Begin typing your search above and press return to search.
proflie-avatar
Login

‘പ്രാവീണ്യം ഒന്നും അവകാശപ്പെടുന്നില്ല; വിരള വിഭാഗത്തിൽപെടുന്നുമില്ല’

Dr. M. Leelavathi
cancel
camera_alt

എം. ലീലാവതി-ഫോട്ടോ: രതീഷ് ഭാസ്കർ

സജീവമായി എഴുത്തിൽ തുടരുകയാണ് 98ാം വയസ്സിലും ഡോ. എം. ലീലാവതി. അതിന്റെ തുടർച്ചയിലാണ് ആഴ്ചപ്പതിപ്പിലെ പുതിയ ലേഖന പരമ്പര. തന്റെ എഴുത്ത്, സംഭാവനകൾ, ജീവിതം എന്നിവയെപ്പറ്റി ലീലാവതി ടീച്ചർ സുഹൃത്തും എഴുത്തുകാരിയുമായ രതി മേനോനുമായി സംസാരിക്കുന്നു.

എട്ട് ദശാബ്ദക്കാലമായി എഴുത്തിൽ സജീവമായിട്ടുള്ള ലീലാവതി ടീച്ചറെ ഏതെങ്കിലും ഒരു ഇസത്തിന്റെയോ, വാദത്തിന്റെയോ കാലത്തിന്റെയോ ചട്ടക്കൂടിനുള്ളിൽ ഒതുക്കാനാവില്ല. മലയാള സാഹിത്യത്തിലെ പടർന്നു പന്തലിച്ച താങ്ങും തണലുമാകുന്ന ഒരു വലിയ സ്നേഹവൃക്ഷമാണ് ടീച്ചർ. പക്ഷേ, പല മേഖലകളിലും ടീച്ചറുടെ സമീപനങ്ങളും ആശയങ്ങളും വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അവയിൽ ചിലതിലേക്കുള്ള ഒരന്വേഷണമാണ് ഈ മുഖാമുഖം.

മലയാള സാഹിത്യത്തിൽ ഒരു പുതുവഴി വെട്ടിയ വ്യക്തിയാണ് ടീച്ചർ. സ്ത്രീകൾ അധികം കടന്നുവരാത്ത ഒരു മേഖലയിൽ നിരൂപണത്തിനപ്പുറം സാഹിത്യ ചരിത്രങ്ങൾ, ജീവചരിത്രങ്ങൾ, പുസ്തകാവലോകനങ്ങൾ, എഴുത്തുകാരെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ, ഭാഷാസംബന്ധിയായ അപഗ്രഥനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂർണമായ മേഖലകളെ സമ്പുഷ്ടമാക്കിയ വ്യക്തിയാണ് ടീച്ചർ. ജാതി, മത, കക്ഷി, ലിംഗ ഭേദങ്ങൾക്കതീതമായി സാമുദായിക, രാഷ്ട്രീയ പ്രീണനങ്ങളില്ലാതെ ഒരു സ്ത്രീ ഇതു സാധിച്ചെടുക്കുക എന്നത് ഒരു വിസ്മയംതന്നെയാണ്. അതിന് പൂക്കളും മുള്ളുകളും ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.

തന്റെ സാഹിത്യ ജീവിതത്തെ ടീച്ചർ എങ്ങനെ കാണുന്നു? അതിന്റെ മൗലികമായ ഭൂമിക എന്താണ്?

ശാസ്ത്രം പഠിക്കാനുള്ള ഉത്കട ത്വരയിൽനിന്ന് പിന്തിരിപ്പ് ഭാഷാ-സാഹിത്യ പഠനങ്ങളിലേക്ക് നിർബന്ധപൂർവം തള്ളിവിട്ട ഗുരുശ്രേഷ്ഠൻ (ഇംഗ്ലീഷ് പ്രഫസർ പി. ശങ്കരൻ നമ്പ്യാർ) അതിനുള്ള പ്രേരണയായി. പഠനം കഴിഞ്ഞാലുടനെ അധ്യാപന രംഗത്ത് ഉദ്യോഗം നേടിത്തരാമെന്ന വാഗ്ദാനം പാലിക്കുമ്പോൾ നിർദേശിച്ചിരുന്നു, അധ്യാപനത്തോടൊപ്പം എഴുതിക്കൊണ്ടിരിക്കണമെന്ന ആ ഉപദേശമാണ് എഴുതാനുണ്ടായിരുന്ന പ്രചോദനം. സാഹിത്യപരിഷത്തിന്റെ മുഖപത്രത്തിലേക്ക് നിരന്തരം ലേഖനങ്ങൾ എഴുതാൻ അന്ന് പത്രാധിപരായിരുന്ന കുറുപ്പു മാസ്റ്റർ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് മറ്റൊരു പ്രചോദനം. മാതൃഭൂമി വാരികയിൽ, എഴുതിക്കൊടുക്കുന്നതെല്ലാം പ്രകാശിപ്പിക്കാൻ സന്നദ്ധനായ ഗുരുവര്യൻ എൻ.വിയുടെ പ്രോത്സാഹനം മറ്റൊരു പ്രചോദനം.

