Begin typing your search above and press return to search.
proflie-avatar
Login

എ​ന്റെ നൃത്തം പൊളിറ്റിക്കലാണ്​ -രാജശ്രീ വാര്യർ സംസാരിക്കുന്നു

എ​ന്റെ നൃത്തം പൊളിറ്റിക്കലാണ്​ -രാജശ്രീ വാര്യർ സംസാരിക്കുന്നു
cancel

ആമുഖം ആവശ്യമില്ലാത്തവിധം കലാ ആസ്വാദകർക്ക്​ പരിചിതയായ നർത്തകിയാണ്​ ഡോ. രാജശ്രീ വാര്യർ. രാജ്യാന്തരതലത്തിൽതന്നെ അറിയപ്പെട​ുന്ന, ഇന്ത്യയിലെ പ്രമുഖ ഭരതനാട്യം നർത്തകിയായ അവർ, ഗവേഷക, കലാനിരൂപക, ടെലിവിഷൻ അവതാരക എന്നീ നിലകളിലും പ്രശസ്​തയാണ്​. പാറശ്ശാല പൊന്നമ്മാൾ, പെരുമ്പാവൂർ രവീന്ദ്രനാഥ് എന്നിവരിൽനിന്നും ചെറുപ്പത്തിലേ സംഗീതം പഠിച്ചു. വി. മൈഥിലി, ജയന്തി സുബ്രഹ്മണ്യം എന്നിവരിൽനിന്ന് നൃത്തം അഭ്യസിച്ചു. ഭരതനാട്യത്തിന്റെ ആവിഷ്കാരത്തിലും ഉള്ളടക്കത്തിലും രാജശ്രീ വാര്യർ പുതുമ വരുത്തി. സ്വന്തമായ ഭാഷയും വ്യാകരണവും കണ്ടെത്തി. ലങ്കാലക്ഷ്മി, താര, ശിഖണ്ഡി, ടെസ്, ഭഗവതിചിന്ത് തുടങ്ങി നിരവധി...

Your Subscription Supports Independent Journalism

View Plans

ആമുഖം ആവശ്യമില്ലാത്തവിധം കലാ ആസ്വാദകർക്ക്​ പരിചിതയായ നർത്തകിയാണ്​ ഡോ. രാജശ്രീ വാര്യർ. രാജ്യാന്തരതലത്തിൽതന്നെ അറിയപ്പെട​ുന്ന, ഇന്ത്യയിലെ പ്രമുഖ ഭരതനാട്യം നർത്തകിയായ അവർ, ഗവേഷക, കലാനിരൂപക, ടെലിവിഷൻ അവതാരക എന്നീ നിലകളിലും പ്രശസ്​തയാണ്​. പാറശ്ശാല പൊന്നമ്മാൾ, പെരുമ്പാവൂർ രവീന്ദ്രനാഥ് എന്നിവരിൽനിന്നും ചെറുപ്പത്തിലേ സംഗീതം പഠിച്ചു. വി. മൈഥിലി, ജയന്തി സുബ്രഹ്മണ്യം എന്നിവരിൽനിന്ന് നൃത്തം അഭ്യസിച്ചു. ഭരതനാട്യത്തിന്റെ ആവിഷ്കാരത്തിലും ഉള്ളടക്കത്തിലും രാജശ്രീ വാര്യർ പുതുമ വരുത്തി. സ്വന്തമായ ഭാഷയും വ്യാകരണവും കണ്ടെത്തി. ലങ്കാലക്ഷ്മി, താര, ശിഖണ്ഡി, ടെസ്, ഭഗവതിചിന്ത് തുടങ്ങി നിരവധി നൃത്തരൂപങ്ങൾ സൃഷ്ടിച്ചു. ‘നർത്തകി’, ‘നൃത്തകല’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ. കേരള സംഗീത നാടക അക്കാദമി, ദേവദാസി ദേശീയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ. ‘നേത്ര’ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്നു. തിരുവനന്തപുരത്താണ്​ താമസം.

ജീ​വി​തം നൃ​ത്ത​ത്തി​ന് സ​മ​ർ​പ്പി​ച്ച​യാ​ളാ​ണ​ല്ലോ താ​ങ്ക​ൾ, സ്വ​ന്തം ജീവി​തം ഒ​രു നൃ​ത്ത​മാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ?

നൃ​ത്തം കൊ​റി​യോ​ഗ്രാ​ഫി​ഡ് ആ​ണ്. അ​ത് അ​ര​ങ്ങി​ൽ എ​ത്തു​മ്പോ​ൾ മ​നോ​ധ​ർ​മം ചേ​ർ​ക്കും. എ​ന്നാ​ൽ, ജീ​വി​തം അ​ങ്ങ​നെ​യ​ല്ല, ഓ​രോ സ​ന്ദ​ർ​ഭ​ത്തി​നും സാ​ഹച​ര്യ​ത്തി​നും അ​നു​സ​രി​ച്ച് മാ​റിക്കൊ​ണ്ടി​രി​ക്കും. നൃ​ത്ത​ത്തി​ന്റെ ഉ​ള്ള​ട​ക്കം ന​മ്മ​ളാ​ണ് നി​ശ്ച​യി​ക്കു​ന്ന​ത്. അ​തി​ലെ ഓ​രോ ക​ഥാ​പാ​ത്ര​വും എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് ന​മു​ക്ക് തീ​രു​മാ​നി​ക്കാം. ജീ​വി​തം ആ​ക​സ്മി​ക​മാ​ണ്. ന​മ്മു​ടെ നി​ശ്ച​യ​ത്തി​ന് അ​നു​സ​രി​ച്ച​ല്ല ജീ​വി​തം മു​ന്നോ​ട്ടുപോ​യ​ത്. ഒ​രു ടൈംടേ​ബി​ൾ ഉ​ണ്ടാ​ക്കിവെ​ച്ച് ജീ​വി​ക്കാ​ൻ പ​റ്റാ​ത്തയാളാ​ണ് ഞാ​ൻ. ജീ​വി​ത​ത്തി​ൽ ആ​ക​സ്മി​ക​മാ​യി വ​ന്ന പ​ല​തും ആ ​കാ​ല​ത്ത് വി​ഷ​മ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പി​ന്നെ നോ​ക്കു​മ്പോ​ൾ അ​തെ​ല്ലാം ന​ല്ല​തി​ലേ​ക്കാ​യി​രു​ന്നു എ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് ഇ​ഷ്ടം. ജീ​വി​ത​ത്തെക്കുറി​ച്ച് ഇ​ന്ന് എ​നി​ക്ക് സ​ങ്ക​ട​വും പരാ​തി​യു​മൊ​ന്നു​മി​ല്ല.

നൃ​ത്ത​ത്തെ സം​ബ​ന്ധി​ച്ച് എ​ന്റെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി​രു​ന്നു. ഒ​രു നി​ശ്ചി​ത​വ​ഴി​യി​ലൂ​ടെ​യാ​ണ് എ​ന്റെ ജീ​വി​തം മു​ന്നോ​ട്ട് പോ​യി​രു​ന്ന​തെ​ങ്കി​ൽ നൃ​ത്ത​ത്തോ​ട് ഇ​ത്ര ഭ്രാ​ന്ത് ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല എ​ന്ന് വി​ശ്വ​സി​ക്കു​ന്നു.​ അ​ച്ഛ​നും അ​മ്മ​യും എ​ന്റെ ഒ​രു കാ​ര്യ​ത്തി​ലും ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കും, അ​ത് അ​ങ്ങേയറ്റം ബാ​ധി​ക്കു​ക​യും ചെ​യ്യും. ഒ​രു പ്രാ​യ​ത്തി​നുശേ​ഷം തെ​റ്റ്, ശ​രി എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ചെ​റു​പ്പ​ത്തി​ലേ എ​ല്ലാ കാ​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ചു. എ​ന്റെ കു​ട്ടിക്കാ​ല​ം നൃ​ത്ത​വും സം​ഗീ​ത​വും ഇ​ത്ര ഗൗ​ര​വ​മാ​യി എ​ടു​ക്കാ​ൻ പ​റ്റു​ന്നതായിരുന്നില്ല. പ​ക്ഷേ, എ​ന്റെ ര​ക്ഷി​താ​ക്ക​ൾ മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ അ​തി​ലേ​ക്കു വി​ട്ടു. വി​ദ്യ​ാഭ്യാ​സ​ത്തെ​ക്കാ​ൾ ക​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി.​ ബ​ന്ധു​ക്ക​ളും മ​റ്റും ഇ​ത് ക​ണ്ട് ക​ളി​യാ​ക്കു​മാ​യി​രു​ന്നു.​ ഇ​ന്ന് അ​വ​രൊ​ക്കെ എ​ന്നെ പ്ര​ശം​സി​ച്ചു സം​സാ​രി​ക്കു​മ്പോ​ൾ പ​ഴ​യ​തൊ​ന്നും എ​നി​ക്ക് അ​ങ്ങ​നെ മ​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.​ അ​ച്ഛ​ൻ വ​ള​രെ പു​രോ​ഗ​മ​ന ചി​ന്തയുള്ളയാളാ​യി​രു​ന്നു. ന​ന്നാ​യി വാ​യി​ച്ചി​രു​ന്നു. മാ​ധ​വി​ക്കുട്ടി​യു​ടെ ‘എ​ന്റെ ക​ഥ’ ത​ന്നി​ട്ട്, ഇ​ത് വാ​യി​ക്കൂ എ​ന്ന് പ​റ​യു​ന്ന ഒ​ര​ച്ഛൻ. അ​തൊ​ക്കെ​യാ​ണ് എ​ന്റെ ഭാ​ഗ്യം. അ​ത്ത​ര​മൊ​രു തു​റ​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു വീട്ടിലേത്​. മ​ക​ൾ ഇ​ങ്ങ​നെ ജീ​വി​ക്ക​ണം, ഇ​ങ്ങ​നെ ക​ഴി​യ​ണം എ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ല. ഞ​ങ്ങ​ൾ ഒ​രു മി​ഡി​ൽ ക്ലാ​സ് കു​ടും​ബ​മാ​ണ്. അ​ച്ഛ​ന്റെ​യും അ​മ്മ​യു​ടെ​യും ജോ​ലി​കൊ​ണ്ടാ​ണ്‌ ജീ​വി​ച്ച​ത്. ജോ​ലി ആവ​ശ്യ​മു​ള്ള​തുകൊ​ണ്ടാ​ണ് ചാ​ന​ലി​ൽ ജോലി ചെയ്​തത്​. എ​പ്പോ​ഴും ആ​രെ​യെ​ങ്കി​ലും ആ​ശ്ര​യി​ച്ചു ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തുകൊ​ണ്ടാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത് ജീ​വി​ത​ത്തി​ന് ഒ​രു കൊ​റി​യോ​ഗ്ര​ഫി​ ഇ​​െല്ല​ന്ന്.​ അ​പ്പോ​ൾ വ​രു​ന്ന​തി​നെ നേ​രി​ടു​ക. അതാണ്​ ചെയ്യുന്നത്​.

നൃ​ത്തം ഒ​രു ജീ​വി​തമാ​ധ്യ​മ​മാ​യി തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ, ധാ​രാ​ളം പ്ര​തി​സ​ന്ധി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ?​ ന​ർ​ത്ത​കി എ​ന്ന നി​ല​യി​ൽ നേ​രി​ട്ട അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ എ​ന്താ​ണ്?

