Begin typing your search above and press return to search.
proflie-avatar
Login

''നേരിൽ കണ്ടിട്ടുപോലുമില്ല, എന്നിട്ടും സിദ്ദീഖ് കാപ്പനായി ജാമ്യം നിന്നത് അതുകൊണ്ടാണ്''; പ്രഫ. രൂപ് രേഖ വർമ സംസാരിക്കുന്നു

നേരിൽ കണ്ടിട്ടുപോലുമില്ല, എന്നിട്ടും സിദ്ദീഖ് കാപ്പനായി ജാമ്യം നിന്നത് അതുകൊണ്ടാണ്; പ്രഫ. രൂപ് രേഖ വർമ സംസാരിക്കുന്നു
cancel

ഹാഥറസ് ബലാൽസംഗകൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത് 2020 ഒക്ടോബർ അഞ്ചിനാണ്. യു.എ.പി.എ, ഇ.ഡി കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശിലെ തടവറയിൽ തളക്കപ്പെട്ട കാപ്പന് ഏറെ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 9 ന് പുറപ്പെടുവിച്ച വിധിയിൽ യു.എ.പി.എ കുറ്റത്തിനാണ് ജാമ്യം നൽകിയതെങ്കിലും കർശന വ്യവസ്ഥകൾ മൂലം നടപടിക്രമങ്ങൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ജാമ്യമെടുക്കാൻ വേണ്ടി സഹോദരനും ഭാര്യ റൈഹാനത്ത് കാപ്പനും എത്തിയെങ്കിലും യു.പി സ്വദേശികൾ ജാമ്യക്കാരാകണമെന്ന് എൻ.ഐ​.ഐ കോടതി നിർബന്ധം പിടിച്ചതോടെ നിരാശരായി ഇരുവരും നാട്ടിലേക്കു മടങ്ങി.

ഒരു ലക്ഷം രൂപ ആസ്തി തെളിയിക്കാൻ ശേഷിയുള്ള 2 ഉത്തർപ്രദേശ് സ്വദേശികൾ ജാമ്യക്കാരായി വേണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. സുപ്രീം കോടതി അനുവദിച്ച ജാമ്യം പോലും കാപ്പന് പ്രയോജനപ്പെടുന്നില്ലെന്നു മനസ്സിലാക്കിയതോടെ ഒരു കൈ സഹായവുമായി മുന്നിട്ടിറങ്ങിയതാണ് മുൻ ലഖ്നോ സർവകലാശാല വൈസ് ചാൻസലർ പ്രഫ. രൂപ് രേഖ വർമയാണ്. ഭയത്തിന്റെ ബുൾഡോസർ ചക്രങ്ങൾ ഉരുളുന്ന യുപിയിൽ, ഇതുവരെ കാണാത്ത ഒരാൾക്ക് വേണ്ടി ജാമ്യത്തിന്റെ കൈ പൊക്കാൻ തയാറായിരിക്കുകയാണ് ഈ 79കാരി. പ്രഫ. രൂപ് രേഖ വർമ 'മാധ്യമം' വെബ്സീനുമായി സംസാരിക്കുന്നു

സിദ്ദീഖ് കാപ്പനെ എങ്ങനെയാണ് പരിചയം?

വ്യക്തിപരമായി എനിക്ക് ഒരു പരിചയവുമില്ലാത്ത ആളാണ് സിദ്ദിഖ് കാപ്പൻ. അദ്ദേഹത്തെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ വാർത്തകളിലൂടെ അറിയാം. സിദ്ദിഖിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളെ കുറിച്ച് വായിച്ചറിവ് ഉണ്ട്. ഇത്തരം കേസുകളിൽ സർക്കാരിന്റെ പൊതുസമീപനം അറിയാവുന്നതിനാൽ കേസ് യാഥാർഥ്യമാണോ കെട്ടിച്ചമച്ചതാണോ എന്ന് സംശയം തോന്നുന്നതും സ്വാഭാവികം. കേസിൽ ചുമത്തിയ വകുപ്പുകൾ ചോദ്യം ചെയ്യുക തന്നെ വേണം.

കേസുമായി ബന്ധപ്പെടുന്നത് എങ്ങനെയാണ്​?

