വായന എന്ന ഞാൻ

അക്ഷരങ്ങളുടെ, വായനയുടെ സഹയാത്രികനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വായനക്കുള്ള പങ്കിനെ അദ്ദേഹം എപ്പോഴും എടുത്തുപറയും. വി.ഡി. സതീശെന്റ വായന, മതം, വിശ്വാസം, രാഷ്ട്രീയം, സൗഹൃദം എന്നിവയിലൂടെ സഞ്ചരിക്കുകയാണ് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായുള്ള ഈ സംഭാഷണത്തിൽ അദ്ദേഹം.കേരള രാഷ്ട്രീയത്തിൽ പുതുയുഗയാത്രക്ക് ഇറങ്ങിത്തിരിച്ചതാണ് വി.ഡി. സതീശൻ. പാർട്ടിക്കകത്തും മുന്നണിയിലും, ഇപ്പോൾ ഭരണത്തിലും പരമ്പരാഗത ചട്ടവട്ടങ്ങൾ...
Your Subscription Supports Independent Journalism
View Plansഅക്ഷരങ്ങളുടെ, വായനയുടെ സഹയാത്രികനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വായനക്കുള്ള പങ്കിനെ അദ്ദേഹം എപ്പോഴും എടുത്തുപറയും. വി.ഡി. സതീശെന്റ വായന, മതം, വിശ്വാസം, രാഷ്ട്രീയം, സൗഹൃദം എന്നിവയിലൂടെ സഞ്ചരിക്കുകയാണ് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമുമായുള്ള ഈ സംഭാഷണത്തിൽ അദ്ദേഹം.
കേരള രാഷ്ട്രീയത്തിൽ പുതുയുഗയാത്രക്ക് ഇറങ്ങിത്തിരിച്ചതാണ് വി.ഡി. സതീശൻ. പാർട്ടിക്കകത്തും മുന്നണിയിലും, ഇപ്പോൾ ഭരണത്തിലും പരമ്പരാഗത ചട്ടവട്ടങ്ങൾ മറികടന്ന് പുതുമാതൃകകൾ സൃഷ്ടിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. നിയമസഭ സാമാജികനെന്ന നിലയിൽ, പ്രതിപക്ഷനേതാവിന്റെ റോളിൽ, പാർട്ടിയെയും മുന്നണിയെയും ചിരപരിചിതമല്ലാത്ത പുതുവഴികളിൽ നടത്തിയതാണ് സതീശന്റെ സവിശേഷത. യാദൃച്ഛികതകളിലല്ല, ദൃഢബോധ്യങ്ങളിലും ഇച്ഛാശക്തിയിലുമാണ് അദ്ദേഹത്തിനു വിശ്വാസം. അതിനു കരുത്താർജിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് സതീശന് ഉത്തരമുണ്ട്: ആഴത്തിലുള്ള ദൈവവിശ്വാസവും വായനയും.
രണ്ടിനുമൊപ്പം അനുഭവം കൂടി സമം ചാലിച്ചാൽ വിജയിക്കാം എന്നാണ് പൊതുപ്രവർത്തകർക്ക് സതീശൻ നൽകുന്ന സൂത്രവാക്യം. ഉടുത്തൊരുങ്ങുന്ന അധികാര രാഷ്ട്രീയക്കാരിൽനിന്നു പഠിച്ചിറങ്ങുന്ന സതീശനെ വ്യത്യസ്തനാക്കുന്നത് ഇപ്പറഞ്ഞതു തന്നെ. കേരളത്തിലെ അധികാരപ്പടവുകളുടെ മുകളിൽ നിൽക്കുമ്പോൾ സതീശൻ കടപ്പാടറിയിക്കുന്നത് ദൈവത്തിനും പിന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ എഴുത്തുകാർക്കും. വായനയാണ് ഉയിരും ഉണർവും ഉയർച്ചയുമെന്ന് സതീശൻ എവിടെയും ആണയിടുന്നു. ജവഹർലാൽ നെഹ്റുവിന്റെ ‘ദ ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി’യിൽ നിന്ന് വില്യം ഡാൽറിംപിൾ വരെയുള്ള ചരിത്രവായന, കാരൂർ മുതൽ ഓർഹാൻ പമുക് വരെ കാലവും ലോകവും മറികടക്കുന്ന കഥാസ്വാദനം.
മഹാഭാരതത്തിലും രാമായണത്തിലും തുടങ്ങിയ അക്ഷരയാത്ര ബൈബിളിലേക്കും ഖുർആനിലേക്കും മത ക്ലാസിക്കുകളിലേക്കും നീളുന്നു. വായിച്ചതെല്ലാം മുന്നിൽ കാണുന്ന അനുഭവങ്ങളുമായി ചേർത്തുവെക്കാൻ കഴിയുന്നത് സൗഭാഗ്യമായി കരുതുന്ന വി.ഡി, വായനയിൽ നിന്നുള്ള ആധികാരികതയുടെ ആത്മവിശ്വാസത്തിലാണ് തന്റെ പ്രയാണമെന്ന് അഭിമാനം കൊള്ളുന്നു. ആ ആധികാരികത ജനം കൂടി വകവെച്ചുകൊടുക്കുന്നതാണ് മുഖ്യമന്ത്രിപദ നിയോഗത്തിൽ കണ്ടത്. ഭരണത്തിന്റെ ആദ്യമാസങ്ങളുടെ തിരക്കിനിടയിൽ, രാഷ്ട്രീയവിവാദങ്ങളുടെ പുകച്ചിലുകൾക്കു നടുവിൽ, തോരാമഴയുടെ ഒരു തണുത്ത പ്രഭാതത്തിൽ സ്വന്തം വായനലോകത്തിന്റെ വാതായനങ്ങൾ തുറന്നിട്ട് വി.ഡി. സതീശൻ ‘മാധ്യമ’ത്തിനു മുന്നിലിരുന്നു, അക്ഷരങ്ങൾ ആയുസ്സിന്റെ ആയുധമായ കഥ പറഞ്ഞുകൊണ്ട്.
വായനക്കാരനായ രാഷ്ട്രീയക്കാരൻ, അതോ രാഷ്ട്രീയക്കാരനായ വായനക്കാരനോ? ആരാണ് വി.ഡി. സതീശൻ?
