Begin typing your search above and press return to search.
proflie-avatar
Login

‘‘ഭരണഘടനയെ വിശുദ്ധപശുവായി കണക്കാക്കാന്‍ കഴിയുമോ?’’

‘‘ഭരണഘടനയെ വിശുദ്ധപശുവായി   കണക്കാക്കാന്‍ കഴിയുമോ?’’
cancel

പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം മാവോവാദി നേതാവ് രൂപേഷ് അടുത്തിടെ മോചിതനായി. ജയിലിൽ ​െവച്ച് അധികൃതർ പ്രസിദ്ധീകരണം തടഞ്ഞ നോവൽ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ പ്രകാശിതമായി. ആ പശ്ചാത്തലത്തിൽ രൂപേഷ് സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. ഗാന്ധിയന്‍ അഹിംസയുടെ അതിശക്തമായ അന്തര്‍ധാരകള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിംസയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രയോഗത്തിനേറ്റ തിരിച്ചടിയായി മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചയെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടേ?ഒന്നാമതായി ഹിംസ-അഹിംസ എന്ന വിഷയങ്ങളെ സംബന്ധിച്ച് ഗൗരവമായ സൂക്ഷ്മപരിശോധന ആവശ്യമാണ്. അതിലേക്ക് കടക്കുന്നതിനുമുമ്പ്...

Your Subscription Supports Independent Journalism

View Plans
പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം മാവോവാദി നേതാവ് രൂപേഷ് അടുത്തിടെ മോചിതനായി. ജയിലിൽ ​െവച്ച് അധികൃതർ പ്രസിദ്ധീകരണം തടഞ്ഞ നോവൽ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകള്‍’ പ്രകാശിതമായി. ആ പശ്ചാത്തലത്തിൽ രൂപേഷ് സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.

ഗാന്ധിയന്‍ അഹിംസയുടെ അതിശക്തമായ അന്തര്‍ധാരകള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിംസയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രയോഗത്തിനേറ്റ തിരിച്ചടിയായി മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചയെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടേ?

ഒന്നാമതായി ഹിംസ-അഹിംസ എന്ന വിഷയങ്ങളെ സംബന്ധിച്ച് ഗൗരവമായ സൂക്ഷ്മപരിശോധന ആവശ്യമാണ്. അതിലേക്ക് കടക്കുന്നതിനുമുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച് ഏകശിലാത്മകമായ ചരിത്രവീക്ഷണമല്ല നിലവിലുള്ളത്. ഇന്ത്യയിലെ കൊളോണിയല്‍ അധിനിവേശവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചരിത്രപഠനങ്ങളില്‍ സുനീതികുമാര്‍ ഘോഷ് അടക്കമുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിയന്‍ ഇടപെടലിന്‍റെ ഉള്ളടക്കത്തിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

എക്കാലവും ബ്രിട്ടീഷ് കൊളോണിയല്‍ അധികാരവുമായി സമരസപ്പെട്ട് മുന്നോട്ടുപോയിരുന്ന ഗാന്ധി നേതൃത്വം അപൂർവം ചരിത്ര സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് 1921ല്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് രൂക്ഷമായ നികുതി ചുമത്തലുമായി ബന്ധപ്പെട്ടുകൊണ്ടും അതുപോലെ 1942ല്‍ ജപ്പാന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നേടിയ വിജയത്തിന്‍റെ സമയത്തും എടുത്ത ശക്തമായ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളില്‍നിന്നും കാലതാമസം ഇല്ലാതെ ഒത്തുതീര്‍പ്പുകളിലേക്ക് പോകുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. ഇതിന്‍റെ പ്രായോഗിക രൂപമായാണ് നിസ്സഹകരണ പ്രസ്ഥാനത്തില്‍നിന്നും കിറ്റിന്ത്യാ പ്രക്ഷോഭത്തില്‍നിന്നും പ്രായോഗികമായി പിന്മാറുന്നത്.

‍ദേശീയത എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയവരാണ് ഗാന്ധിയന്‍ മാര്‍ഗത്തെമാത്രം ഉയര്‍ത്തിക്കാട്ടുകയും മറ്റിതര ഇടപെടലുകളെ റദ്ദ് ചെയ്യുകയും ചെയ്തത് എന്നത് യാഥാർഥ്യമല്ലേ. ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ അടിത്തറ ബ്രാഹ്മണിക യുക്തിയില്‍നിന്നാണ് രൂപപ്പെടുന്നത് എന്ന വിമര്‍ശനത്തോട് യോജിക്കുന്നുണ്ടോ?

