Begin typing your search above and press return to search.
proflie-avatar
Login

'സൈ​ല​ന്‍റ്​ വാ​ലി​ പോലെതന്നെ കെ-റെ​യി​ലും എതിർക്കപ്പെടണം'; പ്രഫ. എം.കെ. പ്രസാദുമായുള്ള ദീർഘ സംഭാഷണം

കേരളത്തി​ന്​ ഹരിതരാഷ്​ട്രീയത്തി​ന്‍റെ വഴിതെളിയിച്ച പ്രഫ. എം.കെ. പ്രസാദ്​ ജനുവരി 17ന്​ വിടവാങ്ങി. അദ്ദേഹവുമായി നടത്തിയ അപൂർണമായ സംഭാഷണത്തി​ന്‍റെ അപ്രകാശിത രൂപമാണിത്​. 2021 ഡി​സം​ബ​ർ 30ന് ​ആ​ണ് ഇൗ സംഭാഷണം നടന്നത്​.

സൈ​ല​ന്‍റ്​ വാ​ലി​ പോലെതന്നെ കെ-റെ​യി​ലും എതിർക്കപ്പെടണം; പ്രഫ. എം.കെ. പ്രസാദുമായുള്ള ദീർഘ സംഭാഷണം
cancel

കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി സ​മ​ര ച​രി​ത്ര​ത്തി​ലെ കൊ​ടി​യ​ട​യാ​ള​മാ​ണ് സൈ​ല​ന്‍റ്​ വാ​ലി. നി​ശ്ശബ്ദ താ​ഴ്​വ​ര​യെ സം​ര​ക്ഷി​ക്കാ​നാ​യി ശാ​സ്ത്ര​ജ്ഞ​രും എ​ഴു​ത്തു​കാ​രും ബു​ദ്ധി​ജീ​വി​ക​ളും സാധാരണ ജനങ്ങളും ന​ട​ത്തി​യ പ്ര​തി​രോ​ധം. വി​ജ​യി​ച്ച ആ​ദ്യ​ത്തെ പ​രി​സ്ഥി​തി സ​മ​ര​ം. ആ​ദ്യം ഒ​റ്റ​യാ​ൾ പോ​രാ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് സൈ​ല​ന്‍റ്​ വാ​ലി​ക്കെ​തി​രാ​യ അ​ക്കാ​ദ​മി​ക പ്ര​തിരോ​ധം ഉ​യ​ർ​ന്നുവ​ന്ന​ത്. അ​തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ​ത് സ​സ്യ​ശാ​സ്ത്ര(​ബോ​ട്ട​ണി) അ​ധ്യാ​പ​ക​നാ​യ പ്ര​ഫ.​ എം.​കെ. പ്ര​സാ​ദാ​ണ്. അ​ദ്ദേ​ഹം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളും എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളു​മാ​ണ് സൈ​ല​ന്‍റ്​ വാ​ലി​യെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും വ​ർ​ത്ത​മാ​നകാ​ല​ത്ത് പ്ര​സ​ക്ത​മാ​ണ്.

ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ദേ​ശ​മാ​ണ് ചെ​റാ​യി. ബാല്യം അവിടെയാണ്​. അ​ക്കാ​ല​ത്തെ എ​ങ്ങ​നെ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്?

ചെ​റാ​യി​യി​ൽ വൈ​ദ്യ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ലാ​യി​രു​ന്നു ജ​ന​നം. അ​ന്ന് ആ​യു​ർ​വേ​ദ വൈ​ദ്യ​ന്മാ​ർ ഇ​ന്ന​ത്തെ​പ്പോ​ലെ മ​രു​ന്നി​ന് കു​റി​പ്പ് എ​ഴു​തി കൊ​ടു​ത്തി​രു​ന്നി​ല്ല. മ​രു​ന്ന് ഉ​ണ്ടാ​ക്കികൊ​ടു​ക്കു​ന്ന കാ​ല​മാ​ണ്. ജ​നി​ക്കു​മ്പോ​ൾ സ്വ​ന്തം പ​റ​മ്പ് ഒ​ന്ന​ര ഏ​ക്ക​റോ​ളം വ​രും. അ​വി​ടെ ധാ​രാ​ളം മ​രു​ന്നു​ചെ​ടി​ക​ളു​ണ്ട്. അ​ച്ഛ​നും അച്ഛന്‍റെ ജ്യേഷ്​ഠനും നാ​ട്ടി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​യുർ​വേ​ദ വൈ​ദ്യ​ന്മാ​രാ​ണ്. രോ​ഗി​ക​ൾ​ക്ക്​ പ​റ​മ്പി​ൽ​നി​ന്ന്​ മ​രു​ന്നു​ക​ൾ പറി​ച്ചെ​ടു​ത്ത് മ​രു​ന്ന് ഉ​ണ്ടാ​ക്കികൊ​ടു​ക്കും. 1917ൽ ​സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ ന​ട​ത്തി​യ മി​ശ്ര​ഭോ​ജ​ന​ത്തി​ൽ അച്ഛൻ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​ൽ പ​ങ്കെ​ടു​ത്ത 12 കു​ടും​ബ​ക്കാ​രെ ഭ്ര​ഷ്ട് ക​ൽ​പ്പി​ച്ച് പു​റ​ത്താ​ക്കി​യി​രു​ന്നു. വി​ല​ക്ക് നി​ല​നി​ൽ​ക്കു​മ്പോ​ഴും വീ​ടി​​ന്‍റെ വേ​ലി​ക്ക് പു​റ​ത്ത് വൈ​ദ്യ​രേ എ​ന്ന് വി​ളി​ച്ച് ജ​ന​ങ്ങ​ൾ വ​രു​മാ​യി​രു​ന്നു. വേ​ലി​യു​ടെ ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് അ​ന്ന് മ​രു​ന്ന്​ കൊ​ടു​ത്തി​രു​ന്ന​ത്.

ചെ​റി​യ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ അച്ഛന്‍റെ സു​ഹൃ​ത്താ​യ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​നെ അ​റി​യാം. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ സ​ഹോ​ദ​ര​ൻ വീ​ട്ടി​ൽ വ​രും. അ​ച്ഛ​നും അ​ച്ഛ​​ന്‍റെ ജ്യേഷ്ഠ​നും ആ​യി ദീ​ർ​ഘ​നേ​രം സം​സാ​രി​ക്കും. നാ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളെ കു​റി​ച്ചാ​ണ് പ്ര​ധാ​ന ച​ർ​ച്ച. നി​ക്ക​റി​ട്ട കു​ട്ടി​ക​ളാ​യ ഞ​ങ്ങ​ൾ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​​െൻറ അ​ടു​ത്തു ചെ​ന്നുനി​ൽ​ക്കും. അ​വ​ർ സം​സാ​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളൊ​ന്നും അ​ന്ന് മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല. ചെ​റാ​യി​യി​ൽ ന​ട​ന്ന ആ​ദ്യ​ത്തെ മി​ശ്ര​ഭോ​ജ​ന​ത്തി​ൽനി​ന്ന് തു​ട​ങ്ങി​യ​താ​ണ് വീ​ടു​മാ​യു​ള്ള സൗ​ഹൃ​ദം. അ​യ്യ​പ്പ​ൻ എ​വി​ടെ പ്ര​സം​ഗി​ക്കാ​ൻ പോ​കു​മ്പോ​ഴും അ​ച്ഛ​ൻ അ​ട​ക്ക​മു​ള്ള​വ​ർ കൂ​ടെ പോ​കു​മാ​യി​രു​ന്നു. മി​ശ്ര​ഭോ​ജ​ന​ത്തെ തു​ട​ർ​ന്ന് ഈ​ഴ​വ​രി​ൽ ഒ​രു വി​ഭാ​ഗ​മാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​നെ​തിരെ എ​തി​ർ​പ്പു​യ​ർ​ത്തി​യ​ത്. അ​തി​നാ​ൽ സ​ഹോ​ദര​ന്‍റെ സു​ര​ക്ഷ​ക്കാ​യി​രു​ന്നു കൂ​ടെ പോ​യി​രു​ന്ന​ത്. കു​ടും​ബ​ത്തി​ന് വൈ​ദ്യ​ശാ​ല ഉ​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ ശ​ല്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കു​ട്ടി​ക​ളാ​യ ത​ന്നെ​യും അ​നു​ജ​നെ​യും വൈ​ദ്യ​ശാ​ല​യി​ൽ കൊ​ണ്ടി​രു​ത്തും. അ​വി​ടെ ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ വ​രും. സ​ഹോ​ദ​ര​ൻ അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും. ഒ​രു പെ​ട്ടി അ​വി​ടെ കൊ​ണ്ടി​ടും. അ​തി​നു മു​ക​ളി​ൽ നി​ന്നാ​ണ് സ​ഹോ​ദ​ര​ൻ സം​സാ​രി​ച്ചി​രു​ന്ന​ത്. ജ​ന​ങ്ങ​ളോ​ട് അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് സം​സാ​രി​ക്കു​ന്ന രീ​തി​യാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. ഇ​തെ​ല്ലാം കു​ട്ടി​ക്കാ​ല​ത്തെ കാ​ഴ്ച​യാ​ണ്. അ​വി​ടെ പ​ത്ര​ങ്ങ​ളെ​ല്ലാം വ​രു​ത്തു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ലെ പ്ര​മാ​ണി​മാ​ർ അ​വി​ടെ വ​ന്നാ​ണ് പ​ത്രം വാ​യി​ക്കു​ന്ന​ത്. അ​വ​ർ ത​മ്മി​ൽ പ​ല ത​ർ​ക്ക​ങ്ങ​ളും ന​ട​ക്കും. അ​തി​നെ​ല്ലാം സാ​ക്ഷി​ക​ളാ​യി​രു​ന്നു കു​ട്ടി​ക​ൾ.

സ​ർ​വ ജാ​തി​ക്കാ​ർ​ക്കും മ​രു​ന്നു വാ​ങ്ങാ​ൻ ക​ഴി​യു​ന്നൊ​രു വീ​ട് ആ​യി​രു​ന്നോ?

ചെ​റാ​യി ഗ്രാ​മ​ത്തി​ലും പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ​ഴ​വ വി​ഭാ​ഗ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. വൈ​ദ്യ​ർ എ​ല്ലാ ജാ​തി​ക്കാ​ർ​ക്കും മ​രു​ന്ന് ന​ൽ​കി​യി​രു​ന്നു. മ​രു​ന്ന് ന​ൽ​കു​ന്ന​തി​ൽ ജാ​തി നോ​ക്കി​യി​രു​ന്നി​ല്ല. ത​റ​വാ​ടി​ന്‍റെ പേ​ര് പെ​രു​മ​ന എ​ന്നാ​ണ്. വാ​യ് മൊ​ഴി ക​ഥ​ക​ള​നു​സ​രി​ച്ച് വ​ട​ക്കേ ഇ​ന്ത്യ​യി​ൽ എ​വി​ടെ​യോ​ ഉ​ള്ള പെ​രു​മ​ന എ​ന്ന ഗ്രാ​മ​ത്തി​ൽനി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​ളു​ക​ളാ​ണ് പൂ​ർ​വി​ക​ർ. അ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ കൊ​ച്ചിരാ​ജാ​വ് സ്ഥ​ലം കൊ​ടു​ത്തു എ​ന്നാ​ണ് പ​റ​യു​ന്ന​ത് (മ​ട്ടാ​ഞ്ചേ​രി​യി​ലെ ജൂ​ത​ന്മാ​രെപോ​ലെ). അ​ക്കാ​ല​ത്ത് വൈ​ദ്യം പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്നത്​ ഈ​ഴ​വ സ​മു​ദാ​യ​മാ​ണ്.


സ​സ്യ​ശാ​സ്ത്ര​ത്തോ​ട് ആ​ഭി​മു​ഖ്യം ഉ​ണ്ടാ​യ​തി​ന് കാ​ര​ണ​മെ​ന്താ​ണ്. എ​ന്നാ​ണ് പ്ര​കൃ​തി സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി​യ​ത്?

ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ എം.​ഐ. കു​ര്യാ​ക്കോ​സ് സാ​റാ​ണ് ജീ​വി​ത​ത്തെ പ്ര​കൃ​തി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്. ക്ലാ​സി​ൽ അ​ദ്ദേ​ഹം ചി​ല ചെ​ടി​ക​ളെ പ​റ്റി സം​സാ​രി​ക്കും. അ​ത് ഇ​ന്ന സ്ഥ​ല​ത്ത് നി​ൽ​പ്പ് ഉ​ണ്ടെ​ന്നും സൂ​ചി​പ്പി​ക്കും. ക്ലാ​സ് ക​ഴി​യു​മ്പോ​ൾ അ​തെ​ല്ലാം നോ​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ദേ​ശി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​തി​ന്‍റെ ഇ​ല​യും പൂ​വും കാ​യും എ​ല്ലാം ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ചി​ട്ട് തി​രി​ച്ചു​വ​രും. ഉ​ദാ​ഹ​ര​ണ​മാ​യി അ​ന്ന് നാ​ട്ടി​ൽ പ​ന​ച്ചി എ​ന്ന ഒ​രു മ​രം ഉ​ണ്ടാ​യി​രു​ന്നു. അ​തി​​ന്‍റെ കാ​യ്ക്ക് സോ​പ്പി​ന്‍റെ പ​ത​യാ​യി​രു​ന്നു. അ​തി​​ന്‍റെ കാ​യ് ത​ല്ലി​പ്പൊ​ട്ടി​ച്ച് വെ​ള്ള​ത്തി​ലി​ട്ട് തു​ണി ക​ഴു​കു​മാ​യി​രു​ന്നു. കു​ര്യാ​ക്കോ​സ് സാ​ർ ചെ​ടി​ക​ളെ പ​റ്റി വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ന​സ്സി​ലാ​കാ​നാ​യി ചി​ല​വ​യു​ടെ വി​ത്ത് മു​ള​പ്പി​ച്ച് കൊ​ണ്ടു​വ​രും. വി​ത്ത് മു​ള​ക്കു​ന്ന പ​ല സ്റ്റേ​ജു​ക​ൾ ക്ലാ​സി​ൽ കാ​ണി​ച്ചു ത​രു​ം. അ​ങ്ങ​നെ പ്രാ​ക്ടി​ക്ക​ലാ​യി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ത​രു​ന്ന കു​ര്യാ​ക്കോ​സാ​ണ് സ​സ്യ​ശാ​സ്ത്രം പ​ഠി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​മാ​ണ് പ്ര​കൃ​തി​യി​ലേ​ക്കും സ​സ്യ​ങ്ങ​ളു​ടെ ലോ​ക​ത്തി​ലേ​ക്കും കൈ​പി​ടി​ച്ച് ന​ട​ത്തി​യ​ത്. ഹൈസ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഓ​പ്ഷ​നു​ണ്ട്. ഇ​ഷ്ട​മു​ള്ള വി​ഷ​യം തി​ര​ഞ്ഞെ​ടു​ക്കാം. അ​ന്ന് കു​ര്യ​ക്കോ​സ് സാ​റി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ സ​സ്യ​ശാ​സ്ത്രം പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ഒ​രി​ക്ക​ൽ ക​ട​ൽവെ​ള്ളം പൊ​ങ്ങി​ പ​റ​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​സ്യ​ങ്ങ​ളെ​ല്ലാം ന​ശി​ച്ചു. അ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. പ്ര​കൃ​തി സം​ര​ക്ഷി​ക്കേ​ണ്ട​താ​ണ് എ​ന്ന ബോ​ധം ഈ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് തു​ട​ങ്ങി​യെ​ന്ന് പ​റ​യാം.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സകാ​ല​ത്തും സ​സ്യ​ശാ​സ്ത്രം പ​ഠി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ച്ച ഘ​ട​കം എ​ന്താ​ണ്? സ്കൂ​ളി​ലു​ണ്ടാ​യ​തു​പോ​ലെ സ്വാധീ​നം അ​വി​ടെ​യും ഉ​ണ്ടാ​യോ?

വൈ​ദ്യം പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹം. വൈ​ദ്യം പ​ഠി​ക്ക​ണ​മെ​ങ്കി​ൽ സം​സ്കൃ​തം അ​റി​യ​ണം. സം​സ്കൃ​തപ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പ​ഠി​ച്ച സ്കൂ​ളി​ൽ അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ൽ സം​സ്കൃ​തം പ​ഠി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​ക്കാ​ര​ല്ല വേതനം കൊ​ടു​ത്ത​ത്. അ​ത് അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന സ്കൂ​ൾ ആ​യി​രു​ന്നി​ല്ല. സം​സ്കൃ​തം പ​ഠി​പ്പി​ച്ചി​രു​ന്ന രാ​ഘ​വ​ൻ മാ​സ്റ്റ​ർ ശ​മ്പ​ളം കി​ട്ടു​ന്ന മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക് മാ​റി. പി​ന്നീ​ട് സ്കൂ​ളി​ൽ സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ ഉ​ണ്ടാ​യി​ല്ല. അ​തോ​ടെ സം​സ്കൃ​തപ​ഠ​നം മു​ട​ങ്ങി.

വൈ​ദ്യം പ​ഠി​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്‍റർ​മീ​ഡി​യ​റ്റ് ക​ഴി​ഞ്ഞു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ക​ണം. അ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും മെ​ഡി​ക്ക​ൽ കോ​ള​ജു​ണ്ട്. അ​ഞ്ചു വ​ർ​ഷ​ത്തെ കോ​ഴ്സ് ആ​ണ്. അ​തി​ന് അ​വി​ടെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ഠി​ക്ക​ണം. കു​ടും​ബ​ത്തി​ൽ അ​തി​നു​ സാ​മ്പ​ത്തി​ക​ശേ​ഷി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​ൻ​റ​ർമീഡി​യ​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ മ​ഹാ​രാ​ജാ​സി​ൽ ബോ​ട്ട​ണി ബി.​എ​സ്​സി​ക്ക് ചേ​ർ​ന്നു. അ​ന്ന് ഡി​ഗ്രി പാ​സാ​യാ​ൽ സ്കൂ​ൾ ടീ​ച്ച​ർ ആ​യി ജോ​ലി കി​ട്ടും. ഡി​ഗ്രി​ക്ക് പ​ഠി​പ്പി​ച്ചി​രു​ന്ന എ.​ രാ​മ​ൻ എ​ന്ന അ​ധ്യാ​പ​ക​ന് വ​ലി​യ സ്നേ​ഹ​മാ​യി​രു​ന്നു. അ​യ്യ​ർ ആ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ജാ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹം പ​ഠ​നം തു​ട​ര​ണ​മെ​ന്ന് പ്രേ​രി​പ്പി​ച്ചു. ബി.​എ​സ്​സി കൊ​ണ്ട് കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​മാ​ണ് നിർ​ബ​ന്ധി​ച്ചത്​. അ​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മാ​ത്ര​മാ​ണ് പി.​ജി കോ​ഴ്സു​ള്ള​ത്. അവിടെ മ​റ്റ് കോ​ള​ജു​ക​ളി​ൽ​നി​ന്ന് ബി.​എ​സ്​സി പാ​സാ​കു​ന്ന​വ​ർ​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ക്കു​ക പ്ര​യാ​സ​മാ​ണ്. അ​തോ​ടെ ഉ​പ​രി​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യി.

പി​ന്നെ ഉ​പ​രി​പ​ഠ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത് എ​ങ്ങ​നെ​യാ​ണ്?

രാ​മ​ൻ സാ​റി​ന്‍റെ മ​ക​ൻ ഉ​ത്ത​രേ​ന്ത്യ​യി​ലെ ബ​നാ​റ​സി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൻ വെ​ക്കേ​ഷ​ന് നാ​ട്ടി​ൽ വ​ന്ന​പ്പോ​ൾ അ​യാ​ൾ​ക്കൊ​പ്പം എ​ന്നെ​യും അ​യ​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ ചേ​ർ​ന്ന്​ എം.​എ​സ്​സി എ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു ഗു​രു​വി​​ന്‍റെ നി​ർ​ദേ​ശം. അ​വി​ടെ​യെ​ത്തു​മ്പോ​ൾ ഒട്ടു​മി​ക്ക കോ​ള​ജു​ക​ളി​ലും അ​ഡ്മി​ഷൻ ക​ഴി​ഞ്ഞു. പി​ന്നീ​ട് അ​ടു​ത്ത വ​ർ​ഷ​മേ പ്ര​വേ​ശ​നം ല​ഭി​ക്കൂ. ഇ​ൻ​റ​ർമീ​ഡി​യ​ത്തി​ലും ബി​എ​സ്.സി​ക്കും കൂ​ടെ പ​ഠി​ച്ചി​രു​ന്ന നാ​രാ​യ​ണ​ൻ ന​മ്പീ​ശ​ന് (ഇ​പ്പോ​ഴ​ത്തെ സി.​പി.​എം നേ​താ​വ് സി.​പി. നാ​രാ​യ​ണ​ന്‍റെ ബ​ന്ധു) ബി​ർ​ള കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ കി​ട്ടി​യി​രു​ന്നു. എം.​എ​സ്​സിക്ക് ​പ​ഠി​ക്ക​ണ​മെ​ങ്കി​ൽ രാ​ജ​സ്ഥാ​നി​ൽ എ​ത്താ​ൻ അ​ദ്ദേ​ഹം ക​മ്പി അ​ടി​ച്ചു. അ​ങ്ങ​നെ​യാ​ണ് രാ​ജ​സ്ഥാ​നി​ലെ സാ​ഗ​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ എ​ത്തു​ന്ന​ത്. ജയ്പൂ​രി​ൽ ഡോ. ​പി​ള്ള ഉ​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി​യാ​ണെ​ങ്കി​ലും അ​വി​ടത്തെ രാ​ജാ​വി​​െൻറ ഭ​ര​ണ​സ​മി​തി​യി​ൽ​പെ​ട്ട ഒ​രാ​ളാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ന് സ​ഹാ​യി​ച്ച​ത്. ബി​ർ​ള കോ​ള​ജി​ലാ​ണ് പി.​ജി​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​ത്. അ​വി​ടത്തെ ക്ലാ​സി​ന്‍റെ പ്ര​ത്യേ​ക​ത ലെ​ക്​ചർ ക്ലാ​സ് വ​ള​രെ കു​റ​വാ​ണ്. സ്വ​ന്ത​മാ​യി പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് പ​ഠ​നം ന​ട​ത്ത​ണം. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ടോ​പ്പി​ക്കി​ൽ ​െലക്​ചർ ക്ലാ​സ് എ​ടു​ക്ക​ണം. ച​ങ്ങ​നാ​ശ്ശേ​രി​ക്കാ​ര​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ​ നാ​യ​ർ എ​ന്ന അ​ധ്യാ​പ​ക​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം പു​റ​ത്തു ന​ട​ന്ന് സ​സ്യ​ങ്ങ​ൾ എ​ല്ലാം ശേ​ഖ​രി​ച്ച് ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മാ​യി​രു​ന്നു. പ്രാ​ക്ടി​ക്ക​ൽ അ​റി​വ് കി​ട്ടാൻ വേ​ണ്ടി​യു​ള്ള പ​ഠ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. രാ​വി​ലെ അ​ദ്ദേ​ഹം ന​ട​ക്കാ​നി​റ​ങ്ങും. തി​രി​ച്ചു​വ​രു​മ്പോ​ൾ ഒ​രു​പി​ടി ചെ​ടി​ക​ൾ കൈ​യി​ൽ ഉ​ണ്ടാ​വും. അ​ത് എ​ന്താ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഏ​ൽ​പ്പി​ക്കും. പി​ന്നീ​ട് ലാ​ബി​ൽ പ​രി​ശോ​ധ​ന​യാ​ണ്. അ​ന്ന് അ​വി​ടെ മ​ലേ​റി​യ​യു​ള്ള കാ​ല​മാ​ണ്. ശു​ദ്ധ​ജ​ല​ത്ത​ിനും ബു​ദ്ധി​മു​ട്ടു​ണ്ട്. അ​വി​ടത്തെ ഭ​ക്ഷ​ണ​രീ​തി​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. അ​തു​മാ​യെ​ല്ലാം ക്ര​മേ​ണ പൊ​രു​ത്ത​പ്പെ​ട്ടു. എം.​എ​സ്​സി ക​ഴി​ഞ്ഞ​പ്പോ​ൾ അ​വി​ടെ ത​ന്നെ പിഎ​ച്ച്.ഡി​ക്ക് ചേ​രാ​മാ​യി​രു​ന്നു. ഗൈ​ഡാ​യ ഏ​തെ​ങ്ക​ിലും അ​ധ്യാ​പ​കരു​ടെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്ക​ണം. അ​ന്ന് പിഎ​ച്ച്​.ഡി​ക്ക് ഗ​വേ​ഷ​ണ ഫെ​ലോ​ഷി​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​ന്ത​മാ​യി പ​ണം മു​ട​ക്കി തു​ട​ർപ​ഠ​നം അ​സാ​ധ്യ​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ഡോ. ​എ​ബ്ര​ഹാം ആ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന ഗൈ​ഡ്. പി​ന്നീ​ട് പി.​എ​സ്‌.​സി ടെ​സ്റ്റ് എ​ഴു​തി. അ​തി​ൽ സെ​ല​ക്ഷ​ൻ കി​ട്ടി. ചി​റ്റൂ​ർ ഗ​വ​ൺ​മെ​ൻ​റ് കോ​ള​ജി​ൽ അ​ധ്യാ​പ​കനാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.


സൈ​ല​ന്‍റ്​ വാ​ലി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ച​രി​ത്ര​ത്തി​ൽ സാ​റി​നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. സൈ​ല​ന്‍റ്​ വാ​ലി​യി​ലേ​ക്കു​ള്ള ആ​ദ്യ യാ​ത്ര എ​ന്നാ​ണ്? അ​നു​ഭ​വം എ​ന്താ​യി​രു​ന്നു?

