പേനകൊണ്ട് വെട്ടിയും തിരുത്തിയും പി. ജയരാജൻ
ഫോട്ടോ-ബിമൽ തമ്പി

സി.പി.എം നേതാവ് പി. ജയരാജൻ ഇപ്പോൾ എഴുത്തിലാണ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെ ശ്രദ്ധേയ പുസ്തകങ്ങൾ അദ്ദേഹം അടുത്തിടെ എഴുതി. ആ എഴുത്തുകാരനായ ജയരാജനോട് സംസാരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ ലേഖിക.പാട്യത്തെ വീട്ടിലെത്തുമ്പോൾ പുറത്തെ തന്റെ സന്ദർശകമുറിയിൽ വായനയിലായിരുന്നു പി. ജയരാജൻ. ചുറ്റുമുള്ള ഷെൽഫുകളിലും മേശപ്പുറത്തും നിറയെ പുസ്തകങ്ങൾ. ഒന്നും കാഴ്ചക്കോ ഭംഗിക്കോ ഉള്ളതല്ലെന്ന് വ്യക്തം. നിരന്തരം...
Your Subscription Supports Independent Journalism
View Plansസി.പി.എം നേതാവ് പി. ജയരാജൻ ഇപ്പോൾ എഴുത്തിലാണ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെ ശ്രദ്ധേയ പുസ്തകങ്ങൾ അദ്ദേഹം അടുത്തിടെ എഴുതി. ആ എഴുത്തുകാരനായ ജയരാജനോട് സംസാരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ ലേഖിക.
പാട്യത്തെ വീട്ടിലെത്തുമ്പോൾ പുറത്തെ തന്റെ സന്ദർശകമുറിയിൽ വായനയിലായിരുന്നു പി. ജയരാജൻ. ചുറ്റുമുള്ള ഷെൽഫുകളിലും മേശപ്പുറത്തും നിറയെ പുസ്തകങ്ങൾ. ഒന്നും കാഴ്ചക്കോ ഭംഗിക്കോ ഉള്ളതല്ലെന്ന് വ്യക്തം. നിരന്തരം അവ ചലിക്കപ്പെടുന്നുണ്ടെന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. തന്റെ പുതിയ പുസ്തകമായ ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ ആണ് മുന്നിൽ നിവർന്നിരിക്കുന്നത്. ആ പുസ്തകവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം കൊല്ലത്ത് നടക്കുന്ന അവതരണത്തിനായി കുറിപ്പുകൾ തയാറാക്കുകയായിരുന്നു അദ്ദേഹം. അതേ പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വി.എസ് അനുസ്മരണത്തിനുമായി നടത്തിയ യു.എ.ഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതേ ഉള്ളൂ. അതുകൊണ്ട് വിശ്രമത്തിലാണ്.
സന്ദർശകർ കുറവ്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ്, ദുബൈയിൽ നടന്ന ഒരു പരിപാടിക്കിടെ കൈയൊപ്പ് വാങ്ങാൻ വന്ന ഒരു യുവാവിന്റെ വൈറലായ റീൽ കണ്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നപ്പോഴുള്ള പി. ജയരാജന്റെയും പാർട്ടി ചിഹ്നത്തിന്റെയും ചിത്രം പതിച്ച ടീഷർട്ട് അണിഞ്ഞുവന്ന യുവാവിന് ഒപ്പുവേണ്ടത് അതിലാണ്. പ്രിയസഖാവ് അതിൽ ഒപ്പിടുന്നത് കാണുന്ന അണികൾ കമൻറ് ബോക്സിൽ ആവേശത്തിലാണ്.
പി. ജയരാജൻ എന്നും അണികൾക്ക് ആവേശമായ നേതാവാണെന്നതിൽ തർക്കമില്ല. പാർട്ടിയാവട്ടെ പാർലമെന്ററിയാവട്ടെ, ജയമാവട്ടെ തോൽവിയാവട്ടെ, അംഗീകാരമാവട്ടെ ഒഴിവാക്കലുകളാവട്ടെ, ഏത് പദവിയിലാണെങ്കിലും സി.പി.എമ്മുകാർക്കിടയിൽ അദ്ദേഹം പകരക്കാരനില്ലാത്ത നേതാവാണ്. ആശയങ്ങളിൽ പാർട്ടിക്ക് വ്യതിചലനമുണ്ടായാലും പി. ജയരാജന് ചലനമുണ്ടാവില്ലെന്ന വിശ്വാസം അണികൾക്കുണ്ട്, എല്ലാ കാലത്തും. ഇക്കഴിഞ്ഞ നിയമസഭാ തോൽവിക്കുശേഷവും പ്രവർത്തകർ അദ്ദേഹത്തെ സുപ്രധാന നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത് ഇതിനോട് കൂട്ടിവായിക്കണം.
കണ്ണൂരിലെ കിഴക്കെ കതിരൂരിൽ കാരായി കുഞ്ഞിരാമന്റെയും പാറായി ദേവിയുടെയും മകനായി ജനിച്ച അദ്ദേഹം സി.പി.എമ്മിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ദീർഘകാലം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1986ൽ കണ്ണൂർ ജില്ല കമ്മിറ്റിയിലേക്കും 90ൽ ജില്ല സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2001, 2006 വർഷങ്ങളിൽ കൂത്തുപറമ്പിൽനിന്ന് നിയമസഭാംഗമായി. 2011 മുതൽ 2019 വരെ കണ്ണൂർ ജില്ല സെക്രട്ടറി. 1998 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഈ സംഭാഷണം പക്ഷേ രാഷ്ട്രീയക്കാരനായ പി. ജയരാജനോടുള്ളതല്ല, എഴുത്തുകാരനായ പി. ജയരാജനോടുള്ളതാണ്. തന്റെ അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ദീർഘകാലത്തെ പാർട്ടി പ്രവർത്തനത്തിലൂടെയും പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയുമെല്ലാം ആർജിച്ച അറിവുകളാണ് അദ്ദേഹം എഴുതുന്നത്. പുറത്തിറങ്ങിയ മൂന്ന് പുസ്തകങ്ങളും അത്തരത്തിൽ ശ്രദ്ധേയം. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘സംഘർഷങ്ങളുടെ രാഷ്ട്രീയം’ (2008), മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ (2024), ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ (2026) എന്നിവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. 2013ൽ അദ്ദേഹം എഡിറ്ററായി ‘ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും’ എന്ന പുസ്തകം ചിന്ത പുറത്തിറക്കുകയുണ്ടായി. തിരക്കിട്ട പുസ്തക ചർച്ചകളിലും അവതരണങ്ങളിലും സജീവമാണ് ഇപ്പോൾ അദ്ദേഹം. എഴുത്തിന്റെ വഴികളെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു.
