ബംഗാളല്ല കേരളം, എന്നാൽ...

സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. ആദ്യഭാഗം ‘കാൽചുവട്ടിെല ചുവന്ന മണ്ണ്’ എന്ന തലക്കെട്ടിൽ ‘മാധ്യമം വാർഷികപ്പതിപ്പ് 2025’ൽ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ രാഷ്ട്രീയ ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന ജി. സുധാകരൻ തെന്റ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല. കുട്ടനാട്ടിൽ ഞങ്ങൾ കാഴ്ചവെച്ച പാർട്ടി പ്രവർത്തനമൊക്കെ ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ കഴിയുമോ? വി.എസ് ആയിരുന്നു കുട്ടനാടിന്‍റെ നേതാവ്. അദ്ദേഹം പറഞ്ഞിട്ടാണല്ലോ ഞാൻ താലൂക്ക് സെക്രട്ടറിയായി കുട്ടനാട്ടിലേക്ക് പോയത്....
Your Subscription Supports Independent Journalism
View Plansസി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. ആദ്യഭാഗം ‘കാൽചുവട്ടിെല ചുവന്ന മണ്ണ്’ എന്ന തലക്കെട്ടിൽ ‘മാധ്യമം വാർഷികപ്പതിപ്പ് 2025’ൽ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ രാഷ്ട്രീയ ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന ജി. സുധാകരൻ തെന്റ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല.
കുട്ടനാട്ടിൽ ഞങ്ങൾ കാഴ്ചവെച്ച പാർട്ടി പ്രവർത്തനമൊക്കെ ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ കഴിയുമോ? വി.എസ് ആയിരുന്നു കുട്ടനാടിന്‍റെ നേതാവ്. അദ്ദേഹം പറഞ്ഞിട്ടാണല്ലോ ഞാൻ താലൂക്ക് സെക്രട്ടറിയായി കുട്ടനാട്ടിലേക്ക് പോയത്. വി.എസിന്‍റെ ബലമായിരുന്നു അന്ന് പാർട്ടിയുടെ ബലം. പറഞ്ഞാൽ അവിടെ നിൽക്കും വി.എസ്. ഒരു തരിമ്പും അനങ്ങില്ല. ഉന്നയിച്ച ആവശ്യം നേടിയെടുത്തേ പോകൂ. അതിനൊന്നും ഇന്നാരും തയാറാകില്ല; പേടിച്ചുപോകും. സി.എച്ച്. കണാരൻ, എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ പരിണതപ്രജ്ഞരായിരുന്നല്ലോ മുന്നിൽ. സി.പി.എം രൂപവത്കരിച്ച കാലത്തെ ആ ഒമ്പതു പേരുമായും അടുപ്പത്തിലായിരുന്നു ഞാൻ. എസ്.എഫ്.ഐ വഴി ദേശീയതലത്തിൽ നിറഞ്ഞു പ്രവർത്തിച്ചു. പി. സുന്ദരയ്യക്കൊക്കെ എന്നെ വലിയ കാര്യമായിരുന്നു. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഞാൻ പോകാത്ത ഒരു പഞ്ചായത്തുമില്ല. എസ്.എഫ്.ഐ പ്രവർത്തനം അങ്ങനെയായിരുന്നു. എവിടെ ചെന്നോ അവിടെ താമസിക്കും. ഭക്ഷണം എന്ത്, എങ്ങനെയായിരിക്കണം എന്നൊന്നുമില്ല. പത്തു പൈസ കൈയിലുണ്ടാവില്ല. എന്നാലോ, അതുകൊണ്ടൊന്നും പ്രയാസപ്പെട്ടിട്ടില്ല.
വെള്ളത്തിലെ മത്സ്യങ്ങൾ
കമ്യൂണിസ്റ്റുകാർ ജലത്തിലെ മത്സ്യങ്ങളെപ്പോലെയാണ് എന്ന് മാവോ പറഞ്ഞു. പാർട്ടി പ്രവർത്തകരും ജനങ്ങളും തമ്മിലുണ്ടായിരിക്കേണ്ട അഗാധബന്ധത്തെക്കുറിച്ചാണല്ലോ ഈ പറയുന്നത്? പാർട്ടി ജനങ്ങളിൽനിന്ന് അകലുന്നതാണ് പശ്ചിമ ബംഗാളിൽ കണ്ടത്. കേരളവും ഭരണത്തുടർച്ചക്കു പിറകെ സമാനലക്ഷണം പ്രകടിപ്പിക്കുന്നു?
