Begin typing your search above and press return to search.
proflie-avatar
Login

ഉറവിടങ്ങളില്‍നിന്ന്​

ഉറവിടങ്ങളില്‍നിന്ന്​
cancel

മലയാളത്തി​ന്റെ ആഘോഷങ്ങളിലൊന്നും മുങ്ങിനിവരാതെ, ഒരരികിൽനിന്ന്​ മികച്ച കവിതയും ചിത്രങ്ങളും എഴുതുന്ന ജോർജുമായി സംസാരിക്കുകയാണ്​ കവി കൂടിയായ എം.പി. പ്രതീഷ്. കലയുടെയും കവിതയുടെയും വർത്തമാനങ്ങൾ വായിക്കാം. ജോർജിന്റെ പുതിയ കവിതാസമാഹാരം, അതിന്റെ കൈയെഴുത്തു പ്രതി, വായിക്കുകയായിരുന്നു ഞാൻ. ‘മിടിപ്പുകൾ’ എന്നാണ് ശീർഷകം. തുറക്കുകയും അടയുകയും ചെയ്യുന്ന ഹൃദയവാൽവുകൾപോലെ, മരങ്ങളിൽ, ചെടികളിൽ, വിത്തിൻതോടുകൾപോലെ, കടലിൽ, നീർച്ചോലകളിൽ, ഒച്ചിന്റെയും കക്കയുടെയും തോടുകൾപോലെ, തുറന്നടയുന്നു. തുറക്കുകയും കാലത്തിലൂടെ സഞ്ചരിച്ച് പിന്നെ അടയുകയും ചെയ്യുമ്പോൾ അവക്ക് രണ്ടിനും ഇടയിൽ ഒരു മിടിപ്പ് ഉണ്ടാവുന്നു....

Your Subscription Supports Independent Journalism

View Plans
മലയാളത്തി​ന്റെ ആഘോഷങ്ങളിലൊന്നും മുങ്ങിനിവരാതെ, ഒരരികിൽനിന്ന്​ മികച്ച കവിതയും ചിത്രങ്ങളും എഴുതുന്ന ജോർജുമായി സംസാരിക്കുകയാണ്​ കവി കൂടിയായ എം.പി. പ്രതീഷ്. കലയുടെയും കവിതയുടെയും വർത്തമാനങ്ങൾ വായിക്കാം.

ജോർജിന്റെ പുതിയ കവിതാസമാഹാരം, അതിന്റെ കൈയെഴുത്തു പ്രതി, വായിക്കുകയായിരുന്നു ഞാൻ. ‘മിടിപ്പുകൾ’ എന്നാണ് ശീർഷകം. തുറക്കുകയും അടയുകയും ചെയ്യുന്ന ഹൃദയവാൽവുകൾപോലെ, മരങ്ങളിൽ, ചെടികളിൽ, വിത്തിൻതോടുകൾപോലെ, കടലിൽ, നീർച്ചോലകളിൽ, ഒച്ചിന്റെയും കക്കയുടെയും തോടുകൾപോലെ, തുറന്നടയുന്നു. തുറക്കുകയും കാലത്തിലൂടെ സഞ്ചരിച്ച് പിന്നെ അടയുകയും ചെയ്യുമ്പോൾ അവക്ക് രണ്ടിനും ഇടയിൽ ഒരു മിടിപ്പ് ഉണ്ടാവുന്നു. മിടിപ്പ് പ്രാണന്റെ ആദ്യത്തെ അടയാളമാണ്. വെള്ളത്തിൽനിന്ന് പ്രാണൻ കരയിലേക്ക്, കരയിൽനിന്ന് ആകാശത്തേക്ക്, അതല്ലെങ്കിൽ തിരിച്ചുമാവാം, സഞ്ചരിച്ച ദൂരങ്ങൾക്കെല്ലാം ഇടയിൽ കോടിക്കണക്കിനു മിടിപ്പുകളുടെ അവശിഷ്ടങ്ങൾ നമുക്ക് കണ്ടെത്താനാവും. മിടിപ്പുകളാണ് ഭൂമിയുടെ ആദ്യത്തെ ഭാഷ എന്നുമാവാം. ഓരോ മിടിപ്പിനുമിടയിൽ പല വേഗതയിൽ കാലത്തെ നാമനുഭവിക്കുന്നു. അതല്ലെങ്കിൽ കാലത്തെ നാം ചിട്ടപ്പെടുത്തുന്നു. അതല്ലെങ്കിൽ കാലത്തെ നാം രേഖപ്പെടുത്തുന്നു. രണ്ടു മിടിപ്പുകൾക്കിടയിലെ ഇടം, ഭൂമി തന്നെയാകുന്നു.

ആ രണ്ടു മിടിപ്പുകൾക്കിടയിൽ ‘‘കാണായ് വരുന്നു, കാണാൻ വയ്യാത്തവയ്ക്കൊപ്പം’’ എല്ലാ ലോകങ്ങളും. കക്കത്തോടുകൾ കൂടിച്ചേരുകയും വേർപെടുകയും ചെയ്യുന്നു. കക്കത്തോടുകൾ നിറങ്ങൾതന്നെ ആയിരിക്കാം. നിറങ്ങൾ തമ്മിൽ കൂടിച്ചേരുകയും വേർപെടുകയും ചെയ്യുന്നത് ജോർജിന്റെ കവിതയാവുന്നു. നിറങ്ങൾ രേഖകൾ അല്ല. രേഖകൾ കൃത്യതയും ചിട്ടയുമുള്ള കാഴ്ചയുടെ തുടർച്ചയാണ്. അതിന് അതിരുകൾ ഉണ്ട്. അതിന്റെ ശരീരം ഇവിടെ തുടങ്ങുന്നു ഇവിടെ അവസാനിക്കുന്നു എന്ന് കൃത്യമായി വരഞ്ഞു​െവച്ചിരിക്കുന്നു. നിറങ്ങൾ രേഖകളുടെ എതിർവശമാണ്. നിറങ്ങൾ ഭൂമിയുടെ ഭാഷയാണ്. ഭൂമിയിൽ നിറങ്ങൾ മാത്രമേയുള്ളൂ, ഭൂമിക്ക് പുറത്തും. വരകൾ നാം ഉണ്ടാക്കിയവയാണ്. ലിപികൾ നാം ഉണ്ടാക്കിയവയാണ്. അതുകൊണ്ടാണ് ലിപികൾ നമുക്ക് വായിക്കാൻ കഴിയുന്നത്. അല്ലെങ്കിൽ ചില ലിപികൾ അപരിചിതമാവുന്നത്. എന്നാൽ, നിറങ്ങൾ ഭൂമിയുടെ ഭാഷയായതിനാൽ അത് ഭൂമിയെ പൊതിഞ്ഞ പ്രപഞ്ചത്തിന്റെ ഭാഷകൂടിയാണ്. അതിനാൽ പ്രപഞ്ചത്തെ പൊതിഞ്ഞ നമ്മുടെ ശരീരത്തിന്റെ ഭാഷ കൂടിയാണ്. അതിനാൽ നമ്മുടെ ശരീരത്തെയും പൊതിഞ്ഞ നമ്മുടെ സങ്കൽപത്തിന്റെ ഭാഷകൾകൂടിയാണ്. അത് അസ്ഥിരമാണ്. അത് ഒരു നൃത്തമാണ്. ഒഴുക്കാണ്. നീങ്ങാതിരിക്കാൻ, അനങ്ങാതിരിക്കാൻ, അതിനാവുകയില്ല. അത് എവിടെയോ തുടങ്ങുന്നില്ല. എവിടെയോ അവസാനിക്കുന്നുമില്ല.

