചതായി കാണാം. നമ്മുടെ വാക്കുകൾകൊണ്ട് ബോധ്യപ്പെടുത്താൻ കഴിയുമെന്ന യുക്തി! അത് സാധ്യമാകുക ബലപ്രയോഗത്തിലൂടെ മാത്രമാണ്. ബലപ്രയോഗത്തിലൂടെ അവരുടെ വ്യവഹാരങ്ങൾ ഒടുവിൽ തിരുത്തപ്പെടും. ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, പോരാട്ടം പുരോഗമിക്കുമ്പോൾ, ഇസ്രായേൽ ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി, സയണിസം എന്താണെന്ന് ലോകത്തിന് വ്യക്തമായി. ഇസ്രായേൽ പദ്ധതി വ്യക്തമായതോടുകൂടി യൂറോപ്പിലും മറ്റിടങ്ങളിലും എന്തിനധികം പാശ്ചാത്യ പൊതു വ്യവഹാരങ്ങളിൽപോലും, ഇസ്രായേലിനെ എങ്ങനെ സമീപിക്കുന്നു എന്നതിൽ നാടകീയമായ മാറ്റങ്ങൾ സംഭവിച്ചതായി നമുക്ക് കാണാം.

 

ഫലസ്തീൻ പ്രതിരോധം ഇസ്രായേൽ സൈനികർക്കെതിരെ സായുധ പോരാട്ടത്തിൽ ഏർപ്പെടുന്നതും തുടർന്ന് ഫലസ്തീൻ പൗര സമൂഹത്തിന് നേരെ ഇസ്രായേൽ അക്രമം നടത്തുന്നതും ലോകം വീക്ഷിക്കുന്നു. ഈ ഗതിവിഗതികൾ ലോകം മുഴുവൻ കാണാനായി തുറന്നിടപ്പെട്ടിരിക്കുകയാണ്, പാശ്ചാത്യർക്കുപോലും ഇതിൽ ഇടപെടേണ്ടി വരുന്നു. അതിനാൽ പാശ്ചാത്യ വ്യവഹാരത്തിൽ ഉണ്ടായിട്ടുള്ള ആഴത്തിലുള്ള സ്വാധീനം ഇസ്രായേലി പദ്ധതിയെ പ്രതിസന്ധിയിലാക്കും എന്നാണ് എനിക്ക് തോന്നുന്നത്. അത് പാശ്ചാത്യൻ സാമ്രാജ്യത്വത്തെയും പ്രതിസന്ധിയിലാക്കും.

ഫലസ്തീനിയൻ പോരാട്ടത്തിന്റെ അപകോളനീകരണ തലത്തെ ഒക്‌ടോബർ 7ലെ സംഭവം പുനരാനയിക്കുന്നു എന്ന് പറയാനാവുമോ? അതോ അതൊരു പുതിയ ഭാഷയെതന്നെ സൃഷ്ടിക്കുമോ?

തീർച്ചയായും. ഇതൊരു തരത്തിലുള്ള പുനർജന്മമാണെന്ന് പറയാം. ലെയ്ഡിങ്ങിലെ സംഭവ വികാസങ്ങൾ തന്നെയെടുക്കുക. ഫലസ്തീൻ വിഷയ‌ത്തിന് അറുതിവരുത്താൻ പടിഞ്ഞാറൻ ശക്തികൾ പ്രത്യേകിച്ച് അമേരിക്ക ശ്രമിക്കുന്നുവെന്നാണ് അത് വ്യക്തമാക്കുന്നത്. സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം നോർമലൈസ് ചെയ്യാൻ ശ്രമിക്കുകയാണ് അവർ. അബ്രഹാം ഉടമ്പടിയുടെ (Abraham Accords) മുൻനിരയിൽ യു.എ.ഇ ഉള്ളതും ശ്രദ്ധേയമാണ്.

