സമരം, പ്രകൃതി, ജീവിതം
ആദ്യ പശ്ചിമഘട്ട രക്ഷായാത്രക്ക് 35 വയസ്സ് തികഞ്ഞു. ആ യാത്രക്കും പരിസ്ഥിതി മുന്നേറ്റത്തിനും നേതൃത്വം നൽകിയ എ. മോഹൻകുമാർ പത്തു വർഷത്തിലേറെയായി കുടജാദ്രിയുടെ താഴ്വാരത്തിലെ വനത്തിൽ ഏകാന്തവാസത്തിലാണ്. എന്നാൽ, പ്രകൃതിസംരക്ഷണത്തിന്റെയും മാനവികതയുടെയും വലിയ പാഠങ്ങൾ അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുന്നു. കുടജാദ്രിയിലെത്തി മോഹൻ കുമാറുമായി ‘മാധ്യമം’ പത്രാധിപ സമിതി അംഗം നടത്തിയ സംഭാഷണിത്.പശ്ചിമഘട്ട രക്ഷായാത്രക്ക് 35 വയസ്സ് തികഞ്ഞിരിക്കുന്നു. ഭൂമി, വെള്ളം, വായു എന്നീ മൂന്നുമാണ് ജീവന്റെ നിലനിൽപിന് ആധാരമെന്നും...
Your Subscription Supports Independent Journalism
View Plansആദ്യ പശ്ചിമഘട്ട രക്ഷായാത്രക്ക് 35 വയസ്സ് തികഞ്ഞു. ആ യാത്രക്കും പരിസ്ഥിതി മുന്നേറ്റത്തിനും നേതൃത്വം നൽകിയ എ. മോഹൻകുമാർ പത്തു വർഷത്തിലേറെയായി കുടജാദ്രിയുടെ താഴ്വാരത്തിലെ വനത്തിൽ ഏകാന്തവാസത്തിലാണ്. എന്നാൽ, പ്രകൃതിസംരക്ഷണത്തിന്റെയും മാനവികതയുടെയും വലിയ പാഠങ്ങൾ അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കുന്നു. കുടജാദ്രിയിലെത്തി മോഹൻ കുമാറുമായി ‘മാധ്യമം’ പത്രാധിപ സമിതി അംഗം നടത്തിയ സംഭാഷണിത്.
പശ്ചിമഘട്ട രക്ഷായാത്രക്ക് 35 വയസ്സ് തികഞ്ഞിരിക്കുന്നു. ഭൂമി, വെള്ളം, വായു എന്നീ മൂന്നുമാണ് ജീവന്റെ നിലനിൽപിന് ആധാരമെന്നും അവ സംരക്ഷിക്കപ്പെടണമെന്നുമുള്ള മുദ്രാവാക്യം പലരീതിയിൽ ആ യാത്രയിൽ ഉന്നയിക്കപ്പെട്ടു. അന്നത്തെ യാത്രയുടെ നേതാവായിരുന്നു അച്യുതന് മോഹന്കുമാര് എന്ന എ. മോഹന്കുമാർ. പിന്നീട് കേരളത്തിൽ നടന്ന പരിസ്ഥിതി സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു അദ്ദേഹം. ചെറുപ്പം മുതൽ സമരവഴികളിലായിരുന്നു മോഹൻകുമാർ. ഒരു ഹരിതാന്വേഷിയായി, മനുഷ്യാവകാശ പോരാളിയായി നമ്മുടെ സമരവേദികളിൽ ഉജ്ജ്വല സാന്നിധ്യമായി നിലനിന്നു. കേരളത്തിനകത്തും പുറത്തും പ്രകൃതിസംരക്ഷണത്തിനായി പോരാടി. എന്ഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾക്കായി 22 ദിവസം നീണ്ട നിരാഹാരസമരത്തിലൂടെ ചരിത്രമായി.
എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിലേറെയായി കുടജാദ്രിയുടെ താഴ്വാരത്തിലെ വനത്തിൽ ഏകാന്തവാസത്തിലാണ് എ. മോഹൻകുമാർ. സ്വാമി ശിവാനന്ദ പരമഹംസരുടെ സിദ്ധസമാജ വിശ്വാസിയായി തുടരുകയാണിപ്പോൾ.
പറയാനേറെയുണ്ട് എ. മോഹൻകുമാറിന് തന്റെ സമരവഴികളെ കുറിച്ച്, മലയാളിയുടെ പ്രബുദ്ധതയെ കുറിച്ച്, ആഗോള താപനത്തെ കുറിച്ച്. അദ്ദേഹത്തിന്റെ താമസസ്ഥലത്തുെവച്ച് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
പശ്ചിമഘട്ട രക്ഷായാത്രക്ക് 35 വയസ്സ് തികഞ്ഞിരിക്കുകയാണ്. അന്നത്തെ മുദ്രാവാക്യങ്ങൾ എന്തൊക്കെയായിരുന്നു?
പശ്ചിമഘട്ട രക്ഷായാത്രയുടെ 35ാം വാർഷികം നവംബർ ഒന്നിനാണ്. യാത്ര ആരംഭിക്കുേമ്പാൾ പശ്ചിമഘട്ടത്തെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം നമ്മുടെ മുന്നിൽ ഉണ്ടായിരുന്നില്ല. പശ്ചിമഘട്ടമെന്ന് പറയുന്നത്, ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ തബതി മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പ്രദേശത്തിന്റെ നട്ടെല്ലാണ്. അതിലെ അരുവികളും പുഴകളും നമ്മുടെ മണ്ണിന്റെ, ഭൂമിയുടെ നാഡി ഞരമ്പുകളാണ്. നമുക്ക് ജീവസന്ധാരണത്തിന് ആവശ്യമായിട്ടുള്ള വായുവും വെള്ളവും ആഹാരവും, നമ്മുടെ നിലനിൽപിന് ആവശ്യമായിട്ടുള്ള എല്ലാ അടിസ്ഥാന വിഭവങ്ങളും നൽകുന്ന പശ്ചിമഘട്ടം അത്യധികം വിനാശങ്ങളെ നേരിടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ കാടുകളെ സംരക്ഷിക്കുക, മലകളെ സംരക്ഷിക്കുക, താഴ്വാരങ്ങളെ സംരക്ഷിക്കുക, പുഴകളെ സംരക്ഷിക്കുക ഇങ്ങനെയുള്ള ലക്ഷ്യത്തോടുകൂടിയാണ് യാത്ര ആരംഭിച്ചത്.
നമ്മുടെ പ്രാണസ്രോതസ്സുകളെ നിലനിർത്താൻ എന്തുചെയ്യാൻ പറ്റുമെന്നും അന്നത്തെ അവസ്ഥ എന്താണെന്ന് സ്വയം ബോധ്യപ്പെടുകയും ബോധ്യപ്പെടുത്തുകയുമാണ് യാത്രയിലൂടെ സ്വപ്നം കണ്ടത്. കന്യാകുമാരിയിൽനിന്ന് സി.പി. ഇളങ്കോ എന്ന സ്വാതന്ത്ര്യസമര സേനാനി യാത്ര ഉദ്ഘാടനംചെയ്തു. ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള ആളുകൾ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽനിന്ന് ശാസ്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, കൃഷിക്കാർ, അധ്യാപകർ, തൊഴിലാളികൾ, ചെറുപ്പക്കാർ, വിദ്യാർഥികൾ അങ്ങനെ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നൂറു ദിവസം നീണ്ടുനിന്ന യാത്ര. ആ യാത്ര കേരളത്തിൽ കടക്കുന്നത് 1987 നവംബർ ഏഴിനാണ്. അച്ചൻകോവിലിലേക്ക് കടക്കുേമ്പാഴേക്കും ഏഴിടത്ത് പ്രളയം നേരിടേണ്ടിവന്നു.
പ്രളയമുണ്ടായേപ്പാൾ എന്തുചെയ്തു?
ആ യാത്രയുടെ ജീവൻ പൊലിയാതെ രക്ഷപ്പെടുത്തിയെടുത്തത് വലിയ ആശ്വാസമായി. വെളിച്ചംപോലുമില്ലാത്ത, ചോർന്നൊലിക്കുന്ന, സർക്കാർ വെൽഫെയർ സ്കൂളിലാണ് ഒരു രാത്രി തങ്ങാൻ സൗകര്യം ഏർപ്പെടുത്തിയത്. കേരളത്തിലെ സംഘാടകരിൽ ആരും അവിടെ ഉണ്ടായില്ല എന്നതാണ് ആദ്യത്തെ ഞെട്ടിക്കുന്ന അനുഭവം. രണ്ട് കോഓഡിനേറ്റർമാർ ഉണ്ടായിരുന്നു. ജില്ലാതലത്തിൽ കാര്യങ്ങൾ ചെയ്യുന്നവർ ഉണ്ടായിരുന്നു. അന്നിതേപോലെ, കമ്യൂണിക്കേഷൻ സാധ്യതയില്ല. മൊബൈൽ ഫോൺ ഇല്ല. ഫോണുകൾതന്നെ ഇല്ല. ഉണ്ടെങ്കിൽതന്നെ ആരുമായും ബന്ധപ്പെടാൻ കഴിയില്ല. ആ അവസ്ഥയിൽ രാത്രി സ്കൂളിലെത്തുേമ്പാൾ, നാട്ടുകാരായ തൊഴിലാളികൾ മരച്ചീനിയും അരിയും ഒക്കെ കൊണ്ടുവന്ന് അവിടെയുള്ള പാത്രങ്ങളിൽ അവ വേവിച്ചു. അപ്പോഴേക്കും മിക്കവാറും ആളുകൾ നനഞ്ഞ വസ്ത്രങ്ങളോടുകൂടി തന്നെ കിടന്നു മയങ്ങിപ്പോയിരുന്നു. അവരെ വിളിച്ചുണർത്തി ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകി.
