ഗൂഢാലോചന നടന്നത് ആദിവാസികൾക്കെതിരെ, തിരിച്ചല്ല

മുത്തങ്ങക്കേസിലുണ്ടായ കോടതിവിധിക്കെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയർന്നു. ശിക്ഷ മരവിപ്പിച്ചുവെങ്കിലും എം. ഗീതാനന്ദനു തടവുശിക്ഷ വിധിച്ചു. ഈ പശ്ചാത്തലത്തിൽ മുത്തങ്ങ സമരത്തെയും വർത്തമാനകാല ദലിത്-ആദിവാസി യാഥാർഥ്യങ്ങളെയും പരിശോധിക്കുകയാണ് സമരനേതാവുകൂടിയായ ഗീതാനന്ദൻ. ജയിലിലെ നിങ്ങളുടെ അനുഭവം ഓർക്കുമ്പോൾ, അവിടെയെത്തുന്ന മനുഷ്യരുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് എന്താണ് ശ്രദ്ധയിൽപെട്ടത്? സാമ്പത്തികമായും സാമൂഹികമായും...
Your Subscription Supports Independent Journalism
View Plansമുത്തങ്ങക്കേസിലുണ്ടായ കോടതിവിധിക്കെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയർന്നു. ശിക്ഷ മരവിപ്പിച്ചുവെങ്കിലും എം. ഗീതാനന്ദനു തടവുശിക്ഷ വിധിച്ചു. ഈ പശ്ചാത്തലത്തിൽ മുത്തങ്ങ സമരത്തെയും വർത്തമാനകാല ദലിത്-ആദിവാസി യാഥാർഥ്യങ്ങളെയും പരിശോധിക്കുകയാണ് സമരനേതാവുകൂടിയായ ഗീതാനന്ദൻ.
ജയിലിലെ നിങ്ങളുടെ അനുഭവം ഓർക്കുമ്പോൾ, അവിടെയെത്തുന്ന മനുഷ്യരുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് എന്താണ് ശ്രദ്ധയിൽപെട്ടത്?
സാമ്പത്തികമായും സാമൂഹികമായും ദുർബലരായവർമാത്രം പെട്ടുപോകുന്ന ഒരു കേന്ദ്രമാണ് ജയിൽ. അറിഞ്ഞോ അറിയാതെയോ, അല്ലെങ്കിൽ ആവശ്യമായ നിയമവ്യവഹാരങ്ങൾ നടത്താനുള്ള ശേഷിയില്ലാത്തതുകൊണ്ടോ, ഒരു മിനിമം നിയമപരിരക്ഷപോലും ലഭിക്കാതെ വിചാരണക്ക് ഇരയാക്കപ്പെടുന്നവരുടെ വലിയ താവളമാണ് ജയിൽ. തീർച്ചയായും, അതിനകത്ത് ക്രിമിനൽകൃത്യങ്ങൾ ചെയ്തവരുണ്ടാകാം. പക്ഷേ, ഇവരിൽ കൂടുതൽ പേരും സ്വയം ഡിഫൻഡ് ചെയ്യാൻ കഴിയാതെ അകപ്പെട്ടുപോകുന്നവരാണ്.
ഞാൻ 2003ൽ മുത്തങ്ങ സമരത്തിനുശേഷം കോഴിക്കോട് ജയിലിലെത്തുമ്പോൾ, കാഴ്ചയിൽ തോന്നിയതനുസരിച്ച് അവരിൽ ഭൂരിഭാഗവും ദലിതരായിരുന്നു. അന്ന് കോഴിക്കോട് ജയിലിൽ 14ാം വയസ്സിൽ കൊണ്ടുവന്ന ഒരു ദലിത്-ആദിവാസി പയ്യനുണ്ടായിരുന്നു. ഒരു കുപ്പി ചാരായം പിടിച്ചതിന്റെ പേരിലാണ് അവനെ കൊണ്ടുവന്നത്. അവൻ ജയിലിൽ വരുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. ശരിക്കും അവൻ ജുവനൈൽ ഹോമിൽ പോകേണ്ടതായിരുന്നു. പക്ഷേ, പൊലീസുകാർ കള്ളത്തരത്തിൽ അവന്റെ പ്രായം കൂടുതലായി കാണിച്ച് ജയിലിൽ റിമാൻഡ് ചെയ്തു. ഒരു ജഡ്ജിയും അവന്റെ രേഖകൾ ക്രോസ് ചെക്ക് ചെയ്തില്ല. അന്ന് അവന് ജാമ്യമെടുക്കാൻ ആരുമില്ലായിരുന്നു. ബാബു എന്നായിരുന്നു പേരെന്ന് ർമയുണ്ട്. അങ്ങനെ നിരവധി ആളുകൾ അതിനകത്തുണ്ടായിരുന്നു.
അന്ന് കൂടുതലും ദലിതരായിരുന്നു ജയിൽ ഇൻമേറ്റ്സ് എങ്കിൽ, ഇന്ന് അതിലൊരു മാറ്റം കാണുന്നുണ്ട്. ഇപ്പോൾ കണ്ണൂർ ജയിലിൽ 39 കൊല്ലത്തോളമായി റിമാൻഡിൽ പെട്ടുകിടക്കുന്ന ഒരു ആദിവാസി യുവാവുണ്ട്. അയാൾക്ക് മാനസിക പ്രശ്നമുള്ളതുകൊണ്ട് ആരും ഏറ്റെടുക്കുന്നില്ല എന്നാണ് കേട്ടത്. പിന്നെ ഒരാൾ കൊലക്കുറ്റത്തിന് വന്നതാണ്. പക്ഷേ, ശിക്ഷാകാലം കഴിഞ്ഞിട്ട് കുറെ കാലമായി. പോകാൻ ഇടമില്ലാത്തതുകൊണ്ട് ജയിലിൽ തന്നെയാണ് കഴിയുന്നത്.
