Begin typing your search above and press return to search.
proflie-avatar
Login

‘ബ​ഹു​സ്വ​ര​ത ഇ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ ഇ​ല്ല’

‘ബ​ഹു​സ്വ​ര​ത   ഇ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ ഇ​ല്ല’
cancel

കോൺഗ്രസ്​ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണി ശങ്കർ അയ്യർ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ഇൻഡ്യ മുന്നണിയുടെ സാധ്യതകളെക്കുറിച്ചും മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായി സംസാരിക്കുന്നു. ബാബരി മസ്​ജിദ്​ തകർക്കൽ, കോൺഗ്രസി​ന്റെ പരാജയങ്ങൾ, തിരിച്ചുവരവിന്​ സാധ്യത, കോൺഗ്രസിലെ നേതൃപ്രശ്​നം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു.രാ​ജ്യ​ത്ത് അ​ന്യംനി​ന്നു​പോ​കു​ന്ന രാ​ഷ്ട്രീ​യ​ജ​നു​സ്സു​ക​ളി​ലാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വാ​യ മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ ഇ​ടം. അ​വി​ഭ​ക്ത ഇ​ന്ത്യ​യി​ൽ ലാ​ഹോ​റി​ലാ​യി​രു​ന്നു ജ​ന​നം. ഡൂ​ൺ സ്കൂ​ളി​ലെ​യും ഡ​ൽ​ഹി സെ​ന്‍റ്...

Your Subscription Supports Independent Journalism

View Plans
കോൺഗ്രസ്​ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണി ശങ്കർ അയ്യർ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ഇൻഡ്യ മുന്നണിയുടെ സാധ്യതകളെക്കുറിച്ചും മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായി സംസാരിക്കുന്നു. ബാബരി മസ്​ജിദ്​ തകർക്കൽ, കോൺഗ്രസി​ന്റെ പരാജയങ്ങൾ, തിരിച്ചുവരവിന്​ സാധ്യത, കോൺഗ്രസിലെ നേതൃപ്രശ്​നം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു.

രാ​ജ്യ​ത്ത് അ​ന്യംനി​ന്നു​പോ​കു​ന്ന രാ​ഷ്ട്രീ​യ​ജ​നു​സ്സു​ക​ളി​ലാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വാ​യ മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ ഇ​ടം. അ​വി​ഭ​ക്ത ഇ​ന്ത്യ​യി​ൽ ലാ​ഹോ​റി​ലാ​യി​രു​ന്നു ജ​ന​നം. ഡൂ​ൺ സ്കൂ​ളി​ലെ​യും ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലെ​യും ബ്രി​ട്ട​നി​ലെ കേം​ബ്രി​ഡ്ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും പ​ഠ​ന​ശേ​ഷം ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വി​സി​ൽ വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​ലാ​യി​രു​ന്നു ക​രി​യ​റി​ന്‍റെ തു​ട​ക്കം. ഏ​ഴു​ വ​ർ​ഷ​ത്തെ സ​ർ​വി​സി​നുശേ​ഷം ഐ.​എ​ഫ്.​എ​സ് വി​ട്ട് പു​തി​യ ലാ​വ​ണം ക​ണ്ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ. ദീ​ർ​ഘ​കാ​ലം പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി.

2004ൽ ​യു.​പി.​എ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ സാ​മ്പ​ത്തി​ക​ശാ​സ്ത്ര ബി​രു​ദ​ധാ​രികൂ​ടി​യാ​യ അ​യ്യ​ർ​ക്ക് ഇ​ത്തി​രി ക​ന​മു​ള്ള സാ​മ്പ​ത്തി​ക​ വ​കു​പ്പ് ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ൻകൂ​ടി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ​ സി​ങ്ങി​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ൽ, മ​ണി മ​ന​സ്സാ പ​ഞ്ചാ​യ​ത്തിരാ​ജും കൊ​ണ്ടുന​ട​പ്പാ​ണെ​ന്ന് പ​റ​ഞ്ഞ് സോ​ണി​യ ​ഗാ​ന്ധി തി​രു​ത്തി. അ​ങ്ങ​നെ ഗ്രാ​മ​വി​ക​സ​ന​ വ​കു​പ്പി​ൽനി​ന്ന് പ​ഞ്ചാ​യ​ത്തിരാ​ജ് എ​ന്നൊ​രു പു​തി​യ വ​കു​പ്പു​കൂ​ടി ഉ​ണ്ടാ​ക്കി. ‘മാ​ക്സി​മം ഡെ​മോ​ക്ര​സി’ എ​ന്ന ത​ന്‍റെ സ​ഹ​പാ​ഠികൂ​ടി​യാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹം നെ​ഞ്ചേ​റ്റി അ​യ്യ​ർ രാ​ജ്യ​ത്തെ ആ​ദ്യ പ​ഞ്ചാ​യ​ത്തി​രാ​ജ് മ​ന്ത്രി​യാ​യി.

കേം​ബ്രിഡ്ജിൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് മാ​ർ​ക്സി​സ്റ്റ് സൊ​സൈ​റ്റി​യി​ൽ അം​ഗ​മാ​യി​രു​ന്ന അ​യ്യ​ർ സോ​ഷ്യ​ലി​സ്റ്റ് എ​ന്നാ​ണ് സ്വ​യം ന​ൽ​കു​ന്ന വി​ശേ​ഷ​ണം. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വാ​യി​രു​ന്നു റോ​ൾ മോ​ഡ​ൽ. അ​ങ്ങ​നെ കോ​ൺ​ഗ്ര​സി​ൽ അ​ടി​യു​റ​ച്ചുനി​ന്നു എ​ന്നും. പ​രി​ണ​ത​പ്ര​ജ്ഞ​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ കൃ​ത​ഹ​സ്ത​നാ​യ എ​ഴു​ത്തു​കാ​ര​ൻകൂ​ടി​യാ​കു​ന്ന ഭാ​ഗ്യ​യോ​ഗ​വും മ​ണി​ശ​ങ്ക​ർ അ​യ്യ​ർ​ക്കു സ്വ​ന്തം. ത​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ച​രി​ത്രം പ​റ​യു​ന്ന പു​സ്ത​ക​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം കൃ​തി​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് അ​ദ്ദേ​ഹം.

‘മ​ണി​വാ​ക്ക്’ (Mani Talk) എ​ന്നാ​ണ് സ്വ​ന്തം കോ​ള​ത്തി​നു ന​ൽ​കി​യ പേ​രെ​ങ്കി​ലും നി​ല​പാ​ടു​ക​ളി​ലും വാ​ക്കു​ക​ളി​ലും കൃ​ത്യ​ത​യും മൂ​ർ​ച്ച​യു​മാ​ണ് മ​ണി​യു​ടെ സ​വി​ശേ​ഷ​ത. ഇ​ന്ത്യ-​അ​മേ​രി​ക്ക ആ​ണ​വ​ ക​രാ​റി​ൽ, ഇ​റാ​നി​ൽനി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന വി​ഷ​യ​ത്തി​ൽ തു​ട​ങ്ങി ന​രേ​ന്ദ്ര ​മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽവ​രെ ഈ ​തീ​ക്ഷ്ണ​ത ചി​ല​പ്പോ​ഴൊ​ക്കെ പാ​ർ​ട്ടി​ക്കും വി​ന​യാ​യി​ട്ടു​ണ്ട്. എ​ങ്കി​ലും, അ​വി​ടെ​യൊ​ന്നും നേ​രി​ൽ നേ​ർ​ക്കു​നേ​ർ എ​ന്ന സ​മീ​പ​ന​ത്തി​ൽ ഒ​രു മാ​റ്റ​വും അ​യ്യ​ർ വ​രു​ത്തി​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് എ​ന്നനി​ല​യി​ൽ പാ​ർ​ട്ടി​യും രാ​ജ്യ​വും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ സം​സാ​രി​ക്കാ​നി​രി​ക്കു​മ്പോ​ൾ അ​യ്യ​ർ പ​റ​ഞ്ഞു: ‘‘എ​ന്നെ സീ​നി​യ​ർ ലീ​ഡ​ർ എ​ന്നു വി​ളി​ക്ക​രു​ത്.