പാ​ല​ക്കാ​ട് ചി​റ്റൂ​ർ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ മ​ഹാ​രാ​ജാ​സി​ൽ ബി.​എ​സ്​സി​ക്ക് പ​ഠി​പ്പി​ച്ച, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് ഉ​പ​ദേ​ശി​ച്ച എ.​ രാ​മ​ൻ സാ​ർ സ​സ്യ​ശാസ്​​ത്ര വ​കു​പ്പി​ൽ അ​ധ്യാ​പ​ക​നാ​യി ഉ​ണ്ടാ​യി​രു​ന്നു. പ്ര​കൃ​തിപ​ഠ​ന​ത്തി​ലേ​ക്ക്, സ​സ്യ​ശാ​സ്ത്ര ലോ​ക​ത്തേ​ക്ക് അ​ദ്ദേ​ഹം വീ​ണ്ടും വ​ഴി​കാ​ട്ടി​യാ​യി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സാ​റി​നോ​ടൊ​പ്പം ചു​റ്റു​പാ​ടു​മു​ള്ള വ​യ​ലു​ക​ളി​ലൂ​ടെ ന​ട​ക്കും. അ​പ്പോ​ൾ പ​ല സ​സ്യ​ങ്ങ​ളെ​യും തി​രി​ച്ച​റി​ഞ്ഞു. ചി​ല പ്ര​ത്യേ​ക​ത​രം സ​സ്യ​ങ്ങ​ളെ ക​ലക്ട് ചെ​യ്തു കൊ​ണ്ടു​വ​ന്നു. മൈ​ക്രോ​സ്കോ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​സ്യ​ങ്ങ​ൾ ഏതാ​ണെ​ന്ന് തി​രി​ച്ച​റി​യും. പ​ല​തും മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചു. പ്ര​കൃ​തി​യു​മാ​യു​ള്ള അ​ടു​പ്പം വ​രു​ന്ന​ത് കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​വു​ന്ന​ത് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യാ​ണ്. പ​ല സ​സ്യ​ങ്ങ​ളും ഭൂ​മി​യി​ൽ ഇ​ല്ലാ​താ​യി​ത്തീ​രു​ന്നു എ​ന്ന് അ​ന്നു​ത​ന്നെ തി​രി​ച്ച​റി​ഞ്ഞു. ചെ​ടി​ക​ളൊ​ക്കെ വ​ള​രേ​ണ്ട സ്ഥ​ല​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ൾ ആ​യി മാ​റു​ക​യാ​ണെ​ന്ന് മ​ന​സ്സിലാ​യി. ചി​റ്റൂ​ർ കോ​ള​ജി​ൽ സ​ഹ​ അ​ധ്യാ​പ​ക​നാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ​ൻ. സു​ഹൃ​ത്തു​ക്ക​ളി​ൽ വ​ലി​യ അ​ടു​പ്പമു​ള്ള​യാ​ൾ. അ​ദ്ദേ​ഹം ഒ​രുദി​വ​സം പ​റ​ഞ്ഞു, സൈ​ല​ന്‍റ്​ വാ​ലി എ​ന്നൊ​രു വ​ന​മു​ണ്ട്. അ​തി​ന​ടു​ത്ത് ജ്യേ​ഷ്ഠ​ന് (രാ​മ​കൃ​ഷ്ണ​ന്‍റെ) എ​സ്റ്റേ​റ്റ് ഉ​ണ്ട്. അ​വി​ടെ​പ്പോ​യി താ​മ​സി​ച്ചാൽ വ​നം കാ​ണാ​ൻ ക​ഴി​യും. അ​ങ്ങ​നെ സൈ​ല​ന്‍റ്​ വാ​ലി കാ​ണാ​ൻ തീ​രു​മാ​നി​ച്ചു. അ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡി​ന് സൈ​ല​ന്‍റ്​വാ​ലി​യി​ൽ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്ന് പ്ലാ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഡാം ​കെ​ട്ടി​യാ​ൽ മു​ങ്ങി​പ്പോ​കു​ന്ന വ​ലി​യൊ​രു കാ​ടു​ണ്ട്. അ​ങ്ങ​നെ​യാ​ണ് രാ​മ​കൃ​ഷ്ണ​നു​മാ​യി വ​നം കാ​ണാ​നാ​യി പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​​ന്‍റെ ഒ​രു സ​ഹ​പാ​ഠി വ​നം​വ​കു​പ്പി​ൽ (ശ​ങ്ക​ർ) ജോ​ലി ചെ​യ്തി​രു​ന്നു. ഞ​ങ്ങ​ൾ ചെ​ല്ലു​ന്ന വി​വ​രം ശ​ങ്ക​ര​നെ നേ​ര​ത്തേ അ​റി​യി​ച്ചു. ശ​ങ്ക​ര​നെ​യും കൂ​ട്ടി​യാ​ണ് പോ​യ​ത്. വ​നം​വ​കു​പ്പി​ലാ​യ​തി​നാ​ൽ ശ​ങ്ക​ര​ന് കാ​ടി​ന്‍റെ വ​ഴി​ക​ൾ അ​റി​യാം. ഡാം ​കെ​ട്ടി​യാ​ൽ മു​ങ്ങി പോ​കാ​വു​ന്ന കാ​ട്ടുപ്ര​ദേ​ശം ശ​ങ്ക​ര​നാ​ണ് കാ​ണി​ച്ചു ത​ന്ന​ത്. ആ ​യാ​ത്ര​യി​ലാ​ണ് സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ളെ നേ​രി​ട്ട് കാ​ണു​ന്ന​ത്. ഇ​ന്ത്യ​യി​ൽ വേ​റൊ​രി​ട​ത്തും അ​തി​ല്ല. ഇ​വ​യു​ടെ വം​ശം അ​റ്റുപോ​കു​മെ​ന്ന് പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തേ വ​ന്നി​രു​ന്നു. സിം​ഹ​വാ​ല​ൻ ഒ​രു മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​രി​ക്കു​ന്ന​ത് ശ​ങ്ക​ര​ൻ കാ​ണി​ച്ചു ത​ന്നു. പി​ൽ​ക്കാ​ല​ത്ത് സിം​ഹ​വാ​ല​നെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന പ​രി​ഹാ​സം നേ​രി​ട്ടു.

സൈ​ല​ന്‍റ്​ വാ​ലി കാ​ടു​ക​ൾ ക​ണ്ട​തി​ന് ശേ​ഷ​മാ​ണോ മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ൽ ലേ​ഖ​നം എ​ഴു​തി​യത്? അ​താ​ണ​ല്ലോ സൈ​ല​ന്‍റ്​ വാ​ലി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​ശ​യ​ത്തി​ന് ജീ​വ​ൻ​വെ​ച്ച​ത്?

സൈ​ല​ന്‍റ്​ വാ​ലി സം​ബ​ന്ധി​ച്ച് ജ​ന​ം കൂ​ടു​ത​ൽ അ​റി​യാ​ൻ ഇ​ട​യാ​യ​ത് ആ ​ലേ​ഖ​നം ആ​യി​രു​ന്നു. 1979 ജൂ​ൺ മൂ​ന്നി​നാ​ണ് സൈ​ല​ന്‍റ്​ വാ​ലി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ന്ന​ത്തെ​പോ​ലെ പാ​രി​സ്ഥി​തി​ക ബോ​ധ​മു​ള്ള ജ​ന​ത അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ കാ​ടി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നീ​ല​ഗി​രി കു​ന്നു​ക​ളു​ടെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പീ​ഠ​ഭൂ​മി​യാ​ണ് സൈ​ല​ന്‍റ്​ വാ​ലി. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 3000 തൊ​ട്ട് 4000 അ​ടി​ ഉ​യ​ര​ത്തി​ലു​ള്ള റി​സ​ർ​വ് വ​ന​പ്ര​ദേ​ശം. ശി​ങ്ക​ളം, ക​രി​ങ്കു​ര​ങ്ങ്, ക​ടു​വ, പു​ള്ളി​പ്പു​ലി, വ​രയാ​ട് എ​ന്നി​വ​യു​ടെ ആ​വാ​സകേ​ന്ദ്രം. ഭാ​ര​ത​പ്പു​ഴ​യു​ടെ പോ​ഷ​ക ന​ദി​യാ​യ തൂ​ത​പ്പ​ുഴ.​ അ​തി​ന്‍റെ സു​പ്ര​ധാ​ന ശാ​ഖ​യാ​യ കു​ന്തി​പ്പു​ഴ ഈ ​റി​സ​ർ​വ് പ്ര​ദേ​ശ​ത്തി​ന് മധ്യത്തി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. എ​ന്നാ​ൽ 22,120 ഏ​ക്ക​ർ (8952 ഹെ​ക്ട​ർ) റി​സ​ർ​വ് വ​ന​മു​ള്ള സൈ​ല​ന്‍റ്​ വാ​ലി കു​ന്തി​പ്പു​ഴ​യു​ടെ വ​ശ​ങ്ങ​ളി​ലൂ​ടെ വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. കു​ന്തി​പ്പു​ഴ​യു​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽനി​ന്നും വൈ​ദ്യു​തി ഉ​ൽപാ​ദി​പ്പി​ക്കാ​നാ​ണ് സൈ​ല​ന്‍റ്​ വാ​ലി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണകാ​ല​ത്ത് ത​ന്നെ ഇ​ത് ഊ​ർ​ജോ​ൽ​പാ​ദ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ദ്യം കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ 1958ൽ അ​വി​ടെ അ​ധി​ക പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി. 1965ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് കേ​ന്ദ്ര ജ​ല ക​മീ​ഷ​ൻ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചു. 1973ൽ ​സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡി​ന് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര ആ​സൂ​ത്ര​ണ ക​മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. കൈ​യി​ൽ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​യി​ല്ല. 1976ൽ ഇ​ടു​ക്കി പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം ബോ​ർ​ഡ് സൈ​ല​ന്‍റ്​​ വാ​ലി​ക്ക് നേ​രെ തി​രി​ഞ്ഞു. തു​ട​ർ​ന്നു റി​പ്പോ​ർ​ട്ട് ദേ​ശീ​യ സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ സ​മ​ർ​പ്പി​ച്ചു. പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ആ ​പ്ര​ദേ​ശം ഒ​രു സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും 1974 ഏ​പ്രി​ലിൽ എ ​നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ എ​ൻ​വ​യ​ൺ​മെന്‍റൽ പ്ലാ​നി​ങ് ആ​ൻ​ഡ് കോ​ഓഡി​നേ​ഷ​ൻ (എ​ൻ.​സി.​ഇ.​പി.​സി) നി​യോ​ഗി​ച്ച ടാ​സ്​ക്​​ഫോ​ഴ്സ് കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ​ചെ​യ്ത കാ​ര്യ​വും ലേ​ഖ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ലേ​ഖ​നം വ​ലി​യ കോ​ലാ​ഹ​ലം ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ​ല്ലോ സു​ഗ​ത​കു​മാ​രി അ​ടക്ക​മു​ള്ള​വ​ർ പി​ൽ​ക്കാ​ല​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ഉ​ണ്ടാ​ക്കി​യെ​ന്ന​തു ശ​രി​യാ​ണോ?

ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും പ​രി​സ്ഥ​ിതി സം​ര​ക്ഷി​ക്ക​ണമെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രും വി​ഷ​യം ച​ർ​ച്ചചെ​യ്തു തു​ട​ങ്ങി. ലേ​ഖ​നം കൊ​ള്ളേ​ണ്ട​വ​ർ​ക്ക് കൊ​ണ്ടു. അ​വ​ർ​ക്ക് കാ​ര്യം മ​ന​സ്സി​ലാ​യി. മ​ല​ബാ​റി​ലെ വി​ക​സ​നം ത​ട​യാ​ൻ വേ​ണ്ടി​യാ​ണ് ലേ​ഖ​ന​മെ​ഴു​തി​യ​തെന്ന്​ വി​മ​ർ​ശ​ന​മു​ണ്ടാ​യി. ആ ​ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ന്‍റെ എ​ഡി​റ്റ​ർ സ്ഥാ​ന​ത്തു നി​ന്ന് എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​രെ നീ​ക്കി. അ​തൊ​രു മു​ന്ന​റി​യി​പ്പാ​യി​രു​ന്നു. മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ലെ ലേ​ഖ​നം വാ​യി​ച്ച് എ​ഴു​ത്തു​കാ​രി​ലും ബു​ദ്ധി​ജീ​വി​ക​ളി​ലും അ​തി​​ന്‍റെ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യി. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ ഐ​തി​ഹാ​സി​ക​മാ​യൊ​രു താ​ഴ്​വ​ര ന​ഷ്ട​മാ​കു​ന്നു​വെ​ന്ന ദോ​ഷം മാ​ത്ര​മ​ല്ല ന​മ്മു​ടെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ്ര​കൃ​തി​ദ​ത്ത​മാ​യ പ​രി​സ്ഥി​തി നി​ല​നി​ൽ​പ്പി​നെ എ​ങ്ങ​നെ ദാ​രു​ണ​മാ​യി ക​ശാ​പ്പു ചെ​യ്യു​മെ​ന്നും ലേ​ഖ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​ിരു​ന്നു. അ​തി​നു മു​മ്പു ത​ന്നെ ജോ​ൺ​സി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​വോ​ള​ജി​ക്ക​ൽ ക്ല​ബ്​ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് തു​ട​ങ്ങി​യി​രു​ന്നു.​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​രി​സ്ഥി​തി​ക അ​വ​ബോ​ധം ന​ൽ​കു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ഹ​വാ​സ ക്യാ​മ്പു​ക​ൾ ന​ട​ത്തി. പൊ​തു​ജ​നപ്ര​ക്ഷോ​ഭം ആ​കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത് ജോ​ണി​യു​ടെ ജ​ന്തുശാ​സ്ത്ര​ ക്ല​ബ്​ ആ​യി​രു​ന്നു. ജ​ന​ങ്ങ​ൾ സ​ത്യം അ​റി​ഞ്ഞാ​ൽ വി​ക​സ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് ചി​ല​ർ പ​റ​ഞ്ഞ​ത്.

അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ അ​ക്കാ​ദ​മി​ക രം​ഗ​ത്തു​ള്ള​വ​ർ ര​ണ്ടു ചേ​രി​യാ​യോ? കേ​ര​ള​വി​ക​സ​നം മു​ന്നോ​ട്ടു​വെക്കു​ന്നവ​രും വി​ക​സ​ന​വി​രു​ദ്ധരും എ​ന്ന നി​ലയ​ിൽ സം​വാ​ദം ന​ട​ന്നു​വെ​ന്നാ​ണ് സു​ഗ​ത​കു​മാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടത്. അ​ത് ശ​രി​യാ​ണോ?

