ഭീകരവാദി ആരുടെ ആവശ്യം?

‘ഭീകരവാദവിരുദ്ധ യുദ്ധ’ത്തിന് ഇരുപത്തിയഞ്ച് വർഷം തികഞ്ഞു. അപ്പോൾ നിർണായകമായ പല ചോദ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ആരാണ് ഭീകരൻ എന്നതാണ് അതിൽ പ്രധാനം. ‘Terrorism in Question: Decolonizing Anthropology and the Study of Islam’ എന്ന കൃതിയുടെ രചയിതാവും പ്രമുഖ നരവംശ ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനും ഇസ്തംബുൾ ഇബ്നുഖൽദൂൻ യൂനിവേഴ്സിറ്റിയിലെ പ്രഫസറുമായ ഡോ. ഇർഫാൻ അഹ്മദ് ‘ഭീകരവാദ’ത്തെക്കുറിച്ച് സംസാരിക്കുന്നു. ഭീകരവാദത്തെക്കുറിച്ചുള്ള പൊതുവ്യവഹാരങ്ങളും അക്കാദമിക പഠനങ്ങളും സാധാരണയായി അഭിമുഖീകരിക്കാറുള്ള ചോദ്യം...
Your Subscription Supports Independent Journalism
View Plans‘ഭീകരവാദവിരുദ്ധ യുദ്ധ’ത്തിന് ഇരുപത്തിയഞ്ച് വർഷം തികഞ്ഞു. അപ്പോൾ നിർണായകമായ പല ചോദ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ആരാണ് ഭീകരൻ എന്നതാണ് അതിൽ പ്രധാനം. ‘Terrorism in Question: Decolonizing Anthropology and the Study of Islam’ എന്ന കൃതിയുടെ രചയിതാവും പ്രമുഖ നരവംശ ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനും ഇസ്തംബുൾ ഇബ്നുഖൽദൂൻ യൂനിവേഴ്സിറ്റിയിലെ പ്രഫസറുമായ ഡോ. ഇർഫാൻ അഹ്മദ് ‘ഭീകരവാദ’ത്തെക്കുറിച്ച് സംസാരിക്കുന്നു.
ഭീകരവാദത്തെക്കുറിച്ചുള്ള പൊതുവ്യവഹാരങ്ങളും അക്കാദമിക പഠനങ്ങളും സാധാരണയായി അഭിമുഖീകരിക്കാറുള്ള ചോദ്യം ‘‘ആരാണ് ഭീകരവാദി?’’ എന്നതാണ്. എന്നാൽ, ആ ചോദ്യത്തിന്റെ രാഷ്ട്രീയത്തെയാണ് പ്രഫ. ഇർഫാൻ അഹ്മദ് തന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ ‘Terrorism in Question: Decolonizing Anthropology and the Study of Islam’ൽ അടിസ്ഥാനപരമായി ചോദ്യംചെയ്യുന്നത്. ‘‘ഭീകരവാദം എന്ന സംവർഗത്തെ തന്നെ ആർക്കാണ് വേണ്ടത് എന്ന മറുചോദ്യമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഈ ചോദ്യത്തിലൂടെ ഭീകരവാദത്തെ ഒരു ഹിംസ എന്ന നിലയിൽ മാത്രമല്ല, ലോകക്രമത്തെയും അധികാരബന്ധങ്ങളെയും സാമൂഹിക ഒഴിവാക്കലിനെയും നിർമിക്കുന്ന ഒരു രാഷ്ട്രീയ-ജ്ഞാന പദ്ധതിയായി അദ്ദേഹം വിശകലനം ചെയ്യുന്നു.
2001 സെപ്റ്റംബർ 11ന് ശേഷം പ്രഖ്യാപിക്കപ്പെട്ട ‘ഭീകരതാവിരുദ്ധ യുദ്ധം’ ഇന്ന് സുരക്ഷാനയങ്ങളുടെ പരിധി വിട്ട് ആഗോള രാഷ്ട്രീയത്തിന്റെ തന്നെ വ്യാകരണമായി മാറിയിരിക്കുകയാണ്. ദേശീയ സുരക്ഷ, പൗരത്വം, അതിർത്തികൾ, മതം-സമുദായം, മാധ്യമങ്ങൾ, സർവകലാശാലകൾ, നിയമവ്യവസ്ഥ, ജനാധിപത്യ അവകാശങ്ങൾ എന്നിവയെ മനസ്സിലാക്കുന്ന രീതിയെതന്നെ അത് ആഴത്തിൽ സ്വാധീനിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ, ഈ വ്യവഹാരം ഭീകരവിരുദ്ധ നിയമങ്ങളിൽമാത്രം ഒതുങ്ങാതെ, മുസ്ലിം സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെയും പൗരത്വത്തെയും സാമൂഹിക-രാഷ്ട്രീയ വിയോജിപ്പുകളെയും സുരക്ഷാവത്കരിക്കുന്ന ഒരു ഭരണരീതിയായി വ്യാപിച്ചിരിക്കുകയാണ്.
ഡോ. ഇർഫാൻ അഹ്മദിന്റെ പഠനങ്ങൾ ദേശീയത, മതേതരത്വം, ഇസ്ലാം, മുസ്ലിം രാഷ്ട്രീയം, ഭീകരതാ വ്യവഹാരം എന്നിവയെ അപകോളനീകരണ (decolonial) കാഴ്ചപ്പാടിൽ പുനർവിചിന്തനം ചെയ്യുന്നതാണ്. ഭീകരവാദത്തെക്കുറിച്ചുള്ള പ്രബലമായ അറിവും ഭാഷയും നിഷ്പക്ഷമല്ലെന്നും, അവ അധികാരത്തിന്റെ പ്രവർത്തനരീതികളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന വാദം. അതുകൊണ്ടുതന്നെ ഭീകരവാദത്തെക്കുറിച്ചുള്ള സംവാദം നിർവചനങ്ങളുടെ തലത്തിൽനിന്നു മാറി, അതിനെ ഉൽപാദിപ്പിക്കുന്ന രാഷ്ട്രീയത്തെയും ജ്ഞാനക്രമത്തെയും വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നോട്ടുവെക്കുന്നു.
