Begin typing your search above and press return to search.
proflie-avatar
Login

''എനിക്ക് പഴയ തറവാട്ടില്‍ മഞ്ചാടിക്കുരു കളിച്ച ഒരു ഗൃഹാതുരത്വം ഇല്ല'' -അമൽ നീരദ് സംസാരിക്കുന്നു

എനിക്ക് പഴയ തറവാട്ടില്‍ മഞ്ചാടിക്കുരു കളിച്ച ഒരു ഗൃഹാതുരത്വം ഇല്ല -അമൽ നീരദ് സംസാരിക്കുന്നു
cancel

മലയാള സിനിമയിൽ പലതരത്തിലുള്ള മാറ്റം സാധ്യമാക്കിയ സംവിധായകനും കാമറാമാനുമായ അമൽ നീരദുമായി നടത്തിയ സംഭാഷണത്തിന്‍റെ രണ്ടാം ഭാഗം-കഴിഞ്ഞ ലക്കം തുടർച്ച. തന്‍റെ സിനിമകളെയും സങ്കൽപങ്ങളെയും കുറിച്ചുള്ള സംസാരം തുടരുന്നു.ഒരുതരത്തില്‍ 'ബിഗ്‌ ബി'യിലെ മംമ്തയും 'ഇയ്യോബി'ലെ പത്മപ്രിയയും 'ഭീഷ്മപർവ്വ'ത്തിലെ നാദിയയും എല്ലാം ഹീറോയിക് ആണ്. അവരുടെ ശരീരഭാഷയും അങ്ങനെയാണ്. എങ്ങനെയാണ് ഇവരെ രൂപപ്പെടുത്തിയത്?എനിക്ക് ആരുടേയും ഹീറോയിസം ഇഷ്ടമാണ്. അതില്‍ ജെൻഡര്‍ വ്യത്യാസം ഒന്നുമില്ല. ആണോ പെണ്ണോ ആരുടേയും ഹീറോയിസം കണ്ടു നമ്മള്‍ കൈയടിക്കും. എന്റെ ഇത്തരം എക്സൈറ്റ്മെൻറുകളില്‍ ആണ് ഈ കഥാപാത്രങ്ങളെ ഞാന്‍ പ്ലേസ്...

Your Subscription Supports Independent Journalism

View Plans
മലയാള സിനിമയിൽ പലതരത്തിലുള്ള മാറ്റം സാധ്യമാക്കിയ സംവിധായകനും കാമറാമാനുമായ അമൽ നീരദുമായി നടത്തിയ സംഭാഷണത്തിന്‍റെ രണ്ടാം ഭാഗം-കഴിഞ്ഞ ലക്കം തുടർച്ച. തന്‍റെ സിനിമകളെയും സങ്കൽപങ്ങളെയും കുറിച്ചുള്ള സംസാരം തുടരുന്നു.

ഒരുതരത്തില്‍ 'ബിഗ്‌ ബി'യിലെ മംമ്തയും 'ഇയ്യോബി'ലെ പത്മപ്രിയയും 'ഭീഷ്മപർവ്വ'ത്തിലെ നാദിയയും എല്ലാം ഹീറോയിക് ആണ്. അവരുടെ ശരീരഭാഷയും അങ്ങനെയാണ്. എങ്ങനെയാണ് ഇവരെ രൂപപ്പെടുത്തിയത്?

എനിക്ക് ആരുടേയും ഹീറോയിസം ഇഷ്ടമാണ്. അതില്‍ ജെൻഡര്‍ വ്യത്യാസം ഒന്നുമില്ല. ആണോ പെണ്ണോ ആരുടേയും ഹീറോയിസം കണ്ടു നമ്മള്‍ കൈയടിക്കും. എന്റെ ഇത്തരം എക്സൈറ്റ്മെൻറുകളില്‍ ആണ് ഈ കഥാപാത്രങ്ങളെ ഞാന്‍ പ്ലേസ് ചെയ്യുന്നത്. ഇതൊക്കെ പൂർണമായും എൻജോയ്‌ ചെയ്യുന്നതുമാണ്. ആ പ്രോസസിങ് വളരെ രസകരവുമാണ്‌. 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ സരിത കുക്കുവിന്റെ കഥാപാത്രത്തിനോട് ജിനു ജോസഫിന്റെ കഥാപാത്രം ''കണ്ണ് താഴ്ത്തെടീ'' എന്ന് പറയുമ്പോള്‍ കണ്ണ് താഴ്ത്താത്തപ്പോഴാണ് അവരെ ഷൂട്ട്‌ ചെയ്യുന്നത്. അതേ സീനിന്റെ വേറെ ഒരു തരത്തിലുള്ള തുടർച്ച ആണ് 'ഭീഷ്മപര്‍വ്വ'ത്തില്‍ ''എന്താടീ നോക്കുന്നത്?'' എന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ ഭാര്യയെ ഷൂസ് എറിയുന്നത്. എനിക്ക് അതിലുള്ള ആഹ്ലാദം എന്ന് പറഞ്ഞാല്‍ ഷൂസ് എറിയുമ്പോള്‍ ആ സ്ത്രീ കണ്ണ് ചിമ്മാതെ നോക്കണം എന്നതാണ്. കണ്ണ് ചിമ്മാതെ നോക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഹീറോയിക് റിയാക്ഷന്‍ ആണ്. 'ഭീഷ്മപർവ്വ'ത്തില്‍ അവസാനം വന്ന കുട്ടികള്‍ക്കും ഹീറോയിസം ഉണ്ട്. കുട്ടികളുടെ ഹീറോയിസവും സൗബിന്റെ ഹീറോയിസവും അതുകൊണ്ട് അപ്പുറത്ത് ആഘോഷിക്കുന്ന മമ്മുക്കയുടെ മൈക്കില്‍ അപ്പന്റെ ഹീറോയിസവുമുണ്ട്. എന്നെ സംബന്ധിച്ച് അവയൊക്കെ റൗണ്ട് അപ്പ് ഓഫ് ഹീറോയിസങ്ങള്‍ ആണ്.