ഞാ​ൻ പാ​ർ​ട്ടി​യു​ടെ ഒ​രു സാ​ധാ​ര​ണ അം​ഗ​മാ​ണ്. എ​നി​ക്ക് സം​ഘ​ട​നാപ​ര​മാ​യ ചു​മ​ത​ല​ക​ളി​ല്ല. ക​മ്മി​റ്റി​ക​ളി​ലൊ​ന്നും ഞാ​ൻ അം​ഗ​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ന്നെ നി​യോ​ഗി​ക്കാ​റി​ല്ല. ഞാ​ൻ വാ​യ​തു​റ​ക്കു​ന്ന​ത് പാ​ർ​ട്ടി​നേ​തൃ​ത്വ​ത്തി​ന് ഇ​ഷ്ട​മ​ല്ല. അ​തു​കൊ​ണ്ട് സീ​നി​യ​ർ ലീ​ഡ​ർ എ​ന്ന് എ​ന്നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് തീ​ർ​ത്തും തെ​റ്റാ​ണ്. പാ​ർ​ട്ടി​ക്ക് വി​ധേ​യ​പ്പെ​ട്ടു ഒ​തു​ങ്ങിനീ​ങ്ങു​ന്ന ഒ​രു നാ​ല​ണ അം​ഗ​ത്വ​ത്തി​ലു​ള്ള സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​ണ് ഞാ​ൻ.’’

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യോ​ടു​ള്ള വി​ധേ​യ​ത്വ​വും സം​ഘ​ട​ന​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലു​ള്ള അ​മ​ർ​ഷ​വും ഒ​രുപോ​ലെ ആ ​വാ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. രാ​മ​ക്ഷേ​ത്രം വീ​ണ്ടും വി​വാ​ദ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ, പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച വ​ർ​ത്ത​മാ​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന ഘ​ട്ട​ത്തി​ൽ പാ​ർ​ട്ടി​യു​ടെ, മു​ന്ന​ണി​യു​ടെ നി​ല​യും നി​ല​പാ​ടും വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് ‘മാ​ധ്യ​മ’​വു​മാ​യു​ള്ള ഈ ​അ​ഭി​മു​ഖ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം.

രാ​ജ്യം ഒ​രു ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​നി​ടെ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന്​ വ​ലി​യ ക്ഷീ​ണ​മാ​ണ്​ സം​ഭ​വി​ച്ച​ത്. ബി.​ജെ.​പി കൂ​ടു​ത​ൽ ക​രു​ത്തുനേ​ടു​ക​യും ചെ​യ്തു. മ​ത​നി​ര​പേ​ക്ഷ​ത​ക്കുവേ​ണ്ടി ദീ​ർ​ഘ​കാ​ല​മാ​യി പൊ​രു​തി​വ​ന്ന​യാ​ളെ​ന്ന നി​ല​യി​ൽ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ താ​ങ്ക​ൾ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു?

-ര​ണ്ടു വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ൽ ഒ​ന്ന്​ മൗ​ലി​ക​മാ​ണ്. മ​റ്റു സം​ഭ​വ​വി​കാ​സ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക പ്ര​തി​ഭാ​സ​ങ്ങ​ളാ​യി ക​ണ്ടാ​ൽ മ​തി. രാ​ജ്യ​ത്തി​ന്​ പ്ര​ത്യേ​ക​മാ​യ ഒ​രു മ​ത​മി​ല്ലെ​ന്ന്​ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്നു. 1951ൽ ​രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്​ ഗു​ജ​റാ​ത്തി​ലെ സോ​മ​നാ​ഥ്​ ക്ഷേ​ത്ര ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വും കാ​ബി​ന​റ്റും ആ ​ആ​ഗ്ര​ഹം നി​ര​സി​ച്ചു. മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ രാ​ഷ്ട്ര​പ​തി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​ത്ത​ല​വ​ൻ ഒ​രു മ​ത​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു​കൂ​ടെ​ന്ന്​ കാ​ബി​ന​റ്റ്​ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്​ വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്​ രാ​ഷ്ട്ര​പ​തി​യു​ടെ സു​ര​ക്ഷ​യും പ്രോ​ട്ടോ​ക്കോ​ളു​മൊ​ന്നും അ​നു​വ​ദി​ച്ചി​ല്ല. അ​ന്ന​ത്തെ ബോം​​ബെ പ്രോ​വി​ൻ​സി​നാ​യി​രു​ന്നു സു​ര​ക്ഷ മേ​ൽ​നോ​ട്ടം. പ്രോ​ട്ടോ​ക്കോ​ൾ ചു​മ​ത​ല ​പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​നും.

എ​ന്നാ​ൽ, ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്താ​ണ്​? പ്ര​ധാ​ന​മ​ന്ത്രിത​ന്നെ പ്രാ​ണ​പ്ര​തി​ഷ്ഠ നി​ർ​വ​ഹി​ക്കു​ന്നു. ഹി​ന്ദു ഹൃ​ദ​യ സ​മ്രാ​ട്ട് അ​ഥ​വാ, ഹി​ന്ദു​ക്ക​ളു​ടെ ച​ക്ര​വ​ർ​ത്തി​യാ​ണ്​ താ​നെ​ന്ന്​ അ​ദ്ദേ​ഹം സ്വ​യം അ​ഭി​മാ​നം കൊ​ള്ളു​ന്നു. ഹി​ന്ദു​ക്ക​ളു​ടെ​യ​ല്ല, ഇ​ന്ത്യ​ൻ ഹൃ​ദ​യ​ങ്ങ​ളു​ടെ ച​ക്ര​വ​ർ​ത്തി​യാ​കാ​നാ​ണ്​ അ​ദ്ദേ​ഹം ശ്ര​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ഷ്ഠ ന​ട​ത്തു​ന്ന​തി​നെ നാ​ലു ശ​ങ്ക​രാ​ചാ​ര്യ​മാ​രും എ​തി​ർ​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി ക​ഴി​ഞ്ഞി​ട്ടി​ല്ല, അ​തു​വ​രെ കാ​ത്തു​നി​ൽ​ക്കൂ എ​ന്നാ​ണ്​ അ​വ​ർ പ​റ​യു​ന്ന​ത്. രാ​മ​ന​വ​മിവ​രെ കാ​ത്തി​രി​ക്കൂ, വി​ശേ​ഷി​ച്ചും രാം​ല​ല്ല എ​ന്ന കു​ഞ്ഞു​രാ​മ​നാ​ണ​ല്ലോ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ.

