പ്ലാച്ചിമട ചർച്ചയെ മാറ്റി, പക്ഷേ, നയത്തെ പൂർണമായി മാറ്റിയില്ല

രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ പരിസ്ഥിതി ശാസ്ത്രജ്ഞയും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ ഡയറക്ടർ ജനറലും, ‘ഡൗൺ ടു എർത്ത്’ മാസികയുടെ എഡിറ്ററുമാണ് സുനിത നാരായൺ. രാജ്യത്തെയും കേരളത്തിലെയും പരിസ്ഥിതി അവസ്ഥകളെയും ചെറുത്തുനിൽപുകളെയും കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും സംസാരിക്കുകയാണ് അവർ ഈ അഭിമുഖത്തിൽ.
പരിസ്ഥിതി നാശം ജനസംഖ്യയിലെ ഒരു ചെറു ന്യൂനപക്ഷത്തിന് യാദൃച്ഛികമായി സംഭവിക്കുന്ന അപകടമല്ലെന്ന് സുനിത നാരായൺ ആവർത്തിച്ച് പറയുന്നു. അത് സുനിത നാരായണിനെ സംബന്ധിച്ചിടത്തോളം കേവല മുദ്രാവാക്യവുമല്ല; നാല് പതിറ്റാണ്ടിലേറെയായി രാജ്യത്തിനകത്ത് യാത്രചെയ്തും പഠിച്ചും ഗവേഷണം ചെയ്തും ശേഖരിച്ച ഒരുപാട് അനുഭവങ്ങളുടെയും അറിവുകളുടെയും സാരമാണ്. നദികൾ വരളുന്നതും കാടുകൾ അപ്രത്യക്ഷമാകുന്നതും ഗ്രാമങ്ങൾ വിഷവായുവിൽ ശ്വാസംമുട്ടുന്നതും അവരെ സംബന്ധിച്ചിടത്തോളം പ്രകൃതിയുടെ ക്രൂരതകളല്ല. മനുഷ്യസമൂഹങ്ങളും അവരുടെ ഭരണസംവിധാനങ്ങളും കാലാകാലങ്ങളിൽ സ്വീകരിച്ച രാഷ്ട്രീയ-സാമ്പത്തിക തീരുമാനങ്ങളുടെ നേരിട്ടുള്ള ഫലങ്ങളാണ്. കേവലമായ സാമ്പത്തിക-അടിസ്ഥാന സൗകര്യ വളർച്ചയെ ഒരു മനുഷ്യാതീത ശക്തിയായി പരിഗണിക്കപ്പെട്ടപ്പോൾ അതിന്റെ വില സാധാരണ മനുഷ്യരും പ്രകൃതിയും ഒരുപോലെ നൽകേണ്ടിവരുന്നു.
ഇന്ത്യയിൽ മൊത്തത്തിൽ പരിസ്ഥിതിയെയും അതിജീവനത്തെയും സംബന്ധിച്ച ചിന്തകൾ വികസനത്തിന് എതിരായ ഒരു കടന്നാക്രമണമായി കണക്കാക്കിയിരുന്ന കാലത്താണ് സുനിത നാരായൺ രാജ്യത്തിന്റെ പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ അനിൽ അഗർവാളിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ ആരംഭിക്കപ്പെട്ട സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിൽ (സി.എസ്.സി) ആരംഭിച്ച പ്രവർത്തനം, പരിസ്ഥിതിയെ ഒരിക്കലും കണക്കുകളുടെയും ഗ്രാഫുകളുടെയും പരിധിയിൽ ഒതുക്കിയില്ല. മലിനീകരണം ആരെയാണ് ബാധിക്കുന്നത്, വനനശീകരണം ആരുടെ ജീവിതമാണ് തകർക്കുന്നത്, വികസനത്തിന്റെ ചെലവ് ആരാണ് വഹിക്കുന്നത് എന്ന ചോദ്യങ്ങളിലേക്കാണ് അവർ ശാസ്ത്രത്തെ കൊണ്ടുവന്നത്. അവിടെനിന്നാണ് പരിസ്ഥിതി ഒരു നൈതിക വിഷയമായി രാജ്യമെങ്ങുമുള്ള ജനസമൂഹങ്ങളിൽ മാറിയത്.
വർഷങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സേവന സംവിധാനമായി വളർന്ന സി.എസ്. സിയുടെ പ്രതിവർഷം ഇറങ്ങുന്ന സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയൺമെന്റ് റിപ്പോർട്ടുകൾ രാജ്യത്തിന്റെ നിറംപിടിപ്പിക്കപ്പെട്ട വികസന കഥകളെ മറ്റൊരു കോണിൽനിന്ന് വായിക്കാൻ നമ്മെ നിർബന്ധിച്ചു. സി.എസ്.സിയുടെ ഡയറക്ടർ ജനറലായും ‘ഡൗൺ ടു എർത്ത്’ മാസികയുടെ എഡിറ്ററായും സുനിത നാരായൺ ഇന്ത്യൻ സമൂഹത്തിൽ ഉറച്ചുനിൽക്കുന്നത് ശക്തമായ ഒരു നിലപാടിലാണ്: ശാസ്ത്രം സമൂഹത്തിൽനിന്ന് വേർപെടരുത്, പാരിസ്ഥിതിക മാധ്യമപ്രവർത്തനം സാമൂഹിക ഉത്തരവാദിത്തം ഒഴിഞ്ഞതാകരുത്.
വാഹനവാതക നിയന്ത്രണങ്ങളിൽ നിന്ന് മഴവെള്ള ശേഖരണത്തിലേക്കും, കീടനാശിനികളിൽനിന്ന് നഗര മാലിന്യത്തിലേക്കും വ്യാപിച്ച അവരുടെ ഇടപെടലുകൾ, ഇന്ത്യയിൽ പരിസ്ഥിതിനയം രൂപപ്പെടുന്ന രീതിയെതന്നെ അടിമുടി മാറ്റി. ആഗോള കാലാവസ്ഥാ ചർച്ചകളിൽ സ്വന്തം ഉത്തരവാദിത്തം മറച്ചുവെക്കാൻ ശ്രമിക്കുന്ന വ്യവസായവത്‌കൃത രാജ്യങ്ങളെ അവർ ആധികാരികമായി ചോദ്യംചെയ്തു. വായുവും അന്തരീക്ഷവും കടലും ഭൂമിയും എല്ലാവർക്കും പങ്കുള്ള ഒരു പൊതുസമ്പത്താണെന്ന ആശയം, ശക്തമായ മൂലധന താൽപര്യങ്ങളെ അസ്വസ്ഥമാക്കിയെങ്കിലും, ലോകത്തെങ്ങും കാലാവസ്ഥാ നീതിയുടെ അടിത്തറയായി.