മലയാളിയായ ഒരു സുഹൃത്ത് വഴിയാണ് സിദ്ദിഖ് കാപ്പന്റെ നിലവിലെ ബുദ്ധിമുട്ട് മനസിലാക്കുന്നത്. യു.പിയിൽ നിന്നുള്ളവർ ജാമ്യക്കാരായി ലഭിക്കാത്തതിനാൽ മോചനം നീണ്ടുപോകുന്നു എന്നറിഞ്ഞു. വർഷങ്ങളായി ലഖ്നോവിൽ താമസക്കാരിയായ മലയാളി സുഹൃത്ത് വഴി സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്റെ നമ്പർ സംഘടിപ്പിച്ചു. ശേഷം ജാമ്യം നിൽക്കാൻ തയാറാണെന്നു അങ്ങോട്ട് അറിയിക്കുകയായിരുന്നു. സിദ്ദിഖിന്റെ അഭിഭാഷകൻ മുഹമ്മദ് ഡാനിഷിന് കാറിന്റെ രേഖകൾ ഡിജിറ്റൽ ആയും പിന്നീട് നേരിൽ ഒറിജിനൽ കോപ്പിയും നൽകി. ഈ കേസിൽ ജാമ്യ വ്യവസ്ഥ പൂർത്തിയാക്കിയെങ്കിലും ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ കാപ്പന് പുറത്തിറങ്ങാനാവില്ല.

ബുൾഡോസർ രാജിന്റെ കാലത്ത്, ഒരു മലയാളി മാധ്യമ പ്രവർത്തകന് വേണ്ടി താങ്കൾ ധൈര്യസമേതം മുന്നോട്ട് വന്നു

തുറന്നു സംസാരിക്കുക എന്നത് കുറ്റമായി മാറിയിരിക്കുന്നു എന്ന് നമ്മുടെ നാട്ടിലെ കുട്ടികൾക്ക് പോലും മനസിലായി. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും സ്വേച്ഛാധിപത്യകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും വേണ്ടി ശബ്ദമുയർത്തുന്നവർ വേട്ടയാടപ്പെടുന്നു. നീതിക്ക് വേണ്ടി നിലയുറപ്പിക്കപ്പെടുന്നവർ അറസ്റ്റിലാകുന്നു. നീതിക്കു വേണ്ടിയുള്ള ഈ ശബ്ദമുയർത്തലെല്ലാം രാജ്യദ്രോഹപരമായിട്ടാണ് വിലയിരുത്തപ്പെടുന്നത് . ഭരണഘടന മുറുകെ പിടിച്ചുപോരാടുന്നവരെ ജയിലഴിക്കുള്ളിലാക്കുന്നു. ഇത്തരം കേസുകളാണ് ദിനംപ്രതി നമ്മുടെ കൺമുന്നിൽ സംഭവിക്കുന്നത്. വളരെ പെട്ടെന്നാണ് പൊതുജനത്തെ പോലും ഭയം വിഴുങ്ങുന്ന ഒരു അവസ്ഥയുണ്ടായത്. എല്ലാ രാജ്യത്തും വളരെ കുറച്ചു പേർ മാത്രമായിരിക്കും ശബ്ദമുയർത്താനായി ഉണ്ടാകുക.

ല​ഖ്നോ ന​ഗ​ര​ത്തി​ൽ വ​ർ​ഗീ​യ​താ വി​രു​ദ്ധ നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തുന്ന രൂപ് രേഖ വർമ

അന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് കൂടുതൽ വിഷമത്തിലാകുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ഇവരെ ഒരു ഭാഗത്ത് പിടിച്ചുലക്കുന്നു. അതോടൊപ്പം കടുത്ത ജനാധിപത്യവിരുദ്ധമായ നടപടികളും അവർക്ക് കാണേണ്ടിവരുന്നു. ഞാൻ ജാമ്യം നിൽക്കുന്നത് കൊണ്ട് കാപ്പന്റെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നൊന്നും വിശ്വസിക്കുന്നില്ല. ജാമ്യം ലഭിച്ചാലും കുറ്റവാളി പട്ടികയിലാണ് സർക്കാർ കാപ്പനെ നിലനിർത്തുക. ഒന്നിന് പിന്നാലെ മറ്റൊന്നായി കേസുകളിൽ സിദ്ദിഖ് കാപ്പൻ കുരുക്കപ്പെടുമ്പോൾ ഒരു സഹായം എങ്കിലും അദ്ദേഹത്തിന് നൽകാൻ കഴിയുന്നു എന്നതാണ് ആശ്വാസം. നൂറു കണക്കിന് നിരപരാധികൾ ജയിലിൽ പോകേണ്ടി വരുന്ന കാലത്ത് എനിക്ക് ചെയ്തു കൊടുക്കാവുന്നത് ഇത്രമാത്രം. കാപ്പനെ പോലെ ബുദ്ധിമുട്ടുന്ന ഏതൊരാൾക്കൊപ്പവും ഞാനുണ്ട്.

കാപ്പന്റെ അറസ്റ്റിനെക്കുറിച്ച് എന്ത് മനസ്സിലാക്കുന്നു?

