ആദിവാസികളെ ക്രിമിനലൈസ് ചെയ്യാനുള്ള താൽപര്യമാണ് മാധ്യമങ്ങൾ കാണിച്ചത്

മുത്തങ്ങക്കേസിലുണ്ടായ കോടതിവിധിയുടെ പശ്ചാത്തലത്തിൽ മുത്തങ്ങ സമരത്തെയും വർത്തമാനകാല ദലിത്-ആദിവാസി യാഥാർഥ്യങ്ങളെയും പരിശോധിക്കുകയാണ് സമരനേതാവുകൂടിയായ ഗീതാനന്ദൻ –കഴിഞ്ഞലക്കം തുടർച്ച. മുത്തങ്ങ സംഭവത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിയമവ്യവസ്ഥയുടെ ഇടപെടൽ എങ്ങനെയായിരുന്നു എന്നാണ് നിങ്ങളുടെ അനുഭവം? പ്രത്യേകിച്ച് ആദിവാസി സ്ത്രീകളും...
Your Subscription Supports Independent Journalism
View Plansമുത്തങ്ങക്കേസിലുണ്ടായ കോടതിവിധിയുടെ പശ്ചാത്തലത്തിൽ മുത്തങ്ങ സമരത്തെയും വർത്തമാനകാല ദലിത്-ആദിവാസി യാഥാർഥ്യങ്ങളെയും പരിശോധിക്കുകയാണ് സമരനേതാവുകൂടിയായ ഗീതാനന്ദൻ –കഴിഞ്ഞലക്കം തുടർച്ച.
മുത്തങ്ങ സംഭവത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിയമവ്യവസ്ഥയുടെ ഇടപെടൽ എങ്ങനെയായിരുന്നു എന്നാണ് നിങ്ങളുടെ അനുഭവം? പ്രത്യേകിച്ച് ആദിവാസി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരോട് ജുഡീഷ്യറി സ്വീകരിച്ച സമീപനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ജുഡീഷ്യറിയുടെ ഏകപക്ഷീയത അവിടെനിന്നൊന്നും തുടങ്ങിയതല്ല. സംഭവം നടന്ന ആദ്യഘട്ടം മുതൽതന്നെ അതുണ്ടായിരുന്നു. ഉദാഹരണത്തിന്, ജാനുവിന്റെ മുഖം കണ്ടാൽതന്നെ അവരന്ന് എത്രത്തോളം ക്രൂരമായി മർദിക്കപ്പെട്ടുവെന്ന് മനസ്സിലാകുമായിരുന്നു. എന്റെ പരിക്കുകളെല്ലാം അകത്തായിരുന്നു. വാരിയെല്ലുകൾ പൊട്ടിയിരുന്നു. എന്നാൽ, ജാനുവിനോട് “നിങ്ങളെ മർദിച്ചിട്ടുണ്ടോ?” എന്ന് ചോദിക്കേണ്ട കാര്യമൊന്നുമില്ല. ചോദിച്ചാൽ തന്നെ ജാനു ‘‘യെസ്’’ എന്ന് മറുപടി പറയുന്നു.
അതൊക്കെ കേരള സമൂഹത്തിന്റെ മുന്നിലുള്ള കാര്യങ്ങളാണ്. പക്ഷേ, ജുഡീഷ്യറിക്ക് അന്ന് അതൊന്നും തോന്നിയിട്ടില്ല. 157 കുട്ടികളെ ജയിലിലടച്ചിരുന്നു എന്നാണ് ഓർമ. എന്തടിസ്ഥാനത്തിലാണ് ഈ ചെറിയ കുട്ടികളെ കണ്ണൂർ ജയിലിലും സെൻട്രൽ ജയിലിലുമൊക്കെ അടച്ചത്? ഒരു ജുഡീഷ്യൽ ഓഫിസറാണ് അതിന് അനുമതി നൽകുന്നത്. കുട്ടികളെ കോടതിയിൽ ഹാജരാക്കുന്നു. അവരുടെ അച്ഛനും അമ്മയുമൊന്നുമില്ല. അവർ എവിടെയാണ്, ഏതൊക്കെ ജയിലിലാണ്, ഏതൊക്കെ കാട്ടിലാണ് എന്നൊന്നും അറിയില്ല. കിട്ടിയ കുട്ടികളെയെല്ലാം കിട്ടിയ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കൂടെ ജയിലിലേക്ക് കയറ്റിവിടുകയാണ് ചെയ്തത്.
മാരൻ എന്ന് പറയുന്ന, ആക്രമിക്കപ്പെട്ട വ്യക്തിയുണ്ടായിരുന്നു. അയാളുടെ കൂടെ രണ്ട് കുട്ടികളുണ്ടായിരുന്നു. വേറൊരു വള്ളി എന്നയാളുടെ കൂടെയും കുട്ടികളുണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും അടക്കം ജയിലിലായി. സെൻട്രൽ ജയിലിലൊന്നും കുട്ടികളെ അയക്കാൻ പാടില്ലാത്തതാണ്. കുട്ടികളെ സംരക്ഷിക്കാനുള്ള നിയമവ്യവസ്ഥകളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണപോലും ഇല്ലാത്ത ഒരു സമീപനമാണ് അന്നുണ്ടായത്.തൊരു അബദ്ധമായി എന്ന് അവർക്ക് തോന്നുകപോലുമില്ല.
700ഓളം സ്ത്രീകളെ ജയിലിലിട്ടിരുന്നു. അത് പിന്നീട് വലിയ ദേശീയ പ്രശ്നമായി. സ്ത്രീകളെയും കുട്ടികളെയും ജയിലിലടച്ചു എന്നത് വലിയ വിവാദമായതിനുശേഷം, 15 ദിവസത്തിനുശേഷം സ്ത്രീകളെ മുഴുവൻ മോചിപ്പിക്കുന്ന കൂട്ടത്തിൽ ഈ കുട്ടികളെയും അയച്ചു. അന്ന് ഞാനും ജാനുവുമെല്ലാം കോഴിക്കോട് ജയിലിലാണ്. അവിടെ രണ്ട് കുട്ടികളുണ്ടായിരുന്നു. അവർ അമ്മയുടെ കൂടെയായിരുന്നു. എങ്കിലും കുട്ടികളെ ജയിലിലടക്കാനുള്ള വ്യവസ്ഥയൊന്നുമില്ല. അവരെ ചൈൽഡ് ലൈൻ സംവിധാനത്തിലേക്കോ ജുവനൈൽ ജസ്റ്റിസ് സംവിധാനത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കോ മാറ്റേണ്ടതായിരുന്നു. അല്ലെങ്കിൽ അവരുടെ ഊരുകളിൽ സുരക്ഷിതമായി എത്തിക്കേണ്ടതായിരുന്നു.
റിമാൻഡ് റിപ്പോർട്ടിൽ ഇന്ന ആളുകളുടെ കൂടെ ഇന്ന കുട്ടികൾ എന്നൊക്കെ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ, അന്ന് എത്ര കുട്ടികളെ ജയിലിലടച്ചു എന്നത് പിന്നീട് കൃത്യമായി കണ്ടെത്താൻപോലും ബുദ്ധിമുട്ടായിരുന്നു. കാരണം, കുട്ടികളെയും മുതിർന്നവരെയും ഒരുമിച്ചാണ് പലപ്പോഴും കസ്റ്റഡിയിലും ജയിലിലും എത്തിച്ചിരുന്നത്.
പൊതുവിൽ നമുക്ക് പറയാൻ പറ്റുന്നത്, ഈ ജുഡീഷ്യൽ സിസ്റ്റം തന്നെ കീഴാളവിഭാഗങ്ങളെ ക്രിമിനലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നതാണ്. കീഴാള വിഭാഗങ്ങൾക്കെതിരായ സംഭവങ്ങളിൽ അവർക്ക് അനുകൂലമായി ഉപയോഗിക്കേണ്ട നിയമവ്യവസ്ഥകളെല്ലാം ഫലത്തിൽ നേരെ തിരിച്ചുവെച്ച് അവർക്കെതിരെയുള്ള ഉപാധികളാക്കി മാറ്റുന്ന ഒരു ദേശീയ സാഹചര്യം ഇന്ത്യയിലുണ്ട്. അതിനെയാണ് ഞാൻ ‘ക്രിമിനലൈസിങ് ജുഡീഷ്യൽ പ്രോസസ്’ എന്ന് പറയുന്നത്. അവിടെ നമ്മൾ കുറ്റവാളികളായിട്ട് മാത്രമേ ഇവരെ കാണുന്നുള്ളൂ.
മുത്തങ്ങയുടെ അനുഭവംതന്നെ എടുത്തുപറയാം. മുത്തങ്ങ സംഭവത്തിനുമുമ്പ് നടന്ന ദശകങ്ങളായുള്ള ഭൂസമരവും ഗവൺമെന്റുമായി നടന്ന ഇടപെടലുകളും എല്ലാവർക്കുമറിയാം. സാമൂഹിക ഇടപെടലുകൾ നടത്തുകയും അഡ്വക്കസി വർക്ക് നടത്തുകയും ചെയ്ത ആളുകളാണ് നമ്മളൊക്കെ. അപ്പോൾ മുത്തങ്ങ ഇൻസിഡന്റ് എന്ന് പറയുന്നത് അടിസ്ഥാനപരമായി ഒരു സാമൂഹിക പ്രശ്നമാണ്. എന്നാൽ സാമൂഹിക പശ്ചാത്തലമുണ്ടെന്ന മാനത്തിൽ അല്ല ജുഡീഷ്യറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അതിനെ കാണുന്നത്. അവർ അങ്ങനെ കാണാൻ ശ്രമിക്കുന്നതേയില്ല.
ആദിവാസികൾ കാട്ടിൽ കയറിയാൽ അവർ എൻക്രോച്ചേഴ്സ് ആണ്. പക്ഷേ, അത് അവരുടെ നാച്ചുറൽ ഹാബിറ്റാറ്റ് കൂടിയാണല്ലോ. മുത്തങ്ങ സമരം നടക്കുന്ന അതേ കാലത്തും വയനാട്ടിൽ ഇങ്ങനെ കുടിൽകെട്ടി കാട്ടിൽ കഴിയുന്ന ധാരാളമാളുകളുണ്ടായിരുന്നു. സമരത്തിന്റെ രൂപത്തിൽതന്നെയായിരുന്നു അത്.