ഇന്ന് കേരളം നേരിടുന്ന പ്രളയങ്ങളും ഉരുൾപൊട്ടലുകളും തീരശോഷണവും പലപ്പോഴും ‘പ്രകൃതി ദുരന്തങ്ങൾ’ എന്ന പേരിലാണ് അവതരിപ്പിക്കപ്പെടുന്നത്. പക്ഷേ സുനിത നാരായണിന്റെ ഭാഷയിൽ അവ പ്രകൃതിയുടെ അപ്രതീക്ഷിത പ്രതികരണങ്ങളല്ല. ഭൂമിവിനിയോഗത്തിലെ പിഴവുകളും വനനശീകരണവും നദികളുടെ പ്രഭവസ്ഥാനങ്ങളിലെ കൈയേറ്റവും ചേർന്നുണ്ടാക്കിയ മനുഷ്യനിർമിത ദുരന്തങ്ങളാണ്. കാലാവസ്ഥാ മാറ്റം അവയെ കൂടുതൽ രൂക്ഷമാക്കി; പക്ഷേ അടിത്തറ മനുഷ്യനാണ് ഒരുക്കിയത്.
നാലു പതിറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ സുനിത നാരായണിനെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ഒരു തിരിച്ചറിവുണ്ട്. പരിസ്ഥിതി നാശം എല്ലായിടത്തും ഒരുപോലെ ബാധിക്കുന്നില്ല. ഏറ്റവും കുറച്ച് ഉപഭോഗമുള്ളവരാണ് ഏറ്റവും കൂടുതൽ അപകടം നേരിടുന്നത്. മലിനമായ വായുവും വെള്ളവും വിഷഭക്ഷണവും കാലാവസ്ഥാ ആഘാതങ്ങളും ദരിദ്രരുടെ ജീവിതങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ടാണ് പരിസ്ഥിതി നീതി എന്ന ആശയം അവർക്കു സാമൂഹികനീതിയിൽ നിന്ന് വേർതിരിക്കാനാവാത്തത്.
കേരളത്തിനായി അവർക്കുള്ള സന്ദേശം വ്യക്തമാണ്. സംസ്ഥാനത്തിന്റെ കാർബൺ പങ്ക് ചെറുതാണ്; പക്ഷേ കാലാവസ്ഥാ ആഘാതങ്ങൾ വലിയതാണ്. അതിനാൽ മുൻഗണന നൽകേണ്ടത് അനുയോജനത്തിനും പ്രതിരോധശേഷിക്കും ഉപജീവന സംരക്ഷണത്തിനുമാണ്. കാലാവസ്ഥാ ധനസഹായം പ്രതീകാത്മക പദ്ധതികൾക്കല്ല, അപകടം കുറക്കുന്ന ഇടപെടലുകൾക്കായിരിക്കണം. പരിസ്ഥിതിയെപ്പറ്റിയും കേരളത്തെപ്പറ്റിയും തന്റെ ഇടപെടലുകളെക്കുറിച്ചും സംസാരിക്കുകയാണ് ഈ അഭിമുഖത്തിൽ സുനിത നാരായൺ.
സുനിത നാരായൺ
നാലു പതിറ്റാണ്ടിലേറെയായി ശാസ്ത്രം, പാരിസ്ഥിതിക നയരൂപവത്കരണം, ജനകീയ പ്രസ്ഥാനങ്ങൾ-ഈ മൂന്നു മേഖലകളുടെ സംഗമമേഖലയിൽ പ്രവർത്തിച്ച വ്യക്തിയാണ് താങ്കൾ. പിന്നോട്ട് നോക്കുമ്പോൾ, നീതിയെക്കുറിച്ചുള്ള താങ്കളുടെ ബോധത്തെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച പരിസ്ഥിതി പോരാട്ടം ഏതാണ്? എന്തുകൊണ്ട്?
ഒറ്റയൊരു പോരാട്ടത്തെ വേർതിരിച്ച് പറയാൻ എനിക്കാകുന്നില്ല. എന്നെ രൂപപ്പെടുത്തിയത് ഒരൊറ്റ സംഭവമല്ല, മറിച്ച് വിവിധ പരിസ്ഥിതി വെല്ലുവിളികളുടേതായ സാഹചര്യങ്ങളിൽ ആവർത്തിച്ചുകൊണ്ടിരുന്ന അനീതികളാണ്. കാടുകളുടെയും ജലവിഭവങ്ങളുടെയും നശീകരണമായാലും വായുമലിനീകരണമോ രാസവസ്തുക്കളോ ആയാലും ചിത്രം ഒരേപോലെ തന്നെയായിരുന്നു. ഏറ്റവും കുറച്ച് വിഭവങ്ങൾ ഉപയോഗിക്കുന്നവരാണ് ഏറ്റവും വലിയ അപകടങ്ങൾ ഏറ്റുവാങ്ങിയത്. വളർച്ചയുടെ നേട്ടം കൈവശപ്പെടുത്തിയവർ അതിന്റെ ദുഷ്ഫലങ്ങളിൽ നിന്ന് ഏറെ അകന്നുനിന്നു. ഇത് അനുഭവകഥകളിൽ ഒതുങ്ങിയ കാര്യമല്ല; ആരോഗ്യ സർവേകളും മലിനീകരണ നിരീക്ഷണങ്ങളും ഭൂഗർഭജല പഠനങ്ങളും ഭൂ ഉപയോഗ വിശകലനങ്ങളും വീണ്ടും വീണ്ടും ഇതു തെളിയിച്ചു; തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒറ്റൊരു പോരാട്ടത്തിലേക്ക് ഇന്ത്യയുടെ പരിസ്ഥിതി പ്രസ്ഥാനത്തെ ചുരുക്കി പറയാൻ കഴിയില്ല.
