Begin typing your search above and press return to search.
proflie-avatar
Login

‘വീട്ടിലേക്ക്’ തിരിച്ചുപോകുന്ന സിനിമകൾ ചെയ്യില്ല

‘വീട്ടിലേക്ക്’ തിരിച്ചുപോകുന്ന   സിനിമകൾ ചെയ്യില്ല
cancel

‘പെണ്ണും പൊറാട്ടും’ എന്ന സിനിമ പലരീതിയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സംവിധായകനും നടനുമായ രാജേഷ് മാധവനും തിരക്കഥാകൃത്ത് രവി ശങ്കറും സംസാരിക്കുന്നു ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയിൽ വളർത്തുനായ് അവസാനം പോകുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്. അല്ലെങ്കിൽതന്നെ നിൽക്കാൻ പറ്റാത്ത ഇടത്തുനിന്ന് ഓടിപ്പോകാൻ വേണ്ടിയല്ലേ ഈ ലോകം ഇത്രയും വലുതായിരിക്കുന്നത്? സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്ത് മൃഗങ്ങൾക്ക് ഒരുപക്ഷേ, മനുഷ്യർ പറഞ്ഞതിനപ്പുറമുള്ള കഥകൾ പറയാനുണ്ടാകും. അതാണ് ഈ സിനിമയുടെ സാർവത്രികത. ഒരു ബ്രസീലിയൻ നാടിനെ കാണുന്നത് പോലെ കണ്ടിരിക്കാവുന്ന ഈ സിനിമയിൽ കേരളത്തിലെ...

Your Subscription Supports Independent Journalism

View Plans
‘പെണ്ണും പൊറാട്ടും’ എന്ന സിനിമ പലരീതിയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സംവിധായകനും നടനുമായ രാജേഷ് മാധവനും തിരക്കഥാകൃത്ത് രവി ശങ്കറും സംസാരിക്കുന്നു

‘പെണ്ണും പൊറാട്ടും’ എന്ന സിനിമയിൽ വളർത്തുനായ് അവസാനം പോകുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്. അല്ലെങ്കിൽതന്നെ നിൽക്കാൻ പറ്റാത്ത ഇടത്തുനിന്ന് ഓടിപ്പോകാൻ വേണ്ടിയല്ലേ ഈ ലോകം ഇത്രയും വലുതായിരിക്കുന്നത്? സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്ത് മൃഗങ്ങൾക്ക് ഒരുപക്ഷേ, മനുഷ്യർ പറഞ്ഞതിനപ്പുറമുള്ള കഥകൾ പറയാനുണ്ടാകും. അതാണ് ഈ സിനിമയുടെ സാർവത്രികത. ഒരു ബ്രസീലിയൻ നാടിനെ കാണുന്നത് പോലെ കണ്ടിരിക്കാവുന്ന ഈ സിനിമയിൽ കേരളത്തിലെ ദൃശ്യതയിൽ പ്രത്യേകിച്ച് സിനിമയിൽ ഇന്നുവരെ അധികം കാണാത്ത മനുഷ്യരും ശരീരങ്ങളും നിറങ്ങളും വീടുകളും മൃഗങ്ങളും കൂടിച്ചേർന്നുള്ള ജീവിതവും മെക്കാനിക്‌സും എല്ലാം ദൃശ്യവത്കരിക്കുന്നു. പലതരത്തിൽ ഡീകൺസ്ട്രക്ട് ചെയ്യാൻ പറ്റുന്ന അനേകം വായനകൾ ഈ സിനിമ രൂപപ്പെടുത്തുന്നു. സിനിമയുടെ സംവിധായകൻ രാജേഷ് മാധവനും തിരക്കഥാകൃത്ത് രവി ശങ്കറും നിലപാടുകൾ തുറന്നുപറയുന്നു.

‘പെണ്ണും പൊറാട്ടും’ എന്ന സിനിമയിൽ ഏകദേശം മുഴുവൻ അഭിനേതാക്കളും പാലക്കാട് ജില്ലയിലെ ഒരു മൈക്രോ-ലോക്കൽ സാംസ്കാരിക കഥയിൽനിന്ന് വരുന്ന, അവരുടെ ജൈവികമായ ഐഡന്റിറ്റി നിലനിർത്തുന്ന മനുഷ്യരാണ്. ഈ മനുഷ്യരുടെ കൂടെ ഒരു സോഷ്യൽ ബിൽഡിങ്ങിലൂടെയാണല്ലോ ഈ സിനിമ സംഭവിക്കുന്നത്. അത് എങ്ങനെയായിരുന്നെന്ന് വിശദമാക്കാമോ?

രാജേഷ് മാധവൻ: സിനിമ ഇന്ന് ഡിജിറ്റലായി മാറിയതോടെ എത്ര സമയം വേണമെങ്കിലും നമുക്ക് ഷൂട്ട് ചെയ്യാൻ സാധിക്കും. ഞങ്ങൾ കണ്ടെത്തിയ നടീ-നടന്മാർ കൃത്യമായ രൂപരേഖയിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്ന വിധമായിരുന്നില്ല. ഒരു പാറ്റേണിന്റെ ഉള്ളിൽ നിൽക്കണം, ഇവിടന്ന് ഇവിടത്തേക്ക് നടന്ന് ഡയലോഗ് പറയണം, ഈ രീതിയിൽ അഭിനയിപ്പിക്കാൻ കഴിയുമായിരുന്നില്ല. അവരുടെ ഇടയിൽ അവരിൽ ഒരാളായി നിന്ന് കഥാപാത്രത്തിന്‍റെ ഇമോഷനുകളെ കുറിച്ച് സംസാരിച്ച് കടലാസിൽ എഴുതിവെച്ചതിനെ എങ്ങനെ മികവുറ്റ രീതിയിൽ അഭിനയിപ്പിച്ചെടുക്കാം എന്ന വിദ്യയാണ് സ്വീകരിച്ചത്. അവർക്കിടയിലൂടെ നടന്ന് രഹസ്യമായും ഷൂട്ട് ചെയ്തു.

ഞങ്ങളുടെ ക്രിയേറ്റിവ് ടീം അത്തരത്തിൽ നല്ല ധാരണയുള്ളവരായിരുന്നു. അഭിനേതാക്കൾക്കു പുറമെയുള്ള ടീമിന്റെ ഇടയിൽ എല്ലാവരും കമ്യൂണിക്കേറ്റ് ചെയ്ത കുറച്ച് കാര്യങ്ങളുണ്ട്. എങ്ങനെയായിരിക്കും കാമറ ഉപയോഗിക്കുക, നമുക്ക് ഈ സിനിമ എങ്ങനെ കൊണ്ടുപോകാൻ പറ്റും, എന്നുള്ളതായിരുന്നു അത്. ഈ കഥാപാത്രങ്ങൾ എങ്ങനെ പെരുമാറും എന്നതിനെക്കുറിച്ച ഒരു ധാരണയും ഉണ്ടായിരുന്നില്ല. അവർ ചിലപ്പോൾ തോന്നിയതുപോലെ പെരുമാറും. ഞങ്ങൾ ആദ്യം അഭിനേതാക്കളെ കണ്ടറിഞ്ഞു ശ്രദ്ധിക്കും. പിന്നെ ഒന്നു ട്യൂൺ ചെയ്യും.