കണ്ണൂർ ജയിലിൽ ഞാൻ കണ്ട വിചിത്രമായ സംഭവങ്ങളിൽ ഒന്ന് പോക്സോ കേസിൽ വന്നിരിക്കുന്ന ഒട്ടേറെ ആളുകളെയാണ്. പലരും വേണ്ടവിധം സ്വയം ഡിഫൻഡ് ചെയ്യാൻ കഴിയാത്ത ആളുകളാണ്. ജുഡീഷ്യറിയുടെ ഏകപക്ഷീയവിചാരണരീതിയുടെ ഇരകളാണ് പോക്സോ കേസിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദിവാസി യുവാക്കളിൽ ഏറെയും.

സി.കെ. ജാനുവും എം. ഗീതാനന്ദനും
പോക്സോ നിയമം നിലവിൽ വന്നതിനുശേഷം ആദിവാസി സമൂഹത്തിൽ ഈ നിയമത്തിന്റെ പ്രയോഗത്തെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങൾ എന്താണ്?
2012ലാണല്ലോ പോക്സോ നിയമം വരുന്നത്. ഈ നിയമം കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റിന്റെ ഭാഗമായ പൊലീസ്, ജുഡീഷ്യറി തുടങ്ങിയ സംവിധാനങ്ങൾ പാവപ്പെട്ട ആദിവാസികളെ പിടിച്ച് അകത്താക്കുന്ന രീതിയിലാണ് പലപ്പോഴും പ്രവർത്തിച്ചിരുന്നത്. ആദിവാസികൾക്കിടയിൽ പരമ്പരാഗതമായി പിന്തുടർന്നുവന്ന ഒരു രീതിയുണ്ട് -പ്രായപൂർത്തിയാകും മുമ്പുതന്നെ വിവാഹം കഴിക്കുക. പണ്ടൊക്കെ ഇതൊരു ആചാരമായി നടന്നിട്ടുണ്ട്.
ഇപ്പോൾ ആചാരമായി ചെയ്യുന്നില്ലെങ്കിലും, പ്രായപൂർത്തിയാകുംമുമ്പ്, മെൻസ്ട്രുവേഷൻ കഴിഞ്ഞാൽ വിവാഹം കഴിക്കാം എന്നൊരു സാമൂഹികബോധം അവരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, 16ാം വയസ്സിലും 17ാം വയസ്സിലുമൊക്കെ പ്രണയിച്ച് വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്യുന്നത് അവിടെ സാധാരണമാണ്. ഇങ്ങനെയുള്ള കുട്ടികൾ ഭാര്യയും ഭർത്താവുമായി ജീവിക്കുന്നു. ചിലർ വീട്ടുകാരറിയാതെ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുന്നു. എന്തായാലും പെൺകുട്ടി ഗർഭിണിയായി ആശുപത്രിയിൽ പ്രസവിക്കാനായി ചെല്ലുമ്പോഴാണ് പലപ്പോഴും പ്രശ്നം തുടങ്ങുന്നത്. അവർക്കൊന്നും നിയമങ്ങളെക്കുറിച്ച് അറിവുണ്ടാകില്ല.
പെൺകുട്ടിയുടെ ആധാർ പരിശോധിക്കുമ്പോഴാണ് 16 കഴിഞ്ഞ് 17 ആയിട്ടേയുള്ളൂ എന്ന് മനസ്സിലാകുന്നത്. 18 വയസ്സ് തികയാൻ ഒരു മാസം കുറവായിരിക്കാം, അല്ലെങ്കിൽ ഒരു ദിവസം കുറവായിരിക്കാം. ഉടൻ അവർ കുട്ടിയെ തടഞ്ഞുവെക്കുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്യും. ചൈൽഡ് ലൈനിലെ ആളുകൾ ആദ്യം കുട്ടിയുടെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തും. ഭർത്താവ് ഇതൊന്നും അറിയുന്നുണ്ടാകില്ല.
അയാൾ മരുന്ന് വാങ്ങാൻ പോയിരിക്കുകയായിരിക്കും. മരുന്ന് വാങ്ങി തിരിച്ചുവരുമ്പോഴേക്കും കുട്ടിയെ പിന്നെ കാണാൻ കഴിയില്ല. കാരണം, പോക്സോ നിയമത്തിന്റെ പരിധിയിൽ പെൺകുട്ടി വിക്ടിമാണ്; ഭർത്താവ് കേസിലെ പ്രതിയുമാകും. അയാൾ തിരിച്ചുവരുമ്പോൾ പൊലീസ് കസ്റ്റഡിയിലായിരിക്കും. ഉടൻത അയാളെ റിമാൻഡ് ചെയ്യും. അയാളുടെ പേരിൽ ഭീകര കുറ്റങ്ങൾ വരെ ചുമത്തും. തട്ടിക്കൊണ്ടുപോകൽ പോലുള്ള കുറ്റങ്ങൾ വരെ അതിൽപെടും. പെൺകുട്ടിയെ കുടുംബത്തിന്റെ സംരക്ഷണത്തിൽനിന്ന് കൊണ്ടുപോയി എന്ന തരത്തിലുള്ള കുറ്റങ്ങളും, സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളും, ബലാത്സംഗക്കുറ്റവും ചേർക്കും. പോക്സോ നിയമത്തിലെ പെനിട്രേറ്റിവ് സെക്ഷ്വൽ അസോൾട്ട് പോലുള്ള ഗുരുതരമായ കുറ്റങ്ങളും ചുമത്തും.