നൃ​ത്തം പ​ഠി​ച്ചുതു​ട​ങ്ങി​യ ആ​ദ്യ​കാ​ല​ത്ത് ക​ലാ​ലോ​ക​ത്തെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് ബോ​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. നൃ​ത്ത​ത്തി​ലേ​ക്ക് സ​ജീ​വ​മാ​യി ഇ​റ​ങ്ങിയ​ശേ​ഷ​മാ​ണ് അ​തി​നു​ള്ളി​ലെ വി​വി​ധ രാ​ഷ്ട്രീ​യരീ​തി​ക​ൾ മ​ന​സ്സി​ലാ​ക്കി​ത്തുട​ങ്ങു​ന്ന​ത്. ക്ലാ​സിക്ക​ൽ ക​ല​ക​ൾ സ​ങ്കേ​ത​ബ​ദ്ധ​മാ​ണ്. ശ​രി​യാ​യി മ​ന​സ്സി​ലാ​ക്കിക്ക​ഴി​ഞ്ഞാ​ൽ, അ​ത് ന​മ്മു​ടെ ഭാ​ഷ​യാ​യി​ത്തന്നെ​ മാ​റും. ആ ​ഭാ​ഷ​യി​ലൂ​ടെ എ​ന്ത് പ​റ​യ​ണ​മെ​ന്ന്, എ​ന്ത് ആവി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ന​മു​ക്ക് തീ​രു​മാ​നി​ക്കാം. അ​തി​ന് ന​ല്ല ബോ​ധ്യം വേ​ണം.​ ഞാ​ൻ വ​ള​ർ​ന്നുവ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​ടി​യ ശ​രി​യാ​യ രാ​ഷ്ട്രീ​യ​ബോ​ധ്യ​മാ​ണ് നൃ​ത്ത​ത്തി​നു​ള്ളി​ലെ രാ​ഷ്ട്രീ​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

രാജശ്രീ വാര്യരുടെ അരങ്ങേറ്റം

രാജശ്രീ വാര്യരുടെ അരങ്ങേറ്റം

നൃ​ത്ത​രം​ഗ​ത്ത് ധാ​രാ​ളം കോ​ക്ക​സു​ക​ളുണ്ട്.​ ഏ​തു വ​ഴി​യാ​ണ് അ​ത് രൂ​പ​പ്പെ​ടു​ന്ന​ത് എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തി​നു​ള്ളി​ൽ മ​തം, ജാ​തി, മാ​ധ്യ​മസ്വാ​ധീ​നം തു​ട​ങ്ങി​യ​വ​യു​ണ്ട്.​ നൃ​ത്ത​രം​ഗ​ത്ത് ബ്ര​ാഹ്മ​ണ്യ​ത്തി​ന്റെ ആധി​പ​ത്യം ശ​ക്ത​മാ​ണ്. അ​ത് പ​ല​രീ​തി​ക​ളി​ലൂ​ടെ​യും സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് സ്ഥാ​പി​ച്ചെ​ടു​ക്കു​ന്ന​ത്. വ​രേ​ണ്യ​ത​യു​ടെ പ​ല കൂ​ട്ടാ​യ്മ​ക​ളു​ണ്ട്.​ അ​വ​ർ ഇ​പ്പോ​ൾ പു​രോ​ഗ​മ​നം പ​റ​യു​ന്നു​ണ്ട്. ഇ​പ്പോ​ൾ പു​രോ​ഗ​മ​നം പ​റ​യു​ന്ന​ത് ത​ന്നെ ആ ​പ​ഴ​യ​ കൂ​ട്ടാ​യ്മയി​ൽ ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ്.

ഇ​തി​നോ​ട് ബ​ന്ധ​പ്പെ​ടു​ത്തി, എ​നി​ക്ക് സ​ങ്ക​ട​മു​ണ്ടാ​യ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യാം. പു​രോ​ഗ​മ​നപ​ക്ഷ​ത്തു നി​ൽ​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന, ഇ​ന്ത്യയി​ൽ സാം​സ്‌​കാ​രി​ക ഭൂ​മി​ക സൃ​ഷ്ടി​ച്ചു​ എ​ന്ന് വി​ല​യി​രു​ത്തു​ന്ന ഒ​രു ദേ​ശീ​യ ദി​നപ​ത്ര​ത്തി​ൽ സം​ഗീ​ത​ത്തെ കു​റി​ച്ചും നൃ​ത്ത​ത്തെ കു​റി​ച്ചും റി​വ്യൂ വ​രും. പ​ക്ഷേ, അ​വി​ടെപ്പോ​ലും എ​ന്ത് പ​റ​യു​ന്നു എ​ന്ന​തി​നല്ല, ആ​ര് പ​റ​യു​ന്നു എ​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഒ​രു അ​യ്യ​ങ്കാ​ർ അ​ല്ലെ​ങ്കി​ൽ അ​യ്യ​ർ കു​ടും​ബ​ത്തി​ൽനി​ന്ന് ഒ​രാ​ൾ പ​റ​ഞ്ഞാ​ൽ എ​ഴു​തും. സ​മൂ​ഹ​ത്തി​ൽ എ​ന്ത് പൊ​ട്ടി​ത്തെ​റി​യുണ്ടാ​ക്കു​ന്ന കാ​ര്യ​വും പ​റ​യാം. അ​തി​ന് പു​റ​ത്തു​ള്ള ഒ​രാ​ൾ പ​റ​ഞ്ഞാ​ൽ ആ ​പ​ത്ര​ത്തി​ൽ വ​രി​ല്ല.​ അ​ത് എ​ന്തുത​രം പു​രോ​ഗ​മ​നം?​ ന​മ്മ​ൾ പു​രോ​ഗ​മ​ന​ത്തി​ന്റെ പ​ക്ഷ​ത്തു​നി​ൽ​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ ആ​ര് എ​ഴു​തി​യാ​ലും അ​തി​ൽ കൊ​ടു​ക്ക​ണം.​ അ​താ​ണ് മാ​ധ്യ​മധ​ർ​മം. ചി​ല ഗ്രൂ​പ്പു​ക​ളി​ൽപെ​ട്ടി​ല്ലെ​ങ്കി​ൽ ന​മ്മ​ൾ പ​റ​യു​ന്ന​ത് ആ​രും കേ​ൾ​ക്കി​ല്ല, പ​രി​ഗ​ണിക്കി​ല്ല.​ ക​ല​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ന്റെ പേ​രി​ലാക​ണം ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​വാ​ൻ.

മ​ദ്രാ​സ് മ്യൂ​സി​ക് അ​ക്കാ​ദ​മി ലോ​ക​ത്തെ പ്ര​ശ​സ്ത ക​ലാകേ​ന്ദ്ര​മാ​ണ്.​ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ എ​ന്നോ​ട് ചോ​ദി​ച്ചു, അ​വി​ടെ നൃ​ത്തം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്തുകൊ​ണ്ടാ​ണെ​ന്ന്. അ​ത് ഒ​രു വ​ലി​യ ചോ​ദ്യ​മാ​ണ്. ആ​ര് ക​ല​ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന്, ഏ​ത് വി​ഭാ​ഗ​ത്തി​ൽപെ​ട്ടവ​ര​ാവ​ണ​മെ​ന്ന് മു​ൻകൂ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്, എ​ല്ലാ​വ​ർ​ക്കും അ​വ​ർ അ​വ​സ​രം ന​ൽ​കി​ല്ല.​ ക​ല ഇ​ന്ന് ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നുക​ഴി​ഞ്ഞു. എ​ല്ലാ​വ​രും ആ​ടു​ന്നു, പാ​ടു​ന്നു.​ മ​ദ്രാ​സ് മ്യൂ​സി​ക് അ​ക്കാ​ദ​മി​യി​ൽ മാ​ത്ര​മ​ല്ല ക​ല ഉ​ള്ള​ത്. അ​വ​ർ അ​ത് മ​ന​സ്സി​ലാ​ക്ക​ണം. ദേ​ശ​ത്തി​നും സം​സ്ഥാ​ന​ത്തി​നും അ​പ്പു​റ​ത്തും ക​ല​യു​ണ്ട്.​ അ​ല്ലെ​ങ്കി​ൽ ഇ​വി​ടെ ചെ​മ്പൈ സ്വാ​മി​യും നെ​യ്യാ​റ്റി​ൻ​ക​ര വാ​സു​ദേ​വ​നും ഉ​ണ്ടാ​കി​ല്ല​ല്ലോ.​ അ​തുപോ​ലെ ചി​ല​രു​ടെ ചി​ന്ത​ പാ​ല​ക്കാ​ടി​ന് ഇ​പ്പു​റ​ത്തു ന​ല്ല ക​ല ഉ​ണ്ടാ​വി​ല്ല എ​ന്നാ​ണ്. എ​ന്തു കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന​തെന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​വു​ന്നി​ല്ല.​ ഒ​രാ​ൾ ക​ല​യി​ൽ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് മാ​നി​ക്കാ​ൻ മാ​ത്ര​മു​ള്ള ഒ​രു ക​ലാ​സ്വാദ​നം ഇ​നി എ​പ്പോ​ഴാ​ണ് ഇ​വി​ടെ ഉ​ണ്ടാ​വു​ക? ഇ​വി​ടത്തെ മാ​ധ്യ​മ​ങ്ങ​ൾ േപാലും ക​ല​യെ​ മു​ൻ​വി​ധി​യോ​ടെയാ​ണ് കാ​ണു​ന്ന​ത്.

എ​ന്നാ​ൽ, മ​ദ്രാ​സി​നു​ള്ള ഒ​രു പ്ര​ത്യേ​ക​ത കാ​ണാ​തെ പോ​ക​രു​ത്. അ​വി​ടെ എ​ല്ലാ​ത്തരം സം​ഗീ​ത​ത്തി​നും ഇ​ട​മു​ണ്ട് പോ​പു​ല​ർ, ക​ർ​ണാട്ടി​ക്, ഫോ​ക് ഇ​പ്പോ​ൾ ഒ​ന്നി​നെ​യും മാ​റ്റിനി​ർ​ത്തു​ന്നി​ല്ല.​ സ​വ​ർ​ണ വി​ഭാ​ഗ​ങ്ങ​ൾ അ​ത് മ​ന​സ്സി​ലാ​ക്കിക്ക​ഴി​ഞ്ഞു. ലോ​കം മു​ഴു​വ​ൻ മു​ന്നോ​ട്ട് പോ​കു​ന്ന​ത് തി​രി​ച്ച​റി​ഞ്ഞുക​ഴി​ഞ്ഞു.

