Begin typing your search above and press return to search.

'ജനങ്ങളുടെ ശബ്ദം ഇനിയും ഉച്ചത്തിൽ മുഴങ്ങണം'

രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശബ്ദമാകുന്ന മാധ്യമപ്രവർത്തകർ കുറവാണ്. നിലപാടുകൊണ്ടും നിർഭയത്വംകൊണ്ടും അവരിൽ മുന്നിലാണ് മലയാളിയും ദ വയർ സ്ഥാപക എഡിറ്ററുമായ എം.കെ. വേണു. മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി ആഘോഷത്തിന് കോഴിക്കോട്ട് എത്തിയ അദ്ദേഹം സംസാരിക്കുന്നു.

ജനങ്ങളുടെ ശബ്ദം ഇനിയും ഉച്ചത്തിൽ മുഴങ്ങണം
cancel

എം.കെ. വേണുവിന് 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മാധ്യമ സെമിനാറിന് ശേഷം ഉപഹാരം നൽകുന്നുനിർഭയ മാധ്യമപ്രവർത്തനത്തിന് മികവുറ്റ സംഭാവനകൾ നൽകിയ ശ്രദ്ധേയനായ ഇന്ത്യൻ ജേണലിസ്റ്റാണ് എം.കെ. വേണു. 'ദ വയർ' ന്യൂസ് പോർട്ടൽ സ്ഥാപക എഡിറ്ററായ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രാജ്യത്തെ നിരവധി അഴിമതി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

എം.കെ. വേണുവിന് 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മാധ്യമ സെമിനാറിന് ശേഷം ഉപഹാരം നൽകുന്നുനിർഭയ മാധ്യമപ്രവർത്തനത്തിന് മികവുറ്റ സംഭാവനകൾ നൽകിയ ശ്രദ്ധേയനായ ഇന്ത്യൻ ജേണലിസ്റ്റാണ് എം.കെ. വേണു. 'ദ വയർ' ന്യൂസ് പോർട്ടൽ സ്ഥാപക എഡിറ്ററായ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രാജ്യത്തെ നിരവധി അഴിമതി കഥകൾ പുറംലോകത്തെത്തിച്ചു. 'ദ ഹിന്ദു'വിൽ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നതിന് ശേഷമാണ് 'ദ വയർ' രൂപവത്കരണത്തിലേക്ക് അദ്ദേഹം എത്തിയത്. നീതിപൂർവമായ മാധ്യമപ്രവർത്തനം ചോദ്യം ചെയ്യപ്പെടുന്ന കാലത്താണ് 'ദ വയർ' വ്യത്യസ്തമായി നിലകൊള്ളുന്നത്. അവർ പുറത്തുകൊണ്ടുവന്ന സുപ്രധാന വാർത്തകൾ പിന്നീട് വലിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചു. ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് മുന്നിൽ അടിയറവ് വെക്കാത്ത നിലപാടുമായി മുന്നോട്ടുപോകുന്ന എം.കെ. വേണു രാജ്യത്തെ മാധ്യമമേഖലയുടെ അപചയത്തെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുന്നു.

ദ വയർ ന്യൂസ് പോർട്ടൽ സ്ഥാപിച്ചതിന് പിന്നിലെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നു? കുറഞ്ഞ കാലംകൊണ്ട് രാജ്യത്ത് ശ്രദ്ധപിടിച്ചുപറ്റാൻ 'ദ വയറി'ന് കഴിഞ്ഞു. അതിെന്റ വിജയ ഫോർമുല എന്താണ്?

'ദ വയറി'ന് പിന്നിലെ മൂന്നംഗ പത്രാധിപ സംഘത്തിന്‍റെ മാധ്യമമേഖലയിലെ ആകെ പ്രവൃത്തിപരിചയം നൂറ് വർഷത്തോളമാണ്. എനിക്ക് 38 വർഷം, സിദ്ധാർഥ് വരദരാജന് 25 വർഷം, സിദ്ധാർഥ് ഭാട്യക്ക് 40 വർഷം എന്നിങ്ങനെ പരമ്പരാഗത മാധ്യമങ്ങളിൽ പ്രവർത്തിച്ചുള്ള അനുഭവസമ്പത്തുണ്ടായിരുന്നു. ചുരുങ്ങിയ ചെലവിൽ മാധ്യമസ്ഥാപനം തുടങ്ങാനുള്ള സാധ്യത ഡിജിറ്റൽ മീഡിയ തുറന്നിടുന്നുവെന്ന വസ്തുത മനസ്സിലാക്കിയാണ് ഞങ്ങൾ കടന്നുവന്നത്. പ്രിൻറ്, വിഷ്വൽ മാധ്യമങ്ങളുടെ കാര്യത്തിൽ അത് സാധ്യമാകില്ല. ന്യൂസ് പ്രിന്റിനടക്കം വലിയ ചെലവ് വരും.