ആദ്യത്തെ വലിയൊരു അനുഭവമായതു മാറി. ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ ഈ കാട്ടിലൂടെയും മലയിലൂടെയും നടക്കുമ്പോൾ എങ്ങനെ ആയിരിക്കും എന്നുള്ളതിനെ കുറിച്ച് ഒരു സാമാന്യബോധം വരാനിത് സഹായിച്ചു. കേരളത്തിേലക്ക് കടക്കുേമ്പാൾ, അതിർത്തിയിൽ സ്വീകരിച്ച് വേണ്ടുന്ന സൗകര്യങ്ങളൊക്കെ ചെയ്തുകൊടുക്കുമെന്നാണ് മറ്റുള്ളവർ ധരിച്ചിരുന്നത്.
പക്ഷേ, കേരളത്തിൽ അങ്ങനെയുള്ള ആതിഥ്യമര്യാദ ഒക്കെ വളരെ കുറവായിട്ടാണ് പലപ്പോഴും കാണാറുള്ളത്. യാത്രക്ക് ഉപയോഗിച്ചത് തുണികൊണ്ടുള്ള ബാഗുകളാണ്. വെള്ളത്തിനായി ബോട്ടിലുകൾ കരുതി. അന്ന്, ഗ്ലാസ് ബോട്ടിലാണ് ഏറെയും. കുപ്പിവെള്ളം വിൽപനയൊക്കെ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് നീരുറവകൾ, പുഴകൾ, കിണറുകൾ എന്നിവയിൽനിന്നൊക്കെ വെള്ളം ശേഖരിക്കുകയാണ് ചെയ്തത്.
1984ൽ ദക്ഷിണേന്ത്യയിൽ ഭയങ്കരമായ വരൾച്ചയുണ്ടായിരുന്നു. നൂറുകണക്കിന് തെങ്ങിൻതോപ്പുകൾ അങ്ങനെതന്നെ കരിഞ്ഞുണങ്ങിയിരുന്നു. ’87ലും അത് വെട്ടിമാറ്റാതെ നിൽക്കുന്നത് കാണാമായിരുന്നു. കാലാവസ്ഥാ വ്യതിയാനം ആരംഭിച്ചുകഴിഞ്ഞിരുന്നു. തമിഴ്നാട്ടിലെ പ്രസിദ്ധമായ താമ്രവർണി നദി കാണുമ്പോൾ നദിയിലെ വെള്ളം കറുപ്പ് നിറത്തിലാണ് ഒഴുകിയിരുന്നത്. അന്വേഷിച്ചപ്പോൾ ശിവന്തി ആദിത്യൻ എന്നു പറയുന്ന വലിയ മുതലാളിയുടെ സൺ പേപ്പർമില്ലിൽനിന്നും വേസ്റ്റ് ഒഴുക്കുകയായിരുന്നുവെന്നാണ് അറിഞ്ഞത്. ഈ വെള്ളംതന്നെയാണ് അവർ പേപ്പർ ഉണ്ടാക്കാൻ ഉപയോഗിച്ചത്.
കന്നുകാലികളും നാട്ടുകാരും ഒക്കെ കൃഷിക്കും മറ്റും ഇതേ വെള്ളംതന്നെയാണ് ഉപയോഗിച്ചിരുന്നത്. അന്ന്, നമ്മൾ ഉയർത്തിയ മുദ്രാവാക്യം ‘‘കാപ്പോം കാപ്പോം സംരക്ഷിക്കൂ സംരക്ഷിക്കൂ... പശ്ചിമഘട്ടം സംരക്ഷിക്കൂ. ബച്ചാവോ ബച്ചാവോ പശ്ചിമഘട്ട് ബച്ചാവോ, ഉളിസീ, ഉളിസീ സഹ്യാദ്രീ ഉളിസീ, ബെളസീ ബളസീ നാടിന്നു ബളസീ’’ (ഇങ്ങനെയുള്ള കാട് സംരക്ഷിക്കുകയാണെങ്കിൽ നാടിനെ രക്ഷപ്പെടുത്താം. കാടുണ്ടെങ്കിലേ നാട് രക്ഷപ്പെടൂ). ഇങ്ങനെയുള്ള മുദ്രാവാക്യങ്ങൾകൊണ്ടുള്ള ഒരു പഠനയാത്ര. നിരീക്ഷണയാത്ര. ബോധവത്കരണ യാത്ര ഇതെല്ലാം ചേർന്നുള്ള പരിപാടിയായിരുന്നു അത്.
യാത്രയിലേക്ക് എത്തിയത് എങ്ങനെയാണ്? എന്തായിരുന്നു യാത്രയുടെ സ്വഭാവം?
കർണാടകം, തമിഴ്നാട്, കേരളം, ഗോവ എന്നീ നാല് സംസ്ഥാനങ്ങളുടെ കോഓഡിനേറ്റർ എന്നുള്ള ചുമതലയായിരുന്നു എനിക്ക്. മുൻപരിചയമില്ലാത്ത ഒരാളായിരുന്നു ഞാൻ. എന്റെ ആഗ്രഹം കൂടുതലറിയുക എന്നതാണ്. മുമ്പ് നടത്തിയിട്ടുള്ള യാത്രയിൽനിന്നാണ് ഇത്, ഇത്ര ഭീകരമായ ഒരു അവസ്ഥയാണെന്നും കേരളത്തിന്റെ ജീവനാഡികളെ തളർത്തുകയാണെന്നും മനസ്സിലായത്. കേരളത്തിനെ മാത്രമല്ല, ദക്ഷിണേന്ത്യയെ മുഴുവൻ ബാധിക്കുന്ന ഒന്നാണെന്ന് മനസ്സിലായത് ആ യാത്രയിലൂടെയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് ബോർഡറിൽനിന്നാണ് ഒരു യാത്ര ആരംഭിച്ചത്. ദക്ഷിണേന്ത്യൻ യാത്ര കന്യാകുമാരിയിൽനിന്നും. ഇരു യാത്രകളും ഗോവയിലാണ് സമാപിച്ചത്.
അങ്ങനെ ആയിരക്കണക്കിനാളുകൾ ഇതിലൂടെ പശ്ചിമഘട്ടത്തെ പരിചയപ്പെടാൻ വരുകയും കാര്യങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്തുമെന്നുമാണ് കരുതിയത്. അന്ന് പശ്ചിമഘട്ടത്തിൽ തോട്ടവത്കരണവും ക്വാറികളും ആരംഭിച്ചിേട്ട ഉണ്ടായിരുന്നുള്ളൂ. മണ്ണുമാന്തിയന്ത്രങ്ങൾ കാട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. ആനയെ ഉപയോഗിച്ചാണ് മരം കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. പവർസോ എന്ന വാളുണ്ടായിരുന്നില്ല. മഴുവും ഈർച്ചവാളുകളുംകൊണ്ടാണ് വൻമരങ്ങൾ മുറിച്ച് നീക്കിയത്.
പിന്നീട് മരങ്ങൾ പോയിടത്ത്, പാറകൾ തെളിഞ്ഞെങ്കിലും അതൊക്കെ ക്വാറികളായി. പക്ഷേ, ക്രഷറുകൾ വന്നിരുന്നില്ല. ഇന്ന് ജാക്ക്ഹാമറുകളും രാസവസ്തുക്കളും ഉപയോഗിച്ച് ഭൂഗർഭം വരെ ഉടച്ചെടുക്കുന്ന നിലയിലേക്കു മാറിയിട്ടുണ്ട്. അന്നും ഇന്നും കാടിനോടുള്ള സമീപനം മാറിയിട്ടില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന ശൈലിതന്നെയാണുള്ളത്. നിയമങ്ങളൊക്കെ ഫലപ്രദമായിട്ടുണ്ടെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയാണ്.
കാടിന്റെ വലിയൊരു ഭാഗം വികസന നയത്തിന്റെ ഭാഗമായിത്തന്നെ ഇല്ലാതാക്കിയിരുന്നു. അക്കാലത്ത് കേരളത്തിലെ പൾപ്പ് വ്യവസായത്തിനു വേണ്ടിയുള്ള യൂക്കാലിപ്സും അക്കേഷ്യയും വെച്ചുപിടിപ്പിക്കാൻ വേണ്ടി കാടുകൾ വെട്ടിവെളുപ്പിച്ച്, ഒന്നാന്തരം മരങ്ങൾ വെട്ടിമാറ്റി, അത് വിദേശത്തേക്ക് കടത്തിയിരുന്നു. അതിനു മുമ്പുതന്നെ തേക്കുതോട്ടങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. പിന്നീട് ആളുകൾക്ക് യഥേഷ്ടം കൈയേറാനും അവിടെ നാണ്യവിളകൾ കൃഷിചെയ്യാനുമുള്ള സൗകര്യം ലഭിച്ചു. സത്യത്തിൽ എട്ടു ശതമാനത്തിൽ മാത്രമാണിന്ന് വനം ഉണ്ടാവുക. വനം വകുപ്പിന്റെ കൈവശം കുറെ ഭൂമിയുണ്ടാകും പക്ഷേ, വനമായിരിക്കില്ല. അതാണിപ്പോൾ, വന്യജീവികൾ പുറത്തിറങ്ങുന്നതിലേക്ക് നയിച്ചത്.
അക്കാലത്തെ കൂപ്പ് കോൺട്രാക്ടർമാർ ക്രമേണ ക്വാറി മുതലാളിമാരും ക്രഷർ മുതലാളിമാരും ആയിത്തീർന്നു. പാറ പൊട്ടിച്ചിടത്തുനിന്നും അടിയിലെ ഭൂഗർഭജലം ചോർത്തിയെടുത്ത് കുപ്പിവെള്ള വിൽപനക്കാരായവർ, പിന്നീട് പാറയുടെ അവശിഷ്ടങ്ങൾകൊണ്ട് വയലുകൾ നികത്തി. അവിെട ബംഗ്ലാവുകളും ഉയർന്നു. നേരത്തേ തന്നെ ഞങ്ങൾ പറയുമായിരുന്നു, വരും നാളുകളിൽ വെള്ളം കുപ്പിയിൽ നിറച്ചുവിൽക്കും. പാലിനേക്കാൾ വില വെള്ളത്തിനു വേണ്ടിവരുമെന്ന്. ആ സമയത്ത് ഏറെപ്പേരും പരിഹസിച്ചു. ഇപ്പോൾ കുടിവെള്ളം സ്വന്തം വീട്ടിൽ ഉണ്ടെങ്കിലും ആളുകൾ കുപ്പിവെള്ളം വാങ്ങുകയാണ്. അതാണ് ശുദ്ധജലം എന്ന് ധരിച്ച് നടക്കുകയാണ്.