ഇസ്രായേലിനെ അംഗീകരിക്കുകയും ബന്ധങ്ങൾ സാധാരണ നിലയിലാക്കുകയും ചെയ്താൽ സൗദി അറേബ്യക്ക് യു.എസ് സൈനിക സാങ്കേതികവിദ്യകൾ ലഭ്യമാകുമെന്ന തലത്തിലേക്ക് വരെ ചർച്ചകൾ എത്തിയിരുന്നു. ഫലസ്തീൻ പ്രശ്നം ശാശ്വതമായി ഇല്ലാതാക്കാൻ കഴിയുമെന്ന് വിഭാവനം ചെയ്യപ്പെട്ടിരുന്നു. ഒരുകണക്കിന് നോക്കിയാൽ ഫലസ്തീനെ സ്ഥിരമായി കോളനിവത്കരിക്കുന്ന ഒരു പദ്ധതിയെ സ്വാഭാവീകരിക്കാനുള്ള സൗദി അറേബ്യയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും സന്നദ്ധതക്ക് മേലുള്ള ഒരു വെല്ലുവിളിയായിരുന്നു ഒക്ടോബർ 7.

ഒപ്പം, അത് ഇസ്രായേലിന്റെ പ്രതിരോധശേഷിയെ, നേരത്തേ പറഞ്ഞതുപോലെ അട്ടിമറിച്ചുകൊണ്ട്, ശാശ്വതമായി പരാജയപ്പെടുത്തുകയും തകർത്തു തരിപ്പണമാക്കുകയും ചെയ്തിരിക്കുന്നു. കൊളോണിയലിസം ബലാൽക്കാരത്തിനുമേൽ കെട്ടിപ്പടുത്തിരിക്കുന്ന ഒന്നാണ്. അക്രമത്തിന്റെ ഇത്തരം കുത്തകയിലൂടെയാണ് അത് അതിന്റെ അധികാരം നടപ്പാക്കുന്നത്. ഒക്ടോബർ ഏഴിന് ഗസ്സയുടെ അതിർത്തികൾ ഭേദിച്ച് പുറത്തുകടന്ന് ഇസ്രായേലിന്റെ നിരീക്ഷണ സംവിധാനങ്ങളെ തകർത്തില്ലാതാക്കുന്നതിലൂടെ ഫലസ്തീനികൾ തങ്ങളാരാണെന്ന് സ്വയം അവതരിപ്പിക്കുകയായിരുന്നു. ഇസ്രായേലിന്റെ കുടിയേറ്റ അധിനിവേശ പദ്ധതിക്ക് അത്യന്താപേക്ഷികമായ സൈനിക സമവാക്യത്തിനേറ്റ ഏറ്റവും കനത്ത അടിയായിരുന്നു ഇത്.

അൽഅഖ്സ ഫ്ലഡ് നമ്മെ ഫ്രാൻസ് ഫാനന്റെ അപകോളനീകരണത്തെക്കുറിച്ചുള്ള വാദങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. കൊളോണിയലിസം ഒരു ചിന്തായന്ത്രമോ (thinking machine) അത് യുക്തിയും വിവേകവും ഉൾച്ചേർന്ന ഒരു ശരീരരൂപമോ അല്ല. നൈസർഗികമായി ഹിംസയാണ് അതെന്നും അതിലും വലിയ ഹിംസയിലൂടെ മാത്രമേ അതിനെ നേരിടാൻ ആവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

അൽഅഖ്സ ഫ്ലഡ് ഓപറേഷൻ അപകോളനീകരണ ചരിത്രത്തെ പുനർനിർമിക്കുകയല്ല, മറിച്ച് പുനർജനിപ്പിക്കുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മൂന്നാം ലോകത്തെയും ലോകത്തിലെ മറ്റിടങ്ങളിലെയും അപകോളനീകരണത്തിന്റെ സുദീർഘമായ ചരിത്രവുമായി സ്വയം കണ്ണിചേർക്കുന്ന ഫലസ്തീനിലെ ഒരു പോരാട്ടമാണിത്.