കേരളവും ബംഗാളും തമ്മിൽ സമാനതകളില്ലെന്നാണ് എന്‍റെ അഭിപ്രായം. ലിബറലൈസേഷന്‍റെ സ്വാധീനം കൊണ്ടുവന്നിരിക്കുന്ന പ്രവണതകളാണ് ഇവിടെ കാണുന്നത്. ജനങ്ങളുമായി ബന്ധമില്ലാതെ മുകളിലിരുന്ന് അധികാരം കൈയാളിയ ഒരു വിഭാഗമായിരുന്നു ബംഗാളിലെ പ്രശ്നം. നേരത്തേ ജനങ്ങളുമായി നല്ല ബന്ധമായിരുന്നു അവിടെ. അതു പൂർണമായും നഷ്ടപ്പെട്ടു എന്നു മാത്രമല്ല, നന്ദിഗ്രാം, സിംഗൂർ പോലുള്ള സംഭവങ്ങളിലേക്കു കാര്യങ്ങൾ കൈവിട്ടു പോകുകയുംചെയ്തു.
സ്വാതന്ത്ര്യസമര കാലം മുതൽ ജനങ്ങളുടെയും തൊഴിലാളികളുടെയും സാംസ്കാരിക ബോധമുള്ള ഇടത്തരക്കാരുടെയും ടാഗോറിനെയും സുഭാഷ് ചന്ദ്രബോസിനെയുംപോലുള്ള ധീരന്മാരെയും ആദർശശാലികളെയുമൊക്കെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരും അവരുടെയൊക്കെ സ്വാധീനമുള്ള എഴുത്തുകാരും കലാകാരന്മാരുമൊക്കെ കമ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും അതങ്ങനെ വളർന്നുവന്നു. സിദ്ധാർഥശങ്കർ റായിയുടെ അക്രമവും അർധ ഫാഷിസ്റ്റ് സ്വഭാവവും കൂടിച്ചേർന്ന കോൺഗ്രസ് സർക്കാറിന്‍റെ ഭീകരവാഴ്ചയായിരുന്നു ബംഗാളിൽ. കോൺഗ്രസിന്‍റെയും ഛാത്ര പരിഷത്ത് എന്ന കോൺഗ്രസ് വിദ്യാർഥി സംഘടനയുടെയും ഗുണ്ടായിസം ജനം വെറുത്തു. അതിനെതിരെ പൊരുതിനിന്ന കമ്യൂണിസ്റ്റ് പാർട്ടി വമ്പിച്ച ജനസ്വാധീനം നേടി. ആ കാലത്ത് വളർന്നുവന്ന നേതാക്കളാണ് പ്രമോദ് ദാസ് ഗുപ്ത, ഹരികൃഷ്ണ കോനാർ, ജ്യോതിബസു തുടങ്ങിയവരൊക്കെ.
അവരൊക്കെ മാറി, താഴേ തട്ടിൽ തൊഴിലാളികൾക്കിടയിലും കർഷകർക്കിടയിലുമൊന്നും പ്രവർത്തിക്കാതെ, സാംസ്കാരിക രംഗത്ത് മാത്രം പ്രവർത്തിച്ച ബുദ്ധദേവ് ഭട്ടാചാര്യ ഭരണമേറി. അത്തരമൊരാൾക്ക് സാധാരണക്കാരുടെ കഷ്ടപ്പാടുമായി എന്തു ബന്ധം? അങ്ങനെയൊരാൾ രണ്ടു ടേം തുടർച്ചയായി മുഖ്യമന്ത്രിയാകുക. പോളിറ്റ് ബ്യൂറോയിൽപോലും അദ്ദേഹം വരാതെയായി. എന്തു സംഭാവനയാണ് അദ്ദേഹത്തിനുള്ളത്? പലപ്പോഴും പാർട്ടി നയങ്ങൾക്കെതിരായിരുന്നു അദ്ദേഹം. തൊഴിലാളി മുതലാളിയെ ഘെരാവോ ചെയ്യുന്നത് തെറ്റാണ് എന്നുവരെ പറഞ്ഞു അദ്ദേഹം. ഒരു ആഢ്യവിഭാഗത്തിന്‍റെ നേതാവിനെപ്പോലെ സംസാരിക്കാൻ തുടങ്ങി. അങ്ങനെ അനുഭവ പാരമ്പര്യമില്ലാത്ത ഒരാൾക്ക് ബംഗാളിനെ നയിക്കാൻ പറ്റുമോ? എന്നിട്ടും മൂന്ന് ചാൻസ് അദ്ദേഹത്തിന് കിട്ടി. അവസാനം സഹിക്കവയ്യാതെ ജനം കൈയൊഴിഞ്ഞു. ബംഗാളിലെ പരാജയവുമായി ബന്ധപ്പെട്ട് എന്‍റെ നിരീക്ഷണം അതാണ്. ഞാൻ അവിടെ എസ്.എഫ്.ഐയുടെ പ്രവർത്തനത്തിനു പോകുമ്പോൾ എത്ര ആവേശത്തിലും ധീരതയോടെയുമാണ് പ്രവർത്തകർ പാർട്ടിയുമായി നടന്നത് എന്നു കണ്ടതാണ്. ബിമൻബാസു, സുഭാഷ് ചക്രവർത്തി... അങ്ങനെ എണ്ണം പറഞ്ഞ എത്രയെത്ര നേതാക്കൾ... അതൊന്നു വേറെ.