ഇ​പ്പോൾ ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത് എ​നി​ക്ക്‌ എ​ന്തുചെ​യ്യാ​ൻ ക​ഴി​യും, ന​മു​ക്ക് കു​റ​ച്ചുസ​മ​യം മാ​ത്ര​മേയുള്ളൂ എന്നാണ്​. ന​മ്മ​ൾ വ​ർ​ഷ​ങ്ങ​ളാ​യി കല പ​ഠി​ച്ച് അ​വ​ത​രി​പ്പി​ച്ചു ക​ഴി​യു​മ്പോ​ൾ മാ​ത്ര​മേ, ന​മ്മു​ടെ ചി​ന്ത​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യൂ.​ എ​ന്റെ അ​റി​വി​നെ അ​ടു​ത്ത ത​ല​മു​റ​ക്ക് പ​റ​ഞ്ഞുകൊ​ടു​ക്കാ​നും കു​റ​ച്ചു സ​മ​യ​മേ ഉ​ള്ളൂ.​ അ​ത് ഞാ​ൻ ചെ​യ്യു​ന്നു. അ​തി​ലൂ​ടെ ഞാ​ൻ സം​തൃ​പ്ത​യാ​ണ്. മ​ദ്രാ​സി​ൽ പോ​യി നൃ​ത്തംചെ​യ്യ​ണ​മെ​ന്നൊ​ന്നും ഇ​ല്ല. ബാ​ല​സ​ര​സ്വ​തി​യു​ടെ അ​മ്മ ജ​യ​മ്മ​ാളി​ന്റെ ക​ച്ചേ​രി കേ​ൾ​ക്കാ​ൻ അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ആ​ളു​ക​ൾ വ​രു​മാ​യി​രു​ന്നു. ​ന​ല്ല ക​ല എ​വി​ടെ​യു​ണ്ടാ​യാ​ലും ആ​സ്വാ​ദ​ക​ർ തേ​ടിപ്പോ​കും.

പ്ര​ഗ​ല്ഭര​ായ ഗു​രു​ക്ക​ന്മാ​രി​ൽനി​ന്നാ​ണ് ക​ല പ​ഠി​ച്ച​ത്. അ​വ​രു​ടെ ശൈ​ലിക​ളി​ൽനി​ന്ന് വി​മു​ക്ത​യാ​വാ​ൻ ശ്ര​മി​ച്ച​ത് എ​ങ്ങ​നെ​യാ​ണ്?

അ​ങ്ങ​നെ ഒ​രു ശ്ര​മം വേ​ണ്ടിവ​ന്നി​ല്ല.​ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞുതു​ട​ങ്ങി​യ​പ്പോ​ൾത​ന്നെ എ​ന്റെ ഭാ​ഷ ക​ണ്ടെ​ത്തി​ക്കഴി​ഞ്ഞു. എ​നി​ക്ക്‌ കി​ട്ടി​യ ശി​ക്ഷ​ണം സോളിഡ് ആ​യി​രു​ന്നു, പ്ര​ത്യേ​കി​ച്ച് മൈഥി​ലി ടീ​ച്ച​റി​ൽനി​ന്ന്. കേ​ര​ള​ത്തി​ലെ നൃ​ത്ത അ​ധ്യാ​പ​ക​ർ മ​ദി​രാ​ശി​യി​ൽ പോ​യി പ​ഠി​ച്ചി​ട്ടുവ​ന്ന് ഇ​വി​ടെ കു​ട്ടി​ക​ൾ​ക്ക് വി​റ്റി​രു​ന്ന ഒ​രു കാ​ല​മു​ണ്ട്. അ​ത​ല്ല എ​ന്റെ ഗു​രു ചെ​യ്ത​ത്. അ​വ​ർ ധാ​രാ​ളം കോമ്പോസി​ഷ​ൻ​സ് ചെ​യ്തി​ട്ടു​ണ്ട്. അ​വ​ർ​ക്ക് ശ​രി​യാ​യ ദ​ർ​ശ​ന​മു​ണ്ട്.​ ആ ദ​ർ​ശ​നം എ​ന്നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. അ​വ​ർ ഒ​രി​ക്ക​ലും എ​ഴു​ന്നേ​റ്റുനി​ന്ന് നൃ​ത്തം പ​ഠി​പ്പി​ച്ചി​ട്ടി​ല്ല. പ​ഴ​യ ന​ട്ടു​വ​രൊ​ന്നും പെ​ർ​ഫോ​മേ​ഴ്‌​സ് ആ​യി​രു​ന്നി​ല്ല. ഇ​രു​ന്നുത​ന്നെ​യാ​ണ് പ​ഠി​പ്പി​ച്ച​ത്. അ​തുകൊ​ണ്ട് ഗു​രു​വി​ന്റെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​വു​ന്ന ചേ​ഷ്ട​ക​ൾ, രീ​തി​ക​ൾ അ​തൊ​ന്നും അ​നു​ക​രി​ക്ക​പ്പെ​ട്ടി​ല്ല. എ​ന്താ​ണോ ഗു​രു​വി​ന്റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആളി​ലുള്ള​ത് അ​ത് പു​റ​ത്തുകൊ​ണ്ടുവ​രു​ക​യാ​ണ് ചെ​യ്ത​ത്. അ​താ​ണ് എ​ന്റെ ഗു​രു​ ചെ​യ്തത്.​ അ​തുകൊ​ണ്ടു​തന്നെ എ​നി​ക്ക്‌ ഒ​ന്നി​ൽനി​ന്നും മോ​ച​ന​ത്തി​ന്റെ ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ എ​ന്റെ ഭാ​ഷ​യെ ഉ​റ​പ്പി​ക്കു​ക​യാ​ണ് ഗു​രു ചെ​യ്ത​ത്.

ഇ​പ്പോ​ൾ കു​ട്ടി​ക​ൾ പ​ല​രും ദേ​ശീ​യത​ല​ത്തി​ലൊ​ക്കെ പ്ര​സി​ദ്ധ​രാ​യ പെ​ർ​ഫോ​മി​ങ് ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ അ​ടു​ത്തു​നി​ന്നാണ് പ​ഠി​ക്കു​ന്ന​ത്, അ​വ​രു​ടെ ചേ​ഷ്ട​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​താ​ണ് ഭര​തന​ാട്യ​ത്തി​ന്റെ പ​ഠ​ന​ത്തി​ലു​ള്ള ഒ​രു പ്ര​ശ്നം.​ ഞാ​ൻ അ​വ​രോ​ട് പ​റ​യും, നി​ങ്ങ​ൾ പ​ഠി​ക്കേ​ണ്ട​ത് ക​ല​യാ​ണ്, അ​ല്ലാ​തെ ചേ​ഷ്ട​ക​ള​ല്ല. ആ ​അ​റി​വി​ലേ​ക്ക് എ​ത്തുംവ​രെ ന​മ്മ​ൾ ഒ​രു ഗു​രു​വി​ന്റെ അടു​ത്തു നി​ൽ​ക്ക​ണം. ആ തി​രി​ച്ച​റി​വ് എ​ത്തുംവ​രെ അ​വി​ടെ നി​ൽ​ക്ക​ണം. അ​തി​നു​ള്ള ക്ഷ​മ വേ​ണം. ക​ല പ​ഠി​ക്കു​ക എ​ന്ന​ത് അ​നു​ക​രി​ക്ക​ല​ല്ല. ആ ​ബോ​ധം കു​ട്ടി​ക​ൾ​ക്ക് ഉ​ണ്ടാ​ക്കിക്കൊ​ടു​ക്ക​ലാണ് ​ഗു​രു വാ​സ്ത​വ​ത്തി​ൽ ചെ​യ്യേ​ണ്ട​ത്.​ എ​നി​ക്ക് അ​ങ്ങ​നെ ഒ​രു ആ​വ​ശ്യം വ​ന്നി​ട്ടി​ല്ല. ജ​യ​ന്തി സു​ബ്ര​ഹ്മണ്യ​ത്തിന്റെ അ​ടു​ത്തു​നി​ന്നും പ​ഠി​ച്ചു. അ​വ​രും എഴു​ന്നേ​റ്റുനി​ന്ന് പ​ഠി​പ്പി​ക്കി​ല്ല. എ​ല്ലാം ന​മ്മ​ളെക്കൊ​ണ്ട് ചെ​യ്യി​ക്കും. എ​ന്നെ പോ​ലെ നൂ​റുപേ​രെ സൃ​ഷ്ടി​ക്ക​ണം എ​ന്ന​ല്ല അ​വ​ർ വി​ചാ​രി​ച്ച​ത്. അ​തി​ന് ന​ന്മ വേ​ണം.

ഈ ​ഗു​രു​ക്കന്മാ​രെ ക​ണ്ടെ​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണ്?

ഒ​രു അ​വ​ധി​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം ജ​വഹ​ർ ബ​ാല​ഭ​വ​നി​ൽ ചേ​ർ​ത്തു. അ​വി​ടെ എ​ന്നെ പ​ല ക്ലാ​സിനും ചേ​ർ​ത്തി​ട്ടു​ണ്ട്. അ​വി​ടെ ഡാ​ൻ​സ് ക്ലാ​സ് എ​ടു​ക്കു​ന്ന​ത് മൈഥിലി ടീ​ച്ചറാണ്. ഞാ​ൻ മ​റ്റു ക്ലാ​സി​ലൊന്നും പോ​കാ​തെ ടീ​ച്ച​റി​ന്റെ ക്ലാ​സിൽമാ​ത്രം പോ​യി​രി​ക്കും. ആ ​ക്ലാ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ ടീ​ച്ച​റി​ന്റെ വീ​ട്ടി​ൽ പോ​യി പ​ഠി​ച്ചു. ഞാ​നും മൈഥിലി ടീ​ച്ച​റും ത​മ്മി​ൽ ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ വെ​ച്ച് അ​ക​ൽ​ച്ച ഉ​ണ്ടാ​യി.​ ആ സ​മ​യ​ത്ത് മ​ദ്രാ​സി​ൽ ​േപ്രാ​ഗ്രാം കാ​ണാ​ൻ പോ​കുമായി​രു​ന്നു. അ​വി​ടെവെ​ച്ചാ​ണ് ജ​യ​ന്തി ടീ​ച്ച​റി​നെ ക​ണ്ടുമു​ട്ടു​ന്ന​ത്. എ​വി​ടെ​യും ഇ​ടി​ച്ചുക​യ​റു​ന്ന, എ​പ്പോ​ഴും വി​സി​ബി​ളാ​യ ഒ​രാ​ള​ല്ല ടീ​ച്ച​ർ. എ​നി​ക്ക് അ​ങ്ങ​നെയുള്ള ഒ​രാ​ളെ​യാ​ണ് വേ​ണ്ട​ത്. എ​നി​ക്ക്‌ സ്വാ​സ്ഥ്യം വേ​ണം. ഞ​ാൻ ടീ​ച്ച​റി​നെ ക​ണ്ട​പ്പോൾത​ന്നെ പ​റ​ഞ്ഞു, എ​നി​ക്ക്‌ ടീ​ച്ച​റി​നെ അ​ല്ലാ​തെ മ​റ്റൊ​രാ​ളെ​യും ഗുരുവായി വേ​െണ്ടന്ന്​.


എ​ന്തി​ന് നൃ​ത്തം ചെ​യ്യു​ന്നുവെന്ന് സ്വ​യം ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ?