ഭീകരത വിരുദ്ധ യുദ്ധത്തിന് 25 വർഷങ്ങളാകുന്നതോടനുബന്ധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി കോൺഫറൻസിന്റെ ഭാഗമായി പ്രഫ ഇർഫാൻ അഹ്മദിനോട് നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ.
ആരാണൊരു ഭീകരവാദി? എന്ന പതിവ് ചോദ്യത്തെക്കാൾ ആർക്കാണ് ഭീകരവാദി എന്ന സംവർഗം ആവശ്യം? എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് താങ്കളുടെ പുസ്തകം ആരംഭിക്കുന്നത്. നിഷ്പക്ഷമായൊരു വിവരണമെന്നതിലുപരി ആഗോളതലത്തിൽ ‘നമ്മൾ’ എന്നൊരു കൂട്ടരെ ‘അവർ’ എന്ന മറ്റൊരു കൂട്ടരിൽനിന്ന് വേർതിരിക്കുന്ന ഒരു രാഷ്ട്രീയ സംവർഗമാണ് ‘ഭീകരവാദം’ എന്നും താങ്കൾ തുടർന്ന് വാദിക്കുന്നു. ഭീകരവാദം എന്നതിന്റെ നിർവചനത്തെക്കുറിച്ചുള്ള സംവാദത്തിലേർപ്പെടുന്നതിന് പകരം ആ സംവർഗത്തെതന്നെ ചോദ്യംചെയ്യുക താങ്കളെ സംബന്ധിച്ച് പ്രധാനമാകുന്നതെന്തുകൊണ്ടാണ്?
പുസ്തകം മുന്നോട്ടുവെക്കുകയും ഉത്തരം പറയാൻ ശ്രമിക്കുകയും ചെയ്യുന്നത് ആരാണ് ഭീകരവാദി? എന്നല്ല, ആർക്കാണ് ഭീകരവാദി എന്ന സംവർഗം ആവശ്യം? എന്ന ചോദ്യമാണെന്നത് ശരിയാണ്. ആ സംവർഗത്തിന്റെ നിർവചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കെട്ടിപ്പിണഞ്ഞു പോകാതിരിക്കാനുള്ള കാരണങ്ങൾ പലതാണ്. ഒന്നാമതായി, രാഷ്ട്രീയ മാധ്യമ വ്യവഹാരങ്ങളിലും, സാമൂഹികശാസ്ത്രങ്ങളിലും എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന, സാർവത്രികമായ നിർവചനമുള്ള പദങ്ങൾ തുലോം തുച്ഛമാണ്. 1984ൽതന്നെ ഭീകരവാദത്തിന്റെ നൂറുകണക്കിന് നിർവചനങ്ങൾ ചർച്ചചെയ്തുകഴിഞ്ഞതിനുശേഷവും 2005ൽ ഭീകരവാദ വിദഗ്ധനായ അലക്സ് ഷ്മിദ് ഭീകരവാദം എന്ന പദത്തിന്റെ ഉചിതമായൊരു നിർവചനത്തിനുവേണ്ടിയുള്ള അന്വേഷണം അതിനുശേഷവും തുടർന്നുവെന്ന് എഴുതുന്നുണ്ട്.
ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ നേതൃത്വപദവിയിലിരിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വ്യത്യസ്തശാഖകൾ ഭീകരവാദത്തെ വ്യത്യസ്ത രീതിയിലാണ് നിർവചിക്കുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റും ഡിഫൻസ് ഡിപ്പാർട്മെന്റും സി.ഐ.എയും മുന്നോട്ടുവെക്കുന്ന വിഭിന്നങ്ങളായ നിർവചനങ്ങളിൽ അതത് ഏജൻസികളുടെ സവിശേഷമായ താൽപര്യങ്ങളും ആ സ്ഥാപനത്തിന്റെ സവിശേഷമായ ചരിത്രവും ഉള്ളടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. Plan of Action to Prevent Violent Extremism എന്ന 2015ലെ ഒരു യു.എൻ രേഖ വിചിത്രമാം വിധം തീവ്രവാദമെന്നാൽ ‘വ്യക്തമായൊരു നിർവചനം ഇല്ലാത്തത്’ ആണ് എന്നെഴുതി വെക്കുന്നുണ്ട്. നിങ്ങൾ ഏതൊരു സംഗതിക്കെതിരെയാണോ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത് അതിനെക്കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കില്ലെങ്കിൽ എങ്ങനെയാണ് അതിനുവേണ്ടിയൊരു പ്രവർത്തന പദ്ധതി ഉണ്ടാക്കാൻ കഴിയുക?
അതിനാൽ രണ്ടാമതായി, തത്ത്വശാസ്ത്രപരമായി നോക്കുമ്പോൾ ഇനിപറയുന്ന ചോദ്യങ്ങൾ പ്രധാനമാണെന്ന് വരുന്നു; ഒരു സ്ഥാപനമോ വ്യവഹാരമോ ഒരു പ്രത്യേക നിർവചനം രൂപപ്പെടുത്തിയെടുക്കുന്നത് എന്തിനാണ്, എങ്ങനെയാണ്? ആ നിർവചനത്തെ വീണ്ടും വീണ്ടും എടുത്തുപറഞ്ഞ ഉയർത്തിക്കാട്ടുന്നത് എപ്പോഴാണ്, എങ്ങനെയാണ്? നിർവചനപരമായ അത്തരം ദൗത്യങ്ങളിൽ അധികാരം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്തുദ്ദേശ്യമാണ് ഈ നിർവചനം പൂർത്തീകരിക്കുന്നത്? ഒരു സംഗതിയെ നിർവചിക്കുകയെന്നാൽ അതിനെ മറ്റുള്ളവയിൽനിന്ന് വേർതിരിക്കുകയെന്നാണർഥം, അതിന്റെ അതിർത്തി നിർണയിക്കുക എന്നാണർഥം. ആ അതിർത്തിയാവട്ടെ നിർവചനത്തിനുമുമ്പ് അവിടെ ഉണ്ടായിക്കൊള്ളണമെന്ന് നിർബന്ധമില്ല.