രാഷ്ട്രീയക്കാരന്റെ കുപ്പായത്തിന് ഇടവേള നൽകി മുഴുസമയ എഴുത്തുകാരനായതിന്റെ സൂചനയായാണോ ഷർട്ട് മാറ്റി ജയരാജേട്ടൻ ജുബ്ബയിലേക്ക് മാറിയത്. ഇപ്പോൾ സ്ഥിരമായി കാണുന്നത് ഈ വേഷത്തിലാണല്ലോ.
▲ (ചിരിച്ചുകൊണ്ട്) രാഷ്ട്രീയത്തിന് നമുക്കങ്ങനെ ഇടവേളയില്ലല്ലോ. ജുബ്ബ ഞാൻ മുമ്പേ ധരിക്കാറുള്ളതാണ്. ഒരു ആർ.എസ്.എസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ചാർജ് ചെയ്യപ്പെട്ട് യു.എ.പി.എ കേസിൽ ജയിലിൽ കിടന്ന സമയത്താണ് ആദ്യമായി ജുബ്ബ ധരിക്കുന്നത്. അന്ന് റിമാൻഡ് തടവിലാണ്. അപ്പോൾ ഏത് വസ്ത്രവും ധരിക്കാം. അങ്ങനെ ജയിലിൽവെച്ച് ധരിക്കാൻ ഭാര്യ യമുന കൊണ്ടുതന്നതാണ് ജുബ്ബ. പിന്നെ അതൊരു ശീലമായി. ഷർട്ട് ഇപ്പോഴും ഇടക്ക് ധരിക്കാറുണ്ട്. പക്ഷേ, അധികവും ഈ വസ്ത്രമാണ്.
പക്ഷേ, എഴുത്തുകാരന് ചേരുന്നത് ജുബ്ബയാണ്.
▲ പുസ്തകമെഴുത്ത് തുടങ്ങിയതുകൊണ്ട് ജുബ്ബ ധരിച്ചതല്ല. ജുബ്ബ ധരിച്ചതുകൊണ്ട് എഴുത്തുകാരനാവുന്നുമില്ലല്ലോ. എഴുത്ത് അതിനുമുമ്പേ തുടങ്ങിയതാണ്.

രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ എപ്പോഴാണ് എഴുത്തിനെക്കുറിച്ച് ആലോചന വരുന്നത്. എഴുതണമെന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നുമുള്ള ചിന്ത മുമ്പേ ഉള്ളതാണോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സന്ദർഭത്തിലുണ്ടായ തീരുമാനമാണോ?
▲ എഴുത്ത് വിദ്യാർഥിപ്രസ്ഥാനത്തിലായ കാലംതൊട്ടേ ഉണ്ട്. ദേശാഭിമാനി പത്രത്തിൽ എസ്.എഫ്.ഐ സമ്മേളനത്തോടനുബന്ധിച്ച് എഴുതാറുണ്ടായിരുന്നു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ആയിരുന്ന സമയത്ത് അടിയന്തരാവസ്ഥ കഴിഞ്ഞ് സമ്മേളനം നടക്കുമ്പോഴൊക്കെ ദേശാഭിമാനിയിൽ ലേഖനം വന്നിട്ടുണ്ട്. അതിനുശേഷവും ദേശാഭിമാനി പത്രത്തിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. മാധ്യമം പത്രം എഡിറ്റോറിയൽ പേജിലും ഇടക്കാലത്ത് സ്ഥിരമായി എഴുതിയിരുന്നു. ഇടതുപക്ഷ വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന പംക്തിയെന്ന നിലയിൽ. പിന്നെ എനിക്കത് തുടരാനായില്ല. ഏതൊക്കെയോ സാഹചര്യങ്ങൾകൊണ്ട് ഞാൻ തന്നെ നിർത്തുകയായിരുന്നു.
പിന്നീട് പുസ്തകമെഴുത്ത് എന്നതിലേക്ക് വരുന്നതെങ്ങനെയാണ്.
▲ ആർ.എസ്.എസ് എന്നെ വീട്ടിൽ കയറി ആക്രമിച്ചല്ലോ. 1999 ആഗസ്റ്റ് 25 തിരുവോണത്തിനാണ് അതുണ്ടാകുന്നത്. ഈ ആഗസ്റ്റ് 25 ആകുമ്പോൾ 27 വർഷം പൂർത്തിയാവും. പരിശീലനം നേടിയ ക്രിമിനലുകളായിരുന്നു അന്ന് വീട്ടിൽ കയറി വെട്ടിയത്. വലതുകൈ പൂർണമായി വെട്ടിമുറിക്കപ്പെട്ടു. ഇടതുകൈയിലെ തള്ളവിരൽ നഷ്ടപ്പെട്ടു. എന്തൊക്കെയാണ് വെട്ടിമുറിക്കപ്പെട്ടതെന്ന് അറിയുന്നില്ല. വീട്ടിൽനിന്ന് എല്ലാം വാരി പ്രഥമശുശ്രൂഷക്കായി പോയത് തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിലായിരുന്നു. അവിടുന്ന് എല്ലാം പാക്ക് ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോയി.