ഇത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യങ്ങളെയും സങ്കീർണതകളെയും കൈകാര്യം ചെയ്തുകൊണ്ട് വളർന്ന ഒരു യാത്രയാണ്. അതീവ അസമത്വവും ദാരിദ്ര്യവും നിറഞ്ഞ സാമൂഹിക സാഹചര്യത്തിനുള്ളിലാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. അതിനാലാണ് ഞങ്ങൾ ഇതിനെ ‘ദരിദ്രരുടെ പരിസ്ഥിതിവാദം’ എന്ന് വിളിക്കുന്നത്. അതിന്റെ അർഥം പുതിയൊരു വികസനപാത തേടുക എന്നതാണ്. പ്രാദേശിക സമൂഹങ്ങളോട് ലാഭം പങ്കിടുക, ആവശ്യമില്ലാത്ത ഉപഭോഗം കുറക്കുക, ഉപയോഗിക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഓരോ അടി ഭൂമിക്കും പരമാവധി കാര്യക്ഷമത ഉറപ്പാക്കുക. നീതിയും മനുഷ്യാവശ്യങ്ങളും അടിസ്ഥാനമാക്കി താഴെയിൽനിന്ന് ഉയരുന്ന വികസന മാതൃക നിർമിക്കുക.
ചിപ്കോ പ്രസ്ഥാനത്തെ ഉദാഹരണമായി കാണാം. അത് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ മാത്രമല്ല, ഈ രാജ്യത്തെ ജനങ്ങൾ യഥാർഥത്തിൽ എന്താണ് ആവശ്യപ്പെടുന്നതെന്ന് നമ്മെ ചിന്തിപ്പിച്ച ഒരു പോരാട്ടമായിരുന്നു. സ്വന്തം വിഭവങ്ങളിൽ പ്രാദേശിക ജനങ്ങളുടെ അവകാശം ഉറപ്പാക്കാനുള്ള ശക്തമായ ആവശ്യം അതിന്റെ ആത്മാവായിരുന്നു. പരിസ്ഥിതി നാശം വികസനത്തിന്റെ അനുബന്ധഫലമല്ല; വികസനം പിന്തുടർന്ന രീതിയിലേക്കു തന്നെ അത് കുടിയേറിയിരുന്നു.
അതുകൊണ്ട് നീതി എന്നത് നഷ്ടപരിഹാരത്തിലോ ശമനത്തിലോ ഒതുങ്ങാനാകില്ല. ആരാണ് തീരുമാനമെടുക്കുന്നത്, ആരാണ് ലാഭം നേടുന്നത്, ആരാണ് വില നൽകുന്നത് –ഈ ഘടനാപരമായ അസമത്വത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നെ ഏറ്റവും സ്വാധീനിച്ചത് ഈ ബോധ്യത്തിന്റെ കൂട്ടിച്ചേർക്കലാണ്: പരിസ്ഥിതി അനീതി ഒരു വ്യവസ്ഥാപിത പ്രശ്നമാണ്. ഒരേ സമൂഹങ്ങൾതന്നെ വീണ്ടും വീണ്ടും ആരോഗ്യം, ഭൂമി, ഉപജീവനം മറ്റൊരാളുടെ വളർച്ചയ്ക്കായി നൽകുന്നത് കാണുമ്പോൾ, നീതി ഒരു സിദ്ധാന്തമല്ലാതാകുന്നു. അത് മറ്റൊരു വികസനപാതയിലേക്കുള്ള ആവശ്യമാകുന്നു.
ഒരുകാലത്ത് ഇന്ത്യയിലെ പരിസ്ഥിതി മാധ്യമപ്രവർത്തനവും ആക്ടിവിസവും മന്ദഗതിയിലും വേരുകളുള്ള ഭാഷയിലുമായിരുന്നു. ഇന്ന് കാലാവസ്ഥാ ചർച്ചകൾ കൂടുതൽ ആഗോളവും കണക്കുകളാൽ നിയന്ത്രിതവുമാണ്..?
ശാസ്ത്രീയ ബോധം വളരെയധികം ശക്തമായെങ്കിലും, അതിനൊപ്പം എന്തോ ഒന്നുകൂടി ക്ഷയിച്ചിട്ടുണ്ട്. ഇന്ന് കാലാവസ്ഥാ ശാസ്ത്രം വളരെ കൃത്യമാണ് –മോഡലുകളും ഉപഗ്രഹ ഡേറ്റയും ദീർഘകാല പ്രവചനങ്ങളും എല്ലാം ഉണ്ട്. ഇത് അനിവാര്യമാണ്. പക്ഷേ ശാസ്ത്രം സാമൂഹിക യാഥാർഥ്യത്തിൽ നിന്ന് അകന്നുപോകുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. മുൻകാല പരിസ്ഥിതി മാധ്യമപ്രവർത്തനം ആളുകളുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് വളർന്നത്. ഗ്രാമങ്ങളിലും കാടുകളിലും മത്സ്യബന്ധന പ്രദേശങ്ങളിലും നഗര കുടിലുകളിലും റിപ്പോർട്ടർമാർ സമയം ചെലവഴിച്ചു. ഡേറ്റ ആളുകളുടെ ജീവിതത്തിൽനിന്നാണ് വന്നത്. ഇന്ന് ചർച്ചകൾ ഡിഗ്രി സെൽഷ്യസുകളിലേക്കും ഗിഗാടണ്ണുകളിലേക്കും ppm കണക്കുകളിലേക്കും ഒതുങ്ങുന്നു. ശാസ്ത്രീയമായി ശരിയെങ്കിലും, അത് ആളുകൾക്ക് മനസ്സിലാകണമെന്നില്ല.
ദൈനംദിന ജീവിതവുമായി –ജലക്ഷാമം, വിളനാശം, രോഗങ്ങൾ, കുടിയൊഴിപ്പിക്കൽ– ബന്ധം നഷ്ടപ്പെട്ടാൽ പരിസ്ഥിതിവാദം ദുർബലമാകുന്നു. കാലാവസ്ഥാ മാറ്റം അകലെ നിൽക്കുന്ന, എലീറ്റിസ്റ്റായ, അല്ലെങ്കിൽ ഒഴിവാക്കാനാകാത്ത ഒരു വിധിയായി തോന്നിത്തുടങ്ങും. ഡേറ്റ ഉപേക്ഷിക്കണമെന്നല്ല പ്രശ്നം; മനുഷ്യാനുഭവത്തിലേക്ക് അതിനെ തിരിച്ചുകെട്ടണം. അതില്ലെങ്കിൽ കാലാവസ്ഥാ രാഷ്ട്രീയം എളുപ്പം തള്ളിക്കളയപ്പെടും.