50-60 തവണയൊക്കെ ചില ടേക്കുകൾ പോയിട്ടുണ്ട്. എന്നാൽ, ഈ ചേട്ടന്മാരോടും ചേച്ചിമാരോടും രാവിലെ മുതൽ വൈകുന്നേരം വരെ ഏതൊരു കാര്യം ചെയ്യാൻ പറഞ്ഞാലും അവർ ഓകെ ആണ്. “അയ്യ ഞാൻ തെറ്റിച്ചോ?” എന്നുപറഞ്ഞ് തലക്ക് കൈ വെച്ചു ഇരിക്കുകയൊക്കെ ചെയ്യും. “തെറ്റിപ്പോയല്ലോ” എന്ന് പറഞ്ഞുകഴിഞ്ഞാൽ അവർ അവിടെ തകർന്നുപോകും. അവരോട് അങ്ങനെ അറുത്തുമുറിച്ചു പറയാൻ പറ്റില്ല. “അതുവരെ ശരിയായിരുന്നു ഇനി കൂടുതൽ ശരിയാക്കാം നമുക്ക്” എന്നു പറഞ്ഞ് ഇടപെടാൻ മാത്രമേ പറ്റുമായിരുന്നുള്ളൂ. അല്ലെങ്കിൽ ടെൻഷനാകും. പിന്നെ രണ്ടു ദിവസം അഭിനയവുമായി ബന്ധപ്പെട്ട ക്യാമ്പും ഇവർക്കുണ്ടായിരുന്നു.

അപ്പോൾ നിങ്ങൾ സിനിമ പ്രവർത്തകരും ഈ അഭിനേതാക്കളായ മനുഷ്യരും തമ്മിൽ ഒരു കമ്യൂണിറ്റി ബിൽഡിങ് നടന്നിട്ടുണ്ടാകില്ലേ? അതുപോലെ, അതിനുവേണ്ടിയുള്ള ഒരു കമ്യൂണിക്കേഷൻ പ്രോസസും ഈ സിനിമയുടെ ഭാഗമായിരിക്കില്ലേ?

രാജേഷ് മാധവൻ: ഈ സിനിമയിൽ അഭിനയിച്ചവരിൽ വലിയൊരു ക്ലാസ് ഡിഫറൻസ് ഉള്ള ആൾക്കാർ ഒന്നുമില്ല. അവരുമായി ഞങ്ങൾ ഒരു ഗ്രൂപ് എന്നപോലെ ഫോം ചെയ്തിരുന്നു. ഇതിലെ അഭിനേതാക്കൾ എന്നെ മാത്രമാണ് ഒരു നടൻ എന്ന രീതിയിൽ മുമ്പ് കണ്ടിട്ടുണ്ടാവുക.

രവി ശങ്കർ: ഇവർ സിനിമ പ്രോസസ് ചെയ്യുന്നത് നമ്മളെ അത്ഭുതപ്പെടുത്തും. സിനിമയിലെ ജയന്തി ചേച്ചി ഒാഡിഷന് വന്ന കാര്യം തന്നെ രസമാണ്. ഒരു ദിവസം രാത്രി ചേച്ചിയുടെ ഭർത്താവ് രണ്ടെണ്ണം അടിച്ചിരിക്കുന്ന സമയത്ത് “നാട്ടുകാർ മുഴുവൻ ഒാഡിഷന് പോകുന്നു, നീ എന്താടി പോകാത്തെ?” എന്നു ചോദിക്കുന്നു. പക്ഷേ ഒാഡിഷന് വന്നപ്പോൾ ചേച്ചി ഭയങ്കര എക്സ്പ്രസീവായി.

യാതൊരുവിധ ഇൻഹിബിഷൻസും ഇല്ല. ഇവരിൽ വളരെ ലൗഡ് ആയിട്ടുള്ള ആൾക്കാരും ഉണ്ട്. അതുപോലെ ശബ്ദം ഉയർത്തി സംസാരിക്കാൻ ശീലമില്ലാത്ത ആൾക്കാരുമുണ്ട്. അവരുടെ ഉള്ളിൽതന്നെ അവരെ വൈവിധ്യങ്ങൾ പേറുന്ന സ്വഭാവങ്ങളുള്ള വലിയൊരു കമ്യൂണിറ്റി ആയിട്ട് കാണാം. സുമിത്ര ചേച്ചി ഭയങ്കര ലൗഡ് ആയിട്ട് സംസാരിക്കുകയും, ജയന്തി ചേച്ചി സോഫ്റ്റ് ആയി സംസാരിക്കുകയും ചെയ്യുന്നവരാണ്. ഇവരൊക്കെ ലാസ്റ്റ് സീനിൽ അഭിനയിക്കുമ്പോഴുള്ള ഒരു സംഭാഷണം കേട്ടു ഞാൻ ഞെട്ടിപ്പോയി. ഇതിലെ നായിക റെയ്ന ലാസ്റ്റ് സീൻ അഭിനയിക്കുമ്പോൾ, “ടെൻഷൻ ഉണ്ടോ?” എന്ന് ചോദിക്കുകയാണ്. “ടെൻഷൻ ഉണ്ടാവില്ലേ മോളെ. നീ വരുമ്പോൾ അങ്ങനെ ഒരു കാര്യമല്ലേ ഇവിടെ (സിനിമയുടെ സീനിൽ) നടന്നിരിക്കുന്നത്?” അങ്ങനെ അവർ സിനിമയുടെ സീനിനെ ഉൾക്കൊണ്ട് പ്രതികരിക്കുന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്.

റൈനയുടെ ചാരുലത, അവർ സോ കാൾഡ്, ഒരു കൾ​ചേർഡ് ആയിട്ടുള്ള ഐഡന്റിറ്റി ആണ്. അവരെ എങ്ങനെയാണ് ഇതിനകത്ത് പ്രോസസ് ചെയ്തത്?

രാജേഷ് മാധവൻ: ചാരുലത ഈ കമ്യൂണിറ്റിയിൽനിന്നു മാറിനിൽക്കുന്ന ഒരു കഥാപാത്രമാണ്. കമ്യൂണിറ്റിയുടെ ആക്ടിവിറ്റികളിലേക്ക് അങ്ങനെ ബ്ലെൻഡ് ആകുന്നില്ല. അതുതന്നെയാണ് ചാരുലതയെ സിനിമയിൽ പുറത്തേക്ക് കൊണ്ടുപോയി തിരിച്ചു കൊണ്ടുവരുന്നത്. നഗരത്തിൽനിന്ന് ചാരുലത പട്ടടയിലേക്ക് സിനിമയുടെ അവസാനം വരെ വരുന്നതേയില്ല. ചാരുലത ഈ കമ്യൂണിറ്റിയിൽനിന്നു വിട്ടുനിൽക്കുന്ന വ്യത്യസ്തമായ ഒരു ഐഡന്റിറ്റിയാണ് എന്നു കാണിക്കാൻ വേണ്ടിയാണത്.

ഈ ആൾക്കൂട്ടത്തിന്റെ സ്വഭാവത്തിലാണ് ഈ സിനിമ രൂപവത്കരിക്കുന്നത്. ആൾക്കൂട്ടം എന്നുള്ള രീതിയിലാണ് ഫ്രെയിമുകൾ വെച്ചതും, സ്റ്റേജ് ചെയ്തതും. ഈ ആൾക്കൂട്ടത്തിലേക്ക് ചാരുലതയെ നിർത്തണ്ട എന്ന് തീരുമാനിച്ചതാണ്. എന്നാൽ, ഈ ആൾക്കൂട്ടത്തിലേക്ക് അവസാനം പുറത്തുനിന്നു വരാൻ ഞങ്ങൾക്ക് ഒരാൾ വേണമായിരുന്നു. അതാണ് ചാരുലത.

രവി ശങ്കർ: ചാരുലത ഈ മേജർ ഗെയിമിൽ ഇല്ല, പക്ഷേ എല്ലാവരും അവളെ പറ്റിയാണ് ഇതിൽ ഉടനീളം സംസാരിക്കുന്നത്. അതായത്, ഫിസിക്കലി പ്രസന്റ് അല്ലാതിരുന്നിട്ടും അവളുടെ അസാന്നിധ്യത്തിൽ അവളെ വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന അവസ്ഥ. പക്ഷേ, ടോട്ടാലിറ്റിയിൽ പ്രസൻസ് ആ സിനിമയിലുടനീളം ഉണ്ടുതാനും.