കേരളത്തിൽ ബംഗാൾ ഇല്ല ഇവിടെ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?
ഇവിടെ അങ്ങനെയൊന്നും ഇല്ല. ഇപ്പോഴും തൃണമൂലതലത്തിൽ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. ആലപ്പുഴയിലെ കാര്യമെടുക്കാം. 76 പഞ്ചായത്തിൽ 52ഉം സി.പി.എം അല്ലേ ഇവിടെ? നഗരസഭ ഞങ്ങളുടേതല്ലേ? കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ കാര്യം തുടക്കത്തിൽ പറഞ്ഞല്ലോ, വിപുലമായി പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഒരു വിഭാഗത്തിന്‍റെ വോട്ട് ഇങ്ങോട്ടുവന്നില്ല.
പാർട്ടിയോട് ആഭിമുഖ്യമുള്ള, പുരോഗമന കാഴ്ചപ്പാട് ഉള്ളയാളുകൾക്കിടയിൽ ഇത്തരമൊരു വിപ്രതിപത്തി എങ്ങനെയുണ്ടാകുന്നു?
ഇത്തരം പ്രവണത മുമ്പും ഉണ്ടായിട്ടുണ്ട്. മുമ്പും പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. നിയമസഭയിൽ ജയിച്ചിട്ടുമുണ്ട്. അവിടെയും തോറ്റിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പതിനാലു സീറ്റും നേടിയ ഒരു കാലമുണ്ടായിരുന്നു. 1977ൽ ആ പതിനാലു സീറ്റിലും തോറ്റിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ അന്ന് ഒറ്റ സീറ്റിലും ജയിച്ചില്ല. എൺപതുകളിലും പിന്നീട് 1996ലും ഞങ്ങൾക്ക് നല്ല ഭൂരിപക്ഷം കിട്ടി. 2002ലും 2014ലും 2021ലും കിട്ടി. റിസൽട്ട് അങ്ങനെ പലതരത്തിൽ വരും. പക്ഷേ, ഏതു പ്രതിസന്ധിയെയും മറികടക്കുന്ന രാഷ്ട്രീയബോധത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളിലെന്നപോലെ, സി.പി.എമ്മിലെയും പുതിയ തലമുറയിൽ ആ ഗൗരവം കാണാനില്ല. പഴയ ത്യാഗബോധമില്ല. നമുക്കു പിറകിൽ യശോധന്യമായ ഒരു ചരിത്രമുണ്ടായിരുന്നുവെന്ന് അംഗീകരിക്കുന്നേയില്ല.
അതാണ് സംഭവിച്ചുകഴിഞ്ഞ ഏറ്റവും വലിയ തെറ്റ്. ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം കൂടിയാണ് മാർക്സിസം –Dialectical and Historical. ഡയലക്ടിക്കൽ മെറ്റീരിയലിസം എന്നുവെച്ചാൽ, വിപരീതങ്ങൾ തമ്മിലുള്ള ഒരു സംവിധാനമാണ് പ്രപഞ്ചം തന്നെ. എല്ലാ വിപരീതങ്ങളും തമ്മിലുള്ള ഘർഷണത്തിലാണ് പ്രപഞ്ചത്തിന്‍റെ സന്തുലനം വരുന്നത്. ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം സമൂഹത്തിലേക്കാണ് അപ്ലൈ ചെയ്യുന്നത്. അടിമവ്യവസ്ഥ, ഫ്യൂഡൽ വ്യവസ്ഥ, മുതലാളിത്തം, പിന്നീട് അതിനെ മാറ്റി സോഷ്യലിസം, ആത്യന്തികമായി കമ്യൂണിസം. തൊഴിലാളിവിഭാഗത്തിന് മുൻതൂക്കമുള്ള പാർട്ടിയാണ് ആലപ്പുഴയിലേത്. പാർട്ടി അംഗങ്ങളിൽ 74 ശതമാനം പേരും കർഷകത്തൊഴിലാളികളും വ്യവസായത്തൊഴിലാളികളുമാണ്. ഉപരിവർഗത്തിൽനിന്ന് ബാക്കി ശതമാനമേ ഉള്ളൂ. എന്നിട്ടും ഈ അപചയം സംഭവിക്കുന്നതിൽ ആശങ്കയുണ്ട്. ഞങ്ങൾ വരുമ്പോഴൊന്നും ഇവിടെ ഇങ്ങനെയല്ല. ഇന്നലെയിലേക്കു നോക്കി പറഞ്ഞുകൊണ്ടാണ് ഞങ്ങൾ ഇന്നിലേക്കും നാളെയിലേക്കും അടിവെച്ചത്. ചരിത്രം മുഴുവൻ ഞങ്ങളുടേതാണ്.