സൈ​ല​ന്‍റ്​ വാ​ലി വി​വാ​ദ​കാ​ല​ത്ത് പ്ലാ​നി​ങ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ത​ന്നെ ര​ണ്ട് ഗ്രൂ​പ്പാ​യി. കേ​ര​ളം വി​ക​സി​പ്പി​ക്കാൻ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്ന് ഒ​രു​കൂ​ട്ട​ർ വാ​ദി​ച്ചു. പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് വി​ക​സ​ന​ത്തെ ബാ​ധി​ക്കും എ​ന്നാ​യി​രു​ന്നു അ​വ​ർ ക​ണ്ടെ​ത്തി​യ കാ​ര്യം. എ​ന്നാ​ൽ, വ​ലി​യ എ​തി​ർ​പ്പു​ണ്ടാ​യ​ത് ഡോ. ​എ​ബ്ര​ഹാ​മി​ൽനി​ന്നാ​ണ്. അ​ദ്ദേ​ഹം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റിന്‍റെ ര​ഹ​സ്യ ഉ​പ​ദേ​ശ​ക​ൻ ആ​യി​രു​ന്നു അ​ദ്ദേ​ഹം. ശാ​സ്ത്രം എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം മ​ന​സ്സിലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. സൈ​ല​ന്‍റ്​ വാ​ലി ഡാം ​നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വി​ടെ​യു​ള്ള ജ​ന്തു​ക്ക​ളെ​യെ​ല്ലാം സം​ര​ക്ഷി​ക്കാ​ൻ മ​റ്റൊ​രു കു​ന്ന് ഉ​ണ്ടാ​ക്കാം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​ന്‍റെ പ്ര​ധാ​ന നി​ർ​ദേ​ശം. കാ​ടു വെ​ള്ള​ത്തി​ൽ മു​ങ്ങു​മ്പോ​ൾ ജ​ന്തു​ക്ക​ളെ​ല്ലാം കു​ന്നി​ൽ പോ​യി ര​ക്ഷ​നേ​ടിക്കൊ​ള്ളും എ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. അ​ങ്ങ​നെ​യൊരു ശാ​സ്ത്ര ഉ​പ​ദേ​ശ​മാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​റിന് ന​ൽ​കി​യ​ത്.

സൈലന്റ് വാലി

ഇ​ന്ദി​ര ഗാ​ന്ധി പ​രി​സ്ഥി​തി​വാ​ദി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ിരു​ന്നു​വെ​ന്നാ​ണ് മു​ൻ കേ​ന്ദ്രമ​ന്ത്രി ജ​യ​റാം ര​മേ​ശ് വി​ല​യി​രു​ത്തി​യ​ത്. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ആ​ദ്യ​കാ​ല ഇ​ട​പെ​ട​ൽ എ​ന്താ​യി​രു​ന്നു?

ഇ​ന്ദി​ര ​ഗാ​ന്ധി പ​രി​സ്ഥി​തി​വാ​ദി​യാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് അ​വ​ർ എ​ത്തിച്ചേ​ർ​ന്ന​തി​ന് ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1972 ജൂ​ണിൽ സ്വീ​ഡ​നി​ലെ സ്റ്റോ​ക് ഹോ​മി​ൽ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും ത​ല​വ​ന്മാ​രെ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​ൽ പ​ങ്കെ​ടു​ത്ത ഏ​ക പ്ര​ധാ​ന​മ​ന്ത്രി ആ​യി​രു​ന്നു ഇ​ന്ദി​ര ​ഗാ​ന്ധി. ആ ​സ​മ്മേ​ള​നം മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധം ആ​ഴ​ത്തി​ൽ ച​ർ​ച്ച ചെ​യ്തി​രു​ന്നു. സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്ത പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ൾ ഇ​ന്ദി​ര​ ഗാ​ന്ധി​യു​ടെ ചി​ന്ത​യെ സ്വാ​ധീ​നി​ച്ചു. ഈ ​സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽത​ന്നെ ചി​ല ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി പ​രി​സ​്​ഥി​തിസം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെയും വ്യ​ക്തി​ക​ളു​ടെ​യും ക​ട​മ​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്ന് ആ​സൂ​ത്ര​ണ ക​മീ​ഷ​നി​ൽ അം​ഗ​മാ​യി​രു​ന്ന പീ​താ​ബ​ർ പാ​ന്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ പ​രി​സ്ഥി​തി ക​മ്മി​റ്റി രൂ​പവത്​​ക​രി​ച്ചു. പാ​ന്ത് ക​മ്മി​റ്റി റി​പ്പേ​ാർ​ട്ടി​ന്‍റെ അ​ടി​സ്ഥ​ാന​ത്തി​ൽ 1972ൽ ത​ന്നെ പാ​രി​സ്ഥി​തി​ക ആ​സൂ​ത്ര​ണ​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മു​ള്ള ദേ​ശീ​യ ക​മ്മി​റ്റി (എ​ൻ.​സി.​ഇ.​പി.​സി) നി​ല​വി​ൽ വ​ന്നു. അ​ത് ശാ​സ്ത്ര-​സാ​ങ്കേ​തി​ക വ​കു​പ്പി​​െൻറ കീ​ഴി​ലാ​യി​രു​ന്നു​വെ​ങ്കി​ലും എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും സ​ർ​ക്കാ​റി​ന് ഉ​പ​ദേ​ശം ന​ൽ​കാ​നു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ഏ​ജ​ൻ​സി​യാ​യി.

കേ​ന്ദ്ര നി​ർ​ദേ​ശപ്ര​കാ​ര​ം 1976ൽ 19 ​പേ​ര​ട​ങ്ങു​ന്ന ടാ​സ്ക് ഫോ​ഴ്സ് ആ​ണ് സൈ​ല​ന്‍റ്​ വാ​ലി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ഫ​ർ ഫ​ത്തേ​ഹ​ള്ളി ആ​യി​രു​ന്നു സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. അ​ദ്ദേ​ഹം വേ​ൾ​ഡ് വൈ​ൽ​ഡ് ഫ്ര​ണ്ടി​ന്‍റെ ട്ര​സ്റ്റി​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽനി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ.​കെ. നാ​യ​ർ ആ​യി​രു​ന്നു. എ.​കെ.​ മ​ഹാ​ജ​ൻ ആ​യി​രു​ന്നു സെ​ക്ര​ട്ട​റി. ക​മ്മി​റ്റി​ക്ക് കാ​ടു​ ക​ണ്ട​പ്പോ​ൾ സൈ​ല​ന്‍റ്​ വാ​ലി​യു​ടെ പ്രാ​ധാ​ന്യം മ​ന​സ്സിലാ​യി. സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡ് 1963ൽ ​സൈ​ല​ന്‍റ്​​ വാ​ലി​യി​ൽ ഒ​രു ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നും അ​തി​ൽ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും പ​ദ്ധ​തി വ​ന്നാ​ൽ ഈ ​പ്ര​ദേ​ശ​ത്തെ അ​പൂ​ർ​വ പ​രി​സ്ഥി​തി ന​ശി​ക്കു​മെ​ന്നും അ​വ​ർ സ​ർ​ക്കാ​റിന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​തെ​ല്ലാം കേ​ന്ദ്രസ​ർ​ക്കാ​റിന്‍റെയും ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ​യും മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

ശാ​സ്ത്ര​ജ്ഞ​രും ഇ​രു​ ചേ​രി​ക​ളി​ലാ​യി രം​ഗ​ത്തു​വ​ന്ന​ല്ലോ. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​സ്ഥി​തി​യു​ണ്ടാ​യ​ത്?

കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം പ്രഫ​സ​ർ ആ​യി​രു​ന്ന ഡോ.​ ബി.​കെ.​ നാ​യ​രാ​യി​രു​ന്നു പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യി രം​ഗ​ത്തു​വ​ന്ന അ​ക്കാ​ദ​മി​ക് പ​ണ്ഡി​ത​രി​ൽ പ്ര​ധാ​നി. സൈ​ല​ന്‍റ്​ വാ​ലി​യി​ൽ മ​ഴ​ക്കാ​ടു​ക​ളി​ല്ല എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​ന്‍റെ ആ​ദ്യ വാ​ദം. ഏ​താ​നും ഹെ​ക്ട​ർ കാ​ട് വെ​ട്ടി​യാ​ൽ കാ​ലാ​വ​സ്ഥ മാ​റ്റം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​വ​ശ്യ​മെ​ങ്കി​ൽ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച് പു​തിയ​ കാ​ട് സൃ​ഷ്ടി​ക്കാ​മെ​ന്നു​വ​രെ അ​ദ്ദേ​ഹം മ​റു​പ​ടി എ​ഴു​തി. സൈ​ല​ന്‍റ്​ വാ​ലി​യു​ടെ സ​വി​ശേ​ഷ​ത സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ഔ​ദ്യോ​ഗി​ക​മാ​യി നി​യോ​ഗി​ച്ച​ത് ബി.​കെ. നാ​യ​രെ​യാ​ണ്. വൈ​ദ്യു​തി ബോ​ർ​ഡ് അം​ഗ​മാ​യ ഇ​ട്ടി ഡാ​ർ​വി​നും ഇ​തേ വാ​ദ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്നു. സൈ​ല​ന്‍റ്​ വാ​ലി​യി​ൽനി​ന്ന് സ​സ്യ​സ​മ്പ​ത്തി​നെ പ​റി​ച്ചു​ന​ട്ടു വ​ള​ർ​ത്താ​മെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. സൈ​ല​ന്‍റ്​ വാ​ലി കാ​ടു​ക​ൾ​ക്ക് വി​ശേ​ഷാ​ൽ ത​നി​മ​യൊ​ന്നും ഇ​ല്ല. സാ​ധാ​ര​ണ കാ​ട് മാ​ത്ര​മാ​ണ് എന്ന​്​ ബി.​കെ.​ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. താ​ൻ അവി​ടെ ഏ​ഴു വ​ട്ടം പോ​യി​ട്ടു​ണ്ടെ​ന്നും ഒ​രൊ​റ്റ പു​തി​യ സ​സ്യ​ സ്പീ​ഷീസി​നെ​യും അ​വി​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ർ ഗ​വ​ൺ​മെ​ന്‍റ്​ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഡോ. ​കെ. രാ​ഘ​വ​ൻ ന​മ്പ്യാ​ർ ത​യാ​റാ​ക്കി​യ സൈ​ല​ന്‍റ്​ വാ​ലി ​േപ്രാ​ജ​ക്ട് ഒ​രു അ​പ​ഗ്ര​ന്ഥ​നം എ​ന്ന ല​ഖു​ലേ​ഖ പ​രി​സ​ര ആ​സൂ​ത്ര​ണ സം​ര​ക്ഷണ സ​മി​തി​യു​ടെ പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​തി​ലെ പ്ര​ധാ​ന വാ​ദ​ങ്ങ​ൾ - മ​ഴ​ പെ​യ്യി​ക്കു​ന്ന​തി​ൽ കാ​ടു​ക​ൾ​ക്ക് കാ​ര്യ​മാ​യ പ​ങ്കൊ​ന്നും ഇ​ല്ല. അ​തു​കൊ​ണ്ട് കാ​ട് ന​ഷ്ട​പ്പെ​ട്ടാ​ൽ കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം വ​രു​മെ​ന്ന വാ​ദം ശ​രി​യ​ല്ല. മ​നു​ഷ്യ ഇ​ട​പെ​ട​ലും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​രു​വ​ത്​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു എ​ന്നു പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സൈ​ല​ന്‍റ്​ വാ​ലി ത​നി​മ​യു​ള്ള കാ​ടു​ക​ൾ അ​ല്ല.​ സിം​ഹ​വാലൻ കു​ര​ങ്ങു​ക​ൾ​ക്ക് വം​ശ​നാ​ശം വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം വാദി​ച്ചു. പൊ​ള്ള​യാ​യ വാ​ച​ക​മ​ടി​ക​ളാ​യി​രു​ന്നു ഇ​വ​യെ​ല്ലാമെ​ന്ന് പി​ൽ​ക്കാ​ല​ത്ത് തെ​ളി​ഞ്ഞു.

ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യി​രു​ന്ന​ല്ലോ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച മ​റ്റൊ​രു കൂ​ട്ട​ർ. അ​വ​രു​ടെ വാ​ദം എ​ന്താ​യി​രു​ന്നു?

ശാ​സ്ത്ര​ജ്ഞ​രി​ൽ ഒ​രു വി​ഭാ​ഗം ക​ഴി​ഞ്ഞാ​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ അം​ഗീ​കാ​ര​മു​ള്ള ട്രേ​ഡ് യൂ​നി​യ​നു​ക​ളും മ​റ്റു രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും ആ​ണ് അ​ന്ന് പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ നേ​താ​വാ​യി​രു​ന്ന ഇ.​ ബാ​ലാ​ന​ന്ദ​നെ പോ​ലെ​യു​ള്ള​വ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വാ​ദി​ച്ചു. കേ​ര​ള​ത്തി​​ന്‍റെ വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഊ​ർ​ജ ഉ​പ​ഭോ​ഗം എ​ന്നി​വ​യാ​യി​രു​ന്നു ബാ​ലാ​ന​ന്ദ​ന്‍റെ ച​ർ​ച്ചാ വി​ഷ​യം. അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ച ല​ഘു​ലേ​ഖ പ​രി​സ്ഥി​തി നി​ല​പാ​ടു​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ​രി​സ​ര ആ​സൂ​ത്ര​ണ സ​മി​തി​യാ​ണ് 1980 ഫെ​ബ്രു​വ​രി​യി​ൽ ഈ ​പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സൈ​ല​ന്‍റ്​ ​വാ​ലി​യും പ​രി​സ്ഥി​തി പ​രി​സ​ര സം​ര​ക്ഷ​ണ​വും എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ സൈ​ല​ന്‍റ്​ വാ​ലി സം​ബ​ന്ധി​ച്ച ത​ൻെ​റ വാ​ദ​ങ്ങ​ൾ ബാ​ല​ന​ന്ദ​ൻ വി​ശ​ദീ​ക​രി​ച്ചു.