ഒ​രു സ്വ​കാ​ര്യ ഹി​ന്ദു മ​ത​ച​ട​ങ്ങി​ന്​ രാ​ഷ്ട്ര​സം​വി​ധാ​ന​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ ദു​രു​പ​യോ​ഗം മാ​ത്ര​മ​ല്ല ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ഒ​രു പ്ര​ത്യേ​ക​മ​ത​ത്തി​ന്‍റെ ആ​ളാ​യി അ​ട​യാ​​ള​പ്പെ​ടു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​ക്ക്​ അ​ത്​ പ്ര​ശ്ന​മ​ല്ല. ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്ട്ര​മാ​ക​ണം എ​ന്നാ​ണ​ല്ലോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്​ ഹി​ന്ദു​രാ​ഷ്​​ട്ര​മ​ല്ല, മ​ത​​നി​ര​പേ​ക്ഷ രാ​ജ്യ​മാ​ണ്. അ​ങ്ങ​നെ ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ൾ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ മ​നോ​ഭാ​വ​ത്തി​ൽത​ന്നെ വ​മ്പി​ച്ച മാ​റ്റം വ​രി​ക​യാ​ണ്.

ഭ​ര​ണ​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച മ​ത​നി​ര​പേ​ക്ഷ, ബ​ഹു​സ്വ​ര​സ​മൂ​ഹ​മാ​യി നാം ​തു​ട​ർ​ന്നും നി​ല​നി​ൽ​ക്കു​മോ അ​തോ, രാ​ജ്യ​ത്തി​ന്​ ഒ​രേ​യൊ​രു മ​തം എ​ന്ന നി​ല​പാ​ടി​ൽ ഹി​ന്ദു ഭൂ​രി​പ​ക്ഷാ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ ന​മ്മ​ൾ വ​ഴ​ങ്ങു​ക​യാ​ണോ എ​ന്ന​താ​ണ്​ ചോ​ദ്യം. ര​ണ്ടാ​മ​ത്തേ​താ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ങ്കി​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ധാ​നം മാ​ത്ര​മ​ല്ല, ച​രി​ത്ര​പ​രം കൂ​ടി​യാ​യി​രി​ക്കും. മോ​ദി​ക്ക്​ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം കി​ട്ടു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്ട്ര​മാ​യി മാ​റും. മ​ത​നി​ര​പേ​ക്ഷ, ബ​ഹു​സ്വ​ര ജ​നാ​ധി​പ​ത്യ ഇ​ന്ത്യ ഇ​ല്ലാ​താ​വും. രാ​ഷ്ട്ര​ത്തി​ന്​ ഔ​ദ്യോ​ഗി​ക​മ​ത​മി​ല്ലാ​ത്ത, പൗ​ര​ന്മാ​രെ​ല്ലാം അ​വ​കാ​ശ​ങ്ങ​ളി​ൽ തു​ല്യ​രാ​വ​ണ​മെ​ന്ന്​ നി​ഷ്ക​ർ​ഷ​യു​ള്ള ഇ​ന്ത്യ അ​തോ​ടെ അ​സ്ത​മി​ക്കും.

അ​തു​കൊ​ണ്ട്​ വ​രും​​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ൻ​ഡ്യ സ​ഖ്യം ഒ​​റ്റ​ക്കെ​ട്ടാ​യിനി​ന്നു ന​ന്നേ ചു​രു​ങ്ങി​യ​ത്​ ബി.​ജെ.​പി​യെ മൂ​ന്നി​ൽ ര​ണ്ടു തൊ​ടീ​ക്കാ​തി​രി​ക്കാ​ൻ ന​ന്നാ​യി പൊ​രു​ത​ണം. അ​തി​ലും മി​ക​ച്ച രീ​തി​യി​ൽ അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻത​ന്നെ പോ​രാ​ട​ണം.

 

മണിപ്പൂരിൽനിന്ന്​ ഭാരത്​ ജോഡോ ന്യായ്​ യാത്രക്ക്​ രാഹുൽ ഗാന്ധി തുടക്കം കുറിച്ചപ്പോൾ     

മണിപ്പൂരിൽനിന്ന്​ ഭാരത്​ ജോഡോ ന്യായ്​ യാത്രക്ക്​ രാഹുൽ ഗാന്ധി തുടക്കം കുറിച്ചപ്പോൾ     

ഇ​തി​നെ​തി​രാ​യ ചെ​റു​ത്തു​നി​ൽ​പ്​ എ​ങ്ങ​നെ സാ​ധ്യ​മാ​വും എ​ന്നാ​ണ്​ ക​രു​തു​ന്ന​ത്​?

കോ​ൺ​ഗ്ര​സി​ന്​ സ്വ​ന്ത​മാ​യി ഈ ​പ​റ​ഞ്ഞ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, ഒ​രു കാ​ര്യ​മോ​ർ​ക്ക​ണം. 2014ൽ ​രാ​ജ്യ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്ന്​ ബി.​ജെ.​പി​ക്ക്​ വോ​ട്ടു​ചെ​യ്തു. 2019ൽ ​ഇ​ത്​ അ​ഞ്ചി​ൽ ര​ണ്ടാ​യി ചു​രു​ങ്ങി. അ​തി​നാ​ൽ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യാ​ൽ ക​ണ​ക്ക​നു​സ​രി​ച്ച്​ അ​വ​ർ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന മോ​ദി​യു​ടെ ശ്ര​മ​ങ്ങ​ളെ ന്യൂ​ട്ര​ലൈ​സ്​ ചെ​യ്യാ​ൻ ​പ​ര്യാ​പ്ത​മാ​യ ഉ​ള്ള​ട​ക്ക​ത്തോ​ടെ​യു​ള്ള പൊ​തു​മി​നി​മം പ​രി​പാ​ടി​ക്ക്​ രൂ​പം ന​ൽ​ക​ണം. ഇ​തെ​ല്ലാം അ​പ്പ​ടി ന​ട​പ്പാ​യാ​ൽ മോ​ദി​ക്ക്​ മൂ​ന്നാ​മ​​തൊ​രു ഊ​ഴം കി​ട്ടു​മെ​ന്നു ഞാ​ൻ ക​രു​തു​ന്നി​ല്ല.

സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച്​ സം​ശ​യ​മു​ണ്ടോ? ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടി​ങ്​​ മെ​ഷീനു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ പി​ന്നെ​യും സ​ജീ​വ​മാ​കു​ന്നു​ണ്ട​ല്ലോ?