അവിടെ മാത്രമല്ല, സി.പി.എമ്മിന്റെ നേതൃത്വത്തിൽ അതേ കാലഘട്ടത്തിൽ ഷെഡ് കെട്ടി താമസിച്ചിരുന്ന ധാരാളം ആളുകളുണ്ടായിരുന്നു. അതിന് തൊട്ടുമുമ്പ് കേരളത്തിൽ നടന്ന അതിദീർഘ ഭൂസമരവും അതിന്റെ കരാറുകളും ഗവൺമെന്റുമായുള്ള ചർച്ചകളുമെല്ലാം ഒരു വശത്തുണ്ട്. അങ്ങനെയൊരു സാമൂഹിക പശ്ചാത്തലമുണ്ടെന്നുള്ളത് ജുഡീഷ്യറി കാണേണ്ടതല്ലേ? എക്സിക്യൂട്ടിവിന് അവരുടെ താൽപര്യങ്ങൾ കാണും. ജുഡീഷ്യറി കാണേണ്ടത് അതാണ്. അങ്ങനെയൊന്നും ഇവർ കാണുന്നില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടിലുള്ള ഒരു പൊതുസമീപനമാണ് അവർക്കുള്ളത്. മുത്തങ്ങയുടെ കാര്യത്തിൽ, നിയമവ്യവസ്ഥയുടെ ഈ സമീപനത്തിന്റെ ഏറ്റവും മൂർത്തമായ ഉദാഹരണങ്ങളിലൊന്നാണ് കുട്ടികളെ ജയിലിലടച്ച സംഭവം.

മുത്തങ്ങയിലെ പൊലീസ് അതിക്രമം
മുത്തങ്ങ സംഭവത്തിലേക്ക് കാര്യങ്ങൾ എത്തുന്നതിന് പിന്നിൽ രാഷ്ട്രീയവും ഭരണപരവുമായ പല താൽപര്യങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. അന്നത്തെ രാഷ്ട്രീയ സാഹചര്യവും ഇതുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരുന്നത്?
മുത്തങ്ങ സംഭവശേഷം അന്നത്തെ വനം മന്ത്രി കെ. സുധാകരൻ നടത്തിയ വാർത്തസമ്മേളനം ഉൾപ്പെടെ വലിയ തോതിൽ വംശീയത നിറഞ്ഞതായിരുന്നു. എന്നാൽ, അത് സുധാകരന്റേത് മാത്രമല്ല. മുത്തങ്ങ സംഭവത്തിനുശേഷം, 21ാം തീയതി ആദ്യമായി ഞാൻ പുറത്തുവന്നപ്പോൾ കണ്ട പത്രം മനോരമയായിരുന്നു. ആ പത്രം ഞാൻ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതിലെ പ്രധാന വാർത്തതന്നെ, ‘മന്ത്രി മാണിയെയും മന്ത്രി കുഞ്ഞാലിക്കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ഗോത്രസഭക്കാരുടെ പദ്ധതി’ എന്നാണ്. അതിന്റെ പിന്നിൽ എൽ.ടി.ടി.ഇ തീവ്രവാദികളും ആന്ധ്രയിലെ മാവോവാദി തീവ്രവാദികളുമുണ്ടെന്ന തരത്തിലുള്ള വാർത്തകളും വന്നു. ജാനുവും ഗീതാനന്ദനും രക്ഷപ്പെട്ട് അങ്ങോട്ട് പോയിട്ടുണ്ടാകാമെന്നൊക്കെയുള്ള കഥകളും പ്രചരിച്ചു.
ഇതെല്ലാം കൃത്യമായി പൊലീസ് നൽകിയ വിവരങ്ങളായിരുന്നു. എക്സിക്യൂട്ടിവും പൊലീസും ഭരണസംവിധാനവും മാധ്യമങ്ങളും ചേർന്നാൽ കേരളത്തിൽ ഏതൊരു മനുഷ്യനെയും വംശീയമായി ഒറ്റപ്പെടുത്താൻ എളുപ്പമാണ്. അത് സെക്കൻഡുകൾകൊണ്ട് സാധിക്കും. കെ. സുധാകരനാണ് ഈ ക്രിമിനാലിറ്റി നിറഞ്ഞ സംഭവത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതിന്റെ പ്രധാന സൂത്രധാരൻ എന്ന് ഞാൻ കരുതുന്നു. അതിന് പല കാരണങ്ങളുണ്ട്. ഈ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും കാടിന്റെ യാഥാർഥ്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വേണ്ടത്ര അറിവില്ലായിരുന്നു. റൂട്ടീനായ കോൺഗ്രസ്-സി.പി.എം രാഷ്ട്രീയത്തിന്റെ തിണ്ണബലം കാണിക്കുന്ന ഒരു രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റേതായ പരിമിതികളും അദ്ദേഹത്തിനുണ്ടായിരിക്കാം.
2001ൽ ആദിവാസി ഭൂമി സംബന്ധിച്ച് ഒരു കരാർ ഉണ്ടായി. ഭൂരഹിതർക്ക് ഭൂമി നൽകുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. 2002 ജനുവരി ഒന്നുമുതൽ അത് നടപ്പാക്കിത്തുടങ്ങി. അതിനായി ഏറ്റവും കൂടുതൽ ഭൂമി കണ്ടെത്തിയത് ഇടുക്കി ജില്ലയിലാണ്. അന്നത്തെ ഇടുക്കി ജില്ല കലക്ടർ ആത്മാർഥമായി ഇടപെട്ടതുകൊണ്ട് കുറെയധികം സ്ഥലങ്ങൾ കണ്ടെത്തി. മറയൂർ, പൂപ്പാറ, ചിന്നക്കനാൽ തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിൽ ഭൂമി കണ്ടെത്തി. അങ്ങനെ 50,000 ഏക്കറിലധികം ഭൂമി കണ്ടെത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു പ്രദേശമായിരുന്നു സൂര്യനെല്ലിക്കടുത്തുള്ള മതികെട്ടാൻ ചോലവനത്തിലെ ഏകദേശം 2200 ഏക്കർ ഭൂമി.
ഞങ്ങൾ ഈ ഭൂമി കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് കാണിച്ചുതന്നു. പല സ്ഥലങ്ങളിലും കൃഷിയോഗ്യമായ ഭൂമി കാണിച്ചു. എന്നാൽ മതികെട്ടാനിൽ എത്തിയപ്പോൾ ഞങ്ങൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അവിടെ വലിയ തോതിൽ കൈയേറ്റം നടക്കുകയായിരുന്നു. 150 മുതൽ 300 ഏക്കർ വരെയുള്ള വലിയ ഏലത്തോട്ടങ്ങൾ അവിടെയുണ്ട്. മനോഹരമായ ചോലവനവും മഞ്ഞുമൂടിയ മലനിരകളുമുള്ള പ്രദേശമായിരുന്നു അത്. ചിലർ അവിടെ കുരിശുപോലും സ്ഥാപിച്ചിരുന്നു.
അന്വേഷിച്ചപ്പോൾ ഇത് രണ്ട് വകുപ്പുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് മനസ്സിലായി –റവന്യൂ വകുപ്പും വനം വകുപ്പും. ഇത് ആരുടെ നിയന്ത്രണത്തിലുള്ളതാണെന്ന കാര്യത്തിൽ ഇരുകൂട്ടരും പരസ്പരം ഉത്തരവാദിത്തത്തിൽനിന്നു ഒഴിവാകുകയായിരുന്നു. എന്നാൽ ഇരുവിഭാഗത്തിന്റെയും അറിവോടെയും സമ്മതത്തോടെയുമാണ് ആ ഭൂമിയിൽ വലിയ കൈയേറ്റം നടന്നതെന്നാണ് ഞങ്ങളുടെ ആരോപണം. ഞങ്ങൾ ഇത് വലിയ വിവാദമാക്കി. കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും ഭൂമി ആദിവാസികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.
ഈ വിഷയം പിന്നീട് വി.എസ്. അച്യുതാനന്ദൻ ഏറ്റെടുത്തു. അതോടെ അതൊരു വലിയ രാഷ്ട്രീയ വിവാദമായി. പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ മന്ത്രി മാണിയും മന്ത്രി സുധാകരനും തർക്കമുണ്ടായി. മാണി പറയുന്നത് ഇത് വനം വകുപ്പിന്റെ വിഷയമാണെന്നായിരുന്നു. സുധാകരൻ തിരിച്ചും ആരോപണം ഉന്നയിച്ചു. ഉടമസ്ഥതയും കസ്റ്റോഡിയൻഷിപ്പും സംബന്ധിച്ച തർക്കമായി വിഷയം മന്ത്രിസഭയിലെത്തി. അവസാനം ഈ ഭൂമി വനംവകുപ്പിന് വിട്ടുകൊടുക്കാമെന്നും ഇനി അത് ആർക്കും പതിച്ചുകൊടുക്കേണ്ടതില്ലെന്നും തീരുമാനിക്കപ്പെട്ടു. മതികെട്ടാൻ ഷോലവനം ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
അതിന് പുറമെ, 2002 മേയിലാണ് മതികെട്ടാൻ സംഭവം നടക്കുന്നത്. അതേ കാലത്ത് വനഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾ വനംവകുപ്പുമായി വലിയ തർക്കത്തിലായിരുന്നു. ഏപ്രിൽ മാസത്തിലാണ്, എന്റെ ഓർമ ശരിയാണെങ്കിൽ, മാനന്തവാടിയിൽ ഏകദേശം രണ്ടായിരത്തോളം ആദിവാസികൾ പങ്കെടുത്ത ഒരു ‘ആദിവാസി കോടതി’ സംഘടിപ്പിച്ചത്. ഊരുകൂട്ടങ്ങളിലെ മൂപ്പന്മാരെല്ലാം ചേർന്നായിരുന്നു അത്.
പ്രതീകാത്മകമായൊരു വിചാരണയായിരുന്നു അത്. ആദിവാസികളെ കുടിയിറക്കുന്നതുൾപ്പെടെ വനം വകുപ്പിന്റെ നടപടികൾക്കെതിരെ ഒരു കുറ്റപത്രവും തയാറാക്കി. ഇതും മന്ത്രി സുധാകരൻ വ്യക്തിപരമായി എടുത്തിട്ടുണ്ടാകാം എന്ന് ഞാൻ കരുതുന്നത്. കാരണം, ഒരു ഘട്ടത്തിൽ വനം വകുപ്പ് പിരിച്ചുവിടണം എന്നുപോലും ഞങ്ങൾ പറഞ്ഞിരുന്നു. അത്രയും ആദിവാസി വിരുദ്ധമായ സമീപനമാണ് വനം വകുപ്പ് സ്വീകരിച്ചിരുന്നത് എന്നാണ് ഞങ്ങളുടെ നിലപാട്.
മറ്റൊരു കാര്യം, ഇതിന്റെ ക്ലൈമാക്സിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ ‘ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ്’ എന്ന പദ്ധതിക്കും പങ്കുണ്ടായിരുന്നു. ആന്റണി സർക്കാറിന്റെ കാലത്ത് ആദ്യമായി നടന്ന ആ നിക്ഷേപക സംഗമത്തിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ വന്നിരുന്നു. അതിൽ ഇക്കോ-ടൂറിസവുമായി ബന്ധപ്പെട്ട രണ്ടു, മൂന്ന് പദ്ധതികളുമുണ്ടായിരുന്നു. അതിലൊന്ന് മുത്തങ്ങയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. വൈൽഡ്ലൈഫ് സാങ്ച്വറിയിൽ വലിയ ഹെലിപാഡും ടൂറിസ്റ്റ് ഹബും ഉൾപ്പെടുന്ന പദ്ധതിയെന്ന നിലയിലായിരുന്നു അത്.