“പരിസ്ഥിതി ഒരു സങ്കൽപമല്ല, ജീവിച്ചിരിക്കുന്ന യാഥാർഥ്യമാണ്” എന്ന ആശയം CSEയിലെ തുടക്കകാലത്ത് എങ്ങനെ രൂപപ്പെട്ടു?
ഞങ്ങളുടെ പ്രവർത്തനം തന്നെയാണ് ആ ചിന്തയെ രൂപപ്പെടുത്തിയത്. സിദ്ധാന്തങ്ങളിൽനിന്ന് അല്ല, നിരീക്ഷണത്തിൽനിന്ന്. പരിസ്ഥിതിപ്രാധാന്യമുള്ളതെന്ന് കരുതപ്പെടാത്ത ഇടങ്ങളിലേക്കാണ് ഞങ്ങൾ പോയത് –ചെറിയ ഗ്രാമങ്ങൾ, നഗരപരിസരങ്ങൾ, വ്യവസായ േമഖലകൾ. ആളുകൾ ‘പരിസ്ഥിതി’ എന്ന ഭാഷ സംസാരിച്ചില്ല. അവർ പറഞ്ഞത് കിണറുകൾ വറ്റുന്നതിനെക്കുറിച്ചും വിളകൾ നശിക്കുന്നതിനെക്കുറിച്ചും കുട്ടികൾ രോഗബാധിതരാകുന്നതിനെക്കുറിച്ചുമാണ്. ശാസ്ത്രം അവിടെ ഒരു വിശദീകരണ ടൂളായി. ഭൂഗർഭജലത്തിലെ അളവുകൾ കുടിയേറ്റം വിശദീകരിച്ചു. മലിനീകരണ ഡേറ്റ ശ്വാസകോശ രോഗങ്ങളും ചികിത്സാചെലവുകളും വ്യക്തമാക്കി. മഴയിലെ മാറ്റങ്ങൾ ഭക്ഷ്യ അസുരക്ഷയെ വിശദമാക്കി. അങ്ങനെ പരിസ്ഥിതി ഒരു വേറിട്ട മേഖലയല്ല, ജീവന്റെ അടിത്തറ തന്നെയാണെന്ന് വ്യക്തമായി.
സി.എസ്.ഇയിൽ ഞങ്ങൾ ഇന്നും ഞങ്ങളുടെ സ്ഥാപക ഡയറക്ടർ അനിൽ അഗർവാൾ പറഞ്ഞ വാക്കുകൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി ‘മരങ്ങളും കടുവകളും’ മാത്രമല്ല. അത് നമ്മെ ചുറ്റിപ്പറ്റിയ എല്ലാറ്റിനെയും കുറിച്ചാണ്, നാം ചെയ്യുന്ന ഓരോ പ്രവൃത്തിയെയും കുറിച്ചാണ്. അത് ഒരിക്കലും സങ്കൽപതലത്തിലുള്ള വിഷയമായിരുന്നില്ല. നമ്മുടെ നിലനിൽപ് തന്നെ അതിൽ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, കാലത്തിനു മുമ്പേ ഞങ്ങൾ അന്തർവിഭാഗ സമീപനം സ്വീകരിച്ചു. ജലശാസ്ത്രം സാമ്പത്തികശാസ്ത്രവുമായി കൂട്ടിച്ചേർത്ത് സംസാരിക്കേണ്ടി വന്നു. പരിസ്ഥിതി എന്നത്, അക്ഷരാർഥത്തിൽ, ആളുകൾ ജീവിക്കുന്ന ഇടമായി.
എൻഡോസൾഫാൻ ഇരകൾ നടത്തിയ പ്രതിഷേധത്തിൽ ദയാബായി സംസാരിക്കുന്നു
സൈലന്റ് വാലി മുതൽ പ്ലാച്ചിമട വരെ, എൻഡോസൾഫാൻ ദുരന്തം മുതൽ ഇന്നത്തെ കാലാവസ്ഥാ ദുരന്തങ്ങൾ വരെ –കേരളത്തിന് ഇന്ത്യയുടെ പരിസ്ഥിതി ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. ഒരു പരിസ്ഥിതി ചിന്തകയെന്ന നിലയിൽ കേരളം നിങ്ങൾക്ക് എന്താണ്?
കേരളം ഒരേസമയം പ്രചോദനവും നിഷേധാത്മകവുമാണ്. സൈലന്റ് വാലി സംരക്ഷണം രാഷ്ട്രീയത്തെ തന്നെ മാറ്റി; വികസന തർക്കങ്ങളെ മറികടക്കാൻ പരിസ്ഥിതി മൂല്യങ്ങൾക്ക് കഴിയുമെന്ന് അത് തെളിയിച്ചു. ‘വികസനം എന്തുവില കൊടുത്തും വേണം’ എന്ന ധാരണയെ അത് ചോദ്യം ചെയ്തു. പ്ലാച്ചിമട ജലം ഒരു ചരക്കല്ല, ഒരു പൊതുസമ്പത്താണ് എന്ന ആശയം അവിടെ രാഷ്ട്രീയമായി ശക്തമായി ഉയർന്നു. കോർപറേറ്റുകളുടെ നിയന്ത്രണം പ്രകൃതിസമ്പത്തുകളിൽ എങ്ങനെ ചോദ്യം ചെയ്യാമെന്ന് അത് കാണിച്ചു. ഈ പ്രസ്ഥാനങ്ങൾ ശാസ്ത്രത്തിൽ അടിയുറച്ചതും നൈതിക വ്യക്തതയുള്ളതുമായിരുന്നു. അതേസമയം, ഉയർന്ന സാക്ഷരതയും പൊതുജനാരോഗ്യവും രാഷ്ട്രീയബോധവുമുണ്ടായിട്ടും, വ്യാപകമായ പരിസ്ഥിതി നാശം ഇവിടെ നടന്നു. കായലുകൾ നികത്തി, മലകൾ ഖനനം ചെയ്തു, നദികൾ മലിനമാക്കി, കാടുകൾ ഇല്ലാതാക്കി.
മാനവവികസന സൂചികകൾ ഉയർന്നിട്ടും വികസനം-പരിസ്ഥിതി-സാമൂഹികനീതി തമ്മിലുള്ള അന്തരം കേരളത്തിൽ വ്യക്തമാണ്. എന്തുകൊണ്ടാണ് ഈ വൈരുധ്യം ഇത്ര ശക്തമായത്?