അന്ന് വരൾച്ച തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. കാലാവസ്ഥ വ്യതിയാനം വരുന്നുവെന്ന് ഓർമിപ്പിച്ചു. അങ്ങനെ ഉണ്ടാവില്ല സാധാരണ പ്രതിഭാസമാണ് എന്നുമാത്രമാണ് ഏറെപ്പേരും പറഞ്ഞത്. ഞാനിപ്പോൾ സംസാരിക്കുന്നത് കുടജാദ്രിയുടെ താഴ്വാരത്തിൽനിന്നാണ്. ഈ പുലർവേളയിൽ പോലും ഉഷ്ണിക്കുന്നു. ഇങ്ങനെ ഈ വേളയിൽ ഇത്തരമൊരു ചൂട് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. ഇവിടെ വരുന്ന കാലത്ത് ഞാൻ ഫാൻ ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷമായിട്ട് ഫാൻ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ കാലാവസ്ഥ വ്യതിയാനം എല്ലായിടത്തും പ്രകടമായി.
ഇന്ന്, തിരിഞ്ഞുനോക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ഇടിച്ചുനിരത്തി ഉപയോഗപ്പെടുത്തുന്നതിന് എല്ലാ മനുഷ്യരും പങ്കാളികളായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ന്യൂക്ലിയർ ഫാമിലിക്ക് പോലും വലിയ ബംഗ്ലാവ് വേണ്ടിവരുന്നു. ഏകദേശം 20 വർഷം ആയുസ്സുള്ള വീടിനുവേണ്ടി ഇത്രയേറെ പ്രകൃതിവിഭവങ്ങളെ നശിപ്പിക്കേണ്ടതുണ്ടോ? ഇനിയും നാം ചിന്തിക്കണം. നിർഭാഗ്യവശാൽ പ്രകൃതിസംരക്ഷണ ചിന്തതന്നെ നാം മാറ്റിനിർത്തിക്കഴിഞ്ഞു. കേരളത്തിലെ ചില ഗ്രാമങ്ങളെയും ടൗണുകളെപ്പോലും ഗോസ്റ്റ് വില്ലേജ്, ഗോസ്റ്റ് ടൗൺ എന്നിങ്ങനെ വിശേഷിപ്പിക്കാൻ മാധ്യമങ്ങൾ തുടങ്ങിയിട്ടുണ്ട്. ചെറുപ്പക്കാർ പല രാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ പ്രായംചെന്നവർ മാത്രമാകും അവശേഷിക്കുക.
യാത്രയോട് കേരളം മുഖംതിരിച്ചോ?
ശരിക്കും കേരളത്തെ കുറിച്ച് പറയാൻ പ്രയാസമുണ്ട്. കേരളത്തിലേക്കാൾ നല്ലനിലയിൽ സംരക്ഷണയാത്രയിൽ പങ്കാളിത്തമുണ്ടായത് കർണാടകത്തിലാണ്. കർണാടകത്തിലെ എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ, കർഷകർ എല്ലാം സജീവമായിരുന്നു. സാഹിത്യകാരൻ ഡോ. ശിവറാം കാറന്ത്, പൂർണചന്ദ്ര തേജസ്വി, പി. ലങ്കേഷ് എന്നിങ്ങനെ പലരും സഹകരിച്ചു. ഓരോ സ്ഥലത്തും 5000 മുതൽ 10,000 വരെ ആളുകൾ സംഗമിച്ചു. പല സ്ഥലത്തുനിന്നും ചെറിയ ചെറിയ പ്രകടനമായി വന്ന് ഞങ്ങളെ സ്വീകരിച്ചു.
വിവിധ കലാകാരന്മാർ, യക്ഷഗാന സംഘം എല്ലാം സജീവമായി. കേരളത്തിൽ സുഗതകുമാരി ഒഴികെയുള്ളവർ മാറിനിന്നതായാണ് അനുഭവം. പിന്നീട് ധാരാളം കവിതകളും മറ്റും ഉണ്ടായെങ്കിലും അന്നവരുടെ സാന്നിധ്യമുണ്ടായില്ല. ചിലപ്പോൾ അവരെ ഇതിന്റെ ഭാഗമാക്കുന്നതിൽ എന്തെങ്കിലും പാളിച്ച പറ്റിയോ എന്ന് അറിയില്ല. കർണാടകത്തിൽ ഈ യാത്രയെ ശരിക്കും ജനം ഏറ്റെടുക്കുകയായിരുന്നു. ഗോവയിൽ എത്തുമ്പോഴും വലിയ സ്വീകരണമാണ് ലഭിച്ചത്. ചെറിയ സംസ്ഥാനമായിട്ടുപോലും വലിയ പങ്കാളിത്തം ഗോവയിലുണ്ടായി. ബുദ്ധിജീവികളും സാഹിത്യകാരന്മാരും സാധാരണക്കാരും അവിടെ യാത്രയുടെ ഭാഗമായി.
പശ്ചിമഘട്ട സംരക്ഷണ യാത്രയുടെ തുടർച്ചയെന്ന നിലയിൽ ജനകീയ സാഹിത്യവേദി നേതൃത്വത്തിൽ ബദൽ കെട്ടിപ്പടുക്കാനൊരു ശ്രമം നടത്തിയിരുന്നല്ലോ, അത്തരം ശ്രമങ്ങൾ വേരുപിടിക്കാതെ പോയതിനു പിന്നിലെന്താണ്?
പശ്ചിമഘട്ട രക്ഷായാത്രക്ക് മുമ്പു തന്നെ ജനകീയ സാംസ്കാരികവേദി ഇല്ലാതായിക്കഴിഞ്ഞിരുന്നു. പരിസ്ഥിതിരംഗത്ത് ശക്തമായ ഇടപെടൽ ഉണ്ടായാലേ മതിയാവൂവെന്ന വിലയിരുത്തലാണ് ദക്ഷിണേന്ത്യയിലെ ബദൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വിവിധ സംഘടനകളുടെ നാലുദിവസത്തെ ഒരു ഒത്തുചേരലായ അരിയന്നൂർ കൺവെൻഷന് കാരണമായത്. കാൾ ഫോർ ഗ്രാസ് റൂട്ട് ആക്ഷൻ എന്ന ആ സംരംഭമാണ് പിൽക്കാലത്ത് കേരളത്തിൽ പരിസ്ഥിതി, ജനകീയ ആരോഗ്യം, ജൈവകൃഷി, വനിതാവിമോചനം തുടങ്ങിയ മേഖലകളിലെ ഇടപെടലുകൾക്ക് കാരണമായത്. ഒത്തുചേരലിന് കോവിലനായിരുന്നു രക്ഷാധികാരി.
ഗ്രാമത്തിലെ പല വേദികളിലായി നടന്ന പരിപാടികളുടെ സമീപനരേഖ തയാറാക്കിയത് ഞാനും ഡോ. കെ. അരവിന്ദാക്ഷനും ചേർന്നായിരുന്നു. പിൽക്കാലത്ത് എല്ലാ മേഖലകളിലും ബദൽ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കാൻ കഴിഞ്ഞത് അത്തരം ബോധപൂർവമായ ഇടപെടലുകളുടെ ഫലമായാണ്.
തുടർന്ന്, ഇവാൻ ഇല്ലിച്ചിന്റെ വൈദ്യശാസ്ത്രത്തിന്റെ അതിർവരമ്പുകൾ, മസനോബു ഫുക്കുവോക്കയുടെ ‘ഒറ്റ വൈക്കോൽ വിപ്ലവം’ തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും വ്യാപകമായ ചർച്ചകൾക്ക് വേദിയൊരുക്കുകയും ചെയ്തു. പയ്യന്നൂരിലെ ജനാരോഗ്യം, തൃശൂരിലെ ആയുർവേദ വികാസ കേന്ദ്രം തുടങ്ങി പല പ്രസ്ഥാനങ്ങളും ഈ അവസരത്തിൽ സജീവമായിരുന്നു. ചെറുപ്പക്കാരിൽ വലിയൊരു വിഭാഗം ജൈവകൃഷി, ബദൽ ജീവിതം തുടങ്ങിയവയിലേക്ക് വരുകയുണ്ടായി.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ െവച്ച് ഗൗരവതരമായ ചർച്ചകൾക്കായി കൂടിച്ചേരലുകൾ നടന്നു. അട്ടപ്പാടിയിലെ അഗളിയിൽ ജലം, മണ്ണ്, കാട് എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ കൂടിച്ചേരൽ, തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ പരിസ്ഥിതിയുടെ രാഷ്ട്രീയം, മുത്തങ്ങയിൽ സാമൂഹികവിരുദ്ധ വനവത്കരണത്തിലെ പ്രശ്നങ്ങൾ, കണ്ണൂരിലെ കോറോമിൽ വികസന പരിപ്രേക്ഷ്യത്തെ കുറിച്ച്, ഒക്കെ കൂടിച്ചേരൽ നടന്നു.
ഇന്ന് കേരളത്തിൽ നടക്കുന്ന പ്രതിരോധപ്രവർത്തനങ്ങളുടെ തീപ്പൊരി ഉണ്ടായത് ഇത്തരം പ്രവർത്തനങ്ങളിൽനിന്നുകൂടിയാണെന്ന് ഞാൻ കരുതുന്നു.
രാജ്യത്തിന്റെ പലയിടത്തായി പല സമരങ്ങളുടെ ഭാഗമായിരുന്നല്ലോ, ഇന്നും മനസ്സിൽ ആവേശമായി നിൽക്കുന്ന സമരാനുഭവങ്ങളുണ്ടോ?