മുംബൈ ആസ്ഥാനമായുള്ള വലിയൊരു സംഘമാണ് അതിന് പിന്നിലെന്നാണ് പിന്നീട് ഞങ്ങൾക്ക് ലഭിച്ച വിവരം. തെന്മലയിലും ആലപ്പുഴയിലും സമാനമായ പദ്ധതികൾ ഉണ്ടായിരുന്നു. 2002 ഡിസംബർ-2003 ജനുവരിയിലായിരുന്നു ആ നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ട നടപടികൾ. ഞങ്ങൾ മുത്തങ്ങയിൽ സമരം നടത്തുമ്പോൾ ആ പദ്ധതിയും പരിഗണനയിലുണ്ടായിരുന്നു. സമരം നടക്കുന്നതിനാൽ ജിമ്മിന്റെ ചെക്ക്ലിസ്റ്റിൽനിന്ന് മുത്തങ്ങയെ പിൻവലിക്കേണ്ട സാഹചര്യം വനം വകുപ്പിനുണ്ടായി.
അങ്ങനെയാണ് മുത്തങ്ങ ഒരു കച്ചവട പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്. കോൺഗ്രസ് നേതാക്കളുടെയും ജില്ല കമ്മിറ്റിയുടെയും ഭാഗത്തുനിന്ന് ‘മുത്തങ്ങ എന്തുവിലകൊടുത്തും ടൂറിസം ഹബാക്കും’ എന്ന തരത്തിലുള്ള പ്രസ്താവനകളും വന്നിരുന്നു. ‘ജിമ്മി’ൽനിന്ന് അത് പിൻവലിക്കാൻ അനുവദിക്കില്ല എന്ന നിലപാടുകളും ഉണ്ടായി. അങ്ങനെ പല കാര്യങ്ങളും ഒന്നിച്ചുവന്നപ്പോഴാണ് മന്ത്രി സുധാകരൻ ഇതിനെ വ്യക്തിപരമായ വൈരാഗ്യമായി കണ്ടിരിക്കാമെന്ന് ഞാൻ പറയുന്നത്.

മുത്തങ്ങയിലെ പൊലീസ് വേട്ട
ജിം കഴിഞ്ഞ ഉടൻതന്നെ മുത്തങ്ങയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന് ചില മാധ്യമപ്രവർത്തകർ ഞങ്ങൾക്ക് സൂചന നൽകിയിരുന്നു. ഞങ്ങൾ അത്ര പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും, ഫെബ്രുവരി 13ന് അദ്ദേഹം മുത്തങ്ങയിൽ വന്നുപോയതായി ഞങ്ങൾ അനൗദ്യോഗികമായി അറിഞ്ഞിരുന്നു. പിന്നീട് 15ന് അദ്ദേഹം പാലക്കാട്ടേക്ക് പോയി. അവിടെ പ്രാദേശിക വനം വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്നശേഷം കുടിയൊഴിപ്പിക്കൽ നടപടിയെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിരുന്നു.
അതിനുശേഷം, 17ന് അദ്ദേഹം തിരിച്ചുപോയ ഉടൻതന്നെ മുത്തങ്ങയിലെ മൂന്ന് കേന്ദ്രങ്ങളിൽ വലിയ തീപിടിത്തമുണ്ടായി. അദ്ദേഹത്തിന്റെ അറിവില്ലാതെ അത്തരമൊരു തീപിടിത്തം ഉണ്ടാകില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം. കണ്ണൂർ രാഷ്ട്രീയത്തിൽ കണ്ടിട്ടുള്ള നിഗൂഢവും അക്രമസ്വഭാവമുള്ളതുമായ ചില രീതികൾ അവിടെയും പ്രയോഗിക്കപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്. കുടിയൊഴിപ്പിക്കേണ്ട ദിവസം കണ്ണൂരിൽനിന്ന് കുറെ ആളുകൾ വന്നിരുന്നു. തീപ്പൊള്ളലേറ്റ് തലശ്ശേരി, ധർമടം ആശുപത്രികളിൽ കിടന്നവരെക്കുറിച്ചും എനിക്ക് അറിയാം. അഴീക്കോട് ഭാഗത്തുള്ള ആളുകളും അതിൽ ഉണ്ടായിരുന്നു.
മുത്തങ്ങ സംഭവത്തെക്കുറിച്ചുള്ള പൊതുബോധം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? ആദിവാസി സമരത്തെ ഒരു സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കുന്നതിനുപകരം, അതിനെ ക്രിമിനൽ പ്രവർത്തനമായും തീവ്രവാദവുമായി ബന്ധമുള്ളതുമായാണ് മാധ്യമങ്ങൾ അവതരിപ്പിച്ചതെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
മുത്തങ്ങ സംഭവത്തിനുശേഷം മാധ്യമങ്ങളുടെ സമീപനവും നമ്മൾ അനുഭവിച്ച ഏകപക്ഷീയതയുടെ ഭാഗമായിരുന്നു. നമ്മളോട് അടുത്ത ബന്ധമുള്ള, നമ്മളെ വ്യക്തിപരമായി അറിയുന്ന നിരവധി മാധ്യമപ്രവർത്തകർ അവിടെ വന്നുപോയിരുന്നു. പക്ഷേ, പൊതുവിൽ പുറത്തുവന്ന വാർത്തകളിൽ ഭൂരിഭാഗവും ആദിവാസികളെ ക്രിമിനലൈസ് ചെയ്യുന്ന തരത്തിലുള്ളതായിരുന്നു.
ഒരു ഉദാഹരണം പറയാം. ഫെബ്രുവരി 17ലെ തീവെപ്പ്. അവിടെ ഒരു സ്വകാര്യ ടാക്സി ജീപ്പ് കൊണ്ടുവന്നിരുന്നു. അതിനകത്ത് ഉണങ്ങിയ ആനപ്പിണ്ടവും പെട്രോളും കത്തിക്കാനുള്ള മറ്റ് സാധനങ്ങളുമൊക്കെ ഉണ്ടായിരുന്നു. അത് അവിടെനിന്ന് ഞങ്ങൾ പിടിച്ചുവെച്ചിരുന്നു. പിറ്റേ ദിവസം ഒരു പത്രവും അത് റിപ്പോർട്ട് ചെയ്തില്ല. രണ്ടാഴ്ച കഴിഞ്ഞാണ് മാധ്യമം ഒരു അകത്തുപേജിൽ ‘വനം വകുപ്പും പ്രതിക്കൂട്ടിലായേക്കും’ എന്ന തരത്തിൽ ഒരു വാർത്ത നൽകിയത്. അതേസമയം, ഫെബ്രുവരി 18ന് അമ്പും വില്ലുമൊക്കെയായി നിൽക്കുന്ന ആദിവാസികളുടെ ചിത്രം പത്രങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. അത് ഒരു യാദൃച്ഛികമായ ഫോട്ടോഗ്രാഫായിരിക്കാം. പക്ഷേ, ആ ചിത്രത്തെ മാവോയിസ്റ്റുകളെപ്പോലെ പോരാടാൻ തയാറായ ഒരു സംഘത്തിന്റെ പ്രതീകമായാണ് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്.
‘22 വനം വകുപ്പ് വനപാലകരെയും ഒരു ആർ.ആർ.ടി സബ് ഇൻസ്പെക്ടറെയും ഗോത്രസഭക്കാർ തട്ടിക്കൊണ്ടുപോയി’ എന്നതായിരുന്നു മറ്റൊരു പ്രധാന വാർത്ത മലയാള മനോരമ ഫെബ്രുവരി ആദ്യവാരം ‘മുത്തങ്ങ സ്വയംഭരണത്തിലേക്ക്’ എന്ന തരത്തിൽ വലിയൊരു വാർത്ത നൽകിയിരുന്നു. അതിന്റെ സന്ദേശം ആദിവാസികൾ പ്രത്യേക ഭരണപ്രദേശം സൃഷ്ടിക്കുന്നു എന്നായിരുന്നു. െഫബ്രുവരി 19ന്റെ കുടിയിറക്ക് സംഭവത്തിനിടയിൽ എം. ഗീതാനന്ദൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നു ‘രാഷ്ട്രദീപിക’യിൽ വാർത്ത നൽകിയ സംഭവവും ഉണ്ട്.
ഇതെല്ലാം ചേർന്നുണ്ടാക്കിയ ചിത്രം എന്തായിരുന്നു? നമ്മളെ, എന്നെയൊക്കെ ഒരു ക്രിമിനലായി ചിത്രീകരിക്കുക. മുത്തങ്ങക്കുശേഷം എന്റെ കാരിക്കേച്ചർ ചിത്രങ്ങളിലേറെയും തലയിലൊരു തുണികെട്ടിയ, വീരപ്പനെപ്പോലെയുള്ള ഒരാളുടെ രൂപത്തിലാണ് വന്നത്. വേറൊരു ഫോട്ടോഗ്രാഫ് നൽകാൻ കഴിയുമായിരുന്നിട്ടും അത്തരം ചിത്രങ്ങൾ തന്നെ തുടർച്ചയായി ഉപയോഗിച്ചു. അത് അറിയാതെ സംഭവിച്ചതല്ല, മനഃപൂർവം ചെയ്തതാണെന്നാണ് തോന്നുന്നത്. സമരഭൂമിയിൽനിന്ന് പുറത്തുവന്ന ദൃശ്യങ്ങളെയും അങ്ങനെത്തന്നെയാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്. ഒരു സംഭവം പറയാം. ഒരു ദിവസം ‘ദീപിക’യിൽനിന്നുള്ള പത്രപ്രവർത്തകർ ഒരു ഇന്റർവ്യൂപോലെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, ഞാനറിയാതെ ഒരു ആദിവാസി യുവാവിനോട് ഒരു വെട്ടുകത്തി ഉയർത്തിപ്പിടിച്ച് നിൽക്കാൻ നിർദേശിച്ചു.
മറ്റ് ആദിവാസികൾ ഇത് കണ്ടപ്പോൾ എന്റെ ശ്രദ്ധയിൽപ്പെടുത്തി. അവർ ഉദ്ദേശിച്ച തരത്തിലുള്ള ഫോട്ടോഗ്രാഫ് നൽകുന്ന സന്ദേശം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. നമ്മളോട് സഹാനുഭൂതിയും സ്നേഹവുമുള്ള ഒരു ചെറിയ വിഭാഗം മാധ്യമപ്രവർത്തകരുണ്ടായിരുന്നു. നമ്മൾ ആരാണെന്നും നമ്മുടെ പശ്ചാത്തലം എന്താണെന്നും അറിയുന്നവരായിരുന്നു അവർ. ട്രൈബൽ മൂവ്മെന്റിലേക്കു വരുന്നതിനുമുമ്പ് തന്നെ എനിക്ക് വിവിധ മേഖലകളിലുണ്ടായിരുന്ന ബന്ധങ്ങളാണ് അതിന് കാരണം.