കേരളത്തിലെ വികസന ആസൂത്രണം പ്രകൃതിസ്ഥിരവും ക്ഷമാശീലവുമാണെന്ന ധാരണയിൽ നിന്നാണ് മുന്നേറിയത്. സാമൂഹിക നേട്ടങ്ങൾ പരിസ്ഥിതി ആഘാതങ്ങളിൽനിന്ന് രക്ഷിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ പരിസ്ഥിതികൾ ക്ഷേമസൂചികകൾക്ക് പ്രതികരിക്കില്ല; അവ ഭൗതിക പരിധികളോടാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ അമ്പത് വർഷങ്ങളിലെ ഭൂമിയുപയോഗ ഡേറ്റ വെറ്റ്ലാൻഡ്, കാടു തടങ്ങൾ, വെള്ളപ്പൊക്ക താഴ്വരകൾ –എല്ലാം കുത്തനെ കുറഞ്ഞതായി കാണിക്കുന്നു. ഖനനവും റോഡ് നിർമാണങ്ങളും പശ്ചിമഘട്ടത്തിലെ ചരിവുകൾ അസ്ഥിരമാക്കി. നദികൾ അണക്കെട്ടുകളാലും കൈയേറ്റങ്ങളാലും ചുരുങ്ങി. ഇതൊന്നും സമഗ്രമായി വിലയിരുത്തിയില്ല. കാലാവസ്ഥാ മാറ്റംമൂലം അത്യധിക മഴ ശക്തമായപ്പോൾ സംവിധാനം തകർന്നു. പരിസ്ഥിതിയെ അവഗണിച്ച വികസനം ഒടുവിൽ സാമൂഹിക നേട്ടങ്ങളെ തന്നെ തകർക്കുന്നു. ഇതാണ് വൈരുധ്യം ഇത്ര ശക്തമാക്കുന്നത്.
കേരളം ഒരേസമയം പ്രതിരോധത്തിന്റെ ലബോറട്ടറിയും മുന്നറിയിപ്പും ആണെന്നു പറയാമോ?
തീർത്തും. ശാസ്ത്രവും നിയമവും പൊതുഭിപ്രായവും കൂട്ടിച്ചേർത്ത് പൗരന്മാർ എങ്ങനെ ഫലപ്രദമായി ഇടപെടാമെന്ന് കേരളം കാണിച്ചു. കേരളം നമ്മെ പഠിപ്പിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നാമത്, അറിവുള്ള, സംഘടിതമായ പൗരന്മാർ ശാസ്ത്രവും നിയമവും പൊതു അഭിപ്രായവും ഉപയോഗിച്ച് ശക്തമായ പ്രതിരോധം സൃഷ്ടിക്കാമെന്ന്. സൈലന്റ് വാലിയും പ്ലാച്ചിമടയും ദേശീയതലത്തിൽ പോലും സ്വാധീനം ചെലുത്തിയത് അതിനാലാണ്. അതേസമയം, ബോധമുള്ള സമൂഹങ്ങളിലും വളർച്ചയുടെ കഥകൾ പരിസ്ഥിതി നാശത്തെ സാധാരണവത്കരിക്കാമെന്ന മുന്നറിയിപ്പും കേരളം നൽകുന്നു. രാഷ്ട്രീയബോധം മാത്രം മതിയാകില്ല; സ്ഥിരമായ ജാഗ്രത ഇല്ലെങ്കിൽ പരിസ്ഥിതി നഷ്ടം പതിവാകുന്നു. ഈ ഇരട്ടസ്വഭാവമാണ് കേരളത്തെ അത്രയും പഠനയോഗ്യമാക്കുന്നത്.
പ്ലാച്ചിമട ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനത്തിൽ ഒരു വഴിത്തിരിവായി. പ്രത്യേകിച്ച് ഭൂഗർഭജലവും കോർപറേറ്റ് ഉത്തരവാദിത്തവും സംബന്ധിച്ച് ധാരണകളെ മാറ്റി?
പ്ലാച്ചിമട അടിസ്ഥാന ധാരണകളെയാണ് ചോദ്യംചെയ്തത്. ഭൂമിയുടെ അടിയിലെ വെള്ളം സ്വകാര്യ സ്വത്താണെന്ന ധാരണയെ തന്നെ ശാസ്ത്രീയ തെളിവുകൾ തകർത്തു. CSEയും മറ്റ് സ്ഥാപനങ്ങളും നടത്തിയ ഭൂഗർഭജല നിരീക്ഷണങ്ങൾ ജലനിരപ്പ് കുത്തനെ താഴ്ന്നതും മലിനീകരണം വർധിച്ചതും വ്യക്തമായി കാണിച്ചു. എന്നാൽ ഈ ശാസ്ത്രം പുറത്തുനിന്ന് അടിച്ചേൽപിച്ചതല്ല. നാട്ടുകാരുടെ അനുഭവങ്ങളിൽനിന്നാണ് അത് രൂപപ്പെട്ടത്. വറ്റിയ കിണറുകൾ, കുറഞ്ഞ വിളവുകൾ, വെള്ളത്തിന്റെ രുചിയിലും നിറത്തിലും വന്ന മാറ്റങ്ങൾ. അറിവ് സമൂഹത്തോടൊപ്പം ചേർന്നാണ് നിർമിക്കപ്പെട്ടത്. അതുകൊണ്ടാണ് ഈ പ്രസ്ഥാനം അവഗണിക്കാൻ കഴിയാത്തതായത്. കോടതികളും നയരൂപകർത്താക്കളും പൊതുസമൂഹവും ശാസ്ത്രത്തെ നേരിടേണ്ടിവന്നു. പ്ലാച്ചിമട ചർച്ചയുടെ ഭാഷ തന്നെ മാറ്റി –നയം പൂർണമായി മാറിയില്ലെങ്കിലും.
പ്ലാച്ചിമടയിൽ ശാസ്ത്രം സമൂഹത്തോടൊപ്പം നിന്നത് എത്രമാത്രം നിർണായകമായിരുന്നു?