ഇടക്കു​െവച്ച് നാമതിന്റെ കലർപ്പുകൾ കാണുകയും വേർതിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. ജോർജിന്റെ ചിത്രങ്ങളിലേതുപോലെ –അവിടെയും രേഖകളില്ല. നിറങ്ങളുടെ കലർപ്പാണ് പ്രധാനം –കവിതയിലും ജോർജ് വരകളെ മായ്ച്ചു മായ്ച്ച് നിറങ്ങളെ കലർത്തിക്കലർത്തി പുതിയ ഒരിടം കൂട്ടിച്ചേർക്കുന്നു. എല്ലാ സ്വരങ്ങളും കലരുന്ന ഒരിടമാണ് മൗനം. എല്ലാ നിറങ്ങളും കലരുന്ന ഒരിടം കൂടിയാണ് മൗനം. മൗനം എന്നത് ശരീരത്തിന്റെ ഭാഷയാണ്. ശരീരത്തിന്റെ ഭാഷ അതിന്റെ ഉള്ളിലും അതിന്റെ പുറത്തും ഒരേവിധം കയറിയിറങ്ങി, ഒഴുകി, അലഞ്ഞു, ചുറ്റിത്തിരിയുന്നു. അതുകൊണ്ടാണ് ജോർജിന്റെ കവിതയിലെ, ജോർജിന്റെ ചിത്രങ്ങളിലെ, ശരീരമെന്നത് ഒരു കലർപ്പ് മാത്രമായി നമുക്ക് തോന്നുന്നത്. ‘‘മുകളിൽ/ ഭൂമി/ താഴെ/ വാനം/ വീഴുകയാണെന്ന് തോന്നുന്നേയില്ല.’’ ‘‘വാനം/ താഴ്ന്നു താഴ്ന്നു/ കരയിൽ അമർന്ന്/ കരയാകെ നീലിച്ചു’’ വരുന്നത് നാമവിടെ കണ്ടു. ‘‘കലങ്ങിമറിയുന്ന/ വരകളിൽ/ കാറ്റ് തണുക്കുന്നതും’’ നാം കണ്ടു. ഇങ്ങനെ കൂടിച്ചേരുകയും വേർപെടുകയും ചെയ്യുന്ന നിറങ്ങളാണ് ഭൂമിയിൽ ആദ്യത്തെ മിടിപ്പുകൾ ഉണ്ടാക്കി. ഈ നിറങ്ങളാണ് ഭൂമിയിൽ ആദ്യത്തെ പ്രാണനെ ഉണ്ടാക്കി.

ജോർജിന്റെ ചിത്രങ്ങൾ പരിചയമുള്ളവർക്ക് അറിയാം, അത് അമൂര്‍ത്തമായ ചിത്രകലയുടെ പരിധിയിൽ നിലനിൽക്കുന്നതല്ല. അവ ശരീരങ്ങളുടെ സമൃദ്ധിയാണ് നമുക്ക് മുന്നിൽ കാണിച്ചുതരുന്നത്. എന്നാൽ അതിൽ ആകാരങ്ങൾ, വടിവുകൾ, കണ്ടെത്തുക അത്ര എളുപ്പമല്ല. അസാധ്യം എന്നുതന്നെ പറയാം. നിറങ്ങൾ മാത്രമേ നമുക്ക് ആ ചിത്രങ്ങളിൽ കാണാനാവൂ. നിറങ്ങളാണ്, അതിന്റെ കലർപ്പാണ് ജോർജിന്റെ ചിത്രങ്ങൾ. നിറങ്ങൾക്ക് അവയുടേതായ ശരീരങ്ങളും അകവും പുറവും കാലവും ഓർമയും മറവിയും മരണവും ഉണ്ട്. ആകാശം ഭൂമിയോട് കലരുന്നതുപോലെ ചുവപ്പ് നീലയിലേക്ക്, നീല മഞ്ഞയിലേക്ക്, വെളുപ്പ് കറുപ്പിനുള്ളിലേക്ക്, കലരുകയും കാണാതാവുകയും വീണ്ടും പിറക്കുകയും ചെയ്യുന്നത് നാം കാണുന്നു. ജോർജിന്റെ കവിത ഇങ്ങനെ എപ്പോഴും കുഴഞ്ഞുമറിയുന്ന കലങ്ങിക്കലങ്ങിയൊഴുകുന്ന ഒരു ജലാശയംപോലെ, ഒരു പ്രളയകാലം പോലെ, ഒരു മുറിക്കുള്ളിലെ അടങ്ങിക്കിടക്കാത്ത വായുപോലെ, കോശങ്ങൾക്കുള്ളിലെ മുറിയുവാനുള്ള ദാഹംപോലെ, മരണത്തെ പൊതിയുന്ന പ്രാണൻപോലെ, എങ്ങോനിന്ന് പുറപ്പെടുകയും എങ്ങോ അവസാനിക്കുകയും ചെയ്യാതെ, ഇങ്ങനെയും ഇവിടെയും തുടരുന്നു. ‘മിടിപ്പുകളു’ടെ വായനക്കിടയിൽ ജോർജുമായി പങ്കിട്ട ദീർഘസംഭാഷണങ്ങളിൽനിന്ന് ചില ഭാഗങ്ങൾ:

എന്തായിരുന്നു ജോർജിന് നിറങ്ങൾ?

ജനിച്ച വീടിനു മുന്നിലെ മുറ്റത്ത് ഒരുപാട് ക്രോട്ടൻസ് വലിയ ചെടികളായി, മുതിർന്ന ആളുകളെക്കാൾ ഉയരത്തിൽ പന്തലിച്ചു നിൽപുണ്ടായിരുന്നു. പലപല നിറങ്ങൾ കൂടിക്കലർന്ന ആ ഇലകൾ ആദ്യത്തെ ഓർമകളിൽതന്നെയുണ്ട്. ആ ചില്ലകളിൽ പതിവായി കൂടുകൂട്ടി മുട്ടയിട്ടു വിരിയിക്കുന്ന ഇരട്ടത്തലച്ചികളുമായി നല്ല കൂട്ടായിരുന്നു. അവരുടെ തൂവൽനിറങ്ങളുമായും. അവരുടെ കണ്ണുകൾക്കു താഴെയുള്ള ചുവപ്പും വെളുപ്പും കൂടെയുണ്ടായിരുന്നു എപ്പോഴും. ജീവനുള്ളവയായാണ് നിറങ്ങൾ തുടക്കത്തിലെ ഓർമകളിൽ തങ്ങിനില്‍ക്കുന്നത്. മൂന്നു വയസ്സോ മറ്റോ ഉള്ളപ്പോൾ സഹ്യപർവതത്തിന്റെ താഴ്വരയിലെ ഒരു ഗ്രാമത്തിൽ കുറച്ചുകാലം താമസിച്ചിരുന്നു. മൂടൽമഞ്ഞിലൂടെ നിറങ്ങൾ എത്തുന്ന ഒരിടം. മഞ്ഞുതുള്ളികൾ ചിലന്തിവലകളിൽ മഴവിൽ നിറങ്ങൾ തൂവുന്ന ഇടം. ഒരു ചെറിയ കുന്നിൻമുകളിൽ ഭിക്ഷുവെന്നു തോന്നിക്കുന്ന ഒരാൾ എന്നും സൂര്യനമസ്കാരം ചെയ്തിരുന്നു. ആ ചലനങ്ങൾ നേർത്ത മഞ്ഞിൽ നീലയുടെ നിറഭേദമായി കാണുമായിരുന്നു.