അതേസമയം, വളരെ വ്യത്യസ്തമായ പല കൾചറൽ റിച്വൽസിന്റെ ദൃശ്യതകളാൽ ഈ സിനിമ സമ്പന്നവുമാണ്. ഇവയൊക്കെ എങ്ങനെ രൂപപ്പെടുത്തി? അത് അവരുടെ ലോക്കൽ കൾചറിൽ തന്നെ ഉള്ളതാണോ?

രാജേഷ് മാധവൻ: ഞങ്ങൾ കണ്ട, വായിച്ച, കേട്ട എലിമെന്റുകൾ വെച്ചുകൂട്ടിയാണ് സിനിമയുടെ കൾചറൽ സ്പേസ് ഉണ്ടാക്കുന്നത്. ഞാൻ എന്റെ നാട്ടിൽ (കാസർകോട്) നിന്നെടുത്തിട്ടുള്ള “തച്ചു മന്ത്രിക്കൽ” ആണ് ഈ സിനിമയിൽ കല്യാണ ചടങ്ങിനിടയിൽ അനുഗ്രഹിക്കുന്നതിന്റെ ആചാരമായി എടുത്തത്. സിനിമയിൽ സെറ്റ് ആകുന്ന പല കാര്യങ്ങളും മറ്റ് പല ജ്യോഗ്രഫികളിൽനിന്നും കൾചറൽ സ്പേസുകളിൽനിന്നും എടുത്തിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ വലിയ ചടങ്ങ് നടക്കുമ്പോൾ രാത്രി എല്ലാവരും കള്ളു കുടിക്കും, രാത്രി അലമ്പായിരിക്കും. പിറ്റേന്ന് രാവിലെ എണീറ്റാൽ ഇവർ കരഞ്ഞ് കെട്ടിപ്പിടിക്കും. ഞങ്ങളുടെ ജീവിതത്തിൽ ഒക്കെ നടക്കുന്ന ഇത്തരം കാര്യങ്ങളെല്ലാംതന്നെ സിനിമയിലുമുണ്ട്.

ഇത് എഴുത്തിൽ എങ്ങനെയാണ് പ്രോസസ് ചെയ്യുന്നത്?

രവി ശങ്കർ: ഞാൻ ജീവിച്ച കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ചിനക്കണ്ടി എന്ന നാടും അവിടത്തെ ചില ആളുകളും അവരുടെ ആറ്റിറ്റ്യൂഡുമെല്ലാമായിരുന്നു ആദ്യം ഈ സിനിമക്ക് ഉണ്ടായ ഐഡിയ. നായെ കുറിച്ചുള്ള ചിന്തകളും പരിപാടികളും ഒക്കെ ഉണ്ടായത് അവിടെയാണ്. ആ ജ്യോഗ്രഫി ഒരു ഭയങ്കര ഡ്രൈ ആയിട്ടുള്ള സ്ഥലമാണ്. എന്നാൽ, എഴുത്ത് പുരോഗമിച്ചത്, ഒരു ബേസിക് ഐഡിയ ഉണ്ടായ ശേഷം ഞങ്ങൾ പാലക്കാട് പോയി നിന്നതിനു ശേഷമാണ്. വീടുകളും ലൊക്കേഷനുകളും സ്ഥലങ്ങളും ആളുകളെയും കണ്ടശേഷമാണ് സീനുകളിലേക്ക് കടന്നത്. ശരിക്കും ഈ പ്രോസസിലേക്ക് എത്തിയത് പാലക്കാട്ടുള്ള ഈ മനുഷ്യർ അഭിനയിക്കാൻ വന്നശേഷമാണ്.

ഏറ്റവുമൊടുവിലിപ്പോൾ സിനിമ പൂർത്തിയായി കഴിഞ്ഞതിനു ശേഷം കാണുന്ന ഈ കൾചറൽ പരിപാടികൾ –ഉദാഹരണത്തിന് ആ കുമ്പളങ്ങ കൈമാറ്റം– ടോട്ടൽ ഫാന്റസി പരിപാടികളാണ്. എന്നാലത് പാലക്കാട്ട് ചെന്നശേഷം കണ്ട ഒരു നിശ്ചയ സംസാരത്തിൽ നിന്നാണ് വന്നത്. സിനിമയിലെ ഓരോ വീടിനെ കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഒരുപാട് മൃഗങ്ങളെ കെട്ടിപ്പൂട്ടിയിരിക്കുന്ന ഒരു വീടും, അതിന് വിപരീതമായിട്ടുള്ള ചാരുലതയുടെ മറ്റൊരു വീടും, ഇലക്ട്രോണിക്സും –ഇത്തരം ബേസിക് ഐഡിയ മാത്രമാണ് ആദ്യം ഉണ്ടായത്.

അവിടെ ചെന്ന് ആ മനുഷ്യരെ കണ്ടപ്പോഴാണ് പൂർണമായ ചിത്രം ഉരുത്തിരിഞ്ഞത്. പിന്നീട് അവരുടെ പ്രകടനത്തിലൂടെയും കല്യാണ ആചാരങ്ങളൊക്കെ കുറെയധികം ഇമാജിനറി ആണ്. ഞങ്ങൾ ഉണ്ടാക്കിയതാണ് കല്യാണ നിശ്ചയം പരിപാടിയെ, “പെണ്ണിനെ തരുമോ?” എന്ന് ചോദിക്കുന്ന രീതി.

അത് ‘പൂ പറിക്കാൻ പോരുമോ ? ആരെ നിങ്ങൾക്കാവശ്യം?” എന്ന പാട്ടിന്റെ അനുകരണമാണ്. കുമ്പളങ്ങ കൈമാറ്റം, വാഴ കൊണ്ടുള്ള ആചാരം ഇതൊക്കെ സാങ്കൽപികമാണ്. എവിടെയെങ്കിലും ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടാകാം, ഒരിക്കലും അത് പാലക്കാട്ടുള്ള സിനിമ നടക്കുന്ന ഇടത്തെ ലോക്കൽ കൾചറല്ല. ‘പട്ടട’ എന്ന് പറയുന്നത് സാങ്കൽപിക ഗ്രാമമാണ്. അതിന് പാലക്കാട്ടുമായി നേരിട്ട് ഒരു ബന്ധവുമില്ല. സിനിമ കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു മാജിക്കൽ റിയലിസ്റ്റ് ട്രിപ്പ്. ഇത് വളരെയധികം റഫറൻസുകൾ എടുത്തുവെച്ച് ചെയ്തതൊന്നുമല്ല.

ഇത്തരം സാങ്കൽപികമായ മാജിക്കൽ റിയലിസ്റ്റ് കൾചറുകൾ രൂപപ്പെടുത്തുമ്പോൾ അത് കാണികളിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യുമോ എന്ന സംശയം ഉണ്ടായിരുന്നോ?

രാജേഷ് മാധവൻ: ഞങ്ങൾക്ക് അങ്ങനെയൊരു സംശയമോ ടെൻഷനോ ഉണ്ടായിരുന്നില്ല. ഇതിലെ കല്യാണ ചടങ്ങിൽ, മത്തങ്ങ കിട്ടാത്തതുകൊണ്ട് കുമ്പളങ്ങ വെച്ചിട്ടുണ്ട്. സിനിമക്കുവേണ്ടി രൂപപ്പെടുത്തിയ ഗ്രാമറിലേക്ക് ഇതുകൂടി ചേർത്തു. ഫ്രെയിമിന്റെ ഉള്ളിലേക്ക് നിൽക്കണം.‘കുമ്പളങ്ങ ഉടയ്ക്കുക’ എന്നതു ശുഭകാര്യവുമായി ബന്ധപ്പെട്ട് എവിടെയൊക്കെയോ നടക്കുന്നുണ്ട്. ഇപ്പോൾ വാഴ-വാഴ കല്യാണം എന്നും കേട്ടിട്ടുണ്ട്. പെണ്ണിന് പകരം വാഴപ്പിണ്ടി കൊണ്ടുവെക്കാം എന്ന ചിന്ത അങ്ങനെ രൂപപ്പെട്ടതാണ്. ആ കല്യാണ നിശ്ചയ സീനിൽ അഭിനേതാക്കളെ കൊണ്ട് ഇരുത്തുകയായിരുന്നു. തുടർന്നങ്ങോട്ട് സീൻ കൺസ്ട്രക്ട് ചെയ്യുന്നതും പൊളിപ്പിക്കുന്നതും അവർ തന്നെയായിരുന്നു. സിനിമക്കു വേണ്ടി ഇത്തരത്തിലുള്ള അവരുടെ ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ വളരെ വലുതാണ്.