ഇപ്പോഴാണ് ഞാന്‍ ഓഡിയൻസും ആയി റൈറ്റ് സിങ്കില്‍ പോകുന്നത് എന്ന് മനസ്സിലായത്. ഇത് തന്നെയാണ് ഞാന്‍ 'ബിഗ്‌ ബി' യിലും ചെയ്യാന്‍ ശ്രമിച്ചത്. ഞാന്‍ 'ബിഗ്‌ ബി' ചെയ്ത സമയത്ത് ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. 'ബിഗ്‌ ബി'യില്‍ മമ്മുക്ക മംമ്തയോട് ''കണ്ട പെണ്ണുങ്ങളെയൊന്നും വീട്ടില്‍ വിളിച്ചു കേറ്റാന്‍ പറ്റില്ല'' എന്ന് പറയുമ്പോള്‍ ''ഞാന്‍ അങ്ങനെ കണ്ട പെണ്ണ് ഒന്നുമല്ല. എനിക്ക് വീട്ടുകാരൊക്കെ ഉള്ളതാണ്'' എന്ന് പറയുന്നുണ്ട്. ഇത് ഷൂട്ട്‌ ചെയ്യുമ്പോള്‍ അന്ന് പടത്തില്‍ ഉണ്ടായിരുന്ന മലയാളം സിനിമയിലെ സ്ഥിരം അസോസിയേറ്റ് ആയിട്ടുള്ള അസോസിയേറ്റ് ചോദിച്ചത് ''അങ്ങനെ മമ്മൂട്ടിയുടെ അടുത്ത് മംമ്ത മറുപടി പറയുമോ?'' എന്നാണ്. ''എന്തുകൊണ്ട് പറഞ്ഞു കൂടാ?'' എന്നാണു ഞാന്‍ ചോദിച്ചത്. മമ്മുക്ക അദ്ദേഹത്തിന്റെ കാര്യം ആണ് പറയുന്നത്. ബിലാല്‍ അയാളുടെ കാര്യം ആണ് പറയുന്നത്. ഇത് മേരി ടീച്ചറിന്റെ വീടാണ്. ഇവിടെ ഇതേപോലെ ഒരു പെണ്ണിനെ വെറുതെ വിളിച്ചോണ്ട് വരാന്‍ പറ്റില്ല എന്നാണ് പറയുന്നത്. മംമ്ത ഞാന്‍ വെറുതെ വന്നതല്ല എന്ന അവരുടെ സൈഡ് പറയുന്നു. അതുപോലെ ലെനയുടെ കഥാപാത്രവും ബിലാലിനോടു പറയുന്നുണ്ട്. എനിക്ക് ആകെ ഉള്ളത് എഡി (Eddi) മാത്രമാണ്. അപ്പോള്‍ നിനക്ക് ഇപ്പോഴും എഡിയും മക്കളും ഉണ്ടായിരിക്കും എന്നാണ് തിരിച്ചു പറയുന്നത്. ലെന ഒട്ടും സുഖത്തോടെ അല്ല മമ്മുക്കയോട് ആ കാര്യം പറയുന്നത്. അതുപോലെ 'ബിഗ്‌ ബി' ഷൂട്ട്‌ ചെയ്യുമ്പോള്‍ പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് വന്ന ഒരു അഭിപ്രായം മമ്മുക്കയുടെ പടത്തില്‍ ബാലയുടെയും മംമ്തയുടെയും പാട്ട് ഷൂട്ട്‌ ചെയ്യണോ എന്നായിരുന്നു. ഞാന്‍ കരഞ്ഞു കാലുപിടിച്ചു നാല് ദിവസം ധനുഷ്കോടിയില്‍ ക്ലൈമാക്സ് ഷൂട്ട്‌ ചെയ്യുന്നതിന്റെ ഇടയില്‍ ഒരു ദിവസം ഉപയോഗിച്ചാണ് ആ പാട്ട് ഷൂട്ട്‌ ചെയ്ത് തീര്‍ത്തത്. ആ പടത്തിന്റെ സെക്കൻഡ് ഹാഫ് ഒരു റോളര്‍ കോസ്റ്റര്‍ പോലെ ആയിരുന്നു, അവിടെ ഒരു റിലാക്സേഷന്‍ എലമെന്റ് എന്ന രീതിയില്‍ ആണ് ആ പാട്ട് ഷൂട്ട്‌ ചെയ്തത്. 'ബിഗ്‌ ബി'യിലും മറ്റു കഥാപാത്രങ്ങള്‍ക്ക് ഒരു സ്പേസും വ്യക്തിത്വങ്ങളും കൊടുക്കാനും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒരു തുടർച്ചതന്നെയാണ് 'ഇയ്യോബി'ലെയും 'ഭീഷ്മപര്‍വ്വ'ത്തിലേയും കഥാപാത്രങ്ങള്‍ക്കുള്ള വ്യക്തിത്വങ്ങളും.

നദിയാ മാം മലയാളത്തില്‍ സംസാരിക്കുന്നതുതന്നെ അവര്‍ 'ഭീഷ്മപർവ്വ'ത്തില്‍ സംസാരിക്കുന്നതുപോലെയാണ്. ഒരു ടിപ്പിക്കല്‍ മലയാളി ആയിട്ടല്ല അവര്‍ അതില്‍ സംസാരിക്കുന്നത്. ഇത്തിരി ആംഗലേയം ഒക്കെ ഉണ്ട്. ആദ്യം ഞാന്‍ സ്രിന്ദയെ കൊണ്ട് പഠിപ്പിച്ച് ഇത്തിരി കൊച്ചി സ്ലാങ് പറയിക്കാന്‍ പറ്റുമോ എന്ന് നോക്കിയിട്ടുണ്ട്. അത് പക്ഷേ അത്രക്ക് വര്‍ക്ക് ഔട്ട്‌ ആകുന്നുണ്ടായിരുന്നില്ല. പിന്നെ ഡബ്ബിങ്ങിന്റെ സാധ്യത ആലോചിച്ചു. പക്ഷേ ഞാന്‍ കൊച്ചിയില്‍ നദിയ മാമിനെപോലുള്ള സ്ത്രീകളെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരുപാടു ഇത്തമാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ കൊച്ചിയിലുള്ള കച്ചി മുസ്‍ലിമോ ബോറിമുസ്‍ലിമോ ആര് വേണമെങ്കിലും ആകാം. അവരുടെ ഭാഷ തന്നെയാണ് നദിയ മാം ഈ സിനിമയില്‍ സംസാരിക്കുന്നത്.