കലിഡോസ്കോപ് ആയിരുന്നു സ്കൂൾകുട്ടിയാകുന്നതിനു മുമ്പേ ഉണ്ടായിരുന്ന പ്രധാന കളിക്കോപ്പ്. അടർത്തിമാറ്റാൻ പറ്റാത്ത കളിയായിരുന്നു. മാറിമാറിക്കൊണ്ടിരുന്ന ആ നിറങ്ങൾ ശ്വസിക്കുന്നതായി തോന്നിയിരുന്നു. അക്കാലത്ത് തിരുവനന്തപുരം മ്യൂസിയം സ്ഥിരം സന്ദർശനസ്ഥലമായിരുന്നു. അതിനടുത്തായിരുന്നു വീടും. റോറിച്ചിന്റെ ഹിമാലയൻ ചിത്രങ്ങൾ അപ്പോഴാണ് കാണുന്നത്. വെളിച്ചം ജീവനുള്ള നിറങ്ങളായി മാറുന്ന ഇന്ദ്രജാലം. പിന്നെ മൃഗശാലയിലെ പക്ഷികൾ എത്രയോ നിറങ്ങളിൽ മിടിച്ചു. ജീവന്റെ പര്യായങ്ങളായി നിറങ്ങൾ. നിറങ്ങൾ പരസ്പരം കലരാൻ വെമ്പി. അവ തമ്മിൽതമ്മിൽ കലർന്നു ശ്വാസമെടുത്തു.

വരച്ചു തുടങ്ങിയപ്പോൾ നിറങ്ങൾ ജീവനുള്ളവയായി സഹവസിച്ചു. അവരെ എന്നിലൂടെ കടന്നുപോകാൻ അനുവദിക്കുക മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. എന്റെ അനുഭവങ്ങളും ചിന്തകളും ആ കടന്നുപോക്കിൽ അവർ പങ്കിട്ടു പ്രകാശിപ്പിച്ചു. പ്രപഞ്ചത്തിനു സ്വയം നിറങ്ങൾ ഒന്നുമില്ലെന്നും പ്രകാശത്തിന്റെ തരംഗഭേദങ്ങളെ നമ്മൾ നിറങ്ങളായി സൃഷ്ടിക്കുകയാണെന്നും അറിയുമ്പോൾ നമ്മുടെ ജീവൻതന്നെയാണ് നിറങ്ങളായി ജീവനെടുക്കുന്നതെന്നും ചിത്രങ്ങളായി മാറുന്നതെന്നും തെളിഞ്ഞു.

രൂപങ്ങളിൽനിന്ന് അരൂപങ്ങളിലേക്കുള്ള സഞ്ചാരം ജോർജിന്റെ ചിത്രകലയിലുണ്ട്. ഇതെങ്ങനെയാണ് വളരുന്നത്? എവിടെനിന്നാണ് വളരുന്നത്?

സ്കൂൾകാലത്തിനു മുമ്പ് മറ്റൊരു പ്രധാന കളിക്കോപ്പ് ഒരു കോൺവെക്സ് ലെൻസ് ആയിരുന്നു (അപ്പൂപ്പന്റേതായിരുന്നു അതെന്നാണ് പറഞ്ഞുകേട്ടിരുന്നത്). നേരിട്ടു കാണുന്ന രൂപങ്ങൾക്ക് അതിലൂടെ കാണുമ്പോൾ സംഭവിക്കുന്ന മാറ്റം ആകൃതികളെ ദൃഢമല്ലാതാക്കി, അകന്നും അടുത്തും അനിശ്ചിതമായ ആ രൂപമാറ്റങ്ങൾ വല്ലാതെ ആകർഷിച്ചിരുന്നുവെന്ന് ഓർക്കുന്നു. ഒരുദിവസം ഹൈഡ്രജൻ നിറച്ച ഒരു ചുവന്ന ബലൂൺ കിട്ടി. പെട്ടെന്ന് അത് കൈയിൽനിന്ന് ഊർന്ന് ആകാശത്തേക്ക് ഉയർന്നുയർന്നു പോയി, ഒരു പൊട്ടായി മറഞ്ഞു. ആകൃതികളുടെ ക്ഷണികതയും അകലങ്ങളുടെ ആകൃതിയില്ലായ്മയും ഭാഷയില്ലാതെ തന്നെ ആ നേരത്തിൽ പതിഞ്ഞുവെന്നു തോന്നുന്നു. സ്കൂളിൽ എത്തിയപ്പോൾ സയൻസ് ക്ലബിൽ ആദ്യം ചെയ്തത് രണ്ടു കണ്ണാടികൾ സമാന്തരമായി ​െവച്ച് ഒരു വസ്തുവിന്റെ എണ്ണമറ്റ പ്രതിബിംബങ്ങൾ സൃഷ്ടിക്കുന്ന ഒരു ചെറു ഉപകരണമായിരുന്നു. ഒരു രൂപം അനവധിയായി മാറുമ്പോൾ, അതിന്റെ കഠിനതകൾ മാറുമ്പോൾ, ആകൃതികൾക്ക് ഒരു മാന്ത്രികത സംഭവിക്കുന്നുണ്ടായിരുന്നു. പിന്നെ ചെയ്തത് ഒരു ചെറു ദൂരദർശിനിയായിരുന്നു.

രാത്രികളിൽ അതിലൂടെ നക്ഷത്രങ്ങളെ നോക്കുമ്പോൾ അവക്ക് രൂപത്തിന്റെ ശാഠ്യം ഇല്ലായിരുന്നു. രൂപമാവേണ്ട ആവശ്യമേ ഇല്ലെന്ന് അവ സ്വയം വെളിപ്പെടുത്തി. കോളജ് വിദ്യാർഥിയായിരിക്കെ കാടുകയറിയപ്പോൾ പല മൃഗങ്ങളുടെയും ആകാരങ്ങൾ ചില ഗന്ധങ്ങളും ഒച്ചകളും മാത്രമായിരുന്നു. കാഴ്ചയുടേതാവേണ്ട രൂപങ്ങൾ അങ്ങനെ രൂപരഹിതമായി നിലവിൽ വന്നു. ഇന്ദ്രിയങ്ങൾ പരസ്പരം കൂടുവിട്ടു കൂടുമാറി രൂപങ്ങളെ സ്വതന്ത്രമാക്കി.