ഉദാരവത്കരണം പാർട്ടിയെയും സ്വാധീനിക്കുന്നു അങ്ങനെ പാർട്ടിയെ അവതരിപ്പിക്കാൻ കഴിവുള്ളവരെ പുതുതലമുറയിൽ കാണുന്നില്ലല്ലോ?
അതിനു കാരണമുണ്ട്. പുതുതലമുറക്ക് പഴയതൊന്നും പഠിക്കാൻ താൽപര്യമില്ല. അതെന്തെങ്കിലുമാവട്ടെ എന്നാണ് ലൈൻ. ഉദാരവത്കരണത്തിന്റെ സ്വാധീനമാണിത്. സാമ്രാജ്യത്വത്തിന്‍റെ അന്തർ ദേശീയ ഉൽപന്നമായ ഒരു സാമ്പത്തിക നയവും ഒരു സംസ്കാരവും എല്ലാം ഉൾച്ചേർന്നതാണ് ഉദാരവത്കരണം. അതിന്‍റെ സ്വാധീനമാണ് ഞാൻ, എന്‍റെ കുടുംബം, എന്‍റെ കൂടെ നിൽക്കുന്നവർ സുഖമായി ജീവിക്കണം. നല്ല ഭക്ഷണം, നല്ല വേഷം, നല്ല വീട്, നല്ല വാഹനം, നല്ല മൊബൈൽ. ലോകം മുഴുവൻ സഞ്ചരിക്കണം, സുഖമായി ജീവിക്കണം.

ഇ.എം.എസ്,എ.കെ.ജി,സി.എച്ച്. കണാരൻ,സിദ്ധാർഥ ശങ്കർ റായി,പി. സുന്ദരയ്യ,ബുദ്ധദേവ് ഭട്ടാചാര്യ
കമ്യൂണിസ്റ്റുകാരൻ അങ്ങനെ ആയിക്കൂടല്ലോ?
അതേ, ലിബറലൈസേഷന് എതിരല്ലേ കമ്യൂണിസ്റ്റുകാർ? ലിബറലൈസേഷന്‍റെ സ്വാധീനത്തിനു വഴങ്ങുന്ന ഒരു വിഭാഗം എല്ലാ പാർട്ടിയിലും കടന്നുവരുന്നു. ഇടതുപക്ഷത്തിലും അതു വരും. അവർക്കു പഴയതിനോട് താൽപര്യമൊന്നുമില്ല. ഉമർ ഖയ്യാം പറഞ്ഞില്ലേ, ‘‘തിന്നുക, കുടിക്കുക, ആനന്ദിക്കുക; നാളെ നമ്മുടേതല്ല’’ എന്ന്. ഇതാണ് പുതിയ സിദ്ധാന്തം. അപ്പോൾ പിന്നെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയാനില്ല. ഇന്നിനെ കുറിച്ചു മാത്രം ചിന്തിക്കുക. മുതലാളിത്തത്തിന് രക്ഷപ്പെടാനുള്ള വഴിയാണത്. ചരിത്രം പരതിയാൽ മുതലാളിത്തം തോൽക്കും എന്നു നമ്മൾ പഠിക്കും. ഭാവിയിലേക്കു നോക്കിയാൽ മുതലാളിത്തത്തേക്കാൾ മികച്ചൊരു വ്യവസ്ഥ വേണമെന്ന ആഗ്രഹമുണ്ടാവും. അതിനാൽ ഭൂതവും ഭാവിയും വേണ്ട. ഇന്നു മാത്രം സുഖിച്ചു ജീവിക്കുക. അതിനുവേണ്ടിയാണ് വിദ്യാഭ്യാസം മുതൽ എല്ലാ പദ്ധതിയും പരിപാടിയും രൂപംകൊള്ളുന്നത്. അതിൽ വീണാൽ പിന്നെ കമ്യൂണിസമൊന്നും ഇല്ല. ഇതിനെതിരെ എല്ലാ പാർട്ടി കോൺഗ്രസുകളും കേന്ദ്ര കമ്മിറ്റിയുമൊക്കെ വ്യക്തമായ മുന്നറിയിപ്പു നൽകുന്നുണ്ട്. ശക്തമായ രേഖകളുണ്ട്. അതൊക്കെ വായിച്ചു പഠിച്ച് വളർന്നുവരണം. മുമ്പൊക്കെ അങ്ങനെയായിരുന്നു.
കമ്യൂണിസ്റ്റുകൾക്ക് കണക്കിൽ പിഴക്കുന്നു
ജനങ്ങളിൽനിന്നു പാർട്ടി എത്ര അകന്നുപോകുന്നുവെന്ന് കാണിക്കുന്നുണ്ട് നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാർട്ടി വെച്ചുപുലർത്തിയ മുൻവിധികൾ?