അന്ന് കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലൊന്നും മൈക്രോ വാസ്കുലർ സർജറി ഇല്ല. അങ്ങനെ അവിടന്നെല്ലാം റീപാക്ക് ചെയ്ത് എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടനെതന്നെ അവിടെയെത്തിക്കണമെന്ന് തീരുമാനിച്ചു. ഹെലികോപ്ടറിൽ കൊണ്ടുപോവാൻ പറ്റുമോ എന്നുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ, അന്നത് കിട്ടിയില്ല. പിന്നെ അതിവേഗം ആംബുലൻസിലാണ് എറണാകുളത്തെത്തിയത്. അവിടുന്നാണ് സർജറി നടക്കുന്നത്. കൃത്യം മൂന്നുമാസം അവിടെയായിരുന്നു ചികിത്സ. പിന്നെ ഞാൻ തിരിച്ചെത്തുന്നത് നവംബർ 25നാണ്.
മുറിവുകൾ ഉണങ്ങി. പക്ഷേ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതുകൊണ്ട് വീണ്ടും ചികിത്സ വേണ്ടിവന്നു. നട്ടെല്ലിന്റെ താഴെഭാഗത്തേറ്റ മുറിവ് അൽപം കൂടി ആഴത്തിലായിരുന്നെങ്കിൽ നടക്കാൻ കഴിയുമായിരുന്നില്ല എന്നാണ് അന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. അങ്ങനെ അതിന്റെ ചികിത്സക്കുവേണ്ടി ഫിസിയോതെറപ്പി ചെയ്യാൻ തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. ആ സമയത്താണ് പുസ്തകം എഴുതണമെന്ന് ആലോചിക്കുന്നത്. ആർ.എസ്.എസിന്റെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് എഴുതണമെന്നാണ് തീരുമാനിച്ചത്.
ഈ അക്രമത്തിന്റെ മാത്രം പശ്ചാത്തലത്തിലാണോ, മറ്റ് കാരണങ്ങളുമുണ്ടോ.
▲ ആ സമയത്ത് പല നേതാക്കളും ആശുപത്രിയിൽ എന്നെ കാണാൻ വന്നിരുന്നു. നായനാർ, വി.എസ്, ലോറൻസ്, പിണറായി അടക്കമുള്ള നേതാക്കൾ. ഞാനേറെ ബഹുമാനിക്കുന്ന നേതാവാണ് സി. കണ്ണൻ. സി വന്ന് എന്നെ കണ്ട് സംസാരിച്ച സമയത്ത് ഒരു കാര്യം പറഞ്ഞു. ആ സംഭവത്തിനുശേഷം അവർക്കൊക്കെ ഒരു ലഘുലേഖ കിട്ടി. ആരാണ് പി. ജയരാജൻ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ലഘുലേഖ. അതിൽ ആക്രമിക്കപ്പെടേണ്ടയാളാണ് പി. ജയരാജൻ എന്ന പ്രതീതി സൃഷ്ടിച്ചുവെച്ചിരുന്നു. ആർ.എസ്.എസ് ആസൂത്രിതമായി തയാറാക്കിയ ഒരു പ്രചാരണവേലയാണത്.
കാരണം വീട്ടിൽ കയറിയാണല്ലോ അവരെന്നെ ആക്രമിക്കുന്നത്. അന്ന് ഞാൻ ദേശാഭിമാനി കണ്ണൂർ യൂനിറ്റ് മാനേജറാണ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും. അപ്പോൾ എന്നെ വീട്ടിൽ കയറി ആക്രമിച്ചതിനെതിരായി പൊതുവിൽ എല്ലാ വിഭാഗം ആളുകളിൽനിന്നും പ്രതിഷേധമുണ്ടായി. ആ പ്രതിഷേധം മറികടക്കാൻ വേണ്ടിയാണ് ആ ലഘുലേഖ ഇറക്കുന്നത്. എക്കാലത്തും ആർ.എസ്.എസ് ചെയ്തതുപോലെ നുണപ്രചാരണത്തിന്റെ ഭാഗമായിത്തന്നെ. ആവർത്തിച്ച് നുണ പ്രചരിപ്പിച്ച് അത് സത്യമാണെന്ന തോന്നൽ ഉണ്ടാക്കലാണല്ലോ അവരുടെ രീതി. ‘ഇയാൾ അക്രമങ്ങൾ ആസൂത്രണം ചെയ്യുന്ന ആളാണ്. സംഘർഷം ഉണ്ടാക്കുന്ന ആളാണ്’ എന്ന പ്രതീതിയുണ്ടാക്കി വലിയ പ്രചാരണം അവർ നടത്തി. ലഘുലേഖയും അതിന്റെ ഭാഗം തന്നെ.
അത് പിന്നീട് ഞാൻ സംഘടിപ്പിച്ചു. അപ്പോൾ തോന്നിയതാണ്, ആർ.എസ്.എസിന്റെ ഈ മോഡ് ഓഫ് ഓപ്പറാണ്ടിയെ കുറിച്ചും അതുപോലെ ആ സംഘടനയെ കുറിച്ചും ജനങ്ങളെ കൂടുതൽ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു പുസ്തകം തയാറാക്കണമെന്ന്. പക്ഷേ, അന്ന് തുടങ്ങിയ ശ്രമം പൂർത്തിയാവുന്നത് 2008ലാണ്. അതുവരെ ഇതിനുവേണ്ട വസ്തുതകൾ ശേഖരിച്ചു.
ആ വസ്തുതാ ശേഖരണം എങ്ങനെയായിരുന്നു.
▲ അവരുടെ താത്ത്വിക അടിസ്ഥാനമെന്താണ് എന്നത് ആദ്യം പഠിച്ചു. വിചാരധാര പോലെയുള്ള പ്രസിദ്ധീകരണങ്ങളും മറ്റും. അതുപോലെ കേരളീയ സമൂഹത്തിൽ നുഴഞ്ഞുകയറാൻ എന്തെല്ലാം പദ്ധതികളാണ് ആർ.എസ്.എസ് നടപ്പാക്കിയത് എന്ന അന്വേഷണം നടത്തി. അത് നോക്കിയപ്പോഴാണ് കലാപങ്ങളിലേക്കെത്തുന്നത്. സ്വാഭാവികമായും 1971 ഡിസംബർ 28ന് ആരംഭിച്ച തലശ്ശേരി വർഗീയ കലാപത്തെക്കുറിച്ച് കൂടുതൽ പഠിച്ചു.