പകരം, നിർവചനമാണ് അതിർത്തിയെ ഉയർത്തിക്കൊണ്ടുവരികയും, അതിനെ മാറ്റിവരക്കുകയും അല്ലെങ്കിൽ അതിനെ മായ്ച്ചുകളയുകയും അതിന്റെ പ്രാധാന്യം ഇല്ലാതാക്കിക്കളയുകയുമൊക്കെ ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ നിലനിൽക്കുന്ന അതിർത്തികൾക്ക് പുതിയ അർഥതലങ്ങൾ കൽപിച്ചുനൽകുകയാകാം. 9/11 അനന്തര വ്യവഹാരങ്ങളിൽ അതുവരെ മുമ്പ് ഉപദേശീയവാദം, ഗോത്രീയവാദം, വംശീയവാദം, വിഘടനവാദം എന്നൊക്കെ വിളിച്ചിരുന്ന സംഗതികളെ, മതമൊരു പ്രചോദനശക്തിയായുള്ള ഭീകരവാദം എന്ന ഒറ്റ സംവർഗത്തിന് കീഴിലേക്ക് പുനർനിർവചിക്കുകയായിരുന്നു.

മൂന്നാമതായി, മതത്തിന്റെ (ഇസ്ലാമിന്റെ എന്ന് വായിക്കുക) സാന്നിധ്യത്താൽ ‘പുതിയതരം’ എന്ന് നിർവചിക്കപ്പെട്ട 9/11 അനന്തര ഭീകരവാദത്തിൽ ശ്രദ്ധയൂന്നിക്കൊണ്ട്, ഭീകരവാദ വ്യവഹാരം എന്നാൽ ‘അവർ’ ‘നമ്മൾ’ എന്ന വേർതിരിവുണ്ടാക്കലാണ് അല്ലെങ്കിൽ കാൾ ഷ്മിദ് മുന്നോട്ടുവെച്ചതുപോലെ ശത്രു, മിത്രം എന്നീ വേർതിരിവുണ്ടാക്കലാണ് എന്ന വാദമാണ് എന്റെ പുസ്തകം മുന്നോട്ടുവെക്കുന്നത്. ഈ വാദം പ്രമുഖ സമകാലിക തത്ത്വചിന്തകനായ ജോർജിയോ അഗമ്പനോടുള്ളൊരു വിമർശനവും ഉന്നയിക്കുന്നുണ്ട്. ‘മൗലികമായ സംവർഗ ജോഡി’ നഗ്നജീവിതം x രാഷ്ട്രീയ അസ്തിത്വം (zoÉ v/s bios) എന്നതാണെന്നും അല്ലാതെ ശത്രു എതിര് മിത്രം എന്ന ജോടിയല്ലെന്നും വാദിക്കുന്ന അഗമ്പനിൽനിന്ന് വ്യത്യസ്തമായി, അവ രണ്ടും പരസ്പരം രൂപപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അവ തമ്മിലുള്ള പരിപൂർണമായ വേർതിരിവ് അപകടകരമാണെന്നുമാണ് ഞാൻ വാദിക്കാൻ ശ്രമിക്കുന്നത്.
ആരാണൊരു ഭീകരവാദി എന്ന ചോദ്യം മറച്ചുവെക്കുന്ന കാര്യങ്ങളെ വെളിപ്പെടുത്തുകയാണ് ആർക്കാണ് ഭീകരവാദിയെന്ന സംവർഗം ആവശ്യം എന്ന ചോദ്യംചെയ്യുന്നത്. അധികാര/അറിവ് കേന്ദ്രം നിലനിർത്താനും അതിലൂടെ നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള തേട്ടങ്ങളെ നിശ്ശബ്ദമാക്കാനും ശ്രമിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ആലോചനക്കും പ്രവർത്തനങ്ങൾക്കും ഉചിതമായൊരു ചക്രവാളത്തിന് അതുരുവം കൊടുക്കുന്നു. ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ ഉണ്ടാക്കിയ അതിന്റെ പ്രവർത്തനശൈലികളെയും, അതുണ്ടാക്കിയ ഫലങ്ങളെയും, അതിന്റെ യുക്തിയെയും വിലയിരുത്താൻ അത് നമ്മെ പ്രാപ്തമാക്കുന്നു.
ഭീകരവാദ വിരുദ്ധ യുദ്ധം ഉന്നംവെച്ചവരുടെയും അതിന്റെ ഇരകളായവരുടെയും പരിപ്രേക്ഷ്യത്തിൽനിന്നുകൊണ്ട് അവരുടെ ജീവിതത്തിലെ പരീക്ഷണങ്ങളെയും പീഡകളെയും കുറിച്ചറിയാൻ നമുക്ക് സാധിക്കുന്നു. ജനാധിപത്യത്തിൽ നിരാശയുടെയും പ്രതീക്ഷയുടെയും രൂപമെങ്ങനെയാണെന്ന് നമുക്ക് മനസ്സിലാകുന്നു. സർവോപരി, നീതിപൂർണവും സമത്വപൂർണവുമായൊരു സമൂഹത്തിന്റെ രൂപവത്കരണത്തിനായി പീഡാനുഭവങ്ങളെയും, നിരാശയെയും പ്രതീക്ഷയെയും എങ്ങനെ ഉപയോഗിക്കാമെന്നും നമുക്കറിയാൻ സാധിക്കുന്നു.