വോ​ട്ടുയ​ന്ത്രം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യൊ​ക്കെ​യു​ണ്ട്. എ​ന്നാ​ൽ, അ​തു​കൊ​ണ്ട്​ മ​ത്സ​രം ജ​യി​ക്കാ​നാ​വു​മോ? ക​ർ​ണാ​ട​ക​യി​ൽ എ​ങ്ങ​നെ കോ​ൺ​ഗ്ര​സ്​ വി​ജ​യി​ച്ചു? വോ​ട്ടുയ​ന്ത്ര​ത്തെ അ​ധി​ക്ഷേ​പി​ച്ച്​ ര​ക്ഷ​പ്പെ​ട്ടുക​ള​യു​ന്ന​ത്​ എ​ളു​പ്പ​മാ​ണെ​ന്നു തോ​ന്നു​ന്നു. ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടി​ങ്​ മെ​ഷീ​ൻ ന​ട​പ്പാ​ക്കി​യ മു​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ എ​സ്.​വൈ. ഖു​റൈ​ശി​യു​മാ​യി ഞാ​ൻ സം​സാ​രി​ച്ചി​രു​ന്നു. വോ​ട്ടു​ക​ളെ​ല്ലാം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന വി​വി​പാ​റ്റ്​ സം​വി​ധാ​ന​മു​ള്ള ഇ.​വി.​എ​മ്മി​ൽ വി​ട്ടു​വീ​ഴ്ച അ​രു​തെ​ന്ന്​ ഞാ​ൻ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ​താ​ണ്.​

സം​ശ​യ​ദൂരീ​ക​ര​ണ​ത്തി​ന്​ അ​തി​ൽത​ന്നെ അ​വ​സ​ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ, സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സാ​ഹ​ച​ര്യംത​ന്നെ​യാ​ണു​ള്ള​ത്​ എ​ന്നാ​ണ്​ എ​ന്‍റെ വി​ശ്വാ​സം. എ​ന്നാ​ൽ, സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മ​ല്ലാ​ത്ത മ​റ്റൊ​ന്നു​ണ്ട്. ബി.​ജെ.​പി​ക്കു പ​ര​മാ​വ​ധി നേ​ട്ട​ം കൊ​യ്യാ​വു​ന്ന വി​ധ​ത്തി​ൽ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ട്ടും സു​താ​ര്യ​ത​യി​ല്ലാ​ത്ത ഒ​രു സി​സ്റ്റംത​ന്നെ ഭ​ര​ണ​കൂ​ടം ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ​ത്. പാ​ർ​ട്ടി​ക്കു സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്ക്​ അ​നു​ഗു​ണ​മാ​യി പ്ര​ത്യു​പ​കാ​രം ചെ​യ്യു​ക സ്വാ​ഭാ​വി​ക​മാ​ണ്.​ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ന​മ്മ​ൾ അ​തി​നെ​യൊ​ക്കെ നേ​രി​ട്ടേ മ​തി​യാ​കൂ.

ഹി​ന്ദു​ത്വ അ​ജ​ണ്ട​ക്കു മു​ന്നി​ൽ പ​ല​പ്പോ​ഴും കോ​ൺ​ഗ്ര​സ്​ പ​ക​ച്ചു​പോ​കു​ന്ന​തുപോ​ലെ തോ​ന്നു​ന്നു. രാ​മ​ക്ഷേ​ത്ര വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ത്​ പ്ര​ക​ട​മാ​വു​ന്നു​ണ്ട്​?

കോ​ൺ​ഗ്ര​സ്​ ഒ​രു പാ​ർ​ട്ടി​യ​ല്ല, ഒ​രു മൂ​വ്​​മെ​ന്‍റ്​ ആ​ണ്. ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്ര​സ്​ എ​ന്നാ​ണ്​ അ​തി​ന്‍റെ പേ​ര്. ഇ​ന്ത്യ​യി​ലെ ദേ​ശീ​യ​വാ​ദി​ക​ൾ വ​ർ​ഷംതോ​റും ഡി​സം​ബ​റി​ൽ വാ​ർ​ഷി​ക​യോ​ഗം (കോ​ൺ​ഗ്ര​സ്) ചേ​രാ​റു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ വ​ന്നു​ചേ​ർ​ന്ന പേ​രാ​ണ​ത്. ഭാ​ര​തീ​യ ജ​ന​ത പാ​ർ​ട്ടിപോ​ലെ ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​യ​ല്ല. ഞ​ങ്ങ​ളു​ടേ​ത്​ ഒ​രു മൂ​വ്​​മെ​ന്‍റാ​ണ്. ഇ​തി​ൽ പ​ല​ത​രം അ​ഭി​പ്രാ​യ​ക്കാ​ർ​ക്കും ഇ​ട​മു​ണ്ട്. ഞ​ങ്ങ​ൾ കോ​ൺ​ഗ്ര​സു​കാ​ർ​ക്കി​ട​യി​ൽ വ​ല​തു തീ​വ്ര​വാ​ദി​ക​ളും ഹി​ന്ദു കോ​ർ വി​ഭാ​ഗ​വും എ​ല്ലാ കാ​ല​ത്തും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ബാ​ല ഗം​ഗാ​ധ​ര തി​ല​ക്, മ​ദ​ൻ​മോ​ഹ​ൻ മാ​ള​വ്യ, ലാ​ല ല​ജ്​​പ​ത്​​റാ​യ് അ​ങ്ങ​നെ നി​ര​വ​ധി പേ​രു​ക​ൾ കാ​ണാം.

മ​റു​ഭാ​ഗ​ത്ത്​ പാ​ർ​ട്ടി​യി​ൽ വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളാ​യ ഹി​ന്ദു​ക്ക​ളെ​യും മു​സ്​​ലിം​ക​ളെ​യും ഒ​ന്നി​പ്പി​ച്ചു മു​ന്നോ​ട്ടുകൊ​ണ്ടു​പോ​യ മ​ഹാ​ത്മ​ ഗാ​ന്ധി​യു​ണ്ട്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു​വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ എ​ല്ലാ പ​രി​പാ​ടി​ക​ളും ഹി​ന്ദു-​മു​സ്​​ലിം ഐ​ക്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ലാ​യി​രു​ന്നു. ശാ​സ്ത്ര​ത്തെ ക്ഷേ​ത്ര​മാ​യി ക​ണ്ട ​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വു​ണ്ട്. ഈ ​രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക്​ ക​ണ്ണോ​ടി​ച്ച ഒ​രാ​ൾ, സ്വാം​ശീ​ക​രി​ക്കാ​നും സ​ഹ​വ​ർ​ത്തി​ക്കാ​നും ഉ​ൾ​ക്കൊ​ള്ളാ​നു​മു​ള്ള ഇ​ന്ത്യ​യു​ടെ ക​ഴി​വി​നെ ക​ണ്ടെ​ത്തി​യ​യാ​ൾ. മ​ത​നി​ര​പേ​ക്ഷ​ത ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്ത്വ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു​​വെ​ച്ചു.

ഇ​ന്ത്യ റി​പ്പ​ബ്ലി​ക്​ നി​ല​കൊ​ള്ളു​ന്ന​തുത​ന്നെ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന മൗ​ലി​ക​ത​ത്ത്വ​ത്തി​ലാ​ണ്.​ ഏ​ക​ത്വ​ത്തി​ന്​ നാ​നാ​ത്വം വ​ള​രെ പ്ര​ധാ​ന​മാ​ണ്. നി​ങ്ങ​ൾ ശ​ക്തി​യു​പ​യോ​ഗി​ച്ച്​ ഒ​റ്റ​വാ​ർ​പ്പി​ലൂ​ടെ (Uniformity) ജ​ന​ത​യെ ഒ​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഐ​ക്യം അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ വി​ട്ടു​വീ​ഴ്ച​ക്കുവേ​ണ്ടി വാ​ദി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​രു​ണ്ട്​ എ​ന്ന​തി​ൽ അ​ത്ഭുത​ത്തി​നു വ​ക​യി​ല്ല.