 

സിസെക്​ 

സിസെക്​ 

ഈ സമരം ഒക്‌ടോബർ 7ന് ആരംഭിച്ചതല്ലെന്ന് കൂട്ടിച്ചേർത്തുകൊള്ളട്ടെ. രണ്ടാം ഇൻതിഫാദ മുതൽ ഇങ്ങോട്ട്, ഫലസ്തീൻ ദേശീയ വിമോചനയുദ്ധം ഉയർന്നുവരുന്നതായി കാണാൻ കഴിയുമെന്ന വാദം അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ ഞാൻ പങ്കുവെച്ചിരുന്നു. ഫലസ്തീൻ ദേശീയ വിമോചന സമരത്തെ ഓസ് ലോ പരാജയപ്പെടുത്തുന്നതിനാൽ, ലബനാന്റെയും ഹിസ്ബുല്ലയുടെയും പാരമ്പര്യത്തെ (പ്രഭാവത്തെ) ഫലസ്തീനികൾ ഉറ്റുനോക്കുന്ന ഒരു ഓസ് ലോ-അനന്തരാവസ്ഥയുണ്ട് (post oslo moment). വളരെ സവിശേഷമായ ഒരു ദൗത്യമാണ് ഹിസ്ബുല്ല നിർവഹിക്കുന്നത്. രണ്ടാം ഇൻതിഫാദ മുതലാണ് ഫലസ്തീനികൾ ഇതിൽനിന്ന് പാഠമുൾക്കൊണ്ടത് എന്ന് ഞാൻ കരുതുന്നു. പതിറ്റാണ്ടുകളെടുത്ത് ഉണ്ടാക്കിയെടുത്തതിന്റെ ഫലമാണ് ഒക്‌ടോബർ 7ന് നാം കണ്ടത്. അത് തീർച്ചയായും അപകോളനിവത്കരണത്തിന്റെ ചരിത്രപാതയുടെ നവീകരണമാണ്, പുനർജന്മമാണ്.

1948 മുതലല്ല ചരിത്രം തുടങ്ങുന്നതെന്നും 2000 വർഷം പിന്നോട്ട് നോക്കിയാൽ നിങ്ങൾക്ക് ഫലസ്തീനിൽ മുസ്‍ലിംകളുടെ ഒരു തുമ്പും കാണാൻ കഴിയില്ല എന്നുമുള്ള വാദങ്ങൾ നിലവിലുണ്ട്. ഇത്തരത്തിലുള്ള ചരിത്രപരമായ വാദവുമായി വരുന്നവരോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?

ഇത്യാദി വാദങ്ങളെ ഞാൻ മുഖവിലക്കെടുക്കാറില്ല. അവ ശരിക്കും അപകടകരമായ വാദങ്ങളിലേക്കാണ് നയിക്കുന്നത്. നമ്മൾ എന്ത് ചെയ്യണമെന്നാണ് ഇവർ പറയുന്നത്? ഫലസ്തീനികളുടെ ഡി.എൻ.എ പരിശോധിച്ച് അവരെവിടെനിന്നാണ് വന്നതെന്ന് നോക്കാനോ? അവർ ആരായിരുന്നു എന്നറിയാനോ? 2000 വർഷം മുമ്പ് അവിടെയുണ്ടായിരുന്നവർ ഫലസ്തീനികളാണ് എന്നതിന് തെളിവുകളുണ്ട്. അവർ അക്കാലത്ത് മുസ്‍ലിംകൾ ആയിരുന്നില്ലായിരിക്കാം, പക്ഷേ അപ്പോഴും അവർ ആ നാട്ടിലെ ജനങ്ങളാണ്. ഇത്തരം സംവാദങ്ങൾ ഏതെങ്കിലും തരത്തിൽ സഹായകരമാണെന്ന് ഞാൻ കരുതുന്നില്ല.

ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർ ആ സംവാദങ്ങളിൽ ഏർപ്പെടാതിരിക്കുകയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അതായത് 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇത് തദ്ദേശവാസികളുടെ ഭൂമിയാണെന്ന് വ്യക്തമാണ് എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സയണിസം ഒരു പദ്ധതി എന്നനിലയിൽ ഫലസ്തീനിലേക്ക് കൂടിയേറാനുള്ള ആഗ്രഹത്തോടെയല്ല ആരംഭിച്ചത്. ഉഗാണ്ട, അർജന്റീന, കെനിയ എന്നിവയെക്കുറിച്ചൊക്കെ സംസാരം നടന്നിരുന്നു. അവർ പോകാൻ ഉദ്ദേശിച്ച മറ്റ് സ്ഥലങ്ങളുണ്ടായിരുന്നു.