▲ വായന എന്റെ രാഷ്ട്രീയത്തെയും പൊതുപ്രവർത്തനത്തെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലും പൊതുപ്രവർത്തനത്തിലും എന്റെ പ്രചോദനമായിരുന്നു വായന. വളരെ ചെറുപ്രായത്തിലേ അതുണ്ട്. പിന്നീട് ഒരു തലത്തിലെത്തിയപ്പോൾ ഒരുപാട് പേരുമായി ബന്ധപ്പെടാനും സംസാരിക്കാനുമൊക്കെ ഇടവന്നപ്പോൾ വായനയുടെ തലങ്ങളും മാറി. അതൊരു ശീലമായി എന്നും സൂക്ഷിച്ചുപോന്നു. വായന നമ്മെ ചിന്തകളുടെ ലോകത്തേക്ക് നയിക്കും. പുതിയ അന്വേഷണത്തിന് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. പല തരമാണ് വായന. സാഹിത്യ കൃതികൾക്കുപുറമെ വിഷയാധിഷ്ഠിതമായ വായനയും ഉണ്ട്. ഉദാഹരണത്തിന് ചരിത്രം.
സ്കൂളിൽ പഠിക്കുമ്പോൾ ചരിത്രം ഇഷ്ടമായിരുന്നില്ല. പരീക്ഷകൾക്കു കാണാതെ പഠിച്ച് മാർക്കൊക്കെ വാങ്ങും. എങ്കിലും ഒരു വിഷയമെന്ന നിലക്ക് ചരിത്രം അങ്ങനെയങ്ങ് സ്വാധീനിച്ചിരുന്നില്ല. ജവഹർലാൽ നെഹ്റുവിന്റെ ‘വിശ്വചരിത്രാവലോകനം’ വായിച്ചാണ് ആ വിഷയത്തിൽ തൽപരനായത്. ഇപ്പോൾ ചരിത്രം ഇഷ്ടവിഷയമാണ്. പിന്നീട് പൊതുപ്രവർത്തകനായി മാറിയപ്പോൾ വായനയുടെ തലം സാമ്പത്തികശാസ്ത്രത്തിലേക്കും അതിന്റെ പുതിയ പാഠങ്ങളിലേക്കുമൊക്കെ വ്യാപിച്ചു. നിയമസഭയിലെ പ്രവർത്തനത്തിന് അത് വളരെ സഹായകമായി. ലോകം മാറുന്നതിനനുസരിച്ചു മാറിവരുന്ന പുതിയ വിഷയങ്ങളിൽ എന്നും ശ്രദ്ധ പുലർത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് എൻജിനീയറിങ് തുടങ്ങിയ പുതിയ വിഷയങ്ങളൊക്കെ പഠിക്കേണ്ടി വന്നു. പുതിയൊരു ജനറേഷൻ വരികയാണ്. അവരുമായി തലമുറയുടെ വിടവ് ഉണ്ടാകാതിരിക്കാൻ വായന അത്യാവശ്യമാണ്. അവരുടെ ഭാഷ, പദാവലികൾ ഒക്കെ മനസ്സിലാക്കിയാൽ അവരുമായുള്ള ആശയവിനിമയം സുഗമമാകും. അതിനു പിൻബലം വായന തന്നെയാണ്.
ജിജ്ഞാസുവായ വായനക്കാരൻ
തുടക്കം പലരെയും പോലെ അമ്മയുടെ മഹാഭാരതം തൊട്ടായിരുന്നു....?
▲ മഹാഭാരതത്തിലെയും രാമായണത്തിലെയും അമ്മ പറയുന്ന കഥകൾ കേട്ടാണ് വളർന്നുവന്നത്. പിന്നീട് സ്വന്തം നിലക്കുള്ള വായന തുടങ്ങി.
ചെറുപ്പം തൊട്ടേ ജിജ്ഞാസുവായിരുന്നു. വായനക്കൊപ്പം തന്നെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുതുടങ്ങി?
▲ രാമായണം കഥകൾ പറയുമ്പോൾ, എന്തിനാണ് സീതയെ രാമൻ കാട്ടിൽ ഉപേക്ഷിച്ചത് എന്ന് അമ്മയോട് ചോദിച്ചിട്ടുണ്ട്. നാലിലോ അഞ്ചിലോ ഒക്കെ പഠിക്കുന്ന കാലത്ത് എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റിയില്ല. ഗർഭിണിയായ ഭാര്യയെ വഴിയിലുപേക്ഷിച്ചതെങ്ങനെ ന്യായമാകും? അമ്മ സ്വാഭാവികമായും മറുന്യായവും മറുപടിയുമായി വരും. ഇളയച്ഛനോട് അമ്മയെ കൊണ്ടുകളയാൻ പറഞ്ഞാൽ സമ്മതിക്കുമോ എന്നു ഞാൻ തിരിച്ചുചോദിച്ച് തർക്കിക്കും. അതുപോലെ മഹാഭാരതത്തിലെ ഗാണ്ഡവവനം ദഹിപ്പിച്ചത് സഹിക്കാൻ പറ്റാത്ത സംഭവമായിരുന്നു, വീടിന്റെ മുന്നിലെ കാവും അവിടത്തെ പക്ഷികളെയുമൊക്കെ കണ്ടുവളർന്ന എനിക്ക്.
ഒരു വനം അപ്പടി തീകൊടുത്ത് നശിപ്പിച്ചത് കേൾക്കുമ്പോൾ ഒരുപാട് മനുഷ്യരും ജന്തുക്കളും പക്ഷിക്കുഞ്ഞുങ്ങളുമൊക്കെ ചത്തൊടുങ്ങില്ലേ എന്നായിരുന്നു കുട്ടിക്കാലത്തെ ആധി. പരിസ്ഥിതി ബോധമൊന്നും ആ പ്രായത്തിലുള്ളതല്ലല്ലോ. ഇതൊന്നും എന്റെ ഓർമയിലുള്ളതുമല്ല. വലുതായപ്പോൾ അമ്മ പറഞ്ഞതാണ്, നീ ചെറുപ്പത്തിൽ കുറേ ചോദ്യം ചോദിച്ചും തർക്കിച്ചും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന്. ഇ.എം.എസ് തർക്കശാസ്ത്രം പഠിച്ചതൊക്കെ വായിച്ചറിഞ്ഞോ എന്തോ, തന്നെ വിടേണ്ടിയിരുന്നത് ആ വഴിക്കായിരുന്നു എന്ന് അമ്മ പറയും.