അവരിൽ പലരും അന്നുതന്നെ തെരുവിലിറങ്ങി പിന്തുണച്ചിരുന്നു. പക്ഷേ, പൊതുസമൂഹത്തിന്റെ മനസ്സിലേക്ക് എത്തുന്നത് ഈ മെഷിനറി നൽകുന്ന സന്ദേശമാണ്. മാധ്യമങ്ങൾ നൽകുന്ന വാർത്തകളും എക്സിക്യൂട്ടിവിന്റെ നടപടികളും രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുമൊക്കെ ചേർന്നാണ് ആ പൊതുബോധം രൂപപ്പെടുന്നത്. അതിന്റെ പൊതുസന്ദേശം പലപ്പോഴും നമ്മളെ ക്രിമിനലൈസ് ചെയ്യുക എന്നതായിരുന്നു.
ഇതിൽ ഒരു ചരിത്രപരമായ തുടർച്ചയുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ‘ക്രിമിനൽ ട്രൈബ്സ്’ എന്നൊരു വിഭാഗീകരണം ഉണ്ടായിരുന്നില്ലേ. അതിന്റെ മറ്റൊരു രൂപംതന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് എനിക്ക് തോന്നുന്നു. ഒരു വിഭാഗത്തെ ആദ്യംതന്നെ സംശയത്തിന്റെ കണ്ണിലൂടെ കാണുക; പിന്നീട് അവരുടെ രാഷ്ട്രീയ ആവശ്യങ്ങളെയും സാമൂഹിക അവകാശങ്ങളെയും ക്രിമിനൽ പ്രവർത്തനങ്ങളായി അവതരിപ്പിക്കുക. അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തം എന്താണ്? ആദിവാസികൾക്ക് ഭൂമി നൽകുക, അതുമായി ബന്ധപ്പെട്ട കരാറുകൾ നടപ്പാക്കുക, ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുക –ഇതൊക്കെയല്ലേ? ദിലീപ് സിങ് ഭൂരിയ കമ്മിറ്റി റിപ്പോർട്ട്, പെസ നിയമം, വനാവകാശ നിയമം തുടങ്ങിയ നിയമ-ഭരണഘടനാ സംവിധാനങ്ങളൊക്കെ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പക്ഷേ, മന്ത്രി സുധാകരൻ എല്ലാവരെയും അവിടെനിന്ന് അടിച്ചിറക്കുകയും എല്ലാം ചുട്ടുകരിക്കുകയും ചെയ്തശേഷം ആ സ്ഥലം സന്ദർശിച്ച് ‘മുത്തങ്ങ ഭൂമി തിരിച്ചുപിടിച്ചു’ എന്ന് പറഞ്ഞുവെന്നാണ് ഞാൻ ഓർക്കുന്നത്. കാർഗിൽ തിരിച്ചുപിടിച്ചതുപോലെയായിരുന്നു ആ പ്രയോഗം. ആദിവാസികളെ അവരുടെ ഭൂമിയിൽനിന്ന് പുറത്താക്കിയിട്ട് ‘ഭൂമി തിരിച്ചുപിടിച്ചു’ എന്ന് പറയുന്നത് എന്താണ് സൂചിപ്പിക്കുന്നത്? ആ ഭൂമി ആദിവാസികൾ തട്ടിയെടുത്തതും അവിടെനിന്ന് വേറൊരു രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിച്ചതുമാണെന്നൊരു ധാരണ അതിനു പിന്നിലുണ്ട്. അത്തരമൊരു രാഷ്ട്രീയ കാഴ്ചപ്പാടാണ് അന്ന് ആ പ്രസ്താവനയിലൂടെ പുറത്തുവന്നത് എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ, അതിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകനും ചോദ്യം ഉന്നയിച്ചില്ല.
ഇതേ പ്രശ്നം ജുഡീഷ്യറിയിലും കാണാം. ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദിവാസികളുടെ വനാവകാശം, പെസ നിയമം, സ്വയംഭരണവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് വലിയ അജ്ഞത നിലനിൽക്കുന്നുണ്ട്. കേരളം സ്വയം മതനിരപേക്ഷവും പുരോഗമനപരവുമാണെന്ന് പറയുമ്പോഴും, ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ അംഗീകരിക്കുന്ന കാര്യത്തിൽ വലിയൊരു പരിമിതിയുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമിയാണ് എന്ന ബോധത്തിനകത്ത് ആദിവാസികൾക്കും ഇവിടെ ജീവിക്കാനുള്ള അവകാശത്തിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും ദലിതർക്കും പ്രത്യേക അവകാശങ്ങളും സംവരണവും ഉണ്ടെന്നും തിരിച്ചറിയാത്ത ഒരു സാമൂഹിക മനോഭാവം ഇപ്പോഴും നിലനിൽക്കുന്നു.
ഈ വൈവിധ്യത്തെ അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല. ഒരു ചെറിയ ന്യൂനപക്ഷമാണെങ്കിലും അവർക്ക് ജീവിക്കാനുള്ള അവകാശമുണ്ടെന്നും സ്വന്തം സ്വത്വം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അവർക്കുവേണ്ടി സംസാരിക്കാനും അവരെ പ്രതിനിധാനംചെയ്യാനും അവർക്കുതന്നെ അവകാശമുണ്ടെന്നും ഇന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നാൽ, അതിനോടുള്ള അസഹിഷ്ണുതയാണ് പലപ്പോഴും സംവരണവിരുദ്ധതയിലേക്കും എത്തുന്നത്.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ അദൃശ്യരാക്കപ്പെട്ട ഒരുപാട് മനുഷ്യരുണ്ട്. ഇ.എം.എസ് ഒരിക്കലും മഹാത്മാ അയ്യൻകാളിയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ പറയേണ്ടിവരുന്ന തരത്തിലുള്ള ഒരു അദൃശ്യത. പൊയ്കയിൽ അപ്പച്ചനും ജോൺ ജോസഫും അയ്യൻകാളിയും ഉൾപ്പെടെയുള്ളവരുടെ സാമൂഹിക ഇടപെടലുകളും സമരങ്ങളും വലിയ സാമൂഹിക വിപ്ലവങ്ങളായിരുന്നു.
എന്നാൽ, അത്തരമൊരു ചരിത്രം കേരളത്തിന്റെ പൊതുബോധത്തിൽ ഇപ്പോഴും വേണ്ടത്ര പ്രത്യക്ഷമല്ല. 2001ൽ സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികൾ കുടിൽകെട്ടി മാസങ്ങളോളം നടത്തിയ ധാർമിക സമരത്തിനിടയിൽ എ.കെ.ജി സെന്ററിൽനിന്ന് ഒരു പ്രസ്താവന വന്നിരുന്നു. ‘ഇവറ്റകളെ അടിച്ചോടിച്ച് നഗരത്തെ വൃത്തികേടിൽനിന്ന് മോചിപ്പിക്കണം’ എന്നായിരുന്നു ആ പ്രസ്താവനയുടെ ഉള്ളടക്കം. ചരിത്രത്തിൽ ആദ്യമായാണ് ആദിവാസികൾ സ്വന്തം കാലിൽനിന്ന് ഒരു സമരം ചെയ്ത് വിജയിപ്പിക്കുന്നത്. അത് അംഗീകരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.

മുത്തങ്ങയിലെ വെടിവെപ്പിനും തുടർന്നുണ്ടായ പൊലീസ് നടപടികൾക്കും ശേഷം നിങ്ങൾക്കും ജാനുവിനും നേരിടേണ്ടിവന്നത് എന്തായിരുന്നു?
മുത്തങ്ങയിൽനിന്ന് തിരിച്ചുവന്നശേഷം ഞാനും ജാനുവും രണ്ടുദിവസത്തോളം സമീപത്തെ ഊരുകളിൽ ഒളിച്ചുകഴിയുകയായിരുന്നു. പുറത്തുള്ള സാഹചര്യമെന്താണെന്നോ മുത്തങ്ങയിൽ സംഭവിച്ചതിന്റെ വ്യാപ്തി എത്രത്തോളമാണെന്നോ ഞങ്ങൾക്ക് വ്യക്തമായി അറിയില്ലായിരുന്നു. വെടിവെപ്പിനുശേഷം ആളുകളെല്ലാം പല ഭാഗങ്ങളിലേക്കായി കാട്ടിലേക്ക് ഓടിപ്പോയിരുന്നു. രാത്രിയിൽ അവരിൽ പലരെയും അന്വേഷിച്ച് കണ്ടെത്തി ഞങ്ങൾ ഒരുമിച്ചുകൂടി. അറുപതിലധികം പേരുണ്ടായിരുന്നു.
രാത്രി പതിനൊന്നോടെ തകരപ്പാടിയിൽനിന്ന് ഞങ്ങൾ പുറപ്പെട്ടു. മുത്തങ്ങയിൽ കത്തിക്കരിഞ്ഞ മരങ്ങൾക്കും കാടിന്റെ ചാമ്പലിനുമിടയിലൂടെയായിരുന്നു യാത്ര. തീപിടിത്തത്തെ തുടർന്ന് വന്യമൃഗങ്ങളും ആ പ്രദേശത്തുനിന്ന് മാറിയിരുന്നു. രണ്ടുമൂന്ന് കിലോമീറ്റർ അകലെ, ജാനു നേരത്തേ താമസിച്ചിരുന്ന ഒരു മലപ്രദേശത്തെത്തി. അവിടെയും എല്ലാം കത്തിക്കരിഞ്ഞ് ആളൊഴിഞ്ഞ നിലയിലായിരുന്നു.
അവിടെയുണ്ടായിരുന്ന ഒരു ഷെഡിലാണ് ജാനുവിനെ കണ്ടെത്തിയത്. വെളുപ്പിന് മൂന്നുമണിയോടെ അവിടെനിന്ന് പുറപ്പെട്ട് പുലിതൂക്കിയിലെത്തി. രാവിലെ അവിടെയെത്തുമ്പോൾ ആളുകളെല്ലാം ഭയന്നുനിൽക്കുന്ന അവസ്ഥയായിരുന്നു. അധികം വൈകാതെ പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഞങ്ങൾ വീണ്ടും കാട്ടിലേക്ക് മാറി. അവിടെയെത്തിയ പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയെന്നും ചോദ്യം ചെയ്തെന്നും പിന്നീട് അറിഞ്ഞു. “ജാനുവും ഗീതാനന്ദനും വന്നിരുന്നോ?” എന്നൊക്കെ അവരോട് ചോദിച്ചിരുന്നതായും വിവരം ലഭിച്ചു.