ദീർഘയാത്രകളുടെ കാലത്ത് (1970കളിൽ) ഗോവയിലെ കടൽപുറങ്ങളിൽ എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നും വന്ന ആണും പെണ്ണും കുട്ടികളും നഗ്നരായി നടന്നുപോകുന്നതു കാണുമ്പോൾ അവരുടെ ആകാരങ്ങൾ അരൂപികളായി മാറുന്നത് ഒരു വിഭ്രമമല്ലാതെ അനുഭവിച്ചിട്ടുണ്ട്, ആഴമേറിയ അതിമനോഹരമായ ഒരനുഭവം മാത്രമായി. ഖജുരാഹോയിലെ തടാകക്കരയിൽ പൗർണമിരാവിൽ തടാകത്തിലേക്ക് പറന്നിറങ്ങുകയും പറന്നുയരുകയും ഇടക്ക് ഇണചേരുകയും ചെയ്യുന്ന അരയന്നങ്ങളെ കണ്ടിരിക്കെ, അവർ അരൂപികളായി മാറുന്ന പ്രശാന്തത അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നു.

ബദരിനാഥിൽ അർധചന്ദ്രനു കീഴേ മഞ്ഞുവീഴുന്ന നീലകണ്ഠപർവതം നോക്കിയിരിക്കെ പതിയെ അത് അരൂപിയായി മാഞ്ഞു. പർവതത്തിന്റെ സാന്നിധ്യം അവാച്യമായ അനുഭവം മാത്രമായി. രൂപങ്ങൾ രൂപമില്ലായ്മയിലേക്ക് പ്രകൃതിസഹജമായിത്തന്നെ സുഗമമായി സഞ്ചരിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ രൂപങ്ങൾ അരൂപമായതിന്റെ അംശങ്ങളായി ഭവിച്ചു. നോട്ടസ്ഥാനങ്ങളും നേരങ്ങളും മാറുന്നതിനനുസരിച്ച് രൂപങ്ങൾ രൂപം ഉപേക്ഷിച്ചു, അരൂപമായതിൽ വിലയിച്ചു.

അരൂപമായതിലേക്ക് കൊണ്ടുപോയതും അതിലൂടെ സഞ്ചരിപ്പിച്ചതും വെള്ളവും തീയും മണ്ണും കാറ്റും ഒക്കെ ചേർന്നാവണം. രൂപമില്ലാത്ത ലോകത്തെ സദാ തുറന്നിട്ടു ഇവർ. പ്രപഞ്ചത്തിന്റെ ഇപ്പോൾ കാണാനാവുന്ന അതീവശക്തമായ ദൂരദർശിനി ചിത്രങ്ങളും സൂക്ഷ്മകണങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകളും രൂപ-അരൂപ അനുഭവബോധത്തെത്തന്നെ മാറ്റി. അരൂപത ക്ഷണനേരങ്ങളിൽ രൂപമാർന്നു മിന്നിമറഞ്ഞു. രൂപങ്ങളിൽ മിടിക്കും അരൂപതയും അരൂപതയിൽ വിലയിക്കും രൂപങ്ങളും ഒരേ കാലത്തിൽ ആയിക്കൊണ്ടേയിരിക്കുമ്പോൾ, നമ്മൾ ആ സഞ്ചാരം മാത്രമല്ലേ?


 


ജോർജിന്‍റെ ഒരു പെയിന്റിങ്

കവിത, വിവരിക്കാനാവുമോ?

സ്വരംകൊണ്ടോ കാഴ്ചകൊണ്ടോ സ്പർശംകൊണ്ടോ മണംകൊണ്ടോ രുചികൊണ്ടോ നിശ്ശബ്ദത സൃഷ്ടിക്കുന്നതെന്തോ അതാവാം കവിത. ഇന്ദ്രിയങ്ങളെ അതിലംഘിക്കുന്ന എന്തോ അതിൽ ഉണ്ടാവണം. ഇന്ദ്രിയങ്ങൾ പരസ്പരം കൂടിക്കലർന്നും നിശ്ശബ്ദതയെ ഉണർത്തി കവിതയെ സന്നിഹിതമാക്കുന്നുണ്ട്. ആദിമമായ നിശ്ശബ്ദത പ്രകൃതിയിൽ ലീനമായ അവസ്ഥയിൽനിന്ന് ഇന്ദ്രിയതാരകളിലൂടെ വീണ്ടും നിശ്ശബ്ദതയിലെത്തുന്ന സഞ്ചാരമാവാം അത്. തുറവിയെന്ന ഒന്നുമേ ബാക്കിയില്ലാത്ത ഇടനേരത്തിൽ ആടിയുലയുന്നുവെന്നു തോന്നിക്കുന്ന സർഗനർത്തനമാണത്. പിന്നെയും പിന്നെയും തുറന്നു തുറന്നു പോകുന്ന തുറസ്സുകളിൽ ഉടലും പ്രകൃതിയും പ്രപഞ്ചവും ഒന്നായി തെളിയുന്ന മൂർച്ഛകളുടെ സഞ്ചാരവുമാണത്. ബോധ-അബോധങ്ങളുടെ വിസ്മയനീയമായ ആലിംഗനങ്ങളിൽനിന്ന് ഉറവയെടുക്കുന്ന മിന്നൽപ്രവാഹവുമാണത്. വാക്കുകളിലേക്ക് ചേക്കേറണമെന്ന് നിർബന്ധമില്ലാത്തതും എന്നാൽ, വാക്കുകളിൽ ആയിരിക്കാൻ പ്രിയമുള്ളതും ആയ ഉടൽപ്രകൃതിധാരകളാണ് അത്. വാക്കുകളിൽ ധ്യാനലീനമാകുന്നതും വാക്കുകളെ സ്വതന്ത്രരായി വിടുന്നതിൽ ആഹ്ലാദിക്കുന്നതും അതിന്റെ സഹജതയാണ്.

പ്രകൃതിയും പ്രപഞ്ചവും ഉടലിനോട് ആരായുന്നതിനുള്ള മറുപടിയാവാം കവിത, ആ ആരായലുകളുടെ പ്രതിധ്വനികൾ മറുപടികളിൽ ശ്രുതി ചേർക്കുന്നുണ്ടാവാം. ആയിക്കൊണ്ടേയിരിക്കലിൽ നിരന്തരം സംഭവിക്കുന്ന വിള്ളലുകളെ സഹനീയമാക്കുന്നതെന്തോ അതാവാം കവിതയെന്നു വിളിക്കുന്നതും വിശ്വസിക്കുന്നതും. ഉടലെന്ന സഞ്ചാരത്തിൽ വെളിച്ചവും ഇരുളും വീർപ്പുമുട്ടുന്ന സന്ദിഗ്ധതകളിൽ ക്ഷണികമായി തങ്ങും അസ്തമയനിറങ്ങളാവാം അത്. എങ്കിലും അത് പകർന്നുപോകുന്ന സ്പർശങ്ങൾ ജീവനെ എത്രയേറെ സമാശ്വസിപ്പിക്കുന്നു.