തീവ്രവാദം ഉൾപ്പെടെയുള്ള പ്രവർത്തനം അറിഞ്ഞിരുന്നിട്ടും അറസ്റ്റ് ചെയ്യാൻ ഹാഥറസിലേക്ക് പോകുന്നത് വരെ സർക്കാർ കാത്തിരിക്കുകയായിരുന്നോ? ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. അതായത് കൃത്യ നിര്വഹണത്തിനിടയിൽ ഒരു മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സമയവും സാഹചര്യവും എല്ലാം കാപ്പന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നതാണ്. വാർത്ത റിപ്പോർട്ട് ചെയ്യുക എന്നത് ജോലി മാത്രമല്ല കർത്തവ്യം കൂടിയാണ്.

ഈ അറസ്റ്റ് മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള വെല്ലുവിളിയായിത്തന്നെ കാണേണ്ടതില്ലേ?

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള അക്രമണമായിട്ടാണ് വിശ്വസിക്കുന്നത്. വാർത്തയോട് നീതി പുലർത്തിയാണ് ഒരു മാധ്യമ പ്രവർത്തകൻ റിപ്പോർട്ട് ചെയ്യേണ്ടത്. അങ്ങനെ വാർത്ത തേടി പോയപ്പോഴാണ് കാപ്പൻ അറസ്റ്റിലാകുന്നത്.

അധ്യാപക ജീവിതം, വൈസ് ചാൻസലർ പദവി, സാമൂഹ്യ പ്രവർത്തനം എന്നതിനെക്കുറിച്ചു കൂടി

41 വർഷമാണ് അധ്യാപക ജീവിത . ഒരുവർഷമാണ് വൈസ് ചാൻസലറുടെ ചുമതലയിൽ ഉണ്ടായിരുന്നത്. ലിംഗ സമത്വം ഉയർത്തിപ്പിടിച്ചാണ് പഠിച്ചതും പഠിപ്പിച്ചതുമെല്ലാം. ലഖ്നോ പീഡനകേസിലെ ഇടപെടലാണ് പ്രധാനപ്പെട്ട ഒരു പോരാട്ടം . സാമ്പത്തികമായി പിന്നോക്കം നിന്ന പെൺകുട്ടിയെ സമ്പന്ന വിഭാഗത്തിലെ നാല് പ്രതികൾ പിച്ചിച്ചീന്തുകയായിരുന്നു. കേസിന്റെ പിന്നാലെ നടന്നു. നാല് പേരെയും അഴികളാക്കുള്ളിലാക്കി. സമൂഹത്തിലെ ഭിന്നത ഒഴിവാക്കാനായി നിരവധി വസ്തുതാ പഠന സംഘത്തിന്റെ ഭാഗമായി. വർഗീയ സംഘർഷം ഒഴിവാക്കാൻ വേണ്ടിയായിരുന്നു പ്രവർത്തനങ്ങൾ ഏറെയും. കുട്ടികൾക്ക് വേണ്ടി ഒരു പുസ്തകം തയാറാക്കിയെങ്കിലും സർക്കാർ മാറിയതോടെ ഉപേക്ഷിച്ചു.

മലയാളികളോട് പറയാനുള്ളത് ?

കേരളിലുള്ളവരോട് മാത്രമല്ല, മൊത്തം ഇന്ത്യക്കാരോടാണ് പറയാനുള്ളത്. നമ്മെ ഒട്ടും മാനിക്കാത്ത, നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്ന ഈ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതികരിക്കണം . ജീവിക്കുക എന്നത് കേവലം ശ്വസിക്കൽ മാത്രമല്ല. നമുക്ക് ആഗ്രഹമുള്ള കാര്യം തുറന്നു പറയാനുള്ള അവകാശവും നമുക്കുണ്ടാകണം. ഇന്ന് നിങ്ങൾ സംസാരിക്കാൻ ആർജ്ജവം കാട്ടിയില്ലെങ്കിൽ നാളെ മൂളാനുള്ള അവസരം പോലും കിട്ടില്ല. വിലക്കയറ്റം വീർപ്പുമുട്ടിക്കാത്ത, മതത്തിന്റെ പേരിൽ ആക്രമിക്കപ്പെടാത്ത കാലമാണ്‌ വേണ്ടത് . സ്വേച്ഛാധിപത്യ ത്തിനോട് `നോ` പറയേണ്ട സമയം അതിക്രമിച്ചു. മതപരമായഭിന്നതയും പ്രശ്നങ്ങളും ഭരിക്കുന്നവരുടെ സൃഷ്ടിയാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഥാർഥ ജീവിത പ്രശ്നങ്ങളെ ക്കുറിച്ചു ചോദിക്കാൻ ജനം മറക്കും. മത വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതാകുമ്പോൾ വിലക്കയറ്റത്തിന്റെയും ദുരിതത്തിന്റെയും പ്രയാസത്തിന്റെയും പൊള്ളിക്കുന്ന ചോദ്യങ്ങൾ സർക്കാരുകൾക്കെതിരെ ഉയരും. ഉറപ്പ്.

Show More expand_more
News Summary - Roop Rekha Verma interview