രാ​മ​ക്ഷേ​ത്ര ഉ​ദ്​​ഘാ​ട​ന​ത്തി​ൽ കോ​ൺ​ഗ്ര​സ്​ പ്രാ​തി​നി​ധ്യ​മു​ണ്ടാ​യാ​ൽ എ​ന്താ​ണ്​ പ്ര​ശ്നം എ​ന്നാ​ണ്​ അ​വ​രു​ടെ ചോ​ദ്യം. എ​ന്നാ​ൽ, ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​ന​​മെ​ടു​ത്തി​രി​ക്കു​ന്നു. അ​തു​വ​ഴി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​ന്‍റെ മ​ഹി​ത​പാ​ര​മ്പ​ര്യം കോ​ൺ​ഗ്ര​സ്​ കാ​ത്തു​സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. നേ​തൃ​ത്വ​ത്തി​ന്‍റെ ഈ ​തീ​രു​മാ​ന​ത്തി​ൽ ഞാ​നേ​റെ സ​ന്തു​ഷ്ട​നാ​ണ്.

മൻമോഹൻസിങ്ങും സോണിയ ഗാന്ധിയും

മൻമോഹൻസിങ്ങും സോണിയ ഗാന്ധിയും

മ​ണി​ശ​ങ്ക​ർ അ​യ്യ​രെ പോ​ലു​ള്ള​വ​ർ കോ​ൺ​ഗ്ര​സി​നെ മ​ത​നി​ര​പേ​ക്ഷ​ത​യി​ൽ അ​ടി​യു​റ​പ്പി​ച്ചു നി​ർ​ത്താ​ൻ ഏ​റെ പ്ര​യ​ത്നി​ച്ചു​വ​രു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ന്ന​ത്തെ പ്ര​ക​ട​ന​ത്തി​ൽ സ​ന്തു​ഷ്ട​നാ​ണോ?

മു​മ്പൊ​രി​ക്ക​ൽ പാ​ർ​ല​മെ​ന്‍റി​ലെ പ്ര​സം​ഗ​ത്തി​ൽ രാ​ജീ​വ്​​ഗാ​ന്ധി പ​റ​ഞ്ഞു, ഒ​രു മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​ക്കു മാ​ത്ര​മേ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യൂ എ​ന്ന്. ര​ണ്ടാ​മ​ത്തെ വാ​ച​കം ഇ​താ​യി​രു​ന്നു: വ​ല്ല കാ​ര​ണ​വ​ശാ​ലും ഇ​ന്ത്യ മ​ത​നി​ര​പേ​ക്ഷ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​തി​ന്​ നി​ല​നി​ൽ​ക്കാ​നു​ള്ള അ​ർ​ഹ​ത​യി​ല്ല. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഒ​രാ​ൾ രാ​മ​ക്ഷേ​ത്ര ഉ​ദ്​​ഘാ​ട​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ത​ന്‍റെ പൊ​തു​പ​ദ​വി​യെ ഹി​ന്ദു എ​ന്ന വ്യ​ക്തി​പ​ര​മാ​യ സ്വ​കാ​ര്യ​പ​ദ​വി​യു​മാ​യി സ​മീ​ക​രി​ക്കു​ക​യാ​ണ്​ അ​ദ്ദേ​ഹം.

അ​ത്​ തെ​റ്റാ​ണ്. അ​ത്​ മ​ത​നി​ര​പേ​ക്ഷ​ത​യ​ല്ല. ഹി​ന്ദു​രാ​ഷ്ട്രം, ഹി​ന്ദു ഹൃ​ദ​യ​സ​മ്രാ​ട്ട്​ എ​ന്നി​വ​യൊ​ന്നും മ​ത​നി​ര​പേ​ക്ഷ​മൂ​ല്യ​ങ്ങ​ളു​മാ​യി ഒ​ത്തു​പോ​കു​ന്ന​ത​ല്ല. ഈ ​ച​ട​ങ്ങി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ക മാ​ത്ര​മ​ല്ല ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക്​ ചെ​യ്യാ​നു​ള്ള​ത്. അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം മ​ത​നി​ര​പേ​ക്ഷ​വും ബ​ഹു​സ്വ​ര​വും സ​ഹി​ഷ്ണു​താ​പൂ​ർ​ണ​വു​മാ​യ ജ​നാ​ധി​പ​ത്യ​ക്ര​മം ചി​ട്ട​പ്പെ​ടു​ത്താ​ൻ അ​വ​ർ ത​യാ​റാ​കു​ക​യും വേ​ണം.

കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച്​ എ​ന്താ​ണ്​ അ​ഭി​പ്രാ​യം? രാ​ഹു​ൽ ഗാ​ന്ധി​യു​ടെ, ഗാ​ന്ധി​കു​ടും​ബ​ത്തി​ന്‍റെ ആ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച ച​ർ​ച്ച​ക​ൾ ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല?

രാ​ഹു​ൽ ഗാ​ന്ധി​യ​ല്ല കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ന്‍റ്​; മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി ത​രൂ​രു​മാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ചാ​ണ്​ അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റാ​യ​ത്. മു​മ്പു സോ​ണി​യ​ ഗാ​ന്ധി​​യോ​ട്​ മ​ത്സ​രി​ച്ച ജി​തേ​ന്ദ്ര പ്ര​സാ​ദി​ന്​ ല​ഭി​ച്ച​ത്​ 94 വോ​ട്ടു​ക​ളാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​വ​ണ ശ​ശി ത​രൂ​രി​ന്​ 1072 വോ​ട്ടു​ക​ൾ കി​ട്ടി. സ്വ​ത​ന്ത്ര​മാ​യ ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക്​ ന​ട​ന്ന​ത്.​ എ​ണ്ണാ​യി​ര​ത്തോ​ളം വോ​ട്ട് നേ​ടി​യ ഖാ​ർ​ഗെ​യു​ടേ​ത്​ വ്യ​ക്ത​മാ​യ വി​ജ​യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം തി​ക​ഞ്ഞ ജ​നാ​ധി​പ​ത്യ​വാ​ദി​യാ​ണെ​ന്ന്​ ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു. മ​ത്സ​രി​ച്ചു തോ​റ്റ ശ​ശി ത​രൂ​രി​നെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ൽ എ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി. അ​പ്പോ​ൾ എ​ങ്ങ​നെ അ​തി​ജീ​വി​ക്കാം എ​ന്നു കോ​ൺ​ഗ്ര​സി​ന്​ അ​റി​യാം.

കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ കു​ഴ​പ്പ​ങ്ങ​ൾ​ക്കും കാ​ര​ണം രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്​ എ​ന്നു ഞാ​ൻ സ​മ്മ​തി​ക്കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​ൻ​മോ​ഹ​ൻ​ സി​ങ്ങും സോ​ണി​യ​ ഗാ​ന്ധി​യും ഒ​ത്തു​പി​ടി​ച്ചി​ട്ടും 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ പ​രാ​ജ​യ​പ്പെ​ട്ടു. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ്ര​ക​ട​നം തീ​ർ​ത്തും മോ​ശ​മാ​യി​രു​ന്ന​താ​യി​രു​ന്നു കാ​ര​ണം. 2019ൽ ​അ​തി​ൽനി​ന്നു ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ന്നും പ​ര്യാ​പ്ത​മാ​യി​ല്ല.