എ​ന്തു​കൊ​ണ്ട് നൃ​ത്തം ചെ​യ്യാ​തി​രി​ക്ക​ണം എ​ന്ന് ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. എ​ന്തി​ന് നൃ​ത്തം ചെ​യ്യു​ന്നു എ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. നൃ​ത്തം സ​ത്യ​ത്തി​ൽ ആ​ത്മ​പ്ര​കാ​ശ​ന​മാ​ണ്. നൃ​ത്തം ചെ​യ്യു​മ്പോ​ൾ മാ​ത്ര​മ​ല്ല, അ​തി​നോ​ട് ചേ​ർ​ന്ന ആ​ശ​യ​ങ്ങ​ൾ ചി​ന്തി​ക്കു​മ്പോ​ൾപോ​ലും മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​റി​ല്ല. ആ ​സ​മ​യം വ​ള​രെ മെ​ഡി​റ്റേ​റ്റിവ് ആ​യി​രി​ക്കും. മ​റ്റൊ​ന്നും എ​ന്നെ ബാ​ധി​ക്കി​ല്ല. ഈ ​അ​ടു​ത്തകാ​ല​ത്ത് ചെ​യ്ത​ത് ‘താ​ര’ എ​ന്ന നൃ​ത്തശി​ൽപ​മാ​ണ്. എ​നി​ക്ക്‌ പ​റ​യാ​നു​ള്ള​താ​ണ് ഞാ​ൻ ‘താ​ര’​യി​ൽകൂ​ടി പ​റ​യു​ന്ന​ത്. സ്ക്രി​പ്റ്റ് എ​ഴു​തിക്കഴി​ഞ്ഞ​പ്പോ​ൾത​ന്നെ അ​ത് മ​ന​സ്സി​ലാ​യി. ഞാ​ൻ വാ​ക്കാ​ൽ പ​റ​യാ​നി​രു​ന്ന കാ​ര്യ​മാ​വാം​ ഈ നൃ​ത്ത​ത്തി​ലൂ​ടെ പ​റ​ഞ്ഞ​ത്. അ​ത് ക​ഥാ​പാ​ത്ര​ത്തി​ന്റെ പു​ത​പ്പി​ട്ട് അ​വ​ത​രി​പ്പി​ക്കു​കയാ​ണ്.​ പ​റ​യാ​തെ പ​റ​യു​ന്നു. അ​ത് ധ്വ​നി​യാ​ണ്. ഒ​രു ക​ഥ പ​റ​യ​ല​ല്ല, എ​ന്ത് പ​റ​യു​ന്നു എ​ന്ന​താ​ണ് കാ​ര്യം. ഇ​വി​ടെ​യാ​ണ് ന​മ്മു​ടെ വാ​യ​ന​യും നി​രീ​ക്ഷ​ണ​വും വ​രു​ന്ന​ത്. എ​ന്റെ സൃ​ഷ്ടി​ക​ൾ പൊ​ളി​റ്റി​ക്ക​ലാ​ണ്. ഒ​രു സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ കാ​ണി​ക്കാം എ​ന്ന​താ​ണ് എ​ന്റെ ആ​ലോ​ച​ന. എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ന്ന​തി​ൽ ഒ​രു ഇ​ന്റ​ലി​ജ​ൻ​സ് ഉ​ണ്ട്.​ ആ ഇ​ന്റ​ലി​ജ​ൻ​സാണ്​ ക​ല​യെ ഉ​ന്ന​ത​മാ​ക്കു​ന്ന​ത്. ഇ​ത്ത​രം ആ​ലോ​ച​ന​ക​ൾകൊ​ണ്ടും അ​ന്വേ​ഷ​ണ​ങ്ങ​ൾകൊ​ണ്ടും ഒ​റ്റ​പ്പെ​ട​ൽ ഉ​ണ്ടാ​വു​ന്നി​ല്ല. ഒ​റ്റ​പ്പെ​ടു​ത്ത​ലുക​ൾ ഉ​ണ്ടാ​വു​ന്നു​ണ്ട്. അ​തി​നെ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​മെ​​ന്ന് ആ​ലോ​ചി​ക്കും.​ ഗു​രു​വി​ൽനി​ന്നും പ​ഠി​ക്കു​ന്ന​തി​ന​പ്പു​റം, ന​മ്മ​ൾത​ന്നെ ന​മു​ക്കു​ള്ള​ത് സൃ​ഷ്ടിക്കു​ക​യാ​ണ്.​ അ​തുകൊ​ണ്ട് ഒ​റ്റ​പ്പെ​ട​ൽ തോ​ന്നി​ല്ല. പ​ക്ഷേ, ഇ​ത് അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​വും.

ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഉ​ണ്ടാ​വു​ന്ന​ത്?

ആ​ദ്യ​മൊ​ക്കെ എ​ന്റെ പോ​രാ​യ്മ​ക​ളെ കു​റി​ച്ചാ​ണ് ആ​ലോ​ചി​ച്ച​ത്.​ ആ​രും എ​ന്നെ പു​ക​ഴ്ത്തി പ​റ​യു​ക​യൊ​ന്നും വേ​ണ്ട. ക്രി​യ​ാത്മ​ക വി​മ​ർ​ശ​നം ഉ​ണ്ടാ​വ​ണം, പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാം.​അ​വ​രാ​ണ് യ​ഥാ​ർ​ഥ സു​ഹൃ​ത്തു​ക്ക​ൾ. പ​ക്ഷേ, പ​ല​രും എ​ങ്ങ​നെ പു​ക​ച്ചു പു​റ​ത്തു ചാ​ടി​ക്കാം എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ വി​ഷ​മം തോ​ന്നി​യി​രു​ന്നു. ഇ​വ​രൊ​ക്കെ ഇ​ത്ര അ​ര​ക്ഷി​ത​ർ ആ​ണോ എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. എ​ന്റെ സ​മ​കാ​ലി​ക​രാ​യ ക​ലാ​കാ​രി​ക​ൾ എ​ന്തുകൊ​ണ്ടാ​ണ് അ​സ്വ​സ്ഥ​രാ​കു​ന്ന​ത്. അ​വ​ർ​ക്ക് പ​റ​യാ​ൻ പ​റ്റാ​ത്ത​ത് ഞാ​ൻ ആ​വി​ഷ്ക​രി​ക്കു​ന്നുണ്ടാ​വും.​ ഈ ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ എ​ന്റെ ബോ​ധ്യം കൂ​ട്ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തുകൊ​ണ്ടൊ​ന്നും ഒ​രി​ക്ക​ലും എ​ന്നെ ത​ള​ർ​ത്താ​ൻ പ​റ്റി​ല്ല.

കേ​ര​ള​ത്തി​ലെ ക​ലാ​കാ​രി​ക​ളി​ൽനി​ന്നാ​ണോ ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​വു​ന്ന​ത്?

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഒ​രുത​രം ബാ​ർട്ട​ർ സി​സ്റ്റം, കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ ആ​ണ്. പു​രോ​ഗ​മ​ന​പ​രം എ​ന്ന് ക​രു​തു​ന്ന ഭ​ര​ണ​ത്തിന്റെ കീഴിൽപോ​ലും ഇ​ത് ന​ട​ക്കു​ന്നു. കു​റെക്കാ​ല​മാ​യി കു​റെ ആ​ളു​ക​ൾ ഒ​രേ സ്ഥ​ല​ത്തി​രു​ന്ന് കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ ന​ട​ത്തു​കയാണ്​. ഇ​വി​ടെ ഒ​രു രാ​ജഭ​ര​ണം ആ​യി​രു​ന്നെ​ങ്കി​ൽ അ​ങ്ങ​നെ ന​ട​ക്ക​ട്ടെ എ​ന്ന് ക​രു​താം.​ എ​ന്നാ​ൽ, ജ​നാ​ധി​പ​ത്യ​മ​ല്ലേ ഇ​വി​ടെ​യു​ള്ള​ത്. അ​വി​ടെ അ​ങ്ങ​നെ ന​ട​ക്കുന്നത്​ ശരിയാ​േണാ? ആ​ര് ഭ​രി​ച്ചാ​ലും ചി​ല​ർ മാ​ത്രം ക​സേ​ര ഒ​ഴി​യാ​തെ ഇ​രി​ക്കു​ന്നു. അ​വ​ർ​ക്കു വേ​ണ്ടപ്പെ​ട്ട​വ​ർ മാ​ത്രം ഇ​വി​ടെ വ​ന്ന് കല അവതരിപ്പിച്ച്​ പോ​കു​ന്നു. അ​ന്ത​ർ​ദേ​ശീ​യത​ല​ത്തി​ൽ, ദേ​ശീ​യത​ല​ത്തി​ൽ എ​നി​ക്ക് അം​ഗീ​കാ​രം കി​ട്ടു​മ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള ചി​ല ന​ർ​ത്ത​ക​ർ എ​ന്നെ കാ​ണു​ന്നി​ല്ല. അ​വ​ർ ആ​ർ​ക്കുവേ​ണ്ടി​യാ​ണ് ഫെ​സ്റ്റി​വ​ലു​ക​ൾ ന​ട​ത്തു​ന്ന​ത്? ഇ​വി​ടെ​യാ​ണ് ബ​ാർ​ട്ട​ർ സി​സ്റ്റം ന​ട​ക്കു​ന്ന​ത്. ഇ​ത് ഞാ​ൻ പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.​ എ​ന്നെ പോ​ലു​ള്ള ഒ​രു ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി​യെ കൊണ്ടുവന്നാൽ കി​ട്ടു​ന്ന ഗു​ണ​മ​ല്ല, പു​റ​ത്തുനി​ന്ന് ഒ​രാ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ൽ. ഈ ​ക​ളി​ക​ളൊ​ന്നും ഭ​ര​ണ​ത്തി​ന് മു​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് അ​റി​യി​ല്ല. അ​വ​ർ​ക്ക് ഇ​തൊ​ക്കെ ന​ന്നാ​യി ന​ട​ത്തിക്കൊ​ണ്ടുപോ​യാ​ൽ മ​തി. പ​ക്ഷേ, ഇ​തി​നു​ള്ളി​ലെ അ​ജ​ണ്ട അ​വ​ർ​ക്ക് അ​റി​യി​ല്ല. ഹിഡൻ അ​ജ​ണ്ട ഒ​രു ക​ലാ​കാ​രി​ക്ക് ​മ​ന​സ്സി​ലാ​വും.

ന​മ്മ​ൾ വി​ചാ​രി​ക്കും ഇ​ത് ഒ​രു ത​ല​മു​റ​യോ​ടെ തീ​രുമെ​ന്ന്. അ​ല്ല, അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്കും അ​ത് പ​ട​രും. എ​നി​ക്ക്‌ എ​ത്ര വേ​ദി​ക​ൾ ഇ​വി​ടെ കി​ട്ടു​ന്നു​ണ്ട്? പ​​േക്ഷ, അ​തുകൊ​ണ്ട് ഒ​രു ഗു​ണമുണ്ട്. ഞാ​ൻ മ​​െറ്റ​വി​ടെ വേദി കി​ട്ടും എ​ന്നാ​ലോ​ചി​ക്കും.​ അ​വി​ടേ​ക്കു പോ​കും. ഇ​വി​ടെ ന​ട​ക്കു​ന്ന​ത് എ​ന്താ​ണ് ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് മ​ന​സ്സിലാ​കാ​ത്ത​ത്? ഒ​രു പു​രോ​ഗ​മ​ന ഭ​ര​ണം എ​ന്നുപ​റ​യു​ന്ന സം​വി​ധാ​ന​ത്തി​ൽ ഇ​ത് കാ​ണാ​തെ വ​രു​മ്പോ​ൾ, ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​മ്പോ​ൾ, ഒ​രു ക​ലാ​കാ​രി എ​ന്നനി​ല​യി​ൽ സ​ങ്ക​ട​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​രു ഭ​ര​തനാ​ട്യം ക​ലാ​കാ​രി എ​ന്നനി​ല​യി​ൽ. ഭ​ര​തനാ​ട്യം പ​ഠി​ച്ചവ​ർ മോ​ഹി​നി​യാ​ട്ടം പ​ഠി​ക്കാ​ൻ പോ​കു​ന്നു. ഞാ​ൻ ഭ​ര​ത​നാട്യത്തി​ൽത​ന്നെ നി​ൽ​ക്കു​ന്നു.​ ഞാ​ൻ ചെ​യ്യു​ന്ന​ത് പ​ല​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ കാ​ണി​ക്കും. എ​ന്റെ സാ​ന്നി​ധ്യ​ത്തെ ആ​ർ​ക്കും മാ​യ്ച്ച് ക​ള​യാ​ൻ ക​ഴി​യി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​ക്ക് അ​ങ്ങ​നെ ഒ​രു ഗു​ണമുണ്ട്. ആ​ര്, എ​ന്ത് ചെ​യ്യു​ന്നുവെന്ന് കാ​ണി​ക്കാ​ൻ ക​ഴി​യും.