ശരിയാണ്. ആദിവാസി ജനതയുടെ നൂറുകണക്കിന് രണോത്സുക പ്രക്ഷോഭങ്ങളും കര്‍ഷക ജനതയുടെ സായുധ കലാപങ്ങളും ഗദര്‍ പാര്‍ട്ടിയിലൂടെയും ഭഗത് സിങ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഉജ്ജ്വലമായ പോരാട്ടങ്ങളും, ഐ.എന്‍.എ, നേവല്‍ കലാപങ്ങളും വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ അത്യുജ്ജ്വല മുന്നേറ്റങ്ങളും ഒക്കെയായി അതിശക്തമായ രണോത്സുക പോരാട്ടങ്ങളുടെ വിവിധ ധാരകളും ലോക സാഹചര്യവുമൊക്കെ ചേര്‍ന്നാണ് ബ്രിട്ടീഷുകാര്‍ അധികാരം കൈമാറുന്നത്.

ദാര്‍ശനികമായി പരിശോധിക്കുകയാണെങ്കില്‍ ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തിന്‍റെ അടിത്തറയായ സനാതന ധർമത്തിന്‍റെ അടിത്തറ ബ്രാഹ്മണിസത്തിലാണ് എന്ന് മനസ്സിലാക്കാം. ചരിത്രപരമായി തന്നെ അങ്ങേയറ്റം ഹിംസാധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെയും അതിന്‍റെ തുടര്‍ച്ചയായ ജാതി മേല്‍ക്കോയ്മയുടെയും അടിസ്ഥാനത്തിലാണ് ബ്രാഹ്മണിസം ഇന്ത്യന്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ആധിപത്യം നേടിയെടുത്തത്. ബ്രാഹ്മണിസത്തിന്‍റെ പ്രകടിതരൂപമായ ജാതിഘടന ഇന്ത്യന്‍ ജനതയെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും കീഴാളത്വത്തില്‍ തളച്ചിടുന്ന ഹിംസാത്മകമായ രാഷ്ട്രീയ ദാര്‍ശനിക പദ്ധതിയാണ്.

ഇത്തരത്തില്‍ ഇന്ത്യയിലെ ഹിംസാത്മകമായ ജാതിഘടനയെ ശാശ്വതീകരിക്കുകയാണ് ഗാന്ധിയന്‍ കാഴ്ചപ്പാട് എന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഈ വിധത്തില്‍ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഗാന്ധിയന്‍ അഹിംസ എന്നത് മാനവചരിത്രത്തില്‍ ഇന്നേവരെയുള്ളതില്‍ ​െവച്ച് സംഘടിത ഹിംസയുടെ പ്രകടിതരൂപമായ ബ്രാഹ്മണിക്കല്‍ ജാതിഘടനയെ ശാശ്വതീകരിക്കുന്ന ഒന്നായി മാറുന്നുണ്ട്. ആഫ്രിക്കയിലെ തദ്ദേശീയ ജനതയോടുള്ള ഗാന്ധിയുടെ സമീപനം ഇത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

ഹിംസയെ സംബന്ധിച്ച് വ്യത്യസ്ത ചിന്തകള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. നവ മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ ഹിംസയെ വിലയിരുത്തപ്പെടുന്നുണ്ടല്ലോ?

നമ്മള്‍ ഹിംസയെ എങ്ങനെ മനസ്സിലാക്കുന്നു എന്ന പ്രശ്നമുണ്ട്. നോര്‍വീജിയന്‍ സാമൂഹികചിന്തകരായ ജോണ്‍ ഗാള്‍ടുംഗും (John Galuntg). മി​േഷല്‍ ലഡെന്‍റലും (Michael Loadenthal) Structural Conflict, Systematic Violence and Peace എന്ന സങ്കൽപനങ്ങളിലൂടെ ഹിംസയുടെ വര്‍ഗ അടിത്തറയെപ്പറ്റി ആധികാരിക പഠനം നടത്തിയിട്ടുണ്ട്. ഗാല്‍ട്ടുംഗ് നേരിട്ടുള്ള അക്രമം, സാംസ്കാരിക അക്രമം, ഘടനാപരമായ അക്രമം എന്നിങ്ങനെ ഹിംസയുടെ രൂപങ്ങളെ തരംതിരിക്കുന്നുണ്ട്. മി​േഷല്‍ ലഡെന്‍റല്‍ ഏറ്റവും വലിയ ഹിംസ വര്‍ഗ ചൂഷണം ആണെന്ന് മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍നിന്ന് വിലയിരുത്തുന്നുണ്ട്.