മതേതര ദേശീയതയുടെ പരാജയത്തിന്റെയും ഹിന്ദു ഭൂരിപക്ഷാധിപത്യവാദത്തിന്റെ ഉയർച്ചയുടെയും പശ്ചാത്തലത്തിലുള്ള മുസ്ലിം രാഷ്ട്രീയാഭിലാഷങ്ങളെ പരിശോധിക്കുകയാണ് അങ്ങയുടെ സിമിയെക്കുറിച്ചുള്ള മുമ്പത്തെ എത്തനോഗ്രഫിക് രചന ചെയ്തത്. പക്ഷേ, ‘Terrorism in Question’ എന്ന പുതിയ പുസ്തകത്തിലേക്കെത്തുമ്പോൾ ആ വിശകലനത്തിന്റെ വ്യാപ്തി താങ്കൾ കൂടുതൽ വികസിപ്പിക്കുന്നു. On an ‘awkward scale’ എന്നാണ് അങ്ങ് തന്നെ അതിനെ വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകയുദ്ധാനന്തര അന്താരാഷ്ട്രീയ ലോകക്രമത്തെയും ദൈനംദിന മുസ്ലിം ജീവിതാനുഭവങ്ങളെയും താങ്കളതിന്റെ ഭാഗമായി ബന്ധിപ്പിക്കുന്നു. ഒറ്റതിരിഞ്ഞുള്ള അക്രമപ്രവർത്തനമെന്ന ഭീകരവാദത്തെ കുറിച്ചുള്ള നമ്മുടെ ധാരണയെ ആധുനിക രാഷ്ട്രീയ ക്രമത്തെ രൂപവത്കരിച്ചെടുക്കുന്ന അതിന്റെതന്നെ ഒരു സവിശേഷത എന്നാക്കി പരിവർത്തിപ്പിക്കുന്നതെങ്ങനെയാണ്?
ദേശീയതയിൽനിന്നും അതിന്റെ വിജ്ഞാനക്രമത്തിൽനിന്നും സ്വതന്ത്രമാവുക എന്നതായിരുന്നു ‘ഇസ്ലാമിസം ആൻഡ് ഡെമോക്രസി ഇൻ ഇന്ത്യ’ എന്ന എന്റെ ആദ്യ രചനയുടെ ഉദ്ദേശ്യം. ഒരു പ്രത്യേക വിജ്ഞാന രൂപവത്കരണത്തെ സംഘടിപ്പിക്കാനും വർഗീകരിക്കാനും വിതരണംചെയ്യാനുമുള്ള സങ്കൽപനപരവും വിജ്ഞാനശാസ്ത്രപരവുമായ ഒരു ചട്ടക്കൂടാണ് ആത്യന്തികമായി ദേശീയത.
സ്വയം വിശുദ്ധവത്കരിക്കുന്നതിന്റെ ഭാഗമായി അത് മറ്റ് ചട്ടക്കൂടുകളെ പരിഹസിക്കുകയും മോശമായി ചിത്രീകരിക്കുകയും അതൊരു കുറ്റമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നു. സ്വയം അപദേശീയവത്കരിക്കാൻ ഞാൻതന്നെ ഒരുപാട് സമയമെടുത്തിരുന്നു. ആ യാത്ര അങ്ങേയറ്റം വേദനാജനകവുമായിരുന്നു. ആ ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നപ്പോൾ ദേശീയതയുടെ പരിമിതികളെക്കുറിച്ചും സർവോപരി അതിന്റെ വീർപ്പുമുട്ടിക്കുന്ന വിരസതയെക്കുറിച്ചും ഞാൻ അറിയാൻ തുടങ്ങിയിരുന്നു.
ആ വീർപ്പുമുട്ടലിൽനിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഒരർഥത്തിൽ ‘Terrorism in Question’ എന്ന പുസ്തകം. ദേശീയതയുമായി അഭേദ്യമായി ബന്ധപ്പെട്ട്. കിടക്കുന്ന പല വിജ്ഞാനങ്ങളിൽ (ഇന്ത്യ അതിന്റെ നല്ലൊരുദാഹരണമാണ്) നിന്നും വ്യത്യസ്തമായി, ദേശീയതയെയും അതിന്റെ ജ്ഞാനവ്യവസ്ഥിതിയെയും പരിപാവനമായി പരിഗണിക്കാതെ, അവയെയൊക്കെയും സമഗ്രമായ പരിശോധനക്ക് വിധേയമാക്കുകയും, അതിലൂടെ അതിന്റെ ഹിംസയുടെ ശക്തിയെയും പ്രഭവകേന്ദ്രത്തെയും തുറന്നുകാണിക്കാനുമാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ദേശീയത സ്വയംതന്നെ ഒരു അന്താരാഷ്ട്രീയ, ആഗോള പ്രതിഭാസമാണ്.
അതായത്, ശത്രു-മിത്രം എന്ന ദ്വന്ദ്വരൂപവത്കരണവും, നഗ്നജീവിതങ്ങളും (bare lives) രൂപവത്കരണവും ഏതെങ്കിലും ഒരു ദേശരാഷ്ട്രത്തിന്റെ മാത്രം പ്രശ്നമല്ല. അതിന്റെ ആകാരവടിവുകൾ ഒരുപക്ഷേ പ്രാദേശികമായി രൂപപ്പെട്ടതായിരിക്കാമെങ്കിലും, ആത്യന്തികമായി അത് പാശ്ചാത്യൻ നേതൃത്വത്തിലുള്ളൊരു ലോക (അ)ക്രമത്തിന്റെ ഭാഗമാണ്. ഇന്ത്യയിലും ആസ്ട്രേലിയയിലുമുള്ള ‘ഭീകരവാദികളു’മായുള്ള എന്റെ കണ്ടുമുട്ടലുകളാണ് ഈ പുസ്തകത്തിന്റെ ഒരടിസ്ഥാനം. ഗ്വണ്ടാനമോ തടവറയിൽനിന്ന് മോചിതനായ ഈജിപ്ഷ്യനായ ഒരു ആസ്ട്രേലിയൻ പൗരനാണ് ഞാൻ കണ്ടുമുട്ടിയ ആസ്ട്രേലിയൻ ‘ഭീകരവാദി’. ആ സന്ദർഭത്തിലാണ് ചില ചോദ്യങ്ങൾ ഞാൻ സ്വയം ചോദിച്ചത്:

തീർത്തും വിദൂരമായ പ്രദേശങ്ങളിലും പശ്ചാത്തലങ്ങളിലും അതേസമയം ആഗോളമായൊരു ബലതന്ത്രത്തെ അടിസ്ഥാനപ്പെടുത്തിയും നടക്കുന്ന ഇത്തരം ‘ഭീകരവാദികളുടെ’ രാഷ്ട്രീയത്തെയും അവരെക്കുറിച്ചുള്ള രാഷ്ട്രീയത്തെയും ദേശീയതാ സംവർഗത്തെ മാത്രം മുൻനിർത്തി മനസ്സിലാക്കാൻ കഴിയുന്നതെങ്ങനെ? സമാനമായി, അമേരിക്കയിലെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റിന് എതിരായ അടിച്ചമർത്തലും, ഇന്ത്യയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരായ അടിച്ചമർത്തലും, 2020 ഡൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപവും, ശാഹീൻബാഗ് പ്രവർത്തകരുടെ അന്യായമായ അറസ്റ്റും മർദനങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലേ? ഉണ്ടെങ്കിൽ ആ ബന്ധങ്ങളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?