ഇതിനൊക്കെ പുറമെ ഗാർഹിക ജീവിതത്തിൽ തുടക്ക കാലത്തുണ്ടായിരുന്ന അസ്വസ്ഥതകളെയും സന്തപ്തതകളെയും മറികടക്കാൻ വായനയിലും എഴുത്തിലുമുള്ള ഏകാഗ്രത ഔഷധമാകുമെന്ന അനുഭവത്തിന്റെ പ്രചോദനം, ഗാർഹസ്ഥ്യത്തിലേക്ക് പ്രവേശിച്ചതിനുശേഷം, ജീവിതപങ്കാളി നൽകിപ്പോന്ന പ്രേരണയും പ്രോത്സാഹനവും– എഴുത്ത് ഒരു ശീലമായിത്തീർന്നതിന്റെ പശ്ചാത്തലമിതൊക്കെയാണ്. അല്ലാതെ ആരും കടന്നുകയറാൻ ശ്രമിക്കാത്ത ഒരു ലേഖനമേഖലയിലേക്ക് പ്രവേശിച്ചു റെക്കോഡുണ്ടാക്കാമെന്ന വിചാരമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. മാത്രമല്ല, ഗാർഹിക ചുമതലകളെയും ജീവിതവൃത്തിയായ അധ്യാപനത്തിന്റെ ചുമതലകളെയും അവഗണിച്ചുകൊണ്ട് എഴുത്തിൽ വ്യാപരിക്കലുമുണ്ടായിട്ടില്ല.

’60ലാണ് ആദ്യത്തെ പ്രബന്ധം ’59 മുതൽ 67 വരെ എഴുത്തിൽ ഒട്ടും ശ്രദ്ധ വെച്ചിട്ടില്ല. രണ്ട് കുട്ടികളും മുതിരും വരെ അവരുടെ പരിചരണം തന്നെയായിരുന്നു മുഖ്യം. പാചകത്തിൽ മുഴുകിയത് അവർക്കിഷ്ടമുള്ള ആഹാരം ഉണ്ടാക്കിക്കൊടുക്കുന്നതിനാണ്. ’64ൽ പാലക്കാട്ടുനിന്ന് എറണാകുളത്തേക്ക് പോന്നതിനുശേഷം ‘തിലകം’ എന്ന മാസികക്കുവേണ്ടി കുറുപ്പു മാസ്റ്റർ നിർബന്ധിച്ചതിനുശേഷമാണ് എഴുത്തിലേക്ക് വീണ്ടും വന്നത്. അതുപോലെ 1996 മുതൽ 2016 വരെയുള്ള രണ്ട് ദശകങ്ങളിൽ വൃദ്ധപരിചരണത്തിന്റെ ചുമതല വന്നപ്പോൾ അതിനുവേണ്ടിവന്ന സമയവ്യയത്തിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. പുരുഷന്മാരായ എഴുത്തുകാർക്ക് പ്രായേണ ഇല്ലാത്ത ഇത്തരം പരിമിതികൾക്കിടയിലാണ് കർത്തവ്യങ്ങൾ മറക്കാത്ത സ്ത്രീകൾക്ക് എഴുത്തിനോടൊപ്പം വ്യാപരിക്കേണ്ടിവരുന്നത്.

ജാതി, മതം, രാഷ്ട്രീയ കക്ഷികൾ മുതലായവരെ ആസ്പദമാക്കിയുള്ള സങ്കുചിത താൽപര്യങ്ങളിലേക്ക് വഴുതിവീഴാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കാൻ ബോധപൂർവം നിശ്ചയിച്ചിരുന്നു. കുറച്ചൊന്നുമല്ല പ്രേരണകളും പ്രലോഭനങ്ങളും ഉണ്ടായത്, അവയുടെ ഒക്കെ പ്രമുഖ വക്താക്കളും നേതാക്കളും പലതരത്തിൽ വല വീശിയിട്ടുണ്ട് –വലയിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിച്ചതുകൊണ്ട് ശത്രുതകളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളിൽ പലതിന്റെയും സാംസ്കാരിക പ്രവർത്തനങ്ങളോട് സഹകരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ സമീപനങ്ങളിൽ വിഹിതമെന്ന് വിശ്വാസം തോന്നിയതിനോടൊപ്പം നിന്നുപോന്നു. ഇതുകൊണ്ട് ‘‘എല്ലാറ്റിലുമുണ്ട് ഒന്നിലുമില്ല’’ എന്നതാണ് പരിണിതഫലം.

കവിതയോടാണ് തനിക്ക് ആഭിമുഖ്യം എന്നു പറയുമ്പോഴും കവികളെ മാത്രമല്ല നോവലിസ്റ്റുകളെയും ചെറുകഥാകൃത്തുക്കളെയും സമഗ്രമായി പഠിക്കുന്ന പുസ്തകങ്ങൾ ടീച്ചർ രചിച്ചിട്ടുണ്ട്. എന്നാൽ, ഒരു നിരൂപകനെക്കുറിച്ച് അങ്ങനെ ഒരു ആധികാരിക ഗ്രന്ഥം എഴുതിയിട്ടില്ലല്ലോ?

നിരൂപണ വിഭാഗത്തിൽപെട്ട ആരുടെയും കൃതികളുടെ സമഗ്ര പഠനം നിർവഹിക്കണമെന്ന തോന്നലുണ്ടായില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് യുക്തിയുക്തമായ ഉത്തരവുമില്ല.

ഒരുപാട് ജീവചരിത്രങ്ങൾ ടീച്ചർ എഴുതിയിട്ടുണ്ട്. ജീവചരിത്ര രചന എങ്ങനെയായിരിക്കണം എന്നാണ് ടീച്ചറുടെ പരിപ്രേക്ഷ്യം?