ആ താർക്കികൻ ഒടുവിൽ വക്കീലായി മാറി?
▲ അതേ, അഭിഭാഷകനായി. കോളജ് കാലത്തുതന്നെ ഡിബേറ്ററായിരുന്നു.
സ്കൂളിലെത്തിയപ്പോൾ വായന കഥകളിലായിരുന്നോ? നോവൽ പോലെ ഗൗരവവായനയിലേക്കു കടന്നതെങ്ങനെ?
▲ ചെറുപ്രായത്തിൽ കഥകളായിരിക്കുമല്ലോ പഥ്യം. ആദ്യ നാളുകളിൽ പത്രം അരിച്ചുപെറുക്കും; മാഗസിനുകളും. ഹൈസ്കൂൾ എത്തുമ്പോൾ തകഴിയും എം.ടിയും കേശവദേവും കാരൂരുമൊക്കെ വായനയിലേക്കു വന്നു. ഹൈസ്കൂളിൽ നിന്നു കടന്നപ്പോഴേക്കും എഴുപതുകളുടെ രണ്ടാം പകുതിയിൽ ഒ.വി. വിജയന്റെയും എം. മുകുന്ദന്റെയും മറ്റും കാലമായി. ഒ.വി. വിജയൻ എന്നും ഇഷ്ടപ്പെട്ട കഥാകാരനാണ്. മത്സരിച്ചുള്ള വായനയായിരുന്നു ഞങ്ങൾ വിദ്യാർഥികൾക്കിടയിൽ. നമ്മൾ വായിക്കാത്ത പുസ്തകം മറ്റൊരാൾ വായിച്ചു എന്നു കേട്ടാൽ ഒരുതരം ഡിപ്രഷനോ അസൂയയോ ഒക്കെ തോന്നുമെന്ന് ഇപ്പോഴും ഞങ്ങൾ ഓർത്തെടുക്കാറുണ്ട്. പുസ്തകമെല്ലാം കാശുകൊടുത്തു വാങ്ങാൻ പറ്റുന്ന കുട്ടികളല്ല അന്നു ഞങ്ങൾ. ലൈബ്രറികൾ അത്ര അപ്ഡേറ്റഡും അല്ല. പുസ്തകം ഇറങ്ങിയെന്നറിഞ്ഞാൽ അത് വാങ്ങാനിടയുള്ളയാളെ തേടിപ്പിടിച്ച് അയാൾ വായിച്ചുകഴിഞ്ഞല്ലേ വായിക്കാൻ പറ്റു?

കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക്
കോൺഗ്രസ് കുടുംബമായിരുന്നോ താങ്കളുടേത്? പൊതുപ്രവർത്തനത്തിലേക്ക് വരുന്നത് കോളജിൽ പഠിക്കുമ്പോഴാണോ?
▲ സ്കൂളിൽ പഠിക്കുമ്പോഴേ രാഷ്ട്രീയചലനങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. സ്കൂൾ ലീഡറായിരുന്നു ഞാൻ. സജീവരാഷ്ട്രീയമൊന്നും അന്നുണ്ടായിരുന്നില്ല. പ്രാദേശികതലത്തിൽ യൂത്ത് കോൺഗ്രസിനൊപ്പമായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തോട് അടുപ്പം തോന്നാൻ കാരണം?
▲ ഒന്നു രണ്ടു കുടുംബക്കാരൊക്കെ കോൺഗ്രസ് ബന്ധമുള്ളവരായിരുന്നു. പിന്നെ പത്രവായന തന്നെയാണ് പൊതുരംഗത്ത് എത്തിച്ചതെന്നു പറയാം. ഒരു വീട്ടിൽ ഒരു പത്രം വരുത്തും. ബന്ധുക്കളെ സ്വാധീനിച്ച് അവരുടെ വീടുകളിൽ മറ്റു പത്രങ്ങൾ വാങ്ങിപ്പിക്കും. അങ്ങനെ മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി-ഈ മൂന്നു പത്രങ്ങളും വിശദമായി വായിക്കും. രാവിലെ എന്റെ വീട്ടിലെ പത്രം. സ്കൂൾ വിട്ടുവന്നാൽ ബന്ധുവീടുകളിൽ പോയി മറ്റു പത്രങ്ങൾ. ഞാൻ ചെല്ലുമെന്നു കണ്ട് അവർ പത്രമെല്ലാം എടുത്തുവെച്ചിട്ടുണ്ടാകും. കോളജിലെത്തിയപ്പോൾ ഇംഗ്ലീഷ് പത്രം വായിക്കാൻ ശ്രമിച്ചു.
രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
▲ സ്കൂളിൽ പഠിക്കുന്ന കാലത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. അന്ന് കെ.എസ്.യു കരുപ്പിടിച്ചു വരുന്നേയുള്ളൂ. സ്കൂളിൽ കെ.എസ്.യു അത്ര ആക്ടിവ് ആയിരുന്നില്ല. തേവര എസ്.എച്ച് കോളജിൽ ആയിരുന്നു ബിരുദപഠനം. കോളജിലെത്തിയതിൽ പിന്നെ എല്ലാ വർഷവും മത്സരിക്കും, ജയിക്കും. ഒരിക്കൽ ആർട്സ് ക്ലബ് സെക്രട്ടറിയായി. മത്സരിക്കേണ്ടയാളെ വീട്ടുകാർ കോളജിലേക്കു വിടാതെ പൂട്ടിയിട്ടു. നോമിനേഷൻ സമർപ്പിക്കാൻ ആളില്ലാതെ വന്നപ്പോൾ എന്നെക്കൊണ്ട് കൊടുപ്പിച്ചതാണ്. വിവരമറിഞ്ഞ പലരും കളിയാക്കി. കലാകാരന്മാരോ ഗായകരോ ഒക്കെയാണ് സാധാരണ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാറ്. മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിക്ക് ഗിറ്റാർ വായിച്ചോ, വയലിൻ വായിച്ചോ, പാട്ടു പാടിയോ ഒക്കെ പെർഫോം ചെയ്യണം സ്ഥാനാർഥി. എന്റെ കൈയിൽ ഇതൊന്നുമില്ലല്ലോ. ഞാൻ പ്രസംഗിച്ച് ആളുകളെ കൈയിലെടുത്തു, ജയിച്ചു. പിന്നീട് ഞാൻ തുടർച്ചയായി യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി. ഏറ്റവുമൊടുവിൽ യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായി.