ഒരു രാത്രി മുഴുവൻ ഞങ്ങൾ കാട്ടിലായിരുന്നു. പിന്നീട് പല വഴികളായി പിരിഞ്ഞാണ് സഞ്ചരിച്ചത്. ഒടുവിൽ പത്തോ പതിനെട്ടോ പേരടങ്ങുന്ന സംഘം, ഞാനും ജാനുവും ഉൾപ്പെടെ, തീണൂരിലെത്തി. അവിടെ രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞെന്നാണ് ഓർമ. അവിടെവെച്ചാണ് ആദ്യമായി ഒരു പത്രം ലഭിക്കുന്നത്. അപ്പോഴാണ് പുറത്തുനടക്കുന്ന കാര്യങ്ങളുടെ ഭീകരതയെക്കുറിച്ച് കുറച്ചെങ്കിലും മനസ്സിലായത്. പൊലീസ് റെയ്ഡ് നടക്കുമെന്ന വിവരം ലഭിച്ചതോടെ അവിടെനിന്നും മാറി. ഊരിലുള്ളവർ പല സ്ഥലങ്ങളിലും റെയ്ഡുകൾ നടക്കുന്നതായി പറഞ്ഞു.
പൊലീസിന്റെ വിസിൽശബ്ദങ്ങൾ പോലും കേൾക്കാമായിരുന്നു. ഒടുവിൽ പൊലീസിന് കീഴടങ്ങണമെന്ന് ജാനു തീരുമാനിച്ചു. ഞാൻ നിയമസഹായത്തിനായി ചിലരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. ജാനു അങ്ങനെ തീരുമാനിച്ചപ്പോൾ ഞാനും അതിനൊപ്പം നിൽക്കുകയായിരുന്നു. അവസാനമായി അവിടെവെച്ച് ഒരു ഫോൺവിളി നടത്താൻ കഴിഞ്ഞു. അന്ന് ഞങ്ങളുടെ കൈയിൽ രണ്ടു പേർ ഉപയോഗിച്ചിരുന്ന ഫോണുകളുണ്ടായിരുന്നു. അതിൽ ഒന്ന് പിന്നീട് പ്രവർത്തനരഹിതമായി.
നമ്പിക്കൊല്ലിയിൽ ഞങ്ങൾ നടന്നുവരുകയായിരുന്നു. ജാനു മുന്നിലും ഞാൻ പിന്നിലുമായിരുന്നു. നാട്ടുകാർ ഞങ്ങളെ തിരിച്ചറിഞ്ഞ് വിവരം പൊലീസിനെ അറിയിച്ചു. ഉടൻതന്നെ രണ്ട് ജീപ്പുകളിലായി പൊലീസെത്തി ഞങ്ങളെ വളഞ്ഞു. ജാനുവിനെ മുന്നിലും എന്നെ പിന്നിലെ സീറ്റിലുമാണ് ഇരുത്തിയത്. വണ്ടി പുറപ്പെട്ട നിമിഷം മുതൽ തന്നെ ജാനുവിന്റെ നിലവിളി കേൾക്കാമായിരുന്നു. എന്നെയും അവർ മർദിച്ചു. ഞാൻ സീറ്റിൽനിന്ന് തറയിലേക്ക് വീഴുന്ന അവസ്ഥയിലായിരുന്നു. ജാനുവിനെ ഷൂസ് ധരിച്ച കാലുകൊണ്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തു. മണിക്കൂറുകളോളം ഞങ്ങളെ പല സ്ഥലങ്ങളിലൂടെ കൊണ്ടുനടന്നു. ഒടുവിൽ മുത്തങ്ങയിലെ ഫോറസ്റ്റ് ഐ.ബിയിലേക്കാണ് കൊണ്ടുവന്നത്.
ഫോറസ്റ്റ് ഐ.ബിയുടെ പരിസരത്ത് വലിയൊരു പൊലീസ് സന്നാഹമുണ്ടായിരുന്നു. അതിനകം പൊലീസിനിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ രൂപപ്പെട്ടിരുന്നു എന്നാണ് എനിക്ക് തോന്നിയത്. മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന പൊലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് ആദിവാസികൾക്കെതിരായ പ്രതികാര മനോഭാവം പൊലീസുകാർക്കിടയിൽ വളർത്തിയിരുന്നു. ലഘുലേഖകളും പോസ്റ്ററുകളും പൊലീസുകാർ ഇറക്കിയിരുന്നു. പൊലീസുകാരന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ചിത്രങ്ങൾ വരെ ഉപയോഗിച്ച് ലഘുലേഖ ഇറക്കിയതായി ഞാൻ കണ്ടിട്ടുണ്ട്. യഥാർഥത്തിൽ സംഭവത്തിന്റെ ഉത്തരവാദിത്തം വ്യക്തമായി നിർണയിക്കപ്പെടുന്നതിന് മുമ്പുതന്നെ പൊലീസുകാരെ മുഴുവൻ ഒരു ആദിവാസിവിരുദ്ധ സൈന്യത്തിന്റെ മനോഭാവത്തിലേക്ക് മാറ്റുന്ന സാഹചര്യമാണുണ്ടായത്.
ഫോറസ്റ്റ് ഐ.ബിയിലെത്തിയപ്പോൾ എന്നെ ആ കൂട്ടത്തിലേക്കാണ് എറിഞ്ഞുകൊടുത്തത്. ജാനുവിനെ അകത്തേക്ക് കൊണ്ടുപോയി. അവരുടെ നിലവിളി ഉച്ചത്തിൽ കേൾക്കാമായിരുന്നു. എന്നെ പുറത്തുവെച്ച് പത്തോ പതിനഞ്ചോ മിനിറ്റോളം പൊലീസുകാരുടെ ഒരു കൂട്ടത്തിനിടയിലാക്കി. തറയിൽ വീണുകിടന്ന എന്നെ അവർ ചവിട്ടുകയും തോക്കിന്റെ പാത്തികൊണ്ട് കുത്തുകയും ചെയ്തു. ഞാൻ കിടന്നിരുന്നതിനാൽ അതിനപ്പുറം വലിയ ആക്രമണം ഉണ്ടായില്ലെന്ന് തോന്നുന്നു. ഭാഗ്യവശാൽ തലക്ക് വലിയ പരിക്കുണ്ടായില്ല. നെഞ്ചിലും പുറത്തുമൊക്കെയാണ് കൂടുതൽ മർദനമേറ്റത്.
അതിനുശേഷമാണ് എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫോറസ്റ്റ് ഐ.ബിയിൽനിന്ന് പൊലീസ് സ്റ്റേഷനിലെത്തിയ സമയവും അവിടെ കഴിഞ്ഞ സമയവും കൃത്യമായി ഓർമിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. പൊലീസ് സ്റ്റേഷനിൽവെച്ചാണ് സുരേന്ദ്രൻ മാഷിനെ കാണുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് എസ്.പി ഉൾപ്പെടെ ഒന്നുരണ്ട് പൊലീസുകാർ വന്ന് ചില കാര്യങ്ങൾ ചോദിച്ചു.
എന്നാൽ, അത് യഥാർഥ ചോദ്യംചെയ്യലായിരുന്നില്ലെന്നാണ് എനിക്ക് തോന്നിയത്. എസ്.പി മുറിയിൽനിന്ന് ഇറങ്ങിയ ഉടൻതന്നെ എന്റെ പിന്നിൽ നിന്നിരുന്ന പൊലീസുകാർ എന്നെ വീണ്ടും മർദിച്ചു. രണ്ടുവശത്തും പൊലീസുകാരെ നിർത്തിയിരുന്നു. ബൂട്ട് ധരിച്ച കാലുകൊണ്ട് ചവിട്ടുകയായിരുന്നു. ഞാൻ ഉരുണ്ടുവീണു. ആ മർദനത്തിലാണ് എന്റെ നാല് വാരിയെല്ലുകൾ പൊട്ടിയത്. അതിനുശേഷം റിമാൻഡ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്ക് കൊണ്ടുപോയി. എന്നെ ഒറ്റപ്പെട്ട സെല്ലിലാണ് പാർപ്പിച്ചത്.
അവിടെനിന്നാണ് പിന്നീട് ഇത് ഒരു വിഭാഗീയമായ വിചാരണയാണ് എന്നു ഞാൻ അറിഞ്ഞത്. കാൽനൂറ്റാണ്ടോളം ഒരു ആദിവാസി ഭൂസമരത്തിന്റെ പേരിൽ വിചാരണ നീണ്ടുപോകുന്നത് തന്നെ അതിന്റെ തെളിവാണ്. “കേസ് നടക്കട്ടെ, കോടതി കയറിവരട്ടെ” എന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇനിയും ഇത് അടുത്ത കാൽനൂറ്റാണ്ടിലേക്ക് നീണ്ടുപോകുമോ എന്നുപോലും എനിക്ക് തോന്നിയിട്ടുണ്ട്. ഇത്രയും കാലമായിട്ടും എക്സിക്യൂട്ടിവിന്റെ ഭാഗത്തുനിന്ന് ഒരു കുറ്റസമ്മതം ഉണ്ടായിട്ടില്ല. ഇത് വേണ്ടാത്തതായിരുന്നു, സംഭവിച്ചതിൽ തെറ്റുണ്ടായി എന്ന നിലപാടും അവർ സ്വീകരിച്ചിട്ടില്ല. അതുതന്നെയാണ് ഈ സമീപനത്തിന്റെ വംശീയ സ്വഭാവം വ്യക്തമാക്കുന്നത്. കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പലപ്പോഴും ജാതി-മത കൂട്ടുകെട്ടുകളുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്ന് എല്ലാവരും ഒരുമിച്ച് തീരുമാനിച്ചാൽ അതിന് വലിയ വേഗതയുണ്ടാകും.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട കേസുകളുടെ നിയമനടപടികൾ പിന്നീട് എങ്ങനെയാണ് മുന്നോട്ടുപോയത്? അന്വേഷണം മുതൽ വിചാരണവരെയുള്ള ഘട്ടങ്ങളിൽ നിങ്ങൾക്ക് എന്തൊക്കെയാണ് അനുഭവപ്പെട്ടത്?
നമ്മൾ പറഞ്ഞതുപോലെ, വിവിധ കേസുകളാണ് ഞങ്ങൾക്കെതിരെ എടുത്തത്. വിവിധ കുറ്റങ്ങൾ ഉൾപ്പെടുത്തി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. പിന്നീട് അന്വേഷണം സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ അന്വേഷണത്തിനുശേഷം കുറ്റപത്രങ്ങൾ സമർപ്പിച്ചു.