ഇതിൽ ഏറ്റവും വലിയൊരു വിഷയമാക്കുന്നത് പെനിട്രേറ്റിവ് സെക്ഷ്വൽ അസോൾട്ടാണ്. തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു എന്ന കുറ്റം. ഇതുകൂടി വരുമ്പോൾ ശിക്ഷയുടെ ഗൗരവം വർധിക്കും. പെനിട്രേഷൻ നടന്നതുകൊണ്ടാണല്ലോ ഗർഭിണിയാകുന്നത്. ഇതുപോലുള്ള ഇരുപതോളം കേസുകളുടെ കേസ് ഹിസ്റ്ററിയെങ്കിലും ഞാൻ നോക്കിയിട്ടുണ്ട്. പലതിലും ഇതുതന്നെയായിരിക്കും അവസ്ഥ. പെനിട്രേഷൻ നടന്നിട്ടുണ്ട്, ശരീരത്തിൽ എവിടെയെങ്കിലും ഒരു ഇൻജുറിയുണ്ടെന്ന് കാണിക്കും. അതിനെ ബലാത്സംഗത്തിന്റെ തെളിവായി കണക്കാക്കും. 2012, 2013, 2014, 2015, 2016 എന്നീ അഞ്ച് വർഷത്തിനുള്ളിൽ പോക്സോ കേസ് ഉപയോഗപ്പെടുത്തി പാവപ്പെട്ട ഇരുപതിലധികം ആദിവാസി യുവാക്കളെയാണ് പിടികൂടിയതെന്നാണ് എന്റെ അറിവ്. ഇപ്പോഴും കണ്ണൂർ ജയിലിൽ അത്തരത്തിലുള്ള ധാരാളം പേരുണ്ട്.
ഇന്ത്യയിൽ ബാലവിവാഹം വ്യാപകമായി നടന്നിരുന്നല്ലോ. മഹാത്മാക്കൾ ഉൾപ്പെടെ പലരും കുട്ടിക്കാലത്ത് വിവാഹം കഴിച്ചവരാണ്. ഈ നിയമങ്ങൾക്ക് മുൻകാല പ്രാബല്യമുണ്ടായിരുന്നെങ്കിൽ ഇന്ത്യയിലെ നവോത്ഥാന നേതാക്കളും ദേശീയ നേതാക്കളുമെല്ലാം ജയിലിൽ പോയേനെ; മഹാത്മാഗാന്ധി ഉൾപ്പെടെ. അതാണ് ഇതിന്റെ ഒരു സാമൂഹിക സാഹചര്യം.
കണ്ണൂർ ജയിലിൽ ഇങ്ങനെ കിടക്കുന്ന ധാരാളം ആളുകളുണ്ട്. ചിലപ്പോൾ കുടുംബവഴക്കിൽ ഭാര്യമാർ ഉണ്ടാക്കിയെടുക്കുന്ന കേസുകളുമുണ്ട്. സ്വന്തം മക്കളെ പീഡിപ്പിച്ചു എന്നാരോപിച്ച് കേസുകളുണ്ടാകാറുണ്ട്. പോക്സോ കേസ് നോൺ-ആദിവാസി ആളുകളുടേതാണെങ്കിൽപോലും, അതിന്റെ ട്രയൽരീതിയിലും അന്വേഷണത്തിലും വലിയ വൈകല്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ആനുപാതികമായിരിക്കണം അയാൾക്ക് ലഭിക്കുന്ന ശിക്ഷ. അങ്ങനെയല്ല ഈ കേസുകളിൽ പലപ്പോഴും സംഭവിക്കുന്നത്. ഉദാഹരണത്തിന്, രണ്ടുപേരെ കൊലപ്പെടുത്തിയ ഒരാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചാലും പിന്നീട് ഇളവുകളും റെമിഷനും ലഭിക്കും. ചില സാഹചര്യങ്ങളിൽ 16 വർഷം കഴിഞ്ഞാൽപോലും പുറത്തിറങ്ങാൻ കഴിയും. ഇവർക്കൊന്നും അതില്ല.
നോ റെമിഷൻ എന്ന രീതിയിലാണ്. 20 വർഷത്തെ ശിക്ഷയാണെങ്കിൽപോലും, കുറഞ്ഞത് 10 വർഷമെങ്കിലും ശിക്ഷ അനുഭവിച്ചശേഷം വല്ല ബോർഡിന്റെ മുമ്പാകെ അപേക്ഷ നൽകാനുള്ള അവസരമെങ്കിലും ഉണ്ടാകണം. ഇങ്ങനെ പെട്ടുകിടക്കുന്നവരിൽ നല്ലൊരു ഭാഗവും പാവപ്പെട്ട ആദിവാസികളും ദലിതരുമാണ്. അവർ പിന്നെ എങ്ങനെയൊക്കെയോ പുറത്തിറങ്ങിയിട്ടുണ്ട്. വയനാട്ടിലെ ഡോ. ഹരിയെപ്പോലുള്ള മനുഷ്യാവകാശ പ്രവർത്തകർ ഇടപെട്ടതുകൊണ്ടും മറ്റുമാണ് ചിലർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.

മുത്തങ്ങയിൽ പൊലീസ് നടത്തിയ നരനായാട്ട്
മുത്തങ്ങ സമരത്തെക്കുറിച്ച് പിന്നീട് രൂപപ്പെട്ട പൊതുവായ വിവരണങ്ങളും നേരിട്ട് കണ്ട അനുഭവങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് നിങ്ങൾ പറയുന്നുണ്ട്. മുത്തങ്ങയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്നാണ് നിങ്ങൾ പറയുന്നത്?