വി.ഡി. സതീശനും കുടുംബവും
കോൺഗ്രസ് നേതാവായതു കൊണ്ടോ, അതോ, വിശ്വചരിത്രാവലോകം വായിച്ച് അതിന്റെ ഗ്രന്ഥകാരൻ എന്ന നിലയിലോ ജവഹർലാൽ നെഹ്റുവിനെ ശ്രദ്ധിച്ചത്?
▲ ചുറ്റുപാടും ശ്രദ്ധിക്കുന്നയാളെന്ന നിലയിൽ നെഹ്റു പല സ്ഥലത്തും വരുമല്ലോ. എന്നാൽ ‘വിശ്വചരിത്രാവലോകം’ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അതായിരുന്നല്ലോ ആദ്യ നെഹ്റു വായന. ‘ഇന്ത്യയെ കണ്ടെത്തൽ’ ഒക്കെ പിന്നീട് വരുന്നതാണ്. ചരിത്രത്തിലേക്ക് മാറിത്തുടങ്ങിയപ്പോൾ എ. ശ്രീധരമേനോനെ, മറ്റു ദേശീയ ചരിത്രകാരന്മാരെയൊക്കെ വായിക്കാൻ തുടങ്ങി. അതിൽ ഹരം കണ്ടെത്തുന്നതിനാൽ പുതിയ കൃതികളും വാങ്ങി വായിക്കും. റൊമീല ഥാപ്പറിന്റെ ‘ദി ബീയിങ്’ ഇപ്പോൾ വാങ്ങിയതേയുള്ളൂ. വായിച്ചു തുടങ്ങിയില്ല.
ചങ്ങാതിക്കൂട്ടവും ഹോളോകോസ്റ്റ് സാഹിത്യവും
‘പിന്നീട് വായനയിൽ എനിക്ക് ഒരു നല്ല കൂട്ടുകെട്ട് ഉണ്ടായി.’
അതേ, അങ്ങനെയൊരു ചങ്ങാതിക്കൂട്ടത്തെ കുറിച്ച് മുമ്പ് അനുസ്മരിച്ചിട്ടുണ്ട്?
▲ അത് ഒരു ടീമല്ല, പല പല ടീമുകളാണ്. സാഹിത്യം വായിക്കുന്നവരുടെ ഒരു കൂട്ട്, ഫിനാൻസ് വായനക്കാരുടെ മറ്റൊരു കൂട്ട്. ചരിത്രം വായിക്കുന്ന വേറൊരു വിഭാഗം. അതിൽതന്നെ വിഷയംതിരിഞ്ഞ് രണ്ടു ഗ്രൂപ്പുണ്ട്. ഇടക്കാലത്ത് ഒന്നും രണ്ടും ലോകയുദ്ധ കാലയളവിലെ ചരിത്രഗ്രന്ഥങ്ങൾ, ഹോളോകോസ്റ്റ് വിഷയമടക്കമുള്ളവ വായിക്കാൻ തുടങ്ങി. അതേക്കുറിച്ച് എവിടെനിന്നു കിട്ടിയാലും വായിക്കും. യൂറോപ്പിൽ പോകുമ്പോൾ ആ സ്ഥലങ്ങൾ സന്ദർശിക്കും. ഒരു വലിയ ജനാധിപത്യബോധം മനസ്സിൽ ഉറപ്പിക്കാൻ സഹായകമായത് ആ ചരിത്രവായനയായിരുന്നു.
അങ്ങനെയൊരു കാലയളവ് പ്രത്യേകം ശ്രദ്ധിക്കാൻ കാരണം?
▲ രണ്ടു ലോകയുദ്ധങ്ങൾ, ഹിറ്റ്ലർ, സ്റ്റാലിൻ, മുസോളിനി, പോൾപോട്ട് പോലെയുള്ള ഏകാധിപതികളുടെ ചെയ്തികൾ, അതിനെതിരായ പോരാട്ടങ്ങൾ, പിന്നീട് പോസ്റ്റ് വേൾഡ് വാർ പീരിയഡിലെ സംഭവവികാസങ്ങൾ... എല്ലാം ചിന്തോദ്ദീപകമായിരുന്നു. അങ്ങനെ കോളജിൽ പഠിക്കുന്ന കാലത്ത് നികരാഗ്വയെക്കുറിച്ചു ചോദിച്ചാൽ സവിസ്തരം പറയും. ലാറ്റിനമേരിക്കയിലെ ചെറുത്തുനിൽപു സമരങ്ങൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചെയ്തികൾ, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം-എല്ലാം കണ്ടും വിലയിരുത്തിയും വിശകലനം ചെയ്തു സംസാരിക്കാൻ ഞങ്ങൾ മുന്നിലുണ്ടായിരുന്നു.
ഞാൻ യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായിരിക്കെ മഹാരാജാസ് കോളജിൽ ‘പീസ് വീക്ക്’ ആചരിച്ചു. അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി കെ.ആർ. നാരായണനാണ് ഉദ്ഘാടകൻ. അധ്യക്ഷപ്രസംഗത്തിൽ ഞാൻ ലോക സംഭവവികാസങ്ങൾ പ്രതിപാദിച്ചിരുന്നു. മന്ത്രി തന്റെ പ്രസംഗത്തിൽ, ഒരു വിദ്യാർഥി ആഗോളവിഷയങ്ങളിൽ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല എന്നുപറഞ്ഞ് എന്നെ അഭിനന്ദിച്ചു സംസാരിച്ചു. പരിപാടി കഴിയുമ്പോൾ, എറണാകുളം ഗെസ്റ്റ് ഹൗസിൽ വന്നുകാണണമെന്നു പറഞ്ഞു. ഞാൻ ചെന്നു കണ്ടു. അദ്ദേഹത്തിന്റെ കൂടെ ഭാര്യ ഉഷയും ഉണ്ടായിരുന്നു. നന്നായി പഠിക്കണം.