52 സീ​റ്റു​ക​ളേ അ​പ്പോ​ഴും നേ​ടാ​നാ​യു​ള്ളൂ. ഇ​തി​ലൊ​ന്നും വ്യ​ക്തി​ക​ൾ​ക്ക്​ ഒ​ന്നും ചെ​യ്യാ​നി​ല്ല. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പാ​ർ​ട്ടി​യെ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ്. പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ൾ​ക്കാ​ണ്. അ​തി​ലേ​റെ പ്ര​തി​യോ​ഗി​ക​ളു​ടെ ഹി​ന്ദു​രാ​ഷ്ട്ര​മെ​ന്ന ആ​ളെ കൂ​ട്ടാ​വു​ന്ന ഐ​ഡി​യോ​ള​ജി​ക്കാ​ണ്. രാ​ഷ്ട്രീ​യ ച​തു​രം​ഗ​പ്പ​ല​ക​യി​ൽ വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു ത​ക്ക ഉ​പാ​യ​ങ്ങ​ൾ വേ​ണം.

കോ​ൺ​ഗ്ര​സി​ലെ ​ഐ​ക്യ​ത്തി​ന്​ ഗാ​ന്ധി​കു​ടും​ബം പ്ര​ധാ​ന​മാ​ണ്. അ​വ​ർ പൂ​ർ​ണ​മാ​യും മാ​റി​നി​ന്നാ​ൽ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി പൂ​ർ​ണ​മാ​യും ശി​ഥി​ല​മാ​കും എ​ന്നു ഞാ​ൻ ക​രു​തു​ന്നു. അ​തി​നാ​ൽ അ​വ​ർ​ക്കു ഒ​രു സ​മ​വാ​യ​ത്തി​ലെ​ത്തേ​ണ്ടി​യി​രു​ന്നു. ഗാ​ന്ധി​കു​ടും​ബം നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യു​ള്ള സ്വാ​ഭാ​വി​ക​നേ​തൃ​ത്വ​ത്തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു അ​തി​നു​ള്ള പ​രി​ഹാ​രം.

 

നെഹ്​റു കു​ടും​ബ​ത്തി​ന്​ ഇ​​ത്ത​ര​മൊ​രു മാ​ന്ത്രി​ക​ക​രു​ത്ത്​ എ​ങ്ങ​നെ കൈ​വ​രു​ന്നു?

ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തി​ന്​ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ​താ​ണ്​ കോ​ൺ​ഗ്ര​സി​ന്‍റെ ത​ത്ത്വ​ശാ​സ്ത്രം. എ​ന്നാ​ൽ, അ​ത്​ പ്ര​യോ​ഗ​ക്ഷ​മ​മാ​ക​ണ​മെ​ങ്കി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ളും ബ​ദ​ൽവ​ഴി​ക​ളും തേ​ട​ണം. രാ​ജ്യ​ത്തി​ന്‍റെ തെ​ക്കും വ​ട​ക്കും ത​മ്മി​ൽ, വ​ട​ക്കു​കി​ഴ​ക്കും ഇ​ത​ര ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ അ​സ്വ​സ്ഥ​ത നി​ല​നി​ന്നാ​ൽ ഇ​ന്ത്യ എ​ന്ന ഭാ​ര​ത​ത്തി​ന്‍റെ ഭാ​വി അ​വ​താ​ള​ത്തി​ലാ​കും. അ​തൊ​ഴി​വാ​കാ​ൻ ഏ​തു വി​ധേ​ന​യും കോ​ൺ​ഗ്ര​സ്​ നി​ല​നി​ന്നേ മ​തി​യാ​കൂ. ഇ​ന്ന്​ ഞ​ങ്ങ​ൾ വ​ള​രെ താ​ഴ്മ​യു​ള്ള റോ​ളാ​ണ്​ ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ൾ ഞ​ങ്ങ​ൾ ചോ​ദി​ക്കു​ന്നി​ല്ല. 255 സീ​റ്റു​ക​ളി​ലേ​ക്ക്​ പ​രി​മി​ത​പ്പെ​ടാ​ൻ ഞ​ങ്ങ​ൾ പ​രു​വ​പ്പെ​ട്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

സീ​റ്റു​ വി​ഭ​ജ​ന​ത്തി​ൽ ഏ​ത​റ്റംവ​രെ വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റാ​ണ്. അ​തി​ജീ​വ​ന​ത്തി​ന്​ ഏ​റെ അ​നി​വാ​ര്യ​മാ​ണ​ല്ലോ​ ഒ​ത്തു​പോ​ക്ക്. അ​തു​കൊ​ണ്ട്​ കോ​ൺ​ഗ്ര​സ്​ ഇ​ല്ലാ​താ​കും എ​ന്നു പ്ര​തീ​ക്ഷി​ച്ച​വ​ർ നി​രാ​ശ​രാ​കേ​ണ്ടി വ​രും. ര​ണ്ട​ു തെ​ര​ഞ്ഞെ​ടു​പ്പി​ലെ തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​ത​ങ്ങ​ൾ​ക്കു ശേ​ഷ​വും കോ​ൺ​ഗ്ര​സ്​ പു​ന​രു​ജ്ജീ​വ​ന​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്​ കാ​ണു​ന്നു​ണ്ട​ല്ലോ.

ബി.​ജെ.​പി​യു​ടെ അ​പ്ര​തി​ഹ​ത​മാ​യ മു​ന്നേ​റ്റ​ത്തി​ന്​ ത​ട​യി​ടാ​ൻ ഞ​ങ്ങ​ൾ​ക്കു ക​ഴി​യും. ഞ​ങ്ങ​ൾ ജ​യി​ക്കു​മോ എ​ന്ന​ത​ല്ല. ബി.​ജെ.​പി​യു​ടെ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ത​ട​യു​ക​യാ​ണ്​ ഞ​ങ്ങ​ളു​ടെ പ്ര​ഥ​മ​ല​ക്ഷ്യം. ര​ണ്ടാ​മ​ത്തെ ല​ക്ഷ്യം ഭൂ​രി​പ​ക്ഷം കു​റ​ക്കു​ക​യാ​ണ്. മൂ​ന്നാ​മ​ത്തേ​ത്​ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും. ഇ​തി​ൽ ഏ​തു നേ​ടി​യാ​ലും വി​ജ​യ​മാ​ണ്.

ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്​ ഇ​ത്​ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നുത​ന്നെ​യാ​ണോ?

ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്​ തീ​ർ​ച്ച​യാ​യും അ​തു സാ​ധ്യ​മാ​ണ്. ക​ണ​ക്കു​ക​ൾ അ​തു ​തെ​ളി​യി​ച്ച​താ​ണ്. ഒ​രു പൊ​തു​പ​രി​പാ​ടി​യും മു​ദ്രാ​വാ​ക്യ​വും പ്ര​ത്യേ​ക​ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഊ​ന്ന​ലു​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി നീ​ങ്ങി​യാ​ൽ സ​ഖ്യ​ത്തി​ന്​ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യും.