ജീവിതചരിത്രം എഴുതുമ്പോൾ വ്യക്തി (കഥാവിഷയം) ജീവിച്ചിരിക്കു​േമ്പാൾ എങ്ങനെ എഴുതുമോ അങ്ങനെ എഴുതണമെന്നാണ് എന്റെ നിലപാട്. മരിച്ചവരുടെ ജീവചരിത്രമെഴുതുമ്പോൾ നാടകീയതയുള്ള രംഗങ്ങൾ സങ്കൽപിച്ച് കൃതി രസകരമാക്കാം. അപ്പോൾ സംഭവിച്ചതല്ലാത്തതും പറഞ്ഞതല്ലാത്തതും കടന്നുകൂടിയെന്നു വരാം. അത് വായനക്കാരെ രസിപ്പിക്കുമെങ്കിലും അവാസ്തവങ്ങൾ പ്രചരിക്കുമെന്നതിനാൽ എനിക്കു സ്വീകാര്യമല്ല. സത്യനിഷ്ഠത ജീവിത ചരിത്ര രചനയിൽ മുൻനിൽക്കണമെന്നാ​ണെന്റെ പക്ഷം.

നീണ്ടകാലം അധ്യാപികയായിരുന്ന, ഇപ്പോഴും ഒരുപാട് പേർക്ക് വിജ്ഞാനം പകർന്നുകൊടുക്കുന്ന ടീച്ചർക്ക് മലയാള ഭാഷാ സാഹിത്യ പഠനത്തെ സംബന്ധിച്ച് എന്താണ് കാഴ്ചപ്പാട്. പുതിയ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയാൽ മലയാള പഠനം സമ്പന്നമാകുമോ?

ഭാഷാ പഠനത്തിന് ഭാഷയുടെ വളർച്ചയിലെ വിഭിന്ന ഘട്ടങ്ങൾക്ക് പ്രാതിനിധ്യം വഹിക്കുന്നവയുണ്ടാകണം. സ്കൂൾ പഠനകാലത്ത് പഠിപ്പിക്കേണ്ടവയിൽ ഭാഷയുടെ തുടക്കക്കാലത്തെ കൃതികൾ ഉൾപ്പെടു​ത്തേണ്ടതില്ല. എഴുത്തച്ഛൻ, നമ്പ്യാർ മുതലായവരുടെ കാലം മുതൽക്കുള്ളവ വേണം. ആധുനികഘട്ടത്തിൽ ജീവിച്ചിരിക്കുന്നവരുടെ കൃതികൾ ഉൾപ്പെടുത്തുമ്പോൾ അത് അധ്യേതാക്കൾക്ക് (അധ്യാപകർക്കും) മനസ്സിലാക്കാൻ കഴിയുന്നവ തന്നെയാകണം. (ആളുകൾക്ക് പ്രതിഫലം കൊടുക്കാൻവേണ്ടി പാഠ്യഗ്രന്ഥങ്ങളും, പാഠങ്ങളും ഉൾപ്പെടുത്തുന്നത് ശരിയല്ല.

മികച്ച അധ്യാപിക, എഴുത്തുകാരി എന്നീ നിലകളിൽ വിഖ്യാതയാണെങ്കിലും നല്ലൊരു സ്പോർട്സ് പ്രേമി, പാചക വിദഗ്ധ എന്നീ തരത്തിലും ടീച്ചർ അറിയപ്പെടേണ്ടതാണ്. ഇങ്ങനെ ഒന്നിലധികം മേഖലകളിൽ പ്രാവീണ്യം കൈവരിക്കാൻ സാധിക്കുന്നതിന്റെ രഹസ്യം എന്താണ്?

‘പ്രാവീണ്യം’ ഒന്നും ഞാൻ അവകാശപ്പെടുന്നില്ല. സ്​പോർട്സിൽ ഉള്ള താൽപര്യവും ‘ദർശന’ത്തിൽ മാത്രമാണ്. പ്രയോഗ വൈദഗ്ധ്യമില്ല. പാചകവും ചുമതല നിർവഹിക്കലിന്റെ ഫലം മാത്രമാണ്. മക്കൾക്കും മറ്റുള്ളവർക്കും ഇഷ്ടമുള്ളതെന്തോ അതുണ്ടാക്കിക്കൊടുക്കുന്നതിൽ ഉള്ള സംതൃപ്തിയും സന്തോഷവും അതിനുവേണ്ടി എത്ര സമയവും ഉപയോഗിക്കാൻ വേണ്ടുന്ന സന്നദ്ധത ഉണ്ടാക്കുന്നു എന്നുമാത്രം.

കുടുംബ ബന്ധങ്ങൾക്ക് മാത്രമല്ല, സൗഹൃദങ്ങൾക്കും ഒരുപാട് വില കൽപിക്കുന്ന വ്യക്തിയാണ് ടീച്ചർ. ബന്ധങ്ങൾക്ക് മാറ്റുകുറയുന്ന ഇക്കാലത്ത് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചറുടെ നിരീക്ഷണമെന്താണ്?

മാനസിക ബന്ധങ്ങളുടെ ആഴവും പരപ്പും ഒന്നും ആർക്കും വേണമെന്നുറപ്പിച്ച് ഉണ്ടാക്കി വളർത്തിയെടുക്കാവുന്നതാണെന്ന് തോന്നുന്നില്ല. അവ ഉണ്ടാവണം. എനിക്ക് എന്റെ കൂടപ്പിറപ്പുകളോടുള്ള മമതയുടെ ആഴം ഞാൻ ഉണ്ടാക്കിയെടുത്തതല്ല. എല്ലാവരും എനിക്കിളയവരായതായിരിക്കാം കാരണം. ഇത് ഏറ്റവും മൂത്ത സന്തതി പെണ്ണായി തീർന്നാൽ സ്വാഭാവികമായി വളരുന്ന ഒരു മനോനില മാത്രമാണെന്ന് ഞാൻ ഗ്രഹിച്ചിട്ടുണ്ട്. ഒട്ടേറെ നിദർശനങ്ങളിൽനിന്ന് തുല്യമായ മമത തിരിച്ചുകിട്ടുന്നുണ്ടോ എന്നത് പ്രധാനമല്ല. ഇതുപോലെ സൗഹൃദങ്ങളുടെ സാഹചര്യങ്ങളനുസരിച്ച് തനിയെ രൂപപ്പെടുന്നവയാണ്.