ഇന്ത്യൻ ഫോറിൻ സർവിസിൽ ചേരണം. ഡൽഹിയിൽ വന്നാൽ ബന്ധപ്പെടണം. പരിശീലനങ്ങൾക്കുവേണ്ട സൗകര്യം ചെയ്തുതരാം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അഭിഭാഷകൻ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. അതറിഞ്ഞു തന്നെയാണ് അദ്ദേഹം തന്റെ നിർദേശം മുന്നിൽവെച്ചത്. എവിടെ നിന്നാണ് പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം സമാഹരിച്ചു പഠിച്ചത് എന്നായി ചോദ്യം. അന്താരാഷ്ട്രീയ വിഷയങ്ങളിലുള്ള എന്റെ താൽപര്യം വെളിപ്പെടുത്തി. അത്രയും അപ്ഡേറ്റഡ് ആയിരുന്നു അന്ന്. ഇന്ന് അത്രക്കെത്തുമെന്നു പറയുക വയ്യ. എങ്കിൽപോലും തുർക്കിയിലും ഫിലിപ്പീൻസിലും ഈജിപ്തിലുമൊക്കെയുള്ള വലിയ സംഭവവികാസങ്ങൾ ഇപ്പോഴും വിട്ടുപോകാതെ ശ്രദ്ധിക്കാറുണ്ട്.
വായന വല്ലാത്തൊരു ലോകത്തേക്ക് നമ്മളെ പിടിച്ചുകൊണ്ടുപോകും. വായനയില്ലാതിരുന്നെങ്കിലോ, ഇതൊന്നും അറിയാതെ പോകില്ലേ എന്നു നമ്മൾ സ്വയം ആശ്ചര്യം കൊള്ളും. തുടർച്ചയായി മൂന്നോ നാലോ നാൾ വായിക്കാതിരുന്നാൽ വലിയ അസ്വസ്ഥത വരും.
ഹോളോകോസ്റ്റ് സാഹിത്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കാൻ കാരണമെന്തായിരുന്നു?
▲ പത്രങ്ങളിലും ആനുകാലികങ്ങളിലും പല നാടുകളിൽ നിന്നുള്ള റൗണ്ട് അപ്പുകൾ ഫലസ്തീൻ കത്ത്, അമേരിക്കൻ കത്ത് എന്നിങ്ങനെ കുറിപ്പുകളായി പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ക്രൂഷ്ചേവ് ഓർമക്കുറിപ്പുകളൊക്കെ വായിച്ചത് ആ ഒരു ഘട്ടത്തിലാണ്. വായനക്കൂട്ടിൽ ഹോളോകോസ്റ്റ് കഥകളും ചരിത്രങ്ങളുമൊക്കെ തേടിപ്പിടിച്ച് വായിച്ചിരുന്നവരുണ്ടായിരുന്നു. അവരിൽനിന്നാണ് അത്തരമൊരു ലൈനിലേക്ക് തിരിയുന്നത്. മറ്റൊരു കൂട്ടർ മുഗൾ ചരിത്രത്തിൽ മുങ്ങിത്തപ്പുന്നവരായിരുന്നു. അവരുടെ പ്രോത്സാഹനത്തിലാണ് വില്യം ഡാൽറിംപിളിന്റെ ‘ദി ലാസ്റ്റ് മുഗളി’ലൂടെയും അബ്രഹാം ഈറാളിയുടെ ‘ദ മുഗൾ ത്രോണി’ലൂടെയും അക്ബർ നാമ, ബാബർ നാമ തുടങ്ങിയ പൗരാണിക കൃതികളിലൂടെയും മുഗൾ ചരിത്രപാരായണത്തിനു മുതിർന്നത്. ഒൗറംഗസേബിനെക്കുറിച്ചുള്ള പുസ്തകങ്ങൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്.
യൂറോപ്പിൽ സന്ദർശനം നടത്തിയിട്ടുണ്ടോ, ലോകയുദ്ധവും ഹോളോകോസ്റ്റുമൊക്കെ വായിച്ച്?
▲ യൂറോപ്പിലെ അനേകം ഇടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. വായനയെ പിന്തുടർന്നു തന്നെയായിരുന്നു അത്. പോളണ്ടിലെ മ്യൂസിയത്തിൽ ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഗ്യാസ് ചേംബറുകൾ കാണുമ്പോൾ കണ്ണുകൾ നിറയും. അന്നത്തെ എഴുത്തുകാരുടെ ദുരനുഭവം, മഞ്ഞുറയുന്ന സൈബീരിയയിൽ ശിക്ഷിക്കപ്പെട്ടവരുടെ ദുരവസ്ഥ, ഹിറ്റ്ലറുടെ ക്രൂരകൃത്യങ്ങൾ എല്ലാം ഒന്നൊഴിയാതെ നിനവിലെത്തും.
ഈ ഹോളോകോസ്റ്റും ലോകയുദ്ധ കഥകളുമൊക്കെ വായിച്ചും കണ്ടും തന്നെയാവുമോ ഏകാധിപത്യത്തോട് ഇത്രമേൽ വെറുപ്പുണ്ടായത്?
▲ ജനാധിപത്യത്തിന്റെ പ്രസക്തിയെക്കുറിച്ച ബോധ്യം, ഫാഷിസത്തിനെതിരായ അതിശക്തമായ നിലപാട് ഒക്കെ രൂഢമൂലമായത് ഇങ്ങനെ തന്നെയാണ്. ഇങ്ങനെയായാൽ അപകടത്തിലേക്കു പോകുമല്ലോ എന്ന ആധിയിൽ ഒരു ആന്റി ഫാഷിസ്റ്റ് മനോഭാവം നമ്മളിൽ ഉരുവം കൊള്ളും.

അതിനെ എങ്ങനെ ചെറുക്കണം എന്നതിനെക്കുറിച്ചു വല്ല ധാരണയും ഉണ്ടായിരുന്നോ?
