‘ആർ.എസ്.എസ്-ബി.ജെ.പി ഭഗാവോ ദേശ് ബച്ചാവോ’
camera_altബിഹാറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്ന ലാലു പ്രസാദ് യാദവ് (ഫയൽ)
ഹിന്ദി ഭൂമികയിൽ, ബിഹാറിൽ എന്നും ഹിന്ദുത്വയുടെ തേരോട്ടങ്ങളെ പ്രതിരോധിച്ചിട്ടുള്ളയാളാണ് ലാലു പ്രസാദ് യാദവ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രുവും ലാലുവാണ്. അേദ്ദഹവുമായി മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ നളിൻ വർമ നടത്തിയ സംഭാഷണവും വിലയിരുത്തലും.
1926 മേയ് 28ന് നാഗ്പൂർ മൊഹിത്വാഡയിൽ 15-20 യുവാക്കളുടെ ചെറിയ ഒത്തുകൂടലായി ആദ്യ ശാഖ തുടങ്ങി രാജ്യത്തുടനീളം 83,000ലേറെ ശാഖകളിലായി പടർന്നുനിൽക്കുന്ന ആർ.എസ്.എസ്, ശതാബ്ദി പിന്നിടുമ്പോൾ സ്വന്തം രാഷ്ട്രീയ മുഖമായ ഭാരതീയ ജനത പാർട്ടിയെ മുന്നിൽ നിർത്തി ഇന്ത്യയുടെ രാഷ്ട്രീയം ഭരിക്കുന്ന പ്രബല പ്രത്യയശാസ്ത്ര ശക്തിയാണിന്ന്. ഹിന്ദുക്കളെ ഒന്നിപ്പിച്ച് ‘ഹിന്ദുരാഷ്ട്ര’ സ്ഥാപനമാണ് തങ്ങളുടെ കേന്ദ്ര ദർശനമെന്ന് ആർ.എസ്.എസ് അവകാശപ്പെടുന്നു. എന്നാൽ, പ്രസ്ഥാനം വളർന്നുവന്ന വഴികൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇതര വിശ്വാസങ്ങളോട് (അതായത് ഇസ്ലാമും ക്രിസ്തുമതവും) കടുത്ത വിദ്വേഷവും.
ശൂദ്രർക്ക് (താഴ്ന്ന ജാതിക്കാരും ആദിവാസികളും) ഉയർന്ന ജാതിക്കാർക്കുള്ള തുല്യാവകാശങ്ങൾ അംഗീകരിക്കാതിരിക്കലും -അങ്ങനെയാണ് ‘മനുസ്മൃതി’ നിർദേശിക്കുന്നത്- അതിൽ അന്തർലീനമാണെന്ന് വ്യക്തം. ആർ.എസ്.എസിന്റെ ‘സനാതന’ (ശാശ്വതം) ഹിന്ദുമതത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ദലിതർ എന്നിവർക്കൊന്നും ഇടമില്ല. ഹിന്ദുമതത്തിന്റെ മൂലക്കല്ലായി ആർ.എസ്.എസ് കണക്കാക്കുന്ന ‘മനുസ്മൃതി’യുടെ കർത്താവായ മനുവിനു മുന്നിൽ മഹാപുരുഷന്മാരായ ഗൗതമ ബുദ്ധ, മഹാവീരൻ, കബീർ, ഗുരുനാനാക് എന്നിവരെല്ലാം നിഷ്പ്രഭരാണ്. ഭഗവദ്ഗീതയിലൂന്നി ഋഷിതുല്യമായ ജീവിതം നയിച്ച മഹാത്മാ ഗാന്ധിയും ജാതിവിവേചനത്തിന്റെ പേരിൽ 1927ൽ ‘മനുസ്മൃതി’ അഗ്നിക്കിരയാക്കി പ്രതിഷേധിച്ച ദലിത് നേതാവ് ബി.ആർ. അംബേദ്കറും ആർ.എസ്.എസ് ചട്ടക്കൂട് പ്രകാരം സ്വീകരിക്കപ്പെടാവുന്നവരല്ല.