ഫ്രാന്‍സ് ഫെനന്‍റെ ‘ഭൂമിയിലെ പതിതര്‍’ എന്ന പുസ്തകത്തിന്‍റെ മുഖക്കുറിപ്പ് എഴുതിയത് സാര്‍ത്ര് ആയിരുന്നു. കോളനി ഭരണത്തിലെ ഹിംസ വിവരണാതീതമാണ്. എന്നാല്‍, ആന്‍റി കൊളോണിയല്‍ മുന്നേറ്റങ്ങളുടേത് (ആന്‍റി കൊളോണിയല്‍ ഹിംസ) കോളനി അധികാരികളുടെ വയലന്‍സിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് എന്ന് വിശദീകരിക്കുന്നുണ്ട്. കൊളോണിയലിസം എന്നത് സ്വാഭാവികമായും ഹിംസാത്മകമാണ് എന്നാണ് ഫെനന്‍ വിശദീകരിക്കുന്നത്.

സിസേക് ഹിംസയെക്കുറിച്ച് വിശദീകരിച്ചത് ശ്രദ്ധേയമാണ്. രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളാല്‍ അടിച്ചേല്‍പിക്കപ്പെടുന്ന പട്ടിണി, ചൂഷണം, അസമത്വം, വിവേചനം തുടങ്ങിയവയെ സിസ്റ്റമിക് ഹിംസയെന്നും ഭാഷ, ആശയശാസ്ത്രം, സാമൂഹിക ഘടന എന്നിവയിലൂടെയുള്ളതിനെ സിംബോളിക് ഹിംസയെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്.

നവ ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിന്‍റെ അഭിപ്രായത്തില്‍ ഘടനാപരമായ മർദനത്തിന് (systematic oppression) എതിരെ വിപ്ലവ പ്രയോഗം (revolutionary action) ആവശ്യമാണ് എന്ന് വിശദീകരിക്കുന്നുണ്ട്. അന്യായത്തില്‍നിന്നുള്ള വേര്‍പെടലിനുള്ള ഒരു ബ്രേക്ക് ആണ് (പ്രതി)ഹിംസയെന്ന ആശയത്തെ വാള്‍ട്ടര്‍ ​െബഞ്ചമിന്‍ ഹിംസയോടുള്ള വിമര്‍ശനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആനന്ദ് തെല്‍തുംബ്ഡെ ജാതി ചൂഷണം, പട്ടിണി, ദാരിദ്ര്യം പോലുള്ള ഘടനാപരമായ ഹിംസയെ എടുത്തുപറയുന്നുണ്ട്.

 

പൊലീസ് കസ്റ്റഡിയിൽ പ്രതിഷേധിക്കുന്ന രൂപേഷ്

ഇന്ത്യയില്‍ ഭരണകൂട ഹിംസ പ്രവര്‍ത്തിക്കുന്നത് വളരെ സൂക്ഷ്മ രൂപത്തിലല്ലേ. ഭരണകൂട സ്ഥാപനങ്ങള്‍ നേരിട്ട് അധികാര കേന്ദ്രമായി മാറുന്നത് കാണാനാകുമല്ലോ?

സമീപകാലത്തായി മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നത് ഭരണകൂട ഭീകരതയുടെ ആയുധമാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യു.എ.പി.എയെപ്പറ്റിയും മറ്റ് അടിച്ചമര്‍ത്തല്‍ നിയമങ്ങളെപ്പറ്റിയും സമാനമായ അഭിപ്രായം വിവിധ സമയങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അറുപതുകളില്‍ അലഹബാദ് ഹൈകോടതി ഇന്ത്യയിലെ സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രം പൊലീസ് സേനയാണെന്ന് ഒരു വിധിന്യായത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് സുപ്രീംകോടതി ഇത് മരവിപ്പിച്ചുവെങ്കിലും രാജ്യത്തെമ്പാടുമുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും അറസ്റ്റുകളും ഇത് വ്യക്തമാക്കുന്ന ഒന്നാണ്.