ഇരുപത്തിമൂന്നാം വയസ്സിൽ ദേവാസിലെ ഫാക്ടറിയിൽ നടന്ന സാഹസികമായ ഇടപെടൽ ഇന്നും ഓർമയിൽ നിൽക്കുന്നു. അടിയന്തരാവസ്ഥക്കു തൊട്ടുമുമ്പായിരുന്നു അത്. നേതൃനിരയിലുള്ള മറ്റുള്ളവർ ഇല്ലാതിരുന്ന സന്ദർഭത്തിലായിരുന്നു, തൊഴിലാളികൾ ഘെരാവോ ചെയ്ത സി.ഇ.ഒയെ പുതുതായി നിയമിതനായ ജില്ല പൊലീസ് മേധാവി ജീപ്പിൽ കയറ്റി പുറത്തേക്ക് കൊണ്ടുപോകുന്ന വിവരം ഫാക്ടറി പടിക്കലിലെ സമരപ്പന്തലിലുള്ള എന്നെ തൊഴിലാളികൾ അറിയിക്കുന്നത്.
നിമിഷങ്ങൾക്കുള്ളിൽ തീരുമാനമെടുക്കേണ്ടതായിരുന്നു. ഒരു കുതിപ്പിന് ഗേറ്റിന് ഉള്ളിൽ സെക്യൂരിറ്റികളെ തള്ളിമാറ്റി കടന്നുകയറി. അപ്പോഴേക്കും സി.ഇ.ഒയുമായി ജീപ്പ് പാഞ്ഞ് അടുത്ത് വരുന്നത് കാണുന്നു. പിന്നെ, ഒന്നും ചിന്തിച്ചില്ല. കണ്ണുമടച്ച് ജീപ്പിനു മുന്നിൽ വിലങ്ങനെ കിടന്നു. തൊട്ടു തൊട്ടില്ല എന്ന നിലയിൽ എസ്.പി ജീപ്പ് ചവിട്ടിനിർത്തി. ഓടിക്കൂടിയ മറ്റു തൊഴിലാളികൾ ജീപ്പിനു മുന്നിൽ കുത്തിയിരിപ്പായി. അപ്പോഴേക്കും വിവരമറിഞ്ഞ് പുറത്തുനിന്നുള്ള കാലൂ ദാദ, (ഹരിചരൻ സിങ് പഞ്ചാബി) സ്കൂട്ടറിൽ കുതിച്ചെത്തി. പഞ്ചാബിയായ എസ്.പിയുമായി കാലു സ്വന്തം ഭാഷയിൽ ഉച്ചത്തിൽ സംസാരിച്ചു. അങ്ങനെ, എസ്.പിയുടെ മുൻകൈയിൽ ചർച്ചകൾക്ക് വഴിതുറന്നു. 23 ആവശ്യങ്ങളിൽ 22ഉം അംഗീകരിക്കാൻ മാനേജ്മെന്റ് നിർബന്ധിതരായി. എന്നാൽ, അടുത്ത രാത്രി അടിയന്തരാവസ്ഥ നടപ്പിലായി.
അതോടെ സമരരംഗത്ത് ഉണ്ടായിരുന്നവരുടെ മേൽ നിരവധി കള്ളക്കേസുകൾ ചുമത്തി. അവർക്ക് പൊലീസിെന്റ കൈയിൽനിന്ന് രക്ഷപ്പെടുന്നതിനായി ഒളിവിൽ പോവേണ്ടി വന്നു. എന്റെ പേരിൽ 26ഓളം ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിൽനിന്ന് എപ്പോൾ രക്ഷപ്പെടാൻ കഴിയും എന്ന് അറിയാത്ത സാഹചര്യത്തിൽ അവിടെനിന്ന് സ്ഥലംവിടുകയാണ് ചെയ്തത്. മറ്റൊരു സന്ദർഭം ഏഴിമലയിലെ സമരകാലമാണ്. എട്ട് വയസ്സുള്ള കുഞ്ഞിനെ മുതൽ 80 വയസ്സുള്ള മുത്തശ്ശിയെ വരെ അറസ്റ്റ് ചെയ്തു കണ്ണൂരിലെ ജയിലുകളിലാക്കി. എല്ലാവരുടെയും ജാമ്യത്തിനുവേണ്ടി ഓടിനടന്നു. സമരഭൂമിയിൽ ഞാനെത്തിയാൽ നാട്ടുകാർ എന്നെ പൊലീസിൽനിന്ന് ഒളിപ്പിക്കും.
മാഷ് കൂടി അകത്തായാൽ ഞങ്ങളെ കാര്യങ്ങൾ നോക്കാൻ ആരാ എന്ന കരുതലാണ് ഒരിക്കൽപോലും അവിടെ അറസ്റ്റിലാകാത്തതിന് കാരണം. ലോക ബാങ്ക് പ്രസിഡന്റിന്റെ സന്ദർശനവേളയിൽ നർമദ പദ്ധതികൾക്ക് ഫണ്ട് നൽകുന്നതിനെതിരെ നർമദാതട വാസികളുമായി നടത്തിയ സമരവും മറക്കാനാവുന്നതല്ല. ഗാന്ധി സമാധിക്ക് മുന്നിലും ലോധി റോഡിലുമെല്ലാം പൊലീസ് വൻ സന്നാഹവുമായി വന്നു. ആദിവാസി സ്ത്രീകളും ഗ്രാമീണ കർഷകരും എല്ലാമായ ജനങ്ങളുടെ മേൽ ലാത്തിവീശലും ജലപീരങ്കി പ്രയോഗവുമെല്ലാമായിട്ടും ഭീഷണിക്ക് വഴങ്ങാതെ സ്ത്രീകളും ചെറുപ്പക്കാരും വയസ്സൻമാരുമെല്ലാം ചെറുത്തുനിന്നു.
അറസ്റ്റ് ചെയ്തു വണ്ടിയിൽ കയറ്റി ചോർ ബസാറിലേക്ക് കടത്തി. കുടിവെള്ളവും ശുചിമുറിയും ഇല്ലാതെ ആയിരങ്ങൾ പൊരിവെയിലിലും തണുപ്പിലും േക്ലശിച്ചു. ഗത്യന്തരമില്ലാതെ വഴി തടഞ്ഞു. അപ്പോൾ, ഞങ്ങളെ കേൾക്കാൻ ഇന്ത്യൻ പ്രസിഡന്റ് കെ.ആർ. നാരായണൻ തയാറായി. ആദിവാസി സഹോദരങ്ങളും കർഷകരുമടങ്ങിയ ഗ്രാമീണർ മേധയുടെ നേതൃത്വത്തിൽ രാഷ്ട്രപതിഭവനിൽ എത്തുമ്പോൾ പ്രോട്ടോകോൾ ലംഘിച്ച് ഇന്ത്യൻ രാഷ്ട്രത്തലവൻ ഗേറ്റിലേക്ക് നടന്നുവന്ന് പരാതി പറയാൻ വന്നവരെ സ്വീകരിച്ചിരുത്തി. അവരെ കേൾക്കുകയും ചായയും പലഹാരങ്ങളും നൽകി സൽക്കരിക്കുകയും ചെയ്തത് ആ വലിയ മനുഷ്യന്റെ പൗരൻമാരോടുള്ള പ്രതിബദ്ധതയാണ് കാണിച്ചത്. തുടർന്ന്, ലോകബാങ്ക് ഫണ്ട് നിരസിച്ചു.
മണ്ണ് വിറ്റ് ജീവിക്കുന്ന മലയാളിക്കുവേണ്ടി സമരം ചെയ്യാനില്ലെന്ന് പ്രഖ്യാപിച്ച് കേരളം വിട്ടൊരാളാണ് താങ്കൾ, ശരിക്കുമെന്താണ് താങ്കളെ പ്രേരിപ്പിച്ചത്?
കേരളത്തിൽനിന്ന് മാറിനിൽക്കാനുള്ള കാരണം, മലയാളി സമൂഹത്തെ ഉൾക്കൊള്ളാൻ പ്രയാസമാണെന്ന യാഥാർഥ്യത്തിൽനിന്നുണ്ടായതാണ്. പക്ഷേ, ഇതിനിടയിലും പ്രതീക്ഷ നൽകുന്ന വ്യക്തികളും ചെറു ഗ്രൂപ്പുകളുമുണ്ട്. അത്, മറച്ചുവെക്കാൻ കഴിയില്ല. അപ്പോഴും പൊതുവായി അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ജാഥ കേരളത്തിലെത്തിയ ദിവസം മുതൽ മലയാളിയുടെ സമീപനത്തെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. അത്, പിന്നീട് വളരുകയായിരുന്നു. കാരണം, മണ്ണ് വിറ്റ് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് മലയാളി എത്തുന്നത് സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല. അത്രമേൽ സ്വാർഥരായിക്കഴിഞ്ഞിരുന്നു. വരും തലമുറയെ കുറിച്ചോ, ഇതര ജീവജാലങ്ങളുടെ നിലനിൽപിനെ കുറിച്ചോ ചിന്തിക്കാതെയായി.
22 ദിവസം എൻഡോസൾഫാൻ വിഷയത്തിൽ ഞാൻ നിരാഹാരം കിടന്നു. ആ വേളയിലൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് നിലപാടുകളിലെ വെള്ളം ചേർക്കലുകളാണ്. വാക്കും പ്രവൃത്തിയും ഒന്നായിത്തീരണം. അതിനായി പരിശ്രമിക്കുകയെങ്കിലും വേണം. സ്വാർഥത മാത്രം മുഖമുദ്രയാക്കിയ സമൂഹത്തിൽനിന്ന് ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതൊരു വല്ലാത്ത ധർമസങ്കടമാണ്. ഈ സങ്കടം ഒരു പ്രധാന കാരണമാണ്. ഇതോടൊപ്പം അൽപംകൂടി സ്വസ്ഥത ലഭിക്കുന്ന ഒരു സ്ഥലത്ത് താമസിക്കണമെന്ന് തോന്നിയതുകൊണ്ട് കൂടിയാണ് മാറിയത്. ആത്മീയത എന്നൊക്കെ പറയുന്നത് ഒരു വ്യക്തിപരമായ കാര്യമാണ്. എന്നാൽ, ആത്മീയത തെരുവിലേക്ക് ഇറങ്ങുന്ന കാഴ്ചയാണിന്നുള്ളത്.