മുത്തങ്ങ സംഭവം ഉണ്ടാകുന്നത് ഭൂസമരത്തിന്റെ ഭാഗമായാണ്. അല്ലാതെ കൊലചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ക്രിമിനലുകളായിരുന്നില്ല ആദിവാസികൾ. അവരുടെ സാമൂഹികമായ പശ്ചാത്തലം മുഴുവൻ ചോർത്തിക്കളഞ്ഞു. അവരെ വെറും അതിക്രമിച്ചുകയറിയവരായി/ക്രിമിനലുകളായി മാത്രമാണ് അവതരിപ്പിച്ചത്. ഹൈകോടതിയിൽ മുത്തങ്ങ കേസ് നടക്കുമ്പോൾ ഒരു ജഡ്ജി, “ട്രെസ്പാസേഴ്സിന് എന്ത് ഹ്യൂമൻ റൈറ്റ്സ്?” എന്നാണ് ഞങ്ങളോടു ചോദിച്ചത്. പേര് ഞാൻ പറയുന്നില്ല. അപ്പോൾ ഇതൊക്കെ ട്രെസ്പാസിങ് ആണെന്നാണ് പറയുന്നത്. എന്നാൽ ട്രെസ്പാസ് ആണെന്ന് തെളിയിക്കാനുള്ള രേഖയൊന്നും അവരുടെ കൈയിലില്ല.
മുത്തങ്ങ വനഭൂമിയാണെന്ന് തെളിയിക്കാനുള്ള രേഖയുമില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ പേരിൽ ചുമത്തിയ പല വനം കേസുകളും പിന്നീട് നിലനിന്നില്ല; പലതും തള്ളിപ്പോയിട്ടുണ്ട്. ശരിക്കും മുത്തങ്ങ സമരമെന്ന് പറയുന്നത് സമാധാനപരമായി നടക്കുന്ന ഒരു സത്യഗ്രഹ സമരം മാത്രമായിരുന്നില്ല. അതേസമയം, ഇപ്പോൾ നമ്മൾ ‘നരിവേട്ട’ സിനിമയിലൊക്കെ കാണുന്നതുപോലെ ഒരു സ്റ്റേജ് ചെയ്ത സമരവുമല്ല അത്. അവിടെ വലിയ ഗ്രാമങ്ങളായിരുന്നു. എല്ലാവരും അവരവരുടെ ഗ്രാമങ്ങളിൽ പണിയെടുത്തും പുരയിടങ്ങളിൽ കൃഷി ചെയ്തും കഴിയുകയായിരുന്നു. അംഗൻവാടികൾ തുറന്ന് പ്രവർത്തിച്ചിരുന്നു. പൊലീസ് വരികയോ എന്തെങ്കിലും നടപടി ഉണ്ടാകുകയോ ചെയ്താൽ ആരും ഇറങ്ങിപ്പോകരുതെന്നും, നമ്മൾ പതിവായി ചെയ്യുന്ന കാര്യങ്ങൾ തുടർന്നുകൊണ്ടിരിക്കണമെന്നുമായിരുന്നു ഞങ്ങൾ നൽകിയ പൊതുനിർദേശം.
അവിടെ ഏകദേശം 28 ഊരുകൂട്ടങ്ങൾ ഉണ്ടായിരുന്നു. ഊരുകൂട്ടങ്ങളുടെ കൗൺസിൽ ചേർന്ന് തീരുമാനിച്ച ചില സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. മുത്തങ്ങയിലെ ആദിവാസി കൗൺസിൽ അടക്കമുള്ള സംഘടനകളും സർക്കുലറുകൾ ഇറക്കിയിരുന്നു. പൊലീസ് വരികയോ കുടിയൊഴിപ്പിക്കൽ നടപടി ഉണ്ടാകുകയോ ചെയ്താൽ ആരും ഇറങ്ങിപ്പോകരുതെന്നും, പൊലീസ് അറസ്റ്റ് ചെയ്യുന്നുവെങ്കിൽ അറസ്റ്റ് വരിച്ച് പോകണമെന്നും ആയിരുന്നു നിർദേശം. അല്ലെങ്കിൽ അവരവരുടെ ദൈനംദിന ജീവിതം തുടരണമെന്നായിരുന്നു നിലപാട്.
2003 ഫെബ്രുവരിയിൽ നടന്ന മുത്തങ്ങ സമരത്തിൽ പൊലീസുകാർക്ക് കുടിൽ കെട്ടി താമസിച്ചതിന് ഞങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാമായിരുന്നു. പക്ഷേ, അവർ അതല്ല ചെയ്തത്. ആളുകളെ ഉൾക്കാട്ടിലേക്ക് ഓടിക്കുകയും വീടുകൾക്ക് തീ വെക്കുകയും ചെയ്ത് അവരെ റൂട്ട് ഔട്ട് ചെയ്യുക എന്ന രീതിയാണ് സ്വീകരിച്ചത്. ഇതിനിടയിൽ ആളുകളെ വ്യക്തികളായി അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിനു പകരം, റബർ ബുള്ളറ്റുകളും വെടിക്കോപ്പുകളും ഗ്രനേഡുകളും പെല്ലറ്റുകളും യഥാർഥ വെടിയുണ്ടകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് പൊലീസ് നടപടി നടത്തിയതെന്ന് ഞങ്ങൾ കണ്ടു. തീവെച്ച് പലതും നശിപ്പിക്കുകയും ചെയ്തു.