കൃത്യമായി ഓർമയില്ലെങ്കിലും, കിഴക്കൻ ആഫ്രിക്കയിൽ അത് കെനിയയോ ഉഗാണ്ടയോ മറ്റോ ആയിരുന്നു. ഒരു സയണിസ്റ്റ് രാഷ്ട്രം സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ഗൗരവമായ ശ്രമമുണ്ടായെങ്കിലും, തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന് കരുതി അവിടെ ഉണ്ടായിരുന്ന വെള്ളക്കാരായ കുടിയേറ്റക്കാർ ഇത് നിരസിച്ചു. അതിനാൽ, ആ വാദത്തിന് എന്തെങ്കിലും വിശ്വാസ്യതയുണ്ടെന്ന് ഞാൻ കരുതുന്നില്ല, മാത്രമല്ല അതൊന്നും സഹവർത്തിത്വത്തിന്റെ സാധ്യതയെ തള്ളിക്കളയുന്നതിന് ഒരു കാരണവുമല്ല.

19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജൂതന്മാർ യൂറോപ് വിട്ടപ്പോൾ ഫലസ്തീനികൾ അവരെ സ്വീകരിച്ചു. അവരെ കുടിയേറ്റക്കാരായി പരിഗണിച്ചു. എന്നാൽ, അത് കുടിയേറ്റമല്ലെന്നും തദ്ദേശീയ ജനങ്ങളിൽനിന്ന് പരമാധികാരം തട്ടിയെടുക്കാനുള്ള അധിനിവേശ പദ്ധതിയാണെന്നും വ്യക്തമായപ്പോഴാണ് ആ ജനതയുടെ ചെറുത്തുനിൽപ് ആരംഭിക്കുന്നത്. അതിനാൽ, സയണിസത്തിന്റെ പ്രശ്നം യൂറോപ്യൻ ജൂതന്മാർ മടങ്ങിവരാൻ ആഗ്രഹിക്കുന്നതോ അല്ലെങ്കിൽ പഴയ ചരിത്രവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നതോ അല്ല. അത് മറ്റൊരു കാര്യമാണ്. സയണിസം സഹവർത്തിത്വത്തിന്റെ നിരാകരണമാണ്. ആ നാട്ടിലെ തദ്ദേശീയരായ ജനതയോടൊപ്പം ജീവിക്കാനുള്ള സാധ്യതയെ നിരാകരിക്കലാണത്.

ഇത്തരം സമര നിബന്ധനകളാണ് വളരെ വ്യക്തമായി മുന്നോട്ടുവെക്കേണ്ടതെന്ന് ഞാൻ കരുതുന്നു. ഇതൊരു കൊളോണിയൽ പദ്ധതിയാണ്. ആ നാട്ടിലുള്ളവരെ മാനിച്ചുകൊണ്ട് 2000 വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് മടങ്ങിവരുന്നൊരു പദ്ധതിയല്ല ഇത്. ഇത് ഭൂമി കൈയേറുന്നതിനുള്ള ഒരു പദ്ധതിയാണ്, അത് വളരെ വ്യക്തവുമാണ്. ജബോസ്കി, ഹെർസൽ തുടങ്ങിയ ആദ്യകാല സയണിസ്റ്റുകൾ ഇതൊരു കൊളോണിയൽ പദ്ധതിയാണെന്ന് വളരെ വ്യക്തമായിതന്നെ പറഞ്ഞിരുന്നു. ഇവിടെയാണ് സമരത്തിന്റെ സമവാക്യങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന് ഞാൻ കരുതുന്നു.

ഹിന്ദുത്വം സയണിസത്തെ വായിക്കുന്നതിൽ/ വിവരിക്കുന്നതിൽ വന്ന വ്യത്യാസത്തെ താങ്കൾ എങ്ങനെ കാണുന്നു?