പുലർച്ചെതന്നെ നമ്മുടെ ക്ഷേത്രങ്ങളിൽനിന്നും ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവ വലിയ ഉച്ചത്തിൽ ശരിയായ ഒരു നിയന്ത്രണവുമില്ലാതെ നിരോധിക്കപ്പെട്ട സ്പീക്കറുകൾ ഉപയോഗിച്ച് വെക്കും. പള്ളികളും ഇതിൽനിന്നും വ്യത്യസ്തമല്ല. ഇത്തരം ബഹളങ്ങൾ പ്രകൃതിയുടെ സ്വാഭാവിക സംഗീതത്തെയും ശാന്തതയെയും തകർക്കുന്നു. പൂരവും വെടിക്കെട്ടും ഉൾപ്പെടെ ഈവേളയിൽ നാം ഓർക്കേണ്ടതാണ്. ആത്മീയത പ്രകടനപരതയിലേക്ക് മാറിയിരിക്കുകയാണ്.
ഇന്ത്യയിലുടനീളം ഞാൻ ഇതിൽനിന്നു മാറിയുള്ള സ്ഥലം തിരഞ്ഞുകൊണ്ടിരുന്നു. എന്റെ സമാധാന ജീവിതത്തിന് ഭംഗം വരുത്താൻ ഒരു ആരാധാനാലയവും കാരണമാകരുതെന്ന് കരുതിയാണ് കുടജാദ്രിയുടെ താഴ്വാരത്തിലെത്തിയത്. എല്ലാറ്റിലുമുപരി പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട സ്ഥലത്ത് ഇനിയുള്ള കാലം താമസിക്കണമെന്ന ചിന്തകൂടിയുണ്ട് ഈ ഇടം തിരഞ്ഞെടുക്കാൻ.
മലയാളി ജീവിതത്തെ കുറിച്ചുള്ള വിലയിരുത്തൽ എന്താണ്?
മറ്റുള്ളവരെ അപേക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവരാണ് മലയാളികൾ. ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ആളുകളെ അപേക്ഷിച്ച് മലയാളികൾ കാര്യങ്ങൾ വേഗം മനസ്സിലാക്കും. കോമൺസെൻസ് എന്ന് പറയുന്നത് മറ്റുള്ളവരേക്കാൾ ഉണ്ട്. മലയാളി നഴ്സ് ആവുകയാണെങ്കിൽ ഏറ്റവും നല്ല നഴ്സാവും. മലയാളി ഡ്രൈവർ ആവുകയാണെങ്കിൽ ഏറ്റവും നല്ല ഡ്രൈവറാകും.
മലയാളി ഒരു കൃഷിക്കാരനായാൽ ഏറ്റവും നല്ല കർഷകത്തൊഴിലാളിയാകും. അങ്ങനെ മലയാളികളെക്കുറിച്ച് അഭിമാനിക്കാൻ തന്നെയാണ് ഇഷ്ടം. ഇന്ന് ഏറെപ്പേരും പുറത്ത് പോവുകയാണ്, കേരളത്തിൽനിന്നുകൊണ്ട് തന്നെ അവർക്ക് ഒരുപക്ഷേ നാടിന്റെയും തന്റെയും വളർച്ചക്ക് ഗുണകരമാകാം. ഇതിന്, മനോഭാവത്തിൽ മാറ്റം വരണം.
കേരളീയർ രാഷ്ട്രീയമായി പ്രബുദ്ധരാണ്. എന്നാൽ, നാടിന്റെ നിലനിൽപിനുവേണ്ടി ഒന്നിച്ചുനിൽക്കാനുള്ള ത്രാണിയും ഒന്നിച്ച് നിൽക്കാനുള്ള വിട്ടുവീഴ്ച മനോഭാവവും ഇതിനായുള്ള ബൗദ്ധിക ശക്തിയും ആർജിച്ചില്ല എന്നുള്ളതാണ് സത്യം. ഏതെല്ലാം തരത്തിൽ നമുക്ക് ഭിന്നിക്കാനാകും എന്ന അന്വേഷണത്തിലാണ് മലയാളികൾ. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, മറ്റു വിഭാഗീയതയുടെ പേരിലെല്ലാം ഭിന്നിച്ച് നിൽക്കുന്ന സമൂഹമായിട്ടാണ് മലയാളികളുള്ളത്.
ഈ ഭിന്നത ഇന്ത്യയിലും ലോകത്തെമ്പാടും വർധിച്ചുവരുകയാണ്. ഇന്ന്, പശ്ചിമഘട്ടം മാത്രമായിട്ട് നമുക്ക് രക്ഷപ്പെടുത്താൻ കഴിയില്ല. നമ്മുടെ മൊത്തത്തിലുള്ള മനോഭാവത്തിൽ മാറ്റം വരുത്തി, കുറച്ചു ബഹുമാനത്തോടെ, കുറച്ചുകൂടി വിട്ടുവീഴ്ച മനോഭാവത്തോടെ, കുറച്ചുകൂടി പ്രകൃതിയോടും ഇതര ജീവജാലങ്ങളോടും വിനയത്തോടെയും പെരുമാറുന്ന ഒരു സമൂഹത്തിനു മാത്രമേ ഒരുപക്ഷേ നിലനിൽക്കാൻ പറ്റുകയുള്ളൂ. കുറച്ചുകൂടി സ്നേഹമുള്ള, കുറച്ചുകൂടി പരസ്പരം ആളുകളെ മനസ്സിലാക്കുന്ന, മറ്റുള്ളവർ നമുക്ക് വേണ്ടവരാണെന്ന ചിന്തയുള്ള, പരസ്പരം കരുതലുള്ള ഒരു സമൂഹമായി കേരളം മാറുമ്പോഴാണ് നമ്മൾ യഥാർഥത്തിൽ പ്രബുദ്ധരാണെന്ന് പറയാൻ കഴിയുക.
നമുക്ക് ഒരാളുടെ പേര് കേൾക്കുമ്പോൾ അയാളുടെ ജാതിയെക്കുറിച്ചോ, അയാളുടെ മതത്തെ കുറിച്ചോ ഒക്കെയാണ് ബോധം വരുന്നതെങ്കിൽ നമ്മൾ പ്രബുദ്ധരാണ് എന്ന് പറയാൻ പറ്റില്ല. അയാളെ അപരനായി കാണാതെ നാംതന്നെയാണ് അയാൾ എന്നും നമ്മളിലുള്ള എല്ലാ നന്മകളും അയാളിലും ഉണ്ടെന്നും മനസ്സിലാക്കി കുറച്ചുകൂടി കരുണയുള്ള ഒരു നോട്ടവും സ്നേഹം പ്രതിഫലിപ്പിക്കുന്ന പെരുമാറ്റവും ദയയുള്ള ശബ്ദവും ഉണ്ടാകുമ്പോൾ മാത്രമാണ് മലയാളികൾ എന്നല്ല ലോകത്തിലെ ഏതു സമൂഹവും പ്രബുദ്ധരാവുകയുള്ളൂ.
മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിൽ ഒരിക്കൽപോലും പരിസ്ഥിതി രാഷ്ട്രീയം പ്രധാന വിഷയമായി വരാത്തത് എന്തുകൊണ്ട്?
രാഷ്ട്രീയകക്ഷികൾ ഒന്നുംതന്നെ പരിസ്ഥിതിയുടെ രാഷ്ട്രീയം മുഖ്യവിഷയമായിട്ടെന്നല്ല അവരുടെ അജണ്ടയിൽ ഒരിടത്തും ഇല്ല. ആദ്യകാലത്ത് സി.പി.ഐ ഈ വിഷയം ചേർത്തുപിടിച്ചിരുന്നു. കെ.വി. സുരേന്ദ്രനാഥും ഉണ്ണിരാജയുമൊക്കെ ഉണ്ടായിരുന്ന കാലത്ത് അവർക്ക് താൽപര്യം ഉണ്ടായിരുന്നു. ഇന്ന്, അവരും മറ്റ് കക്ഷികളുടെ കൂടെക്കൂടി. ഇതിനിടയിലും കുറച്ചു പേർ പരിസ്ഥിതി ചിന്തയുള്ളവരുണ്ട്. ഇതിനിടയിലും, കുറച്ചൊക്കെ മാറി ചിന്തിക്കുന്ന ചെറുപ്പക്കാരെ കാണുന്നുണ്ട് എന്നുള്ളത് എനിക്ക് ബോധ്യപ്പെടുന്നുണ്ട്. അടുത്തകാലത്ത് രാഷ്ട്രീയ ഭേദമില്ലാതെ ആളുകൾ നമ്മുടെ അടുത്തേക്ക് വരുന്നുണ്ട്. വന്നിട്ട് കാര്യങ്ങൾ ആരായാൻ ശ്രമിക്കുന്നവരുണ്ട്. പുതിയ തലമുറ കുറച്ചുകൂടി പ്രതീക്ഷ നൽകുന്നുണ്ട്. എത്രത്തോളം എന്ന് പറയാൻ പറ്റില്ല.
പശ്ചിമഘട്ട സംരക്ഷണയാത്രക്ക് 35 വയസ്സായെന്ന് ഞാൻ ഓർത്തിരുന്നില്ല. അപ്പോഴാണ് കണ്ണൂരിലുള്ള മാമ്പഴ കൂട്ടായ്മയിലെ ഷൈജു എന്നെ വിളിച്ചിട്ട്, നമുക്ക് പശ്ചിമഘട്ട സംരക്ഷണയാത്രയിൽ ഇന്ന് അവശേഷിച്ചിട്ടുള്ള ആളുകളെ എല്ലാംകൂടി ഒന്നിച്ചു കാണാനുള്ള ഒരു സാഹചര്യമൊരുക്കി കൂടേയെന്ന് അന്വേഷിക്കുന്നത്. അവർക്കതിന് താൽപര്യമാണെങ്കിൽ എന്തിന് ഞാനൊരു തടസ്സമാകണമെന്ന് ചിന്തിച്ചു. അതൊരു നല്ല പ്രവൃത്തിയായിട്ട് എനിക്ക് തോന്നി.