ഒരു വെബ്സൈറ്റ് ആരംഭിച്ച് നല്ല വാർത്താ സ്റ്റോറികൾ നൽകുകയെന്നത് മാത്രമാണ് ഇവിടത്തെ പ്രധാന പ്രവർത്തനം. വാർത്താപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ ചെലവുകളില്ലാതെ സാധ്യമാകും. എന്നാൽ പരമ്പരാഗത മാധ്യമങ്ങൾ തുടങ്ങാൻ പദ്ധതിയിട്ടാൽ ഇത്ര ലളിതമായി കാര്യങ്ങൾ യാഥാർഥ്യമാക്കാൻ കഴിയില്ല. ന്യൂസ് പേപ്പറുകൾ വായനക്കാരിലെത്തിക്കാൻ ഏജൻറുമാരുടെ സഹായമടക്കമുള്ള കാര്യങ്ങൾ ആവശ്യമാണ്. ഡിജിറ്റൽ മീഡിയയിലാകുമ്പോൾ എല്ലാവരുടെയും കൈയിലുള്ള മൊബൈലുകളിലൂടെ വാർത്ത ജനങ്ങളിലെത്തിക്കാൻ സാധിക്കും. കോർപറേറ്റ് പരസ്യങ്ങൾ, സർക്കാർ പരസ്യങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും പരമ്പരാഗത മാധ്യമങ്ങൾ നിലനിൽക്കുന്നത്. ഇങ്ങനെയാകുമ്പോൾ ചില മാധ്യമങ്ങളുടെയെങ്കിലും പ്രവർത്തന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്. എല്ലാ മാധ്യമങ്ങളും അങ്ങനെയാണെന്ന് ഒരിക്കലും പറയില്ല. പരസ്യങ്ങൾ മുഖാന്തരവും വരുമാനവുമായി ബന്ധപ്പെട്ടതുമായ സമ്മർദങ്ങൾ നേരിടുന്നത് കൃത്യമായി ചില മാധ്യമ സ്ഥാപനങ്ങളിൽ കാണാൻ കഴിയും. ഒരു ഡിജിറ്റൽ മാധ്യമ സ്ഥാപനം ആരംഭിക്കുമ്പോൾ ഇത്ര വേഗത്തിൽ വലിയൊരു സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രണ്ടോ മൂന്നോ വർഷംകൊണ്ട് തന്നെ 'ദ വയർ' ദേശീയ- അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.


ചില മുഖ്യധാരാ മാധ്യമങ്ങൾ വലിയതോതിൽ തങ്ങളുടെ യഥാർഥ ഉത്തരവാദിത്തം മറന്ന് ഒഴിഞ്ഞുമാറിയ വിടവ് ഞങ്ങൾക്ക് നികത്താനായി എന്നതാണ് അതിന്‍റെ കാരണം. സാഹചര്യമുണ്ടായിട്ടുണ്ട്. 2014ൽ മോദി അധികാരത്തിലെത്തിയപ്പോൾ നിരവധി മുഖ്യധാരാ മാധ്യമങ്ങൾ കർത്തവ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. ജനങ്ങളുടെ പക്ഷത്തുനിന്ന് അധികാരികളോട് ചോദ്യങ്ങൾ ഉയർത്തിയപ്പോൾ 'ദ വയറി'ന് വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു. ജോർജ് ഓർവെലിന്‍റെ പ്രശസ്തമായ വാക്കുകൾ ഇവിടെ നമുക്ക് ഓർമിക്കാം, ''കാപട്യങ്ങളുടെ കാലത്ത് സത്യം പറയുകയെന്നത് വിപ്ലവകരമായ പ്രവൃത്തിയാണ്'' എന്നതാണത്. ഞങ്ങൾ വിപ്ലവകാരികളൊന്നുമല്ല. എന്നാൽ ഇന്ന് സത്യം വിളിച്ചുപറയേണ്ട മാധ്യമങ്ങൾ അത് ചെയ്യാത്ത അവസ്ഥ വ്യാപകമാണ്. അത്തരത്തിൽ നോക്കുമ്പോൾ ഞങ്ങളുടെ മാധ്യമപ്രവർത്തനം പ്രത്യേകതകളുള്ളതായി മാറുകയായിരുന്നു.