എ​ൻ.​സി.​ഇ.​പി.​സിയു​ടെ ടാ​സ്​ക്​ ഫോ​ഴ്സ് റി​പ്പോ​ർ​ട്ടി​നെ​യാ​ണ് അ​ദ്ദേ​ഹം എ​തി​ർ​ത്ത​ത്. അ​തി​ൽ തൊ​ഴി​ലാ​ളിവി​രു​ദ്ധ​മാ​യ ഒ​ട്ടേ​റെ ശി​പാ​ർ​ശ​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ അ​വ​ഗ​ണ​ന​യാ​ണ് പ​ദ്ധ​തി​ക്ക് ത​ട​യി​ടു​ന്ന​തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ''കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം ത​ട​യാ​നു​ള്ള സാ​മ്രാ​ജ്യ​ത്വ ഇ​ട​പെ​ട​ലാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്. സൈ​ല​ന്‍റ്​​ വാ​ലി ത​നി​മ​യു​ള്ള കാ​ടു​ക​ള​ല്ല. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ലം മു​ത​ൽ അ​വി​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി സൈ​ല​ന്‍റ്​ വാ​ലി സ​സ്യ​ജ​ന്തു ജാ​ല​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യി​ല്ല. സിം​ഹ​ള കു​ര​ങ്ങു​ക​ൾ (ബാ​ലാ​ന​ന്ദ​ൻ പൂ​വാ​ല​ൻ കു​ര​ങ്ങു​ക​ൾ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്) ഈ ​മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യി​ല്ല. പ​ദ്ധ​തി വ​ന്നാ​ൽ കാ​ലാ​വ​സ്ഥ​ക്ക്​ മാ​റ്റ​മൊ​ന്നും വ​രി​ല്ലെ​''ന്നാ​യി​രു​ന്നു ബാ​ലാ​ന​ന്ദ​ന്‍റെ വാ​ദം.

ബാ​ല​ാന​ന്ദ​നും മ​റ്റും എ​ടു​ത്ത നി​ല​പാ​ട് ദേ​ശാ​ഭി​മാ​നി​യും സ്വീ​ക​രി​ച്ചു. അ​വ​ർ സൈ​ല​ന്‍റ്​​ വാ​ലി പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യി നി​ല​യു​റ​പ്പി​ച്ചു. 1979 ഡി​സം​ബ​ർ അ​ഞ്ചി​ന് സൈ​ല​ന്‍റ്​​ വാ​ലി പ​ദ്ധ​തി മാ​ർ​ക്സി​സ്റ്റ് വീ​ക്ഷ​ണം എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ. ​വി​ദ്യാ​ധ​ര​ൻ എ​ഴു​തി​യ ലേ​ഖ​നം അ​വ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ല്ലാം മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ണ്. ഒ​ന്നും അ​തി​ന്‍റെ ത​നി​മ​യി​ൽ നി​ല​നി​ൽ​ക്കി​ല്ല. സൈ​ല​ന്‍റ്​ വാ​ലി​യി​ലു​ള്ള ജ​ന്തു​ജാ​ല​ങ്ങ​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ഉ​ള്ള​തി​നാ​ൽ വി​ശേ​ഷി​ച്ച് സം​ര​ക്ഷി​ക്കേ​ണ്ട​തില്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​ന്‍റെ വാ​ദം.

ലോ​കം സൈ​ല​ന്‍റ്​ വാ​ലി​യെ ശ്ര​ദ്ധി​ച്ചി​രു​ന്ന​വ​ല്ലോ? പ്ര​സി​ദ്ധ പ​ക്ഷി​ശാ​സ്ത്ര​ജ്ഞ​നാ​യ സാ​ലിം അ​ലി​യു​മാ​യി സൈ​ല​ന്‍റ്​ വാ​ലി സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ​ അ​നു​ഭ​വം എ​ന്താ​യി​രു​ന്നു?

ആ​ദ്യം ഡോ.​ സാ​ലിം അ​ലി സൈ​ല​ന്‍റ്​ വാ​ലി​യി​ൽ എ​ത്തി​യ​പ്പോ​ൾ കൂ​ടെ​ പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ണ്ടാ​മ​ത്തെ പ്ര​ാവ​ശ്യം വ​ന്ന​പ്പോ​ഴാ​ണ് പോ​യ​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഡോ.​വി.​എ​സ്. വി​ജ​യ​ൻ സൈ​ല​ന്‍റ്​ വാ​ലി സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഒ​രു പ്ലാ​റ്റ്ഫോംപോ​ലെ​യു​ള്ള സ്ഥ​ല​മു​ണ്ട്. അ​വി​ടെനി​ന്നാ​ൽ പൂ​ർ​ണ​മാ​യും കാ​ട് കാ​ണാം. അ​ന്ന് അ​ദ്ദേ​ഹം ലോ​ക​ത്തെ പ​ല കാ​ടു​ക​ളും ക​ണ്ടി​ട്ടു​ണ്ട്. ഇ​ത്ര​യും സു​ന്ദ​ര​വും വി​ല​പി​ടി​പ്പു​ള്ള​തു​മാ​യ കാ​ട് സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ു. അ​ത് മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും ന​ൽ​കി​യ സ​ന്ദേ​ശ​മാ​ണ്. അ​ത് വ​ലി​യ പ്ര​ചോ​ദ​ന​മാ​യി. ലോ​ക​ത്തെ​വി​ടെ​യും സ​സ്യശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും സെ​മി​നാ​റു​ക​ൾ ന​ട​ത്തു​മ്പോ​ൾ അ​വി​ടെ​യെ​ല്ലാം സാ​ലിം അ​ലി സൈ​ല​ന്‍റ്​ വാ​ലിയെ കു​റി​ച്ച് സം​സാ​രി​ച്ചു. അ​വി​ടെ​യെ​ല്ലാം സൈ​ല​ന്‍റ്​ വാ​ലി​ പദ്ധതിക്കെ​തി​രെ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ത് മ​റ്റ് ദേ​ശ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ സൈ​ല​ന്‍റ്​ വാ​ലി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ത്തി​ച്ചു.

ആ​ദ്യ​കാ​ല​ത്ത് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്​ സ്വീ​ക​രി​ച്ച നി​ല​പാ​ട് എ​ന്താ​യി​രു​ന്നു?

പ​രി​ഷ​ത്ത് ത​ന്നെ സൈ​ല​ന്‍റ്​ വാ​ലി പ​ദ്ധ​തി​ക്കെ​തി​രെ​യു​ള്ള നി​ല​പാ​ടി​ലേ​ക്ക് വ​ന്ന​ത് പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്. 1976 കാ​ല​ത്ത് സൈ​ല​ന്‍റ്​ വാ​ലി സം​ബ​ന്ധി​ച്ച് പ​രി​ഷ​ത്തി​നു​ള്ളി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തി​ൽ കൂ​ടു​ത​ൽ​പേ​രും താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ല. 1977ൽ ​കാ​ല​ടി​യി​ൽ ചേ​ർ​ന്ന ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ലെ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക ക്യാ​മ്പി​ലാ​ണ് സൈ​ല​ന്‍റ്​ വാ​ലി ച​ർ​ച്ച ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. സ​ങ്കീ​ർ​ണമാ​യ ഒ​രു പ്ര​ശ്ന​മാ​യി​ട്ടാ​ണ് പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ വി​ല​യി​രു​ത്തി​യ​ത്. മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ വി​ക​സ​ന​ത്തി​ന് വൈ​ദ്യു​തി ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു പ​രി​ഷ​ത്ത് നി​ല​പാ​ട്. മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ വ്യ​വ​സാ​യ പിന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാൻ സൈ​ല​ൻ​റ് വാ​ലി പ​ദ്ധ​തി വേ​ണം. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി മ​ല​ബാ​റി​ലെ ജ​നം ആ​റ്റു​നോ​റ്റ് ഇ​രി​ക്കു​ന്ന ഒ​രു പ​ദ്ധ​തി​യാ​ണി​ത്. അ​തു ന​ട​പ്പാ​ക്കാ​തി​രി​ക്കു​ന്ന​ത് മ​ല​ബാ​റി​നോ​ടു​ള്ള അ​വ​ഗ​ണ​ന ആ​ണെ​ന്ന് പ​രി​ഷ​ത്ത് ക​ണ്ടെ​ത്തി. ഇ​ന്ന​ത്തെ​പ്പോ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി ത​ട​യു​ന്നു എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ​യും വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ സൈ​ല​ന്‍റ്​ വാ​ലി കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. എം.​പി.​ പ​ര​മേ​ശ്വ​ര​ൻ, പ്ര​ഫ.​ വി.​കെ. ദാ​മോ​ദ​ര​ൻ, ഡോ.​ ശ്യാ​മസു​ന്ദ​ര​ൻ നാ​യ​ർ, ഡോ.​ കെ.​പി. ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ലേ​ഖ​ന​ങ്ങ​ളും പ​ഠ​ന​ങ്ങ​ളു​മെ​ല്ലാം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷ​മാ​ണ് പ​രി​ഷ​ത്ത്​ സൈ​ല​ന്‍റ്​ വാ​ലി പ​ദ്ധ​തി​ക്ക് എ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

സൈ​ലന്‍റ്​ വാ​ലി​യി​ലെ അ​മൂ​ല്യ​മാ​യ ജൈ​വസ​മ്പ​ത്ത് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത് ഡോ.​ വി.​എ​സ്. വി​ജ​യ​നാ​ണോ?

കേ​ര​ള വ​ന​ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വ​ന്യ​ജീ​വി വി​ഭാ​ഗം മേ​ധാ​വി ആ​യി​രു​ന്നു (കെ.​എ​ഫ്.​ആ​ർ.​ഐ) ഡോ.​ വി.​എ​സ്. വി​ജ​യ​ൻ. സൈ​ല​ന്‍റ്​ വാ​ലി​യു​ടെ അ​മൂ​ല്യ​മാ​യ ജൈ​വ സ​മ്പ​ത്തി​നെ പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് ഡോ.​ വി​ജ​യ​നാ​ണ്. വ​നം​ വ​ന്യ​ജീവി വി​വ​ര​പ​ട്ടി​ക ല​ഭി​ക്കു​ന്ന​ത് കെ.​എ​ഫ്.​ആ​ർ.​ഐയി​ൽ​നി​ന്നാ​ണ്. സൈ​ല​ന്‍റ്​ വാ​ലി പ​ദ്ധ​തി പ​രി​സ്ഥ​ിതി​ക്ക് ദോ​ഷ​മാ​കി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. വി​ജ​യ​നാ​ക​ട്ടെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ പ​രി​സ്ഥി​തി ന​ശി​ക്കു​മെ​ന്നാ​യി​രു​ന്നു വി​ജ​യ​ൻ ന​ൽ​ക​ിയ റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യെ​ങ്കി​ലും അ​തി​ലെ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങൾക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല.​ ഡോ. സ​തീ​ഷ് ച​ന്ദ്ര​ൻ നാ​യ​രാ​ണ് അ​തി​ന്‍റെകോ​പ്പി വി​ജ​യ​നി​ൽ​നി​ന്ന് വാ​ങ്ങി​യ​ത്.


സ​മ​ര​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ മു​ഴു​വ​ൻ അ​ട​വു​ക​ളും പ്ര​യോഗി​ച്ചു. അ​തി​നു​വേ​ണ്ടി മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തി​യോ?

പ​രി​സ്ഥി​തി​യെ കു​റി​ച്ച് ലോ​ക​ത്തു അ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ളൊ​ന്നും പ​ത്ര​ങ്ങ​ളെ സ്വാ​ധീ​നി​ച്ചി​ല്ല. മ​നോ​ര​മ​യു​ടെ നി​ല​പാ​ടും സൈ​ല​ന്‍റ്​​ വാ​ലി സം​ര​ക്ഷ​ണ​ത്തി​ന് അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. 1977 ജ​നു​വ​രി 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഖ​പ്ര​സം​ഗം ത​ന്നെ ഇ​തി​ന് തെ​ളി​വാ​ണ്. കേ​ര​ള​ത്തി​ന് പ​ദ്ധ​തി ന​ൽ​കു​ന്ന​തി​നു​ള്ള കേ​ന്ദ്ര ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു​ള്ള വൈ​മു​ഖ്യ​മാ​ണ് സൈ​ല​ന്‍റ്​ വാ​ലി പ​ദ്ധ​തി വൈ​കാ​ൻ കാ​ര​ണം എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​ക്ഷേ​പം. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ പ​രി​സ്ഥി​തി​ക്ക് നാ​ശം ഉ​ണ്ടാ​കു​മെ​ന്ന പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദ​ത്തെ പ്ര​കൃ​തി​ഭം​ഗി ന​ഷ്ട​പ്പെ​ടു​മെ​ന്ന് വ​ള​ച്ചൊ​ടി​ച്ച് വ്യാ​ഖ്യാ​നി​ക്കാ​നും മ​നോ​ര​മ മു​ഖ​പ്ര​സം​ഗ​ത്തി​ലൂ​ടെ ശ്ര​മി​ച്ചു. എ​ന്നാ​ൽ, മാ​തൃ​ഭൂ​മി സൈ​ല​ന്‍റ്​ വാ​ലി സം​ര​ക്ഷ​ണ​ത്തി​ന് എ​തി​രാ​യി​രു​ന്നു. ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ഗ​വേ​ണി​ങ് ബോ​ഡി ചേ​ർ​ന്നു. അ​വ​രു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് എ​ൻ.​വിക്ക് ​പു​റ​ത്തു പോ​കേ​ണ്ടി വ​ന്നത്​. പ​ത്ര​ത്തി​ന്‍റെ ന​യ​ത്തി​നെ​തി​രാ​യി ഈ ​ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കു​റ്റാ​രോ​പ​ണം.