ബാ​ബ​രി​ മ​സ്​​ജി​ദ്​-​രാ​മ​ജ​ന്മ​ഭൂ​മി വി​ഷ​യ​ത്തി​ൽ കേ​ാ​ൺ​ഗ്ര​സി​ന്​ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കാ​നാ​വു​ന്നി​ല്ല എ​ന്നൊ​രു ധാ​ര​ണ ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ൾ​ക്കി​ട​യി​ലു​ണ്ട്. 1949ൽ ​പ​ള്ളി​യി​ൽ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ച​ത്, പ​ള്ളി​യു​ടെ പൂ​ട്ട്​ ക്ഷേ​ത്ര​പൂ​ജ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്, ശി​ലാ​ന്യാ​സ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്, ഒ​ടു​വി​ൽ ക​ർ​സേ​വ​ക​രു​ടെ പ​ള്ളി​ പൊ​ളി​ക്ക്​ ഒ​ത്താ​ശചെ​യ്ത​ത്​ എ​ല്ലാം കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു?

ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച​തി​ൽ രാ​ജീ​വ്​ ഗാ​ന്ധി​ക്ക്​ പ​​ങ്കൊ​ന്നു​മി​ല്ല. ജി​ല്ല സെ​ഷ​ൻ​സ്​ ജ​ഡ്ജി​യു​ടെ ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മാ​ണ്​ പൂ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​ത്. മൂ​ന്നു സാ​ക്ഷ്യ​മൊ​ഴി​ക​ൾ കേ​ട്ട ശേ​ഷ​മാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ വി​ധി. ഒ​ന്ന്, ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന്​ പൂ​ട്ടു​ക​ൾ അ​നി​വാ​ര്യ​മ​ല്ലെന്ന പൊ​ലീ​സി​ന്‍റെ സാ​ക്ഷ്യം. ജി​ല്ല മ​ജി​സ്​​ട്രേ​റ്റി​ന്‍റെ വാ​ദ​വും അ​തു​ത​ന്നെ​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​ല​ല്ല, സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലാ​ണ്​ പൂ​ട്ടു​ക​ൾ പൊ​ളി​ച്ച​ത്​ എ​ന്നുകൂ​ടി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു മു​ന്നി​ൽവെ​ച്ച്​ പൂ​ട്ടു പൊ​ളി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടേ​ണ്ട താ​മ​സം, നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ബാ​ബ​രി​ മ​സ്​​ജി​ദി​ന്​ അ​ക​ത്തേ​ക്ക്​ ക​ട​ന്നു​ക​യ​റി. അ​തൊ​രു ആ​സൂ​ത്രി​ത​നീ​ക്ക​മാ​യി​രു​ന്നു എ​ന്നു വ്യ​ക്തം.

ബാ​ബ​രി ​മ​സ്​​ജി​ദ്​ ധ്വം​സ​ന​ത്തെതു​ട​ർ​ന്ന്​ ബി.​ജെ.​പി ഭ​രി​ക്കു​ന്ന മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണ​കൂ​ട​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​ൻ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, ഞാ​ൻ ഇ​പ്പോ​ഴും പ​റ​യു​ക ഡി​സം​ബ​ർ ആ​റി​ന്​ യു.​പി​യി​ൽ ​രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ട​ു​ത്തേ​ണ്ടി​യി​രു​ന്നു എ​ന്നാ​ണ്. ക​ല്യാ​ൺ​സി​ങ്​ ഗ​വ​ൺ​മെ​ന്‍റ്​ ദു​ര​ന്തം ത​ട​യാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. മ​സ്​​ജി​ദ്​ ധ്വം​സ​നം ത​ട​യാ​ൻ സാ​ധ്യ​മാ​യ​ത്ര​യും ചെ​യ്യു​മെ​ന്ന്​ ഇ​ന്ത്യ​യി​ലെ മു​സ്​​ലിം സ​മു​ദാ​യ​ത്തെ​യും ഇ​ന്ത്യ​യെ മു​ഴു​ക്കെ​യും അം​ഗീ​ക​രി​പ്പി​ക്കാ​ൻ ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന്​ ക​ഴി​ഞ്ഞേ​നെ. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ന​ര​സിം​ഹ​റാ​വു​വി​ന്‍റെ സ​മ്പൂ​ർ​ണ അ​ക​ർ​മ​ണ്യ​ത കോ​ൺ​ഗ്ര​സി​ന്​ ന​ഷ്ടം വ​രു​ത്തി​വെ​ച്ചു.

നാ​ലു ബി.​ജെ.​പി ഗ​വ​ൺ​മെ​ന്‍റു​ക​ളെ പി​ന്നീ​ടു പി​രി​ച്ചു​വി​ട്ടെ​ങ്കി​ലും അ​തി​ൽനിന്ന് ക​ര​ക​യ​റാ​ൻ കോ​ൺ​ഗ്ര​സി​നാ​യി​ല്ല. അ​ദ്വാ​നി ത​ന്നെ ആ​ത്മ​ക​ഥ​യി​ൽ പ​റ​ഞ്ഞ​ത്, ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദുഃ​ഖ​ക​ര​മാ​യ ദി​വ​സ​മാ​ണ്​ അ​തെ​ന്നാ​ണ്. ഗു​ണ്ട​ക​ൾ നി​യ​ന്ത്ര​ണം കൈ​യ​ട​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ച​ത്. അ​തു മു​ൻ​കൂ​ട്ടി കാ​ണാ​ൻ ബി.​ജെ.​പി ​കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നോ ന​ര​സിം​ഹ റാ​വു സ​ർ​ക്കാ​റി​നോ ക​ഴി​ഞ്ഞി​ല്ല. ക​ല്യാ​ൺ​ സി​ങ്​ ഗ​വ​ൺ​മെ​ന്‍റി​ന്​ എ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ്​ ഞാ​ൻ ക​രു​തു​ന്ന​ത്. അ​ദ്ദേ​ഹം അ​തി​നു വി​ല ന​ൽ​കേ​ണ്ടി​യും വ​ന്നു. 1992 ഡി​സം​ബ​ർ ആ​റി​ന്​ ക​ല്യാ​ണി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ ക​രി​യ​റി​ന്​ അ​ന്ത്യ​മാ​യി.

പ്ര​ശ്ന​ങ്ങ​ൾ​ക്ക്​​ ല​ളി​ത​മാ​യ ഉ​ത്ത​ര​ങ്ങ​ൾ തേ​ടു​ക​യ​ല്ല വേ​ണ്ട​ത്. അ​തി​ന്​ ഞാ​ൻ എ​തി​രാ​ണ്. ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളെ പ​ഴി​ചാ​രി​യ​തുകൊ​ണ്ടും കാ​ര്യ​മാ​യി​ല്ല. ആ ​സ​മ​യ​ത്ത്​ മു​സ്​​ലിം​ സ​മു​ദാ​യ​വും വ​ള​രെ​യ​ധി​കം പ്രോ ​ആ​ക്ടിവ്​ ആ​യി​രു​ന്ന​ല്ലോ. അ​വ​ർ​ക്കും അ​ത്​ ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രൊ​റ്റ മു​സ്​​ലിംപോ​ലും പ​ള്ളി സം​ര​ക്ഷി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കാ​തി​രു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​? അ​പ്പോ​ൾ വ്യ​ക്തി​ക​ളെ തെ​ര​​ഞ്ഞു​പി​ടി​ച്ച്​ അ​ധി​ക്ഷേ​പി​ച്ച​തു​കൊ​ണ്ടാ​യി​ല്ല. സം​ഭ​വം ക​ഴി​ഞ്ഞ്​ മൂ​ന്നു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ച്ച ജ​സ്​​റ്റി​സ്​ ലി​ബ​ർ​ഹാ​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ വി​വി​ധ ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യം പ​റ​യു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ്​ ഗ​വ​ൺ​മെ​ന്‍റ്​ മാ​ത്ര​മ​ല്ല, വി.​പി.​ സി​ങ്, ച​ന്ദ്ര​ശേ​ഖ​ർ, ദേ​വ​ഗൗ​ഡ, ഗു​ജ്​​റാ​ൽ സ​ർ​ക്കാ​റു​ക​ളെ​ല്ലാം അ​തി​ൽപെ​ടും.