വസ്തുനിഷ്ഠമായി സാഹചര്യം നോക്കാതെ, പാർട്ടി വിട്ടതിലുള്ള അരിശം പി.വി. അൻവറിനോടുള്ള വ്യക്തിവൈരാഗ്യമായി വഴിമാറിയതാണ് നിലമ്പൂരിൽ സംഭവിച്ച പരാജയം. രാഷ്ട്രീയ വൈരാഗ്യമായിരുന്നുവെങ്കിൽ അൻവർ വോട്ടു പിടിക്കാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ചെയ്യുക. അതുവിട്ട് വ്യക്തിവൈരാഗ്യമായി മാറിയതാണ് നിലമ്പൂരിലെ തെറ്റായ കണക്കുകൂട്ടലിന് കാരണം. അൻവർ അവിടെ രണ്ടുവട്ടം എം.എൽ.എയായ ആളാണ്. പാർട്ടിയുടെ വലിയ വക്താവായി നിന്നയാളാണ്. പല കാരണങ്ങളാൽ അയാൾ പിണങ്ങിപ്പോയി എന്നതു ശരി, അതുകൊണ്ട് അയാൾ വിറകുകൊള്ളിയാണെന്നു വരുമോ? ആരെയും രാഷ്ട്രീയമായി എതിർത്താൽ പോരേ? ഇന്നു വിട്ടുപോയയാൾക്കു നാളെ വീണ്ടുവിചാരം വന്നാൽ തെറ്റുതിരുത്തി സി.പി.എമ്മിലേക്ക് വന്നുകൂടേ? അങ്ങനെ ആരൊക്കെ വന്നിരിക്കുന്നു. അങ്ങനെ വിശാലമായി ചിന്തിക്കാൻ കഴിയാത്തവരെ കുറിച്ച് എന്തു പറയാനാണ്? ബി.ജെ.പിയിലും ആർ.എസ്.എസിലും പ്രവർത്തിച്ച ഒരാളെയാണ് ഞാൻ കഴിഞ്ഞ വി.എസ് ഭരണകാലത്ത് ആദ്യമായി മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ അധ്യക്ഷനായി വെച്ചത് –ഒ.കെ. വാസുവിനെ. സി.പി.എമ്മിന് ആളില്ലാത്തതുകൊണ്ടാണോ?
ജീവിതകാലമത്രയും പാർട്ടിക്കു പ്രവർത്തിച്ച വിശ്വാസികൾ തന്നെയുണ്ടായിരുന്നല്ലോ. അതുപോലെ ഒരു കോൺഗ്രസുകാരനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനാക്കിയത്. കെ.വി. തോമസ് –ജീവിതകാലം മുഴുവൻ കോൺഗ്രസായി എല്ലാ സുഖവും അനുഭവിച്ചു. ഇപ്പോൾ ഇടതു സർക്കാറിന്‍റെ കേന്ദ്രത്തിലെ പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ നിയമിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന ധനമന്ത്രിയെപ്പോലും വിളിക്കാതെ കേരളത്തിന്‍റെ ധനസ്ഥിതിയെക്കുറിച്ച് കേന്ദ്രത്തോട് സംസാരിക്കാൻ അദ്ദേഹം തനിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ പോയി കണ്ടു. നല്ലകാലം മുഴുവൻ മറ്റു പാർട്ടികൾക്കു വേണ്ടി പ്രവർത്തിച്ച് ഞങ്ങളെ എതിർത്തു തോൽപിച്ച ഒരുപാടു പേരെ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെയിടയിൽ അതിനൊന്നും ക്രെഡിബിലിറ്റി കിട്ടില്ല.
ഇത് രക്തസാക്ഷികളുടെയും പടവെട്ടിയവരുടെയും പാർട്ടിയാണ്. അധികാരത്തിലിരിക്കുമ്പോൾ അതു കണ്ടുവരുന്ന ആൾക്കാരെ നമ്മൾ തള്ളേണ്ട. അതിനൊന്നും നാട്ടിൽ വിലയുണ്ടാവില്ല എന്നതുവേറെ. അൻവറിന്‍റെ രാഷ്ട്രീയത്തെ എതിർക്കാം. അതിനു പകരം വ്യക്തിവൈരാഗ്യത്തിലേക്ക് വന്നതുകൊണ്ടാകാം അവിടെ കണക്കുകൂട്ടലുകൾ തെറ്റിയത്. വ്യക്തിഗതമായല്ല, രാഷ്ട്രീയമായാണ് കാര്യങ്ങൾ വിലയിരുത്തേണ്ടതും കണക്കുകൂട്ടേണ്ടതും. വസ്തുനിഷ്ഠതയാണ് മാർക്സിസത്തിന്‍റെ അടിസ്ഥാനം.
അതിൽനിന്നു പാർട്ടി ഏറെ പിറകോട്ടുപോയി എന്നാണ് പുറത്തുനിന്നു നോക്കുന്നവർക്ക് ധരിക്കാൻ കഴിയുക?