കേ​ര​ള​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി നൃത്തം പ​ഠി​ച്ചുവ​രു​ന്ന​വ​ർ പു​തി​യ കാ​ഴ്ചപ്പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടോ?

നൃ​ത്തം പ​ഠി​ച്ച​തുകൊ​ണ്ടു മാ​ത്രം ഒ​രാ​ൾ ന​ർ​ത്ത​കി​യാ​വി​ല്ല. ഒ​രു ആ​ർ​ട്ടി​സ്റ്റാണോ പെ​ർ​ഫോമ​റാണോ എ​ന്ന​താ​ണ് പ്ര​ശ്നം. ന​മു​ക്ക് ധാ​രാ​ളം പെ​ർ​ഫോ​മേഴ്സു​ണ്ട്. പ​ക്ഷേ, ആർട്ടിസ്​റ്റുകൾ കുറവാണ്​. ആ​ർ​ട്ടി​സ്റ്റാ​വാ​ൻ ധൈ​ര്യം വേ​ണം. ആ​ർ​ട്ടിസ്​റ്റു​ക​ൾ അ​തുവ​രെ ക​ണ്ട ശീ​ല​ങ്ങ​ളെ ചോ​ദ്യംചെ​യ്യും. അ​ത് സ്വാ​ഭാ​വി​കമാ​യി ഉ​ണ്ടാ​വു​ന്ന​തുമാ​ണ്.​ യ​ാഥാ​സ്ഥിതി​ക​ക്കണ്ണു​ക​ൾ എ​ങ്ങ​നെ ത​ങ്ങ​ളെ കാ​ണും, വി​ല​യി​രു​ത്തപ്പെ​ടും എ​ന്ന​തുകൊ​ണ്ടാ​വാം പ​ല​രും പു​തി​യ കാ​ഴ്ചപ്പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത്. യ​ഥാ​ർ​ഥ​ത്തി​ൽ നൃ​ത്തം മ​റ്റ് ഒ​രുപാ​ട് കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഒ​രു ന​ർ​ത്ത​കി​ക്ക് ന​ല്ല കാ​ഴ്ചശീ​ല​ങ്ങ​ൾ വേ​ണം. ആ​ഴ​ത്തി​ലു​ള്ള വാ​യ​ന വേ​ണം. അ​ത് വെ​റും പു​സ്ത​കം വാ​യി​ക്ക​ല​ല്ല. വാ​യി​ക്കാ​ൻ വേ​ണ്ടി​യു​ള്ള വാ​യ​നയും അ​ല്ല.​ ഉ​ൾക്കാഴ്ച സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യ​ണം. എ​ങ്കി​ലേ ഒ​രു ക​ലാ​കാ​രി​യാ​വൂ, ന​ർ​ത്ത​കി​യാ​വൂ. അ​തി​ന് എ​ത്ര​പേ​ർ ത​യാ​റാ​വു​ന്നു എ​ന്ന​താ​ണ് പ്ര​ശ്നം.

​കേ​ര​ള​ത്തി​നു​ള്ളി​ലു​ള്ള ന​ർ​ത്ത​കി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ, ചി​ന്ത​ക​ൾ താ​ങ്ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ട​യി​ല്ല. പു​റ​ത്തു​ള്ള ക​ലാ​കാ​രി​ക​ൾ എ​ങ്ങ​നെ സ്വാ​ധീ​നിച്ചു?

നി​ര​വ​ധി ക​ലാ​കാ​രി​ക​ളു​ടെ ജീ​വി​ത​വും ക​ല​യും ദ​ർ​ശ​ന​വും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ബാ​ല സ​ര​സ്വ​തി, പ​ത്മ സു​ബ്ര​ഹ്മ​ണ്യം, ചി​ത്ര വി​ശ്വേശ്വര​ൻ, അ​മ​​േല​ർ വ​ല്ലി, ച​ന്ദ്രലേ​ഖ തു​ട​ങ്ങി നി​ര​വ​ധി പേ​ർ. ഇ​വ​രെല്ലാം ​കൂ​ടിച്ചേ​രു​ന്ന​താ​ണ് ഭര​തനാ​ട്യം.​ അ​മ​​േല​ർ വല്ലി ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ രീ​തി​യാ​ണ്. ഇ​ന്ന് ന​മ്മ​ൾ പ​റ​യു​ന്ന പൊ​ളി​റ്റി​ക്ക​ൽ സ​മീ​പ​നം എ​ന്നുപ​റ​യു​ന്ന​ത് അ​വ​രൊ​ക്കെ പ​ണ്ടേ ചെ​യ്തുവെ​ച്ചി​ട്ടു​ണ്ട്. അ​വ​ർ അ​തൊ​ന്നും ഉ​ദ്ഘോ​ഷി​ച്ചി​ട്ടി​ല്ല, വി​ളി​ച്ചു പ​റ​ഞ്ഞി​ല്ല.​ അ​വ​ർ ചി​ല കീ​ഴ് വഴ​ക്ക​ങ്ങ​ളെ മാ​റ്റി​യെ​ടു​ത്തു, അ​തി​ന്റെ യാ​ഥാ​സ്ഥി​തിക രൂ​പ​ഘ​ട​ന​ക​ൾ പൊ​ളി​ച്ചുക​ള​ഞ്ഞു, ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞു. അ​മ​​േല​ർ വ​ല്ലി സം​ഘക​വി​ത​ക​ൾ ഭ​ര​തനാ​ട്യ​ത്തി​ൽ കൊ​ണ്ടുവ​ന്നു. അ​മ​​േല​ർ വല്ലിയെക്കുറിച്ച് ഞാ​ൻ എ​ഴു​തി​യ​ത് ഒ​രു കൊ​ടുങ്കാ​റ്റ് എ​ന്നാ​ണ്. അ​വ​രൊ​ന്നും പെ​ർ​ഫോ​മേഴ്സ​ല്ല, ആ​ർ​ട്ടി​സ്റ്റു​ക​ളാണ്. അ​വ​രു​ടെ ജീ​വി​തം അ​ടു​ത്ത​റി​യാ​ൻ ശ്ര​മി​ച്ചു. അ​വ​ർ​ക്ക് ഇൗ മാറ്റിമറിക്കലിന്​ എ​ങ്ങ​നെ ധൈ​ര്യം വ​ന്നു എ​ന്ന് ചി​ന്തി​ച്ചു.​ എ​ല്ലാ ചോ​ദ്യ​ങ്ങ​ളെ​യും നേ​രി​ട്ടു. അ​ത് അ​വ​രു​ടെ അ​ടി​ത്ത​റ​യു​ടെ ബ​ല​മാ​ണ്.

എ​ന്തി​ന് പ​റ​യു​ന്നു, എ​ങ്ങ​നെ പ​റ​യു​ന്നു എ​ന്ന​ ചോ​ദ്യ​ങ്ങ​ളാണ് ആ​ദ്യം നേ​രി​ടേ​ണ്ട​ത്. അ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​വ​രാ​ണ് ഈ ​ക​ലാ​കാ​രി​ക​ൾ.​ അ​വ​ർ സൃ​ഷ്ടിച്ച​ത് വ​ലി​യ നൃ​ത്തപ്ര​പ​ഞ്ച​മാ​ണ്. ച​ന്ദ്രലേ​ഖ ഒ​ന്നി​നെ​യും ഭ​യ​ന്നി​രു​ന്നി​ല്ല. അ​വ​ർ ചി​ട്ട​യി​ലൂ​ടെ പ​ഠി​ച്ചുവ​ന്നി​ട്ട്, ക്ര​മേ​ണ ചോ​ദ്യംചെ​യ്യുകയായി​രു​ന്നു. ധീ​ര​യാ​യ ക​ലാ​കാ​രിയായി​രു​ന്നു. ന​മ്മ​ളെ ത​ന്നെ അ​ത്ഭുത​പ്പെ​ടു​ത്തു​ന്ന നൃ​ത്തരൂ​പ​ങ്ങ​ളാ​ണ് ചെ​യ്ത​ത്. കൊ​റിയോഗ്ര​ഫി പ്ലാ​ൻ ചെ​യ്യു​ന്ന​ത​ല്ല. അ​ത് സം​ഭ​വി​ക്കു​ന്ന​താ​ണ്. അ​വ​ർ ഇ​തൊ​ക്കെ ചെ​യ്ത​ത് ഈ ​വ​ർ​ത്ത​മാ​നകാ​ല​ത്തല്ല. കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ളെ അ​വ​ർ ബ്രേ​ക്ക് ചെ​യ്തു. ഇ​തൊ​ന്നും ഭര​തന​ാട്യ​മാ​ണെ​ന്ന് പ​റ​ഞ്ഞി​ല്ല. പ​ക്ഷേ, അ​തി​ന്റെ അ​ടി​സ്ഥാ​നം ഭ​ര​തന​ാട്യ​മാ​ണ്.​ അ​താ​ണ് അ​വ​രു​ടെ ഭാ​ഷ.

എ​ല്ലാ നൃ​ത്തരൂ​പ​ങ്ങ​ളും ഒ​രുപോ​ലെയ​ല്ല ഉ​ണ്ടാ​വു​ന്ന​ത്. എ​ന്റെ ചി​ല വ​ർ​ക്കുക​ളി​ൽ തി​യറ്ററി​ന്റെ അം​ശ​ങ്ങ​ളു​ണ്ട്. ഞാ​ൻ വെ​ളി​ച്ച​ത്തെ ത​ന്നെ ക​ഥാ​പ​ാത്ര​മാ​ക്കി. വെ​ളി​ച്ച​ത്തോ​ടെ സം​സാ​രി​ക്കാം. ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ തി​യറ്റ​ർ ക​ണ്ടു ശീ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. എ​ല്ലാ സൃ​ഷ്ടിക​ളും പൊ​തുജ​ന​ത്തി​നുള്ള​ത​ല്ല. കൃ​ത്യ​മാ​യ കാ​ഴ്ചശീ​ല​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കാ​ണ്.