അത് അനിവാര്യമായിരുന്നു. അധികാരബന്ധങ്ങളെ അവഗണിച്ച് ‘നിഷ്പക്ഷം’ എന്ന അവകാശവാദം ഉന്നയിക്കുന്ന ശാസ്ത്രം പലപ്പോഴും അനീതിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഗവേഷണ അജണ്ടകൾ ശക്തരാൽ നിയന്ത്രിക്കപ്പെടുമ്പോൾ, ഫലം അവർക്കുതന്നെ അനുകൂലമാകും. 2003ൽ പാലക്കാട് കൊക്കകോള കമ്പനിയുടെ ഭൂഗർഭജല ഉപയോഗവുമായി ബന്ധപ്പെട്ട കേരള ഹൈകോടതി വിധി ഓർക്കാം. പൊതുജനങ്ങൾക്കു വേണ്ടിയുള്ള വിഭവങ്ങളുടെ ഉപയോഗത്തെ പുനർചിന്തിക്കേണ്ട സമയമായെന്ന് ആ വിധി വ്യക്തമാക്കി.
അത് രാജ്യത്തിനാകെ പാഠമായേനെ. ഭൂഗർഭജലവുമായി നാം ബിസിനസ് ചെയ്യുന്നതിന്റെ രീതിയെ തന്നെ മാറ്റിയേക്കാമായിരുന്ന ഒരു ചരിത്ര അവസരമായിരുന്നു അത്. പ്ലാച്ചിമടയിൽ സമൂഹാനുഭവങ്ങളാണ് ശാസ്ത്രീയ അന്വേഷണത്തെ നയിച്ചത്. അതിനാൽതന്നെ ശാസ്ത്രത്തിന് പ്രസക്തിയും വിശ്വാസ്യതയും ഉണ്ടായി. സമൂഹങ്ങൾ ഡേറ്റ ശേഖരണത്തിലും വ്യാഖ്യാനത്തിലും പങ്കാളികളാകുമ്പോൾ, ശാസ്ത്രം ജനാധിപത്യവത്കരിക്കപ്പെടുന്നു. അത് ഉത്തരവാദിത്തമുള്ളതുമാകുന്നു.
പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരം
പ്ലാച്ചിമട ഇന്ത്യയിൽ ജലത്തെ ഒരു പൊതുസമ്പത്തായി കാണുന്ന സമീപനം സൃഷ്ടിച്ചോ?
ചർച്ചയെ അത് മാറ്റി, പക്ഷേ നയത്തെ പൂർണമായി മാറ്റിയില്ല. ഇന്ന് ജലപൊതുസമ്പത്ത് എന്ന ഭാഷ വ്യാപകമാണ്. പക്ഷേ യാഥാർഥ്യത്തിൽ ചൂഷണ അധിഷ്ഠിതമായ മാതൃകകളാണ് തുടരുന്നത്. കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ ഡേറ്റ ഇന്ത്യയുടെ വലിയ ഭാഗങ്ങളിൽ ഗുരുതരമായ ജലക്ഷയം കാണിക്കുന്നു. നിയമങ്ങൾ ഇപ്പോഴും ഉടമസ്ഥതയെയും കുറുകിയ കാല ഉപയോഗത്തെയും മുൻതൂക്കം നൽകുന്നു. പരിസ്ഥിതി പരിധികളെ അംഗീകരിക്കുന്ന ഭാഷ കൂടുതലായി പ്രസംഗങ്ങളിൽ മാത്രമാണ്. പ്ലാച്ചിമട ഒരു മാതൃകയായി തുടരുന്നു, പക്ഷേ മാനദണ്ഡമായി മാറിയിട്ടില്ല.
പ്ലാച്ചിമടക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടും നീതി ഇനിയും പൂർണമായിട്ടില്ല. ബഹുരാഷ്ട്ര കമ്പനികളെ നേരിടുന്നതിൽ ഇന്ത്യൻ രാഷ്ട്രത്തിന്റെ ശേഷിയെക്കുറിച്ച് ഇത് എന്താണ് പറയുന്നത്?
ഇത് ഒരു ആഴത്തിലുള്ള ഘടനാപരമായ അസമത്വത്തെ തുറന്നുകാട്ടുന്നു. നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും, ശക്തമായ കോർപറേറ്റ് താൽപര്യങ്ങൾ ഇടപെടുമ്പോൾ നടപ്പാക്കൽ ദുർബലമാകുന്നു. നഷ്ടപരിഹാര നടപടികൾ നീളുന്നു, നിയമപോരാട്ടങ്ങൾ വർഷങ്ങളോളം നീണ്ടുപോകുന്നു, ഒടുവിൽ ബാധിത സമൂഹങ്ങൾ ക്ഷീണിക്കുന്നു. ശാസ്ത്രീയ തെളിവുകൾ മാത്രം നീതി ഉറപ്പാക്കില്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് നിർണായകം. പ്ലാച്ചിമട ഉത്തരവാദിത്തം സാധ്യമാണെന്ന് കാണിച്ചു, പക്ഷേ അതിന് തുടർച്ചയായ സമ്മർദം ആവശ്യമാണ്. നിക്ഷേപം, വളർച്ച, ആഗോള മൂലധനം എന്നിവയെക്കുറിച്ചുള്ള ഭയങ്ങളാണ് സംസ്ഥാനത്തിന്റെ മടിക്കു പിന്നിൽ.
എൻഡോസൾഫാൻ ദുരന്തം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു, സർക്കാർ അത് അംഗീകരിക്കുന്നതിനു മുമ്പ്. തെളിവുകൾ കൂന്നുകൂടിയിട്ടും നടപടി വൈകിയപ്പോൾ നിങ്ങളെ ഏറ്റവും അലട്ടിയത് എന്താണ്?
എന്നെ ഏറ്റവും അലട്ടിയത് അറിവില്ലായ്മയല്ല, മനപ്പൂർവമായ വൈകിപ്പിക്കലാണ്. എൻഡോസൾഫാൻ വിഷയത്തിൽ തെളിവുകൾ വർഷങ്ങളായി കെട്ടിക്കൂടി. രോഗവ്യാപന പഠനങ്ങൾ, മെഡിക്കൽ രേഖകൾ, ഫീൽഡ് നിരീക്ഷണങ്ങൾ - എല്ലാം വിഷബാധയും ഗുരുതരമായ നാഡീ, പ്രജനന, വികസന വൈകല്യങ്ങളും തമ്മിലുള്ള ബന്ധം തെളിയിച്ചു. പ്രാദേശിക ഡോക്ടർമാർ തുടക്കത്തിൽതന്നെ മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെ സാക്ഷ്യങ്ങൾ ഒരേപോലെയായിരുന്നു.