▲ അതിനോടു ഫൈറ്റ് ചെയ്യണം, പോരടിക്കണം എന്നു തന്നെയായിരുന്നു ചിന്ത. നമ്മുടെ മുൻഗാമികൾ ജീവൻ വെടിഞ്ഞും പൊരുതിയില്ലേ? അത്തരമൊരു മൂവ്മെന്റ് എന്നും പ്രസക്തമാണ്.
ഏകാധിപത്യ പ്രവണതകളോടുള്ള അരിശം ചെറുപ്പത്തിലെ വായനയിൽനിന്ന് രൂപം കൊണ്ടതായിരിക്കുമോ?
▲ തീർച്ചയായും അതിൽ നിന്നു തന്നെ. ജനാധിപത്യത്തിലെ നടപടിക്രമങ്ങൾക്ക് കുറേ പഴുതുകളുണ്ട്. അതിനെ ആളുകൾ ധാരാളമായി വിമർശിക്കുന്നുണ്ട്. എങ്കിലും അതിന്റെ പ്രസക്തി വളരെ വലുതാണ്.
വായനക്കാരന്റെ ആകുലതകൾ, അമർഷം എന്നിവയൊക്കെ മനസ്സിൽ പേറി, പൊതുരംഗത്ത് സജീവമായി അധികാരരാഷ്ട്രീയത്തിലേക്ക് നടന്നു കയറിയയാളാണ്. ഇപ്പോൾ അധികാരത്തിലിരിക്കുമ്പോൾ ഡിക്റ്റേറ്റർഷിപ്പിനും ചില സാധ്യതകളുണ്ട് എന്നു തോന്നുന്നുണ്ടോ?
▲ ഇല്ലില്ല. മനുഷ്യന്റെ പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ദോഷം വരുത്തുന്ന ഒന്നും ചെയ്യാൻ പാടില്ല. ജനാധിപത്യത്തിലെ ഏറ്റവും വലിയ മേന്മ ചർച്ചയും സംവാദവുമാണ്. ഇപ്പോൾ പലപ്പോഴും ചർച്ചയും സംവാദവും ആർക്കും ഫലമില്ലാതെ പോകുന്നുണ്ട്. ആരോടും സംവാദമാകാം, ആരെയും ചോദ്യം ചെയ്യാം, ആരുമായും തർക്കിക്കാം. എന്നാൽ, ഏതിലും അവസാനം ഒരു ഫലമുണ്ടാകണം. ആ ഫലം സാധാരണക്കാരന് ഗുണമായി മാറണം. അപ്പോഴാണ് ജനാധിപത്യം ഫലപ്രാപ്തിയിലെത്തുന്നത്. പക്ഷേ, ഇപ്പോൾ നടക്കുന്നത് അതല്ല. വിഷയത്തിന്റെ മർമത്തിലല്ല, വളരെ ഉപരിപ്ലവമാണ് പല ചർച്ചകളും. യഥാർഥ വിഷയത്തിൽനിന്ന് പലപ്പോഴും വഴുതിപ്പോകുന്നു. അപ്പോൾ നമുക്ക് സങ്കടം വരും. വിഷയത്തിൽ നിന്നുമാറി ആർക്കും പ്രയോജനമില്ലാത്ത മറ്റെന്തൊക്കെയോ ആണ് ചർച്ചയിൽ കയറിവരിക. ചർച്ചകൾ എല്ലായ്പോഴും പ്രയോജനപ്രദമാകണം.

പോളണ്ടിലെ ലുബ്ലിനിലുള്ള മജ്ദാനെക് കോൺസെൻട്രേഷൻ ക്യാമ്പിലെ ശവദാഹ ചൂളകൾ
വായനയുടെ ആധികാരികതയും ആത്മവിശ്വാസവും
നിയമസഭ പ്രസംഗങ്ങളിലും സംവാദങ്ങളിലും വാർത്തസമ്മേളനങ്ങളിലുമൊക്കെ വായനയിൽ നിന്നുള്ള ആധികാരികതയുടെ ഒരു ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ട്?
▲ അതു വരും, സ്വാഭാവികം. നിയമസഭയിൽ ഒരു നിയമപ്രശ്നമുണ്ടാകുമ്പോൾ ആ വിഷയം ഞാൻ പഠിച്ചു മനസ്സിലാക്കാൻ ശ്രമിക്കും. അഭിഭാഷക ജോലിയാണ് എന്റേത് എന്നതൊക്കെ ശരി, അതു പോരാ. ഓരോ വിഷയവും സവിസ്തരം പഠിച്ചു മനസ്സിലാക്കാൻ ശ്രമിക്കും. അതുകഴിഞ്ഞ് ഹൈകോടതിയിലെ പരിചയത്തിലുള്ള മുതിർന്ന അഭിഭാഷകരെ വിളിച്ച് അഭിപ്രായം തേടും. ചിലപ്പോൾ അവർ കുറച്ചുകൂടി വിഷയത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തും. അതെല്ലാം സ്വരൂപിച്ച് വിഷയം ഒതുക്കിയൊരുങ്ങിയാണ് അവതരണത്തിനു പോകുക. അതിനാൽ ആധികാരികതയുടെ ആത്മവിശ്വാസമുണ്ടാവും. അവിടെ ഒരാൾക്കും നമ്മളോടു തർക്കിക്കാനാവില്ല. നമ്മുടെ സ്വന്തം ഒരു നിലപാടും ശൈലിയുമൊക്കെ അവതരണത്തിലുണ്ടാകും. അതിന് മുന്നൊരുക്കം കൂടിയേ തീരൂ.
മുമ്പ് ഒരു അഭിമുഖക്കാരൻ എന്നോട് ചോദിച്ചു, ഇത്രയും ഹോംവർക്ക് നടത്തുന്നത് എന്തിനെന്ന്. ആദ്യവട്ടമൊക്കെ ഞാൻ നിയമസഭയിൽ പ്രസംഗിക്കുന്നതിനു തലേന്നാൾ ഉറക്കമൊഴിഞ്ഞ് കുത്തിയിരുന്നു പഠിച്ചൊരുങ്ങും. പിറ്റേന്നാൾ ചിലപ്പോൾ 15 മിനിറ്റേ പ്രസംഗിക്കാനുണ്ടാവുകയുള്ളു. എന്നാൽ, അതിനുവേണ്ടി നാലഞ്ചു മണിക്കൂർ തയാറെടുപ്പ് വേണ്ടിവരും. അതുമുഴുവൻ പിറ്റേദിവസം പറഞ്ഞുകൊള്ളണമെന്നില്ല. പക്ഷേ, ആ വിഷയത്തിലെ ആധികാരികവും അപ്ഡേറ്റഡുമായ വിവരം നമ്മുടെ കൈവശമായി. പിന്നെ ആ സബ്ജക്ടിൽ പുതുതായി വരുന്നത് നമ്മൾ ചേർത്തുകൊണ്ടിരുന്നാൽ മതി.