ഭരണാധികാരികൾക്ക് അനിഷ്ടമുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചാൽ വിലക്ക് നേരിടേണ്ടിവരുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു. ജെയ്ഷയുടെ സമ്പത്തിലെ അസ്വാഭാവിക വളർച്ചയടക്കം റിപ്പോർട്ട് ചെയ്ത് നിയമനടപടികൾ നേരിടുന്ന സ്ഥാപനമാണ് 'ദ വയർ'. ഇന്ത്യയിലെ സമകാലിക സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

മാധ്യമങ്ങളുടെ വിശദീകരണം കേൾക്കാതെ വിലക്കുകൾ ഏർപ്പെടുത്തുന്ന രീതി നിർഭാഗ്യകരമാണ്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകിയതിന് 'ദ വയറി'നെതിരെ നിയമനടപടികളുണ്ടായി. റിപ്പോർട്ടുകൾ നൽകുക മാത്രമാണ് ചെയ്തത് എന്ന് ശ്രദ്ധിക്കണം. മൂന്ന് കേസുകൾ യു.പി പൊലീസുമായി ബന്ധപ്പെട്ട് മാത്രം തങ്ങൾക്കെതിരെയുണ്ടായി. കേസുകൾ ദുർബലമായിരുന്നെങ്കിലും മാധ്യമസ്ഥാപനമെന്ന നിലയിൽ നടപടികൾക്ക് പിന്നാലെ പോകേണ്ടി വരുമ്പോഴുണ്ടാകുന്ന ചെലവും ബുദ്ധിമുട്ടുകളുമാണ് യഥാർഥ ശിക്ഷയായി മാറുന്നത്. ജെയ്ഷ കേസ് ആറു വർഷമായെങ്കിലും ഇതുവരെ കേസ് അവസാനിച്ചിട്ടില്ല.

ഭരണാധികാരികളിൽനിന്ന് മാധ്യമങ്ങൾക്ക് നേരെയുണ്ടാകുന്ന ഭീഷണികളെ എങ്ങനെ വേണം നേരിടാൻ?

ഇന്ത്യയിലെ ജനാധിപത്യത്തിനും ഭരണഘടനക്കും മൂല്യം കൽപിക്കുന്ന മാധ്യമങ്ങളും പൊതുജനവുമെല്ലാം ഒരുമിക്കുകയാണ് ആവശ്യം. ചെറുകിട വ്യാപാരികളടക്കം അവകാശങ്ങൾക്ക് വില നൽകുന്ന നിരവധിയാളുകൾ രാജ്യത്തുണ്ട്. അംബാനിക്കും അദാനിക്കുമൊക്കെ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സർക്കാറുമായി ബന്ധം നിലനിർത്തേണ്ടതുണ്ടാകാം. എന്നാൽ സാധാരണ ചെറുകിട വ്യവസായികളടക്കമുള്ളവർ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനായി രാജ്യത്തെ എല്ലാവരും ശക്തമായ പ്രതിപക്ഷത്തെ ആഗ്രഹിക്കുന്നുണ്ട്.

മാധ്യമങ്ങൾക്കെതിരായ ഭരണപക്ഷത്തിന്‍റെ പ്രവർത്തനങ്ങൾ ഉത്തരേന്ത്യയിലാണ് കൂടുതൽ വ്യാപകമായിട്ടുള്ളത്. മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചത് പോലുള്ള സംഭവം കേരളത്തിലോ തമിഴ്നാട്ടിലോ നടക്കുമെന്ന് തോന്നുന്നില്ല. ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ച്, യാത്ര പുറപ്പെട്ടു എന്ന കാരണംകൊണ്ട് മാത്രം മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യുന്ന സംഭവം ഉത്തർപ്രദേശിലല്ലാതെ മറ്റൊരിടത്തുമുണ്ടാകില്ലെന്നാണ് കരുതുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുതന്നെ മുൻകൂട്ടി അറസ്റ്റ് ചെയ്യുകയാണ്. രാജ്ദീപ് സർദേശായി, മൃണാൽ പാണ്ഡേ എന്നിങ്ങനെയുള്ള പത്രാധിപർക്കെതിരെ രാജ്യദ്രോഹ കേസുകൾ ചുമത്തിയ സംഭവവും ഉത്തർപ്രദേശിലാണ്. സമാനമായ കേസുകൾ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ടെങ്കിലും ഇത്രയും രൂക്ഷമായിട്ട് ഇല്ല.