 


പെണ്ണും പൊറാട്ടും’ സിനിമയിലെ ഒരു രംഗം

രവിയെ സംബന്ധിച്ച് ഈ സിനിമയിൽ എഴുത്ത് എന്നത് ഒരു തുടർച്ചയുടെ പ്രോസസ് ആണ്. പലതരം കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. അക്കാര്യങ്ങൾ ഒന്നു വിശദമാക്കാമോ?

രവി ശങ്കർ: സാഹിത്യം എഴുതുന്നപോലെ അല്ല ഒരു സിനിമയുടെ ചിത്രീകരണം. മുമ്പ് ഞാൻ വർക്ക് ചെയ്ത സിനിമകളുമായി ഈ സിനിമയുടെ പ്രോസസ് കമ്പയർ ചെയ്യാൻ പറ്റില്ല. മുമ്പ് വർക്കു ചെയ്ത ‘റാണി പദ്മിനി’യിലും ‘ഭീഷ്മ’യിലും വേറെ രീതിയായിരുന്നു. അതിൽ എന്താണ് വേണ്ടത് എന്നു വ്യക്തമായി അറിയാം. പക്ഷേ ഈ സിനിമയുടെ കഥ ആരോടും വാക്കാൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ സാധിച്ചിട്ടില്ല. ഞാനും രാജേഷും മാത്രമായത് കൊണ്ടാണ് ഞങ്ങൾക്കിത് കമ്യൂണിക്കേറ്റ് ചെയ്തത്.

ഞങ്ങൾ തമ്മിൽ ആദ്യത്തെ ലെയർ കമ്യൂണിക്കേറ്റ് ചെയ്തു. അതിന്റെ മുകളിൽ വർക്ക് ചെയ്യുമ്പോൾ ഒരേയൊരു ലക്ഷ്യം–കഥാപാത്രങ്ങൾ ഉണ്ടാക്കുക, സിറ്റ്വേഷനുകൾ ഉണ്ടാക്കുക എന്നതായിരുന്നു. ബാക്കിയെല്ലാം അടുത്ത പ്രോസസിലേക്ക് പോകും. ആദ്യം അച്ഛന്മാരെ ഉണ്ടാക്കുക, അമ്മമാരെ ഉണ്ടാക്കുക. കഥാപാത്രങ്ങളെ ഉണ്ടാക്കുക എന്നത് ഭയങ്കര പേഴ്സനൽ ആണ്. ആ പ്രോസസിലേക്ക് എത്തിയശേഷം ഇരിക്കാൻ തുടങ്ങി. പിന്നെ പാലക്കാട്ടേക്ക് പോയി. അവിടത്തെ ജ്യോഗ്രഫി ഘട്ടം ഘട്ടമായി ഓരോന്നായി കണ്ട് മനസ്സിലാക്കി. ഷൂട്ട് പൂർത്തിയാകുന്നതുവരെ എഴുത്ത് ഒരു കണ്ടിന്യൂയസ് ആക്ടിവിറ്റി ആയിരുന്നു.

രാജേഷ് മാധവൻ: ഞങ്ങളുടെ ഗ്രൂപ്പിന്റെ ഒരു കൺസ്ട്രക്ഷൻ ഉണ്ട്. ഇപ്പോ ഞാൻ അവസാനം വാക്ക് പറയുന്ന ഡയറക്ടർ ആണ് എന്നൊക്കെ പറയുന്ന ആവശ്യം അവിടെ ഉണ്ടായിരുന്നില്ല. ഒരു ആശയത്തിൽ മൊത്തമുള്ള ആ കൺസ്ട്രക്ഷന്റെ ലേഔട്ട് രവി സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. അതിന്റെ പുറത്ത് നമ്മൾ വർക്ക് ചെയ്യുന്നത് ഷൂട്ട് ചെയ്യുന്ന സമയത്താണ്. ആ രീതിയിലാണ് ഫിലിംമേക്കിങ് നടക്കുന്നത്. ഒരു ബ്ലൂപ്രിന്റ് തീർച്ചയായും ഉണ്ട്. ഞങ്ങളുടെ അസോസിയേറ്റ് ഡയറക്ടർ –അവൻ പാലക്കാട്ടുകാരുടെ വീടുകളിൽനിന്നൊക്കെ പല സാധനങ്ങളും കൊണ്ടുവരും. “ഇവിടെ ഇങ്ങനെ വീട്ടിലൊക്കെ ഇങ്ങനെ ഉണ്ട്” എന്ന് പറഞ്ഞാണ് കൊണ്ടുവരിക. അപ്പോൾ നമ്മളുടെ കൺസ്ട്രക്ഷൻ അതിനനുസരിച്ച് മാറ്റും.

അതുപോലെ ചാരുലതയുടെ വീട്ടിലെ മൈക്ക്, സി.സി.ടി.വി, ക്ലബിലെ എലി കറക്കുന്ന ഫാൻ, അങ്ങനെ ജീവികളും മെക്കാനിക്സും ഒക്കെ ചേർന്ന ജ്യോഗ്രഫി കാലം എന്നിവയോടുപോലും ചേരാത്ത ഒരു മെറ്റാ ലോകം നിങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

രാജേഷ് മാധവൻ: ചാരുലതയുടെ വീട്ടിലാണ് മൈക്കുള്ളത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഡീൽ ചെയ്യുന്ന, കുറച്ച് ക്രിയേറ്റിവ് ആയി ഇടപെടുന്നയാളാണ് ചാരുലത.

സി.സി.ടി.വി അങ്ങനെ കുറെ സാധനങ്ങൾ അവിടെയുണ്ട്. ഈ ടൂൾസ് ഒക്കെ ചാരുലതയുടെ ക്രിയേറ്റിവിറ്റി ആണ്. ചാരുലതയുടെ സ്പേസ് നമുക്ക് കാണിച്ചു കൊടുക്കണം. അവളുടെ അമ്മമ്മക്ക് ചെവി കേൾക്കില്ല. ചാരുലത മൈക്കിലാണ് അമ്മമ്മയോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അതുപോലെ സിനിമയിൽ ചാരുലത കടയിൽ നിൽക്കുന്ന സമയം ഫാൻ ഓൺചെയ്ത് കാറ്റ് വീശുമ്പോൾ ‘കാൻ വീ മെക് ലവ് ?’ എന്ന ശബ്ദം ഡോൾബിയിൽ തിയറ്റർ മുഴുവൻ കറങ്ങുന്നുണ്ട്. അത് ആ കാര്യം നാട് മുഴുവൻ പറക്കുന്നതിന്റെ ഒരു സിംബലിസം കൂടിയാണ്. ഞങ്ങൾ കാറ്റ്, അത് പറക്കട്ടെ എന്ന് വിചാരിച്ചു. “Can we make love” എന്നുള്ളത് ഡോൾബിയിൽ കറങ്ങട്ടെ എന്ന് വിചാരിച്ചു.