'ഭീഷ്മപർവ്വ'ത്തിന്റെ ടെക്സ്ച്വല്‍ ആയ ഒരു വ്യത്യസ്തത ആയി തോന്നിയത് ഒപ്പന, ബിരിയാണി, തലയില്‍ തൊപ്പി എന്ന രീതിയില്‍നിന്ന് വ്യത്യസ്തമായ മുസ്‍ലിം ഐഡന്റിറ്റികളെ സ്ക്രീനിൽ കാണാന്‍ സാധിച്ചു എന്നതാണ്.

ഈ മുസ്ലിം പ്രതിനിധാനം അങ്ങനെ ആലോചിച്ചു ഉണ്ടാക്കിയത് ഒന്നുമല്ല. ഈ ക്രിസ്ത്യന്‍ കുടുംബത്തിലെ മുസ്‍ലിം സാന്നിധ്യം എന്ന ഒരു കാര്യം രസകരമായി തോന്നുകയും അത് വളരെ ഓര്‍ഗാനിക് ആയി സംഭവിച്ചതുമാണ്. മൈക്കിള്‍, ഫാത്തിമ ആരാണ് എന്ന് തുടക്കത്തില്‍തന്നെ പറയുന്ന ഒരു സീന്‍ ഉണ്ട്. ഫാത്തിമയും ഫാത്തിമയുടെ കുടുംബവും അതാണ്‌. അത് കഴിഞ്ഞിട്ടേ ഏതു പള്ളിക്കാരനും പട്ടക്കാരനും ആ വീട്ടില്‍ സ്ഥാനം ഉള്ളൂ. ആ പടത്തിന്റെ മെയിന്‍ കോൺഫ്ലിക്ട് അതാണ്‌. ആ കോൺഫ്ലിക്ടിനെ കുറിച്ചാണ് സിനിമ. ബാക്കി ഉള്ളത് എല്ലാം വളരെ നോര്‍മല്‍ ആയ കാര്യം ആണ്. ആ സിനിമയില്‍ ''പണ്ട് വര്‍ക്കിയുടെ കൂടെ വലം കൈ ആയിട്ട് ഒരു മജീദ്‌ ഉണ്ടായിരുന്നു. മജീദിന്റെ മകന്‍ അലിയെ കൂട്ടി ആണ് മൈക്കിൾ പണ്ട് ഇവിടെ വരികയും. അലിയുടെ മക്കള്‍ ആണ് ഇപ്പോള്‍ മൈക്കിളിന്റെ കൂടെ ഉള്ളത്. ആ കൊലയങ്ങു വെട്ടിയാല്‍ ആ വാഴ തന്നെ ചാഞ്ഞോളും'' എന്നാണ് നെടു മുടി ചേട്ടന്‍ പറയുന്നത്.

ഭീഷ്മയിലെ നെടുമുടി വേണുവിന്റെയും കെ.പി.എ.സി ലളിതയുടെയും വയലന്‍സ് ശക്തമായി സ്ക്രീനില്‍ കാണുന്നുണ്ട്. പക്ഷേ അവരുടെ മരണം ആ കഥാപാത്രങ്ങളുടെ മാനിഫെസ്റ്റേഷനെ ബാധിച്ചു എന്ന് തോന്നുന്നു?

'ഭീഷ്മപർവ്വ'ത്തില്‍ ലാസ്റ്റ് സീനില്‍ മമ്മുക്ക ഇവരെ വന്നു കണ്ടിട്ട് പോകുന്ന ഒരു സീന്‍ ഉണ്ട്. വേണു ചേട്ടനും ലളിത ചേച്ചിയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് കുറച്ചു കൂടെ വര്‍ക്ക് ഔട്ട്‌ ആകുമായിരുന്നു. ഇപ്പോള്‍ ആള്‍ക്കാര്‍ അവരെ കാണുന്നത് ഒരു കൺഫ്യൂഷനില്‍ ആണ്. അവര്‍ അത് അവരുടെ ക്രൂരത സെലിേബ്രറ്റ് ചെയ്യുന്നില്ല. അവര്‍ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടാണ് അവര്‍ ആഘോഷിക്കാത്തത്. അല്ലെങ്കില്‍ മമ്മുക്ക പോകുമ്പോള്‍ ചായ കുടിക്കാന്‍ നിൽക്കുന്നില്ല എന്ന് പറയുന്ന സമയത്ത് ആഘോഷിക്കേണ്ടതാണ്. നോര്‍മല്‍ കേസില്‍ ആണെങ്കില്‍ ആ ഡയലോഗില്‍ ജനം ചിരിക്കേണ്ടതാണ്. അവര്‍ ജീവിച്ചിരുന്നെങ്കില്‍ അത് കുറച്ചു കൂടെ വേറെ ലെവലില്‍ ആയിരുന്നേനെ. ഈ രണ്ടു നടീനടന്മാര്‍ ജീവിച്ചിരിപ്പില്ല എന്നത് ഈ സിനിമയുടെ സീനുകളെ ബാധിക്കുന്നുണ്ട്. പോപുലര്‍ സിനിമകളില്‍ നടീനടന്മാരുടെ യഥാർഥ ജീവിതവും മരണങ്ങളും എല്ലാം സിനിമയെ ബാധിക്കുന്ന കാര്യങ്ങള്‍ ആണ്.