അവ നിലനിർത്തുന്നതിൽ നിന്നുകിട്ടുന്ന സംതൃപ്തിയാണ് പ്രേരകം. മറ്റ് ലാഭങ്ങളൊന്നുമല്ല. ഈ സംതൃപ്തി എന്നേക്കാൾ എത്രയോ മടങ്ങു കൂടുതൽ അനുഭവിക്കുകയും അതിൽ ജീവിതധന്യത കണ്ടെത്തുകയും ചെയ്യുന്ന ആളാണ് ചോദ്യം ചോദിക്കുന്നത് (!) എന്ന് ഞാൻ ഓർത്തുപോവുന്നു. രതിയെപ്പോലെ നിസ്വാർഥമായി സ്നേഹം പുലർത്താൻ കഴിവുറ്റവർ വിരളമായ പ്രതിഭാസമാണ്.

പ്രകൃതിയുടെ സംരക്ഷണത്തിനും ജീവന്റെ നിലനിൽപിനുംവേണ്ടി 1980 ജൂൺ എട്ടിന് തിരുവനന്തപുരത്ത് പരിസ്ഥിതി പ്രേമികൾ ഒത്തുചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഏക സ്‍ത്രീസാന്നിധ്യം സുഗതകുമാരിയായിരുന്നു. പക്ഷേ, ആവശ്യത്തിനല്ലാതെ ഒരു ഇലപോലും വാഴയിൽനിന്ന് മുറിക്കരുത്. ചെടികളെയും മരങ്ങളെയും ചന്തത്തിന് വെട്ടിയൊരുക്കിനിർത്തരുത്. പൂക്കൾ പറിക്കരുത് എന്ന് സ്വന്തം ജീവിതത്തിൽ നിഷ്‍കർഷിക്കുന്ന ലീലാവതി ടീച്ചറെപ്പോലെ പരിസ്ഥിതി പ്രേമം ജീവിതത്തിൽ ഉൾക്കൊള്ളുന്നവർ ചുരുക്കമാണ് എന്നാണ് തോന്നിയിട്ടുള്ളത്. എഴുത്തിൽ ആ താൽപര്യം തിരിച്ചറിഞ്ഞവരുടെ കുറവ്. എന്താണ് പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ടീച്ചറുടെ സമീപനം?

പ്രകൃതിയോടുള്ള മാനസികൈക്യം ഞാൻ ബോധപൂർവം വളർത്തിയെടുത്തതല്ല. കുട്ടിക്കാലത്ത് ബാഹ്യ​പ്രകൃതിയോട് ആന്തര മമതയുളവാക്കുന്ന പ്രവൃത്തികൾ ചെയ്യാനിടയായിട്ടുണ്ട്. വലിയ തെങ്ങുപറമ്പ് ആയിരുന്നു തറവാടിനു ചുറ്റും. അവിടെ മാവ്, പ്ലാവ്, പുളിമരം, കടപ്ലാവ്, പറങ്കിമാവ്, ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങളുണ്ടായിരുന്നു. ആ ഇടങ്ങളിൽ പയറുകൃഷി നടത്തിയിരുന്നു. ‘‘കല്ലൻ പയറ്’’ എന്ന് പേരിട്ടിരുന്ന (വലിയമണിയുള്ള അച്ചിങ്ങ) ‘ചെറുമണിപ്പയറ്’ എന്ന പേരിട്ടിരുന്ന (കറുപ്പു നിറത്തിലുള്ളതും ചുവപ്പുനിറത്തിലുള്ളതുമായ ചെറിയ മണികൾ) പയറുചെടികളുടെ കൃഷിയിൽ കുട്ടികളെ ഏ​ർപ്പെടുത്തിയിരുന്നു. പയമകൾ വിതക്കാനുള്ള ‘ഏരി’കൾ ഉണ്ടാക്കുന്നത് ചെറിയമ്മാമനാണ്. വിത്തുകൾ പാകുന്നതും മുളച്ചു ‘മുട്ടുകുട്ടി’ നിൽക്കുന്നതു മുതൽ നനക്കുന്നതും വെണ്ണീര് കടയ്ക്കൽ വളമായി ഇട്ട് മൂടുന്നതും (ചെറിയ കൈക്കോട്ടുകൾകൊണ്ട്) മറ്റും കുട്ടികൾ തന്നെ.

അവ വളർന്നു ഇലകൾ ധാരാളമുണ്ടാവു​മ്പോൾ തളിരിലകൾ നുള്ളിയെടുത്ത് അരിഞ്ഞു ‘മെഴുക്കു പുരട്ടി’ക്കു ഒരുക്കുന്നതും കുട്ടികൾ തന്നെ. അതുപോലെ മൂക്കാത്ത ​(ചള്ള് എന്നായിരുന്നു പേര്) പയർ (കായ) അറുത്തെടുത്ത് മെഴുക്കുപുരട്ടിക്ക് അരിയുന്നതും കുട്ടികൾതന്നെ. രണ്ടു വകുപ്പിൽപെട്ട (കല്ലനും ചെറുമണിയും) പയമകളും മൂത്തു പഴുത്താൽ അവയെല്ലാം അറുത്തു കൊട്ടകളിൽ കൊണ്ടുവന്ന് അടുക്കളയുടെ ഉമ്മറത്തു കുന്നുകൂടുന്നതും തരംതിരിക്കുന്നതും കുട്ടികൾ.