പെഗസസ് വിഷയത്തിൽ മാധ്യമപ്രവർത്തകർ മാത്രമല്ല, എല്ലാവരും ആശങ്കയിലായിരുന്നു. എല്ലാവരും തങ്ങളുടെ സ്വകാര്യതക്ക് വില കൽപിക്കുന്നുണ്ടെന്നതാണ് അതിന്‍റെ കാരണം. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 24 മണിക്കൂറും നീണ്ട ജാഗ്രത ആവശ്യമാണ്.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. അത് ഓരോ സംസ്ഥാനത്തുമുള്ള പ്രാദേശിക പാർട്ടികളിലൂടെയും കാണാം. തമിഴ്നാട്ടിൽ ഭരണത്തിലുള്ള ഡി.എം.കെ, കേരളത്തിലെ പ്രാദേശിക പാർട്ടികൾ, തെലങ്കാന, ബംഗാൾ, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലൊക്കെയുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ഇവരൊക്കെ ഫെഡറലിസത്തിന്‍റെ തത്ത്വങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം, ജീവനും സ്വത്തിനുമുള്ള അവകാശം ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. അതിനായി ഭരണഘടന സംരക്ഷിക്കപ്പെടണം.

എം.കെ. വേണുവിന് 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മാധ്യമ സെമിനാറിന് ശേഷം ഉപഹാരം നൽകുന്നു

എം.കെ. വേണുവിന് 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മാധ്യമ സെമിനാറിന് ശേഷം ഉപഹാരം നൽകുന്നു

മീഡിയവൺ ചാനൽ വിലക്കിന് കാരണമായി കേന്ദ്രം സുരക്ഷ‍ാപ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ എന്താണ് യഥാർഥ കാരണമെന്ന് മാനേജ്മെന്റിനെപോലും അറിയിച്ചില്ല. കോടതിയിൽ മുദ്രവെച്ച കവറാണ് നൽകിയത്. ഇവിടെ മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം മൗലികാവകാശങ്ങളും ഹനിക്കപ്പെടുകയല്ലേ?

തീർച്ചയായും. മുദ്രവെച്ച കവർസമ്പ്രദായം ആരംഭിച്ചത് ഇപ്പോഴത്തെ കേന്ദ്രസർക്കാറാണ്. റഫാൽ കേസിലും ഇത് കണ്ടു. 'മീഡിയവൺ' കേസിലുണ്ടായത് ഇന്നുവരെ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയായിരുന്നു. ഒരു കാരണവും വ്യക്തമാക്കാതെയുള്ള നടപടികളാണുണ്ടായത്. മാധ്യമസ്വാതന്ത്ര്യം തടയുന്നതിന് ബ്യൂറോക്രാറ്റുകൾക്ക് ഏകപക്ഷീയമായി ദേശീയസുരക്ഷയെ ഉദ്ധരിക്കാൻ കഴിയില്ല. ജുഡീഷ്യറിക്കാണ് അത്തരം അധികാരങ്ങളുള്ളത്. എന്നാൽ ഇന്ന് എല്ലാം തീരുമാനിക്കുന്നത് ബ്യൂറോക്രാറ്റുകളാണ്. പുതിയ ഐ.ടി നിയമത്തിലും ഇത്തരം ഇടപെടലുകൾ കാണാം. മാധ്യമ ഉടമയോടുപോലും പറയാതെ വിലക്ക് നടപടികളെടുക്കുന്നത് തെറ്റാണ്.

ടെലിവിഷനുകൾക്ക് ലൈസൻസ് നൽകുന്നത് തങ്ങളായതിനാൽ അത് റദ്ദാക്കാനുള്ള അവകാശവുമുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ അഭിപ്രായപ്രകടനത്തിനുള്ള ഭരണഘടനാപരമായ അവകാശം നിലനിൽക്കുമ്പോൾ ഗവൺമെന്റിന് ജുഡീഷ്യൽ അതോറിറ്റിയുടെ അനുമതിയില്ലാതെ മാധ്യമ സ്ഥാപനത്തെ വിലക്കാനുള്ള അധികാരമില്ല. മീഡിയവൺ ചാനലിലുണ്ടായത് എല്ലാ മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്. പുതിയ ഐ.ടി ആക്ട് 2021ന് കീഴിൽ ഇതാണ് സംഭവിക്കാനിരിക്കുന്നത്.

മാധ്യമനിയന്ത്രണത്തിന് ബി.ജെ.പി സർക്കാർ നിയമനിർമാണങ്ങൾ നടത്തുകയാണോ?