അടിയന്തരാവസ്ഥ കാലത്ത് നേരിട്ടുള്ള ഭരണകൂട ഭീകരതയും അതല്ലാതെതന്നെ പരോക്ഷമായുള്ള ഭരണകൂട ഭീകരതയും നിത്യജീവിതത്തിലൂടെതന്നെ നാം ശീലിച്ചു കഴിഞ്ഞതാണ്. ഈ അടിച്ചമര്‍ത്തല്‍ തോത് മനസ്സിലാക്കണമെങ്കില്‍ അതല്ലെങ്കില്‍ ഭരണകൂട ഹിംസയെ മനസ്സിലാക്കണമെങ്കില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്ന പല ഇന്‍ഡക്സുകളിലും (ജനാധിപത്യത്തെ സംബന്ധിച്ചുള്ള, പത്ര സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള) ഇന്ത്യ വളരെ പിറകിലാണെന്ന് ബോധ്യപ്പെടും. ഈ വിധത്തില്‍ നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഭരണകൂട ഹിംസയും -ഭരണകൂടത്തിന്‍റെ ഘടനാപരമായ ഹിംസയും നേരിട്ടും പരോക്ഷമായും അടിച്ചമര്‍ത്തല്‍ രൂപത്തില്‍ നമ്മളെ വരിഞ്ഞുമുറുക്കുന്നുണ്ട്.

മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് വിട്ടുപോയി കീഴടങ്ങിയവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതായി നാം കാണുന്നുണ്ട്. നിലവിലുള്ള ഏകാധിപത്യ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളെ പ്രതിരോധിക്കുന്നതിന് ഭരണഘടന ഒരു ആയുധമാക്കിക്കൂടെ?

റിപ്പബ്ലിക്കനിസത്തിന്‍റെ അടിസ്ഥാനം റൂള്‍ ഓഫ് ലോ എന്ന് പറയുന്ന നിയമവാഴ്ചയും നടപടി ക്രമങ്ങളും എന്ന നിശ്ചയിക്കപ്പെട്ട ക്രമവുമാണ്. ഇതാണ് ഭരണഘടനയുടെ ഉള്ളടക്കം. ഇന്ത്യയില്‍ ഭരണഘടനയുടെ അടിസ്ഥാനമായ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് 1919ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ആണ്. 1935ലാണ് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് നടപ്പാക്കപ്പെടുന്നത്. സ്വാഭാവികമായും ഈ നടപ്പിലാക്കപ്പെട്ട ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിന്‍റെ മുഖ്യ ഉള്ളടക്കം രാജ്യത്തെ കൊളോണിയല്‍ വാഴ്ചയെ സംരക്ഷിച്ചുനിര്‍ത്തുക എന്നതുതന്നെയാണ്. ഭരണഘടനാ രൂപവത്കരണത്തിനുള്ള അസംബ്ലി ഈ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിലെ ഏകദേശം 270ലധികം വകുപ്പുകള്‍ നമ്മുടെ ഭരണഘടനയിലേക്ക് ഉള്‍ച്ചേര്‍ത്തിരിക്കുന്നു എന്നത് തിരിച്ചറിയപ്പെടേണ്ടതാണ്.

നമ്മള്‍ പൊതുവില്‍ മനസ്സിലാക്കുന്നതില്‍നിന്നും വ്യത്യസ്തമായി ബി.എന്‍. റാവു എന്ന നിയമപണ്ഡിതനാണ് ഭരണഘടനയുടെ ഡ്രാഫ്റ്റ് തയാറാക്കുന്നത്. ഈ ഡ്രാഫ്റ്റ് ചര്‍ച്ചക്ക് എടുക്കുന്നതിനുള്ള കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയില്‍ തെരഞ്ഞെടുക്കപ്പെടുന്നത് നികുതി അടയ്ക്കാന്‍ കഴിയുന്ന വോട്ടര്‍മാരില്‍നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളില്‍ ഒരു വിഭാഗത്തിനെ വെച്ചാണ്. പ്രാതിനിധ്യ പങ്കാളിത്തം എന്ന കാഴ്ചപ്പാട് അംബേദ്കര്‍ മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കപ്പെടുകയും എന്നാല്‍, ഗാന്ധിയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് അംബേദ്കര്‍ ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്യുകയുണ്ടായി.