ഇന്ന്, മാനവരാശിയുടെ നിലനിൽപ് പ്രകൃതിയുടെ ഭാവിയുമായി ചേർന്നിരിക്കുന്നുവെന്ന് ബോധ്യമുള്ള ചെറുസംഘങ്ങളുണ്ട്. നമ്മുടെ മാവ്, പ്ലാവ് സംരക്ഷണ സമിതികളൊക്കെ ഇതിന് ഉദാഹരണമായി കാണാം. പക്ഷേ, മുഖ്യധാരാ പൊളിറ്റിക്കൽ പാർട്ടികൾ ഇതൊന്നും ഗൗരവമായി എടുത്തിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അടുത്ത തെരഞ്ഞെടുപ്പ് വരെ എങ്ങനെ നിൽക്കാമെന്നും അതിലൂടെ എന്തെല്ലാം സമ്പാദിക്കാമെന്നുമുള്ള നിലയിലേക്ക് രാഷ്ട്രീയ പാർട്ടികൾ മാറിക്കഴിഞ്ഞു.
പ്രകൃതിദുരന്തം കേരളത്തിലുമെത്തി. നമുക്ക് അത് വേണ്ടത്ര ഗൗരവത്തിലെടുക്കാനിപ്പോഴും കഴിയാത്തത് എന്തുകൊണ്ടാണ്?
മുതിർന്ന പത്രപ്രവർത്തകൻ പി. സായ്നാഥ്, ഭരത് ഡോഗ്രയെപ്പോലുള്ളവർ സൂചിപ്പിക്കുകയുണ്ടായി, ഒരു നല്ല വരൾച്ച വന്നാലും നല്ല പ്രളയം വന്നാലും സന്തോഷം ഉണ്ടാകുന്ന കുറെ ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്ന്. എങ്ങനെയായാലും അവർക്ക് പണം ലഭിക്കും. രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലുള്ള ചിലരും കോൺട്രാക്ടർമാരും പ്രകൃതിദുരന്തത്തെ അവസരമാക്കി മാറ്റുകയാണ്. 40 വർഷം മുമ്പ് ആഗോളതാപനം എന്നത് കേട്ടുതുടങ്ങുന്ന സമയമാണ്. അതേക്കുറിച്ച് അന്ന്, മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അതൊന്നും അത്ര വലിയ സീരിയസ് ആയിട്ടുള്ള കാര്യമല്ല, നിങ്ങൾ പ്രകൃതിസ്നേഹികൾ പറഞ്ഞു ഉണ്ടാക്കുന്നതാണെന്നായിരുന്നു പരിഹാസം.
ഓസോൺ പാളിക്ക് വിള്ളലുണ്ടായാൽ ബലൂണിൽ ഓസോൺ നിറച്ച് കൊണ്ടുപോയി അവിടെ എത്തിച്ച് വിള്ളലടക്കാമെന്ന് പറഞ്ഞ എൻജിനീയറിങ് കോളജ് വിദ്യാർഥിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. തൃശൂർ എൻജിനീയറിങ് കോളജിലെ വിദ്യാർഥിയാണിങ്ങനെ പറഞ്ഞത്. ഓരോ ഓട്ടയും ഇങ്ങനെ അടക്കാമെന്ന അഹന്തയാണിന്നത്തെ ദുരവസ്ഥക്ക് വഴിവെച്ചത്. ആസമയത്ത് ഞാൻ ഓർക്കുന്നത് വിനിൻ പെരേര എന്ന സയന്റിസ്റ്റിനെയാണ്. അദ്ദേഹം േഹാമി ജെ ഭാഭയുടെ കൂടെ ഇന്ത്യയുടെ ആറ്റമിക് എനർജി റിസർച്ചിലെ തുടക്കക്കാരനായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് തോന്നി, ബോംബ് ഉണ്ടാക്കുന്നതോ, എത്ര പേരെ ചന്ദ്രനിലേക്കോ, ചൊവ്വയിലേക്കോ അയച്ചുവെന്നതോ അല്ല മഹത്ത്വം. ഈ ഭൂമിയിൽ എത്രപേർക്ക് സ്വൈരമായി ജീവിക്കാൻ കഴിയുമെന്നതാണ് ഞാൻ നോക്കുന്നത്. അദ്ദേഹം തന്റെ ജോലി രാജിവെച്ച് പിന്നീടുള്ള ജീവിതം മനുഷ്യർക്കായി ഉഴിഞ്ഞുവെക്കുകയായിരുന്നു. വിനിൻ പെരേരയുടെ ‘ആസ്കിങ് ദി എർത്ത്’, ‘ടെൻഡിങ് ദി എർത്ത്’ എന്നീ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ കൂടുതൽ മികച്ച ജീവിതം ലഭിക്കുമെന്നാണ് അദ്ദേഹം പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നത്. ഇതിനൊന്നും ആരും ചെവികൊടുത്തില്ല.
ആഗോളതാപനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി വരൾച്ചയോ, പ്രളയമോ മാത്രമാണോ?
ആഗോളതാപനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറെയാണ്. ആഗോളതാപനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി വരൾച്ചയോ, പ്രളയമോ മാത്രമല്ല. ഒരുപക്ഷേ, നമുക്കിന്നും ചിന്തിക്കാൻ കഴിയുന്നതിനപ്പുറത്താണത്. അന്തരീക്ഷത്തിൽ ശരാശരി താപനില ഒരു ഡിഗ്രി സെൽഷ്യസ് വർധിക്കുേമ്പാൾ 10 ശതമാനം സൂക്ഷ്മജീവികൾ ഇല്ലാതാകും. അത് പോയാൽ നമുക്ക് എന്താണ് എന്നായിരിക്കും ചിന്ത.
നമ്മൾ പരിണാമശ്രേണിയിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിലകൊള്ളുന്ന, വളരെ ശക്തിയുള്ള, എല്ലാത്തിനെയും അതിജീവിക്കാൻ ശേഷിയുള്ള ആളുകളാണല്ലോ? എന്നാൽ, ഈ സൂക്ഷ്മ ജീവികളിൽ ഒരു ചെറിയ അംശമെങ്കിലും പരിവർത്തനത്തിന് വിധേയമായി പ്രതിരോധശേഷി ആർജിക്കുന്നു. സൂക്ഷ്മജീവികളുടെ വളർച്ചനിരക്ക് നമുക്ക് സങ്കൽപിക്കാൻ കഴിയുന്നതിനപ്പുറത്താണ്. ഇവ, മനുഷ്യനും ഇതര ജീവജാലങ്ങൾക്കും വലിയ ഭീഷണിയാകും. പുതിയ സൂക്ഷ്മ ജീവികളുടെ വളർച്ചയെ തടുക്കാൻ ആധുനിക ശാസ്ത്രത്തിന് കഴിയില്ല. കോവിഡ് കാലം ഇതിനു വലിയ ഉദാഹരണമാണ്.
കോവിഡ് വൈറസിനുതന്നെ ആയിരക്കണക്കിന് വകഭേദങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട് നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണെങ്കിൽ ഏറക്കുറെ പ്രതിരോധിക്കാൻ കഴിയും. എത്ര ചെലവാക്കി എന്ന് ഉള്ളതിനേക്കാൾ എത്ര കുറച്ച് നമ്മൾ ചെലവാക്കുന്നു. എത്ര വേഗതയിൽ നമ്മൾ പോയി എന്നതിനേക്കാൾ എത്ര മെല്ലെ നമുക്ക് പോകാനാവുന്നു. എത്ര വലുത് നമ്മൾ ഉണ്ടാക്കിയെന്നതിനേക്കാൾ എത്ര ചെറുതുകൊണ്ട് നമ്മൾ തൃപ്തനാകുന്നു എന്നുള്ള നിലയിലേക്ക് നാം മാറണം. നമ്മുടെ കാർബൺ ഫുട്പ്രിന്റ് എത്രമാത്രം കുറച്ചുവെന്നതായിരിക്കണം നമ്മുടെ ക്രെഡിറ്റ്. അതായിരിക്കണം നമ്മുടെ ബാങ്ക് ബാലൻസ്.
കാലാവസ്ഥാ വ്യതിയാനം ഏറെ വെല്ലുവിളി തീർക്കുകയാണ് കേരളത്തിലും. പ്രളയമഴ ലഭിക്കുന്ന ഇവിടെ കൊടും വരൾച്ചയാണ്. ഒരുപക്ഷേ, ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട അങ്ങയെപ്പോലുള്ളവർ ഈ നാടിനെ എങ്ങനെ നോക്കിക്കാണുന്നു?
ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം സത്യത്തിൽ, നമ്മുടെ കച്ചവട കണ്ണുകൊണ്ടുള്ള വിശേഷണമാണ്. യഥാർഥത്തിൽ ദൈവങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു നാടാണ് കേരളമെങ്കിലും മലയാളികൾ കേരളത്തിലെ ദൈവങ്ങളെ കൊണ്ട് തൃപ്തരല്ലെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. കർണാടകത്തിൽ പ്രത്യേകിച്ച് മൂകാംബികയിൽനിന്ന് 16 കിലോമീറ്റർ അകലെ താമസിക്കുമ്പോൾ എനിക്ക് പറയാൻ കഴിയും, എല്ലാ ദിവസവും ആയിരക്കണക്കിന് മലയാളികളാണ് ഈ കർണാടകത്തിലെ ദൈവങ്ങളെ തേടിവരുന്നത്.