അതിനാലാണ് അലോസരപ്പെടുത്തും വിധം വ്യാപ്തിയിലുള്ള (on an awkward scale) ആലോചനയും വിശകലനവും നാം നടത്തണമെന്ന് ഞാനാവശ്യപ്പെട്ടത്. എത്തനോഗ്രാഫേഴ്സ് എന്ന നിലക്ക് പ്രാദേശികമായ പശ്ചാത്തലങ്ങൾ നരവംശശാസ്ത്രജ്ഞരനുഭവിക്കുന്ന ഒരുതരം സൗകര്യമാണ്. ചിലരതിനെ അതിരുകവിഞ്ഞാരാധിക്കുകപോലും ചെയ്യാറുണ്ട്. അതിനുമപ്പുറം പോകുമ്പോൾ വ്യത്യസ്ത സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന മൾട്ടി സൈറ്റഡ് എത്തനോഗ്രഫിയായി അത് മാറുന്നു. പക്ഷേ, അതും പര്യാപ്തമല്ലെന്നതാണ് എന്റെ പക്ഷം, കുറഞ്ഞത് ഇനിയങ്ങോട്ടെങ്കിലും അത് അപര്യാപ്തമാണ്. അതിനാൽ ഒരു ബദൽരീതിശാസ്ത്രത്തെ മുന്നോട്ടുവെക്കുകകൂടിയാണ് പുസ്തകം ചെയ്യുന്നത്.
നല്ല മുസ്ലിം അല്ലെങ്കിൽ മിതവാദിയായ മുസ്ലിം, അതിന് വിപരീതമായി ചീത്ത മുസ്ലിം അല്ലെങ്കിൽ റാഡിക്കൽ മുസ്ലിം, എന്ന ദ്വന്ദ്വം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലംകൊണ്ട് നമ്മുടെ പൊതുവ്യവഹാരം വർധിച്ചതോതിൽ നിർമിച്ചെടുത്തിട്ടുണ്ട്. മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെ ഈ ദ്വന്ദ്വം എങ്ങനെയൊക്കെ മാറ്റിത്തീർത്തിട്ടുണ്ടെന്നാണ് താങ്കൾക്ക് തോന്നുന്നത്? പൊതുസമൂഹത്തിൽ ഇടപെടുന്ന മുസ്ലിം രാഷ്ട്രീയരൂപങ്ങളെ ആന്തരികമായി സംശയാസ്പദമായ ഒന്നായി അവതരിപ്പിക്കുകയും രാഷ്ട്രീയമായി മൗനമവലംബിക്കുന്ന ഇസ്ലാമിന്റെ രൂപങ്ങളെ പ്രശംസനീയമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നതിൽ ഭീകരവാദ വിരുദ്ധ യുദ്ധ വ്യവഹാരം വിജയിച്ചിട്ടുണ്ടെന്ന് കരുതുന്നുണ്ടോ?
‘നല്ല മുസ്ലിം’ എതിര് ‘ചീത്ത മുസ്ലിം’ എന്ന പ്രയോഗം ഉപയോഗപ്രദമായിരിക്കെത്തന്നെ കൂടുതൽ കൃത്യമായ വിവരണം ‘മുസ്ലിം വിരുദ്ധനാണൊരു നല്ല മുസ്ലിം’ എന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്നെയുള്ള തസ്ലീമ നസ്റീൻ, താരിക് ഫതാഹ്, ജാവേദ് അഖ്തർ, വസീം റിസ് വി തുടങ്ങിയ വ്യക്തിത്വങ്ങളെയെടുക്കുക. തസ്ലീമ നസ്റീൻ ബംഗ്ലാദേശിലും താരിക് ഫതാഹ് പാകിസ്താനിലും ജനിച്ചവരാണെങ്കിലും ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ’ പേരിൽ അവരെ രണ്ടുപേരെയും ഇന്ത്യ സ്വാഗതം ചെയ്തു. ഇസ്ലാമിനെയും മുസ്ലിംകളെയും അധിക്ഷേപിക്കാനും ആക്രമിക്കാനുമുള്ള എല്ലാ ‘സ്വാതന്ത്ര്യവും’ അവർക്ക് നൽകി. ഒളിഞ്ഞും തെളിഞ്ഞും വ്യത്യസ്ത ശൈലിയിലും രൂപത്തിലും അതിനെ പ്രതിനിധാനംചെയ്യുന്ന മറ്റു പലരുമുണ്ട്. ഇർഷാദ് മൻജി, അയാൻ ഹിർസി അലി (മുമ്പ് നെതർലൻഡ്സിലായിരുന്നു) എന്നിവർ യു.എസ്-കാനഡയിലെ രണ്ടുദാഹരണങ്ങളാണ്. വസീം റിസ്വി ഹിന്ദുയിസത്തിലേക്കും അലി ക്രൈസ്തവതയിലേക്കും മതം മാറിയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഒരുവശത്ത് ഇത്തരം വ്യക്തിത്വങ്ങളെ പ്രമോട്ട് ചെയ്യാനും പൊതുമണ്ഡലത്തിൽ സജീവമാക്കി നിർത്താനും പ്രവർത്തിക്കുന്ന ഭീമൻ അധികാരഘടനയും മാധ്യമശൃംഖലകളും പണവും കാരണവും, മറുവശത്ത് ഇസ്ലാമിക മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുകയും അതിന് ശബ്ദം നൽകാൻ ശ്രമിക്കുകയും ചെയ്യുന്ന ആളുകളെ മോശമായി ചിത്രീകരിക്കുകയും നിന്ദിക്കുകയും അടിച്ചമർത്തുകയും ഉപദ്രവിക്കുകയും, ജയിലിലടക്കുകപോലും ചെയ്യുന്നതിനാൽ മൗനത്തിന്റെയും പ്രശാന്തതയുടെയും നിഷ്പക്ഷതയുടെയും വിട്ടുനിൽക്കലിന്റെയും മാർഗം ‘തെരഞ്ഞെടുക്കുകയാണ്’ പലരും ചെയ്തത്. പക്ഷേ അത്തരം പരീക്ഷണത്തിന്റെ സന്ദർഭങ്ങളിലാണ് അധികാരത്തോട് സത്യം വിളിച്ചുപറയുകയെന്നത് (അധികാരത്തിനകത്തും പുറത്തും നിന്നുകൊണ്ട്) അങ്ങേയറ്റം നിർണായകമായിത്തീരുന്നത്. പൊതുമണ്ഡലത്തിൽ സ്വയം അവതരിപ്പിക്കാനും പുതുക്കാനും വാദിക്കാനുമുള്ള നവമാർഗങ്ങൾ നൈതികരാഷ്ട്രീയം കണ്ടെത്തുകതന്നെ വേണം.