തൃ​ശൂ​രി​ൽനി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന എക്സ്​പ്രസ്​​​ ദി​ന​പ​ത്രം ക​ല​വ​റ​യി​ല്ലാ​തെ പി​ന്തു​ണ ന​ൽ​കി.​ കേ​ര​ള​ത്തി​ലെ ബു​ദ്ധി​ജീ​വി​ക​ളും ശാ​സ്ത്ര​ജ്ഞ​രും മാ​ധ്യ​മ​ങ്ങ​ളും സൈ​ല​ന്‍റ്​ വാ​ലി കാ​ല​ത്ത് ര​ണ്ടു​ത​ട്ടി​ൽ ആ​യി​രു​ന്നു.

സൈ​ല​ന്‍റ്​ വാ​ലി ച​ർ​ച്ചാ​വി​ഷ​യ​മാ​യ​പ്പോ​ൾ നി​ര​വ​ധി ചെ​റു പ​രി​സ്ഥി​തി ഗ്രൂ​പ്പു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​ല്ലേ?

1979 ആ​യ​പ്പോ​ഴേ​ക്കും പ​ദ്ധ​തി​ക്കെ​തി​രെ നി​ര​വ​ധി ചെ​റു ഗ്രൂ​പ്പു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നു. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി ​ൈസ​ല​ന്‍റ്​ വാ​ലി പ്രൊ​ട്ട​ക്ഷ​ൻ സ​മി​തി എ​ന്ന സം​ഘ​ട​ന ഉ​ണ്ടാ​യി. അ​തി​ൽ ഞാനും അം​ഗ​മാ​യി​രു​ന്നു. ആ ​സ​മി​തി​യാ​ണ് പ​ദ്ധ​തി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​തേ​വ​ർ​ഷം ആ​ഗ​സ്റ്റ് 23 ഫ്ര​ണ്ട്സ് ഓ​ഫ് ട്രീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​സ​ഫ് ജോ​ൺ കേ​സ് ഫ​യ​ൽ ചെ​യ്തു. 1979 ആ​ഗ​സ്റ്റ് 30 മു​ത​ൽ പ​ദ്ധ​തി​യു​ടെ എ​ല്ലാ ജോ​ലി​ക​ളും നി​ർ​ത്തി​വെക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വാ​യി. ഇ​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മി​തി രൂ​പം കൊ​ണ്ടു. ട്രി​വാ​ൻ​ഡ്രം ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പ​രി​സ്ഥി​തി പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് സു​ഗ​ത​കു​മാ​രി രം​ഗ​പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്. എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ, ക​ട​മ്മ​നി​ട്ട, വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ഒ.​എ​ൻ.​വി. കു​റു​പ്പ്, കെ.​ വേ​ലാ​യു​ധ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ പ​ങ്കെ​ടു​ത്തു. ഇ​വ​രാ​ണ് പ്ര​കൃ​തിസം​ര​ക്ഷ​ണ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. സൈ​ല​ന്‍റ്​ വാ​ലി സം​ര​ക്ഷ​ണ സ​മി​തി ഇ​തി​ൽ ല​യി​ച്ചു.

അ​ക്കാ​ല​ത്ത് വി.​ജെ.​ടി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം വ​ലി​യ വി​വാ​ദ​മാ​യ​ല്ലോ?

1979 ഒ​ക്ടോ​ബ​ർ 21ന് ​തി​രു​വ​ന​ന്ത​പു​രം വി.​ജെ.​ടി ഹാ​ളി​ൽ സെ​മി​നാ​ർ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. സൈ​ല​ന്‍റ്​ വാ​ലി സം​ര​ക്ഷി​ത മേ​ഖ​ല (പ​രി​സ്ഥി​തി സ​ന്തു​ല​ന​ സം​ര​ക്ഷ​ണം) നി​യ​മം ആ​ണ് സെ​മി​നാ​ർ വി​ഷ​യം. ഡോ. ​സാ​ലിം അ​ലി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നംചെ​യ്യാ​മെ​ന്ന് ഏ​റ്റു. ഡോ. ​ജെ.​സി. ഡാ​നി​യേ​ൽ, എ​ൻ.​സി. നാ​യ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ, വൈ​ദ്യു​തി ബോ​ർ​ഡ് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മു​ൻ​സി​ഫ് കോ​ട​തി​യി​ൽ​നി​ന്ന് സെ​മി​നാ​ർ ത​ട​ഞ്ഞ്​ ഒ​രു ഇ​ൻജ​ങ്​ഷ​ൻ ഓ​ർഡ​ർ വാ​ങ്ങി. വി.​ജെ.​ടി ഹാ​ളി​ൽ അ​ന്നേ ദി​വ​സം സെ​മി​നാ​റോ യോ​ഗ​മോ പ്ര​ബ​ന്ധാ​വ​ത​ര​ണമോ ല​ഘു​ലേ​ഖ വി​ത​ര​ണ​മോ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും വി.​ജെ.​ടി ഹാ​ളി​ലോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്തോ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ നാ​ല് ദി​വ​സ​ത്തേ​ക്ക് ഒ​രു ച​ർ​ച്ച​യും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും അ​തി​നെ​പ്പ​റ്റി പൂ​ർണ നി​ശ്ശബ്ദ​ത പാ​ലി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു. സൈ​ല​ന്‍റ്​ വാ​ലി എ​ന്ന പ​ദ​പ്ര​യോ​ഗം ത​ന്നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​രോ​ധി​ച്ചി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് വി.​ജെ.​ടി ഹാ​ളി​ന്‍റെ അ​ധി​കാ​രി​ക​ൾ​ക്കും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ശാ​സ്ത്ര​ജ്ഞ​ർ​ക്കും ഒ​ക്ടോ​ബ​ർ 21ന് ​രാ​വി​ലെ ല​ഭി​ച്ചു. ലോ​ക​ത്തി​​ന്‍റെ പ​ല ഭാ​ഗ​ത്തുനിന്നും എ​ത്തി​യ ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ വി.​ജെ.​ടി ഹാ​ളി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി വെ​ളു​ത്ത തു​ണി​കൊ​ണ്ട് വാ​യ് മൂ​ടി​ക്കെ​ട്ടി കോ​ട​തി ഉ​ത്ത​ര​വ് ഉ​യ​ർ​ത്തി​ക്കാ​ട്ടി നി​ശ്ശബ്ദ​റാ​ലി ന​ട​ത്തി. അ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധ​ജാ​ഥ അ​തു​വ​രെ ആ​രും ക​ണ്ടി​ട്ടി​ല്ല. റെ​യി​ൽവേ ​സ്റ്റേ​ഷ​ന് സ​മീ​പ​ം യോ​ഗം ന​ട​ത്തി. നി​ശ്ശബ്ദ താ​ഴ്​വ​ര​യെ കു​റി​ച്ചു​ള്ള നി​ശ്ശബ്ദ​റാ​ലി എ​ന്നാ​ണ് അ​തി​നെ വി​ളി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ​മ്മേ​ള​നം കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ വൈ​ദ്യു​തി ബോ​ർ​ഡ് നി​രോ​ധി​ച്ച​തു കാ​ര​ണം അ​വ​ർ സ​മ്മേ​ള​ന​ത്തെ ഭ​യ​പ്പെ​ട്ടു.

ഇ.കെ. നാ​യ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ല​ന്‍റ്​ വ​ാലി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ദി​ര ഗാ​ന്ധി​യെ കാ​ണാ​നെ​ത്തി​യ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ ഇ​റ​ക്കി​വി​ട്ട സം​ഭ​വം ഉ​ണ്ടാ​യോ?

ഇ​ന്ദി​ര ​ഗാ​ന്ധി ഒ​രി​ക്ക​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ യോ​ഗ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. മ​ട​ങ്ങി​പ്പോ​യ​പ്പോ​ൾ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്ന​ത് സൈ​ല​ന്‍റ്​ വാ​ലി കാ​ടു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. അ​വ​ർ കാ​ടി​ന്‍റെ സ​വി​ശേ​ഷ​ത​ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. 1980ൽ ​രാ​ഷ്ട്രീ​യ സ്ഥി​തി​യി​ൽ മാ​റ്റം വ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​താ പാ​ർ​ട്ടി സ​ർ​ക്കാ​ർ പു​റ​ത്തു​പോ​യി. അ​ടി​യ​ന്തരാ​വ​സ്ഥ​ക്ക് ശേ​ഷം ഇ​ന്ദി​ര ഗാ​ന്ധി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ സൈല​ന്‍റ്​ വാ​ലി പ​ദ്ധ​തി​​െയ എ​തി​ർ​ക്കുന്നവർ പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്ന് സ്ഥാ​പി​ക്കാ​ൻ ചി​ല ശാ​സ്ത്ര​ജ്ഞ​രെ ഡ​ൽ​ഹി​യി​ൽ കൊ​ണ്ടു​പോ​യി. ഡോ.​ ബി​കെ. നാ​യ​രാ​യി​രു​ന്നു സം​ഘ​ത്തെ ന​യി​ച്ച​ത്. സൈ​ല​ന്‍റ്​ വാ​ലി​യി​ൽ ഡാം ​കെ​ട്ടി ധാ​രാ​ള​മാ​യി വൈ​ദ്യു​തി ഉ​ൽപാ​ദി​പ്പി​ക്കാം എ​ന്ന് അ​വ​ർ ഇ​ന്ദി​ര ഗാ​ന്ധി​യോ​ട് പ​റ​ഞ്ഞു. അ​തി​നെ എ​തി​ർ​ക്കു​ന്ന ആ​ളു​ക​ൾ രാ​ജ്യ​ദ്രോ​ഹി​ക​ൾ ആ​ണെ​ന്നും സൂ​ചി​പ്പി​ച്ചു. എ​നി​ക്ക് നി​ങ്ങ​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല എന്ന്​ ഇന്ദിര ഗാന്ധി പറഞ്ഞു. അ​തോ​ടെ ആ സം​ഭാ​ഷ​ണം അ​വ​സാ​നി​ച്ചു. അ​തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ന്ദി​ര ​ഗാ​ന്ധി പ​റ​ഞ്ഞ​ത് ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​രു​ന്നു സൈ​ല​ന്‍റ്​ വാ​ലി​യി​ൽ ക​ണ്ട കാ​ഴ്ച​യാ​ണ്. അ​വി​ടെ നി​റ​യെ കാ​ട് ആ​ണെ​ന്നും ഇ​ന്ദി​ര ​ഗാ​ന്ധി പ​റ​ഞ്ഞു.

അ​വ​സാ​നം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എ​ന്താ​ണ്?

നേ​ര​ത്തേ എ​ൻ.​സി.​ഇ.​പി.​സി​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഇ​ന്ദി​ര ​ഗാ​ന്ധി ആ​യി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷണ വി​ഷ​യ​ത്തി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക ത​ാൽ​പ​ര്യം ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ബൊ​ട്ടാ​ണിക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ ഡോ.​ എ​ൻ.​സി. നാ​യ​രെ വി​ളി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​ന്ദി​ര​ ഗാ​ന്ധി സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി പ​ഠ​ന​ത്തി​നാ​യി സം​യു​ക്ത ശാ​സ്ത്ര സം​ഘ​ത്തി​ന് നി​യോ​ഗി​ച്ചു. കേ​ന്ദ്ര ശാ​സ്ത്ര​ സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ഡോ.​ എം.​ജി.​കെ. മേ​നോ​ൻ ആ​യി​രു​ന്നു ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ. ആ ​സം​ഘ​ത്തി​ൽ ഡോ.​ എം.​എ​സ്.​ സ്വാ​മി​നാ​ഥ​ൻ, മാ​ധ​വ് ഗാ​ഡ്ഗി​ൽ, കൃ​ഷ്ണ​കാ​ന്ത് പി​ലു​മേ​ഡി, സീ​താ​റാം കേ​സ​രി, സു​ബ്ര​ഹ്മ​ണ്യം സ്വാ​മി തു​ട​ങ്ങി​യ​വ​രൊ​ക്കെയുണ്ടാ​യി​രു​ന്നു. സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. പ​ദ്ധ​തി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​ശ​ങ്ക​കളെ​ല്ലാം ശ​രി​യാ​ണെ​ന്നും പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ വ​ന​മേ​ഖ​ല​യാ​കെ ത​ക​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അതിന്‍റെഅ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ 1984 ന​വം​ബ​ർ 23ന് ​നാ​ഷ​നൽ പാ​ർ​ക്കാ​യി (ദേ​ശീ​യ ഉ​ദ്യാ​നം) പ്ര​ഖ്യാ​പി​ച്ച​ത്.

കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന താങ്കളെ വ​ക​വ​രു​ത്താ​ൻ നീ​ക്കം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ക്കാ​ല​ത്ത് വ​ലി​യ കോ​ലാ​ഹ​ല​മു​ണ്ട​ാക്കി​യ​ല്ലോ. അ​തി​ലെ സ​ത്യ​മെ​ന്താ​ണ്?

തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍റെ ആ​ളു​ക​ളും അ​ന്ന് എന്നോ​ട് സം​സാ​രി​ക്കാ​ൻ വ​ന്നി​രു​ന്നു. സൈ​ല​ന്‍റ്​ വാ​ലി ന​ശി​ച്ചു​പോ​കും എ​ന്ന് സാ​റ് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​വ​ർ ഉ​പ​ദേ​ശി​ച്ചു. സാ​ർ പ​റ​യു​ന്ന​തെ​ല്ലാം നു​ണ​യാ​ണ്. കാ​ട് അ​ങ്ങ​നെ ന​ശി​ച്ചുപോ​വു​ക​യി​ല്ല. സാ​റി​നെ ഞ​ങ്ങ​ൾ സൈ​ല​ന്‍റ്​ വാ​ലി​യി​ൽ കൊ​ണ്ടു​പോ​യി കാ​ട് മു​ഴു​വ​ൻ കാ​ണി​ച്ചു ത​രാം. കാ​ട് കാ​ണാ​നു​ള്ള യാ​ത്ര​ക്ക്​ ഞാ​ൻ സ​മ്മ​തി​​ച്ചു. സു​ഹൃ​ത്തു​ക്ക​ളാ​യ ചി​ല​ർ വി​ളി​ച്ചു. ''സാ​റി​നെ അ​വ​ർ വ​ന​ത്തി​നു​ള്ളി​ൽ​വെ​ച്ച് ത​ട്ടി​ക്ക​ള​യും. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ആ​രും അ​റി​യ​ില്ലെ​ന്നും'' മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​വ​രോ​ടൊ​പ്പം കാ​ടു​ കാ​ണാ​ൻ പോക​രു​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ നി​ർ​ദേ​ശി​ച്ചു. പ​റ​ഞ്ഞ ദി​വ​സം വ​ണ്ടി​യു​മാ​യി അ​വ​ർ എ​ത്തി. വ​യ​റ്റി​ള​ക്ക​മാ​യി കി​ട​ക്കു​ക​യാ​ണ് എ​ന്ന് ക​ള​വ് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു. ഇ​പ്പോ​ഴും അ​ക്കാ​ര്യം ഓ​ർ​ക്കു​മ്പോ​ൾ ഭ​യം തോ​ന്നും. യൂ​നി​യ​ൻ നേ​താ​ക്ക​ൾ, സൈ​ല​ന്‍റ്​ വാ​ലി പ​ദ്ധ​തി എ​തി​ർ​ക്കു​ന്ന​വ​ർ കേ​ര​ളം വി​ക​സി​ച്ച് സ​മ്പ​ന്ന​മാ​കു​ന്ന​തി​നെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​ച​രി​പ്പി​ച്ചു.


അ​ച്യു​ത​മേ​നോ​ൻ ജ​ന​കീ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് വി​ല​യി​രു​ത്തു​മ്പോ​ഴും പ​രി​സ്ഥി​തി​യു​ടെ കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം അ​പ്പു​റ​ത്താ​യി​രു​ന്നോ?

ഭാ​ര​ത് ടൂ​റി​സ്റ്റ് ഹോ​മി​ൽ ന​ട​ന്നൊ​രു യോ​ഗ​ത്തി​ൽ സി. ​അ​ച്യു​ത​മേ​നോ​ൻ ആ​യി​രു​ന്നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. അ​വി​ടെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പോ​യി സൈ​ല​ന്‍റ്​ വാ​ലി സം​ര​ക്ഷി​ക്ക​ണോ അ​ത​ല്ല വൈ​ദ്യു​തി പ​ദ്ധ​തി വേ​ണോ എ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു. അ​ച്യു​ത​മേ​നോ​ൻ പ​റ​ഞ്ഞ​ത് സ്വ​ന്തം പാ​ർ​ട്ടി​യെ പ​രി​സ്ഥി​തിപ്ര​ശ്നം പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്കാ​​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നാ​​ണ്. ഇ​ങ്ങ​നെ കേ​ര​ള​ത്തി​ൽ ന​ട​ന്ന പ​ല​ യോ​ഗ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ ഉ​ത്ത​രംമു​ട്ടി നി​ന്നു. അ​ച്യു​ത​മേ​നോ​ന് മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യ​ിൽ ഇ​തി​ൽ ഒ​ന്നും ചെ​യ്യാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സി.​പി.​ഐ പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. സി.​പി.​ഐ​യി​ൽ കെ.​വി. സു​രേ​ന്ദ്ര​നാ​ഥ് മാ​ത്ര​മാ​ണ് സൈ​ല​ന്‍റ്​ വാ​ലി​ക്ക് എ​തി​രെ രം​ഗ​ത്ത് വ​ന്ന​ത്.

സി.​പി.എ​മ്മി​ൽ പി.​ ഗോ​വി​ന്ദ​പ്പി​ള്ള​യും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലേ?

പി.​ ഗോ​വി​ന്ദ​പ്പി​ള്ള സൈ​ല​ന്‍റ്​ വാ​ലി പ​ദ്ധ​തി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. തൃ​ശൂ​രി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. സാ​ക്ഷാ​ൽ കാൾ ​മാ​ർക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ത​ന്നോ​ട് പ​റ​ഞ്ഞാ​ലും സൈ​ല​ന്‍റ്​​ വാ​ലി​യു​ടെ കാ​ര്യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​ന്‍റെ നി​ല​പാ​ട്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​ന്ന പാ​ർ​ട്ടി അ​ല്ല ഇ​ന്നു​ള്ള​ത്. പാ​ർ​ട്ടി​യു​ടെ പൊ​ളി​റ്റി​ക്സ് നി​യ​ന്ത്രി​ക്കാ​നു​ള്ള ശേ​ഷി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കു​മി​ല്ല.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യം എ​ന്നും വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യം എ​ന്നും ര​ണ്ടാ​യി തി​രി​ച്ചാ​ണ് കേ​ര​ളം ച​ർ​ച്ചചെ​യ്യു​ന്ന​ത്. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളി​ൽ വ​ല​തു​പ​ക്ഷം ആ​ണോ കു​റേ​ക്കൂ​ടി അ​ടു​ത്തു നി​ൽ​ക്കു​ന്ന​ത്?

പ​രി​സ്ഥി​തിസം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ത് ശ​രി​യാ​ണ്.

പി​ൽ​ക്കാ​ല പ​രി​സ്ഥി​തിപ്ര​വ​ർ​ത്ത​ന​ത്തെ വി​ല​യി​രു​ത്തു​മ്പോ​ൾ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​ത് ഏ​താ​ണ്?

കേ​ര​ള​ത്തി​ലെ ചാ​ലി​യാ​ർ അ​ട​ക്ക​മു​ള്ള പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു​വെ​ങ്കി​ലും ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​റാ​ണ് ച​രി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. പാ​രി​സ്ഥി​തി​ക അ​വ​ബോ​ധം കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​ണ്ടാ​ക​ണം. അ​തി​നു​ള്ള വ​ഴി​യെ കു​റി​ച്ചാ​ണ് അ​ന്വേ​ഷി​ച്ച​ത്. അ​വ​ർ​ക്കു​ള്ള ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ജൈ​വവൈ​വി​ധ്യ ര​ജി​സ്റ്റ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മം തു​ട​ങ്ങി. ഒ​ാരോ പ​ഞ്ചാ​യ​ത്തി​ലും വാ​ർ​ഡി​ലും കാ​ണു​ന്ന സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ​ക്കു​റി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ട് അ​ത് ര​ജി​സ്റ്റ​ർ ആ​ക്ക​ണം. അ​തി​െൻറ ഗു​ണ​ദോ​ഷ​ങ്ങ​ളെ കു​റി​ച്ച് ആ​ളു​ക​ളെ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും. സ​സ്യ​ങ്ങ​ളെ കൊ​ല്ലാ​തി​രി​ക്കാ​നും സം​ര​ക്ഷി​ക്കാനു​മുള്ള പ്രേ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടു​ന്നതിന്​ പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സം ആ​വ​ശ്യ​മാ​ണ്. അ​ത് ഉ​ണ്ടാ​ക്കി​യാ​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​ലും വാ​ർ​ഡി​ലും പ്ര​കൃ​തി പ​ഠ​ന​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രെ വി​ളി​ച്ചു​ചേ​ർ​ത്ത് നി​ല​വി​ൽ അ​വി​ടെ വം​ശ​നാ​ശം സം​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളെ കു​റി​ച്ച് അ​റി​വ് ല​ഭി​ക്കും. അ​പ്പോ​ൾ അ​വ സം​ര​ക്ഷി​ക്കാ​നും ക​ഴി​യും. വം​ശ​നാ​ശ​ത്തി​നു ത​ട​യി​ടാ​ൻ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ക​ഴി​യും.

അ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ഒ​രു സം​രം​ഭം ന​ട​ന്നു. ജി​ല്ല​യി​ൽനി​ന്ന് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ ​സ​ന്ദേ​ശം എ​ത്തി​ക്ക​ണം. അ​തി​നാ​യി 25 പ​ഞ്ചാ​യ​ത്തു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വ​ള​ൻറി​യേ​ഴ്സി​നെ പ​രി​ശീ​ല​നം ന​ൽ​കി അ​യ​ക്ക​ണം. ഗ്രാ​മ​ത​ല​ത്തി​ൽ സ​സ്യ​ജ​ന്തു ലി​സ്റ്റ് ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​റ​ണാ​കു​ളം ജി​ല്ല​ക്ക്​ ജൈ​വവൈ​വി​ധ്യ ര​ജി​സ്റ്റ​ർ ഉ​ണ്ടാ​ക്കി. അ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഔ​സേ​പ്പ് എ​ന്ന സ്കൂ​ൾ ടീ​ച്ച​ർ താ​ൽ​പ​ര്യം എ​ടു​ത്താ​ണ് ത​യാ​റാ​ക്കി​യ​ത്. അ​ത് പി​ന്നീ​ട് മു​ന്നോ​ട്ടു​പോ​യി​ല്ല. ന​മ്മു​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​രെ ഇ​തി​ന് ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ അ​വ​രെ ഒ​ന്നി​നും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​ന്നാം തീ​യ​തി ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ യോ​ഗം വി​ളി​ക്കാ​റു​ണ്ട്. ആ ​യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം സം​സാ​രി​ക്കാ​ൻ എ​ന്നെ കൊ​ണ്ടു​പോ​യി. സം​സാ​രി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​രെ​ല്ലാം കൈ​യ​ടി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ആ​ണ് ഏ​റ്റ​വും മി​ക​ച്ച ശ​ക്തി. അ​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ എക്സ്​പ്ര​സ് ഹൈ​വേ​ക്ക് എ​തി​രെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഒ​രു​മി​ച്ചു. സ​ർ​ക്കാ​റിന് പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കെ​തി​രാ​യ സ​മ​രം പു​ന​ര​ധി​വാ​സം മ​തി​യെ​ന്ന് ഒ​രു വി​ഭാ​ഗം തീ​രു​മാ​നി​ച്ച​പ്പോ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കെ-റെ​യി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് എ​ന്താ​ണ് അ​ഭി​പ്രാ​യം?

എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്ന പ​രി​സ്ഥി​തി മൂ​വ്മെ​ൻ​റ് ഉ​ണ്ടാ​ക​ണം. സ​മൂ​ഹം പ​രി​ശ്ര​മി​ച്ചാ​ൽ അ​തെ​ല്ലാം സാ​ധ്യ​മാ​ണ്. കെ-റെ​യിൽ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ദ്ധ​തി​യാ​ണ്. സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ്. ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ പാ​ളം ഇ​ടാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. പ​ദ്ധ​തി​യി​ലൂ​ടെ കോ​ൺ​ട്രാ​ക്ടേ​ഴ്സി​ന് ലാ​ഭം കി​ട്ടും. ഇ​ടു​ക്കി പ്രോ​ജ​ക്ട് ക​ഴി​ഞ്ഞ​പ്പോ​ൾ ഹി​ന്ദു​സ്ഥാ​ൻ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക്ക് പു​തി​യ പ​ദ്ധ​തി വേ​ണം. നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മി​ഷ​ന​റി അ​വ​രെ കൈ​യി​ലു​ണ്ട്. ആ​വ​ശ്യം​പോ​ലെ ജീ​വ​ന​ക്കാ​രു​മു​ണ്ട്. അ​തി​നാ​ലാ​ണ് പു​തി​യ പ​ദ്ധ​തി ആ​ലോ​ചി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് സൈ​ല​ന്‍റ്​ വാ​ലി​ വ​ന​ത്തി​ൽ അ​വ​ർ ക​യ​റി​പ്പി​ടി​ച്ച​ത്. സൈ​ല​ന്‍റ്​​ വാ​ലി വേ​ണ്ടെ​ന്നു​​െവ​ച്ചാ​ൽ അ​വ​ർ അ​ടു​ത്ത പ​ദ്ധ​തി നോ​ക്കും. കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്ക് എ​പ്പോ​ഴും നി​ർമാ​ണ പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​മാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ലാ​ഭ​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. അ​തി​നാ​യി സ​ർക്കാറി​ൽ ഏ​തു​വ​ഴി​യും അ​വ​ർ സ്വാ​ധീനി​ക്കും. അ​ഴി​മ​തി​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രെ സ​ഹായി​ക്കും. കെ-റെ​യി​ൽ ആ​രു​ടെ ഐ​ഡി​യ ആ​ണ്. പ​രി​സ്ഥി​തി അ​വബോ​ധം കൂ​ടി​യ കാ​ല​മാ​ണി​ത്. പ​ഴ​യ​കാ​ല​ത്തെ​പ്പോ​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഓ​ർ​ക്കണം.