രാ​ജ്യ​ത്തെ ഹി​ന്ദു​വ​ത്​​ക​ര​ണം ത​ട​യാ​ൻ ഇ​ക്കൂ​ട്ട​ത്തി​ൽ ആ​ര്​ എ​ന്തു​ചെ​യ്തു? അ​തു​കൊ​ണ്ട്​ ക​ഴി​ഞ്ഞ കാ​ല​ത്തെ അ​രു​താ​യ്മ​ക​ൾ ചി​ക​ഞ്ഞ്​ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ പ​ര​തി ന​ട​ക്കു​ന്ന​ത്​ നി​ര​ർ​ഥ​ക​മാ​ണെ​ന്നും ഭാ​വി​യെ​ക്കു​റി​ച്ച ചി​ന്ത​യാ​ണ്​ പ്ര​ധാ​ന​മെ​ന്നും ഞാ​ൻ ക​രു​തു​ന്നു. ഹി​ന്ദു​ത്വ​വ​ത്​​ക​ര​ണ​ത്തി​ലേ​ക്ക്​ ദി​ശ മാ​റി​പ്പോ​കു​ന്ന ന​മ്മു​ടെ രാ​ഷ്ട്രീ​യ​ത്തെ മ​ത​നി​ര​പേ​ക്ഷ​ത​യി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​മാ​ണ്​ ആ​ലോ​ചി​ക്കേ​ണ്ട​ത്.

ബി.​ജെ.​പി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ തെ​ക്കും വ​ട​ക്കും ത​മ്മി​ലെ ​വ്യ​ത്യാ​സം പ്ര​ക​ട​മാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ഹി​ന്ദി ബെ​ൽ​റ്റി​ൽ കോ​ൺ​ഗ്ര​സി​ന്​ ഇ​നി​യും എ​ന്തു സാ​ധ്യ​ത​യാ​ണു​ള്ള​ത്​?

വ​ട​ക്കും തെ​ക്കും കി​ഴ​ക്കും പ​ടി​ഞ്ഞാ​റ​ു​​മൊ​ക്കെ​യു​ള്ള ബി.​ജെ.​പി വി​രു​ദ്ധ രാ​ഷ്ട്രീ​യ​ശ​ക്തി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ്​ ഇ​ൻ​ഡ്യ സ​ഖ്യം. അ​വ​രെ ഒ​രു​മി​പ്പി​ച്ചു​നി​ർ​ത്തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണം. അ​തി​ന്​ പ​ഴ​യ ദു​ർ​വാ​ശി കൈ​വെ​ടി​യ​ണം. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​നേ​തൃ​ത്വം ഞ​ങ്ങ​ളു​ടെ കൈ​യി​ലാ​യി​രി​ക്കും എ​ന്ന ധാ​ര​ണ തി​രു​ത്ത​ണം. അ​ത്​ ഞ​ങ്ങ​ൾ, കോ​ൺ​ഗ്ര​സ്​ ചെ​യ്തു​ക​ഴി​ഞ്ഞു. മ​റ്റു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള താ​ഴ്മ​യും വി​ന​യ​വു​മാ​ണ്​ സ​ന്ദ​ർ​ഭ​ത്തി​ന്‍റെ ആ​വ​ശ്യം.

അ​ത്​ ഞ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ​സ​ഖ്യ​ത്തെ ചൊ​ല്ലി, അ​തി​ന്‍റെ നേ​തൃ​ത്വ​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തെ​യും ചൊ​ല്ലി​ പ​ഴ​യ​പ​ടി കോ​ൺ​ഗ്ര​സ്​​ വാ​ശി പി​ടി​ച്ചു​വെ​ന്നു ക​രു​തു​ക. എ​ങ്കി​ൽ താ​ങ്ക​ളു​ന്ന​യി​ച്ച വി​മ​ർ​ശ​നം പ്ര​സ​ക്ത​മാ​യേ​നെ. എ​ന്നാ​ൽ, അ​ഞ്ചു​കൊ​ല്ലം മു​മ്പ്​ ചി​ന്തി​ക്കാ​നാ​വാ​ത്ത വി​ശാ​ല​ത​യാ​ണ്​ ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ്​ കാ​ണി​ക്കു​ന്ന​ത്. സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​ന്ദി​ഗ്​​ധ​ത പാ​ർ​ട്ടി മ​ന​സ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. അ​തി​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്, അ​പ​ല​പി​ക്കു​ക​യ​ല്ല വേ​ണ്ട​ത്.

 

രാഹുൽ ഗാന്ധി, പി. ചിദംബരം എന്നിവർക്കൊപ്പം ഒരു പൊതുചടങ്ങിൽ മണിശങ്കർ അയ്യർ

രാഹുൽ ഗാന്ധി, പി. ചിദംബരം എന്നിവർക്കൊപ്പം ഒരു പൊതുചടങ്ങിൽ മണിശങ്കർ അയ്യർ

ഇ​ന്ത്യ​യു​ടെ ഭാ​വി​​യെ​ക്കു​റി​ച്ച്​ താ​ങ്ക​ൾ​ക്ക്​ ശു​ഭ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്​?

ഇ​ന്ത്യ​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച്​ ഞാ​ൻ ശു​ഭ​പ്ര​തീ​ക്ഷ​യി​ലൊ​ന്നു​മ​ല്ല. എ​ന്നാ​ൽ, ബി.​ജെ.​പി​യു​ടെ ദു​ർ​ഭൂ​ത​ത്തെ പി​ടി​ച്ചു​കെ​ട്ടാ​ൻ കോ​ൺ​ഗ്ര​സി​ന്​ വേ​ണ്ട​തു ചെ​യ്യാ​നാ​വും എ​ന്ന​തി​ൽ ശു​ഭാ​പ്തി​യു​ണ്ട്. മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​താ​ക്കു​ക, ഭൂ​രി​പ​ക്ഷം കു​റ​ക്കു​ക, പ​രാ​ജ​യ​പ്പെ​ടു​ത്തു​ക – നേ​ര​ത്തേ പ​റ​ഞ്ഞ ഈ ​മൂ​ന്നി​ന ല​ക്ഷ്യ​ത്തോ​ടെ മു​ന്നേ​റാ​ൻ കോ​ൺ​ഗ്ര​സി​ന്​ ക​ഴി​യും.

(ഫോട്ടോ: ബിമൽ തമ്പി)

News Summary - weekly interview