ഞാൻ പലപ്പോഴും അപൂർവമായി എന്റെ അടുത്ത് വരുന്നവരോട് ചോദിക്കാറുണ്ട്, എന്തേ, കേരളത്തിലെ ഭഗവതിമാർക്കും ഭഗവാൻമാർക്കും ശക്തി ക്ഷയിച്ചുപോയോയെന്ന്. ഇവിടത്തെ ദൈവങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനാണോ ഇങ്ങോട്ട് വരുന്നതെന്ന് ഗൗരവമായിത്തന്നെ ചോദിക്കാറുണ്ട്.
ദൈവം എന്താണെന്ന് മനസ്സിലാകാത്തവർ അവിടത്തെ പുരോഹിതെന്റ കാണിക്കവഞ്ചിയിൽ 1000ത്തിന്റെയും 2000ത്തിന്റെയും നോട്ടുകൾ ഇടുമ്പോൾ ആ ദൈവങ്ങൾ ഇതു വല്ലതും കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടോ എന്ന് പോലും മനസ്സിലാക്കുന്നില്ല. ഒരു ദൈവത്തിന്റെ അടുത്ത് പോകുേമ്പാൾ തൊട്ടടുത്ത ദൈവമാണിതിനേക്കാൾ ശക്തനെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. ഇപ്പോൾ, കബീർദാസ് പറഞ്ഞ വരികളാണെനിക്ക് ഓർമ വരുന്നത്.
നീ ആരെ തേടിയാണ് ഇങ്ങനെ അലയുന്നത്, ഞാൻ നിന്റെ അടുത്ത് തന്നെ ഉണ്ടല്ലോയെന്ന്. ഇതിന്റെ പൊരുൾ മനസ്സിലാക്കിയാൽ ആളുകൾക്ക് എവിടെയാണോ ഇരിക്കുന്നത് അവിടെ ഇരുന്ന്, അവരവരുടെ ആത്മീയമായ കാര്യങ്ങൾ നിറവേറ്റാൻ കഴിയും. ഉള്ളിലെ ദൈവത്തെ കാണാൻ കഴിയാതെ ദൈവത്തിന്റെ ഭൂമിയാണ് ദേവലോകം എന്നൊക്കെ നമ്മൾ ധരിച്ച് വശാകുന്നുണ്ടെങ്കിൽ കബീർദാസ് പറഞ്ഞതുപോലെ ബാക്കി ലോകത്തിലെ എല്ലാ ഭാഗങ്ങളും ചെകുത്താന്റെ ഭൂമിയാണോ?
ബാക്കിയെല്ലാം ചെകുത്താന്റെ ഭൂമിയാക്കി മാറ്റുന്നത് നമ്മൾതന്നെയാണ്. ഇപ്പോളിത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലരെങ്കിലും ഇസ്രായേൽ ഫലസ്തീനിൽ ബോംബിടുന്നത് കളികാണുന്നതുപോലെ നോക്കിനിൽക്കുകയാണ്. ഇതിനിടയിൽ, നമ്മുടെതന്നെ മനുഷ്യത്വമാണ് മരിച്ചുവീഴുന്നത്.
ദീർഘകാലത്തെ എഴുത്തും സാമൂഹിക ഇടപെടലും പീറ്റർ ഷുമൻ അപ്പം ചുടുന്നത് എന്തിന് (ഒരു ഹരിതാന്വേഷിയുടെ തിരിച്ചറിവുകൾ) എന്ന പുസ്തകമായി പുറത്തിറങ്ങുകയാണല്ലോ. ഈ പുസ്തകം തേടുന്ന വായനക്കാരനെ കുറിച്ച് അങ്ങയുെട പ്രതീക്ഷ പറയാമോ?
എന്റെ കൈയിലെ അവസാനത്തെ അഞ്ച് പൈസയും തീർന്നുപോയിരുന്നു. അന്ന്, ഞാൻപോലും കരുതിയതല്ല പാലിനേക്കാൾ വിലകൊടുത്ത് കുപ്പിവെള്ളം കച്ചവടത്തിന് വെക്കുമെന്ന വസ്തുത. വളരെ പണ്ട് ഞാൻ ഇത് പറഞ്ഞപ്പോൾ ചിരിച്ചവരിലൊരാൾ, ഈയിടെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ അന്ന്, മോഹൻ പറഞ്ഞത് ഇത്രവേഗം അനുഭവത്തിൽ വരുമെന്ന് കരുതിയിരുന്നില്ല എന്നാണ് പറഞ്ഞത്. കോട്ടക്കൽ വെച്ചുള്ള ചടങ്ങിലായിരുന്നു ഞാനിത് പറഞ്ഞത്. അദ്ദേഹം അത് മനസ്സിൽ സൂക്ഷിച്ചിരുന്നു. നമ്മുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള എല്ലാവർക്കും നന്മയുടെ വഴികൾ തേടുന്ന ചിലർക്കെങ്കിലും വഴികാട്ടിയാകാവുന്ന ചില കാര്യങ്ങൾ തീർച്ചയായും ഈ പുസ്തകത്തിലുണ്ടാവും. അവരെയാണ് ഞാൻ വായനക്കാരായി കാണുന്നത്.
‘കാർഷിക സാക്ഷരതയിലെ കാറ്റുവീഴ്ച’ എന്ന പ്രയോഗംതന്നെ മാഷിന്റേതായുണ്ടല്ലോ? ആ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത് എന്താണ്?
കാർഷികമേഖലയിൽ നൂറുകണക്കിന് ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും കോടികളുടെ ബജറ്റും ഉണ്ടായിട്ടും കൃഷിഭൂമി കുറയുകയും കൃഷിക്കാരൻ കടക്കെണിയിലും ആത്മഹത്യയിൽ ഒടുങ്ങുകയും ചെയ്യുന്ന വിരോധാഭാസമാണുള്ളത്. കേരളം അറിയപ്പെടുന്നത് തെങ്ങുകളുടെ നാടെന്നാണ്. തെങ്ങുകൾക്കുണ്ടായ കാറ്റുവീഴ്ച എന്ന രോഗം തടയാനോ പ്രതിവിധി കണ്ടെത്താനോ കഴിയാതിരുന്ന കാലത്താണ് കവി അയ്യപ്പപ്പണിക്കർ ‘‘കാർഷിക ഗവേഷണ കശപിശയിൽ വാടാത്ത കാറ്റു വീഴാ കേരവൃക്ഷമെവിടെന്റെ മക്കളെ’’ എന്ന് വിലപിച്ചത്.
ഫാം ഇൻഫർമേഷൻ ബ്യൂറോയിലും മറ്റും ഇരിക്കുന്നവർ പടച്ചുവിടുന്ന സാഹിത്യങ്ങൾ പലതും കർഷകരെന്നാൽ ഒരു സാമാന്യബുദ്ധിയും ഇല്ലാത്ത നിരക്ഷരരും മറ്റുമാണെന്ന ധാരണ പരത്തുന്നതാണ്. അവർ, ശിപാർശ ചെയ്യുന്നത് രാസപദാർഥങ്ങളും കമ്പനികളുടെ വിഷപദാർഥങ്ങളുമാണ്. ഇത് ഉപയോഗിക്കാൻ, കൃഷിക്കാരെ പ്രേരിപ്പിക്കാൻവേണ്ടി ചെയ്യുന്ന സാഹിത്യം അവരെതന്നെ നോക്കി കൊഞ്ഞനംകാട്ടുന്നത് അവർ അറിയുന്നില്ല.
‘പ്രകൃതിസ്നേഹികൾ ഒറ്റുകാരുടെ റോളിൽ’ എന്ന ലേഖനം എഴുതാനിടയായ സാഹചര്യം വ്യക്തമാക്കാമോ?
പ്രകൃതിസ്നേഹികളെന്ന് ഞെളിയുന്ന പലർക്കും ആദിവാസി എന്ന് കേട്ടാൽ കലിവരുന്ന കാലമുണ്ടായിരുന്നു. തലമുറകളായി കാട്ടിൽ കൃഷിയും വേട്ടയാടലുമായി കഴിഞ്ഞിരുന്ന, കാടിന്റെ കാവലാളുകളായിരുന്ന ആദിവാസികളെ കാട്ടിൽനിന്നിറക്കിവിട്ടത് പലതരം വനം കൈയേറ്റങ്ങളിലൂടെയാണ്. കുടിയേറ്റക്കാർ, വനം വകുപ്പുകാർ, വൻകിട തോട്ടമുടമകൾ എന്നിവർക്കെല്ലാം ഇതിൽ പങ്കുണ്ട്. മറ്റെല്ലായിടത്തും എന്നതുപോലെ വയനാട്ടിലെയും മഴക്കാടുകൾ കൂപ്പ് കോൺട്രാക്ടർമാർ വെട്ടി ചുരമിറക്കി കടത്തിയ ഇടം സഹസ്രാബ്ദങ്ങളായി ആദിവാസികൾ നെല്ലും മറ്റു ഭക്ഷ്യവിളകളും കൃഷിചെയ്ത് ഉപജീവനം കഴിച്ചിരുന്ന ഭൂമിയാണ്. അവിടെ യൂക്കാലി തോട്ടങ്ങൾ െവച്ചുപിടിപ്പിച്ചത് മാവൂരിൽ ബിർളയുടെ കമ്പനിക്കുവേണ്ടിയാണ്.
കാലഹരണപ്പെട്ട യന്ത്രങ്ങൾ ഉപേക്ഷിച്ച് വൻ ലാഭം കീശയിലാക്കി ബിർള പോയപ്പോൾ അവശേഷിച്ച വരണ്ട മുൾക്കാട്ടിൽ കുടിൽകെട്ടി ജീവിക്കാൻ പരസ്യപ്രഖ്യാപനം നടത്തി തുടക്കം കുറിച്ചപ്പോൾ അത് കാട് കൈയേറ്റമായി വ്യാഖ്യാനിച്ച് അവരെ ഇറക്കിവിടാനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവെപ്പിനും മറ്റും കാരണക്കാരായത് വയനാട്ടിലും തിരുവനന്തപുരത്തും ഉണ്ടായിരുന്ന ചില പ്രകൃതിസംരക്ഷണ വാദികളുടെ ഇടപെടലായിരുന്നു. ആദിവാസികളെ ഭീകരമായി മർദിക്കുേമ്പാഴും വെടിവെക്കുമ്പോഴും കണ്ടുംകേട്ടും രസിച്ചവരെ പ്രകൃതിസ്നേഹികളെന്ന് പറയാൻ കഴിയില്ല. കാരണം, ആദിവാസികൾ ഒഴിവായ വനം വനമേയല്ല.