1925ൽ കേശവ് ബലിറാം ഹെഡ്ഗേവാറിനു കീഴിൽ തുടക്കം കുറിക്കപ്പെട്ടതു മുതൽ മഹാത്മാ ഗാന്ധി നയിച്ച ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽനിന്ന് ആർ.എസ്.എസ് അകന്നുനിന്നിട്ടുണ്ട്. പകരം, കോൺഗ്രസിനെതിരെ ബ്രിട്ടീഷ് കോളനിവാഴ്ചക്കാരോടായിരുന്നു അത് അനുഭാവം പുലർത്തിയത്. ആർ.എസ്.എസ് സന്നദ്ധ പ്രവർത്തകർ ബ്രിട്ടീഷ് സാമ്രാജ്യത്വ സേനയിലും പൊലീസിലും വരെ ചേർന്നു പ്രവർത്തിച്ചു. വിവിധ സമുദായങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വരെ അതിന്റെ ഭാഗമായി നേരിട്ടു. നിരന്തരമായി സ്വാതന്ത്ര്യസമരത്തെ നൃശംസിച്ച ആർ.എസ്.എസിന്റെ ഉറ്റ സഹയാത്രികനായ നാഥുറാം ഗോദ്സെ 1948ൽ ഗാന്ധിയെ വധിക്കുന്നതും നാം കണ്ടു. മതാതീതമായ സൗഹാർദവും സൗഭ്രാത്രവും പുലരാൻ ഗാന്ധി കാണിച്ച പ്രതിബദ്ധതയായിരുന്നു കാരണം. ഹെഡ്ഗേവാർ മുതൽ മോഹൻ ഭാഗവത് വരെ ആറ് മേധാവികൾക്കു കീഴിലായി ആർ.എസ്.എസ് വൻതോതിൽ വളർച്ച നേടിയിട്ടുണ്ട്, ദേശവിരുദ്ധ, സാമുദായിക പ്രവർത്തനങ്ങളുടെ പേരിൽ മൂന്നുവട്ടം വിലക്ക് നേരിട്ടിട്ടും.
ലാലുപ്രസാദ് യാദവിനൊപ്പം നളിൻ വർമ
സ്വാതന്ത്ര്യാനന്തരം, വർഷങ്ങളായി സോഷ്യലിസ്റ്റുകളും ചിലപ്പോൾ കമ്യൂണിസ്റ്റുകളുമടക്കം കോൺഗ്രസ് ഇതര കക്ഷികളുമായാണ് അത് കൂട്ടുചേർന്നത്. റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ എന്നിവരടക്കം ഗാന്ധിയൻ സോഷ്യലിസ്റ്റുകളുമായി വരെ ആർ.എസ്.എസ് സഖ്യം സ്ഥാപിച്ചു. നാനാത്വത്തിൽ ഏകത്വവും മതേതരത്വവും വാദിച്ചവരായിരുന്നു ഇവരെല്ലാം. അപ്പോഴും ആർ.എസ്.എസ് കാഴ്ചപ്പാടിലെ മുഖ്യമായത് -ന്യൂനപക്ഷങ്ങളോടും ദലിതുകളോടുമുള്ള വിദ്വേഷം- മാത്രം മാറാതെ നിന്നു. ആർ.എസ്.എസിന്റെ യാത്രയിലെ സുപ്രധാന ചുവട് കുറിക്കുന്നത് സ്വാതന്ത്ര്യാനന്തരം 1980കളിൽ മധുകർ ദത്താത്രേയ ദേവറസ് എന്ന ബാലസാഹെബ് ദേവറസിന് കീഴിലാണ്. സോഷ്യലിസ്റ്റുകളുമായുള്ള കൂട്ടുകെട്ട് ഉപയോഗപ്പെടുത്തി സ്വാധീനം വർധിപ്പിച്ച ആർ.എസ്.എസ് രാമക്ഷേത്ര പ്രസ്ഥാനത്തിനും നാന്ദി കുറിച്ചു.
