Begin typing your search above and press return to search.
proflie-avatar
Login

ഗണിത സാഹിത്യ ലോകത്ത്

ഗണിത സാഹിത്യ ലോകത്ത്
cancel
camera_alt

പള്ളിയറ ശ്രീധരൻ

ഗണിതശാസ്ത്ര പുസ്തക രചനയിൽ പ്രശസ്തനാണ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർകൂടിയായ പള്ളിയറ ശ്രീധരൻ. ഗണിതസംബന്ധിയായ നൂറ്റിയമ്പതിലധികം പുസ്തകങ്ങൾ ഇതിനോടകം അദ്ദേഹം രചിച്ചുകഴിഞ്ഞു. ‘മാതമജീഷ്യൻ’ എന്ന പേരിൽ അറിയപ്പെടുന്നഅദ്ദേഹം സംസാരിക്കുന്നു

ഗണിതത്തെ സാഹിത്യ വിഷയമായി കണ്ട് രചന നടത്തുന്ന ആളാണ് പള്ളിയറ ശ്രീധരൻ. പലരും കൈവെക്കാൻതന്നെ പേടിക്കുന്ന ഗണിതം രസകരമായി സാഹിത്യലോകത്ത് അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി വളരെ ലളിതമായിത്തന്നെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

‘ഗണിത’ സാഹിത്യം

നമുക്ക് പഠിക്കാൻ ധാരാളം വിഷയങ്ങളുണ്ട്. ഈ വിഷയങ്ങളെല്ലാം നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നവയല്ല. പക്ഷെ, ഗണിതമില്ലാതെ ആർക്കും ജീവിക്കാൻപോലും സാധ്യമല്ല. ഗണിതത്തെ വെറുത്താലും ഇല്ലെങ്കിലും സ്വീകരിച്ചേ മതിയാകൂ. ഒരു മലയാള സിനിമയിലെ ‘ഭൂഗോളത്തിന്റെ സ്​പന്ദനം കണക്കിലാണ്’ എന്ന വാചകം പ്രസിദ്ധമാണല്ലോ. ഭൂഗോളത്തിന്റെ സ്​പന്ദനം മാത്രമല്ല. പ്രപഞ്ചത്തിന്റെ മുഴുവൻ സ്​പന്ദനമാണ്. ഇത്രയും വലിയ പ്രപഞ്ചത്തിൽ ഗണിതമില്ലാത്ത ഒരു വസ്​തുവുമില്ല, ഒരു പ്രതിഭാസവുമില്ല. ഇത്രയും പ്രധാനപ്പെട്ട വിഷയത്തെ പലരും വെറുപ്പോടെയാണ് സമീപിക്കുന്നത്. ഈ സമീപനം മാറ്റുന്നതിനുള്ള ശ്രമമാണ് ഞാൻ എഴുത്തിലൂടെ നിർവഹിക്കുന്നത്.

ഗണിതത്തോടുള്ള വെറുപ്പ് പുസ്​തകത്തിലൂടെ മാറ്റാൻ സാധിക്കുമോ എന്നതാകും അടുത്ത ചോദ്യം. സാഹിത്യം മിക്കവർക്കും ഇഷ്ടമാണ്. അപ്പോൾ ഗണിതത്തെ സാഹിത്യരൂപത്തിലൂടെ അവതരിപ്പിച്ചാൽ സ്വീകരിക്കപ്പെടില്ലേ എന്നായിരുന്നു എന്റെ ചിന്ത. കുട്ടികൾക്കാണ് ഇത് ആദ്യം നൽകേണ്ടത് എന്ന് മനസ്സിലായി. ഗണിതാധ്യാപകനായി ജോലി ആരംഭിച്ചപ്പോഴാണ് ഗണിതത്തിനോട് കുട്ടികൾക്കുള്ള പ്രയാസം നേരിട്ട് മനസ്സിലാക്കാൻ സാധിച്ചത്. ഗണിതത്തിൽ ധാരാളം രസകരമായ കാര്യങ്ങൽ ഉണ്ടെങ്കിലും അത് പരിചയപ്പെടാൻ അവസരം കിട്ടുന്നില്ല എന്നതാണ് പ്രാധാന പ്രശ്നം. ഗണിതത്തിലെ രസകരമായ കാര്യങ്ങൾ വിശദീകരിക്കുന്ന പുസ്​തകങ്ങളൊന്നും അക്കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നില്ല. ഒരു പരീക്ഷണം എന്ന നിലയിൽ പ്രകൃതിയിൽ കാണുന്ന രസകരമായ ചില ഗണിത വസ്​തുതകൾ ഉൾപ്പെടുത്തിക്കൊണ്ട് ‘പ്രകൃതിയിലെ ഗണിതം’ എന്ന ഒരു പുസ്​തകം പ്രസിദ്ധീകരിച്ചു.