ആനന്ദത്തിൽ ആസക്തമാകാത്ത, ശോകത്തിൽ മുങ്ങിപ്പോകാത്ത അനുതാപജപമാവാം അത്. അതിന്റെ സ്വരവിസ്താരം ഹൃദയമിടിപ്പുകൾ ആയിരിക്കെ വെളിച്ചത്തിനു കൂടെ വരാതിരിക്കാനാവില്ല, ഇരുളിനും ഭൂമിക്കും സർവചരാചരങ്ങൾക്കും അതിരറ്റ പ്രപഞ്ചത്തിനും കൂടെ എത്താതിരിക്കാനാവില്ല. ദൃശ്യമായവയിൽ ലീനമായി അദൃശ്യമായവയൊക്കെ നിവസിക്കും അതിൽ. നഗ്നതക്കപ്പുറം ഉടൽ അനുഭവിക്കും ആഴങ്ങൾ സമാഹരിക്കുന്നു. പ്രാണന്റെ രഹസ്യങ്ങൾ അബോധത്തിന്റെ ഭാഷയിൽ അതിൽ. വാഗർഥ ഭാഷയിൽനിന്ന് പുറത്തുകടക്കേണ്ടി വരും കവിതയിലെത്താൻ. എഴുതപ്പെടാനാവാത്ത കവിതയുടെ ഓർമയാവുമോ എഴുതപ്പെട്ട കവിത? എങ്കിലും ജീവന്റെ ഈ പങ്കിടൽ ജീവൻ നിലനിർത്താൻ ആവശ്യമായി വരുന്നു.

മനുഷ്യാനുഭവങ്ങൾക്കെല്ലാം, മനുഷ്യാവിഷ്കാരങ്ങൾക്കെല്ലാം അർഥമുണ്ട്. അർഥങ്ങൾ തേടുകയായിരുന്നുവോ അർഥങ്ങളിൽനിന്ന് വിട്ടുപോവുകയായിരുന്നുവോ ചെയ്തത്?

എന്താണ്, എങ്ങനെയാണ്, എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്തിനാണ് എന്നീ ചോദ്യങ്ങൾക്ക് ഉത്തരമായി ആവണം അർഥങ്ങൾ വെളിപ്പെട്ടു തുടങ്ങിയത്. അതിന്റെ വേരോട്ടമാണ് വാഗർഥ ഭാഷയുടെ ശക്തിയായി മാറിയത്. ആ ഭാഷയുടെ ആധിപത്യം അനുഭവങ്ങളിലും ആവിഷ്കാരങ്ങളിലും അർഥങ്ങൾ പ്രസക്തമാക്കി.

 

മിക്കപ്പോഴും അർഥമെന്നത് ഒന്നിന്റെ അപരത്വത്തെ കണ്ടെത്തലായിരുന്നുവോ? അപരത്വത്തിനായുള്ള ഈ തീവ്രമായ ആരായലുകൾക്കു പിന്നിലെ ചോദനകൾ എന്താവാം? (ഇവിടെയും അർഥം തേടലാണ്. ഇതിങ്ങനെയാണ് ഭാഷയുടെ വ്യാകരണം നമ്മെ എത്തിക്കുന്ന ഇടങ്ങൾ) ഒന്നിൽ ഇല്ലാത്തതിനെക്കുറിച്ചുള്ള നഷ്ടബോധമാകുമോ അപരത്വത്തെ അല്ലെങ്കിൽ അർഥത്തെ തേടലിൽ എത്തിച്ചത്? ഇല്ലായ്മയെ സ്വീകരിക്കാനാവാതെ, സഹനത്തിലെടുക്കാനാവാതെ അലഞ്ഞതിന്റെ ഫലമാവുമോ അർഥം?

ഇല്ലായ്മകളെ സ്വീകരിക്കാനാവുമെങ്കിൽ സ്വയം ഒഴിവായി ആയിക്കൊണ്ടേയിരിക്കാനാവുമെങ്കിൽ വാഗർഥ ഭാഷയുടെ വ്യാകരണങ്ങളിൽനിന്ന് വേർപെട്ട് പോകാനാകുമെങ്കിൽ അർഥങ്ങൾ അപ്രസക്തമാവും, ചിലപ്പോൾ അത് അതിദീർഘമായ അനുഭവ ആലോചനകളിലൂടെയാവാം സംഭവിക്കുക. മറ്റു ചിലപ്പോൾ സഹജമായി പ്രകൃതിയനുസാരിയായും സംഭവിക്കാം.

പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ കണക്കു പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു പള്ളിയിൽ അക്കാലത്ത് പിയാനോ വായിച്ചിരുന്നത്. അദ്ദേഹത്തിനടുത്തായി പിയാനോ കേട്ടിരിക്കെ ചിലപ്പോൾ പള്ളിമുറ്റത്ത് മൈനകൾ ധാന്യമണികൾ കൊത്തിപ്പെറുക്കുന്നുണ്ടാവും; ചെറു പറക്കലുകളുടെ ഇടവേളകളുമായി. ആ സംഗീതവും ദൃശ്യവും അർഥങ്ങൾ ഒന്നും ആ കുട്ടിക്ക് നൽകിയതായി ഓർക്കുന്നില്ല. അർഥങ്ങൾ അന്നേ സ്വാഭാവികമായി വിട്ടുപോയിരുന്നുവോ? പൂർവനിശ്ചിതമായ അർഥങ്ങളോട് ആകർഷണം ഇല്ലാതിരുന്നുവെന്നു തോന്നുന്നു. ആ കാലത്ത് വാച്യഭാഷയിലൂടെയുള്ള സങ്കൽപങ്ങളും ചിന്തകളും തീരെ കുറവായിരുന്നു. സ്വരങ്ങളും ദൃശ്യങ്ങളും സ്പർശങ്ങളും ഗന്ധങ്ങളും രുചികളും ഒക്കെ സങ്കൽപങ്ങളിലും ചിന്തകളിലും നിറഞ്ഞിരുന്നു. (ഹൈസ്കൂളിലെത്തി വായനയൊരു ശ്വാസമെടുക്കൽ പോലെയാകുന്നതുവരെ.)