നിയമസഭയിൽ ഇരിക്കുമ്പോഴൊക്കെ ഓരോ വിഷയവും അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ ഓരോ വിഷയത്തിലും മാറി മാറി പ്രസംഗിക്കാൻ അവസരം ചോദിക്കും. ഇതെന്തിനാണ് എന്ന് പലരും ചോദിക്കാറുണ്ട്. അതിന് എന്റെ മറുപടി ഇതാണ്. എനിക്ക് ഒന്നുമറിയില്ലെന്ന് ഏറ്റവും നന്നായി അറിയുന്നയാൾ ഞാനാണ്. ഒരു പുതിയ വിഷയമെടുക്കുമ്പോൾ നമുക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല. എന്നിട്ട് അത് പഠിച്ചുപഠിച്ച്, അറിയാവുന്നവരോട് ചോദിച്ച്, പുസ്തകങ്ങൾ പരതി വിഷയത്തെക്കുറിച്ച് ഒരു സമഗ്രബോധം തയാറാക്കി വെക്കും. പുറത്ത് പ്രസംഗിക്കാൻ പോകുമ്പോഴും ഇതുതന്നെയാണ് ചെയ്യുക.
Torture Medicine വിഷയത്തിലുള്ള ഡോക്ടർമാരുടെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വിളിച്ചത് എം.എൽ.എ എന്ന നിലയിൽ എന്നെയാണ്. സത്യത്തിൽ എനിക്ക് Torture Medicine എന്താണെന്നറിയില്ല. അങ്ങനെ ഞാൻ ആ വിഷയത്തിൽ നന്നായി പഠിച്ചു. യോഗത്തിൽ നല്ലൊരു പ്രഭാഷണം തന്നെ വിഷയത്തിൽ നടത്തി. ഫോറൻസിക് വിദഗ്ധൻ ഡോ. ഉമാദത്തൻ ആയിരുന്നു മുഖ്യപ്രഭാഷകൻ എന്നാണ് ഓർമ. വിഷയത്തിൽ എനിക്കൊന്നും പറയാനില്ല, എല്ലാം ഉദ്ഘാടകൻ പറഞ്ഞുകഴിഞ്ഞു എന്ന ആമുഖത്തോടെയാണ് അദ്ദേഹം തുടങ്ങിയത്. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. പിന്നെ ഈ വിഷയത്തിൽ പുതിയ വല്ലതും കണ്ടാൽ അപ്ഡേറ്റ് ചെയ്യും.
പിന്നീട് തടവുകാരുടെ വിഷയങ്ങൾ, വിശേഷിച്ചും യുദ്ധത്തടവുകാരുടെ വാർത്തകൾ വായിക്കുമ്പോഴൊക്കെ ഈ ടോർച്ചർ മെഡിസിൻ വിഷയത്തിൽ വായിച്ചത് ഓർമവരും. പൊലീസ് കസ്റ്റഡിയിലെ മർദനമുറകൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത പേടിയാണ്. അപരാധിയോ നിരപരാധിയോ ആകട്ടെ ഒരാളെ കസ്റ്റഡിയിൽ, സ്റ്റേഷനിലെ നാലുചുമരുകൾക്കുള്ളിൽ പൊലീസുകാർ വളഞ്ഞുവെച്ച് ക്രൂരമായി മർദിച്ചു എന്നറിയുമ്പോൾ ഇപ്പോഴും കൈകാലുകൾ വിറയ്ക്കും. ഇത്തരമൊരു പ്രതികരണം നമ്മളറിയാതെ നമ്മിൽ സംഭവിച്ചുപോകുന്നത് വായനയുടെ ഫലമാണ്. അല്ലെങ്കിൽ നമുക്ക് ബാധകമാകാത്ത ഏതോ ഒരു വാർത്തയായി അത് അവഗണിക്കുകയാണല്ലോ ചെയ്യുക. ഓരോ വിഷയത്തിലേക്കും നമ്മൾ ഇറങ്ങിച്ചെന്നു പഠിക്കുമ്പോഴാണ് അവിടെ വിശാലമായൊരു ലോകം തുറന്നുകിടക്കുന്നത് മനസ്സിലാവുക. ഇത് ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളൂ.
ഇങ്ങനെയൊക്കെ പഠിച്ചൊരുങ്ങി ഒരു വിഷയമവതരിപ്പിക്കാൻ ചെല്ലുമ്പോഴാവും മറുഭാഗത്ത് തീർത്തും ഒഴുക്കൻ മട്ടിൽ അതിനെ അവഗണിക്കുകയും തീരെ ഉപരിതല സ്പർശിയായ വിഷയങ്ങളിലേക്ക് നമ്മളെ വലിച്ചിഴക്കുകയും ചെയ്യുന്നത്. അപ്പോൾ കടുത്ത അസ്വസ്ഥതയും ദേഷ്യവും വരാറുണ്ടോ?