കേരളത്തിലെ പാർട്ടിക്ക് മൊത്തത്തിൽ കുഴപ്പമില്ല. ജനങ്ങൾക്കിടയിൽ ഇപ്പോഴും ശക്തമായി നിൽക്കുന്നുണ്ട്. പാർട്ടിയെ സ്നേഹിക്കുന്ന, പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ ആളുകളുടെയും വോട്ടുകൾ സമാഹരിക്കാൻ ചില തെരഞ്ഞെടുപ്പുകളിൽ പറ്റുന്നില്ല.

പിണറായി വിജയൻ,പി.കെ. ചന്ദ്രാനന്ദൻ,വി.എസ്. അച്യുതാനന്ദൻ,പി.വി. അൻവർ,എച്ച്. സലാം
ഇലക്ഷൻ എൻജിനീയറിങ്ങിൽ ഇത്രകാലമുള്ള അനുഭവംവെച്ച് വോട്ടു സമാഹരണത്തിൽ പിഴക്കുന്നത് എവിടെയാണ്?
എന്തൊക്കെയോ വിഷയങ്ങളിൽ ആളുകൾക്ക് പാർട്ടിയോട് വിയോജിപ്പുണ്ട്. എന്നാൽ പാർട്ടിയെ കൈയൊഴിയണമെന്ന് അവർക്കില്ല. അതുകൊണ്ടാണ് കേരളത്തിൽ പാർട്ടി തകരില്ല എന്നു പറഞ്ഞത്. ഞങ്ങളുടെ അമ്പലപ്പുഴ മണ്ഡലത്തിന്‍റെ കഥ നോക്കാം. 2016ൽ എനിക്ക് ഇവിടെ, അമ്പലപ്പുഴയിൽ 23,000 ഭൂരിപക്ഷം കിട്ടി. ഭൂരിപക്ഷമെന്നാൽ രണ്ടാമത്തെ സ്ഥാനാർഥിക്ക് വോട്ടു കുറയുന്നു, അത്രേയുള്ളൂ. അന്ന് ഇവിടെ മുപ്പതിനായിരത്തോളം മുസ്ലിം വോട്ടുണ്ടെന്നു കണ്ട് അത് പിടിച്ചുകളയാം എന്നുകരുതി കായംകുളത്തുനിന്ന് കൊണ്ടുവന്ന് ഷേക്ക് പി. ഹാരിസിനെ നിർത്തിയതാണ്. അതിനുമുമ്പ് 2011ൽ എനിക്ക് 17,000 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് എം. ലിജുവായിരുന്നു എതിർ സ്ഥാനാർഥി. അതിനുമുമ്പ് 2006ൽ ഇവിടെനിന്നു ജയിക്കുമ്പോൾ 12,000 വോട്ടായിരുന്നു എനിക്ക് ഭൂരിപക്ഷം. ഇങ്ങനെ പലതരത്തിലാണ് വോട്ടു വരുന്നത്.
ജയിച്ചിട്ടും കണക്കു ചോദിച്ച് പാർട്ടി കമീഷൻ
2021ൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ ഇനി മത്സരിക്കേണ്ട എന്ന പാർട്ടി തീരുമാനം സമ്മതിച്ചു ഞാൻ മാറി. എച്ച്. സലാം സ്ഥാനാർഥിയായി. ആദ്യമായി മത്സരിക്കുന്ന അദ്ദേഹത്തിന് 11,000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടി. മണ്ഡലത്തിൽ മുഴുക്കെ പരിചയമുള്ളയാളല്ല. പുതുക്കക്കാരനായ അദ്ദേഹം എന്‍റെ പിൻഗാമിയെന്ന വിശേഷണത്തോടെ മണ്ഡലത്തിൽ ഇതുവരെ കൊണ്ടുവന്ന പരിഷ്കരണങ്ങളെയൊക്കെ ഉയർത്തിക്കാട്ടി വമ്പിച്ച പ്രചാരണം നടത്തി. 19 വലിയ റാലികൾ നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിപാടി നിശ്ചയിച്ചതിനാൽ പലഭാഗത്തും ഞാൻ പ്രചാരണസമ്മേളനങ്ങളിൽ പ്രസംഗിച്ചു. അങ്ങനെ 11,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എച്ച്. സലാം വിജയിച്ചു. ഇതേ മണ്ഡലത്തിൽ ഞാൻ 124 വോട്ടിന് തോറ്റിട്ടുണ്ട്. സാക്ഷാൽ വി.എസ്. അച്യുതാനന്ദൻ 7000 വോട്ടിനു തോറ്റിട്ടുണ്ട്. പുന്നപ്ര സമരനായകൻ പി.കെ. ചന്ദ്രാനന്ദൻ 2000 വോട്ടിനു തോറ്റ മണ്ഡലമാണ്. ഇവിടെ 11,000 വോട്ടാണ് ഭൂരിപക്ഷം കിട്ടിയത്.