മിക്ക ഇടത് പുരോഗമന പ്രസ്ഥാനങ്ങളും അമേരിക്കൻ സാമ്രാജ്യത്വത്തെയും ഇസ്രായേൽ അധിനിവേശത്തെയും ശക്തമായി എതിർക്കുമെങ്കിലും, മുസ്ലിം രാഷ്ട്രീയവുമായി ഇടപെടുന്ന സന്ദർഭങ്ങളെത്തുമ്പോൾ അവരും ‘റാഡിക്കലൈസേഷൻ,’ ‘തീവ്രവാദം,’ ‘പൊളിറ്റിക്കൽ ഇസ്ലാം’ എന്നുതുടങ്ങിയ ഭാഷാപ്രയോഗങ്ങൾ തന്നെയാണ് എടുത്തുപയോഗിക്കാറുള്ളത്. ഈ വൈരുധ്യത്തെ താങ്കളെങ്ങനെയാണ് മനസ്സിലാക്കുന്നത്? സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ ഭാവനകളെപ്പോലും മാറ്റിത്തിരുത്താൻ ഭീകരവാദവിരുദ്ധ യുദ്ധ വ്യവഹാരങ്ങൾക്ക് സാധിച്ചുവെന്നാണോ?
‘ഇടതുപക്ഷം’ ഉപയോഗിക്കുന്ന പദാവലികളുടെ താങ്കൾ പറഞ്ഞ ആ പട്ടികയിൽ ‘മൗലികവാദം,’ ‘യാഥാസ്ഥിതികത’ തുടങ്ങിയ വാക്കുകളും കൂട്ടിച്ചേർക്കാമെന്ന് തോന്നുന്നു. ക്രിസ്ത്യൻ താലിബാൻ, ഹിന്ദു താലിബാൻ എന്നു തുടങ്ങിയ പദങ്ങളും അത്തരം ഇടതുബുദ്ധിജീവികൾ ഉപയോഗിക്കാറുണ്ട്. അവരുടെ മറുപക്ഷമായ ലിബറൽ ബുദ്ധിജീവികളും ഇക്കാര്യത്തിൽ സമാനമായിട്ടല്ലെങ്കിലും ഒട്ടും പിന്നിലല്ല. ഇതവരുടെ അജ്ഞത കാരണമോ നിഷ്കളങ്കത കാരണോ ആയാലും, നിങ്ങളും വെറുപ്പിന്റെ വ്യാപാരികളായിത്തീരുകയും ഇസ്ലാമോഫോബിയയിൽ ഭാഗമാവുകയും ചെയ്യുകയാണെന്ന് അവരോട് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. താലിബാൻ എന്നതിന് മുമ്പ് ക്രിസ്ത്യൻ, ഹിന്ദു തുടങ്ങിയ ഉപസർഗങ്ങളുപയോഗിക്കുന്നതിലൂടെ താലിബാൻ/ഇസ്ലാം ആണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയുമൊക്കെ പ്രഭവകേന്ദ്രമെന്നാണ് അതിലൂടെ അർഥമാക്കുന്നത്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അത് കടംകൊള്ളുക മാത്രമാണ് ചെയ്യുന്നതെന്നും വരുന്നു.
ഫ്രാൻസിലെ “ജീവിക്കുന്ന മഹാ തത്ത്വചിന്തകനും” “അഭിവന്ദ്യനായ മാവോയിസ്റ്റും” ഒക്കെയായ അലൻ ബാദ്യൂവിനെപ്പോലുള്ള (Alain Badiou) റാഡിക്കൽ ബുദ്ധിജീവികളുടെ ചില എഴുത്തുകൾ ഉദാഹരണമായി പുസ്തകം ഉദ്ധരിക്കുന്നുണ്ട്. ബാദ്യൂ എഴുതുന്നു: “വിമോചനത്തിന്റെ യുക്തിഭദ്ര രാഷ്ട്രീയം ഉള്ളടങ്ങിയ വർത്തമാനകാലത്തെ... ദുർഗ്രാഹ്യമാക്കുകയെന്നതാണ് ഉപജാപ ഇസ്ലാമിന്റെ ദൈവത്തിന്റെ ഒരേയൊരു ധർമം.” ഫ്രാൻസിലെ നൈസിൽ നടന്ന ഭയാനകമായ ആക്രമങ്ങളെ ആസ്ട്രേലിയയിലെ റാഡിക്കൽ നരവംശശാസ്ത്രജ്ഞനെന്നറിയപ്പെടുന്ന ഗസ്സൻ ഹെയ്ഷ് (Ghassan Hage) “ഇസ്ലാമോ-ഫാഷിസ്റ്റ് ഭീകരാക്രമണങ്ങൾ” എന്നാണ് വിളിച്ചത്. ജോർജ് ബുഷ് ജനകീയമാക്കിയ ഇസ്ലാമോ-ഫാഷിസം എന്ന പദത്തെ അനുസരണയോടെ ഉപയോഗിക്കുക മാത്രമായിരുന്നു അദ്ദേഹം.