അത് ഒരാഴ്ച നീണ്ടുനിന്ന സംഘർഷമായിരുന്നു. ആ കലാപത്തിന്റെ ഉള്ളറകളിലേക്ക് പരിശോധന നടത്തി. അതിൽ കലാപം കൃത്യമായും അവരുടെ പ്ലാനിങ്ങാണെന്ന് മനസ്സിലായി. അന്നത്തെ പത്രങ്ങൾ പരിശോധിച്ചു. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമീഷന്റെ റിപ്പോർട്ട് പഠിച്ചു. കലാപത്തിനുമുമ്പേ തന്നെ മുസ്ലിം വിരുദ്ധവികാരം ഉണ്ടാക്കാനുള്ള മണ്ണ് ആർ.എസ്.എസ് ഒരുക്കിയിട്ടുണ്ടെന്ന് അതിൽ നിന്ന് വ്യക്തമായി. മുസ്ലിംകളുടെ ഗൾഫ് കുടിയേറ്റവും അവർ സാമ്പത്തികമായി മെച്ചപ്പെടുന്നുവെന്ന പ്രചാരണവും അവർ ഇതിനുവേണ്ടി നടത്തി. അതുപോലെ ലീഗിനെതിരായ പ്രചാരണങ്ങളെ മുസ്ലിം വിരുദ്ധ പ്രചാരണമാക്കി അവർ മാറ്റി. ഈ സാഹചര്യങ്ങളെല്ലാം വെച്ചുകൊണ്ട് അവർ വർഗീയകലാപമുണ്ടാക്കി.
ഒട്ടേറെ പള്ളികളും വീടുകളും അന്ന് ആക്രമിക്കപ്പെട്ടു. തലശ്ശേരിയിൽ ചുരുക്കം ചില ഹിന്ദുക്കളുടെ കടകൾക്ക് നേരെയും ആക്രമണമുണ്ടായി. പക്ഷേ, മഹാഭൂരിപക്ഷവും നഷ്ടങ്ങളുണ്ടായത് മുസ്ലിം വിഭാഗത്തിനാണ്. കലാപത്തിനുശേഷം സി.പി.എം മാത്രമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകിയത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരൻ, കലാപം മാർക്സിസ്റ്റ് ഗൂഢാലോചനയാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമിച്ചത്. അത്തരത്തിൽ തലശ്ശേരി കലാപത്തെക്കുറിച്ചുള്ള വിശദമായ പലനിലക്കുള്ള അന്വേഷണങ്ങൾ നടത്തി. വ്യക്തിപരമായ ഒരു അനുഭവവും അതിനോടൊപ്പം ഉണ്ട്. അന്ന് കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയനും മറ്റ് പാർട്ടി നേതാക്കൾക്കുമൊപ്പം തലശ്ശേരിയിലേക്ക് നടത്തിയ കാർ യാത്ര. ഇതെല്ലാം തലശ്ശേരി കലാപത്തെ കുറിച്ച് എഴുതാൻ പ്രേരിപ്പിച്ചു. ‘സംഘർഷങ്ങളുടെ രാഷ്ട്രീയം’ എന്ന പുസ്തകത്തിൽ വിശദമായി ഇതിനെക്കുറിച്ച് പറയുന്നുമുണ്ട്.
പാർട്ടി പ്രവർത്തനത്തിന്റെ അനേക വർഷത്തെ അനുഭവത്തിന്റെ തുടർച്ചയായാണ് എഴുത്ത് സംഭവിക്കുന്നത്. അതു മാത്രമല്ല, കൃത്യമായ മുന്നൊരുക്കവും ഗവേഷണവും പഠനവും വായനയും ഇത്തരത്തിൽ എല്ലാ പുസ്തകത്തിലുമുണ്ട്. എങ്ങനെയാണ് എഴുത്തുരീതി? വലതുകൈ കൊണ്ട് എഴുതാനാവില്ല. അപ്പോൾ സ്വയമെഴുതാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ, അതോ പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണോ?
▲ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ക്രോഡീകരിക്കും. മുമ്പ് പുസ്തകങ്ങളിൽനിന്നും പത്രങ്ങളിൽനിന്നും മറ്റ് രേഖകളിൽ നിന്നുമൊക്കെയായിരുന്നു വിവരശേഖരണം. ഇപ്പോൾ ഇന്റർനെറ്റിന്റെ സഹായവുമുണ്ട്. എനിക്ക് സ്വന്തമായി എഴുതാനാവില്ല. പറഞ്ഞുകൊടുത്ത് എഴുതിക്കും. ആദ്യത്തെ പുസ്തകം പറഞ്ഞുകൊടുത്ത് എഴുതി പിന്നെ ടൈപ്പ് ചെയ്യുകയാണ് ചെയ്തത്. ഇപ്പോൾ പറഞ്ഞുകൊടുക്കുന്നത് നേരിട്ട് ഡി.ടി.പി ചെയ്യും.
അതിനുശേഷം തിരുത്തലുകൾ വരുത്തുമോ. എഡിറ്റിങ് പോലുള്ള കാര്യങ്ങൾ എപ്രകാരമാണ്.
▲ തീർച്ചയായും ഒട്ടേറെ തിരുത്തലുകൾ വരുത്താറുണ്ട്. ഞാനൊരു പ്രഫഷനൽ എഴുത്തുകാരൻ അല്ലാത്തതുകൊണ്ടുതന്നെ തിരുത്താനുണ്ടാവും. മാത്രമല്ല, സി.പി.എമ്മിന്റെ പ്രവർത്തകനെന്ന നിലയിൽ ഞാനെഴുതുന്ന ഓരോന്നിലും വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ പുറത്തുനിന്നുണ്ടാവും. അതുകൊണ്ട് എഴുതുക, തിരുത്തൽ വേണ്ടത് വരുത്തുക എന്നതാണ് ശൈലി. ശേഷം എഡിറ്റ് ചെയ്യാനായി ആർക്കെങ്കിലും നൽകാറുണ്ട്. ‘സംഘർഷങ്ങളുടെ രാഷ്ട്രീയം’ എഡിറ്റ് ചെയ്തത് ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനും മുൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന പി.എം. മനോജാണ്. സമീപകാലത്ത് ഇറങ്ങിയ പുസ്തകങ്ങൾ എഡിറ്റ് ചെയ്തത് കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസറായ ഡോ.ടി.പി. ശിഹാബുദ്ദീനാണ്. ഒട്ടേറെ അക്കാദമിക് വിദഗ്ധരുടെ പിന്തുണ രണ്ട് പുസ്തകങ്ങൾക്കുമുണ്ടായിട്ടുണ്ട്.