കോവിഡ് കാലത്ത് പലതരം പരിമിതികളിലൂടെ ആയിരിക്കാം ഭീഷ്മപര്‍വ്വം നിർമിക്കപ്പെട്ടത്. അത് കോവിഡിനു ശേഷമുള്ള മലയാളിസമൂഹത്തെ തിയറ്റുകളില്‍ ഒരു സമൂഹമായി രൂപപ്പെടുത്തുകയും ആഘോഷങ്ങളിലേക്ക് നീക്കുകയും ചെയ്തു. എങ്ങനെയാണ് ഭീഷ്മപര്‍വ്വം എന്ന ഒരു കള്‍ട്ട് സിനിമ ഉണ്ടാകുന്നത്?

ഒരു സമയത്ത് ഞാന്‍ മമ്മൂക്കയും ആയി 'അരിവാള്‍ ചുറ്റിക നക്ഷത്രം' എന്ന സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. പിന്നീട് 'കുഞ്ഞാലി മരക്കാര്‍' ചെയ്യാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ഒരു ഗോഡ് ഫാദർ മീറ്റ്‌സ് മഹാഭാരതം എന്ന ഒരു സംഗതിയിലേക്ക് ലാൻഡ് ചെയ്യുന്നത്. ഗോഡ്ഫാദര്‍ എന്നത് എപ്പോഴും അപ്പന്‍ മക്കള്‍ക്ക് വേണ്ടി നില്‍ക്കുന്നതാണ്. പക്ഷേ ഭീഷ്മരില്‍ മമ്മൂട്ടിയുടെ മൈക്കിൾ കല്യാണം കഴിച്ചിട്ടില്ല, അയാള്‍ക്ക് മക്കള്‍ ഇല്ല. അയാളുടെ സഹോദരങ്ങളുടെ മക്കള്‍ ആണ്. അതിന്റെ ഇടയില്‍ പെട്ട അവസ്ഥയില്‍ ആണ് മമ്മൂക്ക ഇരിക്കുന്നത്. ഭീഷ്മര്‍ക്ക് ഇല്ലാത്ത ഒരു സെന്‍സിബിലിറ്റി കാണിച്ചു മൈക്കിൾ ഇജാസ് തുടങ്ങിയ പാണ്ഡവന്മാരുടെ കൂടെ നില്‍ക്കുകയാണ്. പാണ്ഡവന്മാര്‍ എന്നത് അവര്‍ക്ക് പേരുണ്ടെങ്കിലും അവര്‍ പാണ്ഡുവിന്റെ പുത്രന്മാര്‍ അല്ലല്ലോ. അത് എനിക്ക് ഇതിനകത്തുള്ള ഭയങ്കര രസമുള്ള സ്പേസ് ആയി തോന്നി. കുന്തി പാണ്ഡവര്‍ക്ക് പകുതി രാജ്യം കൊടുക്കണം എന്നാണു പറയുന്നത്. ധൃതരാഷ്ട്രരുടെയും കൗരവരുടെയും ഏറ്റവും വലിയ പ്രശ്നം എന്ന് പറഞ്ഞാല്‍ ഇവര്‍ പാണ്ഡുവിന്റെ പുത്രന്മാര്‍ അല്ല എന്നതാണ്. ഫാത്തിമയുടെ മക്കള്‍ പൈലി ചേട്ടന്റെ മക്കള്‍ ആയിരുന്നെങ്കില്‍ അത്ര പ്രശ്നം ഉണ്ടായിരിക്കില്ല. പക്ഷേ ഫാത്തിമയുടെ മക്കള്‍ അലിയുടെ മക്കള്‍ ആണ്. മഹാഭാരതത്തിലും ഇതായിരുന്നു പ്രശ്നം. പക്ഷേ അവര്‍ കഴിഞ്ഞിട്ടേ ഉള്ളൂ ഏതു പള്ളിക്കാരനും പട്ടക്കാരനും എന്നാണ് മൈക്കിൾ പറയുന്നത്.

അതുപോലെ പിന്നീട് 'ബിലാല്‍' ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ വിദേശത്തൊക്കെ ഷൂട്ട്‌ ചെയ്യേണ്ട സമയത്ത് അത് വിടേണ്ടിവന്നു. പിന്നെ വേറെ എന്ത് ചെയ്യാം എന്ന് ആലോചിച്ചു. പിന്നെ മമ്മുക്കയും ഒക്കെ ആയ ചര്‍ച്ചകളില്‍ വേറെ ഒരു ചെറിയ പടം ചെയ്യാം എന്ന് വിചാരിച്ചു. പക്ഷേ ചെറിയ പടം വന്നാല്‍ ആള്‍ക്കാരുടെ പ്രതീക്ഷയുടെ പ്രശ്നം വരും. ഒരു ചെറിയ ഇതിഹാസമാനം ഉള്ള മറ്റൊരു സബ്ജക്റ്റ് ഞാന്‍ മമ്മുക്കയുടെ അടുത്ത് പറഞ്ഞിരുന്നു. അതിലും മിഡില്‍ ഈസ്റ്റ് ഷൂട്ടും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മമ്മുക്ക പറഞ്ഞതുപ്രകാരം ആണ് നമ്മള്‍ 'ഭീഷ്മപർവ്വ'ത്തില്‍ എത്തുന്നത്.

ജാതി മാറി കല്യാണം കഴിച്ചതിന്റെ ക്രൂരമായ അഭിമാന കൊലപാതകത്തിന്റെ കേരളത്തിലെ ഇരകളാണ് കെവിനും നീനുവും. അവര്‍ക്കാണ് ഈ സിനിമ സമര്‍പ്പിച്ചിരിക്കുന്നത്..?