പിന്നീട് ദേശീയ മനുഷ്യാവകാശ കമീഷൻ മുത്തങ്ങയിലെ പൊലീസ് വെടിവെപ്പിനെക്കുറിച്ച് ഇടപെട്ടു. സംസ്ഥാന സർക്കാറിന്റെയും ഡി.ജി.പിയുടെയും റിപ്പോർട്ടുകളിൽ മാത്രം ആശ്രയിച്ച് സംഭവത്തെ വിലയിരുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി, സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് തെളിവിനുവേണ്ടിയെങ്കിലും അവിടെനിന്ന് വൈക്കോൽക്കുടിലും അവരുടെ സാധനസാമഗ്രികളും കണ്ടുകെട്ടി സൂക്ഷിക്കേണ്ടതായിരുന്നു. എന്നാൽ അവ കത്തിച്ചുകളഞ്ഞു. അങ്ങനെ ഉൾക്കാട്ടിലേക്ക് പോയ ആളുകൾ പൊലീസ് നടപടിയെ തുടർന്ന് ഓടിക്കൂടിയ ഒരു സ്ഥലമാണ് കൗണ്ടൻ വയൽ. അവിടെവെച്ചാണ് പിന്നീട് പൊലീസ് വെടിവെപ്പ് നടന്നത്.
പല ഭാഗത്തുനിന്നും ഓടിക്കൂടിയ ആളുകൾ അവിടെ ഒത്തു ചേർന്നു. രാവിലെ പത്തുമുതൽ, പതിനൊന്ന്, പന്ത്രണ്ട് മണിയാകുമ്പോഴേക്കും അവിടെ മുന്നൂറിലധികം പേരായി. വലിയൊരു ജനക്കൂട്ടമായിരുന്നു അത്. അവർ പല മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു. “പൊലീസ് ഗോ ബാക്ക്” എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
അതേസമയം, പൊലീസിലെ ചിലർ കാട്ടിൽ ഒറ്റപ്പെട്ടുപോയിരുന്നു. അവരിൽ ചിലർക്ക് പരിക്കേറ്റിരുന്നു. ആരാണ് എവിടെ പരിക്കേറ്റത്, എങ്ങനെയാണ് പരിക്കേറ്റത് എന്നൊന്നും ഞങ്ങൾക്കപ്പോൾ അറിയില്ലായിരുന്നു. അത് സംഘർഷമായിരുന്നു. സ്വാഭാവികമായും, അപ്പോഴത്തെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലായിരുന്നില്ല. അങ്ങനെ പരിക്കേറ്റ മൂന്ന് പൊലീസുകാരിൽ ഒരാളായിരുന്നു വിനോദ്. ആദിവാസികൾക്കെതിരെ വെടിവെപ്പ് നടന്ന സമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നുവെന്നാണ് ഞങ്ങളുടെ അറിവ്. ഒരു ഫോറസ്റ്റർ ശശിധരനും അബ്ദുൽ സലാമും അവിടെയുണ്ടായിരുന്നു. രാവിലെ നടന്ന പൊലീസ് നടപടിക്കിടെ കാട്ടിൽ ഒറ്റപ്പെട്ടുപോയ ഇവർ പിന്നീട് ആദിവാസികൾ ഉണ്ടായിരുന്ന ഷെഡിന്റെ പരിസരത്ത് എത്തിപ്പെട്ടു. അവരെ ആരും തട്ടിക്കൊണ്ടുപോയതൊന്നുമല്ല. അവർ അവിടെ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് ഞങ്ങൾക്കും അപ്പോൾ അറിയില്ലായിരുന്നു. അവർ നടന്നുവന്നതാണെന്ന് ഒരാളുടെ മൊഴിയുണ്ട്. ഏതാനും ആദിവാസികളുടെ തോളിൽ കൈവെച്ച് താങ്ങിയാണ് താൻ അവിടെ എത്തിയതെന്ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞതായും മൊഴിയുണ്ട്.
അപ്പോഴാണ് കാട്ടിൽ റെയ്ഡിന് പോയവരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെന്നും ഏകദേശം 40 പേരെ കാണാനില്ലെന്നും പൊലീസ് കണ്ടെത്തുന്നത്. അവരെ തിരയാനായി രണ്ടാമതൊരു വലിയ സേന രാവിലെ പതിനൊന്ന് മണിയോടെ ആ സ്ഥലത്തേക്ക് എത്തി. അപ്പോഴേക്കും രാവിലെ മുതൽ നടന്ന പൊലീസ് നടപടിയുടെ ഭീകരത മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആളുകൾ മുദ്രാവാക്യം വിളിച്ചുനിൽക്കുകയാണെങ്കിലും പൊലീസ് വെടിവെക്കുമോ എന്നൊരു സംശയം അവർക്കുണ്ടായിരുന്നു. ഇതിനകത്തുണ്ടായിരുന്ന പൊലീസുകാർ തന്നെ “ഞങ്ങൾ ഇവിടെയുണ്ട്” എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.
പിന്നീട് ഞങ്ങൾ അവരെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയെന്ന മട്ടിലുള്ള കഥയാണ് രൂപപ്പെട്ടത്. എന്നാൽ അവിടെവെച്ചുതന്നെ ആ സംഭവം അവസാനിപ്പിക്കാമായിരുന്നു. കാരണം പിന്നീട് ഞങ്ങൾ അവരുമായി സംസാരിക്കുകയായിരുന്നു. ആ സന്ദർഭത്തിൽ വന്ന ഡിവൈ.എസ്.പി ഉണ്ണിയുമായി സംഭാഷണം നടന്നു. അദ്ദേഹത്തോടൊപ്പം വന്ന ആയുധധാരികളായ പൊലീസുകാരെയൊക്കെ മാറ്റിനിർത്തി. അദ്ദേഹവും നമ്മുടെ പ്രതിനിധികളും തമ്മിലാണ് സംസാരിച്ചത്.