പ്രകൃതിയുടെ ഗണിതം

പ്രകൃതി നല്ലൊരു പാഠപുസ്​തകമാണ്. പല വിഷയങ്ങളും പ്രകൃതിയിൽനിന്ന് പഠിക്കാം. ഒരു മഴവില്ല് കാണുമ്പോൾ ഏഴ് എന്ന സംഖ്യ നമ്മുടെ മുന്നിലെത്തുന്നു. ഏഴിലംപാലയിലും ഏഴുണ്ട്, നമുക്ക് രണ്ട് കണ്ണുകൾ, രണ്ട് കാലുകൾ, ഒരു പക്ഷിക്ക് രണ്ട് ചിറകുകൾ, ഒരു പുഴക്ക് രണ്ട് കരകൾ... ഇതിലെല്ലാം ഗണിതമുണ്ട്. പ്രകൃതിയിൽ എന്നെ ആകർഷിച്ചത് തേനീച്ചകളാണ്. തേനറയുടെ നിർമ്മിതിയിൽ ധാരാളം ഗണിതങ്ങളുണ്ട്. തേനുള്ള സ്ഥലം കണ്ടുപിടിക്കുന്നതും തേൻ കൊണ്ടുവരുന്നതും വ്യത്യസ്​ത വിഭാഗക്കാരാണ്. ഒരു കോണളവും, ഒരു ദൂരവും ഉപയോഗിച്ച് ഒരു സ്​ഥാനം കണ്ടുപിടിക്കുന്നത് പോളാർ കോഓഡിനേറ്റ് സിസ്​റ്റമാണ്. ഇത് കുട്ടികൾ ഉയർന്ന ക്ലാസിലാണ് പഠിക്കുന്നത്. ഈ വിദ്യ തേനീച്ചക്കറിയാം എന്നത് വിസ്​മയകരമായ കാര്യമാണ്. ഇത്തരം ചില രസകരമായ വസ്​തുതകൾ വിശദീകരിച്ചുകൊണ്ടാണ് ആദ്യ പുസ്​തകമായ പ്രകൃതിയിലെ ഗണിതം രചിക്കപ്പെട്ടത്.

മലയാളത്തിലെ ആദ്യകാലത്തെ പ്രമുഖ ശാസ്​ത്ര രചയിതാക്കളിൽ ഒരാളാണ് ഡോ. കെ. ഭാസ്​കരൻ നായർ. അദ്ദേഹം വിശ്രമജീവിതം നയിക്കാൻ തിരഞ്ഞെടുത്തത് കണ്ണൂരിലായിരുന്നു. എന്റെ കൈയെഴുത്ത് പ്രതി ഞാൻ അദ്ദേഹത്തെ കാണിച്ചു. വളരെ നല്ലതാണ് ഇതെന്നും ഇത് പുസ്​തകമായി പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതിന് അദ്ദേഹം അവതാരികയും എഴുതി. അക്കാലത്തെ മറ്റൊരു പ്രസിദ്ധ ശാസ്​ത്രകാരനായിരുന്നു പി.ടി. ഭാസ്​കരപ്പണിക്കർ. അദ്ദേഹം ഒരു പരിപാടിക്ക് കണ്ണൂരിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തിന് പുസ്​തകം നൽകി. മലയാളത്തിൽ കഥയും കവിതയുമെഴുതാൻ ധാരാളം പേർ ഉണ്ടെന്നും വിഷമകരമായ ഗണിതത്തെ ഈ രീതിയിൽ അവതരിപ്പിക്കാൻ ആളില്ല എന്നും അദ്ദേഹമന്ന് അഭിപ്രായപ്പെട്ടു. ഈ രംഗത്തുതന്നെ മുന്നോട്ടുപോകണമെന്നും നിർദേശിച്ചു.