പഴുത്തവ ഉണങ്ങാൻ പനമുകളിൽ പരത്തുന്നതും ഉണങ്ങിയാൽ ഉരിഞ്ഞ് എടുത്ത് നന്നായി വീണ്ടും ഉണക്കുന്നതും എല്ലാം കുട്ടികൾതന്നെ. ഈ ചുമതലകൾ നിർവഹിച്ചുപോരുന്നതുകൊണ്ടാവാം ചെടികളോട് മമതയുണ്ടായത്. തുമ്പപ്പൂവ്, മുക്കുറ്റിപ്പൂവ് മുതലായവ പറമ്പിൽ എമ്പാടുമുണ്ടാകും. ഓണക്കാലത്ത് അവ ചെറിയ പൂവട്ടികളിൽ (വള്ളിയിൽ കെട്ടി കഴുത്തിലിടുന്ന ചെറിയ പൂവട്ടി) ശേഖരിക്കുക പതിവായിരുന്നു. തെച്ചികളും ചെട്ടിപ്പൂച്ചെടികളും (മേലിക്കൽ) ധാരാളം നട്ടുവളർത്തിയിരുന്നു.

ഇങ്ങനെ ഇലകൾ പൂക്കൾ കായകൾ എല്ലാം ജീവിതത്തിൽ ഇഴുകിച്ചേർന്നതുകൊണ്ടാവാം പ്രകൃതിയുമായ മാനസൈക്യം വളർന്നത്. ‘ഈന്ത്’ എന്ന പേരുള്ള ഒരു ഉയരമില്ലാത്ത മരത്തിന്റെ ‘പട്ട’കളും തെങ്ങിൻമടലുകളും ഉപയോഗിച്ചുകൊണ്ട് ‘കുട്ടിപ്പുരക’ളുണ്ടാക്കി അതിനുള്ളിൽ കളിക്കുന്നതായിരുന്നു ഏറ്റവും വലിയ കളി. അമ്മാമന് നേന്ത്രവാഴ കൃഷിയുണ്ടായിരുന്നു. കിണറ്റിൽനിന്ന് തേക്കുകൊട്ടകൊണ്ട് വെള്ളം മുക്കി (അതിനുള്ള യന്ത്രം കിണറ്റിനരികിലുള്ള മരത്തിന്മേൽ ഘടിപ്പിച്ചിരുന്നു. ഈ തേക്കുകൊട്ടയെപ്പറ്റി കവിതയെഴുതിയിട്ടുണ്ട് വൈലോപ്പിള്ളി.

അതുപയോഗിച്ച് വെള്ളം തേവുന്ന കൃഷിക്കാരെ ‘ആരാണ് വീറോടു പോരാടുമീ രണ്ടു പോരാളിമാർകളെപ്പാടി പുകഴ്ത്തുവാൻ?’ എന്ന് വാഴ്ത്തിയിട്ടുണ്ട്) അമ്മാമൻ തേവുമ്പോൾ ചാലിലൂടെ ഒഴുകുന്ന വെള്ളം ഓരോ വാഴയുടെയും തടത്തിലെത്തി നിൽക്കുന്ന വിധത്തിൽ മണ്ണുവെട്ടി ഒഴുക്കു നിയന്ത്രിക്കുന്ന ചുമതലയും കുട്ടികളുടേതായിരുന്നു. വാഴയില അത്യാവശ്യത്തിനല്ലാതെ വെട്ടുമായിരുന്നില്ല. വടക്കുഭാഗത്ത് ഉണ്ടായിരുന്ന കൂറ്റൻ പുഴിമാവിൽനിന്ന് കാറ്റുവീശുമ്പോൾ തുരുതുരാ ഉതിരുന്ന മാമ്പഴം, പുളിമരത്തിനു ചുവട്ടിൽ പഴുത്തുവീഴുന്ന പുളിങ്ങ ഇവ ശേഖരിക്കുന്നതും കുട്ടികളായിരുന്നു. തോട്ടികൊണ്ട് കടച്ചക്ക, കശുമാങ്ങ (പറങ്കിമാങ്ങ) മുതലായവ പറിച്ചെടുക്കുന്നതും കുട്ടികൾ... ഇത്തരം പരിതഃസ്ഥിതികളിൽ വളർന്ന ഒരാൾക്ക് പ്രകൃതിയെ സ്നേഹിക്കാതിരിക്കാനാകുമോ?

അറിയപ്പെടുന്ന പരിസ്ഥിതിവാദി അല്ലാത്തതുപോലെ അറിയപ്പെടുന്ന ഫെമിനിസ്റ്റുമല്ല ടീച്ചർ. എന്നാൽ, ടീച്ചറുടെ ജീവിതപാതയിലെ മുന്നേറ്റം പിതൃ മേധാവിത്വ സമൂഹത്തിൽ പടവെട്ടിക്കൊണ്ടുതന്നെയായിരുന്നു. സ്ത്രീപക്ഷ നിലപാടിനെക്കുറിച്ച് എന്താണ് ടീച്ചറുടെ വീക്ഷണം?