ഹിന്ദുത്വക്കും സയണിസത്തിനും ഇടയിൽ വളരെ ശക്തമായ ഒരു സഖ്യം അനുഭവപ്പെടുന്നുണ്ടല്ലേ? ഹിന്ദുത്വയുടെ ഉദ്ഭവം നാസിസത്തിൽനിന്ന് പലതരത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ്. ഹിന്ദുത്വം ഒരു സവർണ ചിന്താഗതിയാണ്. സയണിസത്തിന് സമാനമാണത്. സയണിസം ഒരു പ്രത്യേക വംശീയ-മത വർഗീയതയെക്കുറിച്ച് സംസാരിക്കുന്നതുപോലെ സമാനമായ രീതിയിൽ ഹിന്ദുത്വം അത് ചെയ്യുന്നുണ്ട്.

ഹിന്ദു രാഷ്ട്രമായാലും 2000 വർഷങ്ങൾക്കുശേഷമുള്ള ഫലസ്തീനിലേക്കുള്ള പലായനമായാലും, രണ്ട് സന്ദർഭങ്ങളിലും എന്തെങ്കിലുമൊക്കെ പുനഃസ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്ന വിദേശ ഘടകമായി ചിത്രീകരിച്ചിരിക്കുന്നത് മുസ്‍ലിമിനെയാണ്. രസകരമായ കാര്യം എന്തെന്നാൽ, ഫലസ്തീനിലും ഇന്ത്യയിലും ബ്രിട്ടീഷ് ആയിരുന്നതുപോലെതന്നെ ഇത് രണ്ടും അധിനിവേശ പദ്ധതികളാണ്. അവർ ഇസ്‍ലാമിനെ ഒരു വൈദേശിക ശക്തിയായി കെട്ടിപ്പടുത്തു. പാശ്ചാത്യ കൊളോണിയലിസത്തിന്റെ പ്രധാന ഘടകമാണിത്. അതായത് ഓറിയന്റലിസത്തെ ഒരു പ്രത്യയശാസ്ത്രമായി പ്രതിനിധാനം ചെയ്യുക.

ഏഷ്യൻ സമൂഹങ്ങളെ അവരുടെ മഹത്ത്വം വീണ്ടെടുക്കാൻ സഹായിക്കാനായി എത്തിയ അധിനിവേശകരുടെ വേഷമാണ് അവർ അണിഞ്ഞത്. അതായത്, 2000 വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന അവരുടെ പൈതൃകത്തിന്റെ പതനത്തിലേക്ക് നയിച്ചത് ഇസ്‍ലാമാണ്. ഇത്തരത്തിലാണ് ബ്രിട്ടീഷ് അവരെ സ്വയം അവതരിപ്പിച്ചത്. ഇതേ തന്ത്രമാണ് സയണിസവും ഹിന്ദുത്വവും ഒരുപോലെ സ്വീകരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത്.

ജൂഡിത്ത്​ ബട്​ലർ

ജൂഡിത്ത്​ ബട്​ലർ

ഹിന്ദുത്വവും സയണിസവും പ്രത്യയശാസ്ത്രപരമായി ചേർന്നുനിൽക്കുന്ന പ്രധാന ഘടകങ്ങൾ ഇസ്‍ലാം (Question of Islam), കൊളോണിയലിസം എന്നിവയാണ്. കൊളോണിയൽ ആഖ്യാനങ്ങൾ ഇവ രണ്ടും പകർന്നെടുത്തത് ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്നാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നു.

ഫലസ്തീൻ അനുകൂല ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സമീപകാല നയതന്ത്ര ബന്ധത്തെക്കുറിച്ചും അതിലുണ്ടായ മാറ്റത്തെക്കുറിച്ചും താങ്കൾക്ക് എന്താണ് തോന്നുന്നത്?

ഫലസ്തീൻ പ്രതിരോധത്തെക്കുറിച്ചും ലോകക്രമത്തിലെ മാറ്റത്തെക്കുറിച്ചും നിങ്ങൾ നേരത്തേ ചോദിച്ചിരുന്നു. ഈ പ്രത്യേക ലോകക്രമം ഉയർന്നുവരുന്നത് സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷമാണ്. തീർച്ചയായും, നൂറുകണക്കിന് വർഷങ്ങളായി നാം ഒരു പാശ്ചാത്യ സാമ്രാജ്യത്വ വ്യവസ്ഥയിലാണ് നിലനിന്നത്. എന്നാൽ, യു.എസ് ഏകാധിപത്യം ശരിക്കും 1990ന് ശേഷമുള്ള ഒരു പ്രതിഭാസമാണ്. സോവിയറ്റ് യൂനിയനുണ്ടായിരുന്ന കാലത്ത് ആഗോള ദക്ഷിണ രാജ്യങ്ങൾക്ക് മുന്നിൽ സാധ്യതകളുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, 1990ന് ശേഷം ഏകാധിപത്യമാണ് സംഭവിച്ചത്.