നി​ര​വ​ധി സൃ​ഷ്ടി​ക​ൾ രൂ​പപ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച​ല്ലോ? സ്വ​ന്തം ഭാ​ഷ​യും വ്യ​ാക​ര​ണ​വും ക​ണ്ടെ​ത്തി എ​ന്നുതോ​ന്നി​യ​ത് എ​പ്പോ​ഴാ​ണ്?

‘ല​ങ്ക​ാല​ക്ഷ്മി’ ചെ​യ്യു​ന്ന​ത് ഏ​താ​ണ്ട് പ​ത്തുവ​ർ​ഷം മു​മ്പാണ്. അ​തു​വ​രെ ഞാ​ൻ പര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ത​ന്നെ​യാ​ണ് സൃ​ഷ്ടി​ക​ൾ ചെ​യ്തുവ​ന്ന​ത്. അക്കാ​ല​ത്താ​ണ് തി​യ​റ്റ​ർ എ​ന്ന സ​ങ്ക​ൽപത്തി​ലേ​ക്ക് എ​ത്തി​യ​ത്. അ​തുവരെ വ​ർ​ക്കി​ലേ​ക്ക് അ​ത് വ​ന്നി​ട്ടി​ല്ല. അ​തുവ​രെ കാ​ഴ്ച​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാം. ‘ല​ങ്കാല​ക്ഷ്മി’ ചെ​യ്ത​പ്പോ​ഴാ​ണ് ശീ​ല​ങ്ങ​ളി​ൽനി​ന്ന് മാ​റി​യ​ത്.​ അ​പ്പോ​ഴാ​ണ് തിയ​റ്റ​ർ എ​ന്റെ സൃ​ഷ്ടി​ക​ളി​ലേ​ക്ക് വ​ന്നു​തു​ട​ങ്ങിയ​ത്.​ അ​തി​നുശേ​ഷം പു​തി​യ ഭാ​ഷ​യും വ്യ​ാക​ര​ണ​വും ക​ണ്ടെ​ത്താ​ൻ തു​ട​ങ്ങി. ഭ​ര​ത​നാ​ട്യ​മാ​ണ് ഭ​ര​തനൃ​ത്തമല്ല. പു​തി​യ ഒ​ന്നി​നെ സൃ​ഷ്ടി​ക്കു​ക​യാ​ണോ പ​ഴ​യ​തി​നെ റി​വൈ​വ് ചെ​യ്യു​ക​യാ​ണോ എ​ന്ന​റി​യി​ല്ല.​ എ​ന്താ​യാ​ലും എ​ന്റെ സൃ​ഷ്ടി​ക​ളി​ൽ വേ​റി​ട്ട ചി​ല​ത് ഉ​ണ്ടാ​വു​മെ​ന്ന് പ്രേ​ക്ഷ​ക​ർ മ​ന​സ്സി​ലാ​ക്കിത്തുട​ങ്ങി. എ​ന്നാ​ൽ, അ​തി​ൽമാ​ത്രം ഒ​തു​ങ്ങിനി​ൽ​ക്കു​ന്നി​ല്ല. എ​പ്പോ​ഴും പു​തുതാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു​മു​ണ്ട്. ഓ​രോ ക​ഥാപാ​ത്ര​വും ഓ​രോ രീ​തി​യി​ലുള്ള​താ​ണ്. അതനുസരിച്ച്​ വ്യാകരണവും ഭാഷയും മാറും.

വ​ള​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു സൃ​ഷ്ടി​യാ​ണ് ‘ല​ങ്കാ​ല​ക്ഷ്മി’. രാ​വ​ണ​നെ അ​വ​ത​രി​പ്പി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്തുകൊ​ണ്ടാ​ണ്?

രാ​വ​ണ​നോ​ടു​ള്ള സ്നേ​ഹംകൊ​ണ്ടാ​ണ്. പൊ​തുസ​മൂ​ഹം കാ​ണു​ന്ന സ​മീ​പ​നമായി​രി​ക്കി​ല്ല ആ ​മ​നു​ഷ്യ​ന് വേ​ണ്ട​ത്. അ​ങ്ങ​നെ​യാ​ണ് സി.എ​ൻ രാ​വ​ണ​നെ ക​ണ്ട​ത്. ഞാ​ൻ സി.എ​ന്നിന്റെ പാ​ഠം ഉ​പ​യോ​ഗി​ച്ചി​ല്ല. നൃ​ത്തം ആ​യ​തുകൊ​ണ്ട് പ​ാട്ടാ​ണ​ല്ലോ വേ​ണ്ട​ത്. അ​ത് ഞാ​ൻ എ​ഴു​തി​ച്ചു. എ​ന്റെ സീ​ത​ക്ക് മാ​റ്റ​വും ഉ​ണ്ടാ​യി​രു​ന്നു.​ പാ​ട്ട് എ​ഴു​തി​യ​ത് ബി.കെ. ഹ​രിനാ​രാ​യ​ണ​നാ​ണ്.​ അ​ദ്ദേ​ഹം ‘ല​ങ്കാല​ക്ഷ്മി’ വാ​യി​ച്ചി​രു​ന്നി​ല്ല, വാ​യി​ച്ച ഒ​രാ​ൾ​ക്ക് ഇ​ങ്ങ​നെ എ​ഴു​താ​ൻ പ​റ്റി​ല്ല.​ ഞങ്ങൾ വേ​റൊ​ന്നി​നെ സൃ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഈ ​നാ​ട​ക​ത്തി​ലേ​ക്ക് എ​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണ്?

നേ​ര​ത്തേ ഞാ​ൻ ഈ ​നാ​ട​കം വാ​യി​ച്ചി​ട്ടു​ണ്ട്.​ എം.ജി ​യൂ​നിവേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽനി​ന്ന് ഒ​രു ഓ​ഫ​ർ വ​ന്നു, സി.എ​ന്നിന്റെ ‘ല​ങ്കാല​ക്ഷ്മി’ ചെ​യ്യാ​മോ എ​ന്ന് ചോ​ദി​ച്ചു. ഞാ​ൻ പെ​ട്ടെന്നു ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു.​ ഈ നാ​ട​കം സം​ഭാ​ഷ​ണം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​താ​ണ്. അ​ത് നൃ​ത്ത​മാ​ക്കി​യാ​ൽ എ​ല്ലാം ചോ​ർ​ന്നുപോ​കും. അ​ങ്ങ​നെ എ​നി​ക്ക്‌ വേ​ണ്ട ഒ​രു രാ​വ​ണ​നെ ഞാ​ൻ രൂപപ്പെടുത്തി. സീ​ത​യു​ടെ മു​ന്നി​ൽ രാ​വ​ണ​ൻ പ​ത​റു​ന്ന​ത് എ​ന്തുകൊ​ണ്ടാ​ണ്? ഇത്തരം ആലോചനകളാണ്​ ഉണ്ടായത്​. സീ​ത​യു​ടെ ഉ​റ​പ്പു​ക​ളാ​ണ് രാ​വ​ണ​നെ നി​ല​നി​ർ​ത്തു​ന്ന​ത്. ഹ​നു​മാ​ൻ ല​ങ്ക​യി​ലേ​ക്ക് വ​രു​ന്ന ഭാ​ഗം മു​ത​ലാ​ണ് ഞാ​ൻ തു​ട​ങ്ങി​യ​ത്.​ അ​തി​ന് ഉ​പ​യോ​ഗി​ച്ച​ത് അധ്യ​ാത്മ ​രാ​മാ​യ​ണ​ത്തി​ലെ ഭാ​ഗ​ങ്ങ​ളാ​ണ്. രാ​വ​ണ​ൻ, സീ​ത... ഈ ​ര​ണ്ടു മ​നു​ഷ്യ​രു​ടെ ക​ണ്ടുമു​ട്ട​ലു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഓ​രോ ക​ണ്ടുമു​ട്ട​ലി​ലും രാ​വ​ണ​ൻ എ​ത്ര​ത്തോ​ളം താ​ഴ്ന്നു എന്നു ആലോചിച്ചു, കൃ​ത്യ​മാ​യ ഫോ​മി​ലാ​ണ് രൂ​പപ്പെ​ടു​ത്തി​യ​ത്.​ തോറ്റ രാ​വ​ണ​നെയാ​ണ് ഞാ​ൻ സൃ​ഷ്ടി​ച്ച​ത്. അ​തു​പോ​ലെ രാ​വ​ണ​നും മ​ണ്ണു​മാ​യു​ള്ള ബ​ന്ധവും ​അ​വ​ത​രി​പ്പി​ച്ചു. ഫോ​ക്കി​ന് പ്രാ​ധാ​ന്യം ന​ൽ​കി പ​ല​ത​രം ഘ​ട​ക​ങ്ങ​ൾ ചേ​ർ​ത്തുവെ​ച്ച​പ്പോ​ൾ അ​ത് തി​യറ്റ​റി​ക്ക​ലായി. ബോ​ധപൂ​ർ​വം വ​ന്ന​ത​ല്ല, ഉണ്ടായിവന്നതാണ്​.​ അ​ത് പ്രേ​ക്ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞു, അ​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ വ്യാ​ഖ്യാ​നി​ച്ചു.

ന​ർ​ത്ത​കി​യും പ്രേ​ക്ഷക​രും ത​മ്മി​ലു​ള്ള സം​വേ​ദ​നം എ​ങ്ങ​നെ​യാ​ണ് ന​ട​ക്കു​ന്ന​ത്?

പ​ല​ത​രം കാ​ണി​ക​ളാ​ണ് നമ്മുടെ മുന്നിലുള്ള​ത്. എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെടു​ത്തിക്കൊ​ണ്ട് മു​ന്നോ​ട്ടുപോ​കാ​ൻ ക​ഴി​യി​ല്ല. വേ​ണ​മെ​ങ്കി​ൽ അ​ങ്ങ​നെ ചെ​യ്യാം. ചില വർക്കുകളിലൂടെ അങ്ങനെ ചെ​യ്തി​ട്ടു​മു​ണ്ട്. പ​ക്ഷേ, എ​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ വരുമ്പോ​ൾ എ​ന്റെ സൃഷ്​ടികൾ എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​ക​ണ​മെ​ന്നി​ല്ല. ചി​ല​പ്പോ​ൾ എ​ല്ലാ ക​ഥ​ക​ൾ​ക്കും വ്യ​ക്ത​മാ​യ ഒ​രു അ​വ​സാ​നം ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല. ഓ​രോ സൃ​ഷ്ടി​യും ഓ​രോത​ര​ത്തി​ൽ വാ​യി​ച്ചെ​ടു​ക്ക​ണം. കേ​ര​ള​ത്തി​ലെ കാ​ണി​ക​ൾ ഉ​യ​ർ​ന്ന ആ​സ്വാ​ദ​നബോ​ധ​മു​ള്ള​വ​രാ​ണ്. ഇ​വി​ടത്തെ സം​ഘ​ാട​ക​രാ​ണ് അ​വ​രെ വ​ഴി​തെ​റ്റി​ക്കു​ന്ന​ത്. ന​ല്ല ബു​ദ്ധി​ശ​ക്തി​യു​ള്ള​വ​രാ​ണ് ന​മ്മു​ടെ കാ​ണി​ക​ൾ. പ​ക്ഷേ, സം​ഘ​ാട​ക​ർ അ​ത് പ​രി​ഗ​ണി​ക്കു​ന്നി​ല്ല. മു​ൻവി​ധി​ക​ളോ​ടെ​യാ​ണ് അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ സൃ​ഷ്ടിക​ളും എ​ല്ലാ​യി​ട​ത്തും ചെ​യ്യാ​നു​ള്ള​ത​ല്ല. ആ​സ്വാ​ദ​ക സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രും. എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി ക​ല സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് താ​ൽപര്യമില്ല. ഞാ​ൻ ചെ​യ്യു​ന്ന സൃ​ഷ്ടി​ക​ളു​ടെ ഭാ​ഷ്യം ഭാ​ഷയ​ല്ല. ഭാ​ഷ്യം തി​രി​ച്ച​റി​യു​ന്ന ആ​സ്വാ​ദ​കസ​മൂ​ഹ​മാ​ണ് എ​ന്റെ ല​ക്ഷ്യം.