രവി ശങ്കർ: സി.സി.ടി.വി ചാരുലതയുടെ ഇലക്ട്രോണിക്സിന്റെ പരിപാടിയാണ്. എല്ലാ കാര്യങ്ങളും കാണാൻ വേണ്ടി എന്ന രീതിയിലാണ് സി.സി.ടി.വി ഉദ്ദേശിച്ചിരുന്നത്. അത് വോയറിസത്തിന്റെ ഒരു ഭാഗം കൂടെ ആണ്. ഫാനിലൂടെ ഒരു വാർത്ത പടരുന്നത് പോലെ ഇല അനങ്ങുന്നതുപോലും അറിയാൻ ആഗ്രഹമുള്ള ഒരു അച്ഛന്റേതാണ് സി.സി.ടി.വി. പക്ഷേ അച്ഛൻ അവിടെയുണ്ടെന്ന് ആരും അറിയുന്നില്ല. പിന്നെ ഫാൻ കറക്കുന്ന എലി എന്നത് ഞങ്ങൾ റഫറൻസ് എടുത്തു ചെയ്തതാണ്.

അതുപോലെ സിനിമയിൽ ഉള്ളത് മുഴുവൻ വളർത്തു മൃഗങ്ങളാണ്?

രവി ശങ്കർ: അതേ, വളർത്തു മൃഗങ്ങളാണ്. ഹാംസ്റ്റർ മുതൽ ആന വരെ ഉണ്ട് –പക്ഷേ അവയെല്ലാം രക്ഷപ്പെട്ടു പോവുകയാണ്. വളർത്തുമൃഗങ്ങൾ എന്നത് അടിമത്തത്തിന്റെ പ്രതീകമായാണ് കാണുന്നത്. സൂട്ടു എന്ന നായുടെ ജീവിതം കൊടുക്കലുകൾ മാത്രമുള്ള വൺ വേ ട്രാഫിക് ആയ അടിമ ജീവിതം മാത്രമാണ്. വളർത്തുമൃഗങ്ങളെ നമ്മൾ അരുമ മൃഗങ്ങൾ എന്ന് വിളിക്കുന്നുണ്ടല്ലോ. അങ്ങനെ പലയിടത്തും നമ്മൾ അതിനെ കാൽപനിക വത്കരിക്കുന്നുണ്ടല്ലോ. പക്ഷേ, വളർത്തുമൃഗങ്ങൾ എന്നത്, ഉപയോഗത്തിന് മാത്രമായി മാറുന്നു. അത് ഒരു ജീവനാണെന്നുള്ള തിരിച്ചറിവില്ലായ്മകൂടി ഇവിടെ നടക്കുന്നു.

ഈ സിനിമയിലെ സൂട്ടു എന്ന നായ് തനിക്ക് ഒരു വീട് തന്നെ ഇല്ല എന്നു മനസ്സിലാക്കുന്നു. അത് തന്നെയാണ് മനുഷ്യനും സംഭവിക്കുന്നത്. മനുഷ്യനും അത്തരം അടിമത്തങ്ങളിലും ബന്ധനങ്ങളിലും കുടുങ്ങിക്കിടക്കുന്നു. അതുകൊണ്ടാണ് നിൽക്കാൻ ഇടമില്ലാത്ത ഇടത്തുനിന്ന് രക്ഷപ്പെടാനാണ് വിശാലമായ ഈ ലോകം ഇവിടെ നിലനിൽക്കുന്നു എന്ന ഒരു ഡയലോഗ് ഈ സിനിമയിൽ ഉണ്ടാകുന്നത്.

 

പെണ്ണും പൊറാട്ടും’ സിനിമയിലെ കല്യാണ രംഗം

അതുപോലെ മാഷ് എന്ന ഒരു കൺസ്ട്രക്ഷനെ ഇതിൽ ശരിക്കും ട്രോൾ ചെയ്തിരിക്കുന്നു?

രാജേഷ് മാധവൻ: ഒരുപാട് അനുഭവമുള്ള മാഷ് എന്ന ഐഡിയ ഓവർറേറ്റഡ് ആണ്. എല്ലാ നാട്ടിലും ഒപ്പീനിയൻ ലീഡേഴ്സ് പോലെ ഒരു മാഷ് ഉണ്ടാകും. ഇരുട്ടിനെ വെളിച്ചം എന്നുപറഞ്ഞ് പറ്റിക്കും. ഈ സിനിമയിൽ മാഷിന്റെ കൈയിൽ ഒരു മാഗസിനുണ്ട്. പക്ഷേ, അയാൾ അത് വായിക്കുകയല്ല അതിലെ കടലാസ് കീറി മുഖം തുടക്കുകയാണ്.

വ്യത്യസ്തമായ പല ആർട്ട് വർക്കുകളും ഈ സിനിമയുടെ സൗന്ദര്യശാസ്ത്രത്തെതന്നെ അട്ടിമറിക്കുന്നുണ്ട്. എങ്ങനെയാണ് ഒരു ആൽമരത്തിന് മുന്നിലെ കക്കൂസിലേക്ക് ഒക്കെ എത്തുന്നത്?

രാജേഷ് മാധവൻ: ഈ സിനിമക്കുവേണ്ടി ഒരു പ്രത്യേക ലോകം വേണം എന്നു നമ്മൾ ആദ്യം തന്നെ മനപ്പൂർവം തീരുമാനിച്ചതാണ്. ഒരു ഗ്രാമമായിട്ടല്ല, ഒരു നാടായിട്ടാണ് അതിനെ കാണിക്കുന്നത്. അപ്പോൾ ഇതുമായി ബ്ലെൻഡ് ചെയ്യാൻ പറ്റുന്ന കുറേ സാധനങ്ങൾ –ഈ ഭൂമിയിലേക്ക് ഇഴുകി ച്ചേരാൻ പറ്റുന്ന സാധനങ്ങൾ– കാരണങ്ങളോടെയാണ് ഉപയോഗിച്ചത്. ചിലപ്പോൾ കാരണമില്ലാതെ തന്നെ ഒരു ഡിഫറൻസ് തോന്നിക്കാൻവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.

രവി ശങ്കർ: എഴുതിത്തുടങ്ങുന്ന സമയത്ത് ഉണ്ടായിരുന്ന ചിന്ത ഇത്രയേ ഉള്ളൂ. ഈ നാട്ടിൽ വേറെ വണ്ടികൾ ഒന്നുമില്ല. വേണമെങ്കിൽ ഏത് കാലഘട്ടമാണെന്നും വിചാരിക്കാം. പക്ഷേ നമുക്ക് ഏറ്റവും ഉപയോഗവും ഉപദ്രവവുമായ കമ്യൂണിക്കേഷൻ സ്ട്രോങ് ആയി നടക്കുന്ന ഒരു സ്ഥലമാണിത്. അതുകൊണ്ട് അവിടെ മൊബൈൽ ഫോണുകളുണ്ട് എന്നുള്ളത് ഒരു ബേസിക് കാര്യമാണ്. ആ നാട്ടിനുള്ളിൽ ഏറ്റവും പുരോഗമനപരമായിട്ടോ, ഏറ്റവും പരിഷ്കൃതമായിട്ടോ കാണിക്കുന്ന ഒരു സാധനമായി ഒരു കാർ വേണം എന്നുണ്ടായിരുന്നു. അതൊരു പഴയതുതന്നെ ആവണമെന്ന നിർബന്ധവുമുണ്ടായിരുന്നു. കാരണം വേറെ വണ്ടി ഒന്നും സിനിമയിൽ കാണിച്ചിട്ടില്ല –സൈക്കിൾ, പിന്നെ നമ്മൾ മോഡിഫൈ ചെയ്ത ലൂണ–അത്രതന്നെ.