അമേരിക്കയിൽ മറ്റ് രാജ്യങ്ങൾക്ക് വ്യാപാരസാധ്യതകളും സാങ്കേതികവിദ്യയുമൊക്കെ ഉപയോഗിക്കാൻ പലപ്പോഴും ഇസ്രായേലിനെ അംഗീകരിക്കണമെന്ന വ്യവസ്ഥ മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ അതിന്റെ വ്യാപാരം വർധിപ്പിക്കുന്നതിനായി ഇസ്രായേലിനെ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ഇസ്രായേലിൽനിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഇപ്പോൾ നമുക്കറിയാം. അതിനാൽ ഇന്ത്യയെ ഇസ്രായേലുമായുള്ള ബന്ധത്തിലേക്ക് ആകർഷിക്കുന്ന ഭൗതിക താൽപര്യം എന്തെന്ന് വ്യക്തമാണ്. അത് ഈ ബന്ധത്തിന്റെ ഒരു ഘടകമാണെന്ന് ഞാൻ കരുതുന്നു.

അപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട ഒന്ന് അമേരിക്കൻ സാമ്രാജ്യത്വ ചട്ടക്കൂടാണ്. പശ്ചിമേഷ്യയിലെ ഇസ്രായേലും ദക്ഷിണേഷ്യയിലെ ഇന്ത്യയും ഏതാണ്ട് അമേരിക്കൻ അധികാരം സൂചിപ്പിക്കുന്നതിനുള്ള കോട്ടകളോ പ്രോക്സികളോ (പ്രതിനിധികളോ) ആയി മാറിയിരിക്കുന്നു. പശ്ചിമേഷ്യയിൽ അമേരിക്കൻ അധികാരത്തിന്റെ വികാസമായി ഇസ്രായേൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് വ്യക്തമാണ്. അതുപോലെ ചൈനയെ പ്രതിരോധിക്കാൻ ദക്ഷിണേഷ്യയിലും കിഴക്കൻ ഏഷ്യയിലും പാശ്ചാത്യ ശക്തിയുടെ ഒരു വികാസമായി ഇന്ത്യയെ ഉയർത്താൻ യു.എസ് ശ്രമിക്കുന്നുവെന്നത് സ്പഷ്ടമാണ്.

ഇറാനെതിരായി ഇസ്രായേലിനെ വിന്യസിക്കുക എന്നാണെങ്കിൽ, ഇന്ത്യയും സമാനമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണാൻ കഴിയും. ലോകത്തിന്റെ സാമ്പത്തിക ചലനങ്ങൾ യു.എസ് മുതലാളിത്ത രീതിയിലാണെന്ന് പറയുമ്പോൾ എന്താണതിന്റെ അർഥം? ഉൽപാദനം, അതിന്റെ വിതരണം, ചരക്ക് നീക്കം, വില നിശ്ചയിക്കൽ എന്നിവയെ ആരാണ് ആത്യന്തികമായി നിയന്ത്രിക്കുന്നത്. ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഉൽപാദനം, മറ്റൊരു ഭാഗത്ത് വിൽപന.