എഴുത്തും വരയും നിലനിൽപിന്റെ ആധാരമായി മാറിയതിന്റെ തുടക്കത്തിൽ അർഥങ്ങൾ തത്ത്വചിന്തയിൽനിന്നും മനഃശാസ്ത്രത്തിൽനിന്നും കലാസിദ്ധാന്തങ്ങളിൽനിന്നുമൊക്കെ പിന്തുടർന്നിരുന്നു. അർഥങ്ങൾ തേടലിന്റെ മുഹൂർത്തങ്ങൾ അക്കാലത്ത് തീവ്രമായിത്തന്നെയുണ്ടായിരുന്നു. പക്ഷേ പതുക്കെപ്പതുക്കെ അവ വിട്ടുപോയി. ഒരുപക്ഷേ, അർഥങ്ങളൊക്കെ നിർമിക്കുന്ന സംസ്കാരത്തിൽനിന്ന് അടർന്നു മാറിയതുകൊണ്ടാവാം അർഥങ്ങളുമായുള്ള വേർപിരിയൽ സ്വാഭാവികമായി സംഭവിച്ചത്. ഹിമാലയത്തിന്റെ അതിവിശാലതയിലൂടെ മഞ്ഞണിഞ്ഞ പർവതങ്ങൾ മാത്രം കൂട്ടായി അലയുന്ന നേരങ്ങളിൽ അർഥങ്ങൾ ആവശ്യമായതേയില്ല. വാഗർഥ ഭാഷയിൽ പണിയെടുക്കുകയും എന്നാൽ അതിന്റെ വ്യാകരണങ്ങളിൽ പെട്ടുപോകാതിരിക്കുകയും ഒട്ടും അസാധാരണമായി തോന്നിയില്ല. ജീവിതത്തിന്റെ അർഥാന്വേഷണത്തിനു മറുപടിയായി ബുദ്ധൻ നൽകിയ പൂവ് ഇപ്പോഴും വാടാതെ കാറ്റിലുലഞ്ഞു നിൽക്കുന്നു.

നിറവും വാക്കും തമ്മിൽ കലരുന്നുണ്ടോ? ഒന്നിന് മറ്റൊന്ന് പകരം ജീവിക്കുന്നുണ്ടോ? നിറത്തിന്റെ നിഴൽ ആണോ വാക്ക്? വാക്കിന്റെ മറുപുറമാണോ നിറം?

നിറത്തിൽ വാക്ക് കലരുന്നതായി അനുഭവപ്പെട്ടിട്ടില്ല. ചിത്രം ചെയ്യുമ്പോൾ നിറത്തിൽ നിറം കലരുന്നതല്ലാതെ വാക്കുകൾ എത്താറില്ല. നിശ്ശബ്ദതയിലാണ് ചിത്രങ്ങൾ സംഭവിക്കുന്നതും ജീവൻവെക്കുന്നതും പക്ഷേ വാക്കിൽ നിറം കലരുന്നതായി അനുഭവപ്പെടാറുണ്ട്. നിറത്തെ പ്രതിനിധാനംചെയ്യുന്ന വാക്ക് നമ്മിൽ നിറത്തെ ഉണർത്തുമ്പോൾ അതിൽ ശക്തമായൊരു കലർപ്പുണ്ട്. നിറത്തെ അനുഭവിക്കുന്നതിന്റെ ഓർമ –സങ്കൽപ ചേരുവകൾ ഉള്ളടക്കമാവുന്നുമുണ്ട്.

നിറത്തിന്റെ ജീവനും ജീവിതവും വാക്കിനെ ഉപജീവിക്കുന്നില്ല. അത് സ്വതന്ത്രമായാണ് ജീവിക്കുന്നത്. വാക്കിന്റെ ജീവിതമാകട്ടെ നിറത്തെ ഉപജീവിച്ചുള്ളതാണ്. ‘നീല’യെന്ന വാക്ക് നീല നിറമില്ലെങ്കിൽ നിലനിൽക്കുന്നില്ലല്ലോ. നിറം നമ്മുടെ ഉള്ളിലും പുറത്തുമായി ജീവിക്കുമ്പോൾ വാക്ക് നമ്മുടെ ഉള്ളിൽ മാത്രമായാണ് ജീവനുള്ളതായിരിക്കുന്നത്. പുറത്തുള്ള നിറത്തിലും അതിന്റെ ഓർമകളിലും വിചാരങ്ങളിലും അനുഭവങ്ങളിലും ആയിട്ടാണ് നിലനിൽക്കുന്നതും. ആ കലർപ്പുകളിലാണ് വാക്ക് നമ്മിൽ ജീവിക്കുന്നത്. നിറത്തിന്റെ നിഴലായിട്ടല്ല ഉള്ളിലെ ഉറവയായിട്ടാണ് വാക്ക് ആയിരിക്കുന്നത് (ആയിക്കൊണ്ടേയിരിക്കുന്നതും). പുറത്തെ നിറം ഉണർത്തുന്നതിനു സമാനമായ വൈകാരികാനുഭവങ്ങൾ ആ നിറത്തെ പ്രതിനിധാനംചെയ്യുന്ന വാക്കും ഉണർത്തിയേക്കാം.

വാക്കിന്റെ മറുപുറമായി നിറത്തെ കരുതാനാവില്ല (എഴുതപ്പെട്ട കലാചരിത്രത്തിലും കലാസിദ്ധാന്തങ്ങളിലും വാക്ക് നിറത്തിന്റെ മറുപുറമായി വന്നിട്ടുണ്ടാവാം). എന്നാൽ വാക്കിന് നമ്മൾ കൊടുക്കുന്ന ജീവനാണ് അതിന്റെ ആയിരിക്കൽ. വാച്യഭാഷയുമായുള്ള നമ്മുടെ ബന്ധത്തിന്റെ വിതാനങ്ങൾ വാക്കനുഭവത്തെ മാറ്റുകയുംചെയ്യും. ‘നീല’യെന്ന വാക്കിൽ നീലയുടെ എത്ര എത്ര നിറഭേദങ്ങളെ നമ്മൾ ഉൾക്കൊള്ളിക്കുന്നു. നീലയെന്ന വാക്കിൽ ഒരാൾ അനുഭവിക്കുന്ന നീലയാവണമെന്നില്ല മറ്റൊരാൾ അനുഭവിക്കുന്നത്. നിറാനുഭവങ്ങളുടെ സൂക്ഷ്മതകളിലേക്ക് കൂടുതൽ സഞ്ചരിക്കുന്ന ഭാഷകളിൽ ഒരു നിറത്തിന്, നിറഭേദങ്ങൾക്ക് അനുസരിച്ച് പല വാക്കുകൾ ഉണ്ടല്ലോ (ഉദാഹരണം റഷ്യൻ ഭാഷ), നിറവും വാക്കും സ്വതന്ത്രവും വ്യത്യസ്തവുമായ സ്വഭാവ സവിശേഷതകളുള്ള ജീവിതങ്ങളാണ്. അവയുടെ പരിമിതികളും പരിമിതി ഇല്ലായ്മകളും വ്യത്യസ്തങ്ങളുമാണ്. എങ്കിലും അവ തമ്മിൽ പ്രകൃതിസഹജമായൊരു ശ്രുതിലയം ഉള്ളതായാണ് അനുഭവം.

 

ജോർജിന്‍റെ നിറച്ചിത്രങ്ങൾ

എന്താണ് ഏകാന്തത?