പി. ജയരാജൻ ഭാര്യക്കും മകനും പേരക്കുട്ടിക്കുമൊപ്പം
പുസ്തകങ്ങൾക്കുവേണ്ടി ജയരാജേട്ടൻ കേരളത്തിൽ പല സ്ഥലങ്ങളിലും ഫീൽഡ് സ്റ്റഡി നടത്തിയിട്ടുണ്ട്. ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ പുസ്തകവുമായി ബന്ധപ്പെട്ട് അത്തരത്തിൽ ഒരു ക്ഷേത്രസന്ദർശനം വിവാദമാവുകയുണ്ടായി. പുസ്തകരചനക്ക് ഫീൽഡ് സ്റ്റഡി എത്രത്തോളം പ്രധാനമാണ്.
▲ സി.പി.എം പ്രവർത്തകനായ ഞാൻ ഒരു കാര്യമെഴുതി ഒരു നിഗമനത്തിലെത്തിയാൽ മാർക്സിസ്റ്റുകാർ തെറ്റായ കാര്യം പ്രരിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ടാവും. അതുകൊണ്ട് എഴുതുന്ന കാര്യത്തിന് തെളിവുകൂടി കൊടുക്കുക എന്നത് എന്റെ മൂന്ന് പുസ്തകത്തിനും ഞാൻ ബാധകമാക്കിയിട്ടുണ്ട്. എഡിറ്റ് ചെയ്ത പുസ്തകത്തിലും അത് ഞാൻ പാലിച്ചിട്ടുണ്ട്. 2013ലാണ് ‘ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും’ എന്ന പുസ്തകം എഡിറ്റ് ചെയ്യുന്നത്. അന്ന് കണ്ണൂർ ജില്ല സെക്രട്ടറിയാണ്, പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറും. കണ്ണൂർ ജില്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം, പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു. അതുമാത്രം പോരാ, ജനങ്ങളെ കൂടി പഠിക്കണമെന്നൊരു ആശയം ഞാനന്ന് മുന്നോട്ടുവെച്ചു. അപ്പോൾ ജനങ്ങൾക്കിടയിലുള്ള ആചാരങ്ങൾ, പ്രാദേശിക സംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് പാർട്ടി കൃത്യമായി പഠിക്കണമെന്ന് ഒരു നിർദേശം. പഠനകേന്ദ്രത്തിന്റെ ചുമതലക്കാരുമായി ഈ ആശയം ചർച്ചചെയ്ത് അതിനായി ഫീൽഡ് സ്റ്റഡി നടത്താൻ തീരുമാനിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള എല്ലാ ആരാധനാലയങ്ങളുടെയും ഫീൽഡ് സ്റ്റഡി നടത്താൻ ആളുകളെ തിരഞ്ഞെടുത്തു. അവരുടെ റിപ്പോർട്ട് ശേഖരിച്ചു. ചർച്ച ചെയ്തു. വിശ്വാസത്തിന്റെ കാര്യമായതുകൊണ്ട് സൂക്ഷ്മമായി പഠിച്ചു. ഇല്ലെങ്കിൽ മതവികാരം ഇളക്കിവിടാനാണെന്ന തരത്തിൽ വിമർശനം ഉണ്ടാകാം. ക്ഷേത്രം, കാവുകൾ, മടപ്പുരകൾ, പതികൾ, കോട്ടങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച് വേർതിരിച്ച് പഠിച്ചു. അത് വലിയൊരു അനുഭവമായിരുന്നു. അത്തരത്തിൽ ഫീൽഡ് സ്റ്റഡി വളരെ പ്രധാനമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് പിന്നീടുള്ള രണ്ട് പുസ്തകങ്ങളിലും തുടർന്നിട്ടുമുണ്ട്.
വായനക്കുള്ള സമയമെങ്ങനെയാണ് കണ്ടെത്തുന്നത്? യാത്രയിൽ വായനയുണ്ടോ. വായനയുടെ രീതികൾ എത്തരത്തിലാണ്?
▲ പുലർച്ചെയാണ് വായന. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് വായിക്കും. ആ നേരത്ത് ഫോണും കൂടിക്കാഴ്ചകളുമൊന്നുമുണ്ടാവില്ല. സ്വസ്ഥമായി വായിക്കാം. പക്ഷേ, ചെറിയ സമയമേ കിട്ടൂ. യാത്രയിലും ചിലപ്പോഴെല്ലാം വായിക്കാറുണ്ട്.
പുസ്തകങ്ങൾ വായിച്ചത് കേൾക്കുന്ന ശീലമുണ്ടോ.
▲ ഇതുവരെ അത് തുടങ്ങിയിട്ടില്ല. ആ രീതി നല്ലതാണ്. അതൊന്ന് ശ്രമിച്ചുനോക്കണം.
പുസ്തക രചനക്ക് വേണ്ടിയല്ലാത്ത വായനകളുണ്ടോ? കഥയും നോവലും ഒക്കെ വായിക്കാറുണ്ടോ?
▲ ചെറുപ്പത്തിൽ കാര്യമായി ഡിറ്റക്ടിവ് നോവലുകൾ വായിക്കുമായിരുന്നു. കഥകൾ വായിക്കുമായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു ഇഷ്ടപ്പെട്ട എഴുത്തുകാർ. നാട്ടിലെ കഥകളും നാടൻ കഥാപാത്രങ്ങളുമാണ് അവരുടെ പുസ്തകങ്ങളിൽ കാണാനാവുക. നാട്ടിൽ കണ്ട് പരിചയിച്ച പലരെയും വായനയിൽ കാണാം. ഇപ്പോൾ ഫിക്ഷൻ വായിക്കുന്നത് കുറവാണ്.