ഒറിജിൻസ് ഓഫ് ടോറ്റാലിറ്റേറിയനിസം എന്ന പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ ഹന്നാ ആരൻഡ് ‘ലെഫ്റ്റിസ്റ്റ് ആന്റിസെമിറ്റിസ’ത്തെ കുറിച്ച് പറയുന്നുണ്ട്. സമാനമായി ഇന്ത്യയിൽ വിഭജനത്തിന് മുന്നേ മുതലും ആഗോളതലത്തിലുമുള്ള ലെഫ്റ്റിസ്റ്റ് ഇസ്ലാമോഫോബിയയെക്കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുരസ്കാര ജേതാക്കളായ അരുന്ധതി റോയിയെ പോലുള്ള റാഡിക്കലുകളും സി.പി.എമ്മിന്റെ ഉന്നത നേതാവായ സീതാറാം യെച്ചൂരിയെപ്പോലുള്ളവരും എങ്ങനെയാണ് വ്യത്യസ്തരൂപത്തിൽ ഈ ആഗോള വ്യവഹാരവുമായി കണ്ണിചേരുന്നതെന്ന് എന്റെ ‘The Algebra of Warfare-Welfare’ എന്ന പുസ്തകത്തിൽ തെളിവുകൾ സഹിതം അവതരിപ്പിച്ചിട്ടുണ്ട്. ആ വ്യവഹാരത്തെയാണ് അത്തരക്കാർ ‘ദേശത്തെ’ പ്രീതിപ്പെടുത്താനായി പ്രാദേശിക പശ്ചാത്തലത്തിൽ പുനരവതരിപ്പിക്കുന്നത്. നേർവിപരീതദിശയിലുള്ള അതിന്റെ സഞ്ചാരവും സത്യമാണ്.
9/11 ഇരുപത്തഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, ആഗോള രാഷ്ട്രീയഭൂമിക പല മാറ്റങ്ങളിലൂടെ കടന്നുപോകുന്നതായാണ് മനസ്സിലാകുന്നത്. ഒരു വശത്ത് ഗസ്സയിലെ വംശഹത്യ അഭൂതപൂർവമായ ഫലസ്തീൻ ഐക്യദാർഢ്യ മുന്നേറ്റങ്ങൾക്ക് ആഗോളതലത്തിൽതന്നെ തിരികൊളുത്തുന്നു, അത് ഭീകരവാദവിരുദ്ധ ആഖ്യാനങ്ങളെ പുനഃപരിശോധിക്കുന്നതിന് കാരണമാകുന്നു, അതേസമയം മറുവശത്ത് മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെക്കുറിച്ചുള്ള പ്രബല ധാരണകളെ തിരുത്തും വിധമുള്ള സൊഹ്റാൻ മംദാനിയുടെ ഇലക്ഷൻ വിജയംപോലുള്ള സംഭവവികാസങ്ങളും ലോകത്ത് സംഭവിക്കുന്നു.
പക്ഷേ, ഇന്ത്യയിൽ പൗരത്വവും, യു.എ.പി.എയും, ഭരണകൂട നിരീക്ഷണവും, നശീകരണ നടപടികളും, മുസ്ലിം രാഷ്ട്രീയ പങ്കാളിത്തവുമൊക്കെ സംബന്ധിച്ചുള്ള സംവാദങ്ങളെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഭാഷതന്നെയാണ് ഇപ്പോഴും നിർണയിക്കുന്നത്. ഈ വ്യതിയാനത്തെ താങ്കളെങ്ങനെയാണ് കാണുന്നത്? ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള പ്രബല വീക്ഷണകോണായി ഇപ്പോഴും നിലനിൽക്കുന്നത് ഭീകരവാദവിരുദ്ധ യുദ്ധ വ്യവഹാരങ്ങൾതന്നെയാണോ? അതല്ല സുരക്ഷ, തീവ്രവാദം, സംശയാസ്പദം തുടങ്ങിയ അതിന്റെ സംവർഗങ്ങൾക്കപ്പുറം അത്തരം സംവാദങ്ങൾ സഞ്ചരിക്കാനുള്ള സാധ്യത താങ്കൾ കാണുന്നുണ്ടോ?
മില്യൺ കണക്കിനാളുകൾ ലൈവായി കണ്ട, പ്രത്യേകിച്ച് യുവതലമുറ സമൂഹമാധ്യമങ്ങളിലൂടെ വീക്ഷിച്ച, ഗസ്സൻ വംശഹത്യ, വളച്ചൊടിച്ച ചരിത്രത്തിലൂടെയും വ്യാജപ്രമേയങ്ങളിലൂടെയും കാലങ്ങൾകൊണ്ട് നിർമിച്ചെടുത്ത സയണിസ്റ്റ് ആഖ്യാനങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നത് ശരിതന്നെ. സൊഹ്റാൻ മംദാനിയുടെ വിജയം ആ അർഥത്തിൽ പ്രതീക്ഷക്ക് വകനൽകുന്നൊരു ലക്ഷണംതന്നെയാണ്. പക്ഷേ, താഴേക്കിടയിലും ന്യൂയോർക്കിന് പുറത്തും ഈ വിജയം മൂർത്തമായ മാറ്റങ്ങളായി വിവർത്തനം ചെയ്യപ്പെടാൻ പോകുന്നതെങ്ങനെയാണെന്ന് കാത്തിരുന്ന് കാണണം.