ഗണിതം തുടരുന്നു

ആദ്യ പുസ്​തകം ഞാൻ പഠിച്ച, പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കൂടാളി ഹൈസ്​കൂൾ ലൈബ്രറിക്ക് നൽകി. കേരളത്തിലെ ഏറ്റവും നല്ല വിദ്യാലയത്തെ കണ്ടുപിടിക്കുന്നതിന് സംസ്​ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ കൂടാളി ഹൈസ്​കൂൾ സന്ദർശിച്ചിരുന്നു. ഈ പുസ്​തകം അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ പുസ്​തത്തെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. ഗണിതം കൈകാര്യം ചെയ്യുന്ന ഇത്തരം പുസ്​തകങ്ങൾ രചിക്കാൻ ശ്രദ്ധിക്കണമെന്നു പറഞ്ഞു. അങ്ങനെ കൂടുതൽ കൂടുതൽ പുസ്​തകങ്ങളുടെ രചനയുമായി മുന്നോട്ടുപോയി.

വിദ്യാഭ്യാസ ജില്ലതലത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക സംഘടനയാണ് ജില്ല സ്​കൂൾ ഗണിതശാസ്​ത്ര അ​സോസിയേഷൻ. കുറച്ച് ഗണിതപുസ്​തകങ്ങൾ രചിച്ചതോടെ ഞാൻ ഇതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയായി. ഗണിത ക്വിസ്​ മത്സരങ്ങൾ, ഗണിതശാസ്​ത്ര മേള എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടി വന്നു. ഏകമകൻ എന്ന നിലയിൽ വീട്ടിലെ ഉത്തരവാദിത്തം, സ്​കൂളിലെ ജോലിഭാരം, സാഹിത്യ രചന... എല്ലാത്തിനോടും നീതിപുലർത്തുക അസാധ്യമായിരുന്നു. ഗണിതശാസ്​ത്ര രചനയാണ് ജീവിത ലക്ഷ്യം എന്ന ഉറച്ച തീരുമാനത്തിൽ എല്ലാം ഉപേക്ഷിച്ചു. ഭീമമായ സാമ്പത്തികനഷ്ടം സഹിച്ചും റിട്ടയർമെന്റിന് ആറുവർഷം മുമ്പ് വളണ്ടറി റിട്ടയർമെന്റ് വാങ്ങി എഴുത്ത് തുടർന്നു.

പുസ്തകശാലയിലേക്ക്

ഗണിത പുസ്​തകങ്ങൾ ആയതിനാലാവാം പ്രസാധകർ പലരും പുസ്​തകം പ്രസിദ്ധീകരിക്കാൻ വിമുഖത കാണിച്ചു. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ചെലവഴിച്ച് കണ്ണൂർ നഗരത്തിൽ ‘ജീനിയസ്​ ബുക്സ്​’ എന്ന പ്രസിദ്ധീകരണ സ്ഥാപനം ആരംഭിച്ചു. പുസ്​തകങ്ങൾ അച്ചടിച്ച് സ്വകാര്യ വിൽപനശാലക്കാരെയാണ് ഏൽപിച്ചത്. പലതിനും പണം തന്നില്ല. ലക്ഷക്കണക്കിന് രൂപ ഇപ്പോഴും കിട്ടാനുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായപ്പോൾ ‘ജീനിയസ്​ ബുക്സ്​’ അടച്ചുപൂട്ടി.

എടയന്നൂർ ഗവ. യു.പി സ്​കൂളിൽ പഠിക്കുമ്പോൾ സാഹിത്യ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിരുന്നു. ഏഴാം ക്ലാസിലായപ്പോൾ കൂത്തുപറമ്പ് ഡെവലപ്മെന്റ് ഓഫിസ്​ ബ്ലോക്ക് തലത്തിൽ നടത്തിയ ലേഖന മത്സരത്തിൽ സമ്മാനം നേടി. ‘ലോകോപകാരികൾ’ എന്ന ശാസ്​ത്രജ്ഞരുടെ ജീവ ചരിത്ര പുസ്​തകമാണ് എനിക്ക് സമ്മാനമായി ലഭിച്ചത്. കണ്ണൂർ സാഹിത്യവേദി എന്ന ഒരു സംഘടന അക്കാലത്ത് പ്രവർത്തിച്ചിരുന്നു. അവർ ഇടക്കിടെ കവി-കാഥിക സമ്മേളനം നടത്തിയിരുന്നു.