പറയാനാവാത്തതാണ് ഏകാന്തത. നിശ്ശബ്ദതയുടെ പ്രകാശനം. വാഗർഥങ്ങൾ ഇല്ലാതെ തന്നെത്തന്നെ കേൾക്കാനും മറ്റു ചരാചരങ്ങളെ കേൾക്കാനും ശ്രദ്ധിക്കാനും കരുതാനും ധ്യാനിക്കാനുമായുള്ള നേരവും ഇടവുമാവണം അത്. മനുഷ്യസംസ്കാര ചര്യകളുടെ ഉള്ളില്‍ പെടാതെ പോകുന്നതും കാട്ടിലും മലയിലും ജീവജാലങ്ങളോടൊക്കെ ഒന്നായിരിക്കുന്നതും അതിന്റെ ഭാഗമാവണം. അനവധിയാണ് വിതാനങ്ങൾ ഏകാന്തതക്ക്. വിതാനങ്ങൾ തമ്മിൽ വൈരുധ്യങ്ങളും സുലഭം. വൈകാരികമായ വേലിയേറ്റവും വേലിയിറക്കവും അതിനുണ്ട്. പ്രശാന്തവും ലീനവുമായ സ്ഥിതിയും മൂർച്ചയേറിയ പിളർപ്പുകളുടെ സ്ഥിതിയും ഒന്നായ സ്ഥിതിയും വേർപിരിഞ്ഞ സ്ഥിതിയും ആനന്ദമൂർച്ഛയും ശോകസാന്ദ്രതയും വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകളും ഇരുളിന്റെ ഭാരങ്ങളും മാർദവങ്ങളും അതിനുണ്ട്.

എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ ഒരു പുലർച്ചക്ക് ചേച്ചി എ​െന്നന്നേക്കുമായി ഇവിടം വിട്ടു പോയപ്പോൾ അതുവരെ ജീവിച്ച ലോകവും കൂടെ പോയി. പതിയെ അനിശ്ചിതത്വവും ക്ഷണികതയും തിങ്ങുന്ന ഒരൊഴിവായി മറ്റൊരു ലോകം കടന്നുവന്നു. ലോകത്തോടുള്ള വിനിമയങ്ങളിലൊക്കെ ഒഴിവ് വസിച്ചു. ആ ഒഴിവ് അനന്ത പ്രപഞ്ചത്തെയും അതിസൂക്ഷ്മതകളെയും എന്നിൽ കണ്ടെത്തി, അവയുടെ എണ്ണമറ്റ പരസ്പരബന്ധങ്ങളും.

എന്തിലാണ് ജോർജിന്റെ ആയുഷ്കാലങ്ങൾ കലരുന്നത്? എന്തിൽനിന്നാണ് ജോർജിന്റെ ആയുഷ്കാലം അകന്നുപോകുന്നത്?

മൂന്നു വയസ്സുകാരൻ കമുകിൻതോട്ടത്തിലൂടെ ചേച്ചിയോടൊപ്പം അലയുന്ന തണുത്ത പകലുകളിൽ തോട്ടിലെ വെള്ളത്തിൽ കാലുകൾ താഴ്ത്തിയിരിക്കെ ആ ഒഴുക്കിന്റെ സ്പർശത്തിൽ, അമ്മൂമ്മയുടെ സഹോദരസ്ഥാനീയനായ വല്യപ്പനുമൊപ്പമുള്ള അപരാഹ്നയാത്രകളിൽ എപ്പോഴും എത്തുന്ന തിരുവനന്തപുരം മ്യൂസിയത്തിലെ ചിത്രശാലയിൽ ജീവൻവെക്കുന്ന നിറങ്ങളിൽ, തിരുവനന്തപുരം മോഡൽ സ്കൂളിൽ ഹൈസ്കൂൾ പഠനകാലത്ത് മലയാളം പഠിപ്പിച്ചിരുന്ന സദാനന്ദദാസെന്ന അധ്യാപകന്റെ (പാഠപുസ്തകത്തിലില്ലാത്ത) കാളിദാസനെയും ഷേക്സ്പിയറെയും കുറിച്ചുള്ള വാഗ്ജാലത്തിൽ, തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെയും യൂനിവേഴ്സിറ്റി ലൈബ്രറിയിലെയും ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറിയിലെയും വായനമുറികളിൽ ഒരുമിച്ചു ജീവിച്ച എഴുത്തുകാരുടെയും കലാകാരന്മാരുടെയും ശ്വാസത്തിൽ, ഡിഗ്രി പഠനകാലം മുതൽ ചിത്രലേഖ ഫിലിം സൊ​െസെറ്റിയിലൂടെ കണ്ട അസംഖ്യം ക്ലാസിക് സിനിമകൾ തുറന്നു തുറന്നു പോയ ആഴങ്ങളിൽ, എണ്ണമറ്റ സൗഹൃദങ്ങൾ പരത്തിയ തീവ്രസൗരഭങ്ങളിൽ ഒക്കെ എന്റെ ആയുഷ്‍കാലം കലർന്നിട്ടുണ്ട്.

ദസ്തയേവ്സ്കിയിലും റിൽക്കേയിലും ഫ്രോയിഡിലും കാൾ യുങ്ങിലും അസ്തിത്വവാദ ചിന്തകരുടെ ദീർഘനിരയിലും ഒപ്പം കാള്‍ മാര്‍ക്സിലും കലർന്നിരുന്നു ഈ ആയുഷ്‍കാലം. ബുദ്ധിസത്തിലും താവോയിസത്തിലും സെൻ ബുദ്ധിസത്തിലും ജെ. കൃഷ്ണമൂർത്തിയിലും ഒപ്പം ചെ ഗുവേരയിലും കലർന്നിരുന്നു ഈ ആയുഷ്‍കാലം. തുല്യമായി വിഭവങ്ങളുടെയും സമ്പത്തിന്റെയും പങ്കുവെക്കൽ സാധ്യമാകുന്ന ഓരോരുത്തർക്കും അവരവരുടെയും മറ്റുള്ളവരുടെയും സന്തോഷം മൂല്യവത്താകുന്ന ഒരു സാമൂഹിക സൃഷ്ടിക്കായുള്ള തീവ്രാശയങ്ങളിൽ മുഗ്ധമായപ്പോൾതന്നെ എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നും അരാജകമായ ജീവിതാവസ്ഥകളെ വിതച്ച് നിസ്വരായി അലഞ്ഞ് എത്തിയ പൂക്കളുടെ മക്കളോടൊപ്പവും കലർന്നിരുന്നു ഈ ആയുഷ്‍കാലം.