നൃ​ത്തവേ​ദി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ, ന​ർ​ത്ത​കി ഏ​കാ​കി​യാ​ണ്. അ​പ്പോ​ൾ താ​ങ്ക​ളുടെ മാ​ന​സി​കാ​വ​സ്ഥ എ​ന്താ​ണ്?

ഒ​രു​ത​രം അ​ഹംബോ​ധ​മാ​ണ്. ‘ഞാ​ൻ’ എ​ന്ന ഭാ​വം. പെ​ർ​ഫോം ചെ​യ്തു തു​ട​ങ്ങി​യാ​ൽ പി​ന്നെ ഞാ​ൻ എ​ന്ന ഭാ​വ​ത്തെ ത​ക​ർ​ക്ക​ലാ​ണ് ചെയ്യുന്നത്​. അ​വി​ടെ ന​ർ​ത്ത​കി ഇ​ല്ല, നൃ​ത്ത​മേ ഉ​ള്ളൂ. ജെൻഡ​ർപോ​ലുമില്ല. വിഭിന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളെ സൃ​ഷ്ടിക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ ​നി​മി​ഷ​ങ്ങ​ൾ ക​ണ്ടുകൊ​ണ്ടി​രി​ക്കു​ന്ന​വ​ർ അ​ത് എ​ന്റെ​യും കൂ​ടി നി​മി​ഷ​ങ്ങ​ളാണെ​ന്ന് തി​രി​ച്ച​റി​യു​ന്നു. പി​ന്നെ എ​ല്ലാ​വ​രും ന​ർ​ത്ത​ക​രാ​വു​ന്നു. അ​താ​ണ് യ​ഥാ​ർ​ഥ ആ​സ്വാ​ദ​നം. സ്​റ്റേജിൽ നിൽക്കു​േമ്പാൾ ന​മു​ക്ക് കാ​ണിക​ളു​ടെ മ​നോ​നി​ല അ​റി​യാ​ൻ ക​ഴി​യും. ചി​ല​പ്പോ​ൾ ചി​ല സ്റ്റേ​ജി​ൽ ‘ഞാ​ൻ’ വി​ട്ടു​പോ​വി​ല്ല.​ അ​ത് ന​മു​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. എ​ല്ലാ പെ​ർ​ഫോ​മ​ൻ​സും ഒ​രുപോ​ലെ​യാ​വ​ണ​മെ​ന്നി​ല്ല. ചി​ല ക​ാണിക​ൾ​ക്ക് അ​ത് മ​ന​സ്സി​ലാ​വി​ല്ല.​ നൃ​ത്തം ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ ഞാ​ൻ ഇ​ല്ലാ​താ​വു​ന്നു. അ​താ​ണ് സം​ഭ​വി​ക്കു​ന്ന​ത്

‘ഞാ​ൻ’ എ​ങ്ങ​നെയാ​ണ് രൂ​പ​പ്പെടു​ത്തി​യ​ത്?

കൃ​ത്യ​മാ​യി എ​നി​ക്ക്‌ പ​റ​യാ​ൻ ക​ഴി​യി​ല്ല. കാ​ര​ണം, ഞാ​ൻ വ​ള​ർ​ന്ന​ത് അ​ങ്ങ​നെ എന്തെങ്കിലും ല​ക്ഷ്യംവെ​ച്ച​ല്ല​ല്ലോ. ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടാ​ണ് വ​ള​ർ​ന്ന​ത്. രൂ​പപ്പെ​ടു​ത്തി​യ​ത​ല്ല, വ​ന്നുപോ​യ​താ​ണ്. കാ​ഴ്ചക്ക് പ​രി​മി​തി​യോ പ​രി​ധി​യോ ഞാ​നാ​യി ഉ​ണ്ടാ​ക്കി​യി​ല്ല.​ ഒ​രു തു​റ​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്തും വാ​യി​ക്കു​മാ​യി​രു​ന്നു. സാ​ധാ​ര​ണ മ​നു​ഷ്യ​രു​മ​ായാ​ണ് ഇ​ട​പെ​ട്ടി​രു​ന്ന​ത്. സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്.​ പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധമുണ്ടായിരുന്നു​, അ​തുപോ​ലെ ചെ​റുപ്പത്തി​ൽത​ന്നെ ക​ട​മ്മ​നി​ട്ട, ന​രേ​ന്ദ്ര പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രെ അ​റി​യാ​നും കേ​ൾ​ക്കാ​നും ക​ഴി​ഞ്ഞു. ‘ന​ാട്യ​ഗൃ​ഹ​’ത്തി​ന്റെ ചൊ​ൽ​ക്കാഴ്ച​ക​ൾ ഗുണംചെയ്തു. ചൊ​ൽ​ക്കാഴ​്ച​കളിൽ ഒ​ന്നി​നെ എ​ങ്ങ​നെ​യാ​ണ് ഫി​സി​ക്ക​ൽ ആ​ക്കു​ന്ന​തെ​ന്നു കാ​ണു​ക​യാ​ണ്. ക​വി​ത എ​ങ്ങ​നെ വേ​റൊ​രു അ​നു​ഭ​വം ത​രു​ന്നു, മ​നു​ഷ്യശ​രീ​രം എ​ങ്ങ​നെ ക​വി​ത​യാ​വു​ന്നു. ക​വി​ത​ക്ക് ചി​റ​കു മു​ള​ക്കുന്ന​ത് എ​ങ്ങ​നെ​യാ​ണ്, ചി​റ​കി​ലൂ​ടെ എ​ങ്ങ​നെ പോ​കു​ന്നു. ക​വി​യും ഇ​ല്ല ക​വി​ത​യും ഇ​ല്ല. പി​ന്നെ ന​മ്മു​ടെ സാ​മ്രാ​ജ്യം ന​മ്മ​ൾ സൃ​ഷ്ടി​ക്കു​ന്നു. എം.ആ​ർ. ഗോ​പ​കു​മാ​ർ, എം.കെ. ഗോ​പാ​ലകൃ​ഷ്ണ​ൻ ഇ​വ​രൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തൊ​ക്കെ കാ​ണാ​നു​ള്ള മ​ഹാഭാ​ഗ്യം ഉ​ണ്ടാ​യി. ഇ​ങ്ങ​നെ ആ​ധു​നി​ക​മാ​യ ഒ​രു പു​തി​യ ഭാ​വു​ക​ത കി​ട്ടി. പി​ന്നീ​ട് ഡി. വി​ന​യ​ച​ന്ദ്ര​ന്റെ ‘അ​ഞ്ചി​ത​ൾ വി​ന​ായ​കം’ എ​ന്ന ക​വി​ത ഞാ​ൻ ചൊൽക്കാ​ഴ്ച​യാ​യി ചെ​യ്തു. ദു​ർ​ഗ, ദേ​വി എ​ന്നൊ​ക്കെ കേ​ൾ​ക്കു​മ്പോ​ൾ ക​ട​മ്മ​നി​ട്ട​യു​ടെ ‘ദേ​വി​സ്ത​വം’ ഓ​ർ​മ വ​രും. ഇ​തൊ​ക്കെ മ​ന​സ്സി​ൽ കി​ട​പ്പു​ണ്ട്. എ​ന്റെ അ​പ്പൂ​പ്പ​ൻ ഒ​രു യു​ക്തിവാ​ദി ആ​യി​രു​ന്നു. പ​ക്ഷേ, പ​ത്മ​നാ​ഭസ്വാ​മി ക്ഷേത്രത്തി​ൽ ക​ച്ചേ​രി കേ​ൾ​ക്കാ​ൻ കൊ​ണ്ടുപോ​കു​മാ​യി​രു​ന്നു. ഇ​തെ​ല്ലാംകൂ​ടി​യാ​ണ് എ​ന്നെ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ധാ​രാ​ളം വാ​യി​ക്കാ​റു​ണ്ട​ല്ലോ, ഒ​രു ന​ർ​ത്ത​കി​യു​ടെ വീ​ക്ഷ​ണ​ത്തിലൂ​ടെ​യാ​ണോ വാ​യി​ക്കു​ന്ന​ത്?

എ​ല്ലാ വാ​യ​ന​ക​ളും അ​ങ്ങ​നെ​യ​ല്ല. എ​നി​ക്ക്‌ താ​ൽപര്യം ഭാ​ഷ​യി​ലാ​ണ്. വാ​ക്ക് ഒ​രു പെ​ർ​ഫോ​മൻ​സാ​ണ്. വാ​ക്കി​ലാ​ണ് ഞാ​ൻ അ​ഭി​ര​മി​ക്കു​ന്ന​ത്.​ വാ​ക്കി​ന്റെ രസത്തി​ന് വാ​ക്കി​നെ കാ​ണാ​നും, വാ​ക്കി​നോ​ട് സം​സാ​രി​ക്കാ​നു​മാ​ണ് ഇ​ഷ്ടം. അ​തു​പോ​ലെ എ​നി​ക്ക് വേ​ണ്ട​ത് വാ​ക്കി​ന​ക​ത്തുനി​ന്ന് എ​ടു​ക്കാ​നും ഇ​ഷ്ട​മാ​ണ്.​ അ​തുകൊ​ണ്ടാ​വാം ക​വി​ത വാ​യി​ക്കാ​ൻ ഞാ​ൻ ഇ​ഷ്ട​പ്പെടു​ന്ന​ത്.​ ക​വി​ത​യി​ൽ ഒ​രു വാ​ക്ക് അ​വി​ടെ എ​ന്തി​ന് വ​ന്നുവെന്ന് അ​ന്വേ​ഷി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്. അ​ത് ഡാ​ൻ​സി​നും ഗു​ണം ചെ​യ്യും, വെ​റും ഒ​രു വാ​ക്കി​ല്ല.​ വാ​ക്കി​ന് കൃ​ത്യ​മാ​യ സ്വ​ഭാ​വമു​ണ്ട് ആ​രോ​ടാ​ണ്, എ​ന്തി​നോ​ടാ​ണ്, എ​ന്തുകൊ​ണ്ട് ഇ​തൊ​ക്കെ വാ​ക്ക് അ​ഡ്ര​സ് ചെ​യ്യും.

നൃ​ത്ത​ശി​ൽപ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​പ്പാ​കു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന ദ​ർ​ശ​നം എ​ന്താ​ണ്?