തമാശയെന്താണെന്നുവെച്ചാൽ മുമ്പ് ഞാനൊരു കഥ എഴുതിയിട്ടുണ്ട്. ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ അത് പ്രസിദ്ധീകരിച്ചും വന്നു. 1994 കാലത്ത് ഒരു കേസിന്റെ ഭാഗമായി പൊലീസ് അന്വേഷണത്തിൽനിന്ന് മാറിനിന്ന കാലത്താണ് അതെഴുതിയത്. അന്ന് സിദ്ധാർഥൻ പരുത്തിക്കാടിനായിരുന്നു ആഴ്ചപ്പതിപ്പിന്റെ ചുമതല. എഴുതിയപ്പോൾ വെറുതേ അയച്ചതാണ്. പ്രസിദ്ധീകരിക്കുമെന്നൊന്നും കരുതിയില്ല. സിദ്ധാർഥൻ പരുത്തിക്കാടിന്റെ കത്ത് വരുന്നു, നിങ്ങളുടെ കഥ കൊടുക്കുന്നുണ്ട്, ഫോട്ടോ അയക്കണമെന്നുപറഞ്ഞ്.
കഥയുടെ പേരോർമയുണ്ടോ.
▲ പതനം
എന്തിനെ കുറിച്ചായിരുന്നു.
▲ ഒറ്റക്കിരിക്കുന്ന ഒരാളുടെ ഭീതി (ചിരിക്കുന്നു). അതാണ് എന്റെ ആദ്യത്തെയും അവസാനത്തെയും കഥ. പറഞ്ഞുവന്നത് പുസ്തകരചനക്കുള്ള പുസ്തകങ്ങളാണ് അധികവും വായിക്കുന്നത്. ഇടയിൽ വായിച്ച ഒരു നോവൽ എന്നെ വല്ലാതെ ആകർഷിച്ചു. വിനോദ് കൃഷ്ണയുടെ 9 എം.എം ബരേറ്റ. ചരിത്രത്തെ ആവിഷ്കരിച്ചുകൊണ്ടുള്ള നോവലാണ്. ഗാന്ധിവധത്തിലേക്കെത്തിയ സന്ദർഭങ്ങളെയാണ് അതിൽ ചിത്രീകരിക്കുന്നത്. പിന്നെ തിരക്കിനിടയിൽ വായനക്ക് സമയപരിധിയുണ്ട്.
പുസ്തകങ്ങളുടെ പ്രസിദ്ധീകരണ സമയത്ത് കവറുകൾ ജയരാജേട്ടൻ ശ്രദ്ധിക്കാറുണ്ടോ.
▲ തീർച്ചയായും. അത് ശ്രദ്ധിക്കാറുണ്ട്. പുസ്തകത്തിന്റെ ആശയത്തെ പ്രതിനിധീകരിക്കുന്ന, അത്തരത്തിൽ നീതി പുലർത്തുന്ന കവർ പേജുകളാവണമെന്നുണ്ട്. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ കവർ രൂപകൽപന സൈനുൽ ആബിദാണ്. പള്ളിയുടെ മിനാരവും ബാങ്കുവിളിക്കുന്ന കോളാമ്പിയും ഒരുമിച്ച് ചിത്രീകരിക്കുന്ന ഒരു കവറായിരുന്നു. ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ക്ക് ഗാന്ധിയും നാരായണഗുരുവും തമ്മിലുള്ള സംഭാഷണം ചിത്രീകരിച്ച ശിൽപി ഉണ്ണി കാനായിയുടെ ശിൽപമാണ് കവറായി നൽകിയത്. ഡിസൈൻ ചെയ്തത് കെ.ടി. വിനോദാണ്. അതിന്റെ ഏഴാം പതിപ്പ് സൈനുൽ ആബിദിന്റെ കവറോടെ ഈ മാസം തന്നെ പുറത്തിറങ്ങും.
ഇന്ത്യൻ രാഷ്ട്രീയത്തിലാണെങ്കിലും കേരള രാഷ്ട്രീയത്തിലാണെങ്കിലും എഴുത്തുകാരായ രാഷ്ട്രീയക്കാർ പലരുമുണ്ട്. ഒരു രാഷ്ട്രീയനേതാവ് എഴുതേണ്ടത് എന്തുകൊണ്ടാണ് ? എഴുത്തുകാരനായ രാഷ്ട്രീയക്കാരന്റെ പ്രസക്തിയും സാധ്യതയുമെന്താണ് ?
▲ പുസ്തകങ്ങളിലൂടെ ഒരു ആശയസംവാദം നടക്കും. എന്നെപ്പോലെ ഉത്തരവാദപ്പെട്ട ഒരു പാർട്ടി പ്രവർത്തകൻ എഴുതുന്നതൊക്കെ ശ്രദ്ധിക്കാൻ പലരും തയാറാവുന്നുണ്ട്. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം ഇറങ്ങിയപ്പോൾ പല സർവകലാശാലകളിലും ചർച്ചകൾ നടന്നു. ഇപ്പോഴും അത് തുടരുന്നു. പുതിയ പുസ്തകത്തെക്കുറിച്ചും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. സി.പി.എമ്മിന് അകത്തുള്ളവർക്കും പുറത്ത് അതിനെ വിമർശിക്കുന്നവർക്കുമിടയിൽ പുസ്തകങ്ങൾ ഒരേപോലെ ചർച്ചയാവുന്നു എന്നതാണ് അതിൽ കാണുന്നത്. ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ ഇറങ്ങിയ സമയത്ത് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എം.കെ. മുനീർ എന്നെ വിളിച്ചു. പുസ്തകം വായിച്ചു, നല്ല അഭിപ്രായം പറഞ്ഞു. കമ്യൂണിസ്റ്റ് ഇതരർക്കിടയിലും പുസ്തകം വായിക്കപ്പെടുന്നു, ചർച്ച ചെയ്യപ്പെടുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്. ആ പുസ്തകത്തിലേക്ക് വരാം. മികച്ച പ്രതികരണമാണല്ലോ അതിന് ലഭിക്കുന്നത്. കേരളത്തിൽ നിരവധി വേദികളിൽ ചർച്ച നടക്കുന്നു, യു.എ.ഇയിൽ ചർച്ച നടന്നു.