ഇതിൽ പങ്കെടുക്കുന്നതിന് വേണ്ടി ധാരാളം രചനകൾ നടത്തി. ഞാൻ അതിന്റെ സെക്രട്ടറിയായി കുറെകാലം പ്രവർത്തിച്ചു. വിവിധ മാസികകളിലും വാരികകളിലും ധാരാളം കഥകൾ പ്രസിദ്ധീകരിച്ചു. കഥാസമാഹാരമായി നാലഞ്ച് പുസ്​തകങ്ങളിൽ പകർത്തി. പക്ഷെ, അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. അവയെല്ലാം നഷ്ട​പ്പെട്ടുപോയി.

ഗണിതമല്ല, സാഹിത്യം

മലയാളത്തിലെ പത്രങ്ങളിലും മാസികകളിലുമായി ആയിരത്തിലേറെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടു. അമ്പതിലേറെ റേഡിയോ ടി.വി പരിപാടികൾ. ദൂരദർശനിലൂടെയാണ് ഏറ്റവും കൂടുതൽ പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെട്ടത്. ആകെ 150 പുസ്​തകങ്ങൾ രചിച്ചതിൽ ഭൂരിഭാഗവും ഗണിതവിഷയമാണ് കൈകാര്യം ചെയ്തത്. പക്ഷെ, പുസ്​തകങ്ങൾ ഗണിതപുസ്​തകമായിട്ടല്ല പരിഗണിക്കേണ്ടത്. ഗണിതത്തെ ഒരു സാഹിത്യ വിഷയമായാണ് കൈകാര്യം ചെയ്തത്.

കവിത, നാടകം, ജീവചരിത്രം, ആത്മകഥ, വിജ്ഞാനകോശം, നിഘണ്ടു തുടങ്ങി വിവിധയിനം പുസ്​തകങ്ങൾ എന്നേക്കാൾ രചിച്ചവർ ഉണ്ടാകാം. പക്ഷെ, ഗണിതത്തെ സാഹിത്യരൂപമാക്കി രചന നടത്തിയവർ ആരുമില്ല എന്നാണ് മനസ്സിലാക്കുന്നത്. കണക്കിനെ വെറുക്കുന്നവർ പോലും സാഹിത്യം ഇഷ്ടപ്പെടും. ചെറുപ്പത്തിൽതന്നെ കുട്ടികൾ ഗണിതം ഇഷ്ടപ്പെട്ടാൽ അവൻ ജീവിതകാലം മുഴുവൻ ഗണിതം ഇഷ്ടപ്പെടും.

കുറെ മക്കളുള്ള ഒരാളോട് ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ് എന്ന്് ചോദിക്കുന്നതുപോലെയായാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന ചോദ്യം. കമ്പ്യൂട്ടറിനെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യത്തെ പുസ്​തകം 1987ൽ പ്രസിദ്ധീകരിച്ചു. ലോകപ്രശസ്​ത വാനശാസ്​ത്രജ്ഞന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു. മലയാള ഭാഷയിൽ നശിച്ചുപോയിക്കൊണ്ടിരിക്കുന്ന വാക്കുകൾ സമാഹരിച്ച് പഴയ മലയാളം എന്ന പുസ്​തകം രചിച്ചു. റോബോട്ടുകളെപ്പറ്റിയും പുസ്​തകം രചിച്ചിട്ടുണ്ട്. ഞാൻ പുസ്​തകമെഴുതുന്നത് അവാർഡിന് വേണ്ടിയല്ല.

മിക്കവരും വെറുക്കുന്ന ഒരു വിഷയമായതിനാൽ പ്രസാധകരും അവാർഡ് കമ്മിറ്റിക്കാരും പരിഗണിക്കാറുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ബാലസാഹിത്യ പുരസ്​കാരത്തിന് അവസാന ലിസ്​റ്റിൽ ഉൾപ്പെട്ട നാലുപേരിൽ ഒരാൾ ഞാനായിരുന്നു എന്നതിൽ അഭിമാനമുണ്ട്.

Show More expand_more
News Summary - In the mathematical and literary world