ഇതോടെ പ്രാതിനിധ്യ പങ്കാളിത്തം ഇല്ലാതാക്കപ്പെട്ടു. അതിലൂടെ സമൂഹത്തിലെ കീഴാളവിഭാഗങ്ങള്‍ ഈ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയില്‍നിന്ന് പുറത്താക്കപ്പെടുകയുണ്ടായി. വിഭജനത്തെ തുടര്‍ന്ന് ബഹുഭൂരിപക്ഷം മുസ്‍ലിം പ്രതിനിധികളും ഈ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍നിന്ന് ഇല്ലാതാക്കപ്പെട്ടു. ഇത്തരത്തില്‍ ഈ ഭരണഘടന തയാറാക്കപ്പെടുന്ന കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയുടെ വര്‍ഗഘടനയും സാമൂഹിക പശ്ചാത്തലവും പരിശോധിക്കുമ്പോഴാണ് യഥാർഥത്തില്‍ അത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയെ പ്രതിനിധാനം ചെയ്തിരുന്നുവോ എന്ന് സംശയിക്കപ്പെടുന്നത്.

ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്ന മഹാനായ ഡോ. അംബേദ്കറിനെ സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ക്രമത്തില്‍ വിജയിപ്പിക്കാനായില്ല എന്നുമാത്രമല്ല അംബേദ്കറെ പരാജയപ്പെടുത്തിയ അപ്രശസ്തനായ കോണ്‍ഗ്രസ് നേതാവായ നാരായണ്‍ സദോബ ഖജരോത്കര്‍ക്ക് പത്മശ്രീ പുരസ്കാരം നല്‍കി അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് ആദരിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്‍റെ സമ്മർദ പ്രകാരം ഭരണഘടനാ അസംബ്ലിയില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നിട്ടുണ്ട് എന്ന് അംബേദ്കര്‍തന്നെ തുറന്നുപറയുകയുണ്ടായി. മരണത്തിന് തൊട്ടുമുമ്പ് ഈ ഭരണഘടന കത്തിക്കേണ്ട ഒന്നാണ് എന്ന് അംബേദ്കര്‍ തുറന്നുപറയുകയുണ്ടായി. ഞാന്‍ പറയുന്നത് ഇതിന്‍റെ രൂപവത്കരണത്തിലും ഇതിന്‍റെ ഘടനയിലും ഒക്കെയുള്ള ചരിത്രപരമായ വസ്തുതകളാണ്. അതുകൊണ്ടുതന്നെ അതിനെ ഒരു വിശുദ്ധ പശുവായി കണക്കാക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭരണഘടനാ ഭേദഗതികളും സമീപകാല വ്യാഖ്യാനങ്ങളും ഭരണഘടനയുടെ അന്തസ്സത്തയെ ചോര്‍ത്തിക്കളയുന്നതായി മാറുന്നില്ലേ?

ഭരണഘടന പാസാക്കപ്പെട്ടതിനു ശേഷം 1951ലെ ആദ്യ ഭരണഘടനാ ഭേദഗതികളില്‍ ഒന്ന് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധം അനുച്ഛേദം 19 ഭേദഗതി കൊണ്ടുവരികയായിരുന്നു. മിക്കവാറും മൗലികാവകാശങ്ങള്‍ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ നിന്നുതന്നെ ചേര്‍ക്കപ്പെട്ടതാണ്. ഒന്നാം ഭരണഘടനാ ഭേദഗതിക്കുശേഷം തുടര്‍ന്ന് ഇങ്ങോട്ട് പരിശോധിച്ചാല്‍ നിരവധി ഭരണഘടനാ ഭേദഗതികളിലൂടെ ഭരണഘടനയെ ഒരു റബര്‍സ്റ്റാമ്പ് ആക്കുന്ന ഒന്നായി മാറ്റിക്കഴിഞ്ഞത് സവർണ സംവരണത്തിലും കശ്മീര്‍വിഷയത്തിലും നമ്മള്‍ കണ്ടതാണ്.