സ​മൂ​ഹ​ത്തി​ലെ എ​ന്റെ കാ​ണ​ലി​ന്റെ, അ​ന്വേ​ഷ​ണ​ത്തി​ന്റെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ്.​ അ​ത് ഒ​രു ക​ഥാ​പ​ാത്ര​ത്തി​ലൂ​ടെ എ​ങ്ങ​നെയും പ​റ​യാം, എന്തും പറയാം. അ​താ​ണ് ചെ​യ്യു​ന്ന​ത്.​ ഭ​ര​തന​ാട്യ​ത്തി​ന്റെ ഫോ​മി​ൽനി​ന്നുകൊ​ണ്ട് ഇ​തൊ​ക്കെ എ​ങ്ങ​നെ ചെ​യ്യാം എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.​ ഫോമി​ന്റെ സ്വാ​ത​ന്ത്ര്യമാ​ണ് ഇ​തി​ലേ​ക്കു ന​യി​ക്കു​ന്ന​ത്.

പ​ഴ​യ എ​സ്.എ​ഫ്.ഐക്കാ​രി​യു​ടെ ഊ​ർ​ജ​മാ​ണോ ഇ​തി​ലേ​ക്കു ന​യി​ക്കു​ന്ന​ത്?

പ​ഴ​യ കാ​ല​ത്തെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ര​സ്പ​രം സ്വാ​ധീ​നിച്ചി​ട്ടു​ണ്ട്​. എ​ന്നെ ഒ​രു രാ​ഷ്ട്രീ​യചേ​രി​യി​ലും ത​ളച്ചി​ടാ​ൻ ക​ഴി​യി​ല്ല. ഞാ​ൻ ചോ​ദ്യം ചോ​ദി​ച്ചുകൊ​ണ്ടി​രി​ക്കും. ജ​നാ​ധി​പ​ത്യ​പ​ര​മ​ായ കാ​ര്യ​ങ്ങ​ളേ ചെ​യ്യാ​നാ​വൂ.​ അ​ന്ന​ത്തെ സ്പി​രി​റ്റ് കൊ​ണ്ടു മാ​ത്ര​മാ​ണ് മു​ന്നോ​ട്ടുപോ​കു​ന്ന​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല, അ​ത് ഒ​രു കാ​ലം മാ​ത്ര​മാ​ണ്. എ​ന്റെ വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷ​മാ​ണ് അ​തി​നേ​ക്കാ​ൾ വ​ലു​ത്. എ​ന്റെ അ​ച്ഛ​ൻ നൂ​റുശ​ത​മാ​നം ഇ​ട​തുപ​ക്ഷ​മാ​ണ്. പാ​ർ​ട്ടിപ്ര​വ​ർ​ത്ത​ക​നാ​ണ്.​ വീ​ട്ടി​ലെ ഈ ​സാ​ഹ​ച​ര്യ​മാ​ണ് എ​ന്നെ മു​ന്നോ​ട്ടു ന​യി​ച്ച​ത്. സം​വി​ധാ​ന​ത്തി​ന്റെ പോ​രാ​യ്മ​ക​ളെ അ​ന്വേ​ഷി​ക്കു​ന്ന​വ​രാ​യി​രു​ന്നു എ​ന്റെ വീ​ട്ടി​ൽ ഉ​ള്ള​വ​ർ. അ​താ​ണ് എ​ന്നെ സ്വാ​ധീ​നി​ച്ച​ത്.

ക​വി​ത എ​ഴു​താ​റു​ണ്ട​ല്ലോ? നൃ​ത്ത​ത്തി​ൽ പ​റ​യാ​ൻ ക​ഴി​യ​ാത്ത​താ​ണോ ക​വി​ത​യി​ൽ വ​രു​ന്ന​ത്?

ആ​യി​രി​ക്കാം. ചി​ല​തെ​നി​ക്ക് വാ​ക്കാ​യി വ​ര​ണ്ട എ​ന്നു തോ​ന്നും. ചി​ല​ത് ഫി​സി​ക്ക​ലാ​യി വ​രും. അ​തി​നെ വാ​ക്കി​ലേ​ക്ക് ത​ളച്ചി​ടാ​ൻ ഇ​ഷ്ടമ​ല്ല. അ​ത് നൃ​ത്തമാ​യി മാ​റും. നൃത്തമാണ്​ എ​ന്റെ വാക്ക്​. ചി​ല​ത് വ​ര​ച്ചുവെ​ക്കും.

ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്ക​ാൻ നൃത്ത​ത്തി​ലൂ​ടെ ക​ഴി​യു​മോ?

കു​റ​ച്ചുനാ​ൾ മു​മ്പുവ​രെ നൃ​ത്തം എ​ന്റെ സ​ഹ​യാ​ത്രി​കയായി​രു​ന്നു. അ​പ്പോ​ൾ അ​ത് പു​റ​ത്തുനി​ൽ​ക്കു​ന്ന ഒ​ന്നാ​ണ്. ന​മുക്ക് ത​ന്നെ ന​മ്മ​ൾ കൂ​ട്ടാ​വു​ന്നു. ന​മ്മു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റു​ന്നു. അ​ത് ചി​ല​പ്പോ​ൾ പു​രു​ഷ ഊ​ർ​ജ​മാ​വാം, സ്ത്രീ ​ഉൗർ​ജ​മാ​വാം. ര​ണ്ടും ത​ന്നെ ഉ​ള്ളി​ലുണ്ടാ​വാം. നൃ​ത്ത​ത്തി​ലു​ള്ള ഡി​പ്പെൻ​ഡൻ​സി കു​റ​ഞ്ഞു.​ നൃ​ത്ത​ത്തി​ൽത​ന്നെ ല​യി​ച്ചു ചേ​രു​ന്നു. അ​പ്പോ​ൾ എ​നി​ക്ക് അ​ത് സ​ന്തോ​ഷം ത​രു​ന്നു​ണ്ട​ല്ലോ. നൃ​ത്ത​വും ക​വി​ത​യും വ​ര​യും എ​ല്ലാംകൂ​ടി ചേ​രു​ന്ന​താ​ണ് ഞാ​ൻ. പ​ക്ഷേ, എ​ല്ലാം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ല,​ പ്രസിദ്ധപ്പെ​ടു​ത്തുന്നി​ല്ല എ​ന്നുമാ​ത്രം.​ സ്വ​യം ക​ണ്ടെ​ത്താ​നാ​ണ് ഞാൻ ശ്രമിക്കുന്നത്​.

രാജശ്രീ വാര്യരും പ്രദീപ്​ പനങ്ങാടും

രാജശ്രീ വാര്യരും പ്രദീപ്​ പനങ്ങാടും

ന​ർ​ത്ത​കി എ​ന്ന ജീ​വി​തം പ​ഠി​പ്പി​ച്ച പാ​ഠം എ​ന്താ​ണ്?

ഇ​നി പ​ഠി​ക്കാ​നു​ണ്ട് എ​ന്ന പാ​ഠ​മാ​ണ് എ​ന്നെ പ​ഠി​പ്പി​ച്ച​ത്.​ ജീ​വി​ത​ത്തി​ൽ ആ​ക​സ്മി​ക നി​മി​ഷ​ങ്ങ​ളെ​യും സ​ന്ദ​ർഭങ്ങ​ളെ​യും നേ​രി​ട്ട​തുകൊ​ണ്ട് ഇ​വി​ടെ നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു. ഒ​ന്നും പ​ഠി​ച്ചു ക​ഴി​യു​ന്നി​ല്ല. ഒ​രു വ​ർ​ക്ക് ക​ഴി​യു​മ്പോ​ൾ ന​മ്മ​ൾ ശൂന്യ​മാ​വു​ന്നു. അ​തി​ൽനി​ന്ന് ര​ക്ഷപ്പെ​ടാ​നാ​ണ് ഞാ​ൻ വേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ന​ർ​ത്ത​ക​ർ വളർന്നുക​ഴി​യു​മ്പോ​ൾ അ​വ​ർ വ​ലി​യ സം​ഘ​ാട​ക​രായി മാ​റും.​ അ​വ​ർ അ​വ​രു​ടെ ഇ​ഷ്ട​വും അ​നി​ഷ്ട​വും കാ​ണി​ക്കും. കോ​ക്ക​സു​ക​ൾ ഉ​ണ്ടാ​ക്കും. ഞാൻ അ​ങ്ങ​നെ ആ​ക​രു​തേ എ​ന്നൊ​രു പ്രാ​ർ​ഥ​നയുണ്ട്. ആ ​അ​വ​സ്ഥ വേ​ണ്ട. ഞാ​ൻ മ​രി​ക്കുംവ​രെ ഈ ​പ്ര​ഫ​ഷ​ൻ കൊ​ണ്ടു​പോ​കും എ​ന്നൊ​ന്നു​മി​ല്ല. ഞാ​ൻ എ​നി​ക്കു വേ​ണ്ടി​യാ​ണ് ക​ല ചെ​യ്യു​ന്ന​ത്. എ​നി​ക്കു വേ​ണം എ​ന്നു തോ​ന്നുംവ​രെയേ അ​ത് നി​ല​നി​ൽ​ക്കൂ.

ക​ല​യി​ൽനി​ന്നും ജീ​വി​ത​ത്തി​ലേ​ക്കു​ള്ള അ​ക​ലം, ജീ​വി​ത​ത്തി​ൽനി​ന്നും ക​ലയി​ലേ​ക്കു​ള്ള അ​ക​ലം എ​ന്താ​ണ്?

ക​ല എ​ന്ന​ത് ഞാ​ൻ ത​ന്നെ പ്ര​കാ​ശി​പ്പി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. ക​ല ആ​സ്വ​ദി​ക്കാ​നാ​ണ് എ​ന്നെ മാ​താപി​താ​ക്ക​ൾ പ​ഠി​പ്പി​ച്ച​ത്. എ​ന്റേ​ത് മ​ഹ​ത്താ​യ ക​ലയാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞി​ട്ടി​ല്ല.​ ജീ​വി​ത​ത്തി​ൽനി​ന്ന് ക​ല​യെ മാ​റ്റി​നി​ർ​ത്താ​നാവി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും അ​ത് പ്ര​കാ​ശി​ക്കും.​ ആ​സ്വ​ദി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ഴി​യ​ണം, അ​ത് തു​ട​ര​ണമെ​ന്ന് ആ​ഗ്ര​ഹമുണ്ട്.

സ്വ​ന്തം ജീ​വി​ത​ത്തെ എ​ങ്ങ​നെ നി​ർ​വ​ചി​ക്കു​ന്നു?

എ​ന്നെ എ​നി​ക്ക് ഇതുവരെയും പി​ടി​കി​ട്ടി​യി​ട്ടി​ല്ല. ഞാ​ൻ എ​ങ്ങ​നെ പെരുമാ​റുമെ​ന്ന് എ​നി​ക്ക്‌ നി​ശ്ച​യി​ക്കാ​ൻ ക​ഴി​യി​ല്ല. പ​ലപ​ല ത​ട്ടു​ക​ളി​ലൂ​ടെ ക​ട​ന്നുപോ​കു​ന്നു. എ​നി​ക്ക്‌ എ​ന്നെ നി​ർ​വ​ചിക്കാ​ൻ അ​റി​യി​ല്ല. എ​നി​ക്ക് അ​ങ്ങ​നെ ഒ​രു നി​ർ​വ​ച​നം വേ​ണ്ട. ഒ​രു നി​ർ​വ​ച​ന​ത്തി​നക​ത്തും നി​ൽ​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല.

l

News Summary - dancer rajashree warrier interview