പു.ക.സ പോലെയുള്ള സാംസ്കാരിക സംഘടനകൾ, സി.പി.എമ്മിന്റെ മറ്റ് പോഷകസംഘടനകൾ തുടങ്ങി പലരും ചർച്ചക്ക് മുൻകൈയെടുക്കുന്നു. കേരളത്തിന്റെ പാരമ്പര്യം പരിശോധിച്ചാൽ സാഹിത്യത്തിലൂടെയും നാടകത്തിലൂടെയുമൊക്കെ രാഷ്ട്രീയം വളർന്ന പാരമ്പര്യം കാണാനാവും. ആ നിലക്ക് നോക്കിയാൽ ഈ പുസ്തകം പാർട്ടിക്കുള്ളിലെ ഹിന്ദുത്വ വിമർശനത്തിന് എത്രത്തോളം കരുത്തു പകരുമെന്നാണ് കരുതുന്നത്? സി.പി.എം ഹിന്ദുത്വക്കെതിരെ ശക്തമായ നിലപാടെടുക്കുന്നില്ല എന്നൊരു വിമർശനം കഴിഞ്ഞ കുറച്ചുനാളുകളായി ഉണ്ടല്ലോ. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങളിലൊന്നായി അതിനെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് താങ്കളുടെ പുസ്തകം വരുന്നത്.
▲ സി.പി.എം ഹിന്ദുത്വ രാഷ്ട്രീയങ്ങൾക്കെതിരായ വിമർശനങ്ങൾ അവസാനിപ്പിച്ചു എന്ന ആഖ്യാനമൊന്നും ശരിയല്ല. അക്കാര്യത്തിൽ കൂടുതൽ ശക്തമായ വിമർശനം വേണ്ടിയിരുന്നില്ലേ എന്ന വിഷയം മാത്രമേയുള്ളൂ. ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥക്കും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും ഹിന്ദുത്വ രാഷ്ട്രീയം വരുത്തുന്ന അപകടങ്ങളുടെ പ്രത്യാഘാതങ്ങളെ പറ്റി ലെഫ്റ്റിൽ ഏറ്റവും ശക്തമായി പ്രതികരിക്കുന്നത് സി.പി.എമ്മിനെ പോലുള്ള പാർട്ടികളാണ്. കോൺഗ്രസിന് അതിൽ ചഞ്ചലമനസ്സാണ്. കേരളത്തിന്റെ പശ്ചാത്തലം പരിശോധിച്ചാൽ ആർ.എസ്.എസിനെ എക്കാലത്തും ശക്തമായി പ്രതിരോധിച്ചത് സി.പി.എമ്മും ഇടതുപക്ഷവുമാണെന്ന് കാണാം.
അതിൽ പാർട്ടി പിന്നോട്ട് പോയിട്ടില്ലേ. പാർട്ടി സംവിധാനം ഹിന്ദുത്വയെ വേണ്ടവിധം വിമർശിക്കാത്ത പശ്ചാത്തലത്തിൽ, ആർ.എസ്.എസിനോട് നിരന്തരം പോരാടിയ നേതാവിന്റെ പുസ്തകം ചർച്ചയാവേണ്ടതുണ്ട് എന്ന അണികളുടെ തീരുമാനത്തിന്റെ ഭാഗമായി ഈ പുസ്തക ചർച്ചകളെ കാണാനാവുമോ?
▲ ആ അഭിപ്രായം ശരിയല്ല. കേരളീയ സമൂഹം ഇപ്പോഴും ഇടതുപക്ഷത്തിന്റെ ആശയപരമായ സ്വാധീനമുള്ള ഇടമാണ്. അതുകൊണ്ടാണ് മതനിരപേക്ഷതയുടെ സംരക്ഷിതതുരുത്തായി ഇപ്പോഴുമത് നിൽക്കുന്നത്. എന്നാൽ, ഒരാപൽസൂചനയുണ്ട്. അതാണ് ബി.ജെ.പിക്ക് കിട്ടിയ മൂന്നുസീറ്റുകൾ. സംഘ്പരിവാറിന്റെയും ആർ.എസ്.എസിന്റെയും പ്രചാരണങ്ങൾക്ക് ഒരു വിഭാഗം ആളുകളിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് അത് വ്യക്തമാക്കുന്നത്. അത്തരമൊരു തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയേക്കാളും, ബി.ജെ.പിയുടെ വിജയത്തെയും അവരുടെ വോട്ടുശതമാനം വർധിച്ചതിനെയും അഭിമുഖീകരിക്കേണ്ടതായി ഇടതുപക്ഷ മനസ്സുള്ളവർ കാണുന്നു, മതനിരപേക്ഷമനസ്സുള്ളവർ കാണുന്നു. അതിന്റെ ഭാഗമായി ഈ പുസ്തകത്തിന് സ്വീകാര്യത വരുന്നു. കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. അതല്ലാതെ സി.പി.എം ആ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്തതിന്റെ ഫലമായിട്ടല്ല.
ഇത്തവണത്തെ തോൽവിയെ താങ്കൾ വിലയിരുത്തുന്നതെങ്ങനെയാണ്? പുതിയ സർക്കാറിന്റെ പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു? ഇടതുപക്ഷം തിരിച്ചുവരുമോ.