ഇത് വിതരണ ശൃംഖലയാണ്. ആരാണ് വില നിശ്ചയിക്കുന്നത്, എങ്ങനെയാണ് നിശ്ചയിക്കുന്നത്. ഏതൊക്കെ രാജ്യത്തിന് എത്രയൊക്കെ വില നിശ്ചയിക്കാം എന്ന് നിർണയിക്കുന്ന അധികാര ബന്ധങ്ങൾ ചിട്ടപ്പെടുത്തുന്നത് ആരാണ്? നിങ്ങൾ ഒരു ഫോൺ ഉൽപാദിപ്പിക്കുന്നു എന്ന് സങ്കൽപിക്കുക. വ്യത്യസ്ത രാജ്യങ്ങളിൽ അതിന് എന്ത് വിലയീടാക്കാം? ഇന്ത്യയും ഇസ്രായേലും ലോക മേൽക്കോയ്മക്ക് വേണ്ട അമേരിക്കൻ നയത്തിന്റെ രണ്ട് കാലുകളാണ്. ചൈനയടക്കം പല രാജ്യങ്ങളും അത് ചോദ്യംചെയ്യുന്നു. അതുകൊണ്ട്, ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ കുറിച്ചാലോചിക്കാവുന്ന രണ്ടു തലങ്ങൾ ഇവയാണെന്നാണ് എനിക്ക് തോന്നുന്നത്.

ബി.ഡി.എസ് പ്രസ്ഥാനത്തിൽ സജീവമായ ഒരു വ്യക്തി എന്ന നിലയിൽ, അതിന്റെ സാധ്യതകളും അപകടസാധ്യതകളും എന്തൊക്കെയാണ്? സയണിസ്റ്റ് വിരുദ്ധ പൊതുമണ്ഡലത്തെ രൂപപ്പെടുത്തുന്നതിൽ ഈ കാമ്പയിൻ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

ഈ കാമ്പയിന് രണ്ട് ഘടകങ്ങളുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ബഹിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകൾ അവരുടെ സ്ഥാപനങ്ങളിലേക്കും ഡിപ്പാർട്മെന്റുകളിലേക്കും അവരവരുടെ ഇടങ്ങളിലേക്കും ഈ കാമ്പയിൻ എത്തിക്കുന്നു എന്ന അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബി.ഡി.എസ് ഒരു അധ്യാപനശാസ്ത്രപരമായ (pedagogical) ദൗത്യം നിറവേറ്റുന്നുണ്ട്. ഇത് ചർച്ചക്കും പഠനപ്രക്രിയകൾക്കുമുള്ള വാതായനങ്ങൾ തുറന്നിടുന്നു. ആ വിധത്തിൽ അത് വളരെ പ്രധാനമാണെന്നും ബി.ഡി.എസിന് സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ടെന്നും ഞാൻ കരുതുന്നു.

ദക്ഷിണാഫ്രിക്കയിൽ നമ്മളത് കണ്ടതാണ്, വർണവിവേചനപരമായ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്നതിലും പ്രതിസന്ധിയിലേക്കും അതിന്റെ തകർച്ചയിലേക്കും കൊണ്ടുവരുന്നതിൽ ബഹിഷ്‌കരണ പ്രസ്ഥാനത്തിന് ശരിക്കും നിർണായക പങ്കുണ്ട്. സ്റ്റാർബക്സ്, മക്ഡൊണാൾഡ് തുടങ്ങി ശരിക്കും ടാർഗറ്റ് ചെയ്‌ത ചില സ്ഥാപനങ്ങളിൽ ഇപ്പോൾ നടക്കുന്ന ബി.ഡി.എസ് കാമ്പയിനിന്റെ സ്വാധീനം നിങ്ങൾക്ക് കാണാൻ കഴിയും.

എന്നാൽ, കഴിഞ്ഞ ദിവസം ഞാൻ സൂചിപ്പിച്ചതുപോലെ, ബി.ഡി.എസ് ആഗോളതലത്തിൽ പടിഞ്ഞാറ്, പശ്ചിമ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാൽ, അവിടങ്ങളിൽ ഫലസ്തീനികളെ അംഗീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിൽ ഒരു അപകടസാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു. എന്തെന്നാൽ ആ അംഗീകാരം നേടാൻ ശ്രമിക്കുമ്പോൾ, ദക്ഷിണാഫ്രിക്ക വീണുകിടക്കുന്ന അതേ കെണിയിൽ ഇതും അവസാനിക്കാം. ഫലസ്തീനികൾ അവരുടെ ഏറ്റവും സമൂലമായ ആവശ്യങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ പാശ്ചാത്യശക്തികൾ മേൽ പറഞ്ഞ അംഗീകാരത്തിന് തയാറാവൂ എന്നുവരാം.