കെ-റെ​യി​ലി​ൽ ആ​ർ.​വി.​ജി. മേ​നോ​ന്‍റെ ഇ​ന്ന​ത്തെ നി​ല​പാ​ട് പാ​ർ​ട്ടി സ്വാ​ധീ​ന​ത്താ​ൽ തി​രു​ത്ത​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടോ?

ആ​ർ.​വി.​ജി.​ മേ​നോ​ൻ നി​ല​പാ​ട് തി​രു​ത്താ​ൻ സാ​ധ്യ​ത​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലാ​ത്ത കാ​ര്യം അ​റി​യി​ല്ലെ​ന്ന് പ​റ​യും. എം.​പി. പ​ര​മേ​ശ്വ​ര​ന് ഇ​പ്പോ​ൾ ശാ​രീ​രി​ക​മാ​യി സു​ഖ​മി​ല്ല. അ​ദ്ദേ​ഹ​മൊ​ക്കെ പ​ല​ കാ​ര്യ​ങ്ങ​ളും പ​ര​മാ​വ​ധി ചെ​യ്യാ​ൻ പ​രി​ശ്ര​മി​ച്ചി​ട്ടും ഒ​ന്നും ന​ട​ന്നി​ല്ല. ഒ​ടു​വി​ൽ മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. പ​രി​സ്ഥി​തിപ്ര​വ​ർ​ത്ത​ക​രു​ടെ ശ​ബ്ദം ദു​ർ​ബ​ല​മാ​യി. ഇ​ട​തു​പ​ക്ഷ​ത്തി​നു​ള്ളി​ൽ പ​രി​സ്ഥി​തി ആ​ശ​യം ഉ​ണ​ർ​ത്തി​യെ​ടു​ക്കാ​ൻ ആ​രു​മി​ല്ല. പ​രി​ഷ​ത്ത് ഇ​ക്കാ​ര്യം പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ഭാ​വി​യി​ലേ​ക്ക് ആ​ലോ​ചി​ക്കു​മ്പോ​ൾ വ​ള​രെ സ​ങ്ക​ടം തോ​ന്നു​ന്ന ഒ​ന്നാ​ണ്.

പ​രി​ഷ​ത്തി​​െൻറ നി​ല​പാ​ടി​ൽ പ​ല​പ്പോ​ഴും വെ​ള്ളം ചേ​ർ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? പാ​ർ​ട്ടി ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തുകൊ​ണ്ടാ​ണോ?

എ​ന്ത് ചോ​ദി​ച്ചാ​ലും അ​വ​ർ എം.​കെ.​പി​യു​മായി ചോ​ദി​ക്കാ​ൻ പ​റ​യും. ഇ​പ്പോ​ൾ പാ​ർ​ട്ടി​യും പ​രി​ഷ​ത്തു​മാ​യി രാ​ഷ്ടീ​യ ബ​ന്ധ​മി​ല്ല. പി.​ടി. ഭാ​സ്ക​ര പ​ണി​ക്ക​രു​ടെ കാ​ല​ത്താ​ണ് പാ​ർ​ട്ടി നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ഷ​ത്ത് വാ​ർ​ഷി​ക​സ​മ്മേ​ള​ന​ങ്ങ​ളി​ൽ നേ​ര​ത്തേ അ​ജ​ണ്ട ത​യാ​റാ​ക്കു​ക​യാ​ണ്. ഒ​രു പ്ര​മാ​ണി​യെ കൊ​ണ്ടു​വ​ന്ന്​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യി​പ്പി​ക്കും. അ​വി​ടെ പ്ര​സം​ഗി​ക്കേ​ണ്ട, അ​വ​ർ പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ​ധാ​ര​ണ​യു​ണ്ട്. അ​വ​രു​ടെ അ​ജ​ണ്ട​ക്കപ്പു​റം ഒ​ന്നും ച​ർ​ച്ച ചെ​യ്യി​ല്ല. ക​ഴി​ഞ്ഞ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ പോ​യി ഏ​റ്റ​വും പിറ​കി​ലെ ബെ​ഞ്ചി​ൽ ഇ​രു​ന്നു. അ​ധ്യ​ക്ഷ വേ​ദി​യി​ൽ​നി​ന്ന് എം.​കെ​.പി വേ​ദി​യി​ലേ​ക്ക് വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞു. പ​രി​ഷ​ത്ത്​ സ​മ്മേ​ള​ന​ത്തി​ന് പോ​യ​ത് എ​ന്താ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത് എ​ന്ന​റി​യാ​നാ​ണ്. ഭാ​വി​യി​ലേ​ക്ക് നോ​ക്കു​മ്പോ​ൾ സ​ങ്ക​ടം തോ​ന്നു​ക​യാ​ണ്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​രെ ഉ​ണ​ർ​ത്താ​നും ഉ​ണ​ർ​ന്നി​രി​ക്കു​ന്ന​വ​രെ ശ​രി​യാ​യ പാ​ത​യി​ൽ ന​യി​ക്കാ​നും പ​രി​സ്ഥി​തിപ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണം. ഒ​ാരോ പ​ഞ്ചാ​യ​ത്തി​ലും മൂ​ന്നു​നാ​ലു പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ എ​ങ്കി​ലും ഉ​ണ്ടാ​ക​ണം. അ​ല്ലാ​തെ പ​രി​സ്ഥി​തിസം​ര​ക്ഷ​ണ പ്ര​മേ​യം പാ​സാ​ക്കി​യിട്ട്​ കാ​ര്യ​മി​ല്ല. പ​രി​സ്ഥി​തി കാ​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്ക​ണം.

സം​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​സ്ഥി​തിസം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തെ എ​ങ്ങ​നെ​യാ​ണ് വി​ല​യി​ത്തു​ന്ന​ത്?

സ​മൂ​ഹ​ത്തി​ൽ പ​രി​സ്ഥി​തിവി​ജ്ഞാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തേ​ണ്ട​ത്. കെ.​ ക​രു​ണാ​ക​രന്‍റെ കാ​ല​ത്ത് ഇ​റ​ക്കി​യ പ​ല ഉ​ത്ത​ര​വു​ക​ളും പ​രി​സ്ഥി​തി​ക്ക് എ​തി​രാ​യി. ടി.​എ-ഡി.​എ വാ​ങ്ങാ​ൻ പ​ല​രും പ​രി​സ്ഥി​തി സ​മി​തി​ക​ളി​ൽ ക​യ​റി​പ്പ​റ്റി. വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ രൂ​പവത്​ക​ര​ിക്കു​ന്ന ബോ​ഡി​ക​ളി​ൽ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ആ​ളു​ക​ളെ മാ​ത്രം എ​ടു​ക്ക​രു​ത്. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ആ​ളു​ക​ളെ മാ​ത്രം എ​ടു​ത്താ​ൽ അ​ണ്ട​നും അ​ട​കോ​ട​നെയും ഒ​ക്കെ എ​ടു​ക്കേ​ണ്ടി​വ​രും. പ​ല പാ​ർ​ട്ടി​ക​ളി​ൽനി​ന്ന് സ​മി​തി​യി​ൽ എ​ത്തി​യാ​ൽ എ​ല്ലാ പാ​ർ​ട്ടി​യി​ലേ​ക്കും ഈ ​ആശ​യം എ​ത്തും. ഇ​ക്കാ​ര്യം ഭ​രി​ക്കു​ന്ന​വ​ർ തി​രി​ച്ച​റി​യ​ണം.

ഇ​ട​തു​പ​ക്ഷം വ​രുംകാ​ല​ത്ത് പ​രി​സ്ഥി​തി പ​ക്ഷ​ത്തു നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടോ?

പ്ര​തീ​ക്ഷ​യി​ല്ല.

ലോ​ക​ത്തി​ലെ ഇ​ട​തു​പ​ക്ഷം പ​രി​സ്ഥി​തിപ​ക്ഷ​ത്തേ​ക്ക് മാ​റു​ക​യ​ല്ലേ?

അ​ത് ഇ​വി​ടത്തെ ഇ​ട​തു​പ​ക്ഷ​ക്കാ​ർ​ക്ക് അ​റി​യി​ല്ല​ല്ലോ.

അ​ഖി​ലേ​ന്ത്യാത​ല​ത്തി​ൽ സി.​പി.​എ​മ്മി​നെ​ക്കാ​ൾ പ​രി​സ്ഥി​തിപ​ക്ഷ​ത്തു നി​ൽ​ക്കു​ന്ന​ത് സി.​പി.​ഐ ആ​ണ​ല്ലോ. അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ അ​തി​​ന്‍റെ പ്ര​തി​ഫ​ലം ഉ​ണ്ടാ​വേ​ണ്ട​ത​ല്ലേ?

ഉ​ണ്ടാ​വേ​ണ്ട​താ​ണ്. പ​ക്ഷേ അ​ത് കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല.

ഠഠഠ

സം​ഭാ​ഷ​ണം മ​റ്റൊ​രു ദി​വ​സം തു​ട​രാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഭാ​ര്യ ഷേ​ർ​ളി ടീ​ച്ച​റെ​ത്തി. 90 വ​യ​സ്സായ​ പ്ര​സാ​ദ് സാ​റി​ന് പ​ഴ​യ പ​ല സം​ഭ​വ​ങ്ങ​ളും ഇ​പ്പോ​ൾ ഓ​ർ​ത്ത് പ​റ​യാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു. സൂ​റ​ത്തി​ൽ പോ​യ ക​ഥ​കൂ​ടി ഷേ​ർ​ളി ടീ​ച്ച​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ക​ൾ അ​ഞ്ജ​ന സൂ​റ​ത്തി​ലാ​ണ്. മ​ക​ളു​ടെ ഭ​ർ​ത്താ​വ് സൂ​റ​ത്തി​ൽ മീ​ത്ത​ലി​ന്‍റെ സ്റ്റീ​ൽ പ്ലാ​ൻ​റി​ലെ ജ​ന​റ​ൽ മാ​നേ​ജ​റാ​ണ്. സൂ​റ​ത്തി​ൽ മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യ​പ്പോ​ൾ വാ​ൻറീ​ഡി​ന്‍റെ ശ​വ​ക്ക​ല്ല​റ അ​ന്വേ​ഷി​ച്ചാ​ണ് അ​ല​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ സ​സ്യ​സ​മ്പ​ത്തി​നെ​ക്കു​റി​ച്ച് പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ന്‍റെ ഉ​ത്ത​രാ​ർ​ധ​ത്തി​ൽ ല​ത്തീ​ൻ ഭാ​ഷ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ്ര​ന്ഥ​മാ​ണ് ഹോ​ർ​ത്തൂ​സ്‌ മ​ല​ബാ​റി​ക്കസ്‌‌ ('മ​ല​ബാ​റി​ന്‍റെ ഉ​ദ്യാ​നം' എ​ന്ന​ർ​ഥം). ഡ​ച്ച്​ ഈ​സ്റ്റ്‌ ഇ​ന്ത്യ ക​മ്പ​നി​യു​ടെ കീ​ഴി​ൽ ഗ​വ​ർ​ണ​റാ​യി കൊ​ച്ചി​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ്‌ ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് അ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ​ത്.

പ്ര​ഫ.​ എം.കെ.​ പ്ര​സാ​ദ് മാധ്യമം ലേഖകൻ ആർ. സുനിലിനൊപ്പം

ആ​ദ്യ ദി​വ​സം അ​വി​ടെ മു​ഴു​വ​ൻ ക​ല്ല​റ തി​ര​ക്കി ന​ട​ന്നു. അ​വി​ടെ പോ​ർ​ചു​ഗീ​സു​കാ​രു​ടെ പ​ള്ളി​യു​ണ്ട്. അ​വി​ടെ അ​ന്വേ​ഷി​ച്ചു. ആ​ർ​ക്കും വാ​ൻറീ​ഡി​നെ അ​റി​യി​ല്ല. അ​ന്ന് നി​രാ​ശ​യോ​ടെ മ​ട​ങ്ങി. അ​ടു​ത്ത ദി​വ​സം മ​രു​മ​ക​നെ​യും കൂ​ട്ടി വീ​ണ്ടും യാ​ത്ര തു​ട​ർ​ന്നു. അ​വ​സാ​നം പ​ള്ളി ക​ണ്ടെ​ത്തി. പ​ള്ളി​യി​ലെ ഒ​രാ​ളോ​ട് സം​സാ​രി​ച്ചു. ഒ​ടു​വി​ൽ വാ​ൻറീ​ഡി​ന്‍റെ ക​ല്ല​റ​ക്ക് മു​ന്നി​ലെ​ത്തി. ക​ല്ല​റ​ക്ക് മു​ന്നി​ൽ നി​ശ്ശബ്ദ​നാ​യി കു​റെ നേ​രം നി​ന്നു. അ​പ്പോ​ൾ പ്ര​സാ​ദ് സാ​ർ പ​റ​ഞ്ഞു: ബ്രി​ട്ടീ​ഷു​കാ​ർ ലോ​ക​ത്തു​ള്ള രാ​ജ്യ​ങ്ങ​ൾ എ​ല്ലാം പി​ടി​ച്ച​ട​ക്കി കൈ​വ​ശം വെക്കാ​ൻ കാ​ര​ണം ന​മ്മു​ടെ കു​രു​മു​ള​കാ​ണ്. കു​രു​മു​ള​ക് പ​ച്ച​മാം​സം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാണ്​ ഉ​പ​യോ​ഗി​ച്ച​ത്. കു​രു​മു​ള​കി​ട്ടാ​ണ് അ​ത് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സ​സ്യ​ലോ​കം സ​മ്പ​ന്ന​മാ​ണ്.

Show More expand_more
News Summary - environmentalist M. K. Prasad interview