ആ ‘ഏറ്റവും പരിഷ്കൃതം’ എന്ന് പറയുന്ന പഴഞ്ചൻ വണ്ടിയിലാണ് വെടിക്കോപ്പുകൾ കൊണ്ടു നടക്കുക എന്നൊരു ഐഡിയയും അവസാനം അത് പൊട്ടിച്ചു കളയുക എന്നൊരു ഐഡിയയും ഉണ്ടാകുന്നത്. പടക്കങ്ങളുടെ ആശയം എഴുതി തുടങ്ങുമ്പോൾ തന്നെ ഉണ്ടായിരുന്നു. ഈ കോൺട്രാസ്റ്റ് കണ്ടിന്യൂ ചെയ്യണം എന്നാഗ്രഹം ഉണ്ടായിരുന്നു. മൃഗങ്ങളിൽ മുങ്ങിനിൽക്കുന്ന വീടും, ഇലക്ട്രിക്കൽ ബന്ധമുള്ള മറ്റൊരു വീടും– രണ്ടും കൃത്യമായി മനസ്സിലുണ്ടായിരുന്നു. ക്ലബ് വിചിത്രമായിരിക്കണം എന്നായിരുന്നു ധാരണ. അവിടെ ഒരു കക്കൂസ് വേണം എന്നത് വളരെ വ്യക്തമായിരുന്നു.

കാരണം ഏറ്റവും പ്രൈവസി ആയിട്ട്, പണി തീരാത്ത ഒരു കക്കൂസിൽ ഇരുന്നിട്ട് കുമാർ ചാരുലതയോട് ലവ് മേക്കിങ്ങിന്റെ കാര്യം പറയണമെന്ന ആശയമാണ് ഉണ്ടായിരുന്നത്. പിന്നെ ലൊക്കേഷൻ കണ്ടപ്പോൾ, ആൽമരം നിറഞ്ഞിട്ടുള്ള ഒരു കക്കൂസ് –വേണമെങ്കിൽ ബോധിവൃക്ഷമായി കാണാം, വേണമെങ്കിൽ ആസനത്തിൽ വളർന്ന ആലായി കാണാം. അങ്ങനെയുള്ള ആലോചനകളിൽ നിന്നാണ് അത് വന്നത്. ചിലതിന് നമുക്ക് നിയതമായി ‘ഇതാണ് ഉദ്ദേശ്യം’ എന്ന് ഇല്ല. നമുക്ക് തോന്നുന്നതുപോലെ ചെയ്യാം എന്നായിരുന്നു.

താങ്കളുടെ സിനിമ ചരിത്രത്തിൽ ശരീരം എന്ന ടൂളിനെ അഭിനയത്തിൽ വ്യത്യസ്തമായി ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കാരിക്കേച്ചർ രീതികളിലേക്ക് രാജേഷിന്റെ അഭിനയശരീരങ്ങളെ വായിച്ചിട്ടുമുണ്ട്. രാജേഷ് സ്വന്തം ‘അഭിനയ ശരീരങ്ങളെ’ എങ്ങനെയാണ് നോക്കിക്കാണുന്നത്?

രാജേഷ് മാധവൻ: ആദ്യ കാലത്ത് ശരീരത്തെ പറ്റി വലിയ ചിന്തകൾ ഒന്നും ഉണ്ടായിരുന്നില്ല. ശരീരത്തെ കുറിച്ച് ഒരു ബോധം വന്നത് പിന്നീടാണ്. ആദ്യം ഞാൻ ആക്ടിങ് അങ്ങനെ സീരിയസ് ആയിട്ടല്ല കരുതിയത്. പിന്നെ എന്റെ പോസ്റ്ററുകളിലും പരിപാടികളിലും ഇങ്ങനെ ഡിഫറൻസ് ഉണ്ട് എന്നൊന്നും ഞാൻ പറയില്ല. പിന്നീട് നോക്കിയപ്പോഴാണ് ആൾക്കാർ വ്യത്യസ്തത കാണുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്. ഇത് സ്വീകരിക്കുമോ എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. നമുക്കുള്ളിൽ നമ്മുടേതായ സ്വത്വം കൂടിയുണ്ടാകുമല്ലോ.

എന്‍റെ സ്വദേശം കാസർകോടാണ്. പാറയിൽ കുത്തിയിരുന്ന് വർത്തമാനം പറയുന്ന ആൾക്കാരെ കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഇപ്പോഴും അങ്ങനെ കുത്തിയിരിക്കാനും വർത്തമാനം പറയാനുമെല്ലാം സാധിക്കും. അങ്ങനെ പറയുമ്പോൾ കിട്ടു​െന്നാരു സന്തോഷമുണ്ട്. അത്തരത്തിലുള്ള ശരീരഭാഷകൾക്കുവേണ്ടി ഞാൻ ഒരു എഫർട്ട് എടുക്കുക എന്നൊന്നും ചെയ്തിട്ടില്ല. പിന്നീട് അഭിനയത്തിൽ സീരിയസ് ആയി കഴിഞ്ഞതിനു ശേഷമാണ് ചില സാധനങ്ങൾക്ക് വേണ്ടി ഇതിന്റെ പോസ്റ്ററിന്റെ രീതികൾ ശ്രദ്ധിക്കുന്നത്.

തിയറ്റർ അനുഭവം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. പക്ഷേ അത്ര കാര്യമായിട്ട് തിയറ്റർ പഠിച്ചിട്ടൊന്നുമില്ല. പക്ഷേ കുറെ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ ഒരു കോളജിൽ, ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്ടിങ്ങിന്റെ വർക്ക്ഷോപ്പ് ചെയ്യാൻ പോകും. ഇതിനെക്കുറിച്ച് പിന്നെയും ഡീറ്റെയ്ൽ ആയി പഠിച്ചുകൊണ്ടിരിക്കുകയാണ്.

മലയാള സിനിമയിൽ കണ്ണൂർ/കാസർകോട് തുടങ്ങിയ ജ്യോഗ്രഫികളിലെ സ്ലാങ്ങുകൾ വ്യാപകമായി തുടങ്ങിയത് രാജേഷ് മാധവൻ അടക്കമുള്ള കുറെ അധികം നടന്മാരുടെ പെർഫോമൻസുകളിലൂടെയാണ്. അത് ഒരു പക്ഷേ മറ്റ് ജ്യോഗ്രഫികളിൽ ഉള്ളവർക്കു ആസ്വാദ്യകരമാവുകയും അതേസമയം മനസ്സിലാകാത്ത രീതികളുമുണ്ട്. എങ്ങനെ നോക്കിക്കാണുന്നു?

രാജേഷ് മാധവൻ: നമ്മൾ സിനിമ മാറുന്നതിനനുസരിച്ച്, പുതിയ ലോക്കൽ ഏരിയകൾ എക്സ്​പ്ലോർ ചെയ്യുന്നതിന് അനുസരിച്ചിട്ട് പുതിയ ഭാഷകൾ കടന്നുവരുന്നുണ്ട്. ഞങ്ങളും അങ്ങനെ എക്സ്​പ്ലോർ ചെയ്യുന്നുണ്ടാകാം. ചില സിനിമയിൽ ഇത്തരം ഭാഷകൾ ഉപയോഗിക്കാൻ പറ്റുന്നു എന്നുവെച്ചാൽ മൊത്തത്തിലുള്ള ആ സിനിമയുടെ ഗ്രാമറിനോട് ചേർന്നുനിൽക്കുന്നു എന്നതു കൊണ്ടാണ്. ഭാഷയും കൃത്യമായിട്ടുള്ള ഡയലോഗ് അങ്ങനെ തന്നെ മനസ്സിലാക്കണം എന്നുപറഞ്ഞിരുന്ന പഴയ വള്ളുവനാട് സിനിമകളുടെ കാലത്തുനിന്ന് നമ്മൾ ഒരുപാട് സഞ്ചരിച്ചു. നമ്മൾ റിപ്പീറ്റ് വായിച്ചിട്ടുണ്ടാകുന്ന രീതിയിലാണ് ഓരോ സിനിമയും കൺസ്ട്രക്ട് ചെയ്യുന്നത്.