▲ കടുത്ത അസ്വസ്ഥത വരും. ഏതു വിഷയത്തിലും മാധ്യമങ്ങളോടും പൊതുസമൂഹത്തോടും രാഷ്ട്രീയ നേതാക്കളോടും എല്ലാം എനിക്കുള്ള അപേക്ഷ, ചർച്ച അതിന്റെ മർമത്തിലും ഉള്ളടക്കത്തിലുമായിരിക്കണം എന്നാണ്. ഞാൻ തന്നെയും ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഒരു വിഷയത്തിനു പല തലങ്ങളുണ്ടാകും. തമാശയായി പറയാറുണ്ട്. രാവിലെ അഭിപ്രായത്തിന്റെ ഇരുമ്പുലക്കയും കൊണ്ടാവും വീട്ടിൽ നിന്നിറങ്ങുന്നത്. എന്നാൽ, പുറത്ത് അഞ്ചാളുകളെ കണ്ട് ആശയവിനിമയം നടത്തുന്നതോടെ അഞ്ചു വ്യത്യസ്ത വശങ്ങൾ എന്റെ അഭിപ്രായത്തിൽ വന്നുചേരും. അതോടെ ആ ഇരുമ്പുലക്ക ഒടിച്ചുകളയും. ചിലപ്പോൾ ഞാൻ ധരിച്ചുവെച്ചത് അബദ്ധമായിരിക്കും. നമ്മേക്കാൾ അറിവുള്ളവരുമായി സംസാരിച്ചുകൊണ്ടിരുന്നാൽ അവർ അത് കറക്ട് ചെയ്തുതരും.

മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം വി.ഡി. സതീശനൊപ്പം
താർക്കികനല്ല, തരളിതൻ
വായനയിൽ വല്ലാതെ ലയിച്ചുചേരുന്ന അനുഭവം കേട്ടിട്ടുണ്ട്. അവിടെ താർക്കികനായ സതീശനല്ല, വികാരതരളിതനായ സതീശനാണ് വെളിപ്പെടുന്നത്?
▲ ‘വതറിങ് ഹെയ്റ്റ്സ്’ എന്ന എമലി ബ്രോണ്ടിയുടെ കൃതി വായിച്ചപ്പോൾ എ.സി റൂമിൽ അല്ലാതിരുന്നിട്ടും തണുത്തുവിറച്ച അനുഭവമുണ്ടായിട്ടുണ്ട്. വളരെ വൈകിയാണ് ആ കൃതിയിലേക്കെത്തുന്നത്. അത് ശ്രദ്ധയിൽപെടുത്തിയത് മകളാണ്. ചെന്നൈയിൽ ഞാനും മകളും കൂട്ടുകാരിയും കൂടി ഹിഗ്ഗിൻ ബോതംസ് ബുക്ക് ഷോപ്പിൽ പോയി. അവിടെ വെച്ച് കൂട്ടുകാരി എമലി ബ്രോണ്ടിയുടെ പുസ്തകമെടുത്തുകാണിച്ച്, ഇതു വായിച്ചില്ലേ എന്നു ചോദിച്ചു.
ഇല്ല എന്നു പറഞ്ഞപ്പോൾ മോൾ കളിയാക്കി. അതിന്റെ വായന വേറിട്ടൊരു അനുഭവം തന്നെയാണ്. ഇതേ അനുഭവം സി.വി. ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ വായിച്ചപ്പോഴുമുണ്ടായി. അതിൽ കുടിയേറ്റക്കാരുടെ കഥയാണ് പറയുന്നത്. അതിൽ ഇടക്കിടെ കുന്തിരിക്കം പുകയ്ക്കുന്നതു വിവരിക്കുന്നുണ്ട്. എന്റെ വീട്ടിൽ കുന്തിരിക്കം പുകയ്ക്കുന്ന ശീലമില്ല. വായന ഉച്ചിയിലെത്തിയപ്പോൾ എനിക്ക് കുന്തിരിക്കത്തിന്റെ ഗന്ധം മൂക്കിലടിക്കുന്നതുപോലെ. എഴുത്തുകാരന്റെ ഭാവന, അവർ ഉണ്ടാക്കുന്ന ഭൂമിക...ഇതെല്ലാം ചേർന്ന് എഴുത്ത് പവർഫുൾ ആകുമ്പോൾ സംഭവിക്കുന്ന വിസ്മയമാണിത്. വായിക്കുന്ന നമ്മൾ ആ എഴുത്തിന്റെ ഭാഗമാകുകയാണ്. വായനയിൽ പലപ്പോഴും ഞാൻ കഥാപാത്രങ്ങളുടെ കൂടെ ചേർന്നുപോകും.
എഴുത്തുകാരുടെ കരുത്താണ് അത് തെളിയിക്കുന്നത്?
▲ സംശയമെന്ത്! പഠിക്കുന്ന കാലത്ത് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ വരികളും ഖണ്ഡികകളും കൂടെ കൊണ്ടുനടക്കുകയായിരുന്നു ഞങ്ങൾ. ‘‘...എല്ലാ സന്ധ്യകളും എനിക്ക് ദുഃഖമാണ് മകനേ’ എന്ന രവിയുടെ അച്ഛന്റെ വാക്കുകൾ, നൈജാമലിയുടെയും മറ്റും വർത്തമാനങ്ങൾ ഒക്കെ കാണാപ്പാഠമാക്കി ഉരുവിട്ടുനടക്കുമായിരുന്നു.
ഒരിക്കൽ ഒരു നോവൽ വായിച്ച ഹരത്തിൽ പിറ്റേന്നാൾ വെളുക്കുംമുമ്പേ എഴുത്തുകാരനെ വിളിച്ച്, ഞാൻ നന്നാകാൻ തീരുമാനിച്ചു എന്നു പറയുന്നുണ്ട്. സതീശനെ മെരുക്കിയെടുത്തത് വായനയാണ് എന്നു തന്നെയാണോ?
▲ സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ വായിച്ചതായിരുന്നു നേരത്തേ പറഞ്ഞ അനുഭവം. അതിൽ വല്ലാത്ത ക്രൂരനായ ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രത്തെ പിന്നീട് ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുമുണ്ട്. അക്കാര്യം സുഭാഷ് ചന്ദ്രനോട് പറഞ്ഞതുമാണ്. വായന നമ്മുടെ ചിന്തകളെ നവീകരിക്കും. സമീപനങ്ങളിൽ മാറ്റം വരുത്തും. കോൺസ്റ്റിറ്റ്യൂഷനൽ ഫ്രെയിംവർക്ക്, നെഹ്റുവിയൻ ആശയങ്ങളുടെ സ്വാധീനം തുടങ്ങി നമ്മുടെ ഐഡിയോളജിക്കൽ ഫ്രെയിംവർക്ക്... എല്ലാത്തിനെയും വായന സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ല.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1488ൽ തുടരും