ആധുനികാനന്തര ചിന്തകരുടെ വിചാരധാരകളിൽ നിരന്തരം കലർന്നിരുന്നു ഈ ആയുഷ്‍കാലം. ആധുനികവും ആധുനികാനന്തരവുമായ എണ്ണമറ്റ ചിത്രശിൽപങ്ങളുടെ ജീവിതത്തിൽ കലർന്നിട്ടുണ്ട് ഈ ആയുഷ്‍കാലം. ദശകങ്ങൾക്കു മുമ്പ് ഋഷികേശിൽ ഗംഗാതീരത്തെ സന്ധ്യയിൽ സന്തോഷത്തെ കുറിച്ചുള്ള ആരായലിന് ‘‘നീ ദുഃഖിതനായിരിക്കെ ഞാനെങ്ങനെ സന്തോഷവാനാകും” എന്നു മറുപടി പറഞ്ഞ ഭിക്ഷുവിൽ, ഗംഗയിൽ മുങ്ങി ഉയരുമ്പോൾ അർധചന്ദ്രനിൽനിന്ന് ഉടലിൽ പതിച്ച അധികരിച്ച നിലാവിൽ, രാത്രി കടൽക്കരയിൽ കൂട്ടിയ തീയ്ക്ക് ചുറ്റും ഇരിക്കുന്ന സഞ്ചാരികളിൽ ഒരാൾ പാടുന്ന പാട്ട് വിതക്കുന്ന നക്ഷത്രങ്ങളിൽ, ഗോമുഖിലേക്കു നടക്കേ പൊട്ടിവീണ മഞ്ഞുമല തീർത്ത അഗാധഗർത്തത്തിനപ്പുറം ചാടിയെത്താൻ അവിടെ കൈകൾ നീട്ടിനിന്ന പർവതവാസിയുടെ നേർത്ത കണ്ണുകളിൽ, കലർന്നിട്ടുണ്ട് ആയുഷ്‍കാലം.

സന്നിഹിതമായ ജീവജാലങ്ങളിലൊക്കെയും കലരുന്നുണ്ട് ഈ ആയുഷ്‍കാലം, അജ്ഞേയമായതിനൊടെല്ലാം കലരുന്നുണ്ട് ഈ ആയുഷ്‍കാലം, പ്രപഞ്ചത്തിൻ അനന്തനിശ്വാസത്തിലും കലരുന്നുണ്ട്. അധികാരം, ആഖ്യാനം, വ്യാഖ്യാനം, വ്യാകരണം, വ്യവസ്ഥിതികൾ, സമയത്തിൻ നേർരേഖ, ഇടത്തിൻ അതിരുകൾ ഞാനാണെന്നു കരുതിയവ, കാഴ്ചപ്പാടുകൾ, ആശയവിധേയത്വം, ജീവിതദർശന പിന്തുടർച്ചകൾ, കേന്ദ്രാസക്തി, തത്ത്വചിന്താ ഭാരങ്ങൾ, കലാകാവ്യ വിചാരങ്ങൾ, അതിജീവിതാകാംക്ഷകൾ ഒക്കെ വിട്ടുപോകുന്നു ഈ ആയുഷ്‍കാലം.

ആദ്യത്തെ കവിത ‘വായനയോ കാഴ്ചയോ മറ്റെന്തുമോ ആവട്ടെ’ ഓർമിക്കുന്നുണ്ടോ?

ഓർമയിലെ ആദ്യത്തെ കവിത ജനാലയിലൂടെ വന്ന പുലർവെളിച്ചം കോൺവെക്സ് ലെൻസിലൂടെ ചുവരിൽ പതിപ്പിച്ചപ്പോൾ കണ്ടതാണ്. സ്കൂൾ കാലത്തിനും മുമ്പാണത്.


 



ഭാഷയുടെ ഉറവിടങ്ങൾ എന്തായിരുന്നു? എവിടെയായിരുന്നു?

ഭാഷയുടെ ഉറവിടം ഏകാന്തത തന്നെയാവണം. ഇരുളും സ്പർശങ്ങളും ബോധത്തിന്റെ മാഞ്ഞുപോകലും കിനാവുകളുടെ കടന്നുവരവും പ്രകാശത്തിന്റെ മിന്നായങ്ങളും ഒപ്പമുണ്ടാവണം. വെളിച്ചവും ഇരുളും മാംസത്തെ ഉത്തേജിപ്പിച്ച നേരങ്ങളിൽ അബോധത്തിന്റെ ദീർഘയാത്രകൾ പതിച്ച അടയാളങ്ങളിലൂടെ ഭാഷ പടർന്നിരിക്കണം.

എന്തോ ഇല്ലെന്ന തോന്നലിൽനിന്നും ഉണ്ടെന്ന തോന്നലിലേക്കും തിരിച്ചുമുള്ള ഉൗഞ്ഞാലാട്ടത്തിൽ സ്വരങ്ങളും കൂടെ ആടിയിട്ടുണ്ടാവും. പിന്നെ അതിദീർഘകാലത്തെ സങ്കൽപസഞ്ചാരത്തിലൂടെയാവാം സ്വരങ്ങളിൽനിന്ന് പ്രതിനിധാനങ്ങളെ മെനഞ്ഞതും വാഗർഥങ്ങൾ ഉരുത്തിരിഞ്ഞതും. നോട്ടം തുടങ്ങുന്ന ഇടം ഒന്നും, എത്തുന്ന ഇടം അനവധിയും നോട്ടം തുടങ്ങുന്ന ഇടം അനവധിയും എത്തുന്ന ഇടം ഒന്നും ആയി മാറിമാറിവരുമ്പോൾ ഭാഷ ബഹുസ്വരമായി മാറിയിരിക്കണം. മാറിമറിയുന്ന കാഴ്ചകളും സ്വരങ്ങളും സ്പർശങ്ങളും ഉണർത്തുന്ന വികാരഭേദങ്ങൾ ഭാഷയെ തുറന്നു തുറന്ന് വിചാരങ്ങളിലേക്ക് പ്രവേശിപ്പിച്ചിരിക്കാം.

ഇരതേടലിന്റെയും ഇണതേടലിന്റെയും വിതാനങ്ങളിൽനിന്ന് ഭാഷ വികാരവിചാരങ്ങളുടെ വിനിമയങ്ങളിലേക്ക് വരുമ്പോൾ ധ്വനികൾ സ്വാഭാവികമായി വന്നതാവാം. ധ്വനികൾ പലതായി മുഴങ്ങി ഉടൽതന്നെ ധ്വനിയായി കവിതയിലേക്കും കലയിലേക്കും എത്തിയതാവാം. ഒരുപക്ഷേ, ഭാഷയുടെ ഉറവിടം അബോധമാവണം. അത് വ്യാപരിക്കുന്നത് അബോധത്തെയും ബോധത്തെയും കലർത്തിയും ഇണക്കിയുമാണല്ലോ. പ്രകാശിപ്പിക്കാനാവാത്ത എന്തോ പ്രകാശിപ്പിക്കുവാനുള്ള അടങ്ങാത്ത തൃഷ്ണയിൽനിന്നുമാവാം നിശ്ശബ്ദതയിൽ ഭാഷ ജീവനെടുത്തത്. സമയവും ഭാഷയും തമ്മിൽ വല്ലാത്തൊരു ഉടഞ്ഞുചേരലുണ്ട്. ഉടഞ്ഞുടഞ്ഞ് അവ സൃഷ്ടിക്കുന്ന ഇനിയും എത്തിച്ചേർന്നേക്കാവുന്ന ഇടങ്ങളുണ്ട്. എങ്കിലും മായലിന്റെ കലയിൽ അതിനിപുണതയാര്‍ന്നതാണ് ആ കലര്‍പ്പ്.

News Summary - interview with George writer