എന്നാൽ, സുധാകരന്‍റെ അത്രയും ഭൂരിപക്ഷം കിട്ടിയില്ല, അത് സുധാകരൻ പ്രവർത്തിക്കാത്തതുകൊണ്ടാണ് എന്നൊരു ആരോപണമുയർന്നു. അപ്പോഴേക്കും സംസ്ഥാന സമിതിയിൽ നിന്ന് ഞാൻ ഒഴിയാൻ പോകുകയാണെന്നൊക്കെ മനസ്സിലാക്കി, നാലഞ്ചു പേർ പരാതി അയച്ചു. ഉടൻ വന്നു കമീഷൻ. ഒന്നര ലക്ഷത്തിനു കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിൽ തോറ്റ ജനനേതാവ് എളമരം കരീമായിരുന്നു അന്വേഷണ കമീഷൻ. അദ്ദേഹം വന്നു എല്ലാവർക്കും ക്ലാസൊക്കെ കൊടുത്തു. ജില്ലാ കമ്മിറ്റി ഓഫിസിൽ പോയപ്പോൾ സാക്ഷിമൊഴി കൊടുക്കാൻ വണ്ടികളിൽ ആളെ എത്തിക്കുകയാണ് ജയിച്ച എം.എൽ.എ. ഞാൻ മിണ്ടിയില്ല. അങ്ങനെ 11,000 വോട്ടിനു ജയിച്ച മണ്ഡലത്തിൽ എനിക്കെതിരെ 21 കുറ്റങ്ങൾ. 21 തവണ എന്നെ പുറത്താക്കാൻ പരുവത്തിലുള്ള റിപ്പോർട്ടായിരുന്നു.
ഞാൻ ഒരിക്കൽ തോറ്റ മണ്ഡലം. അടിയന്തരാവസ്ഥക്കുശേഷം വി.എസ് 7000 വോട്ടിനു തോറ്റ മണ്ഡലം. പിന്നീട് വി.എസ് ഇവിടെ മത്സരിച്ചില്ല. ശേഷം വി.എസ് മാരാരിക്കുളത്ത് തോറ്റു. അതിൽ പിന്നെ അദ്ദേഹം ജില്ലയിലേ മത്സരിച്ചില്ല. അത് ചരിത്രമാണ്. പി.കെ. ചന്ദ്രാനന്ദൻ ഇവിടെ ആന്‍റണി കോൺഗ്രസിന്‍റെയും മാണി കേരള കോൺഗ്രസിന്‍റെയും പിന്തുണയിൽ മത്സരിച്ച് 1500 വോട്ടിന് ജയിച്ചു. അവർ പിന്തുണ പിൻവലിച്ച ശേഷം 2000 വോട്ടിനു തോറ്റു. ഇങ്ങനെ വി.എസും പികെ.സിയുമൊക്കെ തോറ്റിടത്ത് ആദ്യമത്സരത്തിൽ 11,000 വോട്ട് ഭൂരിപക്ഷം കിട്ടിയതിനാണ് കമീഷൻ. ആളെ അപമാനിക്കാൻ ഇതിനപ്പുറമെന്തുവേണം? ചുമത്തിയ 21 കുറ്റങ്ങൾക്ക് കാര്യകാരണസഹിതം കൃത്യമായ മറുപടി കൊടുത്തു. പക്ഷേ, അത് വായിച്ചുനോക്കുകപോലും ചെയ്തില്ല. സംസ്ഥാന സമിതി ചർച്ചചെയ്തു. ഏതായാലും വലിയ നടപടിയൊന്നും വന്നില്ല. ജാഗ്രത പാലിക്കണമെന്ന താക്കീതിൽ നിന്നു. വാസ്തവത്തിൽ ഞാനൊന്നു കണ്ണടച്ചാൽ ഏഴു തവണ തോറ്റേനെ. 3000 വോട്ടേ ഭൂരിപക്ഷം കിട്ടൂ എന്നായിരുന്നു അവരുടെ തന്നെ രഹസ്യകണക്ക്. എനിക്ക് 23,000 കിട്ടിയത് നാലാം തവണ മത്സരിക്കുമ്പോഴാണ്. ആദ്യം 12,000 കിട്ടിയേടത്തുനിന്ന് ക്രമത്തിൽ കയറിവന്നതാണ്.

വിശ്വാസവഞ്ചന കാണിച്ചിട്ടില്ല
സംസ്ഥാന സമിതി പിരിഞ്ഞപ്പോൾ പിണറായി വിജയൻ വിളിച്ചു. സാരമില്ല, ജയിച്ചശേഷം എന്തിനായിരുന്നു അവരുടെ ഈ പരാതി എന്നു ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. ഇങ്ങനെയൊക്കെ കമീഷനെ വെച്ച് അന്വേഷിച്ച് എല്ലാം കഴിഞ്ഞ ശേഷമാണ് അന്വേഷണം. എന്നാൽ, എന്നെ അപമാനിക്കാൻ കരുതിക്കൂട്ടിയുള്ള ആ ചെയ്തിയിൽ അദ്ദേഹത്തിന് പങ്കുണ്ട് എന്നു ഞാൻ വിശ്വസിക്കില്ല. അദ്ദേഹത്തിന് അതിന്‍റെ ആവശ്യമില്ല. മുപ്പത്തഞ്ച് വർഷത്തോളം വിശ്വസ്തനായി ഞാൻ പിണറായിക്കൊപ്പം പ്രവർത്തിച്ചതാണ്. മന്ത്രിസഭയിലും പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴുമൊക്കെ ഒപ്പം നിന്നു പ്രവർത്തിച്ചതാണ്. ആലപ്പുഴ വന്നാൽ എന്നോട് സംസാരിച്ചേ അദ്ദേഹം ജില്ലാ സമിതിയിൽ കയറുകയുള്ളൂ. ഞാനൊരിക്കലും വിശ്വാസവഞ്ചന കാണിച്ചിട്ടില്ല.