എന്തായാലും ലോക്കൽ ഭാഷ സിനിമകൾ വീണ്ടും വീണ്ടും കാണാവുന്ന രീതിയിൽ ഇവിടെ ഉണ്ടാവും. അങ്ങനെ എന്തെങ്കിലും മനസ്സിലായിട്ടില്ല എന്നുള്ള ക്യൂരിയോസിറ്റി ഉള്ളവർക്ക് അത് റിപ്പീറ്റ് വാച്ച് ചെയ്യാനുള്ള സമയമുണ്ട്, സ്ഥലമുണ്ട്. അവർക്ക് ചർച്ചചെയ്യാനോ അല്ലെങ്കിൽ ആ ഭാഷ കണ്ടുപിടിക്കാനുള്ള വഴിയും എല്ലാം ഉണ്ട് ഈ സമയത്ത്. അതിനാൽ എത്ര പ്രാദേശികമായി കഴിഞ്ഞാലും കുഴപ്പമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. പേഴ്സനലി അതുകൊണ്ടാണ് നമ്മൾക്ക് അങ്ങനത്തെ ഭാഷകളെ, ശൈലികളെ എക്സ് പ്ലോർ ചെയ്യണമെന്ന് തോന്നുന്നത്.

കാസർകോടുള്ള പല ഭാഷകളും നഷ്ടപ്പെടുകയോ നശിച്ചു പോവുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലെ ലോക്കൽ ഭാഷകൾ സിനിമയിലൂടെ ഉപയോഗിക്കുന്നതിലൂടെ അതിനെ നിലനിർത്തുക എന്ന പ്രക്രിയകൂടി നടക്കുന്നുണ്ടാകാം.

 

രാജേഷ് മാധവനും രവിശങ്കറും രൂപേഷ് കുമാറിനൊപ്പം (നടുവിൽ),‘പെണ്ണും പൊറാട്ടും’ സിനിമയിലെ ഒരു രംഗം

രവിയുടെ സിനിമയിലെ എഴുത്തിന്റെ ഒരു പരിണാമ പ്രക്രിയ എങ്ങനെ ആയിരുന്നു?

രവി ശങ്കർ: ‘ഗ്യാങ്സ്റ്റർ’ മുതൽ ഇങ്ങോട്ടുള്ള ഒരു എഴുത്തിന്റെ ആദ്യ പ്രോസസുകൾ എല്ലാം എഴുതുക, ചർച്ചചെയ്യുക എന്നുള്ളതായിരുന്നു. പക്ഷേ മറ്റുള്ള സിനിമകളിൽനിന്ന് വ്യത്യസ്തമായിട്ട് ‘പെണ്ണും പൊറാട്ടും’ വളരെ പേഴ്സനൽ ആയിട്ട് കുറച്ചുകാലങ്ങളായിട്ട് മനസ്സിലാക്കുന്ന സാധനമായതുകൊണ്ട് ഇത് സിനിമയുടെ ഓരോ സ്റ്റേജിലും എഴുതിക്കൊണ്ടേയിരിക്കുകയായിരുന്നു.

രാജേഷിന്റെ അഭിനയത്തിലേക്ക് തന്നെ വരാം. ‘എന്നാ, താൻ കേസ് കൊട്’ പോലുള്ള സിനിമകളിൽ കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രമാണ്. അത് വളരെ വ്യാപകമായി സ്വീകരിക്കപ്പെടുകയും ചെയ്തു. രാജേഷിനെ ഇത്തരം കാരിക്കേച്ചർ രീതികളിൽ നോക്കുന്നതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

രാജേഷ് മാധവൻ: ശരീരത്തിനെ അത്ര സൂക്ഷിച്ചുവെക്കേണ്ട ഒരാളായിട്ട് ഞാൻ സ്വയം കണ്ടിട്ടില്ല. നമുക്ക് നമ്മളുടെ ബോഡികൊണ്ട് ഫൺ ചെയ്യാൻ പറ്റുമ്പോൾ നമുക്ക് തന്നെ നമ്മളെ തുറന്നുവിടാം. നമ്മുടെ ശരീരം ആൾക്കാർക്ക് ഫണ്ണിനുവേണ്ടി ഉപയോഗിക്കുമ്പോൾ പേഴ്സനലി ഞാൻ അത് ആസ്വദിക്കുന്നുണ്ട്. അതിന്റെ ഒരു കൺസ്ട്രക്ടിവ് ആയിട്ടുള്ള ആ തലത്തെ ആസ്വദിക്കുന്നുണ്ട്. കാരിക്കേച്ചർ സ്വഭാവങ്ങൾ ഉള്ള കാരക്ടേഴ്സ്, ഇതെല്ലാം ഒരേപോലെ യുണ്ട് എന്നൊക്കെ പറഞ്ഞിരുന്ന ഒരു സമയത്ത് ഞാൻ ഇതിനെ മനപ്പൂർവം പരിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. നടൻ എന്ന രീതിയിൽ അത് ആവശ്യമുള്ളതുകൊണ്ടാണ്.

എല്ലാവരും എന്റെ പേര് അറിയുന്നതിനേക്കാളും കൂടുതൽ ‘സുരേഷേട്ടാ’ എന്നാണ് എന്നെ വിളിക്കുക. പിന്നെ എന്നെ അത് സ്നേഹത്തോടെയാണ് വിളിക്കുന്നത്. ചില ആൾക്കാർ ‘‘സുരേഷേട്ടൻ നല്ല രസം ഉണ്ടായിരുന്നു’’, എന്നൊക്കെ പറഞ്ഞു ചിരിക്കും. ചില ആൾക്കാർ ‘‘സുരേഷേട്ടൻ ടീച്ചർ എവിടെയാണ്?’’ എന്നൊക്കെ സ്നേഹത്തിൽ ചോദിക്കും ‘എന്നാ താൻ കേസ് കൊട്’ വളരെ സത്യസന്ധമായിട്ടുള്ള പ്രസന്റേഷനാണ്. അങ്ങനെയുള്ള സ്റ്റൈലിൽ നടക്കുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്.

നിഷ്കളങ്കമായിട്ട് എന്നാൽ, ഭയങ്കര സക്സസ് ആയിട്ട് പ്രേമിക്കുന്ന ഒരാളാണ് ആ സിനിമയിലെ സുരേഷ് എന്ന എന്റെ കഥാപാത്രം. ഭയങ്കര സ്റ്റൈൽ കോൺഷ്യസ് ആണ്, പുതിയ ഫാഷൻ ആണ്, അങ്ങനെയൊക്കെ രണ്ട് ആൾക്കാരാണ് സുരേഷും സുമലതയും. സുമലത ടീച്ചർ മുടി ബോബ് ചെയ്തിട്ടുള്ള ആളാണ്. ആ നാട്ടിന്റെ കൺസ്ട്രക്ഷൻ ആയിട്ട് തീരെ യോജിക്കാത്ത രണ്ട് ആൾക്കാർ. അപ്പോ അതിന് ആ കാരിക്കേച്ചർ സ്വഭാവം ആ കാരക്ടറിന് തന്നെ ഉണ്ട്. എഴുതിവെച്ച സാധനത്തിനുണ്ട്. പിന്നെ ഒരു അബ്സേഡ് പരിപാടി ഒക്കെ ആ കഥാപാത്രത്തിൽ ഫീൽ ചെയ്തിട്ടുണ്ട്.

രാജേഷ് എങ്ങനെയാണ് അഭിനയത്തിന്റെ വഴിയിലേക്ക് എത്തുന്നത്?