ഇതിൽ പ്രധാനപ്പെട്ട ഒരു കേസ് 2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദിന്റെ മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് കേസിന്റെ കേന്ദ്രം. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 57 പേരെ പ്രതികളാക്കി. പിന്നീട് വർഷങ്ങൾ നീണ്ട വിചാരണക്കിടെ ചില പ്രതികൾ മരണപ്പെട്ടു. 2018ലാണ് കൽപറ്റ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. 300ലധികം ആളുകൾ ആൾക്കൂട്ടത്തിലുണ്ടായിരുന്നിട്ടും ഏത് അടിസ്ഥാനത്തിലാണ് കേസ് 57 പേരിലേക്ക് ചുരുക്കിയതെന്നതുതന്നെ ദുരൂഹമായിരുന്നു. സി.ബി.ഐ ദൃശ്യങ്ങളിൽ തിരിച്ചറിയാൻ കഴിയുന്നവരെയും പൊലീസിനോ വനം വകുപ്പിനോ തിരിച്ചറിയാൻ കഴിയുന്നവരെയും കണ്ടെത്തി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കേസ് കെട്ടിപ്പടുക്കുകയായിരുന്നു എന്നാണ് ഞങ്ങളുടെ നിലപാട്.
300-500 ആളുകളുള്ള ഒരു ആൾക്കൂട്ടത്തിനിടയിൽനിന്ന് വ്യക്തികളെ കൃത്യമായി തിരിച്ചറിയുക എളുപ്പമുള്ള കാര്യമല്ല. മുമ്പ് പരിചയമില്ലാത്ത ആളുകളായിരുന്നു അവരിൽ പലരും. വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ പൊലീസുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തിരിച്ചറിയൽ പരേഡിലും ഞങ്ങൾ പല ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിരുന്നു. സംശയിക്കുന്നവരെയും മറ്റുള്ളവരെയും നിരയിൽ നിർത്തുമ്പോൾ, ആദിവാസികളെയും ആദിവാസികളല്ലാത്തവരെയും വ്യത്യസ്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് ആളുകളെ ഉൾപ്പെടുത്തിയതെന്നായിരുന്നു ഞങ്ങളുടെ പരാതി. മുത്തങ്ങയിൽ നേരത്തേ ഉണ്ടായിരുന്ന, പൊലീസിനും വനം വകുപ്പിനും പരിചയമുള്ള ആദിവാസികളെയും ഇത്തരം തിരിച്ചറിയൽ പരേഡുകളിൽ ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ ചെയ്താൽ സ്വാഭാവികമായും പ്രതികളെ തിരിച്ചറിയുന്നത് എളുപ്പമാകും.
അതിനു പുറമെ, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽതന്നെ ഞങ്ങൾ മർദനവും കസ്റ്റഡി പീഡനവും ആരോപിച്ചിരുന്നു. നിരവധി പേർ മർദിക്കപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ട്. ചിലർ പിന്നീട് മരണപ്പെടുകയും ചെയ്തു. ട്രയലിന്റെ എല്ലാ ഘട്ടങ്ങളിലും, അന്വേഷണത്തിന്റെ ഘട്ടം മുതൽ തന്നെ, നടപടികൾ ഏകപക്ഷീയവും മാനിപ്പുലേറ്റ് ചെയ്തതുമായിരുന്നു എന്നാണ് ഞങ്ങളുടെ അനുഭവം. കോടതിയിൽ എത്തിയപ്പോഴും കുറ്റപത്രം അത്ര ശക്തമായിരുന്നില്ല. ഉദാഹരണത്തിന്, ഒരു അനധികൃത സംഘം ചേർന്ന് ഒരു കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കണമെങ്കിൽ അതിന് വ്യക്തമായ തെളിവുകൾ വേണം.
ഒരു കൊലപാതകത്തിന് ഗൂഢാലോചനയുണ്ടെന്ന് പറയുമ്പോൾ അതിന് ഒരു ലക്ഷ്യവും അതിലേക്ക് നയിക്കുന്ന ആസൂത്രണവും തെളിയിക്കേണ്ടതുണ്ട്. എന്നാൽ, മുത്തങ്ങയിൽ അങ്ങനെയൊരു കുറ്റകൃത്യം ചെയ്യുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത് സംഘംചേർന്ന ആളുകളായിരുന്നില്ല അവിടെയുണ്ടായിരുന്നത്. ഭൂമിക്കുവേണ്ടിയുള്ള സമരത്തിനായി ഒത്തുകൂടിയവരും പിന്നീട് ഉണ്ടായ സംഘർഷത്തിൽ ഭീതിയോടെ ഓടിക്കൂടിയവരുമായിരുന്നു അവരിൽ വലിയൊരു വിഭാഗം. അതായിരുന്നു ഞങ്ങളുടെ വാദം.
പൊലീസുകാരന് പരിക്കേറ്റു, ആക്രമണമുണ്ടായി എന്നൊക്കെയുള്ള കാര്യങ്ങളിൽപോലും പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ് പറയുന്ന സാക്ഷിമൊഴികളിൽ പല വൈരുധ്യങ്ങളും ഉണ്ടായിരുന്നു. എന്റെ സാന്നിധ്യംപോലും കൃത്യമായി പറയാത്ത സാഹചര്യത്തിലാണ് എന്നെ ഗൂഢാലോചനയിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു ഞങ്ങളുടെ വാദം. അവസാനം, ഗൂഢാലോചന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരായ കൊലപാതകക്കുറ്റവും കോടതി അംഗീകരിച്ചില്ല. എന്നാൽ, മുത്തങ്ങയിലെ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൽ സലാമിനെതിരായ വധശ്രമക്കേസിൽ എന്നെയും മറ്റു മൂന്നുപേരെയും കോടതി കുറ്റക്കാരായി കണ്ടെത്തി അഞ്ച് വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. അതിനാൽ ഈ കേസിന്റെ ചരിത്രം നോക്കുമ്പോൾ, അന്വേഷണം മുതൽ വിചാരണവരെയുള്ള ഓരോ ഘട്ടത്തിലും ഉണ്ടായിരുന്ന ഏകപക്ഷീയതയെക്കുറിച്ചുള്ള ഞങ്ങളുടെ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
മുത്തങ്ങ കേസിന്റെ വിചാരണയും വിധിയും പൂർത്തിയായപ്പോൾ, കോടതി ഉയർത്തിയ നിയമപരമായ കണ്ടെത്തലുകളെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്? പ്രത്യേകിച്ച്, നിങ്ങൾക്കെതിരായ കുറ്റങ്ങളും ശിക്ഷയും സംബന്ധിച്ച് എന്താണ് നിങ്ങളുടെ നിലപാട്?
സംഭവവുമായി ബന്ധപ്പെട്ട് ഞങ്ങൾ അവിടെ സംഘം ചേർന്നത് ഒരു പ്രത്യേക കുറ്റകൃത്യം ചെയ്യാനായിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പൊലീസുകാരനെ ആക്രമിച്ചുവെന്ന് പറയുന്ന സാക്ഷിമൊഴികളിലും കൃത്യമായ തിരിച്ചറിയൽ ഉണ്ടായിരുന്നില്ല. മൊഴികളിൽതന്നെ പല വൈരുധ്യങ്ങളുമുണ്ടായിരുന്നു. എന്റെ സാന്നിധ്യംപോലും പല സാക്ഷിമൊഴികളിലും കൃത്യമായി പറഞ്ഞിരുന്നില്ല. എന്നിട്ടും എന്നെ ഈ കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടുത്തി. അതിൽതന്നെ ഒരു വലിയ പൊരുത്തക്കേടുണ്ട്. ഒരു സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറയുമ്പോൾ അതിന് വ്യക്തമായ തെളിവുകൾ വേണമല്ലോ. എന്നാൽ വിചാരണയുടെ അവസാനം ജഡ്ജി തന്നെ ‘പ്രഥമദൃഷ്ട്യാ ഗൂഢാലോചന’ എന്ന രീതിയിലുള്ള പരാമർശം നടത്തിയതാണ് ഞങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുള്ളത്.
‘പ്രഥമദൃഷ്ട്യാ’ എന്നത് ഒരു കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ഒരു നിയമപരമായ വിലയിരുത്തലാണ്. എന്നാൽ ഒരു ക്രിമിനൽ കേസിന്റെ വിചാരണ പൂർത്തിയാക്കി ഒരാളെ ശിക്ഷിക്കുമ്പോൾ കുറ്റം സംശയാതീതമായി തെളിയിക്കേണ്ടതുണ്ട്. ഒരാളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ശിക്ഷ വിധിക്കുമ്പോൾ ആ നിലവാരത്തിലുള്ള തെളിവ് ആവശ്യമാണ്. അതാണ് ഞങ്ങൾ ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചത്.
എനിക്ക് ഈയിടെ വിധിച്ച ശിക്ഷ അഞ്ച് വർഷത്തെ കഠിനതടവാണ്. വിവിധ കുറ്റങ്ങൾക്ക് വേർതിരിച്ച് ശിക്ഷകൾ വിധിച്ചിട്ടുണ്ടെങ്കിലും അവ ഒരേസമയം അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ അഞ്ച് വർഷത്തെ തടവാണ്. അതിനൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. ഞങ്ങൾ നാലുപേരാണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ടത്. അതിൽ എന്റെ പങ്ക് ഗൂഢാലോചനക്ക് നേതൃത്വം നൽകിയ ഒരാളുടേതാണെന്ന രീതിയിലാണ് കോടതി വിലയിരുത്തിയത്. എന്നാൽ, ഈ മുഴുവൻ സംഭവവും നടന്നത് ഒരേ സാഹചര്യത്തിലാണ്. അതിനകത്ത് ഒരു പ്രത്യേക ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അതിന്റെ ഭാഗമായി നടന്ന മറ്റൊരു സംഭവത്തിനുവേണ്ടി മാത്രം പ്രത്യേക ഗൂഢാലോചന സ്ഥാപിക്കുന്നത് എങ്ങനെ സാധ്യമാകും എന്നതാണ് ഞങ്ങളുടെ ചോദ്യം.
ഞങ്ങൾ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിച്ച അഞ്ച് വർഷത്തെ ശിക്ഷയും ഹൈകോടതി പിന്നീട് മരവിപ്പിച്ചു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ജാമ്യത്തിൽ പുറത്തുള്ളത്. കേസിന്റെ അന്തിമ അപ്പീൽ പിന്നീട് പരിഗണിക്കും.
വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഞങ്ങളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ആ കേസിൽ 57 പേരാണ് പ്രതികളായിരുന്നത്. വിചാരണ നീണ്ടുപോയ കാലയളവിൽ 15 പേർ മരണപ്പെട്ടു. ശേഷിച്ച പ്രതികളെയെല്ലാം കോടതി കുറ്റമുക്തരാക്കി. വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട കൊലപാതകവും ഗൂഢാലോചനയും പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം, അബ്ദുൽ സലാം എന്ന പൊലീസുദ്യോഗസ്ഥനെതിരായ വധശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഞങ്ങൾ നാലുപേർ ശിക്ഷിക്കപ്പെട്ടത്. ആ വിധിക്കെതിരെയാണ് ഇപ്പോൾ ഹൈകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഇത് ഒരു സാമൂഹിക വിഷയവുമായി ബന്ധപ്പെട്ട സമരമായിരുന്നു.