ഇതുപോലെ തന്നെയായിരുന്നു വി.എസും. ഞങ്ങൾ നാട്ടുകാരല്ലേ? വി.എസിന് എന്തോ തെറ്റിദ്ധാരണയുണ്ടായി. ആലപ്പുഴക്കാരെ വി.എസ് വിശ്വസിക്കാതായി. വാസ്തവത്തിൽ നാട്ടിലൊന്നും വിലയില്ലാത്ത ഒരുപറ്റം ആളുകൾ വളഞ്ഞുനിന്നു പറ്റിച്ചതാണ് അദ്ദേഹത്തിന്‍റെ പരാജയത്തിനിടയാക്കിയത്. പിണറായി സെക്രട്ടറിയായപ്പോൾ ആലപ്പുഴയോട് നീതിചെയ്തു. വി.എസിന്‍റെ ഈ തെറ്റിദ്ധാരണ അദ്ദേഹത്തിനുണ്ടായില്ല. സ്വാഭാവികമായും ആലപ്പുഴക്കാർക്ക് അദ്ദേഹത്തോട് അടുപ്പം തോന്നാം. സെക്രട്ടറിയുടെ നിർദേശമനുസരിച്ചുള്ള പ്രവർത്തന പരിപാടികൾ ജില്ലയിൽ ഏറ്റെടുത്തു നടത്തേണ്ടിവന്നു. അതെല്ലാം പാർട്ടിക്കു വേണ്ടിയായിരുന്നു. വി.എസിനോടുള്ള എന്‍റെ സ്നേഹവും ബഹുമാനവും എല്ലാവർക്കുമറിയാം.
അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരിയും എന്നെ വിളിച്ച് പിണറായിയുടെ അതേ ചോദ്യം ആവർത്തിച്ചിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. എന്തിന് കമീഷൻ വെച്ചു, എന്തിന് താക്കീത് ചെയ്തു എന്നൊന്നും അന്വേഷിച്ചില്ല. എല്ലാം അംഗീകരിച്ചും അനുസരിച്ചും പോന്നു. പാർട്ടിയുടെ നയത്തിനും അടവിനും വിരുദ്ധമായി ഒന്നും പറയില്ല. എനിക്ക് എന്തും വിളിച്ചുപറയാം, ഒന്നും നഷ്ടപ്പെടാനില്ല. പറഞ്ഞാൽ വലിയ സംഭവമായിരിക്കും. പിരപ്പൻകോട് മുരളി പറഞ്ഞതുപോലെയൊന്നുമാവില്ല. മുരളി നല്ല ക്യാരക്ടറുള്ള നേതാവാണ്. നന്നായി കവിതയെഴുതും, ക്ലാസെടുക്കും. അതുപോലെ ബെസ്റ്റ് കോമ്രേഡ് ആണ് സുരേഷ് കുറുപ്പ്. ഐഷാ പോറ്റിയും അങ്ങനെതന്നെ. അവരിപ്പോൾ കോൺഗ്രസിൽ ചേരാൻ പോകുന്നുവെന്ന് ആരൊക്കെയോ എഴുതിപ്പിടിപ്പിക്കുന്നു. ഇതൊരു അപകടകരമായ സമയമാണ്. പാർട്ടിയുടെ ചരിത്രവും ഭാവിയും നോക്കാതെ ഇവിടെ കമ്യൂണിസം കളിക്കുന്ന ഒരുപാടുപേരുണ്ട്. കമ്യൂണിസ്റ്റുകളുടെ പാരമ്പര്യമറിയുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. ചെറിയ വ്യതിയാനമൊക്കെ അവർ അംഗീകരിച്ചെന്നു വരും. എന്നാൽ വ്യതിയാനം മാത്രമേയുള്ളൂ എന്നു തോന്നിക്കഴിഞ്ഞാൽ കഥ മാറും. എന്നാൽ ഇപ്പോഴും ജനം അത്തരമൊരു വിലയിരുത്തലിൽ എത്തിയിട്ടില്ല. അതുകൊണ്ട് ബംഗാൾ ഇവിടെ ആവർത്തിക്കും എന്നൊന്നും കരുതുന്നില്ല.