മറ്റൊന്ന് ഭരണഘടനയെ വ്യാഖ്യാനിക്കുന്നത് ഹൈകോടതി മുതലുള്ള ഭരണഘടനാ കോടതികള്‍ ആണെന്ന് നമുക്കറിയാം. സമീപകാലത്ത് മുതിര്‍ന്ന അഭിഭാഷകര്‍തന്നെ പരമോന്നത കോടതികളുടെ പ്ലൂട്ടോക്രസിക്ക് അനുകൂലമായ നിലപാടുകളെ തുറന്നെതിര്‍ക്കുന്നത് സാധാരണ സംഭവമായിട്ടുണ്ട്. ഈ വിധത്തില്‍ എഴുതപ്പെട്ട ഭരണഘടനയെ അധികാരത്തിന്‍റെ ആവശ്യപ്രകാരം വ്യാഖ്യാനിക്കുന്ന ഒരു നിയമ സംവിധാനം നിലവിലുള്ള ഒരു രാജ്യത്ത് ഏതർഥത്തിലാണ് ഇതിന്‍റെ ഔന്നത്യം മനസ്സിലാക്കപ്പെടുക? ഭരണഘടനയുടെ നിശ്ശബ്ദതയെപ്പറ്റി ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.

എ.കെ. ഗോപാലന്‍ കേസിലും അടിയന്തരാവസ്ഥ കേസിലും രാജ്യത്ത് വ്യാപകമായി നടക്കുന്ന സൈനികവത്കരണത്തിലും അടിച്ചമര്‍ത്തലിലും തൊഴിലാളിവിരുദ്ധ നയങ്ങളിലും പാരിസ്ഥിതിക പ്രത്യാ ഘാത ങ്ങള്‍ ഉണ്ടാകുമ്പോഴും ആദിവാസി, ദലിത്, മതന്യൂനപക്ഷങ്ങളള്‍ക്കെതിരെ മർദനങ്ങളും അടിച്ചമര്‍ത്തലുകളും കെട്ടഴിച്ചുവിടപ്പെടുമ്പോഴും മിക്കപ്പോഴും ഭരണഘടന നിശ്ശബ്ദമാകുന്നത് നാം കാണുന്നതാണ്. എന്തിനു പറയുന്നു, ഒരു ലിബറല്‍ സംവിധാനത്തിന്റെ ഭാഗമായ മനുഷ്യാവകാശ കമീഷനുകളോ വിവരാവകാശ നിയമം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലുള്ള പരിഷ്കരണങ്ങളോപോലും ഭരണഘടനയില്‍ സ്ഥാനം പിടിക്കുകയുണ്ടായിട്ടില്ല. ഇതെല്ലാംതന്നെ നിലവിലുള്ള ഭരണഘടനയുടെ ഇല്ലിബറല്‍ (illiberal) സമീപനത്തെയാണ് തുറന്നുകാണിക്കുന്നത്.

ഗ്രാംഷിയെപ്പോലുള്ളവര്‍ ഹെജിമണിക്കെതിരായ സാംസ്കാരിക പ്രതിരോധത്തിന്‍റെ പ്രശ്നമല്ലേ ഉയര്‍ത്തുന്നത്?

തീര്‍ച്ചയായും. ഗ്രാംഷിയില്‍നിന്ന് നമ്മള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍പോലും ഒരു തുറന്ന ഫാഷിസം അതായത് ജനാധിപത്യം പൂര്‍ണമായി പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍ മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഭരണകൂട ഹിംസ തുറന്നരൂപത്തില്‍ ആയിട്ടുള്ള സാഹചര്യത്തില്‍ ഗ്രാംഷി അടക്കമുള്ള ലക്ഷക്കണക്കിനു പേര്‍ ഫാഷിസ്റ്റ് അടിച്ചമര്‍ത്തലിന്‍റെ ഇരയായി മാറുകയായിരുന്നു എന്നുള്ളത് അതിന്‍റെ ഒരു ഐറണിയാണ്. തൊഴിലാളികളുടെയും യുവജനങ്ങളുടെയും ജനാധിപത്യവാദികളുടെയും അടക്കമുള്ള പ്രതിരോധ പ്രതിഹിംസാത്മക ചേര്‍ത്തുനിര്‍പ്പിലൂടെയാണ് ഇറ്റാലിയന്‍ ഫാഷിസത്തിനെ ഇല്ലായ്മ ചെയ്യപ്പെട്ടത് എന്ന് മറന്നുകൂടാ.

ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ മറ്റ് അധിനിവേശ പ്രദേശങ്ങളിലോ ഒക്കെ തന്നെ പ്രതിഹിംസാത്മകമല്ലാതെ ജനങ്ങള്‍ക്ക് എങ്ങനെയാണ് ചെറുത്തുനിൽപുകള്‍ സംഘടിപ്പിക്കാന്‍ കഴിയുക. നേരത്തേ വിശദീകരിച്ചതുപോലെ ബഹുരാഷ്ട്ര കമ്പനികളുടെയും ദല്ലാല്‍ വന്‍കിട കമ്പനികളുടെയും വന്‍തോതിലുള്ള നിക്ഷേപത്തിലൂടെ ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കപ്പെട്ട ജനവിരുദ്ധമായ ഖനനം അടക്കമുള്ള വന്‍കിട പദ്ധതികളിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ലോകത്തിലെതന്നെ അതിശക്തമായ സൈനികവത്കരണമാണ് നടക്കുന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തില്‍ ജനങ്ങളുടെ മുന്നില്‍ പ്രതിഹിംസാത്മകമായ ചെറുത്തുനിൽപല്ലാതെ മറ്റു വഴികളില്ല എന്ന് മനസ്സിലാക്കണം.

എതിര്‍ വര്‍ഗങ്ങളെ അടിച്ചമര്‍ത്തുന്നതിനായുള്ള ഹിംസാത്മക രൂപമാണ് ഭരണകൂടം എന്ന് അതിന്‍റെ നിര്‍വചനമായി മാര്‍ക്സും എംഗല്‍സും വിശദീകരിച്ചിട്ടുണ്ട്. ചില മുതലാളിത്ത രാജ്യങ്ങളിലും മുന്‍ കോളനിരാജ്യങ്ങളിലും സമാധാനമായ പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിലൂടെ തൊഴിലാളി വര്‍ഗത്തിന് അധികാരത്തില്‍ എത്താമെന്ന നിർദേശം സ്റ്റാലിന്‍ മുന്നോട്ടു​െവച്ചതിനെ മാവോ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അങ്ങേയറ്റം സൈനികവത്കരിക്കപ്പെട്ടിരിക്കുമ്പോള്‍ ഏത് രാജ്യത്താണ് സമാധാനപരമായ ഈ അധികാര കൈമാറ്റം സാധ്യമാവുക എന്ന് മാവോ തിരിച്ചുചോദിക്കുന്നുണ്ട്. പാരിസ് കമ്യൂണിന്‍റെ വിലയിരുത്തലുമായി ബന്ധപ്പെട്ടുകൊണ്ട് നിലവിലുള്ള ഭരണകൂടത്തെ വിപ്ലവാനന്തരം അതേ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മാര്‍ക്സും എംഗല്‍സും വ്യക്തമാക്കുന്നുണ്ട്.

 

ഇന്ത്യയുടെ വിമോചനം സായുധവിപ്ലവത്തിലൂടെ മാത്രമാണ് സാധിക്കുക, മറിച്ച് പാര്‍ലമെന്‍ററി ജനാധിപത്യത്തിന് പ്രസക്തി ഇല്ല എന്നാണോ?

ഇവിടത്തെ പ്രശ്നം വര്‍ഗവിഭജിത സമൂഹത്തിലെ വര്‍ഗ സമരത്തെ എങ്ങനെ നോക്കിക്കാണണമെന്നതാണ്. സായുധ സമരപാത കൈവിട്ട് പാര്‍ലമെന്‍ററി പാത സ്വീകരിച്ച ലോകത്തിലെ വിവിധ തിരുത്തല്‍വാദ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ദുർബലമായിട്ടുണ്ട് എന്നത് വസ്തുതയാണ്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും അവസ്ഥ നമ്മുടെ മുന്നിലുണ്ട്. പാര്‍ലമെന്‍ററി പാത സ്വീകരിച്ച കേരളത്തിലെ റെഡ്ഫ്ലാഗ് ധാരകള്‍ ദുർബലമായിട്ടുണ്ട്. സായുധ സമരപാത കൈവിട്ടതുകൊണ്ട് ഏതെങ്കിലും വിധത്തിലുള്ള കുതിച്ചുചാട്ടമുണ്ടാക്കിയതായി കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭവങ്ങള്‍ നമ്മുടെ മുന്നിലില്ല. മറിച്ച് ഇത്തരം പാര്‍ട്ടികള്‍ രാഷ്ട്രീയമായും സംഘടനാപരമായും ജീർണിക്കുന്നുവെന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്.