ഈ ചോദ്യത്തിന് ഉത്തരം ഞാൻ പലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരെല്ലാവരും ‘അധിപതിഭാവം’ പുലർത്തുന്നവരല്ല. ഒരു മഹാഭൂരിപക്ഷം ഉണ്ട്. അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിങ്ങനെയുള്ള ബന്ധങ്ങളിൽപ്പെട്ടവരെ സ്നേഹിക്കുകയും തുല്യതാബോധത്തോടെ പരിഗണിക്കുകയും ചെയ്യുന്നവർ. പുരുഷ വർഗത്തിൽപ്പെട്ടുപോകുന്നു എന്നതുകൊണ്ടുമാത്രം ധിക്കരിക്കപ്പെടേണ്ടവരല്ല അവർ. എനിക്ക് രണ്ടു വിഭാഗത്തിൽപ്പെട്ടവരായും ഗാഢബന്ധമുണ്ട്. എന്റെ അച്ഛൻ അമ്മയെ വേണ്ടപോലെ പരിഗണിക്കുകയുണ്ടായില്ല. എന്നാൽ, അത് സ്ത്രീയെ നിന്ദിക്കുന്ന മനോഭാവത്തിൽനിന്ന് ഉണ്ടായതല്ല. മരുമക്കത്തായ വ്യവസ്ഥയുടെ ഉൽപന്നമായിരുന്നു. സ്വന്തം കുടുംബത്തിൽപ്പെട്ട സ്ത്രീകളോട് അച്ഛന് ആദരവും മമതയും ഉണ്ടായിരുന്നു.

മരുമക്കത്തായ വ്യവസ്ഥയിൽ, ഭാര്യ മറ്റൊരു കുടുംബത്തിലെ അംഗമാണ്. ഈ വീക്ഷണത്തിൽ വളർന്നുവന്ന അച്ഛന് സ്വന്തം കുടുംബാംഗങ്ങളോടുണ്ടായിരുന്ന ബന്ധത്തിന്റെ ദാർഢ്യം അമ്മ മനസ്സിലാക്കിയില്ലെന്നു പറഞ്ഞുകൂടാ. എന്തെന്നാൽ അമ്മ അതിന് എതിരുനിന്നു എന്നു പറഞ്ഞുകൂടാ. എന്നാൽ, സ്വന്തം മക്കളെ സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത പരിതഃസ്ഥിതിയിൽ മക്കളുടെ ചുമതലകൾ ഏറ്റെടുക്കാൻ അച്ഛനു തോന്നണമെന്ന നിലപാട് അമ്മക്കുണ്ടായിരുന്നു. താൻ സ്വയം ആർജിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഭൂ സ്വത്തും മറ്റും.

പ്രായം ചെന്നതിനുശേഷം (46ാം വയസ്സിൽ) അച്ഛൻ വിവാഹത്തിനൊരുങ്ങിയപ്പോൾ നേരെ ചെറിയമ്മയല്ലാത്ത, ചെറിയമ്മയായി കരുതപ്പെട്ടിരുന്ന മുതിർന്ന കുടുംബാംഗം. അവരെ അനാഥരാക്കരുതെന്നപേക്ഷിച്ചു. അപ്പോൾ സ്വത്തൊന്നും ഭാര്യക്കോ സന്തതികൾക്കോ കൊടുക്കില്ലെന്നു സത്യംചെയ്തുവെന്നാണച്ഛൻ പറഞ്ഞിരുന്നത്. പക്ഷേ, സന്തതികളുടെ സംരക്ഷണം നിർവഹിക്കില്ലെന്നു സത്യം ചെയ്തിരുന്നില്ലെന്നതിനാൽ അവരുടെ വിദ്യാഭ്യാസത്തിന്റെയും മറ്റും ചുമതല വഹിക്കാൻ കഴിയുമായിരുന്നു. അത് ഏറ്റെടുത്തില്ലെന്നതാണ് അവരുടെ ബന്ധത്തെ ഉലച്ചത്.

ഇങ്ങനെ ഒരു പശ്ചാത്തലമുള്ളതുകൊണ്ട് ഫെമിനിസത്തിന്റെ പക്ഷത്തു നിലയുറപ്പിക്കാനും അയുക്തികമായ പുരുഷവിദ്വേഷം പുലർത്താതിരിക്കാനും ഞാൻ ഒരേ സമയം വ്യഗ്രതപുലർത്തി. ഫെമിനിസത്തിന്റെ ചരിത്രത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ഒന്നാമത്തെ പുസ്തകങ്ങളിൽ ഒന്ന് എന്റേതാണ്. എനിക്ക് ‘ഫെമിനിസം’ എന്ന പദത്തിന്റെ അർഥവ്യാപ്തം സ്ത്രീ-പുരുഷ സമത്വം എന്നാണ്. സമത്വബോധവും സ്നേഹവുമുള്ളപ്പോൾ അന്യോന്യ വിധേയത്വമുണ്ടാവും.

സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ഒരുവക നിയന്ത്രണവുമില്ലാത്ത സർവതന്ത്ര സ്വതന്ത്രത ഫെമിനിസത്തിന്റെ മുഖമുദ്രയായേ തീരൂ എന്നതിനോടാണ് എനിക്ക് യോജിപ്പില്ലാത്തത്. സുദൃഢമായ സ്നേഹബന്ധത്തിൽ ഈ സർവതന്ത്ര സ്വതന്ത്രതാ സങ്കൽപമോ, സന്തതികളോട് ഉണ്ടാകേണ്ടുന്ന മമത ദൃഢതയുടെ വിച്ഛേദമോ ഇല്ല. ‘കുടുംബം’ എന്ന വ്യവസ്ഥയേ വേണ്ടാ എന്ന സങ്കൽപത്തിനോടു ഞാൻ യോജിക്കാത്തത്, തങ്ങൾമൂലം ഈ ലോകത്തിലേക്ക് എത്തിപ്പെടേണ്ടിവന്നവരുടെ ജീവിതം തകർക്കുന്ന ബന്ധങ്ങൾ, ‘സംസ്കൃതി’യിലേക്ക് വളർന്നു മനുഷ്യവർഗത്തിനു യോജിച്ചതല്ല;