മംദാനി ഉമർ ഖാലിദിനെക്കുറിച്ച് സംസാരിച്ച ഘട്ടത്തിൽ മുഫ്തി ഖയ്യൂമിനെയും ഷർജീൽ ഇമാമിനെയും ഒന്ന് പ്രതിപാദിക്കുകപോലും ചെയ്യാതിരുന്നതെന്തുകൊണ്ടെന്ന് (അവർക്ക് വേണ്ടി അഭ്യർഥിക്കുന്നതേ പോട്ടെ) ഞാനാശ്ചര്യപ്പെട്ടിരുന്നു. ഗുജറാത്തിലുണ്ടായ ഒരു ഭീകരവാദ സ്ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണത്തിന്റെ പേരിൽ പതിനൊന്ന് വർഷം ജയിലിൽ കഴിഞ്ഞ് വധശിക്ഷ വിധിക്കപ്പെട്ടയാളാണ് മുഫ്തി ഖയ്യൂം. സുപ്രീംകോടതി പിന്നീടദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിടുകയായിരുന്നു. മുസ്ലിംകളെ കുടിയൊഴിപ്പിക്കുന്നതും ഇസ്ലാമോഫോബിയയും അങ്ങേയറ്റം സാധാരണവത്കരിക്കപ്പെട്ട അതേ ഗുജറാത്താണ് മംദാനിയുടെ തറവാട്.

മംദാനിയുടെ വിജയത്തെ ചെറുതാക്കി കാണുകയെന്നതല്ല എന്റെ ഉദ്ദേശ്യം മറിച്ച്, തെരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്ര നിലപാടിനെയും അധികാരത്തെയും അടിവരയിട്ട് കാണിക്കുകയെന്നത് മാത്രമാണ്. മംദാനിയെയും രാമചന്ദ്രഗുഹയെയും പോലുള്ള ആളുകൾ ഉമർഖാലിദിനെ കുറിച്ച് സംസാരിക്കുകയും അതേസമയം കാലിക്കടത്തിന്റെയും, ബീഫ് കഴിച്ചതിന്റെയും പേരിൽ മുസ്ലിംകളെ ആൾക്കൂട്ടാക്രമണത്തിന് വിധേയമാക്കുന്നതിനെ കുറിച്ചും, അല്ലെങ്കിൽ അവരുടെ വീടും കടകളും പള്ളികളും മറ്റ് പൈതൃക സൗധങ്ങളും ഇടിച്ചുനിരത്തുന്നതിനെക്കുറിച്ചും മൗനമവലംബിക്കുകയും ചെയ്യുന്നത് ആശയക്കുഴപ്പത്തിന്റെ ലക്ഷണങ്ങളാണ്. ബുൾഡോസിങ്ങും ആൾക്കൂട്ടാക്രമണവും ഹിജാബിനെതിരെയുള്ള കർണാടകയിൽ നടന്നതുപോലുള്ള യുക്തിഹീനമായ എതിർപ്പുമൊക്കെ ഊന്നിനിൽക്കുന്ന അധികാര ക്രമീകരണങ്ങളെയും വിജ്ഞാന രൂപവത്കരണങ്ങളെയുമൊക്കെ നേരിടുകയും വിമർശന വിധേയമാക്കുകയും ചെയ്തേ തീരൂ.
ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ ഭീകരവാദം-സുരക്ഷാവത്കരണം എന്ന ചട്ടക്കൂട് ഇനിയും പ്രബലമായി തുടരാൻതന്നെയാണ് സാധ്യത എന്നാണെനിക്ക് തോന്നുന്നത്. ദിവസങ്ങൾ കഴിയുന്തോറും അതിനിയും ഉഗ്രരൂപം പ്രാപിക്കാനാണ് സാധ്യത. സംഭവങ്ങളും സ്ഥലങ്ങളും കഥാപാത്രങ്ങളും മാറിക്കൊണ്ടിരിക്കും. പക്ഷേ, അതിന്റെ വ്യാകരണവും അതിന് പിന്നിലെ തിരക്കഥയുമായിരിക്കും മാറാതെ തുടരുക. ഉദാഹരണത്തിന്, ലൗ ജിഹാദ്, കൊറോണ ജിഹാദ്, ലാൻഡ് ജിഹാദ്, മാർക്സ് ജിഹാദ് തുടങ്ങിയ വിവാദങ്ങൾതന്നെയെടുക്കുക. ആ പട്ടിക അതുകൊണ്ടൊന്നും തീരില്ല. രാഷ്ട്രീയം, ബോളിവുഡ്, ജനപ്രിയ സംഗീതം, ഭക്ഷണ സംസ്കാരം, ദൈനംദിന ജീവിതം എന്നുതുടങ്ങിയ സമസ്ത മേഖലകളിലും അത്തരം ബോധപൂർവമുള്ള വിദ്വേഷ പ്രചാരണങ്ങൾ നടമാടിക്കൊണ്ടേയിരിക്കും.
നിലനിൽക്കുന്ന രാഷ്ട്രീയത്തിലും അതിലും പ്രധാനമായി ആ രാഷ്ട്രീയം ആശ്രയിക്കുന്ന വിശാലമായി വ്യവഹാരത്തിലും മാറ്റമുണ്ടാകാനുള്ള സാധ്യത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നല്ല. അതൊരു അനിവാര്യതയാണ്. പക്ഷേ, ആ മാറ്റം എങ്ങനെ കൊണ്ടുവരാമെന്നത് ഉത്തരം പറയാൻ പ്രയാസകരമായൊരു ചോദ്യമാണ്. മറ്റൊരു സംഭാഷണംതന്നെ അതിനായി ആവശ്യമായി വരും. പക്ഷേ അത്തരമൊരു മാറ്റത്തിനായുള്ള തേട്ടവും പ്രതീക്ഷയും, അത് സാധ്യമാക്കാനുള്ള കഠിനശ്രമങ്ങളുമില്ലാതെ നമ്മുടെ ജീവിതം വെറും നഗ്നജീവിതങ്ങളായി ഒടുങ്ങിത്തീരും.