പ്രത്യേകിച്ചും സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരെ സംബന്ധിച്ച വിഷയത്തിൽ, അറസ്റ്റ് ചെയ്യുക, ജയിലിലാക്കുക, വർഷങ്ങളോളം വിചാരണ നടത്തുക എന്ന രീതിയിലുള്ള നീണ്ട നിയമപ്രക്രിയ തന്നെ പലപ്പോഴും ഒരു ശിക്ഷയായി മാറുന്നുണ്ട്. നമ്മുടെ കേസിലും അതുതന്നെയാണ് സംഭവിച്ചത്. കാൽനൂറ്റാണ്ടോളം ആളുകൾ ഈ കേസിന്റെ പിന്നാലെ നടക്കുകയാണ്. അതിനിടയിൽ പലരും മരിച്ചു. പലരും സാമ്പത്തികമായും സാമൂഹികമായും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സമരത്തിൽ പങ്കെടുത്ത നിരവധി ആളുകൾ ഇന്നും ഈ നിയമനടപടികളുടെ ഭാരമാണ് വഹിക്കുന്നത്. പലരും ഒറ്റക്കൊറ്റക്കാണ് കേസുകൾ നേരിടുന്നത്. തുടക്കത്തിൽ ഉണ്ടായിരുന്ന സംഘടിതമായ രാഷ്ട്രീയ-സാമൂഹിക പിന്തുണ പിന്നീട് അതേ രീതിയിൽ നിലനിന്നില്ല.
മുത്തങ്ങ സമരത്തിനുശേഷം അതിൽ പങ്കെടുത്തവരോടും കേസുകളിൽപ്പെട്ടവരോടുമുള്ള നേതൃത്വത്തിന്റെയും പ്രസ്ഥാനത്തിന്റെയും ഉത്തരവാദിത്തം എങ്ങനെയാണ് വിലയിരുത്തുന്നത്?
ജാനു പിന്നീട് ഏത് രാഷ്ട്രീയ പാർട്ടിയിലേക്കാണ് പോയതെന്നത് വേറൊരു രാഷ്ട്രീയ വിഷയമാണ്. അവർ ബി.ജെ.പി മുന്നണിയിലായാലും കോൺഗ്രസിനൊപ്പമായാലും അതല്ല ഇവിടെ പ്രധാനപ്പെട്ട കാര്യം. മുത്തങ്ങ കേസിലെ ഇരകളോടും കേസുകളിൽ കുടുങ്ങിയ മനുഷ്യരോടുമുള്ള ഒരു ധാർമിക ഉത്തരവാദിത്തം നേതാക്കൾക്കുണ്ടല്ലോ. ആ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പാടില്ലെന്നാണ് എന്റെ അഭിപ്രായം. ജാനു ബി.ജെ.പിയിലേക്ക് പോയപ്പോഴും അവരുടെ പഴയകാല രാഷ്ട്രീയ ചരിത്രത്തെ ഞാൻ പ്രതിരോധിച്ചിട്ടുണ്ട്. അവർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടായപ്പോൾ അതിനെ ഞാൻ വിമർശിച്ചിട്ടുണ്ട്.
അവരുടെ രാഷ്ട്രീയ തീരുമാനങ്ങളോട് എനിക്ക് യോജിപ്പില്ലാത്ത സാഹചര്യങ്ങളിലും അവരുടെ പഴയകാല പ്രവർത്തനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ല. എന്നാൽ മുത്തങ്ങ കേസിൽ ഞങ്ങൾ ജയിലിൽ പോയപ്പോൾ, ഞങ്ങളെ കാണാനോ ഞങ്ങളുടെ നിയമനടപടികളിൽ ഇടപെടാനോ അവരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നത് പറയാതിരിക്കാനാവില്ല. അത് എനിക്ക് വലിയ വിഷമമുണ്ടാക്കിയ കാര്യമാണ്. എനിക്ക് തോന്നുന്നത്, ഒരു സാമൂഹിക പ്രവർത്തക എന്നനിലയിൽ താൻ ഇത്രയും കാലം പ്രവർത്തിച്ചിരുന്ന ഒരു മേഖലയെ അവർ ഉപേക്ഷിച്ചുവെന്നാണ്.
രാഷ്ട്രീയ അധികാരത്തിലൂടെയാണ് ഇനി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് എന്നൊരു നിലപാടിലേക്കാണ് അവർ മാറിയതെന്ന് അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് തോന്നുന്നു. അധികാരരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, നമ്മളെ വിശ്വസിച്ച് ഈ സമരത്തിലേക്ക് വന്ന മനുഷ്യരോടുള്ള ഉത്തരവാദിത്തം അതുകൊണ്ട് അവസാനിക്കുന്നില്ല. അവരുടെ കേസുകളും അവരുടെ ജീവിതവും മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം മരണം വരെ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്.
മുത്തങ്ങക്കുശേഷം ആദിവാസി രാഷ്ട്രീയത്തിന്റെ സ്വതന്ത്രമായ അസ്തിത്വം വിവിധ രാഷ്ട്രീയ ധാരകൾ എങ്ങനെയാണ് സമീപിച്ചതെന്നാണ് വിലയിരുത്തുന്നത്?
ഞാനും എല്ലാം ചെയ്തു എന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, ആ മനുഷ്യർ അനുഭവിച്ച അന്യതാബോധം എനിക്ക് മനസ്സിലാകുന്നുണ്ട്. കാൽനൂറ്റാണ്ട് എന്നത് ഒരു മനുഷ്യജീവിതത്തിൽ വളരെ നീണ്ട കാലമാണ്. ജാനുവിന്റെ രാഷ്ട്രീയ തീരുമാനങ്ങളോട് എനിക്ക് എതിർപ്പുണ്ടായിട്ടുണ്ടെങ്കിലും, അവരുടെ പഴയകാല ചരിത്രത്തെ ഞാൻ ഒരിക്കലും നിഷേധിച്ചിട്ടില്ല. അവർ നേരിട്ട രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ ഞാൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ മുത്തങ്ങയിലെ ഇരകളുടെ കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറമുള്ള ധാർമിക നിലപാടാണ് വേണ്ടത്.
കോൺഗ്രസ് ഇപ്പോൾ ജാനുവിനെ സ്വീകരിച്ചതിന്റെ രാഷ്ട്രീയ സന്ദേശം എന്താണെന്നത് വേറെ ചർച്ചയാണ്. ദലിത്-ആദിവാസി വിഭാഗങ്ങൾ തങ്ങളുടെ കൂടെയുണ്ടെന്ന സന്ദേശം നൽകാനുള്ള രാഷ്ട്രീയ താൽപര്യം മുന്നണികൾക്കുണ്ടാകാം. എന്നാൽ, സ്വതന്ത്രമായി സ്വന്തം സമൂഹത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുന്ന ആളുകളെ യഥാർഥ അധികാരഘടനയിൽ ഉൾക്കൊള്ളാൻ രാഷ്ട്രീയ മുന്നണികൾ എത്രത്തോളം തയാറാണ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇത് കോൺഗ്രസിനുമാത്രമുള്ള പ്രശ്നമല്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളെയും ഈ മാനദണ്ഡത്തിൽ പരിശോധിക്കേണ്ടതുണ്ട്.
എന്നാൽ, ഇടതുപക്ഷത്തെ സംബന്ധിച്ച് എനിക്ക് കൂടുതൽ ഗുരുതരമായ വിമർശനമുണ്ട്. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ അസ്തിത്വത്തെ അംഗീകരിക്കുന്നതിൽ ഇടതുപക്ഷത്തിന് വലിയ പരിമിതിയുണ്ടെന്നാണ് എന്റെ അനുഭവം. നമ്മളെ ഒരു ചർച്ചക്കുപോലും വിളിക്കാതിരിക്കുക, സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് ഇടം നൽകാതിരിക്കുക –ഇതെല്ലാം അതിന്റെ ഭാഗമാണ്.
കോൺഗ്രസിനും പരിമിതികളുണ്ട്. ജാതി-മത കൂട്ടുകെട്ടുകളുടെ രാഷ്ട്രീയമാണ് അവിടെയുള്ളത്. അതുകൊണ്ട് കീഴാള വിഭാഗങ്ങളിൽനിന്ന് ഉയർന്നുവരുന്ന പുതിയൊരു ബാർഗയ്നിങ് ഗ്രൂപ് അവരുടെ അധികാരഘടനയിലേക്ക് പ്രവേശിക്കുന്നത് അവർക്ക് എളുപ്പത്തിൽ അംഗീകരിക്കാൻ കഴിയില്ല. പക്ഷേ, സമരംചെയ്ത് ആവശ്യങ്ങളുമായി മുന്നോട്ടുപോയാൽ അത് കേൾക്കാനുള്ള ഒരു രാഷ്ട്രീയ സാധ്യത അവിടെയുണ്ട്. അതാണ് രണ്ടിനുമിടയിലെ പ്രധാന വ്യത്യാസം. ജാനുവിനെതിരായ രാഷ്ട്രീയ ആക്രമണം പുതിയ കാര്യമല്ല.
നക്സലൈറ്റ് വിഭാഗങ്ങളിൽനിന്നുപോലും ജാനുവിനെതിരെ ശക്തമായ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. 1990കളുടെ തുടക്കത്തിൽതന്നെ അവർക്കെതിരെ സാമ്രാജ്യത്വത്തിന്റെ ചാരനെന്നൊക്കെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീട് ഈ വിമർശനങ്ങൾ മറ്റു ഇടതുപക്ഷ രാഷ്ട്രീയ വിഭാഗങ്ങളും ഏറ്റെടുത്തു. ആദിവാസി രാഷ്ട്രീയം സ്വതന്ത്രമായി വളരുന്നതിനെ പല രാഷ്ട്രീയ ധാരകളും സ്വന്തം രാഷ്ട്രീയപദ്ധതിയുടെ ഭാഗമായി കാണാൻ ശ്രമിച്ചിട്ടുണ്ട്. അതാണ് അടിസ്ഥാന പ്രശ്നം.
മാവോയിസ്റ്റുകളെക്കുറിച്ചും ഇതേ രീതിയിൽ എനിക്ക് വിമർശനമുണ്ട്. ആദിവാസികളുടെ യഥാർഥ സാമൂഹിക-രാഷ്ട്രീയ അടിത്തറയിൽ ദീർഘകാലം പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയത്തിന് പകരം, പലപ്പോഴും അവരുടെ പോരാട്ടങ്ങളെ സ്വന്തം സായുധ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയാണ് സംഭവിക്കുന്നത്. വടക്കേ ഇന്ത്യയിലെ പല പ്രദേശങ്ങളിലും കോർപറേറ്റ് താൽപര്യങ്ങളും ഭരണകൂടവും തമ്മിലുള്ള സംഘർഷത്തിനിടയിൽ ആദിവാസികൾ കുടുങ്ങിപ്പോകുന്നുണ്ട്. മാവോയിസ്റ്റുകൾ ചിലപ്പോൾ അവരുടെ രക്ഷകരായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ ആ സായുധ പോരാട്ടത്തിന്റെ ഏറ്റവും വലിയ ഇരകൾ പലപ്പോഴും ആദിവാസികൾ തന്നെയാകുന്നു എന്നതാണ് എന്റെ വിമർശനം.