പ്രകൃതിയുടെ (nature) തലത്തിൽമാത്രം വർത്തിക്കുന്ന തിര്യക്കുകൾക്കുമാത്രം ചേർന്നതാണെന്നതുകൊണ്ടാണ്. മനുഷ്യക്കുഞ്ഞിന് മറ്റു ജീവികളുടെ കുഞ്ഞുങ്ങൾക്കില്ലാത്ത ഒരു പരാധീനതയുണ്ട്. മസ്തിഷ്‍കം എന്ന അവയവത്തിന്റെ വളർച്ച മനുഷ്യക്കുഞ്ഞിനു മാത്രം ദീർഘകാലം കൊണ്ടുമാത്രം പൂർത്തിയാവുന്ന ഒന്നാണ്. തിര്യക്കുകളുടെ കുഞ്ഞുങ്ങൾക്ക് ഈ സ്ഥിതിവിശേഷമില്ല. അതുകൊണ്ട് കുറച്ചുകാലം മാത്രമേ ജനയിതാക്കളുടെ സംരക്ഷണം ആവശ്യമുള്ളൂ. അത് നിർവഹിക്കാനുള്ള സന്നദ്ധത അവക്ക് പ്രകൃതിയനുസരിച്ച് സാധ്യവുമാണ്.

മനുഷ്യക്കുഞ്ഞിന് മാത്രം ജനയിതാക്കൾ അവരെ ‘വളർത്തേണ്ടു’ന്ന കാലം സുദീർഘമാണ്. അതിനാൽ സന്തതികളെ ഉൽപാദിപ്പിക്കുന്നവർ സംരക്ഷണത്തി​ന്റെ ചുമതല നിർവഹിച്ചേ തീരൂ. അതിനാവശ്യമായ നിയന്ത്രണങ്ങൾ അവർ ജീവിതത്തിൽ കൈക്കൊണ്ടേ മതിയാവൂ. ഇതാണെന്റെ കാഴ്ചപ്പാട്. സന്തതികൾ വേണ്ടാ എന്ന് തീരുമാനിക്കുന്ന ഏത് സ്ത്രീ-പുരുഷ ബന്ധത്തിലും സർവതന്ത്ര സ്വതന്ത്രത പുലർത്തുന്നതിന് ഞാൻ എതിരു നിൽക്കുകയില്ല. വിവാഹം എന്ന കെട്ടുപാടില്ലാത്ത ബന്ധങ്ങൾക്കുപോലും ഞാൻ എതിരല്ല. എന്നാൽ, ‘വിവാഹം’ എന്ന ബന്ധം സ്വീകരിക്കാനൊരുങ്ങുകയും സന്തതികളെ സൃഷ്ടിക്കുകയും ചെയ്താൽ പിന്നെ, അവരുടെ വളർച്ചയും ക്ഷേമസംരക്ഷണവും ജനയിതാക്കളുടെ ചുമതലയായിത്തീരുന്നു. അതിനുവേണ്ട സന്നദ്ധതയില്ലായ്മ എന്ന ‘സ്വാതന്ത്ര്യ’ത്തെയാണ് ഞാൻ എതിർക്കുന്നത്.

ഇവിടെപ്പറഞ്ഞ ‘വിവാഹ’ബന്ധം സ്ത്രീവർഗത്തിന് ബന്ധം ഉളവാക്കുന്നതിൽ ഉള്ള പങ്കിനോട് ബന്ധമാണ്. പെണ്ണിന്റെ ഇംഗിതമറിയാതെ അവളുടെ തലയിൽ വെച്ചുകൊടുക്കുന്ന ബന്ധങ്ങളുടെ ഉൽപന്നങ്ങളായ സന്തതികളുടെ സംരക്ഷണത്തിൽ പുരുഷന് ഇളവനുവദിക്കുന്ന ഒരുതരം ‘നിയന്ത്രണ’ത്തിന്റെയും ‘വക്കാലത്ത് ഞാൻ ഏറ്റെടുക്കുകയില്ല. അവരുടെ സംരക്ഷണത്തിലുള്ള പുരുഷന്റെ ചുമതലയെപ്പറ്റി വാദിക്കുമ്പോൾ ഞാൻ തീർത്തും ഫെമിനിസ്റ്റ് തന്നെയാണ്. തോന്നുംപോലെ ബന്ധം വിച്ഛേദിക്കാൻ പുരുഷന് അനുവാദം നൽകുന്ന ഏതു വ്യവസ്ഥക്കും ഞാൻ എതിരാണ്. ‘സ്നേഹബന്ധ’ത്തിന് ഒട്ടും കെട്ടുറപ്പില്ലാത്ത അവസ്ഥ വന്നാൽ വിവാഹമോചനം കിട്ടേണ്ടത് എല്ലാവരുടേയും അവകാശംതന്നെ.

എന്നാൽ, ആ മോചനം സന്തതികളു​െട സമ്പൂർണ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിന്റെ നിർവഹണത്തോടുകൂടി​യേ തീരൂ. മതവിശ്വാസത്തിന്റെ പേരിലുള്ള ‘മുത്തലാക്കും’ മറ്റും ശരിയാണെന്ന് ഏത് ‘ശരീഅത്ത്’ നിഷ്‍കർഷിച്ചാലും ഞാൻ അംഗീകരിക്കുകയില്ല. മതേതരത (Secularism) എന്ന മൂല്യത്തെ അംഗീകരിക്കുന്നതോടൊപ്പം മതപരമായ പ്രത്യേകാവകാശങ്ങൾ ചിലർക്കുമാത്രം ഉണ്ടെന്ന വാദത്തെ പിന്തുണക്കുകയില്ല.