ബിഹാറിലും യു.പിയിലും ജാതിബോധത്തിലാണ് പുതിയ തലമുറയെ വളര്‍ത്തി എടുക്കുന്നതുപോലുമെന്ന് നമുക്ക് അറിയാം. ഭൂമിഹരും രാജപത്തുക്കളും പരസ്പരം പഠിപ്പിക്കുന്നത് അവരെയും പാമ്പിനെയും ഒരുമിച്ചു കണ്ടാല്‍ പാമ്പിനെ ഒഴിവാക്കി പരസ്പരം ഈ സമുദായങ്ങളെ ആദ്യം തല്ലിക്കൊള്ളണം എന്നാണ്. വിദ്യാഭ്യാസത്തിന്റെ ഒക്കെ അഹങ്കാരത്തില്‍ നമ്മള്‍ അങ്ങനെ ഒന്നുമല്ല എന്ന ഒരു തെറ്റിദ്ധാരണ ഉണ്ട്. അതിലും വയലന്റ് ആയ ഒരു കേസ് ആണ് കെവിന്റെയും നീനുവിന്റെയും. ഈ സാംസ്കാരിക മലയാളികള്‍ അത് അറിഞ്ഞ് ഒന്ന് ഞെട്ടി.

'ഇ​േ​യ്യാബിന്റെ പുസ്തകം' ലൊക്കേഷനിൽ 

'ഇ​േ​യ്യാബിന്റെ പുസ്തകം' ലൊക്കേഷനിൽ 

െകാൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്,ബര്‍ലിന്‍ എന്നിവിടങ്ങളിലെ പഠനങ്ങള്‍ കഴിഞ്ഞു താങ്കള്‍ ചെന്നു ചേരുന്നത് രാം ഗോപാല്‍ വർമയുടെ സ്കൂളിലേക്കാണ്. അവിടത്തെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും എങ്ങനെ ആയിരുന്നു?

ഞാന്‍ െകാല്‍ക്കത്തയിൽ പഠിച്ചു കഴിയുേമ്പാൾ ഹിന്ദി സിനിമ മാത്രമേ ഉള്ളൂ, റീജനല്‍ സിനിമ ഒന്നുമല്ല എന്ന തരത്തിലുള്ള ചര്‍ച്ച വന്നിരുന്നു. ഞാന്‍ ഇൻസ്റ്റിറ്റ്യൂട്ട് സമയത്ത് അതിനെതിരെ ഫൈറ്റ് ചെയ്ത ആളായിരുന്നു. ബോംബെയിലേക്ക് പോകില്ല നമ്മുടെ നാട്ടില്‍ സിനിമ ഉണ്ട് എന്ന് തര്‍ക്കിച്ച ആളായിരുന്നു. ഗുല്‍സാര്‍ എടുക്കുന്ന പ്രണയ സിനിമകളെക്കാളും വലിയ ഇന്ത്യന്‍ സിനിമ ഇല്ല എന്നൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ അതിനെതിരെ തര്‍ക്കിച്ചിരുന്നു. അവര്‍ ഹിന്ദി ത്രില്ലറുകളെ കുറിച്ചു പറയുമ്പോള്‍ ''നീയൊക്കെ ഞങ്ങളുടെ യവനിക കണ്ടിരുന്നോ?'' എന്നൊക്കെ ഞങ്ങള്‍ ചോദിക്കും. അങ്ങനെ ബോംബെക്ക് പോകില്ല എന്നൊരു ഉറച്ച തീരുമാനം ഉണ്ടായിരുന്നു. െകാല്‍ക്കത്തയിലെയും ബര്‍ലിനിലെയും വിദ്യാഭ്യാസം കഴിഞ്ഞു ഞാന്‍ കേരളത്തിലേക്ക് വന്നു. ഞാന്‍ സിനിമ കാമറ ചെയ്യാനും ഒരു അമ്പത് ലക്ഷം രൂപ ബജറ്റില്‍ ഒരു സിനിമ സംവിധാനം ചെയ്യാനും ശ്രമിച്ചു. പല പ്രൊഡക്ഷന്‍ ഹൗസുകളിലും പല ഐഡിയകളും ആയി നടന്നിരുന്നു. പക്ഷേ ഇതൊന്നും സംഭവിച്ചില്ല. ഉപ്പു നോക്കാന്‍ പോലും ഒരു പുതിയ സിനിമാറ്റോഗ്രാഫറിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. തമിഴില്‍നിന്നുള്ള സിനിമാറ്റോഗ്രാഫേഴ്സിനെ ഇവിടെ കൊണ്ടു വന്നു സൽക്കരിച്ചിരുന്നെങ്കിലും ഞങ്ങളെ ഒന്നും അടുപ്പിച്ചിരുന്നില്ല. ഞാനും രാജീവ്‌ രവിയുമെല്ലാം ഞങ്ങളുടെ തുടക്കകാലത്ത് അങ്ങനെ ഉള്ള പ്രശ്നം അനുഭവിച്ചിരുന്നു. ഇവിടെ ഒരു സിനിമയും കിട്ടിയില്ല. ചില പരസ്യങ്ങളും പരിപാടികളും ആയി കഞ്ഞി കുടിച്ചു പോകാം എന്ന അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. ആ സമയത്താണ് രാം ഗോപാല്‍ വർമയുടെ അസിസ്റ്റന്റ് ആയിട്ടുള്ള രോഹിത് ജുഗിരാജ് എന്റെ ഡിപ്ലോമ പടം കണ്ടിട്ട് എന്നെ ബന്ധപ്പെടുന്നത്. എന്റെ ഡിപ്ലോമ പടത്തിന് ഷോര്‍ട്ട് ഫീച്ചര്‍ സെക്ഷനില്‍ നാഷനല്‍ അവാര്‍ഡ് കിട്ടിയിരുന്നു. ഡയറക്ഷനും എന്റെ കാമറക്കും ആയിരുന്നു അവാര്‍ഡ്. ആ പടം എന്‍.എഫ്.ഡി.സിയുടെ ബോംബെയിലെ തിയറ്ററില്‍ കാണിച്ചു. രോഹിത് ജുഗിരാജ് ആ പടം കണ്ടപ്പോള്‍ എന്നെങ്കിലും പടം ചെയ്യുമ്പോള്‍ വിളിക്കാനായി സിനിമാറ്റോഗ്രാഫര്‍ ആയ എന്റെ പേര് എഴുതിവെച്ചിരുന്നു. അദ്ദേഹത്തിനു ഒരു പടം വന്നപ്പോള്‍ സത്യജിത്ത് റായി ഇൻസ്റ്റിറ്റ്യൂട്ടില്‍ എന്നെ അന്വേഷിച്ചു. അങ്ങനെ എന്നെ വിളിച്ചു. എനിക്ക് ഒട്ടും പ്രതീക്ഷ ഇല്ലെങ്കിലും എന്റെ പരസ്യങ്ങളും മറ്റു ഇൻസ്റ്റിറ്റ്യൂട്ട് പടങ്ങളും അടക്കമുള്ള ഷോ റീലുകള്‍ ഞാന്‍ അയച്ചുകൊടുത്തു. രണ്ടാമത്തെ ദിവസം അവര്‍ എനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് അയച്ചുതന്നു.