സായുധ സംഘർഷത്തിൽ ഒരു വിഭാഗം മനുഷ്യരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഭരണകൂടത്തിന്റെ ഭീകരതയും അതിനെതിരായ പ്രതിഭീകരതയും അടിസ്ഥാനപരമായി മനുഷ്യജീവിതത്തെ തകർക്കുന്നവയാണ്. അതിനിടയിൽ പെട്ടുപോകുന്നത് സാധാരണയായി ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളാണ്. ഈ അർഥത്തിൽ മാവോയിസം കാലഹരണപ്പെട്ട ഒരു രാഷ്ട്രീയമാണ് എന്നാണ് എന്റെ അഭിപ്രായം. ആദിവാസികൾക്ക് സ്വന്തം രാഷ്ട്രീയ അസ്തിത്വവും സ്വന്തം നേതൃത്വവും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള അവകാശവും നൽകുന്ന ജനാധിപത്യ രാഷ്ട്രീയമാണ് മുന്നോട്ടുപോകേണ്ടത്.
മുത്തങ്ങയുടെ പാഠവും അതുതന്നെയാണ്. ആദിവാസികൾ മറ്റാരുടെയെങ്കിലും രാഷ്ട്രീയ പദ്ധതിയുടെ ഉപകരണങ്ങളല്ല. അവർക്ക് സ്വന്തം ഭൂമിയെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും സ്വന്തം ഭാവിയെക്കുറിച്ചും തീരുമാനിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ അംഗീകരിക്കുന്നതിലാണ് ജനാധിപത്യത്തിന്റെ യഥാർഥ പരീക്ഷണം.
ഈയിടെ സണ്ണി എം. കപിക്കാടിനെതിരെ അയ്യപ്പനുമായി ബന്ധപ്പെട്ട ഒരു പരാമർശത്തിൽ ഉണ്ടായ ഹിന്ദുത്വ സൈബർ ആക്രമണത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
സണ്ണി എം. കപിക്കാടിന്റെ ബ്രാഹ്മണീയതാ വിമർശനത്തോട് എനിക്ക് പൂർണമായും എതിർപ്പില്ല. സാമൂഹിക വ്യവസ്ഥയിലെ സവർണ മൂല്യങ്ങളെയും വിശ്വാസധാരകളെയും നിരന്തരം ചോദ്യംചെയ്യുന്നത് പ്രസക്തമാണ്. പക്ഷേ, അതിൽ മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പുണ്ട്. കേരളം ഒരുപാട് മാറിയിട്ടുണ്ട്. നമ്മൾ നിരന്തരം പറയേണ്ടത് ശൂദ്രവിരുദ്ധത മാത്രമല്ല. നമ്മുടെ വിഷയം അധികാരത്തിന്റെ പ്രശ്നമാണ്; പ്രാതിനിധ്യത്തിന്റെ പ്രശ്നമാണ്; ദലിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന്റെ പ്രശ്നമാണ്.
സവർണവിരുദ്ധത മാത്രം ഒരു രാഷ്ട്രീയ അജണ്ടയായി സ്വീകരിച്ച് മുന്നോട്ടുപോകുന്നത് പലപ്പോഴും കൗണ്ടർ പ്രൊഡക്ടിവാകാം. അതുവഴി നമ്മൾ എതിർക്കുന്ന സാമൂഹിക വിഭാഗത്തെതന്നെ കൂടുതൽ ഏകീകരിക്കാനുള്ള സാഹചര്യമുണ്ടാകാം. ശബരിമല വിഷയത്തിലും ഇതേ പ്രശ്നമുണ്ട്. ശബരിമലയുടെ ഉടമസ്ഥതയും അവകാശവുമാണ് ആദിവാസി പ്രസ്ഥാനങ്ങൾ ഉന്നയിച്ചിരുന്ന അടിസ്ഥാന ചോദ്യം. വില്ലുവണ്ടി യാത്രകളിലുൾപ്പെടെ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യവും അതായിരുന്നു. പിന്നീട് ആ വിഷയം ശൂദ്രവിരുദ്ധതയുടെ ഒരു ചർച്ചയായി മാറ്റപ്പെട്ടത് രാഷ്ട്രീയമായി ഗുണകരമല്ല. ശബരിമലയിൽ പ്രധാന പങ്കാളികളായി തന്ത്രിയും ദേവസ്വം ബോർഡും ആദിവാസി സമൂഹങ്ങളും നിലനിൽക്കുമ്പോൾ, നായർ-ശൂദ്ര വിഭാഗങ്ങളെ ഒരു പുതിയ രാഷ്ട്രീയ പങ്കാളിയായി അവതരിപ്പിക്കുന്നത് മറ്റൊരു രാഷ്ട്രീയ കുരുക്കാണ് സൃഷ്ടിക്കുന്നത്. ആ കുരുക്കിൽ ദലിതരും ആദിവാസികളും വീഴരുത്.
അംബേദ്കർ ഹിന്ദുമതത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. ആ ചരിത്രബോധം നമുക്ക് ആവശ്യമാണ്. പക്ഷേ, അതിനുശേഷം ചോദിക്കേണ്ടത് നമ്മുടെ അധികാരത്തിന്റെ പ്രശ്നമാണ്. നമുക്ക് നമ്മുടേതായ സിനിമ ചെയ്യണം; മറ്റുള്ളവർ നിർമിക്കുന്ന സിനിമയെ വിമർശിക്കുകയും വേണം. അതുപോലെതന്നെ രാഷ്ട്രീയത്തിൽ നമ്മുടെ പ്രാതിനിധ്യത്തിന്റെ പ്രശ്നവും വിദ്യാഭ്യാസത്തിന്റെ പ്രശ്നവും അധികാരത്തിന്റെ പ്രശ്നവും ഉയർത്തിക്കൊണ്ടുവരണം. മറ്റുള്ളവർ നിർമിച്ച ഒരു രാഷ്ട്രീയ ഉപകരണത്തിന്റെ പിന്നാലെ മാത്രം നമ്മൾ പോകാൻ പാടില്ല. ഇപ്പോൾ ശബരിമല വിഷയത്തിൽ സവർണ വിഭാഗങ്ങൾക്ക് ഒരു രാഷ്ട്രീയ ഓപണിങ് ലഭിച്ചിട്ടുണ്ട്. സണ്ണിയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ച് വീണ്ടും സമരരംഗത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ആ കുരുക്കിൽ നാം ചെന്നുചാടരുതെന്നാണ് എന്റെ അഭിപ്രായം.
അതിന്റെ അർഥം ബ്രാഹ്മണീയതയെക്കുറിച്ചുള്ള നമ്മുടെ വിമർശനം ഉപേക്ഷിക്കണമെന്നല്ല. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കണമെന്നത് നമ്മുടെ നിലപാടായിരിക്കും. എന്നാൽ, രാഷ്ട്രീയ സ്ട്രാറ്റജി എന്ന നിലയിൽ നിരന്തരം ശൂദ്രവിരുദ്ധത മാത്രം പ്രസംഗിക്കുന്നതിൽ വലിയ രാഷ്ട്രീയ കാമ്പില്ല. അത് കൗണ്ടർ പ്രൊഡക്ടിവുമാകാം.

മുത്തങ്ങയിലെ പൊലീസ് നടപടി
മുത്തങ്ങക്കുശേഷമുള്ള ആദിവാസി രാഷ്ട്രീയത്തിന്റെ മുൻഗണനകൾ എന്തായിരിക്കണം എന്നാണ് നിങ്ങൾ കരുതുന്നത്?
ഇപ്പോൾ നമ്മൾ ഭൂമിയുടെ വിഷയംതന്നെ വീണ്ടും രാഷ്ട്രീയത്തിന്റെ ലൈംലൈറ്റിലേക്ക് കൊണ്ടുവരണം. മുത്തങ്ങയിൽനിന്നും ജയിലിൽനിന്നും ഇറങ്ങിയ സമയത്ത് ഞാൻ പറഞ്ഞത്, ‘രണ്ടാം ഭൂപരിഷ്കരണം’ എന്ന പേരിൽ യു.ഡി.എഫ് സർക്കാർ കേരളത്തിലെ തോട്ടഭൂമി വ്യാപകമായി വാണിജ്യവത്കരിക്കാൻ പോകുന്നതിന്റെ അപകടത്തെക്കുറിച്ചാണ്. കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങൾ ‘രണ്ടാം ഭൂപരിഷ്കരണം’ എന്ന പേരിലുള്ള നയങ്ങളുടെ യഥാർഥ സ്വഭാവം തുറന്നുകാട്ടണം. ഭൂപരിധി എടുത്തുകളഞ്ഞ് തോട്ടഭൂമി വലിയ തോതിൽ വാണിജ്യവത്കരിക്കാനുള്ള സാധ്യതയെ എതിർക്കണം.
കൃഷിഭൂമിക്ക് ഭൂപരിധിയുണ്ട്. 12 ഏക്കർ, 15 ഏക്കർ, 20 ഏക്കർ എന്നിങ്ങനെ വിവിധ പരിധികൾ നിലവിലുണ്ട്. തോട്ടഭൂമിയുടെ കാര്യത്തിലും ഭൂമിയുടെ കേന്ദ്രീകരണം തടയുന്ന അടിസ്ഥാന തത്ത്വം നിലനിർത്തണം. പഴയ ജന്മിത്ത വ്യവസ്ഥക്ക് പകരം ഒരു കോർപറേറ്റ് ജന്മിത്തം കേരളത്തിൽ പുനഃസ്ഥാപിക്കാൻ അനുവദിക്കരുത്. ഇപ്പോൾ അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളിലൊന്ന് അതാണ്. അതോടൊപ്പം മുത്തങ്ങയിൽ ജോഗിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെടുകയും വേണം. ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ എന്ന അടിസ്ഥാന സാമൂഹിക പ്രശ്നത്തെ അതിന്റെ മർമസ്ഥാനത്തേക്ക് കൊണ്ടുവരണം. ഭൂമി, വിഭവാധികാരം, വിദ്യാഭ്യാസം, ട്രൈബൽ ഓട്ടോണമി തുടങ്ങിയ വിഷയങ്ങൾ കേരള രാഷ്ട്രീയത്തിൽ സജീവമായി ഉയർത്തിക്കൊണ്ടുവരണം. അതാണ് ഇപ്പോൾ പറയാനുള്ളത്.