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമനിർമാണങ്ങൾ തന്നെയാണ് രാജ്യത്ത് നടക്കുന്നത്. നിയന്ത്രണത്തിലാക്കാൻ നേരിട്ട് നിയമനിർമാണങ്ങൾ നടത്തുന്നു. പരോക്ഷമായി നിയന്ത്രിക്കാനുള്ള രീതിയായി അവർ കണ്ടെത്തിയത് പെഗസസുമാണ്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന നടപടിയായിരുന്നു അത്.

മാധ്യമസ്ഥാപനങ്ങളെ വിലക്കുന്നു, മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ജയിലിലടയ്ക്കുന്നു തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ നിർഭയ മാധ്യമപ്രവർത്തനത്തിന്‍റെ ഭാവി എന്തായിരിക്കും?

സിദ്ദീഖ് കാപ്പൻ കേസിൽ കണ്ടത് തീവ്ര സ്വേച്ഛാധിപത്യ നിലപാടാണ്. നിയമവിരുദ്ധമായ അറസ്റ്റാണുണ്ടായത്. ഒരു സുതാര്യതയുമില്ലാത്ത നടപടികളാണ് തുടർന്നുണ്ടായത്. സാധാരണ കേസുപോലുമല്ല, യു.എ.പി.എയാണ് ചുമത്തിയത്. ഈ പ്രവണതക്കെതിരെ പൊരുതേണ്ടതുണ്ട്. ഇത് ഉത്തർപ്രദേശിലല്ലാതെ മറ്റൊരിടത്തും നടക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. ഉത്തർപ്രദേശിന് പുറത്ത് ഇന്ത്യയുടെ വിശാലമായ ഭൂമികയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ ഒരുമിച്ചുനിന്ന് ഇത്തരം നടപടികൾക്കെതിരെ ശബ്ദിക്കണം. കേരളസർക്കാറും ഇവിടത്തെ പാർലമെന്റ് അംഗങ്ങളും ഈ വിഷയത്തിൽ ഉത്തർപ്രദേശിന് കത്തയച്ചിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതൊക്കെ ശുഭസൂചനകളാണ്. കേസുകളിൽ സുതാര്യമായ നടപടിക്രമം വേണമെന്നാണ് ആവശ്യപ്പെടാനുള്ളത്.

നിർഭയ മാധ്യമപ്രവർത്തനം നടത്താൻ ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്ക് നൽകാനുള്ള ഉപദേശമെന്താണ്?

അനീതികൾക്കെതിരെ ചോദ്യംചെയ്യുന്ന മാധ്യമപ്രവർത്തകരുണ്ടാകണം. അത്തരത്തിലുള്ളവരുടെ ഐക്യമുണ്ടായാൽ കൂടുതൽ പേർക്ക് ആത്മവിശ്വാസം ലഭിക്കും. പൊതുജനങ്ങളുമായി ചേർന്നുള്ള ഐക്യവും വേണം. നല്ല എൻ.ജി.ഒകൾ, പാർലമെന്റ് അംഗങ്ങൾ, എം.എൽ.എമാർ എല്ലാവരും ഒരുമിച്ച് നിൽക്കണം. ജനങ്ങളുടെ ശബ്ദം ഒച്ചത്തിൽ മുഴങ്ങണം. അതിന് സാധ്യമായത് എല്ലാം ചെയ്യണം.

കേരളത്തിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഭൂമിയും വീടും നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ഒരുഭാഗത്ത് സർക്കാർ വികസനത്തിനൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയും മറുവശത്ത് ജനങ്ങൾ സമരത്തിനിറങ്ങുകയും ചെയ്യുമ്പോൾ മാധ്യമങ്ങൾ സ്വീകരിക്കേണ്ട നിലപാട് എന്താണ്?

ജനങ്ങളുടെ ശബ്ദം ഉയർത്തിക്കാട്ടുകയെന്നതാണ് മാധ്യമങ്ങളുടെ ധർമം. പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുന്ന പൊതുജനങ്ങളുടെ ശബ്ദം പ്രസിദ്ധീകരിക്കപ്പെടണം. കൃത്യമായ എഡിറ്റോറിയൽ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഏത് പക്ഷത്ത് നിൽക്കണമെന്ന നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം. നർമദ ഡാമുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇത്തരത്തിൽ രണ്ട് വിഭാഗമുണ്ടായിരുന്നു. ചരിത്രം പരിശോധിച്ചാൽ, മാധ്യമങ്ങൾ എക്കാലത്തും താഴേക്കിടയിലുള്ളവരുടെ ശബ്ദമായാണ് നിലകൊണ്ടിരുന്നതെന്ന് കാണാനാകും.

News Summary - madhyamam weekly mk venu interview