അന്ന് വർമ സ്പേസ് എന്ന് പറയുന്ന രാം ഗോപാല്‍ വർമയുടെ ഇടം ഹിന്ദി സിനിമയിലെ ഒരു ആള്‍ട്ടർനേറ്റിവ് സ്പേസ് ആയിരുന്നു. ഹിന്ദി സിനിമയിലെ കുടുംബമാഹാത്മ്യമില്ലാത്തവര്‍ക്ക് വന്നു കേറാന്‍ പറ്റിയ ഇടമായിരുന്നു അത്. കുടുംബമഹിമയുടെ റെക്കമെൻഡേഷനിലൂടെ ആണ് അവിടെ പുതിയ അഭിനേതാക്കളും സഹസംവിധായകരും ഒക്കെ ഉണ്ടാകുന്നത്. അങ്ങനെ കുടുംബ മാഹാത്മ്യമില്ലാത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരുപാടു പേര്‍ വർമ കോര്‍പറേഷന്‍ അവരുടെ ഇടം ആക്കി മാറ്റി. അവിടെ ഞാന്‍ ഒരു നാലഞ്ച് വർഷം ഒരു മൂന്നു പടം കാമറ ചെയ്തുകൊണ്ട് നില്‍ക്കുകയുംചെയ്തു. അവിടെ രാം ഗോപാല്‍ വർമയുടെ ഷൂട്ടും വൈകുന്നേരം വോഡ്ക സെഷൻസും ഉണ്ടായിരുന്നു. അത് ചിലപ്പോള്‍ രാത്രി രണ്ടുമണി വരെ നീളും. അതിനു ശേഷം സൈക്കിൾകാരുടെ അടുത്ത് നിന്ന് ഇഡലിയും ചമ്മന്തിയും വാങ്ങിക്കഴിച്ചിട്ടാണ് ഞങ്ങള്‍ കിടന്നുറങ്ങുക. ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്ന ആക്ടേഴ്സും ടെക്നീഷ്യൻസും മറ്റു പലരും വന്നു പോകും. അവര്‍ ആ വോഡ്ക സെഷനില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കൈയില്‍ ഇളയരാജയുടെ ഏകദേശം ആയിരത്തി അഞ്ഞൂറ് പാട്ടുകള്‍ ഉണ്ടാകും. അത് ആ നോര്‍ത്ത് ഇന്ത്യക്കാരുടെ ഇടയില്‍ വെച്ചു അദ്ദേഹം കേള്‍പ്പിക്കും. അമ്പത് വർഷം മുമ്പ് വരെയുള്ള ഇളയരാജയുടെ പാട്ടുകള്‍ വരെ അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ട്. രാത്രി രണ്ടുമണിക്ക് ഒക്കെ ഇത് കേള്‍ക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ക്ക് ഭ്രാന്ത് പിടിക്കും. ക്യാരെ? ക്യാ ഹേ യാര്‍? കോന്‍ സാ ഗാനാ ഹേ? എന്നൊക്കെ പറഞ്ഞു അവര്‍ രഹസ്യമായി ചൂടാകും. പക്ഷേ ഇത് രാജാസാറിന്റെ ഇന്ന സിനിമയിലെ പാട്ട് ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

പിന്നെ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ പരിപാടികള്‍ ഒക്കെ വളരെ അടുത്ത് നിന്ന് കാണാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ഒരു പ്രൈം ടൈമില്‍ ആയിരുന്നു ഞാന്‍ കൂടെ ജോലി ചെയ്തത്. അദ്ദേഹം എല്ലാ രീതിയിലും മാനസഗുരു ആയിരുന്നു. അദ്ദേഹത്തിന്റെ അത്രയും സംസ്കാരം ഉള്ള ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇന്ന് അദ്ദേഹം രൂപേഷിനെ കാണുകയാണ് എന്ന് വിചാരിക്കുക, പക്ഷേ നാളെ രൂപേഷ് മൊട്ട അടിച്ചും ഷര്‍ട്ട് ഇടാതെയും മുന്നില്‍ വന്നുനിന്നാലും എന്താണ് ഇങ്ങനെ എന്ന് ചോദിക്കില്ല. അതൊന്നും അദ്ദേഹത്തിന്റെ പ്രശ്നമല്ല. അതുപോലെ നിങ്ങള്‍ ആരാണ്, നിങ്ങള്‍ എവിടെനിന്ന് വരുന്നു, നിങ്ങളുടെ അപ്പന്‍ ആരാണ് എന്നതൊക്കെ ബോംബെക്ക് തന്നെ വേണ്ടാത്ത ഒരു സാധനം ആണ്. നിങ്ങളെക്കൊണ്ട് പണി നടക്ക്വോ ഇല്ലയോ എന്ന് മാത്രമാണ് ബോംബെയുടെ പ്രശ്നം. അത്തരം സ്പേസുകള്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ്‌ ഞാന്‍. എനിക്ക് അവിടം ജോലിചെയ്യാന്‍ രസമുള്ള ഒരു സ്പേസ് ആയി തോന്നി.