▲ തീർച്ചയായും. സി.പി.എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും മാത്രമേ രാജ്യം അഭിമുഖീകരിക്കുന്ന നാനാവിധ പ്രശ്നങ്ങൾക്ക് കൃത്യമായ നിലപാട് വ്യക്തമാക്കുന്നുള്ളൂ. അത് വളരെ പ്രധാനമാണ്. സംഘ്പരിവാർ രാജ്യം മുഴുവൻ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഒന്നും പറയാതിരിക്കുക, അതിനോട് ഒത്തുപോവുക, എന്നിട്ട് ഭരണം നിലനിർത്തുക എന്നതാണ് യു.ഡി.എഫിന്റെ നയം. നിലപാട് ഉണ്ടായിട്ടും ഇടതുപക്ഷം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യം അപ്പോൾ പ്രസക്തമാണ്. പത്തുകൊല്ലത്തെ എൽ.ഡി.എഫ് ഭരണം നോക്കുമ്പോൾ ഭരണനേതൃത്വത്തിൽ അഴിമതിയില്ലെന്ന് കാണാം. പുകമറയുണ്ടാക്കിയിട്ടുണ്ട്, ചില കേസുകളിൽ കുടുക്കാനും നോക്കിയിട്ടുണ്ട്. പക്ഷേ , തെളിവുകളില്ല.
രണ്ടാമത്, വലിയ വികസനങ്ങളും ക്ഷേമപ്രവർത്തനങ്ങളും നടപ്പിലാക്കി. എന്നിട്ടും തോറ്റു, അവിടെയാണ് കമ്യൂണിസ്റ്റുകാർ മനസ്സിലാക്കേണ്ട പ്രധാന പാഠമുള്ളത്. വികസന നേട്ടങ്ങൾ കൊണ്ടോ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ടോ രാഷ്ട്രീയമായ വോട്ട് വരില്ല. 2021ൽ രാഷ്ട്രീയമായ തുടർഭരണത്തിനാണ് ജനങ്ങൾ വിധിയെഴുതിയത്. അത്തരമൊരു സാഹചര്യം 2026ലുണ്ടായില്ല. 2021ൽ എൽ.ഡി.എഫിന് വോട്ടുചെയ്ത ചെറിയൊരു വിഭാഗം യു.ഡി.എഫിന് ഇത്തവണ വോട്ടുചെയ്തു. ഇടതുപക്ഷവോട്ടിനുതന്നെ ശോഷണം സംഭവിച്ചു.

മുസ്ലിം വോട്ടുകളുടെ ഏകീകരണം എന്നൊരു വാദമുണ്ടല്ലോ.ന്യൂനപക്ഷങ്ങളോടും ദലിത്, ഗോത്രവിഭാഗങ്ങളോടുമുള്ള സമീപനത്തിൽ സി.പി.എം മാറ്റം വരുത്തേണ്ടതായി തോന്നുന്നുണ്ടോ?
▲ അതിലൊന്നും സി.പി.എമ്മിന്റെ നിലപാടുകൾക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷേ, അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. വലതുപക്ഷത്തിന്റെ രാഷ്ട്രീയമായ ഏകീകരണമാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. മുസ്ലിം ഏകീകരണവും ഹിന്ദു ഏകീകരണവും സംഭവിച്ചു.
പാർട്ടിക്കകത്തെ പ്രശ്നങ്ങൾ തോൽവിക്ക് കാരണമായിട്ടുണ്ടോ? സംഘടനക്കകത്തെ വിമർശനങ്ങളെ ജനാധിപത്യപരമായി കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ?
▲ കമ്യൂണിസ്റ്റ് പാർട്ടി മറ്റ് പാർട്ടികളിൽനിന്ന് വ്യത്യസ്തമാണ്. അതിന്റെ ജനാധിപത്യപരമായ ചർച്ചകളിൽ വല്ല പോരായ്മയും വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള സംവിധാനവും ഈ പാർട്ടിക്കകത്ത് തന്നെയുണ്ട്. ഇപ്പോൾ തന്നെ നോക്കൂ, തോൽവിക്കുശേഷം പാർട്ടിയെടുത്ത തീരുമാനം സ്വതന്ത്രവും ഉള്ളുതുറന്നതുമായ ചർച്ചയാണ്. അത് അടിവരയിട്ട് പറയുന്നു. ഓരോ പാർട്ടി അംഗത്തിനും പറയാനുള്ളത് പറയാം. അതിന്റെ അടിസ്ഥാനത്തിൽ ഏറ്റവുമൊടുവിൽ കേന്ദ്ര കമ്മിറ്റി, തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് അന്തിമമായി അംഗീകരിച്ചിരിക്കുകയാണ്. ആ രേഖ ഇന്ന് പബ്ലിക്ക് ഡൊമൈനിൽ കിട്ടും. അത് വായിച്ചാൽ സി.പി.എമ്മിന്റെ സവിശേഷത എന്താണെന്ന് മനസ്സിലാവും. എന്നുപറഞ്ഞാൽ, സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയേക്കാൾ കൂടുതൽ വ്യക്തമായി സ്വയംവിമർശനം നടത്തിയാണ് ആ രേഖ വന്നിരിക്കുന്നത്. അത് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ഫലമാണ്. അതിൽ കൃത്യമായി തെരഞ്ഞെടുപ്പ് വീഴ്ചകളെ രേഖപ്പെടുത്തിയിട്ടുണ്ട്. വലതുപക്ഷത്തെ അതിജീവിച്ച് ഇടതുപക്ഷത്തിന് രാഷ്ട്രീയമായി മേൽക്കൈ ഉണ്ടായില്ല എന്നത് അതിൽ ചൂണ്ടിക്കാണിക്കുന്നു.
രാഷ്ട്രീയ ബലാബലത്തിൽ ഇടതുപക്ഷം ഇപ്പോഴും പിന്നിലാണ്. അതിന് രാഷ്ട്രീയവും ആശയപരവുമായ സമരങ്ങൾ ആവശ്യമാണ്. ഇപ്പോഴതിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കാരണം, മേയ് 18ന് അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാർ അത്തരമൊരു ഭരണമാണ് കാഴ്ചവെക്കുന്നത്. വഖഫ് വിഷയത്തിലും പി.എം ശ്രീയിലും അവർ പിന്നോട്ടുപോയി. പ്രളയസാഹചര്യം നേരിടുന്നതിൽ അവർ പരാജയപ്പെട്ടു. അങ്ങനെ പല കാരണങ്ങളാൽ ഇടതുപക്ഷത്തിന് സമരങ്ങൾ ശക്തിപ്പെടുത്താനുള്ള സാഹചര്യങ്ങൾ ഇവിടെയുണ്ട്.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1489ൽ തുടരും