ഏറ്റവും സമൂലമായ ആവശ്യങ്ങളെന്ന് പറയുമ്പോൾ അറ്റോണി (നിർണയാവകാശം) അവകാശംപോലെയുള്ള ഏറ്റവും അത്യാവശ്യമായ ആവശ്യങ്ങളാണത്. അതുകൊണ്ടുതന്നെ ആരെയാണ് ആശ്രയിക്കുന്നത് എന്നതാണ് ഇതിലെ അപകടസാധ്യത. ചെറുത്തുനിൽപ് എന്ന ചോദ്യത്തിന്, പ്രതിരോധത്തിന്റെ പല രൂപങ്ങളുമുണ്ട്. അത്തരം പലരൂപത്തിലുള്ള പ്രതിരോധങ്ങളുമായി പൊരുത്തപ്പെടുന്ന ഒന്ന് തന്നെയാണ് ബി.ഡി.എസ്.

ഇന്ത്യയിൽ ബി.ഡി.എസ് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?

ഞാൻ ഇതിനെക്കുറിച്ച് അധികം പിന്തുടരാത്തതിനാൽ എനിക്ക് കൂടുതൽ അഭിപ്രായം പറയാൻ സാധിക്കില്ല, അപ്പോഴും ഒന്ന് ഉറപ്പാണ്, ഇന്ത്യയിൽ ഇപ്പോൾ വളരെയധികം രാഷ്ട്രീയ അടിച്ചമർത്തലുകളുള്ളതിനാൽ ഇത് പൊതുവേ ബുദ്ധിമുട്ടാകും. ഉപഭോക്തൃ ബഹിഷ്കരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങാമെന്ന് ഞാൻ കരുതുന്നു. ഒരു മാർക്‌സിസ്റ്റ് എന്ന നിലയിൽ ഞാൻപോലും അതിന്റെ പരിമിതികൾ മനസ്സിലാക്കുന്നു. അത്ര എളുപ്പമല്ലത്. എന്നാൽ, ഇത് ഇന്ത്യയിൽ ഒരു തുടക്കമെന്ന നിലയിൽ നല്ലതാണ്. സ്റ്റാർബക്‌സിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബഹിഷ്‌കരണം ഒക്കെയാവാം.

 

ഇസ്രായേൽ സേനയെ നേരിടുന്ന ഫലസ്​തീൻ സ്​ത്രീ

ഇസ്രായേൽ സേനയെ നേരിടുന്ന ഫലസ്​തീൻ സ്​ത്രീ

ഇവിടെ കോഴിക്കോട് ആയിരിക്കുമ്പോൾപോലും, അവിടെ ഒരു സ്റ്റാർബക്സ് ഉണ്ടെന്ന് പറയുന്നവരെ തിരുത്തി നിങ്ങൾ അത് സ്വയമേവ നിരസിക്കണം എന്ന് പ്രഖ്യാപിക്കുക. തുടർന്ന് ഉടലെടുക്കുന്ന സംവാദങ്ങളിൽ നിങ്ങൾക്ക് വിശദീകരിക്കാം, പിന്നീട് ആ ചർച്ച കുടുംബങ്ങളിലേക്ക് എത്തിക്കാം. അത്തരത്തിൽ അതൊരു നല്ല തുടക്കമാണ്. ഒരു ചെറിയ തുടക്കത്തിന് പ്രസക്തിയില്ലെന്ന് ആളുകൾക്ക് തോന്നരുത്. നിങ്ങൾക്ക് ഒരു ക്ലാസ് മുറിയിൽ, ഒരു സ്കൂളിൽ, ഒരു ഗവേഷണ കേന്ദ്രത്തിൽ അങ്ങനെ എവിടെയും ഇങ്ങനെ തുടക്കം കുറിക്കാം. അത് ചെറുതായിരിക്കാം, പക്ഷേ ഞങ്ങളുടെ നയം ഇതാണെന്ന് പ്രഖ്യാപിക്കുക. അങ്ങനെ പടിപടിയായി അതിനെ ഒരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരാൻ സാധിക്കും.

News Summary - weekly interview