അന്ന് അദ്ദേഹം ഒരു പാടു പടങ്ങള്‍ ചെയ്തിരുന്നു. പടങ്ങള്‍ക്ക് പൂജ ആചാരങ്ങള്‍ എന്നിങ്ങനെ ഉള്ള പരിപാടികള്‍ ഒന്നുമില്ല. അദ്ദേഹം അറിയപ്പെടുന്ന ഒരു നിരീശ്വരവാദി ആയിരുന്നു. എന്നെ ഒരുപാടു വളര്‍ത്താന്‍ സഹായിച്ച ഇടം ആയിരുന്നു അത്. കൊൽക്കത്തക്കും ബര്‍ലിനും പുറമേ രാം ഗോപാല്‍ വർമ ഫാക്ടറിയും എന്റെ ഒരു ഫിലിം സ്കൂള്‍ ആയാണ് ഞാന്‍ കണ്ടത്. ഈയിടെ എന്റെ അടുത്ത് ഒരു അഭിമുഖത്തില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു. ഞാൻ ഒരുപാടു പേര്‍ക്ക് അസിസ്റ്റന്റ് ആയി ചാന്‍സ് കൊടുക്കുകയും ബ്രേക്ക് കൊടുക്കുകയും ചെയ്തിട്ടുണ്ടല്ലോ എന്ന ഒരു ചോദ്യം. എന്റെ ഗുരുവായ രാംഗോപാല്‍ വർമയോടും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഞാന്‍ ബ്രേക്കുകള്‍ കൊടുക്കാറില്ല. ഞാന്‍ ടാലന്‍റുകളെ ഉപയോഗിക്കാറേ ഉള്ളൂ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്.

ദേവദത്ത് ഷാജിയെ പോലുള്ള ഇരുപത്തിയാറ് വയസ്സുള്ള പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കള്‍ ആയ ചെറുപ്പക്കാരും ആയി ആണ് താങ്കള്‍ ഇപ്പോള്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് രസകരവും മനോഹരവും ആയിരിക്കും എന്ന് ഉറപ്പാണ്. എന്ത് തോന്നുന്നു?

'ഭീഷ്മ'യുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ എബിന്‍ തോമസിന് വെറും ഇരുപത്തിനാല് വയസ്സാണ്. പക്ഷേ അയാളുടെ മ്യൂസിക് സെന്‍സ് മുഴുവന്‍ എഴുപതുകളിലേതാണ്. പിങ്ക് ഫ്ലോയിഡിന്റെയും കൊടക്കിന്റെയും ഒക്കെ ടീ ഷര്‍ട്ടുകള്‍ ആണ് ഇടുക. റിട്രോ എൺപതുകളെ ഒരു കള്‍ട്ട് സമയം ആയി കാണുന്നവരാണ് അവര്‍. മാര്‍ടിന്‍ സ്കൊർസസിയും ആയി ഡി കാപ്രിയോ നാല് പടങ്ങള്‍ ചെയ്തിരുന്നു. മാര്‍ടിന്‍ സ്കൊർസസിക്ക് എഴുപത്തി അഞ്ചു വയസ്സിനു മുകളിലുണ്ട്. ഡികാർപിയോക്ക് നാൽപത് വയസ്സുള്ളപ്പോഴാണ് സ്കൊർസസിയുടെ കൂടെ മൂന്നു പടങ്ങള്‍ ചെയ്യുന്നത്. തെല്‍മ എന്ന 83 വയസ്സുള്ള അമ്മൂമ്മയാണ് വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് എന്ന സിനിമ വളരെ സ്റ്റൈലിഷ് ആയി കട്ട് ചെയ്തിരിക്കുന്നത്. അത് ഞാന്‍ സിനിമയില്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. എനിക്ക് ഏറ്റവും ആഗ്രഹമുള്ള സ്വപ്നങ്ങളില്‍ ഒന്നാണ് എനിക്ക് സ്കൊർസസിയെപോെലയും ക്ലിന്റ് ഈസ്റ്റ് വുഡിനെപോലെയും ആ പ്രായത്തില്‍ ജീവിച്ചു വളരെ മോഡേണ്‍ ആയ സിനിമകള്‍ എടുക്കുക എന്നത്. ഹിച്ച്കോക്കിന്റെ നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ് എന്ന സിനിമക്ക് ശേഷം ഒരു പത്രപ്രവര്‍ത്തകന്‍ ഹിച്ച് കോക്കിനോടു ചോദിക്കുന്നത് 62 വയസ്സുള്ള ഹിച്ച്കോക്കില്‍നിന്ന് ഇനി എന്ത് പ്രതീക്ഷിക്കാന്‍ എന്നാണ്. അതിനു ഹിച്ച്കോക്കിന്റെ മറുപടി ആയിരുന്നു സൈക്കോ എന്ന ലോക ക്ലാസിക് ആയ സിനിമ. 'ബിഗ്‌ ബി' എടുക്കാന്‍ വന്നപ്പോള്‍ ഇവിടെ ഇൻഡസ്ട്രിയില്‍ ഉള്ള പലരും കളിയാക്കി പറഞ്ഞത് ഒരു തടിയനും കുറെ പിള്ളേരും കൂടെ ഒരു സിനിമ എടുക്കാന്‍ വന്നിരുന്നു എന്നാണ്. അന്ന് സമീര്‍ താഹിറും വിവേക് ഹര്‍ഷനും ഒക്കെ അങ്ങനെ മെലിഞ്ഞു കൊച്ചുപിള്ളേര്‍ ആണ്. വിവേക് ഹര്‍ഷന്‍ അതിനു മുമ്പ് കട്ട് ചെയ്ത സിനിമകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അയാളുമായി എനിക്ക് നല്ല വേവ് ലെങ്ത് കിട്ടിയിരുന്നു. അതുതന്നെയാണ് ദേവദത്തും ആയും ആരുമായും ഉണ്ടായിരുന്നത്. എനിക്ക് സിനിമ മാത്രം സംസാരിക്കാന്‍ അറിയാവുന്നതു കൊണ്ടായിരിക്കാം എനിക്ക് അങ്ങനെ പറ്റുന്നത്. എനിക്ക് മനുഷ്യരെ ഒരു സിനിമ സെറ്റില്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. വര്‍ക്കിന്റെ ഇടയില്‍ ഒരാളെ തിരിച്ചറിയാന്‍ എളുപ്പമാണ്.