മുപ്പത് വര്‍ഷത്തെ തുടര്‍ച്ചയായ വര്‍ഗ സമരത്തിലൂടെ വിപുലമായ പ്രദേശത്ത് രൂപവത്കരിക്കപ്പെട്ട ജനകീയാധികാര സമിതികളും ജനകീയ മിലീഷ്യയുമൊക്കെ ജനകീയസേന ദുര്‍ബലമാകുന്നതോടെ ദുര്‍ബലമാകുകയുണ്ടായി. ഇതിനുമുമ്പു തന്നെ നഗരങ്ങളിലെ ജനാധിപത്യശക്തികളെയും ബുദ്ധിജീവികളെയും പൗരാവകാശ പ്രവര്‍ത്തകരെയും ഒരളവോളം ഭീതിയിലാഴ്ത്താനും നിശ്ശബ്ദമാക്കാനും കഴിഞ്ഞിരുന്നു. പ്രഫ. സായിബാബ അടക്കമുള്ളവരുടെ അറസ്റ്റ്, ഭീമ-കൊറേഗാവ്, യു.എ.പി.എ കേസുകള്‍ എല്ലാം ഇത്തരത്തിലുള്ള നടപടികളാണ്. സൈനികവത്കരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ ജനപിന്തുണയാര്‍ജിക്കാന്‍ കഴിയാതെ വന്നത് തീര്‍ച്ചയായും വര്‍ഗസമര മേഖലയിലെ മുന്നേറ്റങ്ങളെ ദുര്‍ബലമാക്കിയിട്ടുണ്ട്.

ഈയർഥത്തില്‍ ജനങ്ങളുടെ രണോത്സുക പോരാട്ടങ്ങളുടെ ഭാഗമായ പ്രതിഹിംസ ന്യായീകരിക്കപ്പെടും എന്നത് ഒരു വസ്തുതയാണ്. മറിച്ച് അത് വിപ്ലവത്തിന്‍റെ ഏകാത്മകമായ ഒരു വഴി എന്ന നിലയില്‍ മാവോയിസ്റ്റ് പ്രസ്ഥാനം ഒരുകാലത്തും സ്വീകരിക്കുക ഉണ്ടായിട്ടില്ല. ചൈനയില്‍ 1944നു ശേഷം ’49 വരെയുള്ള കാലത്തെ വര്‍ഗസമര അനുഭവം നമ്മുടെ മുന്നിലുണ്ട്. സായുധ സമരപാത മുറുകെ പിടിക്കുക എന്നതാണ് അടിസ്ഥാനപ്രശ്നം.

ജനങ്ങളുടെ സായുധ മുന്നേറ്റത്തിലൂടെ അല്ലാതെ ജനകീയ അധികാരം സ്ഥാപിക്കാന്‍ കഴിയുകയില്ല എന്ന ഒരു വസ്തുത നിലനില്‍ക്കുമ്പോള്‍തന്നെ നിരവധി വ്യത്യസ്ത അടവുകളിലൂടെതന്നെയാണ് ഇത് മുന്നോട്ടുപോവുക. ഈ വിധത്തില്‍ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിവേചനത്തിനും എതിരായ ജനങ്ങളുടെ പ്രതിഹിംസാത്മകമായ ചെറുത്തുനിൽപുകള്‍തന്നെയാണ് നിലവിലുള്ള പിന്തിരിപ്പന്‍ ഭരണകൂടത്തെ ഇല്ലായ്മചെയ്യുകയും പുത്തന്‍ ജനാധിപത്യ സമൂഹം സ്ഥാപിച്ചെടുക്കുകയും ചെയ്യുകയുള്ളൂ എന്നത് ചരിത്രമാണ്.

(അവസാനിച്ചു)

News Summary - interview with Maoist Roopesh