അന്താരാഷ്ട്ര നിയന്ത്രണ ഏജൻസികൾ എൻഡോസൾഫാനെ അപകടകാരിയായി ഇതിനകം തന്നെ തിരിച്ചറിഞ്ഞിരുന്നു.എന്നിട്ടും ഭരണകൂട പ്രതികരണം മരവിച്ച നിലയിലായിരുന്നു. ഇത് യാദൃച്ഛികമല്ല. ദരിദ്രരും ഗ്രാമീണരുമായ, രാഷ്ട്രീയമായി അറ്റത്തുള്ളവരുടെ ജീവനെക്കാൾ സാമ്പത്തിക സൗകര്യത്തെ മുൻതൂക്കം നൽകുന്ന ഒരു ഭരണസംസ്‌കാരത്തിന്റെ പ്രതിഫലനമായിരുന്നു അത്. മന്ദഗതിയിലുള്ള ഹിംസ എളുപ്പം നിഷേധിക്കാം, കാരണം അതിന് ദൃശ്യനാടകീയതയില്ല. ഒറ്റ സംഭവമില്ല, പകരം വർഷങ്ങളായി കെട്ടിക്കൂടുന്ന വേദന മാത്രമാണ്. എൻഡോസൾഫാൻ കാണിച്ചത്, ഭരണകൂട നിർജീവതതന്നെ ഹിംസയായി മാറുന്നുവെന്നാണ്.
ശാസ്ത്രം ലഭ്യമായിരുന്നു, ഇരകളും ദൃശ്യമായിരുന്നു, എന്നിട്ടും നിഷേധം തുടർന്നു. ഇത് ഭരണപരാജയമാണോ, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണോ?
ഇത് അടിസ്ഥാനപരമായി രാഷ്ട്രീയ ഇച്ഛാശക്തിയുടെ പരാജയമാണ്, അത് ഭരണപരാജയമായി പ്രകടമാകുന്നു. രാഷ്ട്രീയ മുൻഗണനകൾ ഒത്തുചേരുമ്പോൾ സ്ഥാപനങ്ങൾ വേഗത്തിൽ പ്രവർത്തിക്കും. എൻഡോസൾഫാൻ വിഷയത്തിൽ അനിശ്ചിതത്വം അതിശയോക്തിയായി ഉയർത്തിക്കാട്ടി, പ്രവർത്തനമില്ലായ്മക്ക് ന്യായീകരണമാക്കി. തെളിവുകൾ കൂട്ടംകൂടിയിട്ടും ശാസ്ത്രീയ സംശയം ആയുധമാക്കി. ഇത് കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം പ്രശ്നമല്ല. ആഗോളതലത്തിൽ രാസവസ്തു നിയന്ത്രണം പലപ്പോഴും ഹാനിക്ക് പിന്നാലെയാണ് നടക്കുന്നത്, കാരണം വ്യവസായങ്ങൾ അനിശ്ചിതത്വത്തെ പ്രവർത്തനം വൈകിപ്പിക്കാനുള്ള കാരണം ആക്കുന്നു. പക്ഷേ ഭരണസംവിധാനങ്ങൾ അനിശ്ചിതത്വത്തിൽപോലും മുൻകരുതൽ സിദ്ധാന്തം പ്രയോഗിക്കാനാണ് ഉള്ളത്. അത് ഉപേക്ഷിക്കുമ്പോൾ, ഭരണകൂടം തന്നെ അനീതിയുടെ ഭാഗമാകുന്നു.
നഗര എലീറ്റുകളെക്കാൾ അരികിലുള്ള സമൂഹങ്ങളെ ബാധിക്കുമ്പോൾ സർക്കാറുകളുടെ നൈതിക ഉത്തരവാദിത്തം എന്താണ്?
അത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്തം കുറയുന്നില്ല, വർധിക്കുകയാണ്. അരികിലുള്ള സമൂഹങ്ങൾക്ക് സാമ്പത്തികവും വൈദ്യപരവും രാഷ്ട്രീയവുമായ സംരക്ഷണങ്ങൾ കുറവാണ്. സർക്കാർ നടപടി വൈകുമ്പോൾ, തിരിച്ചു പിടിക്കാനാകാത്ത ചെലവുകളാണ് അവരിലേക്ക് തള്ളിവിടപ്പെടുന്നത്. ഇവിടെ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണ്. അപകട വിലയിരുത്തൽ വിഷാംശത്തിൽ മാത്രം ഒതുങ്ങരുത്; ദൗർബല്യവും പരിഗണിക്കണം. നഗരത്തിൽ നിയന്ത്രിക്കാവുന്ന ഒരു അപകടം, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിൽ മഹാദുരന്തമാകും. ജീവൻ തകർന്നുകൊണ്ടിരിക്കുമ്പോൾ ‘പൂർണ തെളിവ്’ കാത്തിരിക്കുക നിഷ്പക്ഷതയല്ല; ഉപേക്ഷണമാണ്.
എൻഡോസൾഫാനിൽനിന്ന് ഇന്ത്യ പഠിച്ചോ? പുതിയ രാസവസ്തുക്കളിലും സാങ്കേതികവിദ്യകളിലും സമാന പിഴവുകൾ ആവർത്തിക്കപ്പെടുന്നുണ്ടോ?
ഇന്ത്യ പൂർണമായി പഠിച്ചിട്ടില്ല. എൻഡോസൾഫാൻ നിരോധിച്ചെങ്കിലും, നിയന്ത്രണ സമീപനം ഇപ്പോഴും പ്രതികരണാത്മകമാണ്. പുതിയ കാർഷിക രാസവസ്തുക്കളും വ്യവസായ സംയുക്തങ്ങളും സാങ്കേതികവിദ്യകളും അവയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനു മുമ്പേ വിപണിയിലെത്തുന്നു. ഭാവി തലമുറകളിലേക്ക് അപകടം കൈമാറുന്ന പ്രവണത തുടരുന്നു. മുൻകരുതൽ സിദ്ധാന്തം ദുർബലമായി തുടരുന്നു. എൻഡോസൾഫാൻ ഒരു സ്ഥാപനപരമായ വഴിത്തിരിവാകേണ്ടതായിരുന്നു; പകരം അത് ഒറ്റപ്പെട്ട മുന്നറിയിപ്പായി മാത്രം മാറി.
വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലുകളും തീരക്ഷയവും നേരിടുന്ന കേരളം –ഇവ പ്രകൃതിദുരന്തങ്ങളാണോ, നയതീരുമാനങ്ങളുടെ ഫലമാണോ?
ഇവ പ്രകൃതി ദുരന്തങ്ങളല്ല. കാലാവസ്ഥാ മാറ്റം അതിശക്തമായ മഴ വർധിപ്പിക്കുന്നു, പക്ഷേ ദുരന്തത്തിന്റെ തീവ്രത മനുഷ്യ തീരുമാനങ്ങളാലാണ് നിർണയിക്കപ്പെടുന്നത്. കേരളത്തിലെ വെള്ളപ്പൊക്കങ്ങൾക്കു ശേഷം നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഭൂമിയുപയോഗ മാറ്റം, കായൽ നാശം, ചരിവുകളുടെ അസ്ഥിരത, വെള്ളപ്പൊക്ക താഴ്വര കൈയേറ്റം ഇവയുമായി നേരിട്ടുള്ള ബന്ധം തെളിയിച്ചു. ഇവയെ ‘പ്രകൃതി’ എന്നു വിളിക്കുന്നത് ഉത്തരവാദിത്തം ഒഴിവാക്കാനാണ്. ദൗർബല്യം നയത്തിലൂടെയാണ് നിർമിക്കപ്പെടുന്നത്. കാലാവസ്ഥാ മാറ്റം സമ്മർദം വർധിപ്പിക്കുന്നു; അത് കൈകാര്യം ചെയ്യാവുന്നതോ മഹാദുരന്തമോ ആകുന്നത് നയമാണ് തീരുമാനിക്കുന്നത്.
പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരം
കേരളത്തിൽ നിങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് കാലാവസ്ഥാ മാറ്റമാണോ, അതോ പരിസ്ഥിതി പരിധികളെ അവഗണിക്കുന്ന വികസന തീരുമാനങ്ങളാണോ?
എന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് നിഷേധവശമാണ്. കാലാവസ്ഥാ മാറ്റം യാഥാർഥ്യമാണ്, പക്ഷേ അതിന്റെ ഏറ്റവും മോശം ഫലങ്ങൾ ഒഴിവാക്കാനാവും. ശാസ്ത്രീയ തെളിവുകൾ ഉണ്ടായിട്ടും പരിസ്ഥിതി പരിധികളെ അവഗണിക്കുമ്പോഴാണ് ദുരന്തം അനിവാര്യമാകുന്നത്. കേരളത്തിന് ഡേറ്റയുണ്ട്, ഗവേഷണ സ്ഥാപനങ്ങളുണ്ട്, പ്രാദേശിക അറിവുണ്ട്. എന്നിട്ടും ചെറുകാല സാമ്പത്തിക നേട്ടങ്ങൾക്കാണ് മുൻഗണന. അറിവും പ്രവർത്തനവും തമ്മിലുള്ള ഈ വിടവ് അപകടകരമാണ്.
ദുരന്തങ്ങൾക്കുശേഷം “ബിൽഡ് ബാക്ക് ബെറ്റർ” എന്ന വാക്കുകൾ ഏറെ കേട്ടു. അത് യാഥാർഥ്യമായി മാറിയോ?
മിക്കവാറും ഇല്ല. അത് ഒരു മുദ്രാവാക്യമായി മാത്രമാണ് നിലനിന്നത്. പുനർനിർമാണത്തിൽ വേഗമാണ് മുൻഗണന; സുരക്ഷയല്ല. പരിസ്ഥിതി ആഘാത പഠനങ്ങൾ പലപ്പോഴും ഒഴിവാക്കപ്പെടുന്നു. വെള്ളപ്പൊക്ക താഴ്വരകളിൽ വീണ്ടും നിർമാണം നടക്കുന്നു. മലച്ചരിവുകൾ ഉപരിതലത്തിൽ മാത്രമാണ് ‘സ്ഥിരപ്പെടുത്തുന്നത്’. അടിസ്ഥാന ദൗർബല്യങ്ങൾ പരിഹരിക്കാതെ പുനർനിർമാണം നടത്തിയാൽ, അടുത്ത ദുരന്തം കൂടുതൽ ശക്തിയോടെ വരും.
പശ്ചിമഘട്ട സംരക്ഷണം എന്തുകൊണ്ടാണ് ഇത്ര വിവാദമായത്?
സംരക്ഷണം അധിവാസ ജനങ്ങളെ പുറത്താക്കലായി അവതരിപ്പിച്ചതാണ് പ്രശ്നം. ശാസ്ത്രീയ തെളിവുകൾ ശക്തമായിരുന്നെങ്കിലും, നയസംവാദം പരാജയപ്പെട്ടു. സമൂഹങ്ങളെ പ്രകൃതിയുടെ ശത്രുക്കളായി ചിത്രീകരിച്ചു; സംരക്ഷകരായി അല്ല. അത് ഭയം സൃഷ്ടിച്ചു കുടിയൊഴിപ്പിക്കൽ, ഉപജീവന നഷ്ടം, ഉദ്യോഗസ്ഥ നിയന്ത്രണം. സംരക്ഷണം അടിച്ചേൽപിച്ച് സാധ്യമല്ല. അത് സാമൂഹികമായി ചർച്ച ചെയ്ത്, പ്രാദേശിക യാഥാർഥ്യങ്ങളിൽ അടിയുറച്ച് നടപ്പാക്കണം. സംരക്ഷണം ബലി അല്ല, ജീവൻരക്ഷയാണ് എന്ന ബോധ്യം ഉണ്ടാകുമ്പോൾ എതിർപ്പ് കുറയും.
വികേന്ദ്രീകൃത ഭരണസംവിധാനം കേരളത്തിൽ പരിസ്ഥിതിക്ക് സഹായകമാണോ?
സാധ്യതയുണ്ട്, പക്ഷേ ശേഷിയിലാണ് കാര്യങ്ങൾ ആശ്രയിക്കുന്നത്. അറിവും ഡേറ്റയും ലഭ്യമായിടത്ത് വികേന്ദ്രീകരണം പ്രതിരോധം വർധിപ്പിക്കുന്നു. അല്ലെങ്കിൽ നാശം തന്നെ വികേന്ദ്രീകരിക്കപ്പെടുന്നു. അറിവില്ലാതെ ഘടന മാത്രം മതിയാകില്ല.