അവിടെ മുറിവേറ്റ ആദിവാസികളും വെടിയേറ്റ ആളുകളും പരിക്കേറ്റ മൂന്ന് പൊലീസുകാരുമുണ്ടായിരുന്നു. ഒരു ഷെഡിന്റെ രണ്ട് വശങ്ങളിലായി അവർ കിടക്കുകയായിരുന്നു. സ്വാഭാവികമായും, ഈ സംഭാഷണത്തിനിടയിൽ സംഭവം സമാധാനപരമായി അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഞങ്ങളുടെ ആവശ്യം വളരെ വ്യക്തമായിരുന്നു: പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം, അത് ആദിവാസികളായാലും പൊലീസുകാരായാലും. പൊലീസ് വെടിവെപ്പ് നിർത്തണം. തീവെച്ച സംഭവങ്ങൾ അവസാനിപ്പിക്കുകയും അതിനെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം. ഈ മൂന്ന് കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്.
ഇത് ഉണ്ണി എന്ന ഡിവൈ.എസ്.പി കമ്യൂണിക്കേറ്റ് ചെയ്തു. തിരുവനന്തപുരത്തുള്ള അശോകനായിരുന്നു അന്ന് ഗോത്രസഭയുടെ സെക്രട്ടറി. അദ്ദേഹമാണ് ഞങ്ങളുടെ ഭാഗത്തുനിന്ന് സംസാരിച്ചത്. ജാനുവൊക്കെ അന്ന് വേറൊരു സ്ഥലത്തായിരുന്നു. ഇത് പതിനൊന്ന് മണിയോടെ തുടങ്ങി. പിന്നീട് മാധ്യമങ്ങൾ വന്നപ്പോൾ, സംഭവം കാണണമെന്ന് നമ്മുടെ ആളുകൾ പറഞ്ഞു. അങ്ങനെ മാധ്യമപ്രവർത്തകർ അവിടെ വന്നു. അവർ പൊലീസുകാരുടെയും മറ്റുള്ളവരുടെയും ചിത്രങ്ങളെടുത്തു, എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്തു. പൊലീസുകാർ സംസാരിക്കാൻ കഴിയാത്തവിധം ഭയപ്പെട്ടുപോയിരുന്നു എന്നൊക്കെ ചിലർ പറഞ്ഞിരുന്നു. അവർ വെള്ളം കുടിക്കുന്നതും മറ്റുമൊക്കെ റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.
സംഭാഷണം അങ്ങനെ നീണ്ടുപോയി. സ്വാഭാവികമായും പരിക്കേറ്റവരെ കൊണ്ടുപോകാനുള്ള സംവിധാനം അവർ ഒരുക്കിയില്ല. അത് രാഷ്ട്രീയക്കാർ ഇടപെട്ട് തടഞ്ഞു. പൊലീസുകാരെ ഒന്നുകിൽ അങ്ങോട്ട് കൊണ്ടുപോകണം, അല്ലെങ്കിൽ ഡോക്ടർമാർ ഇങ്ങോട്ട് വരണം. ഇതായിരുന്നു ഞങ്ങളുടെ ആവശ്യം. “നിങ്ങൾ പോയി ഡോക്ടർമാരെ കൊണ്ടുവന്നോളൂ” എന്ന് പറഞ്ഞു. അങ്ങനെ ഞമ്മൾ ഒരു ടീമിനെ റോഡിലേക്ക് അയച്ചു. റോഡിൽ മെഡിക്കൽ ടീം ഉണ്ടായിരുന്നു. അങ്ങനെ നാലുപേർ റോഡിലേക്ക് പോയപ്പോൾ അവരെ നാട്ടുകാരെന്ന പേരിൽ ചില രാഷ്ട്രീയക്കാർ തടഞ്ഞു. അവർ ഇടപെട്ടിട്ട്, “സാർ, നിങ്ങൾ പോയാൽ അവരെ അവിടെ പിടിച്ചുവെക്കില്ലെന്ന് എന്താണ് ഉറപ്പ്?” എന്ന് ചോദിച്ചു. അങ്ങനെ അവരെ പിന്തിരിപ്പിച്ചു. ഇതിന് ഇടക്കുണ്ടായ സംഭവങ്ങളിലാണ് പിന്നീട് പൊലീസ് ഗൂഢാലോചനയുടെ ക്ലൈമാക്സിലേക്ക് കാര്യങ്ങൾ എത്തുന്നത്.
പൊലീസിന്റെ ഭാഗത്തുനിന്ന് ഞങ്ങൾ പൊലീസുകാരെ കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയി എന്നുള്ള കഥയാക്കി മാറ്റുകയായിരുന്നു. അങ്ങനെയാണ് സുരേഷ് രാജ് പുരോഹതിനെപോലുള്ള ഉദ്യോഗസ്ഥർ രംഗത്തുവരുന്നത്. കണ്ണൂർ നഗരത്തിലായിരുന്നു കെ.എ.പി കമാൻഡന്റ്. അങ്ങനെ വൈകുന്നേരം അഞ്ചുമണി വരെ കാര്യങ്ങൾ നീണ്ടുപോയി. അഞ്ചുമണിയോടെ കെ.എ.പി ബറ്റാലിയൻ ചീഫ് അവിടേക്ക് വന്നു. അവിടെയാണ് ആ ഗൂഢാലോചനയുടെ ഒരു ഇടനാഴി രൂപപ്പെടുന്നത്. ഞങ്ങൾക്ക് അറിയാൻ പറ്റിയിടത്തോളം, ചില പൊലീസ് ഉദ്യോഗസ്ഥർ ആദിവാസികളെ ആക്രമിക്കരുത് എന്ന നിലപാട് തുറന്ന് പറഞ്ഞതായും കേൾക്കുന്നുണ്ട്. ശങ്കർ റെഡ്ഡിയെപ്പോലുള്ള ഉദ്യോഗസ്ഥർ അങ്ങനെ പറഞ്ഞതായാണ് അറിവ്. എന്തായാലും, വൈകുന്നേരം അഞ്ചരയോടെ, വേറൊരു വലിയ ബറ്റാലിയൻ ആയുധധാരികളായി അങ്ങോട്ടേക്ക് മാർച്ച് ചെയ്തു വന്നു.