സംസ്കൃതത്തിലും ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ അഗാധമായ അറിവുള്ള, അന്യംനിൽക്കുന്ന ഒരു തലമുറയുടെ മികച്ച മാതൃകയാണ് ടീച്ചർ, മാറിവരുന്ന കാഴ്ചപ്പാടുകൾ മാറിവരുന്ന സിദ്ധാന്തങ്ങൾ ഇതിനെയെല്ലാം അതിജീവിച്ച് പുതുഭാവുകത്വ​െത്ത പോലും മനസ്സിലാക്കാനും പഠിച്ചെഴുതാനും കഴിയുന്നു എന്നത് വലിയൊരു വിസ്മയമാണ്. ഇതെങ്ങനെ സാധിക്കുന്നു?

ഞാൻ ഒരു വിരളവിഭാഗത്തിൽപെടുന്നു എന്ന സൂചനയുള്ള ചോദ്യത്തോട് എനിക്ക് യോജിപ്പില്ല. സഹൃദയത്വം അഥവാ ഭാവുകത്വത്തിലേക്കുള്ള സമാനത എന്ന സങ്കൽപം നമ്മുടെ നാട്ടിൽ പുതുതൊന്നുമല്ലല്ലോ! ഭാവുകത്വ സമാനത ജന്മസിദ്ധമായിക്കിട്ടുന്ന ഒരു മനഃപ്രവണത മാത്രമല്ല; അതിനെ കർമസാധ്യമാക്കാവുന്നതുമാണ്. എങ്കിലും പ്രയത്ന സാധ്യതക്കും അതിന്റേതായ പരിമിതികളുണ്ട്. സമസ്ത സാഹിത്യസൃഷ്ടികളെയും സമഗ്രമായി മനസ്സിലാക്കാൻ കഴിയുമെന്ന വ്യാമോഹമൊന്നും എനിക്കില്ല. അതിനുകഴിഞ്ഞിട്ടില്ലെന്ന് നന്നായി അറിയുകയും ചെയ്യാം. എന്നാൽ, സ്വന്തം പരിമിതികൾക്കകത്തു നിൽക്കാത്ത എല്ലാം ഒരുപോലെ ത്യാജ്യമാണെന്നോ മൂല്യവത്തല്ലെന്നോ ഉള്ള നിലപാട് കൈക്കൊള്ളത്തക്ക ‘ഉദാരതയില്ലായ്മ’ എന്റെ സങ്കൽപങ്ങളിലുൾപ്പെടരുതെന്ന് ഇച്ഛിക്കുന്നു. അതിനാൽ, കടുംപിടിത്തങ്ങൾ കൈക്കൊള്ളാറില്ല.

മനസ്സിലാവാത്തതിനെപ്പറ്റി മൗനം അവലംബിക്കുന്നു. എന്നാൽ, മൗനം കൈക്കൊള്ളുന്ന ഏതു സന്ദർഭവും മനസ്സിലാകായ്കയുടെയോ അനാസ്ഥയുടെയോ ഫലങ്ങളല്ല. എല്ലാ കൃതികളെപ്പറ്റിയും തുല്യമായ ആസ്ഥയോടെ സമീപിക്കാനോ, എല്ലാത്തിനെപ്പറ്റിയും അഭിപ്രായം പ്രകടിപ്പിക്കാനോ ആർക്കും കഴിയില്ലല്ലോ. ആ പരിമിതിയെപ്പറ്റി ഓർക്കാതെ പരിഭവപ്പെടുന്നവരും വിദ്വേഷം പുലർത്തുന്നവരുമുണ്ട്.

കവിതാ ചരിത്രത്തിന്റെ കർത്രിയെന്ന നിലക്ക് പുതുതലമുറകളുടെ സൃഷ്ടികളെപ്പറ്റി എഴുതുന്ന ചുമതലയിൽനിന്ന് മാറിനിന്നിട്ടില്ല. പക്ഷേ, പുതിയ പതിപ്പുകൾക്ക് എഴുതിക്കൊടുക്കുന്നവയെ അനുബന്ധങ്ങളായി പ്രസിദ്ധപ്പെടുത്താൻ പ്രസാധകർ തുനിഞ്ഞില്ല. രണ്ടു തവണ എഴുതിക്കൊടുത്തതും വെളിച്ചം കണ്ടില്ല. 2017 നവംബറിൽ ആണ് ഏറ്റവും ഒടുവിൽ എഴുതിക്കൊടുത്തത്. പുസ്തകങ്ങൾ കൈയിലില്ലാത്തതുകൊണ്ട് അക്കാദമി ലൈബ്രറിയിലുള്ള പുസ്തകങ്ങൾ വായിക്കാൻ രണ്ടാഴ്ച അവിടെ പോയി താമസിച്ചാണ് ആ പ്രവൃത്തി നിർവഹിച്ചത്. ഒക്ടോബറിൽ ഒരനുജൻ എന്നെ വിട്ടുപോയപ്പോൾ ഉണ്ടായ കൊടിയ ദുഃഖം സഹിച്ചുകൊണ്ട് ഇതൊന്നും അറിയാത്തവർ തങ്ങളെ അവഗണിച്ചു എന്നു കരുതുന്നുണ്ടാവാം. നോവലിന്റെ മഹാസാമ്രാജ്യത്തിലും നന്നേ കുറച്ചേ എനിക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അവിടെയും ‘അനാസ്ഥ’ ദർശിക്കുന്നവരുണ്ടാകും.

Show More expand_more
News Summary - Dr. M. Leelavathi interview