'വരത്തൻ' ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിനൊപ്പം അമൽ നീരദ്​

'വരത്തൻ' ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിനൊപ്പം അമൽ നീരദ്​

പലരും മലയാള ഗ്രാമീണജീവിതത്തെ ഗൃഹാതുരവത്കരിക്കുമ്പോൾ താങ്കള്‍ക്ക് പറയാനുള്ളത് കൊച്ചിയിലെ അര്‍ബന്‍ ജീവിതങ്ങളുടെ ഓർമകളാണ്. അതാണ്‌ താങ്കളെ രൂപപ്പെടുത്തിയതും എന്നും പറയുന്നു?

അച്ഛനും അമ്മയും കൊച്ചിയില്‍നിന്നും ഉള്ളവരല്ല. അമ്മ കൊല്ലത്തുകാരിയാണ്. അച്ഛന്‍ കോട്ടയം. അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയി കൊച്ചിയില്‍ വന്നു വാടകവീട്ടില്‍ താമസിച്ചു. അങ്ങനെ അര്‍ബന്‍ ബാല്യം ഉള്ള ഒരാളാണ് ഞാന്‍. എന്റെ ലൈഫില്‍ ഗ്രാമത്തിന്റെ നൈര്‍മല്യവും മഞ്ചാടിക്കുരുവും ഒന്നുമുണ്ടായിട്ടില്ല. കൊച്ചിയിലെ ഗട്ടറുകൾക്കിടയിലൂടെ ആണ് ഞാന്‍ യാത്ര ചെയ്തിട്ടുള്ളത്. ഞാന്‍ ഇവിടെ എസ്.ആര്‍.വി ഗവ. സ്കൂളില്‍ ആണ് പഠിച്ചത്. മഹാരാജാസ് കോളജിലാണ് ഞാന്‍ അതിനു ശേഷമുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഴയ കൊച്ചി മനോഹരമായ സ്ഥലം ആയിരുന്നു. പണ്ട് കൊച്ചിയില്‍ വളര്‍ന്നിട്ടുള്ള എനിക്കും അന്‍വര്‍ റഷീദിനും വിനായകനും എല്ലാം അത്തരത്തിലുള്ള ഒരു നൊസ്റ്റാൾജിയ ഉണ്ടായിട്ടുണ്ട്. മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് അന്ന് ക്ലാസില്‍ അറ്റന്‍ഡൻസ് എടുക്കല്‍ ഒന്നുമില്ല. ഞങ്ങളുടെ ക്ലാസ് കൊള്ളാമെങ്കില്‍ ഞങ്ങളുടെ ക്ലാസില്‍ കയറിയാല്‍ മതി എന്ന് പറയുന്ന അധ്യാപകര്‍ ആയിരുന്നു അന്ന്. അവര്‍ ക്ലാസ് റൂമിലോ കാൻറീനിലോ മരത്തണലിലോ ഇരുന്നു പഠിക്കട്ടെ എന്ന് പറയുന്ന അധ്യാപകര്‍ ആയിരുന്നു അന്ന്. അങ്ങനെ ഉള്ള ഒരു സ്പേസിന്റെ പ്രൊഡക്ട് ആണ് ഞാനും എന്നെപ്പോലെ ഉള്ള സുഹൃത്തുക്കളും. നേരത്തേ പറഞ്ഞപോലെ നടന്‍ സലിംകുമാര്‍ കെ.എസ്.യുക്കാരന്‍ ആയതുകൊണ്ട് യൂത്ത് ഫെസ്റ്റിവലിന് വിടാതിരുന്ന എസ്.എഫ്.ഐക്കാര്‍ ആയിരുന്നില്ല ഞങ്ങള്‍. സലിം കുമാറിനെ കൂടുതല്‍ പരിപാടികള്‍ക്ക് വിടാന്‍ ആഗ്രഹിച്ചിരുന്ന എസ്.എഫ്.ഐക്കാര്‍ ആയിരുന്നു ഞങ്ങള്‍. യൂത്ത് ഫെസ്റ്റിവലില്‍ സെന്റ്‌ തെരേസസിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്നവര്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ അത് ബക്കറ്റ് കലക്ഷനും ഒക്കെ വെച്ചിട്ടാണ് ചെയ്തത്. കൊച്ചിയുടെ ആ ഒരു അര്‍ബന്‍ സ്വഭാവം മറ്റു പല സ്ഥലങ്ങള്‍ക്കും ഉണ്ടോ എന്ന് എനിക്ക് സംശയമാണ്.

സമീർ താഹിർ, അൻവർ റഷീദ്, ആഷിഖ് അബു, ഷൈജു ഖാലിദ് എന്നിവർക്കൊപ്പം അമൽ നീരദ്​ മഹാരാജാസ്​ കോളജിൽ

സമീർ താഹിർ, അൻവർ റഷീദ്, ആഷിഖ് അബു, ഷൈജു ഖാലിദ് എന്നിവർക്കൊപ്പം അമൽ നീരദ്​ മഹാരാജാസ്​ കോളജിൽ

എനിക്ക് നാട്ടിന്‍പുറത്തെക്കുറിച്ച് നൊസ്റ്റാൾജിയ ഒന്നുമില്ല. 'വരത്തന്‍' എന്ന സിനിമയില്‍ നൊസ്റ്റാൾജിയ എന്നതിന്റെ മലയാളം ഗൃഹാതുരത്വം എന്ന് പറയുേമ്പാള്‍ ദൈവമേ അത് പറയാന്‍ തന്നെ എന്ത് ബുദ്ധിമുട്ടാണ് എന്ന് പറയുന്നത് എന്റെ തന്നെ ഒരു ട്രോള്‍ ആണ്. എനിക്ക് അങ്ങനെ പഴയ തറവാട്ടില്‍ മഞ്ചാടിക്കുരുവെച്ചു കളിച്ച ഒരു ഗൃഹാതുരത്വം ഇല്ല. (അവസാനിച്ചു)

                             

News Summary - madhyamam weekly amal neerad interview