വെടിവെപ്പിനുവേണ്ടിയാണ് അവർ വരുന്നതെന്ന തോന്നൽ ഞങ്ങൾക്കുണ്ടായിരുന്നില്ല. അവർ അമ്പത് മീറ്റർ അടുത്തെത്തിയപ്പോൾ തന്നെ ചാർജ് ചെയ്തു. പിന്നീട് മുന്നൂറോളം വരുന്ന ജനക്കൂട്ടത്തിനുനേരെയാണ് വെടിവെച്ചത്. യഥാർഥ വെടിയുണ്ടകളാണ് വരുന്നതെന്ന് കണ്ടപ്പോൾ ആളുകൾ ഓടാൻ തുടങ്ങി. അതാണ് നമ്മൾ ദൃശ്യങ്ങളിൽ കാണുന്ന രംഗം. അവർ ഇരച്ചുവന്നതിനുശേഷം അവിടെ വീണവരെയൊക്കെ ഭയങ്കരമായി കൈകാര്യം ചെയ്തു. ജോഗി അവിടെവെച്ചുതന്നെ മരിച്ചു. പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദും കൊല്ലപ്പെട്ടു. വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട് പിന്നീട് വിവിധ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നു. എന്നാൽ അദ്ദേഹത്തെ ആരാണ് എങ്ങനെ പരിക്കേൽപിച്ചതെന്ന കാര്യത്തിൽ ഇന്നും സംശയങ്ങളുണ്ട്്
ജനക്കൂട്ടം ഓടുന്നതിനിടെയാണ് പൊലീസുകാരന് വീണ്ടും മുറിവേറ്റതെന്നും അതാണ് മരിക്കാനുള്ള കാരണമെന്നും പറയപ്പെടുന്നു. അത് ശരിയാണെന്നാണ് തോന്നുന്നത്. പക്ഷേ, ആരാണ് അയാളെ പരിക്കേൽപിച്ചതെന്നുള്ളത് ഇപ്പോഴും ദുരൂഹമാണ്. അതാണ് പൊലീസ് അന്വേഷിക്കേണ്ടിയിരുന്നത്. കാരണം, അവിടത്തെ ദൃശ്യങ്ങളും സാധനസാമഗ്രികളും പരിശോധിച്ചാൽ ആരെങ്കിലും അയാളെ പരിക്കേൽപിക്കുന്നത് വ്യക്തമായി കാണുന്നില്ല. ജനക്കൂട്ടം ഓടുന്നതാണ് കാണുന്നത്.

മുത്തങ്ങക്കുശേഷം സമരത്തിൽ പങ്കെടുത്തവർക്കെതിരെ നിയമ നടപടിആരംഭിച്ചപ്പോൾ, അതിനെ നേരിടാനും അവർക്കുവേണ്ടി നിയമപരമായും മനുഷ്യാവകാശപരമായും ഇടപെടാനും എന്തുതരത്തിലുള്ള സാഹചര്യങ്ങളാണ് നേരിടേണ്ടിവന്നത്?
മുത്തങ്ങ സംഭവത്തിനുശേഷം എന്നെ 68 ദിവസം റിമാൻഡ് ചെയ്തു. പുറത്തിറങ്ങുമ്പോൾ എനിക്ക് വയനാട്ടിൽ പ്രവേശിക്കാനാകാത്ത തരത്തിലായിരുന്നു ജാമ്യവ്യവസ്ഥ. ഇത് ആദിവാസികൾക്കെതിരെ നടന്ന ആക്രമണങ്ങൾക്കെതിരെയുള്ള നിയമ നടപടി തടയാനായിരുന്നു. കാരണം, ഈ നിയമപോരാട്ടവുമായി ബന്ധപ്പെട്ട് നിയമപരമായ ഏകോപനം നടത്താൻ കഴിയുന്ന പ്രധാന വ്യക്തി, ഞാനാണെന്ന് അവർക്ക് നന്നായിട്ടറിയാം. വയനാട്ടിൽ ഞാൻ പ്രവേശിക്കരുത് എന്നത് പൊലീസിന്റെ ആവശ്യമായിരുന്നു.