രാജേഷ് മാധവൻ: ‘മഹേഷിന്റെ പ്രതികാരം’ ഷൂട്ട് നടക്കുമ്പോൾ എന്നെ ഉദ്ദേശിച്ച് ഇവനെ നമുക്ക് അഭിനയിപ്പിക്കാമല്ലോ എന്നു പറഞ്ഞു. അപ്പോ, ഞാൻ അഭിനയിക്കാൻ വേണ്ടി തയാറായിരുന്നില്ല അതുവരെ. പിന്നണിയിൽ മാത്രമേ താൽപര്യം ഉണ്ടായിരുന്നുള്ളൂ. നീ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ അത് ചരിത്രത്തോടു ചെയ്യുന്ന നീതികേടാണ് എന്നൊക്കെ ഈ രവി പറയുമ്പോഴാണ് ഞാൻ അഭിനയിക്കുന്നത്. പിന്നീട് ‘റാണി പത്മിനി’യിൽ ചെറിയൊരു റോൾ അഭിനയിച്ചു. പിന്നെ ‘മഹേഷിന്റെ പ്രതികാര’ത്തിലും.

പക്ഷേ ‘ധീരൻ’ എന്ന സിനിമ രാജേഷ് മാധവന്റെ കാരിക്കേച്ചർ രീതികളെ പൊളിക്കുന്നുമുണ്ട്. അതുംകൂടി ഒന്ന് പറയാമോ?

രാജേഷ് മാധവൻ: ഒരു അഭിനേതാവ് എന്ന രീതിയിൽ ‘ധീരനി’ലേത് പോലുള്ള കഥാപാത്രങ്ങൾ ഞാൻ ആഗ്രഹിച്ചിരുന്നു. എനിക്കൊരു ചേഞ്ച് വേണം. അങ്ങനെ ഞാൻ ആലോചിച്ചിരുന്നു; ഒന്നുമാറണം. അതിനുവേണ്ടി കൃത്യമായിട്ട് ആലോചന ഉണ്ടായിരുന്നു. അത് ‘ധീരനി’ലൂടെ സംഭവിച്ചു എന്നതാണ് യാഥാർഥ്യം.

ഇപ്പോഴത്തെ മലയാള സിനിമയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

രവി ശങ്കർ: മലയാള സിനിമ ഐഡിയാപരമായിട്ടും മറ്റുള്ള കാര്യങ്ങൾ ആയിട്ടും ഒരുപാട് മുന്നോട്ടുപോകുന്നുണ്ട്. പ്രേക്ഷകർ ഒരുപാട് വളർന്നിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഇറങ്ങുന്ന ചില സിനിമകൾ പഴയ ഒറ്റപ്പാലം, പാലക്കാട് ലൊക്കേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നുണ്ട്. വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു എന്നതാണ് പറയുന്നതെങ്കിലും, അത് പഴയ തറവാട്ടു സിനിമകളിലേക്കുള്ള തിരിച്ചുപോക്കാണ്. അത് ഒരു വളർച്ച അല്ല. നമ്മൾ ഭയങ്കര കൺവിക്ഷനിൽ കൊടുക്കുന്ന ചില കാഴ്ചകൾ ചിലരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതൊരു പഴമയുടെ കണ്ടീഷനിങ്ങിന്റെ ഭാഗംകൂടിയാണ്.

ആ പഴമയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള മനപ്പൂർവമായുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ട് കഴിഞ്ഞ രണ്ടു കൊല്ലമായിട്ട് മലയാള സിനിമ പത്തുകൊല്ലം പിന്നോട്ടു പോകുന്ന രീതിയിലേക്ക് വീണ്ടും മാറുകയാണ്. ഇപ്പോ മൂന്ന് സ്റ്റാറുകളേ മലയാളത്തിൽ ഉള്ളൂ. അവരെ വെച്ചു മാത്രമേ സിനിമ എടുക്കാൻ കഴിയൂ എന്നരീതിയിലേക്ക് സിനിമ വീണ്ടും മാറി. ‘പെണ്ണും പൊറാട്ടും’ എന്ന സിനിമ രണ്ടുകൊല്ലം മുമ്പ് തുടങ്ങിയതുകൊണ്ട് നടന്നു. ഇപ്പോഴാണ് എങ്കിൽ ഈ സിനിമ നടക്കുമെന്നതിന് ഒരു ഉറപ്പും പറയാനാവില്ല.

രാജേഷ് മാധവൻ: മലയാള സിനിമ ഏത് വീട്ടിലേക്കാണ് തിരിച്ചുപോകുന്നത് എന്നത് പ്രധാനമാണ്. അത് പുരോഗമനപരമായിട്ടല്ല. വീട്ടിലേക്ക് തിരിച്ചുപോകുന്ന പഴയ തലമുറകളുടെ ഭാരം നമുക്ക് ഇപ്പോഴും ഉണ്ട്. നമ്മൾ അതിൽനിന്ന് രക്ഷപ്പെട്ടിട്ടൊന്നുമില്ല. പുതിയ തലമുറ സിനിമാക്കാർ അതിനെ പൊളിച്ചുകൊണ്ടിരിക്കുന്നുണ്ട്, അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതേസമയം, വീട്ടിൽ നിന്നു പുരോഗമനത്തിലേക്ക് പുറത്തിറങ്ങിയ മലയാള സിനിമയെ വീണ്ടും വീട്ടിലേക്ക് തിരിച്ചു പിടിക്കാനുള്ള ശ്രമം നടക്കുന്നു.

ഈ പഴയ കംഫർട്ട് സോൺ ഒട്ടും നല്ലതല്ല. അതിലേക്കുള്ള പോക്കും നല്ലതല്ല. മലയാള സിനിമ പുതിയ കൺസ്ട്രക്ഷനുകൾ നിർമിക്കുമ്പോൾ അതിനോട് എതിർപ്പുണ്ടായിരുന്ന കുറെ ആൾക്കാർ ഉണ്ടായിരുന്നു. ‘ന്യൂ ജനറേഷൻ എന്താണ്? അതിൽ പഞ്ചായത്ത് പ്രസിഡന്‍റും വെളിച്ചപ്പാടും ഇല്ല’ എന്നൊക്കെ പറഞ്ഞാണ് അവരുടെ ചർച്ചകൾ. പാലക്കാട്ടെ തറവാട്ടിലേക്ക് കൊണ്ടുപോവുക എന്നത് പഴയ യജമാനന്മാരുടെ ഒരു സ്വപ്നമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

 

‘പെണ്ണും പൊറാട്ടും’ എന്ന സിനിമക്കുശേഷം പുതിയ സിനിമകളുടെ സാധ്യത എങ്ങനെ ആയിരിക്കും?

രാജേഷ് മാധവൻ: ‘പെണ്ണും പൊറാട്ടും’ സിനിമ സംഭവിച്ചു കഴിഞ്ഞു എന്നാണ് വിചാരിക്കുന്നത്. അപ്പോ ഞങ്ങൾ എന്തായാലും ഞങ്ങളെ പുതുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. എന്തായാലും നമ്മൾ ഓരോന്നിലും എന്തെങ്കിലും പുതുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. നമുക്ക് എന്തായാലും മാറ്റം വരുമല്ലോ. ഇന്നത്തെ ഫിലോസഫി ആയിരിക്കണം നമ്മുടെ നാളത്തെ ഫിലോസഫി എന്നുപോലും അറിയാൻ പറ്റില്ല. അപ്പോ എന്തെങ്കിലും മാറ്റംചെയ്യണമെന്നുതന്നെയാണ് ആഗ്രഹം. വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്ന സിനിമകൾ എന്തായാലും നമ്മൾ ചെയ്യില്ല. അത് ഉണ്ടാവില്ല.

ചിത്രങ്ങൾ: രോഹിത് കൃഷ്ണൻ, ഡോ. സ്വരാജ് എം

News Summary - Rajesh Madhavan and screenwriter Ravi Shankar talk