എല്ലാ കീഴ്ഘടകങ്ങളെയും -ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, അഖില ഭാരതീയ വിദ്യാർഥി പരിഷത്ത്, സ്വദേശി ജാഗരൺ മഞ്ചും മറ്റുള്ളവയും- കൂട്ടി മുസ്ലിംകൾക്കെതിരെ നിരന്തര പ്രചാരവേല ആർ.എസ്.എസ് നടപ്പാക്കി. 1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിലാണ് അത് കലാശിച്ചത്. ശിലാപൂജക്കും മറ്റു വിഭാഗീയ പ്രവൃത്തികൾക്കും തുടക്കം കുറിച്ച് ബി.ജെ.പി പ്രസിഡന്റ് എൽ.കെ. അദ്വാനി 1990ൽ നയിച്ച രാമരഥയാത്ര മതങ്ങൾക്കിടയിലെ ഭിന്നത അതിരൂക്ഷമാക്കി. ഹിന്ദി ഹൃദയഭൂമിയിൽ മുസ്ലിം വിരുദ്ധ അജണ്ട ആർ.എസ്.എസ് കൂടുതൽ ശക്തമാക്കുന്ന അതേ സമയത്തുതന്നെയായിരുന്നു ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ഉദയം. 1989ലെ ഭഗൽപുർ കലാപത്തിന്റെ പിറകെ 1990ൽ മുഖ്യമന്ത്രി പദമേറിയ ലാലുവിന് മതസൗഹാർദം തിരിച്ചുപിടിക്കുകയെന്ന വലിയ ഉത്തരവാദിത്തമായിരുന്നു മുന്നിൽ.
അയോധ്യ ലക്ഷ്യമാക്കിയുള്ള യാത്രക്കിടെ, ബി.ജെ.പി പിന്തുണയിൽ നിലനിന്ന വി.പി. സിങ് സർക്കാറിലെ ചില കേന്ദ്രമന്ത്രിമാരുടെ എതിർപ്പ് മറികടന്ന് അദ്വാനിയെ ബിഹാറിൽ ലാലു അറസ്റ്റ് ചെയ്തു. ആർ.എസ്.എസ്- ബി.ജെ.പിക്കെതിരെ അന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ പോരാട്ടം ഇന്നും തുടരുന്നു. 1998ലെ എ.ബി. വാജ്പേയി സർക്കാറും 2014 മുതലുള്ള നരേന്ദ്ര മോദി സർക്കാറും വലിയ വെല്ലുവിളികളാണ് ലാലുവിന് സമ്മാനിച്ചത്. അഴിമതിക്കേസുകളിലായി നാലു വർഷത്തിലേറെ അദ്ദേഹം ജയിലിൽ കിടന്നു. ‘‘ഞാൻ അധികാരം നിലനിർത്തിയാലും നഷ്ടമായാലും കലാപകാരികളെ വെറുതെ വിടില്ല’’- അദ്വാനിയെ അറസ്റ്റ് ചെയ്യും മുമ്പ് 1990ൽ ലാലു പ്രഖ്യാപിച്ചു. ഹൃദയ ശസ്ത്രക്രിയയും വൃക്ക മാറ്റിവെക്കലുമടക്കം നടത്തി നിരവധി അസുഖങ്ങളോട് മല്ലിടുമ്പോഴും ആർ.എസ്.എസ്-ബി.ജെ.പി വിഭാഗീയ പ്രത്യയശാസ്ത്രത്തോടുള്ള കടുത്ത പോരാട്ടം ഇപ്പോഴും തുടരുകയാണ് 78കാരനായ ലാലു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...
മകൻ തേജസ്വി യാദവിനൊപ്പം
നരേന്ദ്ര മോദി സർക്കാറിനെയും ആർ.എസ്.എസ് ദർശനത്തെയും കുറിച്ച നിലവിലെ താങ്കളുടെ വിലയിരുത്തൽ?
ബി.ജെ.പി-ആർ.എസ്.എസ് ഭരണത്തിൽ ഭരണഘടനയും ജനാധിപത്യവും കടുത്ത ഭീഷണിയിലാണ്. തെക്ക് മുതൽ വടക്കുവരെയും കിഴക്കു മുതൽ പടിഞ്ഞാറു വരെയുമുള്ള എല്ലാ ബി.ജെ.പി ഇതര കക്ഷികളും തങ്ങളുടെ ഭിന്നതകൾ മറന്ന് നരേന്ദ്ര മോദി സർക്കാറിനെ പുറത്താക്കാൻ ഒന്നിക്കണം. ഇന്ത്യയെയും അതിന്റെ ജനാധിപത്യ ചട്ടക്കൂടും സംരക്ഷിക്കാൻ ആർ.എസ്.എസ്-ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തണം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി.ജെ.പിയെ അധികാരഭ്രഷ്ടമാക്കാൻ ഉറച്ച നിലപാട് നിർബന്ധമാണ്. ഞാൻ പറയാറുള്ളപോലെ, ‘‘ആർ.എസ്.എസ്- ബി.ജെ.പി ഭഗാവോ, ദേശ് ബച്ചാവോ’’ (ആർ.എസ്.എസ്-ബി.ജെ.പിയെ പുറത്താക്കൂ, രാഷ്ട്രത്തെ രക്ഷിക്കൂ).