രാജ്യത്തെ കർഷകർ ഒരു വർഷത്തോളം നീണ്ട അഹിംസാത്മകമായ സമരം നടത്തി, ആ സമരത്തെയും പതിവുപോലെ കേന്ദ്രസർക്കാർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കെടുത്തിക്കളഞ്ഞു. ഈ സാഹചര്യത്തെ സൂക്ഷ്മമായി വിലയിരുത്തിയ ഒരാളാണല്ലോ, ഏറെ പ്രതീക്ഷ നൽകിയ സമരമായിരുന്നോ അത്?
കർഷകസമരത്തിലേക്ക് നയിച്ച കാര്യങ്ങൾ ഇന്ത്യയിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നില്ല. ഗാട്ട് കരാറിനെ തുടർന്നുണ്ടായ നിയമനിർമാണങ്ങളാണ് മൂന്നാംലോക കൃഷിക്കാരുടെ നട്ടെല്ല് ഒടിച്ചത്. അന്നത്തെ കരാറുകൾ നിലനിൽക്കുന്നിടത്തോളം കാലം കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയില്ല. കോർപറേറ്റ് ശക്തികൾ കാർഷികമേഖല ആഗോളതലത്തിൽതന്നെ നിയന്ത്രിക്കുന്നതിലേക്ക് ഗാട്ട് കരാറിലൂടെ എത്തിച്ചേർന്നിട്ടുണ്ട്.
ഉത്തരേന്ത്യയിലെ സമ്പന്ന കൃഷിക്കാരുടെ നേതൃത്വത്തിൽ നടത്തിയ സമരം മറ്റിടങ്ങളിലെ ചെറുകിട കർഷകരുടെ പിന്തുണയാർജിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷ കക്ഷികളുടെ പാതിവെന്ത നിലപാടുകൾ സമരത്തെ സഹായിക്കുന്ന തരത്തിലായിരുന്നില്ല. കോൺഗ്രസിന്റെ ഭരണകാലത്താണ് ഗാട്ട് കരാർ പ്രാബല്യത്തിൽ വന്നത്. അന്ന്, അതിനെതിരെ കർഷകർ ബോധവാന്മാരായിരുന്നെങ്കിൽ ഇന്ന് ഈ സമരം വേണ്ടിവരില്ലായിരുന്നു. അടിമുടി കോർപറേറ്റ് നിയന്ത്രണത്തിലുള്ള ഒരു സർക്കാറിൽനിന്നും കർഷകരിലെ ഒരുവിഭാഗം മാത്രം നടത്തിയ സമരത്തിന് കാര്യമായ നേട്ടം ഒന്നുമുണ്ടാക്കാൻ കഴിയില്ല എന്നുതന്നെയായിരുന്നു എന്റെ വിശ്വാസം.
വാക്കും പ്രവൃത്തിയും ചേർന്നു പോകണമെന്ന് വാശിപിടിച്ചൊരാളാണ് താങ്കൾ. സ്വന്തം ജീവിതത്തിൽ ഇതിനായി ഏറെ ത്യജിക്കേണ്ടിവന്നൊരാളുമാണ്, ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?
വാക്കും പ്രവൃത്തിയും പൊരുത്തപ്പെട്ടു കൊണ്ടുപോവുക എന്നു പറയുന്നതാണ് ഏറ്റവും കഠിനമായ പ്രവൃത്തി. പ്രത്യേകിച്ച് ഒരാൾ കുടുംബത്തിന്റെ ഭാഗമായി നിലകൊള്ളുകയാണെങ്കിൽ, സ്വന്തമായി സ്വത്ത് നിലനിൽക്കണമെങ്കിൽ, ഒരു ഭരണകൂടത്തിനു വിധേയനായിട്ടാണ് കഴിയുന്നതെങ്കിൽ അതികഠിനമായിട്ടുള്ള ഒരു നൂൽപാലത്തിലൂടെയുള്ള യാത്രയായിരിക്കും. സ്വയം എത്ര ആദർശവാനായാലും കുടുംബത്തിനുവേണ്ടി ചിലപ്പോൾ, അയാളുടെ വിശ്വാസത്തിനെതിരായി പ്രവർത്തിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാവും. ഇതൊരു വലിയ പ്രശ്നമാണ്. കുടുംബവും സ്വത്തും സമ്പാദ്യവും ഒക്കെ ഇല്ലാതാവുമ്പോൾ നമ്മൾ കുറച്ചൂടെ ധീരരാവുകയാണ് ചെയ്യുക.
നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നമ്മൾക്ക് കള്ളത്തരങ്ങൾ കാണിക്കേണ്ടിവരുന്നില്ല. ആദർശ ശുദ്ധിയോടെ പോകുന്ന ആളുകൾക്ക് എന്തെങ്കിലും ചെറിയ കളവ് കാണിക്കേണ്ടിവന്നാൽ അതേ കുറിച്ചുള്ള കുറ്റബോധത്തിലായിരിക്കും ശേഷകാലം കഴിയേണ്ടിവരുക. അപ്പോൾ വാക്കും പ്രവൃത്തിയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്ന അവസ്ഥ അതാണ് ഏറ്റവും കഠിനമായ ഒരു അവസ്ഥ.
അത്, കഴിയുമ്പോൾ മാത്രമേ നമുക്ക് സുഖം ലഭിക്കുകയുള്ളൂ. ധീരരാകാൻ പറ്റുകയുള്ളൂ. ഗാന്ധിജി അടിമുടി സത്യസന്ധത പാലിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് തന്റെ നിലപാടുകളിൽ ധൈര്യപൂർവം നിലനിൽക്കാൻ കഴിഞ്ഞത്. സത്യസന്ധത എന്നു പറയുന്നത് തന്നെയാണ് വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുത്തിക്കൊണ്ടു പോവുക എന്നാൽ. സ്വന്തം മനഃസാക്ഷി പണയപ്പെടുത്താതെ ജീവിക്കാൻ കഴിയുന്നുണ്ടോ?
ഒരുപാട് ഇടപാടുകളില്ലാതെ ഒതുങ്ങിക്കഴിയുമ്പോൾ കുറച്ചുകൂടി ലാഘവത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട്. അത് എന്തെങ്കിലും ത്യജിക്കലല്ല. അങ്ങനെ ജീവിക്കണം എന്ന നിലപാടുള്ളതുകൊണ്ടാണ് നമ്മൾ ആ ജീവിതത്തിലേക്ക് വരുന്നത്.
ഇപ്പോഴത്തെ ഏകാന്ത ജീവിതത്തെക്കുറിച്ച് എന്താണ് പറയുക?
പത്തു വർഷക്കാലമായി ഏറക്കുറെ ഏകാന്തമായ ഒരവസ്ഥയിലാണ് ഞാൻ. ശരിക്കും പറഞ്ഞാൽ ഞാൻ എന്നോടുതന്നെ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. ഇന്നലത്തെക്കാൾ കുറച്ചുകൂടി പക്വതയുള്ള, ഇന്നത്തേതിനേക്കാൾ കുറച്ചുകൂടെ വയലൻസ് കുറവുള്ള, ഇന്നലത്തേതിനേക്കാൾ അഹിംസാത്മകമായ എന്നെ എങ്ങനെ സൃഷ്ടിക്കാം, എന്നതിനെക്കുറിച്ചുള്ള പരീക്ഷണമാണ് ഞാൻ ഇവിടെ നടത്തുന്നത്. വേറെ ഒന്നും ആയിരുന്നില്ല. ആ കാര്യത്തിൽ കുറച്ചുകൂടി പക്വമാകുന്നുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ.
എന്റെ ദുശ്ശാഠ്യത്തിൽനിന്ന്, കോപത്തിൽനിന്ന്, താപത്തിൽനിന്ന്, ധൈര്യമില്ലായ്മയിൽനിന്ന് ഒക്കെ ഒരു പരിധിവരെ മോചനം കിട്ടുന്നു എന്നതുകൊണ്ടാണ് ഈ ഏകാന്തതയിൽ കഴിയുന്നത്. ഇവിടെ, ഒരു പ്രശ്നം ഈ ചുറ്റുപാടിനെ എല്ലാം വിശ്വാസത്തിലെടുക്കണം. ഇവിടെയുള്ള രാജവെമ്പാലയെ, കടുവയെ, പുലിയെ, മനുഷ്യരെയൊക്കെ വിശ്വസിച്ചുകൊണ്ട് മാത്രമേ എനിക്കിവിടെ വസിക്കാൻ കഴിയുകയുള്ളൂ. അല്ലാതെ ഒറ്റക്ക് എനിക്കിവിടെ കഴിയാൻ പറ്റില്ലല്ലോ. അങ്ങനെ നോക്കുേമ്പാൾ, ഇതൊരു വലിയ വിജയമാണ്. ഞാൻ യഥാർഥത്തിൽ വലിയ യുദ്ധത്തെയാണ് ജയിച്ചുകൊണ്ടിരിക്കുന്നത്.
ജീവിതത്തെ വിലയിരുത്തുേമ്പാൾ ഞാൻ വലിയ ആർഭാടമോ സ്വത്തോ വാഹനങ്ങളോ പേരോ, പ്രശസ്തിയോ ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും എന്നെ തന്നെ മാറ്റിത്തീർക്കുന്ന യുദ്ധത്തിൽ വിജയിച്ചിരിക്കുന്ന ഒരാളാണെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്കതിൽ സംതൃപ്തിയുണ്ട്. നിരാശകളൊന്നുമില്ല. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നുണ്ട്. ഇന്നും ഇന്നലത്തെക്കാളും കുറച്ചുകൂടി നന്മയുടെ വഴികൾ തെളിഞ്ഞുവരട്ടെ.