അവർ നടത്തിയ അതിക്രമങ്ങൾക്ക് ആദിവാസികൾക്കുവേണ്ടി നിയമപരമായി പ്രതിനിധാനം ചെയ്യുകയോ, അവരെ ലീഗൽ സപ്പോർട്ട് മെക്കാനിസത്തിലേക്ക് ഏകോപിപ്പിക്കുകയോ ചെയ്യാൻ എനിക്കായിരുന്നു കഴിയുക. ജാനു ഉണ്ടായിരുന്നെങ്കിലും, അതിന്റെ കാര്യത്തിൽ ജാനുവിനും ഒരുപാട് പരിമിതികളുണ്ടായിരുന്നു. ആളുകളെല്ലാം പല നാടുകളിലേക്ക് ചിതറിപ്പോയ അവസ്ഥയായിരുന്നു മുത്തങ്ങയിൽ. ഭയന്നും ഭീതിയിലുമായിരുന്ന അവർക്ക് തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. അവരെയെല്ലാം ഏകോപിപ്പിച്ച് നിയമവേദികളിലും മനുഷ്യാവകാശ വേദികളിലും-ദേശീയ മനുഷ്യാവകാശ കമീഷൻ, ദേശീയ പട്ടികവർഗ കമീഷൻ, വനിത കമീഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം പരാതികൾ നൽകാനുണ്ടായിരുന്നു. ഞാൻ കോഴിക്കോട് വന്നാണ് അതൊക്കെ ചെയ്തുതീർത്തത്.
ഗ്രോ വാസുവേട്ടന്റെ കേന്ദ്രത്തിൽ ഞങ്ങളുടെ ചില പ്രവർത്തകർ മുറിയെടുത്ത് താമസിച്ചും, ജീപ്പിൽ ആളുകളെ ബാച്ചുകളായി വയനാട്ടിൽനിന്ന് കൊണ്ടുവന്നുമാണ് അപേക്ഷ തയാറാക്കിയിരുന്നത്. അങ്ങനെ 700 പേരുടെ പരാതികൾ സമാഹരിച്ചു. ഞങ്ങൾ നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളി മനുഷ്യാവകാശ കമീഷനിൽ പരാതി നൽകുക എന്നതായിരുന്നു. അങ്ങനെ ദേശീയ മനുഷ്യാവകാശ കമീഷനിലും വനിത കമീഷനിലും ദേശീയ പട്ടികവർഗ കമീഷനിലുമെല്ലാം പരാതികൾ നൽകി.
പക്ഷേ, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടിയിരുന്ന സി.ബി.ഐ തന്നെയായിരുന്നു ക്രിമിനൽ കേസുകളും അന്വേഷിച്ച ഏജൻസി എന്നത് പ്രശ്നമായി. അവരുടെ പ്രധാന ദൗത്യം ഞങ്ങൾക്കെതിരായ ക്രിമിനൽ കേസ് ഏറ്റവും മോശപ്പെട്ട നിലയിൽ ഞങ്ങൾക്കെതിരെ നീക്കുക എന്നതായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങനെയാണ് അവസാനിപ്പിച്ചതെന്ന് നമുക്ക് കൃത്യമായി അറിയില്ലാത്തതുകൊണ്ടാണ് “മോശപ്പെട്ട നിലയിൽ” എന്ന് പറയുന്നത്. എന്തായാലും, ദൃശ്യങ്ങളും മറ്റ് തെളിവുകളും ഉപയോഗിച്ചും പ്രതികളല്ലാത്തവരെ പ്രതികളാക്കിയും ഒക്കെയുള്ള രീതിയിലാണ് അന്വേഷണം അവസാനിപ്പിച്ചത്.
മുത്തങ്ങയിൽ നടന്ന ഭരണകൂട ഭീകരത ദേശീയതലത്തിൽ ശ്രദ്ധ നേടിയതോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നിർമല ദേശ്പാണ്ഡെ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മുത്തങ്ങ സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്താൻ ഒരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും സി.ബി.ഐ അതിന് അനുയോജ്യമായിരിക്കുമെന്നും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. അത് അംഗീകരിച്ചുസംസ്ഥാന സർക്കാറും ഉത്തരവിറക്കി. എന്നാൽ, ദേശീയ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ട അന്വേഷണം ആരംഭിക്കുന്നതിനുമുമ്പേതന്നെ ആദിവാസികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും ആരും ആവശ്യപ്പെടാതെ തന്നെ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറി.
ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന പ്രസ്തുത കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് ദേശീയ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ട അന്വേഷണം അട്ടിമറിക്കാനായിരുന്നു. ഞങ്ങളിത് ഹൈകോടതിയിൽ ചലഞ്ച് ചെയ്തു. അന്വേഷണം പക്ഷപാതപരവും വിഭാഗീയവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്. ഏഴ് എഫ്.ഐ.ആറുകളിൽ അവസാനത്തേത് ജോഗിയുടെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു. ജോഗിയുടെ മരണത്തെക്കുറിച്ച് ശരിയായ അന്വേഷണം നടന്നിരുന്നില്ല. അതൊരു അസ്വാഭാവിക മരണമായിട്ടാണ് അന്നും ഇന്നും കിടക്കുന്നത്. അന്ന് നിലവിലുണ്ടായിരുന്ന ക്രിമിനൽ പ്രൊസീജർ കോഡിലെ 174ാം വകുപ്പുപ്രകാരമുള്ള നടപടിയായി അത് തുടരുകയാണ്. ആ കേസിൽ അന്വേഷണവും നടന്നിട്ടില്ല. മറ്റ് കേസുകൾ മാത്രമേ അന്വേഷിച്ചിട്ടുള്ളൂ എന്ന് പറഞ്ഞവർ കുറ്റപത്രം എറണാകുളം സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. ആറ് എഫ്.ഐ.ആറുകൾ മൂന്ന് ചാർജ് ഷീറ്റുകളായാണ് നൽകിയത്. ഞങ്ങൾ ഹൈകോടതിയിൽ ചലഞ്ച് ചെയ്തത് അംഗീകരിച്ചില്ല. അവിടെയെല്ലാം ജുഡീഷ്യറിയുടെ ഒരു ഏകപക്ഷീയത ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്.
(തുടരും)