നിങ്ങളുടെ കക്ഷിയും കോൺഗ്രസും മുസ്ലിംകളെ പ്രീണിപ്പിച്ച് ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുകയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്?
ശുദ്ധ നുണ. ബി.ജെ.പി മുസ്ലിംകളെ തന്നെ നിഷേധിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 14 ശതമാനം വരും അവർ. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ടിക്കറ്റ് അനുവദിക്കുന്നതിൽ മാത്രമാണ് ഈ പ്രാതിനിധ്യം. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയശേഷം മുസ്ലിംകൾ നിരന്തര പീഡനം അനുഭവിക്കുകയാണ്. ഉത്തർപ്രദേശിലും ഡൽഹിയിലും ഭരണകൂടം ബി.ജെ.പി-ആർ.എസ്.എസ് കാഡറുകളെ കൂട്ടി മുസ്ലിം ഭവനങ്ങൾ ഇടിച്ചുനിരത്തുകയാണ്. കെട്ടിച്ചമച്ച, വ്യാജ കുറ്റങ്ങളുടെ പേരിൽ നിരവധി മുസ്ലിം ചെറുപ്പക്കാർ ജയിലുകളിൽ നരകിക്കുകയാണ്.
നുഴഞ്ഞുകയറ്റ വിഷയത്തിൽ, നിലവിലെ നിയമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനുള്ള അധികാരം നൽകുന്നുണ്ട്. ഒരു പാർട്ടിയും അനധികൃത നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നിട്ടും ബി.ജെ.പി-ആർ.എസ്.എസ് ഈ വിഷയം കത്തിച്ച് വിദ്വേഷ രാഷ്ട്രീയത്തിന് ഇന്ധനം കണ്ടെത്തുന്നു. മുസ്ലിംകൾക്കും ഹിന്ദുക്കൾക്കുമിടയിൽ വെറുപ്പിന്റെ വിത്തിടുന്നു. ന്യൂനപക്ഷങ്ങളെ കുരുക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം നടത്തുകയുംചെയ്യുന്നു.
1992 ഡിസംബർ ഏഴിന് പട്നയിൽ സാമുദായിക ഐക്യത്തിന് ആഹ്വാനംചെയ്ത് ലാലു പ്രസാദ് യാദവ് നടത്തിയ പ്രകടനം
എന്നിട്ടും മൂന്നാം തവണയും ബി.ജെ.പി ജയിച്ചിട്ടുണ്ട്. ജനവിധി ഇതാണെന്നും അവർ പറയുന്നു?
കൃത്രിമം നടത്തിയാണ് ജനവിധി അനുകൂലമാക്കിയത്. ബി.ജെ.പിയെ കൈയൊഴിഞ്ഞതാണ് ജനങ്ങളുടെ യഥാർഥ താൽപര്യം. ‘വോട്ട് ചോരി’ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ നൽകിയിട്ടുണ്ട്. വോട്ട് അട്ടിമറിച്ചും ജനാധിപത്യ സ്ഥാപനങ്ങളെ കീഴിലൊതുക്കിയുമാണ് ബി.ജെ.പി- ആർ.എസ്.എസ് അധികാരം നിലനിർത്തുന്നതെന്ന് ജനത്തിന് ബോധ്യമുണ്ട്. ഫാഷിസ്റ്റുകളും ന്യൂനപക്ഷ വിരുദ്ധരും ദലിത് വിരുദ്ധരുമാണ് ആ കക്ഷി.
നിങ്ങളുടെ രാഷ്ട്രീയ കരിയറിൽ എന്നുമുതലാണ് ആർ.എസ്.എസ്-ബി.ജെ.പിക്കെതിരെ നിലയുറപ്പിച്ചു തുടങ്ങിയത്? തുടക്കത്തിലെ പ്രകോപനങ്ങൾ എന്തായിരുന്നു? എല്ലാറ്റിലുമുപരി, ജയപ്രകാശ് നാരായണിനൊപ്പം നിങ്ങളും മുഖ്യപങ്കുവഹിച്ച 1970കളിലെ അടിയന്തരാവസ്ഥക്കെതിരായ പ്രസ്ഥാനത്തിൽ ആർ.എസ്.എസ്- ജനസംഘ കാഡറുകളും അണിചേർന്നതാണ്?
ഒരു വിദ്യാർഥി നേതാവെന്ന നിലക്കുതന്നെ, ആർ.എസ്.എസിനും അതിന്റെ വിദ്യാർഥി സംഘടന അഖില ഭാരതീയ വിദ്യാർഥി പരിഷത്തിനും (എ.ബി.വി.പി) എതിരെ ശക്തമായി ഞാൻ നിലകൊണ്ടിരുന്നു. അടിയന്തരാവസ്ഥക്കെതിരായ പ്രസ്ഥാനത്തിൽ ആർ.എസ്.എസ്- ബി.ജെ.പി ചേർന്നത് മനഃസാക്ഷിയുടെ പുറത്തൊന്നുമല്ല, മറിച്ച് പൊതുജന സ്വീകാര്യത ഉറപ്പാക്കാനും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാൻ സംഘടനയെ ശക്തിപ്പെടുത്താനുമാണ്. അന്നും അവർ എനിക്കെതിരെയാണ്. ജയപ്രകാശ് നാരായണിനൊപ്പമുള്ള എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. ചരിത്രപരമായി മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ് തുടങ്ങിയവർ നയിച്ച സ്വാതന്ത്ര്യ പോരാട്ടത്തെ അവർ അട്ടിമറിച്ചു. ജെ.പി പ്രസ്ഥാനത്തിലും അവരുടെ പങ്ക് സമാനമായി കപടമായിരുന്നു.
അവരുടെ പ്രതിപുരുഷനായ വിനായക് ദാമോദർ സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് മാപ്പു ചോദിച്ച് ദയാഹരജി നൽകിയ വ്യക്തിയാണ്. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസ് മേധാവി ബാലാസാഹെബ് ദേവറസ് ജയിലിലായിരിക്കെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് സമാനമായ കത്തെഴുതി. ആർ.എസ്.എസ് എന്നും ദ്വിമുഖം സൂക്ഷിച്ചവരാണ്. 1977ൽ ജനസംഘം ജനത പാർട്ടിയിൽ ലയിച്ചെങ്കിലും അതിന്റെ കാഡറുകൾ ആർ.എസ്.എസുമായി വിധേയത്വം കാത്തു. ജനത പാർട്ടി സർക്കാർ രൂപവത്കരിക്കപ്പെട്ടപ്പോൾ ജനസംഘം പ്രവർത്തകർ ആർ.എസ്.എസിൽനിന്ന് സമ്പൂർണമായി വിട്ടുപോരണമെന്ന് ഞാൻ ആവശ്യം ഉന്നയിച്ചിരുന്നു. പകരം, അവർ വേറിട്ടുപോയി ജനസംഘത്തിന്റെ പുനരവതാരമായ ബി.ജെ.പി രൂപവത്കരിക്കുകയാണ് ചെയ്തത്.
ആർ.എസ്.എസിനെ മനസ്സിലാക്കാൻ ആഴത്തിലുള്ള ഗവേഷണമൊന്നും ആവശ്യമില്ല. എം.എസ്. ഗോൾവാൾക്കർ, സവർക്കർ തുടങ്ങിയ ഹിന്ദുത്വ സൈദ്ധാന്തികരുടെ എഴുത്തുകൾ വായിച്ചാൽ മതി. അവർ യഥാർഥത്തിൽ ഹിന്ദുവിനു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. നാമും ഹിന്ദുക്കളാണ്. അവരുടെ നിയുക്ത ദൗത്യം ആരംഭകാലം മുതൽ ഭരണഘടനയെയും നിയമവാഴ്ചയെയും അട്ടിമറിക്കലാണ്. പകരം, മനുസ്മൃതിയുടെ പാഠങ്ങൾ അടിച്ചേൽപിക്കലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടലുമാണ്.
മൊഴിമാറ്റം: കെ.പി. മൻസൂർ അലി
======================
(മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമാണ് നളിൻ വർമ. ‘ഗോപാൽഗഞ്ച് ടു റെയ്സിന -മൈ പൊളിറ്റിക്കൽ ജേണി’, ലാലു പ്രസാദ് യാദവിന്റെ ആത്മകഥ എന്നിവയുടെ രചനകളിൽ പങ്കാളിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം Lalu is Lores of Love and Saint Gorakhnath എന്നിവയാണ്)
